മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 150
  • Status: Ready to Claim

ഭാഗം - 6

ഉമ്മുമ്മയുടെ ഓത്തു കേട്ട് സുറുമി അദ്‌ഭുതത്തോടെ നബീസുവിനെ നോക്കി. മ്മുമ്മക്ക് സ്വബോധം തിരിച്ചു കിട്ടിയയോ? ഓർമ വെച്ച നാൾ  മുതൽ  കാണുന്ന ഉമ്മുമ്മ എപ്പോഴും പിറുപിറുത്തും, ചിലപ്പോൾ മനസ്സിലാകാത്ത ദിക്റുകൾ ചൊല്ലിയും നടക്കുന്ന ഒരാളായിയുന്നു.


ഇപ്പോൾ ഇതാ നിസ്ക്കാരപ്പായിൽ ഇരുന്ന് നല്ല ബോധത്തോടെ ദുആ ഓതുന്നു.  ഉമ്മച്ചിക്ക് നല്ല വെളിവ് വീണിട്ടുണ്ടെന്ന് നബീസുവിനും തോന്നാതിരുന്നില്ല.

"ഉമ്മാ... നബീസു ഉമ്മയുടെ അടുത്ത് നിസ്കാരപ്പായിൽ ഇരുന്ന് അവരെ കുലുക്കി വിളിച്ചു. പാത്തുമ്മ തലയുയർത്തി അവരെ മാറി മാറി നോക്കി.          

"നബീസൂ.. നമ്മക്കാരുമില്ലാണ്ടായല്ലോ മോളെ... "അവർ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉമ്മാ സ്വബോധത്തോടെയാണ് പറയുന്നതെന്ന് നബീസുവിന് ഉറപ്പു തോന്നി.

"എന്റെ പടച്ച തമ്പുരാനേ... അവിടുന്ന് നമ്മടെ അപേക്ഷ കേട്ടല്ലോ...ന്റുമ്മാന്റെ അസുഖം മാറീന്നോ"

അവൾ മുകളിലേക്ക് കൈകളുയർത്തി അള്ളാഹുവിനെ വിളിച്ചു. ഒരു പക്ഷേ മുടങ്ങാതെ കൊടുക്കുന്ന മരുന്ന് ഫലിച്ചിരിക്കാം.

നബീസുവിന് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു. അവൾ  പാത്തുമ്മയുടെ മുഖം കയ്യിലെടുത്തു കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. 

"ഉമ്മാ...ഉമ്മാക്കിപ്പോൾ എല്ലാം ഓർത്തെടുക്കാൻ കയ്യുന്നുണ്ടോ? 

നമ്മുടെ മുത്തിനെ ഉമ്മാക്ക് തിരിച്ചറിയാമോ?" അവൾ സുറുമിയെ കൈപിടിച്ച് ഉമ്മാന്റെ അരികിൽ ഇരുത്തി. പാത്തുമ്മ അവളെ സൂക്ഷിച്ചു നോക്കി. പിന്നെ മുള ചീന്തും പോലെ വാവിട്ടു കരഞ്ഞു.

"പടച്ച തമ്പുരാനേ...."

അവർ രണ്ടു കൈകൊണ്ടും സുറുമിയെ കെട്ടിപ്പുണർന്നു "യ്യ് നമ്മടെ നബീസുന്റെ പുന്നാര മുത്തല്ലേ... എന്റെ പൊന്നുമോൻ അമീതിന്റെ ചക്കര മോള്!"

പാത്തുമ്മ അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. ഉമ്മുമ്മക്ക് പണ്ടത്തെ ഏതോ അത്തറിന്റെ മണമാണെന്ന് സുറുമിക്ക് തോന്നി. ആദ്യമായി കാണുന്നതുപോലെ സുറുമി അവരെ നോക്കി കുറേ നേരം ഇരുന്നു.

മാനസിക അസ്വാസ്ഥ്യം ഉണ്ടായിരിന്നുവെങ്കിലും ഉമ്മുമ്മ സൗമ്യ സ്വഭാവക്കാരിയായിരുന്നു. ആരെയും ചീത്ത വിളിച്ചിട്ടില്ല. ഒരു ഉപദ്രവുമില്ല. സ്വയം സംസാരിച്ചുകൊണ്ടിരിക്കും. അത്ര മാത്രം!

കൊച്ചുകുട്ടി ആയിരുന്നപ്പോൾ ഉമ്മച്ചി ജോലിക്കുപോയാൽ തന്നെ നോക്കുന്നതും ഉമ്മുമ്മയായിരുന്നു.

ഒന്നും സംസാരിക്കില്ലെങ്കിലും താൻ മുറ്റത്തൊന്നിറങ്ങിയാൽ ഉമ്മുമ്മ പുറകെ ഉണ്ടാവും. തനിക്കു ഭക്ഷണം എടുത്തു തരാൻ ലീല ചേച്ചിയോ, മേലത്തെ ജമീല താത്തയോ വരും. അവർ ഉമ്മുമ്മയുടെ ഭക്ഷണവും എടുത്തു കൊടുക്കും.

അവർ പോയാൽ കൈയും വായുമൊക്കെ കഴുകിച്ചിരുന്നത് ഉമ്മുമ്മയാണ്. അങ്ങനെ എത്ര വർഷങ്ങൾ..

"ഈ വെളിവില്ലാത്ത ഉമ്മാടെ അടുത്ത് പൈതലിനെ ഏല്പിച്ചു പോകാൻ നിനക്കെങ്ങനെ ധൈര്യം വരുന്നു നബീസു " എന്ന് പലരും ചോദിക്കും.

"ഉമ്മാക്ക്  അവളെ നോക്കാനുള്ള വെളിവൊക്കെയുണ്ട്." ഉമ്മച്ചി മറുപടി പറയും. പക്ഷേ ഇന്നാദ്യമായാണ് ഉമ്മുമ്മ കെട്ടിപ്പിടിച്ചു മുത്തം തന്നത്.

ഉമ്മച്ചി എന്നും അലക്കി വെളുപ്പിച്ചു കൊടുക്കുന്ന കുപ്പായവും തട്ടവുമിട്ട്, കാത് നിറയെ സ്വർണത്തിന്റെ അലുക്കുകളുമണിഞ്ഞ  ഉമ്മുമ്മയെ അവൾ ആദ്യം കാണുന്നത് പോലെ നോക്കിയിരുന്നു.

"ഉമ്മുമ്മാന്റെ പൊന്നേ... ജ്ജ് വളർന്ന് വലുതായതൊന്നും ഉമ്മുമ്മ അറിഞ്ഞില്ലല്ലോ ന്റെ മുത്തേ..." ഉമ്മയുടെ സ്നേഹപ്രകടനങ്ങൾ നബീസു കണ്ണീരോടെ കണ്ടിരുന്നു.

"നബീസു...നമ്മടെ പുന്നാരമോള് ഒരു ഹൂറി തന്നെ...പടച്ചോന്റെ കൃപ. അവർ മേലോട്ട് കൈകൾ ഉയർത്തി പ്രാർത്ഥിച്ചു.

"നെന്റെ ഉപ്പുപ്പാ ഇപ്പം ഒണ്ടാരുന്നെങ്കിൽ മൂപ്പർക്ക് നെന്നെ എന്തൊരിഷ്ടായിരുന്നേനെ. ന്റെ അമീതും പോയില്ലേ..."

പാത്തുമ്മ വീണ്ടും പതം പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. എത്ര നേരം അങ്ങനെ ഓരോന്ന് പറഞ്ഞിരുന്നുവെന്ന് അവർക്ക് യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല.പാത്തുമ്മയുടെ ഈ മാറ്റം നബീസുവിന് ഒരു പുതിയ ഉണർവും സന്തോഷവും കൊടുത്തിരുന്നു.

അവളുടെ മനസ്സിന് കൂടുതൽ ധൈര്യം കൈവന്നതുപോലെ, അവൾക്ക് വേണ്ടപ്പെട്ട കുറെപ്പേരെ വീണ്ടുകിട്ടിയ പോലെ...എങ്കിലും ഹമീദിന്റെ തിരോധാനം എന്നത്തേയും പോലെ അവളുടെ മനസ്സിനേറ്റ ആഴത്തിലുള്ള  ഉണങ്ങാത്ത മുറിവായിത്തന്നെ അവശേഷിച്ചു.

ഒടുവിൽ നബീസുവും, സുറുമിയും ശുചിയായി വന്ന് നിസ്കരിക്കാൻ ഇരുന്നു. അത് നോക്കി എന്തൊക്കെയോ ദിക്ക്റുകൾ ഉരുവിട്ടുകൊണ്ട് പാത്തുമ്മയും അവർക്കരികിൽ ഉണ്ടായിരുന്നു.

രാത്രിയിൽ നബീസു വിളമ്പിയ ചൂടു കഞ്ഞിയും, തേങ്ങ ചുട്ടരച്ച ചമ്മന്തിയും, ചെറുപയറു കറിയും അവർക്ക് മുൻപൊന്നും തോന്നാത്തവിധംസ്വാദിഷ്ടമായ വിഭവങ്ങളായി തോന്നി.

അവർ മൂന്നുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. അന്ന് രാത്രി പാത്തുമ്മയും നബീസുവും പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. എത്ര പറഞ്ഞിട്ടും തീരാത്ത കാര്യങ്ങൾ.

കിടന്നപാടെ സുറുമി ഉറക്കം പിടിച്ചിരുന്നു. അങ്ങനെ കിടന്ന് എപ്പോഴാ അവരും ഉറങ്ങി.

(തുടരും...) 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter