ഭാഗം - 13
ഒരു ഭീകര സത്വത്തെ മുന്നിൽ കണ്ടത് പോലെ ഗൗരിയുടെ കണ്ണുകളിൽ പേടി നിറഞ്ഞു. ഒരു താങ്ങിനെന്ന പോലെ അവൾ ചെറിയ ഇരുമ്പ് ഗേറ്റിൽ അമർത്തി പിടിച്ചു കൊണ്ട് തിരിഞ്ഞു അജുവിനെ ദയനീയമായൊന്ന് നോക്കി.
എന്ത് ചെയ്യണമെന്നറിയാതെ പതറി നിൽക്കുകയാണ് അവനും. അപ്പോഴേക്കും ഹെൽമെറ്റ് ഊരി ബുള്ളറ്റിന്മേൽ വച്ച് തമ്പി ഇറങ്ങി കഴിഞ്ഞു.
"എന്താടി ഇവിടെ ? " മുഖത്ത് ക്രൂരത നിറച്ച് അയാളുടെ ചോദ്യം.
ഗൗരി മിണ്ടിയില്ല. നെഞ്ചിടിപ്പ് പെരുമ്പറ പോലെ ഉയരുന്നത് അവളറിഞ്ഞു. അയാൾ ഗേറ്റ് തുറന്നു. അവൾ പിന്നിലേക്ക് നീങ്ങി.
"എടി നിന്നോടാ ചോദിച്ചേ. നിനക്കെന്താ ഇവിടെ കാര്യമെന്ന്?"
അവൾ എന്ത് പറയണമെന്ന് ചിന്തിക്കുകയായിരുന്നു. ഗൗരിയുടെ അടുത്തേക്ക് നീങ്ങി നിന്ന് അവൾ കേൾക്കാൻ പാകത്തിന് അയാൾ മുരണ്ടു.
"പട്ടാപ്പകല് അവന്റൊപ്പം കിടക്കാൻ പോയതാണോടി പിഴച്ചവളേ...."
വെറുപ്പ് അവളുടെ പെരുവിരലിൽ നിന്നും മുകളിലേക്ക് ഇരച്ചു കയറി വന്നു. മുഖം മുറുകി. പൊരുതാനുറച്ചു വീറോടെ നോക്കികൊണ്ട് അവൾ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു.
"അതേ. കിടക്കാൻ തന്നെയാ പോയേ... എന്തേ?"
പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവളുടെ മുഖമടച്ച് അടി വീണു. പടക്കം പൊട്ടുന്ന ഒച്ചയിൽ. അത് കണ്ടു ഒറ്റ കുതിപ്പിന് അജു അവരുടെ സമീപം എത്തി. വഴി യാത്രക്കാർ എന്താണ് സംഭവം എന്നറിയാതെ മതിലിനടുത്തേയ്ക്ക് വന്നു ശ്രദ്ധിക്കാൻ തുടങ്ങി. അജു മുന്നിലേക്ക് എത്തിയതും തമ്പി കാലുയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ഒപ്പം അലറുന്നുണ്ടായിരുന്നു.
"നിനക്ക് പിഴപ്പിക്കാൻ എന്റെ മോളേ മാത്രേ കിട്ടിയുള്ളോടാ നായിന്റെ മോനേ."
പ്രതീക്ഷിക്കാത്ത ആക്രമണതിൽ അവൻ പിന്നിലേക്ക് തെറിച്ചു മതിലിൽ ഇടിച്ച് ഉലഞ്ഞു നിന്നു. അത് കണ്ട് അയ്യോ എന്ന് നിലവിളിച്ചു ഗൗരി അജുവിന് നേരെ ഓടാൻ തുടങ്ങുമ്പോൾ തമ്പി അവളുടെ മുടിയ്ക്ക് പിന്നിൽ കുത്തിപ്പിടിച്ചു വലിച്ചടുപ്പിച്ചു.
"എങ്ങോട്ടാടി നീ ഓടുന്നേ...."
"വിട്..."
വേദനയിൽ അവൾ കുതറി. ആളുകൾ ഓടി കൂടാൻ തുടങ്ങി. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് തമ്പിയെ ചവിട്ടി മാറ്റി അയാളുടെ പിടിയിൽ നിന്നും ഗൗരിയെ അജു മോചിപ്പിച്ചത്.
അവളെ തന്റെ പിന്നിലേക്ക് നീക്കി നിർത്തി തമ്പിയെ നോക്കി പല്ല് ഞെരിച്ചു കൊണ്ട് അവൻ മുരണ്ടു.
"തൊട്ട് പോകരുതവളേ..."
മതിലിൽ ഇടിക്കാതെ ബാലൻസ് പിടിച്ചു അയാൾ തിരിഞ്ഞു അവരെ നോക്കി. അയാളുടെ മുഖത്ത് കുടിലതയുടെ ഒരു ചിരി വിരിഞ്ഞു. അജു ശ്രദ്ധിച്ചത് അയാളുടെ അടുത്ത നീക്കം എന്താണെന്നാണ്.
മുന്നോട്ട് പാഞ്ഞു വന്ന തമ്പി അതേ ആയത്തിൽ മതിലിൽ ചവിട്ടി മുകളിലേക്കുയർന്ന് കാല് വീശി അജുവിന്റെ തലയിൽ ഒന്ന് കൊടുത്തു. അജു ഒഴിഞ്ഞു മാറും മുന്നേ അവന്റെ ചെവിയടച്ച് അടി വീണു.
ഗൗരി ഭയന്ന് കരഞ്ഞു. തലയ്ക്കുള്ളിൽ ഒരായിരം വണ്ടുകൾ മൂളി പറക്കുന്ന ഒച്ച മാത്രം അജു കേട്ടു. കണ്ണിൽ ഇരുട്ട് കയറുന്നു. ഒരു താങ്ങിന് അവൻ അന്തരീക്ഷത്തിൽ പരതി. കണ്ണ് മിഴിച്ചു അന്തംവിട്ടു നിന്ന ഗൗരി ഓടി വന്നു താങ്ങും മുന്നേ തമ്പി അവളെ തള്ളി എറിഞ്ഞു കഴിഞ്ഞു. അവൾ നിലത്തേക്ക് അലച്ചു വീണു. കാഴ്ച മങ്ങിയതു പോലെ അജു ഒന്ന് മുഖം കുടഞ്ഞു. അപ്പോൾ അവന്റെ തലയ്ക്കു പിന്നിൽ കൈകൾ ചുറ്റി മുന്നോട്ട് തള്ളി മതിലിലേക്ക് ശക്തിയിൽ ഒരിടി ഇടിച്ചു. നെറ്റി പൊട്ടി അജു നിലത്തേക്ക് കുഴഞ്ഞു വീണു. നെഞ്ച് തകർന്ന് കരഞ്ഞു കൊണ്ട് ഗൗരി അവന്റെ അടുത്തേക്ക് ഓടി.
അപ്പോൾ കാഴ്ച്ച കാണാൻ കൂടി നിൽക്കുന്ന ആളുകൾക്ക് പിന്നിൽ റോഡിന്റെ മറു വശത്ത് ഒരു ഓട്ടോ വന്നു നിന്നു. അതിൽ നിന്നും നിർമല പുറത്തേക്കിറങ്ങി. വാടക വീടിന് മുന്നിലെ ആൾകൂട്ടം കണ്ട് അമ്പരപ്പോടെ ആളുകൾക്കിടയിലൂടെ അവർ ഗേറ്റിൽ എത്തി. അവിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അജുവിനെ നിലത്തിട്ടു ചവിട്ടി മെതിക്കുന്ന തമ്പി. അയാളുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന ഗൗരി.
ആന്തലോടെ ഗേറ്റ് തള്ളി തുറന്നു അവർ അകത്തേക്ക് കയറി. നിർമലയെ കണ്ടു തമ്പി അവരുടെ നേരെ തിരിഞ്ഞു. കണ്ണ് തുറിപ്പിച്ച് ആക്രോശിച്ചു കൊണ്ട് അയാൾ മുന്നോട്ട് വന്നു.
"പറഞ്ഞതല്ലേടി നിന്നോട് കണ്ട ചെറ്റകൾക്കൊന്നും വീട് വാടകയ്ക്ക് കൊടുക്കരുതെന്ന്; എന്നിട്ട് കേട്ടോ നീ മോള് കണ്ടവന്മാരുടെ കൂടെ പോയാലെ നീ പഠിക്കു.....അല്ലേ......? "
നിർമല അന്തംവിട്ടു നോക്കി. നാണക്കേടിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ് അവർ. അപ്പോൾ അവരെ നടുക്കികൊണ്ട് തമ്പിയുടെ ആജ്ഞ.
"ഇറക്കി വിടടി ഈ നായിന്റെ മോനേ...."
അമ്മയെ ശ്രദ്ധിക്കാതെ ഗൗരി അജുവിനെ താങ്ങി ഉയർത്തി. ഷാൾ ഊരി അവന്റെ നെറ്റിയിൽ നിന്നും ഒഴുകുന്ന ചോര പൊത്തിപിടിച്ചു. അത് ശ്രദ്ധിച്ചു തമ്പി ഗൗരിയ്ക്ക് നേരെ വിരൽ ചൂണ്ടി നിർമലയോട് ഒച്ചയിട്ടു.
"കണ്ടോ...... ആരാടി ഇവൻ ഇവൾടെ?"
"ഗൗരി....!"
താക്കീത് പോലെ നിർമല ഉച്ചത്തിൽ വിളിച്ചു. ഗൗരി സങ്കടത്തോടെ നോക്കി. നിർമല അവരുടെ നേരെ പാഞ്ഞു ചെന്നു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി. പിന്നെ അജുവിന്റ മുഖത്ത് നോക്കാതെ കനത്ത സ്വരത്തിൽ പറഞ്ഞു.
"അജു വീട് മാറിക്കോ ഇനി ഇവിടെ താമസിക്കാൻ പറ്റില്ല..."
"അമ്മാ...."
ഗൗരി അറിയാതെ വിളിച്ചു പോയി.
"ഒരക്ഷരം മിണ്ടരുത് നീ....വാ ഇവിടെ..."
നിർമല ഗൗരിയുടെ കൈപിടിച്ച് വലിച്ചു കൊണ്ട് പോയി. വിജയിച്ചത് പോലെ തമ്പിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. നിമിഷനേരം കൊണ്ട് അത് മാഞ്ഞു. തിരിഞ്ഞു മതിലിൽ ചാരി തകർന്ന് നിൽക്കുന്ന അജുവിനെ നോക്കി വിരൽ ചൂണ്ടി ആജ്ഞാപിച്ചു.
"പത്തു മിനിറ്റ് നിനക്ക് സമയം തരും. നിന്റെ സാധനങ്ങളും വാരി കെട്ടി സ്ഥലം വിട്ടോണം. പിന്നെ നിന്നെയീ പരിസരത്ത് കണ്ടു പോകരുത്..."
അയാൾ ഗേറ്റ് വലിച്ചു തുറന്നു റോഡിലേക്ക് ഇറങ്ങി. കാഴ്ചക്കാർ റോഡിൽ നിൽപ്പുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാതെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു അയാൾ വീടിലേക്ക് ഓടിച്ചു കയറ്റി.
അജു പതിയെ അകത്തേക്ക് കയറി വാതിൽ ചാരി. കട്ടിലിലേക്ക് വന്നിരുന്നു. നെറ്റിയിൽ കഠിനമായ വേദന. അതിനേക്കാൾ ഇരട്ടി മനസ് നീറി പുകയുകയാണ്. എല്ലാം അവസാനിച്ചു കഴിഞ്ഞു! അവന്റെ ചുവപ്പ് രാശി പടർന്ന കണ്ണുകൾ നിറഞ്ഞു തുളുമ്പി. കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ഗൗരിയുടെ ഷാൾ അവൻ മുഖത്തേയ്ക്ക് ചേർത്ത് വച്ചു വിങ്ങി.
മാളുവമ്മ പൂമുഖത്ത് നിലവിളക്ക് കൊളുത്തുമ്പോൾ മുറ്റത്തെ ഇരുട്ടിൽ നിന്നും "അമ്മായി... " എന്ന് വിളി കേട്ടു. അവർ ഞെട്ടി മുഖമുയർത്തി നോക്കി. അപ്പോഴേക്കും രമ്യ മുറ്റത്തെ വെളിച്ചത്തേയ്ക്കു നടന്നു വന്നു.
"മോളേ... എന്തു കോലമാടി ഇത്?"
മാളുവമ്മ നെഞ്ചിൽ കൈ ചേർത്ത് പടിയിറങ്ങി ചെന്നു.
"ഞാനിവിടെ നിന്നോട്ടെ അമ്മായി ? "
രമ്യ കരഞ്ഞു: "ഒന്നും വേണ്ടെനിക്ക്. ഒരു വല്യക്കാരി ആയിട്ടെങ്കിലും ഞാനിവിടെ ഒതുങ്ങി കഴിഞ്ഞോളാം. എന്നെ പറഞ്ഞു വിടല്ലേ... "
അവളുടെ കണ്ണീര് കണ്ടു മാളുവമ്മയുടെ നെഞ്ചു തകർന്നു. പൊട്ടികരഞ്ഞു കൊണ്ട് അവർ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.
"അമ്മായീം എന്നെ വേണ്ടന്ന് പറഞ്ഞു അല്ലേ. അതിനും മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തെ?"
മാളുവമ്മയെ കെട്ടിപ്പുണർന്നു രമ്യ ഏങ്ങലടിച്ചു.
"നിന്നോട് തെറ്റ് ചെയ്തത് ഞാനാ മോളേ. നീ എന്നും എന്റെ കൂടെ വേണമെന്ന് ഞാനാഗ്രഹിച്ചു പോയി. കുട്ടന്റെ പെണ്ണായി നിന്നെ ഞാൻ മനസ്സിൽ കണ്ടു പോയി. അവന്റെ ഇഷ്ടം ഞാൻ ചോദിച്ചില്ല. പകരം നിനക്ക് മോഹങ്ങളും ആശകളും തന്നു. എന്നോട് ക്ഷമിക്ക് കുട്ടീ ... "
പറയുന്നതിനൊപ്പം മാളുവമ്മ തേങ്ങി കരയുന്നുണ്ടായിരുന്നു. രമ്യയെ ചേർത്തു പിടിച്ചു അവർ അകത്തേക്ക് കൊണ്ടു പോയി. വൈകാതെ രമ്യയെ തിരഞ്ഞു വനജയും ചന്തുവും വടക്കേപ്പാട്ടെത്തി. അകത്തേക്ക് കയറാതെ മുറ്റത്ത് നിന്നും വനജ മകളെ ഉച്ചത്തിൽ വിളിച്ചു. ഒച്ച കേട്ടു മാളുവമ്മ ഇറങ്ങി വന്നു.
"ഇങ്ങനെ പുറത്തു നില്കാതെ അകത്തേക്ക് കയറി വാ വനജേ... "
"നിങ്ങൾടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല ഞാൻ. എന്റെ മോളെവിടെ? മര്യാദക്ക് അവളെ ഇറക്കി വിടാൻ നോക്ക്.." വനജ ഒച്ച ഉയർത്തി പറഞ്ഞു.
"ചിന്നു അകത്തുണ്ട്. അത് കരഞ്ഞു കരഞ്ഞു ഒരു പരുവമായിട്ട് ഇരിക്കുവാ. ഇന്നിവിടെ നിന്നോട്ടേ വനജേ... സമാധാനപ്പെടുത്തി നാളെ അവളെ ഞാനങ്ങു കൊണ്ടു വരാം."
"ഫാ.. !"
വനജ ആട്ടി: "നിങ്ങൾക്ക് മതിയായില്ലേ തള്ളേ. മോനെ കൊണ്ട് കെട്ടിച്ചോളാന്ന് പറഞ്ഞു കുറെ നാള് അതിനെ ഇവിടെയിട്ട് പണിയെടുപ്പിച്ചില്ലേ. അതിന്റെ ഭാവി നിങ്ങള് തുലച്ചു. ഇനി ജീവൻ കൂടി ഇല്ലാണ്ടാക്കിയാലേ അടങ്ങു അല്ലേ. നിങ്ങളോട് ഞങ്ങളെന്ത് തെറ്റാ ചെയ്തെ?"
"നീ എന്തൊക്കെയാടി ഈ പറയുന്നേ?"
മാളുവമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു അനുനയിപ്പിക്കുമ്പോലെ വനജയുടെ കയ്യിൽ പിടിച്ചു.
"തൊടരുതെന്നെ..."
വനജ മാളുവമ്മയുടെ കൈ തട്ടിയെറിഞ്ഞു. വിരൽ ചൂണ്ടി ഓർമിപ്പിച്ചു.
"ഒരു കാര്യം ഞാൻ പറഞ്ഞേക്കാം അതിന്റെ കല്യാണം ഒരു വിധം ഒത്തു വന്നേക്കുവാണ്. അതെങ്ങാനും മുടങ്ങിയാൽ...ഈ വനജയുടെ തനിസ്വഭാവം നിങ്ങളറിയും. നോക്കിക്കോ ?"
"ചിന്നുവിന്റെ കല്യാണമോ ?"
ആഹ്ലാദത്തോടെ മാളുവമ്മ മിഴികൾ വിടർത്തി.
"അതെന്താ? എന്റെ പെണ്ണ് എന്നും കെട്ടാമങ്കയായി വീട്ടിൽ തന്നെ നിൽക്കുംന്ന് വിചാരിച്ചോ..."
വനജ നീരസത്തോടെ തുടർന്നു: "നിങ്ങളുടെ മോനേക്കാൾ അഴകും ആരോഗ്യവും സമ്പത്തും അന്തസ്സുമുണ്ട്. ഇവിടുത്തെ നശൂലം ഒഴിഞ്ഞു പോയത് തന്നെ ഭാഗ്യം. ഇല്ലെങ്കിൽ ഈ തൊഴുത്തിലും അടുക്കളപ്പുറത്തും കിടന്നു എന്റെ മോള് നരകിച്ച് ഒടുങ്ങിയേനെ. "
"എന്നാലേ ഇനിമുതൽ ഞാനിവിടെയാ താമസിക്കാൻ പോകുന്നെ..."
രമ്യയുടെ ഒച്ച കേട്ടു എല്ലാവരും പൂമുഖത്തേക്ക് നോക്കി. മകളെ കണ്ടു വനജയ്ക്ക് ദേഷ്യം പെരുത്തു.
"ആരോട് ചോദിച്ചിട്ടാടി നീ വീട്ടീന്ന് ഇറങ്ങി പൊന്നേ?"
"എനിക്കാരോടും ചോദിക്കാനില്ല. എന്നെ ആരും തിരഞ്ഞു വരികയും വേണ്ട."
"തർക്കുത്തരം പറയാതെ ഇറങ്ങി വാടി..." വനജ ചീറി.
"ഞാൻ വരുന്നില്ലെന്ന് പറഞ്ഞാൽ വരുന്നില്ല. അത്രതന്നെ." രമ്യയും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.
"അച്ഛൻ പറമ്പിലും കുളത്തിലുമൊക്കെ നിന്നെ തിരഞ്ഞു നടക്കുവാ. മര്യാദക്ക് കൂടെ വന്നോ. ഇല്ലെങ്കിൽ ഇവിടുന്നു നിന്നെ കെട്ടിവരിഞ്ഞു കൊണ്ട് പോവും. "
ചന്തു വിരൽ ചൂണ്ടി ഓർമിപ്പിച്ചു.
"നീ പോടാ നന്ദിയില്ലാത്ത ചെറ്റേ. നിനക്ക് ഗൾഫിൽ പോവാൻ വേണ്ടിയല്ലേടാ ഈ കല്യാണത്തിന് ഉത്സാഹിച്ചു നിൽക്കുന്നേ. എന്നെ ജീവനോടെ ഇവിടുന്നു കൊണ്ട് പോകാന്ന് നീ വിചാരിക്കണ്ട."
രമ്യ തീർത്തു പറഞ്ഞു. വനജ ചന്തുവിന്റെ അടുത്തേക്ക് ചെന്നു.
"മോനേ നീ ചെന്ന് അച്ഛനോട് പറ. മുടിക്കാനുണ്ടായവൾ ഇവിടെയുണ്ടെന്ന്. ആ പാവം നെഞ്ചു തകർന്നു നടക്കുവാ. അത് വല്ലതും ഈ നാശം പിടിച്ചവൾക്ക് അറിയണോ. "
അമ്മയെ ഒന്ന് നോക്കിയിട്ട് ടോർച്ചു തെളിച്ചു ചന്തു തിരിഞ്ഞോടി. അത് കേട്ട് മാളുവമ്മ രമ്യയുടെ സമീപത്തേക്ക് ചെന്നു അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു.
"മോളെ നീയിപ്പോ വീട്ടിലേക്കു ചെല്ല്. എല്ലാവരും വിഷമിക്കുന്നത് കണ്ടില്ലേ."
"ഇല്ലമ്മായി. ഞാൻ പോവില്ല. അച്ഛൻ എനിക്ക് വാക്ക് തന്നതാ. എന്റിഷ്ടമില്ലാത്ത കല്യാണം നടത്തില്ലെന്ന്. എന്നിട്ട് ഞാനറിയാതെ കല്യാണം ഉറപ്പിക്കാൻ നോക്കുന്നു. ഇനി ഞാനങ്ങോട്ട് പോവില്ല. ഇവിടെ നില്കുന്നത് അമ്മായിക്ക് ഇഷ്ടമില്ലെങ്കിൽ പറഞ്ഞോളൂ. ഞാൻ എവിടേലും പൊയ്ക്കോളാം."
വനജയുടെ നിയന്ത്രണം വിട്ടു.
"എടി ഒരുമ്പെട്ടോളെ. അത് നടത്തുന്നത് നിനക്ക് വേണ്ടീട്ടാ. അല്ലാതെ നിന്റച്ഛന് സപ്രമഞ്ച കട്ടിലൊരുക്കാനല്ല. നിന്റെ ജീവിതം നരകിച്ചു പോവാതിരിക്കാനാ. നാണമുണ്ടോടി നിന്നെ വേണ്ടന്നു പറഞ്ഞവരുടെ അടുത്ത് വലിഞ്ഞു കേറി വന്നു കിടക്കാൻ. മര്യാദക്ക് എന്റെ കൂടെ വന്നോ. ഇല്ലെങ്കിൽ ഇന്നെന്റെ കൈകൊണ്ട് തീരും നീയ്."
"അമ്മ എന്നെ കൊന്നോ. അതാ നല്ലത്. അല്ലാതെ ആ കല്യാണത്തിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കുമെന്ന് കരുതണ്ട."
പെട്ടന്ന് വനജ വരാന്തയിലേക്ക് ചാടി കയറി വന്നു. രമ്യ മാളുവമ്മയുടെ പിന്നിലൊളിച്ചു.
"ഞങ്ങളെ നാണം കെടുത്തീട്ടു നീയങ്ങനെ ഇവിടെ ജീവിക്കാന്ന് കരുതണ്ടടി. നിന്റെ മുന്നിൽ കിടന്നു ഞാൻ മരിക്കാൻ പോകുവാ . നീയത് കാണണം."
കരഞ്ഞു കൊണ്ട് വനജ ഉമ്മറത്തു നിന്നും അകത്തേക്ക് പാഞ്ഞു. എന്താണ് ഭാവമെന്നറിയാതെ മാളുവമ്മയും രമ്യയും പകച്ചു നോക്കി. എന്തോ ആപത്തു വരാൻ പോകുന്നുവെന്ന് മാളുവമ്മയുടെ മനസ് പറഞ്ഞു. അവർ രമ്യയെ നോക്കി.
"എന്റെ പൊന്നുമോളെ. ഞാൻ നിന്റെ കാലു പിടിക്കാം. നീ അവളുടെ കൂടെ പോവാൻ നോക്ക്. എനിക്ക് പേടിയാവുന്നു. വനജ എന്തെങ്കിലും അവിവേകം കാണിക്കും."
തൊഴുതു പറഞ്ഞിട്ട് മാളുവമ്മ അകത്തേക്കോടി. പിന്നാലെ ആധിയോടെ രമ്യയും. അജുവിന്റെ മുറിയിൽ കയറി വനജ വാതിലടച്ചു കുറ്റിയിട്ടു. മാളുവമ്മ വാതിലിൽ തട്ടി വിളിച്ചു.
"വനജേ... നീ വാതിൽ തുറക്ക്. വേണ്ടാത്തതൊന്നും കാണിച്ചേക്കല്ലേ..."
അകത്തു നിന്നും മറുപടി കിട്ടിയില്ല. പകരം എന്തൊക്കെയോ തട്ടിമറിഞ്ഞു വീഴുന്ന ഒച്ച കേട്ടു. രമ്യ ഭയന്നു. അവൾ കരഞ്ഞു കൊണ്ട് വാതിലിൽ ഇടിച്ചു വിളിച്ചു.
"അമ്മേ കതക് തുറക്കമ്മേ... "
നെഞ്ചു പുകഞ്ഞു മാളുവമ്മ പുറത്തേക്കോടി. ജനാലയിലൂടെ അകത്തേക്ക് എത്തി നോക്കി. മേശ വലിച്ചിട്ടു അതിനു മുകളിൽ കയറി നിന്നു ഫാനിന്റെ കൊളുത്തിലേക്കു വനജ അജുവിന്റെ കാവി മുണ്ട് ചുറ്റി കെട്ടുകയാണ്. മാളുവമ്മ ഞെട്ടിപ്പോയി. അവർ ഉറക്കെ കരയാൻ തുടങ്ങി:
"വനജേ... വേണ്ട. അവളെ ഞാൻ കൊണ്ടു വരാം. നീ ഒന്നും ചെയ്യല്ലേ. ദൈവത്തെയോർത്ത് താഴെയിറങ്ങ്..... "
മാളുവമ്മയുടെ നിലവിളി കേട്ടു രമ്യ ജനാലക്കലേക്കു പാഞ്ഞെത്തി:
"അമ്മേ വേണ്ടമ്മേ.... ഞാൻ പറയുന്നത് കേൾക്ക്....." കരഞ്ഞു കൊണ്ട് അവൾ യാചിച്ചു.
"ഇല്ലടി. നാണം കെട്ട് ഒരു നിമിഷം വനജ ജീവിക്കില്ല. നീ നിന്റിഷ്ടത്തിന് നടന്നോ. ഞങ്ങൾ ചത്താലോ ജീവിച്ചാലോ നിനക്കെന്താ?"
മുണ്ടിന്റെ മറുവശത്തെ കുടുക്ക് വനജ കഴുത്തിലേക്ക് ഇറക്കി. മാളുവമ്മയുടെ സമനില തെറ്റി. അവർ തിരിഞ്ഞു ഉച്ചത്തിൽ കാറി:
"ആരെങ്കിലും ഒന്നോടി വരണേ......!"
കൂട്ടക്കരച്ചിൽ കേട്ടു ആരൊക്കെയോ ഓടി പാഞ്ഞെത്തി. കൂട്ടത്തിൽ വിജയൻ നായരും ചന്തുവും ഉണ്ടായിരുന്നു. വിജയൻ നായരുടെ മുന്നിൽ ചെന്നുനിന്നു മാളുവമ്മ കിതച്ചു:
"എന്റെ പൊന്നു വിജയാ... അവള് കുട്ടന്റെ മുറിയിൽ.... എന്റീശ്വരാ....എനിക്ക് വയ്യ. വനജ മരിക്കാൻ തുടങ്ങുവാടാ."
കേട്ടപാതി വിജയൻ നായർ അകത്തേക്ക് കുതിച്ചു. വാതിൽ തൊഴിച്ചു തുറന്നു മുറിയിലേക്ക് ഇരച്ചു കയറി:
"വനജേ... നീയെന്തു ഭ്രാന്താടി ഈ കാണിക്കുന്നേ. മര്യാദക്ക് താഴെ ഇറങ്ങിക്കോ... "
"ഇല്ല വിജയേട്ടാ... "
മുഖം പൊത്തിപിടിച്ചു വനജ കരഞ്ഞു:
"എന്തിനാ ഇങ്ങനെ ജീവിച്ചിരിക്കുന്നേ... അച്ഛനും അമ്മയും മറ്റുള്ളവരുടെ മുന്നിൽ നാണം കേട്ടാലും സ്വന്തം ഇഷ്ടം മാത്രം നോക്കി ഇറങ്ങുന്ന എന്റെ മോള് എന്റെ ജഡം കാണണം. അവൾക്കു സമാധാനം ആയിക്കോട്ടെ. " ഏങ്ങലടിച്ചു കൊണ്ട് രമ്യ വനജയുടെ അടുത്തേയ്ക്ക് വന്നു.
"വേണ്ടമ്മേ... എനിക്കൊന്നും വേണ്ട. ഞാൻ വീട്ടിലേക്കു വന്നോളാം. അമ്മ പറയുന്നത് അനുസരിച്ചോളാം..."
വനജയുടെ കാലിൽ ചുറ്റിപിടിച്ചു രമ്യ പൊട്ടിക്കരഞ്ഞു.
(തുടരും )
