മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim

ഭാഗം 2

മൂന്നു വർഷങ്ങൾക്കു മുമ്പ് - 2004

“അളിയൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട. ഞാൻ ഇല്ലേ ഇവിടെ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ദാ, ആ കാണുന്നതാ കിഷ് എയറിന്റെ കൌണ്ടർ. ഫ്ലൈറ്റിനിനിയും രണ്ടു മണിക്കൂർ സമയമുണ്ട്.”


ചാക്കിൽ കെട്ടി പൂച്ചയെ കളയുന്ന ലാഘവത്തോടെ ജോവിനെ   ടെർമിനലിലെ ക്യൂവിൽ നിർത്തി എൻജിനീയറായ സഹോദരി ഭർത്താവ് പോയപ്പോൾ അവന് ആ‍ അറബിനാട്ടിൽ ആരുമിലാത്തവനായത് പോലെ തോന്നി .സാമാന്യം നല്ല ശമ്പളത്തോടെയും സമാധാനത്തോടെയും ജോലി ചെയ്ത തന്നെ  വിസിറ്റ് വിസ എടുത്തു നിർബന്ധപൂർവ്വം ഇവിടെ ഇറക്കിയതാണ്, അളിയനും പെങ്ങളും. മൂന്നുമാസത്തെ അലച്ചിലിനൊടുവിൽ ജോലി കിട്ടിയപ്പോൾ വിസിറ്റ് വിസയുടെ കാലാവധി കഴിയാറായിരുന്നു.

ലേബർ ഓഫീസേഴ്സ് അറിയാതെ വിസിറ്റ് വിസയിൽ  ജോലി ചെയ്തിരുന്ന  സിറിയക്കാരന്റെ കമ്പനിയിൽ നിന്നും  തനിക്ക് ജോബ് വിസ  കിട്ടുമെ ന്നുള്ള പ്രതീക്ഷയോടെയാണ് അവൻ കിഷിലേക്ക് പറക്കാൻ തയ്യാറായി നിൽക്കുന്നത്. ബോർഡിംഗ് പാസ്സിനായി ക്യൂ നിന്നു. കൗണ്ടറിലെത്തിയ ജോവിന്  അപ്രതീക്ഷിതമായ മറുപടിയാണ് കിട്ടിയത്.

“യുവർ ടിക്കറ്റ് ഈസ് നോട്ട് കൺഫേംഡ്.”

“അയ്യോ... ഇത്  മാഡം ടിക്കറ്റ് ഈസ് കൺഫേംഡ്. അളിയൻ ടോൾഡ് മീ.”

അവൻ വെപ്രാളപ്പെട്ട് അറിയാവുന്നതു പോലെ പറഞ്ഞു.

“വിച്ച് അളിയ..ഹൂ അളിയാ..മാഫി കൺഫേംഡ്.”

കൌണ്ടറിലെ ഫിലിപ്പിനോ ചിരിച്ചു.

- അളിയാ ഇതൊരു കൊലച്ചതിയായിപ്പായി - ഹാൻഡ് ബാഗ് തോളിൽ നിന്നുമൂരി ജോവിൻ മനസ്സിൽ പറഞ്ഞു.

“ഓ,മൈ ഫ്രണ്ട് ഡോണ്ട് വറി.യൂക്യാൻ ഗോ ബൈ നെക്സ്റ്റ് ഫ്ലൈറ്റ്. യൂ പ്ലീസ് വെയ്റ്റ് ദെയർ.”

ടിക്കറ്റ് കൺഫേം ആകാത്തവരുടെ നീണ്ട നിര. ജോവിന് ആശ്വാസം തോന്നി. ഇന്ന് എക്സിറ്റാകാനുള്ള അവസാന ദിവസമാണ് . കിഷിലേക്ക് യാത്ര ചെയ്യാൻ മലയാളികളും ഫിലിപ്പിനോസുമാണ് കൂടുതലുള്ളത്. യാത്രക്കൊരുങ്ങിയിരിക്കുന്ന മിക്കവരുടേയും മുഖത്ത് അർദ്ധശങ്ക. തിരിച്ചു വരവുണ്ടാകുമോ എന്നതാവാം അവരുടെ മനോചോദ്യം.

ഒരു ഫ്ലൈറ്റ് കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ഫ്ലൈറ്റിന് പോകാൻ കഴിയുമെന്നത് കൊണ്ട് കിഷിൽ എത്തിപ്പെടും എന്നുള്ളതിന് ഒരു സംശയവും വേണ്ടന്ന് ചുരുങ്ങിയ സമയ്ം കൊണ്ട് അവന് മനസ്സിലായി. ബീഹാറിലെ പ്രാന്തപ്രദേശങ്ങളിൽ രണ്ടു മൂന്നു വർഷങ്ങൾ ജീവിച്ചിട്ടുള്ളതിനാലാവാം ജോവിന് ചങ്കുറപ്പുണ്ടയിരുന്നു എന്തും നേരിടാൻ.

ഇന്നാ ചങ്കുറപ്പുണ്ടെങ്കിലും അവൻ ഒറ്റയാനല്ല. ജോവിനെ ജീവനോളം സ്നേഹിക്കുന്ന ജോവിത കാത്തിരിക്കുന്നു.

ചെക്ക് ഇൻ ചെയ്യുനതിന് മുൻപേ ജോവിതയെ  വിളിച്ചിരുന്നു. നാട്ടിൽ ഏകാകിയായിപ്പോയ തന്റെ ഭാര്യ. അവളെ ആശ്വസിപ്പിച്ച്  ചെക്ക് ഇൻ ചെയ് . ഫ്ലൈറ്റിലെ വിൻഡോ സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കുമ്പോൾ അവൻ  രണ്ടാമതും ആ കാഴ്ച്ച കണ്ടു.

“ ഹഹഹഹ ആ കാഴ്ച കണ്ടില്ലേ ? ”

മുന്നിലിരുന്ന് ഒരാൾ സുഹൃത്തിനെ പുറത്തേ കാഴ്ച്ചയിലേക്ക് ക്ഷണിച്ചു.

തോട്ടിപോലിരിക്കുന്ന അലൂമിനിയം റോഡ് കൊണ്ട് ബോയിംഗിന്റെ ലെഫ്റ്റ് വിംഗിലെ പങ്ക കറക്കാൻ ശ്രമിക്കുന്ന പൈലറ്റ്.

“എടാ നമ്മൾ അക്കരപ്പച്ച കാണുമോ ? ഹ..ഹ..”

മുന്നിലിരിക്കുന്നവർക്ക് ആശങ്ക. അംബതു പേർക്കിരിക്കാവുന്ന ചെറിയ ബോയിംഗാണ്. ഈ ഫ്ലൈറ്റുകളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് പൊതുവേ നല്ല അഭിപ്രായം ഇല്ല . മരിച്ച മനസ്സുമായി അക്കര കാണാൻ ആഗ്രഹിക്കുന്നവരുടെ മരണ പേടകം എന്നുവേണമെങ്കിൽ പറയാം.

ഫ്ലൈറ്റ്  ഉയർന്നു പൊങ്ങാനുള്ള സമയമായെന്ന് പൈലറ്റ് അനൌൺസ് ചെയ്തപ്പോൾ  അവൻ സീറ്റ് ബെൽറ്റിട്ട് കണ്ണടച്ചു. മനസ്സിൽ ജോവിതയാണ്. പാവം ഒറ്റയ്ക്കാണ്. ദൈവമേ രക്ഷിക്കണേ. കുറേ ഞരക്കങ്ങളും ബഹളവുമായി ഫ്ലൈറ്റ് ഉയർന്നു പൊങ്ങി പറന്നു തുടങ്ങി.

 ജോവിന്റെ മനസ്സിൽ കിഷ് എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന ചിത്രമാണ് . ആദ്യാനുഭവം ഉള്ളതുകൊണ്ട് പലതും മനസ്സിൽ തെളിഞ്ഞുവരുന്നു. മുസ്ലിം രാഷ്ട്രത്തിന്റെ നിയമങ്ങൾ കർക്കശമായി പാലിക്കുന്ന നാടാണ് ഇറാനെന്നും കിഷെന്നും കേട്ടറിവേ ഉണ്ടയിരുന്നുള്ളൂ. പക്ഷേ അന്ന് കണ്ടറിഞ്ഞു.ഫ്ലൈറ്റിറങ്ങി എമിഗ്രേഷനു വേണ്ടി  കാത്തുനിൽക്കുമ്പോൾ പാതിവസ്ത്രമണിഞ്ഞ് ശീലമുള്ള ഫിലിപ്പിനോ പെൺകുട്ടികൾ എയർപോർട്ട് അധികൃതർ കരുതിവച്ചിരിക്കുന്ന പർദ്ദയണിഞ്ഞ് ചെക്കൌട്ട് ആയിപ്പോകുന്നത് കണ്ടപ്പോൾ അവന് അദ്ഭുതം തോന്നി.

സിറിയക്കാരന്റെ വിസ കിട്ടാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും താമസമുണ്ടാകുമെന്നറിയാവുന്നത് കൊണ്ട് ചുറ്റുപാടും വീക്ഷിച്ച് സാവധാനമാണ് അവൻ  എയർപോർട്ട് വിട്ടിറങ്ങിയത് .പെപ്സിയിൽ വിദേശമദ്യം കലർത്തി ബാഗിൽ ഒളിപ്പിച്ച സിംഹളിയെ പോലീസുകാർ പിടിച്ചു വെച്ചിരിക്കുന്ന രംഗവും ജോവിൻ  ഇതിനിടയിൽ കണ്ടു. അതിനുള്ള ശിക്ഷ എന്താകുമോ?

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പല ഹോട്ടലുകളിൽ നിന്നുള്ള ഏജൻറ്മാർ അവരവരുടെ ബസ്സുകളിൽ ആഗതരെ കൊണ്ടുപോകാൻ ഇറാനിയൻ ഹിന്ദിയിൽ മത്സരിച്ചു വിളിച്ചു. ജോവിൻ ഹാർവെസ്റ്റ് ഹോട്ടലിന്റെ ബസ്സിലാണ് കയറിയത്. പല രാജ്യക്കാരെക്കൊണ്ട് ബസ് നിറഞ്ഞപ്പോൾ അത് സാവധാനം നീങ്ങാൻ തുടങ്ങി. വൈദ്യുതി പ്രകാശത്തിൽ കുളീച്ച് നിൽക്കുന്ന വീഥിക്കിരുവശവും ഇടക്കിടക്ക് ഒന്നോ രണ്ടോ കെട്ടിടങ്ങൾ.

ആ യാത്രയിലാണ് മുൻസീറ്റിലിരുന്ന് കിന്നരിക്കുന്ന യുവമിഥുനങ്ങളെ ആദ്യമായി അവൻ കാണുന്നത്. മുല്ലപ്പൂ ചൂടി, സാരിയുടുത്ത പെൺകുട്ടി തമിഴ് കലർന്ന മലയാളത്തിലാണ് സംസാരിക്കുന്നത് . ചെറുപ്പക്കാരനിൽ നിന്നും ഇടക്ക് തമിഴും ഇംഗ്ലീഷും ഹിന്ദിയും കടന്നുവരുന്നുണ്ട്. ഇരുവരുടേയും  മുഖം വ്യക്തമല്ല. വിവാഹിതരോ കമിതാക്കളോ സുഹൃത്തുക്കളോ  എന്തുമാകട്ടെ അവർ സന്തോഷത്തിലാണ്.

ഹോട്ടലിന്റെ മുന്നിൽ  നല്ല തിരക്കുണ്ടായിരുന്നു. റിസപ്ഷനരികെ അരമണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം  ശേഷം പാസ്പോർട്ടും 300 ദിർഹവും നൽകിയപ്പോൾ റൂമിന്റെ ചാവി കിട്ടി. കിഷിൽ 10 ദിവസം വിസയില്ലാതെ താമസിക്കാം. അതിനുള്ള ഗ്യാരണ്ടി ആയിട്ടാണ് ഹോട്ടലുകാർ പാസ്പോർട്ട് വാങ്ങിവെക്കുന്നത്. പ്രത്യുപകാരമായിട്ടായിരിക്കും 10 ദിവസത്തേക്കുള്ള നാസ്തയും  ഉച്ചയൂണും റെസ്റ്റോറിന്റിൽ നിന്നും അവർ അനുവദിച്ചിരിക്കുന്നത്.

കുറച്ചു നേരത്തെ തിരച്ചിലിനു ശേഷം ജോവിൻ തൻറെ റൂം കണ്ടെത്തി. തുറന്നുകിടന്ന വാതിലിലൂടെ അവൻ ഹാളിലേക്ക് കടന്നു. ടെലിവിഷൻ ചാനലിൽ കുരുങ്ങി സോഫായിൽ ഇരിക്കുകയായിരുന്ന് അഞ്ചാറു പേർ അവനെ നോക്കി .ഇവർ സുഹൃത്തുക്കൾ ആണോ അതോ ഇവിടെ വന്നതിനുശേഷം സുഹൃത്തുക്കളായവരോ?. അവൻ  സംശയിച്ച് അവരെ നോക്കി ചിരിച്ചു. അവർ മറുചിരിയും നൽകി. ഹാളിൽ ഒഴിഞ്ഞു കിടന്ന ഒരു ബെഡ്ഡിൽ ബാഗുവെച്ചപ്പോൾ ഒരു ഹിന്ദിക്കാരൻ അവനെ നിരുത്സാഹപ്പെടുത്തി.

(തുടരും)

 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter