മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 150
  • Status: Ready to Claim

കോളേജിൽ നിന്ന് കെമിസ്ട്രി പ്രാക്ടിക്കൽ കഴിഞ്ഞ് വൈകിയാണ് സുറുമി ഇറങ്ങിയത്. പഠിക്കാൻ മണ്ടിയാണെന്ന്  ഉമ്മച്ചി എല്ലാരോടും പറയുമെങ്കിലും സുറുമി ഒരു ക്ലാസ്സിലും തോറ്റിട്ടില്ല.  എന്നാലും ഉമ്മച്ചിക്ക് പരായാണ്.

"ഒന്നേയുള്ളല്ലോ എന്നോർത്തു ഞാൻ ലാളിച്ചു വഷളാക്കിയെന്നാ എല്ലാരും പറയുന്നേ... പഠിച്ചു കുറച്ചൂടെ മാർക്ക് വാങ്ങിക്കൂടെ സുറുമീ?"
"അനക്ക് ഒരു വയസ്സായപ്പോൾ  പോയതാ അന്റെ വാപ്പ."
"ന്റെ ഇക്കാക്ക് ന്നെ പെരുത്ത് ഇഷ്ടായിരുന്നു...!
എന്തിനാ പോയത്? ആർക്കറിയാം? നാട്ടുകാര് പ്രാന്തി ഉമ്മ എന്ന് വിളിക്കുന്ന നിന്റെ ഉമ്മുമ്മാനേം നോക്കി ഞാൻ ഈ പെടാപ്പാട് പെടുന്നത് ആർക്ക് മേണ്ടിയ!"

അവർ പറഞ്ഞുകൊണ്ടേ ഇരിക്കും. ഉമ്മച്ചിയുടെ കഷ്ടപ്പാടുകൾ  അറിയാവുന്നതു കൊണ്ട് സുറുമി ഒന്നും മിണ്ടാറില്ല. എന്നാലും ഉമ്മാക്ക് തന്നോടുള്ള സ്നേഹം അളവറ്റതാണെന്നും അവൾക്കറിയാം. വാപ്പയെ കണ്ട ഓർമ്മ പോലും അവൾക്കില്ല. പെട്ടിയിൽ സൂക്ഷിച്ചു വച്ചിട്ടുള്ള വാപ്പാടെ ഫോട്ടോ ഇടയ്ക്കിടെ ഉമ്മച്ചി എടുത്തു നോക്കുമ്പോൾ സുറുമിയും അടുത്തുകൂടും.

"സുന്ദരനായിരുന്നല്ലോ നബീസുവിന്റെ കെട്ടിയോൻ!" എന്നു പറഞ്ഞ് അവൾ ഉമ്മയെ കളിയാക്കും. 
"നബീസുവിന് നന്നായി ചേരും"അവൾ പറയുമ്പോൾ ഉമ്മച്ചിയുടെ കണ്ണുകൾ നിറയും.
"എന്തു ചേർച്ച!  ന്നെ ബേണ്ടാഞ്ഞിട്ടല്ലേ പോയെ... അന്നെപ്പോലും ഓർമ്മയില്ലല്ലോ!"ഉമ്മച്ചി കരയും.
"എന്നാലും ആരോരുമില്ലാത്ത പ്രാന്തി പാത്തുമ്മാന്റെ മോളെ ഓനെപ്പോലൊരാള് വന്ന് കെട്ടീല്ലേ." ഉമ്മച്ചി ആശ്വാസം കൊള്ളും.

"അന്നെപ്പോലൊരു മൊഞ്ചത്തി മോളേം തന്നല്ലോ!" ഉമ്മായും മോളും കെട്ടിപ്പിടിച്ചു കരയും.
"ങ്ങളെ ബേണ്ടാത്തോനെ ഓർത്തു ബേജാറാകണ്ട... മറന്ന് കള"
നല്ല ബോധമുള്ളവരെപ്പോലെ ചിലപ്പോൾ ഉമ്മുമ്മ പറയും.

മലപ്പുറംകാരനായ ഹമീദ് ഈ നാട്ടിൽ തടിക്കച്ചവടത്തിന് വന്നതാണത്രേ!  വാടകയ്llക്കൊരു വീടെടുത്ത് ഇവിടെ താമസമാക്കിയ ഹമീദ് പിന്നീട് നാട്ടുകാരുടെ 'അമീതിക്ക'ആയി.  ചെറുപ്പത്തിൽ അതി സുന്ദരിയായിരുന്ന നബീസുവിനെ അങ്ങനെയാണ് ഹമീദ് മഹർ കെട്ടിയത്.
നിക്കാഹിന് ഹമീദിന്റെ ഒരു എളേപ്പ മാത്രമേ മലപ്പുറത്തുന്ന് വന്നൊള്ളുവത്രേ.

മൂന്നുവർഷം അമീതിക്കയുടെ വാടകവീട്ടിൽ അവർ സന്തോഷമായി കഴിഞ്ഞു. അഞ്ചു സെന്റ് സ്ഥലത്തുള്ള ചെറിയ ഓലപ്പുരയിൽ നിന്ന്   നബീസുവിന്റെ ഉമ്മായെയും ഒപ്പം കൂട്ടി പാത്തുമ്മയെ ദൂരെയുള്ള മാനസിക രോഗാശുപത്രിയിൽ കൊണ്ടു പോയി ചികിൽസിച്ചു. അവരുടെ അസുഖത്തിനു കുറച്ചു ശമനം വന്നു. നാലാം വർഷമാണ് സുറുമി അവരുടെ ജീവിതത്തിലേക്ക് വന്നത്.
       
"മോളുണ്ടായപ്പോൾ അമീതിക്ക നിന്നെ നെലത്തു വെക്കാതെയാ വളർത്തിയത്." അയല്പക്കത്തെ ലീല ചേച്ചി എപ്പോഴും പറയും.
"നിനക്ക് സുറുമി എന്ന പേരിട്ടതും നിന്റെ വാപ്പയാ...! പിന്നെ എന്ത്‌ പറ്റിയെന്ന് ആർക്കറിയാം."
"അമീതിക്ക നല്ല മനുഷ്യനായിരുന്നു. നബീസുവിനേം, മോളെയും പ്രാണനായിരുന്നു. കച്ചവടത്തിന്റെ കാര്യത്തിനായി തൊടുപുഴ വരെ പോകുന്നുവെന്ന് നബീസുവിനോട് പറഞ്ഞിരുന്നു. സുറുമിക്ക് ഒരു വയസ്സുള്ളപ്പോൾ പോയ ആള് തിരിച്ചു വന്നില്ല."

ഈ കഥകളെല്ലാം കേട്ടാണ് സുറുമി വളർന്നത്. വാപ്പ പോയി മൂന്ന് മാസം കൂടി അവർ വാടക വീട്ടിൽ കഴിഞ്ഞു. പിന്നീട് പഞ്ചായത്തും, ഹമീദിനെ പെരുത്തിഷ്ടമുണ്ടായിരുന്ന പരീത് മുതലാളിയും ചേർന്ന് അവർക്ക് അടച്ചുറപ്പുള്ള ഒരു വീട് പണിയിച്ചു കൊടുത്തു. പിന്നീട്‌  നബീസു അടുത്തുള്ള റബ്ബർ കമ്പനിയിൽ ജോലിക്കു പോയി കുടുംബം നടത്തി. ഹമീദ് അവളുടെ പേരിൽ സഹകരണ സംഘത്തിൽ നിക്ഷേപിച്ചിരുന്ന ചെറിയ തുക അവൾ ഇതുവരെ എടുത്തിട്ടുമില്ല. 

സുറുമി വളരും തോറും നബീസുവിന്റെ ആധിയും വളർന്നു. വാപ്പയുടെയും, ഉമ്മയുടെയും സൗന്ദര്യം ഒന്നിച്ചപ്പോൾ സുറുമി ഒരു ഹൂറിയായി മാറി... എന്ന് കൂട്ടുകാർ അവളെ കണ്ണുവയ്ക്കും. 
"പൂരിതാഭയോടുഷസ്സിൽ മഞ്ഞു തൻ
ധാരയാർന്ന പനിനീർ സുമോപമം "
എന്നു മഹാകവി കുമാരനാശാൻ നളിനിയെ വർണിച്ചത് സുറുമിയുടെ കാര്യത്തിലും അന്വർത്ഥമായിരുന്നു! അതുകൊണ്ട് തന്നെ സുറുമി എവിടെപ്പോയാലും വരാൻ താമസിച്ചാൽ ഉമ്മച്ചിയുടെ  വേവലാതി അവൾക്ക് നന്നായി അറിയാം.

മണി അഞ്ചര കഴിഞ്ഞു. സുറുമിയുടെ ഒപ്പം നടന്നെത്താൻ കൂട്ടുകാരികൾ വിഷമിച്ചു.
"സുറുമീ, ഇത്തിരി മെല്ലെ പോടീ... 
ഓടീട്ടും കൂടി നിന്റെ ഒപ്പം എത്തുന്നില്ലല്ലോ പെണ്ണേ..." രഹന വിളിച്ചു പറഞ്ഞു.
"വേഗം നടക്ക്. എന്നെ കണ്ടില്ലേൽ ഉമ്മച്ചി ഇങ്ങോട്ട് വരും..." സുറുമി വേഗത്തിൽ തന്നെ നടന്നു. അപ്പോഴാണ് എതിർവശത്തു നിന്നും വേഗത്തിൽ വന്ന ഒരു ബൈക്ക് അവളെ കണ്ടപ്പോൾ സ്ലോ ആയത്. അതിൽ ഇരുന്ന ഹെൽമെറ്റ്‌ ധരിച്ച ആളെ അവൾക്ക് മനസ്സിലായില്ല. അപ്പോഴേക്കും കൂട്ടുകാരും ഒപ്പമെത്തിയിരുന്നു.

അവർ മുൻപോട്ടു നടന്നതും ബൈക്ക് തിരിച്ച് അയാളും പിറകെ ചെന്നു.അവർ വേഗം നടന്നപ്പോൾ അയാൾ പതുക്കെ വണ്ടി ഉരുട്ടിക്കൊണ്ട് അവരോടൊപ്പം  ചെന്നു. സുറുമിയും കൂട്ടുകാരികളും പരസ്പരം നോക്കി.
"നിങ്ങൾ സെന്റ് മേരീസിലാണോ പഠിക്കുന്നത്?" അയാൾ ചോദിച്ചു.
ആരും മൈൻഡ് ചെയ്തില്ല.
"അല്ല, യൂണിഫോം കണ്ടിട്ട് ചോദിച്ചതാ"
അയാൾ വീണ്ടും പറഞ്ഞു.
അപ്പോഴും ആരും ശബ്ദിച്ചില്ല.
"ഓ... നിങ്ങൾ ഇന്ന് മിണ്ടാവ്രതത്തിലാണോ?
കന്യാസ്ത്രീയമ്മമാരെപ്പോലെ?   
എന്നും ഈ സമയത്താണോ വരുന്നെ?" അയാൾ നിറുത്താൻ ഭാവമില്ല.സുറുമിക്ക് ആകെ ഒരു ഇഷ്ടക്കേട് അനുഭവപ്പെടുന്നുണ്ടായിരുന്നു. വേഗം നടക്കാൻ പറ്റാത്തതിൽ വിഷമവും.
"നിങ്ങളാരാ ഇതൊക്കെ ചോദിക്കാൻ?"വേഗം നടക്കു സുറുമീ"
മീരക്ക് ദേഷ്യം വന്നു. അയാൾ പെട്ടെന്ന് ഹെൽമറ്റ്‌ എടുത്ത് മാറ്റി.ആളുടെ മുഖം കണ്ടപ്പോൾ അവർ അതിശയിച്ചു പോയി.


(തുടരും )

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter