ഭാഗം - 5
"ഉമ്മച്ചീ..." എന്ന് വിളിച്ചുകൊണ്ട് സുറുമി വീടിന്റെ പുറകുവശത്തേയ്ക്ക് നടന്നു. പടിഞ്ഞാറേ മാനത്ത് അസ്തമന സുര്യന്റെ ചുവന്നു തുടുത്ത മുഖം. സുര്യന്റെ ചെങ്കതിരുകൾ ചെടികളുടെ ഇലകളിൽ ചുവപ്പു രാശി പകർന്നിരിക്കുന്നു.
വിടരാൻ വേമ്പുന്ന കുറുമൊഴി മൊട്ടുകളുടെയും, ഇലഞ്ഞി പ്പൂക്കളുടെയും, പുല്ലാഞ്ഞി പ്പൂക്കളുടെയും കൂടിക്കലർന്ന സുഗന്ധവും പേറി വന്ന ഇളംകാറ്റ് അവളുpടെ സമൃദ്ധമായ മുടിയിഴകളെ അരുമയോടെ തഴുകി കടന്നുപോയി.
വീടിന്റെ പിന്നാമ്പുറത്തെ തിണ്ണയിൽ ഉമ്മച്ചി തനിയെ ഇരിക്കുന്നുണ്ടായിരുന്നു.
'ആഹാ...ന്റെ ഉമ്മി ഈടെ വന്നിരിക്കുവാണോ?" വന്നേ... നേരം ഇരുട്ടിത്തുടങ്ങി. സുറുമി ഉമ്മച്ചിയോട് ചേർന്നിരുന്നു.
നബീസു പെട്ടെന്ന് പൊട്ടിക്കരഞ്ഞു
"ഉമ്മച്ചിയെപ്പോലെ ഒരു പാപജന്മത്തിന്റെ മോളായി പിറന്നല്ലോ നീ. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ന്റെ വാപ്പ മയ്യത്തായി. ഇരൂപത്തിനാലു വയസ്സിൽ നിന്റെ വാപ്പ നമ്മളെ ഉപേക്ഷിച്ചു പോയി." നബീസു ഏങ്ങലടിച്ചു കരഞ്ഞു.
"ഉമ്മച്ചീ..." സുറുമി വിളിച്ചു.
വളരെ നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ചോദ്യമുണ്ട് അവളുടെ മനസ്സിൽ. ഉമ്മച്ചിക്ക് വിഷമമാകുമോ എന്ന് പേടിച്ചിട്ട് ഇത്രയും നാൾ മനസ്സിൽ സൂക്ഷിച്ച കാര്യം.
"എന്തിനാണ് വാപ്പ പോയത്. ഉമ്മച്ചിക്ക് അറിയാവുന്ന എന്തെങ്കിലും വിഷമങ്ങൾ വാപ്പാക്ക് ഉണ്ടായിട്ടുന്നോ?" സുറുമി ചോദിച്ചു.
"ഒന്നുല്ലെന്റെ മുത്തേ...എത്ര പെരുത്ത് സന്തോഷത്തിലാ ഞങ്ങൾ കഴിഞ്ഞത്. നോമ്പ് തൊടങ്ങുന്നതിന്റെ തലേന്നാ മൂപ്പര് പോയത്. നിന്നെ എടുത്തു മുത്തം തന്ന്, കയീന്നത്ര ബേഗം ബരാട്ടോ നബീസുവേ... നോമ്പുതൊറയ്ക്കുള്ള എല്ലാം കൊണ്ടരാട്ടോ എന്നൊക്ക പറഞ്ഞു പോയ ആളാ... ഇന്നേക്ക് പതിനാറു ബരിശം കയിഞ്ഞു. ജീബിച്ചിരിപ്പൊണ്ടെന്ന് അറിഞ്ഞാ മതി ക്ക്." നബീസു തട്ടത്തിന്റെ തലപ്പെടുത്ത് കണ്ണു തുടച്ചു.
"ഇക്കാനോട് നമ്മള് പെരുത്തു കാര്യങ്ങളൊന്നും ചോദിക്കാറില്ല. തടിടെ വിസിനസ്സല്ലേ?എപ്പോഴും കൈയിൽ തോനെ കായുണ്ടായിരിക്കും. അത് പോയും, വന്നുമിരിക്കും. ഈ കച്ചവടം കൂടി കയ്യട്ടെ... നമുക്ക് നല്ല ഒരു വീട് കെട്ടണം. എന്നിട്ട് ഇവിടെ ഒരു കട തൊടങ്ങണം. എന്നും അലയാൻ കയ്യൂല...
പോകുന്നെന്റെ തലേ രാത്രി നിന്റെ വാപ്പ ന്നോട് പറഞ്ഞു. എല്ലാം പോയില്ലേ.?" നബീസുവിന് സഹിക്കാൻ പറ്റുന്നില്ല. അവൾ വിങ്ങി, വിങ്ങിക്കരഞ്ഞു.
എപ്പോഴത്തെയും പോലെ സുറുമി സ്വയം ചോദിച്ചു, എന്തായിരിക്കും വാപ്പാക്ക് സംഭവിച്ചത്? ഇക്കാലമത്രയും കഴിഞ്ഞിട്ടും,ബാപ്പയെ ആരും കണ്ടിട്ടില്ല.
കൂട്ടുകാർ കുറച്ചുപേർ തൊടുപുഴയിൽ ചീനിക്കുഴി എന്ന സ്ഥലത്തു പോയി അന്വേഷണം നടത്തി. ബാപ്പ പറഞ്ഞു കേട്ട അറിവ് വെച്ച് തടിക്കച്ചവടക്കാരൻ മമ്മതിക്കയെ പൊയ്ക്കണ്ടു. അന്നേ ദിവസം ബാപ്പ അവിടെ ചെന്നിരുന്നില്ല എന്നാണ് അറിഞ്ഞത്. ഉമ്മച്ചി പറഞ്ഞതനുസരിച്ച് ആയിടക്കുള്ള പത്രങ്ങളിലും ഒരു വാർത്ത പോലും വന്നില്ലത്രേ.
മലപ്പുറത്തു ബാപ്പാക്ക് ആകെയുണ്ടായിരുന്ന എളേപ്പയും കഴിഞ്ഞ വർഷം മരിച്ചു. ബാപ്പയുടെ തിരോധാനം ഇപ്പോഴും ഒരു സമസ്യയായി തുടരുന്നു.കൂടുതൽ അന്വേഷണം നടത്താൻ ആളും പണവുമില്ലല്ലോ എന്ന് സങ്കടവും തോന്നി സുറുമിക്ക്.
"ഉമ്മച്ചി എഴുന്നേറ്റ് വന്നേ..."
അവൾ നബീസുവിന്റെ കൈയിൽ പിടിച്ചുകൊണ്ട് മുറ്റം ചുറ്റി ഉമ്മറത്തേക്ക് നടന്നു. അവർ ചെല്ലുമ്പോൾ പാത്തുമ്മ നിസ്കാരപ്പായിൽ ഇരുന്ന് കൈകൾ രണ്ടും മേൽപ്പോട്ടുയർത്തി പിടിച്ച് ദുആ ഓതുന്നു.
"എന്റെ പടച്ചോനെ...ഈ പെരുന്നാളിനെങ്കിലും ന്റെ പുന്നാരമോൻ അമീതിനെ ന്റെ മുന്നിൽ കൊണ്ട് നിറുത്തിത്തരണേ...പടച്ച റബ്ബേ..."
ഉമ്മുമ്മയുടെ ചിലമ്പിച്ച സ്വരത്തിലുള്ള ഓത്തു കേട്ട് സുറുമിക്ക് സങ്കടം വന്നു.
അപ്പോൾ അവർക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് തോന്നുകയേ ഇല്ലായിരുന്നു
(തുടരും )
