ഭാഗം 4
“ഇവിടെ വിവാഹിതരായവർക്ക് ഒരുമിച്ചു താമസിക്കാൻ പറ്റുമോ?”
അണ്ണൻ ആഹാരം കഴ്ഴിച്ച് വന്നപ്പോൾ ജോവിൻ ചോദിച്ചു. അവന്റെ ശ്രദ്ധ ഹുക്ക ഷോപ്പിലായിരിക്കുമെന്ന് അയാൾക്കറിയാമായിരുന്നു.
“ ഇവിടെ അങ്ങനെ താമസിക്കാൻ കഴിയില്ല. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറയാ മുറികൾ. പിന്നെ ചിലവളുമാര് വിളിച്ച് കേറ്റും. ആ ഇരിക്കുന്നവനെ കണ്ടില്ലേ, ഹൈദരാബാദുകാരനാ. ഞാനിപ്പോൾ നാലാം തവണയാണ് കാണുന്നത്. ഓരോ പ്രാവശ്യം അവൻ വരുമ്പോഴും ഓരോരുത്തിമരും കൂടെയുണ്ടാവും..ചതിയാ.അറവിന് കൊണ്ടുവരണ ആട്ടിൻ കുട്ടികളാ.”
വീണ്ടും ഒരിക്കൽ കൂടി അവളെ നോക്കിയപ്പോൾ ജോവിന് വിഷമം തോന്നി.
രാത്രി പന്ത്രണ്ടിനോടടുത്തിരിക്കുന്നു. മുറിയിലേക്ക് നടക്കുമ്പോൾ, ഉറക്കം കിട്ടാതെ ചീട്ടുകളിച്ചും ഹുക്കാ വലിച്ചും സമയം തള്ളി നീക്കുന്നവരെയും അതുകണ്ട് തങ്ങളുടെ മനോവ്യഥ താൽക്കാലികമായി അകറ്റി അങ്ങിങ്ങായിരിക്കുന്നവരെയും അവൻ കണ്ടു.
മുറിയിലെത്തിയപ്പോൾ പലരും ഉറങ്ങിയിരുന്നു. ജോവിൻ ഉറങ്ങാനുള്ള തയ്യാറെടുപ്പ് എടുത്തു.വയറ് നിറഞ്ഞതു കൊണ്ടാവാം അടുത്ത ബെഡ്ഡിൽ കിടക്കുന്ന അണ്ണൻ സുഖമായുറങ്ങുന്നു. നല്ല കൂർക്കംവലി. കംബിളിക്കുള്ളിലെ ഏകാന്തത ജോവിന് ഇഷ്ടമായിരുന്നെങ്കിലും പെട്ടെന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സിന് അസ്വസ്ഥത .സിറിയക്കാരൻ വിസ തന്നില്ലെങ്കിൽ സ്ഥിതി എന്താകുമെന്ന ചിന്തയാണ് അവനിൽ വളർന്ന് തുടങ്ങിയിരിക്കുന്നത്.
രാവിലെ ഉണർന്നപ്പോൾ ഒൻപതു മണിയായിരുന്നു. റൂമിലുള്ള ചിലർ നാസ്ത കഴിക്കാൻ പോകാനുള്ള ഒരുക്കത്തിലാണ്. രണ്ടോ മൂന്നോ പേർ ടെലിവിഷനു മുന്നിലും. വിസക്ക് അപേക്ഷിക്കുന്നവർക്ക് നേരത്തെതന്നെ താമസിക്കുന്ന ഹോട്ടലിന്റെ പേരും റൂം നമ്പറും ഫാക്സ് നംബരും കൊടുക്കുന്നതിനാൽ, അവിടെ ഫാക്സായി വരുന്ന വിസയുടെ അവകാശിയെ റിസപ്ഷനിൽ നിന്നും യഥാസമയം അറിയിക്കുന്നത് ടെലിവിഷനിലൂടെയാണ്. അതിനു മുന്നിലുള്ളവരുടെ കാത്തിരിപ്പിൽ ഒരുപാട് സിഗററ്റ് പാക്കറ്റുകൾ കാലിയാകും. ജോവിൻ റൂമിലെ കൂടുതൽ പേരെ പരിചയപ്പെടുന്നത് റെസ്റ്റോറന്റിലേക്ക് കഴിക്കാൻ പോകുംബോഴാണ്.
വിസ കിട്ടിയിയിട്ടും ടിക്കറ്റ് കൺഫേം ആകാതെ വിഷമിച്ചിരിക്കുന്ന പന്തളത്തുകാരൻ സുനിൽ, പാലക്കാട്ടുകാരൻ മാത്യൂസ് എമ്പ്ലൊയ്മെന്റ് വിസ കിട്ടിയിട്ടും ടിക്കറ്റ് കൺഫേമായില്ലെന്ന് കംബനിയോട് കളവു പറഞ്ഞ് മടക്കയാത്ര നീട്ടി കിഷിൽ അടിച്ചുപൊളിച്ച് നടക്കുകയാണ്. ജോലിക്ക് ജോയിൻ ചെയ്താൽ പിന്നെ വിശ്രമം ഉണ്ടാകില്ലെന്നാണതിനുള്ള ന്യായവാദം. പ്രായം കുറവായ മലപ്പുറത്തുകാരൻ അലി ഒരാഴ്ചയായി വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. ഉമ്മയേയും ബാപ്പായേയും കാണാൻ പറ്റാത്തതിലുള്ള വിഷമമാണ് ആ ഇരുപതുകാരനുള്ളത്.
റെസ്റ്റോറൻറിൽ ക്യൂവിൽ നിന്ന് ടോക്കൺ കൊടുത്തു വാങ്ങിയ ഒരു മുട്ടയും ചെറിയ കഷണം ബട്ടറും ബ്രെഡ്ഡും ചായയും നാസ്തയാക്കി ഇറങ്ങിയപ്പോൾ അമ്മച്ചിയുണ്ടാക്കിത്തന്നൈരുന്ന പ്രാതലിന്റെ വില ജോവിന് ഓർമ്മവന്നു. ഇവിടെ ഭക്ഷണത്തിന് അമിതവിലയായതു കാരണം ആഹാരം രണ്ട് നേരം ആക്കി ഒതുക്കി വയറും ചിലവും ചുരുക്കുന്ന രാണ് പലരും. നാസ്ത കഴിച്ച് എത്തിയപ്പോൾ മുറിയിൽ വിസക്ക് കാത്തിരുന്നവർ വിസ ലഭിച്ചതിന്റെ സന്തോഷം ഹാളിലേക്ക് വന്നവരോടായി പങ്കിട്ടു. ടിക്കറ്റ് കൺഫേംഡ് ആക്കി യാത്രക്കൊരുങ്ങിയിരിക്കുകയാണവർ.
മൂവരും വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളായിരുന്നു. ചിലർക്കങ്ങനെയാണ്. എപ്പോഴും ഭാഗ്യം കൂടെയുണ്ടാകും.മറ്റു ചിലർക്ക് നിർഭാഗ്യവും അലച്ചിലും. മാറ്റങ്ങളില്ലാതെ ദിവസങ്ങൾ മാറുംതോറും ജോവിന്റെ മനസ്സിൽ കാർമേഘപടലങ്ങൾ നിറഞ്ഞു തുടങ്ങി. ടെലിവിഷനു മുന്നിൽ വിസക്കുവേണ്ടിയുള്ള് കാത്തിരിപ്പ് അവനും ശീലമായി. മുറിയിലുണ്ടായിരുന്നവർ ഓരോരുത്തരായി ഒഴിഞ്ഞുപോയി പുതിയ ആൾക്കാർ വരുംബോഴും ജോവിനും അണ്ണനും ബാക്കിയായി.
നാല്പത് ദിവസത്തേക്ക് ഇറാന്റെ വിസ എടുത്തതിനു ശേഷമാണ് ജോവിന്റെ കാത്തിരിപ്പിന് വിരാമമായത്. അപ്പോഴേക്കും അണ്ണൻ പാസ്പോർട്ടില്ലാത്ത കിടക്കാനിടമില്ലാത്ത, വിസയില്ലാത്ത കല്ലീവല്ലിയായി മാറിയിരുന്നു. ലാറി എക്സ്ചേഞ്ചിലൂടെ സിറിയക്കാരൻ അയച്ചുകൊടുത്ത പണം കൊണ്ട് അവൻ അയാളെ ഒരു പരിധിക്കപ്പുറം സഹായിച്ചിരുന്നു. അന്ന് അണ്ണനോട് യാത്ര പറയുംബോൾ സഹായിക്കാമെന്ന് വാക്ക് കൊടുത്തതാണ്. പക്ഷേ ജീവിതം ഉഴറുംബോൾ പല വാക്കുകളും അറിയാതെ മറന്നു പോകുന്നു. മനുഷ്യർ അങ്ങനെയണ്.
(തുടരും)
