മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 150
  • Status: Ready to Claim

അതി രാവിലെ പള്ളിയിൽ നിന്നു സുബഹ് ബാങ്ക് കേട്ടപ്പോൾ പതിവ് പോലെ നബീസു എഴുന്നേറ്റു. ഇന്ന് നോമ്പ് തുടങ്ങുന്നു. നബീസു  വീടും മുറ്റവും തൂത്തു വൃത്തിയാക്കി. വേഗം പോയി കുളിച്ചുവന്നു. 


ഉമ്മായെ വിളിച്ചുണർത്താൻ അവൾക്ക് പേടിയായിരുന്നു. ഉമ്മാ വീണ്ടും പണ്ടത്തെ അവസ്ഥയിലേക്ക് പോകുമോ എന്ന ആശങ്കയും അവൾക്കുണ്ടായിരുന്നു. എത്ര വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെ ഒരദ്‌ഭുതം സംഭവിച്ചത്!
ഇനി ഒരിക്കലും ഉമ്മ സുഖം പ്രാപിക്കുമെന്ന് നിനച്ചതേയില്ല. ഇപ്പോൾ എന്തോ മായാജാലം പോലെ ഉമ്മായ്ക്ക് ഓർമ്മകൾ തിരിച്ചു വന്നിരിക്കുന്നു.വേണ്ട. ഉമ്മായെ വിളിച്ചുണർത്തേണ്ട. തനിയേ ഉണർന്നെഴുന്നേറ്റു വരട്ടെ. നബീസു വിചാരിച്ചു.എന്നാൽ അപ്പോഴേക്കും പാത്തുമ്മയും എഴുന്നേറ്റു വന്നു.
 
"ഉമ്മാ ഇന്ന് നോമ്പ് തൊടങ്ങുവാ..."നബീസു അവരോടു പറഞ്ഞു.
"ഉമ്മാക്ക് വെള്ളം ചൂടാക്കി കുളിമുറിയിൽകൊണ്ടു പോയി വെയ്ക്കട്ടെ?" അവൾ ചോദിച്ചു.

എന്നാൽ പാത്തുമ്മ എന്തോ ചിന്തിച്ചുകൊണ്ട് കട്ടിലിൽ ത്തന്നെ ഇരുന്നു.
"എന്റെ മോളേ... നീ ഒറ്റയ്ക്കു എത്ര കഷ്ടപ്പെട്ടു! ഭ്രാന്തിയായ ഉമ്മാനേം കൊണ്ട് ഇക്കണ്ടകാലം മുയുമനും ഒരു പെങ്കിടാവൂ തനിയേ..."

"ഒരു നോമ്പ് തൊടങ്ങണേന്റെ തലേന്നല്ലേ അമീത് പോയത്?" അവർ പെട്ടെന്ന് ചോദിച്ചു.

"ഉമ്മുമ്മാക്കതൊക്കെ ഓർത്തെടുക്കാൻ പറ്റണൊണ്ടോ?" ഉറക്കമുണർന്നു കിടന്ന സുറുമിയാണ് ചോദിച്ചത്.

"കുറച്ചൊക്കെ ഓർമ്മ ഉണ്ടെന്റെ മുത്തേ..."ആള് കൂടിയതും നബീസുന്റെ കരച്ചിലും. പൊടിക്കുഞ്ഞായിരുന്ന അന്നെ എടുത്തോണ്ടുള്ള അപ്രത്തെ ലീലേടെ നടക്കലും. അങ്ങനെ എന്തൊക്കെയോ..." പാത്തുമ്മ ഓർമ്മകളിലൂടെ  ഒഴുകി നടന്നു.

"അനക്കോർമ്മയില്ലേ നബീസു‌...അന്റെ വാപ്പ പറയണതൊക്കെ? മൂപ്പര് മുപ്പതു ദിവസോം കഠിന നോമ്പെടുക്കും. അഞ്ചുനേരോം നിസ്കാരം നിർബന്താ ഓനിക്ക്. ന്റെ അമീതും അങ്ങനെത്തന്നെയായിരുന്നു. ന്റെ സുറുമീടെ വാപ്പ. ന്നട്ടിപ്പോ ഓലൊക്കെ   പോയില്ലേ? "
  പാത്തുമ്മയുടെ കണ്ണു നിറഞ്ഞു വന്നു.

"നോമ്പ് കാലത്ത് അന്ന പാനീയോം, സുകാനുഭവോം പാടില്ല, ദാനധർമം ചെയ്യണം, വെശക്കുന്നോർക്ക്  ആഹാരം കൊടുക്കണം എന്നൊക്കെ ന്റെ ഇക്ക എപ്പഴും പറയാറുണ്ട്.അനക്ക് ഇതൊക്കെ ഓർമ്മ വേണം സുറുമീ..."
നബീസു പറഞ്ഞു.

"എല്ലാ ദിവസോം ഖുർആൻ ഓതണം. റമദാൻ മാസത്തിൽ ഒരു ഖത്തം എങ്കിലും ഓതണം. എന്നൊക്കെ ന്റെ ഹമീദിക്കാക്കു നിർബന്ധമായിരുന്നു!
ഖത്തം ഓതിയാൽ ദുആ ചെയ്യണം. അങ്ങനെ ചെയ്യുന്നവരെ കാത്ത് മലക്കുകൾ അനുഗ്രഹിക്കാൻ നിൽക്കുമത്രേ.അങ്ങനെയാണ് നിന്റെ വാപ്പ പറയാറുള്ളത് മോളെ.." നബീസു പറഞ്ഞു.

സുറുമി കേട്ടുകൊണ്ടിരുന്നു.

എന്നിട്ട് ആ നല്ലവനായ എന്റെ ബാപ്പ എന്തിനാണ് ഈ പാവങ്ങളെ ഉപേക്ഷിച്ചു പോയത്? അവൾ സ്വയം ചോദിച്ചു.
  
പെട്ടെന്ന് നബീസു പിടഞ്ഞെണീറ്റു. മോളെ വേഗം കുളിക്ക്. ഉമ്മുമ്മക്കും കുളിക്കണ്ടേ. എന്നിട്ട് നമുക്ക് വേഗം നിസ്‌ക്കരിക്കണം.
 നബീസു പാത്തുമ്മാക്ക് വെള്ളം ചൂടാക്കാൻ അടുക്കളയിലേക്ക് പോയി.സുറുമി കുപ്പിയിൽ നിന്നും അൽപ്പം കാച്ചെണ്ണയെടുത്തു തലയിൽ പൊത്തി. പിന്നെ സോപ്പും തോർത്തുമെടുത്തു കുളിമുറിയിലേക്ക് നടന്നു.

(തുടരും )

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter