ഭാഗം - 19
വേദനയിൽ അജു ഒന്ന് കരഞ്ഞു. അത് പക്ഷെ ഒരു മുരൾച്ച പോലെയാണ് പുറത്തു വന്നത്. കത്തി വലിച്ചൂരി അയാൾ അവന്റെ നെഞ്ചിന് നേരെ വീണ്ടും കുത്തി. തമ്പിയുടെ കൈ വിരലുകൾ ഉൾപ്പെടെ കത്തിയുടെ പിടിയിൽ പിടി മുറുക്കി അവനാ നീക്കം തടഞ്ഞു.
അവന്റെ ഇടതു കയ്യിലെ മുറിവിൽ നിന്നും രക്തം ഒഴുകി നിലത്തേയ്ക്ക് ഇറ്റിറ്റു വീണു. അജുവിന്റെ പിടിയിൽ നിന്നും കത്തി തിരിച്ചു പിടിക്കാൻ തന്റെ സർവ്വ ശക്തിയും തമ്പി പ്രയോഗിച്ചു. വിട്ടു കൊടുക്കാതെ അജുവും. മണൽ വിരിച്ച ചെറിയ മുറ്റത്ത് രണ്ടു പേരും കത്തിയ്ക്ക് വേണ്ടിയുള്ള പിടിവലി തുടങ്ങി. ഇരുവരുടേയും കാലുകൾ പായുമ്പോൾ മുറ്റത്തെ മണൽ തരികൾ ചുറ്റും തെറിച്ചു. പ്രായത്തെ വെല്ലുന്ന ആരോഗ്യമുള്ള ആളായിരുന്നു തമ്പി.
അയാളുടെ കയിൽ നിന്നും കത്തി കൈക്കലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസിലായതോടെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വലതു കൈ ചുരുട്ടി അയാളുടെ മൂക്കിൽ അജു ഒരിടി ഇടിച്ചു. മൂക്കിന്റെ പാലം തകർന്നത് പോലെ ഒന്ന് കാറി കൊണ്ട് അയാൾ മുഖം പൊത്തി പിടിച്ചു പിന്നിലേക്ക് പോയി മതിലിലിടിച്ചു നിന്നു. അയാൾക്ക് ശ്വാസം വിടാനുള്ള സാവകാശം പോലും കൊടുക്കാതെ തല പിടിച്ചു മതിലിൽ ഒറ്റ ഇടി കൂടി കൊടുത്തു. തമ്പി മറിഞ്ഞു വീണു. നിലത്തു കിടക്കുന്ന അയാളുടെ അടി നാഭി നോക്കി അവൻ ആഞ്ഞു ചവിട്ടി. ഒന്നല്ല. പലവട്ടം. അതോടെ അട്ട ചുരുളുമ്പോലെ തമ്പി ചുരുണ്ടു.
അജു പിന്നിലേക്ക് മാറി നിന്ന് കിതച്ചു. അഴിഞ്ഞു പോകാൻ തുടങ്ങിയ മുണ്ട് വാരി കുത്തി. പിന്നെ നിലത്തു വീണു കിടന്ന കത്തി കയ്യിലെടുത്തു. തമ്പിയുടെ നെഞ്ചിലേക്ക് വലതു കാൽ മുട്ടു കുത്തി കഴുത്തിൽ കത്തിയുടെ വായ് തല ചേർത്ത് വച്ചു.
"പന്ന പൊലയാടി മോനേ... അനങ്ങിയാൽ മാങ്ങ പൂളുന്ന പോലെ നിന്റെ കഴുത്ത് ഞാൻ കണ്ടിക്കും..."
തമ്പിയുടെ തലയും മൂക്കും അടിനാഭിയും ഒരേ പോലെ പുളയ്ക്കുന്ന വേദന. തിരിച്ചു എന്തെങ്കിലും ചെയ്യാൻ പറ്റാത്ത വിധം അവശനായ പോലെ അയാൾ മണ്ണിൽ പതുങ്ങി കിടന്നു. അജുവിന്റെ ഒച്ച മുഴക്കമായി അയാളുടെ കാതിൽ അലയടിച്ചു. വ്യക്തമാവാത്തത് പോലെ കണ്ണ് ചിമ്മി ചിമ്മി തുറന്നു നോക്കി.
" ഇനി നിന്റെയീ ചീഞ്ഞ കൈ എന്റെ പെണ്ണിന്റെ നേരെ ഉയർന്നെന്ന് ഞാനറിഞ്ഞാൽ. അന്ന് തീരും നീ... ആണുങ്ങളില്ലാത്ത വീട്ടിൽ കയറി ചെറ്റത്തരം കാണിച്ചിട്ട്... ചോദിക്കാൻ ആരും വരില്ലെന്ന് കരുതി അല്ലേടാ... അവള് തടഞ്ഞിട്ടാ... അല്ലെങ്കിലുണ്ടല്ലോ അതറിഞ്ഞ നിമിഷം നിന്നെ ഞാൻ ജയിലിൽ കയറ്റിയേനെ... അച്ഛന്റെ സ്ഥാനത്തല്ലേടാ പട്ടി നിന്നെ അവൾ കണ്ടത്. അതിനെ തന്നെ നീ... നിനക്ക് കഴുവേറാൻ വേറെ മുള്ള് മൂരിക്കൊന്നും കിട്ടിയില്ലേടാ നാറി..."
കലി തീരാതെ അവൻ അയാളെ വീണ്ടും ചവിട്ടി മെതിച്ചു. തമ്പി തീർത്തും അവശനായി. നാണം കെട്ട പതനം. അജു മാറി നിന്ന് പുച്ഛത്തോടെ നോക്കി.
"അവനെന്നെ തീർക്കാൻ വന്നിരിക്കുന്നു. നാണം കെട്ട ചെറ്റ. എടാ നിന്നെ പോലുള്ളവന്മാരെയൊക്കെ പച്ചയ്ക്ക് കത്തിച്ചു കളഞ്ഞേക്കണം... അല്ലാതെ ജീവിക്കാൻ വിടരുത്... എണീരടാ..."
രോക്ഷത്തോടെ ചുണ്ട് കടിച്ചു പിടിച്ചു അയാളുടെ ഷർട്ടിന്റെ കോളറിൽ കുത്തി അജു എണീൽപ്പിച്ചു.
"നീ എന്താടാ അവിടെ വച്ചു പറഞ്ഞേ ഗൗരിയെ നീ എനിക്ക് തരില്ലന്നോ. എന്നാൽ നീ കേട്ടോ. അവളെ ഞാൻ തന്നെ കെട്ടും. നിന്റെ മുന്നിൽ വച്ചു. നീ ഒരു കോപ്പും ചെയ്യില്ല..."
തളർന്ന് മതിലിൽ ചാരി നിന്ന് തമ്പി കിതച്ചു. ശരീരം മൊത്തം ഇടിച്ചു നുറുക്കിയത് പോലെ വേദനിക്കുന്നത് അയാളറിഞ്ഞു. അജു അയാളെ കഴുത്തിന് പിടിച്ചു മുന്നോട്ട് തള്ളി കൊണ്ട് പോയി ഗേറ്റിനു വെളിയിലാക്കി.
"ഇറങ്ങി പോടാ... എന്റെ കൈ കൊണ്ട് ചാവണ്ടങ്കിൽ നീ ആ വീട് വിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോ... ആ അമ്മയും മോളും സമാധാനമായി ജീവിക്കട്ടെ."
അയാൾ ആടിയാടി നടന്നു പോകുന്നത് അവൻ നോക്കി നിന്നു. അപ്പോഴാണ് കൈ മുറിഞ്ഞ വേദന അജു അറിഞ്ഞു തുടങ്ങിയത്. തോളിനും കൈ മുട്ടിനും ഇടയിലുള്ള ഭാഗത്താണ് കുത്തേറ്റത്. രക്തം അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു. മുറിവിൽ പൊത്തിപിടിച്ചു അവൻ അകത്തേക്ക് കയറി വന്നു.
ഒരു ലുങ്കി കീറിയെടുത്തു മുറിവിൽ ചുറ്റി ഒരറ്റം കടിച്ചു പിടിച്ചു കൊണ്ട് മറ്റേ വശം കൊരുത്തു വലിച്ചിറുക്കി കെട്ടി വച്ചു. പിന്നെ ഫോൺ എടുത്തു. അതിൽ ഗൗരിയുടെ രണ്ടു മിസ് കാൾ കണ്ടു. തിരിച്ചു വിളിക്കാൻ തുടങ്ങുമ്പോൾ അവൾ ഇങ്ങോട്ട് വിളിച്ചു.
"എവിടെ ആയിരുന്നു. ഞാൻ എത്ര വിളിച്ചു. അവിടെ ആരാ വന്നേ. എന്താ സംഭവിച്ചേ?" എന്നിങ്ങനെ ഒറ്റ ശ്വാസത്തിൽ ഒരു കൂട്ടം ചോദ്യങ്ങൾ.
വെറുതെ അവളെ പേടിപ്പിക്കണ്ട എന്ന് കരുതി തമ്പി വന്ന കാര്യം അവൻ ഒളിച്ചു. ഹോസ്പിറ്റലിൽ പോകേണ്ടി വരുമെന്ന് അജുവിന് തോന്നി. കെട്ടി വച്ച തുണിയിൽ രക്തം കിനിഞ്ഞിറങ്ങുന്നു. മുറിവ് ആഴത്തിലുള്ളതാണെന്ന് തോന്നുന്നു. വേദന അനു നിമിഷം കൂടി വരുന്നു. എന്തൊക്കെയോ കള്ളത്തരങ്ങൾ പറഞ്ഞു പിടിപ്പിച്ചു ഒരു വിധം അവളെ കൊണ്ട് ഫോൺ വയ്പ്പിച്ചിട്ട് വാതിൽ പൂട്ടി ഇറങ്ങി.
ശ്രീയുടെ ബൈക്ക് അടുക്കളയുടെ വശത്തു ഒതുക്കി വച്ചിട്ടുണ്ടായിരുന്നു. അത് ഉയർത്താൻ നോക്കി. ഒരു രക്ഷയുമില്ല. കൈ കഴച്ചു പൊട്ടുന്ന വേദന ഇനിയിപ്പോൾ ശ്രീയെ വിളിച്ചു വരുത്താനൊന്നും സമയമില്ല. അവൻ ചാവി പോക്കറ്റിൽ തന്നെ ഇട്ടു. പിന്നെ റോഡിലേക്ക് ഇറങ്ങി. രണ്ടു ഓട്ടോറിക്ഷ കൈ കാണിച്ചിട്ടും നിർത്താതെ പോയി. പിന്നാലെ എത്തിയ ഓട്ടോയിൽ കയറി നേരെ അടുത്തുള്ള ഹോസ്പിറ്റലിലേയ്ക്ക് വിട്ടു.
ഹോസ്പിറ്റൽ സ്റ്റാഫ് കംപ്ലയിന്റ് ചെയ്തതിൻ പ്രകാരം പോലീസിന്റെ enquiry ഉണ്ടായിരുന്നു. മോഷ്ടിക്കാൻ കയറിയ കള്ളൻ ആക്രമിച്ചതാണെന്ന് അജു മൊഴി നൽകി. അജുവിന്റെ കയ്യിലെ മുറിവ് നല്ല ആഴത്തിലുള്ളതായിരുന്നു. ഇതിനിടയിൽ Bystander ആരെങ്കിലും കൂടെ വേണം എന്ന condition വന്നതോടെ മറ്റു ഗത്യന്തരമില്ലാതെ അജു ശ്രീജിത്തിനെ വിളിച്ചു വരുത്തി. ഒരു വാക്ക് പറയാതെ പോന്നതിനു അവന്റെ വായിൽ നിന്നും വയറു നിറയെ കിട്ടി.
മാത്രമല്ല പോലീസിനോട് തമ്പിയുടെ പേര് പറയാഞ്ഞത് എന്ത് കൊണ്ടാണെന്നു ചോദിച്ച് ചാടുകയും ചെയ്തു. അയാളെ അകത്താക്കാൻ കിട്ടിയ അവസരം വെറുതെ കളഞ്ഞ നീ എന്തൊരു മണ്ടനാണെന്നാണ് അവന്റെ ചോദ്യം. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവനിങ്ങനെയൊക്കെ പറയുന്നതെന്ന് അജുവിനറിയാം.
"നന്നായി പെരുമാറി വിട്ടിട്ടുണ്ടടാ. അത് മതി... " എന്ന് പറഞ്ഞു അജു ഒഴിഞ്ഞു. പക്ഷെ ശ്രീയുടെ സങ്കടം മാറുന്നില്ല.
"ഞാനാണല്ലോടാ നിന്നെ അവിടെ കൊണ്ട് ചെന്നു പരിചയപെടുത്തിയത്. അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ..."
"ശ്ശെ അതിന് നീയെന്ത് ചെയ്തിട്ടാ. ഇതു ഞാനായിട്ട് വരുത്തി വച്ചതല്ലേ... ഞാൻ തന്നെ അവസാനിപ്പിച്ചു കൊള്ളാം. പക്ഷെ നീയീ നടന്നതൊന്നും ഗൗരിയോട് പറയരുത്... അവളിതൊന്നും അറിയണ്ട. അറിഞ്ഞാൽ സഹിക്കില്ല. "
ശ്രീ ഒന്നും മിണ്ടിയില്ല. മുറിവ് സ്റ്റിച്ചിട്ട് പൊതിഞ്ഞു കെട്ടിയിരുന്നു. എങ്കിലും രാവിലെയാണ് ഡിസ്ചാർജ് കൊടുത്തത്. വിവരമറിഞ്ഞപ്പോൾ അമ്മ കൂടെ വരാൻ വാശി പിടിച്ചെന്ന് ശ്രീ പറഞ്ഞു. അമ്മയെ വിളിച്ചു ശ്രീ ഫോൺ അജുവിന്റെ കയ്യിൽ കൊടുത്തു. കുറച്ചു നേരം അവൻ സംസാരിച്ചു. കുഴപ്പമില്ല രാവിലെ വീട്ടിൽ പോകാമെന്നു പറഞ്ഞു അവൻ സമാധാനിപ്പിച്ചു വച്ചു. അന്ന് രാത്രി ശ്രീജിത്ത് കൂട്ടിരുന്നു. രാവിലെ വാടക വീട്ടിൽ എത്തിയപ്പോൾ ശ്രീയുടെ അമ്മയും അനുജത്തിയും ഒരു ഓട്ടോയിൽ അവിടേയ്ക്ക് ചെന്നു. വീട്ടിലേക്ക് ചെല്ലാൻ അമ്മ നിർബന്ധിച്ചുവെങ്കിലും അജു നന്ദിപൂർവ്വം നിരസിച്ചു. എങ്കിൽ മുറിവ് കരിയും വരെ ഫുഡ് അമ്മ കൊടുത്തു വിടാമെന്ന് പറഞ്ഞു. ഒഴിയാൻ നിവർത്തിയില്ലാതെ അവൻ സമ്മതിച്ചു കൊടുത്തു.
ഓഫിസിലേയ്ക്ക് പോകും മുന്നേ break fast ഉം lunch ഉം അമ്മ ശ്രീയുടെ കയ്യിൽ കൊടുത്തു വിട്ടു. വൈകാതെ കരഞ്ഞു വിളിച്ചു ഗൗരിയും എത്തി.
'എന്നോടെന്താ പറയാഞ്ഞത്' എന്ന് ചോദിച്ചു പെണ്ണ് ഒരേ കരച്ചിൽ. അജു അനുനയിപ്പിക്കാൻ പരമാവധി നോക്കിയെങ്കിലും ഗൗരിയുടെ സങ്കടം മാറുന്നുണ്ടായിരുന്നില്ല. മാത്രമല്ല അവന്റെ അടുത്തേക്ക് ചെല്ലാതെ പിണങ്ങി മാറി ഇരിക്കുകയും ചെയ്തു.
"ഞാൻ പറയുന്നതാണോ കുറ്റം. ലക്ഷ്മി പറഞ്ഞിട്ട് വേണോ ഞാൻ അജുവേട്ടന്റെ കാര്യങ്ങളൊക്കെ അറിയാൻ. ആണോ. അപ്പോൾ ഞാൻ അജുവേട്ടന്റെ ആരാ? "
"ഭാര്യ..." അജു കുസൃതിയോടെ മറുപടി കൊടുത്തു.
"ഒലക്ക" അവൾ മുഖം കറുപ്പിച്ചു.
"വാ"
അവൻ കൈ നീട്ടി പ്രേമപൂർവം വിളിച്ചു.
"ഇല്ല"
"വാടീ..."
"ഇല്ല. പോ." അവൻ കട്ടിലിൽ നിന്നും എണീറ്റ് വന്നു അവളുടെ കൈ പിടിച്ചു.
"വാ. എന്റടുത്തു വന്നിരിക്ക്." അവൾ കുതറി.
"വേണ്ട..... കാണുമ്പോഴുള്ള പുന്നാരിക്കലേ ഉള്ളൂ. അല്ലാതെ എന്നോട് ഒട്ടും ഇഷ്ടമില്ല. ഉണ്ടായിരുന്നെങ്കിൽ എന്നോടല്ലേ ആദ്യം പറയാ. ഇതിപ്പോ ഞാനേതോ അന്യയെ പോലെ...." അവൾ ഏങ്ങലടിച്ചു.
"നീ വിഷമിക്കുമെന്ന് കരുതീട്ടല്ലേ..."
അവൻ അവളുടെ വയറിനു പിന്നിലൂടെ കൈ ചുറ്റി അടുപ്പിച്ചു നിർത്തി. അവളുടെ ചെറുത്ത് നിൽപ്പ് ദുർബലമായി കൊണ്ടിരുന്നു. ആ താടി പിടിച്ചു അവൻ മുഖമുയർത്തി. പിന്നെ അവളുടെ നനഞ്ഞ കൺപോളയ്ക്ക് മീതെ മൃദുവായി ചുംബിച്ചു. തന്റെ പിണക്കം അലിഞ്ഞലിഞ്ഞു ഇല്ലാതാവുന്നത് ഗൗരി അറിഞ്ഞു. അവൾ ചുറ്റി പിടിക്കാൻ ശ്രമിച്ചപ്പോൾ കൈ തട്ടി അവന്റെ മുറിവ് വേദനിച്ചു. ഒച്ചയിട്ടു കൊണ്ട് അവൻ പിന്നിലേക്ക് മാറി.
"യ്യൊ.... സോറി.... സോറി......"
ക്ഷമാപണത്തോടെ മുന്നോട്ട് ചെന്ന് അവളവനെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു.
വ്യാഴാഴ്ച. തെക്കേപ്പാട്ട് നിന്നും വിജയൻ നായരും കുടുംബവും അമ്പലത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. തേവരുടെ മുന്നിലാണ് കല്യാണമണ്ഡപം. സദ്യ ഒരുക്കിയിരിക്കുന്നതും അവിടുത്തെ പാചകപുരയിൽ.
നീണ്ട മുടി പിന്നൽ നിറയെ മുല്ലപ്പൂ ചൂടി, സ്വർണ്ണനൂല് കൊണ്ടു മെനഞ്ഞ ചുവപ്പ് പട്ടുസാരി ചുറ്റി, ശരീരം മൂടുന്ന സ്വർണആഭരണങ്ങളണിഞ്ഞു രമ്യ മുന്നിൽ എത്തിയപ്പോൾ ദേവലോകത്തു നിന്നും ഇറങ്ങി വന്ന സുരസുന്ദരിയെ പോലെ മാളുവമ്മയ്ക്ക് തോന്നി.
വെറ്റില കൊടുത്തു മാളുവമ്മയുടെ കാലു തൊട്ടുതൊഴുതുയർന്നപ്പോൾ നിയന്ത്രണം വിട്ടു കരഞ്ഞു കൊണ്ട് അവളവരെ കെട്ടിപ്പുണർന്നു.
"മോളേ..." ആർദ്രമായി മാളുവമ്മ വിളിച്ചു:
"കരയല്ലേടി..." അവരുടെ ചുമലിൽ മുഖം ചേർത്ത് രമ്യ ഏങ്ങലടിച്ചു:
"എങ്കിലും കുട്ടേട്ടൻ ഒന്ന് വന്നില്ലല്ലോ അമ്മായി. ഇത്രയ്ക്കും എന്നെ വെറുത്തുപോയോ?"
വരരുതെന്ന് വിലക്കിയത് കൊണ്ടാണ് കുട്ടൻ എത്താതിരുന്നതെന്ന് മാളുവമ്മ പറഞ്ഞില്ല. ആശ്വസിപ്പിക്കുമ്പോലെ അവർ അവളെ തഴുകി.
"കരഞ്ഞു പിഴിഞ്ഞു മുഖം വൃത്തികേടാക്കി വയ്ക്കും. വാടി ഇങ്ങോട്ട്... അതെങ്ങനെ പെണ്ണിനെ കരയിക്കാൻ ഓരോരുത്തര് കച്ച കെട്ടി ഇറങ്ങിയിരിക്കുവല്ലേ." ഒച്ചവെച്ചുകൊണ്ട് വനജ വന്നു രമ്യയെ പിടിച്ചു വലിച്ചു കൊണ്ട് പോയി.
അജു കല്യാണത്തിന് ചെല്ലുന്നുണ്ടെന്ന് മാളുവമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ആരുമറിയാതെ ചിന്നുവിന്റെ കല്യാണം കണ്ടു മടങ്ങണം അതായിരുന്നു ഉദ്ദേശം. എന്നാൽ അവൻ പടി കയറി ചെല്ലുമ്പോൾ അവന്റെ വരവ് പ്രതീക്ഷിച്ചത് പോലെ ചന്തുവും അവന്റെ കുറച്ചു ചങ്ങാതിമാരും അവനെ തടഞ്ഞു.
"എങ്ങോട്ടാ.... ഇപ്പൊ അങ്ങോട്ട് പോവാൻ പറ്റില്ല."
നേതാവിനെ പോലെ മുന്നിൽ നിന്ന് ചന്തു കൽപ്പിച്ചു. അജുവിന്റെ മുഖത്ത് പുച്ഛം നുരഞ്ഞു.
"ഇത് തേവരുടെ നടയാ. അല്ലാതെ നിന്റെ അച്ചന്റെ കുടുംബ സ്വത്തല്ല. മാറെടാ ചെറുക്കാ മുന്നീന്ന്. " ചന്തുവിന്റെ നെഞ്ചിൽ തള്ളി മാറ്റി അജു മുന്നോട്ട് നടന്നു.
"നീ വേണ്ടന്ന് വച്ചതല്ലേടാ. പിന്നെ ക്ഷണിക്കാതെ കല്യാണത്തിന് വരാൻ നിനക്ക് നാണമുണ്ടോ...?" പിന്നിൽ നിന്ന് ചന്തുവിന്റെ ചോദ്യം.
അജു മടങ്ങി വന്നു.
