ഭാഗം - 18
മുന്നിൽ അജുവിന്റെ ബൈക്കും പിന്നിൽ തമ്പിയുടെ ബുള്ളറ്റും വെടിയുണ്ട പോലെ റോഡിലൂടെ ചീറി പാഞ്ഞു പോയി. ബൈക്കിന്റെ പിന്നിൽ ഇരുവശത്തായി കാലിറക്കിയിരുന്ന് അവനെ ഇറുകെ ചുറ്റി പിടിച്ചു അവന്റെ മുതുകിൽ മുഖം പൂഴ്ത്തി കണ്ണടച്ചുപിടിച്ചിരിക്കുകയിരുന്നു ഗൗരി.
അജു ആയിരുന്നു അവളുടെ ധൈര്യം. കൊടുങ്കാറ്റോ സുനാമിയോ ഭൂകമ്പമോ എന്തും വന്നോട്ടെ... അജു കൂടെയുണ്ടെങ്കിൽ ആരെയും ഒന്നിനെയും ഭയക്കേണ്ടതില്ലയെന്ന് മനസ്സ് അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു.
വണ്ടികളെ ഓവർടേക്ക് ചെയ്തും വളവുകളും തിരിവുകളും പിന്നിട്ടും അജുവിന്റെ ബൈക്ക് പറന്നു. അപ്പോഴതാ മുന്നിലായി റോഡ് സൈഡിൽ ഒരു പോലീസ് ജീപ്പ്. ചെക്കിങ്ങിന്റെ ഭാഗമായി വണ്ടികൾ തടയുന്നു.
ബൈക്ക് വരുന്നത് കണ്ടു ഒരു കോൺസ്റ്റബിൾ റോഡിലേക്ക് ഇറങ്ങി നിന്ന് കൈ കാണിക്കുന്നു.
അജു വേഗത കുറച്ചു. പിന്നിൽ തമ്പിയും എത്തികഴിഞ്ഞു. ബൈക്ക് ഒതുക്കുകയാണെന്ന് കരുതി കോൺസ്റ്റബിൾ പിന്നിലേക്ക് മാറിയ തക്കത്തിൽ അജു ആക്സിലേറ്റർ കൊടുത്തു. ബൈക്ക് പാഞ്ഞു പോയി. അവർ പിന്നാലെ വരുമെന്ന് കരുതി അവൻ മെയിൻ റോഡിൽ നിന്നും ഒരു ഡൈവെർഷൻ റോഡിലേക്ക് ബൈക്ക് തിരിച്ചു. ഏതോ ഊടുവഴികളിലൂടെ ഓടി മറ്റൊരു റോഡിലെത്തി. വീണ്ടും മുന്നോട്ട്. ഗൗരിയുടെ അനക്കമൊന്നുമില്ല.
അവൻ ഇടതു കൈ പിന്നിലേക്ക് നീട്ടി അവളുടെ തലയിൽ തട്ടി വിളിച്ചു.
"മോളേ..."
അവന്റെ മുതുകിൽ നിന്നും അവൾ മുഖമുയർത്തി. അജു മുഖം ചരിച്ചു അവളെയൊന്ന് നോക്കി പുഞ്ചിരിച്ചു .
"പേടിച്ചോ?" ഗൗരിയുടെ മുഖത്തും നനഞ്ഞ ഒരു പുഞ്ചിരി തെളിഞ്ഞു.
"ചെറുതായിട്ട്........... " അവൾ ചുറ്റും നോക്കി.
"ഇതെവിടെത്തി അജുവേട്ടാ....? "
"യാതൊരു പിടിയുമില്ല. ഏതൊക്കെയോ വഴിയിലൂടെ കേറി വന്നതാ. നമുക്കാ ജംഗ്ഷനിൽ ചോദിക്കാം..."
ഓട്ടോസ്റ്റാൻഡിലെത്തി അവൻ വഴി തിരക്കി.
അവർ പറഞ്ഞു കൊടുത്ത വഴികളിലൂടെ ഓടി വീണ്ടും പഴയ മെയിൻ റോഡിലേയ്ക്ക് തന്നെ എത്തി ചേർന്നു. മുന്നിൽ ഒരു കുത്തിറക്കമാണ്. അതിന് മുന്നിലേക്ക് നീണ്ടു പോകുന്ന വിജനമായ റോഡ്. പരമാവധി വേഗത്തിൽ ഇറക്കമിറങ്ങി പോകുമ്പോൾ ഉച്ചത്തിൽ അവനൊന്ന് കൂവി വിളിച്ചു.
" യാ........ഹൂ.........! "
ഗൗരി അവനെ ഇറുകെ പുണർന്നു അവന്റെ സന്തോഷത്തിൽ പങ്കു ചേർന്നു. വീണ്ടും ഇരുവരും ഫോമിലായി കഴിഞ്ഞു.
"ഇയാളിതിപ്പോ എവിടുന്നു വന്നു ചാടി. അവിടെങ്ങാനുമാണോ അയാളുടെ സ്റ്റേഷൻ...?"
"നല്ല കാരക്റ്റർ ആയതു കൊണ്ട് ഇടയ്ക്ക് ഒന്ന് രണ്ടു സ്റ്റേഷൻ മാറിയത് അറിയാം. ഇപ്പൊ എവിടാണെന്ന് ഒരു പിടിയുമില്ല."
"എന്തായാലും നമ്മുടെ ബെസ്റ്റ് ടൈമാ... നേരെ മുന്നിൽ തന്നെ ചെന്നു ചാടി കൊടുത്തു."
"അയാളിത് അമ്മയോട് പറഞ്ഞു കൊടുക്കും. ഉറപ്പാ"
"മോൾക്ക് പേടിയുണ്ടോ?"
"എന്ത് വന്നാലും അജുവേട്ടൻ എന്റെ കൂടെ ഉണ്ടാവുമല്ലോ. അത് കൊണ്ട് ഇപ്പൊ അത്ര പേടിയൊന്നും തോന്നാറില്ല..."
"വീട്ടിൽ ചെന്നിട്ട് ഒട്ടും നിൽക്കാൻ പറ്റില്ലെന്ന് തോന്നിയാൽ ചാടിക്കോ..."
"ഏറ്റു"
"ബാങ്കിലേ ഇടപാടൊക്കെ കഴിഞ്ഞു ഒന്ന് ഫ്രീ ആയിട്ട് നിന്റെ അമ്മയോട് വന്നു ചോദിക്കാം എന്നൊക്കെയായിരുന്നു എന്റൊരു പ്ലാൻ. പ്രതീക്ഷ ഒന്നുമില്ല. നാട്ടു നടപ്പനുസരിച്ച് ഒന്ന് ചോദിക്കുന്നു."
"തന്നില്ലെങ്കിലോ...?" ഗൗരി കൗതുകത്തോടെ ചോദിച്ചു.
ആലോചിക്കാനുള്ള സമയം പോലും അവനെടുത്തില്ല.
"തന്നില്ലെങ്കിൽ ഞാനീ മുതലിനെ അടിച്ചോണ്ട് പോകും..." ഇരുവരും ഒരേപോലെ പൊട്ടിചിരിച്ചു.
ബൈക്ക് ഒരു വളവ് തിരിഞ്ഞു ചെന്നു ചാടിയത് പോലീസ് ജീപ്പിന്റെ മുന്നിൽ. മൂന്ന് പോലീസുകാർ വട്ടം ചാടി പിടിച്ചു കഴിഞ്ഞു. ഒരു കോൺസ്റ്റബിൾ ചാവി ഊരി എടുത്തു.
"ഊരെടാ ഹെൽമെറ്റ് .... "
വലതു വശത്തു നിന്ന പോലീസിന്റെ കല്പന. അജു അനുസരിച്ചു.
"ഇങ്ങോട്ടിറങ്ങടാ.... കൈ കാണിച്ചാൽ നിനക്ക് നിർത്താനിത്ര പാടെന്തുവാടാ നായിന്റ മോനേ... "
ഇടതു വശത്തെ പോലീസ് അജുവിന്റെ ഷർട്ടിൽ കുത്തി പിടിച്ചു ബൈക്കിൽ നിന്നും വലിച്ചിറക്കി.
ഗൗരി ഭയന്നു.
കരഞ്ഞു കൊണ്ട് അവൾ അജുവിനെ വട്ടം പിടിച്ചു നിന്നു. ജീപ്പിന് മുന്നിൽ എസ് ഐയുടെ സമീപം നിന്ന തമ്പി അവരുടെ അടുത്തേക്ക് പാഞ്ഞെത്തി. ഗൗരിയെ വലിച്ചു പറിച്ചു മാറ്റി
"നിന്നെ കോളേജിൽ വിടുന്നത് കണ്ടവന്മാരുടെ കൂടെ കറങ്ങാനാണോടി.... ഏ?"
അയാളുടെ ഒച്ച ഉയർന്നു. അവളുടെ കയ്യിലെ പിടി മുറുക്കി.
"വിട്..."
ഗൗരി കരഞ്ഞു കൊണ്ട് അയാളുടെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു.
ബോണറ്റിൽ ചാരി നിൽക്കുന്ന എസ് ഐ യുടെ ആജ്ഞ.
"അവനെ ഇങ്ങോട്ട് കൊണ്ട് വാ.... ഞാൻ ശരിക്കൊന്നു കാണട്ടെ......"
മൂന്ന് പോലീസുകാരും ചേർന്ന് അജുവിനെ അവിടേയ്ക്ക് വലിച്ചു കൊണ്ട് പോയി. അവൻ മുഖം തിരിച്ചു ഗൗരിയെ നോക്കുന്നുണ്ടായിരുന്നു.
"ഇവളെയും കൊണ്ട് നീ എങ്ങോട്ട് പോകുവായിരുന്നടാ....? "
എസ് ഐയുടെ ചോദ്യം. അയാളുടെ മുഖത്ത് ദേഷ്യമൊന്നുമില്ല. സമാധാനസ്വരം.
ഗൗരിയെ ചുറ്റി പിടിച്ചു നിർത്തി കൊണ്ട് വൈരാഗ്യത്തോടെ തമ്പി എസ് ഐ യോട് വിളിച്ചു പറഞ്ഞു.
"സാറെ.... ഇവന്റെ ശല്യം കാരണം എന്റെ കൊച്ചിനെ പഠിക്കാൻ പോലും വിടാൻ പറ്റാത്ത അവസ്ഥയാ. ഇവനെ പിടിച്ചു അകത്തിടണം. പെറ്റിഷനിൽ എന്ത് വേണമെങ്കിലും എഴുതി ചേർത്തോ. ഞാൻ ഒപ്പിട്ട് തരാം. ഇനി ഇവൻ പുറം ലോകം കാണരുത്..."
ഗൗരി കുതറി കൊണ്ട് നിലവിളിക്കുമ്പോലെ പറഞ്ഞു.
"എന്നെ ആരും ശല്യം ചെയ്തിട്ടില്ല... ഞാൻ അജുവേട്ടന്റെ കൂടെ എന്റിഷ്ടത്തിന് പോയതാ...."
പല്ല് ഞെരിച്ചു കൊണ്ട് തമ്പി അവളെ ബുള്ളറ്റിനു സമീപത്തേയ്ക്ക് വലിച്ചു കൊണ്ട് പോയി.
" വിട്... എന്നെ വിടാൻ..."
ഗൗരിയുടെ സമനില തെറ്റി കഴിഞ്ഞിരുന്നു. ദേഷ്യവും സങ്കടവും കൊണ്ട് അവൾ കിതച്ചു. ഒച്ച കടുത്തു.
"അജുവേട്ടനെ ജയിലിൽ വിട്ടിട്ട് താനിവിടെ സുഖിച്ചു ജീവിക്കാന്ന് വിചാരിക്കണ്ട. എന്നോട് കാണിച്ച വൃത്തികേടുകളൊക്കെ ഞാൻ സകല പത്രക്കാരോടും ചാനലുകരോടും വിളിച്ചു പറയും. പിന്നെ താൻ പുറം ലോകം കാണില്ല ഓർത്തോ..."
അയാൾ പകച്ചു നോക്കി. അവളുടെ കണ്ണിൽ നിന്നും തീപ്പൊരി ചിതറി. അയാളുടെ മുഖത്തെ ഞെട്ടൽ ഗൗരി വ്യക്തമായി കണ്ടു.
"നിങ്ങളുടെ കാര്യങ്ങളെല്ലാം ഞാൻ അജുവേട്ടനോട് പറഞ്ഞിട്ടുണ്ട്... ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിന് വിട്ടോ... അതാ നിങ്ങൾക്ക് നല്ലത്... അതല്ല പോലീസ് സ്റ്റേഷനിൽ കയറ്റാനാണെങ്കിൽ നിങ്ങളുടെ മുഖം മൂടി ഞങ്ങളിന്ന് വലിച്ചു കീറും... ആരാണ് ജയിലിൽ കേറുന്നതെന്ന് താൻ കണ്ടോ..."
അവൾ പല്ല് ഞെരിച്ചു കൊണ്ട് വെല്ലുവിളിച്ചു. തീയിൽ തൊട്ടതു പോലെ അയാൾ അവളുടെ കൈ വിട്ടു കളഞ്ഞു. ഒപ്പം വേപഥുവോടെ മുഖം തിരിച്ചു ജീപ്പിനടുത്തേക്ക് നോക്കി. എസ് ഐ അജുവിനോട് എന്തൊക്കെയോ ചോദിക്കുന്നു. അവൻ മറുപടി പറയുന്നു. ആ സമയം ഗൗരി തിരിഞ്ഞോടി കഴിഞ്ഞു. തമ്പി തിടുക്കത്തിൽ പിന്നാലെ ചെന്നു.
"അവനെ വിട്ടേര് സാറെ. എനിക്ക് പരാതിയില്ല. "
തമ്പിയുടെ ഒച്ച കേട്ട് എല്ലാവരും ഒരേ നിമിഷം അമ്പരന്ന് അയാളെ നോക്കി.
"ഒറ്റ മോളാ സാറേ.... ഇവള് ചത്തുകളയുമെന്ന് പറയുന്നു....എനിക്ക് എന്ത് ചെയ്യാൻ പറ്റും. ഞാനൊരു അച്ഛനായി പോയില്ലേ....." ചങ്ക് തകർന്ന ഒരച്ഛന്റെ വേദന അയാളുടെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു.
എന്താണ് സംഭവം എന്നറിയാതെ അജു അന്തം വിട്ടു നോക്കി.
"ടോ.... താനിങ്ങ് വന്നേ.... "
എസ് ഐ വിളിച്ചു. തമ്പി തകർന്നത് പോലെ അടുത്തേക്ക് ചെന്നു.
"സാരമില്ലടോ... താൻ വിഷമിക്കാതെ. ഇവൾക്കിവനെ അത്രയ്ക്കങ്ങ് ഇഷ്ടമാണെങ്കിൽ ഇവരുടെ കല്യാണമങ്ങ് നടത്തി കൊടുത്തേക്ക്. ചുമ്മാ തെണ്ടി തിരിഞ്ഞു നടക്കുന്ന ചെറുക്കൻ ഒന്നുമല്ലടോ. ഗവണ്മെന്റ് സർവീസിലാ ജോലി. സംസാരിച്ചിട്ട് കുഴപ്പമുള്ള കേസാണെന്ന് എനിക്ക് തോന്നുന്നില്ല. താൻ വീട്ടിൽ ചെന്നു സമാധാനമായിട്ട് ഭാര്യയുമായി ആലോചിച്ചു എന്താന്ന് വച്ചാൽ ഒരു തീരുമാനമെടുക്ക്... താനിനി വെറുതെ പ്രശ്നമുണ്ടാക്കി മറ്റുള്ളവരെ കൊണ്ട് ചിരിപ്പിക്കാൻ നിൽക്കരുത്. പെങ്കൊച്ചിനു പ്രായപൂർത്തിയായി. ഇനി താനെത്ര കടും പിടുത്തം പിടിച്ചാലും തന്റെ കയ്യിൽ നിൽക്കില്ല. നിയമങ്ങളൊക്കെ ഞാൻ പറഞ്ഞു മനസിലാക്കി തരേണ്ട കാര്യമില്ലല്ലോ അല്ലെ . ഇപ്പോഴത്തെ പിള്ളേരാടോ..... മുൻപിൻ നോക്കാതെ ഇതൊക്കെ കേറി എന്തെങ്കിലും കടും കൈ ചെയ്തു കളയും. പിന്നേ മരണം വരെ തനിക്ക് സമാധാനം കിട്ടില്ല..."
തമ്പി വെറുതെ കേട്ട് നിന്നു. അയാളുടെ ഉള്ളിൽ ഒരു കടലിരമ്പുന്നത് ആരും അറിഞ്ഞില്ല.
"താൻ മോളെയും വിളിച്ചു വീട്ടിൽ പോകാൻ നോക്ക്... ഇനി ഇവളെ തല്ലാനും വഴക്ക് പറയാനുമൊന്നും നിൽക്കണ്ട കേട്ടോ..."
തമ്പിയുടെ തോളിൽ കയ്യിട്ടു എസ് ഐ ജീപ്പിന്റെ ഇടതു വശത്തേക്ക് നടന്നു.
"തന്റെ മനസ്സ് പുകയുന്നത് എനിക്ക് മനസിലാവും.. കാരണം ഒരിക്കൽ ഞാനും ഇതുപോലൊരു സിറ്റുവേഷനിലൂടെ കടന്നു പോയിട്ടുണ്ട്. അന്ന് ഞാനൊരു yes മൂളിയിരുന്നെങ്കിൽ എന്റെ മോളിപ്പോൾ ജീവനോടെ കാണുമായിരുന്നു..."
എസ് ഐ സീറ്റിലേക്ക് കയറി ഇരുന്നു.
"താൻ വീട്ടിലൊക്കെ ഒന്ന് പോയി സമാധാനമായിട്ട് തിരിച്ചു വാ..."
ജീപ്പ് കടന്നു പോയിട്ടാണ് തമ്പി തിരിഞ്ഞു നോക്കിയത്. അപ്പോൾ അജു ബൈക്കിലേക്ക് കയറി ഇരിക്കുന്ന കണ്ടു. അവനെ രൂക്ഷമായി നോക്കി കൊണ്ട് അയാൾ അടുത്തേക്ക് ചെന്നു.
"ഇവളെയും കെട്ടി സുഖമായി ജീവിക്കാമെന്ന് നീ വിചാരിച്ചോ....? "
"അങ്ങനെ തന്നെയാണല്ലോ ഈ കഥ അവസാനിക്കേണ്ടത്." ഹെൽമെറ്റിന്റെ ഗ്ലാസ്സ് ഉയർത്തി അജു തലയിലേക്ക് ഇറക്കി വച്ചു.
"ഞാനത് സമ്മതിച്ചു തരുമെന്ന് നിനക്ക് തോന്നുന്നുണ്ടോടാ."
"ഒരിക്കലുമില്ല. നിങ്ങളുടെ മനസ്സിലിരിപ്പ് വേറെയാണല്ലോ." അവന്റെ ചുണ്ടിൻ കോണിൽ പുച്ഛം കലർന്നൊരു ചിരി വിരിഞ്ഞു. തുടർന്ന് ഓർമിപ്പിച്ചു.
"പക്ഷെ ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ലല്ലോ തമ്പി സാറേ..."
ഹെൽമെറ്റിന്റെ ക്ലിപ്പ് അവൻ പിടിച്ചിട്ടു.
"എങ്കിലേ... നിന്നെ ഞാനങ്ങ് അവസാനിപ്പിക്കാൻ പോകുവാ." കളിയാക്കുമ്പോലെ അജു പൊട്ടിച്ചിരിച്ചു.
"ഒന്ന് ട്രൈ ചെയ്തു നോക്ക്... അവസാനിക്കുമോയെന്നറിയാലോ..." അവൻ വെല്ലുവിളിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ഗൗരി പെട്ടന്ന് പിന്നിൽ കടന്നിരുന്നു.
"അപ്പോൾ പോട്ടേ ബാവി അമ്മായിയപ്പാ..."
ഗൂഡമായി ചിരിച്ചു കൊണ്ട് അജു ബൈക്ക് ഓടിച്ചു പോയി. പിശാചിനെ പോലെ തമ്പി ക്രൂരമായി ഒന്ന് ചിരിച്ചു. അയാളുടെ കണ്ണുകളിൽ പക വജ്രം പോലെ തിളങ്ങി.
രാത്രിയിൽ അജു അമ്മയെ വിളിച്ചപ്പോഴാണ് രമ്യയുടെ കല്യാണത്തെ കുറിച്ചറിയുന്നത്. അവൻ അത്ഭുതപ്പെട്ടു.
"ഈ വരുന്ന വ്യാഴാഴ്ചയോ... ഇത്ര പെട്ടന്നോ?"
"ചെറുക്കന് ഗൾഫിലാ ജോലി. ലീവ് ഇല്ലത്രെ. അത് കൊണ്ട് തീരുമാനിച്ചതും ഉറപ്പിച്ചതുമൊക്കെ പെട്ടന്നായിരുന്നു. എന്തായാലും എന്റെ പ്രാർത്ഥന തേവര് കേട്ടു. ഇനി എല്ലാമൊന്ന് ഭംഗിയായി അവസാനിച്ചാൽ മതിയായിരുന്നു."
അജുവിന്റെ മനസിലും അങ്ങനെ തന്നെയായിരുന്നു. ചിന്നു നല്ലൊരു കുടുംബജീവിതത്തിലേക്ക് വലതു കാൽ വച്ചു കയറുന്നത് മറ്റാരേക്കാളുമധികം സന്തോഷിക്കുന്നത് അവനായിരുന്നു. ഇല്ലെങ്കിൽ ഒരു കുറ്റബോധം എന്നും മനസ്സിൽ കിടക്കും. അതൊരു കാരമുള്ള് പോലെ ഹൃദയത്തേ വരഞ്ഞു മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇപ്പോൾ കാറ്റും കോളുമൊഴിഞ്ഞ കടല് പോലെ മനസ് ശാന്തമായതായ് അവന് തോന്നി.
" റ്റൊരു കാര്യം കൂടി വിജയൻ പറഞ്ഞിട്ട് പോയി. ആ കല്യാണം കൂടാൻ നീ ചെല്ലരുതെന്ന്..."
"അമ്മാവന് എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ? "
"ഒരു കണക്കിന് നോക്കിയാൽ അവൻ പറയുന്നതിലും കാര്യമില്ലേ മോനെ. ഒരു വിധം ആ പെങ്കൊച്ചിനെ പറഞ്ഞു സമ്മതിപ്പിച്ചു വച്ചേക്കുന്നതാ. ഇനി നിന്നെ എങ്ങാനും കണ്ടിട്ട് അവൾ തീരുമാനം മാറ്റിയാൽ ഇത്രേം കഷ്ടപ്പെട്ടു സ്വരുകൂട്ടി കൊണ്ട് വന്നതൊക്കെ വെറുതെയാവും. ഇനി നീയായിട്ട് അവളുടെ കല്യാണം മുടക്കിയെന്ന പേര് വരുത്തണ്ട."
അജു അതിന് മറുപടിയൊന്നും പറഞ്ഞില്ല.
"നിനക്ക് വിഷമം ഉണ്ടാവുംന്ന് അറിയാം. എന്നാലും നീ വരാതിരിക്കുന്നതാ നല്ലത്. ആ കല്യാണം മംഗളമായി നടന്നോട്ടേ." മാളുവമ്മ പറഞ്ഞു നിർത്തി.
ഗൗരി വിളിച്ചപ്പോൾ അജു രമ്യയുടെ കല്യാണത്തെ കുറിച്ച് പറഞ്ഞു.
"വ്യാഴാഴ്ചയല്ലേ. അജുവേട്ടൻ പോകുന്നുണ്ടോ? ഗൗരി ചോദിച്ചു.
'പോകണം' എന്ന് തന്നെയാണ് അവൻ പറഞ്ഞത്. അത് അറിയാതെ പറഞ്ഞു പോയതല്ല. അവന്റെ ഉള്ളിലും അങ്ങനെ തന്നെ ആയിരുന്നു. താനാ കല്യാണത്തിന് കൂടരുതെന്നാണ് അമ്മാവൻ പറഞ്ഞിരിക്കുന്നത്. അവർക്ക് താൻ ശത്രുവാണ്. അവരുടെ മകളെ നിക്ഷേധിച്ച ആജന്മ ശത്രു. പക്ഷെ അവളെന്റെ അനുജത്തിയാണ്. താൻ എടുത്തു കൊണ്ട് നടന്നവൾ തന്റെ കൈ പിടിച്ചു നടക്കാൻ പഠിച്ചവൾ. ഉറപ്പുണ്ട്. അവളൊരിക്കലും തന്നെ ശത്രുവായ് പ്രഖ്യാപിക്കില്ല. തന്നെ കണ്ടാൽ കുട്ടേട്ടാ എന്ന് വിളിച്ചു ഓടി വരികയും ചെയ്യും. അജുവിന് പെട്ടന്ന് സങ്കടം വന്നു. നെഞ്ചു വിങ്ങുന്നു. ആരൊക്കെ വരണ്ടാന്ന് പറഞ്ഞാലും അവളുടെ കല്യാണം ഒന്ന് കാണണം. ആരെയും ശല്യം ചെയ്യാതെ ദൂരെ നിന്നെങ്കിലും. അപ്പോൾ ഗൗരിയുടെ ഒച്ച കാതിൽ കേട്ടു.
"അയാളിത് വരെ വന്നിട്ടില്ല അജുവേട്ടാ. അയാളുടെ പ്ലാനെന്താണെന്ന് അറിയാൻ വയ്യ. എന്തായാലും അമ്മയെ ഇതുവരെ വിളിച്ചിട്ടില്ല. വിളിച്ചിരുന്നേൽ എന്റെ നേരെ ചാടി കൊണ്ട് വന്നേനെ..."
ആ സമയം കതകിൽ ആരോ മുട്ടുന്ന ഒച്ച കേട്ടു. അവൻ കാതോർത്തു.
"നീ ഫോൺ വച്ചോ ആരോ പുറത്തു വന്നിട്ടുണ്ട്. "
"ഈ സമയത്തോ. അതാരാ? "
"നോക്കട്ടെ. ഞാൻ തിരിച്ചു വിളിക്കാം."
"വിളിക്കണേ. എന്നിട്ടേ ഞാൻ ഉറങ്ങു..."
"ശരി. "
കാൾ കട്ട് ചെയ്തു ഫോൺ കിടക്കയിൽ തന്നെ വച്ചിട്ട് അവൻ എണീറ്റു ചെന്നു പ്രധാന വാതിൽ തുറന്നു.
പുറത്ത് ആരെയും കണ്ടില്ല. അവൻ പടിയിലേക്കിറങ്ങി നോക്കി. പെട്ടന്ന് ഇടതു വശത്തു നിന്നും തമ്പി അവനെ ആക്രമിച്ചു. അജു ഒഴിഞ്ഞു മാറും മുന്നേ അയാൾ വീശിയ കത്തി അവന്റെ ഇടതു കയ്യിലെ മാംസത്തിൽ തുളച്ചിറങ്ങി.
(തുടരും)
