


പുലർച്ചെ തേവരുടെ നടയിൽ നിന്നും "ഭാവയാമി രഘു രാമം " കേട്ടാണ് അജു ഉണർന്നത്. അതൊരു അലാറം പോലെയാണ്. നിത്യവും ആ സമയത്ത് അവൻ ഉണരും.
ചെറിയ ഓടിട്ട വീടാണ്. മുൻവശം വലിയ നാല് ഉരുളൻ തൂണുകളിൽ മച്ചുകൾ താങ്ങി നിൽക്കുന്ന നീളൻ വരാന്ത. രണ്ടു കിടപ്പു മുറിയും ഇടന്നാഴിയും അടുക്കളയും. അടുക്കളയോട് ചേർന്ന് അഴിയിട്ട ചെറിയ വരാന്ത ഊണ് മുറിയായി ഉപയോഗിക്കുന്നു. വരാന്തയോട് ചേർന്ന് വടക്കു ദിക്കിൽ ആണ് കിണർ. അതിനോട് ചേർന്ന് ഓട് മേഞ്ഞ പഴയ കുളിമുറി. വടക്കു പടിഞ്ഞാറു മൂലയിൽ ആണ് ടോയ്ലറ്റ്.
വർഷങ്ങൾക്ക് മുൻപ് അച്ഛൻ പണിത വീടാണ്. ഇടയ്ക്ക് എപ്പോഴോ ഒന്ന് ചായം തേച്ചു മോടി പിടിപ്പിച്ചു എന്നല്ലാതെ അതിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല. മഴയും വെയിലുമേറ്റ് വീട് പഴമയിലേക്ക് മടങ്ങി പോയിരിക്കുന്നു.
അജു എണീറ്റു വരുമ്പോഴേക്കും അമ്മ ഉണർന്നു പശുവിനെ കറക്കാൻ ഉള്ള പാത്രം കറവക്കാരന്റെ കൈയിൽ ഏല്പിച്ചു കഴിഞ്ഞിരുന്നു. ഒരു കറുത്ത തമിഴൻ. ആകെയുള്ളതു ഒരു പശുവാണ്. പിന്നെ അതിന്റെ ക്ടാവ്. വീട്ടിലെ ആവശ്യം കഴിഞ്ഞു ബാക്കി പാൽ അടുത്തുള്ള ചായ കടയിൽ കൊടുക്കുന്നതാണ് പതിവ്.
പല്ലുതേച്ചു അജു എത്തുമ്പോഴേക്കും മാളുവമ്മ ചായ റെഡിയാക്കി കഴിഞ്ഞിരുന്നു. ചായ കുടിച്ചു കഴിഞ്ഞാൽ നേരെ അമ്പലകുളത്തിലേക്കാണ് യാത്ര. തൊടിയിറങ്ങി വീതി കുറഞ്ഞ ചെമ്മൺ പാതയിലൂടെ ലേശം നടന്നാൽ കുളത്തിൽ എത്താം. പോകുന്നവഴി പാൽ നിറച്ച കുപ്പി നാട്ടുവഴിയോരത്തെ ചായ കടയിൽ ഏല്പിക്കും.
കുളത്തിൽ നന്നായി മുങ്ങി കുളിച്ചു കയറുമ്പോഴേക്കും ശ്രീ കോവിലിൽ നിന്നും മണി മുഴക്കം കേൾക്കുന്നുണ്ടാവും. ഇടിഞ്ഞു തുടങ്ങിയ ആൽത്തറക്ക് പിന്നിലൂടെ നടന്നു ശ്രീ കോവിലിന്റെ മുന്നിൽ ചെന്ന് നിന്ന് ഭംഗിയായി മുഖപ്പ് ചാർത്തിയ ശിവനെ തൊഴുതിട്ടാണ് വീട്ടിലേക്കു മടങ്ങുന്നത്.
എം. എ കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. പഠനം കഴിഞ്ഞപ്പോൾ മുതൽ PSC ടെസ്റ്റുകൾ എഴുതാൻ തുടങ്ങിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കവലയിൽ ഒരു കടയിൽ കണക്കെഴുത്ത് ജോലി ഉള്ളതാണ് ആകെയൊരു ആശ്വാസം. ശനിയും ഞായറും ഒന്ന് രണ്ടു വീടുകളിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. അമ്മയ്ക്കും അജുവിനും ഉള്ള ചിലവ് അത് ധാരാളം.
പക്ഷെ പ്രശ്നം അതല്ല. അച്ഛൻ വരുത്തി വച്ച കുറച്ചു കടങ്ങൾ ഉണ്ട്. പാട്ടത്തിന് പറമ്പേടുത്ത് അച്ഛൻ കൃഷി ചെയ്തു. അതിനു വേണ്ടി കാർഷിക ലോണും പിന്നെ പുറത്തു നിന്നു പലിശക്കും കാശ് കടം എടുത്തിട്ടുണ്ട്. കൃഷി നശിച്ചു തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു. അതിൽ നിന്നും രക്ഷപെടാൻ അച്ഛൻ ആത്മഹത്യ ചെയ്തു! അച്ഛൻ മരിച്ചതോടെ ബാങ്ക് കടം എഴുതി തള്ളി.
അതിനു വേണ്ടി അജു ഒരുപാട് കഷ്ടപ്പെട്ടു. പ്രമാണം മറ്റൊരു ബാങ്കിൽ വച്ചു ലോൺ എടുത്തു പുറത്തെ കടം വീട്ടി. മാസം ഒരു തുക ബാങ്കിൽ അടക്കണം. കുളി കഴിഞ്ഞു വന്നു മുറ്റത്തെ അയയിൽ നനഞ്ഞ തോർത്ത് വിരിച്ചു, സോപ്പ് കുളിമുറിയിൽ കൊണ്ട് വച്ചിട്ട് അജു മുറിയിലേക്ക് കയറി. ഡ്രസ്സ് മാറി അടുക്കളയിൽ ചെല്ലുമ്പോഴേക്കും അമ്മ ചൂട് ചിരട്ടപുട്ടും കടല കറിയും വിളമ്പി.
അവൻ കഴിക്കുമ്പോൾ അമ്മ പോയി ഒരു ലിസ്റ്റുമായി വന്നു.
"എന്താത് ?"
ചോദിക്കുന്നതിനു ഇടയിൽ അവൻ പേപ്പർ വാങ്ങി.
"അടുക്കളയിലേക്കുള്ള കുറച്ചു സാധനങ്ങൾ തീർന്നു.നീ വരുമ്പോൾ വാങ്ങി വന്നാൽ മതി. "
അജു ലിസ്റ്റ് ഒന്നോടിച്ചു വായിച്ചു നോക്കി.
" വെളിച്ചെണ്ണയോ?"
"അതെ. "
"അതല്ലേ കഴിഞ്ഞ ആഴ്ച മേടിച്ചത്?"
"ആര്. നീയോ?"
ഇഷ്ടപ്പെടാത്ത മട്ടിൽ അമ്മ ഒന്ന് നോക്കി:
"നിനക്കെന്താ കുട്ടാ? നീ വാങ്ങി വന്നത് വിളക്കെണ്ണയാ. ഇത്ര പെട്ടന്ന് മറന്നോ?"
അബദ്ധം പിണഞ്ഞത് പോലെ അജു ഒന്ന് നിർത്തി.
അത് മറച്ചു പിന്നെ തുടർന്നു :
"അല്ല അമ്മേ. നമ്മൾ രണ്ടാളും മാത്രല്ലെ ഉള്ളൂ ഇവിടെ. പിന്നെ ഇതെങ്ങനെയാ സാധനങ്ങൾ ഇത്ര പെട്ടന്ന് തീരണത് ?"
മാളുവമ്മയ്ക്ക് അത് കേട്ടു ശുണ്ഠി വന്നു.
"മുട്ട് വരുമ്പോൾ ഞാൻ കുറേശ്ശേയെടുത്ത് പുറത്തു കൊടുത്തു കാശ് വാങ്ങും. അങ്ങനെയാ തീരണെ."
പറയുന്നതിന് ഇടയിൽ അവർ തിരിഞ്ഞു നടന്നു.
"ഇവിടെ പെരുമാറി തന്നെയാ ഇതൊക്കെ തീരണെ. അല്ലാതെ ഇതൊന്നും ആരും എങ്ങും കൊണ്ടോവുന്നില്ല. നിനക്ക് വേണമെങ്കിൽ വാങ്ങിട്ട് വാ."
അടുക്കള വാതിലിൽ എത്തിയിട്ട് മാളുവമ്മ തിരിഞ്ഞു നിന്നു:
"പിന്നെ ഒരു കാര്യം മറന്നു... "
"ഇനിയുമുണ്ടോ ?"
മുഖം ചുളിച്ചു കൊണ്ടു അജു എണീറ്റു കൈ കഴുകി.
"എന്റെ മുട്ട് വേദനയ്ക്കുള്ള തൈലം മേടിക്കണം. അതു തീർന്നു. നീയാ ലിസ്റ്റിൽ ഉള്ള സാധനം മേടിച്ചില്ലങ്കിലും തൈലം വാങ്ങാൻ മറക്കണ്ട."
അമ്മയുടെ നേര്യതിന്റെ തുമ്പുയർത്തി അജു നനഞ്ഞ കയ്യും ചുണ്ടും തുടച്ചു :
"വാങ്ങിക്കാം. അതിന്റെ പേരിൽ അടുപ്പിൽ വെള്ളം ഒഴിക്കാൻ നിൽക്കണ്ട . പിന്നെ ഈ മുട്ട് വേദന കൂട്ടാൻ ആയിട്ട് പശുവിനു പുല്ലരിയാൻ തൊടിയിറങ്ങണ്ട. ഒന്നാമത് എട്ടേ പത്തേന്നാ നടപ്പ്. പറയുന്ന മനസിലാവുന്നുണ്ടോ മാളുവമ്മേ... "
"ഒന്നുപോടാ. അതൊക്കെ ചിന്നു വന്നിട്ടാ ചെയ്യണേ. എന്നേയീ മുറ്റം ഇറങ്ങാൻ അവള് സമ്മതിക്കില്ല. അപ്പോഴാ തൊടിയിറങ്ങണെ ."
"എന്തോ ആയിക്കോട്ടെ. ആ പശുവിനെ കൊടുത്താലോന്നു ഒരു ആലോചന ഇല്ലാതില്ല."
മുറിയിലേക്ക് നടക്കുന്നതിനിടയിൽ അജു തുടർന്നു.
"തവിടും പിണ്ണക്കും കറവക്കാരന്റെ കൂലിയും എല്ലാം കൂടി പാല് വിറ്റു കിട്ടണ കാശിൽ നിൽക്കില്ല. പിന്നെന്തിനാ ഇങ്ങനൊരു അധിക ചിലവ് ?"
മാളുവമ്മ മുറിയുടെ വാതിലിൽ എത്തി.
"അത് മാത്രം കുട്ടാ, നീ ചിന്തിക്കണ്ട."
ബാഗ് തോളിൽ തൂക്കി അജു പുറത്തേക്ക് വന്നു.
"ഒരു ദിവസം രാവിലെ നോക്കുമ്പോൾ പശു തൊഴുത്തിൽ ഉണ്ടാവില്ല... നോക്കിക്കോ."
മുഖം വീർപ്പിച്ചു നിൽക്കുന്ന മാളുവമ്മയുടെ താടി പിടിച്ചു തിരുമി കൊണ്ട് അവൻ ചിരിച്ചു.
"പോട്ടേ മാളുവമ്മേ..."
"പോടാ"
മാളുവമ്മ കൈ തട്ടി മാറ്റി അവനെ അനുഗമിച്ചു ഉമ്മറം വരെ ചെന്നു. അവൻ പടിയിറങ്ങി പോകുന്നത് നോക്കി നിന്നു.
ഉൾ നാടൻ ഗ്രാമം ആണ്. ഒരുവിധം ആളുകളുടെ പ്രധാന ജോലി കൃഷി തന്നെയാണ്. അതുകൊണ്ട് തന്നെ ചുറ്റിനും വാഴയും തെങ്ങും കവുങ്ങും മാവും പ്ലാവും കുരുമുളകുമൊക്കെ തഴച്ചു വളർന്നു നിൽക്കുന്നു. എവിടെ നോക്കിയാലും നിറഞ്ഞ പച്ചപ്പ് !
മുൻവശത്തെ ചെമ്മൺ പാത പിന്നിട്ടു തട്ട്തട്ടായി കിടക്കുന്ന പറമ്പിന് നടുവിലെ വഴിയിലൂടെ താഴേക്കു നടക്കുമ്പോൾ കയ്യാലയുടെ മുകളിൽ നിന്നും "കുട്ടേട്ടാ... " എന്നുള്ള വിളി കേട്ടു.
ഒപ്പം ചിലങ്ക കിലുങ്ങുമ്പോലെ വെള്ളികൊലുസിന്റെ കിലുക്കവും. അജു നിന്നിട്ട് മുകളിലേക്ക് നോക്കി. മുകളിൽ വേലിക്കെട്ടുകൾക്കിടയിൽ ചന്ദ്രൻ ഉദിച്ചതു പോലെ രമ്യയുടെ മുഖം!
മഞ്ഞ പട്ടുപാവാടയും ചുവന്ന ബ്ലൗസും അവൾക്കു നന്നായി ഇണങ്ങുന്നു.
അച്ഛന്റെ ഒറ്റ പെങ്ങൾ വനജ അപ്പച്ചിയുടെ മകളാണ്. മാത്രമല്ല അമ്മയുടെ സഹോദരൻ വിജയൻ നായർ ആണ് അപ്പച്ചിയെ കല്യാണം ചെയ്തിരിക്കുന്നത്. അതൊരു മാറ്റ കല്യാണം ആയിരുന്നു.
രമ്യയെ 'ചിന്നു ' എന്നാണ് അടുത്ത് അറിയുന്നവർ വിളിക്കുന്നത്. രണ്ടു പ്രാവശ്യം പത്തിൽ ഭംഗിയായി തോറ്റു കൊടുത്തിട്ട് നടക്കുന്നു. ചെറുതിലെ എല്ലാവരും കൂടി രമ്യയെ അജുവിനെ കൊണ്ട് കെട്ടിക്കണമെന്നൊക്കെ പറഞ്ഞിട്ടുണ്ട്.
മുതിർന്നപ്പോൾ അവനാ 'ഇഷ്ടം' ഒന്നും ഇല്ലെങ്കിലും ആ ഒരു ചായവ് അവൾക്കും വീട്ടുകാർക്കും അവനോടു ഉണ്ട്. രമ്യയ്ക്ക് ഇളയത് ഒരു ആൺകുട്ടിയാണ്.
ചന്തു !
ഇപ്പോൾ പത്താം ക്ലാസ്സിലേക്ക് കയറിയിരിക്കുകയാണ് ചെക്കൻ. അജു വീട്ടിൽ ഇല്ലാത്തപ്പോൾ രമ്യ മാളുവമ്മക്ക് ഒരു കൂട്ടാണ്. അത് അവനു വലിയൊരു ആശ്വാസം കൂടിയാണ്.
"എന്താടി?"
അജു ചോദിച്ചു.
"ദേ...ഇതൊന്ന് പിടിച്ചേ...?"
ഒരു പേപ്പർ കഷ്ണം വേലിയ്ക്കിടയിലൂടെ അവൾ താഴേക്കു നീട്ടി .
"എന്താത് ?"
"പിടിക്ക് കുട്ടേട്ടാ... "
ഒന്ന് നോക്കിയിട്ട് അജു ഏന്തിയുയർന്ന് പേപ്പർ വാങ്ങി.
ചുവപ്പ് കുപ്പിവള.
കണ്മഷി.
ചാന്ത്.
എന്നിങ്ങനെ വരിയായി എഴുതിപിടിപ്പിച്ചിരിക്കുന്നു.
"ഇതെന്തിനാ എന്റെ കയ്യിൽ തരുന്നേ?" അവൻ സംശയത്തിൽ നോക്കി.
"കുട്ടേട്ടൻ തിരിച്ചു വരുമ്പോൾ വാങ്ങിട്ട് വരാൻ."
"നിനക്കെന്താടി വട്ടാ?" ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് അജു മുന്നോട്ടു നടന്നു.
"മനുഷ്യനിവിടെ ജീവൻമരണ പോരാട്ടം നടത്തുവാ... അപ്പോഴാ അവള്ടെ ഒരു കണ്മഷിം ചാന്തും. "
കയ്യാലക്ക് മുകളിലൂടെ രമ്യയും അവന്റെ ഒപ്പം നടന്നു.
"പ്ലീസ് കുട്ടേട്ടാ... വീട്ടിൽ ആ ചെക്കനോട് പറഞ്ഞാൽ കേൾക്കില്ല. അച്ഛനോട് പറയാൻ പറ്റില്ല. ചീത്ത വിളിക്കും. അമ്മയുടെ കാര്യം അറിയാലോ. പിന്നിതൊക്കെ ഞാൻ ആരോടാ പറയ്യാ."
സംസാരിച്ചു നടക്കുമ്പോൾ അവളുടെ കാതിലെ 'ലോലാക്ക്' ഉലയുന്നുണ്ടായിരുന്നു.
"ആരോട് വേണേലും പോയി പറഞ്ഞോ. എനിക്ക് പറ്റില്ല. എന്റെ കയ്യിൽ കാശില്ല." തോട് കടന്നു അജു കൊയ്ത്തൊഴിഞ്ഞു കിടക്കുന്ന വിശാലമായ വയൽ വരമ്പിലേക്ക് കയറി.
"കുട്ടേട്ടാ വാങ്ങിട്ട് വരോ?"
തോടിനോട് ചേർന്ന് അവസാനിക്കുന്ന പറമ്പിന്റെ അതിരിൽ നിന്നും രമ്യ ഉറക്കെ വിളിച്ചു ചോദിച്ചു.
"പോടീ അവിടുന്നു!"
തിരിഞ്ഞു നോക്കാതെ തിടുക്കത്തിൽ വരമ്പിലൂടെ നടക്കുന്ന അജുവിന്റെ ഒച്ച കേട്ടു സങ്കടത്തോടെ അവൾ വേലിക്കൽ നോക്കി നിന്നു. പിന്നെ അമർഷത്തോടെ മുഖം വെട്ടിതിരിച്ചു തിരിഞ്ഞു നടന്നു.
കിണറിന്റെ ഒരു വശത്ത് ചെറു കയർ വലിച്ചു കെട്ടിയ പന്തലിൽ പടർന്നു കിടക്കുന്ന നീളൻ പയർ പൊട്ടിച്ചെടുക്കുകയായിരുന്നു മാളുവമ്മ. രമ്യ വരുന്നത് കണ്ടു അവർ അവളെ നോക്കി ചിരിച്ചു:
"നിന്നെ കണ്ടില്ലല്ലോന്ന് ദേ...ഇപ്പോ വിചാരിച്ചിട്ടേയുള്ളൂ." മുഖം വീർപ്പിച്ചു അവൾ ചെന്ന് അടുക്കള തിണ്ണയിൽ ഇരുന്നു.
പയർ പൊട്ടിച്ചു വച്ച മുറവുമായി മാളുവമ്മ അവളുടെ അടുത്ത് ചെന്നിരുന്നു.
"എന്താ ചിന്നു. നീയെന്താ വല്ലാതെ?"
"ആ ചന്തു ഇന്നലെ പിടി കൂടി എന്റെ കുപ്പിവള മൊത്തം പൊട്ടി പോയി. ദേ വളയിടാത്ത കൈ എന്ത് വൃത്തികേടാന്ന് നോക്കിക്കേ. കണ്മഷി തീർന്നു. കരിയെഴുതാത്ത കണ്ണുകൾ അമ്മായി കണ്ടോ ? കുട്ടേട്ടനോട് ഒന്ന് വാങ്ങി വരാൻ പറഞ്ഞിട്ട് കേട്ട ഭാവം പോലും നടിച്ചില്ല. അല്ലെങ്കിലും കുട്ടേട്ടന് ഇപ്പോൾ എന്നെ കണ്ണെടുത്താൽ കണ്ടുടാ. "
രമ്യ ഏങ്ങി. അതു കേട്ടു മാളുവമ്മയ്ക്ക് ചിരി വന്നു.
"എന്റെ കൊച്ചേ, രാവിലെ അടുക്കള സാധനം വാങ്ങാൻ ഞാനൊരു ലിസ്റ്റ് കൊടുത്തു വിട്ടിട്ടുണ്ടാരുന്നു. അതിന്റെ പേരിൽ എന്നോട് ശുൺടിയെടുത്താ കുട്ടൻ ഇവിടുന്നു ഇറങ്ങിയേ. ആ ദേഷ്യത്തിൽ പറഞ്ഞതാടി. അതിനു നീയിങ്ങനെ വിഷമിച്ചാലോ? നിനക്ക് വളയും പൊട്ടുമൊക്കെ അമ്മായി വാങ്ങിത്തരാം."
രമ്യയുടെ മുഖം തെളിഞ്ഞു.
"നീ വല്ലോം കഴിച്ചാരുന്നോ? വാ അമ്മായി കാപ്പി തരാം." മുറവുമായി മാളുവമ്മ എണീറ്റു.
"കഴിച്ചതാ. എന്നാലും അമ്മായീടെ കയ്യീന്ന് എന്തേലും കഴിച്ചില്ലേ ഒരു സുഖവും തോന്നില്ല." ചിരിയോടെ രമ്യ എണീറ്റു മാളുവമ്മയുടെ പിന്നാലെ അകത്തേക്ക് നടന്നു.
ഇരുവരും ചേർന്ന് ഉച്ചയൂണ് തയ്യാറാക്കുമ്പോൾ പുറത്തു പോസ്റ്റ് മാന്റെ സൈക്കിൾ ബെൽ മുഴങ്ങി കേട്ടു. തുടർന്നു "മാളുവമ്മേ..." എന്ന വിളിയും.
രണ്ടുപേരും മുൻവശത്തെ വരാന്തയിലേക്ക് ചെന്നു.
"അജുവിനു ഒരു രജിസ്റ്റാർഡ് ഉണ്ട്. എവിടെ അവൻ ?"
"കുട്ടൻ കടയിലേക്ക് പോയല്ലോ രമേശാ. എന്താ അത് ?"
"ജോലിയുടെ പേപ്പർ ആണെന്ന് തോന്നുന്നു. അവനെ ഞാൻ കടയിൽ പോയി കണ്ടോളാം." പറഞ്ഞിട്ട് പോസ്റ്റുമാൻ പോയി.
"കുട്ടേട്ടന് ജോലി ആയിട്ടുണ്ടാവോ അമ്മായി?" മിഴികൾ വിടർത്തി രമ്യ നോക്കി.
"എന്റെ തേവരേ..." മാളുവമ്മ മുകളിലേക്ക് നോക്കി കൈകൾ കൂപ്പി:
"ഇക്കുറിയെങ്കിലും അതൊന്നു നടന്നു കിട്ടിയാൽ മതിയായിരുന്നു. കുട്ടന്റെ ജോലി റെഡി ആയിട്ട് വേണം നിന്നെ ഇങ്ങട് കൂട്ടാൻ... "
പയർ അരിയുന്നതിനിടയിൽ മാളുവമ്മ പറഞ്ഞു.
"കുട്ടന്റെ അച്ഛൻ മരിക്കും വരെ പറയുമായിരുന്നു നിന്നെ അവനെ കൊണ്ടു കെട്ടിക്കണംന്ന്. സ്ഥിരായിട്ട് അവനൊരു ജോലി ആവാൻ കാത്തിരിക്കുവാ ഞാൻ. നീ വന്നാൽ എനിക്കെവിടെലും നടു നീർക്കാലോ. "
വറുത്തെടുത്ത മുളകും മല്ലിയും കല്ലിൽ അരക്കുന്നതിനിടയിൽ രമ്യ നാണത്തിൽ ചിരിച്ചു. പിന്നെ തുടർന്നു.
"എനിക്ക് അമ്മായീടെ അടുത്ത് വരാനാ ഇഷ്ടം. പക്ഷെ കല്യാണത്തിനൊക്കെ കുട്ടേട്ടൻ സമ്മതിക്കോ. ഇപ്പോ പണ്ടത്തെ പോലൊന്നുമല്ല. ആളാകെ മാറീട്ടുണ്ട്. എന്നെ ഒട്ടും ഇഷ്ടംല്ലാത്ത പോലാ സംസാരിക്കുന്നതും പെരുമാറുന്നതുമൊക്കെ."
മാളുവമ്മ മുഖം ഉയർത്തി:
"അതൊക്കെ ഞാൻ നോക്കിക്കോളാം. നീ വിഷമിക്കണ്ട. കുട്ടനൊരു കല്യാണം ഉണ്ടെങ്കിൽ പെണ്ണ് നീയായിരിക്കും. അത് പണ്ടേ ഉറപ്പിച്ചതാ." അരച്ചെടുത്ത മീന്റെ അരപ്പു ചട്ടിയിൽ കലക്കിയെടുത്തു കറിവേപ്പും പച്ചമുളകും തക്കാളിയും ചേർത്ത് അടുപ്പിൽ വച്ചു. നനഞ്ഞ കൈ തുടച്ചു രമ്യ മാളുവമ്മയുടെ അടുത്തേക്ക് വന്നു:
"ഇനി അമ്മായി എണീറ്റോ. ബാക്കി ഞാൻ അരിയാം."
"വേണ്ട കുട്ടി. നീയാ ഫോണെടുത്തു കുട്ടനെ ഒന്നു വിളിക്കു. വിവരം അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ല. "
രമ്യ ലാൻഡ് ഫോണിന്റെ അടുത്തേക്ക് ചെന്നപ്പോൾ ഫോൺ ബെൽ മുഴങ്ങി. റിസീവർ എടുത്തു ചെവിയോട് ചേർത്തപ്പോൾ മറുതലക്കൽ നിന്നും അജുവിന്റെ ശബ്ദം കേട്ടു.
"കുട്ടേട്ടാ ഞാനാ ചിന്നുവാ. അമ്മായി പറഞ്ഞിട്ട് അങ്ങോട്ട് വിളിക്കാൻ തുടങ്ങുവാരുന്നു"
"അമ്മയെവിടെ. നീ ഫോൺ അമ്മയ്ക്ക് കൊടുത്തേ. "
"ദേ ഇപ്പോ കൊടുക്കാം. " റിസീവർ മേശമേൽ വച്ചിട്ട് അവൾ അടുക്കളയിലേക്ക് ഓടി മാളുവമ്മയെ വിളിച്ചു കൊണ്ട് വന്നു.
"കുട്ടാ രമേശൻ അവിടെ വന്നോ മോനെ?" മാളുവമ്മ ചോദിച്ചു.
"വന്നമ്മേ. ഒരു സന്തോഷവാർത്തയുണ്ട്. അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടി. തിരുവനന്തപുരത്തേക്കാ പോസ്റ്റ്. ബ്ലോക്ക് പ്ലാനിങ് ഓഫീസർ ആയിട്ട്. "
"ന്റെ തേവരേ... "
മാളുവമ്മ നെഞ്ചിൽ കൈ ചേർത്തു. സന്തോഷതള്ളലിൽ അവരുടെ കണ്ണുകൾ നനഞ്ഞു.
"ബാക്കിയൊക്കെ വന്നിട്ട് സംസാരിക്കാം. ഞാൻ ഇന്നിത്തിരി ലേറ്റാവും. ഉച്ച കഴിഞ്ഞു ജോണേട്ടനൊപ്പം എറണാകുളം വരെ പോണം." അജു ഫോൺ വച്ചു.
"എന്താ അമ്മായി. കുട്ടേട്ടൻ എന്താ പറഞ്ഞേ?" ജിജ്ഞാസയോടെ രമ്യ ചോദിച്ചു.
"അവന്റെ ജോലി ശരിയായി കുട്ടി. തേവര് ഒടുവിൽ കനിഞ്ഞു. "
രമ്യ നീണ്ട മിഴികൾ വിടർത്തി:
"എനിക്കറിയാരുന്നു ഇക്കുറി കുട്ടേട്ടന്റെ ജോലി ശരിയാവുംന്ന്. ഞാൻ ശിവന് ചുറ്റുവിളക്ക് നേർന്നിട്ടുണ്ടാരുന്നു." ആഹ്ലാദത്തോടെ അവൾ പറഞ്ഞു.
അജു എത്തിയപ്പോൾ ഇരുട്ട് വീണിരുന്നു. അവൻ പടികയറി വരുമ്പോൾ മാളുവമ്മയും രമ്യയും ഉമ്മറത്തുണ്ട്.
"ഇവളിതുവരെ പോയില്ലേ ?"
സാധനങ്ങൾ നിറഞ്ഞ കവർ അമ്മയെ ഏല്പിക്കുന്നതിനിടയിൽ അജു ചോദിച്ചു.
"നീ വരാൻ വൈകുംന്ന് പറഞ്ഞത് കൊണ്ട് എനിക്ക് കൂട്ടിരുന്നതാ അവള്. വേഷം മാറ്റിട്ട് ഒന്ന് കൊണ്ടാക്കീട്ട് വാ. "
"അമ്മയെന്തിനാ ഇത്ര ഇരുട്ടും വരെ ഇവളെ ഇവിടെ പിടിച്ചു നിർത്തിയെ. വൈകിയാലും ഞാനിങ്ങുവരില്ലേ. പിന്നെന്താ ?"
മുഖം ചുളിച്ചു കൊണ്ട് അജു അകത്തേക്ക് കയറി പോയി.
"എന്നെ ആരും കൊണ്ടാക്കണ്ട. എനിക്കറിയാം വന്നത് പോലെ തിരികെ പോവാൻ."
രമ്യ ശുണ്ഠിയിൽ പറഞ്ഞു.
"പിന്നെന്തിനാ നില്കുന്നെ. പൊയ്ക്കൂടേ." അകത്തു നിന്നും അജുവിന്റെ ഒച്ച കേട്ടു.
"അമ്മായി ഞാൻ പോകുവാ." മാളുവമ്മയോട് പറഞ്ഞിട്ട് അവൾ വെട്ടിതിരിഞ്ഞു പുറത്തേക്കു നടന്നു.
മാളുവമ്മ പിന്നാലെ ചെന്നു:
"നിൽക്കു കുട്ടി. ഇരുട്ടത്ത് തനിച്ചു പോവണ്ട. അവൻ കൊണ്ടാക്കും. "
പടിക്കൽ ചെന്നിട്ടു രമ്യ തിരിഞ്ഞു നിന്നു: "വേണ്ട. ഇഷ്ടല്ലാത്തവരൊന്നും കൂട്ട് വരണ്ട. എന്നെ ആരും പിടിച്ചു തിന്നാനൊന്നും പോവുന്നില്ല."
അപ്പോഴേക്കും വേഷം മാറി ടോർച്ചുമെടുത്ത് അജു ഇറങ്ങി വന്നു.
"ചിലക്കാതെ പോടീ... " മുരണ്ടു കൊണ്ട് ടോർച്ചു തെളിച്ചു അവൻ പിന്നാലെ ചെന്നു. അത് കണ്ടു മാളുവമ്മയ്ക്ക് ചിരി വന്നു. ദേഷ്യത്തോടെ ചവിട്ടി കുലുക്കി രമ്യ മുന്നിൽ നടന്നു.
"അല്ലെങ്കിലും എനിക്കറിയാം. കുട്ടേട്ടന് എന്നോടിപ്പോ ഒട്ടും ഇഷ്ടമില്ല. കാണുന്നത് തന്നെ കലിയാ. ഇത്ര വെറുക്കാനും മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ. വേറേതോ സുന്ദരി കോതയെ കണ്ടു വച്ചിട്ടുണ്ടാവും. അതു കൊണ്ടാണോ എന്നോടിങ്ങനെ?" മുന്നിൽ നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ രമ്യ പറയുകയാണ്.
"അതേടി. ഞാൻ രാവിലെ ഉടുത്തു കെട്ടിയൊരുങ്ങി ഇറങ്ങുന്നത് അതിനല്ലേ. ഓരോ ദിവസവും ഓരോ പെണ്ണുങ്ങളുടെ കൂടെ കറങ്ങുവാ. നിനക്കെന്താ ചേതം."
രമ്യ മിണ്ടിയില്ല. അജു തുടർന്നു.
"ഓരോ ദിവസം ഓരോ പ്രശ്നങ്ങളാ. മനുഷ്യനിവിടെ കിടന്നു നട്ടം തിരിയുവാ. അപ്പോഴാ അവള്ടെ ഒരു പ്രേമം. മണ്ണാങ്കട്ട."
അപ്പോൾ എതിരെ ഒരു ടോർച്ചു വെളിച്ചം വരുന്നത് കണ്ടു. ചന്തുവാണ്. കാണാഞ്ഞിട്ടു രമ്യയെ തിരിഞ്ഞു ഇറങ്ങിയതാണ് ചെക്കൻ. അവരെ കണ്ടു അവൻ നിന്നു :
"നിനക്കിന്നു കിട്ടും. അങ്ങോട്ട് വാ."
"കിട്ടുന്നത് ഞാൻ വാങ്ങിച്ചോളാം. നീ നിന്റെ കാര്യം നോക്കി പോടാ." രമ്യ ചീറി. ഉള്ളിലെ രോക്ഷവും സങ്കടവുമൊക്കെ അവളുടെ വാക്കുകളിൽ നിറഞ്ഞു. അതു കേട്ടു അജുവിനു ചിരി വന്നു.
"നീ പോടീ...അലവലാതി!"
"അലവലാതി നിന്റെ...... ഞാനങ്ങു വരട്ടെ. ഇന്ന് നിന്റെ അവസാനം ആണ്."
"അതിന് മുന്നേ നിന്നെ ഞാൻ തീർക്കും."
ഒച്ച വച്ചു കൊണ്ട് ചന്തു തിരിഞ്ഞോടി. അജു ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു.
"എന്നോടുള്ള ദേഷ്യം ആ പാവം ചെറുക്കനോട് തീർക്കണ്ട."
"എനിക്കാരോടും ദേഷ്യം ഒന്നുമില്ല" എടുത്തടിച്ച പോലെ മറുപടി.
"ആ ഒച്ച കേട്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. "
"അപ്പോൾ എന്റെ ഒച്ച കേട്ടാൽ മനസിലാവും അല്ലെ. എന്റെ മനസ്സ് മാത്രം ആണ് മനസിലാവാത്തേ. അല്ലേ? "
"തുടങ്ങി." അജു പിറുപിറുത്തു.
"എന്റെ ഇഷ്ടം മനസിലാക്കാൻ നല്ലൊരു ഹൃദയം വേണം. കുട്ടേട്ടന് അതില്ല. "
"നിനക്ക് വട്ടാ. "
"അതെ. അതുകൊണ്ടാണല്ലോ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ പിന്നാലെ വരുന്നത്. എനിക്ക് വട്ട് തന്നെയാ."
"എടി നമ്മൾ രണ്ടും ഒരമ്മയുടെ വയറ്റിൽ പിറന്ന സഹോദരങ്ങളുടെ മക്കളാ. ബ്ലഡ് റിലേഷൻ. അതായത് എനിക്ക് നീ എന്റെ അനുജത്തിയാ. അത് നീ ആദ്യം മനസ്സിലാക്ക്. "
"എന്നിട്ടാ അച്ഛനും അമ്മായിമൊക്കെ ചേർന്ന് കുഞ്ഞിലേ തന്നെ നമ്മുടെ കല്യാണം ഉറപ്പിച്ചു വച്ചേക്കുന്നേ. അവർക്കും വട്ടാണന്നാണോ പറഞ്ഞു വരുന്നേ."
"അവരൊക്കെ പണ്ട് പറഞ്ഞ തമാശയൊക്കെ ഇപ്പോഴും മനസ്സിൽ വച്ചോണ്ട് നടക്കുന്ന നിന്നെ തെരണ്ടി വാല് കൊണ്ട് അടിക്കണം."
"പണ്ട് മാത്രം അല്ല. ഇപ്പോഴും പറയുന്നുണ്ട്."
"ഞാൻ കേട്ടില്ല."
"കേൾക്കില്ല"
"ഞാൻ നിന്നെ പോലെ ജോലിയും കൂലിയും ഇല്ലാതെ പൈങ്കിളി നോവലും വായിച്ചു സീരിയലും കണ്ടു വീട്ടിൽ കുത്തിയിരിക്കുവല്ല അവരൊക്കെ പറയുന്ന തമാശ കേൾക്കാൻ." അജുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.
അവന്റെ ഒച്ച മാറുന്നത് കേട്ട് അവൾ പിറുപിറുത്തു.
"ഞാൻ എന്തേലും പറഞ്ഞാൽ അപ്പോ ദേഷ്യം വരും "
"മിണ്ടാതെ നടന്നോ. ഇല്ലെങ്കിൽ ഞാനിപ്പോ എടുത്തു തോട്ടിൽ കളയും." അവൻ മുരണ്ടു.
അജുവും രമ്യയും ഒതുക്ക് കയറി ചെല്ലുമ്പോൾ വിജയൻ നായരും വനജയും ഉമ്മറ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. ചൂട് കട്ടൻ ഊതി കുടിക്കുകയായിരുന്നു അയാൾ.
കൃഷി തന്നെയാണ് വിജയൻ നായരുടെയും ജോലി. കുറച്ചു പറമ്പുണ്ട്. എല്ലാതരം പച്ചക്കറികളും വിളയിച്ചു എടുത്തിട്ടുണ്ട്. പാടത്തു നെല്ല് കൃഷി ചെയുന്നുണ്ട്. പിന്നെ നാലഞ്ചു പശുക്കളും.
"വാ കുട്ടാ... ഇരിക്ക്." വിജയൻ നായർ ഒന്നുലഞ്ഞിരുന്നു:
"ഇവളെ കാണാഞ്ഞിട്ടാ ചെക്കനെ അങ്ങോട്ട് വിട്ടത്. അവനിങ്ങു വിളിച്ചോണ്ട് വരുമായിരുന്നല്ലോ."
"അത് സാരമില്ല അമ്മാവാ. എന്തായാലും ഞാനിങ്ങോട്ട് വരാനിരുന്നതാ." രമ്യ നേരെ അകത്തേക്ക് കയറി പോയി.
അജു തിണ്ണയിൽ ഇരുന്നു.
"ഞാൻ കാപ്പിയെടുക്കാം. " വനജ എണീറ്റു.
"വേണ്ട അപ്പച്ചി. ഇരിക്കുന്നില്ല. പോകുവാ. ഞാൻ ഒരു കാര്യം പറയാൻ വന്നതാ. "
വിജയൻ നായരും വനജയും തങ്ങളിൽ ഒന്ന് നോക്കി.
"എന്താ ?"
വിജയൻ നായർ ചോദിച്ചു.
"എന്റെ ജോലി ശരിയായിട്ടുണ്ട് . തിരുവനന്തപുരത്തേക്കാ ആദ്യ പോസ്റ്റ്. ബ്ലോക്ക് ഓഫിസിൽ."
നെഞ്ചിൽ കൈ വച്ചു വനജ ഒന്ന് നിശ്വസിച്ചു. ആഹ്ലാദം തുളുമ്പുന്ന മുഖത്തോടെ വിജയൻ നായർ നോക്കി.
"ഞാനങ്ങു പോയി കഴിഞ്ഞാൽ വീട്ടിൽ അമ്മ തനിച്ചാവും. അതാ ഒരു വിഷമം."
"അതിനെന്താ മോനെ. നാത്തൂനെ ഞങ്ങളിങ്ങു കൊണ്ട് പോരാം. അല്ലെ വിജയേട്ടാ." വനജ പറഞ്ഞു.
വിജയൻ നായർ തുടർന്നു: "നീ ധൈര്യമായിട്ട് പോയി വാ. ഓപ്പോളേ ഞങ്ങൾ നോക്കിക്കോളാം. "
"എങ്കിൽ ഞാൻ ഇറങ്ങുവാ. ജോലി കഴിഞ്ഞു വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. വേഷം മാറി നേരെ ഇങ്ങോട്ട് പോരുവാരുന്നു. ചെന്നിട്ടു കുളിക്കണം.എന്തേലും കഴിക്കണം. "
അജു എണീറ്റു. വിജയൻ നായർ പടിക്കൽ വരെ കൂടെ ചെന്നു:
"നാളെ ഞങ്ങൾ അങ്ങോട്ടു വരാം. "
"ശരി."
ടോർച്ചു തെളിയിച്ചു അജു ഒതുക്കിറങ്ങി.
"എന്റെ പ്രാർത്ഥന തേവര് കേട്ടു."
വിജയൻ നായർ തിരികെ തിണ്ണയിൽ വന്നിരിക്കുമ്പോൾ വനജ പറഞ്ഞു.
"സർക്കാർ ജോലി ആയല്ലോ. ഇനി നാത്തൂനോട് സംസാരിച്ചു ചിന്നുന്റേം കുട്ടന്റെയും കല്യാണം നിശ്ചയിക്കണം വിജയേട്ടാ. ഇനിയും വെച്ചു താമസിപ്പിക്കരുത്. ഇത്രയും ദൂരം പോയി താമസിക്കുന്നതാ. കൊത്തി കൊണ്ട് പോവാൻ പലരും കൂടും."
വിജയൻ നായർ ഒന്ന് മൂളി. പിന്നെ ഭിത്തിയിലേക്ക് ചാഞ്ഞിരുന്നു.
"ജപ്തി ആയപ്പോൾ നിന്റെ ഏട്ടൻ മുൻപിൻ നോക്കാതെ ഒരു മുഴം കയറിൽ ജീവനൊടുക്കി. സകല ഓഫീസിലും കയറിയിറങ്ങി അവനാ ജപ്തി ഒഴിവാക്കിയെടുത്തു. പുറത്തെ കടം വീട്ടി. ഓപ്പോളേ അല്ലലില്ലാതെ നോക്കുന്നു. ഇപ്പോ സർക്കാർ ജോലി ആയി.കുട്ടൻ മിടുക്കനാടി. അവന്റെ കയ്യിൽ അല്ലാതെ വേറെ ആർക്കാടി ധൈര്യത്തോടെ നമ്മുടെ മോളെ പിടിച്ചു കൊടുക്കാൻ പറ്റുന്നെ... "
പറഞ്ഞു തീരുമ്പോഴേക്കും വിജയൻ നായരുടെ കണ്ണ് നനഞ്ഞു.
അകത്തെ വാതിൽ മറഞ്ഞു നിന്നു പുറത്തെ സംസാരം ശ്രദ്ധിക്കുകയായിരുന്നു രമ്യ. ചിരിയോടെ അവൾ മുറിയിലേക്ക് ഓടി. കിടക്കയിൽ ചെന്നു വീണു. തലയിണയിൽ മുഖം ചേർത്തു വച്ചു. നാണത്തിൽ പൊതിഞ്ഞ ഒരു ചിരി വിരിഞ്ഞു. മനസ്സിൽ ഒരു മുല്ലപ്പന്തൽ തെളിഞ്ഞു വരികയാണ്. ഒപ്പം നാദസ്വര മേളവും !
(തുടരും )
