മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 700
  • Status: Paid

ഭാഗം - 3 

പിറ്റേന്ന് ശനിയാഴ്ച, സ്കൂൾ അവധിയായതുകൊണ്ട് അമ്മയുടെ കൂടെ മല്ലേശ്വരനും  ആ വലിയ വീട്ടിലേക്ക് ചെന്നു. ഗേറ്റിനു വെളിയിൽ മാർബിൾ ഫലകത്തിൽ 'ഈശോ' എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചത് 'ഈ....ശോ ' എന്ന് ഓരോ അക്ഷരമായി കൂട്ടി വായിച്ച് എടുത്തു. പത്രമിടാൻ പോകുമ്പോഴും, കടയിൽ പോകുമ്പോഴും എല്ലാം ഏറെ നേരം ആ വലിയ വീടിനു മുന്നിൽ അന്തിച്ചു നിൽക്കാറുണ്ട്. അത്രയും വലിയൊരു വീട് ആ നാട്ടിൽ വേറെ എവിടെയും അവൻ കണ്ടിട്ടില്ല. സ്കൂളിലെ ഹെഡ് മാഷിൻ്റെ വീടും പോലും ഇത്രയും വലുതല്ല. ഇവിടെ താമസിക്കുന്ന ആൾക്കാരൊക്കെ ഭാഗ്യവാൻമാർ തന്നെ അവൻ മനസ്സിൽ ചിന്തിച്ചു.


ആൾത്താമസമില്ലെങ്കിലും ഒരു പാട് മരങ്ങളും, പലവിധത്തിലുള്ള പൂക്കളും  ആ വീടിനു ചുറ്റിലും ഉണ്ടായിരുന്നു. പൂക്കളിൽ നിന്നും തേൻ നുകരാനായി ഒത്തിരി കിളികളും, ശലഭങ്ങളും അവിടെ പാറി നടക്കുന്നുണ്ടായിരുന്നു. ഒരു വേള ആ വീട് ചിത്രശലഭങ്ങൾക്ക് മാത്രമായുള്ള വീടാണോ എന്നു പോലും അവൻ സംശയിച്ചു.അത്ര മാത്രം ശലഭങ്ങൾ അവിടെയൊക്കെ പറന്നു നടക്കുന്നുണ്ടായിരുന്നു.

അവൻ പൂക്കളെ കൗതുകത്തോടെ നോക്കി നിൽക്കുന്നത് കണ്ടാവണം, ആ വീടും പരിസരവും നോക്കി നടത്തുന്ന നാണു ചേട്ടൻ മല്ലേശ്വരൻ കേൾക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു.

''ഡാ... ചെക്കാ ആ പൂക്കളൊന്നും പറിച്ചേക്കല്ലേ" എന്ന്. അവനത് കേട്ടപ്പോൾ വിഷമം തോന്നി. കാരണം അവന്  പൂക്കളെ ഒത്തിരി ഇഷ്ടമാണ്. അവൻ്റെ ആ ഇഷ്ടം തിരിച്ചറിഞ്ഞതുകൊണ്ടാണ് ജോലി കഴിഞ്ഞ് വരുമ്പോഴൊക്കെ മല്ലികയുടെ കയ്യിൽ ഏതെങ്കിലും തരത്തിലുള്ള ചെടികളുടെ കമ്പ് ഉണ്ടായിരിക്കും. അതൊക്കെ ജോലി ചെയ്യുന്ന വീടുകളിൽ നിന്നും ശേഖരിക്കുന്നതാണ്.ഉള്ള സ്ഥലത്ത് ആ ചെടികൾ  വെച്ചു പിടിപ്പിക്കുന്നതും, വെള്ളമൊഴിക്കുന്നതും, പരിപാലിക്കുന്നതുമെല്ലാം മല്ലേശ്വരനാണ്.അതു പക്ഷെ നാണു ചേട്ടന് അറിയത്തില്ലല്ലോ?

നാണു ചേട്ടനോട് അവനൊന്നും മറുപടി പറയാതെ അമ്മയുടെ അരികിലേക്ക് ചെന്നു. 

മല്ലിക, വീടിനുള്ളിലെ ഓരോ സാധനവും സൂഷ്മതയോടെ തുടച്ച് വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി എടുത്ത് വെക്കുകയാണ്. അമ്മയോടൊപ്പം ഓരോ മുറിയിലും കയറി ഇറങ്ങുമ്പോഴും മല്ലേശ്വറിൻ്റെ മിഴികൾ കൂടുതൽ കൂടുതൽ ആകാംക്ഷയോടെ മിഴിഞ്ഞു വന്നു. ഓരോ മുറിയും അവൻ്റെ വീടിൻ്റെ അത്രയും വലിപ്പമുണ്ടായിരുന്നു. അലമാരകളിൽ അടുക്കി വെച്ചിരിക്കുന്ന നിരവധി പല നിറത്തിലും, വലിപ്പത്തിലും ഉള്ള ക്രിസ്റ്റൽ ഗ്ലാസുകളും, ജാറുകളും. വീട്ടിലും ഉണ്ടായിരുന്നു ഒരു കുപ്പി ഗ്ലാസ്, സ്കൂളിൽ വെച്ചു നടന്ന ലളിതഗാന മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയത്.കുപ്പി ഗ്ലാസിൽ ചായ കുടിക്കണമെന്ന ആഗ്രഹത്തിൻ്റെ പുറത്താണ് ഒരു ദിവസം അമ്മ ചൂട് കാപ്പി അതിലേക്ക് പകർന്നത് നടുവെ പിളർന്ന് കാപ്പി രണ്ട് ഭാഗത്തേക്ക് ഒഴുകി പരന്നത് ഇപ്പൊഴും ഉണ്ട് മനസ്സിൽ. മത്സരങ്ങളിൽ പിന്നെയും സമ്മാനങ്ങൾ ലഭിച്ചുവെങ്കിലും കുപ്പി ഗ്ലാസ് മാത്രം കിട്ടിയില്ല. ഓരോ മുറിയും ചുറ്റിനടന്ന് അവസാനം അവൻ എല്ലാ മുറികളികളുടെയും വാതിലുകൾ ചേരുന്നിടത്ത് എത്തി അവിടെ വലിയൊരു നീല ജലാശയം!

വീടിനുള്ളിൽ തന്നെയുള്ള ആ വലിയ കുളവും, അതിനോട് ചേർന്ന പുൽത്തകിടിയും അവൻ്റെ ഉള്ളിൽ കുളിർമ്മ നിറച്ചു.

സ്ക്കൂളിലേക്ക് ഇതിലെ   പോകുമ്പോൾ താനും, കൂട്ടുകാരും വാ പൊളിച്ച് നോക്കി നിന്നിട്ടുണ്ട്. അപ്പോഴൊന്നും വിചാരിച്ചിട്ടേയില്ല ഇതിനകത്തേക്ക് കടന്നു വരാൻ പറ്റുമെന്ന്. എല്ലാം അമ്മ കാരണമാണ്. എന്താണെന്നറിയില്ല അവന് അപ്പോൾ അമ്മയോട് വല്ലാത്ത സ്നേഹം തോന്നി.

അവനോടി ചെന്ന് മല്ലികയെ കെട്ടി പിടിച്ചു. വിയർപ്പുതുള്ളികൾ തിളങ്ങുന്ന കവിളിൽ ഒരു ഉമ്മ കൊടുത്തു.

മകൻ്റെ പെട്ടെന്നുള്ള പ്രവൃത്തി കണ്ടപ്പോൾ മല്ലിക അന്തിച്ചു.

''എന്തെടാ, കുഞ്ഞാ''

''അമ്മാ... എനിക്ക് ഇനി ചങ്ങായിമാരോട് പറയാലോ ഞാനും ഈ കൊട്ടാരത്തിനുള്ളിൽ കയറിയിട്ടുണ്ടെന്ന് ''

നിഷ്കളങ്കമായ മല്ലേശ്വരൻ്റെ വർത്തമാനം കേട്ടപ്പോൾ മല്ലികയുടെ മുഖത്തും ചെറിയൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.

ഉച്ച കഴിയാറായപ്പോഴാണ് ആ വീട്ടിലെ പണി മുഴുവൻ തീർന്നത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകാൻ നേരം, നാളെ മുതൽ ഇവിടെയും പത്രമിടണമെന്ന് നാണു ചേട്ടൻ അവനോട് പറഞ്ഞു. മല്ലേശ്വരന് സന്തോഷമായി.

പിറ്റേന്ന് രാവിലെ എല്ലായിടത്തും പത്ര മിടുന്നതു പോലെ ആ വലിയ വീട്ടിലും പത്രമിടാൻ മല്ലു ചെന്നു. എന്നാൽ ഗേറ്റ് പൂട്ടി കിടന്നതു കൊണ്ട് അതിനോട് ചേർന്നുള്ള ബോക്സിൽ പത്രം നിക്ഷേപിച്ച് തിരികെ യവൻ വീട്ടിലേക്ക് നടന്നു.

ചെമ്പരത്തി കമ്പു കൊണ്ട് അതിര് കെട്ടി തിരിച്ച മല്ലേശ്വരൻ്റെ വീട്ടിൽ നിന്നും നോക്കിയാൽ  'ഈശോ'വിൻ്റെ ഗേറ്റ് കാണാം. അവിടേക്ക് താമസിക്കാൻ വരുന്നവരെ  ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് മല്ലേശ്വരൻ അക്ഷമയോടെയുള്ള അവൻ്റെ ഇരിപ്പും നടപ്പും കണ്ട് മല്ലികക്ക് ചിരി വന്നു. ''എന്താ അമ്മാ...അവര് ഇനീം വരാത്തത് ''

''ആര്!''

മനസ്സിലാകാത്തതുപോലെ മല്ലിക ചോദിച്ചു.

"ആ ഗൾഫ് കാര്''

''അതെനിക്ക് എങ്ങനെ അറിയാനാ കുഞ്ഞാ... ചെല് പ്പോ, ഉച്ചക്കാവും, അല്ലേ രാത്രിക്കാവും അതുമല്ലേ, പൊല്ച്ചാക്കാവും'' അമ്മയുടെ മറുപടി അവനെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല. മുറ്റത്തു നിന്നും ചെറിയ ഉരുളൻ കല്ലുകൾ പെറുക്കി മാനത്തേക്ക് ഉന്നം പിടിക്കുമ്പോഴാണ് ചങ്ങാതിമാരായ അരുണും, നിവേദും സൈക്കിളിൻ്റെ ടയർ വടി കൊണ്ട്  തട്ടി ഉരുട്ടിക്കൊണ്ട് അങ്ങോട്ട് വന്നത്. രണ്ടു പേരുടെയും കയ്യിൽ ഓരോ പ്ലാസ്റ്റിക് കുപ്പികളും ഉണ്ട്.

കല്ല്; താഴെ ഇട്ട് കൈകൾ ട്രൗസറിൽ തുവർത്തി മല്ലേശ്വരനും അവരുടെ അടുത്തേക്ക് ഓടി.

"രണ്ടാളും കൂടി എങ്ങോട്ടാ"

''ആണിത്തോട്ടില് ! അവിടെ ഒത്തിരി കണ്ണി മീനുണ്ട്. പിടിച്ച് കുപ്പിയിൽ ഇട്ട് വളർത്താലോ?''

"എന്നാ ഞാനും വെര്ന്നുണ്ട്'' അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ മല്ലേശ്വരൻ തിരിച്ച് വീട്ടിലേക്ക് ഓടി. അയയിൽ നിന്നും ഉണങ്ങിയ തോർത്തും, അടുക്കളയിൽ ചെന്ന് ഒരു ഒഴിഞ്ഞ കുപ്പിയുമെടുത്ത് വീണ്ടും കൂട്ടുകാരുടെ അടുക്കലേക്ക് ചെല്ലുന്നതിനിടയിൽ അമ്മയോട് തോട്ടിലേക്ക് പോകുന്ന കാര്യം അറിയിച്ചു.

തെളി വെള്ളത്തിൽ കുഞ്ഞു കല്ലുകൾ തെളിഞ്ഞു കിടപ്പുണ്ടായിരുന്നു. കയ്യിലുള്ള ടയർ, അടുത്തുള്ള ഒരു തെങ്ങിൻ ചുവട്ടിലേക്ക് ഇട്ടു. തോർത്തിനോടൊപ്പം ഇട്ട ഷർട്ട് കൂടി അഴിച്ച് കരയിൽ വെച്ച് തോടിൻ്റെ ഇരുവശത്തും ഉള്ള അലക്കു കല്ലുകളിൽ കയറി നിന്ന് അരുണും, നിവേദും വെള്ളം കൂടുതൽ ഉള്ളിടത്തേക്ക് എടുത്ത് ചാടി.പതുങ്ങിയിരുന്ന് ഇര തേടുകയായിരുന്ന നീല പൊന്മാൻ അവരുടെ ചാട്ടം കണ്ട്  ഭയന്ന് വള്ളിപടർപ്പിൽ നിന്നും ദൂരേക്ക് പറന്നകന്നു.

തുടരും...
 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter