ഭാഗം - 2
വായുദേവനെ പോലും തോൽപ്പിച്ചു കൊണ്ടാണ് മല്ലേശ്വരൻ ബസ് റ്റോപ്പിൽ എത്തിയത്.പത്രക്കെട്ടുകൾ കേടുകൂടാതെ അവിടെ തന്നെ കണ്ടപ്പോൾ അവൻ നെഞ്ചിൽ കൈ പിണച്ചു. 'ഭാഗ്യം! മുത്തപ്പൻ തുണച്ചു'.
പതിവു വീടുകളിലെല്ലാം ഓടിയോടി മല്ലു പത്രമെത്തിച്ചു.വായനശാലക്കടുത്തുള്ള ചങ്ങാതിയുടെ വീട്ടിൽ പത്രമിട്ട് പിന്തിരിയുമ്പോഴാണ്. ചായക്കടയിലെ പപ്പേട്ടൻ അവനെ ഉറക്കെ വിളിച്ചത്.
''എടാ... മല്ലാ ഒന്ന് ഇങ്ങ് വന്നേ!'' അവിടെ പത്രം ഇട്ടതാണല്ലോ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ടാണ് അവൻ കടയിലേക്ക് ചെന്നത്. എന്താണെന്നർത്ഥത്തിൽ അയാളെ നോക്കി.
''ഡാ... നെൻ്റെ അമ്മ പണിക്ക് പോകാറില്ലേ?''
''ഒണ്ട്''
''എന്നാ നാളെ രാവിലെ നിങ്ങടെ വീടിനടുത്തുള്ള ആ വലിയ വീട്ടില് അമ്മയോട് പണിക്ക് പോകാൻ പറയണം. മറ്റന്നാള് അവിടത്തെ താമസക്കാര് ഗൾഫീന്ന് വെര്ന്ന്ണ്ട്. എല്ലാം തൂത്ത് തുടച്ച് വൃത്തിയാക്കിയിടണം"
ശരിയെന്ന അർത്ഥത്തിൽ അവൻ തലയാട്ടി. ഇനിയും അഞ്ചാറ് പത്രങ്ങൾ കൂടി ഇടാനുണ്ട് അത് കഴിഞ്ഞു വേണം തോടിൻ്റെ കരക്ക് നട്ട പച്ചക്കറിക്ക് അമ്മയോടൊപ്പം ചേർന്ന് വെള്ളമൊഴിക്കാൻ. അതും കഴിഞ്ഞ് വേണം തനിക്ക് സ്കൂളിലേക്കും, അമ്മക്ക് പണിക്കും പോകാൻ.
തമിഴ്നാട്ടിലെ വൈഗ ഡാമിനടുത്തായിരുന്നു മല്ലേശ്വരൻ്റെ അമ്മ മല്ലികയും അച്ഛൻ യാഗേശ്വറും ആദ്യം താമസിച്ചിരുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഡാമിൽ വെള്ളം നിറഞ്ഞ് കവിഞ്ഞതിൻ്റെ ഫലമായി കേരളത്തിലേക്ക് അവർ വണ്ടി കയറി.ദേശസഞ്ചാരത്തിനിടയ്ക്ക് മല്ലികക്ക് കടുത്ത ജ്വരം പിടിപ്പെട്ടു. ജ്വരം മാറിയെങ്കിലും അലർജിയുടെ ഭാഗമായി കഴുത്തിൽ പ്രത്യക്ഷപ്പെട്ട വലിയ മുഴ, മാത്രം മാറിയില്ല. പല ഡോക്ടർമാരെയും കാണിച്ചുവെങ്കിലും മുഴ വലുതായതല്ലാതെ കുറഞ്ഞതേയില്ല. മല്ലികയ്ക്ക് തൊണ്ടയിൽ ക്യാൻസറാണെന്നും അതൊരിക്കലും മാറാൻ പോകുന്നതല്ലെന്നും യാഗേശ്വറിനെ ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിച്ചു. ഒരു രാത്രി; പുലരുന്നതിനു മുന്നേ മല്ലികയേയും, നാലു വയസ്സുള്ള മല്ലേശ്വറിനെയും വിട്ട് യാഗേശ്വർ എങ്ങോട്ടോ ഓടിപ്പോയി.
യാഗേശ്വർ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയതാണെന്ന് മനസ്സിലാക്കാൻ മല്ലികയ്ക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. സ്വരുകൂട്ടിയ അന്നത്തിൻ്റെ അളവിലെ വ്യതിയാനം ഓരോ ദിനവും അവളുടെ മനസ്സിനെ ചുട്ടുനീറിച്ചു. മകൻ്റെ ഒട്ടിയ വയറിലേക്ക് മിഴികൾ ചെല്ലുമ്പോഴൊക്കെ കഴുത്തിലെ പഴുത്ത വേദനയെ പലപ്പോഴുമവൾ മറന്നു. മകൻ അമ്മക്കു വേണ്ടി തെരുവോരങ്ങളിലും, ബസുകളിലും പാട്ടു പാടി. പാടി കിട്ടുന്നതിൽ ഒരു വിഹിതം അമ്മയുടെ മരുന്നിനും, ബാക്കി വരുന്നത് ഭക്ഷണത്തിനും ചിലവാകും. ദേശാടനക്കിളികളെ പോലെയുള്ള സഞ്ചാരത്തിൻ്റെ അവസാനം അവരെത്തിയത് കണ്ണൂരിലായിരുന്നു. അമ്മയുടെയും, മകൻ്റെയും ജീവിത കഥ അറിഞ്ഞ അവിടെയുള്ള ചില സുമനസ്സുകളുടെ ദയയിൽ അവർക്ക് ചെറിയൊരു വീട് പണിതു കൊടുത്തു. അടുത്തുള്ള സ്കൂളിലെ ഹെഡ്മാസ്റ്ററിൻ്റെ നിർബദ്ധത്തിന് വഴങ്ങിയാണ് മല്ലിക, മല്ലേശ്വറിനെ സ്കൂളിൽ ചേർത്തത്.സ്കൂളും, വിദ്യാഭാസവും അവർ സ്വപ്നം പോലും കണ്ടതായിരുന്നില്ല. കണ്ണൂർ എത്തുന്നതു വരെ അമ്മയും, മകനും തമിഴ് മാത്രമായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്.പതിയെ പതിയെ തമിഴ് ചുവയോടെ മലബാർ ഭാഷയിലേക്ക് അവരുടെ ജീവിതം മാറാൻ തുടങ്ങി. മറ്റെവിടെയും കിട്ടാത്ത ഒരു സംരക്ഷണമായിരുന്നു അവർക്ക് ആ നാട്ടിൽ നിന്നും കിട്ടിക്കൊണ്ടിരുന്നത്.
നാട്ടുകാരുടെ പ്രയത്നത്താൽ സ്വരൂപിച്ച തുക കൊണ്ട് നല്ലൊരു ആസ്പത്രിയിൽ മല്ലികയെ പ്രവേശിപ്പിക്കുകയും, കഴുത്തിലെ മുഴ ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ മല്ലികയെ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി. തൊഴിലുറപ്പ് ഇല്ലാത്ത സമയങ്ങളിൽ അടുത്ത വീടുകളിൽ ചെന്നവൾ പുറമ്പേലകൾ ചെയ്യും. ഒരു ജോലി ഏൽപ്പിച്ചാൽ ആത്മാർത്ഥയോടെയവൾ ചെയ്യുമെന്ന് അവർക്കറിയാം. അതു കൊണ്ടാണ് വീട് വൃത്തിയാക്കുന്നതിനും മറ്റും അവളെ തന്നെ എല്ലാവരും വിളിക്കുന്നത്.
പപ്പേട്ടൻ പറഞ്ഞ കാര്യം മറന്നു പോകാതിരിക്കാൻ മനസ്സിൽ പലവുരു ഉരുവിട്ടു കൊണ്ടാണ് മല്ലേശ്വരൻ വീട്ടിലേക്ക് കുതിച്ചത്. തോട്ടിൽ നിന്ന് അലക്കു കഴിഞ്ഞ് വരുന്ന അമ്മയെ, അവൻ ദൂരെ വെച്ചേ കണ്ടു.
''അമ്മേ... നമ്മള് പോകുന്ന വൈക്കേ ആ വല്യ വീടില്ലേ, ആ വീട്ടില് നാളെ പണിക്ക് പോകാൻ പറഞ്ഞിന് ചായക്കടേലെ പപ്പാട്ടൻ. അവര് ഗൾഫ് ന്ന് വെര്ന്ന് ണ്ട് പോലും''.
വീടണയാൻ മല്ലികക്ക് സമയം കൊടുക്കുന്നതിനു മുന്നേ മല്ലേശ്വരൻ കാര്യം അവതരിപ്പിച്ചു.
"അൻ്റെ ചെർക്കാ, ഞാനവിടെ എത്തീറ്റ് പറഞ്ഞാ പോരേ നെണക്ക്'' മല്ലികയുടെ മുഖത്ത് വാത്സല്യത്തിൻ്റെ ചിരി വിടർന്നു.
''അപ്പോഴേക്കും ഞാനക്കാര്യം മറന്നാലോ? കട മുതൽ വീട് വരെ മനസ്സിൽ അക്കാര്യം പറഞ്ഞോണ്ടാ പോന്നത്.അതാ അമ്മേനെ കണ്ടപ്പോ തന്നെ പറഞ്ഞേ."
നനഞ്ഞ തുണി അയയിൽ വിരിക്കുമ്പോഴേക്കും 'അമ്മേ' എന്ന മല്ലേശ്വരൻ്റെ അടുത്ത വിളി കേട്ടു.
അവർ കഴുത്ത് ചെരിച്ച് അവനെ നോക്കി.
''വെശക്ക്ണ് അമ്മാ...''
''ദാ...വരുവാ രണ്ട് തുണി കൂടി വിരിച്ചിടാനുണ്ട്'' അത് കഴിയുന്നതും നോക്കി മല്ലേശ്വരൻ ഇറയത്തെ സിമൻ്റ് തിണ്ണയിൽ ഇരുന്നു. അപ്പോഴാണ് അവനൊരു കാഴ്ച കണ്ടത്. വരിയായി പോകുന്ന കുഞ്ഞുറുമ്പുകൾ! എന്തൊരു ഒത്തൊരുമയാണ് എല്ലാറ്റിനും. ചിലതിൻ്റെ തലയിൽ എന്തോ ഭക്ഷണ പദാർത്ഥമുണ്ട്. എങ്ങനെയാണ് ഇത്രയും ഭാരമുള്ളതൊക്കെ ഈ കുഞ്ഞനുറുമ്പുകൾ വഹിച്ച് കൊണ്ട് പോകുന്നത്.എവിടേക്കാവും ഇവറ്റകളുടെ യാത്ര.ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് നിലത്ത് മുട്ടു കുത്തിയിരുന്നു ഉറമ്പുകളുടെ സഞ്ചാരത്തിനു പിറകെ അവനൊരു ദീർഘനിരീക്ഷണം നടത്തി.അതിൻ്റെ അറ്റം എവിടെയാണെന്ന് കണ്ടെത്താൻ അവന് പറ്റിയില്ല.
അമ്മാ... വിശക്കുന്നു എന്ന് പറഞ്ഞ് നിലവിളിച്ച ആളിൻ്റെ ശബ്ദമൊന്നും കേൾക്കാത്തതു കൊണ്ടാണ് മല്ലിക, ഇറയത്തേക്ക് നോക്കിയത്. മല്ലേശ്വർ മണ്ണിൽ കുത്തിയിരുന്ന് എന്തോ കാര്യമായി നോക്കുകയാണ്. അതു കണ്ടപ്പോൾ മല്ലികയ്ക്ക് അത്ഭുതമായി.
"കുഞ്ഞാ നീയെന്താ അവിടെ ചെയ്യുന്നത്''
"അമ്മാ...ഈ ഉറുമ്പുകളൊക്കെ എവിടേക്കാ പോകുന്നേ...! അവര്ടെ വീട്ടിലേക്കായ്രിക്കും അല്ലേ?''
''അതിപ്പോ...''
''ഈ ഉറുമ്പുകൾക്കും അച്ഛനും, അമ്മയും ഒക്കെ ഇണ്ടായ്രിക്കും അല്ലേ?''
മല്ലേശ്വരൻ്റെ ചോദ്യം! തുണി വിരിച്ചിട്ടതിനു ശേഷം,
നനഞ്ഞ മുടി തുവർത്തുന്നതിനിടയിൽ മല്ലിക ആലോചനയിൽ ഏർപ്പെട്ടു. എത്രയോ ഉറുമ്പുകളെ അടുപ്പിൽ തണയിലും, ചുവരോട് ചേർന്നുള്ള തറയിലും, മുറ്റത്തുമൊക്കെ കണ്ടിരിക്കുന്നു. കടിക്കുമ്പോൾ ഉറുമ്പുപൊടിയിട്ട് കൊന്നിരിക്കുന്നു. അപ്പൊഴൊന്നും കുഞ്ഞൻ ചോദിച്ച ചോദ്യം മനസ്സിൽ ഉദിച്ചിട്ടില്ല. ഉറുമ്പുകളും തങ്ങളെ പോലെ തന്നെയല്ലേ? കിട്ടുന്നതൊക്കെ നുള്ളി പെറുക്കി സൂക്ഷിച്ചു കൊണ്ടു പോകുന്ന ഉറുമ്പുകളെ ഒരിക്കൽ പോലും താനധികം ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ കുഞ്ഞൻ ആ ചോദ്യം ചോദിക്കുന്നതു വരെ. അവയെ പോലെ ഐക്യത്തിൽ കഴിയുന്ന ഒന്നിനെയും വേറെ കണ്ടിട്ടും ഇല്ല.പ്രാരാബ്ദങ്ങളോട് മല്ലിട്ടു ജീവിക്കുന്ന തനിക്കെവിടാ അതിനൊക്കെ നേരം.അമ്മയുടെ ആലോചന കണ്ടാണ് മല്ലേശ്വരൻ വീണ്ടും വിളിച്ചത്.
"അമ്മാ....''
''ആഹ് നെണക്കല്ലേ വെശ്ക്കണ്ന്ന് പറഞ്ഞേ? വന്നേ വന്നേ അമ്മ കാപ്പി എട്ത്ത് തെറാം"
അവൻ്റെ അടുത്ത സംശയങ്ങൾക്കുള്ള ഉത്തരം എന്താണ് പറയേണ്ടതെന്ന് അവൾക്കറിയില്ലായിരുന്നു.അതുമല്ലെങ്കിൽ അടുത്ത ചോദ്യത്തിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു അത്.
തുടരും...
