ഭാഗം - 17
കല്യാണക്കുറി കിട്ടിയപ്പോൾ വനജ, വിജയൻ നായരോട് പറഞ്ഞു.
"വിജയേട്ടാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ആരൊക്കെ വേണമെങ്കിലും വന്നോട്ടെ. പക്ഷെ നിങ്ങളുടെ ഓപ്പോളോ, അവരുടെ മോനോ ഇതിനകത്ത് കയറാൻ പാടില്ല. "
"അതെന്തു തോന്നിവാസമാടി നീയീ പറയുന്നേ...? "
"തോന്നിവാസമല്ല ഇതെന്റെയൊരു വാശിയാണെന്ന് കൂട്ടിക്കോ.... "
വിജയൻ നായരുടെ നിയന്ത്രണം വിട്ടു:
"വനജേ... നീ പറയുന്നതൊക്കെ കേൾക്കുന്നത് കൊണ്ട് ഞാൻ നിന്റെ അടിമയാണെന്ന് വിചാരിക്കരുത്. എന്റെ ഓപ്പോള് കല്യാണത്തിന് വരുന്നത് കൊണ്ട് നിനക്കെന്താടി വേദന. നിന്റെ നെഞ്ചത്ത് ചവിട്ടിയാണോ അവരീ വീട്ടിൽ കയറുന്നേ. ആണോ ? "
"നിങ്ങള് ഇത്ര പെട്ടന്ന് എല്ലാം മറന്നോ മനുഷ്യ..... "
അവർ കണ്ണ് മിഴിച്ചു.
"ചോദിക്കുന്ന കേട്ടില്ലേ എന്ത് ചെയ്തെന്ന്. അവന്റെ വായിലിരിക്കുന്ന മൊത്തം കേട്ട് കരഞ്ഞു കൊണ്ടു ആ വീടിന്റെ പടിയിറങ്ങിയതും കറിവേപ്പില പോലെ നമ്മുടെ കൊച്ചിനെ വലിച്ചെറിഞ്ഞതുമൊന്നും നിങ്ങൾക്ക് ഓർമയില്ല അല്ലേ. എങ്ങനെ ഇതൊക്കെ നിങ്ങൾക്ക് മറക്കാൻ പറ്റുന്നു. "
"ചിന്നുവിനെ കുട്ടൻ വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും അവൻ പറഞ്ഞിട്ടുണ്ട്. അത് നീ കേട്ടില്ലേ ? "
"അവനാ പറഞ്ഞത് നിങ്ങളങ്ങ് കണ്ണടച്ച് വിശ്വസിച്ചോ. കൊള്ളാം നന്നായിട്ടുണ്ട്. "
"വേറെന്തെങ്കിലും കാരണം കൊണ്ടാണെങ്കിൽ തന്നെ ഓപ്പോളെന്തു പിഴച്ചു. ആ ഉള്ളു നീറുന്നത് എനിക്കറിയാം. നിനക്കതു കാണാൻ പറ്റില്ല. കാരണം നിന്റെ കണ്ണിൽ തിമിരം ബാധിച്ചിരിക്കയാ. ശത്രുതയുടെ തിമിരം. "
"അതെ. ആ അമ്മയും മോനും എന്റെ ശത്രുക്കളാ. . എനിക്ക് ജീവനുള്ളിടത്തോളം കാലം ആ വീടുമായി ഒരു ബന്ധവുമില്ല. അവരിവിടെ വരുന്നത് എനിക്കിഷ്ടവുമല്ല."
"ഇവിടെ ആരൊക്കെ വരണമെന്ന് തീരുമാനിക്കുന്നത് നീയല്ല. ഞാനാ. ചിന്നുവിന്റെ കല്യാണത്തിന് അവരിവിടെ വരികയും ചെയ്യും എല്ലാറ്റിനും മുൻപന്തിയിൽ നിർത്തുകയും ചെയ്യും. നിനക്ക് സൗകര്യമുണ്ടെങ്കിൽ കൂടിയാൽ മതി. ഇല്ലെങ്കിൽ ഇറങ്ങി പൊയ്ക്കോണം എങ്ങോട്ടെങ്കിലും..... "
വനജ അരിശത്തോടെ ചാടിയെണീറ്റു :
"ആരെ വേണേലും നിങ്ങള് വിളിച്ചു കയറ്റിക്കോ . ആ ചെറുക്കനെ കൂടി കൊണ്ടു വന്നു പെണ്ണിന്റെ മുന്നിൽ പ്രതിഷ്ഠിക്ക്. അവസാനം അവനെ കണ്ടിട്ട് പെണ്ണ് വീണ്ടും കൊണം തിരിഞ്ഞു നിന്നാൽ പിന്നെ വനജേ കിനജേന്ന് വിളിച്ചോണ്ട് എന്റടുത്തോട്ട് വന്നേക്കരുത്."
അവർ മുഖം വെട്ടിതിരിച്ചു അകത്തേയ്ക്ക് കയറി പോയി.
കല്യാണത്തിന് ക്ഷണിക്കാൻ വടക്കേപ്പാട്ടേക്ക് വിജയൻ നായർ ഒറ്റയ്ക്കാണ് പോയത്. എത്ര നിർബന്ധിച്ചിട്ടും കൂടെ ചെല്ലാൻ വനജ കൂട്ടാക്കിയില്ല.
"അവരെ ഇങ്ങോട്ട് കെട്ടി എടുക്കാഞ്ഞിട്ട് എനിക്ക് യാതൊരു സമാധാനകേടുമില്ല. നിങ്ങൾക്കല്ലേ ഉറക്കം വരാത്തത്. തനിയെ പോയങ്ങ് ക്ഷണിച്ചോണ്ടേച്ചാൽ മതി. ഒരു പുന്നാര ആങ്ങളയും പെങ്ങളും. എന്നാൽ അങ്ങോട്ട് കാണിക്കുന്നതിന്റെ പാതി സ്നേഹമെങ്കിലും തിരിച്ചിങ്ങോട്ടുണ്ടോ. അതില്ല. "
വിജയൻ നായർക്ക് മറുപടിയില്ല.
അപ്പോൾ അവർക്ക് മുന്നിലൂടെ കുളിക്കാനുള്ള തുണിയുമായി രമ്യ പിന്മുറ്റത്തേയ്ക്ക് ഇറങ്ങി പോയി. ഇരുവരും സംസാരിക്കുന്നത് എന്താണെന്ന് പോലും കേൾക്കാൻ നിൽക്കാതെ അവൾ പോകുന്നത് കണ്ടു വിജയൻ നായർ വനജയെ കൂർപ്പിച്ച് ഒന്ന് നോക്കി. പിന്നെ പുറത്തേക്കിറങ്ങി പോയി.
വടക്കേപ്പാട്ട് നിന്നും വന്നതിനു ശേഷം രമ്യയുടെ പെരുമാറ്റത്തിൽ ആകെയൊരു മാറ്റം വനജ ശ്രദ്ധിച്ചിരുന്നു. ആരോടും അധികം മിണ്ടാട്ടമില്ല. എന്തെങ്കിലും ചോദിച്ചാൽ ഒറ്റ വാക്കിലോ ഒരു മൂളലിലോ മറുപടി ഒതുക്കും.
വനജയ്ക്ക് എന്തോ ഒരു പന്തികേട് മണത്തു തുടങ്ങിയിരുന്നു. അവർ അടുക്കള വാതിൽക്കലേക്ക് ചെന്നു. രമ്യ വരാന്തയിൽ നിന്ന് മുടിയിൽ എണ്ണ തേക്കുന്നു. അതും യാന്ത്രികമായി.
"എന്താടി? "
മുടി ചുറ്റി കെട്ടി വച്ചു കൊണ്ട് അവൾ നോക്കി.
"എന്ത് ? "
"നിന്റെ ഉള്ളിലെന്താണെന്നാ ചോദിച്ചേ? "
അര പ്ളേസിന്റെ മുകളിൽ വച്ചിരുന്ന തുണികൾ എടുക്കുന്നതിനിടയിൽ അവൾ മറുപടി പറഞ്ഞു.
"ചത്തു പോയ ഒരാളുടെ ഉള്ളിലെന്താണെന്ന് ഞാൻ പറഞ്ഞു തരണോ? "
കുളിമുറിയിലേക്ക് നടന്നു പോകുന്ന മകളെ ഒന്നും മനസിലാവാതെ താടിക്ക് കൈ കൊടുത്തു വനജ നോക്കി നിന്നു.
"പ്രണയ സൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം.....
ഹൃദയ സങ്കീർത്തനങ്ങൾ ശ്രുതി പകർന്ന കാലം....
അറിയാതെ നിന്നെ അറിയുമ്പോൾ
അനുരാഗമെന്നുമൊഴിയുമ്പോൾ
അകലങ്ങൾ പോലും അരികേ....."
അജു പാടി നിർത്തിയപ്പോൾ കാതിൽ ഗൗരിയുടെ ഒച്ച കേട്ടു.
"ശ്ശോ നിർത്തിയോ. ഒന്ന് സുഖിച്ചു വരുവായിരുന്നു...."
"കൂടുതൽ സുഖിച്ചാലെ കുഴപ്പമാ.... ഇന്നിത്രയും മതി. "
"ഉറങ്ങാൻ പോകുവാണോ ? "
"നമ്മളിങ്ങനെ ചളി അടിച്ചിരിക്കുമ്പോൾ ടൈം പോകുന്നത് പോലും അറിയുന്നില്ലടോ. എത്ര ദിവസമായി നന്നായിട്ടൊന്ന് ഉറങ്ങിയിട്ട് ഓഫീസിൽ പോയിരുന്നു ഉറക്കം തൂങ്ങുവാന്നേ...."
"എങ്കിൽ പൊയ്ക്കോ..." ഗൗരിയുടെ പിണങ്ങിയ സ്വരം.
"കാര്യായിട്ടാ? "
"ആ. "
"അങ്ങനിപ്പോ പോണില്ല. "
"എനിക്കറിയാലോ ചെറുക്കൻ പോവില്ലന്ന്." അവൾ കുണുങ്ങി ചിരിക്കുന്നു.
"നീ എന്നെയൊരു അദ്രശ്യ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുവല്ലേ ? "
"പൊട്ടിച്ചോടാൻ തോന്നുന്നുണ്ടോ? "
അവൾ കുസൃതിയോടെ ചോദിച്ചു.
"നിന്നെയും എടുത്തോണ്ടോടാൻ തോന്നുന്നുണ്ട്." അത് കേട്ട് ഗൗരിയ്ക്ക് ചിരി പൊട്ടി.
" പതുക്കെ ചിരിക്കടോ . തന്റെ അമ്മ കേൾക്കും. " അജു ഓർമിപ്പിച്ചു.
" ഓ അമ്മ കട്ടില് കണ്ടാൽ അപ്പോ തന്നെ ഉറങ്ങും."
" പാവം..... ആന്റിയെങ്കിലും സുഖമായി ഉറങ്ങിക്കോട്ടെ....ഇടിയൻ തമ്പി ഈ ആഴ്ച വരോ? "
" വരുമായിരിക്കും...ഇടിയൻ ചുടുകട്ടയ്ക്ക് ഇടിയും കൊണ്ട് പോയതല്ലേ...." ഗൗരി രസിച്ചു ചിരിക്കുന്നു.
"അക്കാര്യമെന്താ തമ്പി ആന്റിയോട് പറയാഞ്ഞേ? "
"നാണക്കേടല്ലേ.... അമ്മയുടെ മുന്നിൽ ഭയങ്കര ഹീറോ ചമഞ്ഞല്ലേ നടക്കുന്നെ. അപ്പോൾ പിന്നെ ഇങ്ങോട്ട് വാങ്ങിച്ചു കെട്ടുന്ന കാര്യം പറയോ ? "
" പുള്ളിക്കാരൻ ഒരു കോമഡിയായിട്ട് വന്നിട്ടുണ്ട് ഇപ്പോൾ.... ശരിക്കും ഈ തമ്പിയെങ്ങനെയാ നിങ്ങളുടെ ലൈഫിലേക്ക് വന്നേ ? "
"ഒരിക്കൽ അയാൾക്ക് എന്തോ ഒരു ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റായ സമയം. അമ്മയായിരുന്നു കൂടുതലും അയാളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. അങ്ങനെ പരിചയപ്പെട്ടതാ. പിന്നീട് ആ ബന്ധം വളർന്നു കല്യാണം വരെ എത്തി. അമ്മയെ കുറ്റം പറയാൻ ഒക്കില്ല.... അന്നത്തെ സിറ്റുവേഷൻ അങ്ങനെ ആയിരുന്നു.
അച്ഛൻ മരിച്ചു. ബന്ധുക്കൾ ആരും കൂട്ടിനില്ലാതെ ഒരു പെൺകുഞ്ഞുമായി സുന്ദരിയായൊരു സ്ത്രീ തനിച്ചു താമസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട്. അത് അനുഭവിച്ചാലെ മനസിലാവൂ. അമ്മ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്.
ആദ്യമൊന്നും അയാളുടെ കാരക്റ്റർ ഇങ്ങനൊന്നുമായിരുന്നില്ല. എന്നെയും അമ്മയേയും ഒരുപാട് ഇഷ്ടമായിരുന്നു. അന്നയാൾ ഇവിടെ അടുത്ത സ്റ്റേഷനിലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഫുൾ ടൈം ഞങ്ങളുടെ ഒപ്പം തന്നെ കാണും . മിക്ക ദിവസങ്ങളിലും കറങ്ങാൻ കൊണ്ട് പോകും . പുറത്തുന്ന് ഭക്ഷണം കഴിക്കും. സിനിമ കാണും..... ഇപ്പോൾ പിന്നെ....."
ഗൗരി ഇടയ്ക്ക് നിർത്തി. പിന്നെ തുടർന്നു.
"എന്റെ ചില കൂട്ടുകാരികളൊക്കെ വീട്ടുകാരുമായി ഓരോ ട്രിപ്പൊക്കെ അടിച്ചു പൊളിച്ചു വന്നിട്ട് അവരുടെ എക്സ്പീരിയൻസ് പറയുമ്പോൾ കൊതി വരും..... ഇനിയെന്റെ ആഗ്രഹങ്ങളൊക്കെ നടക്കണമെങ്കിൽ ചെറുക്കൻ എന്നെ കെട്ടണം.... അതിനി എത്ര കാലം കാത്തിരിക്കണമെന്ന് ദൈവത്തിന് മാത്രം അറിയാം... "
അജു ഒന്നും മിണ്ടിയില്ല.
"മം... എന്തേ മിണ്ടാട്ടം മുട്ടിയോ? "
ഒരു നിമിഷം ചിന്തിച്ചിട്ട് അജു ചോദിച്ചു.
"നമുക്കൊരു one day ട്രിപ്പ് പ്ലാൻ ചെയ്താലോ? " ഗൗരി വിസ്മയപ്പെട്ടു .
"ഈശ്വരാ ഞാനിപ്പോ മനസ്സിൽ വിചാരിച്ചേ ഉള്ളൂ...."
" നീ മനസിൽ ചിന്തിച്ചാൽ ഞാനത് ആകാശത്ത് കാണും...."
അവൾ ഉദ്വേഗത്തോടെ ആരാഞ്ഞു.
" നമ്മളെന്നാ പോവാ ? "
" നിന്റെ ഒരു ദിവസത്തെ ക്ലാസ്സ് കട്ട് ചെയ്യേണ്ടി വരും. കുഴപ്പമില്ലല്ലോ... "
" അതൊന്നും സാരമില്ല. "
" തന്റെ അമ്മ വരും മുന്നേ തിരിച്ചെത്തണ്ടേ? "
" അത് വേണം "
" എങ്കിൽ ശ്രീയുടെ ബൈക്ക് ഒരു ദിവസത്തേയ്ക്ക് മേടിക്കാം "
" തരോ ? "
" തന്നില്ലെങ്കിൽ നമ്മൾ റെന്റിനെടുക്കും. എന്തായാലും എന്റെ കൊച്ച് ആഗ്രഹിച്ചതല്ലേ . ഇനി പുറകോട്ടില്ല."
ഗൗരി ആവേശത്തിലായി കഴിഞ്ഞു.
" എവിടേക്കാ പോവാ ? "
" അത് നീ തീരുമാനിക്ക്. രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുന്ന ഏതെങ്കിലും പ്ലേസ്. "
" കോളേജിലെ ചില lovers ഒക്കെ ഇടയ്ക്ക് പോകാറുള്ള ഒരു പ്ലേസുണ്ട്. പൂവാർ ഐലൻഡ്..."
" അതെവിടെയാ? "
" ഞാൻ പോയിട്ടില്ല. പക്ഷെ പിള്ളേര് പറയുന്ന കേട്ടിട്ട് കൊതി തോന്നീട്ടുണ്ട്. അവിടുത്തെ ഒരു സ്പെഷ്യലിറ്റി എന്ന് പറയുന്നത് ബോട്ടിംഗാണ്. "
" അപ്പോൾ ഫിക്സ്. Poovar island ! "
അജു ഉറപ്പിച്ചു.
വിജയൻ നായർ വടക്കേപ്പാട്ട് ചെല്ലുമ്പോൾ മാളുവമ്മ മുറ്റത്തു തന്നെ ഉണ്ടായിരുന്നു. അടമാങ്ങ മുറ്റത്തെ വെയിലിൽ നിരത്തിയിടുന്ന ജോലി നിർത്തി അവർ സന്തോഷത്തോടെ എണീറ്റു. അന്ന് വഴക്കിട്ടു പോയിട്ട് വിജയൻനായരുടെ ആദ്യത്തെ വരവാണ്.
" കേറി ഇരിക്കടാ...."
അയാളെ ക്ഷണിച്ചിട്ട് അവർ അടുക്കളയിലേക്ക് പോയി. ഉമ്മറത്തെ കസേരയിൽ ഇരിക്കുമ്പോൾ അയാൾക്ക് ഒരു അപരിചിതത്വം അനുഭവപ്പെട്ടു. കുട്ടന്റെ പെണ്ണായി ചിന്നു കയറി വരേണ്ടുന്ന വീട്. അവളെ അടുത്തറിയുന്ന ഓപ്പോളുടെ കൂടെ ചിന്നു എന്നും സുരക്ഷിതയായിരിക്കുമെന്ന് കരുതി. എല്ലാം വെറും വ്യാമോഹം മാത്രമായി അവസാനിച്ചു. വനജ കുട്ടനെ ബദ്ധശത്രുവായ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അവളെ തിരുത്താനും പാടാണ്.
തന്റെ നയം കുട്ടനും വ്യക്തമാക്കി കഴിഞ്ഞു. എത്ര ചിന്തിച്ചിട്ടും ആരുടെ പക്ഷത്ത് നിൽക്കണമെന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം ഇതുവരെ കിട്ടിയില്ല . ആരൊക്കെ വഴക്കിട്ടാലും ശത്രുക്കളായാലും തനിക്ക് ഒപ്പോളോട് പിണങ്ങാൻ കഴിയില്ല. അതിന് താൻ മരിക്കണം.
മാളുവമ്മ ഒരു ഗ്ലാസ് ചായയുമായി ഇറങ്ങി വന്നു.
ഗ്ലാസ് അയാളുടെ മുന്നിലെ ടീപ്പോയിൽ വച്ചിട്ട് അവർ അരപ്ളേസിലേക്കിരുന്നു വിശേഷങ്ങൾ ചോദിച്ചു. അയാൾ കല്യാണകുറി അവരുടെ കയ്യിൽ കൊടുക്കാതെ ടീപ്പോയ്ക്ക് മുകളിൽ വച്ചു. അത് വായിച്ചു മാളുവമ്മയുടെ കണ്ണ് നിറഞ്ഞു. ചുണ്ടുകൾ വിതുമ്പി.
"എന്റെ കുഞ്ഞിന്റെ കല്യാണമായി അല്ലേ വിജയാ... "
അതിലൊരു പരാതിയോ പരിഭവമോ ഒക്കെ നിറഞ്ഞു നിന്നിരുന്നു. അയാൾ അവരുടെ മുഖത്തേയ്ക്ക് നോക്കിയില്ല.
"ചെറുക്കന് ലീവില്ല . അത് കൊണ്ട് തീരുമാനങ്ങളൊക്കെ പെട്ടന്നായിരുന്നു. നിശ്ചയം പോലും വേണ്ടന്ന് വച്ചത് അത് കൊണ്ടാ...."
"എവിടെ ആയിരുന്നാലും ന്റെ കുട്ടിക്ക് നല്ലതേ വരു...അത്ര പാവമാ അത്. " നേര്യേതിന്റെ തുമ്പുയർത്തി അവർ കണ്ണീർ ഒപ്പി.
"വനജയ്ക്ക് എന്നോടുള്ള വെറുപ്പ് മാറിയിട്ടുണ്ടാവില്ല... " അവർ സ്വയമെന്നോണം പറഞ്ഞു.
"അവള്ടെ സ്വഭാവം ഓപ്പോൾക്കറിയാലോ. രണ്ടു തുണ്ടാക്കിയിട്ടാലും വാശി മാറില്ല. അങ്ങനൊരു ജന്മാ. അവളെ ഓപ്പോള് നോക്കണ്ട. കല്യാണത്തിന് വരണം. എന്റെ മോളെ അനുഗ്രഹിക്കണം."
"വനജയോ നീയോ വിളിച്ചില്ലെങ്കിലും ഞാൻ വരും. അവളെന്റെ കുഞ്ഞല്ലേടാ. ഞാൻ ഓരോ നിമിഷവും പ്രാർത്ഥിക്കുന്നത് അവൾക്കു വേണ്ടീട്ടാ. അവളുടെ കല്യാണം മംഗളമായി നടക്കാൻ വേണ്ടീട്ട്. അപ്പോ ഞാൻ വരാണ്ടിരിക്കോ... "
ചായ കുടിച്ചിട്ട് വിജയൻ നായർ എണീറ്റു :
"ഒപ്പോളോട് ഒരു കാര്യം കൂടി പറയാനുണ്ട്. കുട്ടനോട് പറയണം ചിന്നുനോട് ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഈ കല്യാണത്തിന് വരരുതെന്ന്."
മാളുവമ്മ അമ്പരന്നു :
"കുട്ടനീ കല്യാണം വേണ്ടെന്നു വച്ചത് അവളോടുള്ള വിരോധം കൊണ്ടല്ലെന്ന് നിനക്ക് അറിയരുതോ വിജയാ.....അവന്റെ അനിയത്തികുട്ടീടെ കല്യാണത്തിന് കൂടാൻ പാടില്ലെന്ന് ഞാനെങ്ങനെ അവനോട് പറയും ? "
മാളുവമ്മയുടെ കണ്ഠം ഇടറി.
"വാശിയോ വൈരാഗ്യമോ ഒന്നും കൊണ്ടല്ല ഓപ്പോളേ. ഒരു വിധമാ എന്റെ കൊച്ചു കല്യാണത്തിന് സമ്മതിച്ചേക്കുന്നേ. അതിന്റെ വീർപ്പുമുട്ടൽ എനിക്കറിയാം. ഇനി കുട്ടനെയെങ്ങാനും മുന്നിൽ കണ്ടാൽ അത് മനസ് തകർന്നു എന്തെങ്കിലും ചെയ്യും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. എന്റെ നെഞ്ചിൽ ഒരു കനലെരിയുവാ ഓപ്പോളേ. അവളുടെ കഴുത്തിൽ താലി വീണാലെ അതണയൂ....."
പറഞ്ഞു നിർത്തി അയാൾ ഇറങ്ങി.
വെള്ളിയാഴ്ച രാവിലെ 10 മണി കഴിഞ്ഞാണ് അജുവും ഗൗരിയും പൂവാർ ഐലന്റിലേക്ക് പോയത്. ശ്രീജിത്തിനെ ഓഫീസിലിറക്കി തുടർന്ന് കോളേജ് ജക്ഷനിൽ നിന്നും അജു ഗൗരിയെ കൂടെ കൂട്ടുകയായിരുന്നു.
ശ്രീജിത്ത് എന്തെങ്കിലും പറഞ്ഞോയെന്ന് പോകുന്ന വഴിയ്ക്ക് ഗൗരി അന്വേഷിച്ചു.
ശ്രീ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
"നിങ്ങൾ രണ്ടു പേരും തീരുമാനിച്ചു കഴിഞ്ഞു. ഞാൻ തടഞാലും ഏതെങ്കിലും വഴി നിങ്ങൾ പോയിരിക്കും. പിന്നേ ഞാനിനിയെന്ത് പറയാനാ. എന്തായാലും സൂക്ഷിച്ചു പോയിട്ട് വാ. ലേറ്റ് ആവുമെങ്കിൽ ബൈക്ക് നീ നിന്റെ വീട്ടിൽ തന്നെ വച്ചിരുന്നാൽ മതി. ഞാൻ രാവിലെ അങ്ങോട്ട് വന്നോളാം. "
"ലേറ്റാവില്ലടാ. അവളുടെ അമ്മ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തും മുന്നേ തിരിച്ചു വരും. "
ശ്രീ പിന്നെ മറുത്തൊന്നും പറഞ്ഞില്ല. അജുവിന്റെ വയറിലൂടെ കൈ ചുറ്റി അവന്റെ മുതുകിലേക്ക് മുഖം ചേർത്ത് ഗൗരി ആ യാത്രയുടെ സുഖം ആസ്വദിച്ചു. ഒടുവിൽ പൂവാറിൽ എത്തിയപ്പോൾ റോഡ് സൈഡിലെ ഒരു റെസ്റ്റോറന്റിൽ കയറി അവർ ഫുഡ് കഴിച്ചു. നെയ്യാറും അറബികടലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. അതായിരുന്നു പൂവാർ.
ഒരു ബോട്ട് ജെട്ടിയുടെ വലിയ മെയിൻ ഗേറ്റ് കടന്നു അജു ബൈക്ക് ഉള്ളിലേക്ക് ഓടിച്ചു കയറ്റി. വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് വണ്ടി ഒതുക്കി ഹെൽമെറ്റ് ഊരി ഹാൻഡിലിൽ തൂക്കി ഇറങ്ങി. കല്ലുകൾ പാകിയ നടപ്പാതയിലൂടെ ഇരുവരും ബോട്ടുകൾ കിടക്കുന്ന ഭാഗത്തേയ്ക്ക് പോയി. ആളുകൾ ബോട്ടുകളിൽ കയറാൻ തയ്യാറെടുക്കുന്നു.
ഒരു ബോട്ടിൽ ആറു സീറ്റുകൾ വീതം. അച്ഛനും അമ്മയും രണ്ടു ചെറിയ മക്കളും അടങ്ങിയ ഒരു ഫാമിലിയ്ക്കൊപ്പം അജുവും ഗൗരിയും കയറി. പച്ചയും തവിട്ടും നിറങ്ങൾ ഇടകലർന്ന കായൽ പരപ്പിലൂടെ കുഞ്ഞോളങ്ങളെ തഴുകി ബോട്ട് പതിയെ മുന്നോട്ട് നീങ്ങി. കണ്ണുകൾ വിടർത്തി ഗൗരി വിശാലമായ കായലിലേക്ക് നോക്കി. അങ്ങനൊരു യാത്ര അവൾക്ക് പുത്തനായിരുന്നു. ആഹ്ലാദം അടക്കാനാവാതെ അവൾ അജുവിന്റ കയ്യിൽ ഇറുകെ പിടിച്ചു.
നൊന്തെങ്കിലും അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവനത് പ്രകടമാക്കിയില്ല. മുന്നിലായി ഒരു പാലം കാണാമായിരുന്നു. മുകളിലൂടെ വാഹനങ്ങൾ പായുന്നു. പാലത്തിന്റെ ചുവട്ടിൽ ചെറിയ ചെറിയ ഫ്ളോട്ടിങ് റസ്റ്റോറന്റുകളും അതിന് സമീപം കുറേ ബോട്ടുകളും ആളുകളെ കാത്തു കിടക്കുന്നുണ്ട്.
വീതിയേറിയ ജലപരപ്പിൽ നിന്നും ബോട്ട് ഒരു ചെറിയ തുരുത്തിലേക്ക് കടന്നു. അതിന്റെ ഇരുവശത്തും കണ്ടൽ കാടുകളും കൈതകളും മരങ്ങളും നിറഞ്ഞു നിന്നിരുന്നു. നല്ല തണുത്ത ഇരുണ്ട അന്തരീക്ഷം.
വെള്ള കൊക്കുകളും മറ്റു പേരറിയാത്ത പലയിനം പക്ഷികളും അങ്ങിങ്ങ് പറക്കുന്നു. മറ്റൊരു ലോകത്തിലേയ്ക്ക് കടന്നത് പോലെ ഗൗരിയ്ക്കും അജുവിനും തോന്നി. വെറുതെയല്ല കോളേജിലേ ലവേർസ് ഇവിടെയ്ക്ക് വരുന്നതെന്ന് ഗൗരി ഓർത്തു. പ്രണയത്തെ ഇവിടുത്തെ പ്രകൃതി അതിന്റെ നൂറിരട്ടിയാക്കും. അവളുടെ വിരലുകൾ അജുവിന്റെ കയ്യിൽ പ്രേമപൂർവം പരതി പിടിച്ചു. അവനും ആസ്വദിക്കുകയായിരുന്നു തന്റെ പ്രിയപ്പെട്ടവളുമൊത്തുള്ള ആ സുന്ദര നിമിഷങ്ങൾ.
അവളെ ഒന്ന് ചേർത്ത് പിടിക്കാൻ അവന്റെ ഉള്ളം കൊതിച്ചു. പക്ഷെ പരിസരം അനുകൂലമല്ലാത്തതിനാൽ സ്വയം നിയന്ത്രിച്ചു. അതിന്റെ ഒരു ദീർഘനിശ്വാസം അവനിൽ നിന്ന് പുറത്തു വന്നു. അതിന്റെ അർത്ഥം മനസിലായത് പോലെ അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു ചിരിച്ചു.
അവന്റെ മുഖത്തെ ഭാവം കണ്ടു അവൾക്ക് ചിരി പൊട്ടി. പെട്ടന്ന് മുഖം കായലിലേക്ക് തിരിച്ച് ചുണ്ട് കൂട്ടി പിടിച്ച് അവൾ ചിരി അടക്കി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വീതി കുറഞ്ഞ തുരുത്തിൽ നിന്നും വിശാലമായ കായലിലേക്ക് ബോട്ട് കടന്നു. ഒരു വഞ്ചി നിറയെ കരിക്കുമായി ഒരു കച്ചവടക്കാരൻ നിൽക്കുന്നത് കണ്ടു. കുട്ടികൾ അത് കണ്ടു ഒച്ചയിടാൻ തുടങ്ങി.
ഗൗരിയ്ക്കും അജുവിനും അത് കാണെ രസം പിടിച്ചു. ഡ്രൈവർ ബോട്ട് വഞ്ചിയോട് അടുപ്പിച്ചു നിർത്തി. രണ്ടു കരിക്ക് അജുവും വാങ്ങി. വീണ്ടും ബോട്ട് മുന്നോട്ട്. ഒരു മണിക്കൂറോളം പിന്നിട്ടപ്പോൾ കായലും കടലും തമ്മിൽ ചേരുന്ന പൊഴിയിലേക്ക് ബോട്ടടുത്തു.
ഇടതു ഭാഗത്തായി ഒരു ഫ്ളോട്ടിങ് റെസ്റ്റോറന്റ് കാണായ്. പൊഴിയുടെ ഓരത്തായി ബോട്ട് അടുപ്പിച്ചു നിർത്തി. കടലും കായലും വേർതിരിക്കുന്ന മണൽ തിട്ടയിലേക്ക് എല്ലാവരും ഇറങ്ങി. അവിടെ നല്ല തിരക്കായിരുന്നു. ഒരു വശത്ത് കച്ചവടക്കാർ. ഒട്ടകപുറത്തു കയറാൻ ആളുകൾ മത്സരിക്കുന്നു. ചിലർ കുതിരപുറത്തു പായുന്നു. ഒരു കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഗൗരി ഉപ്പിലിട്ട നെല്ലിക്ക വാങ്ങി. അതിന്റെ പൈസ കൊടുത്തു അജു അവൾക്കൊപ്പം കടൽ തീരത്തേക്ക് ഇറങ്ങി.
ആളുകൾ തിരകളിൽ കളിക്കുന്നു. കുട്ടികൾ ചിരിച്ചു കൊണ്ട് അങ്ങിങ്ങായി ഓടി കളിക്കുന്നു ആകെ ബഹളം. അജുവിനെ കെട്ടിപിടിച്ചു നിന്ന് ഗൗരി കുറച്ചധികം ഫോട്ടോകൾ എടുത്തു. ഡ്രസ്സ് നനയാതെ കുറച്ചു സമയം ഇരുവരും തിരകളിൽ കാൽ നനച്ചു. തുടർന്ന് എല്ലാവരും ബോട്ടിൽ കയറി. വീണ്ടും ബോട്ട് മുന്നോട്ട്.
കടലും കായലും തമ്മിൽ ഒന്ന് ചേരുന്ന ഭാഗത്തേ കുറിച്ച് ഡ്രൈവർ വിശദീകരിക്കുന്നുണ്ടായിരുന്നു. ആനയുടെ ആകൃതിയിൽ ഒരു വലിയ പാറയെ ചൂണ്ടി 'എലിഫന്റ് റോക്ക് ' എന്നാണ് അതിന്റെ പേരെന്ന് ഡ്രൈവർ പറഞ്ഞു. മുന്നിലായി ഒരു വശത്തു കുറച്ചധികം റിസോർട്ടുകൾ വരിയായ് പണിതിട്ടിരിക്കുന്നത് കണ്ടു അജു ഗൗരി കേൾക്കാൻ പാകത്തിന് പറഞ്ഞു.
"ഇവിടെ കപ്പിൾസ് കോട്ടേജൊക്കെയുണ്ട് കേട്ടോ...." ഗൗരി കുസൃതിയോടെ നോക്കി.
"എന്തേ സ്റ്റേ ചെയ്യുന്നോ? "
"നമുക്ക് ഒരുമിച്ചു വരാനുള്ള ലൈസൻസ് കിട്ടിക്കോട്ടേ ഒരു ദിവസം വന്നു സ്റ്റേ ചെയ്യാം. " അവൻ കണ്ണിറുക്കി പറഞ്ഞു.
" യ്യടാ..." അവൾ കുറുമ്പൊടെ അവന്റെ മൂക്കിൽ പിടിച്ചു തിരുമി. അതിന് മുന്നിലായി ഒരു വലിയ പാറയ്ക്ക് മുകളിൽ ഒരു കുരിശ് പള്ളി കാണായി. അതിനോട് ചേർന്ന് ഒരു പാർക്കും ഉണ്ടായിരുന്നു. അതിന്റെയൊക്കെ ഹിസ്റ്ററി ഡ്രൈവർ വിശദമായി പറഞ്ഞു. മൊത്തം ചുറ്റി കറങ്ങി ബോട്ട് തിരികെ ജെട്ടിയിൽ എത്തിയപ്പോൾ രണ്ടര മണിക്കൂറെടുത്തു. പിന്നെ തിരികെ വീട്ടിലേക്കു മടക്കം.
"എത്ര റൊമാന്റിക് ആയിട്ടുള്ള പ്ലേസ്.....മിസ്സാക്കിയിരുന്നേൽ വലിയ നഷ്ടം ആയിപ്പോയേനെ.... " ബൈക്ക് പായിക്കുമ്പോൾ അജു പറഞ്ഞു.
" സത്യം...." അവന്റെ തോളിലേക്ക് താടി ചേർത്ത് വച്ച് അവൾ മൊഴിഞ്ഞു.
" ഇനിയുമുണ്ടോ കരളേ ഇത് പോലെയുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങൾ....? " അവൻ ഒരു പ്രത്യേക ഫീലോടെ കളിയായി ചോദിച്ചു.
" ഇഷ്ടം പോലെയുണ്ട് പൊന്നേ...." അതേ ഫീലോടെ അവളും തിരിച്ചടിച്ചു.
ഇരുവരും പൊട്ടിച്ചിരിച്ചു. ഒരു കാറിനെ ഓവർടേക്ക് ചെയ്തു അവൻ മുന്നിലേക്ക് കയറി.
"നിന്റമ്മ വരും മുന്നേ വീട്ടിൽ എത്തണ്ടേ. സമയം എന്തായി?" ഗൗരി വാച്ചിൽ നോക്കി.
" നാല് മണി. "
" ഒരു അഞ്ചരയ്ക്ക് വീട്ടിൽ എത്തിയാൽ പോരെ? "
" മതി. "
" എങ്കിൽ നമുക്കൊരു ചായ കുടിച്ചിട്ട് പോയാലോ."
ഗൗരിയ്ക്ക് സമ്മതം ഒരു ടീ ഷോപ്പിന്റെ മുന്നിൽ ബൈക്കൊതുക്കി ഇരുവരും ഇറങ്ങി. ഹെൽമെറ്റ് ഊരി മുടി കോതി വച്ചു കൊണ്ട് അജുവാണ് ആദ്യം അകത്തേക്ക് കയറിയത്. പിന്നാലെ ഗൗരിയും.
ഇരുവരെയും ഒരു പോലെ നടുക്കുന്ന ഒരു കാഴ്ച ഉള്ളിൽ അവരെ കാത്തിരിപ്പുണ്ടായിരുന്നു. ഒരു കോർണറിലായി തമ്പിയിരുന്നു ചായ കുടിക്കുന്നു. മുന്നിലേക്ക് എത്തിയിട്ടാണ് അവരയാളെ ശ്രദ്ധിക്കുന്നത്. പക്ഷെ അപ്പോഴേക്കും ഇരുവരെയും അയാൾ കണ്ടു കഴിഞ്ഞു. അയാളുടെ സ്വതവേ ഉരുണ്ട കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു.
"എന്താ ചേട്ടാ വേണ്ടേ? "
സപ്ലൈയർ പയ്യൻ അടുത്തേക്ക് വന്നു അജുവിനോട് ചോദിക്കുന്നു.
മറുപടി പറയാതെ അവനെ തള്ളി മാറ്റി ഗൗരിയുടെ കൈ പിടിച്ചു അജു തിരിഞ്ഞോടി കഴിഞ്ഞു. പിന്നാലെ ദേഷ്യം കൊണ്ട് വിറച്ച് തമ്പിയും ചാടിയിറങ്ങി. ഷോപ്പിലുള്ളവർ അമ്പരന്ന് നോക്കുന്നു. ബൈക്ക് വാഹനങ്ങൾക്കിടയിലൂടെ പാഞ്ഞു പോകുന്നത് കണ്ട് അയാൾ ബുള്ളറ്റിനടുത്തേക്ക് ഓടി.
"പൈസ തന്നിട്ട് പോ... ചേട്ടാ...."
ചെറുക്കൻ റോഡിലേക്കിറങ്ങി ഉറക്കെ വിളിച്ചു പറയുന്നു.
"പോടാ....! "
നാവ് കടിച്ച് കലിയോടെ മുഖം വെട്ടിച്ചു കൊണ്ട് തമ്പി ബുള്ളറ്റ് പറത്തിച്ചു.
(തുടരും)
