മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 150
  • Status: Ready to Claim

ഭാഗം - 10

ഹാരിസ് പോർച്ചിൽ നിന്നും കാർ  ഇറക്കാൻ പോയപ്പോൾ മുതൽ സുറുമിയുടെ മനസ്സിൽ ഒരു വടം വലി നടക്കുകയായിരുന്നു.
വേഗം നടന്നാൽ തീർച്ചയായും ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് കോളേജിൽ എത്താം. പിന്നെ എന്തിനാണ് ഷംനക്ക് ഇത്ര വാശി.ഉമ്മച്ചി പറഞ്ഞതും അവൾക്ക് ഓർമ്മ വന്നു.


"നമ്മൾപാവങ്ങളും,ആരോരുമില്ലാത്തവരുമാണ് മോളെ... സൂക്ഷിച്ചാൽ ദുഖിക്കേണ്ട."ഇത് ഉമ്മച്ചിയുടെ എപ്പോഴും ഉള്ള ഉപദേശമാണ്

ശരിയാണ്. മാളികവീട്ടിലെ കാറിൽ നബീസുവിന്റെ മോളെ കണ്ടല്ലോ...എന്ന് ആരെങ്കിലും പറഞ്ഞാൽ ഉമ്മച്ചിക്ക് പേടിയും വിഷമവും ആകും.
നബീസുവും, മോളും നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടതാണ്.

"അടങ്ങി ഒതുങ്ങി ദൈവഭയത്തിൽ കഴിയുന്നവരാണ്!" എന്നാണ് എല്ലാവരുടെയും അഭിപ്രായം. 

അവൾ ഷംനയെ നോക്കി. ഗൗരവത്തിൽ നിൽക്കുന്നു. തന്നെയൊന്നു നോക്കുന്നുപോലുമില്ല           "ഷംനാ,നമുക്ക് നടന്നു പോകാം.കുറച്ചു ദൂരമല്ലേയുള്ളു."

സുറുമി ചോദിച്ചു. ഷംനക്ക് ദേഷ്യം വന്നു

"നിനക്കെന്താണിത്ര വാശി? അതോ ഞാൻ ഇതുവഴി വന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ? നടക്കണമെങ്കിൽ പൊയ്ക്കൂടേ...നിനക്ക്?" ഷംന ദേഷ്യത്തിൽ ചോദിച്ചു.

"ഒരു ഹൂറി വന്നിരിക്കുന്നു..."ഷംന സ്വയം പറഞ്ഞു.

സുറുമി ഞെട്ടിപ്പോയി. എന്തിനാണിവൾ ദേഷ്യപ്പെടുന്നത്! ഇതുവരെ തമാശ പറഞ്ഞും കളിച്ചും, ചിരിച്ചും നടന്നു വന്നതാണല്ലോ... ഇവൾക്കിതെന്തു പറ്റി? സുറുമി നോക്കി. ഖുൽസുവും ഹാരിസും അവരുടെ ബാപ്പയോട് എന്തോ പറഞ്ഞു നിൽക്കുന്നു.

പെട്ടെന്ന് തട്ടം നേരെ പിടിച്ചു ശരിയാക്കിക്കൊണ്ട് സുറുമി ഒന്നും മിണ്ടാതെ മുൻപോട്ട് നടന്നു.മെയിൻ റോഡിൽക്കൂടി കുറച്ചു നടന്ന് വലതുവശത്തുള്ള ഇടവഴിയിൽക്കൂടിയാണ് സുറുമി നടന്നത്.

അതാകുമ്പോൾ വാഹനങ്ങളുടെ തിരക്കില്ലാതെ കോളേജിന്റെ ഗ്രൗണ്ടിൽ എത്താം.അവൾ വേഗം നടന്നു.

ഹാരിസ്‌, ഖുൽസുവിനെ ഫ്രണ്ട് സീറ്റിലിരുത്തി കാറിറക്കി കൊണ്ടുവന്നപ്പോൾ ഷംന മാത്രമേ അവിടെയുള്ളു.

"മറ്റേ കുട്ടി എവിടെ?"ഷംന പിൻസീറ്റിലേക്ക് കയറുന്നതിനിടയിൽ  ഹാരിസ് ചോദിച്ചു.

"ശരിയാണല്ലോ.അവളെവിടെപ്പോയി?"ഖുൽസുവും ചോദിച്ചു. 

"അവൾ ഒന്നുമ്മിണ്ടാതെ ഇറങ്ങി ഒറ്റപ്പോക്ക്. ഞാൻ വിളിച്ചിട്ട് നിന്നില്ല. നടന്നു പൊയ്ക്കൊള്ളാമെന്ന്."

ഷംന പറഞ്ഞു.
"അവള് തന്നെ നടന്നോ... പാവം... ഇനിയിപ്പോ എന്തു ചെയ്യും? ഇക്കാക്കാ വേഗം വണ്ടി വിട്. അവളു വഴിയിൽ കാണും "

ഖുൽസു വേവലാതിയോടെ പറഞ്ഞു.

"എന്റെ ഖുൽസു... നിങ്ങള് വിചാരിക്കുമ്പോലത്തെ ആളൊന്നുമല്ല സുറുമി..."ഷംന പറഞ്ഞു.

"ഭയങ്കര കുശുമ്പിയാ. പണക്കാരെ ഒക്കെ പുച്ഛമാ..."

"പക്ഷേ.... കണ്ടാൽ ഏതോ വലിയ വീട്ടിലെ കൊച്ചാണെന്ന് തോന്നും.നല്ല പെരുമാറ്റോം "
ഹാരിസ് അവളെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.

"അയ്യോ! ഇക്കാക്കക്ക് അറിയില്ലേ സുറുമിയെ!"
"അവളാ പ്രാന്തി ഉമ്മൂമ്മേടെ കൊച്ചുമോളല്ലേ. ഒരു വല്ലാത്ത സാധനം.ഒരു ഗതിയുമില്ല. എന്നിട്ടും എന്താ നടപ്പ്!"ഷംന ദേഷ്യത്തോടെ പറഞ്ഞു.

"അവളോ? അവളൊരു പാവമല്ലേടീ?"ഖുൽസു ചോദിച്ചു.
"ഹും! നല്ല പാവം... നിനക്ക് അറിയാഞ്ഞിട്ടാ ഖുൽസു.

ആ  രേഷ്മയോടും, മിന്നുനോടുമൊക്കെ ചോദിച്ചു നോക്ക്. അപ്പൊ അറിയാം..."ഷംന വെറുപ്പോടെ പറഞ്ഞു.

കാറിന്റെ   റിയർ വ്യൂ മീറ്ററിൽക്കൂടി        ഹാരിസ് അവളുടെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഈ പെണ്ണിന്റെ പ്രശ്‍നം  അസൂയമാത്രമാണെന്ന് അവനു      തോന്നി.

"അള്ളാ.. എന്നാലും അവള് തന്നെ നടന്നുപോയല്ലോ!" ഖുൽസു വിലചിച്ചു!അവൾക്കു സങ്കടമായി. 

"വഴിയിൽ വെച്ച് കാണുമ്പോൾ വിളിച്ചു കയറ്റണെ ഇക്കാക്ക..."ഖുൽസു പറഞ്ഞു.
 ഷംനക്ക് ദേഷ്യം വന്നുവെങ്കിലും അവളൊന്നും മിണ്ടിയില്ല.എന്നാൽ വഴിയിലെങ്ങും സുറുമിയെ കണ്ടില്ല. ഷംനക്ക് ആശ്വാസമായി.

 "അവളാ ഇടവഴിക്കൂടെ പോയിട്ടുണ്ടാകും."അവൾ പറഞ്ഞു

ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് അവർ എത്തി.

"താങ്ക് യൂ ഹാരിസിക്കാ "
ഇറങ്ങുമ്പോൾ ഹാരിസിനൊരു നറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഷംന പറഞ്ഞു." ഓക്കേ...വരവുവെച്ചിരിക്കുന്നു."ഹാരിസ്ചിരിച്ചുകൊണ്ട്   പ്രതിവചിച്ചു.

അവർ ക്ലാസ്സിൽ ചെന്നപ്പോൾ സുറുമി എത്തിയിട്ടില്ല.
"സുറുമി വന്നില്ലേ "എന്ന് ചോദിച്ചവരോട് പൊടിപ്പും തൊങ്ങലും വെച്ച് ഷംന നടന്ന കാര്യങ്ങൾ  വിശദീകരിക്കുന്നുണ്ടായിരുന്നു
വേഗം നടക്കുന്നതിനിടയിൽ പരിചയമുള്ള പലരും സുറുമിയോട്...കുശലം ചോദിച്ചു.

"ഇന്നെന്താതനിച്ചായിപ്പോയത് കൂട്ടുകാര് വന്നില്ലേ.?"വീട്ടു മുറ്റത്തിരുന്നു ഓലമെടയുന്ന ആമീനത്താത്ത  വിളിച്ചു ചോദിച്ചു.

"വരുന്നുണ്ട്..."ചിരിച്ചുകൊണ്ട് അവൾ മറുപടി പറഞ്ഞു.

തനിയെ നടക്കുന്നതിനിടയിൽ,  മുൻപ് നടന്ന കാര്യങ്ങൾ  സുറുമിയുടെ   മനസ്സിൽ തികട്ടി വന്നു.

ഷംന എന്തിനാണ്    ദേഷ്യപ്പെട്ടത്.അവൾ ചിന്തിച്ചു. താൻ എന്തെങ്കിലും തെറ്റു ചെയ്തോ? ഇല്ലല്ലോ. പിന്നെ ഷംനക്കെന്തു പറ്റി? അവൾക്കൊന്നും മനസ്സിലായില്ല.

(തുടരും )

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter