ഭാഗം - 7
ഈശോവിൻ്റെ ആ പെരുമാറ്റം മല്ലികക്ക് വല്ലാത്ത വിഷമമുണ്ടാക്കിയെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും റീനക്ക് മനസ്സിലായി.
"ഒരു പാട് വർഷത്തിന് ശേഷം കിട്ടിയതാണ് ഈശോവിനെ ! അതോണ്ട് തന്നെ ഞാനും അവൻ്റെ പപ്പ ജോച്ചായനും ഒരു പാട് കൊഞ്ചിച്ചാ വളർത്തിയത്.അതിൻ്റെ പോരായ്മകൾ കുറേയുണ്ട്. വളരുന്നതിന് അനുസരിച്ച് അവൻ്റെ സ്വഭാവവും തലകീഴായി തുടങ്ങി. അവിടെ ഫ്ലാറ്റില് ഞങ്ങൾ രണ്ടു പേരെയും മാത്രമല്ലേ കാണുന്നുള്ളു.മൂന്നാമതൊരാളെ കാണുമ്പോ അവൻ അസ്വസ്ഥനാവാൻ തൊടങ്ങും.അതിനൊരു മാറ്റം വരുത്താൻ വേണ്ടിയാ നാട്ടിലേക്ക് പുറപ്പെട്ടത്".റീന പറയുന്നതൊക്കെ കേട്ടു നിൽക്കുകയായിരുന്നു മല്ലികയും, മല്ലുവും. പിന്നെ എന്തോ ഓർത്തതുപോലെ മല്ലിക ചോദിച്ചു.
"അല്ലാ.. എന്നോട് എന്തിനാ വരാൻ പറഞ്ഞത്"
"ശരിയാണല്ലോ? ഞാനക്കാര്യം പറയാതെ വേറെ എന്തൊക്കെയോ പറഞ്ഞു. അത്; വേറൊന്നും അല്ല.പുറം പണികളിലൊക്കെ എനിക്ക് സഹായത്തിന് ഒരാളെ വേണംന്ന്
നാണു ചേട്ടനോട് പറഞ്ഞിരുന്നു. അപ്പോ ചേട്ടനാ മല്ലികയുടെ കാര്യം സൂചിപ്പിച്ചത്. മല്ലികക്ക് വിരോധം ഇല്ലെങ്കിൽ..."
"എനിക്കെന്ത് വിരോധം തൊഴിലുറപ്പ് ഉള്ള സമയത്തേ കൊർച്ച് ബുദ്ധിമുട്ടാവൂ... എന്നാലും സാരില്ല ഞാൻ വെരാം". മല്ലിക അവർക്ക് വാക്കു കൊടുത്തു.മനസ്സുനിറയെ സന്തോഷവുമായി അമ്മയും, മകനും തിരികെ പോകാനൊരുങ്ങുമ്പോൾ റീന അകത്തുചെന്ന് കുറേ ചോക്ലേറ്റും, സ്വർണ്ണ നിറത്തിലൊരു പേനയും, പെൻസിലും രണ്ടു മൂന്ന് ടീഷർട്ടും, ഒന്ന് രണ്ട് അത്തറിൻ്റെ കുപ്പിയും കൊണ്ടുവന്ന് മല്ലേശ്വരൻ്റെ കൈകളിൽ വെച്ചു കൊടുത്തു. അവനത് വാങ്ങണോ, വേണ്ടയോ എന്ന തീരുമാനമെടുക്കാൻ കഴിയാതെ അമ്മയെ നോക്കി.' വാങ്ങിക്കോ' മല്ലിക കണ്ണുകൾ കൊണ്ട് അനുവാദം നൽകി.അവനത് വാങ്ങി നെഞ്ചോട് ചേർത്തു.അമ്മയോടൊപ്പം വീട്ടിലേക്ക് തിരിക്കുമ്പോൾ ''ഇനിയും വരണേ മല്ലേശ്വരാ...'' എന്ന് റീന പിറകിൽ നിന്നും വിളിച്ചു പറയുന്നത് അവൻ കേട്ടു.
ഗൾഫ് സാധനങ്ങൾ മല്ലു ആദ്യമായിട്ടായിരുന്നു കാണുന്നത്.
ഒപ്പം പഠിക്കുന്ന ജസീലിൻ്റെ ഉപ്പ ഗൾഫിലാണ്. ഉപ്പ കൊണ്ടുവന്ന സാധനങ്ങൾ അവന് ഇഷ്ടമുള്ള ചങ്ങാതിമാർക്ക് മാത്രമേ നൽകൂ.
കാപ്പിയുടെ രുചിയുള്ള ചോക്ലേറ്റ് ആദ്യമായിട്ടായിരുന്നു അവൻ കഴിക്കുന്നത്. ഒരിക്കൽ
ജസീലും കൊണ്ടുവന്നു ചോക്ലേറ്റ് അതിൽ നിന്ന് ഒരു കഷ്ണം അരുണിനും, നിവേദിനും രുചിനോക്കാൻ കിട്ടിയെന്ന് അവരൊരിക്കൽ കളിക്കുമ്പോൾ പറഞ്ഞു. അതു കേട്ട് വെള്ളമിറക്കാനെ തനിക്കന്ന് സാധിച്ചുള്ളു
പല വട്ടം മുല്ലപ്പൂവിൻ്റെ മണമുള്ള അത്തറ് കുപ്പി മണത്തു നോക്കുന്നതു കണ്ട് അമ്മ അവനെ കളിയാക്കുന്നുണ്ടായിരുന്നു.'മണത്ത് മണത്ത് അവസാനം കുപ്പി അപ്പാടെ മൂക്കിൽ കയറുമെന്ന് പറഞ്ഞ് '
റീന ചേച്ചി കൊടുത്ത പേനയും കൊണ്ടാണ് പിറ്റേന്ന് മല്ലു സ്കൂളിൽ പോയത്. അവൻ്റെ പോക്കറ്റിലെ തിളങ്ങുന്ന പേന ആദ്യം കണ്ടു പിടിച്ചത് വികൃതിക്കാരൻ ജസീലായിരുന്നു. അവൻ അടുത്തിരിക്കുന്ന കൂട്ടുകാരോട് അടക്കത്തിൽ പറഞ്ഞു.
''ദേ നോക്കടാ, മല്ലൻ്റെ പോക്കറ്റിലൊരു പേന!''
'ശരിയാണല്ലോ?'കൂട്ടുകാരും തമ്മിൽ തമ്മിൽ പറഞ്ഞു.
''ഇത് ഇവൻ എവിട്ന്നോ മോട്ടിച്ചത് തന്നെ, അല്ലാതെ ഇത്രേം നല്ലൊരു പേന അവന് എങ്ങനെ കിട്ടാനാ. വാടാ... നമ്മക്ക് ടീച്ചറോട് പറഞ്ഞ് കൊട്ക്കാം". ജസീൽ മറ്റുള്ളവരെ കൂടി എരിവു കേറ്റി.
''ടീച്ചറേ....'' ജസീലും, കൂട്ടരും ഈണത്തോടെ ടീച്ചറെ വിളിച്ചു.
'പത്തും രണ്ടും കൂട്ടിയാൽ എത്ര? 'എന്ന് ബോർഡിലെഴുതി കാണിക്കുകയായിരുന്നു സിന്ധു ടീച്ചർ. കോറസായുള്ള വിളി കേട്ട് അവരുടെ അടുത്തേക്ക് ചെന്നു.
''എന്താ... എന്താ ഇവിടെ ബഹളം'' ടീച്ചർ കയ്യിലുള്ള ടെസ്റ്റർ മേശയിലടിച്ചു.
''ടീച്ചറേ... മല്ലൻ്റെ അടുത്ത് ഒരു അടിപൊളി പേന, അവനെവ്ട്ന്നോ മോട്ടിച്ചതാ".അപ്പോഴാണ് ടീച്ചർ മല്ലേശ്വരനെ ശ്രദ്ധിച്ചത്. കുരുത്തക്കേടുകളൊന്നും അധികം ഇല്ലാത്ത കുട്ടിയാണ് അവനെന്ന് ടീച്ചർക്ക് നന്നായി അറിയാം.
"മല്ലനിങ്ങ് വാ...'' ടീച്ചർ സ്നേഹത്തോടെ അവനെ മേശക്കടുത്തേക്ക് വിളിപ്പിച്ചു. പേടിച്ചു കൊണ്ടാണ് മല്ലു ടീച്ചറുടെ അടുത്ത് ചെന്നത്.
അവനെ ചേർത്തു നിർത്തിക്കൊണ്ട് ടീച്ചർ പതുക്കെ ചോദിച്ചു.
"ഇത്, ആരുടെ പേനയാ മല്ലാ...''
''എൻ്റെ പേന തന്നെയാ ടീച്ചറേ"
പറഞ്ഞതിനൊപ്പം തന്നെ കീശയോടു കൂടി പേനയവൻ മുറുക്കെ പിടിച്ചു. ടീച്ചർ അവൻ്റെ കൈ കീശയിൽ നിന്നും വിടുവിച്ച് പേന കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.
''ഇത് ഗൾഫ് പേനയാണല്ലോ?സത്യം പറ;മല്ലാ നിനക്ക് എവിടുന്നാ ഇത് കിട്ടിയത്"
ടീച്ചർക്ക് ദേഷ്യം വരുന്നുണ്ടെന്ന് മല്ലുവിന് മനസ്സിലായി.അവൻ്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
''കരയുകയൊന്നും വേണ്ട മല്ലാ... സത്യം പറഞ്ഞാൽ ഞാൻ ഒന്നും ചെയ്യില്ല" ടീച്ചറുടെ സ്വരം കുറച്ച് ശാന്തമായി. 'ശരിയാണ് താൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ? പിന്നെ എന്തിനാണ് പേടിക്കുന്നത്.ഈ പേന റീന ചേച്ചി തന്നതല്ലേ, കട്ടെടുത്തതൊന്നുമല്ലല്ലോ?'പെട്ടെന്ന് മല്ലുവിൻ്റെ മനസ്സിൽ ഒരു ധൈര്യം കടന്നു കൂടി. പുതുതായി താമസത്തിനെത്തിയ ഈശോ വീട്ടിലുള്ളവരെ കുറിച്ചും മറ്റുമെല്ലാം വിശദമായി തന്നെ ടീച്ചറെ പറഞ്ഞു കേൾപ്പിച്ചു. മല്ലേശ്വരൻ പറഞ്ഞ കാര്യം, ക്ലാസിൽ എല്ലാവരും കേൾക്കേ ടീച്ചർ വിവരിച്ചു.പിന്നെ ജസീലിനെ നോക്കിക്കൊണ്ട് മറ്റുള്ളവരുടെ കുറ്റോം, കൊറവും നോക്കി നടക്കാതെ എന്തെങ്കിലും രണ്ടക്ഷരം പഠിക്കെന്ന് ഉപദേശിക്കുകയും ചെയ്തു.
കുറച്ചു നേരത്തേക്കെങ്കിലും പേന താൻ മോഷ്ടിച്ചതാണെന്ന് ടീച്ചർ പറഞ്ഞതോർത്തപ്പോൾ മല്ലുവിൻ്റെ മനസ്സുനിറയെ സങ്കടം നിറഞ്ഞു. ഇടവേള സമയത്തും, ഉച്ചഭക്ഷണ ശേഷവും ആരോടും കൂട്ടുകൂടാതെ നെല്ലിമരച്ചുവട്ടിൽ ഒറ്റക്കിരിക്കുന്ന മല്ലേശ്വരനെ സിന്ധു ടീച്ചർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ടീച്ചർ അവൻ്റെ അടുത്ത് വന്നിരുന്നു.
"മല്ലനെന്താ... അവരുടെ കൂടെ കളിക്കാൻ ചെല്ലാത്തെ" അരുണും, നിവേദും, ശ്യാമും, ജസീലും, റോബിനുമൊക്കെ പന്ത് തട്ടിക്കളിക്കുന്നത് നോക്കിയാണ് ടീച്ചർ ചോദിച്ചത്. പന്ത് കളി അവന് ഒത്തിരി ഇഷ്ടമാണെന്ന് അറിയാം. ഇടവേള സമയത്തൊക്കെ സ്റ്റാഫ് റൂമിലേക്ക് പന്തെടുക്കാൻ ആദ്യം ഓടിയെത്തുന്നത് അവനാണ്. ഇന്ന് ആ ഭാഗത്തേ മല്ലേശ്വരനെ കാണാത്തതുകൊണ്ടാണ് അന്വേഷിച്ചത്. അവൻ മറുപടി പറയാതെ മുഖം കുനിച്ച് താഴേക്ക് നോക്കിയിരുന്നു.
"ക്ലാസിൽ ഇന്നുണ്ടായ സംഭവം നിന്നെ ഒത്തിരി വേദനിപ്പിച്ചു അല്ലേ?" അതിന് മറുപടി പറയാനോ, ടീച്ചറെ നോക്കാനോ അവൻ്റെ മനസ്സ് അനുവദിച്ചില്ല. അവൻ്റെ കുഞ്ഞു മുഖം ടീച്ചർ പതിയെ ഉയർത്തി. അപ്പോൾ രണ്ട് പളുങ്കുമണികൾ താഴേക്ക് വീഴാൻ പാകത്തിൽ കണ്ണിൽ നിറഞ്ഞിരിക്കുന്നത് ടീച്ചർ കണ്ടു.
"ജസീലിനെപ്പോലെ ടീച്ചറും ,ഞാൻ മോട്ടിച്ച പേനയാണെന്ന് പറഞ്ഞതാ എൻ്റെ വെഷമം" അവൻ കരച്ചിലോടെ പറഞ്ഞു.
''പോട്ടെ; മല്ലാ നീ നല്ല കുട്ടിയാണെന്ന് എല്ലാർക്കും മനസ്സിലായതല്ലേ പിന്നെയെന്താ!. നീയിങ്ങനെ വെഷമിച്ചിരുന്നാൽ ടീച്ചർക്കും കരച്ചിൽ വെരും. കണ്ണും മുഖവുമൊക്കെ തോർത്തിയിട്ട് ഒന്ന് ചിരിച്ചെ, ടീച്ചർ കാണട്ട്".
അമ്മ കഴിഞ്ഞാൽ മല്ലന് ആരെയാ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ അവൻ പറയും സിന്ധു ടീച്ചറാണെന്ന്. ആ ടീച്ചർ കരയുന്നത് അവന് ഇഷ്ടമല്ല. ഷർട്ടിൻ്റെ അറ്റം കൊണ്ടവൻ കണ്ണും,മുഖവും അമർത്തി തുടച്ച് മുഖത്തൊരു ചിരി വരുത്തി.
"ങ്ഹാ.. മിടുക്കൻ. ഇനി ഇങ്ങനെ ഒറ്റക്കിരിക്കാതെ കൂട്ടുകാരോടൊപ്പം പോയി കളിച്ചേ". എഴുന്നേൽക്കാതെ അവിടെ തന്നെ മടിച്ചിരിക്കുന്ന മല്ലുവിനെ ടീച്ചർ ,നിർബന്ധിച്ച് കൂട്ടുകാരുടെ അടുത്തേക്ക് പറഞ്ഞു വിട്ടു.
"പാവം കുട്ടി'' കൂട്ടുകാരുടെ അടുത്തേക്ക് മടിച്ച് മടിച്ച് പോകുന്ന മല്ലുവിനെ നോക്കി ടീച്ചർ മന്ത്രിച്ചു.
തുടരും...