"നിന്നെക്കാൾ മുന്നേ എന്റെ അനുജത്തി ആയതാണവൾ. ആ ബന്ധം നീയോ നിന്റെ അച്ഛനോ അമ്മയോ വിചാരിച്ചാൽ മാറ്റാൻ പറ്റില്ല. എനിക്കവളുടെ കല്യാണം കൂടാൻ നിന്റെയൊന്നും കുറിയുടെ ആവശ്യവുമില്ല. മനസ്സിലായോ?"
രൂക്ഷമായൊന്ന് നോക്കിയിട്ട് അവൻ തിരിഞ്ഞു നടന്നു. അമ്പലത്തിൽ നാദസ്വരമേളം മുഴങ്ങുന്നുണ്ടായിരുന്നു. തേവരുടെ മുന്നിൽ പ്രത്യേകം പണിഞ്ഞൊരുക്കിയ കല്യാണമണ്ഡപത്തിനു മുന്നിൽ വൻജനക്കൂട്ടം. അറിയുന്നവരുടെ തുറിച്ചു നോട്ടം അവഗണിച്ചു അവൻ ആൾക്കൂട്ടത്തിനിടയിലേക്ക് കയറി നിന്നു. വാദ്യമേളങ്ങളും കുരവയുമുയർന്നു കേൾക്കുന്ന ശുഭമുഹൂർത്തത്തിൽ മിഥുൻ, രമ്യയുടെ കഴുത്തിൽ താലി ചാർത്തി. താലി കോർത്ത മഞ്ഞചരട് മിഥുൻ രമ്യയുടെ കഴുത്തിനു പിന്നിൽ മുറുകുമ്പോൾ അവളുടെ നിറഞ്ഞ മിഴികൾ തിരഞ്ഞത് അജുവിനെ ആയിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ അവളുടെ നോട്ടം അരിച്ചരിച്ചു വരുന്നത് കണ്ടു മുന്നിൽ നിന്ന ആളിന്റെ മറവിലേക്ക് അജു മറഞ്ഞു നിന്നു. എന്തിനെന്നറിയാതെ കണ്ണുകൾ ഈറനണിഞ്ഞു. പുറം കൈ കൊണ്ട് അമർത്തി തുടച്ചിട്ട് അവൻ തിരിഞ്ഞു നടന്നു. ആരൊക്കെയോ പേര് ചൊല്ലി വിളിക്കുന്നത് കേട്ടില്ലെന്നു നടിച്ചു. തിരക്കിനിടയിൽ ആരോ വന്നു മാളുവമ്മയുടെ കാതിൽ പറഞ്ഞു.
"കുട്ടൻ വന്നിട്ടുണ്ടായിരുന്നു. മാളു ഏടത്തി കണ്ടില്ലേ..."
മാളുവമ്മ ചുറ്റിനും അജുവിനെ തിരഞ്ഞെങ്കിലും എവിടെയും അവനെ കണ്ടില്ല. അവർ വിജയൻ നായരോട് ചെന്നു വിവരം പറഞ്ഞു.
"ഇവിടെങ്ങും അവനെ കാണുന്നില്ല വിജയാ. മൊത്തം നോക്കി ഞാൻ. എനിക്ക് വീട്ടിലേക്ക് പോണം."
"ചിന്നുവിനെ യാത്ര അയച്ചിട്ട് പോയാൽ പോരെ ഓപ്പോളേ?"
"പറ്റില്ല. ചെറുക്കൻ വീട്ടിൽ എത്തിയോന്ന് അറിയണം... എനിക്കൊരു സമാധാനവും ഇല്ലടാ."
അവരുടെ പരവേശം കണ്ടിട്ട് വിജയൻ നായർ പിന്നെ തടഞ്ഞില്ല. മാളുവമ്മ വീട്ടിലേക്കു പാഞ്ഞു. ചെല്ലുമ്പോൾ പൂമുഖ വരാന്തയിൽ തൂണ് ചാരി അജു ഇരിക്കുന്നത് കണ്ടു. അപ്പോഴാണ് അവരുടെ ശ്വാസം നേരെ വീണത്.
"നീ അമ്പലത്തിൽ വന്നിരുന്നു. അല്ലേ?"
"അവളുടെ കല്യാണം ഒന്ന് കാണണംന്ന് ഉണ്ടായിരുന്നു. അതാ വന്നെ. കണ്ടു. മനസ് നിറഞ്ഞു. നല്ല ചെക്കൻ. അവൾക്കു ചേരുന്നുണ്ട് അല്ലേ അമ്മേ?" അവനെ ഒന്ന് നോക്കിയിട്ട് മാളുവമ്മ പടികയറി വന്നു:
"നീ എന്തെങ്കിലും കഴിച്ചാരുന്നോ മോനെ?"
"ഇല്ല"
"നീ വാ. അമ്മ എന്തെങ്കിലും വച്ചുണ്ടാക്കി തരാം."
വാതിൽ തുറന്നു അമ്മ അകത്തേക്ക് പോകുന്നത് അജു നോക്കിയിരുന്നു. അപ്പോൾ ഗൗരി വിളിച്ചു. കല്യാണത്തിന്റെ വിശേഷങ്ങളെ കുറിച്ച് ചോദിച്ചു. അജു മടങ്ങിയത് പിറ്റേന്ന് രാവിലെയാണ്. ട്രെയിനിൽ കയറുമ്പോൾ ഗൗരി വിളിച്ചു കുറച്ചു നേരം കുശലം പറഞ്ഞിട്ട് വച്ചു.
എറണാകുളം എത്തിയപ്പോൾ വീണ്ടും ഫോൺ വന്നു. കോളേജിൽ സമരം വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞു. വീട്ടിൽ എത്തിയിട്ട് വീണ്ടും വിളിച്ചു പിന്നെ അവൾ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് ഫോൺ കട്ടായി. അതിൽ അസ്വാഭാവികതയായിട്ടൊന്നും അജുവിന് തോന്നിയില്ല.
തിരുവനന്തപുരത്ത് എത്തിയിട്ട് ഒരു ബേക്കറിയിൽ കയറി ജ്യൂസ് കുടിക്കുമ്പോൾ അജു ഗൗരിയുടെ ഫോണിലേക്ക് വിളിച്ചു നോക്കി. രണ്ടു പ്രാവശ്യം ബെല്ലടിച്ചു നിന്നു. ഒരു ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചു. വഴിയ്ക്ക് വച്ചു ശ്രീജിത്തിന്റെ ഫോൺ വന്നു.
"നീ എവിടാ അജു? "
"ഓട്ടോയിലാടാ. വീട്ടിലേക്ക് വരുവാ."
"നീ ഗൗരിയുടെ വീട്ടിലേക്കു വാ." അജു അമ്പരന്നു പോയി.
"എന്തിന്..... അവിടെന്താ? "
"നീ ഇങ്ങോട്ട് വാടാ..."
ശ്രീജിത്ത് ഫോൺ വച്ചു കഴിഞ്ഞു. ഒരു പിടി കനൽ ആരോ വാരിയിട്ടത് പോലെ അവന്റെ നെഞ്ച് പുകയാൻ തുടങ്ങി. ഗൗരിയുടെ വീടിനടുത്തുള്ള വളവ് തിരിഞ്ഞപ്പോൾ അവളുടെ വീടിന് മുന്നിൽ വൻജനക്കൂട്ടം കണ്ടു.
അജുവിന് എന്തോ പന്തികേട് തോന്നി. അവന്റെ ഹൃദയമിടിപ്പ് പെരുമ്പറ പോലെ ഉയർന്നു. ആൾ തിരക്ക് മൂലം മുന്നോട്ടു പോവാൻ കഴിയാതെ ഡ്രൈവർ വണ്ടി നിർത്തി. വേപഥുവോടെ അവൻ ഓട്ടോയിൽ നിന്നും പുറത്തേക്കിറങ്ങി.
(തുടരും)
