ഭാഗം - 9
സ്കൂളിൽ നിന്നും വന്നതു തൊട്ടേ യൂണിഫോം പോലും മാറാതെ ഒറ്റ ഇരിപ്പായിരുന്നു ഈശോ. എന്തോ ആലോചനയോടെയുള്ള അവൻ്റെ ഭാവം റീനയെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. മറ്റ് വീട്ടിലെത്തിയാലുടൻ മൊബൈൽ ഫോണിൻ്റെ രസ കാഴ്ച്ചകളിലേക്ക് ഊളിയിടുന്നവനാണ് എന്ത് പറ്റി; ഇന്ന് അതിനൊരു മാറ്റം വരാൻ.
അവൾ മകൻ്റെ അടുത്തേക്കു ചെന്ന് മുടിയിഴകളിൽ തലോടി.മറ്റൊരു വേളയിലാണെങ്കിൽ മമ്മയുടെ കൈ തട്ടി തെറിപ്പിച്ച് ഓടേണ്ടതാണ്. ഇന്ന് പക്ഷേ ഒരു പൂച്ച കുഞ്ഞിനെപ്പോലെ ഈശോ മമ്മയോട് ചേർന്നു. റീനക്ക് മനസ്സിലായി അവൻ്റെ ഉള്ളിൽ വലുതായി എന്തോ സങ്കടമുണ്ടെന്ന്. അല്ലാതെ അവനൊരിക്കലും ഇങ്ങനെ അടുപ്പം കാട്ടില്ല.
"മമ്മാ..." അവൻ്റെ സ്വരത്തിലെ സങ്കടം റീന തിരിച്ചറിഞ്ഞു.
"മോനൂട്ടന് എന്താ പറ്റീത്. എന്തോ വെഷമം ഉണ്ടല്ലോ? മമ്മയോട് പറ"
"മമ്മാ... ഇന്ന് സ്കൂളിൽ വെച്ച് ഒരു സംഭവം ഉണ്ടായി". എന്നിട്ടും ബാക്കി തുടരാൻ ഈശോവിന് എന്തോ വിഷമം ഉള്ളതുപോലെ റീനക്ക് തോന്നി.
"പറ മോനൂട്ടാ... എന്ത് സംഭവാ ഉണ്ടായേ?''
''അത്... അത് ''സത്യം തുറന്നു പറഞ്ഞാൽ മമ്മ വഴക്കു പറയുമെന്ന് അവൻ ഭയന്നു. പക്ഷെ റീന അവനെ അങ്ങനെ വിടാൻ ഉദ്ദേശമില്ലായിരുന്നു. അവസാനം അവൾ അവനെ കൊണ്ട് പറയിക്കുക തന്നെ ചെയ്തു.
സംഭവം അറിഞ്ഞപ്പോൾ റീന കർത്താവിനെ വിളിച്ചു പോയി.
"എന്നിട്ട് മല്ലുവിന് എന്തുണ്ട്"
''അതറിയില്ല മമ്മാ... സ്കൂൾ വിടുന്നതു വരെ അവർ വന്നില്ലായിരുന്നു"
ഇനിയിപ്പോ അവൻ്റെ വീട്ടിൽ ചെന്ന് അന്വേഷിക്കാമെന്ന് വെച്ചാൽ മല്ലിക അറിഞ്ഞിട്ടില്ലെങ്കിൽ അത് അതിനെക്കാളും വിഷമത്തിലാവും. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ റീന കുഴങ്ങി.ഏറെ നേരത്തെ ആലോചനക്ക് ശേഷം ഹെഡ്മാസ്റ്ററെ വിളിച്ച് വിവരം അറിയാൻ തീരുമാനിച്ചു.
വലിയ മുറിവ് അല്ലെങ്കിലും ചെറിയൊരു സ്റ്റിച്ച് ഇടേണ്ടി വന്നുവെന്ന് വിളിച്ചപ്പോൾ ഹെഡ്മാഷ് റീനയെ അറിയിച്ചു.അതു കേട്ടപ്പോൾ അവളുടെ കണ്ണു നിറഞ്ഞു.
മല്ലുവിന് ഒരു മുള്ള് തറച്ചു എന്നറിഞ്ഞാൽ വേവുന്നവളാണ് മല്ലിക. അവളെങ്ങനെയാവും ഇത് സഹിക്കുക എന്നോർത്തപ്പോൾ റീനക്ക് മനസ്സിൽ ആധി കയറി.
വൈകുന്നേരം സ്കൂൾ വിട്ട് വരുന്ന സമയം കഴിഞ്ഞിട്ടും മല്ലേശ്വരനെ കാണാത്തതു കൊണ്ട് തിരക്കി ഇറങ്ങിയതായിരുന്നു മല്ലിക. സ്കൂളിലേക്ക് അധികം ദൂരമില്ലെങ്കിലും ഈശോ ഓട്ടോയിലാണ് പോവുന്നതും, വരുന്നതും. അവൻ്റെ കൂടെ പോയ്ക്കോന്ന് റീന ഒരു പാട് നിർബന്ധിച്ചതാണ് പക്ഷെ മല്ലേശ്വരന് നടന്ന് പോകാനായിരുന്നു ഏറെ ഇഷ്ടം. അതാവുമ്പോ കാടിനോടും, പുല്ലിനുമോടൊക്കെ വർത്തമാനം പറഞ്ഞ് പോകാമല്ലോ? അവൻ്റെ താൽപ്പര്യം അറിയാവുന്ന മല്ലിക അതിനെ നിരുത്സാഹപ്പെടുത്താനും നിന്നില്ല.
റോഡിലേക്ക് ഇറങ്ങുമ്പോഴാണ് തൊട്ടടുത്ത് ഒരു വണ്ടി വന്നു നിന്നത്. ഏതെങ്കിലും വഴിയാത്രക്കാർ ആവുമെന്ന് കരുതിയാണ് മല്ലിക വഴിയോരത്തേക്ക് ഒതുങ്ങി നിന്നത്. വണ്ടിയിൽ നിന്നും ആദ്യം ഇറങ്ങിയത് ഹെഡ്മാസ്റ്ററായിരുന്നു. തൊട്ടുപിറകെ തന്നെ മല്ലുവിനെ കൈ പിടിച്ച് റോഡിലേക്കിറക്കുകയും ചെയ്തു
നെറ്റിയിലെ കെട്ടും, ചോര നിറമാർന്ന സ്കൂൾ യൂണിഫോമും കണ്ടപ്പോൾ മല്ലികയുടെ നെഞ്ച് തകർന്നു.
"കുഞ്ഞാ..." അതൊരു അലർച്ചയായിരുന്നു.
"എന്ത് പറ്റിയതാ മാഷേ...'' കരച്ചിലോടെ തന്നെയായിരുന്നു ചോദ്യവും. മാഷ് സംഭവിച്ച കാര്യങ്ങൾ പറഞ്ഞ് മല്ലികയെ ആശ്വസിപ്പിച്ചു.
''എനക്കൊരു കൊഴപ്പോം ഇല്ലമ്മേ" അമ്മ കരയുന്നതു കണ്ടപ്പോൾ മല്ലുവിനും വിഷമമായി.
"വാ... അമ്മേ, നമ്മക്ക് വീട്ടിൽ പോകാം എനക്ക് ഭയങ്കര വെശപ്പ്"
മല്ലിക മകനെ ചേർത്തു പിടിച്ച് മാഷിനോട് യാത്ര പറഞ്ഞു.
"നല്ലോണം ഭേദായിറ്റ് സ്കൂളിൽ വന്നാ മതി". ശരിയെന്നർത്ഥത്തിൽ മല്ലേശ്വരൻ മാഷിനെ നോക്കി തലയാട്ടി.
ഉള്ളിലുള്ള നീറ്റൽ അമ്മയറിയാതിരിക്കാൻ പണിപ്പെടുകയായിരുന്നു മല്ലു.
മല്ലിക അവനെ അടുത്തിരുത്തി ചോറുവാരി കൊടുക്കുമ്പോഴാണ് മുറ്റത്തു നിന്ന് ആരോ വിളിക്കുന്നത് കേട്ടത്. കൈ കഴുകി ചേലത്തുമ്പിൽ തോർത്തി ഇറയത്തേക്ക് ചെന്നു. അതിഥികളെ കണ്ട് അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
റീനയും, ഈശോയും!
"ൻ്റെ ഈശ്വരൻമാരെ ഇത് ആരൊക്കെയാ വന്നിരിക്കുന്നത്" പറയുന്നതിനൊപ്പം തന്നെ മല്ലിക മുറ്റത്തേക്കിറങ്ങി. അവരെ സ്വീകരിച്ചു. അവർക്ക് ഇരിക്കാനൊരു കസേര പോലും നൽകാനില്ലല്ലോ എന്ന കാര്യം അപ്പോഴാണ് മല്ലിക ഓർത്തത്.ഇരിക്കുന്നതിനു പകരം റീന, മല്ലേശ്വരനെ കാണാൻ താൽപ്പര്യം പ്രകടിപ്പിച്ചു.
മകനെ ഇറയത്തേക്ക് വിളിക്കാനൊരുങ്ങിയ മല്ലികയെ തടഞ്ഞു കൊണ്ട് റീനയും, ഈശോയും അകത്തേക്ക് കയറി. കൂടെ മല്ലികയും.ചുമരിൽ പലവിധത്തിലുള്ള കുഞ്ഞു ചിത്രങ്ങൾ.
"ഇതൊക്കെ വരച്ചത്?''
ചോദിച്ചത് റീനയാണെങ്കിലും അതിൻ്റെ ഉത്തരം കേൾക്കാൻ ആകാംക്ഷയോടെ കാതോർത്തത് ഈശോ ആയിരുന്നു.
"അതൊക്കെ കുഞ്ഞൻ്റെ കലാവിരുതാ"സന്തോഷവും, അതിലുപരി അഭിമാനവും നിറഞ്ഞു നിന്നിരുന്നു മല്ലികയുടെ ശബ്ദത്തിൽ. അപ്പോഴേക്കും വായയൊക്കെ കഴുകി മല്ലു, അങ്ങോട്ട് വന്നു. റീന ചേച്ചിയുടെ കൂടെ ഈശോവിനെ കൂടി കണ്ടപ്പോൾ അവനാശ്ചര്യപ്പെട്ടു പോയി.എന്നാൽ മല്ലുവിനെ കണ്ടപ്പോൾ ഈശോ, കുറ്റബോധം കൊണ്ട് മമ്മയുടെ പിറകിലേക്കൊളിക്കുകയാണ് ചെയ്തത്.
"ഈശോ ചെയ്ത തെറ്റിന് മാപ്പ് പറയാനാ ഞങ്ങളിങ്ങ് വന്നത്''. മല്ലികയോടും, മല്ലുവിനോടുമായാണ് റീന പറഞ്ഞ് തുടങ്ങിയത്.
"ഈശോ കുഞ്ഞ് എന്ത് തെറ്റാ എൻ്റെ കുഞ്ഞനോട് ചെയ്തത് ". ഒന്നും മനസ്സിലാവാതെ മല്ലിക കാര്യമന്വേഷിച്ചു.
റീനാൻറി അമ്മയോട് സത്യം പറയാൻ പോവുകയാണെന്ന് മല്ലേശ്വരന് മനസ്സിലായി. അതു കൊണ്ട് തന്നെയവൻ അമ്മയുടെ ശ്രദ്ധ മാറ്റാനായി പറഞ്ഞു.
"ഓ... അതൊന്നും ഇല്ലമ്മാ. പിന്നെ അമ്മാ; ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എട്ക്ക് നമ്മള് ഇവര്ടെ വീട്ടില് പോയപ്പോ റീനാൻറി നമ്മക്ക് എന്തൊക്കെയാ തന്നതെന്ന് ഓർമ്മയില്ലേ?''
''ഇവരെ കണ്ട സന്തോഷത്തില് ഞാനത് മറന്നു. ശ്ശോ...!"അബദ്ധം പിണഞ്ഞതുപോലെ മല്ലിക സ്വന്തം നെറ്റിയിൽ ഇടിച്ചു.
"ഞാനിപ്പോ വെരാം" എന്ന് പറഞ്ഞ് മല്ലിക അടുക്കളയിലേക്ക് നടന്നു.
തുടരും...
