മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim

(Jomon Antony)

ഇത് രണ്ടാമത്തെ യാത്രയാണ്. ജോവിൻ  അബുദാബിയിൽ നിന്നും ദുബൈയിലേക്ക് യാത്രതിരിക്കുമ്പോൾ ഉച്ചയോടടുത്തിരുന്നു. ജൂലൈയുടെ ഉറച്ച വെയിലിൽ വെട്ടപഴുത്തു കിടക്കുന്ന രാജവീഥിയിലൂടെ

ചീറിപ്പായുന്ന വാഹനങ്ങൾ നോക്കി ടാക്സിക്ക് കൈകാണിച്ച് നിന്ന അവന്റെ മനസ്സുരുകി. വിരഹവേദനക്കപ്പുറം എന്നെന്നേക്കുമായി ഭാര്യ തനിച്ചായി പോകുമോയെന്നുള്ള ആകുലത ജോവിനെ അലട്ടി.  

കാരണങ്ങൾ പലതുണ്ട്. വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രം. ഭാര്യയെ പിരിഞ്ഞിരിക്കില്ലെന്ന  നിർബന്ധ ബുദ്ധി കൊണ്ടാണ് വിവാഹശേഷം രണ്ടാം മാസം തന്നെ തൻറെ അരികിലേക്ക് വിസിറ്റിംഗ് വിസയിൽ  ജോവിതയെ  കൊണ്ടുവന്നത്. രണ്ടുമാസത്തെ അലച്ചിലിനൊടുവിൽ  ജോലി കിട്ടാതെ വന്നപ്പോൾ സീബ്രീസ് ഇന്റർനാഷണൽ ഹോട്ടലിൽ ജോവിതക്ക്  ജോലി കിട്ടിയത് ജോവിന്റെ അടുത്ത സുഹൃത്തും ആ ഹോട്ടലിലെ എച്ച്.ആർ മാനേജരുമായ  നവീൻ തോമസ് സഹായിച്ചത് കൊണ്ടുമാത്രമാണ്.

 

ശീതീകരിച്ച ഹോട്ടൽ ഇടനാഴികളിലൂടെ ഇന്റർവ്യൂവിനു പോകുമ്പോൾ ജോവിതയുടെ മുഖത്തെ ആത്മവിശ്വാസം അവന്റെ അകാരണമാ‍യ ഉത്കണ്ഠ  ഇല്ലാതാക്കി. ജോലി ലഭിക്കും എന്ന് ഉറപ്പായിരുന്നു. വിസിറ്റ് വിസയുടെ  കാലാവധി കഴിഞ്ഞ് അവൾ തിരിച്ചുപോകുമ്പോൾ ഇത്രയധികം മനോവ്യഥ തോന്നിയിരുന്നില്ല. പക്ഷേയിപ്പോൾ....!

ബസ്സിലിരിക്കുമ്പോൾ ജോവിൻ ജോവിതയെ വിളിച്ചു. മറുപടിയില്ല. ഡ്യൂട്ടിയിലാണ്. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വളർന്നുവന്ന അവൾ പുതിയ ചുറ്റുപാടുമായി ഇണങ്ങി ചേർന്നിരിക്കുന്നു. ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹമാണ്  അവളെ മുട്ടോളം മാത്രമുള്ള സ്കേർട്ടും ഇറുകിയ ഷർട്ടും ഹൈഹീൽ ഷൂവുമണിഞ്ഞ്  സിഗററ്റിന്റേയും മദ്യത്തിന്റേയും ഗന്ധം   നിറയുന്ന ഹോട്ടലിന്റെ ഔട്ട്ലെറ്റ് കൗണ്ടറിൽ ക്യാഷറായി  ഇരിക്കാൻ പ്രേരിപ്പിക്കുന്നത്.

“ഓരോരുത്തരുടെയും നോട്ടം കാണുമ്പോൾ കുത്തിക്കൊല്ലാനാണ് തോന്നുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം.”

പാന്റീസിനു മുകളിൽ തുടമറക്കാനുള്ള സ്റ്റോക്കിങ്സ് വലിച്ചുകയറ്റി സ്കേർട്ടിട്ടു പറയുമ്പോൾ ജോവിതയുടെ മുഖത്ത് സമൂഹത്തിന്റെ കാഴ്ച്ച പ്പാടിനോടുള്ള അമർഷം വ്യക്തമായിരുന്നു.

ഹോട്ടലിൽ നിന്നും നിവിന്റെ പെട്ടെന്നുള്ള രാജി മൂലം ഓഫർ ലെറ്ററിന് വിപരീതമായി ലഭിച്ച പോസ്റ്റിങ്ങ്. ജോയിൻ ചെയ്യുന്ന ദിവസം പുതിയ ഓഫർ ലെറ്റർ വച്ചുനീട്ടിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്.

“എന്തിനാ ഭയക്കുന്നത് ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ട്. നമ്മുടെ നാട് പോലെയല്ലല്ലോ. ഇവിടെ നല്ല നിയമങ്ങൾ അല്ലേ. ചേട്ടൻ പേടിക്കണ്ട. എനിക്കെന്നെ നന്നായി നോക്കാൻ അറിയാം. ജോവിൻ ചേട്ടനെ പിരിഞ്ഞു താമസിക്കുന്നതിനേക്കാൾ നല്ലതല്ലേ. എന്തായാലും ഞാൻ ജോയിൻ  ചെയ്യാം.”

ജോവിത ധൈര്യം സംഭരിച്ച് പറഞ്ഞു. ജോവിന് ആ രാത്രി ഉറക്കം വന്നില്ല ഗൾഫിൽ ഒരു സാധാരണക്കാരൻ കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കരുത്. കിട്ടുന്ന ശമ്പളത്തിൽ എഴുപത് ശതമാനം  മുറി വാടകക്ക് മാറ്റിവയ്ക്കേണ്ടി വരുന്നു. ഭാര്യയും ജോലിക്ക് പോകാൻ നിർബന്ധിതമാകുന്നത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്. ജോവിത  ജോയിൻ ചെയ്ത ദിവസം ജോവിന് ടെർമിനേഷൻ ലെറ്റർ കിട്ടിയപ്പോൾ തന്നെ നിർഭാഗ്യത്തിന്റെ രേഖ അവരുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് അവന് തോന്നി.

“ വിഷമിക്കേണ്ട ക്യാൻസലേഷൻ കഴിഞ്ഞാലും കുറച്ചുനാൾ ഇവിടെ നിൽക്കാമല്ലോ. അതിനിടയിൽ പുതിയ ജോലി കണ്ടെത്തുക. അല്ലെങ്കിൽ ഒരു വിസിറ്റ് വിസയെടുക്കുക. റെസിഷനായതുകൊണ്ട്  ജോലി കിട്ടാൻ പ്രയാസമാണ്. എന്നാലും ശ്രമിച്ചു നോക്കുക .രണ്ടുമാസം. അല്ലെങ്കിൽ എന്റെ ജോലിയും  രാജിവെച്ച് ഒരുമിച്ച് നാട്ടിലേക്ക് പോകാം .”

അവൾ അവനെ ആശ്വസിപ്പിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ജോലി കിട്ടുവാൻ പ്രയാസമായിരുന്നു . എക്സിറ്റ് ആയേ പറ്റു. നാട്ടിലേക്ക് പോയാൽ ഒരുപാട് പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും. അതുകൊണ്ടാണ് കിഷിലേക്ക് പോകാൻ തീരുമാനിച്ചത്. ഇറാന്റെ ഭാഗമായ കിഷ് ഐലന്റ്.

ഇന്നലെ രാത്രി ജോവിതയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ വിതുംബലോടെ അവൾ പറഞ്ഞു.  .

“ചേട്ടനില്ലാതെ...ഞാൻ....അവിടെ പോയാൽ ആഹാരമൊക്കെ  കിട്ടുമോ?.”

“ മോളെന്നെയോർത്ത് വിഷമിക്കേണ്ട. രാത്രി സൂക്ഷിച്ചു വരണം കൂടിപ്പോയാൽ മൂന്ന് ദിവസം. ഞാൻ തിരിച്ചു വരില്ലേ.”

ദുബൈയിലുള്ള സുഹൃത്തിന്  വിസയ്ക്കുള്ള പണവും പാസ്പോർട്ട് കോപ്പിയും അയച്ചുകൊടുത്ത് കിഷിലേക്കുള്ള  ടിക്കറ്റ് കൺഫേമാക്കി ജോവിൻ യാത്രയ്ക്ക് മാനസികമായി തയ്യാറായിരുന്നു.

അബുദാബി ട്രാൻസ്പോർട്ട് എയർബസ് ദുബൈ  ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ടാക്സിയിൽ ദുബൈ ടെർമിനൽ രണ്ടിലേക്കുള്ള യാത്രയിലാണ് അങ്ങോട്ടേക്കുള്ള ആദ്യയാത്ര അവന്റെ മനസ്സിൽ ഉരുണ്ടു കൂടിയത്.

(തുടരും)

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter