
ഭാഗം 1
കടലിനടിയിലെ വെള്ളാരം കല്ലുകൾക്കിടയിലൂടെ കൈയും, കാലും കൊണ്ട് ശക്തിയായി തുഴഞ്ഞ് നീന്തുകയായിരുന്നു മല്ലേശ്വർ. അഗാധമായ ആ ജലനിധിയുടെ നീലപരപ്പിലെ ഉൾക്കാഴ്ച്ചകൾ അവൻ്റെ ഉള്ളിൽ വിസ്മയം വിടർത്തി. വർണ്ണച്ചിറകുകൾ വീശി കൊണ്ട് ചെറുതും, വലുതുമായ മത്സ്യങ്ങൾ അവനെ തഴുകി കൊണ്ട് കടന്നു പോയ്ക്കൊണ്ടിരുന്നു.
പേരറിയാത്ത കുഞ്ഞുകുഞ്ഞു ചെടികൾ അവൻ്റെ കരസ്പർശനത്താൽ ചാഞ്ഞു പോയി. പവിഴ പുറ്റുകൾക്കടുത്ത് നിരനിരയായി വിശ്രമിക്കുന്ന കുഞ്ഞൻ നക്ഷത്രയാമകളെ തഴുകാൻ കൈ നീട്ടിയപ്പോൾ ഭയത്തോടെ അവർ തെന്നി മാറുകയും ചെയ്യ്തു. പരക്കം പായുന്ന കുഞ്ഞനാമകൾ! അതു കണ്ടപ്പോൾ അവൻ്റെ ഉള്ളിൽ കുസൃതി മുള പൊട്ടി. അവയെ ഭയപ്പെടുത്താനെന്നോണം വീണ്ടും വീണ്ടും കൈകൾ നീട്ടിയപ്പോഴാണ് ആരോ തൻ്റെ പേര് ചൊല്ലി വിളിക്കുന്നത് പോലെ അവന് തോന്നിയത്.
''കുഞ്ഞാ... കുഞ്ഞാ..."
വിരലുകൾ കൊണ്ട് കണ്ണുകൾ വലിച്ച് തുറന്ന് അവൻ ചുറ്റിലും നോക്കി. ഒരു മത്സ്യകന്യക ! അതിന് അമ്മയുടെ ഛായ ഉള്ളതുപോലെ സന്തോഷത്താൽ അവൻ്റെ മുഖം ത്രസിച്ചു.
''ഹായ് മത്സ്യകന്യക!! മത്സ്യകന്യക ഉറക്കെയവൻ പറഞ്ഞു.മത്സ്യകന്യകേ... മത്സ്യകന്യകേ... നിനക്കെങ്ങനെ എൻ്റെ അമ്മ മാത്രം വിളിക്കുന്ന പേരറിയാം. ഞാൻ നിന്നെയൊന്ന് തൊട്ടോട്ടെ?'' ചോദ്യത്തോടൊപ്പം തന്നെ മത്സ്യകന്യകയെ തൊടുവാനായി അവൻ കൈകൾ നീട്ടി.
എന്നാൽ അത്ഭുതമെന്ന് പറയട്ടെ മത്സ്യകന്യക, അവൻ തൊടുന്നതിനു മുന്നേ അവൻ്റെ രണ്ട് കൈകളും കവർന്ന് മുന്നോട്ടേക്ക് വലിച്ചു.അവന് കൈ നന്നായി വേദനിച്ചു. കുടഞ്ഞെറിയാൻ ശ്രമിച്ചുവെങ്കിലും കവർന്ന കൈകളുടെ പിടി മുറുകി കൊണ്ടേയിരുന്നു.
"വിട്... എന്നെ വിട്" കണ്ണുകൾ ഇറുകെ അടച്ച് ദയനീയമായി മല്ലേശ്വർ മത്സ്യകന്യകയോട് അപേക്ഷിക്കാൻ തുടങ്ങി.
"മോനേ...മല്ലൂ... എണീക്ക് നീയ് എന്തൊക്കെ ഉറക്കപ്പിച്ചാ ഈ പറയുന്നേ" അമ്മയുടെ സ്നേഹസ്വരം! പൂട്ടിയ കണ്ണുകൾ മല്ലു പണിപ്പെട്ട് തുറന്ന് മിഴിച്ച് നോക്കി. ഓടു പാകിയ മേൽക്കൂരയുടെ വിടവിലൂടെ കടന്നു വരുന്ന സൂര്യരശ്മികൾ അവൻ്റെ കണ്ണിലേക്ക് തുളച്ചു കയറി.
ഏറെ സമയം കഴിഞ്ഞാണ് അവന് ഓർമ്മ തിരിച്ചു കിട്ടിയത്. താനും, അമ്മയും മാത്രമേ ഇവിടെ ഉള്ളുവെന്നും, കടലും, നക്ഷത്രയാമയും, മത്സ്യകന്യകയുമൊക്കെ സ്വപ്നത്തിലെ വിരുന്നുകാരായിരുന്നെന്നും മനസ്സിലായപ്പോൾ അവന് ജാള്യത തോന്നി. അമ്മ അവനെ തന്നെ പുഞ്ചിരിയോടെ നോക്കിയിരിക്കുകയാണ്. അമ്മയുടെ ചിരി കണ്ടപ്പോൾ നാണത്തോടെയവൻ മുഖം തലയിണക്കുള്ളിലേക്ക് പൂഴ്ത്തി.
"അല്ല; ഇന്ന് പേപ്പറ് കൊടുക്കാനൊന്നും പോകണ്ടേ...?"
അവൻ എഴുന്നേൽക്കാനുള്ള ഭാവമില്ലെന്ന് മനസ്സിലായപ്പോൾ മല്ലിക പറഞ്ഞു.
അപ്പോഴാണ് മല്ലേശ്വറിന് പത്രം ഇടാൻ പോകേണ്ട കാര്യം ഓർമ്മ വന്നത്. വീടിനടുത്തുള്ള എല്ലാ വീടുകളിലും പത്രം എത്തിക്കുന്നത് മല്ലേശ്വറാണ്.
സ്കൂളിനടുത്തുള്ള ബസ്റ്റോപ്പിൽ അഞ്ചരയാവുമ്പോഴേ പത്രക്കെട്ടുകൾ എത്തിയിട്ടുണ്ടാവും. ഒരു ആറു മണിയാകുമ്പോൾ ആണ് അവൻ പത്രം എടുക്കാൻ പുറപ്പെടുക. പിന്നെ ഓരോ വീടുകളിലും നടന്ന് ചെന്ന് പത്രം എത്തിക്കും. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഏകദേശം എട്ടു മണിയെങ്കിലും ആവും. ഒരു സൈക്കിൾ ഉണ്ടായിരുന്നുവെങ്കിൽ ജോലി എളുപ്പമായേനെ. ഉള്ള കഷ്ടപ്പാടുകൾക്കിടയിൽ അമ്മയോട് സൈക്കിളിൻ്റെ കാര്യം സൂചിപ്പിക്കാൻ വയ്യ. പത്രം ഇട്ട് കിട്ടുന്ന പൈസ അമ്മ വാങ്ങില്ല അത് എല്ലാ വെള്ളിയാഴ്ചയും സ്കൂളിൽ നിന്നുള്ള ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ഒരു തുകയായിട്ട് വേണം അമ്മയോട് മനസ്സിലുള്ള ആഗ്രഹം പറയാൻ. എന്തായാലും ഒരു സൈക്കിൾ അത്യാവശ്യമാണ്.
രാവിലത്തെ നടപ്പ് ഏറെ ദുർഘടം പിടിച്ച പണിയാണ്. വഴി നീളെ തെരുവുപട്ടികളുടെ ശല്യമായിരിക്കും. ഒരു വട്ടം പത്രം എടുക്കാൻ പോകുന്ന വഴിയിൽ വെച്ച് രണ്ട് പട്ടികൾ അവനെ ഓടിച്ചിട്ടുണ്ട്. അന്ന് മുത്തപ്പനെയും വിളിച്ച് കണ്ണിൽ കണ്ട ഒരു വലിയ മരത്തിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു. പിന്നെ അതു വഴി ടാപ്പിംങ്ങിന് പോകുന്ന ചേട്ടൻമാരാണ് പട്ടികളെ തുരത്തി അവനെ രക്ഷപ്പെടുത്തിയത്. അതിനു ശേഷം അമ്മയവന് ശീമക്കൊന്നയുടെ വലിയൊരു കമ്പ് വെട്ടി കൈയിൽ കൊടുത്തു വിടും. ഒരു കയ്യിൽ പത്രക്കെട്ടും മറുകൈയ്യിൽ ശീമകമ്പും വീശിയാണ് പിന്നെയവൻ പത്രം ഇടാനായി പോവാറുള്ളത്.
പുതപ്പായി പുതച്ച അമ്മയുടെ കോട്ടൺ സാരി മടക്കി പായയോടൊപ്പം ചുരുട്ടി ഒരു മൂലയിൽ വെച്ചു. പിന്നെ ധൃതിപ്പെട്ട് മാവിലകൊണ്ട് ഉരച്ച് പല്ലുകൾ വെളുപ്പിച്ചു. തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് നാവ് വടിച്ച് തൊട്ടടുത്ത തോട്ടിലേക്ക് ഒരോട്ടം വെച്ചു കൊടുത്തു. പളുങ്കു പോലുള്ള തണുത്ത വെള്ളത്തിലൊന്ന് തലകുത്തി മറിഞ്ഞ് കുളി കഴിച്ച് വീട്ടിലേക്ക് കുതിച്ചു. അപ്പോഴേക്കും അമ്മ കാപ്പിയുമായി മുന്നിലെത്തി. ധൃതിപ്പെട്ട് അതു കുടിച്ച് അമ്മയോട് യാത്ര പറഞ്ഞു. റബ്ബർ ചെരുപ്പ് മണ്ണിലുരസി ഭാവനയിൽ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. കൈ രണ്ടും വായുവിൽ വളയമാക്കി വായ കൊണ്ട് പീ...പീ ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഓടി കുന്നിറങ്ങി.ആ കുന്നിന് താഴെയാണ് അവൻ കുളിക്കാൻ പോയ ആണിത്തോടുള്ളത്. അതും ചാടി കടന്ന് മുന്നോട്ട് കുതിക്കുമ്പോഴാണ് പതിവായി കാണുന്ന ഭാസ്ക്കരേട്ടൻ രണ്ടാമത്തെ വരിയിലെ റബ്ബറിൽ നിന്നും ടാപ്പിംങ് ചെയ്യുന്നത് കണ്ടത്.
ഈശ്വരാ... സമയം ഒത്തിരി വൈകിയോ? അവൻ്റെ മനസ്സ് ആകുലപ്പെട്ടു. ഭാസ്ക്കരേട്ടനോട് സമയം ചോദിക്കാം.
''പാക്കേരേട്ടാ, സമയം എന്തായീ!''
''ആഹാ... മല്ലനിന്ന് വൈകിയോ?'' ചോദ്യത്തോടൊപ്പം തന്നെ അയാൾ മടിക്കുത്തിൽ തിരുകിയ ഫോണെടുത്ത് സമയം നോക്കി.
''ആറേ പതിനഞ്ച്.എന്തു പറ്റിയെടാ ഇന്ന് വൈകിയല്ലോ?"
"ഒന്നും പറയണ്ട പാക്കേരേട്ടാ.. ഞാനൊരു സ്വപ്നം കണ്ട് ഒറങ്ങിപ്പോയി" ചിരിയോടെ അവനത് പറഞ്ഞത് പറ്റാവുന്ന അത്രയും വേഗതയിൽ മുന്നോട്ടേക്ക് ഓടി. വെളിച്ചം നല്ലോണം പരന്നാൽ ചിലപ്പോൾ പട്ടികളാവും ബസ് റ്റോപ്പിൽ നിന്നും പത്രം എടുക്കുക. അതോർത്തപ്പോൾ അവൻ്റെ ചങ്കിടിച്ചു.
തുടരും...


