മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 150
  • Status: Ready to Claim

ഭാഗം - 14 

"നിങ്ങൾക്കെല്ലാം അറിയാം...ആ ആൾ ഇവിടെ എത്തിയിട്ടുണ്ട്." ഹാരിസ് നാടകീയമായി ഒന്ന് നിറുത്തി.
"എവിടെ? ആരാ ആൾ "
എല്ലാരും ചുറ്റും നോക്കി. അപ്പോഴാണ് പോർച്ചിലേക്ക് ഒരു കാർ വന്നു നിന്നത്.


"ഹംസക്കാ അവരെ ഇങ്ങോട്ട് കൂട്ടിക്കോളൂ! " 
ഹാരിസ് പറഞ്ഞു.ഹംസക്കയുടെ കൂടെ മൂന്നുപേരാണ് ഹാളിലേക്ക് വന്നത്. അതിൽ ഒരാൾ വക്കീലാണെന്ന് വേഷത്തിൽ നിന്നും എല്ലാവർക്കും മനസ്സിലായി. പ്രായം ചെന്ന രണ്ടാമത്തെ ആളെക്കണ്ടപ്പോൾ അബ്ബാസ് സാഹിബ്ബ് അറിയാതെ എഴുന്നേറ്റു. മലപ്പുറത്തെ പ്രസിദ്ധമായ തറവാടായ പുത്തൻ ബംഗ്ലാവിലെ അഹമ്മദ് കോയ ആയിരുന്നു അത്. 

മൂന്നാമത്തെ ആളുടെ മുഖം കണ്ടപ്പോൾ ഞെട്ടിയത് നബീസുവായിരുന്നു.  എല്ലാ നേരവും ഖൽബിൽ നൊമ്പരമുണർത്തുന്ന ഒരു ഓർമ്മയായി
അവൾ കൊണ്ടു നടക്കുന്ന ആൾ...

അവളുടെ പ്രാണന്റെ പ്രാണൻ...അവളുടെ പൊന്നുമോളുടെ ബാപ്പ!  അവളുടെ മാത്രം ഹമീദിക്ക. പൊട്ടി വന്ന തേങ്ങലിന്റെ ചീളുകൾ പുറത്തേക്ക് വരാതിരിക്കാൻ അവൾ തട്ടത്തിന്റെ തുമ്പുകൊണ്ട് വായ മൂടിപ്പിടിച്ചു.

എല്ലാവരും വന്ന ആളുകളെത്തന്നെ ശ്രദ്ധിച്ചരിക്കുകയാണ്. അപ്പോഴേക്കും കൈകഴുകി വന്ന്‌ അബ്ബാസ് സാഹിബ്ബ് അഹമ്മദ് കോയയുടെ കൈപിടിച്ച് കസേരയിൽ ആദരിച്ചിരുത്തി.

ഹാരിസ് വീണ്ടും പറഞ്ഞു തുടങ്ങി.
"ദാ... ഇതാണ് ഞാൻ പറഞ്ഞ ആൾ. നിങ്ങൾക്കറിയില്ലേ? നിങ്ങൾ അറിയില്ലേ നബീസുതാത്തയുടെ ഹമീദിക്കയെ?" 
"സുറുമിക്ക് ഓർമ്മയില്ലാത്ത അവളുടെ ബാപ്പയെ? ഇത്രയും നാൾ കാത്തിരുന്ന അവർക്ക് ഒരു അഞ്ചു മിനിറ്റ് കൂടി കാത്തിരുന്നാൽ മതി, ആളിനെ ഞാൻ വിട്ടു കൊടുക്കാം."

ഹാരിസ് തുടർന്നു.ഹമീദിനെ അറിയാവുന്നവരിൽ നിന്നും ഒരാരവം പുറത്തേക്കു വന്നു. സുറുമി തന്റെ ബാപ്പയെ കണ്ണിമയ്ക്കാതെ  നോക്കിക്കണ്ടു.
ആനന്ദ കണ്ണുനീർ അവളുടെ മൃദുല കാപോലങ്ങളെ നനയിച്ചുകൊണ്ട് ചാലിട്ടൊഴുകി. കണ്ണുനീർ മൂടി അവളുടെ കാഴ്ചയെ മറച്ചു.
ഹമീദിനെ കണ്ടപ്പോൾ പാത്തുമ്മായുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.
പടച്ചോനെ... ന്റെ മോൻ അമീതല്ലേ അത്... പാത്തുമ്മ കരഞ്ഞു. സുറുമിയും, നബീസുവും അവരെ ചേർത്തു പിടിച്ചു.

ഹാരിസ് എല്ലാവരേയും വീക്ഷിച്ചു. പലരുടെയും മുഖത്ത് ജിജ്ഞാസ. അവൻ സുറുമിയെ നോക്കി. ഇതളുകളിൽ ഹിമബിന്ദു അണിഞ്ഞു പ്രഭാതത്തിൽ വിടർന്നു വിലസി നിൽക്കുന്ന ഒരു മനോഹരമായ ചെമ്പനീർപ്പൂ പോലെ അവൾ! അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഹാരിസ് തുടർന്നു.
"ഈ ഹമീദിക്ക എനിക്ക് ചെയ്തു തന്ന ഉപകാരങ്ങൾ പറഞ്ഞാൽ തീരില്ല. ന്യൂമോണിയ വന്ന് മരണത്തെ മുന്നിൽക്കണ്ട എന്നെ ഒരു മാസത്തോളം ശുശ്രുഷിച്ചു രക്ഷപെടുത്തിയത് ഇദ്ദേഹമാണ്. ഹമീദിക്ക എങ്ങനെയാണ് മസ്‌ക്കറ്റിൽ എത്തിയത്? എന്തിനാണ് ഇവരെ ഉപേക്ഷിച്ചു പോകേണ്ടി വന്നത് എന്നതിനുള്ള ഉത്തരം ഹമീദിക്ക തന്നെ പറഞ്ഞു തരും! ഇക്ക പറഞ്ഞോ..." ഹാരിസ് ഹമീദിനോട് പറഞ്ഞു.

"മോൻ തന്നെ പറഞ്ഞാൽ മതി." ഹമീദ് ശബ്ദം താഴ്ത്തി പറഞ്ഞു..

"ശരി.. ഞാൻ ചുരുക്കിപ്പറയാം ". ഹാരിസ് പറഞ്ഞു.

"അന്ന് നിങ്ങളിൽ പലരും കേട്ടിട്ടുള്ളതു പോലെ, ഹമീദിക്ക തടിക്കച്ചവടത്തിനു പോയതായിരുന്നു! പോകുമ്പോൾ ഹമീദിക്കയുടെ കൈയിൽ അഞ്ചുലക്ഷം രൂപ അടങ്ങുന്ന ബാഗ് ഉണ്ടായിരുന്നു.

എന്നാൽ തൊടുപുഴയിൽ ബസ് ഇറങ്ങുമ്പോൾ പണമടങ്ങിയ ബാഗ് കാണാനുണ്ടായിരുന്നില്ല. അത്യന്തം പരിഭ്രാന്തനായ അദ്ദേഹം എല്ലായിടത്തും ബാഗ് തിരക്കി നടന്നു. പലരോടും ചോദിച്ചു. ബസ്സിൽ ഇരുന്നുറങ്ങിപ്പോയ ഹമീദിക്കായുടെ സമീപം ഒരു തമിഴ് നാട്ടുകാരനെക്കണ്ടു എന്ന് ബസ് കണ്ടക്ടർ പറഞ്ഞു.  പലവഴി അന്വേഷിച്ചിട്ടും, പോലീസിൽ പരാതിപ്പെട്ടിട്ടും യാതൊരു തുമ്പും കിട്ടിയില്ല.

അന്നു മുഴുവനും അലഞ്ഞു തിരിഞ്ഞു നടന്നന്വേഷിച്ചു അദ്ദേഹം.പക്ഷെ പണം കണ്ടുകിട്ടിയില്ല. 
ക്രമേണ സ്വബോധം നഷ്ടപ്പെട്ട ഇക്ക പലവഴി അലഞ്ഞു നടന്ന് എങ്ങനെയോ എറണാകുളത്തെത്തി. മുംബൈക്കുള്ള തീവണ്ടിയിൽ കയറിക്കൂടി.

ടിക്കറ്റെടുക്കാത്തതിന് ടി. ടി. ഇ പിടികൂടിയ ഹമീദിക്കയെ മുംബൈയിൽ താമസക്കാരായ ഒരു മലയാളി കുടുംബമാണ് രക്ഷിച്ചത്. 
അവർ ഇക്കയെ മുംബൈയിലുള്ള അവരുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.
ഓർമ്മ പോലും നഷ്ടമായ ഇക്കാക്ക് സ്വന്തം പേരല്ലാതെ ഒന്നും പറയാനറിയില്ലായിരുന്നു. മുംബൈയിൽ ഹോട്ടൽ ബിസിനസ്സ് നടത്തിയിരുന്ന അവർക്ക് നല്ല ഒരു സഹായി ആയിരുന്നു ഹമീദിക്കാ.

പിന്നീട് അവർ മസ്കറ്റിൽ ഹോട്ടൽ തുടങ്ങിയപ്പോൾ ഇക്കയെയും ഒപ്പം കൂട്ടി. അധികം സംസാരിക്കാത്ത ഹമീദിക്ക നല്ല ഒരു പണിക്കാരനായിരുന്നു.

ഹാരിസ് ഒന്നു മെല്ലെ നിറുത്തി. കുറച്ചു വെള്ളമെടുത്തു കുടിച്ചു. എല്ലാവരും നിശ്ശബ്ദരായി അവന്റെ മൊഴികൾക്ക് കാതോർത്തിരുന്നു.

(തുടരും)

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter