ഭാഗം 3
“ഓ ഭായി ഉസീമേം മത് സോവോ. ഇധർ ഭസ് ജായേഗാ...ഹ..ഹ..ഹ..”
മറ്റുള്ളവർ ചിരിച്ചു. ജോവിന് കാര്യം മനസ്സിലായില്ല. അവൻ ബാഗ് ബെഡ്ഡിന്റെ അടിയിൽ സൂക്ഷിച്ച് വെച്ച് മുറിയാകെ നോക്കി. ഒരു വലിയ മുറി മൂന്നായിട്ട് ഭാഗിച്ചിരിക്കുകയാണ് .മൂന്നു ഭാഗത്തുമായി പത്ത് ബെഡ്ഡുകൾ.
“അകത്ത് ഒരു ബെഡ് കാലിയുണ്ട്. അവിടെ കിടക്കാല്ലോ.”
മസാഫിയുടെ കാലി ബോട്ടിലുമായി വന്ന ഒരു മധ്യവയസ്കൻ അവനോട് പറഞ്ഞു.
“സാരമില്ല ഞാൻ ഇവിടെ കിടന്നുകൊള്ളാം. പിന്നെ എനിക്കൊന്നു ഫോൺ ചെയ്യണമായിരുന്നു. അതിനുള്ള സൗകര്യം ഉണ്ടോ ഇവിടെ.?”
“പുറത്താണ്. കുറച്ചു ദൂരെയാണ് ബൂത്ത്. വരുന്നെങ്കിൽ കൂടെ പോരൂ, ഞാൻ വെള്ളമെടുക്കാൻ പോകുവാ .”
“എന്നാൽ ഞാനും വരാം .എല്ലാം കണ്ടിരിക്കുമല്ലോ.?”
മറ്റുള്ളവരെ നോക്കി ചിരിച്ച് ജോവിൻ അയാളുടെ പിന്നാലെ നടന്നു. വെളീച്ചം പരന്ന് കിടക്കുന്ന ഹോട്ടലിന്റെ പൂറത്തേക്കുള്ള ഇടനാഴി കടന്ന് വരാന്തകളിലൂടെ നടക്കുമ്പോൾ അവൻ പല കാഴ്ചകളും കണ്ടു. ആണും പെണ്ണും അടങ്ങുന്ന ഫിലിപ്പിനോസിന്റെ ചെറുകൂട്ടങ്ങൾ അങ്ങുമിങ്ങും തെന്നി നടക്കുന്നു. ഒരു ഭാഗത്ത് കാരംസും ബില്ല്യാഡ്സും കളിക്കുന്ന റഷ്യൻ ഫിലിപ്പിനോ സംഘത്തിന്റെ പ്രകടനം വീക്ഷിക്കുന്നവർ. അവരുടെ ദൃഷ്ടികൾ പെൺകുട്ടികളുടെ മേൽ വസ്ത്രത്തിനുള്ളിൽ തുടിച്ചുനിൽക്കുന്ന മാറിലോ . എന്തോ തലയിൽ പെരുത്ത പോലെ അവൻ തലകുടഞ്ഞു.
“ഇന്നു കാണുന്നവരെ നാളെ കണ്ടെന്നുവരില്ല. ചിലരെ കുറെനാൾ കണ്ടെന്നും വരും.”
മധ്യവയസ്കൻ പറഞ്ഞു.
“അതെന്താ അങ്ങനെ പറഞ്ഞത് ?”
അയാൾ പറഞ്ഞത് കേട്ടപ്പോൾ അവന് സംശയം തീരെ ഇല്ലാതായി.
അയാളെ റൂമിലുള്ളവർ അണ്ണാന്നാണ് വിളിക്കുന്നത്. വിസ ക്യാൻസൽ ആക്കേണ്ടി വന്നപ്പോൾ എക്സിറ്റ് ആകേണ്ടി വന്നതാണ്. ടിക്കറ്റിനുള്ള പണവും സമ്പാദ്യവും കുറവായിരുന്നതിനാൽ കിഷിലേക്ക് വരാൻ നിർബന്ധിതനായി. വിസ നൽകാമെന്ന് ഉറപ്പിച്ചു പറഞ്ഞ കംബനിയിൽ നിന്നും അണ്ണനു വിസ കിട്ടിയില്ല. നാല്പതു ദിവസമായി.
നാട്ടിൽ നിത്യവൃത്തിക്ക് പണമില്ലെങ്കിലും പ്രതീക്ഷയോടെ നാഥനെ കാത്തിരിക്കുന്ന കുടുംബം. ഇവിടെ അണ്ണന്റെ സ്ഥിതി അതിലേറെ കഷ്ടമാണ്.
“ഇവിടെ ഒരു ബൂത്ത് ഉണ്ട് പക്ഷേ അത് നേരത്തെ അടയ്ക്കും പിന്നെ ആ റോഡിനപ്പുറമാണ്. “
കിഷ് എയർലൈൻസിന്റെ മുന്നിലെത്തിയപ്പോൾ അണ്ണൻ പറഞ്ഞു.
പാതിരാത്രിയാണ്, എങ്കിലും നാട്ടിലേക്ക് ഒന്ന് വിളിക്കണം. അമ്മച്ചി ഉറങ്ങിയിട്ടുണ്ടാവില്ല.
ബൂത്തിനുള്ളീള്ളിൽ നല്ല തിരക്കുണ്ടായിരുന്നു. നംബരിട്ട ക്യാബിനുകളിൽ ഫോൺ വിളിക്കാനുള്ളവർ നമ്പർ എഴുതി നൽകി കാത്തുനിൽക്കുകയാണ് . നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർ കാണിക്കുന്ന അഹങ്കാരം തന്നെയാണ് ഇവിടെ ബൂത്തിൽ ഇരിക്കുന്നവർക്കും.എക്സിറ്റായി ആൾക്കാർ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഇവർ എന്ത് ചെയ്യുമായിരുന്നുവെന്ന ചിന്ത അവരുടെ അഹങ്കാരത്തിനു മുന്നിൽ ജോവിൻ ഓർത്തുപോയി.
അരമണിക്കൂർ കാത്തുനിന്നതിന് ശേഷമാണ് അവന് അമ്മച്ചിയുമായി സംസാരിക്കാൻ കഴിഞ്ഞത്. മുഖം കാണാനും സാമീപ്യം അനുഭവിക്കാനും അമ്മച്ചി ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് ജോവിന് തോന്ന് , ഒപ്പം സങ്കടവും.
“ഉടനെ വിസ കിട്ടുമോ?.” റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ അണ്ണൻ അവ നോട് ചോദിച്ചു .
“ഉടനെ കിട്ടേണ്ടതാ. എംപ്ലോയ്മെൻറ് വിസയാ. താമസിച്ചാലും കുഴപ്പമില്ല.”
അവൻ അണ്ണനെ നോക്കി പറഞ്ഞു.
“വേഗം കിട്ടട്ടേ. അല്ലെങ്കിൽ മനസ്സ് ചത്തുപോകും. പിന്നെ കാശില്ലെങ്കിൽ ശരീരവും.”
വഴിയോരത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടയിൽ അണ്ണൻ കൂട്ടിച്ചേർത്തു.
വളരെ നിർബന്ധിച്ചപ്പോൾ അണ്ണനും ഹോട്ടലിലേക്ക് അവന്റെ കൂടെ കയറി. ആഹാരം കഴിക്കുന്നതിനു മുൻപേ പണം നൽകി ബില്ലു വാങ്ങി പൊറോട്ടക്കും കോഴിക്കറിക്കും കാത്തിരിക്കുമ്പോൾ അതിന് ഒരുനാൾ പഴക്കമുണ്ടാകുമെന്ന് ജോവിൻ അറിഞ്ഞിരുന്നില്ല.
പാവം അണ്ണൻ ആർത്തിയോടെ കഴിക്കുകയാണ്. വയറുനിറച്ച് ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി കാണും. അഹാരം പാതി മതിയാക്കി കൈകഴുകി പുറത്തിറങ്ങി അണ്ണനെ കാത്തു നിന്ന ജോവിൻ ഒരു ഭാഗത്ത് ഹുക്കാ വലിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ അവരെ കണ്ടു. ഹോട്ടലിലേക്കുള്ള യാത്രയിൽ അവന്റെ മുൻസീറ്റിലിരുന്ന് കിന്നരിച്ച സ്ത്രീയും പുരുഷനും. സ്ത്രീക്ക് ഇരുനിറമാണെങ്കിലും ചിരിക്ക് വശ്യതയും ശരീരത്തിനു സൌന്ദര്യവുമുണ്ട്. കഴുത്തിൽ മഞ്ഞച്ചരട്.ഭാര്യയും ഭർത്താവുമാണ്. സ്വകാര്യത തേടി ഇരുന്നതായിരിക്കാം.
(തുടരും)
