ഭാഗം - 14
ദിനങ്ങൾ പലതും കൊഴിഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം അരുണും, നിവേദും, മല്ലുവും, ഈശോവും സ്കൂൾ വിട്ട് റോഡിലൂടെ വരികയായിരുന്നു. ഏറ്റവും പിറകിൽ നടന്നിരുന്നത് ഈശോ ആയിരുന്നു.അപ്പോഴാണ് ഒരു ലോറി മരണപാച്ചിലോടെ വരുന്നത് മല്ലു കണ്ടത്.
തൊട്ടു മുന്നിലെത്തിയിട്ടും ഈശോ റോഡിൽ നിന്നും മാറാത്തതു കണ്ട് ലോറി ഡ്രൈവർ നീട്ടി ഹോണടിച്ചു.അപ്പോൾ മാത്രമാണ് ഈശോ വണ്ടി അടുത്തെത്തിയ കാര്യം അറിഞ്ഞതു തന്നെ. അവന് എങ്ങോട്ട് മാറണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു. കണ്ണുകളിലാകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു.
ഒപ്പമുള്ള മല്ലു മറ്റൊന്നും ചിന്തിച്ചു നിൽക്കാതെ ഈശോവിനെ റോഡിനരികിലുള്ള കാട്ടിലേക്ക് തള്ളിയിട്ടു.ഒപ്പം ചാടാൻ അവസരം ലഭിക്കുന്നതിനും മുന്നേ ലോറിയവനെ തട്ടിയെറിഞ്ഞു. ആ വീഴ്ചയിൽ മല്ലു ചെന്നു വീണത് ഒരു കല്ലിനു മുകളിലായിരുന്നു.
കുട്ടികളുടെ ഒച്ചയും, ബഹളവും, കരച്ചിലും കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. രംഗം വഷളാവുകയാണെന്ന് മനസ്സിലാക്കിയ ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങിയോടി .കുറേപ്പേർ അയാൾക്കു പിറകെ ഓടിയെങ്കിലും റബ്ബർത്തോട്ടങ്ങളിലൂടെ അയാൾ എങ്ങോട്ടോ ഓടി മറഞ്ഞു.
ബാക്കിയുള്ളവർ കുട്ടികളെ എത്രയും പെട്ടെന്ന് ആസ്പത്രിയിൽ എത്തിക്കാൻ തിരക്കുകൂട്ടി.
ആസ്പത്രി അധികൃതർ കുട്ടികൾക്ക് വേണ്ട പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും കല്ലിനു മുകളിലേക്ക് വീണതു കൊണ്ട് മല്ലേശ്വരൻ്റെ നില അപകടകരമായിരുന്നു. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ആയിരുന്നു മല്ലുവിന് ശ്വാസം ലഭിച്ചു കൊണ്ടിരുന്നത്. ഇടക്ക് വരുന്ന ഓർമ്മയിലവൻ ഈശോയെ വിളിച്ചു കരഞ്ഞു. അവൻ്റെ അവസ്ഥ കണ്ടപ്പോൾ മല്ലികക്ക് ആർത്തലച്ച് കരയുവാനേ പറ്റിയുള്ളു.
കുറ്റിക്കാടുകളിലേക്ക് വീണ ഈശോവിന് ചെറിയ പരിക്കുകൾ മാത്രമേ പറ്റിയിരുന്നുള്ളുവെങ്കിലും കണ്ണുകളിലെ വെളിച്ചം പാടെ അണഞ്ഞുപോയിരുന്നു. ആസ്പത്രി കിടക്കയിൽ വെച്ച് തനിക്ക് മല്ലനെ കണ്ടേ പറ്റൂ എന്നവൻ വാശി പിടിച്ചു.
ഒരു കയ്യകലത്തിൽ മല്ലുവിനടുത്തെത്തിയിട്ടും, ഈശോവിന് അവനെ കാണാൻ സാധിച്ചില്ല. അവൻ്റെ അവസ്ഥ കണ്ട് പ്രതികരിക്കാൻ കഴിയാതെ മല്ലു വിൻ്റെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ഈശോ ആയിരുന്നു ആസ്പത്രിയിൽ നിന്നും ആദ്യം വീട്ടിലേക്ക് പോയത്.പിന്നെയും രണ്ടു മൂന്നാഴ്ചകൾക്ക് ശേഷമാണ്
മല്ലേശ്വരന് ആസ്പത്രി വിട്ട് പോകാൻ കഴിഞ്ഞത്.
രാവേത് പകലേത് എന്നറിയാതെയും,ഉറ്റ ചങ്ങാതിയെ ഒന്ന് കാണാൻ കഴിയാതെയും ഈശോ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടായിന്നു.
വീട്ടിൽ എത്തിയിട്ടും വിശ്രമം ആവശ്യമാണെന്ന അമ്മയുടെ വാക്കു കേൾക്കാതെ മല്ലു, ഈശോ വീട്ടിലേക്ക് കുതിച്ചു.
പൂന്തോട്ടത്തിന് നടുവിലായുള്ള നെല്ലിമരത്തിൻ്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു ഈശോ! അവന് ചുറ്റിലും പല വർണ്ണത്തിലുള്ള പൂമ്പാറ്റകൾ പറന്നു നടക്കുന്നു. ശബ്ദുണ്ടാക്കാതെ മല്ലു, അവന് മുന്നിൽ ചെന്നു നിന്നു. തുറന്നു പിടിച്ച വെള്ളാരം കണ്ണുകൾക്ക് പക്ഷേ പ്രീയ സുഹൃത്തിനെ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
ആരോ തൻ്റെ അടുത്തേക്ക് വരുന്നതു പോലെ ഈശോവിന് തോന്നി പക്ഷേ കണ്ണിലെ ഇരുട്ട് കാരണം അത് ആരാണെന്ന് തിരിച്ചറിയാൻ അവന് സാധിച്ചില്ല.
"ഈശോ''
പതിഞ്ഞ സ്വരത്തിലുള്ള മല്ലുവിൻ്റെ സ്വരം കേട്ടപ്പോൾ ഈശോവിൻ്റെ കണ്ണുകൾ മിഴിഞ്ഞു.ശബ്ദം കേട്ട ഇടത്തേക്ക് ചെവി വട്ടം പിടിച്ച് ആരാണെന്ന് അന്വേഷിച്ചു. മല്ലുവാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സന്തോഷത്തോടെ ഈശോ എഴുന്നേൽക്കാൻ ശ്രമിച്ചു.അപ്പോഴേക്കും മല്ലു അവൻ്റെ അടുത്തെത്തി തോളുകളിൽ കൈകൾ അമർത്തി.
''മല്ലൂ...മല്ലൂ" എന്ന വിളിയോടെ ഈശോ, മല്ലേശ്വരൻ്റെ മുഖത്ത് സ്പർശിക്കാൻ തുടങ്ങി.
''ഈശോ..." മല്ലുവിൻ്റെ വിളിയിൽ സങ്കടം നിറഞ്ഞു നിന്നു.
''മല്ലാ... എനിക്ക് ഇനി നിന്നെ കാണാൻ പറ്റില്ലെടാ... നിന്നെ മാത്രല്ലാ ഒന്നിനെയും എനിക്കിനി കാണാൻ പറ്റൂല". കരച്ചിലോടെയുള്ള ഈശോവിൻ്റെ പറച്ചിൽ കേട്ടപ്പോൾ മല്ലുവിൻ്റെയും കണ്ണുകൾ നിറഞ്ഞു.ഉറ്റ ചങ്ങാതിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അവനും അറിയില്ലായിരുന്നു.കൂട്ടുകാരൻ്റെ തപ്പി തടഞ്ഞു കൊണ്ടുള്ള നടത്തം കണ്ടപ്പോൾ മല്ലുവിൻ്റെ കുഞ്ഞു ഹൃദയം ഉറക്കെ തേങ്ങി. ഈശോവിനോട് യാത്ര പോലും പറയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തൂത്തു കൊണ്ട് അവൻ സ്വന്തം വീട്ടിലേക്ക് ഓടിപ്പോയി.
ഈശോവിനെ കാണാൻ ഇറങ്ങി തിരിച്ച മല്ലു ;പെട്ടെന്ന് തന്നെ തിരിച്ച് വന്നതു കണ്ട് മല്ലിക അത്ഭുതപ്പെട്ടു.
"കുഞ്ഞാ..."
അമ്മയുടെ വിളി കേൾക്കുന്നതിനു മുന്നേയവൻ അകത്തേക്ക് ഓടി.പിറകെ തന്നെ മല്ലികയും ചെന്നു.
ചിതൽ തിന്നു തുടങ്ങിയ ബെഞ്ചിൽ കമിഴ്ന്നു കിടന്ന് ഏങ്ങലടിക്കുകയായിരുന്നു മല്ലു.
"കുഞ്ഞാ..." സ്നേഹവാത്സല്യങ്ങളോടെ മല്ലിക, മല്ലുവിൻ്റെ മുടിയിഴകളിൽ തഴുകി.എന്നാൽ അവൻ ആ കൈകൾ എടുത്ത് മാറ്റി കൂടുതൽ ഉച്ചത്തിൽ കരയുകയാണ് ചെയ്തത്.
"കുഞ്ഞാ... മോനേ, എന്തായിത്" മകൻ്റെ കരച്ചിൽ കണ്ടപ്പോൾ മല്ലികയ്ക്ക് അങ്കലാപ്പായി. മല്ലുവിന് ഈശോവിനോടുള്ള ഇഷ്ടവും സ്നേഹവും അറിയാവുന്നതാണ്. എങ്കിലും ഈശോവിൻ്റെ ഇപ്പോഴത്തെ അവസ്ഥ അവനെ അത്രമാത്രം സങ്കടത്തിലാക്കുമെന്ന് അവൾക്കറിയില്ലായിരുന്നു.
"കുഞ്ഞാ നീയിങ്ങനെ കരയാതെ, ഈശോവിൻ്റെ കാര്യം ഓർത്തിട്ട് അമ്മക്കും വിഷമം ഉണ്ട് പക്ഷെ നമ്മക്ക് എന്ത് ചെയ്യാൻ പറ്റും"വിഷമത്തോടെ മല്ലിക പറഞ്ഞു.
"പറ്റായ്കയൊന്നും ഇല്ല" കരച്ചിലടക്കി മല്ലു, ബെഞ്ചിൽ എഴുന്നേറ്റിരുന്ന് കണ്ണുകൾ തുടച്ചു.
അവനെന്താണ് പറഞ്ഞ് വരുന്നതെന്ന് അറിയാൻ വേണ്ടി മല്ലിക ,സംശയത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി.
"ഞാനന്ന് അമ്മയോട് ഒരു കാര്യം പറഞ്ഞില്ലേ?''
"എന്ത് കാര്യം"
''എനിക്ക് രണ്ട് കണ്ണ് ഇണ്ടല്ലോ? അതീന്ന് ഒരെണ്ണം നമ്മുടെ ഈശോന് കൊടുക്കാമ്മേ!"
അതു കേട്ടപ്പോൾ മല്ലികയൊന്ന് ഞെട്ടി.
അവൻ അക്കാര്യം മറന്നു എന്നാണ് കരുതിയത്. പക്ഷെ ഇന്ന് വീണ്ടുമവൻ അതേ കുറിച്ച് തന്നെ പറയുന്നു. മല്ലികക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
"കുഞ്ഞാ... നീ അമ്മയെ സങ്കടപ്പെടുത്താനാണോ വിചാരിക്കുന്നത്?. ഇക്കാര്യം ഇനിയെന്നോട് മിണ്ടരുതെന്ന് ഞാൻ പറഞ്ഞതല്ലേ" താക്കീതോടെയുള്ള അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ മല്ലേശ്വരൻ്റെ മുഖം കുനിഞ്ഞു.
ഒന്നും മിണ്ടാതെയവൻ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.അമ്മയും പിറകെ വരുന്നുണ്ടെന്ന് മനസ്സിലായ അവൻ, മുറ്റത്തു നിന്ന് ധൃതിയിൽ വള്ളി ചെരുപ്പിട്ടു. മുന്നോട്ട് നടക്കുന്നതിനിടയിൽ അമ്മയുടെ ചോദ്യം പിറകെ എത്തി.
"കുഞ്ഞാ നീ എങ്ങോട്ടാ"
മറുപടി പറയാതെ അവൻ
ഓടി കുന്നിറങ്ങി.
ആണിത്തോട്ടിലെ പളുങ്കു വെള്ളത്തിലേക്ക് തല കുമ്പിട്ടു നിൽക്കുന്ന വെള്ളില വള്ളിയിൽ വന്നിരിക്കുന്ന മഴത്തുമ്പികളെ നോക്കി ഇരിക്കുകയായിരുന്നു മല്ലേശ്വരൻ. മനസ്സിൽ വല്ലാത്ത സങ്കടം നിറയുന്നു. ഈശോയെ കുറിച്ച് ഓർക്കുമ്പോഴൊക്കെ പതിവില്ലാത്ത വിധം അമ്മയോട് അവന് ദേഷ്യം തോന്നി.
ദിനങ്ങൾ കഴിഞ്ഞു പോകവെ മല്ലേശ്വരൻ്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരാൻ തുടങ്ങി.സ്കൂളിൽ പോകാനും, പഠിക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന അവൻ പതിയെ പതിയെ സ്കൂളിൽ പോകാതെ പലയിടത്തും കറങ്ങി നടക്കാനും, അതുമല്ലെങ്കിൽ ഈശോയുടെ കൂടെ ചിലവഴിക്കാനും തുടങ്ങി. മിക്ക ദിവസങ്ങളിലും ക്ലാസ് ടീച്ചർ മല്ലുവിനെ അന്വേഷിച്ച് അവൻ്റെ വീട്ടിലേക്ക് വന്നു. അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനോ, അമ്മയോട് അധികം സംസാരിക്കാനോ അവൻ കൂട്ടാക്കാതെയായി.
മല്ലുവിൻ്റെ ഈ മാറ്റം കണ്ട് മല്ലികയ്ക്ക് എന്നും കണ്ണീരൊഴുക്കാനെ നേരമുണ്ടായിരുന്നുള്ളു.
മല്ലികയുടെ സങ്കടം കണ്ട് ഈശോയുടെ മമ്മ റീനയാണ് അവനെ നല്ലൊരു ഡോക്ടറെ കാണിക്കാൻ ഉപദേശിച്ചത്.
ഡോക്ടറിൻ്റെ മുറിയിലെ ചുവരിൽ തൂക്കിയിട്ട കുഞ്ഞുവാവകളുടെ ചിത്രങ്ങളെ സാകൂതം നോക്കുകയായിരുന്നു മല്ലേശ്വരൻ. അതിനിടയിൽ തന്നെ ഡോക്ടറുടെ മേശയിൽ വെച്ച നെയിംബോർഡിലെ പേര് അവൻ മനസ്സിൽ വായിച്ചെടുക്കുകയും ചെയ്തു.'ഡോ: മോഹൻദാസ് ; കുട്ടികളുടെ സ്പെഷലിസ്റ്റ്'. അമ്മ പറയുന്നത് പുഞ്ചിരിയോടെ തലയാട്ടി കേൾക്കുന്ന ആ ഡോക്ടറിനെ അവന് ഏറെ ഇഷ്ടമായി.
എല്ലാം കേട്ടതിനു ശേഷം ഡോക്ടർ മല്ലികയോട് പുറത്തിരിക്കാൻ ആവശ്യപ്പെട്ടു.
മേശവലിപ്പിൽ നിന്നും ഡോക്ടർ ഒരു ഡയറി മിൽക്കെടുത്ത് അവനു നേരെ നീട്ടി. അവനത് ആദ്യം വാങ്ങാൻ മടിച്ചു. സ്നേഹത്തോടെ ഡോക്ടർ വീണ്ടും നിർബന്ധിച്ചപ്പോൾ അവനത് വാങ്ങി ഷർട്ടിൻ്റെ പോക്കറ്റിൽ തിരുകി.
''ഇനി പറ, മല്ലേശ്വരൻ്റെ പ്രശ്നം എന്താണ്, മോനെ കുറിച്ച് പറയുമ്പോൾ അമ്മക്ക് വല്ലാത്ത സങ്കടാണല്ലോ?"
മല്ലു, അതിന് ഉത്തരം പറയാതെ മുഖം കുനിച്ചു.ഡോക്ടർ അവൻ്റെ മനസ്സറിയാൻ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരുന്നു അവസാനം മല്ലേശ്വരൻ; ഈശോയെ കണ്ടുമുട്ടിയതു മുതൽ ഇതുവരെയുള്ള കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. അവൻ്റെ വാക്കുകൾ, ഡോക്ടർ ശ്വാസമടക്കി പിടിച്ചാണ് കേട്ടത്.
"അങ്കിളേ, ഞാൻ കാണുന്നതുപോലെ എൻ്റെ ഈശോക്കും കാണാൻ പറ്റണം.അയിന് അങ്കിളെന്നെ സഹായിക്കണം''
"ഞാനെങ്ങനെ സഹായിക്കണംന്നാ മല്ലു വിചാരിക്കുന്നത്"
''ഡോക്ടറങ്കിൾ പറഞ്ഞാ എൻ്റെ അമ്മ കേക്കും. എൻ്റെയൊരു കണ്ണ് ഈശോന് കൊടുക്കാൻ അങ്കിള് പറയണം''
സങ്കടത്തോടെ മല്ലേശ്വരൻ പറയുന്നത് കേട്ട് ഡോക്ടർ വിഷമവൃത്തത്തിലായി.അദ്ദേഹം ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് മല്ലുവിന് അടുത്തേക്ക് ചെന്നു. അവനോട് എങ്ങനെ പറഞ്ഞു തുടങ്ങണമെന്ന് ഒരു നിമിഷം ആലോചിച്ചു.പിന്നെ അവൻ്റെ കഴുത്തിലൂടെ കൈകൾ ചുറ്റി .പിന്നെ വാത്സല്യത്തോടെ വിളിച്ചു.
''മല്ലൂ..."
''ഊം''
''മോൻ പറയുന്ന കാര്യങ്ങളൊക്കെ ശരി തന്നെയാ പക്ഷേ; ഒരു കണ്ണ് മാത്രമായിട്ടോ? ജീവിച്ചിരിക്കുമ്പോഴോ നമുക്കൊരിക്കലും കണ്ണുകൾ ദാനം ചെയ്യാൻ പറ്റില്ല''
''അയ്യോ! അപ്പോ എൻ്റെ ഈശോ! അവനെങ്ങനെ വീണ്ടും കാണും" അവൻ കണ്ണുകൾ നിറച്ചു കൊണ്ട് ചോദിച്ചു.
"മല്ലുക്കുട്ടൻ അതൊന്നും ഓർത്ത് വിഷമിക്കണ്ട. പഴയ പോലെ വീണ്ടും മോൻ്റെ ഈശോവിന് കാണാൻ പറ്റും. നമ്മുടെ 'ഐ ബാങ്കിൽ' എത്രയോ നേത്രങ്ങൾ ദാനമായി വരുന്നുണ്ട്. അതിൽ ഏതെങ്കിലും ഒരെണ്ണം മോൻ്റെ ഈശോവിൻ്റെ കണ്ണുകൾക്കും വെളിച്ചമാകും" ഡോക്ടർ അവനെ ആശ്വസിപ്പിച്ചു.
"അങ്ങനെ ശരിയായാല് ഈശോന് പഴേ പോലെ, എന്നേയും, പൂമ്പാറ്റേനേം, തോടും ഒക്കെ കാണാൻ പറ്റ്വോ?''
"തീർച്ചയായും പറ്റും''
''എന്നാ ഇന്ന് തന്നെ റീനാൻ്റിയെ കണ്ടിറ്റ് കാര്യം പറയണം'' മല്ലേശ്വരൻ്റെ സ്വരത്തിൽ ആഹ്ലാദം തിരതല്ലി.
ഡോക്ടറുടെ അടുത്തു നിന്ന് അമ്മക്കൊപ്പം വീട്ടിലേക്ക് പോകുമ്പോൾ മല്ലുവിൻ്റെ മനസ്സുനിറയെ വർണ്ണശലഭങ്ങളായിരുന്നു. ഈശോക്ക് വീണ്ടും ലഭിക്കാൻ പോകുന്ന കാഴ്ചയുടെ വർണ്ണശലഭങ്ങൾ.
അവസാനിച്ചു.
