മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 1050
  • Status: Paid
  • Date Paid: 2022-07-20

പുലർച്ചെ തേവരുടെ നടയിൽ നിന്നും  "ഭാവയാമി  രഘു രാമം "  കേട്ടാണ്  അജു  ഉണർന്നത്. അതൊരു അലാറം പോലെയാണ്. നിത്യവും   ആ സമയത്ത് അവൻ  ഉണരും. 

ചെറിയ ഓടിട്ട വീടാണ്. മുൻവശം വലിയ നാല്  ഉരുളൻ തൂണുകളിൽ  മച്ചുകൾ താങ്ങി നിൽക്കുന്ന നീളൻ വരാന്ത. രണ്ടു കിടപ്പു മുറിയും ഇടന്നാഴിയും അടുക്കളയും. അടുക്കളയോട്  ചേർന്ന് അഴിയിട്ട ചെറിയ വരാന്ത ഊണ് മുറിയായി  ഉപയോഗിക്കുന്നു. വരാന്തയോട്   ചേർന്ന്  വടക്കു ദിക്കിൽ ആണ്  കിണർ. അതിനോട് ചേർന്ന് ഓട് മേഞ്ഞ  പഴയ കുളിമുറി. വടക്കു പടിഞ്ഞാറു  മൂലയിൽ ആണ്  ടോയ്ലറ്റ്. 

വർഷങ്ങൾക്ക്  മുൻപ്  അച്ഛൻ  പണിത  വീടാണ്. ഇടയ്ക്ക് എപ്പോഴോ ഒന്ന് ചായം തേച്ചു മോടി പിടിപ്പിച്ചു എന്നല്ലാതെ അതിൽ  മാറ്റം  ഒന്നും വരുത്തിയിട്ടില്ല. മഴയും വെയിലുമേറ്റ് വീട് പഴമയിലേക്ക് മടങ്ങി പോയിരിക്കുന്നു. 

അജു എണീറ്റു വരുമ്പോഴേക്കും അമ്മ ഉണർന്നു പശുവിനെ കറക്കാൻ ഉള്ള പാത്രം കറവക്കാരന്റെ കൈയിൽ ഏല്പിച്ചു കഴിഞ്ഞിരുന്നു. ഒരു കറുത്ത തമിഴൻ. ആകെയുള്ളതു ഒരു പശുവാണ്. പിന്നെ അതിന്റെ ക്ടാവ്. വീട്ടിലെ ആവശ്യം കഴിഞ്ഞു ബാക്കി പാൽ അടുത്തുള്ള ചായ കടയിൽ കൊടുക്കുന്നതാണ്  പതിവ്. 

പല്ലുതേച്ചു അജു എത്തുമ്പോഴേക്കും മാളുവമ്മ  ചായ റെഡിയാക്കി  കഴിഞ്ഞിരുന്നു. ചായ കുടിച്ചു കഴിഞ്ഞാൽ നേരെ അമ്പലകുളത്തിലേക്കാണ്  യാത്ര. തൊടിയിറങ്ങി വീതി കുറഞ്ഞ ചെമ്മൺ  പാതയിലൂടെ ലേശം നടന്നാൽ കുളത്തിൽ എത്താം. പോകുന്നവഴി പാൽ നിറച്ച കുപ്പി നാട്ടുവഴിയോരത്തെ ചായ കടയിൽ ഏല്പിക്കും. 

കുളത്തിൽ നന്നായി മുങ്ങി കുളിച്ചു കയറുമ്പോഴേക്കും ശ്രീ കോവിലിൽ നിന്നും മണി മുഴക്കം കേൾക്കുന്നുണ്ടാവും. ഇടിഞ്ഞു തുടങ്ങിയ ആൽത്തറക്ക് പിന്നിലൂടെ നടന്നു ശ്രീ കോവിലിന്റെ മുന്നിൽ ചെന്ന് നിന്ന് ഭംഗിയായി മുഖപ്പ് ചാർത്തിയ ശിവനെ തൊഴുതിട്ടാണ് വീട്ടിലേക്കു മടങ്ങുന്നത്.

എം. എ കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. പഠനം കഴിഞ്ഞപ്പോൾ മുതൽ PSC ടെസ്റ്റുകൾ എഴുതാൻ തുടങ്ങിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കവലയിൽ ഒരു കടയിൽ കണക്കെഴുത്ത് ജോലി ഉള്ളതാണ് ആകെയൊരു ആശ്വാസം. ശനിയും ഞായറും ഒന്ന് രണ്ടു വീടുകളിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. അമ്മയ്ക്കും അജുവിനും ഉള്ള ചിലവ് അത് ധാരാളം. 

പക്ഷെ പ്രശ്നം അതല്ല. അച്ഛൻ വരുത്തി വച്ച കുറച്ചു കടങ്ങൾ  ഉണ്ട്. പാട്ടത്തിന് പറമ്പേടുത്ത് അച്ഛൻ കൃഷി ചെയ്തു. അതിനു വേണ്ടി കാർഷിക ലോണും പിന്നെ പുറത്തു നിന്നു പലിശക്കും കാശ് കടം എടുത്തിട്ടുണ്ട്. കൃഷി നശിച്ചു തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു. അതിൽ നിന്നും രക്ഷപെടാൻ അച്ഛൻ ആത്മഹത്യ ചെയ്തു! അച്ഛൻ മരിച്ചതോടെ  ബാങ്ക് കടം എഴുതി തള്ളി. 

അതിനു വേണ്ടി അജു ഒരുപാട് കഷ്ടപ്പെട്ടു. പ്രമാണം മറ്റൊരു ബാങ്കിൽ വച്ചു ലോൺ എടുത്തു പുറത്തെ കടം വീട്ടി. മാസം ഒരു തുക ബാങ്കിൽ അടക്കണം. കുളി കഴിഞ്ഞു വന്നു മുറ്റത്തെ അയയിൽ   നനഞ്ഞ തോർത്ത് വിരിച്ചു, സോപ്പ്  കുളിമുറിയിൽ കൊണ്ട് വച്ചിട്ട് അജു മുറിയിലേക്ക് കയറി. ഡ്രസ്സ് മാറി അടുക്കളയിൽ ചെല്ലുമ്പോഴേക്കും അമ്മ ചൂട് ചിരട്ടപുട്ടും കടല കറിയും വിളമ്പി. 

അവൻ കഴിക്കുമ്പോൾ അമ്മ പോയി ഒരു ലിസ്റ്റുമായി വന്നു. 

"എന്താത് ?"

ചോദിക്കുന്നതിനു ഇടയിൽ അവൻ പേപ്പർ വാങ്ങി. 

"അടുക്കളയിലേക്കുള്ള കുറച്ചു സാധനങ്ങൾ തീർന്നു.നീ വരുമ്പോൾ വാങ്ങി വന്നാൽ മതി. "

അജു ലിസ്റ്റ് ഒന്നോടിച്ചു വായിച്ചു നോക്കി. 

" വെളിച്ചെണ്ണയോ?"

"അതെ. "

"അതല്ലേ കഴിഞ്ഞ ആഴ്ച മേടിച്ചത്?"

"ആര്. നീയോ?"

ഇഷ്ടപ്പെടാത്ത മട്ടിൽ അമ്മ ഒന്ന് നോക്കി:

"നിനക്കെന്താ കുട്ടാ? നീ വാങ്ങി വന്നത് വിളക്കെണ്ണയാ.  ഇത്ര പെട്ടന്ന് മറന്നോ?"

അബദ്ധം പിണഞ്ഞത്   പോലെ അജു ഒന്ന് നിർത്തി. 

അത് മറച്ചു പിന്നെ തുടർന്നു :

"അല്ല അമ്മേ. നമ്മൾ രണ്ടാളും മാത്രല്ലെ ഉള്ളൂ ഇവിടെ. പിന്നെ ഇതെങ്ങനെയാ സാധനങ്ങൾ ഇത്ര പെട്ടന്ന് തീരണത് ?"

മാളുവമ്മയ്ക്ക് അത് കേട്ടു ശുണ്ഠി വന്നു. 

"മുട്ട് വരുമ്പോൾ ഞാൻ കുറേശ്ശേയെടുത്ത് പുറത്തു കൊടുത്തു കാശ് വാങ്ങും. അങ്ങനെയാ  തീരണെ."

പറയുന്നതിന് ഇടയിൽ അവർ തിരിഞ്ഞു നടന്നു. 

"ഇവിടെ പെരുമാറി തന്നെയാ ഇതൊക്കെ തീരണെ. അല്ലാതെ  ഇതൊന്നും ആരും എങ്ങും കൊണ്ടോവുന്നില്ല. നിനക്ക് വേണമെങ്കിൽ വാങ്ങിട്ട് വാ."

അടുക്കള വാതിലിൽ എത്തിയിട്ട് മാളുവമ്മ തിരിഞ്ഞു നിന്നു:

"പിന്നെ ഒരു കാര്യം മറന്നു... "

"ഇനിയുമുണ്ടോ ?"

മുഖം ചുളിച്ചു   കൊണ്ടു അജു എണീറ്റു കൈ കഴുകി. 

"എന്റെ മുട്ട് വേദനയ്ക്കുള്ള തൈലം മേടിക്കണം. അതു തീർന്നു. നീയാ ലിസ്റ്റിൽ ഉള്ള സാധനം മേടിച്ചില്ലങ്കിലും തൈലം വാങ്ങാൻ മറക്കണ്ട."

അമ്മയുടെ നേര്യതിന്റെ   തുമ്പുയർത്തി അജു നനഞ്ഞ കയ്യും ചുണ്ടും തുടച്ചു :

"വാങ്ങിക്കാം. അതിന്റെ പേരിൽ അടുപ്പിൽ വെള്ളം ഒഴിക്കാൻ നിൽക്കണ്ട . പിന്നെ ഈ മുട്ട് വേദന കൂട്ടാൻ ആയിട്ട്  പശുവിനു പുല്ലരിയാൻ  തൊടിയിറങ്ങണ്ട. ഒന്നാമത് എട്ടേ പത്തേന്നാ നടപ്പ്. പറയുന്ന മനസിലാവുന്നുണ്ടോ  മാളുവമ്മേ... "

"ഒന്നുപോടാ. അതൊക്കെ ചിന്നു വന്നിട്ടാ ചെയ്യണേ. എന്നേയീ മുറ്റം ഇറങ്ങാൻ അവള് സമ്മതിക്കില്ല. അപ്പോഴാ തൊടിയിറങ്ങണെ ."

"എന്തോ ആയിക്കോട്ടെ. ആ പശുവിനെ കൊടുത്താലോന്നു ഒരു ആലോചന ഇല്ലാതില്ല."

മുറിയിലേക്ക് നടക്കുന്നതിനിടയിൽ അജു തുടർന്നു. 

"തവിടും പിണ്ണക്കും  കറവക്കാരന്റെ കൂലിയും  എല്ലാം കൂടി പാല് വിറ്റു കിട്ടണ കാശിൽ  നിൽക്കില്ല. പിന്നെന്തിനാ ഇങ്ങനൊരു അധിക ചിലവ് ?"

മാളുവമ്മ മുറിയുടെ വാതിലിൽ എത്തി. 

"അത് മാത്രം കുട്ടാ, നീ ചിന്തിക്കണ്ട."

ബാഗ് തോളിൽ തൂക്കി അജു പുറത്തേക്ക് വന്നു. 

"ഒരു ദിവസം രാവിലെ നോക്കുമ്പോൾ പശു തൊഴുത്തിൽ ഉണ്ടാവില്ല... നോക്കിക്കോ."

മുഖം വീർപ്പിച്ചു നിൽക്കുന്ന മാളുവമ്മയുടെ താടി പിടിച്ചു തിരുമി കൊണ്ട് അവൻ ചിരിച്ചു. 

"പോട്ടേ മാളുവമ്മേ..."

"പോടാ"

മാളുവമ്മ കൈ തട്ടി മാറ്റി അവനെ അനുഗമിച്ചു ഉമ്മറം വരെ ചെന്നു. അവൻ പടിയിറങ്ങി പോകുന്നത് നോക്കി നിന്നു.


ഉൾ നാടൻ  ഗ്രാമം ആണ്. ഒരുവിധം ആളുകളുടെ പ്രധാന ജോലി കൃഷി തന്നെയാണ്. അതുകൊണ്ട് തന്നെ ചുറ്റിനും വാഴയും തെങ്ങും കവുങ്ങും മാവും പ്ലാവും കുരുമുളകുമൊക്കെ തഴച്ചു വളർന്നു നിൽക്കുന്നു. എവിടെ നോക്കിയാലും നിറഞ്ഞ പച്ചപ്പ് !

മുൻവശത്തെ  ചെമ്മൺ പാത പിന്നിട്ടു തട്ട്തട്ടായി  കിടക്കുന്ന പറമ്പിന് നടുവിലെ വഴിയിലൂടെ താഴേക്കു നടക്കുമ്പോൾ കയ്യാലയുടെ മുകളിൽ നിന്നും "കുട്ടേട്ടാ... " എന്നുള്ള വിളി കേട്ടു. 

ഒപ്പം ചിലങ്ക കിലുങ്ങുമ്പോലെ  വെള്ളികൊലുസിന്റെ  കിലുക്കവും. അജു നിന്നിട്ട് മുകളിലേക്ക് നോക്കി. മുകളിൽ വേലിക്കെട്ടുകൾക്കിടയിൽ ചന്ദ്രൻ ഉദിച്ചതു പോലെ രമ്യയുടെ മുഖം!

മഞ്ഞ പട്ടുപാവാടയും ചുവന്ന ബ്ലൗസും അവൾക്കു നന്നായി ഇണങ്ങുന്നു.

അച്ഛന്റെ ഒറ്റ പെങ്ങൾ വനജ അപ്പച്ചിയുടെ മകളാണ്. മാത്രമല്ല അമ്മയുടെ സഹോദരൻ വിജയൻ നായർ ആണ് അപ്പച്ചിയെ കല്യാണം ചെയ്തിരിക്കുന്നത്. അതൊരു മാറ്റ കല്യാണം ആയിരുന്നു. 

രമ്യയെ 'ചിന്നു ' എന്നാണ് അടുത്ത് അറിയുന്നവർ വിളിക്കുന്നത്. രണ്ടു പ്രാവശ്യം പത്തിൽ ഭംഗിയായി തോറ്റു കൊടുത്തിട്ട് നടക്കുന്നു. ചെറുതിലെ എല്ലാവരും കൂടി രമ്യയെ അജുവിനെ കൊണ്ട് കെട്ടിക്കണമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. 

മുതിർന്നപ്പോൾ അവനാ 'ഇഷ്ടം' ഒന്നും ഇല്ലെങ്കിലും ആ ഒരു ചായവ് അവൾക്കും വീട്ടുകാർക്കും അവനോടു ഉണ്ട്. രമ്യയ്ക്ക് ഇളയത് ഒരു ആൺകുട്ടിയാണ്. 

ചന്തു !

ഇപ്പോൾ പത്താം ക്ലാസ്സിലേക്ക് കയറിയിരിക്കുകയാണ് ചെക്കൻ. അജു വീട്ടിൽ ഇല്ലാത്തപ്പോൾ രമ്യ മാളുവമ്മക്ക് ഒരു കൂട്ടാണ്. അത് അവനു വലിയൊരു ആശ്വാസം കൂടിയാണ്. 

"എന്താടി?"

അജു ചോദിച്ചു. 

"ദേ...ഇതൊന്ന്  പിടിച്ചേ...?"

ഒരു പേപ്പർ കഷ്ണം വേലിയ്ക്കിടയിലൂടെ അവൾ താഴേക്കു നീട്ടി . 

"എന്താത് ?"

"പിടിക്ക്  കുട്ടേട്ടാ... "

ഒന്ന് നോക്കിയിട്ട് അജു ഏന്തിയുയർന്ന് പേപ്പർ വാങ്ങി. 

ചുവപ്പ് കുപ്പിവള. 
കണ്മഷി. 
ചാന്ത്. 

എന്നിങ്ങനെ വരിയായി എഴുതിപിടിപ്പിച്ചിരിക്കുന്നു. 

"ഇതെന്തിനാ എന്റെ കയ്യിൽ തരുന്നേ?" അവൻ സംശയത്തിൽ നോക്കി. 

"കുട്ടേട്ടൻ തിരിച്ചു വരുമ്പോൾ വാങ്ങിട്ട് വരാൻ."

"നിനക്കെന്താടി വട്ടാ?" ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് അജു മുന്നോട്ടു നടന്നു. 

"മനുഷ്യനിവിടെ ജീവൻമരണ പോരാട്ടം നടത്തുവാ... അപ്പോഴാ അവള്ടെ ഒരു കണ്മഷിം ചാന്തും. "

കയ്യാലക്ക് മുകളിലൂടെ രമ്യയും അവന്റെ ഒപ്പം നടന്നു. 

"പ്ലീസ് കുട്ടേട്ടാ... വീട്ടിൽ ആ ചെക്കനോട് പറഞ്ഞാൽ കേൾക്കില്ല. അച്ഛനോട് പറയാൻ പറ്റില്ല. ചീത്ത വിളിക്കും. അമ്മയുടെ കാര്യം അറിയാലോ. പിന്നിതൊക്കെ ഞാൻ ആരോടാ പറയ്യാ."

സംസാരിച്ചു നടക്കുമ്പോൾ അവളുടെ കാതിലെ 'ലോലാക്ക്' ഉലയുന്നുണ്ടായിരുന്നു. 

"ആരോട്  വേണേലും പോയി പറഞ്ഞോ. എനിക്ക് പറ്റില്ല. എന്റെ കയ്യിൽ കാശില്ല." തോട് കടന്നു അജു കൊയ്ത്തൊഴിഞ്ഞു കിടക്കുന്ന വിശാലമായ വയൽ വരമ്പിലേക്ക്  കയറി. 

"കുട്ടേട്ടാ  വാങ്ങിട്ട്  വരോ?"

തോടിനോട് ചേർന്ന് അവസാനിക്കുന്ന പറമ്പിന്റെ അതിരിൽ നിന്നും രമ്യ ഉറക്കെ വിളിച്ചു ചോദിച്ചു. 

"പോടീ അവിടുന്നു!"

തിരിഞ്ഞു നോക്കാതെ തിടുക്കത്തിൽ വരമ്പിലൂടെ നടക്കുന്ന അജുവിന്റെ ഒച്ച കേട്ടു സങ്കടത്തോടെ അവൾ വേലിക്കൽ നോക്കി നിന്നു. പിന്നെ അമർഷത്തോടെ മുഖം വെട്ടിതിരിച്ചു തിരിഞ്ഞു നടന്നു. 

 


കിണറിന്റെ ഒരു വശത്ത്  ചെറു കയർ വലിച്ചു കെട്ടിയ പന്തലിൽ പടർന്നു കിടക്കുന്ന നീളൻ പയർ പൊട്ടിച്ചെടുക്കുകയായിരുന്നു മാളുവമ്മ. രമ്യ വരുന്നത് കണ്ടു അവർ അവളെ  നോക്കി ചിരിച്ചു:

"നിന്നെ കണ്ടില്ലല്ലോന്ന്  ദേ...ഇപ്പോ വിചാരിച്ചിട്ടേയുള്ളൂ." മുഖം വീർപ്പിച്ചു അവൾ ചെന്ന് അടുക്കള തിണ്ണയിൽ ഇരുന്നു. 

പയർ പൊട്ടിച്ചു വച്ച മുറവുമായി മാളുവമ്മ അവളുടെ അടുത്ത് ചെന്നിരുന്നു. 

"എന്താ ചിന്നു. നീയെന്താ വല്ലാതെ?"

"ആ ചന്തു ഇന്നലെ പിടി കൂടി എന്റെ കുപ്പിവള മൊത്തം പൊട്ടി പോയി. ദേ വളയിടാത്ത കൈ എന്ത് വൃത്തികേടാന്ന്  നോക്കിക്കേ. കണ്മഷി തീർന്നു. കരിയെഴുതാത്ത കണ്ണുകൾ അമ്മായി കണ്ടോ ? കുട്ടേട്ടനോട് ഒന്ന് വാങ്ങി വരാൻ പറഞ്ഞിട്ട് കേട്ട ഭാവം പോലും നടിച്ചില്ല. അല്ലെങ്കിലും കുട്ടേട്ടന് ഇപ്പോൾ എന്നെ കണ്ണെടുത്താൽ  കണ്ടുടാ. "

രമ്യ ഏങ്ങി. അതു കേട്ടു മാളുവമ്മയ്ക്ക് ചിരി വന്നു. 

"എന്റെ കൊച്ചേ, രാവിലെ അടുക്കള സാധനം വാങ്ങാൻ ഞാനൊരു ലിസ്റ്റ് കൊടുത്തു വിട്ടിട്ടുണ്ടാരുന്നു. അതിന്റെ പേരിൽ എന്നോട്  ശുൺടിയെടുത്താ കുട്ടൻ ഇവിടുന്നു ഇറങ്ങിയേ. ആ ദേഷ്യത്തിൽ പറഞ്ഞതാടി. അതിനു നീയിങ്ങനെ വിഷമിച്ചാലോ? നിനക്ക് വളയും പൊട്ടുമൊക്കെ അമ്മായി വാങ്ങിത്തരാം."

രമ്യയുടെ മുഖം തെളിഞ്ഞു. 

"നീ വല്ലോം കഴിച്ചാരുന്നോ? വാ അമ്മായി കാപ്പി തരാം." മുറവുമായി മാളുവമ്മ എണീറ്റു. 

"കഴിച്ചതാ. എന്നാലും അമ്മായീടെ കയ്യീന്ന് എന്തേലും കഴിച്ചില്ലേ ഒരു സുഖവും തോന്നില്ല." ചിരിയോടെ രമ്യ എണീറ്റു മാളുവമ്മയുടെ പിന്നാലെ അകത്തേക്ക് നടന്നു. 


ഇരുവരും ചേർന്ന് ഉച്ചയൂണ് തയ്യാറാക്കുമ്പോൾ പുറത്തു പോസ്റ്റ് മാന്റെ സൈക്കിൾ ബെൽ മുഴങ്ങി കേട്ടു. തുടർന്നു "മാളുവമ്മേ..." എന്ന വിളിയും. 

രണ്ടുപേരും മുൻവശത്തെ വരാന്തയിലേക്ക് ചെന്നു. 

"അജുവിനു ഒരു രജിസ്റ്റാർഡ്  ഉണ്ട്. എവിടെ അവൻ ?"

"കുട്ടൻ കടയിലേക്ക് പോയല്ലോ രമേശാ. എന്താ അത് ?"

"ജോലിയുടെ പേപ്പർ ആണെന്ന് തോന്നുന്നു. അവനെ ഞാൻ കടയിൽ പോയി കണ്ടോളാം." പറഞ്ഞിട്ട് പോസ്റ്റുമാൻ പോയി. 

"കുട്ടേട്ടന് ജോലി ആയിട്ടുണ്ടാവോ  അമ്മായി?" മിഴികൾ വിടർത്തി രമ്യ നോക്കി. 

"എന്റെ തേവരേ..." മാളുവമ്മ മുകളിലേക്ക് നോക്കി കൈകൾ കൂപ്പി:

"ഇക്കുറിയെങ്കിലും അതൊന്നു നടന്നു കിട്ടിയാൽ മതിയായിരുന്നു. കുട്ടന്റെ ജോലി റെഡി ആയിട്ട് വേണം നിന്നെ ഇങ്ങട് കൂട്ടാൻ... "

പയർ അരിയുന്നതിനിടയിൽ മാളുവമ്മ പറഞ്ഞു. 

"കുട്ടന്റെ അച്ഛൻ മരിക്കും വരെ പറയുമായിരുന്നു നിന്നെ അവനെ കൊണ്ടു കെട്ടിക്കണംന്ന്. സ്ഥിരായിട്ട് അവനൊരു ജോലി ആവാൻ കാത്തിരിക്കുവാ ഞാൻ. നീ വന്നാൽ എനിക്കെവിടെലും നടു നീർക്കാലോ. "

വറുത്തെടുത്ത മുളകും മല്ലിയും കല്ലിൽ അരക്കുന്നതിനിടയിൽ രമ്യ നാണത്തിൽ ചിരിച്ചു. പിന്നെ തുടർന്നു. 

"എനിക്ക് അമ്മായീടെ അടുത്ത് വരാനാ ഇഷ്ടം. പക്ഷെ കല്യാണത്തിനൊക്കെ കുട്ടേട്ടൻ സമ്മതിക്കോ. ഇപ്പോ പണ്ടത്തെ പോലൊന്നുമല്ല. ആളാകെ മാറീട്ടുണ്ട്. എന്നെ ഒട്ടും ഇഷ്ടംല്ലാത്ത പോലാ സംസാരിക്കുന്നതും പെരുമാറുന്നതുമൊക്കെ."

മാളുവമ്മ മുഖം ഉയർത്തി:

"അതൊക്കെ ഞാൻ നോക്കിക്കോളാം. നീ വിഷമിക്കണ്ട. കുട്ടനൊരു കല്യാണം ഉണ്ടെങ്കിൽ പെണ്ണ് നീയായിരിക്കും. അത് പണ്ടേ ഉറപ്പിച്ചതാ." അരച്ചെടുത്ത മീന്റെ അരപ്പു ചട്ടിയിൽ കലക്കിയെടുത്തു കറിവേപ്പും പച്ചമുളകും തക്കാളിയും ചേർത്ത് അടുപ്പിൽ വച്ചു. നനഞ്ഞ കൈ തുടച്ചു രമ്യ മാളുവമ്മയുടെ അടുത്തേക്ക് വന്നു:

"ഇനി അമ്മായി എണീറ്റോ. ബാക്കി ഞാൻ അരിയാം."

"വേണ്ട കുട്ടി. നീയാ ഫോണെടുത്തു കുട്ടനെ ഒന്നു വിളിക്കു. വിവരം അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ല. "

രമ്യ  ലാൻഡ് ഫോണിന്റെ അടുത്തേക്ക് ചെന്നപ്പോൾ ഫോൺ ബെൽ മുഴങ്ങി. റിസീവർ എടുത്തു ചെവിയോട് ചേർത്തപ്പോൾ മറുതലക്കൽ നിന്നും അജുവിന്റെ ശബ്ദം കേട്ടു. 

"കുട്ടേട്ടാ ഞാനാ ചിന്നുവാ. അമ്മായി പറഞ്ഞിട്ട് അങ്ങോട്ട് വിളിക്കാൻ തുടങ്ങുവാരുന്നു"

"അമ്മയെവിടെ. നീ ഫോൺ അമ്മയ്ക്ക് കൊടുത്തേ. "

"ദേ ഇപ്പോ കൊടുക്കാം. " റിസീവർ മേശമേൽ വച്ചിട്ട് അവൾ അടുക്കളയിലേക്ക് ഓടി മാളുവമ്മയെ വിളിച്ചു കൊണ്ട് വന്നു. 

"കുട്ടാ രമേശൻ അവിടെ വന്നോ മോനെ?" മാളുവമ്മ ചോദിച്ചു. 

"വന്നമ്മേ. ഒരു സന്തോഷവാർത്തയുണ്ട്. അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടി. തിരുവനന്തപുരത്തേക്കാ പോസ്റ്റ്. ബ്ലോക്ക് പ്ലാനിങ് ഓഫീസർ ആയിട്ട്. "

"ന്റെ തേവരേ... "

മാളുവമ്മ നെഞ്ചിൽ കൈ ചേർത്തു. സന്തോഷതള്ളലിൽ അവരുടെ കണ്ണുകൾ നനഞ്ഞു. 

"ബാക്കിയൊക്കെ വന്നിട്ട് സംസാരിക്കാം. ഞാൻ ഇന്നിത്തിരി ലേറ്റാവും. ഉച്ച കഴിഞ്ഞു ജോണേട്ടനൊപ്പം എറണാകുളം വരെ പോണം." അജു ഫോൺ വച്ചു. 

"എന്താ അമ്മായി. കുട്ടേട്ടൻ എന്താ പറഞ്ഞേ?" ജിജ്ഞാസയോടെ രമ്യ ചോദിച്ചു. 

"അവന്റെ ജോലി ശരിയായി കുട്ടി. തേവര് ഒടുവിൽ കനിഞ്ഞു. "

രമ്യ നീണ്ട മിഴികൾ വിടർത്തി:

"എനിക്കറിയാരുന്നു ഇക്കുറി കുട്ടേട്ടന്റെ ജോലി ശരിയാവുംന്ന്. ഞാൻ ശിവന് ചുറ്റുവിളക്ക് നേർന്നിട്ടുണ്ടാരുന്നു." ആഹ്ലാദത്തോടെ അവൾ പറഞ്ഞു. 


അജു എത്തിയപ്പോൾ ഇരുട്ട് വീണിരുന്നു. അവൻ പടികയറി വരുമ്പോൾ മാളുവമ്മയും രമ്യയും ഉമ്മറത്തുണ്ട്. 

"ഇവളിതുവരെ പോയില്ലേ ?"

സാധനങ്ങൾ നിറഞ്ഞ കവർ അമ്മയെ ഏല്പിക്കുന്നതിനിടയിൽ അജു ചോദിച്ചു. 

"നീ വരാൻ വൈകുംന്ന് പറഞ്ഞത് കൊണ്ട് എനിക്ക് കൂട്ടിരുന്നതാ അവള്.  വേഷം മാറ്റിട്ട് ഒന്ന് കൊണ്ടാക്കീട്ട് വാ. "

"അമ്മയെന്തിനാ ഇത്ര ഇരുട്ടും വരെ ഇവളെ ഇവിടെ പിടിച്ചു നിർത്തിയെ. വൈകിയാലും ഞാനിങ്ങുവരില്ലേ. പിന്നെന്താ ?"

മുഖം ചുളിച്ചു കൊണ്ട് അജു അകത്തേക്ക് കയറി പോയി. 

"എന്നെ ആരും കൊണ്ടാക്കണ്ട. എനിക്കറിയാം വന്നത് പോലെ തിരികെ പോവാൻ."

രമ്യ ശുണ്ഠിയിൽ പറഞ്ഞു. 

"പിന്നെന്തിനാ നില്കുന്നെ. പൊയ്ക്കൂടേ." അകത്തു നിന്നും അജുവിന്റെ ഒച്ച കേട്ടു. 

"അമ്മായി ഞാൻ പോകുവാ." മാളുവമ്മയോട് പറഞ്ഞിട്ട് അവൾ വെട്ടിതിരിഞ്ഞു പുറത്തേക്കു നടന്നു. 

മാളുവമ്മ പിന്നാലെ ചെന്നു:

"നിൽക്കു കുട്ടി. ഇരുട്ടത്ത്  തനിച്ചു പോവണ്ട. അവൻ കൊണ്ടാക്കും. "

പടിക്കൽ ചെന്നിട്ടു രമ്യ തിരിഞ്ഞു നിന്നു: "വേണ്ട. ഇഷ്ടല്ലാത്തവരൊന്നും  കൂട്ട് വരണ്ട. എന്നെ ആരും പിടിച്ചു തിന്നാനൊന്നും പോവുന്നില്ല."

അപ്പോഴേക്കും വേഷം മാറി ടോർച്ചുമെടുത്ത് അജു ഇറങ്ങി വന്നു. 

"ചിലക്കാതെ പോടീ... " മുരണ്ടു കൊണ്ട് ടോർച്ചു തെളിച്ചു അവൻ പിന്നാലെ ചെന്നു. അത് കണ്ടു മാളുവമ്മയ്ക്ക്  ചിരി വന്നു. ദേഷ്യത്തോടെ ചവിട്ടി കുലുക്കി രമ്യ മുന്നിൽ നടന്നു. 

"അല്ലെങ്കിലും എനിക്കറിയാം. കുട്ടേട്ടന് എന്നോടിപ്പോ ഒട്ടും ഇഷ്ടമില്ല. കാണുന്നത് തന്നെ കലിയാ. ഇത്ര വെറുക്കാനും മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ. വേറേതോ സുന്ദരി കോതയെ കണ്ടു വച്ചിട്ടുണ്ടാവും. അതു കൊണ്ടാണോ എന്നോടിങ്ങനെ?" മുന്നിൽ നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ രമ്യ പറയുകയാണ്. 

"അതേടി. ഞാൻ രാവിലെ ഉടുത്തു കെട്ടിയൊരുങ്ങി ഇറങ്ങുന്നത് അതിനല്ലേ. ഓരോ ദിവസവും ഓരോ പെണ്ണുങ്ങളുടെ കൂടെ കറങ്ങുവാ. നിനക്കെന്താ ചേതം."

രമ്യ മിണ്ടിയില്ല. അജു തുടർന്നു. 

"ഓരോ ദിവസം ഓരോ പ്രശ്നങ്ങളാ. മനുഷ്യനിവിടെ കിടന്നു നട്ടം തിരിയുവാ. അപ്പോഴാ അവള്ടെ ഒരു പ്രേമം. മണ്ണാങ്കട്ട." 

അപ്പോൾ എതിരെ ഒരു ടോർച്ചു വെളിച്ചം വരുന്നത് കണ്ടു. ചന്തുവാണ്. കാണാഞ്ഞിട്ടു രമ്യയെ തിരിഞ്ഞു ഇറങ്ങിയതാണ് ചെക്കൻ. അവരെ കണ്ടു അവൻ നിന്നു :

"നിനക്കിന്നു കിട്ടും. അങ്ങോട്ട് വാ."

"കിട്ടുന്നത് ഞാൻ വാങ്ങിച്ചോളാം. നീ നിന്റെ കാര്യം നോക്കി പോടാ." രമ്യ ചീറി. ഉള്ളിലെ രോക്ഷവും സങ്കടവുമൊക്കെ അവളുടെ വാക്കുകളിൽ നിറഞ്ഞു. അതു കേട്ടു അജുവിനു ചിരി വന്നു. 

"നീ പോടീ...അലവലാതി!"

"അലവലാതി നിന്റെ...... ഞാനങ്ങു വരട്ടെ. ഇന്ന് നിന്റെ അവസാനം ആണ്."

"അതിന് മുന്നേ നിന്നെ ഞാൻ തീർക്കും."

ഒച്ച വച്ചു കൊണ്ട് ചന്തു തിരിഞ്ഞോടി. അജു ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. 

"എന്നോടുള്ള ദേഷ്യം ആ പാവം ചെറുക്കനോട് തീർക്കണ്ട."

"എനിക്കാരോടും ദേഷ്യം ഒന്നുമില്ല" എടുത്തടിച്ച പോലെ മറുപടി. 

"ആ ഒച്ച കേട്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. "

"അപ്പോൾ എന്റെ ഒച്ച കേട്ടാൽ മനസിലാവും അല്ലെ. എന്റെ മനസ്സ് മാത്രം ആണ് മനസിലാവാത്തേ. അല്ലേ? "

"തുടങ്ങി." അജു പിറുപിറുത്തു. 

"എന്റെ ഇഷ്ടം മനസിലാക്കാൻ നല്ലൊരു ഹൃദയം വേണം. കുട്ടേട്ടന് അതില്ല. "

"നിനക്ക് വട്ടാ. "

"അതെ. അതുകൊണ്ടാണല്ലോ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ പിന്നാലെ വരുന്നത്. എനിക്ക് വട്ട് തന്നെയാ."

"എടി നമ്മൾ രണ്ടും ഒരമ്മയുടെ വയറ്റിൽ പിറന്ന സഹോദരങ്ങളുടെ മക്കളാ. ബ്ലഡ് റിലേഷൻ. അതായത് എനിക്ക് നീ എന്റെ അനുജത്തിയാ. അത് നീ ആദ്യം മനസ്സിലാക്ക്. "

"എന്നിട്ടാ അച്ഛനും അമ്മായിമൊക്കെ ചേർന്ന്  കുഞ്ഞിലേ തന്നെ നമ്മുടെ കല്യാണം ഉറപ്പിച്ചു വച്ചേക്കുന്നേ. അവർക്കും വട്ടാണന്നാണോ പറഞ്ഞു വരുന്നേ."

"അവരൊക്കെ പണ്ട് പറഞ്ഞ തമാശയൊക്കെ ഇപ്പോഴും മനസ്സിൽ വച്ചോണ്ട് നടക്കുന്ന നിന്നെ തെരണ്ടി വാല് കൊണ്ട് അടിക്കണം."

"പണ്ട് മാത്രം അല്ല. ഇപ്പോഴും പറയുന്നുണ്ട്."

"ഞാൻ കേട്ടില്ല."

"കേൾക്കില്ല"

"ഞാൻ നിന്നെ പോലെ ജോലിയും കൂലിയും ഇല്ലാതെ പൈങ്കിളി നോവലും വായിച്ചു സീരിയലും കണ്ടു വീട്ടിൽ കുത്തിയിരിക്കുവല്ല അവരൊക്കെ പറയുന്ന തമാശ കേൾക്കാൻ." അജുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു. 

അവന്റെ ഒച്ച മാറുന്നത് കേട്ട് അവൾ പിറുപിറുത്തു. 

"ഞാൻ എന്തേലും പറഞ്ഞാൽ അപ്പോ ദേഷ്യം വരും "

"മിണ്ടാതെ നടന്നോ. ഇല്ലെങ്കിൽ ഞാനിപ്പോ എടുത്തു തോട്ടിൽ കളയും." അവൻ മുരണ്ടു. 


അജുവും രമ്യയും ഒതുക്ക് കയറി ചെല്ലുമ്പോൾ വിജയൻ നായരും വനജയും ഉമ്മറ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. ചൂട് കട്ടൻ ഊതി കുടിക്കുകയായിരുന്നു അയാൾ. 

കൃഷി തന്നെയാണ് വിജയൻ നായരുടെയും ജോലി. കുറച്ചു പറമ്പുണ്ട്. എല്ലാതരം പച്ചക്കറികളും വിളയിച്ചു എടുത്തിട്ടുണ്ട്. പാടത്തു നെല്ല് കൃഷി ചെയുന്നുണ്ട്. പിന്നെ നാലഞ്ചു പശുക്കളും. 

"വാ കുട്ടാ... ഇരിക്ക്." വിജയൻ നായർ ഒന്നുലഞ്ഞിരുന്നു:

"ഇവളെ കാണാഞ്ഞിട്ടാ ചെക്കനെ അങ്ങോട്ട് വിട്ടത്. അവനിങ്ങു വിളിച്ചോണ്ട് വരുമായിരുന്നല്ലോ."

"അത് സാരമില്ല അമ്മാവാ. എന്തായാലും ഞാനിങ്ങോട്ട് വരാനിരുന്നതാ." രമ്യ നേരെ അകത്തേക്ക് കയറി പോയി. 

അജു തിണ്ണയിൽ ഇരുന്നു. 

"ഞാൻ കാപ്പിയെടുക്കാം. " വനജ എണീറ്റു. 

"വേണ്ട അപ്പച്ചി. ഇരിക്കുന്നില്ല. പോകുവാ. ഞാൻ ഒരു കാര്യം പറയാൻ വന്നതാ. "

വിജയൻ നായരും വനജയും തങ്ങളിൽ ഒന്ന് നോക്കി. 

"എന്താ ?"

വിജയൻ നായർ ചോദിച്ചു. 

"എന്റെ ജോലി ശരിയായിട്ടുണ്ട് . തിരുവനന്തപുരത്തേക്കാ ആദ്യ പോസ്റ്റ്. ബ്ലോക്ക് ഓഫിസിൽ." 

നെഞ്ചിൽ കൈ വച്ചു വനജ ഒന്ന് നിശ്വസിച്ചു. ആഹ്ലാദം തുളുമ്പുന്ന മുഖത്തോടെ വിജയൻ നായർ നോക്കി. 

"ഞാനങ്ങു  പോയി കഴിഞ്ഞാൽ വീട്ടിൽ അമ്മ തനിച്ചാവും. അതാ ഒരു വിഷമം."

"അതിനെന്താ മോനെ. നാത്തൂനെ ഞങ്ങളിങ്ങു കൊണ്ട് പോരാം. അല്ലെ വിജയേട്ടാ." വനജ  പറഞ്ഞു. 

വിജയൻ നായർ തുടർന്നു: "നീ ധൈര്യമായിട്ട് പോയി വാ. ഓപ്പോളേ ഞങ്ങൾ നോക്കിക്കോളാം. "

"എങ്കിൽ ഞാൻ ഇറങ്ങുവാ. ജോലി കഴിഞ്ഞു വന്നിട്ടേ  ഉണ്ടായിരുന്നുള്ളൂ. വേഷം മാറി നേരെ ഇങ്ങോട്ട് പോരുവാരുന്നു. ചെന്നിട്ടു കുളിക്കണം.എന്തേലും കഴിക്കണം. "

അജു എണീറ്റു. വിജയൻ നായർ പടിക്കൽ വരെ കൂടെ ചെന്നു:

"നാളെ ഞങ്ങൾ അങ്ങോട്ടു വരാം. "

"ശരി." 

ടോർച്ചു തെളിയിച്ചു അജു ഒതുക്കിറങ്ങി. 


"എന്റെ പ്രാർത്ഥന തേവര് കേട്ടു."

വിജയൻ നായർ തിരികെ തിണ്ണയിൽ വന്നിരിക്കുമ്പോൾ വനജ പറഞ്ഞു. 

"സർക്കാർ ജോലി ആയല്ലോ. ഇനി നാത്തൂനോട് സംസാരിച്ചു ചിന്നുന്റേം കുട്ടന്റെയും കല്യാണം നിശ്ചയിക്കണം വിജയേട്ടാ. ഇനിയും  വെച്ചു താമസിപ്പിക്കരുത്. ഇത്രയും ദൂരം  പോയി താമസിക്കുന്നതാ. കൊത്തി കൊണ്ട് പോവാൻ പലരും കൂടും."

വിജയൻ നായർ ഒന്ന് മൂളി. പിന്നെ ഭിത്തിയിലേക്ക് ചാഞ്ഞിരുന്നു. 

"ജപ്തി ആയപ്പോൾ നിന്റെ ഏട്ടൻ മുൻപിൻ നോക്കാതെ ഒരു മുഴം കയറിൽ ജീവനൊടുക്കി. സകല ഓഫീസിലും കയറിയിറങ്ങി അവനാ  ജപ്തി ഒഴിവാക്കിയെടുത്തു. പുറത്തെ കടം വീട്ടി. ഓപ്പോളേ അല്ലലില്ലാതെ നോക്കുന്നു. ഇപ്പോ സർക്കാർ  ജോലി ആയി.കുട്ടൻ  മിടുക്കനാടി. അവന്റെ  കയ്യിൽ അല്ലാതെ വേറെ ആർക്കാടി ധൈര്യത്തോടെ നമ്മുടെ മോളെ പിടിച്ചു കൊടുക്കാൻ പറ്റുന്നെ... "

പറഞ്ഞു തീരുമ്പോഴേക്കും വിജയൻ നായരുടെ കണ്ണ് നനഞ്ഞു. 

അകത്തെ വാതിൽ മറഞ്ഞു നിന്നു പുറത്തെ സംസാരം ശ്രദ്ധിക്കുകയായിരുന്നു രമ്യ. ചിരിയോടെ അവൾ മുറിയിലേക്ക് ഓടി. കിടക്കയിൽ ചെന്നു വീണു. തലയിണയിൽ മുഖം ചേർത്തു വച്ചു. നാണത്തിൽ പൊതിഞ്ഞ ഒരു ചിരി വിരിഞ്ഞു. മനസ്സിൽ ഒരു മുല്ലപ്പന്തൽ തെളിഞ്ഞു വരികയാണ്. ഒപ്പം നാദസ്വര മേളവും !

(തുടരും )


ഭാഗം - 2

ശ്രീകോവിലിനു ചുറ്റുമുള്ള ഇഷ്ടിക പാകിയ നടപാതയിലൂടെ കൈ കൂപ്പി നടന്നു രമ്യ പ്രാർത്ഥിച്ചു.  അജുവിന്റെ പേരും നാളും പറഞ്ഞു ഒരു പുഷ്പാഞ്ജലി നടത്തി. നെറ്റിയിൽ ചന്ദനകുറി വരച്ച്  പടവുകൾ ഇറങ്ങുമ്പോൾ വയൽ വരമ്പിലൂടെ  അജു വീട്ടിലെക്ക് നടന്നു പോകുന്നത് കണ്ടു.


"കുട്ടേട്ടാ... " എന്നു വിളിച്ചു  പാവാട തുമ്പുയർത്തി പിടിച്ചു അവൾ പിന്നാലെ ഓടി. വിളിയൊച്ചയും കൊലുസിന്റെ കിലുക്കവും കേട്ടു അജു തിരിഞ്ഞു ഒന്ന് നോക്കിയിട്ട് വീണ്ടും നടന്നു. 

രമ്യ പിന്നാലെ എത്തി. 

"കുട്ടേട്ടൻ ഇന്ന് നേരത്തെ ഇറങ്ങിയോ ?" കിതപ്പടക്കി അവൾ ചോദിച്ചു. 

"മം... " അജു മൂളി. 

"ഞാൻ ഒരു കാര്യം പറഞ്ഞാൽ കുട്ടേട്ടൻ കേൾക്കോ?"

"കൊഞ്ചാതെ കാര്യം പറ."

"ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ ശിവന്റെ അമ്പലത്തിൽ ഒരു ചുറ്റു വിളക്ക് നടത്തണം. കുട്ടേട്ടന്റെ ജോലി ശരിയായി കിട്ടാൻ ഞാൻ നേർന്നിരുന്നതാ."

"നീ നേർന്നിട്ടുണ്ടെങ്കിൽ അത് നീ നടത്തിയാൽ മതി."

"അതിനു എന്റെ കയ്യിൽ എവിടുന്നാ കാശ്?"

"ഇല്ലെങ്കിൽ പിന്നെന്തിനാ ഇതിനൊക്കെ ചാടി ഇറങ്ങുന്നെ. ഞാൻ നിന്നോട് പറഞ്ഞോ എനിക്ക് വേണ്ടി പ്രാർത്ഥിക്കാനും നേർച്ച നേരാനുമൊക്കെ?"

"കഷ്ടംണ്ട് കേട്ടോ... ഞാനീ തൊഴണതും പ്രാർത്ഥിക്കണതുമൊക്കെ ആർക്കു വേണ്ടീട്ടാ. കുട്ടേട്ടന്റെ നല്ലതിന് വേണ്ടിയല്ലേ. നമുക്ക് വേണ്ടിയല്ലേ. "

"നമുക്ക് വേണ്ടീട്ടോ?"

"പിന്നല്ലാതെ. ഇന്ന് അച്ഛനും അമ്മയും അമ്മായിയെ കാണാൻ വടക്കേപാട്ട് പോയിരുന്നു."

"അതൊരു പുതിയ വാർത്ത അല്ലല്ലോ. ഇടയ്ക്കിടെ വരുന്നതല്ലേ. "

"ഇതങ്ങനെ വന്നതൊന്നും അല്ല."

"പിന്നെ ?"

"നമ്മുടെ കല്യാണകാര്യത്തെ കുറിച്ചു സംസാരിക്കാൻ. "

അജു നിന്നിട്ട് തിരിഞ്ഞു നോക്കി :

"നമ്മുടെ കല്യാണമോ?"

"അതെ. അമ്മായി ഉടനെ നടത്താന്ന് സമ്മതിച്ചല്ലോ."

"എന്നോട് ചോദിക്കാതെയോ...? ഇന്നലെ ഞാൻ നിന്നോട് പറഞ്ഞതൊന്നും നിന്റെ തലയിലേയ്ക്ക് കയറിയില്ലേ..."

"എന്താണ് രണ്ടും കൂടി വഴിയിൽ നിന്ന് ഒരു കിന്നാരം പറച്ചില്..."

ശബ്ദം കേട്ടു ഇരുവരും ഒരേ നിമിഷം മുന്നിലേക്ക്  നോക്കി. 

തെക്കേതിലെ രമ. 

പിന്നെ രമയുടെ അടുത്ത വീട്ടിലെ ദേവകിയെടത്തി. 

അമ്പലത്തിലേക്ക് പോകുന്ന വഴിയാണ്. 

"കുട്ടാ ജോലിയൊക്കെ ആയല്ലോ. ഇനി ഒരില ചോറ് ഞങ്ങൾക്ക് തന്നൂടെ?"

രമ ചോദിച്ചു. 

"അതിനെന്താ രമേച്ചി എപ്പോ വേണേലും വീട്ടിലേക്ക് വന്നോളു. വയറു നിറയെ ചോറ് തരാം." അജു പറഞ്ഞു. 

"നിങ്ങൾടെ  രണ്ടാൾടെയും  കല്യാണ ചോറ് ഉണ്ണുന്ന കാര്യാ രമ  പറയണേ... " ദേവകിയെടത്തി ചിരിയോടെ  വിശദീകരിച്ചു. 

മറുപടി പറയാതെ അജു തിടുക്കത്തിൽ മുന്നോട്ടു നടന്നു. 

"അപ്പോഴേക്കും ചെക്കന് നാണായി... "

പിന്നിൽ കൂട്ടചിരി കേട്ടു. 

അജുവിനു ശരിക്കും ദേഷ്യമാണ് വന്നത്. 

"ചിന്നു വിടാതെ പിടിച്ചോട്ടോ. ചെക്കൻ പോണത് തിരുവനന്തപുരത്തേക്കാ... ആരും കൊത്തികൊണ്ട് പോവാതെ നോക്കിക്കോ."

രമ വിളിച്ചു പറയുന്നത് കേട്ടു ചിരിയോടെ രമ്യ അജുവിന്റെ പിന്നാലെ ഓടിയെത്തി. 

"നിനക്ക് സമാധാനം ആയല്ലോ അല്ലെ ?"

തിരിഞ്ഞു നോക്കാതെ മുഷിഞ്ഞ സ്വരത്തിൽ അജു ചോദിച്ചു. "ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. ജോലി കിട്ടിയതും തിരുവനന്തപുരത്തേക്ക് പോകുന്നതുമൊക്കെ അമ്മായിയാ അവരോടൊക്കെ പറഞ്ഞേ. "

"അപ്പോ കല്യാണ കാര്യോ?"

"അതീ ശിവപുരത്ത്  ആർക്കാ അറിയാത്തേ?"

"അത് നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?" ഒരു നിമിഷം രമ്യ ഒന്നും മിണ്ടിയില്ല. 

പിന്നെ അവൾ തുടർന്നു: "ഓർമ്മ വയ്ക്കുമ്പോൾ മുതൽ കേൾക്കുന്നതാ കുട്ടൻ ചിന്നുവിനുള്ളതാ, ചിന്നു കുട്ടനുള്ളതാന്ന്. അതൊക്കെ കുട്ടേട്ടൻ മറന്നോ. പറഞ്ഞു പറഞ്ഞു എല്ലാവരും കൂടി ഓരോന്ന് മനസ്സിൽ കുത്തി നിറച്ചു തന്നിട്ട്. കുഞ്ഞിലെ കുട്ടേട്ടനും പറഞ്ഞിട്ടില്ലേ എന്നോട് വലുതാവുമ്പോ നമുക്ക് കല്യാണം കഴിക്കാന്ന്. എന്നിട്ടിപ്പോ ഒറ്റ നിമിഷം കൊണ്ട് സമ്മതിക്കില്ലന്ന് പറഞ്ഞാൽ എന്റെ  മനസീന്നു കുട്ടേട്ടൻ പോവുംന്നാ ?"

"എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റുന്നില്ല ചിന്നു ... നീ എന്നെയൊന്നു മനസിലാക്കൂ. അറിവില്ലാത്ത പ്രായത്തിൽ  പലതും പറഞ്ഞിട്ടുണ്ടാവും. എന്ന് വച്ചിട്ട് അതൊക്കെ മനസ്സിൽ വച്ചു നടക്കുന്ന നീയെന്തു മണ്ടിയാ."

"ഞാൻ മണ്ടിയാ. ശരിയാ. പക്ഷെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. എന്നെ കെട്ടാതെ വേറെ ആരെയെങ്കിലും കല്യാണം കഴിക്കാനാ പ്ലാനെങ്കിൽ, വടക്കേപ്പാട്ട് വന്നു കുട്ടേട്ടന്റെ മുറിയിൽ ഞാൻ തൂങ്ങും. തേവരാണേ സത്യം !"

പിന്നിലെ ഒച്ച നിലച്ചപ്പോൾ അജു പതിയെ തിരിഞ്ഞു നോക്കി.  കളിലേക്കുള്ള നടവഴിയിലൂടെ രമ്യ ഓടി കയറി പോകുന്നത് കണ്ടു. 

പാദങ്ങൾ നിലത്തു പതിയുമ്പോഴുള്ള ആ കൊലുസിന്റെ കിലുക്കം ഒരു മുഴക്കമായി കാതിൽ വന്നു നിറയുന്നു. ഒരു നിമിഷം അവൻ അത് നോക്കി നിന്നു. കുട്ടിക്കാലത്തു വീട്ടുകാർ പറഞ്ഞു വച്ചിട്ടുള്ള കാര്യങ്ങൾ മൊത്തം മനസ്സിൽ കൊണ്ട് നടക്കുവാണ് പെണ്ണ്.  അങ്ങനെ ഒരിഷ്ടം തനിക്ക് കൂടി തോന്നണ്ടേ. അവൾ അടുത്ത് വരുമ്പോൾ ഒരു അനുജത്തിയോടുള്ള സ്നേഹവും വാത്സല്യവും ആണ് ഉള്ളിൽ നിറയുന്നത്. മറ്റൊരർത്ഥത്തിൽ അവളെ ചിന്തിക്കാൻ കൂടി പറ്റുന്നില്ല. 

അക്കാര്യം പറഞ്ഞാൽ പെണ്ണിന്റെ തലയിൽ കേറേണ്ട. 

അതുകൊണ്ട് കൂടിയാണ് അധികം അടുപ്പിക്കാതെ ഒരു അകലം പാലിച്ചു നടക്കുന്നത്. 


അജു തൊടി കയറി ചെല്ലുമ്പോൾ മാളുവമ്മ പശുവിനെ അഴിച്ചു തൊഴുത്തിലേക്ക് കൊണ്ടു കെട്ടുകയായിരുന്നു. 

"നീയിന്നു നേരത്തെ ഇറങ്ങിയോ?"

"ഇന്ന് ക്ലോസ് ചെയ്ത്  ഇറങ്ങി. നാളെ തിരുവനന്തപുരത്തേക്ക് പോവേണ്ടതല്ലേ."

അജു നടന്നു

"പിന്നെ അമ്മേ... പശുവിനെ വിൽക്കണം. വരുന്ന വഴി ഞാനാ ഗോപാലേട്ടനോട്  പറഞ്ഞിട്ടുണ്ട്. അയാൾ വന്നു നോക്കും. "

"മണികുട്ടിയെ കൊടുക്കാനോ?"

മാളുവമ്മ  പിന്നാലെ ചെന്നു. 

"പിന്നെ കൊടുക്കാതെ? ഞാനിവിടെ ഇല്ലാതെ അമ്മ ഇതിന്റെയൊക്കെ പിന്നാലെ നടന്നു ഉരുണ്ടു വീണാൽ നോക്കാനും കാണാനും ആരുണ്ട്. എനിക്കവിടെ സമാധാനം ആയിട്ട് ഇരിക്കാൻ പറ്റോ?"

"മണിക്കുട്ടിയുടെ തള്ളപശുവിന്റെ കുഞ്ഞിലെ നിന്റെ അച്ഛൻ കൊണ്ടു വന്നതാ. തള്ളയെ നിന്റെ അച്ഛൻ തന്നെ വിറ്റു. മണിക്കുട്ടിയെങ്കിലും ഇവിടെ നിന്നോട്ടെ മോനെ. അഴിക്കുന്നതും കുളിപ്പിക്കുന്നതും ഒക്കെ ചിന്നുവല്ലേ . ഞാനാ വഴിക്ക് കൂടി പോവാറില്ല. ഇന്ന് അവൾ അമ്പലത്തിൽ പോയത് കൊണ്ടല്ലേ  ഞാൻ ഇതിനെ അഴിച്ചു കെട്ടാൻ ഇറങ്ങിയേ. ഇല്ലെങ്കിൽ അവളാ  ഇതൊക്കെ ചെയ്യണേ. മണിക്കുട്ടിയെ കൊടുക്കണ്ട മോനേ... "

മാളുവമ്മ കേണു. 

ചിന്നുവിന്റെ കാര്യം പറഞ്ഞപ്പോഴാണ്  അവൾ പാടത്തു  വച്ചു പറഞ്ഞ കാര്യം അജുവിനു ഓർമ വന്നത്. 

"അമ്മാവനും അപ്പച്ചിയും വന്നിരുന്നോ?" അജു ചോദിച്ചു. 

"ഉച്ച കഴിഞ്ഞു വന്നിട്ട് പോയി. നീ പോയി കഴിഞ്ഞാൽ ഞാനിവിടെ തനിച്ചാവൂലേ. അവിടേക്ക് ചെല്ലാൻ. രാത്രിയിൽ പിള്ളേരെ ആരെയെങ്കിലും കൂട്ട് കിടക്കാൻ വിട്ടാൽ മതീന്ന് ഞാൻ പറഞ്ഞു. ഇതൊക്കെ കളഞ്ഞിട്ടു അവിടൊക്കെ പോയി നിന്നാൽ ശരിയാവുല്ല." മാളുവമ്മ അറിയിച്ചു. 

"വേറെ എന്തെങ്കിലും പറഞ്ഞോ?"

കല്യാണം കാര്യം ചർച്ച ചെയ്തോന്ന് അറിയാൻ വേണ്ടിയാണ് അജു വീണ്ടും ചോദിച്ചത്. 

"വേറൊന്നും പറഞ്ഞില്ല. നീ വേഷം മാറി വാ. ഞാൻ ചായ എടുക്കാം."

മാളുവമ്മ അടുക്കളയിലേക്ക് പോയി. അജു മുറിയിൽ ചെന്നു വേഷം മാറി അടുക്കളയിലേക്ക് ചെന്നു. മാളുവമ്മ ചായയും ഒരു പ്ലേറ്റിൽ കുറച്ചു പലഹാരവും വിളമ്പി. 

"ഞാനിവിടുന്നു പോയാൽ അമ്മ തനിച്ചാവും. അമ്മയ്ക്ക് ഒറ്റയ്ക്ക് പേടിയുണ്ടോ. അപ്പച്ചി പറഞ്ഞത് പോലെ തെക്കേപ്പാട്ട് പോയി നിൽക്കുന്നോ ഞാൻ വരുന്നത് വരെ?"

"എന്തിനു? നീ ഇവിടെ ജോലിക്ക് പോയാലും  പകൽ ഞാനിവിടെ തനിച്ചല്ലേ. പിന്നെ ചിന്നു ഇവിടെ തന്നെ ഉണ്ടാവുമല്ലോ. രാത്രിയിൽ അവളോ ചന്തുവോ വന്നു കിടക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിലും എനിക്ക് ഒരു പേടിയും ഇല്ല. ഒറ്റ ദിവസം തൂത്തു തുടച്ചു ഇട്ടില്ലെങ്കിൽ ചിതൽ കേറുന്ന പുരയാ. അങ്ങോട്ടോ ഇങ്ങോട്ടോ മാറി നിന്നിട്ട് തിരിച്ചു വരുമ്പോൾ ഇവിടൊരു മൺകൂന മാത്രം ഉണ്ടാവും. ഇതിന്റെ ഓരോ ഇഷ്ടികയിലും നിന്റെ അച്ഛന്റെ കണ്ണീരും വിയർപ്പും ഉണ്ട്. അത്ര കഷ്ടപ്പെട്ടു ഉയർത്തി എടുത്തതാ. അതു നശിച്ചു കെട്ടു പോവാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല. പിന്നെ നിന്റെ അച്ഛന്റെ അസ്ഥി തറയിൽ വിളക്ക് കൊളുത്തണത് മുടക്കാനും  പറ്റില്ല. എന്റെ കുട്ടി ധൈര്യമായി പോയി വാ. അമ്മയെ ഓർമ്മിച്ചു നീ ഒട്ടും വിഷമിക്കണ്ട. "

മാളുവമ്മയുടെ വാചകങ്ങൾ അജുവിനു ആത്മവിശ്വാസവും ആശ്വാസവും നൽകി. 

രാവിലെ അജുവിനെ യാത്ര അയക്കാൻ തെക്കേപ്പാട്ട് നിന്നും വിജയൻ നായരും വനജയും മക്കളും എത്തിയിരുന്നു. 

അമ്പലത്തിൽ പോയി വന്നിട്ട് അജു അച്ഛനെ അടക്കിയ തറയിൽ തിരി കൊളുത്തി. അമ്മയുടെയും അമ്മാവന്റെയും കാൽ തൊട്ടു തൊഴുതു. എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി യാത്ര പറയുമ്പോൾ രമ്യയുടെ നിറഞ്ഞ കണ്ണുകൾ കണ്ടില്ലെന്നു നടിച്ചു. 

ബാഗ് തൂക്കി നടയിറങ്ങി. 

ശിവപുരത്ത് നിന്നും ഇനി ശ്രീ പദ്മനാഭന്റെ മണ്ണിലേക്ക് !


ജോലിക്ക് കയറി രണ്ടാമത്തെ ദിവസം ബ്ലോക്ക് ഓഫിസിലെ ജൂനിയർ ക്ലാർക്ക് ശ്രീജിത്ത് ആണ് അജുവിന് ഒരു വീട് തരപ്പെടുത്തി കൊടുത്തത്. ആള് പാവമാണ്. സമപ്രായം. മാത്രമല്ല കണ്ടപ്പോൾ മുതൽ നല്ല ഫ്രീയായി  സംസാരിച്ചു തുടങ്ങി. പെട്ടന്ന് തന്നെ അജു  അവനുമായി  കമ്പനിയായി. 

ടാക്സി ഡ്രൈവർ ആയിരുന്ന ശ്രീജിത്തിന്റെ അച്ഛൻ  ഒരാക്സിഡന്റിൽ മരണപ്പെടുകയായിരുന്നു. വീട്ടിൽ അമ്മയും അനിയത്തിയും മാത്രം. അവന്റെ വീടിന് മൂന്ന് കിലോമീറ്റർ അപ്പുറം നാല്  സെന്റിനുള്ളിൽ ചുറ്റു മതിലോടു കൂടിയ ചെറിയ ഓടിട്ട വീട്. രണ്ടു ബെഡ്റൂം. അടുക്കള. മുന്നിൽ ഒരു നീളൻ വരാന്ത. വീടിന് പിന്നിലായി  കിണറും,  ബാത്ത്റൂമും.  മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറിയാണ് ആ  വീട്.  വാടകയും കുറവ്. 

വീടിന്റെ വലിപ്പമല്ല കയ്യിലൊതുങ്ങുന്ന വാടകയാണ് പ്രധാനം. 

വീട് വാടകയ്ക്ക് കൊടുത്തു പണം വാങ്ങുന്നതിലും വീട്ടുടമ മുൻതൂക്കം കൊടുക്കുന്നത് വീടും പരിസരവും വൃത്തിയായി കിടക്കുമല്ലോ എന്ന ചിന്തയാണെന്നാണ് ശ്രീജിത്ത് പറയുന്നത്. 

റോഡിനു നേരെ എതിരെയാണ് ഹൗസ് ഓണർ താമസം. 

ചെല്ലുമ്പോൾ നാല്പതിനോട് അടുത്ത് പ്രായമുള്ള ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. നിർമല എന്നാണ് പേര്. മെഡിക്കൽ കോളേജിൽ  നേഴ്സ് ആണ്. ഭർത്താവ് പോലീസിൽ. അയാൾ ആഴ്ചയിൽ ഒരിക്കലോ മറ്റോ വരുള്ളൂ. ഒറ്റ മകൾ. 

വാടക ചീട്ടെഴുതി അഡ്വാൻസും ഒരു മാസത്തെ വാടകയും കൊടുത്തു താക്കോൽ വാങ്ങി. അടച്ചു പൂട്ടി ഇട്ടിരുന്നതു കൊണ്ടാവണം ഒരു മുഷിഞ്ഞ മണം വീടിനുള്ളിൽ തളം കെട്ടി നിൽക്കുന്നു. കാറ്റ് യഥേഷ്ടം കയറാൻ ജനാലകളും വാതിലുകളും മലർക്കെ തുറന്നിട്ടു. ശ്രീജിത്തും അജുവും കൂടി വീട് അടിച്ചു വാരി വൃത്തിയാക്കി. പിന്നെ അവന്റെ ബൈക്കിൽ ജംക്ഷനിൽ പോയി വീട്ടിലേക്കുള്ള അത്യാവശ്യം സാധനങ്ങൾ വാങ്ങിച്ചു. 

സംസാരിച്ചു വീഴ്ത്തി വില കുറച്ചു വാങ്ങിക്കാനൊക്കെ ശ്രീജിത്തിനു ഒരു പ്രത്യേക കഴിവ് ഉള്ളതായി അജുവിനു തോന്നി. തിരുവനന്തപുരത്തേക്ക് പോരുമ്പോൾ മനസ്സിൽ ഒരു പരിഭ്രമം ഉണ്ടായിരുന്നു. പുതിയ സ്ഥലം. പരിചയമില്ലാത്ത ആളുകൾ. പക്ഷെ നിത്യവും പ്രാർത്ഥിച്ചിരുന്ന ശിവപുരം തേവര് തന്നെ കൃത്യം നല്ലൊരു കൂട്ടുകാരന്റെ മുന്നിൽ എത്തിച്ചു.  

വാങ്ങിയ സാധനങ്ങൾ എല്ലാം കൂടി ബൈക്കിൽ കൊണ്ട് പോകാൻ കഴിയാത്തതു കൊണ്ട് ശ്രീജിത്ത് ഒരു ഓട്ടോറിക്ഷ വിളിച്ചു കൊണ്ടു വന്നു. 

ബൈക്ക് മുന്നിലും ഓട്ടോ പിന്നിലുമായി വീട്ടിലേക്കു തിരിച്ചു. 

വാടക വീടിനു മുന്നിൽ അജു ഇറങ്ങുമ്പോൾ ഹൗസ് ഓണറുടെ വീടിന്റെ ഗേറ്റ് കടന്നു പതിനെട്ടോ  പത്തൊൻപതോ  വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി  അകത്തേക്ക് കയറുന്നത് കണ്ടു. 

തിരിഞ്ഞു അവൾ ഇരുമ്പ് അഴിയുള്ള ഗേറ്റ് അടക്കുന്നു. ആദ്യം കണ്ണിൽ പെട്ടത് ആരെയും വശീകരിക്കുന്ന ആ പൂച്ച കണ്ണുകൾ ആണ്. അലസമായി ആ മിഴികൾ അജുവിനു നേരെ പാറി വന്നു വീണു. ഒരു നിമിഷം ഹൃദയമിടിപ്പ് കൂടിയത് പോലെ അവനു തോന്നി. 

ഒരാൾക്ക് ഇത്രയും അഴക് ദൈവം കൊടുക്കുമോ? അസൂയ തോന്നിപ്പിക്കുന്ന അത്രയും സുന്ദര രൂപം! 

തോളിനു കുറുകെ തൂക്കിയ ബാഗിൽ തെരുപിടിച്ചു അവൾ തിരിഞ്ഞു അകത്തേക്ക് നടന്നു പോകുന്നത് പരിസരം മറന്നു കണ്ണുകൾ വിടർത്തി അജു നോക്കി നിന്നു. 

"എന്തോന്നാടാ വായിൽ നോക്കി നിക്കുന്നെ?  സാധനം ഇറക്കി ഓട്ടോ പറഞ്ഞു വിടാൻ നോക്ക്. " എന്നുള്ള ശ്രീജിത്തിന്റെ ശബ്ദം  കേട്ട്  അജു ജാള്യത്തോടെ പെട്ടന്ന് നോട്ടം പിൻവലിച്ചു. 

ചിരിയോടെ അവനെ നോക്കിയൊന്ന് കണ്ണിറുക്കി  കൊണ്ട് തിരിഞ്ഞു ഓട്ടോയിൽ നിന്നും സാധനങ്ങൾ എടുത്തു പുറത്തേക്കു വച്ചു. ബൈക്ക് റോഡിന്റെ ഓരത്തേക്ക് മാറ്റി  വച്ചു വന്നിട്ട്  സാധനങ്ങൾ അകത്തേക്ക് എത്തിക്കാൻ  ശ്രീജിത്തും സഹായിച്ചു. ഓട്ടോ കൂലി കൊടുത്തു പറഞ്ഞു വിട്ടിട്ട് ഒരിക്കൽ കൂടി അജു ആ വീട്ടിലേക്ക് ഒന്ന് മിഴി ഓടിച്ചു. 

അപ്പോൾ "കഴിഞ്ഞോടാ? " എന്ന് ശ്രീജിത്തിന്റെ ചോദ്യം വാതിൽക്കൽ കേട്ടു. 

ഇല്ലെങ്കിൽ റോഡിലേക്ക് ഇറങ്ങി വരാൻ വേണ്ടി ചോദിച്ചതാണ്. കഴിഞ്ഞെന്ന് അറിയിച്ചു കൊണ്ട് അവസാനത്തെ കവറും തൂക്കി ചെറിയ ഗേറ്റ് കടന്ന് അജു അകത്തേക്ക് ചെന്നു. 

" പേര് ഗൗരി. വയസ് പത്തൊൻപത്. 

മാർ ഇവാനിയോസ് കോളേജിൽ ഡിഗ്രി  ഫസ്റ്റ് ഇയർ സ്റ്റുഡന്റ്. "

ശ്രീജിത്ത് പറയുന്നത് കേട്ട് അജു അമ്പരന്ന് നോക്കി. പിന്നെ ഒന്നും മനസിലാവാതെ ചോദിച്ചു. 

"എന്താ?"

"മനസിലായില്ലേ മോങ്കുട്ടാ..."

ശ്രീജിത്ത് അർത്ഥംവച്ചു ചിരിക്കുന്നു. 

"നീയാ പെങ്കൊച്ചിനെ നോക്കി നോക്കി പെഴപ്പിക്കുന്നത്   കണ്ടു പറഞ്ഞതാ. അവൾ ആരെന്ന് അറിയാനുള്ളൊരു ക്യുരിയോസിറ്റി നിന്റെ ഉള്ളിൽ കിടന്നു തിളക്കുന്നത് മുഖത്ത് അറിയുന്നുണ്ട്..."

"എടാ ഞാനത് അങ്ങനെ നോക്കിയതല്ല. ജസ്റ്റ്  ആരാന്നറിയാൻ വേണ്ടീട്ട്. അത്രേ ഉള്ളൂ.  അല്ലാതെ.... അയ്യേ ഞാനാ ടൈപ്പൊന്നും അല്ലാട്ടോ."

"അങ്ങനെ  അല്ലെങ്കിൽ നിനക്ക് ഈ വീട്ടിൽ തന്നെ കുറച്ചു നാൾ താമസിക്കാം.  ഇല്ലെങ്കിൽ... നിന്റെ പപ്പും പൂടയും പറിച്ചു  മസാല പുരട്ടി അവര് റോസ്റ്റ് ചെയ്യുന്നത്  ഞാൻ തന്നെ  കാണേണ്ടി വരും. ഹൗസ് ഓണറുടെ ഒരേയൊരു മോളാ ആ പെൺകൊച്ച്.  അബദ്ധത്തിൽ പോലും നീ ആ ഭാഗത്തേക്ക് നോക്കിയേക്കല്ലേ.  ഫാമിലിയ്ക്ക് മാത്രേ കൊടുക്കുള്ളൂന്ന് പറഞ്ഞിട്ടും എന്റൊരു വിശ്വാസത്തിന്റെ പുറത്താ ആ പെണ്ണുമ്പിള്ള ഈ വീട് തന്നേക്കുന്നത്...മാത്രമല്ല ഇടിയൻ തമ്പിന്നാ ആ പോലീസുകാരന്റെ ഇരട്ടപേര്.  ഇടിക്ക് ഒരു സുഖവും കാണില്ല. "

"അതിനും മാത്രം ഇവിടിപ്പോ എന്താ ഉണ്ടായേ? നിന്റെ സംസാരം കേട്ടാൽ തോന്നും ഞാനാ പെണ്ണിനെ വളക്കാനാ ഇങ്ങോട്ട് പോന്നേക്കുന്നതെന്ന് . എന്റെ പുന്നാരമുത്തേ ഇതിനേക്കാൾ ഇടിവെട്ട് പീസുകളുടെ ഇടയിലാ ഞാൻ താമസിക്കുന്നെ. അതും നല്ല പ്യുവർ  ബുട്ടീസ്. അല്ലാതെ ഇത് പോലെ മേക്കപ്പല്ല. അവിടെ ഞാൻ വീണിട്ടില്ല. പിന്നാ ഈ കടുമാങ്ങ."

ബെഡും തലയിണയും കട്ടിലിലേക്ക് കൊണ്ട് ഇട്ടിട്ട് അജു തിരിഞ്ഞു ശ്രീജിത്തിനെ നോക്കി തുടർന്നു. 

"നമ്മൾ ആണുങ്ങളുടെ ഒരു പൊതു സ്വഭാവം വച്ചിട്ട് സൗന്ദര്യം ഉള്ളത് എന്ത് കണ്ടാലും ഒന്നു നോക്കും. ശരിയല്ലേ?  ഇവിടെയും അത്രയേ സംഭവിച്ചിട്ടുള്ളൂ."

"എന്റെ പൊന്നളിയാ ഞാനിവിടുത്തെ ഗതി ഒന്ന് വിശദീകരിച്ചതാ. അല്ലാതെ നീയൊരു കോഴി ആണെന്നല്ല ഞാൻ പറഞ്ഞു വരുന്നേ..."

" പോടാ..."

അജു കൈ വീശി. ചിരിച്ചു കൊണ്ട് അടികൊള്ളാതെ ശ്രീജിത്ത് ഒഴിഞ്ഞു മാറി. പിന്നെ പറഞ്ഞു. 

"അളിയാ എല്ലാ ആണുങ്ങളുടെ ഉള്ളിലും ഒരു കോഴിത്തരം ഒളിഞ്ഞു കിടപ്പുണ്ട്. നല്ല തീറ്റ കാണുമ്പോൾ അത് ഉറപ്പായും പുറത്തു വരും. പക്ഷെ വല്ലവന്റെയും പറമ്പിലെ തീറ്റ കൊത്തികേറുമ്പോൾ അവരും കൂടി അത് കാണുന്നുണ്ടോ എന്ന്  നോക്കുന്നത് ആരോഗ്യത്തിന് നല്ലതാ. അത്രേ ഉള്ളൂ."

സമ്മതിച്ചത് പോലെ അജു തൊഴുതു. 

അടുക്കളയിലേക്കും റൂമിലേക്കുമുള്ള സാധനങ്ങൾ വേർതിരിച്ചു  ഒതുക്കി പെറുക്കി വച്ചിട്ട് ഉച്ച ഭക്ഷണം കഴിക്കാൻ ശ്രീജിത്തിന്റെ വീട്ടിലേക്കു പോകാനായി  ഇരുവരും ഇറങ്ങി. 

ശ്രീയുടെ  'വിലക്ക് ' മനസ്സിൽ ഉണ്ടായിട്ടും റോഡിൽ എത്തുമ്പോഴും ബൈക്കിനു പിന്നിൽ കടന്നിരിക്കുമ്പോഴും അജുവിന്റെ കണ്ണുകൾ തേടിയത് ആ സുന്ദര മുഖം ആണ്.

എത്രയൊക്കെ വേണ്ടെന്ന്  വിചാരിച്ചിട്ടും മനസിനെ നിയന്ത്രിക്കാൻ പറ്റാത്തത് എന്ത് കൊണ്ടാണെന്ന് അജുവിന് മനസിലായില്ല. എന്തോ ഒരു വശീകരണ ശക്തി ആ പെൺകുട്ടിയ്ക്ക് ഉണ്ടെന്ന് തോന്നുന്നു. ഇല്ലെങ്കിൽ പിന്നെന്തുകൊണ്ടാണ് മനസ്സിങ്ങനെ ചരടറ്റ പട്ടം പോലെ പറക്കുന്നത്. ഒരൊറ്റ കാഴ്ച്ചയിൽ തന്നെ അവളിങ്ങ് മനസിനുള്ളിലേക്ക് ഇടിച്ചു കേറിയിരിക്കുന്നു. ഇറക്കി വിട്ടിട്ടും ഇറങ്ങി പോകില്ലെന്ന വാശിയോടെ. 

ശ്രീജിത്തിന്റെ വാചകങ്ങൾ അജു വീണ്ടും ഓർമിച്ചു.

ബാച്ചിലേഴ്സിന് കൊടുക്കില്ലെന്ന് പറഞ്ഞിരുന്ന  വീട് അവന്റെ മേലുള്ളൊരു വിശ്വാസത്തിന്റെ പുറത്താണ്  തനിക്ക് തന്നിരിക്കുന്നത്. 

താൻ കാരണം അവനൊരു ചീത്ത പേര് ഒരിക്കലും ഉണ്ടാകരുത്. ജോലിക്ക് വേണ്ടിയാണ് ഇവിടേക്ക് വന്നത്. ഇവിടുന്ന് മടങ്ങും വരെ മാന്യത കൈ വിടരുതെന്നും അവൻ ഉറപ്പിച്ചു. 

ശ്രീയുടെ വീട്ടിൽ ഭക്ഷണം റെഡിയാക്കി അമ്മ കാത്തിരിക്കുകയായിരുന്നു. നല്ല ഐശ്വര്യമുള്ള അമ്മ. അവനെ  പോലെ അവന്റെ അമ്മയും വാതോരാതെ സംസാരിക്കും. 

ഒരുപാട് കാലത്തെ പരിചയമുള്ള വീട്ടിൽ എത്തിയത് പോലെ തോന്നി. ശ്രീജിത്തിന്റെ അനുജത്തി ലക്ഷ്മി തെളിഞ്ഞ ചിരിയോടെ അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. ഹൗസ് ഓണറുടെ മകൾ ഗൗരിയോടൊപ്പം ഒരേ കോളേജിലാണ് അവളും പഠിക്കുന്നതെന്ന് ശ്രീജിത്ത് പറഞ്ഞു. 

നല്ല രുചിയുള്ള ഭക്ഷണം ശ്രീയുടെ അമ്മ വിളമ്പി. അടുത്ത് നിന്നു നിർബന്ധിച്ചു കഴിപ്പിച്ചു. മനസും ശരീരവും ഒരേ പോലെ നിറഞ്ഞു. 

വീട്ട് വിശേഷങ്ങൾ സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല. 

വൈകുന്നേരം  ശ്രീജിത്ത് ബൈക്കിൽ വീട്ടിൽ എത്തിച്ചു. അപ്പോൾ ഹൗസ് ഓണർ നിർമല ഡ്യൂട്ടിയ്ക്ക് റെഡിയായി പോകുന്നത് കണ്ടു. രണ്ടു പേരെയും നോക്കി അവർ മനോഹരമായി ചിരിച്ചു. അവരുടെ ഒരു ഛായ ആ പെൺകുട്ടിക്ക്  കിട്ടിയിട്ടുണ്ടെന്നു അജുവിന് തോന്നി. യാത്ര പറഞ്ഞു ശ്രീജിത്ത് മടങ്ങി. 

ഡ്രസ്സ് മാറി അജു ചൂലുമായി വരാന്തയിലേക്ക് ഇറങ്ങി മാറാലയും മറ്റും അടിക്കുമ്പോൾ നിയന്ത്രണം തെറ്റി കണ്ണുകൾ വീണ്ടും എതിർവശത്തെ വീട്ടിലേക്കു പോയി. 

അവിടെ കണ്ടത് കാണാൻ കൊതിച്ച കാഴ്ച. ബാൽക്കണിയിൽ നിന്ന് അവൾ മൊബൈലിൽ ആരോടോ സംസാരിക്കുന്നു. ചിരിക്കുന്നു. ഒരു  ബ്ലു കളർ സ്ലീവ്ലെസ് ടോപ്പും വൈറ്റ് പാവാടയുമാണ് വേഷം. 

ചോക്ലേറ്റ് നിറവും കറുപ്പും ഇടകലർന്ന  മുടിയിഴകൾ അവൾ പിന്നിൽ നിന്നും മുന്നിലേക്ക് വകഞ്ഞു വച്ചുകൊണ്ട് നോക്കിയത് അജുവിന്റെ മുഖത്തേക്കാണ്. അവൾ കണ്ടു എന്ന് മനസിലായപ്പോൾ അവൻ തിടുക്കത്തിൽ മുഖം മാറ്റി ഭിത്തിയിലെ പൊടി ചൂല് കൊണ്ട് അടിച്ചു വൃത്തിയാക്കാൻ തുടങ്ങി. 

ഇടയ്ക്ക് അവൾ നോക്കുന്നുണ്ടോ എന്ന് ഒളികണ്ണിട്ട് ശ്രദ്ധിച്ചു. 

അതെ. പെണ്ണ്  ഇങ്ങോട്ട് തന്നെ നോക്കി നിന്ന് ഫോണിൽ  സംസാരിക്കുകയാണ്. മനസിനുള്ളിൽ വീണ്ടും  കേളികൊട്ട് ഉയരാൻ തുടങ്ങി. 

അതിസുന്ദരിയായൊരു പെൺകുട്ടി തന്നെ  ശ്രദ്ധിക്കുന്നെന്ന് അറിഞ്ഞാൽ ഏതൊരു പുരുഷന്റെ മനസിലും വിരിയുന്ന ആ  മഴവില്ല് അജുവിലും വിരിഞ്ഞു കഴിഞ്ഞു. അതും നല്ല തെളിഞ്ഞ നിറത്തിൽ. പിന്നെ ഒട്ടും അമാന്തിച്ചില്ല. 

ജോലി നിർത്തി നേരെ അവളെ നോക്കി മനോഹരമായ  ഒരു പുഞ്ചിരി സമ്മാനിച്ചു. ഒരു മറു പുഞ്ചിരിയാണ് പ്രതീക്ഷിച്ചത്. 

പകരം ഫോണിലൂടെയുള്ള സംസാരം നിർത്തി അവൾ എന്താ എന്ന് കൈ കൊണ്ട് ആംഗ്യത്തിൽ ചോദിക്കുന്നു. അതും ഇഷ്ടപ്പെടാത്തത് പോലെ കടുത്ത മുഖത്തോടെ. 

ചിരി നിർത്തി ഒന്നുമില്ലെന്ന് അജു ചുമൽ കുലുക്കി കണ്ണടച്ച് കാണിച്ചു. 

അപ്പോൾ  ഒരു ബുള്ളറ്റ് വന്നു ആ ഗേറ്റിൽ നിന്നു. നാല്പത്തിയെട്ടിനോട് അടുത്ത് പ്രായം വരുന്ന തടിച്ചു കൊഴുത്ത ഒരു മനുഷ്യൻ. മുകളിലേക്ക് ചെറുതായി പിരിച്ചു വച്ചിരിക്കുന്ന കട്ടി മീശ. ഉപ്പന്റെത് പോലെ ചുവന്ന വലിയ കണ്ണുകൾ. 

ബുള്ളറ്റ് ഓഫ് ചെയ്യാതെ അയാൾ ആ വീടിന്റെ ബാൽക്കണിയിലേക്കും അജുവിനെയും മാറി മാറി ഒന്ന് നോക്കി.

അവൾ അത്  ശ്രദ്ധിക്കാതെ മൊബൈലിൽ സംസാരം തുടർന്നു. 

ബുള്ളറ്റിൽ ഇരുന്നു അയാൾ അജുവിനെ തലയാട്ടി വിളിച്ചു. ഒന്ന് സംശയിച്ചു നിന്നിട്ട്  അവൻ ചെറിയ ഗേറ്റിനു സമീപത്തേക്ക്  ചെന്നു. 

"നീയേതാടാ?"

പാറയിൽ ചിരട്ട കൊണ്ട് ഉരക്കുന്നത് പോലെയുള്ള പരുക്കൻ ഒച്ച. അത് കണ്ടു മൊബൈൽ ഓഫ് ചെയ്തിട്ട്  അവൾ റോഡിലേക്ക് ശ്രദ്ധിച്ചു. ധാർഷ്ട്യത്തോടെയുള്ള അയാളുടെ ചോദ്യം അജുവിന് ഒട്ടും ഇഷ്ടമായില്ല. 

എങ്കിലും അത് മുഖത്തു കാട്ടാതെ അവൻ മറുപടി പറഞ്ഞു. 

"ഞാനിവിടെ പുതിയ താമസക്കാരനാ..."

അടിമുടി നോക്കി കൊണ്ട് അയാൾ അമർത്തി ഒന്നു മൂളി. 

"മുൻവശത്തുള്ള നിന്റെയീ ചുറ്റലുണ്ടല്ലോ... അത് ഇന്നത്തോടെ നിർത്തിക്കോണം. കേട്ടല്ലോ. വെറുതെ എന്റെ കൈയ്ക്ക് പണിയുണ്ടാക്കരുത്. മം... പൊക്കോ. "

അയാൾ കുടിച്ചിട്ടുണ്ടെന്നു തോന്നി. വാക്കുകൾ ചെറുതായി കുഴയുന്നുണ്ടായിരുന്നു. വിളക്കണയുംപോലെ അജുവിന്റെ മുഖം മങ്ങി. 

താക്കീത് പോലെ അമർത്തി ഒന്ന് മൂളി അയാൾ ബുള്ളറ്റ് അകത്തേക്ക് ഓടിച്ചു പോയി. തിരിഞ്ഞു നടക്കും മുന്നേ അജു മുകളിലേക്ക് ഒന്ന് നോക്കി.  ബാൽക്കണിയിൽ ആ പെൺകുട്ടി ഉണ്ടായിരുന്നില്ല. 

എന്തിനാണ് അയാൾ അങ്ങനെ പറഞ്ഞതെന്ന് അജുവിന് മനസിലായില്ല.

ഇതാണോ  നിർമലയുടെ  പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ്? 

എന്തു വൃത്തികെട്ട മനുഷ്യനാണ് അയാൾ. 

'വെട്ടുപോത്ത് ' എന്ന് അയാളുടെ മുഖത്ത് എഴുതി വച്ചിരിക്കുന്നു. 

ഇയാൾക്ക് പറ്റിയ മോൾ  തന്നെയാണ് ആ പെണ്ണ്. മനുഷ്യരോട് എങ്ങനെ പെരുമാറണം എന്നറിയാത്ത ജന്തുക്കൾ. തമ്മിൽ ഭേദം ആ തള്ളയാണ്. അതിന്  ചിരിക്കാൻ എങ്കിലും അറിയാം. 

എന്തായാലും ആ വീടുമായി അധികം അടുപ്പം വേണ്ടെന്നു അജു അപ്പോൾ തന്നെ തീരുമാനിച്ചു. ശ്രീ പറയുന്നത് പോലെ എന്തിനാണ് ആവശ്യമില്ലാതെ ഓരോ വയ്യാവേലി വലിച്ചു വയ്ക്കുന്നത്. 

കുളിച്ചു വേഷം മാറി അജു അടുത്തുള്ള തട്ടുകടയിൽ പോയി കാപ്പി കുടിച്ചു. തിരിച്ചിറങ്ങുമ്പോൾ ശ്രീജിത്തിന്റെ കാൾ വന്നു :

"എവിടെയാടാ അജു.  നീയെന്തെങ്കിലും കഴിച്ചോ ?"

"കഴിച്ചിട്ട്  വീട്ടിലേക്കു നടക്കുവാടാ."

"അത്താഴം കഴിക്കാൻ നിന്നെ ഇങ്ങോട്ട് വിളിക്കാൻ അമ്മ പറയുവാരുന്നു. "

"ഞാൻ കഴിച്ചെന്ന് അമ്മയോട് പറഞ്ഞേക്ക്. "

"ഓക്കേ. പിന്നെ രാവിലെ പുറത്തു പോയി കഴിക്കാൻ നിൽക്കണ്ട. ഞാൻ വന്നു പിക് ചെയ്യാം."

"ആയ്കോട്ടെ. "

"അപ്പൊ ശരി. രാവിലെ കാണാം."

ശ്രീജിത്ത് ഫോൺ വച്ചു. 

വാടക വീട്ടിലേക്ക് കയറുമ്പോൾ മുന്നിലെ ആ  വീട്ടിലേക്ക് നോക്കാതിരിക്കാൻ അജു പ്രത്യേകം ശ്രദ്ധിച്ചു. 

ആ വീട് കാണുമ്പോൾ എന്തോ മനസ്സിൽ വെറുപ്പ് നിറയുന്നു. മനുഷ്യരോട് എങ്ങനെ പെരുമാറണം എന്നറിയാത്ത ഒരച്ഛനും മകളും  താമസിക്കുന്ന വീട്. 


ഉറങ്ങും മുൻപ് അജു അമ്മയെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു. അമ്മയ്ക്ക് പറയാൻ നൂറു കൂട്ടം വിഷയങ്ങൾ ഉണ്ടായിരുന്നു. കോഴി പശു മുതൽ അമ്മ മീൻ നുറുക്കുമ്പോൾ അടുത്ത് വന്നിരിക്കുന്ന പൂച്ചയുടെ വരെ വിശേഷങ്ങൾ. 

അന്ന് ചന്തുവാണ് വീട്ടിൽ കൂട്ടുകിടക്കാൻ എത്തിയത്. 

അവനോടു സംസാരിച്ചു കിടക്കുമ്പോൾ പുറത്തെ വാതിലിൽ ആരോ മുട്ടുന്ന ഒച്ച കേട്ടു. ഒന്ന് കാതോർത്തിട്ട് ചന്തുവിനോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. 

ചെന്നു വാതിൽ തുറന്നു. 

പെട്ടന്ന് ഹൗസ് ഓണറുടെ മകൾ  അകത്തേക്ക് ചാടി കയറി വാതിലടച്ചു കുറ്റിയിട്ടു. വിയർത്തു നനഞ്ഞു അവൾ നിന്നു കിതയ്ക്കുന്നു. 

"എന്താ എന്തുപറ്റി? "

അജു പരിഭ്രമത്തോടെ ചോദിച്ചു. 

തുടരും...


ഭാഗം - 3

പുറത്തു നിന്നും വാതിലിൽ ഇടിക്കുന്ന ഒച്ച. ഒരേ നിമിഷം ഞെട്ടലോടെ അജുവും പെൺകുട്ടിയും വാതിൽക്കലേക്ക് നോക്കി. ദയനീയമായി അവനെ  ഒന്ന് നോക്കിയിട്ട് പെൺകുട്ടി  അകത്തേക്ക് ഓടി പോയി. 


എന്താണ് പ്രശ്നം എന്ന് അജുവിന് മനസിലായില്ല. എന്തോ ആപത്തു പിണഞ്ഞിട്ടുണ്ടെന്നു അവളുടെ  മുഖം കാണുമ്പോൾ തോന്നുന്നു. വാതിൽ തല്ലിപ്പൊളിക്കുന്ന രീതിയിൽ ഇടി തുടരുകയാണ്. 

'ഇനി അടുത്തത് ആരാണ് ?' എന്നു ചിന്തിച്ചു ചെന്നു വാതിൽ തുറന്നു. പെട്ടന്ന് ആ  പോലീസ്കാരൻ അകത്തേക്ക് ഇരച്ചു കയറി വന്നു. അയാളെ കണ്ടപ്പോൾ വൈകുന്നേരം അയാൾ പറഞ്ഞ ഡയലോഗ് ആണ് ആദ്യം മനസ്സിൽ എത്തിയത്.  ഒറ്റനിമിഷം കൊണ്ട് അജുവിന്റെ മനസിലേക്ക് വെറുപ്പ് ഇരമ്പികയറി വന്നു.  മുഖം വലിഞ്ഞു മുറുകി.

"എന്താ?" പരുഷമായി അവൻ ചോദിച്ചു. 

"മാറടാ അങ്ങോട്ട്!"

അവജ്ഞയോടെ   അയാൾ അജുവിനെ ഉന്തി മാറ്റി ഓരോ മുറിയിലും കയറിയിറങ്ങി പരിശോധിക്കാൻ തുടങ്ങി. 

"ഹലോ. നിങ്ങളോടാ ചോദിച്ചേ എന്താ പ്രശ്നമെന്ന്?" അജു പിന്നാലെ ചെന്നു. 

മറുപടി പറയാതെ ഇടനാഴിയിലൂടെ നടന്നു അയാൾ അടുക്കളയിലേക്ക് കയറി നോക്കി. 

പിന്നെ പിൻമുറ്റത്തേക്ക് ഇറങ്ങി ഒന്ന് ചുറ്റിയിട്ട് തിരിഞ്ഞു അജുവിന്റെ മുന്നിൽ വന്നു നിന്നു:

"എന്റെ മോളെവിടെ?"

"മോളോ? അതെന്നോടാണോ ചോദിക്കുന്നെ ?"

"അവളിങ്ങോട്ട് വന്നിട്ടുണ്ട്." പുരികം ചുളിച്ചു അജു നോക്കി :

"നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ. അല്ല എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ. വൈകുന്നേരം മുൻവശത്ത്  നിന്ന എന്നോട് മര്യാദയ്ക്ക് നിൽക്കണമെന്ന് പറയുന്നു. ഇപ്പോൾ ദേ മോളെവിടെന്ന് ചോദിക്കുന്നു. എന്റെ പൊന്നു ചേട്ടാ   ഞാൻ ഇന്ന് മുതലാണ് ഇവിടെ താമസം തുടങ്ങിയത്. നിങ്ങൾ ആരെന്നു പോലും എനിക്ക് അറിയില്ല. പിന്നെ നിങ്ങള്ടെ മോളെ  ഞാനെങ്ങനെ അറിയും? ഇവിടെ ഇപ്പോൾ ഞാൻ മാത്രേ ഉള്ളൂ. ഇങ്ങോട്ടാരും വന്നിട്ടില്ല. ഞാൻ ആരെയും കണ്ടിട്ടുമില്ല."

സൂക്ഷിച്ചു ഒന്നു നോക്കിയിട്ട് അയാൾ പുറത്തേക്കു നടന്നു. 

"ഹലോ"

അജു പിന്നിൽ വിളിച്ചു. വാതിൽക്കൽ ചെന്നിട്ടു അയാൾ തിരിഞ്ഞു നിന്നു. ചോദ്യ ഭാവത്തിൽ നോക്കി. 

പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തിൽ അയാളുടെ കണ്ണുകളിലേക്ക് നോക്കി അജു പറഞ്ഞു. 

"ആവശ്യം  ഇല്ലാതെ ഞാൻ ആരോടും ഒരു പ്രശ്നത്തിനും പോകാറില്ല. പക്ഷെ വെറുതെ എന്റെ മെക്കിട്ട് കേറാൻ വന്നാൽ ഒരുത്തനെയും  വെറുതെ വിടാറുമില്ല. അതിനി ഏത് ദൈവതമ്പുരാൻ ആയാലും."

"അതുകൊണ്ട്?" അയാൾ മുന്നോട്ട് വന്നു. 

"വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കരുത്. അത്രേ ഉള്ളു. "

"നീയെന്താടാ എന്നേ വെല്ലുവിളിക്കുന്നോ? നിയന്ത്രണം വിട്ടത് പോലെ അയാൾ അജുവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു  ഒന്നുലച്ചു.  

"ഞാൻ ആരാണെന്ന് അറിയോടാ  നിനക്ക്? "

അവൻ ആ കൈ ബലമായി തന്നെ പിടിച്ചു മാറ്റി. 

"ആരായാലും ഷർട്ടിലൊക്കെ കേറി പിടിക്കുന്നത് മോശം അല്ലേ ചേട്ടാ..."

അയാൾ അജുവിന്റെ കൈ കുടഞ്ഞു മാറ്റി. 

"ദാ നോക്ക്...." വിരൽ ചൂണ്ടി അയാൾ ഓർമിപ്പിച്ചു. 

"ഇതെന്റെ വീടാണ്. നീയിവിടെ താമസിക്കണോ വേണ്ടേയെന്നു ഞാൻ തീരുമാനിക്കും. മര്യാദക്ക്... മര്യാദയ്ക്ക് നിന്നാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ പറത്തിക്കും നിന്നെ ഞാനിവിടുന്ന്. "

"എന്നെ പറത്തിക്കാൻ  ഈ വീട് എനിക്ക് വാടകയ്ക്ക് തന്നത് നിങ്ങളല്ല. എഗ്രിമെന്റ് ചെയ്തിരിക്കുന്നത് ഒരു നിർമലയാണ്.  അഡ്വാൻസും ഒരു മാസത്തെ റെന്റും അവർക്ക് കൊടുത്തിട്ടാണ് ഞാനിവിടെ കേറി  താമസിക്കുന്നെ. ആദ്യം അവര്  പറയട്ടെ. അപ്പോൾ  തീരുമാനിക്കാം. പറക്കണോ ഓടണോ  എന്ന്."

സ്വതവേ ഉരുണ്ട കണ്ണുകൾ പുറത്തേക്കു തള്ളി അയാൾ സൂക്ഷിച്ചു നോക്കി. ദേഷ്യം കൊണ്ട് ആ മുഖം ചുവന്നു വിറക്കുന്നു. എന്തിനും തയ്യാറെന്ന മട്ടിൽ  അജുവും ആ കണ്ണിലേക്കു നോക്കി നിന്നു.  അവൻ കേൾക്കാൻ പാകത്തിന് മുരളുന്ന ഒച്ചയിൽ, വിരൽ ചൂണ്ടി പല്ല് ഞെരിച്ചു അയാൾ പറഞ്ഞു. 

"അവളെ  ഇവിടുന്നു ഞാൻ പൊക്കിയാൽ... പിന്നെ നീ പുറം ലോകം കാണില്ല. ഓർത്തോ."

നെഞ്ചിൽ കൈകൾ കെട്ടി അയാൾ പറയുന്നത് കേട്ട്  ഒരു ചെറു പുഞ്ചിരിയോടെ അവൻ  നിന്നു. വാതിൽ വലിച്ചടച്ചു അയാൾ ഇറങ്ങി പോയി. അജു വാതിൽ തുറന്നു വരാന്തയിലേക്ക് ഇറങ്ങി. റോഡ് മുറിച്ചു കടന്നു ഗേറ്റ് തള്ളി തുറന്നു അയാൾ അകത്തേക്ക് കയറി പോകുന്നത് കണ്ടു. 

അജുവിന് ചിരിയാണ് വന്നത്. അപ്പോഴാണ് അവൻ ആ പെൺകുട്ടിയെ  കുറിച്ച് ചിന്തിച്ചത്. വീടിനുള്ളിൽ എവിടെയോ അവൾ  ഒളിച്ചിരുപ്പുണ്ട്. അജു അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. പിന്നെ മുറി മൊത്തം അവളെ  തിരഞ്ഞു. കണ്ടില്ല. 

ഇതിനിടയിൽ ഈ പെണ്ണെവിടെ   പോയി മറഞ്ഞു ?

ഇടനാഴിയിലൂടെ നടന്നു അജു അടുക്കളയിൽ എത്തി. 

അപ്പോൾ മുകളിൽ നിന്നും "ചേട്ടാ... " എന്നുള്ള വിളി കേട്ടു. 

അജു മുകളിലേക്ക് നോക്കി. 

സ്ലാബിന് മീതെ നിന്നും അവൾ  താഴേക്കു നോക്കി വിളിക്കുകയാണ്. 

അജു ഒരു ദീർഘനിശ്വാസത്തോടെ മന്ദഹസിച്ചു:

"താനിതെവിടാന്ന് നോക്കുവാരുന്നു ഞാൻ. ഇറങ്ങി വാ. അയാള് പോയി."

"ഞാൻ കേട്ടു."

അവൾ ഒരു അഭ്യാസിയെ പോലെ മുകളിൽ നിന്നും താഴെ സ്ലാബിലേക്ക് തൂങ്ങി ഇറങ്ങി നിലത്തേക്ക് ചാടി. കയ്യിലെ പൊടി തട്ടി തൂത്ത് കൊണ്ട് അവൾ ചിരിയിൽ കൈ നീട്ടി :

"ഞാൻ ഗൗരി. "

ഒന്ന് അമ്പരന്നെങ്കിലും അവൻ മര്യാദയോടെ  തിടുക്കത്തിൽ കൈ കൊടുത്തു. 

"അജു."

ഒപ്പം ഒരു പുഞ്ചിരിയും സമ്മാനിച്ചു. 

അവൾ  മുഖത്തെ ചിരി മായാതെ തന്നെ  അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു. 

"ചേട്ടന്റെ വീടെവിടാ?"

പിന്നാലെ വരുന്നതിനിടയിൽ അവൻ പറഞ്ഞു. 

"ശിവപുരം. "

"എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം തരാമോ? "

"അതിനെന്താ "

അജു അടുക്കളയിലേക്ക് പോയി. ഒരു ഗ്ലാസിലേക്ക് വെള്ളം പകർന്നു. പുറത്തേക്ക് വന്നു. ഇടനാഴിയിൽ അവളെ കണ്ടില്ല. മുറിയിലേക്ക് ചെന്നു നോക്കി. 

ജനാലയോട് ചേർന്നുള്ള കസേരയിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. 

ഗ്ലാസ് വാങ്ങുന്നതിനിടയിൽ അവളൊരു താങ്ക്സ് പറഞ്ഞു. അജു കിടക്കയിൽ ചെന്നിരുന്നു :

"അച്ഛനുമായി എന്താ പ്രശ്നം? "

വെള്ളം കുടിച്ചു കഴിഞ്ഞു അവൾ അവൻ പറഞ്ഞത്  കേൾക്കാത്ത മട്ടിൽ ചോദിച്ചു. 

"എന്താ ? "

"അച്ഛനുമായി വഴക്കിട്ടോ? "

അവൾ ചിരിച്ചു. 

"ചെറുതായിട്ട്."

"കുട്ടിയെ കാണാതെ അച്ഛൻ പേടിക്കില്ലേ..."

"വഴക്കിട്ടതല്ലേ. അപ്പോൾ കുറച്ചു പേടിച്ചോട്ടേ."

"തിരഞ്ഞു നടക്കില്ലേ."

"ഇല്ല. രാവിലെ അമ്മ ഡ്യൂട്ടി കഴിഞ്ഞു എത്തും മുന്നേ  ഞാൻ തിരികെ ചെല്ലുമെന്ന് അറിയാം."

അജു ഒന്നും മനസിലാവാതെ നോക്കി. മുന്നേ കണ്ട പരിഭ്രമമോ പേടിയോ ഒന്നും ഇപ്പോൾ അവളുടെ മുഖത്ത് കാണാനില്ല. വളരെ കാലം പരിചയമുള്ള ഒരാളുടെ മുന്നിൽ ഇരിക്കുന്ന ഭാവം. 

"ചേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട്?" അവൾ സൗഹൃദത്തോടെ ചോദിച്ചു. 

"അമ്മ മാത്രേ ഉള്ളു. അച്ഛൻ മരിച്ചു പോയി."

"ഇവിടെ ജോലി കിട്ടി വന്നതാ?"

"അതെ. ബ്ലോക്ക് ഓഫീസർ ആയിട്ട്."

"അത് വഴിയാ ഞാൻ കോളേജിലേക്ക് പോകുന്നെ."

"അറിയാം. "

"അതെങ്ങനെ? "

"ശ്രീജിത്തിന്റെ സിസ്റ്റർ കുട്ടിയുടെ ക്ലാസ്സ്മേറ്റ് അല്ലെ?"

"ഓ അവൾ പറഞ്ഞിട്ടുണ്ടല്ലേ? "

"മം."

"ചേട്ടന് നല്ല ധൈര്യം ആണല്ലോ. നന്നായി സംസാരിക്കുന്ന കേട്ടു. ആരെയും പേടി ഇല്ലേ."

"പേടി ഇല്ലാത്ത മനുഷ്യരുണ്ടോ. പക്ഷെ ഇങ്ങനത്തെ സിറ്റുവേഷനിൽ ഒന്നും ആരും അത് പുറത്തു കാണിക്കാറില്ല."

"ഒരാളെ ഇടിക്കാനുള്ള ധൈര്യം ഉണ്ടോ?"

"അതൊക്കെയുണ്ട്. "

"ഞാൻ പറയുന്ന ഒരാൾക്കിട്ട് നല്ല ഇടി  കൊടുക്കാൻ പറ്റോ."

"കൊട്ടേഷൻ ആണോ?" അജുവിന് ചിരി വന്നു. 

അവൾ ഒരു നിമിഷം മുഖം താഴ്ത്തി മിണ്ടാതെ ഇരുന്നു. 

"ശരി. ആർക്കിട്ടാ ഇടിക്കേണ്ടേ..."

അവൻ കൗതുകത്തോടെ ചോദിച്ചു. ഗൗരി മുഖം ഉയർത്തി നോക്കി. ആ കണ്ണുകളിൽ കനലെരിയുന്നത് അജു കണ്ടു. ആരോടോഒക്കെയുള്ള ദേഷ്യവും പകയും അവളുടെ മുഖത്ത് കാണാമായിരുന്നു. അവന്റെ മുഖത്തെ ചിരി മാഞ്ഞു. അവളുടെ പക എരിയുന്ന സ്വരം അവൻ കേട്ടു. 

"ഇവിടെ വന്നിട്ട് പോയില്ലേ. അയാളെ...." 

അജു കണ്ണ് മിഴിച്ചു നോക്കി. 

"അച്ഛനെയോ ? "

അവൾ പല്ല് ഞെരിച്ചു. 

"അച്ഛനോ? അയാളോ? അയാളെന്റെ ആരുമല്ല...."

"അപ്പോൾ അയാൾ കുട്ടിയുടെ അച്ഛനല്ലേ?"

അമ്പരപ്പ് മാറി അജുവിന്റെ മുഖത്ത് ജിജ്ഞാസ നിറഞ്ഞു. 

"എന്റെ അച്ഛൻ മരിച്ചു പോയതാ. എന്റെ  ഏഴാമത്തെ വയസിൽ.   ജോലി കഴിഞ്ഞു വരുമ്പോൾ ഏതോ വണ്ടി വന്നു അച്ഛന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. മരിച്ചിട്ട് ആറു വർഷം തികയുന്നു. കൈ നിറയെ ചോക്ലേറ്റും മുഖം നിറയെ ചിരിയുമായി വൈകുന്നേരം ജോലി കഴിഞ്ഞു  എത്തുന്ന  അച്ഛൻ ഇപ്പോൾ എനിക്ക്  മധുരമുള്ള ഓർമ്മകൾ മാത്രം ആണ്. ചേട്ടന് അറിയോ അച്ഛന്റെ  സ്നേഹവും കരുതലുമാണ് ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും മിസ്സ് ചെയ്യുന്നേ...."

" അപ്പോൾ ഇയാൾ? "

ഇടയ്ക്ക് മുറിഞ്ഞത് പോലെ അവൾ നോക്കി. ആ മുഖത്ത് സങ്കടം നുരയുന്നു . അജു സഹതാപത്തോടെ നോക്കി. ഗൗരി തുടർന്നു. 

"വീട്ടുകാരെ എതിർത്ത് അച്ഛന്റെ ഒപ്പം ഇറങ്ങി പോയത് കൊണ്ട് ബന്ധുക്കൾ ആരും അമ്മയെ തിരിഞ്ഞു നോക്കിയില്ല. ഒരു കുഞ്ഞു കുട്ടിയുമായി തനിച്ചു ജീവിക്കുന്നതിലുള്ള കഷ്ടപ്പാട് ഓർത്ത് എന്റെ ഭാവിയെ കരുതി അമ്മ ഇയാളെ കൂടെ കൂട്ടുകയായിരുന്നു. എന്റെ അച്ഛനെക്കാൾ കൂടുതൽ അയാൾ എന്നെയും എന്റെ അമ്മയെം സ്നേഹിച്ചിരുന്നു.  ഉള്ളിൽ തട്ടി ഞാൻ അച്ഛാന്ന് വിളിച്ചു തുടങ്ങി. അത്രക്ക് ഇഷ്ടമായിരുന്നു എനിക്കയാളെ. രണ്ടു മാസങ്ങൾക്കു മുൻപ് ഒരു ദിവസം രാത്രി..."

ആ കാഴ്ച കണ്മുന്നിൽ കാണുന്നത് പോലെ ഗൗരി  നിർത്തി. ആ വെള്ളാരം കണ്ണുകളിൽ ആ രംഗങ്ങൾ ഓരോന്നായി തെളിഞ്ഞു വന്നു :


ഡോർ ബെൽ തുടരെ തുടരെ ശബ്ദിച്ചു കൊണ്ടിരുന്നു. ഗൗരി  ബാത്റൂമിൽ ആയിരുന്നു. അവൾ  താഴേക്കു ഇറങ്ങി വന്നു. ജനൽ തുറന്നു നോക്കി. സിറ്റൗട്ടിൽ തമ്പി! അവൾ പെട്ടന്ന് വാതിൽ തുറന്നു. 

"നീ ഉറങ്ങുവാരുന്നോ ?" സംസാരിക്കുമ്പോൾ മദ്യത്തിന്റെ ഗന്ധം ഒഴുകി പരന്നു വന്നു. 

"അല്ല ബാത്റൂമിൽ." അവൾ ഒഴിഞ്ഞു നിന്നു. 

കയ്യിലെ കവർ അവളെ ഏൽപ്പിച്ചു അയാൾ അകത്തേക്ക് കയറി. 

"വരുന്ന വഴിക്ക് കണ്ടു ഇഷ്ടപ്പെട്ടു വാങ്ങിയതാ. നിനക്ക് പാകം ആവുമോന്ന് അറിയില്ല. "

അവൾ കവർ തുറന്നു നോക്കി. 

"നിർമലയ്ക്ക് നൈറ്റ് ആണോ ?"

"അതെ" ഗൗരി  വാതിൽ അടച്ചു ലോക്കിട്ടു:

"അച്ഛൻ എന്തെങ്കിലും കഴിച്ചിട്ടാണോ വന്നെ?"

"കഴിച്ചു."

"ഞാൻ ബാക്കി എല്ലാം എടുത്തു ഫ്രിഡ്ജിൽ വച്ചു. അതാ ചോദിച്ചേ. കഴിക്കുന്നെങ്കിൽ ഞാൻ ചൂടാക്കി തരാം."

"വേണ്ട. നീ കിടന്നോ. "

തമ്പി മുറിയിലേക്ക് പോയി. ഷർട്ടും പാന്റും ഊരി എറിഞ്ഞു. ഒരു ലുങ്കി അരയിൽ ഉറപ്പിച്ചു. ഗൗരി  മുറിയിലെത്തി തമ്പി കൊണ്ട് വന്ന ഡ്രസ്സ്  നോക്കുമ്പോൾ  താഴെ നിന്നും  വിളി കേട്ടു. അവൾ  താഴേക്കു ഇറങ്ങി വന്നു. ഹാളിലെ സെറ്റിയിൽ അയാൾ ഇരിപ്പുണ്ടായിരുന്നു. ടേബിളിൽ ഒരു ബോട്ടിൽ മദ്യം. 

"നീയൊരു ഗ്ലാസ്സും, കുറച്ചു തണുത്ത വെള്ളവും ഇങ്ങെടുത്തേ."

"ഇനിയും കുടിക്കാൻ പോകുവാണോ. ഇപ്പോ തന്നെ നല്ല ഫിറ്റാ."

"അങ്ങനൊന്നും ഞാൻ ഫിറ്റാവില്ല മോളേ.. . നീ പോയി എടുത്തിട്ട് വാ."

ഗൗരി  പോയി വെള്ളവും ഗ്ലാസും എടുത്തു കൊണ്ടു  വന്നു. മുറിയിലേക്ക് പോകാൻ തുനിയുമ്പോൾ തമ്പി തടഞ്ഞു. 

"പോകാൻ വരട്ടെ. നീയിവിടെ ഇരിക്ക്. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്."

ഗൗരിയെ  പിടിച്ചു അയാൾ അടുത്ത് സെറ്റിയിൽ ഇരുത്തി. ഒരു ഗ്ലാസ്സിലേക്കു മദ്യം പകർന്നു ഒരു തുള്ളി വെള്ളം തൊടാതെ ഒറ്റ വലിക്കു അകത്താക്കി.  അതു കണ്ടപ്പോൾ ശരീരം മൊത്തം പെരുത്ത് കയറുമ്പോലെ  അവൾക്ക്  തോന്നി. അവൾ  മുഖം ചുളിച്ചു നോക്കി. ഇതെങ്ങനെ ഇങ്ങനെ കഴിക്കാൻ പറ്റുന്നു എന്നാണ് അവൾ  ചിന്തിച്ചത്. ഒരു സിഗരറ്റ് കത്തിച്ചു പുകയെടുത്തിട്ട് അയാൾ അവളേ  അടിമുടി ഒന്ന് നോക്കി:

"നിനക്കെന്നോട് പഴയത് പോലെയുള്ള ആ  ഒരിഷ്ടം ഇപ്പോൾ ഇല്ല അല്ലേ?"

"ഇതെന്താ ഇപ്പോ ഇങ്ങനൊരു ചോദ്യം? അച്ഛൻ നല്ല ഫോമായിട്ടുണ്ട്. ഞാൻ പോകുവാ. എനിക്ക് ഉറക്കം വരുന്നു." അവൾ എണീൽക്കാൻ തുനിഞ്ഞു. 

" ശ്ശെ പോവല്ലേ.... ഇരിക്ക്..."  അയാൾ അവളുടെ  കയ്യിൽ പിടിച്ചു ഇരുത്തി:

"ആഴ്ചയിൽ  ഒരിക്കൽ വരുന്നതല്ലേ. അപ്പോൾ കുറച്ചു നേരമെങ്കിലും  എന്റടുത്തു ഇരിക്കാനോ. ഇത്തിരി  നേരം സംസാരിക്കാനോ നിനക്ക് സമയമില്ല. 

നിനക്കിപ്പോ  ഓർമ്മയുണ്ടോ എന്നെനിക്കറിയില്ല.... എന്റെ നെഞ്ചിലെ ചൂടേറ്റ് എന്റെ നെഞ്ചിൽ തല വച്ചു എന്നെ കെട്ടിപിടിച്ചു കിടന്നാലെ നിനക്ക് ഉറക്കം വരുള്ളായിരുന്നു. അതൊക്കെ നീ മറന്നു. നിന്നെ കാണാൻ വേണ്ടി മാത്രമാ ഇത്രയും ദൂരം ഞാനീ ബുള്ളറ്റ് ഓടിച്ചു  വരുന്നേ. ഞാനീ കാണിക്കുന്ന പാതി സ്നേഹം പോലും നിനക്ക് ഇങ്ങോട്ടില്ല. കാണില്ല. കാരണം........ എന്തൊക്കെ ആയാലും ഞാൻ നിന്റെ രണ്ടാനച്ഛൻ ആണല്ലോ അല്ലേ? "

പരിഭവം പോലെ അയാൾ പറയുന്നത് കേട്ട് അവൾക്ക് ചിരി വന്നു. അവൾ കളിയായി അയാളുടെ തോളിൽ നുള്ളി. 

"ഈ അച്ഛന്റെ  ഒരു കാര്യം..." 

അവൾ ചിരിക്കുന്ന കണ്ടു അയാളുടെ മുഖത്തും ചിരി വിരിഞ്ഞു.  പിന്നെ ഒരു ഗ്ലാസിലേക്കു മദ്യം പകർന്നു വെള്ളം ചേർത്തു വച്ചു :

"നിന്നെയെനിക്ക്  ഭയങ്കര ഇഷ്ടമാടി... നിന്റെ അമ്മയെക്കാൾ ഇഷ്ടം. നമ്മളീ ചെയ്യുന്നതും പറയുന്നതുമൊന്നും നീ അവളോടെങ്ങും   പോയി പറഞ്ഞേക്കരുത്. കേട്ടല്ലോ....."

"എന്താ  കാര്യം ? അച്ഛൻ  തെളിച്ചു പറയു."

"പറയാം. അതിന് മുന്നേ നീ ഇതൊന്ന് ടേസ്റ്റ് ചെയ്യുന്നോ? "

"അയ്യേ എനിക്കെങ്ങും വേണ്ട."

"നിന്റെ അമ്മ അറിയുമെന്ന് പേടിച്ചിട്ടാണെങ്കിൽ  ഞാൻ ഇതൊന്നും അവളോട് പറയില്ലടി ... നീ ധൈര്യമായി കുടിച്ചോ....വരുമ്പോൾ എനിക്കൊരു കമ്പനി ആവുമല്ലോ...."

"യ്യട...... എനിക്ക് വേണ്ട. എനിക്കിതൊന്നും ഇഷ്ടമല്ല."

"നീ വിചാരിക്കുന്ന പോലെ അത്ര പ്രശ്നം ഒന്നുമില്ലടി. ജസ്റ്റ് ഒന്ന് സിപ്പ് ചെയ്... പിന്നെ നല്ല സുഖമാ... നമുക്ക് വെളുക്കും വരെ ഇങ്ങനെ കാര്യമൊക്കെ പറഞ്ഞു ഇരിക്കാം..."

അയാൾ ഗ്ലാസ് അവളുടെ ചുണ്ടിന് നേരെ നീട്ടി. അവൾ  മുഖം ചുളിച്ചു ഗ്ലാസ്സ് തട്ടി മാറ്റി  കൊണ്ട് പിന്നിലേക്ക് നീങ്ങി. 

മദ്യം ഗ്ലാസിൽ നിന്നും   സെറ്റിയിലും താഴേക്കും  തുളുമ്പി വീണു. അത് കണ്ടു അയാളുടെ മുഖത്തെ ഭാവം മാറി. 

" എനിക്ക് വേണ്ട ഞാൻ വോമിറ്റ് ചെയ്യും."

അവൾ പുറം കൈ കൊണ്ട് വായ് മറച്ചു കൊണ്ട് എണീറ്റു.  

"ഇവിടെ ഇരിക്കടി..."

തമ്പിയുടെ ഒച്ച ഉയർന്നു. അയാളുടെ മുഖത്തേക്ക്  ദേഷ്യം ഇരച്ചു വരുന്നതും പതിയെ കിതയ്ക്കുന്നതും ഗൗരി ഭീതിയോടെ നോക്കി. 

"അച്ഛനെന്താ ഇങ്ങനെ. ഇതെന്താ പറ്റിയെ?"

അവൾക്ക്  സങ്കടം വന്നിരുന്നു. പെട്ടന്ന് അയാൾ അവളേ വലിച്ചു  നെഞ്ചിലേക്കിട്ടു . അമർത്തി പിടിച്ചു കൊണ്ട് ഗ്ലാസ് എടുത്തു ബലമായി മദ്യം അവളുടെ  വായിലേക്ക് ഒഴിക്കാൻ തുടങ്ങി.  പെരുമ്പാമ്പ് ചുറ്റി പിടിച്ചത് പോലെ അവൾക്ക് ശ്വാസം മുട്ടി. കുതറി പിടയാൻ ഒരു ശ്രമം നടത്തി. മദ്യം മുഖത്തും ദേഹത്തും ചുറ്റിലും വീണു. ഗ്ലാസ് പിടിച്ചിരുന്ന തമ്പിയുടെ കൈ അവൾ  തള്ളിയെറിഞ്ഞു. ഗ്ലാസ് നിലത്തു വീണു ചിതറി. അയാളുടെ പിടിയിൽ നിന്നും മോചിതയായപ്പോൾ അവൾ  പിടച്ചെണീറ്റു. നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു. 

"എന്തു വൃത്തികേടാ നിങ്ങൾ കാണിച്ചേ. ഞാനിത് അമ്മയോട് പറയും. നോക്കിക്കോ. "

താക്കീത് പോലെ പറഞ്ഞിട്ട് അവൾ  മുന്നോട്ടു നടക്കാൻ തുനിയുമ്പോൾ തമ്പി കൈ നീട്ടി പിടിക്കാൻ ശ്രമിച്ചു. 

മുട്ടൊപ്പമുള്ള  പാവാടയിലാണ്   പിടിത്തം വീണത്.

അടിതെറ്റി ഗൗരി  താഴേക്കു വീണു പോയി. 

 നഗ്നമായ അവളുടെ  വെളുത്ത കാലിലേക്ക്   ആർത്തിയോടെ നോക്കി തമ്പി  എണീറ്റു വന്നു. ഭയന്നു പോയ അവൾ തിടുക്കത്തിൽ ചാടി എണീൽക്കാൻ   നോക്കുമ്പോഴേക്കും അയാൾ  ഒരു കാളകൂറ്റനെ പോലെ മേലേക്ക്  ചാടി വീണു കഴിഞ്ഞിരുന്നു. 

"വിട്... വിടാനല്ലേ പറഞ്ഞേ... "

ഗൗരി  കുതറി.

തമ്പി അവളെ പിടിച്ചടക്കാൻ ശ്രമിച്ചു. അവൾ ചെറുക്കാനും.  ഒടുവിൽ ഒരു അവസരം കിട്ടിയപ്പോൾ   അയാളുടെ  കയ്യിൽ അവൾ ആഞ്ഞു കടിച്ചു. വേദനയിൽ തമ്പി പിടിവിട്ടു കൈ കുടഞ്ഞു. ആ നിമിഷത്തിൽ അയാളെ ചവിട്ടി തള്ളി കൊണ്ടു അവൾ  കുതിച്ചെണീറ്റു. പിന്നെ സ്റ്റെയർകേസ് ഓടി കയറി മുറിയിലെത്തി വാതിലടച്ചു കുറ്റിയിട്ടു. ദേഷ്യവും ഭയവും സങ്കടവും ഒരേ നിമിഷം അവളിലേക്ക്  ഇരച്ചു കയറി വന്നു. വാതിലിൽ ചാരി നിന്നു അവൾ  ഏങ്ങലടിച്ചു കരഞ്ഞു. 

അപ്പോൾ വാതിലിൽ മുട്ട് കേട്ടു. ഭീതിയോടെ അവൾ  തിരിഞ്ഞു. വാതിൽ പൊളിച്ചു അയാൾ അകത്തേക്ക് കയറി വരുമോ എന്ന്   ഭയപ്പെട്ടു. ഡോറിന്റെ മുകളിലെയും താഴത്തെയും ലോക്ക് കൂടി അവൾ  തിടുക്കത്തിൽ പിടിച്ചിട്ടു. ഭയം കൊണ്ട് ശരീരം പൂക്കുല പോലെ വിറച്ചു. അമ്മയെ വിളിക്കാനായി തന്റെ ഫോൺ ബെഡിലും മേശമേലും  തിരഞ്ഞു. അപ്പോഴാണ് അത് താഴെയാണല്ലോ എന്ന് ഓർമ്മ വരുന്നത്. അതോടെ സർവ്വ നിയന്ത്രണവും തകർന്നത് പോലെ കരഞ്ഞു കൊണ്ട് ഗൗരി  കിടക്കയിലേക്ക് വീണു.


രാവിലെ ഗൗരി  ഉണർന്നു താഴെ വരുമ്പോൾ ഡ്യൂട്ടി കഴിഞ്ഞു വന്നു നിർമല ചായ തിളപ്പിക്കുന്ന തിരക്കിലായിരുന്നു. അമ്മ വന്നത് അറിഞ്ഞിരുന്നില്ല. തലേന്ന് നടന്ന കാര്യങ്ങൾ അമ്മയോട് പറയാനുറച്ചു അകത്തേക്ക് നടന്നപ്പോൾ തമ്പി മുന്നിലേക്ക് കയറി വന്നു. അയാൾ കണ്ണുരുട്ടി പോകാൻ ആംഗ്യം കാട്ടി. ഗൗരിയുടെ  കണ്ണുകളിൽ ഭീതി നിറഞ്ഞു. സങ്കടത്തോടെ അവൾ  തിരിഞ്ഞു മുകളിലേക്ക് ഓടി കയറി പോയി. മുറിയിലെത്തി വാതിൽ ചാരുമ്പോളേക്കും അയാൾ തള്ളി തുറന്നു അകത്തേക്ക് കയറി വന്നു. 

ഭയന്ന് പിന്നിലേക്ക് മാറിയ ഗൗരിയുടെ  കവിളിൽ കുത്തിപിടിച്ചു വലിച്ചു ഭിത്തിയിൽ ചേർത്ത് മുരണ്ടു:

"കഴ്വർഡ  മോളേ... ഇന്നലെ നടന്നതെന്തെങ്കിലും അവളറിഞ്ഞാൽ... പിന്നെ നീയവളെ ജീവനോടെ കാണില്ല. ഇരു ചെവി അറിയാതെ അവളെ തീർക്കാൻ എനിക്കറിയാം. ഒരുത്തനും   വരില്ല ചോദിക്കാൻ. പിന്നെ നീ ഒരു തെരുവ് പട്ടിയെ പോലെ ജീവിത കാലം മുഴുവൻ എന്റെ കാൽച്ചുവട്ടിൽ കിടക്കും. കേട്ടോടീ.....  നായെ !"

കവിളിൽ പിടിച്ചു അയാൾ തള്ളിയെറിഞ്ഞു. മുന്നോട്ടു വേച്ചു പോയ ഗൗരി  ഭിത്തിയിൽ പിടിച്ചു നിന്നു തിരിഞ്ഞു തമ്പിയെ നോക്കി.  സങ്കടം കൊണ്ട് അവളുടെ  ചുണ്ടുകൾ വിതുമ്പി. താക്കീത് പോലെ വിരൽ ചൂണ്ടി ഒരിക്കൽ കൂടി ഓർമിപ്പിച്ചിട്ട് അയാൾ തിരിഞ്ഞു മുറിവിട്ടു പോയി. മുഖത്ത് കൈ ചേർത്തു ഗൗരി  ഏങ്ങലടിച്ചു കരഞ്ഞു. 


ശ്വാസമടക്കി പിടിച്ചാണ് അജു അതൊക്കെ കേട്ടിരുന്നത്. മുന്നിലിരുന്നു അവൾ മുഖം പൊത്തി  കരയുന്നത് കണ്ടപ്പോൾ അവന്റെ  കണ്ണുകൾ  നനഞ്ഞു. ഇങ്ങനൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നത്  ആദ്യമായിരുന്നു  അതുകൊണ്ട് തന്നെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല. 

എന്തൊക്കെയാണ് നടക്കുന്നത്? ഇങ്ങനെയൊക്കെ ഒരു മനുഷ്യന് ചെയ്യാൻ കഴിയുമോ?

മനസാക്ഷിയുള്ള ഒരാൾക്ക്  ചിന്തിക്കാൻ കൂടി പറ്റില്ല. അപ്പോൾ അയാൾ അത്രയും നീചൻ ആയിരിക്കണം. അതും അച്ഛന്റെ സ്ഥാനത്തു കണ്ടിരുന്ന ആൾ.  ഗൗരിയുടെ അമ്മയ്ക്ക് അറിയില്ല ഇതൊന്നും. അറിഞ്ഞാൽ അവർ സഹിക്കില്ല. ആദ്യം കാണുന്ന ആളോട് അവൾ തന്റെ ഈ പ്രശ്നം പറയണമെങ്കിൽ അവളുടെ ഒരു ഗതികേട് എത്ര മോശം ആണെന്ന് ചിന്തിക്കാവുന്നതെ ഉള്ളു. പതിനെട്ടോ പത്തൊൻപതോ വയസുള്ള ചെറിയ പെൺകുട്ടിയുടെ നിസ്സഹയാവസ്ഥ. 

അജു എണീറ്റു വന്നു

"ഗൗരി.... "

ദീനമായി  വിളിച്ചു. കരഞ്ഞു കലങ്ങിയ മിഴികൾ ഉയർത്തി അവൾ  നോക്കി:

"എനിക്ക് പേടിയാ ചേട്ടാ അയാളെ. രണ്ടു മാസമായി ഞാൻ നെഞ്ചിൽ ഈ കനലുമായി നടക്കുവാ. ഈ  സങ്കടമൊക്കെ ആരോട് പറയും. അമ്മയോട് പറയാൻ വയ്യ. അമ്മ ബഹളം വയ്ക്കും. അയാൾ എന്റെ അമ്മയെ കൊല്ലും. ഉറപ്പാ..... അയാളൊരു ക്രൂരനായ   ക്രിമിനലാണ്. 

പുറത്തു ആരോട് ഇതൊക്കെ പറയണം എന്നെനിക്കറിയില്ല. എന്നെ സഹായിക്കാൻ ആരുമില്ല. ഒരു പരിചയം ഇല്ലാത്ത ചേട്ടനോട് ഞാനെന്റെയീ സങ്കടം പറഞ്ഞത് ഇന്ന് അയാളോട് ചേട്ടൻ എതിർത്തു സംസാരിക്കുന്നത് കേട്ടത് കൊണ്ടാ. എന്നെ സഹായിക്കാൻ ചേട്ടന് കഴിയുമെന്ന് തോന്നിയിട്ട്..."

 അജുവിന്റെ കൈകൾ ഗൗരി  കൂട്ടിപ്പിടിച്ചു:

"അയാളിൽ നിന്നും എന്നെ രക്ഷിക്കാൻ ചേട്ടന്  കഴിയോ... ഇല്ലെങ്കിൽ... സത്യമായും എനിക്ക്  മരിക്കേണ്ടി വരും."

തന്റെ ഇടതു  കൈയിൽ കൂട്ടിപിടിച്ചിരിക്കുന്ന ഗൗരിയുടെ വിറയാർന്ന കൈകൾക്ക് മീതെ അജു തന്റെ വലതു കൈ പൊതിഞ്ഞു പിടിച്ചു. പിന്നെ ഉറച്ച സ്വരത്തിൽ പറഞ്ഞു. 

"ഗൗരി എനിക്ക് തരുന്ന കൊട്ടേഷൻ. ഞാനത്  ഏറ്റെടുത്തിരിക്കുന്നു. ഇരുചെവി അറിയാതെ ഇത് ഞാൻ ഒതുക്കി തീർത്തിരിക്കും. പോരെ?"

(തുടരും )


ഭാഗം - 4 

ഗൗരി സിറ്റൗട്ടിലേക്ക് കയറി ഡോർ തുറക്കാൻ ശ്രമിച്ചു. പക്ഷെ അത് അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ഡോർബെൽ വിരലമർത്തി. മൂന്നാമത്തെ ബെൽ കേട്ടപ്പോഴാണ് തമ്പി വന്നു വാതിൽ തുറന്നത്. 


മുന്നിൽ ഗൗരിയെ കണ്ടപ്പോൾ തമ്പിയുടെ മുഖത്ത് ഒരു വഷളൻ ചിരി വിരിഞ്ഞു. കട്ടളയുടെ ഒരു വശത്തേക്ക്  അയാൾ തടിച്ച തോൾ  ചേർത്ത് വച്ചു  ഒരു പൂവാലന്റെ മുഖചേഷ്ടയോടെ അവളെ അടിമുടി നോക്കി. 

"എന്താടി ഇന്ന് കൊണ്ടു പോയവന് പെട്ടന്ന് മടുത്തോ. സാധാരണ നീ നേരം വെളുത്തിട്ടല്ലേ വരാറുള്ളൂ..."

അവജ്ഞയോടെ  മുഖം വെട്ടിതിരിച്ചു  അവൾ അകത്തേക്ക് കയറി. പിന്നാലെ എത്തി അയാൾ ഗൗരിയുടെ കയ്യിൽ പിടി മുറുക്കി. 

"എങ്ങോട്ടാടി ഈ ഓടി പാഞ്ഞു പോകുന്നെ... കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി കേറി വരാൻ ഇതെന്താ സത്രം ആണെന്ന് കരുതിയോ..."

"എന്റെ കയ്യീന്ന് വിട്..." വെറുപ്പോടെ  അവൾ കൈ കുതറിച്ചു. "വിടാൻ..."

"പറയടി... എവിടെയായിരുന്നു നീ...  ആരുടെ കൂടെആയിരുന്നു  ഇത്രയും നേരം... പറയാൻ... നിന്റെ അമ്മയോട് ചോദിക്കട്ടേ മകളെ ഇങ്ങനെ അഴിച്ചു വിട്ടേക്കുവാണോന്ന്..."

 കുതറുന്നതിനിടയിലും അവൾ  പുച്ഛത്തോടെ  നോക്കി.  

"അമ്മയോട് ചോദിക്കാൻ തനിക്ക് ധൈര്യം ഉണ്ടോടോ...ചെറ്റേ....!" കൂടെ ഒരാൾ ഉണ്ടെന്നുള്ള ധൈര്യം അവളെ ഒരുന്മാദവസ്ഥയിലേക്ക് എത്തിച്ചിരുന്നു. 

തമ്പിയുടെ  മുഖത്ത്  കൂടുതൽ ക്രൂരത നിറയുന്നത് ഗൗരി കണ്ടു. ഒട്ടും പേടിക്കാതെ ഈറ്റപ്പുലിയെ പോലെ അവൾ നോക്കി. അവളുടെ കവിളിൽ തമ്പി  കുത്തിപ്പിടിച്ചു. അയാൾ പല്ല് കടിച്ചു പൊട്ടിക്കുന്ന ഒച്ച ഗൗരി കേട്ടു. 

"എന്റെ മുഖത്ത് നോക്കി വെല്ലുവിളിക്കാറായോടി... പിഴച്ചവളേ..." അവളെ പിന്നിലേക്ക് തള്ളി കൊണ്ടു പോയി ഭിത്തിയിലേക്ക് ചേർത്തു ഞെരിച്ചു. 


വർക്ക് ഏരിയയുടെ സൈഡിൽ വിരിച്ചിരുന്ന വെള്ളയിൽ കറുത്ത വരയുള്ള  ലുങ്കിയുമായി അജു സിറ്റൗട്ടിലേക്ക് കയറി. 

കുതറി അയാളെ തള്ളിമാറ്റാൻ നോക്കുന്ന   ഗൗരിയെ അടക്കിപിടിക്കാൻ ശ്രമിക്കുന്ന  തമ്പിയുടെ  പിന്നിലെത്തി ലുങ്കി അയാളുടെ തലയിലൂടെ മൂടി കഴുത്തിലൂടെ ചുറ്റി രണ്ടു വശവും വേഗത്തിൽ കറക്കി ഒരു കയർ പോലെ ചുറ്റി വരിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തമ്പിക്ക് മനസ്സിലാവും മുന്നേ, പ്രതികരിക്കാനുള്ള അവസരം പോലും കൊടുക്കാതെ ലുങ്കിയുടെ രണ്ടു വശവും കൂട്ടി പിടിച്ചു കറക്കി ഭിത്തിയിലേക്ക് ശക്തിയിൽ ഇടിച്ചു. 

തുരുതുരാ. വേദനയിൽ തമ്പി കരഞ്ഞു. ശബ്ദം പുറത്തേക്ക്  പോകാതെ ഗൗരി പെട്ടന്ന് ചെന്നു വാതിൽ അടച്ചു. പിന്നെ അവൾ മുന്നിൽ കണ്ടത് അജുവിന്റെ താണ്ഡവം ആയിരുന്നു. അവൾ കണ്ണ് മിഴിച്ചു നോക്കി നിന്നു. 

അവശനായ തമ്പി "എന്നെ കൊല്ലല്ലേ ഞാൻ ചത്തു പോകും "എന്ന് അവ്യക്തമായി പുലമ്പുന്നുണ്ടായിരുന്നു. ഒടുവിൽ അടിക്കുന്നോ എന്ന് അജു ആംഗ്യത്തിൽ ഗൗരിയോടു ചോദിച്ചു. 

ഒന്ന് പൊട്ടിക്കണമെന്ന് അവൾക്കും അതിയായ  ആഗ്രഹം ഉണ്ടായിരുന്നു.  കൈകൾ രണ്ടും കൂട്ടി തിരുമി അവൾ മുന്നോട്ട് വന്നു. രണ്ടു മാസമായി നെഞ്ചിൽ അടക്കിപിടിച്ചിരുന്ന സങ്കടവും ദേഷ്യവും പകയും കയ്യിലേക്ക് ആവാഹിച്ചു. പിന്നെ അജുവിന്റ കൈകളിൽ തൂങ്ങി ആടുന്ന തമ്പിയുടെ  മൂടി പൊതിഞ്ഞ, രക്തം കിനിയുന്ന മുഖം നോക്കി പടക്കം പൊട്ടുന്ന ഒച്ചയിൽ  രണ്ടു അടി. അപ്പോഴേക്കും അവൾ കിതച്ചു. 

മതിയോ എന്ന അജുവിന്റെ  കണ്ണ് കൊണ്ടുള്ള ചോദ്യത്തിന് അവൾ മതിയെന്ന് തള്ള വിരൽ ഉയർത്തി ആംഗ്യം കാണിച്ചു. 

തമ്പിയുടെ  തലയുടെ പിൻഭാഗത്തായി ലുങ്കി  കൂട്ടി പിടിച്ചു തനിക്ക് നേരെ നിർത്തി അജു മുഷ്ടി ചുരുട്ടി അയാളുടെ മൂക്ക് നോക്കി സർവ്വ ശക്തിയുമെടുത്ത്  ഒരൊറ്റ ഇടി കൂടി ഇടിച്ചു. 

അതോടെ അയാളുടെ  ബോധം പോയി. അജു കൈ വിട്ടപ്പോൾ അയാൾ   നിലത്തേക്ക് കമിഴ്ന്നു വീണു. ഒറ്റ കുതിപ്പിന് അജു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. പിന്നാലെ എത്തിയ ഗൗരിയോട് "റൂമിലേക്ക് പൊയ്ക്കോ ഞാൻ വിളിക്കാം" എന്ന് മാത്രം കാറ്റൂതുന്ന ഒച്ചയിൽ പറഞ്ഞിട്ട് ഇരുളിൽ മറഞ്ഞു. 


മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു ഗൗരി ബെഡിലേക്ക്  വന്നു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ  അജുവിന്റെ കാൾ   വന്നു. വാടക വീട്ടിൽ ഇരുന്ന്  എല്ലാം പ്ലാൻ ചെയ്യുമ്പോൾ തന്നെ ഇരുവരും ഫോൺ നമ്പർ കൈ മാറിയിരുന്നു. 

ഡിസ്പ്ലേയിൽ അജു ചേട്ടൻ എന്ന് കണ്ട്   അവൾ തിടുക്കത്തിൽ ഫോൺ എടുത്തു. 

"കിടന്നോ?" മറുതലയ്ക്കൽ നിന്നും അജുവിന്റെ ചോദ്യം. 

"എസ്...  "

"എന്തേലും പ്രശ്നം ഉണ്ടോ? "

"അനക്കം ഒന്നുമില്ല. കാറ്റ് പോയി  കാണുമോ. അമ്മാതിരി ഇടി അല്ലേ ഇടിച്ചേ...."

"അതൊന്നുമില്ല... അയാൾക്ക് നല്ല ആരോഗ്യം ഉണ്ട്. എന്തുപറ്റി. ഇടി കൊടുത്തത്  കൂടിപ്പോയോ? "

"ഏയ്. അതയാൾക്ക്   കിട്ടേണ്ടതാ. പക്ഷെ  ഇനി  രാവിലെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്നൊരു ചെറിയ പേടിയുണ്ട്."

"എന്നെ അയാൾ കണ്ടിട്ടില്ല.  അയാളോട് ശത്രുതയുള്ള ആർക്ക് വേണമെങ്കിലും അടിക്കാം. പിന്നെ ആരെന്തു ചോദിച്ചാലും നിനക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാൽ മതി."

"അത്രേ ഉള്ളു."

"മുഖം ഇടിച്ചു ചതച്ചിട്ടുണ്ട്. നാളെ നീര് വന്നു വീങ്ങും. നിന്റെ അമ്മയുടെ ചോദ്യത്തിന് അയാൾ എന്ത് മറുപടി പറയും എന്നതിലാണ് കാര്യം."

"അതാണ് എന്റെയും പേടി. അമ്മ ഇതൊന്നും   അറിയരുത്.  എനിക്ക് അത്രേ ഉള്ളു. ഞാൻ  മാത്രം വിഷമിച്ചാൽ മതിയല്ലോ. അമ്മയുടെ സങ്കടം കൂടി കാണാൻ വയ്യ."

"നടന്ന കാര്യങ്ങൾ ഒന്നും അയാൾ നിന്റെ അമ്മയോട് പറയില്ലെന്ന് ഉറപ്പാണ്. എന്തായാലും നമുക്ക് നോക്കാം. വരുന്നത് വരുന്നിടത്തു വച്ച്.....ഇപ്പോ സമാധാനം ആയിട്ട് ഉറങ്ങിക്കോ. "

"ചേട്ടാ വയ്ക്കല്ലേ..."

"എന്താ? "

"താങ്ക്സ് "

"അതൊന്നും പറയാറായിട്ടില്ല. അയാളുടെ അടുത്ത  നീക്കം എന്താണെന്ന് നോക്കട്ടെ. അപ്പോൾ ok. ഗുഡ് നൈറ്റ്. "

"നേരം വെളുക്കാറായിട്ടുണ്ട്" ചിരിച്ചു കൊണ്ടു ഗൗരി ഓർമിപ്പിച്ചു. 

"ആണോ? എങ്കിൽ ഗുഡ് മോർണിംഗ്." അജുവിന്റെ ചിരി  കേട്ടു. ഗൗരി തിരിച്ചും  വിഷ് ചെയ്തു. 

തുടർന്ന് മൊബൈൽ തലയിണയുടെ അടിയിലേക്ക് കയറ്റി വച്ചു. പിന്നെ ആശ്വാസത്തോടെ സമാധാനത്തോടെ  പുതച്ചു മൂടി കിടന്നു ഒരൊറ്റ ഉറക്കം. 


ബുള്ളറ്റിന്റെ ഒച്ച. ഗൗരി നടുങ്ങി ഉണർന്നു. തിടുക്കത്തിൽ പുതപ്പ് മാറ്റി ചാടി എണീറ്റു. ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു പുറത്തേക്കിറങ്ങി. ഗേറ്റ് കടന്ന തമ്പിയുടെ ബുള്ളറ്റ്  പോക്കറ്റ് റോഡിലൂടെ ഓടി മെയിൻ റോഡിലേക്ക് പാഞ്ഞു പോകുന്നത്  അവൾ കണ്ടു. ഹെൽമെറ്റ് വച്ചിരുന്നത് കൊണ്ട് മുഖത്തിന്റെ ഇപ്പോഴത്തെ കണ്ടിഷൻ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. 

ആ കാഴ്ച  കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ അവൾ മുന്നിലെ വാടക വീട്ടിലേക്ക് ശ്രദ്ധിച്ചു. അജു മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. അവനും ബുള്ളറ്റിന്റെ ഒച്ച കേട്ട് ഇറങ്ങിയതാണ്.  ' എന്താ സംഭവം ' എന്ന്  അവൻ ആംഗ്യത്തിൽ ചോദിക്കുന്നു. 

'ഫോണിൽ  വിളിക്കാം' എന്ന് സൂചന നൽകികൊണ്ട് അവൾ മുറിയിലേക്ക് കയറി.  

തലയിണ കീഴിൽ നിന്നും മൊബൈൽ  എടുത്തു അജുവിന്റെ നമ്പറിലേക്ക്  വിളിച്ചു കൊണ്ടു സ്റ്റെയർകേസ്  ഇറങ്ങി താഴേക്കു വന്നു. 

"എന്താ ഗൗരി  അവിടെ സംഭവിച്ചേ. അയാൾ മടങ്ങി പോയത് തന്നെയാണോ? "

"അറിയില്ല ചേട്ടാ. ബുള്ളറ്റിന്റെ ഒച്ച കേട്ടാ ഞാൻ ഉണർന്നെ. ഒരു മിനിറ്റ്. നോക്കട്ടെ. "

അവൾ തമ്പിയുടെ മുറിയിൽ പരിശോദിച്ചു. 

"അയാളുടെ ബാഗ് ഇവിടെ കാണുന്നില്ല."

"എങ്കിൽ ഉറപ്പിച്ചോ നിന്റെ അമ്മ വരും മുന്നേ സ്ഥലം വിട്ടതാ. ചോദ്യങ്ങൾക്കൊന്നും പറയാൻ മറുപടി  ഇല്ലല്ലോ. അതാ എസ്കേപ്പ് ആയെ . "

"എന്തായാലും പോയല്ലോ   അത്രയും സമാധാനം . "

"ഇനി ഒരാഴ്ച കഴിഞ്ഞല്ലേ അയാൾ വരു."

"അതാണ് പതിവ്. പക്ഷെ ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ട്  അടുത്ത പ്ലാൻ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. അയാളുടെ  ഒരു കാരക്റ്റർ  വച്ചിട്ട് വെറുതെ ഇരിക്കില്ലന്ന് ഉറപ്പാണ്. "

"അയാൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യട്ടെ. എന്തായാലും താൻ  തനിച്ചല്ലല്ലോ ഇതൊന്നും  ഫേസ് ചെയ്യുന്നേ. തന്റെ പിന്നിൽ ഇപ്പോൾ ഞാനില്ലേ.  ധൈര്യമായിട്ട് ഇരിക്കടോ . എന്ത് വന്നാലും നമ്മൾ നേരിടും....."

മറുവശത്തു നിന്നും ഒച്ച ഒന്നും കേട്ടില്ല.  അജു  ആദ്യം കരുതിയത് ഫോൺ കട്ട് ആയെന്നാണ്. ഡിസ്പ്ലേയിൽ   ഒന്ന് നോക്കി ഉറപ്പിച്ചിട്ട് അവൻ "ഹലോ "പറഞ്ഞു 

"ഗൗരി...."

"പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്. 

ഗൗരിയുടെ തണുത്ത ഒച്ച കാതിൽ കേട്ടു. 

"എന്തുപറ്റി. പെട്ടന്ന് ഡൗൺ ആയല്ലോ. "

"ഒന്നുമില്ല. കുറച്ചു സെന്റി ഡയലോഗുകൾ പുറത്തു വരാൻ വേണ്ടി ഉള്ളിൽ കിടന്നു വെമ്പൽ കൊള്ളുവാ. പറഞ്ഞാൽ ഭയങ്കര ബോറാവും. അത് കൊണ്ട് പറയുന്നില്ല. പക്ഷേ....."

"പക്ഷേ ? "

"മറക്കില്ല..... ഒരിക്കലും....! "

അപ്പോഴേക്കും ഗൗരിയുടെ തൊണ്ട ഇടറി. 

കരഞ്ഞേക്കുമെന്ന് തോന്നി പെട്ടന്ന് അവൾ കാൾ  കട്ട്  ചെയ്തു. 


ടീവിയുടെ മുന്നിൽ ചടഞ്ഞു കൂടി ഇരിക്കുന്ന ഗൗരി. ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് തിടുക്കത്തിൽ  അടുക്കളയിലെ പണികൾ ഒതുക്കുന്ന  നിർമല. അതിനിടയിൽ അവർ പരിഭവം പോലെ പറഞ്ഞു. 

"എന്തായാലും ഇന്ന് കോളേജിൽ പോകുന്നില്ലെന്ന് തീരുമാനിച്ചു... എങ്കിൽ പിന്നെ എന്നെ അടുക്കളയിൽ ഒന്ന് സഹായിക്കാനുള്ള മനസുണ്ടോന്ന് നോക്ക്. രാത്രി മൊത്തം ഉറക്കമൊഴിഞ്ഞു ജോലി ചെയ്തിട്ട് വന്നതാ. ഇതൊന്ന് ഒതുക്കീട്ട് വേണം എനിക്കൊന്ന് ഉറങ്ങാൻ....സ്റ്റേഷനിൽ നിന്ന് അർജെന്റ് കാൾ വന്നിട്ട്  അച്ഛൻ രാവിലെ തിരിച്ചു പോയിട്ട്   പോലും അവളറിഞ്ഞിട്ടില്ല. അമ്മാതിരി ഉറക്കം. ഒരു പെണ്ണാണെന്നുള്ള ചിന്ത വേണ്ടേ."

അമ്മയുടെ സംസാരം കാതോർത്തിരുന്ന    ഗൗരി ദേഷ്യം പിടിച്ച്   കയ്യിലെ റിമോട്ട് സെറ്റിയിലേക്കിട്ടു.  

"പെണ്ണുങ്ങൾക്കെന്താ ഉറങ്ങാൻ പാടില്ലേ....."

"നീ ഉറങ്ങിക്കോടി.... എക്സാമിന്റെ റിസൾട്ട് വരട്ടെ. ഇതിനുള്ള മറുപടി അന്നേരം  ഞാൻ പറയാം..."

സഹികേട്ടത്   പോലെ മുഖം ചുളിച്ചു കൊണ്ട് അവൾ എണീറ്റ് അടുക്കളയിലേക്ക് ചെന്നു. നിർമലയുടെ പിന്നിലൂടെ കെട്ടിപിടിച്ചു തോളിലേക്ക് മുഖം ചേർത്തു. 

"എനിക്ക് വയ്യാഞ്ഞിട്ടല്ലേ അമ്മാ...."

"അതെയതെ. എനിക്കാവുമ്പോൾ യാതൊരു  അസുഖവും ഇല്ലല്ലോ."

നിർമലയെ ഒന്ന് തണുപ്പിക്കാൻ വേണ്ടി ഗൗരി  അവരുടെ കവിളിൽ ഒരുമ്മ കൊടുത്തു. 

"വിട് പെണ്ണേ.... അടുക്കളയിൽ എന്തെങ്കിലും ജോലി പറഞ്ഞാൽ ഉടനെ ഒരു പുന്നാരിക്കല്...."

"ന്നാ പോ..." ശുണ്ഠിയോടെ അമ്മയെ വിട്ട് ഗൗരി സ്ലാബിലേക്ക് ചാരി നിന്നു.  

"ഞാൻ എന്താ ചെയ്യേണ്ടേ. അത് പറ."

മുഷിച്ചിലോടെ അവൾ ചോദിച്ചു. 

"ആ പയറൊന്നു അരിഞ്ഞു വച്ചേ. ആ എടുത്തു വച്ചിരിക്കുന്ന ചെറിയ ഉള്ളിയുടെ  തൊലിയും  കളയണം."

ഗത്യന്തരമില്ലാതെ ഗൗരി അനുസരിച്ചു. മീൻ കറിയാക്കുന്നതിനിടയിൽ നിർമല ഓർമിപ്പിച്ചു. 

"കുറച്ചു മീൻ അരപ്പ്  പുരട്ടി ഞാൻ ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. ഉച്ചക്ക് ഞാൻ എണീറ്റില്ലെങ്കിൽ  എടുത്തു ഫ്രൈ ചെയ്യണം. കേട്ടല്ലോ."

"ഓ...."

അവൾ കടുപ്പിച്ചു മൂളി. അപ്പോൾ ഹാളിൽ ഗൗരിയുടെ ഫോൺ ബെല്ലടിച്ചു. പയർ അരിയുന്ന  ഗൗരി ഒരു കള്ളച്ചിരിയോടെ അമ്മയെ നോക്കി. നിർമല ശാസന സ്വരത്തിൽ പറഞ്ഞു. 

"ഇതാ കുഴപ്പം."

അവൾ കുസൃതിയോടെ  കയ്യെത്തിച്ച് അവരുടെ താടിയിൽ പിടിച്ചു. 

"ഇപ്പോ വരാമേ..."

"മം ചെല്ല് ചെല്ല്....അത് മുടക്കണ്ട...."

ഗൗരി ഹാളിലേക്ക് പോയി. ഫോണിൽ ശ്രീജിത്തിന്റെ പെങ്ങൾ ലക്ഷ്മി ആയിരുന്നു. 

ഫോൺ ചെവിയിൽ ചേർത്തു ഗൗരി സിറ്റൗട്ടിലേക്ക് നടന്നു. 

"പറയടി..."

"എടി നീ ഇറങ്ങീലെ. എന്നും  കയറുന്ന  സ്റ്റോപ്പിൽ കണ്ടില്ലല്ലോ? "

"ഞാൻ വരുന്നില്ലല്ലോ കുട്ടീ..."

"എന്തുപറ്റിയടി?"

"എടി ബുദ്ധി ഉള്ളവർ എന്നും കോളേജിൽ പോവേണ്ട കാര്യമൊന്നുമില്ല."

"അത് ബുദ്ധി ഉള്ളവരല്ല. അതും നീയും തമ്മിൽ എന്താ കണക്ഷൻ? "

"ഹോ ! അവളുടെ ഒരു ചീഞ്ഞ കോമഡി."

"എടി പെണ്ണേ നീ ശെരിക്കും വരുന്നില്ലേ ? "

"ഇനി ഞാൻ ഹിന്ദിയിൽ പറയണോ. മേം നഹി ആയേഗാ..."

"എടി ദുഷ്ടേ.... അങ്ങനെ എന്തെങ്കിലും ഉണ്ടാരുന്നേൽ ഒന്ന് നേരത്തെ പറഞ്ഞൂടാരുന്നോ... "

"പറഞ്ഞാൽ? "

"ഞാനും  പോവില്ലായിരുന്നല്ലോ..."

"മര്യാദയ്ക്ക് പൊക്കോ. ഇന്നത്തെ ക്ലാസ്സ്  എനിക്ക് റെഫർ ചെയ്തു തരേണ്ടതാ...."

"ഞാൻ കോളേജ് ജക്ഷനിൽ  ഇറങ്ങിയടി പോത്തേ. "

"എങ്കിൽ മോള് വിട്ടോ ഞാനൊന്ന് rest എടുക്കട്ടെ. "

"എടി വയ്ക്കല്ലേ..... "

"ഇനി എന്താ ? "

"നീയാ  വിജയ് ദേവര്ഗൊണ്ടയെ പരിചയപ്പെട്ടോ? "

"പിന്നേ.... ഞങ്ങൾ ഒരുമിച്ചു ഒരു സിനിമയും ചെയ്തു. നാളെ റീലീസാ.  പോയി കാണാണേ." 

"മതിയടി... അവളുടെയൊരു മാട്ട കോമഡി. 

ഞാൻ ചോദിച്ചത് നിങ്ങളുടെ  വാടകവീട്ടിലെ പുതിയ താമസക്കാരനെ കുറിച്ചാ. അജു ചേട്ടനെ കുറിച്ച്."

അജു എന്ന് കേട്ടപ്പോൾ തലയ്ക്കു മീതെ ആരോ ഒരു കൂട പൂ ചൊരിഞ്ഞ  പ്രതീതി ഗൗരിയിൽ ഉണ്ടായി. പല വർണങ്ങളിലെ പൂക്കൾ നിർത്താതെ പൊഴിഞ്ഞു വീഴുന്നു. 

അറിയാതെ അവളുടെ വിടർന്ന മിഴികൾ റോഡ് കടന്ന് വാടകവീട്ടിലേക്ക് പോയി. ശ്രീയേട്ടന്റെ ബൈക്കിൽ കയറി അജുവേട്ടൻ ഓഫീസിലേക്ക്  പോകുമ്പോൾ സിറ്റൗട്ടിൽ താനുണ്ടായിരുന്നു. ശ്രീയേട്ടൻ കാണാതെ  തനിക്ക് ഒരു പുഞ്ചിരിയും  സമ്മാനിച്ചു .അതിന്റെ മാധുര്യം ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല.  എന്തോ ആ മുഖം ആലോചിക്കുമ്പോൾ തന്നെ ഒരു കുളിരു പടരുന്നു. 

മഹാസമുദ്രത്തിൽ കര കാണാതെ നീന്തി തളരവേ ഒരു പായ്കപ്പലുമായി വന്നു തന്റെ നേരെ കൈ നീട്ടിയവൻ . ആ കരവലയത്തിൽ താൻ സുരക്ഷിതയാണ്. 

കാതിൽ ലക്ഷ്മിയുടെ ഒച്ച കേട്ടു ഗൗരി ചിന്തയിൽ നിന്നും ഉണർന്നു. 

"നീയെന്താടി ഒന്നും മിണ്ടാത്തെ. പുള്ളിയെ കണ്ടാൽ വിജയ് ദേവര്ഗൊണ്ടയുടെ  ഒരു   കട്ട് ഇല്ലേ. എന്ത് ഭംഗിയാ ആ ചിരി കാണാൻ....."

അജുവിനെ ലക്ഷ്മി പുകഴ്ത്തിപറയുന്നത് ഇഷ്ടപ്പെടാതെ അവളെ ചൊടിപ്പിക്കാൻ വേണ്ടി ഗൗരി പറഞ്ഞു. 

"ഓ... ആ താടിക്കാരനോ ? കണ്ടു കണ്ടു. സുന്ദരൻ ഒക്കെയാ സമ്മതിച്ചു. പക്ഷെ ആളുടെ ക്യാരക്റ്റർ അത്ര ശരിയല്ല  . ആ  നോട്ടവും ചിരിയും... ഒക്കെ കൂടി കണ്ടാൽ എന്തോ ഒരു വശപ്പിശക് 

"ഒന്ന് പോടീ. ആ ചേട്ടൻ ഇന്നലെ  ഉച്ച മുതൽ വൈകുന്നേരം വരെ ഞങ്ങളുടെ വീട്ടിൽ  ഉണ്ടായിരുന്നതാ . മോശമായി ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. ഇനി നീയായിട്ട് അങ്ങേരെ ചീത്ത ആക്കാണ്ടിരുന്നാൽ മതി.... ഞങ്ങളെല്ലാരും കൂടി ഇവിടെ  സംസാരിച്ചിരിക്കുവാരുന്നു.  എന്ത് രസാന്നറിയോ ആ ചേട്ടന്റെ സംസാരം കേൾക്കാൻ .  പുള്ളിക്കാരനെ  നോക്കി ഇരുന്നാ  തന്നെ സമയം പോണത് അറിയില്ല. "

ഗൗരിയുടെ മനസ്സിൽ ഒരു കുശുമ്പ് നിറയുന്നു. 

"പിന്നെന്തിനാ ഇങ്ങോട്ട് പറഞ്ഞു വിട്ടേ. കൂടെ കൂട്ടാരുന്നില്ലേ? "

"പുള്ളിയൊന്ന്  യെസ് മൂളിയാ എപ്പോ കൂട്ടീന്ന് ചോദിച്ചോ.... "

"നിന്റെ ചേട്ടനെ കാണട്ടെ ഞാൻ  പറയുന്നുണ്ട്. "

"അയ്യോ മോളെ ചതിക്കല്ലേ. ഉള്ള ഫ്രീഡം പോയി കിട്ടും. "

നിർമലയുടെ "ഗൗരീ...."എന്നുള്ള നീട്ടിയ വിളി അകത്തു നിന്നു കേട്ടു 

"വരുന്നമ്മാ.... " 

അവൾ വിളി കേട്ടു. തുടർന്ന് ലക്ഷ്മിയോട് പറഞ്ഞു. 

"എടി. അമ്മ വിളിക്കുന്നു. ഞാൻ അങ്ങോട്ട് ചെല്ലട്ടെ. ഇല്ലെങ്കിൽ ഇപ്പോൾ തുടങ്ങും പഴമ്പുരാണം. വൈകുന്നേരം നീ ഇതുവഴി വരോ? "

"നോക്കട്ടെ."

"വാടീ . എനിക്കിന്നത്തെ നോട്ട് ഒന്ന് തന്നിട്ട് പോ..."

"ആ നോക്കാം. നീ വച്ചോ ഞാൻ ക്ലാസ്സിൽ എത്തി."

ഫോൺ കട്ട് ആയി. ഗൗരി അടുക്കളയിലേക്ക് നടന്നു. 


ജോലി കഴിഞ്ഞു അജുവിനെ ശ്രീജിത്ത് വാടകവീടിന്റെ ഗേറ്റിൽ ഇറക്കി. 

"വൈകിട്ട് എന്താ പരിപാടി? " ശ്രീജിത്തിന്റെ ചോദ്യം. 

"ഒരു പരിപാടിയുമില്ല. നേരത്തെ ഉറങ്ങണം ഭയങ്കര ക്ഷീണം." ചെറിയ ഗേറ്റ് തുറക്കുന്നതിനിടയിൽ അജു മറുപടി കൊടുത്തു. 

"ഇത്രയും ക്ഷീണം വരാൻ നീയെന്താ വല്ല പാറമടയിലുമാണോ ജോലി എടുക്കുന്നെ? "

ശ്രീയുടെ മുഖത്ത് ഒരു കള്ളച്ചിരി തെളിഞ്ഞു. 

"അതോ രാത്രിയിൽ ഉറക്കമൊന്നുമില്ലേ.... ഏ..? "

"പോടാ... പോടാ..." അജു ഗേറ്റ് അടച്ചു. 

"ശരി തമ്പ്രാ..." ശ്രീജിത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തു. 

"ഞാൻ വിളിക്കാടാ" നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ  അജു വിളിച്ചു പറഞ്ഞു. 

"ഓ..."

തലയാട്ടി കൊണ്ട് ശ്രീജിത്ത്  ബൈക്കോടിച്ചു പോയി. നെഞ്ചിന് കുറുകെ ഇട്ടിരുന്ന ബാഗ് അജു തല വഴി ഊരിയെടുത്തു. ബാഗിൽ വീടിന്റെ ചാവി തിരയുമ്പോൾ നിർമലയുടെ വിളി കേട്ടു. 

അവൻ  അവിടേയ്ക്ക്  ശ്രദ്ധിച്ചു. 

"അജു.......  ഒന്നോടി വാ.......പെട്ടന്ന്....."

അവർ കയ്യാട്ടി ഉറക്കെ വിളിക്കുന്നു. 

ബാഗ് വരാന്തയിലേക്കിട്ട്   അജു പരിഭ്രമത്തോടെ  ആ ഗേറ്റിലേക്ക്  ഓടി. 

(തുടരും)


ഭാഗം - 5

കുളി കഴിഞ്ഞു നനഞ്ഞതോർത്ത് മുടിയിൽ ചുറ്റി വച്ചു നിൽക്കുന്ന നിർമല. അവർ  ഭയം കൊണ്ട് വിറക്കുന്നു.  


"എന്തുപറ്റി?" ആന്തലോടെ അജു ചോദിച്ചു. 

"അവിടെ..... വർക്ക് ഏരിയയുടെ അകത്തു വലിയോരു പാമ്പ്...! "

 ഭീതിയോടെ നിർമല അറിയിച്ചു. 

 "വാ നോക്കാം...."

 അജു മുന്നിൽ  നടന്നു കഴിഞ്ഞു. പിന്നാലെ നിർമലയും. 

 വർക്ക് ഏരിയയുടെ പുറത്തു ഗൗരി അകത്തേക്ക് ഉറ്റു  നോക്കി നിൽക്കുന്നുണ്ടായിരുന്നു. അജുവിനെ മുന്നിൽ കണ്ടപ്പോൾ ഗൗരിയുടെ മിഴികൾ ഒന്ന് വിടർന്നു.  

"എവിടെ? "

അവൻ ആകാംഷയോടെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. 

"പുറത്തേക്ക് പോയിട്ടില്ല ഉള്ളിൽ തന്നെ ഉണ്ട്." ഗൗരി മറുപടി പറഞ്ഞു. 

"ഒരു നീളമുള്ള  വടി കിട്ടുമോ?" അവൻ നിർമലയേ നോക്കി ചോദിച്ചു. 

"മോളേ ... പിന്നിലൊരു വലിയ കമ്പിരുപ്പുണ്ട്. അതിങ്ങു എടുത്തോണ്ട് വാടി...." 

ഗൗരി വീടിന്റെ പുറകു വശത്തേക്ക്  പോയി. 

"ഇതിപ്പോ എവിടുന്നു വന്നതാ?"

അവൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു. 

"അപ്പുറത്തെ പറമ്പീന്ന് കേറുന്നതാണന്നേ. മതില് കെട്ടിയിട്ടും ഇങ്ങനെ ഓരോന്ന് ഏത് വഴി എങ്കിലും അകത്തു കേറും. ആ വീടിന്റെ   ഓണറോട് ഞാൻ പറഞ്ഞതാ  വിടും വളപ്പും വൃത്തിയാക്കി ഇടണം ഇല്ലെങ്കിൽ ആർക്കെങ്കിലും വാടകയ്ക്ക് കൊടുക്കാൻ. പറഞ്ഞാൽ കേൾക്കണ്ടേ. എന്തൊരു  മനുഷ്യരാണോ എന്തോ.... കുളി കഴിഞ്ഞു ഞാൻ തുണി വിരിക്കാനായിട്ട് വന്നതാ.  അപ്പോഴാ....അതിന്റെ വാല് മാത്രേ ഞാൻ കണ്ടുള്ളു. അപ്പോഴേക്കും എന്റെ നല്ല ജീവൻ പോയി. അജു ഇപ്പോൾ വന്നത് എത്ര നന്നായി....."

അപ്പോഴേക്കും ഗൗരി ഒരു നീളൻ വടിയുമായി  വന്നു. 

"അജു.... മോനേ സൂക്ഷിക്കണേടാ... "

പിന്നിലേക്ക് രണ്ടടി വച്ചു നിന്നിട്ട് നിർമല പേടിയോടെ ഓർമിപ്പിച്ചു. അജു വടിയുമായി  വർക്ക് ഏരിയയ്ക്കുള്ളിലേക്ക് കയറി. 

"ഈ അടുക്കളയിലേക്കുള്ള ഡോർ അടച്ചേക്ക്."

അവൻ വിളിച്ചു പറയുന്നത് കേട്ട് "ഞാൻ അടയ്ക്കാം. " എന്ന് പറഞ്ഞു നിർമല മുൻവശത്തേക്ക് പോയി. ഹാളിലൂടെ അടുക്കളയിലേക്ക്  എത്തി വാതിൽ അകത്തു നിന്നും കുറ്റിയിട്ടു. 

അടുക്കി വച്ചിരിക്കുന്ന പഴയ പാത്രങ്ങൾ ഓരോന്നായി അജു കമ്പ് കൊണ്ട്  തട്ടി നീക്കി പുറത്തേക്കിട്ടു. ഗൗരി അവന്റെ നീക്കം ശ്രദ്ധിച്ചു മുറ്റത്തു നിന്നു. 

നിർമല ജനാലയിലൂടെ  മകളെ  നോക്കി "ശൂ "എന്ന് വിളിച്ചു. അവൾ  ജനാലയ്ക്ക് അരികിലേക്ക് ചെന്നു കണ്ണും പുരികവും ഇളക്കി എന്താ എന്ന്  ആംഗ്യത്തിൽ ചോദിച്ചു. 

"നീ ഇങ്ങ് കേറി വാ....പാമ്പ് എങ്ങോട്ടാ ചാടുന്നേന്ന് അറിയാൻ പറ്റില്ല. "

ശബ്ദം താഴ്ത്തി അമ്മ പറയുന്നത് കേട്ട് പറ്റില്ലെന്ന രീതിയിൽ അവൾ ചുണ്ടും നാവും  കൊണ്ട് ഒരു ശബ്ദമുണ്ടാക്കി  കൊണ്ട്  വർക്ക് ഏരിയയുടെ മുന്നിലേക്ക് ചെന്നു. അപ്പോഴേക്കും അജു പാമ്പിനെ കണ്ടു കഴിഞ്ഞു. 

"ഇത് വലുതാണല്ലോ...ഗൗരി. "

"ആണോ..."

"ഹാ. നീ ഒന്ന് ബാക്കിലേക്ക് മാറി നിന്നോ. ഇത്  ചിലപ്പോൾ പുറത്തേക്ക് ചാടാൻ ചാൻസ് ഉണ്ട്."

ഗൗരി വീണ്ടും ജനലിന്റെ സമീപം  ചെന്നു നിന്നു. 

"എന്താടി ? "

ആധിയോടെ നിർമലയുടെ ചോദ്യം. 

"പെരുമ്പാമ്പിന്റെ അത്രേം വലിപ്പം ഉണ്ടെന്ന്....."

അവൾ അമ്മയെ ഒന്ന് പേടിപ്പിക്കാൻ കണ്ണ് മിഴിച്ചു പുരികം ഇളക്കി പറഞ്ഞു.  

"അയ്യോ ന്റീശ്വരാ...."

നിർമല അറിയാതെ നിലവിളിച്ചു പോയി.  തന്നെ നോക്കി ചിരിക്കുന്ന മകളെ അവർ ശാസിച്ചു. 

"എടി നിന്നോട്  ഇങ്ങോട്ട്  കേറി വരാനാ പറഞ്ഞേ..."

അത് ശ്രദ്ധിക്കാതെ അവൾ വർക്ക് ഏരിയയിലേക്ക് നോക്കി നിന്നു. അവളുടെ മുഖത്തെ ഭാവങ്ങൾ മാറുന്നത് നോക്കി നിന്ന് അവർ പിറുപിറുത്തു. 

"ഈ പെണ്ണിന്റൊരു  കാര്യം...."

അവർക്ക്  അരിശവും  സങ്കടവും വരുന്നുണ്ടായിരുന്നു. അപ്പോൾ വടി  നിലത്തു ആഞ്ഞടിക്കുന്ന ഒച്ച കേട്ടു. നിർമല ഒന്ന് ഞെട്ടി. തുടർന്ന് തുരുതുരാ അടിക്കുന്ന ശബ്ദം. പെട്ടന്ന് വിറയലോടെ അവർ കണ്ണടച്ച് ചെവി പൊത്തി പിടിച്ചു. 

നിമിഷങ്ങൾ......... 

നിർമല പതിയെ  കണ്ണ് തുറന്നു നോക്കി. 

അപ്പോൾ ജനാലയിലൂടെ അജുവും ഗൗരിയും ചിരിച്ചു കൊണ്ട് നോക്കി നിൽക്കുന്നു. അമ്മയുടെ ആ നിൽപ്പ്  ഗൗരി അവനെ വിളിച്ചു കാണിച്ചതാണ്. 

നിർമലയ്ക്ക് പേടി മാറിയിരുന്നില്ല. വിറയാർന്ന സ്വരത്തിൽ അവർ ആരാഞ്ഞു. 

"പാമ്പെവിടെ ? "

"കൊന്നു."

ഗൗരി പറയുന്ന കേട്ട് അവർ നെഞ്ചിൽ കൈ വച്ചു ഒരു ദീർഘനിശ്വാസം വിട്ടു. 

"ഈശ്വരാ.... "

"അങ്ങോട്ട് കൊണ്ട് വരട്ടെ? " കളിയായി ഗൗരിയുടെ ചോദ്യം.  

"പോടീ അവിടുന്ന് " നിർമല ആട്ടി. 

ഗൗരിയ്ക്കൊപ്പം അജുവും നിർത്താതെ  ചിരിച്ചു പോയി. പതിയെ ജാള്യതയോടെ നിർമലയുടെ ചുണ്ടിലും  ഒരു  ചിരി വിരിഞ്ഞു.  

"ഇതിനെ എവിടാ കുഴിച്ചിടണ്ടേ..." ചിരി അടക്കി അജുവിന്റെ ചോദ്യം. 

"പുറകു വശത്ത്.  അവള് കാണിച്ചു തരും. ആ തൂമ്പയുമെടുത്തു  ഒന്ന് കൂടെ ചെല്ലടി.... ഞാൻ അജുവിനൊരു ചായ ഇടട്ടെ......."

മുടിയിലെ നനഞ്ഞ തോർത്ത് അഴിച്ചു കുടഞ്ഞു  കൊണ്ട് നിർമല തിരിഞ്ഞു നടന്നു.  


ഡൈനിങ് ടേബിളിന്റെ മുന്നിൽ ഇരിക്കുന്ന അജു. പ്ളേറ്റുകളിൽ പലഹാരങ്ങൾ നിറച്ചു ഗൗരി അവന്റെ മുന്നിൽ നിരത്തി വച്ചു.  

"ഇത്രയുമോ...? "

അവൻ കണ്ണുമിഴിച്ചു അവളെ നോക്കി. 

"മൊത്തം കഴിച്ചിട്ടേ വിടൂ...."

അവൾ പതിഞ്ഞ ഒച്ചയിൽ കുറുമ്പോടെ  പറഞ്ഞു. അപ്പോഴേക്കും ഗ്ലാസുകളിൽ  ചായയുമായ് നിർമലയും എത്തി. 

"സത്യം പറയാലോ അജു  എനിക്കിതിനെ ഫോട്ടോയിൽ  കാണാൻ പോലും പേടിയാ. ചിലപ്പോഴെക്കെ ഈ പെണ്ണ് ടീവിയിൽ പാമ്പിനെ കാണുമ്പോൾ വിളിച്ചു കാണിക്കും. എന്നെ പേടിപ്പിക്കാൻ. ഞാനാ ഭാഗത്തോട്ടേ   നോക്കാറില്ല....ഇപ്പോൾ അജു വന്നില്ലായിരുന്നെങ്കിലുള്ള  അവസ്ഥ ..... അയ്യോ ഓർക്കാൻ കൂടി വയ്യ. ചായ ഇടുമ്പോഴും ഞാൻ അതെ കുറിച്ചാ  ചിന്തിച്ചോണ്ടിരുന്നേ.....

അജു വെറുതെ ചിരിച്ചു. 

കൊണ്ട് വന്ന മൂന്ന് ചായയിൽ  ഒരെണ്ണം  അജുവിന്റെ മുന്നിലേക്ക് നീക്കി  വച്ചിട്ട് നിർമല കസേര നീക്കിയിട്ടിരുന്നു.  ഒരു ഗ്ലാസ്  അടുത്ത് ഇരിക്കുന്ന ഗൗരിയ്ക്ക് മുന്നിൽ വയ്ക്കുന്നതിനിടയിൽ നിർമല തുടർന്നു. 

"ഞങ്ങളുടെ അയല്പക്കത്തെ സ്ഥിതി അജു കണ്ടല്ലോ. ഒരു വശം ആളൊഴിഞ്ഞ വീട്. മറുവശത്തു വാടകക്കാരാ. ഒരു നിലവിളി കേട്ടാൽ പോലും ഇറങ്ങി നോക്കാത്ത സൈസുകളാ... എനിക്ക് നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ   ഇവളിവിടെ തനിച്ചാണെന്ന് കരുതി ഒരു സ്ത്രീയേ ജോലിക്ക്  നിർത്തി. അവരാണെങ്കിലോ കണ്ണ് തെറ്റിയാൽ കട്ടോണ്ട് പോകുന്ന ഒരു സാധനം. വാ തുറന്നാലോ നുണയോട് നുണ. അതോടെ ആ പരിപാടി നിർത്തി. സത്യം പറയാലോ  നല്ലൊരു അയൽക്കാരെ കിട്ടിയിരുന്നെങ്കിലെന്നു ഞാൻ പലപ്പോഴും  വിചാരിച്ചിട്ടുണ്ട് .... കഴിക്ക് അജു...."

അവർ പ്ളേറ്റ് മുന്നിലേക്ക് നീക്കി വച്ചു. അവൻ ചായ ഊതി കുടിക്കുന്നതിനിടയിൽ ഒന്ന് രണ്ട് ഉപ്പേരി എടുത്തു ചവച്ചു. 

ഇതിനിടയിൽ അമ്മ അറിയാതെ മുന്നിൽ ഇരിക്കുന്ന അജുവിനെ അളന്നളന്ന്  നോക്കുകയായിരുന്നു ഗൗരി. നല്ല ഭംഗിയുള്ള നെറ്റിത്തടമാണ് അജുവിന്റേത്. അർദ്ധചന്ദ്രക്കല. അതിങ്ങനെ വെണ്ണ പോലെ തിളങ്ങുന്നു.  എത്ര കോതി വച്ചാലും നെറ്റിയിലേക്ക് ഊർന്ന് വീഴുന്ന കറുകറുത്ത മുടിയിഴകൾ. 

നീണ്ടു വിടർന്ന ഭംഗിയുള്ള കണ്ണുകളിലേക്ക് നോക്കിയപ്പോൾ  കർപ്പൂരം തൊട്ടതു പോലെ അവളുടെ  കണ്ണുകൾ കുളിർന്നു. സിനിമ നടന്മാരിലൊക്കെ കാണുന്ന ലക്ഷണമൊത്ത മൂക്ക്.  

പെട്ടന്ന് അജുവിന്റെ കണ്ണുകൾ തന്റെ നേരെ പാറി വീഴുന്നതറിഞ്ഞ് ഗൗരി തിടുക്കത്തിൽ  നോട്ടം മാറ്റി അമ്മയെ ശ്രദ്ധിച്ചു.  നിർമല നിർത്താതെ സംസാരിക്കുകയാണ് അപ്പോഴും.  

"വീട്ടിൽ അമ്മയ്ക്ക് എങ്ങനെയുണ്ട് അജു. വിളിക്കാറുണ്ടോ. അമ്മ അവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് ബുദ്ധിമുട്ടല്ലേ.  പറ്റുമെങ്കിൽ  ഇങ്ങോട്ട് കൂട്ടരുതോ... ഞങ്ങൾക്കും ഒരു കൂട്ടാവുമല്ലോ. അമ്മയ്ക്കും അത് സന്തോഷം ആവും."

"അച്ഛൻ മരിച്ചതിന് ശേഷം ആ  വീട് വിട്ട് അമ്മ എങ്ങോട്ടും പോയിട്ടില്ല.  അച്ഛന്റെ അസ്ഥിതറയിലെ വിളക്ക് അമ്മ മുടക്കീട്ടില്ല. പിന്നെ അച്ഛൻ വാങ്ങി കൊടുത്ത പശു.  എന്നും അമ്മ കൊടുക്കുന്ന ഫുഡ് കഴിക്കാൻ വരുന്ന പൂച്ച. കാലൊടിഞ്ഞ ഒരുകാക്ക. കോഴികൾ. ഇവറ്റകളോടൊക്കെ അമ്മ വിശേഷങ്ങൾ പറയും.. ഇങ്ങോട്ട് കൊണ്ട് വന്നു അമ്മയുടെ ആ ഇഷ്ടങ്ങളും സന്തോഷവുമൊക്കെ ഞാനായിട്ട് കളയണോ? പിന്നെ അമ്മാവനൊക്കെ അടുത്ത് തന്നെയുണ്ട്. അതാ ഒരു സമാധാനം..."

നിർമലയും ഗൗരിയും കൗതുകത്തോടെ അവൻ പറയുന്നത് കേട്ടിരുന്നു. 

"ഞാൻ ഒരിക്കൽ അജുവിന്റെ നാട്ടിൽ വന്നിട്ടുണ്ട്. ശിവപുരത്ത്. എത്ര ഭംഗിയാ ആ  നാട് കാണാൻ..." നിർമല ഉത്സാഹത്തോടെ പറഞ്ഞു. 

"വെറുതെ വന്നതാ? "

"അല്ല. എന്റെ കൂടെ ജോലി ചെയ്യുന്ന ബിന്ദു സിസ്റ്ററുടെ ബ്രദറിന്റെ കല്യാണം അവിടെ വച്ചിട്ടായിരുന്നു. ഒരു വയലിന്റെ സൈഡില്. ആ നടയിലേക്ക്  കയറുന്നത് കുറേ പടിയൊക്കെ ചവിട്ടിയാ. ഇപ്പോൾ ഒന്നും അല്ല കേട്ടോ കുറേ വർഷം ആയി... ഒരു ടൂർ പോലെ ആയിരുന്നു അന്നത്തെ ഞങ്ങളുടെ യാത്ര..." 

"അതാണ് ഞങ്ങളുടെ ശിവപുരം തേവര്. ആ അമ്പല കുളത്തിലെ തണുത്ത വെള്ളത്തിൽ  ഒന്ന് മുങ്ങി കുളിച്ചു ഒരു ദീപാരാധന തൊഴുതാൽ നമുക്ക് എന്ത് വിഷമം ഉണ്ടെങ്കിലും മാറി കിട്ടും...."

ഒഴിഞ്ഞ ചായ ഗ്ലാസ്  മേശ മേലേക്ക് വച്ചിട്ട് അജു എണീറ്റു. 

"എന്നാൽ ഞാൻ പൊയ്ക്കോട്ടേ ? "

"അയ്യോ ഒന്നും കഴിച്ചില്ലല്ലോ....." പ്ളേറ്റിലേക്ക് നോക്കി നിർമല ഓർമിപ്പിച്ചു. 

"മതി."

അജുവിന്റെ  ഒപ്പം നിർമലയും ഗൗരിയും സിറ്റൗട്ട് വരെ അനുഗമിച്ചു. 

"അജു ഫുഡൊക്കെ പുറത്തുന്നാണോ കഴിക്കുന്നേ. "

"ഇവിടെ വന്ന സമയത്തു കുറച്ചു ദിവസം ഹോട്ടൽ  ഫുഡ് ആയിരുന്നു. എനിക്കത് വയറിന്  പിടിക്കുന്നില്ല. അത് കൊണ്ട്  ഇവിടെ കുക്കിങ് തുടങ്ങി. "

"കുക്കിങ് ഒക്കെ അറിയോ? "

"ഇങ്ങനെയൊക്കെ ആണല്ലോ പഠിക്കുന്നെ." അജു തമാശയിൽ ചിരിച്ചു. 

"അപ്പോൾ ഇനി ചെന്നിട്ട് അത്താഴമൊക്കെ  റെഡിയാക്കണമല്ലോ....? "

"ചോറ് ഇരിപ്പുണ്ട്. എന്തെങ്കിലും തട്ടിക്കൂട്ട് കറി ഉണ്ടാക്കണം. "

പെട്ടന്ന് എന്തോ ഓർമിച്ചത് പോലെ  നിർമല പറഞ്ഞു. 

"അജു ഒന്ന് നിൽക്കണേ  . ഞാൻ ഇപ്പൊ വരാം." അവർ തിടുക്കത്തിൽ അകത്തേക്ക് കയറി പോയി. 

വാതിലിൽ മുഖം ചേർത്ത്  നിൽക്കുന്ന  ഗൗരിയേ നോക്കി അജു പുഞ്ചിരിച്ചു. 

"അമ്മ നോൺ സ്റ്റോപ്പ് ആണല്ലോ. "

"കേൾക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ പിന്നെ അമ്മ  വിടില്ല. ഇരുത്തി വധിച്ചുകളയും...."

അപ്പോൾ നിർമലയുടെ വിളി കേട്ടു. 

" ഗൗരീ.... ഇങ്ങ് വന്നേ മോളേ......."

"ഇരിക്ക്. ഇപ്പൊ വരാം...." 

ഗൗരിയും അകത്തേക്ക് പോയി. നെഞ്ചിൽ കൈകൾ കെട്ടി അജു റോഡിലേക്ക് നോക്കി നിന്നു. 

നിമിഷങ്ങൾ....

ആദ്യം എത്തിയത് ഗൗരിയാണ്. മൂടി കൊണ്ട്  അടച്ച ഒരു പാത്രം അവന്റെ നേരെ നീട്ടി. അജു അമ്പരന്നു. 

"ഇതെന്താ ഇത്?"

അവിടേയ്ക്ക്  എത്തിയ നിർമലയാണ് മറുപടി പറഞ്ഞത്

"അത് കുറച്ചു മീൻ കറിയാ അജു... ദേ ഇത് മീൻ ഫ്രൈ . ഇന്നിനി അജു കറിയുണ്ടാക്കാനൊന്നും മെനക്കെടേണ്ട.... " നിർമല കൊണ്ട് വന്ന പാത്രം അജുവിന്റ കയ്യിൽ ഇരുന്ന പാത്രത്തിന്റെ  മുകളിലേക്ക് വച്ചു കൊടുത്തു. 

അവൻ അത് ഒതുക്കിപിടിച്ചു.  

"താങ്ക്സ്. " അജു സന്തോഷത്തോടെ ഇറങ്ങി. 

അവൻ ഗേറ്റ് കടന്നു പോകുന്നത് ഇരുവരും നോക്കി നിന്നു. 

"എത്ര നല്ല പയ്യനാ . നല്ല സംസാരം. നല്ല പെരുമാറ്റം . ശ്രീജിത്ത് പറഞ്ഞെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. എനിക്കിതു പോലൊരു മോനേ കിട്ടിയില്ലല്ലോ  ഈശ്വരാ.. ആ അമ്മ ഭാഗ്യം ചെയ്തവളാ......"

"അതെന്താ ഈ മോൾക്ക് കുഴപ്പം? " ഗൗരി മിഴി കൂർപ്പിച്ചു  നോക്കി. 

"ഒരു കുഴപ്പവുമില്ലേ... എല്ലാം ഒരു പൊടിക്ക് കൂടുതൽ ആണെന്നെ ഉള്ളു...."

നിർമ്മല തൊഴുതു കൊണ്ട് അകത്തേക്ക് കയറി പോയി.  ഗൗരിയ്ക്ക് ചിരി വന്നു.   

മനസും ഹൃദയവും ഒരുപോലെ നിറഞ്ഞ് അവൾ ആ വാടക വീട്ടിലേക്ക് നോക്കി. 


രാത്രി. 

വൈകുന്നേരം ലക്ഷ്മി കൊണ്ട് വന്നു തന്ന  നോട്ടുകൾ ഗൗരി  തന്റെ ബുക്കിലേക്ക്  പകർത്തി വച്ചു. ഇടയ്ക്ക്  തോന്നിയ സംശയങ്ങൾ  അവളെ വിളിച്ചു ക്ലിയർ ചെയ്തു. ടീവിയുടെ മുന്നിൽ ഇരുന്നു അത്താഴം കഴിച്ചു. കിടക്കാനായി മുകളിലെ തന്റെ മുറിയിൽ എത്തിയപ്പോൾ  അജു ഇത് വരെ തന്നെ  വിളിച്ചില്ലല്ലോ എന്നവൾ  ഓർത്തു. ഫോണിൽ അവന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. ബെല്ലടിച്ചു തീരാറായപ്പോഴാണ് അജു ഫോൺ എടുത്തത്.

"പറയു ഗൗരി...."

"ഇങ്ങോട്ട് കാളൊന്നും കണ്ടില്ല. ഇത്ര പെട്ടന്ന്  മറന്നോന്നറിയാൻ വിളിച്ചതാ...."

"അല്ലടോ. എനിക്ക് കുറച്ചു ജോലി ഉണ്ടായിരുന്നു. ഡ്രസ്സൊക്കെ കഴുകി. പിന്നെ ഇപ്പൊ ഫുഡ് കഴിച്ചു. കറിയൊക്കെ  നല്ല ടേസ്റ്റ് ഉണ്ടായിരുന്നു  കേട്ടോ. അമ്മയോട് പറഞ്ഞേക്കണം. അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ വിളിക്കുന്നത് അമ്മയ്ക്ക് ചിലപ്പോൾ  ഇഷ്ടപ്പെട്ടില്ലെങ്കിലോ. കാണുമ്പോൾ ഞാൻ നേരിട്ട് പറഞ്ഞോളാം. 

"compliment  അമ്മയോട് നേരിട്ട് പറഞ്ഞോ. കുഴപ്പമില്ല. പക്ഷെ അമ്മയെപ്പറ്റി ആ പറഞ്ഞ statement  പിൻവലിക്കണം കാരണം അമ്മ ചേട്ടന്റെ നമ്പർ എനിക്ക് 

തന്നിട്ടുണ്ട്. രാത്രിയിൽ എന്തെങ്കിലും urgent ഉണ്ടായാൽ   ചേട്ടനെ  വിളിച്ചോളാനും permission ഉണ്ട്."

"അപ്പോൾ ലൈസെൻസൊക്കെ  കിട്ടീട്ടുണ്ടല്ലേ ? "

"പിന്നേ.... അമ്മയ്ക്ക് അത്രയും ഇഷ്ടമാണ് അജുവേട്ടനെ. വിശ്വാസവും. ഇങ്ങനെ ഒരു മോനേ എനിക്ക് കിട്ടിയില്ലല്ലോ എന്നൊക്കെയാ  പരാതി  പറയുന്നേ ദൈവത്തിനോട്...."

"തന്റെ അമ്മയ്ക്ക് നല്ലൊരു  കാരക്ടർ ഉണ്ട്.  ഒരിക്കൽ പരിചയപ്പെട്ടാൽ ആളെ ആരും ജീവിതത്തിൽ മറക്കില്ല. "

"അത് അമ്മയുടെ ഫ്രണ്ട്സും പറയും."

"അമ്മയ്ക്ക് എന്നോട് ഒരു  മോനോടെന്ന പോലെ ഇഷ്ടം . തനിക്കോ? " 

"എനിക്കോ ? " 

"ഹാ. "

"പറഞ്ഞോട്ടെ.? "

"പറയടോ.  കേൾക്കട്ടെ. " 

"എന്റെ ബോഡി ഗാർഡിനോടുള്ള ഇഷ്ടം." ഗൗരി ചിരിച്ചു. 

"അത്രേ ഉള്ളു." 

"അതാണല്ലോ എഗ്രിമെന്റ്. "

"അല്ല ഒരു ഡൗട്ട്. ഈ ബോഡിഗാർഡിനെയൊക്കെ ആരെങ്കിലും ഇങ്ങനെ കണ്ണ് ചിമ്മാതെ നോക്കി ഇരിക്കോ? "

 ഗൗരിക്ക് ഉത്തരം മുട്ടി.   അങ്ങനെ ഒരു ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. തന്റെ വായ് നോട്ടം  അജു കാണുന്നില്ല എന്നായിരുന്നു  ധാരണ.  അതു കൊണ്ട് തന്നെ ഗൗരിയ്ക്ക് വല്ലാത്തൊരു ചമ്മൽ അനുഭവപ്പെട്ടു.  

"എന്താണ് കുട്ടീ.... പെട്ടന്ന് ഓഫായോ?"

 എന്തായാലും നനഞ്ഞു എന്നാൽ പിന്നെ കുളിച്ചു കേറിയേക്കാം എന്ന് കരുതി ഗൗരി വിശദീകരിച്ചു . 

"അതിപ്പോൾ ഒരുസുന്ദരകുട്ടപ്പൻ ഇങ്ങനെ മുന്നിൽ വന്നിരുന്നാൽ  ആരായാലും നോക്കി പോവില്ലേ. അതിന് എന്നെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല. എന്തൊരു structure എന്റമ്മച്ചി......."

അജു പൊട്ടി  ചിരിച്ചു പോയി. ചിരി അടക്കി അവൻ ചോദിച്ചു.  

"ഞാൻ അത്രയും സുന്ദരനാണോ?"

"no അത്രയും.  ഒരാനച്ചന്തമൊക്കെയുണ്ട്. " 

"പക്ഷെ ഗൗരിയേ കാണാൻ നല്ല ഭംഗിയാണെന്ന് ഞാൻ പറയും . "

" ശരിക്കും? "

"സത്യം. നല്ല കവിത വിരിയുന്ന കണ്ണുകൾ. "

"ഓഹോ .... "

"എള്ളിൻപൂവ് പോലെ ലക്ഷണമൊത്ത നാസിക."

"അമ്പടാ..... "

 "നല്ല ഓമനത്തമുള്ള   ചുണ്ടുകൾ. "

 "പിന്നേ....? "

"ഇന്നിത്രയും പുകഴ്ത്തിയാൽ പോരെ? " അജു കുസൃതിയോടെ  ചിരിച്ചു.  ഗൗരിയും. 

"എങ്കിൽ സുന്ദരികുട്ടി പോയി പടുത്ത് തൂങ്കുങ്കോ....എനിക്കും നന്നായി തൂക്കം വരുന്നു...."

"നേരത്തെ ഉറങ്ങുമോ? "

"അതാ ശീലം. നേരത്തെ ഉറങ്ങും നേരത്തെ ഉണരും. "

"കുറച്ചു  നേരം കൂടി കഴിഞ്ഞു പോയാൽ പോരെ....? "

"അമ്മ തന്ന ലൈസെൻസ് misuse  ചെയ്യരുത്. ഇങ്ങനെ ഫോണിൽ വിളിച്ചു കുറുകാനല്ല. എന്തെങ്കിലും urgent ഉണ്ടെങ്കിൽ വിളിക്കാനാ. Note the point.  മാത്രമല്ല. ബോഡിഗാർഡിനെയൊക്കെ  രാത്രി  വിളിച്ചു പഞ്ചാരയടിക്കുന്നത് മോശമല്ലേ മാഡം. "

ഗൗരിയ്ക്ക് മറുപടിയില്ല. 

"നല്ല കുട്ടിയായിട്ട് പോയി  കിടന്നുറങ്ങിക്കോ..... അപ്പൊ gud night !"

 ഫോൺ കട്ടായി. 

ഇരുളിൽ  കണ്ണ് തുറന്നു കിടന്ന് ഗൗരി അജുവിനെ കുറിച്ച് ചിന്തിച്ചു.  ഒറ്റ നോട്ടത്തിൽ ഏത് പെൺകുട്ടിക്കും പ്രണയം തോന്നുന്ന മുഖം.  അങ്ങനെ ഒരാൾ തന്നോട് എന്തിഷ്ടം  എന്ന് ചോദിച്ചിട്ട്  എന്തു കൊണ്ടാണ് മറുപടി പറയാൻ കഴിയാതെ പോയത്. അപ്പോൾ തന്നെ കേറി കൈ കൊടുക്കേണ്ടതല്ലേ. 

ഒരു കോംപ്ലക്സ് ഉള്ളിൽ കിടന്നു കളിക്കുന്നുണ്ടൊ. ഒപ്പം പൊടിയ്ക്ക് ഈഗോയും. ഉണ്ട്.  എങ്കിൽ   അതിനെ രണ്ടിനെയും ഉടനെ വലിച്ചു പറിച്ചു എറിഞ്ഞേ പറ്റു. ഇല്ലെങ്കിൽ നഷ്ടം വലുതായിരിക്കും. 

രണ്ടു മാസത്തെ തന്റെ വേദനയും വിഷമവും ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയ ആളാണ്. തന്നിലെ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചു ആളുടെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ അവസരം ഒരുക്കി തന്ന ആളാണ്. ലൈഫിൽ കൂടെ കൂട്ടാൻ ഇതിലും better option ഇല്ല. 

ബാൽക്കണിയിലേക്ക് ഇറങ്ങി നിന്ന് ആ വീട്ടിലേക്ക് നോക്കി നിങ്ങളെന്റെ ബോഡിഗാർഡല്ല മനുഷ്യ എനിക്ക് ഏറ്റവും  പ്രിയപ്പെട്ടവനാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ അവൾ കൊതിച്ചു.  

ചിന്ത കാട് കയറുകയാണ്. ഇപ്പൊ തന്നെ വിളിച്ചു തന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ നേരം വെളുക്കും വരെ  ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വരും. 

ഒരു ദിവസം പോയിട്ട് ഒരു മിനിറ്റ് വൈകിയാൽ അജുവേട്ടനെ ആരെങ്കിലും അടിച്ചോണ്ട് പോയാലോ. അതിനി തനിക്ക് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങനെ ചിന്തിക്കുമ്പോൾ പോലും ഒരു വേദന തൊണ്ട കുഴിയിൽ വന്നു നിറയുന്നു. പിന്നേ ഒട്ടും അമാന്തിച്ചില്ല . മൊബൈൽ എടുത്തു അജുവിന്റെ നമ്പർ റീകാൾ ചെയ്തു ചെവിയോട് ചേർത്തു വച്ചു.  

"താങ്കൾ വിളിക്കുന്ന BSNL  customer ഇപ്പോൾ  തിരക്കിലാണ്. ദയവായി അല്പ സമയത്തിനു ശേഷം വീണ്ടും വിളിക്കുക ! "

( തുടരും )


ഭാഗം - 6

ഗൗരിയ്ക്ക് ഉണ്ടായിരുന്ന  മനസമാധാനം കൂടി  നഷ്ടപ്പെട്ടത് പോലെ തോന്നി.  ഈ സമയത്ത് ആരോടായിരിക്കും സംസാരിക്കുന്നത്? ഇനി  വല്ല പ്രണയവും ഉണ്ടാവുമോ? അതിന് സാധ്യതയുണ്ട്. 


തന്റെ കാൾ കണ്ടിട്ടുണ്ടാവും. എന്നിട്ടും നിർത്താതെ സംസാരിക്കണമെങ്കിൽ അത്രയും പ്രിയപ്പെട്ട ആരോ ആവണം.  ഈശ്വരാ.... എന്തൊരു കഷ്ടമാണെന്ന് നോക്ക്. ഇവളുമാർക്ക് ഇങ്ങേരെ മാത്രേ കിട്ടിയുള്ളോ? 

ഇല്ല.....! ഇനി ഏതു കൊടികെട്ടിയവൾ  ആണെന്ന്  പറഞ്ഞാലും ശരി വിട്ടു കൊടുക്കുന്ന പ്രശ്നമില്ല. അജുവേട്ടൻ എന്റെയാ. എന്റെ മാത്രം. അങ്ങനെ ആരും ഇപ്പോൾ കൊത്തി  കൊണ്ട് പോവണ്ട. കൊണ്ട് പോകാൻ താൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കുകയുമില്ല. ഒരുതരം  വാശി പോലെ അത്  ഗൗരിയുടെ മനസ്സിൽ വേരുറച്ചു. 

അപ്പോൾ അതാ അജുവിന്റെ കാൾ. ഗൗരിയുടെ നിയന്ത്രണം വിട്ടു. ഫോൺ എടുത്തു അവൾ  പൊട്ടിത്തെറിച്ചു. 

"എത്ര നേരമായി വിളിക്കുന്നു. ആരോടായിരുന്നു ഇത്രയും നേരം സൊള്ളിക്കൊണ്ടിരുന്നേ.   എന്റെ നമ്പർ കണ്ടില്ലേ..... എന്നിട്ടും അത് അവോയ്ഡ് ചെയ്തു സംസാരിക്കാനും മാത്രം പ്രിയപ്പെട്ട ആരാന്നാ  ചോദിച്ചേ.... "

അജുവിന്റെ മറുപടി  കേട്ടില്ല. ഒന്ന് കാതോർത്തിട്ട് അവൾ ചോദിച്ചു. 

"എന്താ മിണ്ടാത്തെ? എന്ത് കള്ളം പറയണമെന്ന് ആലോചിക്കുവായിരിക്കും."

"കുട്ടിയ്ക്കിത് എന്തുപറ്റി? "

ശരിക്കും അജു ചിരി അടക്കാൻ പാട്പെടുകയായിരുന്നു. 

"അജുവേട്ടാ ഇത് തമാശ അല്ല. എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്. കേട്ടോ."

"അമ്മയാ വിളിച്ചേ."

അജുവിന്റ മറുപടി കേട്ട് കാറ്റ് പോയ  ബലൂൺ പോലെ ഗൗരി അണഞ്ഞു. കയ്യീന്ന് പോയെന്ന് അവൾക്ക് മനസിലായി. ഇനി എന്ത് പറയണം എന്നറിയാതെ  കുഴങ്ങി. ആവശ്യമില്ലാത്ത ഓരോ സംശയങ്ങൾ. അജു ശബ്ദം കേൾപ്പിക്കാതെ അടക്കി പിടിച്ചു  ചിരിക്കുകയായിരുന്നു അപ്പോഴും. ഒടുവിൽ കുറ്റബോധത്തോടെ  ഗൗരി   ചോദിച്ചു. 

"ശ്ശോ അമ്മ ആയിരുന്നോ? "

"പിന്നേ നീ ആരാന്നാ  കരുതിയെ? " ചുമ്മാ അവളെ ഒന്ന് വിരട്ടാൻ തീരുമാനിച്ച് അജു കടുത്ത സ്വരത്തിൽ ചോദിച്ചു. 

"ഞാൻ വിചാരിച്ചു ഏതോ പെണ്ണുങ്ങളുമായ് സൊള്ളി കൊണ്ടിരിക്കുവാണെന്ന്." തെറ്റ് ഏറ്റു പറയുമ്പോലെ അവളുടെ ഒച്ച താണിരുന്നു. 

"ഫാ!" ഒരു ആട്ടായിരുന്നു. 

ചെവി അടഞ്ഞത് പോലെ ഗൗരി ഫോൺ മാറ്റിപിടിച്ചു. അബദ്ധം പറ്റിയ മട്ടിൽ നാവ്  കടിച്ച് . വീണ്ടും ഫോൺ ചെവിയോട് ചേർത്തു. 

"ഞാനെന്താ ഒരു ഫ്ലർട്ടാണെന്ന് വിചാരിച്ചോ. ഏ...?" ഗൗരിയ്ക്ക്  ഉത്തമം മുട്ടി. 

എന്ത് മറുപടി പറയണമെന്ന് അറിയാത്ത  ഒരു വീർപ്പുമുട്ടൽ. വല്ല കാര്യവും ഉണ്ടായിരുന്നോ ? എങ്ങനെയെങ്കിലും വളച്ചെടുക്കാൻ ശ്രമിക്കുന്നതിന് പകരം രണ്ടായി ഒടിച്ചു വച്ചു . ഇനി എന്ത് ചെയ്യും ? 

"ഡോ........" അജു വിളിച്ചു. 

"ങാ..."

"എന്താ ഒച്ച പോയോ...... കുറച്ചു മുന്നേ ഇങ്ങനെയൊന്നും  അല്ലായിരുന്നല്ലോ. അലറുവല്ലായിരുന്നോ? "

"അതു പിന്നെ......... വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ....."

"വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഇങ്ങനെയൊക്കെ ആണോ  ചിന്തിക്കുന്നേ..... എന്നെ  കണ്ടിട്ടെന്താ മുട്ടി നിക്കുവാണെന്ന് തനിക്ക് തോന്നിയോ?"

 അവൻ ശരിക്കും ദേഷ്യപ്പെടുകയാണെന്നാണ്  ഗൗരി കരുതിയത്.  അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. 

"Sorry !"

"മം......... " നീട്ടിയ ഒരു മൂളൽ. 

"എന്തിനാ ഇപ്പൊ വിളിച്ചേ?"

"ഒന്നുമില്ല." ഗൗരി പിണങ്ങി കഴിഞ്ഞു. 

അജുവിന്റെ സംസാരത്തിന്റെ കടുപ്പം കുറഞ്ഞു. 

"പറ."

"വെറുതെ...."

"വെറുതെ വിളിക്കാൻ ഇതെന്താ കാമുകന്റെ നമ്പറാണോ ? "

"ഹാ" ഗൗരി സമ്മതിച്ചു കൊടുത്തു. 

"എന്താ? "

"എനിക്ക് അജുവേട്ടനെ  ഇഷ്ടമാ. ഇഷ്ടം എന്ന് പറഞ്ഞാൽ ഭയങ്കര ഇഷ്ടം. ഇതൊന്ന്  പറയാഞ്ഞിട്ട്  ഉറക്കം വരുന്നില്ല. അതാ  വിളിച്ചേ. അതിനിത്ര ചാടി കടിക്കേണ്ട കാര്യമൊന്നുമില്ല."

ഗൗരി കടുപ്പിച്ചു പറഞ്ഞു നിർത്തി. 

അജുവിന്റെ പൊട്ടിച്ചിരി അവളുടെ കാതിൽ കേട്ടു. അവൾ അമ്പരന്ന് നോക്കി. ഇങ്ങേർക്ക് വട്ടായോ എന്നായി ചിന്ത. 

"ഹാ..... എന്നിട്ട്? " ചിരി അടക്കി അജുവിന്റെ ചോദ്യം. 

"എന്നിട്ടെന്താ എന്നെയും ഇഷ്ടപ്പെടണം "

"ഓഹോ... പിന്നെ ? "

"എന്നെ കല്യാണം കഴിക്കണം.."

"നിസാരം. Next. "

"അത്രേ ഉള്ളു." ഗൗരി നിർത്തി. 

അജു പതിയെ പറഞ്ഞു തുടങ്ങി. 

"എടി മണ്ടൂസേ...... നീ എത്ര സീരിയസ് ആയിട്ടുള്ള ഒരു വിഷയമാണ്  ഈ സംസാരിക്കുന്നതെന്ന്  വല്ല ബോധ്യവുമുണ്ടോ.  പതിനെട്ടോ പത്തൊൻപതോ വയസുള്ള ഒരു കുട്ടിയാണ് നീ......"

"ഞാൻ കുട്ടിയല്ല. എനിക്ക് പ്രായപൂർത്തി ആയി. ജീവിതം തിരഞ്ഞെടുക്കാനുള്ള സമയമൊക്കെ ആയി."

"നീയും ഞാനും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ട്. അതറിയോ നിനക്ക്. "

"അതെനിക്കൊരു പ്രശ്നം അല്ലെങ്കിലോ? "

"ഞാൻ തട്ടിപോയാലും  നിന്റെ ആയുസ് പിന്നെയും  ഇങ്ങനെ നീണ്ടു കിടക്കും...."

"നിങ്ങളെ അങ്ങ് മേലോട്ട് എടുക്കും മുന്നേ എനിക്ക് നാലഞ്ച് കുട്ടികളെ തന്നിട്ട്  പോയാൽ മതി. ശിഷ്ടകാലം എന്നെ നമ്മുടെ പിള്ളേര് നോക്കിക്കോളാം."

അജു ചിരിച്ചു പോയി. 

"അപ്പോൾ താൻ രണ്ടും കല്പ്പിച്ചാണല്ലേ? "

"അതെ. "

"വീട്ടുകാര്  എതിർത്താലോ? "

"അമ്മയ്ക്ക്  അജുവേട്ടനെ വലിയ ഇഷ്ടമാ. "

"ഇതറിയുമ്പോൾ ആ ഇഷ്ടം ഒന്നോടെ   തീർന്നോളും.... "

 "അജുവേട്ടൻ എന്റെ കൂടെ തന്നെ ഉണ്ടാവുമെന്ന് എനിക്കൊരു ഉറപ്പ് തന്നാൽ മതി. പിന്നേ  വരുന്ന പ്രശ്നം ഒക്കെ ഫേസ് ചെയ്യാനുള്ള   ധൈര്യം എനിക്ക് കിട്ടും..."

അജു മിണ്ടിയില്ല. 

"എന്നെ കെട്ടാമോ മിസ്റ്റർ ഇന്ദുചൂഢൻ. "

"നിന്നെ ഇപ്പോൾ എന്റെ മുന്നിൽ  കിട്ടിയാലുണ്ടല്ലോ......"

"കിട്ടിയാൽ...? "

"പോയൊരു കട്ടനിട്ടോണ്ട് വാടിന്ന് ഞാൻ പറയും. സത്യമായും  എനിക്കൊരു കട്ടൻ കുടിക്കാൻ തോന്നുന്നു കുട്ടീ..."

"ഇങ്ങോട്ട് പോരാമോ? "

"ബെസ്റ്റ്. എന്റെ  ജീവിതത്തിൽ 

ആകെയുള്ളത് കുറച്ചു സത്പേര് മാത്രമാ. ഞാൻ മതില് ചാടുന്നത് ആരേലും കണ്ടിട്ട് വേണം അതു കൂടി പോയി കിട്ടാൻ. പാതിരായ്ക്ക് ഒരു കട്ടനടിക്കാൻ കേറിയതാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ? ഒന്നാമത് സുന്ദരിയായൊരു പെൺകുട്ടി തനിച്ചുള്ളൊരു വീട്ടിൽ...."

"കൂടെ കൂടെ ഇത് പറയുന്നുണ്ടല്ലോ. ഞാൻ അത്രയും സുന്ദരിയാണോ. അതൊ  കളിയാക്കുന്നതാണോ?"

"എന്താ ഒരു സംശയം. താൻ സുന്ദരി ആണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ലേ?"

"എനിക്കും കൂടി തോന്നണ്ടേ.... കണ്ണാടിയിൽ നോക്കുമ്പോൾ എന്തൊക്കെയോ  കുറവുകൾ ഉള്ളത് പോലെ തൊന്നും. എനിക്കെന്റെയീ  പൂച്ചകണ്ണ്  ഒട്ടും ഇഷ്ടമല്ല. എന്റെ മൂക്ക് അത്ര ശരിയല്ല . പല്ലുകൾക്കും എന്തൊക്കെയോ പ്രശ്നങ്ങൾ  ഉണ്ട്..."

"അങ്ങനെ നോക്കിയാൽ ലോകസുന്ദരി  ഐശ്വര്യറായിക്കും  പ്രശ്നങ്ങൾ  ഉണ്ടല്ലോ...."

"ഉണ്ടോ. പക്ഷെ ലക്ഷ്മിയുടെ പല്ലുകൾ കാണാൻ നല്ല ഭംഗിയാ. നല്ല നിരയൊത്ത് മുല്ല മൊട്ടുകൾ പോലെ..... ഇടയ്ക്ക് ഞാൻ അവളോട് പറയും നിന്റെ  പല്ലുകൾ എനിക്ക് താടീന്ന്...."

"അപ്പോഴോ?"

"ഒട്ടും  ഇരിക്കാൻ പറ്റുന്നില്ലെങ്കിൽ വന്നു   തല്ലിക്കൊഴിച്ചു കൊണ്ട് പോടീന്ന് പറയും. പക്ഷെ ഒരു സെറ്റ് വെപ്പ് പല്ല്  കൂടി കൊണ്ട് പോരാൻ മറക്കല്ലേന്നും. അതെന്തിനാണ് അറിയോ....? "

"എന്തിനാ ? "

"ചിക്കൻ  എന്ന് പറഞ്ഞാൽ അവൾക്ക് പ്രാന്താ . ഒരു പത്തു ചിക്കൻ കാൽ ഫ്രൈ ചെയ്തു കൊടുത്താലും അവൾ ഒറ്റ ഇരുപ്പിനിരുന്നു തിന്നു തീർക്കും. ചിക്കൻ കാൽ കടിച്ചു പറിക്കാൻ പല്ല് വേണമല്ലോ. കോളേജിലെ അവളുടെ ഇരട്ടപ്പേര് എന്താന്നറിയോ. "

"എന്താ? "

"കോഴീന്ന്." 

"ആണോ. ഇനി കാണട്ടെ ഞാനവളേ കോഴീന്ന്  വിളിക്കുന്നുണ്ട്. "

"അയ്യോ അങ്ങനൊന്നും വിളിച്ചേക്കല്ലേ.... അവളെന്നെ ശരിയാക്കും. "

"തനിക്ക്  ഈ ഒരു ഫ്രണ്ട്  മാത്രേ ഉള്ളു? "

"കൂട്ടുകാർ കുറേ ഉണ്ട്. പക്ഷെ  നമുക്ക് എല്ലാം തുറന്നു പറയാൻ പറ്റുന്ന   ഒരു best friend  കാണുമല്ലോ.....അതാണ് ലക്ഷ്മി."

"അയ്യൊ !. അപ്പോൾ ഇതൊക്കെ താൻ അവളോട് ഷെയർ ചെയ്യോ?"

"ബെസ്റ്റി ആണെങ്കിലും എല്ലാകാര്യങ്ങളും നമുക്ക്  പറയാൻ പറ്റില്ലല്ലോ...."

"അപ്പോൾ കുറച്ചു വകതിരിവൊക്കെ ഉണ്ട്...."

"പിന്നെ എന്നെ പറ്റി എന്താ കരുതിയേ....? "

"ഞാൻ ആദ്യം കരുതിയത് ഭയങ്കര ജാഡ ആണെന്നാ. ആദ്യം കണ്ടപ്പോൾ എന്ത് പോസായിരുന്നു. എന്നെ കണ്ടു മുഖം കടുപ്പിച്ചതൊക്കെ  ഓർക്കുന്നുണ്ടോ? "

"അതിനൊരു കാരണം ഉണ്ട്. "

"അതെന്താ? പറഞ്ഞേ കേൾക്കട്ടെ...."

"എന്റെ അമ്മയെ അച്ഛൻ സ്നേഹിച്ചു കല്യാണം കഴിച്ചതാ. രണ്ടു പേരുടെയും വീട്ടുകാർ ഭയങ്കര എതിർപ്പായിരുന്നു. 

കല്യാണം കഴിഞ്ഞിട്ട് അച്ഛൻ ആദ്യം വാങ്ങുന്ന വീടാണ് അജുവേട്ടൻ ഇപ്പോൾ  താമസിക്കുന്നത്. അതൊരു  ഐശ്വര്യമുള്ള വീടാണെന്ന് അമ്മ പറയും. കാരണം ആ  വീട്ടിൽ താമസം തുടങ്ങിയിട്ടാണ് ഞാൻ ജനിക്കുന്നതും അച്ഛന് ജോലി കയറ്റം കിട്ടുന്നതും ഈ  വീട് വാങ്ങുന്നതുമൊക്കെ. ഇവിടെ  താമസം തുടങ്ങിയതിനു ശേഷമായിരുന്നു അച്ചന്റെ മരണം. അച്ഛന്റെ ഓർമയ്ക്ക് ആ വീട് അങ്ങനെ തന്നെ സൂക്ഷിക്കണമെന്ന് അമ്മയുടെ നിർബന്ധം ആയിരുന്നു.  നശിച്ചു പോകാതിരിക്കാൻ   വാടകയ്ക്ക് കൊടുത്തു തുടങ്ങി. മൂന്ന്  മാസമായിട്ട് താമസക്കാരൊന്നും ഇല്ലാതെ അടഞ്ഞു കിടക്കുവാരുന്നു. ഇടയ്ക്ക് ഞാനും അമ്മയും കൂടി വന്നു  അവിടൊക്കെ വൃത്തിയാക്കിയിടും. അയാളുടെ ഉപദ്രവം തുടങ്ങിയതിൽ പിന്നേ അമ്മ ഇല്ലാത്ത ചില രാത്രികളിൽ ഞാൻ അവിടെയാണ് ഉറങ്ങുന്നത്. അവിടെ എന്റെ അച്ഛൻ ഉണ്ടെന്ന്  എനിക്ക് തോന്നാറുണ്ട്. അച്ഛന്റെ അടുത്തേക്കാണ് ഞാൻ ഓടി വരുന്നതെന്നും.  ആ ഒരു സുരക്ഷിതത്വവും സമാധാനവും ഒക്കെ അവിടെ വരുമ്പോൾ കിട്ടും . പുതിയ താമസക്കാരൻ  എത്തിയെന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യമാ വന്നെ. പക്ഷെ അമ്മയോട് അതു വാടകയ്ക്ക് കൊടുക്കരുതെന്ന് പറയാൻ പറ്റില്ല. അപ്പോൾ കാരണം പറയേണ്ടി വരും.  ഒളിച്ചു വന്നിരിക്കാനുള്ള എന്റെ സ്ഥലമല്ലേ ചേട്ടൻ കാരണം  നഷ്ടമായത്.  ചേട്ടനെ ആദ്യം കണ്ടപ്പോൾ എനിക്ക് ദേഷ്യം തോന്നിയത് അതുകൊണ്ടാ......"

"ഇപ്പോഴോ."

"എന്റെ സങ്കടം കണ്ടിട്ട് എന്റെ അച്ഛനാണെന്ന് തോന്നുന്നു ചേട്ടനെ ഇവിടെ എത്തിച്ചത്. രണ്ടു മൂന്ന് ദിവസം മുന്നേ ഉള്ള ഒരു മാനസികാവസ്ഥയല്ല ഇപ്പോൾ എന്റേത്. നമ്മൾ ഒരുപാട് ബലഹീനമായി പോകുമ്പോൾ പെട്ടന്ന് താങ്ങായി ഒരാൾ വരുമ്പോഴുണ്ടാകുന്ന  ആ  ഒരു  ഫീൽ ഉണ്ടല്ലോ. അതു  ആർക്കും പറഞ്ഞാൽ മനസിലാവില്ല. ചേട്ടൻ എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ  ചേട്ടന് ചിലപ്പോൾ നിസാരം ആയിരിക്കും... പക്ഷെ എനിക്ക് അങ്ങനെ അല്ല. മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ആളെ  അല്ലാതെ  വേറേ ആരെ ഞാൻ  എന്റെ ജീവിതത്തിലേക്ക്  സെലക്ട് ചെയ്യും..... "

പെട്ടന്ന് ഗൗരി തേങ്ങി  കരയാൻ തുടങ്ങി. 

അതുവരെ  അവൾ പറയുന്ന കാര്യങ്ങൾ തമാശയോടെ  കേട്ടിരുന്ന അജുവും  വല്ലാതായി. 

"മോളേ..... ഗൗരി...." അവൻ  അലിവോടെ വിളിച്ചു. 

"കരയല്ലേ....കരയല്ലേ...." പെണ്ണ്  നിർത്താതെ  കരയുകയാണ്.

അജുവിനും സങ്കടം വന്നു. എന്തെങ്കിലും വഴി ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും അവൻ   അവളുടെ അടുത്തേക്ക് ഓടി ചെല്ലുമായിരുന്നു. നെഞ്ചിൽ ചേർത്ത് പിടിച്ചു നീയാണ് എന്റെ പെണ്ണ് എന്ന് പറയുമായിരുന്നു. 

"ഗൗരീ..... കരയാതെ മോളേ." അവൻ ആശ്വസിപ്പിച്ചു . 

"നീ എന്നോട് പറഞ്ഞതൊക്കെ ഞാൻ നിന്നോട് പറയാൻ കൊതിച്ച വാചകങ്ങളാ .... അറിയോ നിനക്ക്...." കരച്ചിലടക്കി ഗൗരി കാതോർത്തു. അവൻ ആർദ്രമായി തുടർന്നു. 

"നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ എന്റെ ഹൃദയത്തോട് ചേർത്ത് വച്ചതാ നിന്റെ മുഖം. എങ്ങനെ നിന്നോട് ഇത്  പറയുമെന്നുള്ള ചമ്മൽ ആയിരുന്നു. നിനക്കെന്നെ ഒരുപാട് ഇഷ്ടം ആണെന്ന് നീ പറഞ്ഞപ്പോഴുള്ള എന്റൊരു മാനസിക അവസ്ഥ ഉണ്ടല്ലോ എന്റെ പൊന്നേ.... എന്റെ ഹൃദയം ഇങ്ങനെ തുള്ളി കുതിക്കുകയായിരുന്നു. നമ്മൾ രണ്ടും ചിന്തിച്ചതും ആഗ്രഹിച്ചതും ഒന്നാണെന്ന് അറിയുന്ന ഈ നിമിഷം. എന്റെ ഹൃദയത്തോട് ഞാൻ ചേർത്ത് വച്ചിരിക്കുന്ന എന്റെ  ജീവിതത്തിലെ ഏറ്റവും നല്ല moment കളിൽ  ഒരെണ്ണം കൂടി... ഗൗരീ...."

അവൾ വിളി കേട്ടു. 

"സർവ്വ ചരാചരങ്ങളെയും സാക്ഷിയാക്കി ഞാനിതാ സത്യം ചെയ്യുന്നു. നിന്നെ ഞാൻ ഒരു നാളും ഒരു കാലവും കൈ വെടിയുകയില്ല......! "

പെട്ടന്ന്  ഗൗരിയുടെ ചിരി അജു കേട്ടു. 

"മതി. ഇത്രയും മതി. ഇനി ഞാൻ കാത്തിരുന്നോളാം. എത്ര നാൾ വേണമെങ്കിലും...കാത്തിരുന്നോളാം."

ചിരിയിൽ   പറഞ്ഞു നിർത്തി ഗൗരി ഫോൺ വച്ചു. 


പിറ്റേന്ന് വൈകുന്നേരം  ജോലി കഴിഞ്ഞു ഓഫീസിൽ നിന്നും അജു  ശ്രീജിത്തിന്റെ ഒപ്പം അവന്റെ  ഒരു റിലേറ്റീവിന്റെ വീട്ടിലേക്ക്  പോയി. അവിടെ ഒരു കുട്ടിയുടെ birthday celebration  ആയിരുന്നു. അടുത്ത ബന്ധു ആയതു കൊണ്ട് ശ്രീയ്ക്ക് പോയേ പറ്റുള്ളൂ. അജുവിനെ അവൻ  നിർബന്ധിച്ചു കൂട്ടുകയായിരുന്നു. 

പോകുന്ന വഴി കുട്ടിയ്ക്ക് വേണ്ടി ശ്രീജിത്ത് ഗിഫ്റ്റ് വാങ്ങാൻ ഇറങ്ങിയപ്പോൾ   അജുവും ഒരെണ്ണം വാങ്ങി. 

 "അതിന്റെ ആവശ്യം ഇല്ലടാ നമുക്ക് രണ്ടു പേർക്കും കൂടി ഇത് കൊടുക്കാം" എന്ന് ശ്രീ വിലക്കിയതാണ്. പക്ഷെ അജു സമ്മതിച്ചില്ല. 

വെറും കയ്യോടെ അവിടേയ്ക്ക് പോവാൻ അവൻ  മടിച്ചു. Birthday party കഴിഞ്ഞു  തിരികെ വീട്ടിൽ എത്തിയപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു. അജുവിനെ ഗേറ്റിൽ ഇറക്കി ശ്രീ മടങ്ങി. ഗേറ്റ് അടയ്ക്കുമ്പോൾ അജു എതിർ വീട്ടിലേക്ക് ശ്രദ്ധിച്ചു. ബാൽക്കണിയിലേക്ക് തുറക്കുന്ന ആ വാതിൽ അടഞ്ഞു കിടക്കുന്നു. ചില്ലു ജനാലയിലൂടെ ഉള്ളിലെ  വെളിച്ചം കാണാം. താഴത്തെ  പ്രധാന വാതിലും അടഞ്ഞ നിലയിൽ. 

നിർമല ഡ്യൂട്ടിയ്ക്ക് പോയിട്ടുണ്ടാവും. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അവർക്ക് day duty  തുടങ്ങുമെന്ന് അവൾ പറഞ്ഞിരുന്നു . പിന്നെ ഒരാഴ്ച രാത്രിയിൽ അമ്മ ഉണ്ടാവും എന്നൊരു സന്തോഷം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. 

ഗൗരിയേ കുറിച്ച് ആലോചിക്കുമ്പോൾ ഒരു പ്രത്യേക ഇഷ്ടവും  വാത്സല്യവും ഹൃദയത്തിൽ നിറയുന്നു. പാവം കുട്ടി. അവൻ ഫോൺ എടുത്തു ഗൗരിയുടെ നമ്പറിലേക്ക് വിളിച്ചു. പക്ഷെ കാൾ എടുക്കുന്നില്ല. വാതിൽ തുറക്കുമ്പോഴും അവൻ  ഇടയ്ക്ക് തിരിഞ്ഞു ആ ബാൽക്കണിയിലേക്ക് മുഖം എത്തിച്ചു നോക്കുന്നുണ്ടായിരുന്നു. 

കുളി കഴിഞ്ഞു ഒരു കാവി മുണ്ടും ബനിയനും ധരിച്ച് മുടി ചീകി ഒതുക്കി വച്ചു കൊണ്ട്  കിടക്കയിലേക്ക് കിടന്നു.  ഫോണിൽ ശ്രദ്ധിച്ചു. ഗൗരിയുടെ കാളോ മെസേജോ കണ്ടില്ല. ഇവൾക്കിത് എന്തുപറ്റി എന്ന് ചിന്തിച്ചു വീണ്ടും വിളിക്കാൻ തുടങ്ങുമ്പോൾ നിർമലയുടെ കാൾ വന്നു. 

അമ്പരപ്പോടെയാണ് അജു  ആ call  attend ചെയ്തത്. കാരണം ആ വിളി പതിവുള്ളതല്ല. 

"അജു... നീ എവിടാ മോനേ? "

"വീട്ടിൽ ഉണ്ട് ആന്റി."

"മോളേ വിളിച്ചിട്ട് അവൾ ഫോൺ എടുക്കുന്നില്ലടാ.... ഒന്ന്  പോയി നോക്കാമോ. എനിക്കെന്തോ  വല്ലാതെ പേടി ആവുന്നു."

അജുവിന്റെ  ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു പോയി. ചാടി എണീറ്റു. 

"ആന്റി ഫോൺ വച്ചോ. ഞാൻ നോക്കിയിട്ട് തിരിച്ചു വിളിക്കാം.... "

"ശരി മോനേ. "

അജു  പരിഭ്രാന്തിയോടെ ഇറങ്ങി ഓടുകയായിരുന്നു. ചെറിയ ഗേറ്റ് വലിച്ചു തുറന്നു റോഡ് ക്രോസ് ചെയ്തു ആ ഇരുനില വീടിന്റെ ഗേറ്റിൽ എത്തിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആയിരുന്നു.   

ആദ്യം നോക്കിയത് തമ്പിയുടെ  ബുള്ളറ്റ് ആ പോർച്ചിൽ ഉണ്ടോ എന്നാണ്. കണ്ടില്ല. എങ്കിലും  ഭയം മാറുന്നില്ല. ബുള്ളറ്റ് എടുക്കാതെയാണ് അയാൾ വന്നതെങ്കിലോ. എത്തിയിട്ടുണ്ടെങ്കിൽ ഉറപ്പായും  അയാൾ  ഗൗരിയെ ആക്രമിക്കും. ആ രീതിയിൽ  ഇടി കൊണ്ട് പോയതാണ്.  പ്രതികാര ചിന്ത കൂടും.   

അവൻ സിറ്റൗട്ടിലേക്ക്  ഓടി കയറി. ഡോർ ബെൽ മുഴക്കി. മുൻവശത്തെ ഡോർ തുറക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ അത് അകത്തു നിന്ന് ലോക്ക് ആയിരുന്നു. ഡോറിൽ മുട്ടി നോക്കി. ചില്ല് ജനാലയിൽ  മുഖം ചേർത്ത് അകത്തേക്ക് നോക്കി. ഉള്ളിൽ ഇരുട്ട് മൂടി കിടക്കുന്നു. 

"ഗൗരി...." അവൻ ഉറക്കെ വിളിച്ചു. അനക്കം ഒന്നുമില്ല. ഇവളിത് എവിടെ പോയി. 

ഗൗരിയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. ഇല്ലെങ്കിൽ അവളുടെ അമ്മ വിളിച്ചാൽ എങ്കിലും ഫോൺ എടുക്കേണ്ടതല്ലേ. മുറ്റത്തേക്ക് ഇറങ്ങി മുകളിലെ ബാൽക്കണിയിലേക്ക് നോക്കി. അവിടെ കയറാൻ പറ്റിയാൽ  ആ ഡോർ വഴി അകത്തു കയറാൻ കഴിയും.  

 പക്ഷെ എങ്ങനെ മുകളിൽ കയറും? 

അപ്പോൾ വീണ്ടും നിർമലയുടെ ഫോൺ. 

 "ആന്റി... മുൻവശം ഡോർ ലോക്ക് ആണ്.

വിളിച്ചിട്ട് respond ഒന്നുമില്ല. ഞാൻ ഏതുവിധേനയും ഉള്ളിൽ കയറാൻ പറ്റുമോന്ന്  നോക്കട്ടെ.... തിരിച്ചു വിളിക്കാം......."

ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു അവൻ പിന്നിലേക്ക് ഓടി. വർക്ക് ഏരിയയിലെ ഗ്രിൽ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അത് വഴി അകത്തു കയറി. അടുക്കള വാതിൽ തള്ളി നോക്കി. ഉള്ളിൽ മൊത്തം കുറ്റി ഇടാത്തത് കൊണ്ട് കതക് മെല്ലെ അനങ്ങുന്നുണ്ട്. 

 അവൻ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. പിന്നിലേക്ക് മാറി  സകല ശക്തിയും കാലിലേക്ക് ആവാഹിച്ചു  വാതിലിൽ ആഞ്ഞു ചവിട്ടി. 

ഒന്ന്. 

രണ്ടു. 

മൂന്ന്. 

നാല്. 

വാതിൽ അവന് മുന്നിൽ  തുറക്കപ്പെട്ടു. 

(തുടരും)


ഭാഗം - 7

അടുക്കളയിലൂടെ ഹാളിലേക്ക്. ഹാളിൽ നിന്നും  staircase ഓടിക്കയറി മുകളിലെ ഹാളിൽ എത്തി. ചുറ്റും നോക്കി. ബാൽക്കണിയിലേക്ക് തുറക്കുന്ന ആ മുറി കണ്ടു പിടിച്ചു. ഡോർ തുറന്നു പിടിച്ചു അകത്തേക്ക്  നോക്കി നിന്ന് അജു കിതച്ചു. 


മുറിയിൽ വെളിച്ചം ഉണ്ടായിരുന്നു.  കിടക്കയിൽ ഉറങ്ങുന്ന ഗൗരി. അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് അടുത്തേക്ക് ചെന്നു. മെല്ലെ കുനിഞ്ഞു അവളുടെ കവിളിൽ  തട്ടി  വിളിച്ചു. രണ്ടോ മൂന്നോ പ്രാവശ്യം വിളിച്ചപ്പോഴാണ് ഗൗരി കണ്ണ് തുറന്നത്. ഞെട്ടി എണീറ്റിരുന്ന് അവൾ  പകച്ചു നോക്കി. സ്ഥലകാലബോധം വീണ്ടെടുക്കാൻ  വീണ്ടും നിമിഷങ്ങൾ വേണ്ടി വന്നു.  അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ  തളർന്നത് പോലെ അവൻ  ബെഡിലേക്ക് ഇരുന്നു. 

പതിയെ  അണക്കുന്നുണ്ടായിരുന്നു. സങ്കടമാണോ  സന്തോഷമാണോ എന്ന് വേർ  തിരിച്ചറിയാൻ കഴിയാത്ത ഭാവങ്ങൾ അവന്റെ മുഖത്ത് മിന്നി മറയുന്നു. 

"അജുവേട്ടാ.....ഇവിടെ എങ്ങനെ....? "

ഗൗരി  സംശയത്തിൽ താൻ തന്റെ മുറിയിൽ തന്നെയാണോ എന്ന് കണ്ണോടിച്ചു. 

പെട്ടന്ന് അജു  അവളെ വാരി പുണർന്നു ചെന്നിയിൽ ചുംബിച്ചു കൊണ്ട് തലയിലേക്ക് താടി ചേർത്ത് വച്ചു. 

അവൻ മെല്ലെ ഏങ്ങുന്നുണ്ടായിരുന്നു. മൂക്കിലൂടെ ശക്തിയിൽ ശ്വാസം എടുക്കുന്ന ശബ്ദം ഗൗരി  കേട്ടു. 

"എന്റെ പൊന്ന് മോളേ.... നീയെന്നെ പേടിപ്പിച്ചു കളഞ്ഞല്ലോടി...." അജു വിതുമ്പി. 

സത്യത്തിൽ ഗൗരിയ്ക്ക് ഒന്നും മനസിലായില്ല. അവളുടെ അമ്പരപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. എന്തോ ഓർമിച്ച്   അവളെ വിട്ടു അജു ഫോണെടുത്തു. അവന്റെ കൈകൾ വിറയ്ക്കുന്നതും  സങ്കടം അടക്കാൻ ശ്രമിക്കുന്നതും ഗൗരി കണ്ടു.  പുറം  കൈ കൊണ്ട് കണ്ണ് തുടച്ച്  അവൻ നിർമലയെ  വിളിച്ചു. 

"ആന്റി... ഞാൻ ഗൗരിയ്ക്ക് കൊടുക്കാം സംസാരിക്ക്." ശബ്ദം ഇടറാതിരിക്കാൻ പാട് പെട്ടു കൊണ്ട്  അവൻ പറഞ്ഞു നിർത്തി ഫോൺ  ഗൗരിയുടെ  നേരെ  നീട്ടി. 

അവന്റെ കണ്ണിലെ സങ്കടകടലിലേക്ക്  നോക്കി  അവൾ ഫോൺ വാങ്ങി ചെവിയോട് ചേർത്തു. അജു ഇരു കൈകൾ കൊണ്ട് കണ്ണും മുഖവും അമർത്തി തുടച്ചു. 

"ഹലോ... അമ്മാ. " ഗൗരി പതിയെ ശബ്ദിച്ചു. 

"ഹോസ്പിറ്റലിൽ ആണെന്നൊന്നും ഞാൻ നോക്കില്ല. നല്ല ചീത്ത ഞാൻ വിളിക്കും.... ഇത്രയും നേരം ഫോൺ ബെല്ലടിച്ചിട്ടും എന്താടി നീ എടുക്കാഞ്ഞേ.... മനുഷ്യനെ തീ തീറ്റിക്കാനായിട്ട്. എന്റെ നല്ല ജീവൻ പോയി....... "

"അമ്മാ  ഞാനാ ഗുളിക കഴിച്ചിട്ട് കിടന്നതാ. എനിക്ക് പെട്ടന്ന് ദേഹം തളരുന്ന പോലെ തോന്നി. ഉറങ്ങിപ്പോയി.....സോറി അമ്മാ." അവൾ സങ്കടത്തോടെ പറഞ്ഞു. 

"ആ ചെറുക്കനെ കൂടി ബുദ്ധിമുട്ടിച്ചല്ലോ ഈശ്വര! ഇപ്പോൾ നിനക്ക് എങ്ങനെ ഉണ്ട്. "

"കുഴപ്പമില്ല."

"ശരി ശരി. ഫോൺ അജുവിന്റെ കയ്യിൽ കൊടുക്ക്...."

അവൾ ഫോൺ കൈ മാറി. അവൻ  അതു  വാങ്ങി എണീറ്റു . 

"പറയ് ആന്റി. "

"മോനേ... അവൾക്ക് വൈകുന്നേരം ഒരു പനികോളുണ്ടായിരുന്നു..... പോരും മുന്നേ  ഞാനൊരു tablet കൊടുത്തിട്ടാ വന്നേ. ഫോൺ വിളിച്ചപ്പോൾ കിട്ടാത്ത വെപ്രാളത്തിൽ ഞാനത് വിട്ടു  പോയി. അക്കാര്യം നിന്നോടു  പറയാനും  പറ്റിയില്ല.... Sorry കേട്ടോ."

"its ok ആന്റി. ഗൗരി തനിച്ചല്ലേ.... ഞാനും ടെൻഷനടിച്ചു പോയി. "

"മോനെങ്ങനെ അകത്തു കയറി? "

"ആന്റി  വഴക്കൊന്നും പറയരുത്. മറ്റു വഴി ഇല്ലാരുന്നു.  എനിക്ക് അടുക്കള വാതിൽ ചവിട്ടി തുറക്കേണ്ടി വന്നു...." അവൻ ക്ഷമാപണം പോലെ പറഞ്ഞു. 

"അതു സാരമില്ലടാ . അതിന് ഒരു കുറ്റി മാത്രേ ഉണ്ടായിരുന്നുള്ളൂ. അതു തുരുമ്പ് പിടിച്ചു ഇരിക്കുവാരുന്നു. ആരെയെങ്കിലും വിളിച്ചു നന്നാക്കണമെന്ന് കരുതിയിരുന്നതാ...."

"ഇനിയിപ്പോ എന്താ ചെയ്യാ? "

"അവളോട് പറയ്  വർക്ക് ഏരിയയിലെ  door  പൂട്ടി ഇടാൻ. അതിന്റെ പൂട്ട് അടുക്കളയിലെ റാക്കിൽ ഇരിപ്പുണ്ട്.  ആ വാതിലിനോട് ചേർന്നുള്ള ഷെൽഫിൽ.."

"ഞാൻ lock ചെയ്തിട്ട്  പൊയ്ക്കോളാം ആന്റി...."

 "Ok മോനേ... താങ്ക്സ് കേട്ടോ. ആന്റി വയ്ക്കുവാണേ.... അവളോട് പറഞ്ഞിരുന്നാൽ മതി."

"ഓ...."

ഫോൺ കട്ട് ആയതും ഗൗരി ഓടി വന്നു  അവനെ കെട്ടിവരിഞ്ഞു  നെഞ്ചിൽ മുഖം പൂഴ്ത്തി വച്ചു.  അജു അവളുടെ തോളിലൂടെ ചുറ്റി പിടിച്ചു  തലയിൽ ചുംബിച്ചു. 

"സോറി അജുവേട്ടാ..."

"പോട്ടേ സാരമില്ല....." അവൻ ആശ്വസിപ്പിക്കുമ്പോലെ അവളുടെ തോളിൽ തലോടി  നിന്നു. പിന്നെ  അവളുടെ മുഖം നെഞ്ചിൽ നിന്നും കൈകളിലേക്കെടുത്തു വാത്സല്യത്തോടെ നോക്കി.  

"പനി പിടിച്ചിട്ട്  മോളെന്താ എന്നോട് പറയാഞ്ഞേ ? " 

"അത്രയ്ക്കൊന്നും ഇല്ലായിരുന്നു. അമ്മ പോകാനിറങ്ങിയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. Tablet തന്നിട്ട്  പോയി. ഞാനത്  സന്ധ്യയ്ക്കാ കഴിച്ചേ. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ദേഹം തളരുന്ന പോലെ തോന്നി കിടന്നതാ. ഉറങ്ങിപ്പോയി. ഫോൺ വന്നതൊന്നും സത്യമായും  ഞാനറിഞ്ഞില്ല....."

"ഞാൻ ടെൻഷനടിച്ചത് തമ്പി എങ്ങാനും വന്നിട്ടുണ്ടാവുമോന്നോർത്താണ്. നിന്നെ അയാൾ എന്തെങ്കിലും ചെയ്തോന്നായിരുന്നു എന്റെ  പേടി. ഇതിനുള്ളിൽ കയറും  വരെ  പലതും ചിന്തിച്ചു കൂട്ടി...."

അവൾ സങ്കടത്തോടെ അവന്റെ മുഖത്തേക്ക് നോക്കി നന്ദിയോടെ ചിരിച്ചു.  വിളറിയ ചിരി. 

"ഇപ്പോൾ പനി എങ്ങനെയുണ്ട് ? " 

അവളുടെ മുടി നെറ്റിയിൽ നിന്നും മുകളിലേക്ക് ഒതുക്കി വയ്ക്കുന്നതിനിടയിൽ അജു ചോദിച്ചു. 

"അതു മാറി. ഇപ്പോൾ  കുഴപ്പമൊന്നുമില്ല...." അവൻ നെറ്റിയിൽ കൈ വച്ചു നോക്കി. 

"ചെറിയ ചൂടുണ്ട്...."

"അതു മൂടി പുതച്ചു കിടന്നതിന്റെയാ. "

പെട്ടന്ന് എന്തോ ഓർമിച്ച്  അവളെ തന്നിൽ നിന്നു വിടർത്തി. 

"അടുക്കള വാതിൽ തുറന്നു കിടക്കുവാ.  അതു പൂട്ടണം. വാ.... '

ഇരുവരും താഴേക്കു പോയി. 

ഗൗരി ഹാളിലെയും അടുക്കളയിലെയും ലൈറ്റിട്ടു.  റാക്കിൽ നിന്നും പൂട്ട് അജു തന്നെ തപ്പിയെടുത്തു. ഗൗരി വർക്ക് ഏരിയയിലെ ബൾബ് തെളിയിച്ചു കൊടുത്തു. അവൻ ഗ്രിൽ ഡോർ പൂട്ടി വരുമ്പോൾ ഗൗരി ചായയ്ക്ക് വെള്ളം വയ്ക്കുകയായിരുന്നു. 

"നീ എന്താ ഈ ചെയ്യുന്നേ? "

"കട്ടനിടുവാ അജുവേട്ടന്..."

"നിനക്ക് വേണോ...."

"ഹാ. "

"മാറിക്കെ ഞാൻ ഇട്ടു തരാം. "

അവൻ stove ന്റെ മുന്നിൽ നിന്നും അവളെ പിടിച്ചു മാറ്റി. ഡോർ പൂട്ടിയ താക്കോൽ അവളെ ഏല്പിച്ചു. വെള്ളം തിളച്ചപ്പോൾ ഗൗരി ചൂണ്ടി കാണിച്ച റാക്കിൽ നിന്നും അവൻ ചായ പൊടിയും പഞ്ചസാരയും എടുത്തു.  കട്ടൻ റെഡിയാക്കി ഗൗരി എടുത്തു വച്ച രണ്ടു കപ്പിലേക്ക്  പകർന്നു. അവൻ തന്നെ  രണ്ടും എടുത്തു ഹാളിലേക്ക് കൊണ്ട് വന്നു. അവളെ സെറ്റിയിൽ പിടിച്ചിരുത്തി ഒരു കപ്പ് കയ്യിൽ കൊടുത്തു. 

തന്റെ ചായ  ഊതി കുടിച്ചു കൊണ്ട്  അവൻ സെറ്റിയിലേക്ക്   ഇരുന്നു. 

"നിന്റെ ഒപ്പമിരുന്ന് ഒരു കട്ടൻ അടിക്കണമെന്ന് ഇന്നലെ വിചാരിച്ചതേ  ഉള്ളു..... ദൈവം ഇത്ര പെട്ടന്ന് അതു സാധിച്ചു തരുമെന്ന് വിചാരിച്ചില്ല. " അവൻ ഊറി ചിരിച്ചു. 

ഒരു കവിൾ ഇറക്കിയിട്ട് അവൾ  ഉറ്റു നോക്കി ഇരിക്കുന്ന കണ്ടു അജു  പുരികം ഇളക്കി. 

"എന്തുപറ്റി. കൊള്ളൂലെ? "

"എനിക്കൊരു കൊതി."

"എന്ത് ?"

"ആ ചായ എനിക്ക് തരോ ?"

"ഞാൻ കുടിച്ചതിന്റെ ബാക്കിയോ ?" 

"പ്ലീസ്... " ഗൗരി  അപേക്ഷിച്ചു. 

അജു സമ്മതിച്ചു. തന്റെ കപ്പ്  ടേബിൾ മേൽ  വച്ചിട്ട്  ഗൗരി അജുവിന്റെ  കപ്പ് വാങ്ങി ഒന്ന് മോന്തി. തുടർന്ന് കുസൃതിയോടെ അവനെ നോക്കി. 

"ഇതിനാണ് ടേസ്റ്റ് കൂടുതൽ."

"നോക്കട്ടെ... "

അവൻ കപ്പ് തിരിച്ചു വാങ്ങി കുടിച്ചു. 

"ശരിയാ..... ഇപ്പോൾ നേരത്തേതിലും  ഭയങ്കര ടേസ്റ്റ്.... "

ഗൗരി ചിരിയോടെ അവന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചു. 

"എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല." അവൾ അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു. 

"എന്ത്? "

"അജുവേട്ടന്റെ അടുത്ത്  ഇങ്ങനെ ഇരിക്കുന്നത്......" 

അപ്പോൾ അജുവിന്റെ ഫോൺ ബെൽ മുഴങ്ങി. 

"മിണ്ടല്ലേ വീട്ടിൽ നിന്നാ."

ഡിസ്പ്ലേയിൽ നോക്കിയിട്ട് അവൻ ഓർമിപ്പിച്ചു. പിന്നെ " ഹലോ " പറഞ്ഞു. അവന്റെ തോളിൽ നിന്നും എണീൽക്കാതെ കൊതിയോടെ  അവനെ ചുറ്റിപിടിച്ചു  അവന്റെ സംസാരം ശ്രദ്ധിച്ച്  ഗൗരി കിടന്നു. ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകൾക്കുള്ളിലാണ് താൻ എന്ന ചിന്ത അവളെ തരളിതയാക്കി. 

അവന്റെ  തുറന്നു കിടന്ന ടീ ഷർട്ടിനിടയിൽ  തെളിഞ്ഞു കാണുന്ന  രോമം നിറഞ്ഞ മാറിൽ അവൾ പതിയെ ഒന്ന് മുത്തി.  മദിപ്പിക്കുന്നൊരു ഗന്ധം അവനിൽ നിന്നും വമിക്കുന്നത്  ഗൗരി അറിഞ്ഞു.  ആർക്കും വിട്ടു കൊടുക്കാൻ മനസില്ലാത്തതു  പോലെ അവനെ  ഒന്നൂടെ തന്നിലേക്ക് ഇറുകെ കെട്ടി വരിഞ്ഞു.  സംസാരിക്കുന്നതിനിടയിൽ ഇടതു കൈ വിരൽ കൊണ്ട് അജു അവളുടെ മുടിയിഴകളിൽ  തഴുകി. രമ്യ ആയിരുന്നു ഫോണിൽ. 

"കുട്ടേട്ടൻ എവിടാ. എന്താ ഇത്രേം നേരായിട്ടും വിളിക്കാഞ്ഞേ. അമ്മായി ദേ ഇവിടെ പേടിച്ചിരിപ്പാ."

"എടി ഞാനൊരു ഫ്രണ്ടിന്റെ വീട്ടിൽ പോയതാ. വരാൻ വൈകിപ്പോയി. വിളിക്കാൻ തുടങ്ങുവായിരുന്നു. ഇന്ന് ചന്തു വന്നില്ലേ. "

"ഇല്ല. ഞാനിന്ന് വീട്ടിൽ പോയില്ല. കുട്ടേട്ടന് സുഖാണോ? "

"ഹാ. നീ അമ്മയ്ക്ക് കൊടുത്തേ."

കാതിൽ അമ്മയുടെ ഒച്ച എത്തി. 

"എന്നും വിളിക്കുന്ന സമയം കഴിഞ്ഞും നിന്റെ വിളി കണ്ടില്ല  അതാ ഞാൻ ചിന്നുനോട് നിന്നെ വിളിക്കാൻ പറഞ്ഞേ. മോൻ വീട്ടിൽ എത്തിയില്ലേടാ? "

"ഇപ്പോൾ വീട്ടിലാ അമ്മേ. ഞാൻ പറഞ്ഞിട്ടില്ലേ ഒരു ശ്രീജിത്ത്.  അവന്റൊപ്പം അവന്റെ ഒരു ബന്ധു വീട്ടിൽ പോയിരുന്നു. മടങ്ങി എത്തിയതേ ഉള്ളു... പിന്നെ അവിടെ എന്തൊക്കെയാ വിശേഷം?"

"നമ്മുടെ രമേശന്റെ മോനേ നിനക്കറിയില്ലേ? "

 "പോസ്റ്റുമാൻ രമേശൻ ആണോ? 

"അതെ."

"അറിയാം. കണ്ണൻ. അവനെന്താ? "

"അവന്റെ ബൈക്ക് ഏതോ വണ്ടിയുമായി ഇടിച്ചു. ടൗണിൽ പോയിട്ട് വരുന്ന വഴിയാ..."

"യ്യൊ. എന്നിട്ട്....? " 

"അവിടെ വച്ചു തന്നെ തീർന്നുന്നാ പറയുന്നേ... അതു കേട്ടപ്പോൾ മുതൽ മനസ്സിനൊരു സുഖം ഇല്ലായ്മ്മ.  നിന്നെ ഒന്ന് കാണാൻ തോന്നുവാ. ഒന്ന് വന്നിട്ട് പൊയ്ക്കൂടേ  മോനേ നിനക്ക്..."

"ഞാൻ നോക്കട്ടെ അമ്മേ . പറ്റുമെങ്കിൽ ഈ ശനിയാഴ്ച ഇറങ്ങാം. "

ഗൗരി മുഖം ഉയർത്തി നോക്കി. അവൻ അവളുടെ മുഖം വീണ്ടും നെഞ്ചിലേക്ക് ചായ്ച്ചു വച്ചു. മാളുവമ്മ തുടർന്നു. 

"പിന്നേ.... ദേവകിയുടെ മകൻ ഗൾഫീന്ന് വന്നിട്ടുണ്ട്."

"രാജേഷ് വന്നോ? "

"ഹാ. ഇവിടെ വന്നിരുന്നു. നിന്നെ തിരക്കി. നമ്പർ വാങ്ങീട്ട് പോയിട്ടുണ്ട്.  വിളിക്കുമായിരിക്കും .... പിന്നെ തേവരുടെ അമ്പലത്തിൽ നിന്നും കമ്മിറ്റിക്കാർ വന്നിരുന്നു. വടക്കേനട പുതുക്കി പണിയുവാത്രേ. കരക്കാരെല്ലാം ചേർന്ന്  സഹായിക്കണമെന്ന്. ഞാൻ നീ വരട്ടേന്ന് പറഞ്ഞിട്ടുണ്ട്. "

"അത് ഞാൻ വന്നിട്ട്  കൊടുത്തോളാം. "

"നീ എന്തെങ്കിലും കഴിച്ചാരുന്നോ... 

"ഉവ്വ്. അമ്മയോ? "

"കഴിച്ചു. എങ്കിൽ പിന്നെ നീ കിടന്നോ. രാവിലെ എണീൽക്കേണ്ടതല്ലേ."

ഫോൺ വച്ചപ്പോൾ ഗൗരി ആദ്യം ചോദിച്ചത് ഫോണിൽ  സംസാരിച്ച പെൺകുട്ടി ആരെന്നാണ്. 

"അതൊ. അതു ചിന്നു. അമ്മാവന്റെ മോളാ. അമ്മയ്ക്ക് കൂട്ട് ഇവരൊക്കെയാ. സാധാരണ പകൽ ഇവളും രാത്രിയിൽ അവളുടെ അനുജൻ ചന്തുവുമാണ് വരാറ്. ഇന്ന് അവൾ വീട്ടിൽ പോയിട്ടില്ല."

"ഇവരൊക്കെ വീടിനടുത്താണോ? "

"ഒരു പാടത്തിനക്കരെ."

"ആ കുട്ടി  അജുവേട്ടനെ കുട്ടേട്ടാ എന്നാണോ വിളിക്കുന്നെ ? "

"എന്റെ റിലേറ്റീവ്സൊക്കെ എന്നെ കുട്ടൻന്നാ വിളിക്കാ. അജു എന്ന് എന്റെ നാട്ടിൽ  അങ്ങനെ ആരും വിളിക്കാറില്ല.

"എനിക്ക് പക്ഷെ അജുവേട്ടാ എന്ന് വിളിക്കാനാ ഇഷ്ടം."

"അങ്ങനെ വിളിച്ചോ."

"ആ കുട്ടി പഠിക്കുവാണോ? "

"ഏയ്. അവളെ അതിനൊന്നും കൊള്ളില്ല. അവളെ ഒന്ന് പത്താം ക്ലാസ്സ് കടത്താൻ ഞാൻ കുറേ ശ്രമിച്ചതാ. ഒടുവിൽ ഞാൻതന്നെ   തോറ്റു മുട്ട് മടക്കി..."

"സുന്ദരി ആണോ"

"ആണല്ലോ. എന്തേ?"

"എന്നേക്കാൾ സുന്ദരി ആണോ?"

"അതെ  നിന്നെക്കാളും  സുന്ദരിയാ"

അജു ഒന്ന് പാളി നോക്കി. അവൾ പെട്ടന്ന് മുഖം കൂർപ്പിച്ചു. 

"കുശുമ്പി."

അവൻ ഗൗരിയുടെ  മൂക്കിൽ പിടിച്ചു തിരുമി. 

"അവളെന്റെ അനുജത്തിയാടി....."

വേദനിച്ച്  അവൾ മുഖം ചുളിച്ചു. അവൻ സെറ്റിയിലേക്ക് ചാഞ്ഞിരുന്നു. 

"നിനക്കറിയോ? എനിക്ക്  നാല് വയസുള്ളപ്പോഴാ അവൾ ജനിക്കുന്നെ. ഒരു കൂടപ്പിറപ്പില്ലാത്തതു കൊണ്ടാവും തറയിൽ  വച്ചിട്ടില്ല ഞാനവളെ. ആദ്യമൊക്കെ ഒരു കൗതുകമായിരുന്നു. ആരുടേയും കയ്യിൽ കൊടുക്കാതെ കൊണ്ടു നടക്കും. ആരെങ്കിലും എടുത്തു നടന്നാൽ താഴെ കിടത്തും വരെ ഞാൻ  വാശിപിടിച്ചു  കരഞ്ഞിട്ടുണ്ട്. എനിക്കൊരു പാവയെ കിട്ടിയത് പോലെ ആയിരുന്നു."

അജു തുടർന്നു :

"പിന്നീട് നിഴൽ പോലെ അവൾ എന്റെ പിന്നാലെ നടക്കാൻ തുടങ്ങി. പാടത്തും പറമ്പിലും പുഴയിലും കുളത്തിലും അമ്പലത്തിലും എന്നു വേണ്ട എവിടെ ഞാനുണ്ടോ അവിടെ അവളും ഉണ്ടാവും.  വളർന്നിട്ടും അവളുടെ സ്വഭാവത്തിൽ വലിയ മാറ്റം ഒന്നും കണ്ടില്ല. പഴയ ബുദൂസ് തന്നെയാ ഇപ്പോഴും. വാരിക വായിച്ചും സീരിയൽ കണ്ടും ഇങ്ങനെ നടക്കണം... അമ്മയുടെ പെറ്റാ അവൾ . ഞാൻ അവളോട്  വഴക്കിടുന്നതൊന്നും അമ്മയ്ക്ക്  പിടിക്കില്ല. കണ്ടാൽ എന്റെ നേരെ ചാടും.... അപ്പച്ചി ഇടയ്ക്ക് പറയുന്നത് കേൾക്കാം അവളെ വഷളാക്കുന്നത്  അമ്മയാണെന്ന്..."

അജു  അതൊക്കെ ആലോചിച്ചു പതിയെ ചിരിച്ചു. 

"പാവം ആണ്. "

"അപ്പോൾ ഞാൻ പാവം അല്ലേ? "

ഗൗരിയുടെ ചോദ്യം. അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് വരിഞ്ഞു. 

"നീ എന്റെ മുത്തല്ലേ.....എന്റെ ചക്കര....."

അവൾ ഒരു പൂച്ചകുഞ്ഞിനെ പോലെ പതുങ്ങി. 

"അയ്യൊ. 10.30 ആയോ. മാറിക്കെ... ഇപ്പോൾ പോയി കിടന്നില്ലങ്കിലേ രാവിലെ എണീൽക്കില്ല."

അവളെ ഉന്തി എണീൽപ്പിച്ച്  അജുവും  എണീറ്റു. 

"കുറച്ചൂടെ കഴിഞ്ഞു പോകാം അജുവേട്ടാ" ഗൗരി  ഒരു കുഞ്ഞിനെ പോലെ നിന്ന് ചിണുങ്ങി. അത് കണ്ടിട്ട് അജുവിന് രസം പിടിച്ചു. 

"കുറച്ചൂടെ  കഴിഞ്ഞു പോകുന്നില്ല അജുവേട്ടാ..." അവൻ ചുണ്ട് കോട്ടി അവളെ കളിയാക്കി താളത്തിൽ പറഞ്ഞു. പിന്നെ തോളിൽ  കയ്യിട്ട്  പ്രധാന വാതിൽക്കലേക്ക് നടത്തിച്ചു. 

അജു  ഡോർ തുറക്കുന്നത് നോക്കി ഗൗരി   കട്ടിളയോട്  ചേർന്ന് ഭിത്തിയിൽ ചാരി നിന്നു. ഡോർ തുറന്നു പിടിച്ച് അവൻ യാത്ര ചോദിച്ചു. 

"പോട്ടേ? "

അവൾ പിണങ്ങി മുഖം കറുപ്പിച്ചു നിന്നു. അജു  കൈ നീട്ടി ആ താടിയിൽ പിടിച്ചു. 

"ഒന്ന് ചിരിക്കടോ" 

അവൾ ചുണ്ട് കൂർപ്പിച്ചു ഒരു ചെറു ചിരി പാസാക്കി. പിന്നെ താടിയിൽ പിടിച്ചിരുന്ന  അവന്റെ കൈ എടുത്തു അതിൽ  മുത്തി കൊണ്ട് മുഖം പ്രസന്നമാക്കി പറഞ്ഞു. 

"പൊയ്ക്കോ."

അവൻ ഡോർ തുറന്നു സിറ്റൗട്ടിലേക്ക്  ഇറങ്ങി. അവൾ ഡോറിൽ പിടിച്ചു നോക്കി നിന്നു 

"ഇനി അടച്ചോ"

"വേണ്ട അജുവേട്ടൻ പോയിട്ട് അടച്ചോളാം."

അവൾ ഡോറിൽ മുഖം ചേർത്ത് വച്ച് നോക്കി. 

"ഇല്ല.... നീ door  lock ചെയ്തേ പോകുന്നുള്ളൂ." അജു വാശി പോലെ പറഞ്ഞു. 

അവൾ വാതിൽ പതിയെ ചാരാൻ  തുടങ്ങുമ്പോൾ അവൻ തള്ളി തുറന്നു  അകത്തേക്ക് വന്നു.  

ഗൗരി  അമ്പരന്ന് നോക്കി. വാതിൽ മുതുക് കൊണ്ടു അവൻ പിന്നിലേക്ക് തള്ളി അടച്ചു. പിന്നെ  അവളുടെ ഇരു കവിളിലും കൈകൾ ചേർത്ത്   ആ മുഖം ഉയർത്തി ആ   കണ്ണുകളിലേക്ക് ഉറ്റു നോക്കി. പരൽ മീൻ പോലെ ആ വെള്ളാരം കണ്ണുകൾ പിടയുന്നു. പതിയെ മുഖം താഴ്ത്തി  അവളുടെ ചുവന്ന  ചുണ്ടിലേക്ക് അജു ചുണ്ടമർത്തി. ആദ്യചുംബനത്തിന്റെ മാസ്മര ലഹരിയിൽ അവളുടെ  മിഴികൾ കൂമ്പിയടഞ്ഞു. അജു മുഖം ഉയർത്തിയപ്പോൾ ദാഹമോഹമോടെ ചുണ്ടുകൾ വിടർത്തി ഗൗരി  നോക്കി. 

"Good night. "

കണ്ണ് ചിമ്മി ചിരിയോടെ പറഞ്ഞിട്ട്  അവൻ  ഇരുളിലേക്ക് ഇറങ്ങി നടന്നു. 


വീട്ടിൽ എത്തിയിട്ട് അജു ആദ്യം ചെയ്തത് door നന്നാക്കാനുള്ള ആളെ കിട്ടാൻ  എന്തെങ്കിലും വഴിയുണ്ടോ എന്ന് ശ്രീയെ വിളിച്ചു ചോദിക്കുകയായിരുന്നു. 

"ഒരു ആശാരിയുണ്ട്. പക്ഷെ ഭയങ്കര ഡിമാൻഡ് ആണ്. എന്തായാലും ഞാനൊന്ന്   വിളിച്ചു നോക്കട്ടെ."

 ഫോൺ വച്ചു കുറച്ചു കഴിഞ്ഞപ്പോൾ അവൻ തിരിച്ചു വിളിച്ചു.  

"എടാ അയാൾക്ക് നാളെ വർക്കുണ്ട്. രണ്ടു lock വച്ചാൽ മാത്രം മതിയെന്ന് പറഞ്ഞപ്പോൾ  രാവിലെ നിന്റെ അവിടെ വന്നിട്ട് പോവാന്ന് പറഞ്ഞു. "

"ലോക്ക് കൂടി കൊണ്ട് വരാൻ അയാളോട് പറയണമായിരുന്നു  ."

"അതൊക്കെ അയാൾ കൊണ്ട് വന്നോളും.  അതും കൂടി ചേർത്ത് ബില്ലടിക്കുമെന്നെ ഉള്ളു. എന്തായാലും  നിന്റെ നമ്പർ കൊടുത്തിട്ടുണ്ട്. അയാൾ  വിളിക്കും. "

ശ്രീജിത്ത് പറഞ്ഞത് പോലെ രാവിലെ കൃത്യം  7. 30 ആയപ്പോൾ ആശാരി വിളിച്ചു. അജു വഴി പറഞ്ഞു കൊടുത്തു. ഒരു ബൈക്കിലാണ് അയാൾ എത്തിയത്.  

"ചേട്ടാ ആ വീട്ടിലാണ്. നമുക്ക് അങ്ങോട്ട് പോകാം." 

അയാളെയും കൂട്ടി  അജു ആ ഗേറ്റിൽ എത്തിയപ്പോൾ ഒരു ഓട്ടോയിൽ നിർമലയും വന്നു. ആശാരിയെ അജു പരിചയപ്പെടുത്തി. നിർമല ആശ്ചര്യപ്പെട്ടു. കാരണം അജുവിൽ നിന്ന് അങ്ങനെ ഒരു നീക്കം അവർ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. 

"വലിയ ഉപകാരം അജു.... സത്യം പറയാലോ. ഇന്ന് ആരെയെങ്കിലും വിളിച്ച് ഡോർ നന്നാക്കണം എന്ന് വിചാരിച്ചു വരുവായിരുന്നു . "

"എന്നാൽ ഞാൻ പൊയ്ക്കോട്ടേ ആന്റി. ഡ്യൂട്ടിയ്ക്ക് പോവേണ്ടതാ. കിച്ചണിൽ കുറച്ചു ജോലി കൂടി ബാക്കിയുണ്ട്."

"മോൻ പൊയ്ക്കോ . ഇതിനി ആന്റി നോക്കിക്കോളാം."

അജു അടുക്കളയിൽ എത്തിയപ്പോൾ ഗൗരിയുടെ ഫോൺ വന്നു.  

"എന്താ ഇങ്ങോട്ട് വരാഞ്ഞേ? "

"വരുവായിരുന്നു. അപ്പോൾ തന്റെ അമ്മയും എത്തി. "

"അതിനിപ്പോ എന്താ?"

"എന്താന്ന് വച്ചാൽ  നമുക്ക് നമ്മുടേതായ  ഒരു ഫ്രീഡം കിട്ടില്ല....."

ഗൗരിയ്ക്ക് ചിരി വന്നു . 

"അയാൾ ജോലി തുടങ്ങിയോ?  "

"അതൊക്കെ ഫിറ്റ് ചെയ്തോണ്ടിരിക്കുവാ "

"അമ്മയെവിടെ? എന്തെങ്കിലും പറഞ്ഞോ?"

"ഇല്ല. അയാളെ വധിച്ചോ......ണ്ടിരിക്കുന്നു."

അജുവിന് ചിരിപൊട്ടി. അപ്പോൾ ശ്രീജിത്തിന്റെ കാൾ വന്നു. 

"നീ വച്ചോ. ശ്രീ വിളിക്കുന്നു. ആശാരി വന്നോ എന്നറിയാൻ  വിളിക്കുവായിരിക്കും."

ഗൗരി ഫോൺ വച്ചു. പിന്നെ അവളുടെ കാൾ അജുവിന്റെ ഫോണിലേക്ക് വരുന്നത് രാത്രിയാണ്. 

"അജുവേട്ടാ ഇന്നലെ രാത്രി അമ്മ വിളിച്ചപ്പോൾ പറഞ്ഞില്ലായിരുന്നോ വീട്ടിലേക്ക് ചെല്ലാന്ന്. ഞാനത്  ചോദിക്കാൻ വിട്ടുപോയി. ശനിയാഴ്ച പോകുന്നുണ്ടോ? "

"ഒന്ന് പോയിട്ട് വരാന്ന് വിചാരിക്കുന്നുണ്ട്. ഞാൻ ഇങ്ങോട്ട് പോരുമ്പോൾ എന്റെ ഏറ്റവും വലിയ ടെൻഷൻ അമ്മ അവിടെ തനിച്ചാവുമല്ലോയെന്ന ചിന്തയായിരുന്നു. എനിക്ക് ധൈര്യം തന്ന ആളാ.  പക്ഷെ ഇന്നലെ വിളിച്ചപ്പോൾ ഭയങ്കര ഡൗൺ ആയതു പോലെ തോന്നി. ഒന്ന് പോയി റീചാർജ് ചെയ്തിട്ട് വരാം..."

അജു തമാശയിൽ പറഞ്ഞു. പക്ഷെ ഗൗരിയ്ക്ക് സങ്കടം വന്നു. 

"ഞാൻ തനിച്ചാവും."

"ആന്റിയ്ക്ക്  day duty തുടങ്ങുവല്ലേ. ഇനി രാത്രി അമ്മയുണ്ടാവുമല്ലോ...."

"ചേട്ടൻ അവിടെ ഇല്ലാത്ത കാര്യം എനിക്ക് ചിന്തിക്കാൻ കൂടി  പറ്റുന്നില്ല ."

"ഒറ്റ ദിവസത്തെ കാര്യമല്ലേ ഉള്ളു മോളു  പിന്നെ ഞാൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ."

"എങ്കിൽ ഞാനും  പൊന്നോട്ടേ. കൂടെ? "

"കൊണ്ട് പോകണമെന്ന് ആഗ്രഹമൊക്കെ ഉണ്ട്. സമയമാവട്ടെ."

"അജുവേട്ടൻ പോകുന്ന കാര്യം ചിന്തിച്ച്  എന്റെ നെഞ്ചൊക്കെ വേദനിക്കുവാന്നെ ."

"ആണോ. എങ്കിൽ ഞാൻ വന്നു തലോടി തരട്ടെ? "

"വാ."

"അമ്പടി...... അതൊന്നും വേണ്ട എന്റെ കൊച്ച്  നല്ല കുട്ടിയായിട്ട് ഉറങ്ങിക്കോ. "

"എങ്കിൽ ഞാനങ്ങോട്ട് വരട്ടെ? "

"നിനക്ക് വട്ടായോ ? "

"ആയതാണോ . ആക്കിയതല്ലേ. എന്നിട്ട്  ഒന്നുമറിയാത്ത പോലെ സംസാരിക്കുന്ന നോക്ക്. "

അജുവിന്റെ കുസൃതി ചിരി ഗൗരി കേട്ടു. അവൾ ശാഠ്യം പിടിച്ചു. 

"ഇങ്ങോട്ട് വാ അജുവേട്ടാ....നമുക്ക് ഇന്നലത്തെ പോലെ കട്ടനൊക്കെ കുടിച്ച് കുറച്ചു നേരം ഇവിടെ ഇരിക്കാന്നേ...ഉറക്കം വരുമ്പോൾ പൊയ്ക്കോ."

"ആഗ്രഹമില്ലാഞ്ഞിട്ടാണോ . പക്ഷെ കുറച്ചു നേരം നിന്റെ അടുത്തിരുന്നിട്ട് പിരിയുന്ന ആ ഒരു സമയമുണ്ടല്ലോ.... താങ്ങാൻ പറ്റുന്നില്ലടി. എന്റെ ഹൃദയം മുറിയുന്ന വേദനയാ. ആ വേദന മാറാൻ പിന്നെയും   മണിക്കൂറുകളെടുക്കും. നിനക്കറിയോ. ഇന്നലെ ഞാൻ ഉറങ്ങീട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കുവാരുന്നു....."

"അതാ എന്റെയും അവസ്ഥ. "

"വേണ്ടാത്ത ചിന്ത ഒന്നും തോന്നല്ലേ ദൈവമേ എന്ന് പ്രാർത്ഥിച്ച്  എന്റെ  കുട്ടി ഉറങ്ങിക്കോ."

"ഉറക്കം വരണ്ടേ...."

"എങ്കിൽ ഞാൻ ഒരു പാട്ട് പാടി തരട്ടെ. പാട്ട് കേട്ട് ഉറങ്ങോ ? "

"അജുവേട്ടന് പാടാനൊക്കെ അറിയോ? "

"പിന്നേ.... എന്റെ പാട്ട് കേട്ടാൽ യേശുദാസ് ഡിസ്ട്രിക്ട് വിടും. "

"ചുമ്മാ.... എങ്കിൽ ഒരു പാട്ട് പാടിക്കേ."

"നിനക്കിഷ്ടമുള്ള  ഒരെണ്ണം പറഞ്ഞോ."

"പറയട്ടെ ? "

"പറയ്. എനിക്ക് അറിയുന്നതാണോന്ന് നോക്കട്ടെ. "

"എനിക്ക്  എത്ര കേട്ടാലും മതി വരാത്ത song ആണ് . Summer in bethlehem ലെ ഒരു രാത്രി കൂടി വിട വാങ്ങവേ....."

"പൊളിച്ചു..... നമ്മുടെ രണ്ടു പേരുടെയും ടേസ്റ്റ് ഏകദേശം ഒന്നാണല്ലോ മുത്തേ... "

"അതെന്താ. "

"എന്റെയും favorite സോങ് ആണിത്. ഇടയ്ക്ക് കുറേ നാൾ എന്റെ caller tune വരെ ഇതായിരുന്നു. "

"Ok. അപ്പോൾ തുടങ്ങിക്കോ."

കണ്ഠശുദ്ധി വരുത്തി അജു പാടി തുടങ്ങി. തന്റെ പ്രണയിനിയ്ക്ക് വേണ്ടി നല്ല ഫീലോടെ...  

"ഒരു രാത്രി കൂടി വിടവാങ്ങവേ.... 
ഒരു പാട്ടു മൂളി വെയിൽ വീഴവേ.... 
പതിയെ പറന്നെന്നരികിൽ വരും..... 
അഴകിന്റെ തൂവലാണ് നീ..................!

( തുടരും )


ഭാഗം - 8

വെള്ളിയാഴ്ച  രാത്രിയിലെ  ട്രെയിനിലാണ്  അജു നാട്ടിലേക്ക് തിരിച്ചത്. അവൻ വീട്ടിൽ എത്തുമ്പോൾ നേരം പുലർന്നിരുന്നു. 


തോളിൽ ബാഗും കയ്യിൽ കവറും  തൂക്കി തൊടി കയറി ചെല്ലുമ്പോൾ രമ്യ തൊഴുത്തിൽ നിന്നും പശുവിനെ അഴിച്ചു പുറത്തേക്കു കൊണ്ടു വരുന്നത് കണ്ടു.

"കുട്ടേട്ടനോ.... ഇതെന്താ ഇത്ര രാവിലെ ?"  അവൾ വിസ്മയത്തോടെ നോക്കി. 

"അതെന്താടി  എനിക്ക് രാവിലെ ഇങ്ങോട്ട് വരാൻ പാടില്ലേ?"

അത് കേൾക്കാൻ നിൽക്കാതെ അവൾ വീടിനു നേരെ നോക്കി ഉച്ചത്തിൽ  വിളിച്ചു കൂവി  :

"അമ്മായി.... ദേ കുട്ടേട്ടൻ വന്നൂ.... !"

"നിന്റെ ബഹളം കേട്ടാൽ തോന്നുമല്ലോ  വർഷങ്ങൾക്ക് മുന്നേ നാട് വിട്ടുപോയ ആൾ മടങ്ങി വന്നതാണെന്ന്..."

"അങ്ങനെ തന്നെയാ എനിക്ക് തോന്നണേ..."

അവൾ തിടുക്കത്തിൽ അടുത്ത് കണ്ട പുളി മരത്തിലേക്ക് പശുവിനെ കെട്ടിയിട്ടു അജുവിന്റെ പിന്നാലെ ചെന്നു. 

"ബാഗ് ഇങ്ങ് താ ഞാൻ പിടിക്കാം. "

"ഇതിൽ ഒന്നുമില്ലടി. എന്റെ കുറച്ചു മുഷിഞ്ഞ തുണികളാ."

"അതിനിപ്പോ എന്താ" ബാഗ് വാങ്ങി അവൾ തോളിൽ തൂക്കി. 

"നീയിവിടെ സ്ഥിരതാമസം ആക്കിയോ?"

മുന്നിൽ നടക്കുമ്പോൾ അജു കളിയായി  ചോദിച്ചു. 

"പിന്നേ... ഞാനല്ലേ ഈ വീടിപ്പോ ഭരിക്കുന്നെ."

"എന്റമ്മ ജീവനോടെ ഉണ്ടോ ആവോ ?"

"എന്റമ്മായി അല്ലെ.  ജീവൻ കളഞ്ഞാ ഞാൻ നോക്കണേ. അതിരിക്കട്ടെ എനിക്കെന്താ കുട്ടേട്ടൻ മേടിച്ചു കൊണ്ട് വന്നേ? "

"ഒന്നും വാങ്ങീല്ലടി...."

"ദുഷ്ടൻ...." രമ്യ പിറുപിറുത്തു. 

"ഞാൻ കരുതി തിരുവനന്തപുരത്ത് പോകുമ്പോഴെങ്കിലും ഈ പിശുക്കിത്തരം കുറച്ചു കുറയുമെന്നാ . ഇത് കൂടിയോ? "

"ശമ്പളം കിട്ടട്ടെ നിനക്ക് ഞാൻ ഒരു ജോഡി ഡ്രസ്സ് എടുത്തു തരാം...പോരെ? "

"ഡ്രസിന്റെ കളറിന് ചേരണ മാലയും വളയും കമ്മലും വേണം."

"ഇതാ കുഴപ്പം? സൂചി കയറ്റാൻ ഇടം തന്നാൽ നീ അവിടെ തൂമ്പ കയറ്റും."

"ഒരു വേലക്കാരിയെ നിർത്തിയാലേ  മാസം നല്ലൊരു തുക പോക്കറ്റീന്ന്  പോവും. ഇത് അത്രയൊന്നും വരില്ലല്ലോ."

"ഓ.... ആയ്കോട്ടെ. സമ്മതിച്ചു."

"അങ്ങനെ വഴിക്ക് വാ മോനെ."

രമ്യ വിജയിച്ചത്  പോലെ ചിരിച്ചു. 

അപ്പോഴേക്കും മാളുവമ്മ മുറ്റത്തേക്ക്  ഇറങ്ങി വന്നിരുന്നു. 

"എന്റെ കുട്ടി ക്ഷീണിച്ചു."

അജുവിനെ അവർ ചേർത്തു പിടിച്ചു:

"അവിടെ കഴിക്കലൊന്നും ഇല്ലേ നീയ് ?"

"ശരിയാട്ടോ. കുട്ടേട്ടന്റെ നിറവും മങ്ങിട്ടുണ്ട്."

രമ്യ ഏറ്റു പിടിച്ചു.

"ശരിക്കും കറുത്തോടി. "

അജു സ്വയം മുഖത്ത് വിരലോടിച്ചു. 

"ഇവിടുന്നു പോയപ്പോ ഇതിലും കളർ ഉണ്ടായിരുന്നു. അല്ലേ അമ്മായി. "

മാളുവമ്മ ചിരിച്ചു. 

"അത് നീ  ട്രെയിനിൽ ഒക്കെ ഇരുന്നു യാത്ര ചെയ്ത് വന്നതല്ലേടാ  അതിന്റെയാ.... നന്നായി ഒന്ന് തേച്ചു  കുളിക്കുമ്പോൾ നിറമൊക്കെ വന്നോളും . "

"രണ്ടു ദിവസം നിന്ന് ശരീരമൊക്കെ  

നന്നാക്കീട്ടെ പോകുന്നുള്ളൂ.... അമ്മ വന്നേ  എനിക്ക് വിശക്കുന്നു."

അജു കുളി കഴിഞ്ഞു വന്നപ്പോൾ മാളുവമ്മയും രമ്യയും ചേർന്ന് അവന് കഴിക്കാനുള്ളത് റെഡിയാക്കി മേശയിലേക്ക് എടുത്തു വയ്ക്കുകയായിരുന്നു.  അവൻ കഴിക്കുമ്പോൾ മാളുവമ്മ അടുത്തിരുന്നു വിളമ്പി കൊടുത്തു.  

അജു രമ്യയെ നോക്കി: "എന്റെ തുണിയൊക്കെ അലക്കി ഇട്ടാൽ നിനക്ക് ഞാനൊരു  സമ്മാനം തരാം...."

"എന്ത് സമ്മാനം? "

അവൾ മിഴികൾ വിടർത്തി. 

"അതൊക്കെ ഉണ്ട്. "

"നീ സമ്മാനം ഒന്നും കൊടുത്തില്ലേലും അവളതൊക്കെ കഴുകി ഇട്ടോളും...."

മാളുവമ്മ രമ്യയെ താങ്ങി. 

അജു ഇടതു കൈ നീട്ടി മേശമേൽ  ഇരുന്ന കവറിൽ നിന്നും ഒരു പൊതി എടുത്തു അവൾക്ക് കൊടുത്തു. അവൾ ആകാംഷയോടെ  തുറന്നു പരിശോദിച്ചു.  ഭംഗിയുള്ള കുറച്ചധികം ഡിസൈൻ വളകൾ. മോഡൽ കമ്മലുകൾ. പുതിയ ഫാഷൻ മാലകൾ. പൊട്ടിന്റെ  വെറൈറ്റി  കളക്ഷൻസ്. കണ്മഷി. എന്നിങ്ങനെ കുറച്ചധികം സാധനങ്ങൾ. പെണ്ണിന്റ മുഖം ഒരു പൂവ് പോലെ വിടർന്നു. 

"അമ്മായി ദേ നോക്കിയേ..."

ആഹ്ലാദത്തോടെ അവളത് മാളുവമ്മയെ കാണിച്ചു. അവളുടെ തെളിഞ്ഞ മുഖത്തേക്ക്  നിറഞ്ഞ മനസോടെ പുഞ്ചിരിയോടെ  അവർ നോക്കി. 

"നേരത്തെ നീ എന്നെ എന്താ വിളിച്ചേ? ദുഷ്ടൻ...  പിശുക്കൻ.... അല്ലേ?"

"സോറി കുട്ടേട്ടാ... തുണിയൊക്കെ ഞാൻ കഴുകി   ഇട്ടോളാം പോരെ?"

അവൾ ക്ഷമാപണം പോലെ പറഞ്ഞു. അജു മാളുവമ്മയെ നോക്കി. 

"അമ്മയ്ക്ക് ഒന്നും വാങ്ങിയില്ല. ഇതിൽ   കഴിക്കാൻ കുറച്ചു സാധങ്ങളുണ്ട്. അത്രേ ഉള്ളു. ശമ്പളം കിട്ടട്ടെ..."

"എനിക്കൊന്നും മേടിച്ചില്ലെങ്കിലും കുഴപ്പമില്ല . ഈ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ തന്നെ മനസ്സ്  നിറഞ്ഞു. കുറേ നാളായി അവളെന്നോട് പൊട്ടും വളയും വാങ്ങുന്ന കാര്യം പറയണു. പിന്നേ  അമ്മയ്ക്ക് നിന്നെ ഇങ്ങനെ അടുത്തൊന്നു  കണ്ടാൽ മാത്രം മതിയാരുന്നു..."

അവൻ കൈ കഴുകി അമ്മയുടെ നേര്യതിന്റെ തുമ്പിൽ കൈ തുടച്ചു കൊണ്ട് രമ്യയോട് പറഞ്ഞു.   

"ശമ്പളം കിട്ടുമ്പോ നിനക്ക് നീ പറയുന്ന മോഡൽ  ഡ്രസ്സ് എടുത്തു തരാം. കേട്ടോ? "

"കുട്ടേട്ടൻ എന്റെ മുത്താണ്...."

രമ്യയ്ക്ക് ഒന്ന് തുള്ളി ചാടാൻ തോന്നി. തുടർന്ന്  അജു കയറി കിടന്നു. മാളുവമ്മയെ ഉച്ചയൂണ് തയ്യാറാക്കാൻ  സഹായിച്ചിട്ട്  അജുവിന്റെ തുണികളും കഴുകി വിരിച്ചിട്ടാണ്  രമ്യ വീട്ടിലേക്ക് പോയത്. അജു ഉണർന്നപ്പോൾ  മൂന്നു മണി കഴിഞ്ഞിരുന്നു. അവൻ എണീറ്റു വരുന്നത് വരെ ഭക്ഷണം കഴിക്കാതെ മാളുവമ്മ കാത്തു.  

ഊണ് കഴിക്കുമ്പോൾ അവർ  പറഞ്ഞു. 

"വരുന്ന മീനത്തിനു മുൻപ് ചിന്നുവിന്റെ കല്യാണം നടത്തിയില്ലെങ്കിൽ പിന്നെ അവളുടെ ജീവിതത്തിൽ കല്യാണമേ ഉണ്ടാവില്ലന്നാണ് കോട്ടൂർ   ജോത്സ്യർ പറയുന്നേ. അവളുടെ ജാതകം നോക്കിയിട്ട് വനജയും വിജയനും  കൂടി ഇത് വഴി  വന്നിരുന്നു."

"മീനം വരെ എന്തിനാ കാക്കുന്നെ. അതിനു മുന്നേ നോക്കിക്കൂടെ ?"

അജുവിന്റെ സംസാരം ശ്രദ്ധിച്ച്  മാളുവമ്മ ഉത്സാഹത്തോടെ തുടർന്നു. 

"അത് ഞാനും പറഞ്ഞു അവരോട് . രണ്ടു ജാതകം കൂടി ചേരുന്ന അടുത്തൊരു മുഹൂർത്തം കണ്ടു പിടിക്കാൻ. നിനക്കിപ്പോൾ  ജോലിയും ആയല്ലോ. ഇനി മറ്റു തടസങ്ങൾ ഒന്നുമില്ല."

കഴിക്കുന്നത് നിർത്തി അജു സംശയത്തിൽ നോക്കി.

"അമ്മ എന്റെ കാര്യമാണോ പറയുന്നേ?"

"നിന്റെയും ചിന്നുവിന്റെയും കല്യാണകാര്യം. എന്താ മനസിലായില്ലേ?"

"അമ്മ എന്തു വിവരക്കേടാമ്മേ  ഈ പറയുന്നേ.  അവളെന്റെ കൂടപ്പിറപ്പല്ലേ. എന്റെ അനുജത്തി. അവളെ ഞാൻ കെട്ടാനോ. അങ്ങനെ ചിന്തിക്കാൻ കൂടി എനിക്ക് പറ്റില്ല."

അജുവിന്റെ ഭാവം മാറുന്നത് കണ്ടു മാളുവമ്മ പകച്ചു നോക്കി.

"എന്നോട് ചോദിക്കാതെ അമ്മ എന്തിനാ അവരോടു മുഹൂർത്തം നിശ്ചയിച്ചോളാൻ പറഞ്ഞേ ?"

"നിന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തീരുമാനിച്ച കാര്യാ ഇത്. അത് നിനക്കും അറിയുന്ന കാര്യമല്ലേ. അതിനി പ്രത്യേകം ചോദിക്കേണ്ട കാര്യമുണ്ടോ? "

അജു തിടുക്കത്തിൽ എണീറ്റു കൈ കഴുകി. മാളുവമ്മ അമ്പരന്നു നോക്കി:

"നീയെന്താ കഴിക്കാഞ്ഞെ?"

"എനിക്ക് വേണ്ട. നിറഞ്ഞു. "

"ഞാനീ പറയണ കേട്ടിട്ടാണോ?"

മറുപടി പറയാതെ മുറുകിയ മുഖത്തോടെ അവൻ മുറിയിലേക്ക് പോയി. കിടക്കയിൽ ചെന്നു വീണു. അവന് തല പെരുക്കുന്ന പോലെ തോന്നി. 

'കല്യാണംപ്രശ്ന'ത്തിൽ നിന്നും എങ്ങനെ തലയൂരും? അറിയാമായിരുന്നു എന്നെങ്കിലും ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമെന്ന്.  പക്ഷെ അതിത്ര പെട്ടന്ന് സംഭവിക്കുമെന്ന് കരുതിയില്ല.  വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല. ഇതൊരു കുരുക്കാണ്.  അഴിക്കും തോറും മുറുകുന്ന വലിയൊരു കുരുക്ക്. ഒരു സൂചനയെങ്കിലും  കിട്ടിയിരുന്നെങ്കിൽ ഇപ്പോ തിരക്കിട്ട്  ഇങ്ങോട്ട്  വരില്ലായിരുന്നു.  ഇനി എന്തു ചെയ്യും ?

അപ്പോഴേക്കും മാളുവമ്മ മുറിയിലേക്ക് കയറി വന്നു. 

"മോനെ... എന്റെ കുട്ടി അമ്മ പറയുന്നത്  സമാധാനമായി കേൾക്ക്. നിങ്ങളുടെ കുഞ്ഞിലെ ഞങ്ങൾ എല്ലാരും കൂടി തീരുമാനിച്ചതല്ലേ ഈ കല്യാണം. പറഞ്ഞു പറഞ്ഞു ഈ നാട്ടിലെ ഓരോ പുൽകൊടിക്കു പോലും അറിയാം ചിന്നു നിനക്കുള്ളതാണെന്ന് . അതൊക്കെ കേട്ടു ആ കൊച്ച്  ഒരുപാട് ആശിച്ചു നിൽകുവാ. നീയായിട്ട് അവളെ കരയിപ്പിക്കരുത്. അതൊരു പാവമാ."

"ഞങ്ങളുടെ കുട്ടിക്കാലത്തു അങ്ങനെ പലതും പറഞ്ഞിട്ടുണ്ടാവും. അതൊക്കെ കുട്ടികളി  ആയിട്ടേ ഞാൻ കൂട്ടീട്ടുള്ളു. എനിക്ക് അറിവായപ്പോൾ മുതൽ ഞാനവളെ അങ്ങനല്ലമ്മേ  കണ്ടിരിക്കുന്നെ. എന്റെ കൂടപ്പിറപ്പിനെ പോലെയാ. മറിച്ചു കാണാൻ എന്നെ കൊണ്ടു പറ്റുന്നില്ല. ഞാൻ എന്താ ചെയ്യാ. അമ്മയെങ്കിലും എന്നെയൊന്ന്  മനസിലാക്ക്. "

മാളുവമ്മ ധർമ്മസങ്കടത്തിലായി  :

"വിജയനോടും വനജയോടും ഇനി എന്തു പറയും ?അവര് കല്യാണം ഉറപ്പിക്കാൻ തയ്യാറായി നിൽകുവാ. ആലോചിച്ചിട്ട് എന്റെ തലചുറ്റുന്നു."

"അവൾക്കു പറ്റിയ നല്ലൊരു ബന്ധം നമുക്ക് കണ്ടു പിടിച്ചു കൊടുക്കാം. കല്യാണവും നടത്തി കൊടുക്കാം. അതു പോരെ?"

"ആ കൊച്ചിനെ കുറിച്ചു ആലോചിച്ചാ എനിക്ക് പേടി. യാതൊരു കാപട്യവും അറിയാത്ത ഒരു ശുദ്ധയാ  അത്. ഇതെങ്ങാനും അറിഞ്ഞാൽ  അത് വല്ല കടുംകൈയും ചെയ്യും."

"ഒന്നുമില്ല. അവളെ ഞാൻ  പറഞ്ഞു മനസിലാക്കിക്കോളാം . അമ്മാവനോടും അപ്പച്ചിയോടും ഞാൻ പറഞ്ഞോളാം. അവർക്ക് എന്നെ  മനസിലാവും." 

"എന്തോ ആപത്തു വരാൻ പോകുന്നുവെന്ന് എന്റെ മനസ് പറയുന്നു. എന്റെ തേവരെ ഞാനിനി  എന്തു ചെയ്യും."

മാളുവമ്മ തളർന്നത് പോലെ തലയിൽ കൈ ചേർത്തു.  അജു അമ്മയുടെ ചുമലിൽ പിടിച്ചു  എന്തോ പറയാൻ തുടങ്ങുമ്പോൾ  പുറത്തു നിന്നും വനജയുടെ "നാത്തൂനേ... " എന്ന വിളി കേട്ടു.  പേടി കിട്ടിയത് പോലെ മാളുവമ്മ നടുങ്ങി. 

"വനജയല്ലേ അത്.."

കട്ടിലിൽ നിന്നും അവർ പിടച്ചെണീറ്റു. അജുവിന്റെ കൈകൾ കൂട്ടി പിടിച്ചു:

"എന്റെ പൊന്നു മോനേ.... നീ ഇപ്പോ അവരോടു ഒന്നും പറയാൻ നിൽക്കരുതേ.  നീ പോയിട്ട് ഞാൻ പതിയെ ഇക്കാര്യം   പറഞ്ഞു മനസിലാക്കിക്കോളാം."

"അമ്മ എന്തിനാഅമ്മേ  ഇങ്ങനെ പേടിക്കണേ. ഞാനെന്താ വല്ല കൊലകുറ്റവും ചെയ്തിട്ട് വന്നതാണോ . ഞാൻ ആരെ കല്യാണം കഴിക്കണമെന്ന് ഞാനല്ലേ....."

 ഇടനാഴിയിൽ വസ്ത്രം ഉലയുന്ന ശബ്ദം കേട്ട്  മാളുവമ്മ തിടുക്കത്തിൽ അവന്റെ വായ് പൊത്തി. 

"ഇവിടെ ആരും ഇല്ലേ ?" എന്നു ചോദിച്ചു അപ്പോഴേക്കും വനജ അവിടേയ്ക്ക്  വന്നു.   

"വനജയാണോടി?"

നേര്യേതിന്റെ തുമ്പ് ഉയർത്തി  മുഖം തുടച്ചിട്ട് മാളുവമ്മ മുറിക്കു പുറത്തേക്കു ഇറങ്ങി. 

"ആളും അനക്കവും ഒന്നുമില്ല. വാതിൽ തുറന്നിട്ടിട്ട് നിങ്ങളൊക്കെ ഇതെവിടെ പോയെന്നു നോക്കുവാരുന്നു ഞാൻ."

"ഞാനിവിടെ ചെറുക്കനോട് സംസാരിച്ചിരിക്കുവായിരുന്നു."

"എന്നിട്ട് അവനെവിടെ?"

"ഞാനിവിടെ ഉണ്ട് അപ്പച്ചി. "

അജു വാതിൽക്കലേക്ക് വന്നു:

"അപ്പച്ചി ഒറ്റക്കാ വന്നേ ?"

"അല്ലടാ വിജയേട്ടനും ഉണ്ട്.ദേ..... വരാന്തയിൽ ഇരിക്കുന്നു."

അജു വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ വനജ മാളുവമ്മയ്ക്കൊപ്പം അടുക്കളയിലേക്ക് പോയി. അന്നത്തെ ന്യൂസ് പേപ്പർ മറിച്ചു നോക്കുകയായിരുന്നു വിജയൻ നായർ.  അജുവിനെ കണ്ടു അയാൾ വാത്സല്യത്തോടെ ചിരിച്ചു കൊണ്ടു പേപ്പർ മടക്കി വച്ചു.  

"ജോലിയൊക്കെ എങ്ങനെയുണ്ട് കുട്ടാ?" 

"കുഴപ്പമില്ല അമ്മാവാ?"

അജു വന്നു അരപ്ളേസിൽ ഇരുന്നു. 

"അവിടുത്തെ താമസം ഒക്കെ എങ്ങനെ?"

"ചെറിയൊരു വീട് വാടകയ്ക്ക് എടുത്തു. വാടക കുറവാണ്. അതുകൊണ്ടു കുഴപ്പമില്ല."

"ഭക്ഷണമൊക്കെ?"

"ഹോട്ടൽ ഭക്ഷണം ശരിയാവില്ല. അതുകൊണ്ട് ഞാൻ തനിയെ  വച്ചുണ്ടാക്കും."

"അതാണ് നല്ലത്. രുചി കുറച്ചു കുറഞ്ഞാലും രോഗമൊന്നും വരില്ലല്ലോ."

അവർ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ചായയുമായി വനജ ഇറങ്ങി വന്നു. പിന്നാലെ ഒരു പ്ളേറ്റിൽ കായ വറുത്തതും  മിസ്ച്ചറുമായി മാളുവമ്മയും വന്നു. സംസാരിച്ചിരിക്കുന്ന കൂട്ടത്തിൽ വനജ, വിജയൻനായരെ നോക്കി  'വന്ന കാര്യം പറയാൻ' കണ്ണ് കാണിച്ചു.  

അയാൾ ഒന്ന് മുരടനക്കി. പിന്നെ തുടർന്നു :

"അതേ കുട്ടാ... ഞങ്ങൾ വന്നത് നിന്നെ കണ്ടു ഒരു കാര്യം തീരുമാനിക്കാനാണ്. ഒപ്പോളോട് സംസാരിച്ചപ്പോൾ നീ വന്നിട്ട് തീരുമാനിക്കാംന്ന് പറഞ്ഞു."

"എന്റെയും ചിന്നുവിന്റെയും കല്യാണകാര്യത്തെ കുറിച്ചല്ലേ? അമ്മ പറഞ്ഞു. ഞങ്ങൾ ഇപ്പോൾ അതേ കുറിച്ച് സംസാരിക്കുവാരുന്നു. ഞാൻ പറയുന്നത് അമ്മയ്ക്ക് മനസിലാവുന്നില്ല. പക്ഷെ അമ്മാവനും അപ്പച്ചിയും   എന്നെ മനസിലാക്കും എന്ന് ഞാൻ കരുതുന്നു."

അരുതേ എന്ന് മാളുവമ്മ കണ്ണ് കാണിക്കുന്നത് അജു ശ്രദ്ധിച്ചില്ല. ഒന്നും മനസിലാവാതെ വിജയനും വനജയും തങ്ങളിൽ നോക്കി. 

"നീയെന്താ പറഞ്ഞു വരുന്നത്." വിജയൻ നായർ ചോദിച്ചു. 

"അമ്മാവാ... ഞാനും ചിന്നുവും ഒരുമിച്ചു കളിച്ചു വളർന്നവരാ. എനിക്കൊരു കൂടപ്പിറപ്പില്ല. അത് കൊണ്ട് തന്നെ അവളെ ഞാനെന്റെ കുഞ്ഞു പെങ്ങളെ പോലെയാണ് കണ്ടിരുന്നത്. അങ്ങനെ ഒരിഷ്ടം മാത്രേ എനിക്കവളോടുള്ളൂ . ഒരു ഭാര്യയുടെ സ്ഥാനത്ത്  എനിക്കവളെ കാണാൻ ബുദ്ധിമുട്ടുണ്ട് . "

"ആ പഷ്ട്.... " വനജയുടെ പുച്ഛം കലർന്ന ഒച്ച. പരിഹാസത്തോടെ അവർ അജുവിനെയും മാളുവമ്മയേയും ഒന്ന് നോക്കി. പിന്നെ വിജയൻ നായരുടെ നേരെ തിരിഞ്ഞു. 

"നിങ്ങൾക്ക് കാര്യം മനസിലായില്ലേ മനുഷ്യ...... നമ്മുടെ മോളേ കെട്ടാൻ ഇവനിപ്പോ  താല്പര്യം ഇല്ലെന്ന്."  

"അപ്പച്ചി... നിങ്ങൾ വിചാരിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ. എന്റെ മനസിൽ അവൾക്കുള്ള സ്ഥാനം...."

അവനെ തുടരാൻ വനജ സമ്മതിച്ചില്ല.  

"കൊള്ളാടാ... നന്നായിട്ടുണ്ട്. അല്ല, സർക്കാർ ജോലി കിട്ടി തിരുവനന്തപുരം വരെ പോയിട്ട് വന്നപ്പോഴാണോ നിനക്ക് ചിന്നു അനുജത്തിയായത്? അല്ല എനിക്ക് അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ. ഞങ്ങൾക്കീ വിവരവും വിദ്യാഭ്യാസവും സർക്കാരുദ്യോഗവുമൊന്നും ഇല്ലേ... " പരിഹസിക്കുന്ന രീതിയിൽ വനജ  ചിറി കോട്ടി. 

അജുവിന്റെ മുഖം കടുത്തു.  വനജ മാളുവമ്മക്ക്  നേരെ തിരിഞ്ഞു:

"നാത്തൂനൊന്നും പറയാനില്ലേ?"

മാളുവമ്മ നിന്ന് ദഹിക്കുകയായിരുന്നു. ഭൂമി പിളർന്നു താഴേക്കു പോകാൻ അവർ കൊതിച്ചു. 

"എന്താ നിങ്ങളുടെ നാവിറങ്ങി പോയോ  .  സർക്കാർ ഉദ്യോഗം കിട്ടി തിരുവനന്തപുരത്ത് പോയിട്ട് വന്നപ്പോൾ എന്റെ മോൾക്ക് ചന്തം പോരാന്ന് ഇവൻ പറഞ്ഞോ . അതോ കൂടെ ജോലി ചെയ്യുന്ന  പെണ്ണുങ്ങൾടെ അത്രയും പഠിപ്പും പത്രാസും എന്റെ മോൾക്ക് ഇല്ലെന്ന് ഇവന് തോന്നി തുടങ്ങിയോ.  എന്ത് തന്നെ ആയാലും  നാത്തൂനെ നിങ്ങൾ വന്നവഴി മറക്കരുത്. ഇത്രയും നാളും എന്റെ കുഞ്ഞിനെ നിങ്ങള് രണ്ടും കുടി പറഞ്ഞു പറ്റിക്കുവാരുന്നു. ശമ്പളം കൊടുക്കാതെ നിങ്ങൾക്ക് ഒരു വേലക്കാരിയെ വേണമായിരുന്നു."

"അപ്പച്ചി വെറുതെ അനാവശ്യം പറയരുത്." അജുവിന്റെ ഒച്ച ഉയർന്നു. 

"നിനക്ക് കാണിക്കാം. എനിക്ക് പറഞ്ഞൂട അല്ലേടാ?" വനജയുടെ സമനില തെറ്റി. 

അവരുടെ കണ്ണിൽ  കനലെരിഞ്ഞു : "ഇത്രേം നാളും എന്റെ പെങ്കൊച്ചിനെ കെട്ടുമെന്ന് അമ്മേം മോനും കൂടി ഈ നാട് മൊത്തം പറഞ്ഞു നടന്നു നാറ്റിച്ചിട്ട്, വേറേതോ പുളിങ്കൊമ്പ് കിട്ടിയപ്പോൾ എന്റെ മോളെ വേണ്ട അല്ലേ?"

അജു ഇടയ്ക്ക് കയറി. 

"ആര് പറഞ്ഞു നടന്നു ഞാനോ? വേണ്ടാത്തത് പറയരുത്. ഞാൻ ആരോടും പറഞ്ഞിട്ടില്ല. നിങ്ങളൊക്കെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതെന്റെ തെറ്റല്ല. ഒരിക്കലെങ്കിലും നിങ്ങൾ ആരെങ്കിലും എന്റിഷ്ടം ചോദിച്ചിട്ടുണ്ടോ. കല്യാണം എന്ന് പറയുന്നത് രണ്ടു പേര് തമ്മിൽ മനസ്സ് കൊണ്ട് ഒന്നിക്കുന്നതാ. എന്റെ മനസ്സിൽ അവളെന്റെ അനുജത്തിയാ. മറ്റൊരു കണ്ണിൽ എനിക്കവളെ കാണാൻ പറ്റുന്നില്ല. അതെന്റെ തെറ്റാണോ."

അജുവിന് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു. മാളുവമ്മയ്ക്ക് ജീവൻ വച്ചു. 

"എന്തിനാ വനജേ  വെറുതെ സംസാരിച്ചു വഷളാക്കുന്നത്... അവന്റെ മനസു  കൂടി നിങ്ങളൊന്നു മനസിലാക്ക്. "

വനജ കനത്ത മുഖത്തോടെ നോക്കി. 

"ഇനി എന്തോന്ന് വഷളാവാൻ. നിങ്ങള് അമ്മേം മോനും നടത്തിയ പേറോട്ട്  നാടകത്തിൽ എന്റെ മോള് കരുവായെന്ന് പറഞ്ഞാൽ മതി. ഒടുവിൽ  കറിവേപ്പില പോലെ അവളെ എടുത്തു കളഞ്ഞു. ഇവൻ മാറിയത് മനസിലാക്കാം. നിങ്ങളുടെ മാറ്റം ആണ് അതിശയം.  ഒരാൾക്ക് ഇത്ര പെട്ടന്ന് നിലപാട് മാറ്റാൻ പറ്റുമോ. എന്റെ കുഞ്ഞ് അമ്മായിയെ പോലെഅല്ല സ്വന്തം അമ്മയെ പോലെയാ  നിങ്ങളെ നോക്കിയേ. എന്നേക്കാൾ ഇഷ്ടം അവൾക്ക് നിങ്ങളോടായിരുന്നു. അതിനുള്ള പ്രതിഫലം  നിങ്ങൾ  കൊടുത്തില്ലേ. സന്തോഷായി നാത്തൂനേ. തൃപ്തിയായി."

മാളുവമ്മയ്ക്ക് സങ്കടം വന്നു. 

"ചിന്നുനെ നീ പ്രസവിച്ചുന്നെ ഉള്ളൂ. അവൾ വളർന്നത് ഇവിടെയാ. പിള്ളേരുടെ മനസ്സറിയാതെ നമ്മൾ പല തീരുമാനവും എടുത്തു. കുട്ടന് അവളെ പെങ്ങളെ പോലെ കാണാൻ പറ്റുന്ന് പറഞ്ഞാൽ പിന്നെ ഞാൻ എന്താ ചെയ്യാ. നിർബന്ധിച്ചു ചെയ്യിക്കാൻ പറ്റിയ ഒന്നാണോ ഇത്. ഒരുമിച്ചു ജീവിക്കേണ്ടത് അവരല്ലേ. തീരുമാനിക്കേണ്ടത് അവരല്ലേ... എനിക്ക് കാല് പിടിക്കാനല്ലേ  പറ്റു. എന്നിട്ടും കേട്ടില്ലെങ്കിൽ  പിന്നെ എനിക്ക് എന്ത് ചെയ്യാൻ പറ്റും. നീ പറ. "

"അത് കൊള്ളാം. ഇനി ഞാൻ പറയണോ " വനജ മുഖം വെട്ടിതിരിച്ചു. 

മാളുവമ്മ വിജയൻ നായരേ നോക്കി. 

"വിജയാ... നമുക്ക് ചിന്നുന് വേണ്ടി മറ്റൊരു നല്ല ബന്ധം നോക്കാം. എല്ലാർക്കും കൂടി ഭംഗിയായി അവളുടെ കല്യാണം നടത്താം. വെറുതെ തമ്മിൽ വഴക്കിട്ടിട്ട് എന്തിനാടാ?"

 അതിന്റെ ബാക്കി പോലെ  അജു പറഞ്ഞു. "അമ്മാവാ... കല്യാണത്തിന് ഞാനും സഹായിക്കാം. നമുക്ക് വരുന്ന മീനത്തിനു മുൻപ് അവളുടെ കല്യാണം ആഘോഷമായിട്ട് നടത്താം. എന്തിനും ഞാൻ കൂടെ ഉണ്ടാവും."

 മറുപടി പറഞ്ഞത് വനജയാണ്.  

"എന്റെ മോളുടെ കല്യാണം നടത്താൻ ഗതിയില്ലാത്തത് കൊണ്ട്  നിങ്ങളുടെ മുന്നിൽ പിച്ചയെടുക്കാൻ വന്നതല്ല ഞാൻ. അവളേ  അനാഥയല്ല. അവളുടെ കല്യാണം എങ്ങനെ നടത്തണമെന്ന് ഞങ്ങൾക്കറിയാം. അതിനു നിങ്ങൾ അമ്മേടേം മോന്റേം ഓശാരം ഞങ്ങൾക്ക് ആവശ്യമില്ല ."

എല്ലാം കേട്ടു തലകുമ്പിട്ടിരിക്കുന്ന വിജയൻ നായരുടെ മുന്നിലേക്ക് വനജ ചെന്നു: "നിങ്ങളെന്തോന്നാ മനുഷ്യ ഇതൊക്കെ കേട്ടു മിണ്ടാതിരിക്കുന്നെ. സമാധാനം ആയില്ലേ. ഇനി ഇറങ്ങിക്കൂടെ ?"

"വനജേ വഴക്കിട്ടു പോവരുത്." മാളുവമ്മ തടയുമ്പോലെ  അടുത്തേക്ക് ചെന്നു. 

"എന്റെ കുഞ്ഞിന്റെ കണ്ണീര് വീണു ഈ കുടുംബം നശിക്കാതിരിക്കാൻ നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്ക്." ഓർമിപ്പിച്ചിട്ട്  വനജ പുറത്തേക്കു നടന്നു:

"വിജയേട്ടാ നിങ്ങൾ വരുന്നുണ്ടോ.... ഞാൻ പോകുവാ."

വിജയൻ നായർ എണീറ്റു. 

"ഇറങ്ങുവാ  ഓപ്പോളേ... " മുഖത്തു നോക്കാതെ അയാൾ അത്ര മാത്രം പറഞ്ഞു.  

"വിജയാ അവളൊരു എടുത്തു ചാട്ടക്കാരിയാ പറയുന്നത് എന്താണെന്ന് പെട്ടന്നവൾക്ക്  മനസിലാവില്ല. നീയെങ്കിലും ഞങ്ങൾ പറയുന്നതൊന്ന് കേൾക്ക്." മാളുവമ്മയുടെ കണ്ഠം ഇടറി. അത് കേൾക്കാൻ നിൽക്കാതെ അയാൾ പടിയിറങ്ങി.   

ചവിട്ടി മെതിച്ചു  പോകുന്ന വനജയുടെ പിന്നാലെ വിജയൻനായർ പതിയെ നടന്നു പോകുന്നത് മാളുവമ്മ കണ്ണീരോടെ നോക്കി നിന്നു. 

(തുടരും)


ഭാഗം - 9

കുളികഴിഞ്ഞു നിലകണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഒരുങ്ങുകയായിരുന്നു രമ്യ. കുട്ടേട്ടൻ വന്നതറിഞ്ഞ്  കല്യാണകാര്യം സംസാരിക്കാൻ വടക്കേപ്പാട്ട് പോയിരിക്കുകയാണ് അച്ഛനും അമ്മയും. അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ സ്വപ്നം യാഥാർഥ്യമാകുവാൻ പോകുന്നു. 


ഇടയ്ക്ക് കുട്ടേട്ടൻ മുഖം കറുപ്പിച്ചു   നടന്നപ്പോഴും അമ്മായി തന്ന ഉറപ്പായിരുന്നു  ആകെയുള്ള  പ്രതീക്ഷ. കുട്ടന്റെ പെണ്ണായി വടക്കേപ്പാട്ട്  വീടിന്റെ പടി കയറുന്നത് ചിന്നു ആയിരിക്കുമെന്നുള്ള  ഉറപ്പ്. എങ്കിലും മനസിന്റെ ഉള്ളിൽ ഒരു അങ്കലാപ്പുണ്ടായിരുന്നു. മറ്റാരെയോ കുട്ടേട്ടൻ പ്രണയിക്കുന്നു എന്നായിരുന്നു ധാരണ. എന്നാൽ തിരുവനന്തപുരത്ത് പോയി വന്നപ്പോൾ  ആളാകെ മാറിയിരിക്കുന്നു.  തനിക്കായി സമ്മാനപൊതി കൊണ്ട് വന്നിരിക്കുന്നു. പഴയത് പോലെ സ്നേഹമായി ചിരിക്കുകയും  സംസാരിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഒരു ജോലി ഇല്ലാഞ്ഞത്  ആയിരുന്നിരിക്കണം പാവത്തിന്റെ  പ്രശ്നം. 

താൻ എന്തൊക്കെ  തെറ്റിദ്ധരിച്ചു. ഇപ്പോൾ കാർമേഘം മാഞ്ഞു ആകാശം തെളിഞ്ഞിരിക്കുന്നു. മരങ്ങൾ പൂവിടുകയും വർണത്തുമ്പികൾ പാറിപറക്കുകയും ചെയ്തിരിക്കുന്നു.  താൻ ആഗ്രഹിച്ചത് പോലെ പ്രതീക്ഷിച്ചത് പോലെ സ്വപ്നം കണ്ടത് പോലെ കുട്ടേട്ടനുമൊത്തൊരു  ജീവിതം തുടങ്ങുവാൻ  പ്രകൃതിപോലും തയ്യാറെടുത്തിരിക്കുന്നു.  ഇനി ജാതകം നോക്കി തീയതി മാത്രം നിശ്ചയിച്ചാൽ മതി. തേവരുടെ മുന്നിൽ കതിർമണ്ഡപത്തിൽ സർവ്വാഭരണ വിഭൂഷിതയായി അജുവിന്റെ ഒപ്പം ഇരിക്കുന്ന രംഗം രമ്യയുടെ അകതാരിൽ   തെളിഞ്ഞു വന്നു. ആ ഓർമതന്നെ കുളിരണിയിക്കുന്നു. ഇനി കുട്ടേട്ടന്റെ ഒപ്പം പ്രണയസുന്ദരമായ ദിനങ്ങൾ !

"പുടമുറി കല്യാണം... ദേവീ...  എനിക്കിന്ന് മാംഗല്യം...." എന്ന് റെഡിയോയിൽ ചിത്ര മനോഹരമായി പാടുന്നു. 

ദാവണി ഞൊറിയിട്ട് ഉടുക്കുമ്പോൾ ആ പാട്ടിനൊപ്പം  രമ്യയും   മൂളുന്നുണ്ടായിരുന്നു. അജു  കൊടുത്ത പൊതി അവൾ മേശമേൽ തുറന്നു വച്ചു. അതിൽ നിന്നും കമ്മലുകളിൽ ഒരെണ്ണം തെരഞ്ഞു പിടിച്ചു കാതിൽ കോർത്തു. അതിന് ചേരുന്ന മാല എടുത്തു കഴുത്തിലണിഞ്ഞു. കണ്ണിൽ മഷി എഴുതി. നെറ്റിയിൽ ഒരു ചുവന്ന പൊട്ട് ഒട്ടിച്ചു വച്ചു.  മുറ്റത്തെ കുറുമൊഴിയിൽ നിന്നും പൊട്ടിച്ച പൂക്കൾ കൊരുത്ത മാല മുടിയിൽ തിരുകി. കണ്ണാടിയിൽ നോക്കി ഒരിക്കൽ കൂടി ചന്തം ആസ്വദിച്ചു. ദാവണി തുമ്പിൽ പിടിച്ചു പാട്ടിന്റെ താളത്തിൽ ഒന്ന് വട്ടം കറങ്ങി. 

പിന്നെ റേഡിയോ ഓഫ് ചെയ്തു നേരെ  പുറത്തേക്ക്. അപ്പോൾ വനജ  ഒതുക്ക് കയറി മുറ്റത്തേക്ക് വന്നു. ആരോടോഒക്കെയുള്ള പകയും ദേഷ്യവും അവരുടെ മുഖത്ത് നിറയുന്നു. 

"എങ്ങോട്ടാടി അണിഞ്ഞൊരുങ്ങി?" അവളെ കണ്ട് അവർ  കലിയോടെ ചോദിച്ചു. 

"അമ്മായീടെ വീട്ടിലേക്ക്." രമ്യ പറഞ്ഞു. 

"ഒരമ്മായി... " വനജ പല്ല് ഞരിച്ചു:

"നിന്റെ അമ്മായി എന്താ അവിടെ പെറ്റു കിടക്കുന്നോ  അങ്ങോട്ട് കെട്ടിയെഴുന്നെള്ളാൻ....ദേ  ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ആ പേരിനി  ഈ വീട്ടിൽ നീ മിണ്ടി പോകരുത്. നിർത്തിക്കോ. ഇന്നത്തോടെ നിർത്തിക്കോ. ഇനി ആ വീടുമായിട്ട് ഒരു ബന്ധവും വേണ്ട. വാക്കിനു നെറിയില്ലാത്ത പരിഷകൾ. ഫൂ...!" 

വനജ മുറ്റത്തേക്ക്  നീട്ടി തുപ്പി. രമ്യ ഒന്നും മനസിലാവാതെ അമ്പരന്ന് നോക്കി. 

"വനജേ... !" പിന്നിൽ എത്തിയ വിജയൻ നായർ താക്കീത് പോലെ വിളിച്ചു. 

"എന്തുവാ വനജയ്ക്ക്?" വനജ കനലെരിയുന്ന മിഴികളോടെ അയാളെ  നോക്കി:

"ഇത്രയും നേരം നിങ്ങളുടെ അണ്ണാക്കിൽ പിരി വെട്ടി കിടക്കുവായിരുന്നോ?  അവൻ പറയുന്നത് കേട്ടു തലക്കുമ്പിട്ട് ഒറ്റയിരിപ്പ് ഇരുന്നല്ലോ . ഒരു വാക്ക് നിങ്ങൾ മറുത്ത് പറഞ്ഞോ. ഇപ്പോ ഈ ഒച്ച എവിടുന്നു വന്നു? എന്റെ ഏട്ടൻ അവിടെ ഉണ്ടായിരുന്നെങ്കിലേ  അവന്റെ കരണകുറ്റി നോക്കി രണ്ടു കൊടുത്തേനെ. എനിക്കിങ്ങനെ നാണം കെട്ട്  ഇറങ്ങി വരേണ്ടി വരത്തില്ലായിരുന്നു.... 

ഇപ്പോൾ അവിടെ ഉള്ളത് നിങ്ങളുടെ പെങ്ങളും അവരുടെ മോനുമാ. അതുകൊണ്ടല്ലേ അറക്കുറ്റി പോലെ നിങ്ങളവിടെ ഇരുന്നിട്ട് വന്നേ. വാക്കിന് നെറിയില്ലാത്ത നാണം കെട്ട  ജന്മങ്ങൾ. അവറ്റകളുടെ അടുത്തേക്ക് ഇനിയെന്റെ മോള് പോവണ്ട. പോവാൻ ഞാൻ സമ്മതിക്കേമില്ല."

"മിണ്ടരുത് നീ." വിജയൻ നായർ കണ്ണുരുട്ടി :

"അവൻ വേണ്ടാന്ന് പറഞ്ഞാൽ പിന്നെ ഞാനവന്റെ കാലു പിടിക്കണോടി. ഇവൾക്കെന്താ വേറെ ചെറുക്കനെ കിട്ടില്ലേ? അതോ ഈ ലോകത്ത് ആണായിട്ട് അവനെ മാത്രേ നീ കാണുന്നുള്ളോ? എന്ത് ചെയ്യണമെന്ന് എനിക്കറിയാം. നീ എന്നെ പഠിപ്പിക്കാൻ നിൽക്കല്ലേ..."

രമ്യ പകച്ചു നോക്കി. 

"എന്നാ നിങ്ങളൊന്ന് നടത്തി കാണിക്ക്... കാണട്ടെ നിങ്ങളുടെ മിടുക്ക്. "

വെല്ലുവിളിക്കുമ്പോലെ പറഞ്ഞിട്ട് രമ്യയെ ഉന്തി മാറ്റി വനജ അകത്തേക്ക് ചാടി കയറി പോയി. 

"എന്താച്ഛാ ഇതൊക്കെ? എന്തൊക്കെയാ നിങ്ങളീ പറയുന്നേ?" സങ്കടത്തോടെ രമ്യ വന്നു വിജയൻ നായരുടെ കയ്യിൽ പിടിച്ചു. അയാൾ  അലിവോടെ  അവളുടെ നെറുകിൽ തലോടി

"മോള് വിഷമിക്കരുത്. എന്റെ കുട്ടീടെ കല്യാണം അച്ഛൻ അന്തസായിട്ട് നടത്തും. അതിപ്പോ ആരൊക്കെ ഇല്ലെങ്കിലും." അയാൾക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു. മകളുടെ മുന്നിൽ നിന്ന് കരയാതിരിക്കാൻ അയാൾ പണിപ്പെട്ടു. 

"എനിക്കൊന്നും മനസിലാവുന്നില്ലച്ഛാ..... എന്താ പ്രശ്നം. അമ്മയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടണേ. എന്നോടെന്തിനാ വടക്കേപ്പാട്ട് പോവണ്ടാന്ന് പറയണേ?" രമ്യ വിതുമ്പി. 

"ഒന്നുമില്ല. മോളിപ്പോ എങ്ങോട്ടും പോവണ്ട. അകത്തേക്ക് ചെല്ല്. അച്ഛൻ പറയുന്ന കേൾക്ക്." അയാളെ ഒന്ന് നോക്കിയിട്ട് അവൾ മനസില്ലാ മനസോടെ  അകത്തേക്ക് നടന്നു. കുട്ടേട്ടൻ  എത്തിയെന്ന്   താൻ വന്നു പറഞ്ഞപ്പോഴാണ് അച്ഛനും അമ്മയും വടക്കേപ്പാട്ട് പോയത്. അങ്ങോട്ട് സന്തോഷത്തോടെ പോയിട്ട് ഇത്രയും കലിയോടെ തിരിച്ചു വരണമെങ്കിൽ എന്തോ അരുതാത്തത് അവിടെ സംഭവിച്ചിട്ടുണ്ട്. അതറിയാഞ്ഞിട്ട് അവളുടെ നെഞ്ച്  പിടയ്ക്കാൻ തുടങ്ങി. 

അപ്പോൾ അടുക്കളയിൽ പാത്രങ്ങൾ  നിലത്തു വീഴുന്ന ഒച്ച കേട്ടു.  അമ്മ ദേഷ്യം തീർക്കുന്നതാണ്.  അവൾ അവിടേക്ക് ചെന്നു. 

"അമ്മേ..." എന്ന രമ്യയുടെ വിളി കേട്ടു വനജ തിരിഞ്ഞു നോക്കി. ദേഷ്യവും സങ്കടവും ആ മുഖത്ത് നുരയുന്നു:

"എന്താടി?"

"എന്താമ്മേ ഇത്.  അമ്മയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടണേ? അതിനും മാത്രം എന്താപ്പോ ഉണ്ടായേ?"

"നിന്നെ അവനു വേണ്ടന്ന്. വേറെ കെട്ടിച്ചോളാൻ പറഞ്ഞു. എന്താ സമാധാനം ആയോ?" 

രമ്യയുടെ കണ്ണ് മിഴിഞ്ഞു.  

"എന്നെ വേണ്ടാന്ന് അമ്മായി പറഞ്ഞോ ?"

" അമ്മായീം മോനും എല്ലാം കൂടിയുള്ള ഒത്തുകളിയാടി ഇത്. നമ്മളെക്കാൾ മുന്തിയ ബന്ധം അവർക്ക് വേറെ കിട്ടീട്ടുണ്ട്. അതിനു നിന്നെ ഒഴിവാക്കണം. അപ്പോൾ പെങ്ങളായിട്ടാ കാണുന്നതെന്ന് പറഞ്ഞു ഒഴിഞ്ഞാൽ എളുപ്പായല്ലോ. ഇതൊന്നും ആർക്കും മനസിലാവില്ലന്നാ വിചാരം. "

പെട്ടന്ന് രമ്യ ഏങ്ങലടിച്ചു. 

"ഇല്ല.... ഞാനിത് വിശ്വസിക്കില്ല. അമ്മായി അങ്ങനെ പറയില്ല."

"ദേ പെണ്ണേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഇനി അമ്മായി കുമ്മായീന്നും പറഞ്ഞു അങ്ങോട്ടെങ്ങാനും നീ പോയെന്നു ഞാൻ അറിഞ്ഞാൽ.... " താക്കീത് പോലെ വനജ നിർത്തി.

രമ്യയ്ക്ക് സങ്കടം ഇരട്ടിച്ചു. 

"എത്ര നിസാരായിട്ടാ അമ്മയിത് പറഞ്ഞേ. അങ്ങനെ ഒറ്റ നിമിഷം കൊണ്ട് അറുത്തെറിയുന്ന ബന്ധമാണോ അത്?"

"അവർക്കില്ലാത്ത ദെണ്ണം എന്തിനാടി നമുക്ക്. നിന്നെ അവനു വേണ്ടാന്നു പറഞ്ഞു കഴിഞ്ഞു. ആ തള്ളയും അവന്റെ പക്ഷത്താ. പിന്നെ നിനക്കാണോ ഇരിക്കാപൊറുതി  ഇല്ലാത്തെ. ഇപ്പൊഴെങ്കിലും അതിന്റെയൊക്കെ മനസിലിരുപ്പ് അറിയാൻ കഴിഞ്ഞല്ലോ. ഇനി ആ വീടുമായി ഒരു ബന്ധവും വേണ്ട. ഇനിയൊട്ട് അങ്ങോട്ട് പോവേം വേണ്ട. പറഞ്ഞത് മനസിലാവുന്നുണ്ടോ."

"ഞാൻ പോവും."

കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് വാശിയോടെ രമ്യ പറഞ്ഞു. 

"നിന്നെ പെറ്റത്  ഞാനാ. എന്നെ നാണം കെടുത്തീട്ടു അങ്ങോട്ട് പോവാനാണ് ഉദ്ദേശമെങ്കിൽ പിന്നെ നീയെന്നെ ജീവനോടെ കാണില്ല.ഓർത്തോ."

"അതിലും ഭേദം എന്നെയങ്ങു കൊന്നു കളയുന്നതല്ലേ. അതോടെ ഈ ശല്യമങ്ങു തീരുമല്ലോ... അമ്മായീം കുട്ടേട്ടനും എന്റെ മുഖത്തു നോക്കി പറയട്ടെ എന്നെ വേണ്ടന്ന്."

"അപ്പോൾ നിനക്ക് സമാധാനം ആവോ?"

"അന്നേരം  ഞാൻ തീരുമാനിക്കും പിന്നെന്താ വേണ്ടേന്ന്."

"ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ ന്റീശ്വരാ...." വനജ തലയിൽ  കൈ ചേർത്തു. 

കരഞ്ഞു കൊണ്ട് രമ്യ  മുറിയിലേക്ക് ഓടി പോയി. കിടക്കയിലേക്ക് ചെന്നു വീണു. എത്ര നിയന്ത്രിച്ചിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. തലയിണയിൽ മുഖം ചേർത്ത് അവൾ ഏങ്ങലടിച്ചു. അജു   ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ചു അവൾക്കു ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. ഓർമ്മ വയ്ക്കുമ്പോൾ മുതൽ കാണുന്ന മുഖം . തന്നെ നിലത്തു വയ്ക്കാതെ കൊണ്ട് നടന്ന ആളാണ്. ആ കൈ പിടിച്ചാണ് തോട്ടിലൂടെയും  വയലിലൂടെയും  നടന്ന് പഠിച്ചത് . ഒന്ന് മറിഞ്ഞു വീണാൽ ആദ്യം വിളിക്കുക കുട്ടേട്ടാന്നായിരുന്നു. എങ്ങോട്ട് പോവാനും തനിക്ക് കുട്ടേട്ടൻ കൂട്ട്  വേണം. തിരിച്ചും അങ്ങനെ തന്നെ . ഒരു മിട്ടായി കിട്ടിയാൽ പോലും തനിയ്ക്കു തരാതെ കഴിക്കില്ല.  

കുഞ്ഞിലേ മുതൽ കേൾക്കാൻ തുടങ്ങിയതാണ്ചിന്നു കൂട്ടനുള്ളതാണെന്ന്.  കേട്ട് കേട്ട് അത് മനസ്സിൽ കല്ല് പോലെ ഉറച്ചു പോയി. താൻ ജനിച്ചത് തന്നെ കുട്ടേട്ടന് വേണ്ടിയാണെന്ന് വിശ്വസിച്ചു. കല്യാണത്തെ കുറിച്ചു പറയുമ്പോൾ കുട്ടേട്ടൻ ഒഴിഞ്ഞു മാറുന്നത് തമാശയാണെന്നായിരുന്നു ആദ്യം  വിചാരിച്ചത്. എന്ത് പ്രശ്നം ഉണ്ടായാലും  കൂടെ ഉണ്ടാവുമെന്ന്  അമ്മായി വാക്ക് തന്നതാണ്.  ഇപ്പോ രണ്ടു പേരും തന്നെ തള്ളിപ്പറഞ്ഞു എന്നാണ് അമ്മ പറയുന്നത്. ഇന്ന് രാവിലെ കൂടി എത്ര സന്തോഷത്തോടെയാണ് അവർക്കൊപ്പം കഴിഞ്ഞത് . പിണക്കമോ വഴക്കോ ഒന്നും ഉണ്ടായിട്ടില്ല . 

അച്ഛനും അമ്മയും പോയതിന് ശേഷമാണ് പ്രശ്നം ഉണ്ടായത്. അതെന്താണെന്നാണ് അറിയേണ്ടത്. എന്ത് തന്നെ ആയാലും കുട്ടേട്ടൻ ഒപ്പമില്ലെങ്കിൽ  പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. അതിലും ഭേദം  മരിക്കുന്നതാണ്. 

"നീ എന്തിനാടി കിടന്നു മോങ്ങുന്നെ?" എന്ന ഒച്ച കേട്ടു രമ്യ മുഖം തിരിച്ചു നോക്കി. ചന്തു. പുറത്തു നിന്നും ചെക്കൻ അപ്പോഴാണ് എത്തിയത്.  മറുപടി പറയാതെ രമ്യ വീണ്ടും തേങ്ങി കൊണ്ട്  തലയിണയിലേക്ക് മുഖം പൂഴ്ത്തി.  അവളെ നോക്കി നിന്നിട്ട് അവൻ 

അടുക്കളയിലേക്ക് ചെന്നു:

"അമ്മേ ചായ ഇട്ടില്ലേ ഇതുവരെ?"

"മാറടാ ചെറുക്കാ അങ്ങോട്ട് !"

ചന്തുവിനെ ഉന്തി മാറ്റി വനജ വരാന്തയിലേക്ക് പോയി. 

"ഇവർക്കൊക്കെ ഇതെന്തു പറ്റി?" 

ചന്തു അമ്പരന്നു നോക്കി. വരാന്തയിലെ തിണ്ണയിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു വിജയൻ നായർ. പുറത്തു കാണിക്കാൻ പറ്റാത്ത ഒരു സങ്കടകടൽ അയാളുടെ ഉള്ളിൽ ഇരമ്പുകയാണ്. ഓപ്പോൾ അയാളുടെ ജീവനാണ്. അവരുടെ മുഖത്ത് നോക്കി എതിർത്തു പറയാനോ ഒച്ചയിടാനോ  അയാൾക്ക് ഒരിക്കലും കഴിയില്ല. അത്രയും ഇഷ്ടം. 

എല്ലാവരും ചേർന്ന് കുട്ടനും ചിന്നുവും തമ്മിലുള്ള കല്യാണത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഉള്ള് കൊണ്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് വിജയൻ നായരാണ്. അത് അജുവിന്റെ യോഗ്യത അളന്നിട്ടല്ല. 

മാളുവമ്മ. തന്റെ ഒരേയൊരു പെങ്ങളുടെ അടുത്തേക്കാണ് ചിന്നു ചെന്നു കയറുന്നത്. അവളെ അവർ പൊന്നുപോലെ നോക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ട്. മറ്റേത് വീടിനേക്കാളും ധൈര്യത്തോടെ ആ വീട്ടിലേക്ക് ഇപ്പോൾ വേണമെങ്കിലും കയറി ചെല്ലാം. കുട്ടന്റെ കയ്യിലേക്ക് ചിന്നുവിനെ പിടിച്ചു കൊടുത്താൽ അവളുടെ ജീവിതം സുരക്ഷിതമായെന്ന് കരുതി. എല്ലാം ഒറ്റ  നിമിഷം കൊണ്ട് തകിടം മറിഞ്ഞു.  ഇനി എന്തു ചെയ്യണം എന്നറിയില്ല. 

എല്ലാം കലങ്ങി തെളിയും എന്നൊരു പ്രതീക്ഷ ഇപ്പോഴും അയാളുടെ ഉള്ളിൽ നുരയുന്നുണ്ട്. അക്കരെ നിന്ന് അജു ഏത് നിമിഷവും കടന്നു വരും. തന്നോട് മാപ്പ് പറയും. കല്യാണത്തിന് സമ്മതിക്കും.  വനജയുടെ ഒച്ച കാതിൽ കേട്ടു അയാൾ ഞെട്ടി നോക്കി. 

"നിങ്ങളിങ്ങനെ ഇരുന്നാൽ എങ്ങനാ മനുഷ്യാ?"

"പിന്നേ.... ഞാനിറങ്ങി ഓടണോ?"

"വേറെ ഏതെങ്കിലും ആണുങ്ങൾ ആയിരുന്നെങ്കിൽ  കാര്യങ്ങൾക്കൊരു നീക്ക് പോക്കുണ്ടാക്കാൻ   ഓടിയേനേ..."

"നീ കുറച്ചൊന്ന്   അടങ്ങടി വനജേ.  എനിക്കിത്തിരി സമാധാനം താ....."

"സമാധാനം നിങ്ങൾക്ക് മാത്രമല്ല എനിക്കും വേണം. ഞാനവളുടെ അമ്മയാ.എന്റെ ചങ്ക് കത്തുവാ. അറിയോ. എന്റെ കൊച്ചിന്റെ കല്യാണം എത്രയും പെട്ടന്ന് എനിക്ക് നടത്തണം. അതിനി വെച്ചു താമസിപ്പിക്കാൻ ഒക്കില്ല ."

"ഞാനിപ്പോ എന്ത് ചെയ്യണമെന്നാ നീയീ പറയുന്നേ?"

സഹികെട്ടത് പോലെ അയാൾ നോക്കി. 

"എന്തു ചെയ്തിട്ടായാലും വേണ്ടില്ല. നാളെയെങ്കിൽ നാളെ എനിക്കവളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം. അവറ്റകളുടെ മുന്നിൽ അന്തസായി എനിക്കവളുടെ കല്യാണം  നടത്തി കാണിച്ചു കൊടുക്കണം . നിങ്ങളാ ബ്രോക്കർ രാമുണ്ണിയെ  ചെന്നു കണ്ടു കാര്യം  പറ. നല്ല ആലോചന അയാൾ കൊണ്ടു വരും."

"വാശിയും വൈരാഗ്യവും കാണിച്ചു എടുപിടീന്ന് നടത്തേണ്ട കാര്യമാണോ ഇത്."

അയാളുടെ ഒച്ച താണു. വനജ അയാളെ അടിമുടി നോക്കി. 

"നിങ്ങളാ ചെറുക്കനെയും നോക്കി ഇരിക്കുവാണോ  ഇപ്പോഴും. ആണോ? ദേ ഒരു കാര്യം പറഞ്ഞേക്കാം. ഇനി അവൻ വേണമെന്ന് പറഞ്ഞു വന്നാലും അവന് കൊടുക്കാൻ ഇവിടെ പെണ്ണില്ല. എന്റെ കൊച്ച് ആരുമില്ലാത്ത അനാഥയല്ല. അവളുടെ ദേഹം നിറയെ പോന്നിട്ട് എനിക്ക് ഇറക്കി നിർത്തണം. ആ അമ്മയും മോനും അത് കണ്ടു കൊതിക്കണം. നിങ്ങൾക്ക് വയ്യെങ്കിൽ പറയ്. ഞാൻ പോയി പറയാം രാമുണ്ണിയോട്. "

വനജ വെട്ടിത്തിരിഞ്ഞു അകത്തേക്ക് നടന്നപ്പോൾ അതാ വാതിൽക്കൽ, അഴിഞ്ഞു ചിതറിയ മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി രമ്യ! ദേഷ്യം കൊണ്ട് അവൾ നിന്ന് കിതയ്ക്കുന്നു. 

"എന്താടി? "

വനജ കണ്ണുരുട്ടി. രമ്യ വീറോടെ പറഞ്ഞു. 

"അമ്മ ആർക്കു വേണ്ടിയാ കല്യാണം ആലോചിക്കുന്നേ. എനിക്കു വേണ്ടിയാണോ. കുട്ടേട്ടൻ അല്ലാതെ വേറൊരാൾ ഇവിടെ വന്നാൽ... ഞാനെന്റെ പ്രാണൻ കളയും. ഓർത്തോ."

വനജയുടെ സർവനിയന്ത്രണവും തകർന്നു. പാഞ്ഞു ചെന്നു അവർ,അവളെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.  മാളുവമ്മയോടും അജുവിനോടുമുള്ള   ദേഷ്യവും  വാശിയും  അവരുടെ സമനില തെറ്റിച്ചു. 

"എങ്ങനേലും ഇതൊന്നു നടന്നു കിട്ടാൻ മനുഷ്യരിവിടെ കിടന്നു നെഞ്ചു പുകയ്ക്കുവാ. അപ്പോഴാ അവളുടെ ഒരു കുട്ടേട്ടൻ. നിനക്കിനിയും മതിയായില്ല അല്ലേടി. നാണം കെട്ടവളേ...."

വിജയൻനായർ വരാന്തയിലേക്ക് ചാടി കയറി: 

" നീ എന്തിനാടി ഇതിനെ ഇങ്ങനെ തല്ലുന്നേ? അതെന്ത് തെറ്റ് ചെയ്തു. നിന്റെ ഭ്രാന്ത് എന്റെ കൊച്ചിനോട് തീർക്കരുത്."

രമ്യയെ അവർ മുന്നോട്ടു ഉന്തി: "ഇത്തിരി വിഷം വാങ്ങിതിന്നു അങ്ങ് ചത്താൽ മതി. എന്റീശ്വരാ !"

നെഞ്ചിലിടിച്ചു കരഞ്ഞു കൊണ്ട് വനജ അകത്തേക്ക് പോയി. രമ്യ  വിജയൻ നായരുടെ നെഞ്ചിലേക്ക് വന്നു  വീണു ഏങ്ങലടിച്ചു കരഞ്ഞു:

"എനിക്ക് പറ്റില്ലച്ഛാ. കുട്ടേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല...... അതിലും ഭേദം എനിക്കിത്തിരി വിഷം മേടിച്ചു തന്ന്  എന്നെയങ്ങ്  കൊന്ന് കളഞ്ഞേക്ക്...."

വിജയൻ നായരുടെ നെഞ്ചിൽ അടക്കി പിടിച്ചിരുന്ന സങ്കടം മൊത്തം പുറത്തു ചാടി. മകളെ  നെഞ്ചോട് ചേർത്തു പിടിച്ചു അയാൾ  വിങ്ങി പൊട്ടി. ഇതൊക്കെ കണ്ടു വാതിലിൽ പകച്ചു നോക്കി നിൽക്കുകയായിരുന്നു ചന്തു. 

(തുടരും)


ഭാഗം - 10

വിജയൻ നായരും വനജയും കണ്ണിൽ നിന്നും മറഞ്ഞതിന്  ശേഷമാണ്  അജു  അമ്മയെ തിരഞ്ഞത്. പക്ഷെ മാളുവമ്മ വരാന്തയിൽ   ഉണ്ടായിരുന്നില്ല.  അവൻ അകത്തു ചെന്നു അമ്മയുടെ  മുറിയിൽ നോക്കി. കട്ടിലിൽ ഭിത്തിയിലേക്ക് തിരിഞ്ഞു മാളുവമ്മ കിടക്കുന്നത്  കണ്ടു. വാതിൽപടിയിൽ പിടിച്ച്  ഒരു നിമിഷം അത് നോക്കി നിന്നിട്ട് അജു തിരിഞ്ഞു നടന്നു. 

ഇപ്പോൾ അടുത്തേക്ക് ചെന്നാൽ അമ്മ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ പൊട്ടിത്തെറിച്ചേക്കാം. ചിലപ്പോൾ പൊട്ടികരഞ്ഞേക്കാം. രണ്ടും താങ്ങാൻ ഇപ്പോൾ ശക്തി പോരാ. ഒറ്റ മകൻ ആയതു കൊണ്ട് അമ്മയോ അച്ഛനോ അധികം ശകാരിക്കയോ അടിക്കുകയോ ചെയ്തിട്ടില്ല. എന്ത് ആവശ്യങ്ങൾക്കും കൂട്ട് നിന്നിട്ടുമുണ്ട്. 

പക്ഷെ അമ്മ  ഒരാവശ്യം പറഞ്ഞപ്പോൾ നിരസിക്കേണ്ടി വന്നു.  അത് പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആയിപ്പോയി.  അതിനോട് മനസ്സ് കൊണ്ട് പോലും ഒരിക്കലും യോജിക്കാൻ പറ്റുന്നില്ല. 

അത് പക്ഷെ ഗൗരിയെ കണ്ടു മുട്ടിയത് കൊണ്ട് മാത്രമല്ല. അവൾ തന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്നിട്ട് ചുരുക്കം ദിവസങ്ങളെ  ആയിട്ടുള്ളു. അതിന് എത്രയോ വർഷങ്ങൾ  മുന്നേ തന്നെ  തിരിച്ചറിഞ്ഞതാണ് ചിന്നു  തനിക്ക് ആരാണെന്ന്.  അവളെ  മറ്റൊരു കണ്ണിൽ കാണാൻ പറ്റുന്നില്ല. അവൾ അടുത്ത് വരുമ്പോൾ ഒരു അനുജത്തിയോടുള്ള വാത്സല്യം മനസ്സിൽ നിറയുന്നു. അപ്പോൾ അവളുമൊത്തുള്ള ഒരു ദാമ്പത്യ ജീവിതം എങ്ങനെ സാധ്യമാവും. 

തന്റെ തീരുമാനത്തെ  അമ്മ എതിർക്കുമെന്ന് അറിയാമായിരുന്നു. പക്ഷെ അമ്മാവനും അമ്മായിയും തന്നെ മനസിലാക്കുമെന്നാണ്   കരുതിയത് . കൂടെ നിൽക്കുമെന്ന് വിചാരിച്ചു.  പക്ഷെ ആദ്യം തന്നെ ശത്രുവായ് മുദ്ര കുത്തിയത് അവരാണ്. തന്നോട് പിണങ്ങിയതിൽ വിഷമമില്ല.  അമ്മയെ കൂടി തള്ളി പറഞ്ഞിരിക്കുന്നു. 

ഇനി ഒരിക്കലും വിളക്കി ചേർക്കാൻ പറ്റാത്ത വിധം വെട്ടിമുറിക്കപെട്ടു കഴിഞ്ഞോ. അമ്മ അത് താങ്ങില്ല. താൻ കാരണം അമ്മ വിഷമിക്കേണ്ടി വരുന്നല്ലോ എന്നോർത്ത് മാത്രമാണ് സങ്കടം. അതൊക്കെ ആലോചിച്ചു അജുവിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. തൊണ്ട കഴച്ചു പൊട്ടുന്നു. 

തൊടിയിലേക്കിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. വീട്ടിലിരുന്നാൽ ചിന്തിച്ചു ഭ്രാന്ത് പിടിക്കും.  ഈ ഭൂമിയിൽ താൻ ഒറ്റപ്പെട്ടവനെ  പോലെ അവന് തോന്നി. എല്ലാവരാലും വെറുക്കപ്പെട്ട് ഒരു വികൃതജീവിയായി പരിണമിച്ചു കഴിഞ്ഞു.  

ഒരാശ്രയത്തിന് ആരുണ്ട് തനിക്ക്. ഒരാശ്വാസത്തിന്   മനസ്സ് അഭയം തേടി അലഞ്ഞു. ചെന്നെത്തിയത് ഗൗരിയുടെ മുന്നിലാണ്. ഫോൺ എടുത്ത്  അവളുടെ നമ്പറിലേക്ക് വിളിച്ചത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. ആ ശബ്ദമെങ്കിലും ഒന്ന് കേൾക്കണം.

ഇല്ലെങ്കിൽ ചിലപ്പോൾ തകർന്നു പോകും.  ഗൗരിയ്ക്ക് തന്നെ  മനസിലാവും. 

അമ്മ കൂടെ ഉണ്ടായിട്ടും ജീവിതത്തിലെ ഏറ്റവും മോശം സമയത്ത്  തനിച്ചായി പോയവളാണ് അവൾ. തന്നെ പോലെ ആരിൽ അഭയം തേടണം എന്നറിയാതെ ഭ്രാന്തെടുത്തു നടന്നവൾ. ഒറ്റയ്ക്കായി പോകുന്നതിന്റെ  വേദന അവൾക്ക് പറഞ്ഞാൽ മനസിലാവും. അവൾക്ക് മാത്രേ തന്നെ മനസിലാവുകയുള്ളു. 

ആ ഫോണിലേക്കുള്ള ബെൽകേൾക്കുന്നു. അവൻ അവളുടെ ശബ്ദത്തിനായി കാതോർത്തു.  പെട്ടന്ന് call  cut  ചെയ്യപ്പെട്ടു. 

സംശയിച്ച്  അവൻ മൊബൈലിലേക്ക് നോക്കി. അപ്പോൾ message tune തുരു തുരാ  വന്നു.   ഗൗരിയാണ്. 

Ajuvetta. 
Njan busil anu. 
Aduth lekshmi ind.  
Samsarikan patila 
Vetil ethit vilikam. 😘

അവൻ  തളർന്നത് പോലെ  തോട്ടരുകിലെ  കലുങ്കിലിരുന്നു. മുന്നിൽ വിശാലമായ പാടശേഖരം. അവന്റെ മുന്നിലൂടെ പാടത്തെ കീറി മുറിച്ച്  കടന്നു പോകുന്ന ചെമ്മൺ പാതയിലൂടെ ഒരു ബൈക്ക് വന്നു  മുന്നിൽ നിന്നു.

അടുത്ത് വന്നു നിന്നിട്ടാണ് അവൻ ആളെ ശ്രദ്ധിച്ചത്. അത് രാജേഷ് ആയിരുന്നു.  ഒരുമിച്ചു പഠിച്ചു കളിച്ചു വളർന്നവർ. ബൈക്കിൽ ഇരുന്നു അവൻ ചിരിക്കുന്നു. 

"നീയെന്താ വഴിയിലിരുന്നു പകൽ സ്വപ്നം കാണുന്നോ?"

ഒരു ആശ്രയം കിട്ടിയത് പോലെ അജു ചാടിയെണീറ്റു. ബൈക്കിൽ നിന്നും ഇറങ്ങി രാജേഷ് അവനെ കെട്ടിപിടിച്ചു. ഇരുവരും കലുങ്കിലിരുന്നു. അജു അവന്റെ കൈ കവർന്നു. 

"സുഖാണോടാ നിനക്ക്? എത്ര നാളായി കണ്ടിട്ട്....." 

"പിന്നേ  പരമാനന്ദം."

രാജേഷ് ചിരിക്കുന്നു: "നീ എപ്പോ വന്നു ? "

"രാവിലെ. നീ വന്നത് അമ്മ വിളിച്ചപ്പോൾ  പറഞ്ഞിരുന്നു."

"പിന്നെ തിരുവനന്തപുരത്തെ ജീവിതമൊക്കെ  എങ്ങനെയുണ്ട് ? "

"കുഴപ്പമില്ലടാ. ജോലിയുടെ ഭാഗമല്ലേ...."

"നിനക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടില്ലേ? "

"കേറിയതല്ലേയുള്ളു. ഉടനെ കിട്ടാൻ പാടാ. എങ്കിലും ശ്രമിക്കുന്നുണ്ട്."

"ഞാനൊരു വാർത്ത കേട്ടു. നിന്റെയും ചിന്നുവിന്റെയും കല്യാണം ഉടനെ ഉണ്ടാവുമെന്ന്.  ശരിയാണോ? "

അജുവിന്റെ മുഖം മങ്ങി.  അത് ശ്രദ്ധിച്ചു രാജേഷ് തുടർന്നു. 

"നിന്റെ മനസ് മാറിയോ എന്ന് ഞാനും ചിന്തിച്ചു. പിന്നെ കരുതി എല്ലാവരും കൂടി പ്രഷർ ചെയ്തപ്പോൾ നീ സമ്മതിച്ചു കാണുമെന്ന്."

"കല്യാണപ്രായം ആയി. എങ്കിൽ നീ സ്വന്തം അനുജത്തിയെ കെട്ടിക്കോ എന്ന് വീട്ടുകാർ പറഞ്ഞാൽ ആരെങ്കിലും അങ്ങനെ ചെയ്യോ . നീ ആണെങ്കിൽ കേൾക്കോ?"

മറുപടി പറയാതെ രാജേഷ് അവനെ നോക്കി ഇരുന്നു.  അജു വിദൂരതയിലേക്ക് നോട്ടം മാറ്റി.  

"ഞാൻ പറയുന്നത് ആർക്കും മനസിലാവുന്നില്ല. ജോലി കിട്ടിയതിന്റെ അഹങ്കാരമാണെന്ന് പറയുന്നു. മറ്റേതോ പുളിങ്കൊമ്പിൽ പിടിച്ചുന്ന്  പറയുന്നു. അമ്മാവനും അപ്പച്ചിയ്ക്കുമൊക്കെ  ഞാനിപ്പോൾ  നമ്പർ വൺ ശത്രുവായി."

"പോട്ടെടാ..." രാജേഷ് അവന്റെ തോളിൽ കയ്യിട്ടു. 

"വർഷങ്ങൾക്ക്  മുന്നേ നമ്മൾ സംസാരിച്ചിരുന്ന  വിഷയമാണിത്. ഇങ്ങനെയൊക്കെ ആയി തീരുമെന്ന്  നിനക്കും  അറിയാവുന്നതായിരുന്നില്ലേ..."  രാജേഷ് തുടർന്നു. 

"നീ എന്റെ കാര്യം ഒന്നാലോചിച്ചു നോക്ക്. മൂന്ന് പെങ്ങന്മാരാ. ഒരാളുടെ കല്യാണം മാത്രേ കഴിഞ്ഞിട്ടുള്ളൂ. ഇനി രണ്ടു പേരുണ്ട്. ഇപ്പോൾ എനിക്ക് വയസ് ഇരുപത്തിയേഴു കഴിഞ്ഞു. രണ്ടു പെങ്ങന്മാരെ കൂടി കെട്ടിച്ചു വിട്ട് കടങ്ങളും തീർത്തു ഞാൻ എന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോഴേക്കും  നരച്ചു കുമ്മി ഞാനൊരു പരുവമാവും. നിനക്ക് അങ്ങനെ ഒന്നുമില്ലല്ലോ. കല്യാണം നിന്റെ ചോയ്സ് ആണ്. അത് മറ്റാർക്കും വിട്ടു കൊടുക്കേണ്ട കാര്യമില്ല. കടം തലയ്ക്കു മീതെ കിടന്നപ്പോ നിന്നെ താങ്ങാൻ ആരും വന്നില്ലല്ലോ. എല്ലാം സെറ്റ് ചെയ്തത് നീ തനിച്ച് . അതിനിടയിലും പഠിച്ചു ഒരു സർക്കാർ ജോലി തരപ്പെടുത്തി . അതൊക്കെ  നിസാരം കാര്യമാണോ. അപ്പോൾ നിനക്ക് കുറച്ചൊക്കെ അഹങ്കരിക്കാം.... പറയുന്നവർ പറയട്ടെടാ. എല്ലാവരെയും സന്തോഷിപ്പിച്ചിട്ട് നമുക്ക് ജീവിക്കാൻ പറ്റില്ല. ഏത് പ്രശ്നവും തുടങ്ങുമ്പോൾ ഒരു ഭൂകമ്പമൊക്കെ ഉണ്ടാവും. പിന്നെ പുകയും പൊടിയുമൊക്ക അടങ്ങി ശാന്തമാവും.. ഇതും അത്രയൊക്കെയേ ഉള്ളു. നിനക്ക് എന്താണ് ശരിയെന്ന് തോന്നുന്നത് നീ ചെയ്. നമുക്ക് നമ്മുടെ മനസാക്ഷിയെ മാത്രം തൃപ്തിപ്പെടുത്തിയാൽ മതി.

ബാക്കിയൊക്കെ കുറച്ചു വൈകിയാണെങ്കിലും പിന്നാലെ വരും."

അപ്പോൾ രാജേഷിനു ഫോൺ വന്നു. ഫോണിൽ സംസാരിച്ചിട്ട് അവൻ അജുവിനോട് പറഞ്ഞു. 

"അമ്മയാണ്.  ബ്രോക്കർ രാമുണ്ണി വീട്ടിൽ  ഇരിക്കുന്നു. അങ്ങോട്ട് ചെല്ലാൻ. ഒരു മാസം നാട്ടിലുണ്ടല്ലോ. രണ്ടാമത്തവളുടെ കല്യാണം ഒന്ന്  ഉറപ്പിച്ചു വച്ചിട്ട് പോണം. എല്ലാ ചെലവും  ഒന്ന് കാൽകുലേറ്റ് ചെയ്തിട്ട്  പോയാൽ അവിടെ ചെന്നു സെറ്റ് ചെയ്യാലോ. "

അവൻ എണീറ്റു. ഒപ്പം അജുവും. രാജേഷ് കൈ കൊടുത്തു. 

"പോട്ടെടാ. പിന്നെ കാണാം. നീ പോകും മുന്നേ വീട്ടിലേക്ക് ഇറങ്ങ്..."

അജു തലയാട്ടി. 

അവൻ ബൈക്കിൽ കയറി ഇരുന്നു. 

"എടാ ഇതൊന്നും വലിയ ആനകാര്യമൊന്നുമല്ല  ഇങ്ങനെ വിഷമിച്ചിരിക്കാൻ. എന്നെ പോലെ നീണ്ട  ഉത്തരവാദിത്തങ്ങളുടെ ലിസ്റ്റ് ഒന്നും നിന്റെ പോക്കറ്റിൽ ഇരിപ്പില്ലല്ലോ. നിന്റെ ജീവിതത്തിലെ വലിയ പ്രശ്നങ്ങൾ ഒറ്റയ്ക്ക് നേരിട്ടവനാണ് നീ. ഇനിയുള്ള ജീവിതം ആസ്വാദിക്കാനുള്ളതാണ്. ഇഷ്ടപ്പെട്ട ഒരു പെണ്ണിനെയും കെട്ടി സുഖമായി ജീവിക്കാൻ നോക്കടാ . ഇപ്പോൾ നിന്നെ കുറ്റം പറയുന്നവരൊക്കെ അന്ന് കയ്യടിക്കും...

അപ്പോൾ ശരി."

രാജേഷ് ബൈക്കോടിച്ചു പാഞ്ഞു പോയി. നെഞ്ചിൽ കെട്ടി കിടന്നിരുന്ന വിങ്ങൽ വാർന്ന്  പോയത് പോലെ അജുവിന് തോന്നി. കടൽ തിരകൾ പോലെ ഇളകി മറിഞ്ഞിരുന്ന  മനസ്  ശാന്തമായി. രാജേഷ് പറഞ്ഞത് പോലെ ജീവിതം എന്റെയാണ്. അത് എങ്ങനെ ജീവിക്കണമെന്ന് ഞാൻ തീരുമാനിക്കും. 

അപ്പോൾ ഗൗരിയുടെ കാൾ അവന്റെ ഫോണിലേക്ക് വന്നു. അതൊരു ശുഭ സൂചന പോലെ അവന് തോന്നി. ഇതാണ് തന്റെ പെണ്ണ്! 

കലുങ്കിൽ ഇരുന്നു അജു ഗൗരിയുമായി സംസാരിച്ചു. ഇരുട്ട് വീഴുന്നത്  വരെ. 

സാധാരണ വെള്ളിയാഴ്ച രാത്രിലോ  ശനിയാഴ്ച രാവിലെയൊ എത്താറുള്ള തമ്പി ഇക്കുറി എത്തിയിട്ടില്ല. ആ ഒരു സന്തോഷം അവളുടെ സംസാരത്തിലും പ്രകടമായിരുന്നു. അജു പരിസരം മറന്നു. തന്റെ പ്രശ്നങ്ങളെ മറന്നു. 

അജുവും ഗൗരിയും മാത്രമുള്ള ലോകം. അവിടിരുന്നു അവർ പ്രണയം പങ്കു വയ്ക്കുന്നു. തമാശകൾ പറയുന്നു. ചിരിക്കുന്നു. 

ഡ്യൂട്ടി കഴിഞ്ഞു നിർമല എത്തിയപ്പോഴാണ് അവൾ  ഫോൺ വച്ചത്. ഇടയ്ക്ക് രാജേഷ് വന്നത് നന്നായി എന്ന് അജുവിന് അപ്പോൾ തോന്നി. ഇല്ലെങ്കിൽ തന്റെ സങ്കടം ഗൗരിയോട് ഷെയർ ചെയ്തു പോയേനെ. അങ്ങനെ ആയിരുന്നെങ്കിൽ മൊത്തത്തിൽ സീൻ തന്നെ മാറി പോകുമായിരുന്നു. 

ഇപ്പോൾ കിട്ടിയ ഈ സമാധാനം സന്തോഷം ഒക്കെ കണ്ണീരിൽ മുങ്ങുമായിരുന്നു. ചെന്നിട്ട് എല്ലാം വിശദമായി അവളോട് പറയാം എന്ന് അജു തീരുമാനിച്ചു. രാജേഷിൽ നിന്നും കിട്ടിയ  മോട്ടിവേഷനും ഗൗരി പകർന്നു തന്ന  പ്രണയവും ചേർന്ന് ശക്തമാക്കിയ മനസുമായി  അവൻ  വീട്ടിലേക്ക് നടന്നു. 


രാത്രിയിൽ അജു പൂമുഖത്തെ അരപ്ളേസിൽ കാലുകൾ നീട്ടി വച്ചു ഭിത്തിയിലേക്ക് ചാരി പുറത്തെ ഇരുട്ടിലേക്ക് നോക്കി ചിന്തിച്ചിരിക്കുമ്പോൾ മാളുവമ്മ അടുത്തേക്ക്  വന്നു:

"നേരം ഒരുപാടായി. നീ ഒന്നും കഴിക്കുന്നില്ലേ. അത്താഴം വിളമ്പട്ടെ?"

പനി പിടിച്ചത് പോലെ അമ്മയുടെ സ്വരം അടഞ്ഞിരിക്കുന്നതായി അജുവിന് തോന്നി. മാളുവമ്മ തുടർന്നു :

"നീ മടങ്ങി പോവും മുന്നേ മണിക്കുട്ടിയെ ആർക്കെങ്കിലും കൊടുക്കണം. എനിക്കിനി   അതിനെ  തനിയെ നോക്കാൻ  ബുദ്ധിമുട്ടാവും. രാവിലെ ഗോപാലനോട് ചെന്നു പറഞ്ഞാൽ അവൻ വന്നു നോക്കും."

അജു  അമ്മയെ വേദനയോടെ നോക്കി.  ഇഷ്ടത്തോടെയല്ല അമ്മ ഇതൊക്ക പറയുന്നതെന്ന് അജുവിന് അറിയാം.  മണിക്കുട്ടിയേ വിൽക്കുന്ന കാര്യത്തിന് തന്നോട് തട്ടി  കയറിയ ആളാണ്.  ഇനി ചിന്നുവിനെ അപ്പച്ചി ഇങ്ങോട്ട് വിടില്ലെന്ന് അമ്മയും ഉറപ്പിച്ചു കഴിഞ്ഞു. 

"എണീറ്റു വാ....കഴിച്ചിട്ട് എവിടേലും കിടക്കാം."

അജു അമ്മയുടെ കൈ കവർന്നു. 

"അമ്മയ്ക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ?"

"എന്തിന്. ഒരു മകൻ അമ്മയ്ക്ക് വേണ്ടി ചെയ്യേണ്ട കടമയൊക്കെ നീ ചെയ്യുന്നുണ്ട്. നീയൊരു ആൺകുട്ടിയാണ് എന്തും നേരിടാനുള്ള  ധൈര്യവും മനക്കട്ടിയും നിനക്കുണ്ട്. എനിക്ക് ചിന്നുനെ കുറിച്ചുള്ള സങ്കടം മാത്രേ ഉള്ളു. അവളിത് എങ്ങനെ സഹിക്കും എന്നെനിക്കറിയില്ല. അവളെ നിന്നെ ഏൽപ്പിച്ചാൽ സമാധാനത്തോടെ കണ്ണടക്കാം എന്നായിരുന്നു എന്റെ ധാരണ. കാരണം സ്വന്തം ജീവൻ കളഞ്ഞാലും നിന്റെ കാര്യങ്ങൾ അവൾ നോക്കും. അത്ര സാധുവാ അത്. ഒരുപാട്  ഇഷ്ടമായിരുന്നു  അവൾക്കു നിന്നെ. കുറേ  പ്രതീക്ഷ ഞാനും അവൾക്കു  കൊടുത്തിട്ടുണ്ട്. ഇനി എങ്ങനെ ആ കുഞ്ഞിന്റെ മുഖത്ത് ഞാൻ നോക്കും എന്നുള്ള ആധി മാത്രേ  അമ്മയ്ക്കുള്ളൂ. വനജ അവിടെ ചെന്നു എന്താക്കിയെന്നു അറിയില്ല. എന്റെ കൊച്ചിന്റെ സ്ഥിതി എന്തെന്നും  അറിയില്ല. 

ഇനിയിപ്പോ അവരാരും ഇങ്ങോട്ട് വരലും ഉണ്ടാവില്ല. ഇതൊക്കെ താങ്ങാനുള്ള കരുത്ത് എന്റെ കുട്ടിക്ക് ദൈവം കൊടുക്കണേന്നുള്ള ഒറ്റ പ്രാർത്ഥന മാത്രേ ഇപ്പൊ ഉള്ളൂ."

അവസാനം ആയപ്പോഴേക്കും മാളുവമ്മയുടെ കണ്ഠം ഇടറി. അമ്മയെ ചേർത്തു പിടിച്ചു ആ നെഞ്ചിലേക്ക്  അവൻ  മുഖം ചായ്ച്ചു. സാന്ത്വനിപ്പിക്കുമ്പോലെ മാളുവമ്മ അവന്റെ മുടിയിൽ തഴുകി.

"നിനക്കിഷ്ടമില്ലാത്ത ഒന്നിനും അമ്മ നിർബന്ധിക്കില്ല. നിന്റെ സന്തോഷമാണ് അമ്മയ്ക്ക് വലുത്. ഞാൻ പറഞ്ഞത് എന്റെ ആഗ്രഹമാണ്. നിന്റിഷ്ടം അമ്മ ചോദിച്ചില്ല. നിന്റൊപ്പം  കളിച്ചു വളർന്ന പെൺകുട്ടിയേ നീ നിന്റെ സ്വന്തം അനുജത്തിയേ പോലെ കണ്ടിട്ടുണ്ടെങ്കിൽ അത് നിന്റെ ശുദ്ധമനസ്. അത് ഞങ്ങളാരും കാണാതെ പോയി. നിന്നോട് ചോദിക്കാതെ ചിന്നുവിന് ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും ഞാൻ കൊടുത്തു. അങ്ങനൊരു തെറ്റ് അമ്മ ചെയ്തു പോയി. നിന്റെ ഇഷ്ടക്കേട് ഇപ്പോഴെങ്കിലും   തുറന്നു പറഞ്ഞത് നന്നായിട്ടേ  ഉള്ളൂ. ജീവിതകാലം മുഴുവൻ ഒന്നിച്ചു കഴിയേണ്ടത് നിങ്ങളല്ലേ. ഇഷ്ടമില്ലാതെ കല്യാണം കഴിയ്ക്കുന്നതിലും  നല്ലത് അത് വേണ്ടന്നു വയ്ക്കുന്നത്  തന്നെയാ. ഒന്ന് രണ്ടു ദിവസം  കഴിയുമ്പോൾ ഈ വിഷമമൊക്കെ  മാറും. അവളെ ഇഷ്ടപ്പെടുന്ന ആരെങ്കിലും അതിനെ കൊണ്ട് പൊയ്ക്കോട്ടേ.എവിടെ ആയാലും അവൾ സന്തോഷത്തോടെ കഴിയുന്നത് കണ്ടാൽ മാത്രം മതി."

മാളുവമ്മയുടെ ആവശ്യപ്രകാരം രാവിലെ അജു പോയി ഗോപാലൻ നായരെ വിളിച്ചു കൊണ്ട് വന്നു. മാളുവമ്മയ്ക്ക് ഒരു നിബന്ധന മാത്രേ ഉണ്ടായിരുന്നുള്ളു:

"മണികുട്ടിയെ  നന്നായി നോക്കുന്ന ആർക്കും വേണമെങ്കിലും നീ ഇവളെ കൊടുത്തോളൂ. ഇറച്ചി വില്പനക്കാർക്ക് മാത്രം കൊടുക്കല്ലേ. ബാക്കി എന്താന്നു വച്ചാ കുട്ടനോട് സംസാരിച്ചാൽ മതി." 

മണികുട്ടിയെ ഒന്ന് തഴുകിയിട്ട് മാളുവമ്മ തിരിഞ്ഞു നടന്നു. നേര്യേതിന്റെ തുമ്പുയർത്തി അമ്മ കണ്ണ്  തുടച്ചു പോകുന്നത് അജു കണ്ടു. 

(തുടരും )


ഭാഗം - 11

അമ്മ ഒരുപാട് വിഷമിക്കുന്നുണ്ടെന്ന് അജുവിന് മനസിലായി. മറ്റു നിവർത്തി ഇല്ലാത്തത് കൊണ്ടാണ് മണികുട്ടിയെ കൊടുത്തേക്കാൻ തന്നോട്  പറഞ്ഞത്. 


അവളുടെ കാര്യങ്ങൾ നോക്കാൻ അമ്മയ്ക്ക് ആരുടെയെങ്കിലും സഹായം വേണം. തനിയെ  പരിചരിക്കാൻ അമ്മയുടെ ആരോഗ്യസ്ഥിതി അനുവദിക്കില്ല. ഇത്രയും നാളും ചിന്നു ഉണ്ടായിരുന്നു എന്തിനും കൂടെ. അവരെയൊക്കെ താൻ ശത്രു ആക്കി വച്ചു  കഴിഞ്ഞു. 

അച്ഛൻ കൊണ്ട് വന്ന പശുവിന്റെ കുട്ടി എന്ന പരിഗണനയും ആ ഒരു കരുതലും സ്നേഹവും അമ്മ എന്നും മണിക്കുട്ടിയോട്  കാട്ടിയിരുന്നു. അവൾക്കൊരു അസുഖം വന്നാൽ അമ്മ ഉറങ്ങില്ല. അവൾ പോകുന്നത് കാണാനുള്ള മനകരുത്ത് ഇല്ലാത്തത്  കൊണ്ടാവും  പെട്ടന്ന് കയറി പോയത്. 

അമ്മയ്ക്ക് അത്രയും പ്രിയപ്പെട്ടവൾ പിന്നിലേക്ക് നോക്കി  നിർത്താതെ കരഞ്ഞു കൊണ്ട് ഗോപാലൻ നായരുടെ പുറകെ  പോകുന്നത് അജു നോക്കി നിന്നു.  പശുവിനെ  വിറ്റുകിട്ടിയ കാശ് അവൻ  മാളുവമ്മയുടെ മുന്നിൽ കൊണ്ട് നീട്ടി. 

"അത് നിന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ മോനെ." നിർവികാരതയോടെ  മാളുവമ്മ പറഞ്ഞു. 

"എനിക്കെന്തിനാ കാശ്? നീ പോയാൽ പിന്നെ ഇവിടെ ഞാൻ മാത്രമല്ലേ ഉള്ളൂ. എനിക്ക് ലേശം കഞ്ഞി തിളപ്പിക്കണം. അതിനുള്ള വീട്ടു സാധനങ്ങളൊക്കെ ഇവിടെ ഇരിപ്പുണ്ട്. അത്യാവശ്യം വേണ്ടുന്ന പണവും എന്റെ കയ്യിലുണ്ട്."

മാളുവമ്മയുടെ മുഖത്തേക്ക് നോക്കി അജു ഒരു നിമിഷം നിന്നു. പുറത്തു കാട്ടുന്നില്ലെങ്കിലും അമ്മ ഉള്ളിൽ കരയുന്നത് അവന് കാണാമായിരുന്നു. തീരുമാനിച്ച് ഉറപ്പിച്ച പോലെ അജു പറഞ്ഞു. 

"അമ്മ ഇനിയിവിടെ തനിച്ചു നിൽക്കണ്ട. എന്റൊപ്പം പൊന്നോളു. ഇല്ലെങ്കിൽ എനിക്കവിടെ ചെന്നിട്ട്  ഒരു സമാധാനവും കാണില്ല. നമുക്ക് ഇടയ്ക്ക് വന്നു ഇവിടൊക്കെ വൃത്തിയാക്കിയിട്ടാൽ മതിയല്ലോ. അല്ലെങ്കിൽ വീട് നോക്കാൻ ആരെയെങ്കിലും ഏൽപ്പിക്കാം."

മാളുവമ്മ എതിർത്തു. 

"ഇല്ല. മരിക്കും വരെ ഈ വീട് വിട്ടു ഞാൻ എങ്ങോട്ടുമില്ല. എന്റെ കണ്ണടയുന്നത് വരെ  എനിക്ക് ഇതൊക്കെ  ഇങ്ങനെ തന്നെ കാണണം. അച്ഛന്റെ അസ്ഥിതറയിലെ വിളക്ക്  എനിക്ക് മുടക്കാനും  പറ്റില്ല. ഞാൻ ഇല്ലാണ്ടാവുമ്പോൾ നീ നിന്റെ ഇഷ്ടം പോലെ ചെയ്തോളൂ....."

അമ്മ എണീറ്റ് അടുക്കളയിലേക്ക് കയറി പോയി. അജു വാതിൽക്കലേക്ക് ചെന്നു. 

"എങ്കിൽ പിന്നെ എന്റെ ജോലി കളയാം. ഞാൻ നോക്കീട്ടു ആ ഒരു വഴിയേ കാണുന്നുള്ളൂ.  ഇവിടെ ജോണേട്ടന്റെ ഷോപ്പിൽ തന്നെ കയറാം. നമുക്ക് പഴയത് പോലെ ഉള്ളത് പോലൊക്കെ അങ്ങ് കഴിയാം. അതാ നല്ലത്."

മാളുവമ്മ ശാസിച്ചു. 

"എന്ത് വിഢിത്താ കുട്ടീ നീയീ പറയണേ ?"

"എത്ര നാൾ ഉറക്കിളച്ചും നേർച്ച നേർന്നും കിട്ടിയ ജോലിയാ. അതു കളയാനോ. സമ്മതിക്കില്ല ഞാൻ. എന്നെ കുറിച്ചു ആലോചിച്ചു നീ ആധി പിടിക്കണ്ടാന്ന് ഞാൻ പറഞ്ഞില്ലേ. ഈ അയൽപക്കത്തൊക്കെ എത്രയോ അമ്മമാർ തനിച്ചു താമസിക്കുന്നു.  അവരുടെയൊക്കെ മക്കൾ ജോലിക്കായി പലയിടത്തും പോയി നിൽക്കുന്നില്ലേ.  ആണ്ടിനോ സംക്രാന്തിക്കോ ആവും അവരൊക്കെ ഒന്ന് വന്നുപോകുന്നെ. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ. അവരൊക്കെ ജീവിക്കുന്നില്ലേ. അതുപോലെ ഞാനും നിന്നോളാം .നമ്മുടെ ആധാരം ബാങ്കിൽ നിന്ന് തിരിച്ചു പിടിക്കണ്ടേ. കിട്ടിയ ജോലി കളഞ്ഞിട്ടു പോന്നാൽ  നിന്റെ അച്ഛനെ അടക്കിയ ഈ മണ്ണ് നമ്മുടെ കൈവിട്ടു പോവും. അതിനിടവരുത്തല്ലേ മോനെ. നീ ധൈര്യമായിട്ട് പോയിട്ട് വാ. മരിച്ചുപോയ നിന്റെ അച്ഛന്റെ ആത്മാവും തേവരും മാത്രം മതി അമ്മയ്ക്ക് കൂട്ട്. നമ്മളെ മനസിലാക്കാതെ പിണങ്ങി പോകുന്നവരൊക്കെ പൊയ്ക്കോട്ടേ. .നീ ഇത് പോലെ  ഇടയ്ക്കൊക്കെ ഒന്ന് വന്നുപോയാൽ മാത്രം മതി....എന്നെ കുറിച്ച് ആലോചിച്ചു വേണ്ടാത്ത തീരുമാനങ്ങൾ ഒന്നും എടുത്തേക്കരുത് നീ. അമ്മയ്ക്ക് അത്രേ പറയാനുള്ളു."

മാളുവമ്മ  തിരിഞ്ഞു അടുക്കള പണി തുടർന്നു. പണം പോക്കറ്റിൽ വച്ചു കൊണ്ട് അജു മുറ്റത്തേക്ക് ഇറങ്ങി.  ഒഴിഞ്ഞ തൊഴുത്തിലേക്ക് നോക്കിയപ്പോൾ അവന്റെ  നെഞ്ചിലൊരു വിങ്ങലുണ്ടായി.  തലയാട്ടികൊണ്ട് മണിക്കുട്ടി കരയുന്നു.  അമ്മയുടെ പ്രിയപ്പെട്ട പശു. ഇനി അവൾ ഇല്ല. അജുവിന് പെട്ടന്ന് സങ്കടം വന്നു. തൊഴുത്തിന്റെ തിണ്ണയിലേക്ക് അവൻ ധർമ്മസങ്കടത്തിൽ  ഇരുന്നു. താനീ ചെയ്യുന്നതൊക്കെ ശരിയാണോ എന്നൊരു മറുചിന്ത അവന്റെ തല പുകയ്ക്കാൻ തുടങ്ങി. 

ഇന്നോളം  അമ്മയുടെ കൂട്ടായിരുന്ന  പ്രിയപ്പെട്ടവരെയെല്ലാം താൻ അമ്മയിൽ നിന്നും അകറ്റുന്നു. താനൊരു സ്വാർത്ഥൻ ആണെന്ന് അജുവിന് തോന്നി.  സ്വന്തം  വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി അമ്മയെ കരയിക്കുന്ന മകൻ.  

കർമ്മം അനുസരിച്ചു ഈ ചക്രം ഉരുണ്ടു ഒരുനാൾ തന്റെ നേരെ വരും. തന്റെ മക്കളിലൂടെ . അന്നേ തനിക്ക് മനസിലാവു അമ്മയുടെ കണ്ണീരിന്റെ വില.  

അപ്പോൾ അവന്റെ ഫോണിലേക്ക് ഗൗരിയുടെ കാൾ വന്നു. 

എപ്പോൾ  ചെല്ലുമെന്ന് അറിയാൻ വിളിച്ചതാണ്. 

"ഒന്നും തീരുമാനിച്ചില്ല മോളേ... " അവന്റെ മനസിലെ വിങ്ങൽ  വാക്കുകളിൽ പ്രതിധ്വനിച്ചു 

"എന്തുപറ്റി അജുവേട്ടാ?"

"ഒന്നുമില്ല. "

"ശബ്ദമൊക്കെ വല്ലാതെ ഇരിക്കുന്നു. ഒരു ഉത്സാഹം ഇല്ലാത്ത പോലെ.  അത് കൊണ്ട് ചോദിച്ചതാ. എന്നോട് പറയാൻ പറ്റാത്ത  പ്രശ്നം ആണെങ്കിൽ പറയണ്ട."

പിന്നെ പറയാതിരിക്കാൻ അജുവിന് കഴിഞ്ഞില്ല. അമ്മയുടെ പ്രിയപ്പെട്ട  മണികുട്ടിയെ ഗോപാലൻ നായർക്ക് വിറ്റ കാര്യം അവൻ വിശദീകരിച്ചു.  ഒരു നിമിഷം ഗൗരി ഒന്നും മിണ്ടിയില്ല. അവളുടെ മറുപടിയ്ക്കായി   അജു കാതോർത്തു.  മനസിനെ തൃപ്തിപെടുത്തുന്ന ഒരുത്തരം  അവളിൽ നിന്നു കേൾക്കാൻ അവൻ കൊതിച്ചു. 

"അജുവേട്ടന് എന്നോട് ദേഷ്യം തോന്നില്ലെങ്കിൽ ഞാൻ  ഒരു കാര്യം പറഞ്ഞോട്ടെ?  അനുസരിക്കണം."

"പറഞ്ഞോ..."

"എനിക്കതിനെ വേണം അജുവേട്ടാ..."

"എന്താ? " 

വ്യക്തമായി കേട്ടതാണ് എന്നിട്ടും മനസിലാവാത്തത്   പോലെ അജു വീണ്ടും ചോദിച്ചു.  അവൻ പതിയെ കിതയ്ക്കാൻ തുടങ്ങി. 

"എനിക്ക് മണിക്കുട്ടിയെ തിരിച്ചു വേണം." തന്റെ മനസ്സിലുള്ളതും ഗൗരിയുടെ മറുപടിയും ഒന്ന്. അവൻ  ചാടി എണീറ്റു. 

"നീ ഫോൺ വച്ചോ. ഞാൻ തിരിച്ചു വിളിക്കാം."

ഫോൺ പോക്കറ്റിലേക്കിട്ട്  അവൻ  കാവിമുണ്ട് മാടികുത്തി. 

പിന്നെ സർവ്വ കരുത്തും കാലിലേയ്ക്ക് ആവാഹിച്ചു  താഴേക്കു ഓടുകയായിരുന്നു. മരങ്ങൾക്കിടയിലൂടെ കരിയിലകൾ ചവിട്ടി മെതിച്ചു മുന്നോട്ട്.  തൊടിയും വയലും വേർതിരിക്കുന്ന തോട് ചാടി കടന്ന്. നിൽക്കാതെ പാടവരമ്പിലൂടെ കലുങ്കിന് സൈഡിലൂടെ ചെമ്മൺപാതയിലേക്ക് കയറി. ശ്വാസം കിട്ടാതെ വായ് തുറന്ന്   അണച്ചു കൊണ്ട് അവൻ റോഡിന്റെ ഇരുവശത്തേക്കും  നോക്കി. അപ്പോൾ മണിക്കുട്ടിയുടെ കരച്ചിൽ ദൂരെ  കേട്ടു. ആ ദിക്കിലേയ്ക്ക് നോക്കി. പച്ചിലചാർത്തുകളുടെ മറവിൽ നിന്നും  ചെമ്മൺ പാതയിലൂടെ നടന്നു വരുന്ന  ഗോപാലൻനായരാണ് അജുവിന്റെ കാഴ്ചയിലേക്ക് ആദ്യം കടന്ന് വന്നത് . 

പിന്നാലെ അപരിചിതന്റെ ഒപ്പം പോകാൻ മടിച്ചു   പിന്നിലേക്ക് ബലം പിടിച്ചും  അയാളുടെ കയർ വലിക്കുന്ന ബലത്തിൽ  ഗത്യന്തരമില്ലാതെ മുന്നോട്ട് നടന്നും വരുന്ന മണിക്കുട്ടി.  നിർത്താതെ ഓടി അവശനായ അജു ആശ്വാസത്തോടെ കലുങ്കിന് മേലേയ്ക്ക്  ഇരുന്നു. അവർ അടുത്ത് എത്താറായപ്പോൾ എണീറ്റു  റോഡിലേക്ക്  ഇറങ്ങി നിന്നു. അവനെ മുന്നിൽ കണ്ടു  ഗോപാലൻനായർ  അമ്പരന്നു. 

"എന്താ കുഞ്ഞേ? " 

അയാൾ കരുതിയത് കൊടുത്ത പണം കുറഞ്ഞു പോയത് കൊണ്ട് അവൻ തിരക്കി വന്നതാണെന്നാണ്. 

"അതേ.... ഗോപാലേട്ടാ... ഇതിനെ അമ്മ ഓമനിച്ചു വളർത്തിയതാ. വിറ്റു കഴിഞ്ഞപ്പോൾ ഭയങ്കര സങ്കടം..... എനിക്കെന്റെ മണികുട്ടിയെ കാണണേ  എന്ന് പറഞ്ഞു  അവിടിരുന്നു ഒരേ കരച്ചില്...."

"അയ്യോ. ഇപ്പൊ എന്താ ചെയ്യാ? "

"ഞാൻ നോക്കീട്ട് ഒരു വഴിയേ കാണുന്നുള്ളൂ.  ഗോപാലേട്ടൻ തന്ന പണം ഞാൻ മടക്കി തരാം. ഇവളെ ഇങ്ങ്  തിരിച്ചു തന്നേരെ."

"മാളു ഏടത്തിയ്ക്ക് ഇതിനെ പിരിയാൻ പറ്റില്ലെങ്കിൽ പിന്നെ അതല്ലേ വഴി ഉള്ളു." അയാൾ സമ്മതിച്ചതോടെ അജു പോക്കറ്റിൽ നിന്നും പണം എടുത്തു കൊടുത്തു. 

"മൊത്തം ഉണ്ടോന്ന്  എണ്ണി നോക്കിക്കോ."

"വടക്കേപ്പാട്ടെ കുട്ടിയല്ലേ. എനിക്ക്  വിശ്വാസാ. " എണ്ണി നോക്കാതെ അയാൾ  ചിരിയോടെ തുക  പോക്കറ്റിൽ വച്ചു.  കയർ കൈ മാറി. സന്തോഷത്തോടെ സമാധാനത്തോടെ   മണിക്കുട്ടിയുമായി  വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഗൗരിയെ വിളിച്ചു അവൻ ഈ വിവരം അറിയിച്ചു. 

"അജുവേട്ടാ. എന്റെ അമ്മയ്ക്ക് അജുവേട്ടൻ പ്രിയപ്പെട്ടതായത്  എന്ത് കൊണ്ടാണെന്ന് അറിയോ? "

"ഇത്രയും നല്ലൊരു മരുമോനെ  ഒറ്റ കാലിൽ തപസ്സു ചെയ്താൽ  കിട്ടില്ലെന്ന് നിന്റെ അമ്മയ്ക്ക്  തോന്നീട്ടുണ്ടാവും." 

അജുവിന്റെ കുസൃതി ചിരി ഗൗരി കേട്ടു. 

"ഉണ്ട! അത് കൊണ്ടൊന്നുമല്ല. ചേട്ടന്  ചേട്ടന്റെ അമ്മയോടുള്ള അളവില്ലാത്ത സ്നേഹം. അത് എന്റെ അമ്മ എന്നോട്  പറഞ്ഞിട്ടുമുണ്ട്.  ചേട്ടന്റെ അമ്മ മണിക്കുട്ടിയുമായി എന്ത് മാത്രം അറ്റാച്ഡ് ആണെന്ന് ചേട്ടൻ പറഞ്ഞിട്ട്  എനിക്കറിയാം. മണിക്കുട്ടി അടക്കം അവിടെയുള്ള  മറ്റു പലതും ആ അമ്മയ്ക്ക് പ്രിയപ്പെട്ടതാണ്. അത് കൊണ്ടാ തിരിച്ചു മേടിച്ചോണ്ട് വരാൻ ഞാൻ പറഞ്ഞേ... അത് മാത്രമല്ല എന്റെ കൊച്ചിന്റെ ഒച്ച  കേട്ടപ്പോഴേ എനിക്ക് മനസിലായി ചെറുക്കൻ ഇമോഷണലി ഡൗൺ ആണെന്ന്. അത് കൊണ്ടാ ഞാൻ കാരണം തിരക്കിയേ.  ഇപ്പൊ ദേ  OK ആയിട്ടുണ്ട്. 

ഇനി എന്നോട് ചോദിക്കാതെ ഇതുപോലുള്ള  മണ്ടത്തരമൊന്നും  കാണിച്ചേക്കരുത്. കേട്ടല്ലോ."

" yes dear."

ഗൗരിയുടെ positive vibes അറിയുകയായിരുന്നു  അജു. 

എന്ത് ചെയ്യണം എന്ന് ധർമ്മസങ്കടത്തിൽ നിന്നപ്പോൾ വന്ന അവളുടെ call. 

മണികുട്ടിയെ തിരിച്ചു പിടിച്ചപ്പോൾ കിട്ടിയ ആശ്വാസം.  കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഒരു partner. അപ്പോൾ ഗൗരിയുടെ കാതരമായ സ്വരം അജു കേട്ടു. 

"ടോ..."

"എന്തൊ ? "

"എനിക്ക് തന്നെ  ഭയങ്കരമായി മിസ്സ് ചെയ്യുന്നടോ മാഷേ...."

"ആണോ? "

അവൻ കുലുങ്ങി ചിരിച്ചു.

"ആണല്ല പെണ്ണ്. ഒട്ടും romantic അല്ലാത്ത മനുഷ്യൻ.."

"നിന്നെ ഞാനെന്റെ  സ്വന്തം ആക്കിക്കോട്ടെ കരളേ..... പിന്നേയാണ് നീയെന്റെ റൊമാൻസ് മൊത്തം കാണാൻ പോകുന്നത്. "

"പിന്നെ പിന്നേ. ഓ.......... ദേ വരുന്നമ്മാ......"

ഗൗരിയുടെ ചെവി പൊട്ടുന്ന  ഒച്ച. 

"അജുവേട്ടാ അമ്മ താഴെ വിളിക്കുന്നു. വീട്ടിൽ ഉണ്ടെങ്കിൽ ഇതാ പ്രശ്നം ഒരിടത്തും ഇരിക്കാൻ സമ്മതിക്കില്ല. ഞാൻ പിന്നെ വിളിക്കാമേ....."

"അമ്മയ്ക്ക് ഇന്ന് ഡ്യൂട്ടി ഇല്ലായിരുന്നോ? "

"ഇല്ല. ഓഫാ..."

ഫോൺ കട്ടായി കഴിഞ്ഞു. 


അന്ന് ഉച്ച കഴിഞ്ഞു ബ്രോക്കർ രാമുണ്ണി, രമ്യയ്ക്ക് വേണ്ടി ഒരു പയ്യനെ തെക്കേപ്പാട്ട് കൊണ്ട് വന്നു. ഗൾഫിൽ ആണ് ചെക്കന് ജോലി. പറ്റിയാൽ ലീവ് കഴിഞ്ഞു മടങ്ങും മുൻപ് കല്യാണം കഴിക്കാനാണ് തീരുമാനം. സാമ്പത്തികമൊന്നും  പ്രശ്നമല്ല പക്ഷെ ചന്തമുള്ള ഒരു പെണ്ണ് വേണം. അതു മാത്രമാണ് പയ്യന്റെ ഡിമാൻഡ്. 

കാറിൽ ചെക്കനും അവന്റെ ചങ്ങാതിയും മാത്രമാണ് എത്തിയത്. കവലയിൽ കാത്തുനിന്നു രാമുണ്ണി അവരെ കൂട്ടി വന്നു. സന്തോഷത്തോടെ വിജയൻ നായർ അഥിതികളെ സ്വീകരിച്ചു ഇരുത്തി. ചായയും പലഹാരങ്ങളും ട്രേയിലേക്ക് എടുത്തു വച്ചിട്ട് രമ്യയോട് അതെടുത്തു പൂമുഖത്തേക്ക് ചെല്ലാൻ വനജ നിർദേശിച്ചു. പിൻവരാന്തയിൽ തൂണിൽ ചുറ്റിപിടിച്ചു നിൽക്കുന്ന രമ്യ അത് കേട്ടതായി ഭാവിച്ചില്ല. 

"എടീ  നിന്നോടാ പറഞ്ഞേ ഇതെടുത്തു അപ്പുറത്തേക്ക് ചെല്ലാൻ."

ശബ്ദം താഴ്ത്തി വനജ ആജ്ഞാപിച്ചു. രമ്യ രൂക്ഷമായി ഒന്ന് നോക്കി. 

"എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞില്ലേ ?"

"ഒരു കുത്തങ്ങു വച്ചു തരും ഞാൻ... "

പല്ല് ഞെരിച്ചു കൊണ്ട് വനജ അവളുടെ അടുത്തേക്ക് ചെന്നു. 

"അമ്മ എന്നെ കൊന്നോ. എന്നാലും ഒരുത്തന്റേം മുന്നിലേക്ക് ഞാൻ കെട്ടിയൊരുങ്ങി ഇറങ്ങുമെന്ന് കരുതണ്ട."

"പിന്നെ നിന്നെ ആര് കെട്ടിയെടുക്കുമെന്നു വിചാരിച്ചാടി നില്കുന്നെ. നിന്റെ മറ്റവനോ ?"

"എന്നെ ആരും കെട്ടിയെടുക്കണ്ട. എനിക്കീ ജീവിതത്തിൽ ഇനി  കല്യാണവും വേണ്ട. ഞാനിവിടെങ്ങാനും കഴിഞ്ഞോളാം." രമ്യ വിതുമ്പി. 

അപ്പോഴേക്കും വിജയൻ നായർ അവിടേക്ക് വന്നു. 

"നിങ്ങളി പെണ്ണിന്റെ നിൽപ്പ് കണ്ടോ. കൊന്നാലും അപ്രത്തെക്കു വരില്ലെന്നാ പറയുന്നേ. ഇതിനെ എന്താ ഇപ്പൊ ചെയ്യാ "

"മോളെ... " വിജയൻ നായർ അപേക്ഷിക്കുമ്പോലെ വിളിച്ചു. രമ്യ കരയാൻ തുടങ്ങി:

"വടക്കേപ്പാട്ട് അമ്മായീടെ അടുത്ത് പോണ്ടാന്ന് അച്ഛൻ പറഞ്ഞു. ഞാൻ കേട്ടില്ലേ. കുട്ടേട്ടനെ കാണരുതെന്ന് പറഞ്ഞു. ഞാൻ അനുസരിച്ചില്ലേ. ഇതെനിക്ക് വയ്യച്ഛാ... എനിക്ക് കല്യാണം വേണ്ട.നിങ്ങൾക്ക് ആർക്കും ശല്യം ആവാതെ ഞാൻ ഇവിടെ ഒതുങ്ങി കഴിഞ്ഞോളാം."

വിജയൻ നായരും വനജയും തങ്ങളിൽ നോക്കി.  അയാൾ അവളുടെ അടുത്തേക്ക് ചെന്നു. 

"ശരി. നിന്റെ ഇഷ്ടം പോലെ നടക്കട്ടെ. നിനക്കിനി കല്യാണം വേണ്ടെങ്കിൽ വേണ്ട. നിർബന്ധിക്കുന്നില്ല. പക്ഷെ അച്ഛൻ പറഞ്ഞിട്ട് അവരിവിടം വരെ വന്നതല്ലേ. ഒന്ന് കണ്ടിട്ട് പൊയ്ക്കോട്ടേ. എന്നെ നാണം കെടുത്താതിരിക്കാനെങ്കിലും മോള് ഒന്ന് അവിടം വരെ വാ. പെണ്ണുകാണൽ അല്ല. നമ്മുടെ വീട്ടിൽ വരുന്നവർക്ക് ഒരു ഗ്ലാസ് ചായ കൊടുക്കുന്നെന്നു മാത്രം നീ കരുതിയാൽ മതി. പിന്നെ എന്തെങ്കിലും കള്ളം ഞാൻ അവരോടു പറഞ്ഞോളാം."

നനഞ്ഞ മിഴികൾ ഉയർത്തി രമ്യ നോക്കി. വിജയൻ നായരുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു. കണ്ണ് തുടച്ചു കൊണ്ട് അയാൾ തിരിഞ്ഞു നടന്നു. അച്ഛൻ കരയുന്നത് മാത്രം രമ്യ സഹിക്കില്ല. അനുസരണയോടെ അവൾ ചെന്നു ട്രേ കയ്യിൽ എടുത്തു. 

പിന്നാലെ എത്തി വനജ തോളിൽ കിടന്ന തോർത്തുയർത്തി രമ്യയുടെ മുഖം തിടുക്കത്തിൽ അമർത്തി തുടച്ചു കൊടുത്തു. പൂമുഖത്തെ അതിഥികളുടെ മുന്നിലേക്ക് ചായ ഗ്ലാസ് വച്ച ട്രേയുമായി രമ്യ നടന്നു. 

(തുടരും )


 

ഭാഗം - 12

മുറ്റത്തു നിന്ന് മണിക്കുട്ടിയുടെ കരച്ചിൽ കേട്ടു നനഞ്ഞ കൈ നേര്യേതിന്റെ തുമ്പിൽ തുടച്ചു കൊണ്ട് മാളുവമ്മ തിടുക്കത്തിൽ  പുറത്തേക്ക് ഇറങ്ങി. തൊഴുത്തിന് മുന്നിൽ അടിച്ചു താഴ്ത്തിയ കുറ്റികാലിൽ മണികുട്ടിയെ കെട്ടുന്ന അജുവിനെ കണ്ടു അവർ അമ്പരന്നു. 


"ഇതെന്താടാ ഗോപാലൻ ഇവളെ കൊണ്ടു പോയില്ലേ?"

മാളുവമ്മ പടിയിറങ്ങി വന്നു. കുറച്ചു വൈക്കോൽ പശുവിന്റെ മുന്നിൽ കൊണ്ടിടുന്നതിനിടയിൽ അജു പറഞ്ഞു. 

"ഞാനിങ്ങ് തിരിച്ചു മേടിച്ചു കൊണ്ടു പോന്നു..."

"ങേ..." 

മനസിലാവാതെ മാളുവമ്മ താടിയ്ക്ക് കൈ കൊടുത്തു ചോദ്യ ഭാവത്തിൽ മകനെ നോക്കി.  

"ഇവളിവിടെ ഇല്ലെങ്കിലേ  എനിക്കൊരു  സുഖവും തോന്നുന്നില്ല....."

അവൻ ചുണ്ട് കൂർപ്പിച്ച്   ചിരി ഒതുക്കി അമ്മയുടെ അടുത്തേക്ക് വന്നു. അവരുടെ താടിയിൽ പിടിച്ചു കുറുമ്പോടെ ചോദിച്ചു. 

"ഇപ്പോ മനസ്സിനൊരു സുഖം തോന്നുന്നില്ലേ   മാളുവമ്മേ?"

അവരുടെ മുഖത്ത് ഒരു നനഞ്ഞ ചിരി വിരിഞ്ഞു. പിന്നെ വിഷമത്തോടെ പറഞ്ഞു. 

"പക്ഷെ ഇവളുടെ കാര്യങ്ങളൊക്കെ എന്നെ കൊണ്ടു ഒറ്റയ്ക്ക് നോക്കാൻ പറ്റില്ലല്ലോ മോനേ."

അവൻ അമ്മയുടെ ഇരു തോളിൽ കൈ വച്ചു. 

"അതിനൊക്കെയുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്. മാളുവമ്മ  അതൊന്നുമോർത്ത്  ടെൻഷനടിക്കണ്ട. കേട്ടോ.  ഇവളുടെ കാര്യങ്ങൾ  കൂടി നോക്കാനെ  ഞാൻ  കറവക്കാരനെ ഏൽപ്പിച്ചോളാം.  അതിനുള്ള കൂലി അവന് കൊടുത്താൽ പോരെ."

മാളുവമ്മയ്ക്ക് ഇതിൽപ്പരം സന്തോഷം വേറെയില്ല. പെട്ടന്ന് അവർ മകന്റെ മുഖം പിടിച്ചു ആ നെറ്റിയിൽ  മുത്തി. അമ്മയുടെ  സ്നേഹം തന്റെ ഉള്ളിലേക്ക് പ്രവഹിക്കുന്നത് അജു അറിഞ്ഞു . അവൻ നിർവൃതിയോടെ  മിഴികൾ പൂട്ടി വച്ചു. 


രമ്യയെ കാണാൻ വന്ന ചെക്കന്റെ പേര്  'മിഥുൻ' എന്നായിരുന്നു. കാണാൻ സുമുഖൻ. മറ്റു ദുശീലങ്ങൾ ഒന്നുമില്ല. വീട്ടിൽ അമ്മയും ഒരു പെങ്ങളും മാത്രം.  പെങ്ങളുടെ കല്യാണം കഴിഞ്ഞു.  ഇനി മറ്റു ബാധ്യതകൾ ഒന്നുമില്ല. 

രമ്യ ഒഴിച്ചു ബാക്കി എല്ലാവർക്കും നന്നായി ബോധിച്ചു. മിഥുനും ചങ്ങാതിയും ഇറങ്ങിയപ്പോൾ രാമുണ്ണിയും ഒപ്പം കൂടെ പോയി. കവലയിൽ ഇറങ്ങി തന്റെ സൈക്കിളിൽ താമസിയാതെ അയാൾ തെക്കേപ്പാട്ട് തിരിച്ചെത്തി. 

വന്നത് സന്തോഷവാർത്തയുമായാണ്:

"നിങ്ങൾക്ക് ലോട്ടറി അടിച്ചെന്ന് പറഞ്ഞാൽ മതി വിജയൻ നായരെ."

വീടിന്റെ ഉമ്മറതിണ്ണയിൽ വിജയൻ നായരുടെ അടുത്ത് ചെന്നിരുന്നു രാമുണ്ണി പറഞ്ഞു. 

"ചെക്കന് നിങ്ങളുടെ കുട്ടിയെ അത്രയ്ക്കങ്ങട് ബോധിച്ചു. കല്യാണത്തിന് സാമ്പത്തികപ്രശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ  സഹായിക്കാന്നാ അവൻ പറയുന്നേ. കുട്ടിയെ കൈപിടിച്ച് കൊടുത്താൽ മാത്രം മതി പോലും . ആകെയുള്ളത് മൂന്നു മാസത്തെ ലീവാണ്. കഴിയുമെങ്കിൽ ഈ മാസത്തിൽ തന്നെ കല്യാണം നടത്തിയാൽ അത്രയും സന്തോഷം. മടങ്ങി പോയിട്ട്  കുട്ടിയെ കൂടി ഗൾഫിലേക്ക് കൊണ്ട് പോവാനാ ചെക്കന്റെ പ്ലാൻ."

ഒറ്റ ശ്വാസത്തിലാണ് രാമുണ്ണി പറഞ്ഞു നിർത്തിയത്. ആ വാർത്ത കേട്ടിട്ട് യാതൊരു ഭാവഭേദവുമില്ലാതെ വിജയൻ നായർ തല കുമ്പിട്ടിരിക്കുന്നത് കണ്ട് രാമുണ്ണി അമ്പരന്ന് നോക്കി:

"നിങ്ങളെന്താണ് കുരങ്ങു ചത്ത കാക്കാലനെ പോലെ ഇരിക്കണേ?"

"ചിന്നു സമ്മതിക്കുന്നില്ല രാമുണ്ണി. പെണ്ണിന് കല്യാണം വേണ്ടെന്നാ പറയുന്നേ. ഞാനെന്താ ഇപ്പോ ചെയ്യാ?"

"ഇത് നല്ല കൂത്ത്. "

രാമുണ്ണിയുടെ സ്വരം മാറി. 

"നിങ്ങളിത് എന്ത് വർത്താനാ ഈ പറയണേ. തുടക്കത്തിലേ ഞാൻ ചോദിച്ചതല്ലേ പെങ്കൊച്ചു സമ്മതിക്കുമോന്ന്? അപ്പോ എന്തുവാ പറഞ്ഞേ. ധൈര്യമായിട്ട് നോക്കിക്കോളാൻ"

രാമുണ്ണിയുടെ ഒച്ച കേട്ടു വനജയും ചന്തുവും ഇറങ്ങി വന്നു. 

"നിങ്ങൾക്കുള്ള കമ്മീഷൻ  എന്തായാലും ഞാൻ തരും. പേടിക്കണ്ട ."

വിജയൻ നായർ നീരസം പ്രകടിപ്പിച്ചു. 

"എന്താ. എന്തുപറ്റി ?"

വനജ രാമുണ്ണിയോട് ചോദിച്ചു. വിജയൻ നായരോട് പറഞ്ഞ കാര്യങ്ങൾ  രാമുണ്ണി ആവർത്തിച്ചു. പിന്നെ തുടർന്ന് ഓർമിപ്പിച്ചു.  

"ഇത്രേം നല്ലൊരു ബന്ധം ഇനി വരാനുണ്ടോ. വന്നു കയറുന്ന മഹാലഷ്മിയെയാണ് നിങ്ങൾ ഇറക്കി വിടുന്നതെന്ന് മറക്കണ്ട."

"അതിന് ഇവിടിപ്പോ  ആരിറക്കി വിട്ടു?"

വനജ കണ്ണു മിഴിച്ചു. 

"പിന്നെ വിജയൻ നായർ പറയുന്നതോ ?"

രാമുണ്ണി വിജയൻ നായരുടെ നേരെ കൈ ചൂണ്ടി. 

"നിങ്ങളെന്തുവാ മനുഷ്യാ പറഞ്ഞേ?"

വനജ, വിജയൻ നായരെ ചുഴിഞ്ഞു നോക്കി. അയാൾ മിണ്ടിയില്ല. 

"നിങ്ങൾക്കീ കല്യാണം നടത്താൻ ഉദ്ദേശം ഇല്ലേ?"

"ചിന്നു പറയുന്നത് നീയും കേട്ടതല്ലേടി."

"അവളെങ്ങനെ പലതും പറയും.

അല്ലെങ്കിൽ തന്നെ അവളാണോ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നെ. രാമുണ്ണി പറഞ്ഞത് നിങ്ങൾ കേട്ടില്ലേ. ആ ചെക്കൻ എന്തിനും തയ്യാറായി നിൽകുവാ. കല്യാണം കഴിഞ്ഞാൽ പെണ്ണിനെ ഗൾഫിലും കൊണ്ടോവും. ഇതിനേക്കാൾ നല്ലൊരു ബന്ധം ഇനി വരാനുണ്ടോ ? എന്ത് ചെയ്യണമെന്നറിയാതെ മേലോട്ട് നോക്കി നിക്കുവാരുന്നു. എന്റെ കണ്ണീര് കണ്ടിട്ട് തേവര് കൊണ്ടു തന്നതാ ആ ചെറുക്കനെ. ഇനി ഇവിടെ ആരെന്തു മല മറിച്ചാലും 

ഈ കല്യാണം ഞാൻ നടത്തും. വനജയാ പറയുന്നേ. അതു കേട്ടു രാമുണ്ണി ഉത്സാഹത്തോടെ തുടർന്നു: 

"വിജയൻ നായരെ, പെങ്കൊച്ചുങ്ങള് അങ്ങനെ പലതും പറയും. കല്യാണം കഴിഞ്ഞാൽ അതൊക്കെ ശരിയായിക്കോളും. ഒളിച്ചോടി പോകുന്ന കുട്യോളെ  തിരിച്ചു പിടിച്ചോണ്ട് വന്നു കുളിപ്പിച്ചൊരുക്കി കെട്ടിച്ചു വിടുന്നില്ലേ. ഇവിടെ അങ്ങനൊന്നുമില്ലല്ലോ. കുട്ടന് ഇഷ്ടമില്ലെങ്കിൽ പിന്നെ അവനെ നോക്കിയിരുന്നാൽ ജീവിതകാലം മൊത്തം ഇങ്ങനെ ഇരിക്കും. നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ  കുഴപ്പമില്ല. നിങ്ങളുടെ കാലം കഴിഞ്ഞാലോ. അതിന്റെ കാര്യം ആര് നോക്കും ? ഈ  നിക്കുന്ന അനിയൻ ചെറുക്കനോ  ? കെട്ടിക്കഴിയുന്ന വരെ  അങ്ങളേം പെങ്ങളും ബന്ധമുള്ളൂ. അതുകഴിഞ്ഞാൽ ഇവൻ ഇവന്റെ കാര്യം നോക്കി പോകും. പിന്നെ ഈ കല്യാണം എന്നൊക്കെ പറയുന്നത് ഒരു  സമയത്തൊക്കെ നമ്മളെ തേടി വരുള്ളൂ. അതു കഴിഞ്ഞാൽ  പിന്നെ നമ്മൾ വിചാരിച്ചാലും നടന്നുന്ന് വരില്ല."

"എനിക്കറിയില്ല രാമുണ്ണി എന്ത് വേണമെന്ന്. അവളുടെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല."

വിജയൻ നായർ ധർമ്മസങ്കടത്തോടെ പറഞ്ഞു. 

"നിങ്ങളവളുടെ മുഖത്തു നോക്കണ്ട. തീർന്നില്ലേ. ഇങ്ങനൊരു മനുഷ്യൻ......"

വനജ അസഹ്യതയോടെ പറഞ്ഞു. 

"വിജയൻ നായർ ഒന്നും അറിയണ്ട. പെണ്ണിനെ ഒന്ന് ഒരുക്കി മണ്ഡപത്തിൽ എത്തിച്ചു തരാമോ? ബാക്കി കാര്യം ഞാനേറ്റു. "

രാമുണ്ണി ധൈര്യം പകർന്നു. 

"നാളെ ചെക്കന്റെ അമ്മാവനും അളിയനും ചെറിയച്ഛനും കൂടി ഇങ്ങോട്ട് വരുന്നുണ്ട്. അവർക്ക് പെണ്ണിനേം ചുറ്റുപാടും ഒക്കെ ഒന്ന് കണ്ടിട്ട് പോണം. ചുമ്മാ നാട്ടു നടപ്പനുസരിച്ചു ഒന്ന് വന്നുപോകുന്നു . അത്രേയുള്ളൂ. അവിടെ കാര്യങ്ങളൊക്കെ   തീരുമാനിക്കുന്നത് ചെക്കൻ തന്നെയാ. നിങ്ങൾക്ക് നാളെ എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ പറയണം. എനിക്കതവിടെ അറിയിക്കാനാ."

"ഒരു അസൗകര്യവുമില്ല."

വനജ തിടുക്കത്തിൽ അറിയിച്ചു:  

"ഈ മനുഷ്യൻ പറയുന്നതും നോക്കിയിരുന്നാൽ പെണ്ണ് വീട്ടിൽ ഇരിക്കത്തേയുള്ളൂ.  രാമുണ്ണി എങ്ങനേലും ഇതൊന്നു നടത്തി തരണം. നമുക്ക് വേണ്ടുന്ന ചെയ്യാം."

"അതൊക്കെ ഞാനേറ്റു."

ചന്തു പതിയെ അകത്തേക്ക് നടന്നു. മുറിയിൽ കിടക്കുന്ന രമ്യയുടെ അടുത്ത് ചെന്നിരുന്നു:

"നീയെന്തിനാടി  ഇങ്ങനെ കരയുന്നെ ? നിന്നെ കുട്ടന്   വേണ്ടാന്ന് പറഞ്ഞു കഴിഞ്ഞു. ഇനി ആർക്കു വേണ്ടിയാ നീ സമരം ചെയ്യുന്നേ?" രമ്യ മിണ്ടിയില്ല. 

"അല്ലെങ്കിൽ തന്നെ അയാൾക്ക്  എന്താടി ഉള്ളെ. മഴ പെയ്താൽ ചോരുന്ന ഒരു വീട്. അത് തന്നെ ബാങ്കിലാണ്. പിന്നെ ജോലി കിട്ടിയെന്നൊക്കെ പറയുന്നു. ആർക്കറിയാം സത്യം എന്താണെന്ന്. കിട്ടിയാൽ തന്നെ ഒന്ന് സെറ്റാവാൻ വർഷങ്ങൾ എടുക്കും. പക്ഷെ മിഥുൻ ചേട്ടനാണെങ്കിലോ.  കാണാൻ സുന്ദരൻ. ആ കൈയിൽ കിടക്കുന്ന തടിച്ച ബ്രേസ്ലെറ്റ് നീ കണ്ടായിരുന്നോ. കാർ കണ്ടു ഞാൻ  ഞെട്ടി പോയി. നമ്മുടെ ഈ ഓണം കേറാ മൂലയിൽ ആർക്കുണ്ടടി ഇങ്ങനെയൊക്കെ. പിന്നെയോ ഇരുനില വീട്. വീട്ടിൽ ജോലിക്കാർ. മാത്രമല്ല നിന്നെ കെട്ടിയാൽ ഗൾഫിലും  കൊണ്ടു പോകുംന്നാ പറയുന്നേ. ഇങ്ങനെ ഒരു 

ഓഫർ നിന്റെ ജീവിതത്തിൽ കിട്ടില്ല. നീ ഗൾഫിൽ പോയാൽ എനിക്കും വരാലോ അവിടേയ്ക്ക്.  നമ്മൾ എല്ലാവരും രക്ഷപ്പെടുന്ന കാര്യമാണ്. ഒന്ന് സമ്മതിക്കടി ചിന്നു...."

രമ്യയുടെ മറുപടിക്കുവേണ്ടി ഒരു നിമിഷം ചന്തു കാത്തു. പിന്നെ തുടർന്നു. 

"നീ ഇനി എത്ര കരഞ്ഞാലും ബഹളം വച്ചാലും ഈ കല്യാണം നടക്കും . അതിനെ പറ്റിയ പുറത്തു അവർ സംസാരിക്കുന്നെ. നാളെ മിഥുൻ ചേട്ടന്റെ ബന്ധുക്കൾ ഇങ്ങോട്ട് വരുന്നുണ്ട്. അതുകഴിഞ്ഞാൽ ഉടനെ കല്യാണം ഉണ്ടാവും. നീയീ കരയുന്നതൊക്കെ വെറുതെയാ. അല്ലെങ്കിൽ നോക്കിക്കോ."

രമ്യ അവൻ പറയുന്നതൊക്കെ കാതോർത്തു കിടക്കുകയായിരുന്നു. ഒരു നിമിഷം അവളെ നോക്കി ഇരുന്നിട്ട് ചന്തു എണീറ്റു പുറത്തേക്കു പോയി. വൈകുന്നേരം ചായ തയ്യാറാക്കി ഗ്ലാസിലേക്കു പകരുമ്പോൾ വനജ രമ്യയെ വിളിച്ചു. 

മറുപടിയില്ല. 

ചന്തു പുറത്തേക്കു പോയത് കൊണ്ട് വിജയൻ നായരുടെ ചായയുമായി അവർ ഉമ്മറത്തേക്ക് ചെന്നു. 

"അവളെന്ത്യേടി ?"

"മോങ്ങികൊണ്ട് കിടപ്പുണ്ട്.  വാശിയല്ലേ. പെറ്റ തള്ള പറയുന്നതല്ല അവൾക്കു കാര്യം. അവളെ വേണ്ടാത്ത ഒരുത്തനു വേണ്ടി ജീവിതം കളയുന്നു. ഇങ്ങനൊരെണ്ണം എന്റെ വയറ്റിൽ വന്നു കുരുത്തല്ലോ  എന്റെ തേവരെ. ഏതു കുടുംബത്തും കാണും നാണം കെടുത്താൻ ഒരെണ്ണം... "

പതം പറഞ്ഞു കൊണ്ട് വനജ അടുക്കളയിൽ ചെന്നു ഒരു ചായയുമെടുത്തു  രമ്യയുടെ മുറിയിലേക്ക് പോയി. 

"എണീറ്റു ചായ കുടിക്കടി. " 

ചായ ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് വനജ രമ്യയുടെ അരികിൽ ഇരുന്നു. 

"നീ എന്തിനാ പെണ്ണേ ഇങ്ങനെ കരഞ്ഞു കരഞ്ഞു അസുഖം വരുത്തി വയ്ക്കുന്നെ. നീ തന്നെ ഒന്നാലോചിച്ചു നോക്ക്. നിന്റെ ഇഷ്ടത്തിന് എതിരായിട്ട് ഞാനോ അച്ഛനോ ഇതുവരെ നിന്നിട്ടുണ്ടോ. നിനക്ക് കുട്ടനെ മതി എന്ന് പറഞ്ഞത് കൊണ്ടല്ലേ   ഞങ്ങളാ കല്യാണത്തിന് മുതിർന്നത് ? എന്നിട്ടോ 

ഞങ്ങളുടെ മുഖത്ത് നോക്കിയാ നിന്നെ അവൻ വേണ്ടാന്ന് പറഞ്ഞേ. ഇനി അവന്റെ കാല് കൂടി പിടിക്കാൻ നീ ഞങ്ങളോട് പറയരുത്. നിനക്ക് വേണ്ടി അതും ചെയ്യുന്ന അച്ഛനാ ആ പുറത്തിരുന്നു വിഷമിക്കുന്നേ.  ഞങ്ങളീ  കല്യാണത്തിന് നിന്നെ നിർബന്ധിക്കുന്നത്  നിനക്ക് വേണ്ടിയല്ലേ. അല്ലാതെ ഞങ്ങൾക്ക് എന്തെങ്കിലും നേടാൻ വേണ്ടിയാണോ. എന്ന് കരുതി വഴിയേ പോണ എമ്പോക്കിക്കൊന്നുമല്ല നിന്നെ പിടിച്ചു കൊടുക്കുന്നത്. കുട്ടനെക്കാൾ സൗന്ദര്യവും സമ്പത്തും ആരോഗ്യവും  ഉള്ള ആളെ തന്നെയാ . നിനക്കവിടെ ഒരു കുറവും ഉണ്ടാവില്ല. ഇങ്ങനെ ഒരേ കിടപ്പ് കിടക്കാതെ നീ ഒന്ന് എണീൽക്ക്. "

രമ്യ അനങ്ങിയില്ല. 

"ഞങ്ങളീ ചെയ്യുന്നതിന്റെ വിലയും നന്മയുമൊന്നും നിനക്കിപ്പോൾ മനസിലാവില്ല. നീ കുറച്ചു നാൾ ജീവിക്ക്. അപ്പോൾ നിനക്ക് ബോധ്യാവും അച്ഛനും അമ്മയും പറഞ്ഞതായിരുന്നു  ശരിയെന്ന്." വനജ പറഞ്ഞു നിർത്തി. 


ഞായറാഴ്ച മൊത്തം അജു അമ്മയ്ക്കൊപ്പം കഴിഞ്ഞു. മാളുവമ്മയെ അവൻ പരമാവധി സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പശുവിനെ കുളിപ്പിച്ചതും തൊഴുത്ത് വൃത്തിയാക്കിയതും ഒക്കെ അവൻ തന്നെയാണ്. അടുക്കളയിൽ പാചകത്തിലും അവൻ അമ്മയെ സഹായിച്ചു.  മാളുവമ്മയുടെ മനസിലെ കരട് പതിയെ മാഞ്ഞു തുടങ്ങിയിരുന്നു. ഇടമുറിയാതെ സംസാരിക്കാനും അവൻ പറയുന്ന തമാശ കേട്ടു ഉച്ചത്തിൽ ചിരിക്കാനും തുടങ്ങി. അവന് കൊണ്ട് പോകാൻ   അച്ചാർ തയ്യാറാക്കാനുള്ള മാങ്ങ പൊട്ടിക്കാൻ അജു  തൊടിയിലേക്ക് പോയപ്പോൾ മാളുവമ്മയും കൂട്ട് പോയി. 

സന്ധ്യയ്ക്ക് തേവരുടെ അമ്പലത്തിൽ നിന്നും കൊണ്ടു വന്ന  പ്രസാദം അവൻ അമ്മയുടെ നെറ്റിയിൽ തൊട്ടു കൊടുത്തു. ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന്  കാലിൽ തൈലം പുരട്ടി കൊടുക്കുമ്പോൾ  അജു മാളുവമ്മയോട്   പറഞ്ഞു. 

"ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഏത് വിധേനയും  അത് തരപ്പെടുത്തിയെടുക്കാൻ നോക്കും. അതിന് ശ്രീയുടെ പരിചയത്തിലുള്ള  ഒരു രാഷ്ട്രീയക്കാരനെ ഞങ്ങൾ പോയി കണ്ടിരുന്നു.  അയാൾ റെഡിയാക്കി തരാമെന്നൊക്കെയാ പറയുന്നേ. എന്തായാലും നോക്കാം. അത് വരെ അമ്മ തനിച്ചു നിൽക്കേണ്ടി വരും . വടക്കതിലെ  രമേച്ചിയുടെ അമ്മ രാത്രി അമ്മയ്ക്ക് കൂട്ട് കിടക്കാൻ വരാമെന്ന് ഏറ്റിട്ടുണ്ട്....

പറ്റിയാൽ എല്ലാ ആഴ്ചയിലും ഞാൻ വന്നു പോവാൻ  ശ്രമിക്കാം..." 

വെളുപ്പിനെയുള്ള ട്രെയിനിൽ അജു തിരുവനന്തപുരത്തേക്ക് മടങ്ങി പോയി. വാടക വീട്ടിൽ എത്തിയപ്പോൾ നാലുമണി കഴിഞ്ഞു.  കുളിച്ചു വന്നിട്ട് അമ്മ പൊതിഞ്ഞു കൊടുത്തു വിട്ട സാധങ്ങൾ അടുക്കളയിൽ ഒതുക്കി വയ്ക്കുകയായിരുന്നു. 

ഇടയ്ക്ക് നോക്കുമ്പോൾ അവനെ അതിശയിപ്പിച്ചു കൊണ്ടു  നെഞ്ചിൽ കൈകൾ കെട്ടി ഗൗരി വാതിൽ ചാരി നിൽക്കുന്നു. 

"ഇതെപ്പോ വന്നു?"

അവൻ കണ്ണുകൾ വിടർത്തി വിസ്മയത്തോടെ ചോദിച്ചു. മറുപടി പറയാതെ  അവന്റെ കണ്ണിലേക്കു നോക്കി പതിയെ നടന്ന്  അവൾ മുന്നിൽ വന്നു നിന്നു.  പെർഫ്യൂമിന്റെ സുഖമുള്ളൊരു മണം ഗൗരിയിൽ നിന്നും തന്നെ പൊതിയുന്നത് അജു അറിഞ്ഞു. 

എന്താണ് പെണ്ണിന്റ നീക്കം എന്ന് ശ്രദ്ധിച്ച് ഗൂഢമായൊരു ചിരി ചുണ്ടിൽ ഒളിപ്പിച്ചു  അവൻ വെറുതെ  നിന്നു. 

പെട്ടന്ന് അവന്റെ  മുഖം കയ്യിലേക്ക് എടുത്തു അവന്റെ ചുണ്ടിൽ അവൾ അമർത്തി ചുംബിച്ചു. മാത്രമല്ല കീഴ് ചുണ്ടിൽ  ഒരൊറ്റ  കടിയും വച്ചു കൊടുത്തു. വേദനയിൽ അജു മുരണ്ടു. പൊട്ടി ചിരിച്ചു കൊണ്ടു അവൾ തിരിഞ്ഞു ഓടി കഴിഞ്ഞു. അവളെ തടയാൻ അവൻ പുറകെ  പാഞ്ഞു ചെന്നു. ഗൗരി ഇടനാഴിയിൽ നിന്ന് വരാന്തയിലേക്കും അവിടെ  നിന്നും മുറ്റത്തേക്കും  ചാടി ഇറങ്ങി. മണി കിലുങ്ങുമ്പോലെ  അവൾ ചിരിക്കുന്നുണ്ടായിരുന്നു. 

അജുവും പിന്നാലെ മുറ്റത്തേക്ക് ഇറങ്ങി കഴിഞ്ഞു. പിടി കൊടുക്കാതെ അവൾ ഗേറ്റിലേക്ക് ഓടി. അപ്പോൾ ഇരുവരെയും   ഞെട്ടിച്ചു കൊണ്ട്  തമ്പിയുടെ ബുള്ളറ്റ് റോഡിൽ എത്തി നിന്നു. 

(തുടരും )


ഭാഗം - 13

ഒരു ഭീകര സത്വത്തെ മുന്നിൽ കണ്ടത് പോലെ ഗൗരിയുടെ കണ്ണുകളിൽ പേടി നിറഞ്ഞു. ഒരു താങ്ങിനെന്ന പോലെ അവൾ ചെറിയ ഇരുമ്പ് ഗേറ്റിൽ അമർത്തി പിടിച്ചു കൊണ്ട് തിരിഞ്ഞു അജുവിനെ ദയനീയമായൊന്ന് നോക്കി.


എന്ത് ചെയ്യണമെന്നറിയാതെ പതറി നിൽക്കുകയാണ് അവനും. അപ്പോഴേക്കും ഹെൽമെറ്റ് ഊരി ബുള്ളറ്റിന്മേൽ വച്ച് തമ്പി ഇറങ്ങി കഴിഞ്ഞു. 

"എന്താടി ഇവിടെ ? " മുഖത്ത് ക്രൂരത നിറച്ച് അയാളുടെ ചോദ്യം.

ഗൗരി മിണ്ടിയില്ല. നെഞ്ചിടിപ്പ് പെരുമ്പറ പോലെ ഉയരുന്നത് അവളറിഞ്ഞു. അയാൾ ഗേറ്റ് തുറന്നു. അവൾ പിന്നിലേക്ക് നീങ്ങി.
"എടി നിന്നോടാ ചോദിച്ചേ. നിനക്കെന്താ ഇവിടെ കാര്യമെന്ന്?"

അവൾ എന്ത് പറയണമെന്ന് ചിന്തിക്കുകയായിരുന്നു. ഗൗരിയുടെ അടുത്തേക്ക് നീങ്ങി നിന്ന് അവൾ കേൾക്കാൻ പാകത്തിന് അയാൾ മുരണ്ടു. 
"പട്ടാപ്പകല് അവന്റൊപ്പം കിടക്കാൻ പോയതാണോടി പിഴച്ചവളേ...."

വെറുപ്പ് അവളുടെ പെരുവിരലിൽ നിന്നും മുകളിലേക്ക് ഇരച്ചു കയറി വന്നു. മുഖം മുറുകി. പൊരുതാനുറച്ചു വീറോടെ നോക്കികൊണ്ട് അവൾ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു.

"അതേ. കിടക്കാൻ തന്നെയാ പോയേ... എന്തേ?"

പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവളുടെ മുഖമടച്ച് അടി വീണു. പടക്കം പൊട്ടുന്ന ഒച്ചയിൽ. അത് കണ്ടു ഒറ്റ കുതിപ്പിന് അജു അവരുടെ സമീപം എത്തി. വഴി യാത്രക്കാർ എന്താണ് സംഭവം എന്നറിയാതെ മതിലിനടുത്തേയ്ക്ക് വന്നു ശ്രദ്ധിക്കാൻ തുടങ്ങി. അജു മുന്നിലേക്ക് എത്തിയതും തമ്പി കാലുയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ഒപ്പം അലറുന്നുണ്ടായിരുന്നു. 

"നിനക്ക് പിഴപ്പിക്കാൻ എന്റെ മോളേ മാത്രേ കിട്ടിയുള്ളോടാ നായിന്റെ മോനേ."

പ്രതീക്ഷിക്കാത്ത ആക്രമണതിൽ അവൻ പിന്നിലേക്ക് തെറിച്ചു മതിലിൽ ഇടിച്ച് ഉലഞ്ഞു നിന്നു. അത് കണ്ട് അയ്യോ എന്ന് നിലവിളിച്ചു ഗൗരി അജുവിന് നേരെ ഓടാൻ തുടങ്ങുമ്പോൾ തമ്പി അവളുടെ മുടിയ്ക്ക് പിന്നിൽ കുത്തിപ്പിടിച്ചു വലിച്ചടുപ്പിച്ചു. 

"എങ്ങോട്ടാടി നീ ഓടുന്നേ...."

"വിട്..."

വേദനയിൽ അവൾ കുതറി. ആളുകൾ ഓടി കൂടാൻ തുടങ്ങി.  കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് തമ്പിയെ ചവിട്ടി മാറ്റി അയാളുടെ പിടിയിൽ നിന്നും ഗൗരിയെ അജു മോചിപ്പിച്ചത്. 
അവളെ തന്റെ പിന്നിലേക്ക് നീക്കി നിർത്തി തമ്പിയെ നോക്കി പല്ല് ഞെരിച്ചു കൊണ്ട് അവൻ മുരണ്ടു. 

"തൊട്ട് പോകരുതവളേ..."

മതിലിൽ ഇടിക്കാതെ ബാലൻസ് പിടിച്ചു അയാൾ തിരിഞ്ഞു അവരെ നോക്കി. അയാളുടെ മുഖത്ത് കുടിലതയുടെ ഒരു ചിരി വിരിഞ്ഞു. അജു ശ്രദ്ധിച്ചത് അയാളുടെ അടുത്ത നീക്കം എന്താണെന്നാണ്. 
മുന്നോട്ട് പാഞ്ഞു വന്ന തമ്പി അതേ ആയത്തിൽ മതിലിൽ ചവിട്ടി മുകളിലേക്കുയർന്ന് കാല് വീശി അജുവിന്റെ തലയിൽ ഒന്ന് കൊടുത്തു. അജു ഒഴിഞ്ഞു മാറും മുന്നേ അവന്റെ ചെവിയടച്ച് അടി വീണു. 
ഗൗരി ഭയന്ന് കരഞ്ഞു. തലയ്ക്കുള്ളിൽ ഒരായിരം വണ്ടുകൾ മൂളി പറക്കുന്ന ഒച്ച മാത്രം അജു കേട്ടു. കണ്ണിൽ ഇരുട്ട് കയറുന്നു. ഒരു താങ്ങിന് അവൻ അന്തരീക്ഷത്തിൽ പരതി. കണ്ണ് മിഴിച്ചു അന്തംവിട്ടു നിന്ന ഗൗരി ഓടി വന്നു താങ്ങും മുന്നേ തമ്പി അവളെ തള്ളി എറിഞ്ഞു കഴിഞ്ഞു. അവൾ നിലത്തേക്ക് അലച്ചു വീണു. കാഴ്ച മങ്ങിയതു പോലെ അജു ഒന്ന് മുഖം കുടഞ്ഞു. അപ്പോൾ അവന്റെ തലയ്ക്കു പിന്നിൽ കൈകൾ ചുറ്റി മുന്നോട്ട് തള്ളി മതിലിലേക്ക് ശക്തിയിൽ ഒരിടി ഇടിച്ചു. നെറ്റി പൊട്ടി അജു നിലത്തേക്ക് കുഴഞ്ഞു വീണു. നെഞ്ച് തകർന്ന് കരഞ്ഞു കൊണ്ട് ഗൗരി അവന്റെ അടുത്തേക്ക് ഓടി. 

അപ്പോൾ കാഴ്ച്ച കാണാൻ കൂടി നിൽക്കുന്ന ആളുകൾക്ക് പിന്നിൽ റോഡിന്റെ മറു വശത്ത് ഒരു ഓട്ടോ വന്നു നിന്നു. അതിൽ നിന്നും നിർമല പുറത്തേക്കിറങ്ങി. വാടക വീടിന് മുന്നിലെ ആൾകൂട്ടം കണ്ട് അമ്പരപ്പോടെ ആളുകൾക്കിടയിലൂടെ അവർ ഗേറ്റിൽ എത്തി. അവിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അജുവിനെ നിലത്തിട്ടു ചവിട്ടി മെതിക്കുന്ന തമ്പി. അയാളുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന ഗൗരി. 
ആന്തലോടെ ഗേറ്റ് തള്ളി തുറന്നു അവർ അകത്തേക്ക് കയറി. നിർമലയെ കണ്ടു തമ്പി അവരുടെ നേരെ തിരിഞ്ഞു. കണ്ണ് തുറിപ്പിച്ച് ആക്രോശിച്ചു കൊണ്ട് അയാൾ മുന്നോട്ട് വന്നു.

"പറഞ്ഞതല്ലേടി നിന്നോട് കണ്ട ചെറ്റകൾക്കൊന്നും വീട് വാടകയ്ക്ക് കൊടുക്കരുതെന്ന്; എന്നിട്ട് കേട്ടോ നീ മോള് കണ്ടവന്മാരുടെ കൂടെ പോയാലെ നീ പഠിക്കു.....അല്ലേ......? "

നിർമല അന്തംവിട്ടു നോക്കി. നാണക്കേടിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ് അവർ. അപ്പോൾ അവരെ നടുക്കികൊണ്ട് തമ്പിയുടെ ആജ്ഞ.

"ഇറക്കി വിടടി ഈ നായിന്റെ മോനേ...."

അമ്മയെ ശ്രദ്ധിക്കാതെ ഗൗരി അജുവിനെ താങ്ങി ഉയർത്തി. ഷാൾ ഊരി അവന്റെ നെറ്റിയിൽ നിന്നും ഒഴുകുന്ന ചോര പൊത്തിപിടിച്ചു. അത് ശ്രദ്ധിച്ചു തമ്പി ഗൗരിയ്ക്ക് നേരെ വിരൽ ചൂണ്ടി നിർമലയോട് ഒച്ചയിട്ടു.

"കണ്ടോ...... ആരാടി ഇവൻ ഇവൾടെ?"

"ഗൗരി....!"

താക്കീത് പോലെ നിർമല ഉച്ചത്തിൽ വിളിച്ചു. ഗൗരി സങ്കടത്തോടെ നോക്കി. നിർമല അവരുടെ നേരെ പാഞ്ഞു ചെന്നു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി. പിന്നെ അജുവിന്റ മുഖത്ത് നോക്കാതെ കനത്ത സ്വരത്തിൽ പറഞ്ഞു.

"അജു വീട് മാറിക്കോ ഇനി ഇവിടെ താമസിക്കാൻ പറ്റില്ല..."

"അമ്മാ...."

ഗൗരി അറിയാതെ വിളിച്ചു പോയി.

"ഒരക്ഷരം മിണ്ടരുത് നീ....വാ ഇവിടെ..."

നിർമല ഗൗരിയുടെ കൈപിടിച്ച് വലിച്ചു കൊണ്ട് പോയി. വിജയിച്ചത് പോലെ തമ്പിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. നിമിഷനേരം കൊണ്ട് അത് മാഞ്ഞു.  തിരിഞ്ഞു മതിലിൽ ചാരി തകർന്ന് നിൽക്കുന്ന അജുവിനെ നോക്കി വിരൽ ചൂണ്ടി ആജ്ഞാപിച്ചു.

"പത്തു മിനിറ്റ് നിനക്ക് സമയം തരും. നിന്റെ സാധനങ്ങളും വാരി കെട്ടി സ്ഥലം വിട്ടോണം. പിന്നെ നിന്നെയീ പരിസരത്ത് കണ്ടു പോകരുത്..."

അയാൾ ഗേറ്റ് വലിച്ചു തുറന്നു റോഡിലേക്ക് ഇറങ്ങി. കാഴ്ചക്കാർ റോഡിൽ നിൽപ്പുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാതെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു അയാൾ വീടിലേക്ക് ഓടിച്ചു കയറ്റി.

അജു പതിയെ അകത്തേക്ക് കയറി വാതിൽ ചാരി. കട്ടിലിലേക്ക് വന്നിരുന്നു. നെറ്റിയിൽ കഠിനമായ വേദന. അതിനേക്കാൾ ഇരട്ടി മനസ് നീറി പുകയുകയാണ്. എല്ലാം അവസാനിച്ചു കഴിഞ്ഞു! അവന്റെ ചുവപ്പ് രാശി പടർന്ന കണ്ണുകൾ നിറഞ്ഞു തുളുമ്പി. കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ഗൗരിയുടെ ഷാൾ അവൻ മുഖത്തേയ്ക്ക് ചേർത്ത് വച്ചു വിങ്ങി.


മാളുവമ്മ പൂമുഖത്ത് നിലവിളക്ക് കൊളുത്തുമ്പോൾ മുറ്റത്തെ ഇരുട്ടിൽ നിന്നും "അമ്മായി... " എന്ന് വിളി കേട്ടു. അവർ ഞെട്ടി മുഖമുയർത്തി നോക്കി. അപ്പോഴേക്കും രമ്യ മുറ്റത്തെ വെളിച്ചത്തേയ്ക്കു നടന്നു വന്നു. 

"മോളേ... എന്തു കോലമാടി ഇത്?"

മാളുവമ്മ നെഞ്ചിൽ കൈ ചേർത്ത് പടിയിറങ്ങി ചെന്നു.

"ഞാനിവിടെ നിന്നോട്ടെ അമ്മായി ? "

രമ്യ കരഞ്ഞു: "ഒന്നും വേണ്ടെനിക്ക്. ഒരു വല്യക്കാരി ആയിട്ടെങ്കിലും ഞാനിവിടെ ഒതുങ്ങി കഴിഞ്ഞോളാം. എന്നെ പറഞ്ഞു വിടല്ലേ... "

അവളുടെ കണ്ണീര് കണ്ടു മാളുവമ്മയുടെ നെഞ്ചു തകർന്നു. പൊട്ടികരഞ്ഞു കൊണ്ട് അവർ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.

"അമ്മായീം എന്നെ വേണ്ടന്ന് പറഞ്ഞു അല്ലേ. അതിനും മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തെ?"

മാളുവമ്മയെ കെട്ടിപ്പുണർന്നു രമ്യ ഏങ്ങലടിച്ചു. 

"നിന്നോട് തെറ്റ് ചെയ്തത് ഞാനാ മോളേ. നീ എന്നും എന്റെ കൂടെ വേണമെന്ന് ഞാനാഗ്രഹിച്ചു പോയി. കുട്ടന്റെ പെണ്ണായി നിന്നെ ഞാൻ മനസ്സിൽ കണ്ടു പോയി. അവന്റെ ഇഷ്ടം ഞാൻ ചോദിച്ചില്ല. പകരം നിനക്ക് മോഹങ്ങളും ആശകളും തന്നു. എന്നോട് ക്ഷമിക്ക് കുട്ടീ ... "

പറയുന്നതിനൊപ്പം മാളുവമ്മ തേങ്ങി കരയുന്നുണ്ടായിരുന്നു. രമ്യയെ ചേർത്തു പിടിച്ചു അവർ അകത്തേക്ക് കൊണ്ടു പോയി. വൈകാതെ രമ്യയെ തിരഞ്ഞു വനജയും ചന്തുവും വടക്കേപ്പാട്ടെത്തി. അകത്തേക്ക് കയറാതെ മുറ്റത്ത് നിന്നും വനജ മകളെ ഉച്ചത്തിൽ വിളിച്ചു. ഒച്ച കേട്ടു മാളുവമ്മ ഇറങ്ങി വന്നു.

"ഇങ്ങനെ പുറത്തു നില്കാതെ അകത്തേക്ക് കയറി വാ വനജേ... "

"നിങ്ങൾടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല ഞാൻ. എന്റെ മോളെവിടെ? മര്യാദക്ക് അവളെ ഇറക്കി വിടാൻ നോക്ക്.." വനജ ഒച്ച ഉയർത്തി പറഞ്ഞു.

"ചിന്നു അകത്തുണ്ട്. അത് കരഞ്ഞു കരഞ്ഞു ഒരു പരുവമായിട്ട് ഇരിക്കുവാ. ഇന്നിവിടെ നിന്നോട്ടേ വനജേ... സമാധാനപ്പെടുത്തി നാളെ അവളെ ഞാനങ്ങു കൊണ്ടു വരാം."

"ഫാ.. !"

വനജ ആട്ടി: "നിങ്ങൾക്ക് മതിയായില്ലേ തള്ളേ. മോനെ കൊണ്ട് കെട്ടിച്ചോളാന്ന് പറഞ്ഞു കുറെ നാള് അതിനെ ഇവിടെയിട്ട് പണിയെടുപ്പിച്ചില്ലേ. അതിന്റെ ഭാവി നിങ്ങള് തുലച്ചു. ഇനി ജീവൻ കൂടി ഇല്ലാണ്ടാക്കിയാലേ അടങ്ങു അല്ലേ. നിങ്ങളോട് ഞങ്ങളെന്ത് തെറ്റാ ചെയ്തെ?"

"നീ എന്തൊക്കെയാടി ഈ പറയുന്നേ?"

മാളുവമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു അനുനയിപ്പിക്കുമ്പോലെ വനജയുടെ കയ്യിൽ പിടിച്ചു. 

"തൊടരുതെന്നെ..."

വനജ മാളുവമ്മയുടെ കൈ തട്ടിയെറിഞ്ഞു. വിരൽ ചൂണ്ടി ഓർമിപ്പിച്ചു. 

"ഒരു കാര്യം ഞാൻ പറഞ്ഞേക്കാം അതിന്റെ കല്യാണം ഒരു വിധം ഒത്തു വന്നേക്കുവാണ്. അതെങ്ങാനും മുടങ്ങിയാൽ...ഈ വനജയുടെ തനിസ്വഭാവം നിങ്ങളറിയും. നോക്കിക്കോ ?"

"ചിന്നുവിന്റെ കല്യാണമോ ?"

ആഹ്ലാദത്തോടെ മാളുവമ്മ മിഴികൾ വിടർത്തി.

"അതെന്താ? എന്റെ പെണ്ണ് എന്നും കെട്ടാമങ്കയായി വീട്ടിൽ തന്നെ നിൽക്കുംന്ന് വിചാരിച്ചോ..."

വനജ നീരസത്തോടെ തുടർന്നു:  "നിങ്ങളുടെ മോനേക്കാൾ അഴകും ആരോഗ്യവും സമ്പത്തും അന്തസ്സുമുണ്ട്. ഇവിടുത്തെ നശൂലം ഒഴിഞ്ഞു പോയത് തന്നെ ഭാഗ്യം. ഇല്ലെങ്കിൽ ഈ തൊഴുത്തിലും അടുക്കളപ്പുറത്തും കിടന്നു എന്റെ മോള് നരകിച്ച് ഒടുങ്ങിയേനെ. "

"എന്നാലേ ഇനിമുതൽ ഞാനിവിടെയാ താമസിക്കാൻ പോകുന്നെ..."

രമ്യയുടെ ഒച്ച കേട്ടു എല്ലാവരും പൂമുഖത്തേക്ക് നോക്കി. മകളെ കണ്ടു വനജയ്ക്ക് ദേഷ്യം പെരുത്തു.

"ആരോട് ചോദിച്ചിട്ടാടി നീ വീട്ടീന്ന് ഇറങ്ങി പൊന്നേ?"

"എനിക്കാരോടും ചോദിക്കാനില്ല. എന്നെ ആരും തിരഞ്ഞു വരികയും വേണ്ട."

"തർക്കുത്തരം പറയാതെ ഇറങ്ങി വാടി..." വനജ ചീറി.

"ഞാൻ വരുന്നില്ലെന്ന് പറഞ്ഞാൽ വരുന്നില്ല. അത്രതന്നെ." രമ്യയും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.

"അച്ഛൻ പറമ്പിലും കുളത്തിലുമൊക്കെ നിന്നെ തിരഞ്ഞു നടക്കുവാ. മര്യാദക്ക് കൂടെ വന്നോ. ഇല്ലെങ്കിൽ ഇവിടുന്നു നിന്നെ കെട്ടിവരിഞ്ഞു കൊണ്ട് പോവും. "

ചന്തു വിരൽ ചൂണ്ടി ഓർമിപ്പിച്ചു. 

"നീ പോടാ നന്ദിയില്ലാത്ത ചെറ്റേ. നിനക്ക് ഗൾഫിൽ പോവാൻ വേണ്ടിയല്ലേടാ ഈ കല്യാണത്തിന് ഉത്സാഹിച്ചു നിൽക്കുന്നേ. എന്നെ ജീവനോടെ ഇവിടുന്നു കൊണ്ട് പോകാന്ന് നീ വിചാരിക്കണ്ട."

രമ്യ തീർത്തു പറഞ്ഞു. വനജ ചന്തുവിന്റെ അടുത്തേക്ക് ചെന്നു. 

"മോനേ നീ ചെന്ന് അച്ഛനോട് പറ. മുടിക്കാനുണ്ടായവൾ ഇവിടെയുണ്ടെന്ന്. ആ പാവം നെഞ്ചു തകർന്നു നടക്കുവാ. അത് വല്ലതും ഈ നാശം പിടിച്ചവൾക്ക് അറിയണോ. "

അമ്മയെ ഒന്ന് നോക്കിയിട്ട് ടോർച്ചു തെളിച്ചു ചന്തു തിരിഞ്ഞോടി. അത് കേട്ട് മാളുവമ്മ രമ്യയുടെ സമീപത്തേക്ക് ചെന്നു അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു.

"മോളെ നീയിപ്പോ വീട്ടിലേക്കു ചെല്ല്. എല്ലാവരും വിഷമിക്കുന്നത് കണ്ടില്ലേ."

"ഇല്ലമ്മായി. ഞാൻ പോവില്ല. അച്ഛൻ എനിക്ക് വാക്ക് തന്നതാ. എന്റിഷ്ടമില്ലാത്ത കല്യാണം നടത്തില്ലെന്ന്. എന്നിട്ട് ഞാനറിയാതെ കല്യാണം ഉറപ്പിക്കാൻ നോക്കുന്നു. ഇനി ഞാനങ്ങോട്ട് പോവില്ല. ഇവിടെ നില്കുന്നത് അമ്മായിക്ക് ഇഷ്ടമില്ലെങ്കിൽ പറഞ്ഞോളൂ. ഞാൻ എവിടേലും പൊയ്ക്കോളാം."

വനജയുടെ നിയന്ത്രണം വിട്ടു. 

"എടി ഒരുമ്പെട്ടോളെ. അത് നടത്തുന്നത് നിനക്ക് വേണ്ടീട്ടാ. അല്ലാതെ നിന്റച്ഛന് സപ്രമഞ്ച കട്ടിലൊരുക്കാനല്ല. നിന്റെ ജീവിതം നരകിച്ചു പോവാതിരിക്കാനാ. നാണമുണ്ടോടി നിന്നെ വേണ്ടന്നു പറഞ്ഞവരുടെ അടുത്ത് വലിഞ്ഞു കേറി വന്നു കിടക്കാൻ. മര്യാദക്ക് എന്റെ കൂടെ വന്നോ. ഇല്ലെങ്കിൽ ഇന്നെന്റെ കൈകൊണ്ട് തീരും നീയ്."

"അമ്മ എന്നെ കൊന്നോ. അതാ നല്ലത്. അല്ലാതെ ആ കല്യാണത്തിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കുമെന്ന് കരുതണ്ട."

പെട്ടന്ന് വനജ വരാന്തയിലേക്ക് ചാടി കയറി വന്നു. രമ്യ മാളുവമ്മയുടെ പിന്നിലൊളിച്ചു.

"ഞങ്ങളെ നാണം കെടുത്തീട്ടു നീയങ്ങനെ ഇവിടെ ജീവിക്കാന്ന് കരുതണ്ടടി. നിന്റെ മുന്നിൽ കിടന്നു ഞാൻ മരിക്കാൻ പോകുവാ . നീയത് കാണണം."

കരഞ്ഞു കൊണ്ട് വനജ ഉമ്മറത്തു നിന്നും അകത്തേക്ക് പാഞ്ഞു.  എന്താണ് ഭാവമെന്നറിയാതെ മാളുവമ്മയും രമ്യയും പകച്ചു നോക്കി. എന്തോ ആപത്തു വരാൻ പോകുന്നുവെന്ന് മാളുവമ്മയുടെ മനസ് പറഞ്ഞു. അവർ രമ്യയെ നോക്കി.

"എന്റെ പൊന്നുമോളെ. ഞാൻ നിന്റെ കാലു പിടിക്കാം. നീ അവളുടെ കൂടെ പോവാൻ നോക്ക്. എനിക്ക് പേടിയാവുന്നു. വനജ എന്തെങ്കിലും അവിവേകം കാണിക്കും."

തൊഴുതു പറഞ്ഞിട്ട് മാളുവമ്മ അകത്തേക്കോടി. പിന്നാലെ ആധിയോടെ രമ്യയും. അജുവിന്റെ മുറിയിൽ കയറി വനജ വാതിലടച്ചു കുറ്റിയിട്ടു. മാളുവമ്മ വാതിലിൽ തട്ടി വിളിച്ചു. 

"വനജേ... നീ വാതിൽ തുറക്ക്. വേണ്ടാത്തതൊന്നും കാണിച്ചേക്കല്ലേ..."

അകത്തു നിന്നും മറുപടി കിട്ടിയില്ല. പകരം എന്തൊക്കെയോ തട്ടിമറിഞ്ഞു വീഴുന്ന ഒച്ച കേട്ടു. രമ്യ ഭയന്നു. അവൾ കരഞ്ഞു കൊണ്ട് വാതിലിൽ ഇടിച്ചു വിളിച്ചു.

"അമ്മേ കതക് തുറക്കമ്മേ... "

നെഞ്ചു പുകഞ്ഞു മാളുവമ്മ പുറത്തേക്കോടി. ജനാലയിലൂടെ അകത്തേക്ക് എത്തി നോക്കി. മേശ വലിച്ചിട്ടു അതിനു മുകളിൽ കയറി നിന്നു ഫാനിന്റെ കൊളുത്തിലേക്കു വനജ അജുവിന്റെ കാവി മുണ്ട് ചുറ്റി കെട്ടുകയാണ്. മാളുവമ്മ ഞെട്ടിപ്പോയി. അവർ ഉറക്കെ കരയാൻ തുടങ്ങി:

"വനജേ... വേണ്ട. അവളെ ഞാൻ കൊണ്ടു വരാം. നീ ഒന്നും ചെയ്യല്ലേ. ദൈവത്തെയോർത്ത് താഴെയിറങ്ങ്..... "

മാളുവമ്മയുടെ നിലവിളി കേട്ടു രമ്യ ജനാലക്കലേക്കു പാഞ്ഞെത്തി:

"അമ്മേ വേണ്ടമ്മേ.... ഞാൻ പറയുന്നത് കേൾക്ക്....." കരഞ്ഞു കൊണ്ട് അവൾ യാചിച്ചു.

"ഇല്ലടി. നാണം കെട്ട് ഒരു നിമിഷം വനജ ജീവിക്കില്ല. നീ നിന്റിഷ്ടത്തിന് നടന്നോ. ഞങ്ങൾ ചത്താലോ ജീവിച്ചാലോ നിനക്കെന്താ?"

മുണ്ടിന്റെ മറുവശത്തെ കുടുക്ക് വനജ കഴുത്തിലേക്ക് ഇറക്കി. മാളുവമ്മയുടെ സമനില തെറ്റി. അവർ തിരിഞ്ഞു ഉച്ചത്തിൽ കാറി:

"ആരെങ്കിലും ഒന്നോടി വരണേ......!"
കൂട്ടക്കരച്ചിൽ കേട്ടു ആരൊക്കെയോ ഓടി പാഞ്ഞെത്തി. കൂട്ടത്തിൽ വിജയൻ നായരും ചന്തുവും ഉണ്ടായിരുന്നു. വിജയൻ നായരുടെ മുന്നിൽ ചെന്നുനിന്നു മാളുവമ്മ കിതച്ചു:

"എന്റെ പൊന്നു വിജയാ... അവള് കുട്ടന്റെ മുറിയിൽ.... എന്റീശ്വരാ....എനിക്ക് വയ്യ. വനജ മരിക്കാൻ തുടങ്ങുവാടാ."

കേട്ടപാതി വിജയൻ നായർ അകത്തേക്ക് കുതിച്ചു. വാതിൽ തൊഴിച്ചു തുറന്നു മുറിയിലേക്ക് ഇരച്ചു കയറി:

"വനജേ... നീയെന്തു ഭ്രാന്താടി ഈ കാണിക്കുന്നേ. മര്യാദക്ക് താഴെ ഇറങ്ങിക്കോ... "

"ഇല്ല വിജയേട്ടാ... " 

മുഖം പൊത്തിപിടിച്ചു വനജ കരഞ്ഞു:

"എന്തിനാ ഇങ്ങനെ ജീവിച്ചിരിക്കുന്നേ... അച്ഛനും അമ്മയും മറ്റുള്ളവരുടെ മുന്നിൽ നാണം കേട്ടാലും സ്വന്തം ഇഷ്ടം മാത്രം നോക്കി ഇറങ്ങുന്ന എന്റെ മോള് എന്റെ ജഡം കാണണം. അവൾക്കു സമാധാനം ആയിക്കോട്ടെ. " ഏങ്ങലടിച്ചു കൊണ്ട് രമ്യ വനജയുടെ അടുത്തേയ്ക്ക് വന്നു.

"വേണ്ടമ്മേ... എനിക്കൊന്നും വേണ്ട. ഞാൻ വീട്ടിലേക്കു വന്നോളാം. അമ്മ പറയുന്നത് അനുസരിച്ചോളാം..."

വനജയുടെ കാലിൽ ചുറ്റിപിടിച്ചു രമ്യ പൊട്ടിക്കരഞ്ഞു.

(തുടരും )


 

ഭാഗം - 14

ഓഫീസിൽ നിന്നും ശ്രീജിത്ത് വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ  അജുവിന്റെ ഫോൺ വന്നു. അവന്റെ  പതറിയ ഒച്ച കേട്ടപ്പോൾതന്നെ  ശ്രീയ്ക്ക് എന്തോ പന്തികേട് മണത്തു. 


"എന്താടാ? "

"എവിടാ ശ്രീ? "

"വീട്ടിലുണ്ട്. എന്താടാ എന്തുപറ്റി? "

"നീ ഇങ്ങോട്ടൊന്ന് വരോ? "

"എന്തെങ്കിലും പ്രശ്നമുണ്ടോ? " 

അജു മൂളി. 

"നീ ഫോൺ വച്ചോ. ഞാൻ  ദേ എത്തി." 

കൂടുതൽ സംസാരിച്ചു സമയം കളയാതെ ശ്രീജിത്ത്  അജുവിന്റെ അടുത്തേക്ക് പാഞ്ഞു. ആ വാടക വീടിന്റെ മുന്നിലെത്തിയപ്പോൾ  ആളുകൾ അങ്ങിങ്ങ് കൂടി നിന്ന് സംസാരിക്കുന്നത്   കണ്ടു. അവൻ ഗേറ്റ് തുറക്കുന്നത് ശ്രദ്ധിച്ച്   രണ്ടു പേർ അവന്റെ അടുത്തേക്ക് വന്നു. 

"തന്റെ ആരാ ഇവിടെ താമസിക്കുന്നെ? "

"ഫ്രണ്ട്. "

"ആദ്യം താനയാളെ   ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്ക്. ഇടിയൻ തമ്പി അവനെ ഇടിച്ച്  ഇഞ്ചപരുവം ആക്കീട്ടുണ്ട്. " 

"എന്തിന് ? '

ശ്രീജിത്ത് അന്തം വിട്ട് നോക്കി. 

"മോളേ കേറി പിടിച്ചെന്നൊക്കെ  അയാള് പറയുന്നുണ്ട്. പക്ഷെ സീൻ കണ്ടിട്ട് ഞങ്ങൾക്കങ്ങനെ തോന്നുന്നില്ല..."

ഗേറ്റ് തുറന്ന്  ശ്രീ അകത്തേക്ക് പാഞ്ഞു. അജുവിനെ കണ്ട്  അവൻ ഞെട്ടിപ്പോയി. 

"എന്താടായിത്... എന്തൊക്കെയാ ഇവിടെ നടക്കുന്നെ?" അവൻ ആന്തലോടെ ചോദിച്ചു. 

"പറയാം. ആദ്യം ഈ  വീട് ഒഴിഞ്ഞു കൊടുക്കണം." 

"ആദ്യം നീ കാര്യം പറയ് അജു.  എന്താ ഉണ്ടായേ?"

 അക്ഷമയോടെ ശ്രീയുടെ ചോദ്യം.  അജു ചുരുങ്ങിയ വാക്കുകളിൽ   നടന്ന കാര്യങ്ങൾ  വ്യക്തമാക്കി. ശ്രീയുടെ നിയന്ത്രണം വിട്ടു. 

"പ്രേമിക്കുന്നത്  തെറ്റാണെങ്കിൽ   അയാളുടെ  മോളും തെറ്റുകാരിയല്ലേ. അതിന് നിന്നെമാത്രം  ഇങ്ങനെ ശിക്ഷിക്കണോ.  നിനക്കെന്താ ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ.  ഈ ലോകത്ത് അയാൾക്ക് മാത്രേ പെണ്മക്കളുള്ളു. നീ ഇവിടെ ഇരിക്ക്. ഞാനയാളെ ഒന്ന് കണ്ടിട്ട് വരട്ടെ..."

അജു പെട്ടന്ന് തടഞ്ഞു. 

"വേണ്ട ശ്രീ. നീയിപ്പൊ അങ്ങോട്ട് പോവരുത്. നമ്മളിപ്പോ എന്ത്  ചെയ്താലും ഗൗരിയ്ക്കാണ് പ്രശ്നം. അവളെ അത്  കൂടുതൽ സങ്കടപെടുത്തേ ഉള്ളു. എനിക്കത് സഹിക്കില്ല... എന്റെ ദേഹത്ത് അയാൾ കൈ വച്ചതിനുള്ള  മറുപടി വഴിയെ ഞാൻ കൊടുത്തോളാം..."

ശ്രീജിത്ത് സങ്കടത്തോടെ അവനെ ആകെയൊന്ന് നോക്കി. 

"നമുക്കേതെങ്കിലും  ആശുപത്രിയിൽ പോകാം അജു..... നിന്റെ നെറ്റിയിലെ മുറിവിൽ  നിന്നും രക്തം പൊടിക്കുന്നുണ്ട്."

"നീ ആദ്യമൊരു   വണ്ടി വിളിക്ക്.  തല്ക്കാലം  ഈ സാധനങ്ങളൊക്കെ  നിന്റെ വീട്ടിലേക്കു മാറ്റണം. അത് കഴിഞ്ഞു ഹോസ്പിറ്റലിൽ പോകാം.  പിന്നെ എന്നെ  ഏതെങ്കിലും ഒരു ഹോസ്റ്റലിൽ ആക്കി തന്നാൽ മതി."

"ഹോസ്റ്റലിലേയ്ക്കോ. ഈ അവസ്ഥയിലോ. ഞാൻ സമ്മതിക്കില്ല. തല്ക്കാലം നീ എന്റെ വീട്ടിലേക്കു പോര്. ഇനി മറ്റൊരു വീട് കണ്ടു പിടിച്ചിട്ട് മാറിയാൽ മതി."

"നിന്റെ അമ്മയുടെ ചോദ്യങ്ങൾക്ക് ആൻസർ പറയാൻ ബുദ്ധിമുട്ടുണ്ട്  ശ്രീ.  അമ്മയ്ക്ക്  എന്നോടൊരു ഇഷ്ടമുണ്ട്. ഇതൊക്കെ അറിഞ്ഞാൽ അതില്ലാതാവും. പിന്നെ നിന്റെ വീട്ടിൽ പോലും എന്നെ കയറ്റില്ല. "

"എന്റമ്മയല്ലേ. ഞാനെന്തെങ്കിലും കള്ളം പറഞ്ഞോളാം.നീ മിണ്ടാതെ ഒരിടത്തിരിക്ക്."

ശ്രീജിത്ത് വീടിനടുത്തുള്ള  ഒരു വണ്ടി വിളിച്ചു വരുത്തി. അജുവിനെ അനങ്ങാൻ സമ്മതിക്കാതെ അവനും ഡ്രൈവറും ചേർന്ന് സാധനങ്ങൾ വണ്ടിയിൽ നിറച്ചു. തുടർന്ന്  ഡ്രൈവറോടു അതൊക്കേ തന്റെ വീട്ടിലെത്തിക്കാൻ നിർദേശിച്ചു. പിന്നെ അവന്  പരിചയമുള്ളോരു  ക്ലിനിക്കിലേക്ക്  അജുവിനെ കൂട്ടി കൊണ്ട് പോയി. ഡോക്ടറുടെ ചോദ്യത്തിന്   ബൈക്കിന്റെ പിന്നിൽ നിന്നും അജു റോഡിൽ തലയിടിച്ചു വീണു എന്നൊരു കള്ളം  പറഞ്ഞു. 

അമ്മയോടും അതേ കള്ളം ശ്രീ ആവർത്തിച്ചു. മാത്രമല്ല ബാച്ചിലർക്ക് വീട് കൊടുത്തത് തമ്പിയ്ക്ക് ഇഷ്ടപെട്ടില്ലെന്നും അത് കൊണ്ട്  വീട്  പെട്ടന്ന് മാറാൻ പറഞ്ഞുവെന്നും  കൂട്ടി ചേർത്തു. ശ്രീയുടെ അമ്മ അത് വിശ്വസിച്ചു.  ലക്ഷ്മിയ്ക്ക് മാത്രം അതത്ര  ദഹിച്ചിട്ടില്ലെന്ന്  അവളുടെ മുഖം വ്യക്തമാക്കി. അത് വകവയ്ക്കാതെ ശ്രീ അജുവിനെയും കൂട്ടി  തന്റെ റൂമിലേക്ക് പോയി.  ചായ തയ്യാറാക്കാൻ അമ്മ അടുക്കളയിലേക്കും. 

എന്തെങ്കിലും സംശയം മനസ്സിൽ കയറിയാൽ അത് ക്ലിയർ ചെയ്യാതെ ഉറങ്ങുന്ന പ്രകൃതം അല്ലാത്തത് കൊണ്ട് ലക്ഷ്മി  അപ്പോൾ തന്നെ ഗൗരിയെ വിളിച്ചു. 

 ഫോൺ എടുത്തത് നിർമല:

"അവൾക്ക് നല്ല സുഖമില്ല ലക്ഷ്മി. കിടക്കുവാ. എണീൽക്കുമ്പോൾ തിരിച്ചു വിളിക്കാം. ഞാൻ കുറച്ചു തിരക്കിലാ. ശരിയെന്നാ." ഫോൺ കട്ടായി കഴിഞ്ഞു. 

 ആ സമീപനം തന്നെ പുത്തനായിരുന്നു. അത് കൊണ്ട് തന്നെ ലക്ഷ്മി അമ്പരന്നു പോയി. സാധാരണ ഫോണിൽ കിട്ടിയാലോ മുന്നിൽ കണ്ടാലോ വാ തോരാതെ സംസാരിക്കുന്ന ആന്റിയ്ക്ക് ഇതെന്ത് പറ്റിയെന്നു അവൾ ചിന്തിച്ചു. 

ഗൗരിയുടെ ഫോൺ മറ്റാരും ഇതുവരെ അറ്റൻഡ് ചെയ്തും  കണ്ടിട്ടില്ല. എന്തോ സംഭവിച്ചിട്ടുണ്ടെന്ന്  അവളുടെ  മനസ്സ് പറഞ്ഞു. അവൾ നേരെ  ശ്രീയുടെ മുറിയിലേക്ക് ചെന്നു. അവളെ കണ്ടപ്പോൾ ഇരുവരും പെട്ടന്ന് സംസാരം നിർത്തിയതും അവളിൽ സംശയം വർദ്ധിപ്പിച്ചു.  

"ശ്രീയേട്ടാ എന്താ പ്രശ്നം?"

"എന്ത്?"

"ഒന്നും ഒളിക്കാൻ നോക്കണ്ട. ഞാനിപ്പോ ഗൗരിയുടെ അമ്മയോട് സംസാരിച്ചിട്ടാ നിൽക്കുന്നെ." പിടിക്കപെട്ടത് പോലെ അജുവും ശ്രീജിത്തും തങ്ങളിലൊന്ന് നോക്കി. പിന്നെ ശ്രീ ചോദിച്ചു. 

"അവരെന്ത് പറഞ്ഞു ? "

"ആദ്യം ചോദിച്ചത് ഞാനല്ലേ അതിന്റെ  ആൻസർ  പറ."

ശ്രീ വാതിൽക്കലേക്ക് മുഖം എത്തിച്ചു നോക്കി. "അമ്മയെവിടെ ? "

"അടുക്കളയിലാ. "

"നീയാ വാതിലങ്ങടച്ചേക്ക്."

ലക്ഷ്മി വാതിൽ ലോക്ക് ചെയ്തു വന്നപ്പോൾ നടന്ന കാര്യങ്ങൾ  മൊത്തം ശ്രീ അറിയിച്ചു. എല്ലാം കേട്ടു ലക്ഷ്മി കണ്ണ് മിഴിച്ചു. 

"എടി ദുഷ്ടെ! എപ്പോഴും കൂടെ നടക്കുന്ന എന്നോടൊരു വാക്കവൾ  പറഞ്ഞില്ല. ഇനി കാണട്ടെ..... അവൾക്ക് ഞാൻ വച്ചിട്ടുണ്ട്."

"ആ തള്ള എന്താ പറഞ്ഞേ. നീ അത് പറ."

"നമ്മുടെ പൂർവികരിൽ കണ്ടു വരുന്ന ആചാരങ്ങൾ അതേപടി റിപ്പീറ്റ് ചെയ്തിട്ടുണ്ട്."

"നീ മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറ"

"കാര്യം ഇത്രേം ഉള്ളു. പ്രേമം വീട്ടിൽ പൊക്കുന്നു. ഫോൺ പിടിച്ചു വയ്ക്കുന്നു. നായിക വീട്ട്  തടങ്കലിലാവുന്നു. എല്ലാം പഴയത് പോലെ തന്നെ   യാതൊരു മാറ്റവും വന്നിട്ടില്ല. "

അജു ദീനമായി ശ്രീജിതിനെ നോക്കി. 

 "ഗൗരിയെ ഉപദ്രവിച്ചിട്ടുണ്ടാവോടാ?"

 "അച്ചോടാ. ആ വേദന നോക്ക്."

ലക്ഷ്മി മുഖത്ത് ദയനീയത നിറച്ച്  അജുവിനെ  കളിയാക്കി. 

"നിങ്ങളുടെ  പ്രണയം പൂത്തുലയാൻ അവള് കുറച്ചു വേദനയൊക്കെ സഹിക്കട്ടേ ചേട്ടാ. എന്നാലല്ലേ ഒരു ഗുമ്മുള്ളു.  എന്നാലും... നിങ്ങളെ ഞാൻ  സമ്മതിച്ചു തന്നേക്കുവാ...   കോളേജിൽ ഒരുത്തനും വളയാത്ത ആ പെണ്ണിനെ ഒടിച്ചു മടക്കി പോക്കറ്റിൽ ഇട്ടില്ലേ. അതും ഈ കുറഞ്ഞ സമയത്തിനുള്ളിൽ..."

അപ്പോൾ  വാതിലിൽ മുട്ടുന്ന  ഒച്ച കേട്ടു. ലക്ഷ്മി വാതിൽ തുറന്നു. ചായയുമായി മുന്നിൽ അമ്മ. അവർ പുരികം ചുളിച്ചു നോക്കി. 

"എന്താടി വാതിലടച്ചൊരു കുശുകുശുപ്പ്"

"ഒരു കല്യാണാലോചന. "

"ആർക്ക്."

"എനിക്ക്. അല്ലതാർക്ക് "

അമ്മ കയ്യോങ്ങി. 

"പോടീ... പോയിരുന്നു പഠിക്കാൻ നോക്ക്. ഒരു  കല്യാണക്കാരി."

ചായ അമ്മ അജുവിനും ശ്രീയ്ക്കും കൊടുത്തു. 

"എനിക്ക് ചായ ഇല്ലേ."  ഇളിയിൽ കൈകുത്തി നിന്ന് ലക്ഷ്മി ചോദിക്കുന്നു. 

"അടുക്കളയിൽ ഇരിപ്പുണ്ട് പോയി എടുത്തു കുടിക്ക്."

"എന്നെ നിങ്ങളൊരു ഫെമിനിസ്റ്റാക്കും." അവൾ മുഖം കറുപ്പിച്ച്   അടുക്കളയിലേക്ക്   പോയി. 


ശ്രീജിത്ത് ഇടയ്ക്കുണരുമ്പോൾ അജു ജനലിലൂടെ പുറത്തെ നിലാവ്  നോക്കി നിൽക്കുന്നത്  കണ്ടു. അവൻ കിടന്നു കൊണ്ട് തന്നെ കയ്യെത്തിച്ച്  മൊബൈലെടുത്ത് നോക്കി. സമയം 12 മണി.  ഇതൊന്നും അജു അറിയുന്നുണ്ടായിരുന്നില്ലശ്രീ അവന്റെ പിന്നിലെത്തി. 

"എന്താടാ ഉറങ്ങാത്തേ?" അജു തിടുക്കത്തിൽ  മുഖം തുടച്ചു. 

"ശ്ശെ നീ കരയുന്നോ?" അജുവിൽ നിന്നും  മറുപടിയില്ല.  പകരം ദീർഘമായൊരു നിശ്വാസം കേട്ടു.  

"എടാ നീയിങ്ങനെ വിഷമിക്കല്ലേ....ഇതൊക്കെ  ഫേസ് ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞിട്ടല്ലേ നിങ്ങൾ തുടങ്ങിയേ. എല്ലാം ok ആവും . നീയിപ്പോ  വാ... വന്നു കിടക്ക്."

അജു ശ്രീയുടെ കൈ കവർന്നു.  

"ഡാ...  ഞാനൊരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടരുത്."

"എന്താ? "

"എനിക്കവളെയൊന്ന്  കാണണം ശ്രീ. ഒരു വട്ടം ഒന്ന് കണ്ടാൽ മതി. ഇല്ലെങ്കിൽ ഈ രാത്രി എനിക്കുറങ്ങാൻ പറ്റില്ല. എന്റെ നെഞ്ചൊക്കെ  പൊട്ടുവാടാ. താങ്ങാൻ പറ്റുന്നില്ല."

ശ്രീജിത്ത്  മിണ്ടാതെ അവനെ നോക്കി നിന്നു.

"ഫോൺ അവളുടെ അമ്മയുടെ കയ്യിലാണെന്ന്  ലക്ഷ്മി പറഞ്ഞത് നീ കേട്ടില്ലേ. ഇല്ലെങ്കിൽ ആ ഒച്ചയെങ്കിലും എനിക്കൊന്ന് കേൾക്കാമായിരുന്നു..."

"നിനക്ക് കാണണോ?" പെട്ടന്ന് ശ്രീയുടെ ചോദ്യം. 

അജു ഉത്സാഹത്തോടെ അവന്റെ കൈകൾ മുറുകെ പിടിച്ചു. 

"വേണം."

"റിസ്കാണ്. എന്തും സംഭവിക്കാം. "

"ഞാൻ ചത്തു പൊയ്ക്കോട്ടേ. എന്നാലും സാരമില്ല."

"ആ ഗേറ്റിൽ ഞാനെത്തിക്കാം. ബാക്കിയെല്ലാം നീ തനിച്ച്  പ്ലാൻ ചെയ്യേണ്ടി വരും." 

"എന്നെ നീയൊന്ന്   അവിടെ  എത്തിച്ചാൽ  മാത്രം മതി."

"എങ്കിൽ റെഡിയായിക്കോ. ആരും  അറിയാതെ പുറത്തു കടക്കണം. ബൈക്ക് മുറ്റത്തു വച്ച്  സ്റ്റാർട്ട്  ചെയ്യാൻ പറ്റില്ല. അമ്മ ഉണരും. റോഡ് വരെ ഉന്തി കൊണ്ട് പോവേണ്ടി വരും.... സാരമില്ല വാ." 

ബൈക്കിൽ അജുവിനെ ശ്രീ ആ ഗേറ്റിനു തൊട്ട് മുന്നിലായി  ഇറക്കി . 

"ഞാൻ  അടുത്ത ജക്ഷനിൽ  കാണും.  നീ തിരിച്ചിറങ്ങുമ്പോൾ വിളിച്ചാൽ മതി. ഞാൻ വന്നു പിക്ക് ചെയ്തോളാം."

അജു തലയാട്ടി. 

"ഡാ സൂക്ഷിക്കണേ... തമ്പി പോയിട്ടുണ്ടാവില്ല."

ഓർമിപ്പിച്ചിട്ട് ശ്രീജിത്ത്  ബൈക്കോടിച്ചു പോയി. 

അജു മതിലിനു മുകളിലൂടെ ആ  ഇരുനില വീട്ടിലെയ്ക്ക് നോക്കി. പോർച്ചിൽ തമ്പിയുടെ ബുള്ളറ്റ് ഇരിക്കുന്നത് കണ്ടു. സിറ്റൗട്ടിന്  പുറത്തെ ലൈറ്റ് എന്നത്തെയും  പോലെ  മഞ്ഞ വെളിച്ചം പൊഴിച്ചു നിൽക്കുന്നുണ്ടായിരുന്നു. 

(തുടരും)


ഭാഗം - 15

ഗേറ്റിനു മുന്നിൽ നിന്നും അജു തിരിച്ചു നടന്നു. എതിരെ ഒരു കാർ വെളിച്ചം വീശി പാഞ്ഞു പോയി. അറിയാതെ അവന്റെ കൈ വിരലുകൾ മുഖത്ത് മറ പിടിച്ചു. വലതു വശത്തെ ആൾതാമസമില്ലാത്ത   വീടിനെ വേർതിരിക്കുന്ന മതിലിനു സമീപം ചെന്നു  നിന്ന് ചുറ്റുമൊന്ന് നോക്കി സുരക്ഷ ഉറപ്പ് വരുത്തി മതിൽ ചാടി ബൗണ്ടറിയ്ക്കുള്ളിൽ കടന്നു. 


മതിലിന്റെ ഓരം ചേർന്ന്  പതുങ്ങി നടന്ന്  വീടിന്റെ പിന്നിലെത്തി. എങ്ങനെ മുകളിൽ കയറുമെന്ന് ചിന്തിച്ച്  അടുക്കളഭാഗത്തേക്ക് വന്നു. വർക്ക് ഏരിയയുടെ റൂഫ് സ്ലാബ്  ലിന്റിൽ ലെവൽ വരെ മാത്രേ  ഹൈറ്റുണ്ടായിരുന്നുള്ളൂ. അതിന് കൈവരിയും കെട്ടിയിട്ടുണ്ടായിരുന്നില്ല. ആ ഏരിയ  മാത്രം പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് പണിഞ്ഞിരിക്കുന്നത്. ലിന്റിൽ ഷെയ്ഡ് സ്റ്റാർട്ട് ചെയ്യുന്നത് തന്നെ  വർക്ക് ഏരിയയുടെ   റൂഫ് സ്ലാബ് മുതലാണ്. അത് മുൻവശത്തെ മുകളിലെ ഗൗരിയുടെ മുറിയുടെ  ബാൽക്കണിയുടെ ചുവട്ടിൽ വരെ എത്തി നിൽക്കുന്നു. 

വർക്ക് ഏരിയയ്ക്ക്  ഭിത്തിയില്ല  പകരം ഇരുമ്പ് അഴികളാണ്. അതിന്റെ കള്ളികളിൽ ചവിട്ടി അജു മുകളിലേക്ക് കയറി. റൂഫ്  സ്ളാബിൽ കയ്യെത്തിച്ചു പിടിച്ചിട്ട് കള്ളികളിൽ നിന്നും കാൽ വേർപെടുത്തി. സ്ലാബിൽ തൂങ്ങിയാടി ഒരു നിമിഷം നിന്നു. പിന്നെ ആയാസപ്പെട്ട്  മുകളിലേക്ക് പൊത്തിപിടിച്ചു  കയറി. തുടർന്ന്  ലിന്റിൽ  ഷെയ്ഡിലേക്ക് ഇറങ്ങി. ഒച്ച കേൾപ്പിക്കാതെ ഭിത്തിയിൽ പിടിച്ചു പതിയെ പതിയെ  മുൻ വശത്തേക്ക് നടന്നു. 

ബാൽക്കണിയിൽ വെളിച്ചം ഉണ്ടായിരുന്നില്ല. ഷെയ്ഡിൽ നിന്നും അവൻ ബാൽക്കണിയുടെ അര ഭിത്തിയിൽ പിടിച്ചു ഉള്ളിലേക്ക്  വലിഞ്ഞു കയറി. ചില്ല് ജനാലയിലൂടെ അകത്തേക്ക് ഉറ്റു നോക്കി. ഒന്നും കാണാൻ കഴിയുന്നില്ല. ഇരുട്ട് മാത്രം. 

ജനാലയുടെ ചില്ലിൽ   അവൻ പതിയെ ഒന്ന് മുട്ടി. പിന്നെ അകത്തേയ്ക്ക് ശ്രദ്ധിച്ചു. അനക്കമൊന്നുമില്ല. വീണ്ടും രണ്ടു പ്രാവശ്യം കൂടി മുട്ടി നോക്കി. അപ്പോൾ അതാ മുറിയിൽ വെളിച്ചം തെളിഞ്ഞു. അജു ശ്വാസം അടക്കി പിടിച്ചു നോക്കി. 

ജനൽ കർട്ടൻ  അകത്തെ കാഴ്ച മറയ്ക്കുന്നു. ഇനി ഗൗരി തന്നെയാകുമോ അകത്ത് എന്നൊരു ചിന്ത പെട്ടന്ന് അവന്റെ മനസ്സിനെ പിടിമുറുക്കി.  അതൊ അമ്മയും  കൂടെ കാണുമോ? എങ്കിൽ എല്ലാ പ്ലാനും ഇപ്പോൾ തന്നെ പൊളിയും. തമ്പി കയ്യോടെ തന്നെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്യും. 

ഭവനഭേദനം മോക്ഷണം  പീഡനം എന്ന് വേണ്ട സകല ചാർജും തന്റെ തലയിൽ കെട്ടി വയ്ക്കും.  പിന്നെ കേസ്,  കോടതി,  റിമാൻഡ്!

ഒറ്റ  നിമിഷം കൊണ്ട്  നടക്കാൻ പോകുന്ന അനവധി   രംഗങ്ങൾ   അജുവിന്റെ മനസിലൂടെ   കടന്നു പോയി. അതോടെ ഉള്ളിൽ  സ്വരുകൂട്ടി വച്ചിരുന്ന ധൈര്യം വെള്ളം വാർന്ന് പോകുന്നത് പോലെ എങ്ങോട്ടോ  ഒഴുകി പോയി. 

അപ്പോഴതാ  ബാൽക്കണിയിലെ ലൈറ്റ്  തെളിയുന്നു. അജു വെളിച്ചത്തിൽ കുളിച്ചു. എങ്ങോട്ട് ഓടി ഒളിക്കണമെന്നറിയാതെ അവൻ  പതറി. അപ്പോൾ  ജനൽ കർട്ടൻ പതിയെ മാറുന്നത്  കണ്ടു.  അവിടെ ഗൗരിയുടെ മുഖം തെളിയുന്നു. ശരിക്കും അപ്പോഴാണ് അജുവിന്റെ ശ്വാസം നേരെ വീണത്. ജീവൻ  കയ്യിൽ പിടിച്ചു നിൽക്കുന്ന അവസ്ഥയിലായിരുന്നു. അവനെ  കണ്ട്  ഒരു പൂവ് പോലെ അവളുടെ മുഖം വിടർന്നു. പൊടുന്നനെ കർട്ടൻ പഴയത് പോലെ മുറി  മറച്ചു. ഒപ്പം ബാൽക്കണിയിലെ ലൈറ്റണഞ്ഞു. വാതിൽ തുറക്കപ്പെട്ടു. 

അജു അവിടേയ്ക്ക് നീങ്ങി. ഗൗരി അവന്റെ  കൈ വലിച്ചു അകത്തേക്കു മാറ്റി വാതിലടച്ചു. അവനെ കെട്ടിപ്പുണർന്ന് അവൾ തേങ്ങി കരയാൻ തുടങ്ങി. 

"ശരിക്കും ഞാൻ വിചാരിച്ചു ഇനി ഒരിക്കലും അജുവേട്ടനെ  കാണാൻ പറ്റില്ലെന്ന്... ഞാനെത്ര വിഷമിച്ചുന്നറിയോ"

അവൻ അവളുടെ അഴിഞ്ഞു ചിതറി കിടന്നിരുന്ന മുടി ഒതുക്കി വച്ചു കൊണ്ട് വാത്സല്യത്തോടെ  ശബ്ദം താഴ്ത്തി  ചോദിച്ചു. 

"അവര് മോളേ  ഉപദ്രവിച്ചോ?" അവൾ കണ്ണീരോടെ ഇല്ലെന്ന് തലയാട്ടി. 

"തമ്പിയെ ആയിരുന്നു എനിക്ക് പേടി."

"അയാൾ മുകളിലേക്ക് വന്നില്ല. താഴെ അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. അമ്മ വന്നു എന്റെ മൊബൈൽ വാങ്ങി . ഇതൊക്കെ എന്ന് തുടങ്ങിയെന്ന് ചോദിച്ചു. ഞാനൊന്നും   പറഞ്ഞില്ല. ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് നിൽക്കാതെ മര്യാദയ്ക്ക് പഠിക്കാൻ  പറഞ്ഞു... ഇനി ഒന്നിനും നിൽക്കില്ലെന്ന് ബോധ്യപ്പെട്ടാൽ മൊബൈൽ തിരിച്ചു തരാമെന്ന് പറഞ്ഞു. ഞാൻ കൂടുതൽ അമ്മയെ പ്രൊവോക്ക് ചെയ്യാനും  പോയില്ല."

അജു അവൾ പറയുന്നത് കേട്ടു നിന്നു.  

"വാ ഇരിക്ക് ... "

അജുവിന്റെ കൈ പിടിച്ചു അവൾ കിടക്കയിൽ ഇരുത്തി. 

"അജുവേട്ടൻ വീട് മാറിയല്ലേ?"

"വേറെ വഴിയില്ല. തത്കാലം ശ്രീയുടെ വീട്ടിൽ സ്റ്റേ. വേറെ ഏതെങ്കിലും വീട് കണ്ടു പിടിക്കണം. അവനാണ് ഇപ്പൊ എന്നെ റോഡിലെത്തിച്ചത്."

"അപ്പോൾ അവരൊക്കെ എല്ലാം അറിഞ്ഞോ?"

"നമ്മൾ തമ്മിലുള്ള ഇഷ്ടം അറിഞ്ഞിട്ടുണ്ട്. തമ്പിയുടെ കാര്യം ഞാൻ പറഞ്ഞിട്ടില്ല. ലക്ഷ്മിയാണ് മൊബൈൽ നിന്റെ അമ്മയുടെ കയ്യിലാണെന്ന് പറഞ്ഞത്. അവൾ വിളിച്ചിട്ടുണ്ടായിരുന്നു."

"ഈശ്വരാ. ഇനി കാണുമ്പോൾ അവളെന്നെ കൊല്ലും. അജുവേട്ടൻ ഒന്നും പറയണ്ടാന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവളോടൊന്നും പറഞ്ഞിട്ടില്ലായിരുന്നു." ഗൗരി തന്നെ ആശ്വാസം കണ്ടെത്തുകയും ചെയ്തു. 

"സാരമില്ല എന്നായാലും എല്ലാവരും അറിയണം അതിത്തിരി നേരത്തെ ആയിക്കോട്ടെ. അല്ലെ." അവൾ  പതിയെ ചിരിച്ചു . വീണ്ടും സങ്കടപ്പെട്ടു. 

"ശരിക്കും ഈ പ്രശ്നം ഞാൻ കാരണമല്ലേ  ഉണ്ടായത്. രണ്ടു ദിവസം കാണാതിരുന്ന് കണ്ടപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാൻ പറ്റിയില്ല. ആ നേരത്ത് അങ്ങേരെ കെട്ടിയെടുക്കുമെന്ന് സത്യം ഞാൻ വിചാരിച്ചതുമില്ല . അതിങ്ങനെ ആയി."

"വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന് പറയുന്നത് ഇതിനൊക്കെയാ. "

"എന്നാലും ഞാൻ കുറച്ചു കൂടി സംയമനം    പാലിക്കണമായിരുന്നു. അങ്ങനെ ആരുന്നേൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു.  അജുവേട്ടന് സമാധാനമായി ആ വീട്ടിൽ തന്നെ താമസിക്കാമായിരുന്നു. എനിക്കെന്നും എന്റെ കണ്മുന്നിൽ   കാണുകയും ചെയ്യാമായിരുന്നു . ഞാൻ തന്നെ കലമുടച്ചു. "

"അങ്ങനെ ആയിരുന്നേൽ ഇങ്ങനെ ആവുമായിരുന്നു എന്നൊന്നും  ഇനി പറഞ്ഞിട്ട് കാര്യമില്ല.... സംഭവിക്കാനുള്ളത് എന്തായാലും സംഭവിക്കും...... അത് വിട് . നീ എന്തേലും കഴിച്ചാരുന്നോ." അവൾ മേശ മേലേക്ക് കൈ ചൂണ്ടി. 

"വിളിച്ചിട്ട്  താഴേക്ക്  ചെല്ലാഞ്ഞത് കൊണ്ട് അമ്മ മൂടി  വച്ചിട്ട് പോയതാ. അജുവേട്ടൻ എവിടെ  പോയി എന്ത് പറ്റി എന്നൊക്കെ അറിയാഞ്ഞിട്ട്  എനിക്കൊന്നും കഴിക്കാൻ  കൂടി തോന്നിയില്ല. നെറ്റിയിലെ മുറിവും വച്ചിട്ട് നിൽക്കുന്ന ആ രംഗം ആലോചിച്ചു എനിക്കാകെ ശ്വാസം മുട്ടുവായിരുന്നു."

"ഇപ്പൊ മുട്ടലൊക്കെ മാറിയല്ലോ. ഇനി ഞാൻ എടുത്തു തരട്ടേ?" അജു കുസൃതിയോടെ നോക്കി. അവൾ ചിരിയോടെ പതിയെ തലയാട്ടി. ചോറും കറികളും ഉരുളകളാക്കി  അജു അവൾക്ക് കൊടുത്തു . അവളത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. 

"അജുവേട്ടൻ എങ്ങനെ മുകളിലെത്തി? "

അവൻ കയറി വന്ന വഴി വിശദീകരിച്ചു കൊടുത്തു. 

"ഈശ്വര..... ചെറുക്കന്  പേടിയൊന്നും തോന്നിയില്ലേ?"

"പ്രണയത്തിന്റെ ശക്തി."

അജു ശബ്ദം താഴ്ത്തി ചിരിച്ചു.  ഇടയ്ക്ക് അവൾ കൊടുത്ത ഉരുള   അവനും കഴിച്ചു. ബാത്റൂമിൽ കൈ കഴുകി വന്നിട്ട് അവളുടെ മടിയിൽ തല വച്ചു കിടക്കുമ്പോൾ  അവൾ അവന്റെ നെറ്റിയിലെ കെട്ടിൽ തലോടി. 

"വേദനയുണ്ടോ?"

"ഇല്ല നല്ല സുഖം."

"ഞാൻ കാരണം അജുവേട്ടൻ ഒത്തിരി വേദനിക്കുന്നുണ്ട്....."

"ലക്ഷ്മി പറയുമ്പോലെ നമ്മുടെ പ്രണയം പൂത്തുലയാനല്ലേ കുറച്ചു വേദനയൊക്കെ സഹിക്കാം."

അവളുടെ കൈകളിൽ  തലോടി വിരലുകൾ എടുത്തു  അവൻ പതിയെ ഞൊട്ടവിടുവിച്ചു കൊണ്ടിരുന്നു. 

"ഇനിയെന്നാ നമ്മൾ കാണുന്നേ?" ഗൗരിയുടെ ചോദ്യം. 

"വാടക വീട്ടിൽ നിന്നല്ലേ ഇറക്കി വിടാൻ പറ്റുള്ളൂ. ഇതിന് പുറത്തും ഒരു ലോകം ഉണ്ടല്ലോ. എവിടെ വച്ചു വേണേലും നമുക്ക്  കാണാം...."

"ഞാനൊരു കാര്യം ചോദിക്കട്ടെ ? "

"ചോദിച്ചോ "

"എന്നും ഇതു പോലെ വരാൻ പറ്റുമോ. ഈ നേരത്താവുമ്പോ ആരും അറിയുകയുമില്ല." അവൻ തല കുലുക്കി. 

"ഹാ. നല്ല ഐഡിയ......എനിക്ക് ഇന്നസെന്റിന്റെ ഒരു ഡയലോഗ് ഓർമ വരുന്നു.... "

"എന്താത്?"

"നിനക്കിനിയും മതിയായിട്ടില്ല അല്ലെടി...." ഗൗരിയ്ക്ക് ചിരി വന്നു. 

അജു തുടർന്നു. "ഇപ്പോൾ തന്നെ ശ്രീ ഒരു  തീരുമാനം എടുത്തിട്ടുണ്ടാവും  മേലാൽ ഇനി ഈ പരിപാടിയ്ക്ക് ഇറങ്ങില്ലെന്ന്. പുതച്ചു മൂടി ഉറങ്ങേണ്ട സമയത്തു പാവം റോഡിൽ കുത്തിയിരിക്കുവാ."

അപ്പോൾ അജുവിന്റെ ഫോൺ വൈബ്രെറ്റ്  ചെയ്യാൻ തുടങ്ങി. ശ്രീയാണ്. 

"പറഞ്ഞു നാവെടുത്തില്ല  ദേ വിളിക്കുന്നു." 

മൊബൈൽ ചുണ്ടോട്  ചേർത്ത് ശബ്ദം താഴ്ത്തി അവൻ അറിയിച്ചു. 

"ടാ ഒരഞ്ചു മിനിറ്റ്. ദേ ഇറങ്ങി. "

ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ തിരുകിയിട്ട് അവൻ എണീറ്റു. 

"പൊയ്ക്കോട്ടേ. അവനെ മുഷിപ്പിക്കണ്ട. ഇനിയും ഇതുപോലെ അത്യാവശ്യം  ഉണ്ടായാലോ...." അവൻ കള്ളചിരിയോടെ പറഞ്ഞു. 

മുഖം തെളിയാതെ  അവൾ ദീനമായി ഒന്ന് നോക്കി. അവൻ കുറുമ്പോടെ  അവളുടെ ഇരു കവിളിലും പിടിച്ചമർത്തി. 

"ഇനി ഓരോന്നോർത്ത് മനസ് വിഷമിപ്പിക്കണ്ട . എന്തിനും ഞാൻ പുറത്തുണ്ട്. നമുക്ക് എപ്പോ വേണേലും കാണാലോ....."

ഗൗരിയ്ക്ക് സമ്മതിക്കാതെ മറ്റു നിവർത്തിയില്ല.  അവന്റെ കൂടെ വാതിൽക്കലേക്ക് ചെല്ലുമ്പോൾ അവൾ ചോദിച്ചു. 

"പുറത്തേ  ലൈറ്റിടണോ?"

"വേണ്ട. മുറിയിലേ ലൈറ്റ് ഓഫാക്കിയിട്ട് ഡോർ തുറന്നാൽ മതി" അവൻ ഓർമിപ്പിച്ചു.  

മുറിയിലെ ലൈറ്റ് ഓഫാക്കിയിട്ട്  അവൾ വാതിൽ തുറന്നു. ഇരുവരും പുറത്തേക്കിറങ്ങി. ബാൽക്കണിയിലെ ഇരുട്ടിൽ   നിന്ന്   ഇരുവരും  കെട്ടിപ്പുണർന്ന് പരസ്പരം ചുംബനം കൈ മാറി .

"ഫോൺ കിട്ടുമ്പോൾ പറയണം കേട്ടോ."

അവൻ അവളുടെ കാതിൽ മന്ത്രിച്ചു. അവൾ മൂളി. തുടർന്ന് അവൻ ഷെയ്ഡിലേക്ക് ഊർന്നിറങ്ങി. ഭിത്തിയുടെ ഓരം പറ്റി  നടന്നു പോകുന്നത് അവൾ നോക്കി നിന്നു. മുൻവശത്തെ  ഭിത്തിയുടെ അവസാനം എത്തിയപ്പോൾ അവൻ തിരിഞ്ഞു നോക്കി കൈ കാണിച്ചു. അവളും കൈ വീശി. അജു മറു വശത്തേക്ക് നടന്നു. 

അവൻ കാഴ്ചയിൽ നിന്നും മറഞ്ഞിട്ടും അവൾ കാത്തു നിന്നു.  മതിൽ കടന്നു പോകുന്നത്  കണ്ടിട്ട് അകത്തേയ്ക്ക് കയറാമെന്ന്  കരുതി. അപ്പോൾ താഴെ  മെയിൻ ഡോർ ആരോ തുറക്കുന്ന ഒച്ച ഗൗരി കേട്ടു. അവളുടെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി. 

(തുടരും)


ഭാഗം - 16

വർക്ക് ഏരിയയുടെ മുകളിൽ  നിന്നും അജു താഴെ എത്തിയപ്പോൾ മുൻവശത്ത് നിന്നും മുറ്റത്ത് വിരിച്ചിരിക്കുന്ന  ചരലിലൂടെ ആരോ പിന്നിലേക്ക് നടന്നടുക്കുന്ന ഒച്ച കേട്ടു. അജു ഒന്ന് നടുങ്ങി. 


തിടുക്കത്തിൽ  വർക്ക് ഏരിയയുടെ പിന്നിലെ ഇരുളിലേക്ക്  പതുങ്ങിയിരുന്നു. ശ്വാസമടക്കി ശ്രദ്ധിച്ചു. പുറത്തിറങ്ങിiയത് തമ്പി തന്നെയാണെന്ന് അജു ഉറപ്പിച്ചു. അയാൾക്ക് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാവും. അപ്പോൾ  മുന്നിലൂടെ  തമ്പി  നടന്നു പോകുന്നത് അവൻ  കണ്ടു. ഉള്ളിലെ  മദ്യവും പാതി ഉറക്കവും കൂടി ചേർന്ന്  അയാളുടെ ചുവടുകളുടെ  ബാലൻസ് തെറ്റിക്കുന്നുണ്ട്. വാഴയുടെ ചുവട്ടിലെത്തി അയാൾ ലുങ്കിയുടെ മുൻവശം  ഉയർത്തി പിടിക്കുന്നു. പൈപ്പ് തുറന്ന് വിട്ടത്  പോലെ മൂത്രം വീഴുന്ന ഒച്ച  കേട്ടു. 

ഉള്ളിൽ  ബാത്റൂമുണ്ടായിട്ടും ഈ നാറി ഇതെന്ത് പണിയാണ് കാണിക്കുന്നതെന്ന്  അജു ഓർത്തു. കാറ്റ് കൊണ്ടാലേ ഇയാൾക്ക് കാര്യം സാധിക്കാൻ ഒക്കുള്ളോ? 

പൊടുന്നനെ അവന്റെ  മനസ്സിലേയ്ക്ക് തമ്പി  ആക്രമിക്കുന്ന  രംഗം ഓർമ വന്നു. ഒപ്പം പ്രതികാരം ചിന്തയും ഉടലെടുത്തു. ഒട്ടും സമയം പാഴാക്കാനില്ല.  ഇനി  ചിലപ്പോൾ ഇത് പോലൊരു അവസരം കിട്ടിയെന്ന് വരില്ല. അവന്റെ ഉള്ളിലിരുന്നു ആരോ മന്ത്രിച്ചു. 

അവൻ ഇരുട്ടിൽ തിരഞ്ഞു. കുറച്ചു ചുടുകട്ടകൾ  അടുത്ത് ചാരി വച്ചിരിക്കുന്നത്  കണ്ണിൽപെട്ടു.  ഒരെണ്ണം കയ്യിലെടുത്ത്   പതിയെ എണീറ്റു. മൂത്രം ഒഴിക്കുന്നതിന്റെ അവസാനഘട്ടത്തിൽ എത്തിയ  തമ്പിയുടെ പിന്നിലെത്തി  സകല ശക്തിയുമെടുത്ത്  അയാളുടെ തലയ്ക്കു പിന്നിൽ ഒരൊറ്റ ഇടി ഇടിച്ചു. പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ   അമറികൊണ്ട്  അയാൾ വാഴ ചുവട്ടിൽ മുഖമടിച്ചു വീണു. 

തമ്പിയുടെ നിലവിളി  വ്യക്തമായി ഗൗരി  മുകളിൽ നിന്ന്  കേട്ടു. അവൾ ആന്തലോടെ അവിടേയ്ക്ക് ശ്രദ്ധിച്ചു. എന്തൊക്കെയോ താഴെ സംഭവിക്കുന്നുണ്ട്.  പക്ഷെ ഒന്നും കാണാൻ കഴിയുന്നില്ല. 

അജുവേട്ടനെ അയാൾ കണ്ടോ? വീണ്ടും അടി ആയോ?  എന്നൊക്കെ ചിന്തിച്ച് ആധി പിടിച്ചു  നിൽക്കുമ്പോൾ  ഒഴിഞ്ഞ വീടിനോട് ചേർന്നുള്ള  മതിലിന്റെ ഓരം പറ്റി  അജു ഓടി പോകുന്നത് കണ്ടു. അവൻ മതിലിന്റെ മുകളിലൂടെ റോഡിലേക്ക് കുതിച്ചു ചാടുന്നു. ആശ്വാസത്തോടെ  ഗൗരി നെഞ്ചിൽ കൈ വച്ചു.  

തമ്പിയ്ക്ക് അടികൊടുത്തെന്ന്  ഉറപ്പായി . അയാളുടെ കരച്ചിലും കേട്ടിരുന്നു. പക്ഷെ ആളെ കാണുന്നില്ല. അന്നത്തെ പോലെ ബോധം പോയിട്ടുണ്ടാവോ? 

അപ്പോൾ തലയുടെ പിന്നിൽ പൊത്തി പിടിച്ച്  തമ്പി ഗേറ്റിലേക്ക്   ഓടുന്നത് അവൾ  കണ്ടു. 

ഗേറ്റ്  വലിച്ചു തുറന്നു അയാൾ റോഡിലേക്കിറങ്ങുന്നു. 

ഇരു വശത്തേക്കും നോക്കുന്നു. 

ഗൗരി  പെട്ടന്ന് അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു. മുടി വാരി കെട്ടി വച്ചു കൊണ്ട്  ജനാല വിരി മാറ്റി  ഗ്ലാസിലൂടെ അവൾ ഗേറ്റിലേക്ക് ഉറ്റു  നോക്കി. തലയുടെ പിന്നിൽ  തടവി കൊണ്ട് തമ്പി തിരിച്ചു വരുന്നത്  കണ്ടു. 

എന്തോ ഓർമിച്ചു അയാൾ വീണ്ടും തിരിഞ്ഞു റോഡിലേക്ക് നോക്കുന്നു. പിന്നേ ജാഗ്രതയോടെ  ഇരു വശത്തേക്കും മിഴി പായിക്കുന്നു. അതൊക്കെ കണ്ടപ്പോൾ ഗൗരിയ്ക്ക് ചിരി പൊട്ടിപ്പോയി. ശബ്ദം അടക്കി പിടിച്ചു ചിരിച്ചു കൊണ്ട് അവൾ കിടക്കയിലേക്ക് ചെന്നു  വീണു. 


അഞ്ചു  ദിവസം കൂടി കഴിഞ്ഞാണ് അജുവിന് മറ്റൊരു വാടക വീട്  തരപ്പെട്ടത്.  ഓഫീസിലെ ലേഡി സ്റ്റാഫ് ലിസിയാണ്  വീട്ടുടമയെ  പരിചയപ്പെടുത്തി കൊടുത്തത്.

ഒരു കുഞ്ഞ് വീട്. ഒരു ചെറിയ പ്രധാന മുറി. ഒരു കിടപ്പ് മുറി. അറ്റാച്ച്ഡ് ബാത്റൂം. പിന്നെ അടുക്കള. പ്രധാന റോഡ് വിട്ട് ഒരു ബൈക്ക് കടന്നു പോകാവുന്ന  ഇടവഴി അവസാനിക്കുന്നത് ഈ വീട്ടിലാണ്. 

അതിന്റെ  മണൽ വിരിച്ച ചെറിയ മുറ്റത്ത് മതിലിലേയ്ക്ക് ഒരു ചുവപ്പ് ബോഗൺവില്ല പൂത്തുലഞ്ഞു കിടന്നിരുന്നു. റോഡിൽ നിന്ന്  നോക്കിയാൽ ആദ്യം കാണുന്നത് ഈ പൂക്കളുടെ വർണ്ണ ഭംഗിയാണ്. ഒറ്റ കാഴ്ചയിൽ തന്നെ അജുവിന് ഒരുപാട് ഇഷ്ടപെട്ടു. കൈ വിട്ടു  പോകാതിരിക്കാൻ അന്ന് തന്നെ അഡ്വാൻസ് കൊടുത്ത്  എഗ്രിമെന്റെഴുതി. 

പഴയ വീട് മാറിയപ്പോൾ നിർമല അജുവിന്റെ അക്കൗണ്ടിലേക്ക്  ട്രാൻസ്ഫർ ചെയ്ത അഡ്വാൻസ് തുക  ഇതിനായി  ഉപകരിച്ചു. ശ്രീജിത്തിന്റെ വീട്ടിൽ നിന്നും കുറച്ചു ദൂരമുണ്ട് ഈ വീട്ടിലേക്ക്. 

പക്ഷെ  വീടിന്റെ മുന്നിലെ റോഡിലൂടെയാണ്   ഓഫീസിലേയ്ക്ക് പോകുന്നത്. അത് കൊണ്ട് തന്നെ പിക് ചെയ്യാനും എളുപ്പം. മറ്റൊരു സന്തോഷം എന്നത് ഗൗരിയുടെ കോളേജും ഏകദേശം അടുത്ത് തന്നെയാണ്. അവളും അത് വഴിയുള്ള ബസിലാണ്   പോകുന്നത്. 

നിർമല ഫോൺ വാങ്ങി വച്ചതിന്റെ രണ്ടാമത്തെ ദിവസം തന്നെ ഗൗരി അമ്മയെ സോപ്പിട്ട്  ഫോൺ കൈക്കലാക്കിയിരുന്നു. അജുവുമായി   കോണ്ടാക്ട്  ചെയ്യില്ലെന്നും ഇനി കാണാൻ ശ്രമിക്കില്ലെന്നും  അവൾ  ഉറപ്പും  കൊടുത്തു. 

ശരിക്കും നിർമലയ്ക്ക് അജുവിനോട് കടുത്ത വൈരാഗ്യമോ ശത്രുതയോ  ഒന്നുമുണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെ സംഭവിച്ചുവെങ്കിലും ഉള്ളൂ കൊണ്ട് അവർക്കവനെ  ഇഷ്ടവുമായിരുന്നു. മകളെ  ഒരിക്കലും അവന് കൊടുക്കില്ല എന്ന പിടിവാശിയൊന്നും  അവർക്കുണ്ടായിരുന്നില്ല.  എല്ലാവർക്കും സമ്മതമാണെങ്കിൽ  മകളുടെ ഇഷ്ടം നടത്തി കൊടുക്കാൻ അവർ ഒരുക്കവുമായിരുന്നു. അതിനുള്ള എല്ലാ യോഗ്യതയും അജുവിന് ഉണ്ടെന്ന് കരുതുന്ന ആളാണ് നിർമല. പക്ഷെ തമ്പിയുടെ വാക്കുകളെ  എതിർക്കാൻ തല്ക്കാലം അവരിഷ്ടപ്പെടുന്നില്ല. തമ്പിയ്ക്ക് ഇഷ്ടമില്ലെങ്കിൽ ഓക്കേ തനിക്കും വേണ്ട എന്നതാണ് അവരുടെ  പോളിസി. 

ഇടയ്ക്കൊരു ദിവസം ഒരു സൂപ്പർമാർക്കറ്റിൽ വച്ച് അജു നിർമലയെ നേരിൽ  കണ്ടു. അപ്രതീക്ഷിതമായ കൂടികാഴ്ചയിൽ നിർമല ഒന്ന് പരുങ്ങി. എന്നാൽ ഒരനിഷ്ടവും കാട്ടാതെ  അജു  അങ്ങോട്ട്  പോയി സംസാരിച്ചു. എങ്കിലും  പഴയത് പോലെ സ്വാതന്ത്ര്യത്തോടെ   സംസാരിക്കാൻ നിർമലയ്ക്കൊരു സങ്കോചമുണ്ടായിരുന്നു. കുശലന്വേഷണം കഴിഞ്ഞു  അവൻ  യാത്ര പറഞ്ഞു നടന്നു പോകുന്നത്  ദീനമായി അവർ നോക്കി നിന്നു.  ഇത്രയും നല്ലൊരു മകനെ നഷ്ടപ്പെടുത്തി കളഞ്ഞല്ലോ ഈശ്വരായെന്ന് അവരുടെ മനസ് വിതുമ്പുന്നുണ്ടായിരുന്നു. ആ കൂടി കാഴ്ചയോടെ അതിർവരമ്പിന്റെ നേർത്ത പാട പൊട്ടി പോവുകയും ചെയ്തു. എന്നാൽ ഈ വിഷയം  മകളുമായി പങ്കുവയ്ക്കാൻ  അവരിഷ്ടപ്പെട്ടില്ല. അതിന് കാരണവും തമ്പിയായിരുന്നു. അയാൾ കെട്ടി അടച്ചതൊക്കെ അങ്ങനെ തന്നെ ഇരുന്നോട്ടെ എന്നവർ കരുതി. 

എന്നാൽ അമ്മയ്ക്ക് കൊടുത്ത വാക്കൊക്കെ കാറ്റിൽ പറത്തി ഗൗരി അജുവുമായി കൂടുതൽ അടുത്തു.  പുതിയ വാടക വീട്ടിൽ താമസം തുടങ്ങുന്ന ആദ്യ ദിവസം ശ്രീയുടെ കുടുംബവും   ഗൗരിയും അഥിതികളായി എത്തിയിരുന്നു. തനിച്ചു കിട്ടിയപ്പോൾ അജു വീട് എങ്ങനെയുണ്ടെന്ന്  കൗതുകത്തോടെ  ആരാഞ്ഞു. 

"മനോഹരം"  എന്നവൾ  മറുപടി കൊടുത്തു. 

പാല് തിളപ്പിച്ചു ചായയിട്ടത് ശ്രീയുടെ അമ്മയാണ്. 

എല്ലാവരും കാണുമെന്ന്  ഉറപ്പുള്ളത്  കൊണ്ട് അജു വാങ്ങി വച്ചിരുന്ന പലഹാരങ്ങൾ ചായയ്ക്കൊപ്പം  വിളമ്പി. ചായ കുടിച്ചു സംസാരിച്ചിരിക്കുമ്പോഴാണ്    ഉച്ചയൂണ്  കഴിച്ചിട്ട് പിരിയാമെന്നൊരു ആശയം ഉടലെടുക്കുന്നത്.  ആവശ്യം വേണ്ട  സാധങ്ങൾ അജുവും ശ്രീയും പോയി വാങ്ങി വന്നു.  എല്ലാവരും ചേർന്ന് പാചകം ആഘോഷമാക്കി. ഒരുമിച്ചിരുന്ന്  ഊണ് ആസ്വദിച്ചു  കഴിച്ച്  സന്തോഷത്തോടെ  പിരിഞ്ഞു. രാത്രി വിളിച്ചപ്പോൾ ആ സന്തോഷം ഗൗരി അറിയിക്കുകയും ചെയ്തു. 

"എനിക്കവിടെ നിന്ന് പോരാനേ തോന്നിയില്ല. എല്ലാവരും കൂടെ എന്ത് രസായിരുന്നു... അല്ലേ അജുവേട്ടാ... സത്യം പറഞ്ഞാൽ എനിക്കിന്നവിടെ  തങ്ങണമെന്നുണ്ടായിരുന്നു...."

"പിന്നെന്താ ഇയാള് പോയേ? "

"കുറേ കഷ്ടപ്പെട്ട് കണ്ടു പിടിച്ച വീടല്ലേ.  അതും  കൂടി ഉടനെ ഒഴിയണ്ടാന്ന് കരുതി." ഗൗരിയുടെ ചിരി അജുവും ഏറ്റെടുത്തു.

"എന്നെ കല്യാണം കഴിച്ചു കൂടെ താമസിപ്പിച്ചു കൂടെ ചെറുക്കാ... ഈ ഒളിച്ചും പാത്തുമുള്ള പരിപാടി നിർത്താമല്ലോ."

"നിനക്ക്  കെട്ടാൻ മുട്ടി നിക്കുവാണോ? "

"ആ. അതേ. എന്തേയ്?"

"ഒന്നുമില്ലേ..........ഇതൊന്നും തന്റെ അമ്മ കേൾക്കണ്ട."

"അമ്മ താഴെയല്ലേ. "

"അമ്മയുടെ പിണക്കം മാറിയോ? "

"മുഴുവനായിട്ടും പിണക്കം മാറിയോയെന്ന് ചോദിച്ചാൽ ഇല്ല. വിശ്വാസം നഷ്ടപ്പെട്ടാൽ തിരിച്ചു പിടിക്കാൻ പാടല്ലേ. പിന്നെ ഞാൻ മുഴുവൻ സമയവും നിങ്ങളെ പറ്റി ചിന്തിച്ചു നടക്കുന്നത്  കൊണ്ട്  അതൊന്നും  വലിയ കാര്യമായി എടുത്തിട്ടില്ല. "

"അപ്പോൾ പഠിത്തമൊക്കെ ഉഴപ്പുവാണോ?"

"അതൊരു വഴിയ്ക്ക് നടക്കുന്നുണ്ട്. സത്യം പറഞ്ഞാൽ ഞാൻ വലിയ പഠിപ്പിസ്റ്റ് ഒന്നുമല്ല.  അമ്മയ്ക്കെന്നെ ഡോക്ടർ ആക്കാനായിരുന്നു താല്പര്യം. കുറച്ചു നാൾ എൻട്രൻസ്  കോച്ചിങ്ങിനൊക്കെ  പോയിരുന്നതുമാ..."

"എന്നിട്ട്?"

"എനിക്കും കൂടി  താല്പര്യം തോന്നണ്ടേ. ഡിഗ്രിയ്ക്ക്  ചേർന്നത് തന്നെ അമ്മയുടെ കണ്ണിൽ പൊടിയിടാനാ..."

"വെരിഗുഡ്. "

"നിങ്ങളെന്നെ കെട്ടുന്ന അന്ന് ഞാനീ പരിപാടി നിർത്തും. പിന്നെ മണികുട്ടിയെ ഒക്കെ നോക്കി ഞാനാ അമ്മയോടൊപ്പം ആ വീട്ടിലെങ്ങാനും കഴിഞ്ഞോളാം. ചേട്ടന് ജോലി ഉണ്ടല്ലോ. അപ്പോൾ പിന്നെ പട്ടിണി ആവില്ലല്ലോ."

"നല്ല പ്ലാനാണല്ലോ. "

"നല്ലതല്ലേ? "

"പിന്നെ ബെസ്റ്റാ. "

"ഇതുപോലൊരു  പെണ്ണിനെ  താങ്കൾക്ക് മഷിയിട്ട് നോക്കിയാൽ  കിട്ടുമോ  മിസ്റ്റർ അജു.... "

അവന്  പെട്ടന്ന് രമ്യയെ ഓർമ്മ വന്നു.  അവളുടെ ഇഷ്ടങ്ങളും   ഇതൊക്കെതന്നെ ആയിരുന്നല്ലോ. അന്ന് വീട്ടിൽ നടന്ന  കാര്യങ്ങളൊന്നും  അവനിതുവരെ ഗൗരിയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. പറഞ്ഞാൽ അവളുടെ പ്രതികരണം എന്തായിരിക്കും  എന്നൊരു വലിയ ചോദ്യ ചിഹ്നം  അവന്റെ മനസ്സിൽ എപ്പോഴും തെളിഞ്ഞു നിന്നിരുന്നു. 

വീട്ടിലെ  "കല്യാണപ്രശ്നം" ഗൗരി   അറിഞ്ഞാൽ  അവളത് എങ്ങനെ എടുക്കുമെന്ന് ഒരു ധാരണയുമില്ല.  അമ്മയുടെ പ്രിയപ്പെട്ട മണികുട്ടിയെ വിറ്റപ്പോൾ  പോലും മടക്കി വാങ്ങാൻ  വാശി പിടിച്ചവളാണ്. അമ്മയെ സങ്കടപെടുത്തുന്ന ഒന്നും ചെയ്യരുതെന്നാണ് പെണ്ണിന്റെ  കല്പ്പ്പന.

അപ്പോൾ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ചിന്നുവിനെ താൻ തള്ളി കളഞ്ഞുവെന്ന് അവളറിഞ്ഞാലോ. പെണ്ണിന്റെ  ഒരു കാരക്ടർ വച്ചിട്ട്  അവളായിട്ട് തന്നെ  ഒഴിഞ്ഞു മാറാൻ സാധ്യതയുണ്ട്. എല്ലാവരെയും വിഷമിപ്പിച്ചിട്ട് നമുക്കിത് മുന്നോട്ട് കൊണ്ട് പോവണ്ട അജുവേട്ടാ നമുക്ക് പിരിയാം  എന്നെങ്ങാനും അവൾ പറഞ്ഞാൽ...

ആ ഒരു ചിന്ത പോലും  അജുവിനെ തളർത്തി. എന്തോ ഗൗരി നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കൂടി പറ്റുന്നില്ല.  അവളെ ഒന്ന് നെഞ്ചിൽ ചേർത്ത് പിടിച്ചു കിടക്കാൻ  പെട്ടെന്നൊരു കൊതി അവനെ വന്നു പൊതിഞ്ഞു. 

"എന്തുപറ്റി  അജുവേട്ടാ  പെട്ടന്ന് ഓഫായോ?" ഗൗരിയുടെ ചോദ്യം. 

"ഏയ് ഒന്നുമില്ല." അവൻ ഒഴിഞ്ഞു മാറി. 

"അതല്ല  എന്തോ ഉണ്ട്. അജുവേട്ടന്റെ ഒച്ച ചെറുതായൊന്ന്  മാറിയാൽ പോലും  എനിക്ക് മനസ്സിലാവും. 

"നിന്നെ ഇപ്പൊ തന്നെയങ്ങു  കെട്ടി കൊണ്ട് പോയാലോന്ന്  ചിന്തിക്കുവാരുന്നു ..." അജു വിഷയം മാറ്റി.  

"അതിന് ചിന്തിക്കുന്ന എന്തിനാ. അങ്ങ് കൊണ്ട് പോകരുതോ....ഞാനെപ്പോഴേ  റെഡിയാ."

"ആണോ?"

"ഹാ..."

"ഒരിക്കലും മാറില്ലല്ലോ ? "

"ഇല്ല. "

"സത്യമായിട്ടും മാറില്ലല്ലോ ? "

"ഇല്ലന്നേ. എന്താ  എന്തെങ്കിലും സംശയമുണ്ടോ. ഉണ്ടെങ്കിൽ ഇപ്പൊ വന്നൊന്ന് വിളിച്ചു നോക്ക്...."

"ഞാൻ വരും..."

"പിന്നെ...."

"സത്യായിട്ടും വരുമേ......"

"ഓ പിന്നേ.... "

"എന്നാ ദേ വരുന്നു. " ഫോൺ കട്ടായി കഴിഞ്ഞു. ഗൗരി ഫോണിലേക്ക്  ഉറ്റു നോക്കി. ഇങ്ങേരിത് എവിടെ പോയി എന്ന് ചിന്തിച്ചു   തിരിച്ചു വിളിച്ചു. ബെല്ലുണ്ട് പക്ഷെ എടുക്കുന്നില്ല. 

എങ്കിൽ പിന്നെ ഉറങ്ങിയേക്കാം എന്ന് കരുതി അവൾ പുതച്ചു  മൂടി. കൃത്യം പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ജനലിൽ മുട്ടു കേട്ടു. ഗൗരി കാതോർത്തു. അപ്പോൾ അതാ വീണ്ടും കേൾക്കുന്നു. 

അജുവേട്ടൻ എത്തിയോ? ഗൗരിയുടെ നെഞ്ചിലൊരു പൂത്തിരി കത്തി. പുതപ്പ് വലിച്ചു മാറ്റി ചാടിയെണീറ്റ്  ചെന്നു വാതിൽ തുറന്നു. മുന്നിൽ അജു! അവൾ വായ് പൊളിച്ചു. 

"ഇതെങ്ങനെ ? "

"Sss......."

മിണ്ടരുതെന്ന് അവൻ  ചുണ്ടിൽ വിരൽ ചേർത്തു. അനുസരണയോടെ  അവൾ പിന്നിലേക്ക് നീങ്ങി. അകത്തേക്ക് കയറി അജു വാതിലടച്ചു. 


ദിനങ്ങൾ കൊഴിയുന്തോറും രമ്യയുടെ കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തെക്കേപ്പാട്ട് പുരോഗമിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ കല്യാണ  ചിലവിന്  വേണ്ടുന്ന തുകയ്ക്ക് വടക്കേ 'തുണ്ട്' വിൽക്കാൻ തീരുമാനമായി. 

വസ്തു വിറ്റു പണം സംഘടിപ്പിക്കുന്നതിന്  കുറച്ചു സമയം വേണമെന്നും അത് കഴിഞ്ഞു വിവാഹതീയതി കുറിക്കാമെന്നും ബ്രോക്കർ വഴി വിജയൻ നായർ മിഥുനെ അറിയിച്ചു. 

പിറ്റേന്ന്  മിഥുൻ കാറിൽ തെക്കേപ്പാട്ടെത്തി. 

"ഞാൻ ചോദിച്ചത് പെൺകുട്ടിയെ മാത്രമാ. അല്ലാതെ ഇവിടുത്തെ പൊന്നോ പണമോ ഒരു തുണ്ട് ഭൂമിയോ എനിക്ക് വേണ്ട. കല്യാണം കഴിക്കുന്ന പെണ്ണിനെ അന്തസായി നോക്കാൻ എനിക്കൊരു ജോലിയുണ്ട്. അത് കൊണ്ട് അച്ഛനും അമ്മയും അതൊന്നുമോർത്ത്  ടെൻഷനടിക്കണ്ട. "

സന്തോഷം കൊണ്ട് മനം തുടിക്കുന്നുണ്ടെങ്കിലും പുറമെ കാട്ടാതെ വനജ പറഞ്ഞു. 

"എന്നാലും നാട്ടു നടപ്പനുസരിച്ചു കുറച്ചു പൊന്നെങ്കിലുമിട്ടു കൊച്ചിനെ ഇറക്കി നിർത്തണ്ടെ മോനേ.... "

"അതിന്  വേണ്ടി ഇവിടുത്തെ ഭൂമി വിൽക്കാൻ നിൽക്കണ്ട എന്നേ  ഞാനുദേശിച്ചുള്ളൂ. രമ്യയ്ക്ക്  കല്യാണാവശ്യത്തിനുള്ള  ആഭരണങ്ങളും ചിലവിനുള്ള പണവും ഞാനെത്തിക്കാം അത് പോരെ? "

അതൊരു കുറച്ചിലായാണ് വിജയൻ നായർക്ക് തോന്നിയത്.

"അത് മറ്റുള്ളവർ അറിഞ്ഞാൽ മോശമാ അത് വേണ്ട മോനേ...." മിഥുൻ മുന്നോട്ട് ആഞ്ഞിരുന്നു. 

"മറ്റുള്ളവർ അറിഞ്ഞാലല്ലേ.  ഞാൻ തനിച്ചു വന്നത്  തന്നെ അത് കൊണ്ടാണ്. ഇക്കാര്യം  നമ്മൾ മാത്രം അറിഞ്ഞാൽ മതി. ആരോടും പറയാൻ നിൽക്കണ്ട. എനിക്ക് കഷ്ടിച്ച്  ഒരു മാസം കൂടിയേ ലീവുള്ളൂ. അതിന് മുന്നേ ഈ കല്യാണം നടക്കണം. അത് കൊണ്ട് കൂടിയ ഞാനിതൊക്കെ പറയുന്നേ."

പിന്നേ വനജയും വിജയൻ നായരും മറുത്തൊന്നും പറഞ്ഞില്ല. മിഥുൻ  സന്തോഷത്തോടെ   ഇറങ്ങി. അവനെ  യാത്രയാക്കിയിട്ട്,  പിന്മുറ്റത്തിരുന്നു ചായ പാത്രവും ഗ്ലാസുകളും കഴുകുന്ന രമ്യയുടെ അടുത്തേക്ക് ആഹ്ലാദത്തോടെ വനജ ഓടിയെത്തി. 

"മോളേ ... ആ ചെറുക്കൻ പറഞ്ഞിട്ട് പോയത് വല്ലതും നീ കേട്ടാരുന്നോടി?"

കഴുകി പെറുക്കിയ പാത്രങ്ങളുമായി രമ്യ അടുക്കളയിലേക്ക് കയറി പോയി. അമ്മയ്ക്ക് മുഖം കൊടുക്കാതെ . 

( തുടരും )


 

ഭാഗം - 17

കല്യാണക്കുറി കിട്ടിയപ്പോൾ വനജ,  വിജയൻ നായരോട് പറഞ്ഞു. 

"വിജയേട്ടാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ആരൊക്കെ വേണമെങ്കിലും വന്നോട്ടെ. പക്ഷെ നിങ്ങളുടെ ഓപ്പോളോ,  അവരുടെ മോനോ ഇതിനകത്ത് കയറാൻ പാടില്ല. "


"അതെന്തു തോന്നിവാസമാടി നീയീ  പറയുന്നേ...?  "

"തോന്നിവാസമല്ല ഇതെന്റെയൊരു വാശിയാണെന്ന് കൂട്ടിക്കോ.... "

വിജയൻ നായരുടെ നിയന്ത്രണം വിട്ടു:

"വനജേ... നീ പറയുന്നതൊക്കെ കേൾക്കുന്നത് കൊണ്ട് ഞാൻ നിന്റെ അടിമയാണെന്ന്  വിചാരിക്കരുത്. എന്റെ ഓപ്പോള് കല്യാണത്തിന് വരുന്നത് കൊണ്ട് നിനക്കെന്താടി വേദന. നിന്റെ നെഞ്ചത്ത് ചവിട്ടിയാണോ അവരീ വീട്ടിൽ കയറുന്നേ.  ആണോ ? "

"നിങ്ങള് ഇത്ര പെട്ടന്ന് എല്ലാം മറന്നോ മനുഷ്യ..... "

അവർ കണ്ണ് മിഴിച്ചു. 

"ചോദിക്കുന്ന കേട്ടില്ലേ എന്ത്  ചെയ്തെന്ന്.  അവന്റെ വായിലിരിക്കുന്ന മൊത്തം കേട്ട്  കരഞ്ഞു കൊണ്ടു ആ വീടിന്റെ  പടിയിറങ്ങിയതും  കറിവേപ്പില പോലെ നമ്മുടെ കൊച്ചിനെ വലിച്ചെറിഞ്ഞതുമൊന്നും  നിങ്ങൾക്ക് ഓർമയില്ല അല്ലേ.  എങ്ങനെ ഇതൊക്കെ നിങ്ങൾക്ക്   മറക്കാൻ പറ്റുന്നു. "

"ചിന്നുവിനെ കുട്ടൻ  വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും അവൻ പറഞ്ഞിട്ടുണ്ട്. അത് നീ കേട്ടില്ലേ ? "

"അവനാ പറഞ്ഞത് നിങ്ങളങ്ങ്  കണ്ണടച്ച് വിശ്വസിച്ചോ. കൊള്ളാം നന്നായിട്ടുണ്ട്. "

"വേറെന്തെങ്കിലും കാരണം കൊണ്ടാണെങ്കിൽ തന്നെ ഓപ്പോളെന്തു പിഴച്ചു. ആ ഉള്ളു നീറുന്നത് എനിക്കറിയാം. നിനക്കതു കാണാൻ പറ്റില്ല. കാരണം നിന്റെ കണ്ണിൽ തിമിരം ബാധിച്ചിരിക്കയാ. ശത്രുതയുടെ തിമിരം. "

"അതെ.  ആ അമ്മയും മോനും എന്റെ ശത്രുക്കളാ. . എനിക്ക് ജീവനുള്ളിടത്തോളം കാലം ആ വീടുമായി ഒരു ബന്ധവുമില്ല. അവരിവിടെ വരുന്നത് എനിക്കിഷ്ടവുമല്ല."

"ഇവിടെ ആരൊക്കെ വരണമെന്ന് തീരുമാനിക്കുന്നത് നീയല്ല. ഞാനാ. ചിന്നുവിന്റെ   കല്യാണത്തിന് അവരിവിടെ വരികയും ചെയ്യും എല്ലാറ്റിനും മുൻപന്തിയിൽ നിർത്തുകയും ചെയ്യും. നിനക്ക് സൗകര്യമുണ്ടെങ്കിൽ കൂടിയാൽ മതി. ഇല്ലെങ്കിൽ ഇറങ്ങി പൊയ്ക്കോണം  എങ്ങോട്ടെങ്കിലും..... "

വനജ അരിശത്തോടെ  ചാടിയെണീറ്റു :

"ആരെ വേണേലും നിങ്ങള്  വിളിച്ചു കയറ്റിക്കോ . ആ ചെറുക്കനെ കൂടി കൊണ്ടു വന്നു പെണ്ണിന്റെ മുന്നിൽ പ്രതിഷ്ഠിക്ക്. അവസാനം അവനെ കണ്ടിട്ട് പെണ്ണ് വീണ്ടും കൊണം തിരിഞ്ഞു നിന്നാൽ പിന്നെ  വനജേ കിനജേന്ന്  വിളിച്ചോണ്ട്  എന്റടുത്തോട്ട്  വന്നേക്കരുത്."

അവർ  മുഖം വെട്ടിതിരിച്ചു അകത്തേയ്ക്ക് കയറി പോയി. 

കല്യാണത്തിന് ക്ഷണിക്കാൻ വടക്കേപ്പാട്ടേക്ക് വിജയൻ നായർ ഒറ്റയ്ക്കാണ്  പോയത്. എത്ര നിർബന്ധിച്ചിട്ടും കൂടെ ചെല്ലാൻ വനജ കൂട്ടാക്കിയില്ല. 

"അവരെ ഇങ്ങോട്ട് കെട്ടി എടുക്കാഞ്ഞിട്ട്  എനിക്ക് യാതൊരു സമാധാനകേടുമില്ല.  നിങ്ങൾക്കല്ലേ ഉറക്കം വരാത്തത്. തനിയെ പോയങ്ങ് ക്ഷണിച്ചോണ്ടേച്ചാൽ  മതി. ഒരു പുന്നാര ആങ്ങളയും പെങ്ങളും. എന്നാൽ അങ്ങോട്ട് കാണിക്കുന്നതിന്റെ പാതി സ്നേഹമെങ്കിലും തിരിച്ചിങ്ങോട്ടുണ്ടോ. അതില്ല. "

വിജയൻ നായർക്ക് മറുപടിയില്ല. 

അപ്പോൾ അവർക്ക് മുന്നിലൂടെ കുളിക്കാനുള്ള തുണിയുമായി രമ്യ പിന്മുറ്റത്തേയ്ക്ക് ഇറങ്ങി പോയി. ഇരുവരും സംസാരിക്കുന്നത് എന്താണെന്ന് പോലും കേൾക്കാൻ നിൽക്കാതെ അവൾ പോകുന്നത് കണ്ടു വിജയൻ നായർ വനജയെ കൂർപ്പിച്ച്   ഒന്ന് നോക്കി.  പിന്നെ പുറത്തേക്കിറങ്ങി പോയി. 

വടക്കേപ്പാട്ട് നിന്നും വന്നതിനു ശേഷം രമ്യയുടെ   പെരുമാറ്റത്തിൽ ആകെയൊരു മാറ്റം വനജ ശ്രദ്ധിച്ചിരുന്നു. ആരോടും അധികം മിണ്ടാട്ടമില്ല. എന്തെങ്കിലും ചോദിച്ചാൽ ഒറ്റ വാക്കിലോ ഒരു മൂളലിലോ മറുപടി ഒതുക്കും. 

വനജയ്ക്ക് എന്തോ  ഒരു പന്തികേട്  മണത്തു തുടങ്ങിയിരുന്നു. അവർ  അടുക്കള വാതിൽക്കലേക്ക് ചെന്നു. രമ്യ വരാന്തയിൽ നിന്ന്  മുടിയിൽ എണ്ണ തേക്കുന്നു.  അതും യാന്ത്രികമായി. 

"എന്താടി? "

മുടി ചുറ്റി കെട്ടി വച്ചു കൊണ്ട് അവൾ നോക്കി. 

"എന്ത് ? "

"നിന്റെ ഉള്ളിലെന്താണെന്നാ ചോദിച്ചേ? "

അര പ്ളേസിന്റെ മുകളിൽ വച്ചിരുന്ന തുണികൾ എടുക്കുന്നതിനിടയിൽ അവൾ മറുപടി പറഞ്ഞു.  

"ചത്തു പോയ ഒരാളുടെ ഉള്ളിലെന്താണെന്ന് ഞാൻ പറഞ്ഞു തരണോ? "

കുളിമുറിയിലേക്ക്  നടന്നു പോകുന്ന മകളെ ഒന്നും മനസിലാവാതെ  താടിക്ക് കൈ കൊടുത്തു വനജ നോക്കി നിന്നു. 


"പ്രണയ സൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം..... 
ഹൃദയ സങ്കീർത്തനങ്ങൾ ശ്രുതി പകർന്ന കാലം.... 
അറിയാതെ നിന്നെ അറിയുമ്പോൾ 
അനുരാഗമെന്നുമൊഴിയുമ്പോൾ 
അകലങ്ങൾ പോലും  അരികേ....."

അജു  പാടി നിർത്തിയപ്പോൾ കാതിൽ ഗൗരിയുടെ ഒച്ച കേട്ടു. 

"ശ്ശോ നിർത്തിയോ. ഒന്ന് സുഖിച്ചു വരുവായിരുന്നു...."

"കൂടുതൽ സുഖിച്ചാലെ കുഴപ്പമാ.... ഇന്നിത്രയും മതി. "

"ഉറങ്ങാൻ പോകുവാണോ ? "

"നമ്മളിങ്ങനെ ചളി അടിച്ചിരിക്കുമ്പോൾ ടൈം പോകുന്നത് പോലും അറിയുന്നില്ലടോ. എത്ര ദിവസമായി നന്നായിട്ടൊന്ന് ഉറങ്ങിയിട്ട്   ഓഫീസിൽ പോയിരുന്നു ഉറക്കം തൂങ്ങുവാന്നേ...."

"എങ്കിൽ പൊയ്ക്കോ..." ഗൗരിയുടെ പിണങ്ങിയ സ്വരം. 

"കാര്യായിട്ടാ? "

"ആ. "

"അങ്ങനിപ്പോ പോണില്ല. "

"എനിക്കറിയാലോ ചെറുക്കൻ പോവില്ലന്ന്." അവൾ കുണുങ്ങി ചിരിക്കുന്നു. 

"നീ എന്നെയൊരു അദ്രശ്യ ചങ്ങല കൊണ്ട്   ബന്ധിച്ചിരിക്കുവല്ലേ ? "

"പൊട്ടിച്ചോടാൻ തോന്നുന്നുണ്ടോ?  "

അവൾ കുസൃതിയോടെ ചോദിച്ചു. 

"നിന്നെയും എടുത്തോണ്ടോടാൻ തോന്നുന്നുണ്ട്." അത് കേട്ട്  ഗൗരിയ്ക്ക്  ചിരി പൊട്ടി.  

" പതുക്കെ ചിരിക്കടോ . തന്റെ അമ്മ  കേൾക്കും. " അജു ഓർമിപ്പിച്ചു. 

" ഓ  അമ്മ കട്ടില് കണ്ടാൽ അപ്പോ തന്നെ  ഉറങ്ങും."

" പാവം..... ആന്റിയെങ്കിലും സുഖമായി ഉറങ്ങിക്കോട്ടെ....ഇടിയൻ തമ്പി ഈ ആഴ്ച വരോ?  "

" വരുമായിരിക്കും...ഇടിയൻ ചുടുകട്ടയ്ക്ക് ഇടിയും  കൊണ്ട് പോയതല്ലേ...." ഗൗരി രസിച്ചു ചിരിക്കുന്നു. 

"അക്കാര്യമെന്താ  തമ്പി ആന്റിയോട്  പറയാഞ്ഞേ? "

"നാണക്കേടല്ലേ.... അമ്മയുടെ മുന്നിൽ ഭയങ്കര ഹീറോ ചമഞ്ഞല്ലേ നടക്കുന്നെ. അപ്പോൾ പിന്നെ ഇങ്ങോട്ട് വാങ്ങിച്ചു കെട്ടുന്ന  കാര്യം പറയോ ? "

" പുള്ളിക്കാരൻ ഒരു കോമഡിയായിട്ട്  വന്നിട്ടുണ്ട് ഇപ്പോൾ....  ശരിക്കും ഈ തമ്പിയെങ്ങനെയാ  നിങ്ങളുടെ ലൈഫിലേക്ക്  വന്നേ  ? " 

"ഒരിക്കൽ അയാൾക്ക് എന്തോ ഒരു ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റായ സമയം. അമ്മയായിരുന്നു കൂടുതലും  അയാളുടെ കാര്യങ്ങളൊക്കെ   നോക്കിയിരുന്നത്. അങ്ങനെ പരിചയപ്പെട്ടതാ. പിന്നീട് ആ ബന്ധം വളർന്നു കല്യാണം വരെ എത്തി. അമ്മയെ കുറ്റം പറയാൻ ഒക്കില്ല.... അന്നത്തെ സിറ്റുവേഷൻ അങ്ങനെ ആയിരുന്നു. 

അച്ഛൻ മരിച്ചു.  ബന്ധുക്കൾ ആരും കൂട്ടിനില്ലാതെ ഒരു  പെൺകുഞ്ഞുമായി  സുന്ദരിയായൊരു സ്ത്രീ തനിച്ചു താമസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട്. അത് അനുഭവിച്ചാലെ മനസിലാവൂ.  അമ്മ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. 

ആദ്യമൊന്നും  അയാളുടെ കാരക്റ്റർ ഇങ്ങനൊന്നുമായിരുന്നില്ല. എന്നെയും അമ്മയേയും ഒരുപാട് ഇഷ്ടമായിരുന്നു. അന്നയാൾ  ഇവിടെ അടുത്ത സ്റ്റേഷനിലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഫുൾ ടൈം ഞങ്ങളുടെ ഒപ്പം തന്നെ കാണും .  മിക്ക ദിവസങ്ങളിലും കറങ്ങാൻ കൊണ്ട് പോകും . പുറത്തുന്ന് ഭക്ഷണം കഴിക്കും.  സിനിമ കാണും..... ഇപ്പോൾ പിന്നെ....."

ഗൗരി ഇടയ്ക്ക് നിർത്തി.  പിന്നെ തുടർന്നു.

"എന്റെ ചില കൂട്ടുകാരികളൊക്കെ  വീട്ടുകാരുമായി ഓരോ ട്രിപ്പൊക്കെ അടിച്ചു പൊളിച്ചു   വന്നിട്ട്   അവരുടെ  എക്സ്പീരിയൻസ് പറയുമ്പോൾ കൊതി വരും..... ഇനിയെന്റെ ആഗ്രഹങ്ങളൊക്കെ നടക്കണമെങ്കിൽ  ചെറുക്കൻ എന്നെ കെട്ടണം.... അതിനി എത്ര കാലം കാത്തിരിക്കണമെന്ന് ദൈവത്തിന് മാത്രം അറിയാം... "

അജു ഒന്നും മിണ്ടിയില്ല. 

"മം... എന്തേ  മിണ്ടാട്ടം മുട്ടിയോ? "

ഒരു നിമിഷം  ചിന്തിച്ചിട്ട് അജു ചോദിച്ചു. 

"നമുക്കൊരു one day ട്രിപ്പ് പ്ലാൻ ചെയ്താലോ? " ഗൗരി  വിസ്മയപ്പെട്ടു . 

"ഈശ്വരാ ഞാനിപ്പോ മനസ്സിൽ വിചാരിച്ചേ ഉള്ളൂ...."

" നീ മനസിൽ ചിന്തിച്ചാൽ  ഞാനത് ആകാശത്ത് കാണും...."

അവൾ  ഉദ്വേഗത്തോടെ  ആരാഞ്ഞു. 

" നമ്മളെന്നാ പോവാ ? "

" നിന്റെ ഒരു ദിവസത്തെ ക്ലാസ്സ് കട്ട് ചെയ്യേണ്ടി വരും. കുഴപ്പമില്ലല്ലോ... "

" അതൊന്നും സാരമില്ല. "

" തന്റെ  അമ്മ വരും മുന്നേ തിരിച്ചെത്തണ്ടേ? "

" അത് വേണം "

" എങ്കിൽ ശ്രീയുടെ ബൈക്ക് ഒരു ദിവസത്തേയ്ക്ക് മേടിക്കാം "

" തരോ ? "

" തന്നില്ലെങ്കിൽ നമ്മൾ റെന്റിനെടുക്കും. എന്തായാലും എന്റെ കൊച്ച്  ആഗ്രഹിച്ചതല്ലേ  . ഇനി പുറകോട്ടില്ല." 

ഗൗരി ആവേശത്തിലായി കഴിഞ്ഞു. 

" എവിടേക്കാ പോവാ ? "

" അത് നീ തീരുമാനിക്ക്. രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുന്ന ഏതെങ്കിലും പ്ലേസ്. "

" കോളേജിലെ ചില lovers ഒക്കെ ഇടയ്ക്ക് പോകാറുള്ള  ഒരു പ്ലേസുണ്ട്. പൂവാർ ഐലൻഡ്..."

" അതെവിടെയാ? "

" ഞാൻ പോയിട്ടില്ല. പക്ഷെ പിള്ളേര്  പറയുന്ന കേട്ടിട്ട് കൊതി തോന്നീട്ടുണ്ട്. അവിടുത്തെ ഒരു സ്പെഷ്യലിറ്റി എന്ന് പറയുന്നത് ബോട്ടിംഗാണ്. "

" അപ്പോൾ ഫിക്സ്. Poovar island ! "

അജു ഉറപ്പിച്ചു. 


വിജയൻ നായർ വടക്കേപ്പാട്ട് ചെല്ലുമ്പോൾ മാളുവമ്മ മുറ്റത്തു തന്നെ ഉണ്ടായിരുന്നു. അടമാങ്ങ മുറ്റത്തെ വെയിലിൽ നിരത്തിയിടുന്ന ജോലി നിർത്തി  അവർ സന്തോഷത്തോടെ എണീറ്റു. അന്ന് വഴക്കിട്ടു പോയിട്ട് വിജയൻനായരുടെ ആദ്യത്തെ വരവാണ്. 

" കേറി ഇരിക്കടാ...."

അയാളെ ക്ഷണിച്ചിട്ട്  അവർ അടുക്കളയിലേക്ക് പോയി. ഉമ്മറത്തെ കസേരയിൽ ഇരിക്കുമ്പോൾ അയാൾക്ക് ഒരു അപരിചിതത്വം അനുഭവപ്പെട്ടു.  കുട്ടന്റെ പെണ്ണായി ചിന്നു കയറി വരേണ്ടുന്ന വീട്.  അവളെ അടുത്തറിയുന്ന ഓപ്പോളുടെ കൂടെ ചിന്നു  എന്നും സുരക്ഷിതയായിരിക്കുമെന്ന് കരുതി. എല്ലാം വെറും വ്യാമോഹം മാത്രമായി അവസാനിച്ചു. വനജ കുട്ടനെ ബദ്ധശത്രുവായ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അവളെ തിരുത്താനും പാടാണ്.  

തന്റെ നയം കുട്ടനും വ്യക്തമാക്കി കഴിഞ്ഞു. എത്ര ചിന്തിച്ചിട്ടും  ആരുടെ പക്ഷത്ത് നിൽക്കണമെന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം ഇതുവരെ കിട്ടിയില്ല . ആരൊക്കെ വഴക്കിട്ടാലും ശത്രുക്കളായാലും തനിക്ക് ഒപ്പോളോട് പിണങ്ങാൻ കഴിയില്ല. അതിന് താൻ മരിക്കണം. 

മാളുവമ്മ ഒരു ഗ്ലാസ്  ചായയുമായി ഇറങ്ങി വന്നു. 

ഗ്ലാസ് അയാളുടെ മുന്നിലെ ടീപ്പോയിൽ വച്ചിട്ട്  അവർ  അരപ്ളേസിലേക്കിരുന്നു  വിശേഷങ്ങൾ ചോദിച്ചു. അയാൾ കല്യാണകുറി അവരുടെ കയ്യിൽ കൊടുക്കാതെ ടീപ്പോയ്ക്ക് മുകളിൽ  വച്ചു. അത് വായിച്ചു മാളുവമ്മയുടെ കണ്ണ് നിറഞ്ഞു. ചുണ്ടുകൾ വിതുമ്പി. 

"എന്റെ കുഞ്ഞിന്റെ  കല്യാണമായി അല്ലേ വിജയാ... "

അതിലൊരു പരാതിയോ പരിഭവമോ ഒക്കെ നിറഞ്ഞു നിന്നിരുന്നു. അയാൾ അവരുടെ മുഖത്തേയ്ക്ക് നോക്കിയില്ല. 

"ചെറുക്കന് ലീവില്ല . അത് കൊണ്ട്  തീരുമാനങ്ങളൊക്കെ  പെട്ടന്നായിരുന്നു. നിശ്ചയം പോലും വേണ്ടന്ന് വച്ചത് അത് കൊണ്ടാ...."

"എവിടെ ആയിരുന്നാലും  ന്റെ കുട്ടിക്ക് നല്ലതേ  വരു...അത്ര പാവമാ അത്. " നേര്യേതിന്റെ തുമ്പുയർത്തി അവർ കണ്ണീർ  ഒപ്പി.

"വനജയ്ക്ക് എന്നോടുള്ള വെറുപ്പ് മാറിയിട്ടുണ്ടാവില്ല...  " അവർ സ്വയമെന്നോണം പറഞ്ഞു. 

"അവള്ടെ സ്വഭാവം ഓപ്പോൾക്കറിയാലോ. രണ്ടു തുണ്ടാക്കിയിട്ടാലും വാശി മാറില്ല. അങ്ങനൊരു ജന്മാ. അവളെ ഓപ്പോള് നോക്കണ്ട. കല്യാണത്തിന് വരണം. എന്റെ മോളെ അനുഗ്രഹിക്കണം."

"വനജയോ  നീയോ വിളിച്ചില്ലെങ്കിലും ഞാൻ വരും. അവളെന്റെ കുഞ്ഞല്ലേടാ. ഞാൻ ഓരോ നിമിഷവും പ്രാർത്ഥിക്കുന്നത് അവൾക്കു വേണ്ടീട്ടാ. അവളുടെ കല്യാണം മംഗളമായി നടക്കാൻ വേണ്ടീട്ട്. അപ്പോ ഞാൻ വരാണ്ടിരിക്കോ... "

ചായ കുടിച്ചിട്ട് വിജയൻ നായർ എണീറ്റു :

"ഒപ്പോളോട് ഒരു കാര്യം കൂടി പറയാനുണ്ട്. കുട്ടനോട് പറയണം ചിന്നുനോട് ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഈ കല്യാണത്തിന് വരരുതെന്ന്."

മാളുവമ്മ അമ്പരന്നു :

"കുട്ടനീ കല്യാണം വേണ്ടെന്നു വച്ചത്  അവളോടുള്ള വിരോധം കൊണ്ടല്ലെന്ന് നിനക്ക് അറിയരുതോ വിജയാ.....അവന്റെ അനിയത്തികുട്ടീടെ കല്യാണത്തിന് കൂടാൻ പാടില്ലെന്ന് ഞാനെങ്ങനെ അവനോട് പറയും ? "

മാളുവമ്മയുടെ കണ്ഠം ഇടറി. 

"വാശിയോ വൈരാഗ്യമോ ഒന്നും കൊണ്ടല്ല ഓപ്പോളേ. ഒരു വിധമാ എന്റെ കൊച്ചു കല്യാണത്തിന് സമ്മതിച്ചേക്കുന്നേ. അതിന്റെ വീർപ്പുമുട്ടൽ എനിക്കറിയാം. ഇനി കുട്ടനെയെങ്ങാനും മുന്നിൽ കണ്ടാൽ അത് മനസ് തകർന്നു എന്തെങ്കിലും ചെയ്യും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. എന്റെ നെഞ്ചിൽ ഒരു കനലെരിയുവാ ഓപ്പോളേ. അവളുടെ കഴുത്തിൽ താലി വീണാലെ അതണയൂ....."

പറഞ്ഞു നിർത്തി അയാൾ ഇറങ്ങി. 


വെള്ളിയാഴ്ച രാവിലെ  10 മണി കഴിഞ്ഞാണ്   അജുവും ഗൗരിയും പൂവാർ ഐലന്റിലേക്ക് പോയത്. ശ്രീജിത്തിനെ  ഓഫീസിലിറക്കി  തുടർന്ന് കോളേജ് ജക്ഷനിൽ നിന്നും അജു ഗൗരിയെ കൂടെ കൂട്ടുകയായിരുന്നു.  

ശ്രീജിത്ത്   എന്തെങ്കിലും  പറഞ്ഞോയെന്ന് പോകുന്ന വഴിയ്ക്ക് ഗൗരി അന്വേഷിച്ചു.  

ശ്രീ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. 

"നിങ്ങൾ രണ്ടു പേരും  തീരുമാനിച്ചു കഴിഞ്ഞു. ഞാൻ തടഞാലും ഏതെങ്കിലും വഴി നിങ്ങൾ പോയിരിക്കും.  പിന്നേ ഞാനിനിയെന്ത്  പറയാനാ. എന്തായാലും സൂക്ഷിച്ചു പോയിട്ട് വാ.  ലേറ്റ് ആവുമെങ്കിൽ ബൈക്ക് നീ നിന്റെ വീട്ടിൽ തന്നെ  വച്ചിരുന്നാൽ മതി. ഞാൻ രാവിലെ  അങ്ങോട്ട് വന്നോളാം. "

"ലേറ്റാവില്ലടാ. അവളുടെ അമ്മ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തും  മുന്നേ തിരിച്ചു വരും. "

ശ്രീ പിന്നെ മറുത്തൊന്നും പറഞ്ഞില്ല. അജുവിന്റെ വയറിലൂടെ കൈ ചുറ്റി അവന്റെ മുതുകിലേക്ക് മുഖം ചേർത്ത് ഗൗരി  ആ യാത്രയുടെ സുഖം  ആസ്വദിച്ചു. ഒടുവിൽ പൂവാറിൽ എത്തിയപ്പോൾ  റോഡ് സൈഡിലെ  ഒരു റെസ്റ്റോറന്റിൽ കയറി  അവർ ഫുഡ് കഴിച്ചു. നെയ്യാറും അറബികടലും സംഗമിക്കുന്ന മനോഹരമായ  സ്ഥലം. അതായിരുന്നു പൂവാർ. 

ഒരു ബോട്ട് ജെട്ടിയുടെ  വലിയ മെയിൻ ഗേറ്റ് കടന്നു അജു ബൈക്ക്  ഉള്ളിലേക്ക് ഓടിച്ചു കയറ്റി. വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന ഭാഗത്ത്  വണ്ടി ഒതുക്കി  ഹെൽമെറ്റ് ഊരി ഹാൻഡിലിൽ തൂക്കി ഇറങ്ങി. കല്ലുകൾ പാകിയ നടപ്പാതയിലൂടെ ഇരുവരും  ബോട്ടുകൾ  കിടക്കുന്ന  ഭാഗത്തേയ്ക്ക് പോയി. ആളുകൾ ബോട്ടുകളിൽ  കയറാൻ തയ്യാറെടുക്കുന്നു. 

ഒരു ബോട്ടിൽ ആറു സീറ്റുകൾ വീതം. അച്ഛനും അമ്മയും രണ്ടു ചെറിയ  മക്കളും അടങ്ങിയ ഒരു ഫാമിലിയ്ക്കൊപ്പം അജുവും ഗൗരിയും കയറി. പച്ചയും തവിട്ടും നിറങ്ങൾ ഇടകലർന്ന  കായൽ പരപ്പിലൂടെ  കുഞ്ഞോളങ്ങളെ തഴുകി ബോട്ട് പതിയെ മുന്നോട്ട് നീങ്ങി. കണ്ണുകൾ വിടർത്തി ഗൗരി വിശാലമായ കായലിലേക്ക്   നോക്കി. അങ്ങനൊരു യാത്ര അവൾക്ക്  പുത്തനായിരുന്നു. ആഹ്ലാദം  അടക്കാനാവാതെ അവൾ അജുവിന്റ കയ്യിൽ ഇറുകെ പിടിച്ചു. 

നൊന്തെങ്കിലും അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവനത് പ്രകടമാക്കിയില്ല.   മുന്നിലായി  ഒരു പാലം കാണാമായിരുന്നു. മുകളിലൂടെ വാഹനങ്ങൾ പായുന്നു. പാലത്തിന്റെ ചുവട്ടിൽ ചെറിയ ചെറിയ  ഫ്ളോട്ടിങ് റസ്റ്റോറന്റുകളും  അതിന് സമീപം കുറേ ബോട്ടുകളും  ആളുകളെ കാത്തു കിടക്കുന്നുണ്ട്. 

വീതിയേറിയ ജലപരപ്പിൽ നിന്നും ബോട്ട് ഒരു ചെറിയ തുരുത്തിലേക്ക് കടന്നു. അതിന്റെ  ഇരുവശത്തും കണ്ടൽ കാടുകളും  കൈതകളും  മരങ്ങളും  നിറഞ്ഞു നിന്നിരുന്നു. നല്ല തണുത്ത ഇരുണ്ട  അന്തരീക്ഷം. 

വെള്ള കൊക്കുകളും മറ്റു പേരറിയാത്ത പലയിനം    പക്ഷികളും അങ്ങിങ്ങ് പറക്കുന്നു. മറ്റൊരു ലോകത്തിലേയ്ക്ക് കടന്നത് പോലെ ഗൗരിയ്ക്കും അജുവിനും തോന്നി. വെറുതെയല്ല കോളേജിലേ ലവേർസ്  ഇവിടെയ്ക്ക് വരുന്നതെന്ന് ഗൗരി ഓർത്തു. പ്രണയത്തെ ഇവിടുത്തെ പ്രകൃതി  അതിന്റെ നൂറിരട്ടിയാക്കും. അവളുടെ വിരലുകൾ അജുവിന്റെ കയ്യിൽ പ്രേമപൂർവം പരതി പിടിച്ചു. അവനും ആസ്വദിക്കുകയായിരുന്നു തന്റെ പ്രിയപ്പെട്ടവളുമൊത്തുള്ള ആ  സുന്ദര നിമിഷങ്ങൾ. 

അവളെ ഒന്ന് ചേർത്ത് പിടിക്കാൻ അവന്റെ ഉള്ളം കൊതിച്ചു. പക്ഷെ പരിസരം അനുകൂലമല്ലാത്തതിനാൽ  സ്വയം നിയന്ത്രിച്ചു. അതിന്റെ ഒരു ദീർഘനിശ്വാസം അവനിൽ നിന്ന് പുറത്തു വന്നു. അതിന്റെ അർത്ഥം  മനസിലായത് പോലെ അവൾ അവനെ നോക്കി  ചുണ്ട് കൂർപ്പിച്ചു  ചിരിച്ചു. 

അവന്റെ മുഖത്തെ ഭാവം കണ്ടു അവൾക്ക് ചിരി പൊട്ടി. പെട്ടന്ന്  മുഖം കായലിലേക്ക് തിരിച്ച് ചുണ്ട് കൂട്ടി  പിടിച്ച് അവൾ  ചിരി അടക്കി.  കുറച്ചു ദൂരം പിന്നിട്ടപ്പോൾ വീതി കുറഞ്ഞ തുരുത്തിൽ  നിന്നും വിശാലമായ കായലിലേക്ക്  ബോട്ട്  കടന്നു. ഒരു വഞ്ചി നിറയെ കരിക്കുമായി ഒരു കച്ചവടക്കാരൻ   നിൽക്കുന്നത്  കണ്ടു. കുട്ടികൾ അത് കണ്ടു  ഒച്ചയിടാൻ തുടങ്ങി.

ഗൗരിയ്ക്കും അജുവിനും അത്  കാണെ  രസം പിടിച്ചു. ഡ്രൈവർ  ബോട്ട്  വഞ്ചിയോട് അടുപ്പിച്ചു നിർത്തി. രണ്ടു കരിക്ക് അജുവും വാങ്ങി. വീണ്ടും ബോട്ട് മുന്നോട്ട്.  ഒരു മണിക്കൂറോളം പിന്നിട്ടപ്പോൾ കായലും കടലും തമ്മിൽ ചേരുന്ന പൊഴിയിലേക്ക് ബോട്ടടുത്തു. 

ഇടതു ഭാഗത്തായി ഒരു ഫ്ളോട്ടിങ് റെസ്റ്റോറന്റ് കാണായ്. പൊഴിയുടെ  ഓരത്തായി ബോട്ട് അടുപ്പിച്ചു നിർത്തി. കടലും കായലും വേർതിരിക്കുന്ന മണൽ തിട്ടയിലേക്ക് എല്ലാവരും ഇറങ്ങി. അവിടെ നല്ല തിരക്കായിരുന്നു. ഒരു വശത്ത്  കച്ചവടക്കാർ. ഒട്ടകപുറത്തു കയറാൻ ആളുകൾ മത്സരിക്കുന്നു. ചിലർ കുതിരപുറത്തു പായുന്നു. ഒരു കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഗൗരി ഉപ്പിലിട്ട നെല്ലിക്ക വാങ്ങി.  അതിന്റെ പൈസ കൊടുത്തു അജു അവൾക്കൊപ്പം കടൽ തീരത്തേക്ക് ഇറങ്ങി. 

ആളുകൾ തിരകളിൽ കളിക്കുന്നു. കുട്ടികൾ  ചിരിച്ചു കൊണ്ട് അങ്ങിങ്ങായി ഓടി കളിക്കുന്നു ആകെ ബഹളം. അജുവിനെ കെട്ടിപിടിച്ചു നിന്ന് ഗൗരി കുറച്ചധികം ഫോട്ടോകൾ എടുത്തു. ഡ്രസ്സ് നനയാതെ കുറച്ചു സമയം ഇരുവരും  തിരകളിൽ കാൽ നനച്ചു. തുടർന്ന്  എല്ലാവരും ബോട്ടിൽ കയറി. വീണ്ടും  ബോട്ട് മുന്നോട്ട്. 

കടലും കായലും തമ്മിൽ ഒന്ന് ചേരുന്ന   ഭാഗത്തേ കുറിച്ച് ഡ്രൈവർ വിശദീകരിക്കുന്നുണ്ടായിരുന്നു. ആനയുടെ ആകൃതിയിൽ ഒരു  വലിയ പാറയെ ചൂണ്ടി  'എലിഫന്റ് റോക്ക് ' എന്നാണ് അതിന്റെ  പേരെന്ന്  ഡ്രൈവർ പറഞ്ഞു.  മുന്നിലായി  ഒരു വശത്തു കുറച്ചധികം റിസോർട്ടുകൾ  വരിയായ് പണിതിട്ടിരിക്കുന്നത്  കണ്ടു അജു ഗൗരി കേൾക്കാൻ പാകത്തിന്  പറഞ്ഞു. 

"ഇവിടെ കപ്പിൾസ്  കോട്ടേജൊക്കെയുണ്ട് കേട്ടോ...." ഗൗരി കുസൃതിയോടെ നോക്കി. 

"എന്തേ സ്റ്റേ  ചെയ്യുന്നോ? "

"നമുക്ക്  ഒരുമിച്ചു വരാനുള്ള ലൈസൻസ് കിട്ടിക്കോട്ടേ ഒരു ദിവസം വന്നു  സ്റ്റേ ചെയ്യാം. " അവൻ കണ്ണിറുക്കി പറഞ്ഞു. 

" യ്യടാ..." അവൾ കുറുമ്പൊടെ അവന്റെ മൂക്കിൽ പിടിച്ചു തിരുമി. അതിന് മുന്നിലായി ഒരു  വലിയ പാറയ്ക്ക് മുകളിൽ ഒരു കുരിശ് പള്ളി കാണായി. അതിനോട് ചേർന്ന് ഒരു പാർക്കും ഉണ്ടായിരുന്നു. അതിന്റെയൊക്കെ ഹിസ്റ്ററി ഡ്രൈവർ വിശദമായി പറഞ്ഞു. മൊത്തം ചുറ്റി കറങ്ങി  ബോട്ട്  തിരികെ ജെട്ടിയിൽ എത്തിയപ്പോൾ രണ്ടര  മണിക്കൂറെടുത്തു. പിന്നെ തിരികെ വീട്ടിലേക്കു  മടക്കം. 

"എത്ര റൊമാന്റിക് ആയിട്ടുള്ള പ്ലേസ്.....മിസ്സാക്കിയിരുന്നേൽ   വലിയ നഷ്ടം ആയിപ്പോയേനെ.... " ബൈക്ക് പായിക്കുമ്പോൾ അജു പറഞ്ഞു. 

" സത്യം...." അവന്റെ തോളിലേക്ക് താടി ചേർത്ത് വച്ച് അവൾ മൊഴിഞ്ഞു. 

" ഇനിയുമുണ്ടോ  കരളേ ഇത് പോലെയുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങൾ....? " അവൻ ഒരു പ്രത്യേക ഫീലോടെ  കളിയായി ചോദിച്ചു. 

" ഇഷ്ടം പോലെയുണ്ട് പൊന്നേ...." അതേ ഫീലോടെ അവളും തിരിച്ചടിച്ചു. 

ഇരുവരും പൊട്ടിച്ചിരിച്ചു. ഒരു കാറിനെ ഓവർടേക്ക് ചെയ്തു അവൻ മുന്നിലേക്ക്  കയറി. 

"നിന്റമ്മ വരും മുന്നേ വീട്ടിൽ എത്തണ്ടേ.  സമയം എന്തായി?" ഗൗരി വാച്ചിൽ നോക്കി. 

" നാല് മണി. "

" ഒരു അഞ്ചരയ്ക്ക് വീട്ടിൽ എത്തിയാൽ പോരെ? "

" മതി. "

" എങ്കിൽ നമുക്കൊരു ചായ കുടിച്ചിട്ട് പോയാലോ." 

ഗൗരിയ്ക്ക് സമ്മതം ഒരു ടീ ഷോപ്പിന്റെ മുന്നിൽ ബൈക്കൊതുക്കി  ഇരുവരും ഇറങ്ങി. ഹെൽമെറ്റ് ഊരി മുടി കോതി  വച്ചു കൊണ്ട് അജുവാണ് ആദ്യം അകത്തേക്ക് കയറിയത്. പിന്നാലെ ഗൗരിയും. 

ഇരുവരെയും ഒരു പോലെ നടുക്കുന്ന  ഒരു കാഴ്ച  ഉള്ളിൽ അവരെ കാത്തിരിപ്പുണ്ടായിരുന്നു. ഒരു കോർണറിലായി തമ്പിയിരുന്നു ചായ കുടിക്കുന്നു. മുന്നിലേക്ക്  എത്തിയിട്ടാണ്  അവരയാളെ ശ്രദ്ധിക്കുന്നത്. പക്ഷെ അപ്പോഴേക്കും  ഇരുവരെയും അയാൾ കണ്ടു കഴിഞ്ഞു. അയാളുടെ സ്വതവേ ഉരുണ്ട കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു. 

"എന്താ ചേട്ടാ വേണ്ടേ? "

സപ്ലൈയർ  പയ്യൻ അടുത്തേക്ക് വന്നു  അജുവിനോട് ചോദിക്കുന്നു. 

മറുപടി പറയാതെ അവനെ തള്ളി മാറ്റി ഗൗരിയുടെ കൈ പിടിച്ചു അജു തിരിഞ്ഞോടി കഴിഞ്ഞു. പിന്നാലെ ദേഷ്യം കൊണ്ട് വിറച്ച്   തമ്പിയും ചാടിയിറങ്ങി. ഷോപ്പിലുള്ളവർ അമ്പരന്ന് നോക്കുന്നു.  ബൈക്ക്  വാഹനങ്ങൾക്കിടയിലൂടെ    പാഞ്ഞു പോകുന്നത് കണ്ട്   അയാൾ ബുള്ളറ്റിനടുത്തേക്ക് ഓടി. 

"പൈസ  തന്നിട്ട്  പോ... ചേട്ടാ...."

ചെറുക്കൻ റോഡിലേക്കിറങ്ങി  ഉറക്കെ വിളിച്ചു പറയുന്നു. 

"പോടാ....! "

നാവ്   കടിച്ച്  കലിയോടെ  മുഖം വെട്ടിച്ചു കൊണ്ട്  തമ്പി ബുള്ളറ്റ് പറത്തിച്ചു. 

(തുടരും)


ഭാഗം - 18

മുന്നിൽ അജുവിന്റെ  ബൈക്കും പിന്നിൽ തമ്പിയുടെ ബുള്ളറ്റും വെടിയുണ്ട പോലെ റോഡിലൂടെ  ചീറി  പാഞ്ഞു പോയി. ബൈക്കിന്റെ  പിന്നിൽ ഇരുവശത്തായി കാലിറക്കിയിരുന്ന്  അവനെ ഇറുകെ ചുറ്റി പിടിച്ചു അവന്റെ മുതുകിൽ മുഖം പൂഴ്ത്തി കണ്ണടച്ചുപിടിച്ചിരിക്കുകയിരുന്നു  ഗൗരി. 


അജു ആയിരുന്നു അവളുടെ ധൈര്യം.  കൊടുങ്കാറ്റോ സുനാമിയോ ഭൂകമ്പമോ എന്തും വന്നോട്ടെ... അജു കൂടെയുണ്ടെങ്കിൽ ആരെയും ഒന്നിനെയും ഭയക്കേണ്ടതില്ലയെന്ന്  മനസ്സ് അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു. 

വണ്ടികളെ ഓവർടേക്ക് ചെയ്തും  വളവുകളും തിരിവുകളും  പിന്നിട്ടും  അജുവിന്റെ ബൈക്ക് പറന്നു. അപ്പോഴതാ മുന്നിലായി  റോഡ് സൈഡിൽ  ഒരു പോലീസ് ജീപ്പ്. ചെക്കിങ്ങിന്റെ ഭാഗമായി വണ്ടികൾ തടയുന്നു. 

ബൈക്ക് വരുന്നത് കണ്ടു ഒരു കോൺസ്റ്റബിൾ റോഡിലേക്ക് ഇറങ്ങി നിന്ന് കൈ കാണിക്കുന്നു. 

അജു വേഗത കുറച്ചു. പിന്നിൽ തമ്പിയും എത്തികഴിഞ്ഞു. ബൈക്ക് ഒതുക്കുകയാണെന്ന് കരുതി  കോൺസ്റ്റബിൾ പിന്നിലേക്ക് മാറിയ തക്കത്തിൽ അജു ആക്സിലേറ്റർ കൊടുത്തു. ബൈക്ക് പാഞ്ഞു പോയി. അവർ പിന്നാലെ വരുമെന്ന് കരുതി അവൻ  മെയിൻ റോഡിൽ നിന്നും ഒരു ഡൈവെർഷൻ  റോഡിലേക്ക് ബൈക്ക് തിരിച്ചു. ഏതോ ഊടുവഴികളിലൂടെ ഓടി  മറ്റൊരു റോഡിലെത്തി. വീണ്ടും മുന്നോട്ട്. ഗൗരിയുടെ അനക്കമൊന്നുമില്ല. 

അവൻ ഇടതു കൈ പിന്നിലേക്ക് നീട്ടി അവളുടെ തലയിൽ തട്ടി വിളിച്ചു.  

"മോളേ..."

അവന്റെ മുതുകിൽ നിന്നും അവൾ മുഖമുയർത്തി. അജു മുഖം ചരിച്ചു  അവളെയൊന്ന്  നോക്കി പുഞ്ചിരിച്ചു . 

"പേടിച്ചോ?" ഗൗരിയുടെ മുഖത്തും നനഞ്ഞ ഒരു പുഞ്ചിരി തെളിഞ്ഞു. 

"ചെറുതായിട്ട്........... " അവൾ ചുറ്റും നോക്കി. 

"ഇതെവിടെത്തി അജുവേട്ടാ....? "

"യാതൊരു പിടിയുമില്ല.  ഏതൊക്കെയോ വഴിയിലൂടെ കേറി വന്നതാ. നമുക്കാ ജംഗ്ഷനിൽ ചോദിക്കാം..."

ഓട്ടോസ്റ്റാൻഡിലെത്തി അവൻ വഴി തിരക്കി. 

അവർ  പറഞ്ഞു കൊടുത്ത വഴികളിലൂടെ ഓടി വീണ്ടും  പഴയ മെയിൻ റോഡിലേയ്ക്ക്  തന്നെ  എത്തി ചേർന്നു. മുന്നിൽ ഒരു കുത്തിറക്കമാണ്.  അതിന് മുന്നിലേക്ക് നീണ്ടു  പോകുന്ന വിജനമായ റോഡ്. പരമാവധി വേഗത്തിൽ ഇറക്കമിറങ്ങി  പോകുമ്പോൾ  ഉച്ചത്തിൽ അവനൊന്ന് കൂവി വിളിച്ചു. 

" യാ........ഹൂ.........! "

ഗൗരി അവനെ ഇറുകെ പുണർന്നു അവന്റെ സന്തോഷത്തിൽ പങ്കു ചേർന്നു. വീണ്ടും ഇരുവരും ഫോമിലായി കഴിഞ്ഞു. 

"ഇയാളിതിപ്പോ എവിടുന്നു വന്നു ചാടി. അവിടെങ്ങാനുമാണോ അയാളുടെ സ്റ്റേഷൻ...?" 

"നല്ല കാരക്റ്റർ ആയതു കൊണ്ട്  ഇടയ്ക്ക് ഒന്ന് രണ്ടു സ്റ്റേഷൻ  മാറിയത് അറിയാം. ഇപ്പൊ എവിടാണെന്ന് ഒരു പിടിയുമില്ല."

"എന്തായാലും നമ്മുടെ  ബെസ്റ്റ് ടൈമാ... നേരെ മുന്നിൽ തന്നെ ചെന്നു ചാടി കൊടുത്തു."

"അയാളിത് അമ്മയോട് പറഞ്ഞു കൊടുക്കും. ഉറപ്പാ"

"മോൾക്ക് പേടിയുണ്ടോ?"

"എന്ത് വന്നാലും അജുവേട്ടൻ എന്റെ കൂടെ ഉണ്ടാവുമല്ലോ. അത് കൊണ്ട് ഇപ്പൊ അത്ര പേടിയൊന്നും  തോന്നാറില്ല..."

"വീട്ടിൽ  ചെന്നിട്ട്  ഒട്ടും നിൽക്കാൻ  പറ്റില്ലെന്ന് തോന്നിയാൽ   ചാടിക്കോ..."

"ഏറ്റു"

"ബാങ്കിലേ ഇടപാടൊക്കെ കഴിഞ്ഞു ഒന്ന് ഫ്രീ ആയിട്ട്  നിന്റെ അമ്മയോട്  വന്നു ചോദിക്കാം എന്നൊക്കെയായിരുന്നു എന്റൊരു  പ്ലാൻ. പ്രതീക്ഷ ഒന്നുമില്ല. നാട്ടു നടപ്പനുസരിച്ച് ഒന്ന്  ചോദിക്കുന്നു."

"തന്നില്ലെങ്കിലോ...?" ഗൗരി കൗതുകത്തോടെ   ചോദിച്ചു.  

ആലോചിക്കാനുള്ള സമയം പോലും  അവനെടുത്തില്ല. 

"തന്നില്ലെങ്കിൽ  ഞാനീ മുതലിനെ  അടിച്ചോണ്ട്  പോകും..." ഇരുവരും ഒരേപോലെ  പൊട്ടിചിരിച്ചു. 

ബൈക്ക് ഒരു വളവ് തിരിഞ്ഞു ചെന്നു ചാടിയത്  പോലീസ്  ജീപ്പിന്റെ  മുന്നിൽ. മൂന്ന് പോലീസുകാർ വട്ടം ചാടി പിടിച്ചു കഴിഞ്ഞു. ഒരു കോൺസ്റ്റബിൾ ചാവി ഊരി എടുത്തു. 

"ഊരെടാ ഹെൽമെറ്റ് .... "

വലതു വശത്തു നിന്ന പോലീസിന്റെ കല്പന. അജു  അനുസരിച്ചു. 

"ഇങ്ങോട്ടിറങ്ങടാ.... കൈ കാണിച്ചാൽ നിനക്ക് നിർത്താനിത്ര പാടെന്തുവാടാ നായിന്റ മോനേ... "

ഇടതു വശത്തെ പോലീസ് അജുവിന്റെ ഷർട്ടിൽ കുത്തി പിടിച്ചു  ബൈക്കിൽ നിന്നും  വലിച്ചിറക്കി.  

ഗൗരി ഭയന്നു. 

കരഞ്ഞു കൊണ്ട്  അവൾ അജുവിനെ വട്ടം പിടിച്ചു നിന്നു. ജീപ്പിന്   മുന്നിൽ എസ് ഐയുടെ സമീപം നിന്ന തമ്പി അവരുടെ അടുത്തേക്ക് പാഞ്ഞെത്തി. ഗൗരിയെ വലിച്ചു പറിച്ചു മാറ്റി

"നിന്നെ കോളേജിൽ വിടുന്നത് കണ്ടവന്മാരുടെ കൂടെ കറങ്ങാനാണോടി.... ഏ?"

അയാളുടെ ഒച്ച ഉയർന്നു. അവളുടെ കയ്യിലെ പിടി മുറുക്കി. 

"വിട്..."

ഗൗരി   കരഞ്ഞു കൊണ്ട്  അയാളുടെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു.  

ബോണറ്റിൽ ചാരി നിൽക്കുന്ന എസ് ഐ യുടെ ആജ്ഞ. 

"അവനെ ഇങ്ങോട്ട് കൊണ്ട് വാ.... ഞാൻ ശരിക്കൊന്നു കാണട്ടെ......"

മൂന്ന് പോലീസുകാരും ചേർന്ന്  അജുവിനെ  അവിടേയ്ക്ക് വലിച്ചു  കൊണ്ട് പോയി. അവൻ മുഖം തിരിച്ചു  ഗൗരിയെ നോക്കുന്നുണ്ടായിരുന്നു. 

"ഇവളെയും കൊണ്ട് നീ എങ്ങോട്ട് പോകുവായിരുന്നടാ....? "

എസ് ഐയുടെ ചോദ്യം. അയാളുടെ മുഖത്ത് ദേഷ്യമൊന്നുമില്ല. സമാധാനസ്വരം. 

ഗൗരിയെ ചുറ്റി പിടിച്ചു നിർത്തി കൊണ്ട്  വൈരാഗ്യത്തോടെ  തമ്പി എസ് ഐ യോട് വിളിച്ചു പറഞ്ഞു. 

"സാറെ.... ഇവന്റെ ശല്യം കാരണം എന്റെ കൊച്ചിനെ പഠിക്കാൻ പോലും വിടാൻ പറ്റാത്ത അവസ്ഥയാ.  ഇവനെ പിടിച്ചു അകത്തിടണം. പെറ്റിഷനിൽ എന്ത് വേണമെങ്കിലും  എഴുതി  ചേർത്തോ. ഞാൻ ഒപ്പിട്ട് തരാം. ഇനി ഇവൻ പുറം ലോകം കാണരുത്..."

ഗൗരി  കുതറി കൊണ്ട് നിലവിളിക്കുമ്പോലെ പറഞ്ഞു. 

"എന്നെ ആരും ശല്യം ചെയ്തിട്ടില്ല... ഞാൻ അജുവേട്ടന്റെ കൂടെ എന്റിഷ്ടത്തിന്  പോയതാ...."

പല്ല് ഞെരിച്ചു കൊണ്ട് തമ്പി അവളെ ബുള്ളറ്റിനു സമീപത്തേയ്ക്ക്  വലിച്ചു  കൊണ്ട് പോയി. 

" വിട്... എന്നെ വിടാൻ..."

 ഗൗരിയുടെ സമനില തെറ്റി കഴിഞ്ഞിരുന്നു. ദേഷ്യവും സങ്കടവും കൊണ്ട് അവൾ  കിതച്ചു.  ഒച്ച കടുത്തു. 

"അജുവേട്ടനെ ജയിലിൽ വിട്ടിട്ട് താനിവിടെ സുഖിച്ചു ജീവിക്കാന്ന് വിചാരിക്കണ്ട.  എന്നോട് കാണിച്ച  വൃത്തികേടുകളൊക്കെ ഞാൻ സകല പത്രക്കാരോടും ചാനലുകരോടും വിളിച്ചു പറയും. പിന്നെ താൻ പുറം ലോകം കാണില്ല ഓർത്തോ..."

അയാൾ പകച്ചു നോക്കി. അവളുടെ കണ്ണിൽ നിന്നും തീപ്പൊരി ചിതറി. അയാളുടെ മുഖത്തെ ഞെട്ടൽ ഗൗരി വ്യക്തമായി  കണ്ടു. 

"നിങ്ങളുടെ കാര്യങ്ങളെല്ലാം ഞാൻ    അജുവേട്ടനോട് പറഞ്ഞിട്ടുണ്ട്... ഞങ്ങളെ ഞങ്ങളുടെ  ഇഷ്ടത്തിന്  വിട്ടോ... അതാ  നിങ്ങൾക്ക് നല്ലത്... അതല്ല പോലീസ് സ്റ്റേഷനിൽ കയറ്റാനാണെങ്കിൽ നിങ്ങളുടെ മുഖം മൂടി  ഞങ്ങളിന്ന്  വലിച്ചു കീറും... ആരാണ് ജയിലിൽ കേറുന്നതെന്ന് താൻ കണ്ടോ..."

അവൾ  പല്ല് ഞെരിച്ചു കൊണ്ട് വെല്ലുവിളിച്ചു.  തീയിൽ തൊട്ടതു പോലെ   അയാൾ അവളുടെ കൈ വിട്ടു  കളഞ്ഞു.  ഒപ്പം  വേപഥുവോടെ മുഖം തിരിച്ചു  ജീപ്പിനടുത്തേക്ക് നോക്കി. എസ് ഐ അജുവിനോട് എന്തൊക്കെയോ ചോദിക്കുന്നു. അവൻ മറുപടി പറയുന്നു.  ആ സമയം ഗൗരി തിരിഞ്ഞോടി കഴിഞ്ഞു.  തമ്പി തിടുക്കത്തിൽ പിന്നാലെ ചെന്നു. 

"അവനെ വിട്ടേര്  സാറെ. എനിക്ക് പരാതിയില്ല. "

തമ്പിയുടെ ഒച്ച  കേട്ട് എല്ലാവരും ഒരേ നിമിഷം അമ്പരന്ന്  അയാളെ നോക്കി. 

"ഒറ്റ മോളാ സാറേ....   ഇവള് ചത്തുകളയുമെന്ന്  പറയുന്നു....എനിക്ക് എന്ത് ചെയ്യാൻ പറ്റും. ഞാനൊരു അച്ഛനായി പോയില്ലേ....." ചങ്ക് തകർന്ന ഒരച്ഛന്റെ വേദന അയാളുടെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു. 

എന്താണ് സംഭവം എന്നറിയാതെ  അജു അന്തം വിട്ടു നോക്കി. 

"ടോ.... താനിങ്ങ് വന്നേ.... "

എസ് ഐ വിളിച്ചു.  തമ്പി തകർന്നത് പോലെ അടുത്തേക്ക് ചെന്നു. 

"സാരമില്ലടോ... താൻ വിഷമിക്കാതെ.  ഇവൾക്കിവനെ അത്രയ്ക്കങ്ങ്   ഇഷ്ടമാണെങ്കിൽ  ഇവരുടെ കല്യാണമങ്ങ്  നടത്തി കൊടുത്തേക്ക്.  ചുമ്മാ തെണ്ടി തിരിഞ്ഞു നടക്കുന്ന ചെറുക്കൻ ഒന്നുമല്ലടോ.  ഗവണ്മെന്റ്  സർവീസിലാ ജോലി.  സംസാരിച്ചിട്ട്  കുഴപ്പമുള്ള കേസാണെന്ന് എനിക്ക് തോന്നുന്നില്ല. താൻ വീട്ടിൽ ചെന്നു സമാധാനമായിട്ട്  ഭാര്യയുമായി  ആലോചിച്ചു എന്താന്ന് വച്ചാൽ  ഒരു തീരുമാനമെടുക്ക്... താനിനി വെറുതെ പ്രശ്നമുണ്ടാക്കി  മറ്റുള്ളവരെ കൊണ്ട് ചിരിപ്പിക്കാൻ നിൽക്കരുത്.    പെങ്കൊച്ചിനു പ്രായപൂർത്തിയായി. ഇനി  താനെത്ര  കടും പിടുത്തം പിടിച്ചാലും   തന്റെ കയ്യിൽ നിൽക്കില്ല. നിയമങ്ങളൊക്കെ  ഞാൻ പറഞ്ഞു  മനസിലാക്കി തരേണ്ട കാര്യമില്ലല്ലോ  അല്ലെ .   ഇപ്പോഴത്തെ പിള്ളേരാടോ..... മുൻപിൻ നോക്കാതെ ഇതൊക്കെ കേറി എന്തെങ്കിലും കടും കൈ  ചെയ്തു കളയും. പിന്നേ മരണം വരെ തനിക്ക്  സമാധാനം കിട്ടില്ല..."

തമ്പി വെറുതെ കേട്ട് നിന്നു.  അയാളുടെ ഉള്ളിൽ ഒരു കടലിരമ്പുന്നത് ആരും അറിഞ്ഞില്ല. 

"താൻ മോളെയും വിളിച്ചു വീട്ടിൽ പോകാൻ നോക്ക്... ഇനി ഇവളെ തല്ലാനും വഴക്ക് പറയാനുമൊന്നും  നിൽക്കണ്ട കേട്ടോ..."

തമ്പിയുടെ തോളിൽ കയ്യിട്ടു എസ് ഐ ജീപ്പിന്റെ ഇടതു വശത്തേക്ക് നടന്നു.  

"തന്റെ മനസ്സ് പുകയുന്നത്  എനിക്ക്  മനസിലാവും.. കാരണം  ഒരിക്കൽ ഞാനും ഇതുപോലൊരു  സിറ്റുവേഷനിലൂടെ കടന്നു പോയിട്ടുണ്ട്.  അന്ന് ഞാനൊരു yes മൂളിയിരുന്നെങ്കിൽ   എന്റെ മോളിപ്പോൾ  ജീവനോടെ  കാണുമായിരുന്നു..."

എസ് ഐ സീറ്റിലേക്ക് കയറി ഇരുന്നു. 

"താൻ വീട്ടിലൊക്കെ  ഒന്ന് പോയി സമാധാനമായിട്ട് തിരിച്ചു വാ..."

ജീപ്പ്  കടന്നു  പോയിട്ടാണ്  തമ്പി തിരിഞ്ഞു നോക്കിയത്.  അപ്പോൾ അജു ബൈക്കിലേക്ക് കയറി ഇരിക്കുന്ന കണ്ടു. അവനെ  രൂക്ഷമായി നോക്കി കൊണ്ട്  അയാൾ  അടുത്തേക്ക് ചെന്നു.

"ഇവളെയും കെട്ടി സുഖമായി ജീവിക്കാമെന്ന്  നീ വിചാരിച്ചോ....? "

"അങ്ങനെ തന്നെയാണല്ലോ ഈ കഥ  അവസാനിക്കേണ്ടത്." ഹെൽമെറ്റിന്റെ   ഗ്ലാസ്സ് ഉയർത്തി  അജു തലയിലേക്ക് ഇറക്കി  വച്ചു. 

"ഞാനത് സമ്മതിച്ചു തരുമെന്ന് നിനക്ക് തോന്നുന്നുണ്ടോടാ."

"ഒരിക്കലുമില്ല. നിങ്ങളുടെ മനസ്സിലിരിപ്പ് വേറെയാണല്ലോ." അവന്റെ ചുണ്ടിൻ   കോണിൽ പുച്ഛം കലർന്നൊരു ചിരി വിരിഞ്ഞു. തുടർന്ന് ഓർമിപ്പിച്ചു. 

"പക്ഷെ  ഞാൻ ജീവിച്ചിരിക്കുമ്പോൾ  അത് നടക്കില്ലല്ലോ തമ്പി സാറേ..."

ഹെൽമെറ്റിന്റെ ക്ലിപ്പ് അവൻ പിടിച്ചിട്ടു. 

"എങ്കിലേ... നിന്നെ ഞാനങ്ങ് അവസാനിപ്പിക്കാൻ പോകുവാ." കളിയാക്കുമ്പോലെ അജു പൊട്ടിച്ചിരിച്ചു. 

"ഒന്ന് ട്രൈ ചെയ്തു നോക്ക്... അവസാനിക്കുമോയെന്നറിയാലോ..." അവൻ വെല്ലുവിളിച്ചു കൊണ്ട്  ബൈക്ക് സ്റ്റാർട്ട് ചെയ്തു. 

ഗൗരി പെട്ടന്ന്  പിന്നിൽ കടന്നിരുന്നു. 

"അപ്പോൾ പോട്ടേ ബാവി അമ്മായിയപ്പാ..."

ഗൂഡമായി ചിരിച്ചു കൊണ്ട് അജു ബൈക്ക് ഓടിച്ചു പോയി. പിശാചിനെ പോലെ തമ്പി ക്രൂരമായി ഒന്ന്  ചിരിച്ചു. അയാളുടെ കണ്ണുകളിൽ പക വജ്രം പോലെ തിളങ്ങി. 


രാത്രിയിൽ അജു അമ്മയെ വിളിച്ചപ്പോഴാണ്  രമ്യയുടെ കല്യാണത്തെ കുറിച്ചറിയുന്നത്. അവൻ  അത്ഭുതപ്പെട്ടു. 

"ഈ വരുന്ന വ്യാഴാഴ്ചയോ... ഇത്ര പെട്ടന്നോ?"

"ചെറുക്കന് ഗൾഫിലാ ജോലി. ലീവ് ഇല്ലത്രെ. അത് കൊണ്ട് തീരുമാനിച്ചതും ഉറപ്പിച്ചതുമൊക്കെ പെട്ടന്നായിരുന്നു.  എന്തായാലും എന്റെ പ്രാർത്ഥന തേവര്  കേട്ടു. ഇനി എല്ലാമൊന്ന് ഭംഗിയായി അവസാനിച്ചാൽ മതിയായിരുന്നു."

അജുവിന്റെ മനസിലും അങ്ങനെ തന്നെയായിരുന്നു. ചിന്നു നല്ലൊരു കുടുംബജീവിതത്തിലേക്ക് വലതു കാൽ വച്ചു കയറുന്നത് മറ്റാരേക്കാളുമധികം  സന്തോഷിക്കുന്നത്  അവനായിരുന്നു. ഇല്ലെങ്കിൽ ഒരു കുറ്റബോധം എന്നും മനസ്സിൽ കിടക്കും. അതൊരു  കാരമുള്ള് പോലെ ഹൃദയത്തേ വരഞ്ഞു മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇപ്പോൾ കാറ്റും കോളുമൊഴിഞ്ഞ കടല് പോലെ മനസ് ശാന്തമായതായ്  അവന് തോന്നി. 

" റ്റൊരു കാര്യം കൂടി വിജയൻ പറഞ്ഞിട്ട് പോയി. ആ കല്യാണം കൂടാൻ നീ  ചെല്ലരുതെന്ന്..." 

"അമ്മാവന് എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ? "

"ഒരു കണക്കിന് നോക്കിയാൽ അവൻ പറയുന്നതിലും കാര്യമില്ലേ മോനെ. ഒരു വിധം ആ പെങ്കൊച്ചിനെ  പറഞ്ഞു  സമ്മതിപ്പിച്ചു വച്ചേക്കുന്നതാ. ഇനി  നിന്നെ എങ്ങാനും കണ്ടിട്ട്  അവൾ തീരുമാനം മാറ്റിയാൽ ഇത്രേം കഷ്ടപ്പെട്ടു സ്വരുകൂട്ടി കൊണ്ട് വന്നതൊക്കെ വെറുതെയാവും. ഇനി നീയായിട്ട് അവളുടെ കല്യാണം മുടക്കിയെന്ന പേര് വരുത്തണ്ട."

അജു  അതിന് മറുപടിയൊന്നും   പറഞ്ഞില്ല. 

"നിനക്ക് വിഷമം ഉണ്ടാവുംന്ന് അറിയാം. എന്നാലും നീ വരാതിരിക്കുന്നതാ നല്ലത്.  ആ കല്യാണം മംഗളമായി നടന്നോട്ടേ." മാളുവമ്മ പറഞ്ഞു നിർത്തി. 

ഗൗരി വിളിച്ചപ്പോൾ അജു രമ്യയുടെ കല്യാണത്തെ കുറിച്ച് പറഞ്ഞു. 

"വ്യാഴാഴ്ചയല്ലേ. അജുവേട്ടൻ പോകുന്നുണ്ടോ? ഗൗരി ചോദിച്ചു. 

'പോകണം' എന്ന് തന്നെയാണ് അവൻ പറഞ്ഞത്. അത് അറിയാതെ പറഞ്ഞു പോയതല്ല. അവന്റെ ഉള്ളിലും അങ്ങനെ തന്നെ ആയിരുന്നു. താനാ കല്യാണത്തിന് കൂടരുതെന്നാണ് അമ്മാവൻ പറഞ്ഞിരിക്കുന്നത്. അവർക്ക് താൻ ശത്രുവാണ്. അവരുടെ മകളെ നിക്ഷേധിച്ച ആജന്മ ശത്രു. പക്ഷെ അവളെന്റെ അനുജത്തിയാണ്. താൻ എടുത്തു കൊണ്ട് നടന്നവൾ തന്റെ കൈ പിടിച്ചു നടക്കാൻ പഠിച്ചവൾ. ഉറപ്പുണ്ട്. അവളൊരിക്കലും തന്നെ ശത്രുവായ് പ്രഖ്യാപിക്കില്ല. തന്നെ കണ്ടാൽ കുട്ടേട്ടാ എന്ന് വിളിച്ചു  ഓടി വരികയും ചെയ്യും. അജുവിന് പെട്ടന്ന് സങ്കടം വന്നു. നെഞ്ചു വിങ്ങുന്നു.  ആരൊക്കെ വരണ്ടാന്ന് പറഞ്ഞാലും അവളുടെ കല്യാണം ഒന്ന് കാണണം. ആരെയും ശല്യം ചെയ്യാതെ ദൂരെ നിന്നെങ്കിലും. അപ്പോൾ ഗൗരിയുടെ ഒച്ച കാതിൽ കേട്ടു. 

"അയാളിത് വരെ വന്നിട്ടില്ല അജുവേട്ടാ.  അയാളുടെ പ്ലാനെന്താണെന്ന്  അറിയാൻ  വയ്യ. എന്തായാലും അമ്മയെ ഇതുവരെ വിളിച്ചിട്ടില്ല.  വിളിച്ചിരുന്നേൽ എന്റെ നേരെ ചാടി കൊണ്ട് വന്നേനെ..."

ആ സമയം  കതകിൽ ആരോ മുട്ടുന്ന ഒച്ച കേട്ടു. അവൻ കാതോർത്തു. 

"നീ ഫോൺ വച്ചോ ആരോ പുറത്തു വന്നിട്ടുണ്ട്. " 

"ഈ സമയത്തോ. അതാരാ? "

"നോക്കട്ടെ. ഞാൻ തിരിച്ചു വിളിക്കാം."

"വിളിക്കണേ. എന്നിട്ടേ ഞാൻ ഉറങ്ങു..."

"ശരി. "

കാൾ കട്ട് ചെയ്തു ഫോൺ കിടക്കയിൽ തന്നെ വച്ചിട്ട്  അവൻ എണീറ്റു ചെന്നു പ്രധാന വാതിൽ തുറന്നു. 

പുറത്ത്  ആരെയും കണ്ടില്ല. അവൻ പടിയിലേക്കിറങ്ങി നോക്കി. പെട്ടന്ന്  ഇടതു  വശത്തു നിന്നും തമ്പി അവനെ ആക്രമിച്ചു. അജു ഒഴിഞ്ഞു മാറും മുന്നേ അയാൾ വീശിയ കത്തി അവന്റെ  ഇടതു കയ്യിലെ മാംസത്തിൽ തുളച്ചിറങ്ങി. 

(തുടരും)


ഭാഗം - 19

വേദനയിൽ അജു ഒന്ന് കരഞ്ഞു. അത് പക്ഷെ ഒരു മുരൾച്ച പോലെയാണ് പുറത്തു വന്നത്. കത്തി വലിച്ചൂരി അയാൾ  അവന്റെ നെഞ്ചിന് നേരെ  വീണ്ടും കുത്തി.  തമ്പിയുടെ  കൈ വിരലുകൾ ഉൾപ്പെടെ കത്തിയുടെ പിടിയിൽ  പിടി മുറുക്കി അവനാ നീക്കം തടഞ്ഞു. 


അവന്റെ  ഇടതു കയ്യിലെ മുറിവിൽ നിന്നും രക്തം ഒഴുകി നിലത്തേയ്ക്ക് ഇറ്റിറ്റു  വീണു. അജുവിന്റെ പിടിയിൽ നിന്നും കത്തി തിരിച്ചു പിടിക്കാൻ  തന്റെ സർവ്വ ശക്തിയും തമ്പി പ്രയോഗിച്ചു. വിട്ടു കൊടുക്കാതെ അജുവും.  മണൽ വിരിച്ച  ചെറിയ മുറ്റത്ത് രണ്ടു പേരും കത്തിയ്ക്ക്  വേണ്ടിയുള്ള   പിടിവലി തുടങ്ങി. ഇരുവരുടേയും കാലുകൾ പായുമ്പോൾ മുറ്റത്തെ മണൽ തരികൾ ചുറ്റും തെറിച്ചു. പ്രായത്തെ വെല്ലുന്ന ആരോഗ്യമുള്ള ആളായിരുന്നു തമ്പി. 

അയാളുടെ കയിൽ നിന്നും കത്തി കൈക്കലാക്കുക എന്നത്  അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്  മനസിലായതോടെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ  വലതു കൈ ചുരുട്ടി അയാളുടെ മൂക്കിൽ അജു  ഒരിടി ഇടിച്ചു. മൂക്കിന്റെ പാലം തകർന്നത് പോലെ ഒന്ന് കാറി കൊണ്ട്  അയാൾ മുഖം  പൊത്തി പിടിച്ചു  പിന്നിലേക്ക് പോയി മതിലിലിടിച്ചു നിന്നു. അയാൾക്ക് ശ്വാസം വിടാനുള്ള  സാവകാശം  പോലും കൊടുക്കാതെ തല പിടിച്ചു മതിലിൽ ഒറ്റ ഇടി കൂടി കൊടുത്തു.  തമ്പി  മറിഞ്ഞു വീണു. നിലത്തു കിടക്കുന്ന അയാളുടെ അടി നാഭി നോക്കി  അവൻ ആഞ്ഞു ചവിട്ടി. ഒന്നല്ല. പലവട്ടം. അതോടെ അട്ട ചുരുളുമ്പോലെ തമ്പി ചുരുണ്ടു. 

അജു പിന്നിലേക്ക് മാറി നിന്ന് കിതച്ചു. അഴിഞ്ഞു പോകാൻ തുടങ്ങിയ മുണ്ട് വാരി കുത്തി. പിന്നെ  നിലത്തു വീണു കിടന്ന  കത്തി  കയ്യിലെടുത്തു. തമ്പിയുടെ  നെഞ്ചിലേക്ക് വലതു  കാൽ മുട്ടു കുത്തി  കഴുത്തിൽ കത്തിയുടെ വായ് തല ചേർത്ത് വച്ചു. 

"പന്ന പൊലയാടി മോനേ... അനങ്ങിയാൽ  മാങ്ങ പൂളുന്ന പോലെ നിന്റെ കഴുത്ത് ഞാൻ കണ്ടിക്കും..."

തമ്പിയുടെ തലയും മൂക്കും അടിനാഭിയും ഒരേ പോലെ പുളയ്ക്കുന്ന വേദന. തിരിച്ചു എന്തെങ്കിലും ചെയ്യാൻ പറ്റാത്ത വിധം അവശനായ പോലെ അയാൾ മണ്ണിൽ പതുങ്ങി കിടന്നു. അജുവിന്റെ ഒച്ച മുഴക്കമായി അയാളുടെ കാതിൽ അലയടിച്ചു. വ്യക്തമാവാത്തത് പോലെ  കണ്ണ് ചിമ്മി ചിമ്മി തുറന്നു നോക്കി. 

" ഇനി നിന്റെയീ ചീഞ്ഞ  കൈ എന്റെ പെണ്ണിന്റെ നേരെ ഉയർന്നെന്ന് ഞാനറിഞ്ഞാൽ. അന്ന് തീരും നീ... ആണുങ്ങളില്ലാത്ത വീട്ടിൽ കയറി ചെറ്റത്തരം കാണിച്ചിട്ട്... ചോദിക്കാൻ ആരും വരില്ലെന്ന്   കരുതി അല്ലേടാ... അവള് തടഞ്ഞിട്ടാ...   അല്ലെങ്കിലുണ്ടല്ലോ അതറിഞ്ഞ നിമിഷം   നിന്നെ ഞാൻ ജയിലിൽ കയറ്റിയേനെ... അച്ഛന്റെ സ്ഥാനത്തല്ലേടാ പട്ടി നിന്നെ അവൾ  കണ്ടത്.   അതിനെ തന്നെ നീ... നിനക്ക് കഴുവേറാൻ  വേറെ മുള്ള് മൂരിക്കൊന്നും കിട്ടിയില്ലേടാ നാറി..."

കലി തീരാതെ അവൻ അയാളെ വീണ്ടും ചവിട്ടി മെതിച്ചു. തമ്പി തീർത്തും അവശനായി. നാണം കെട്ട പതനം. അജു മാറി നിന്ന് പുച്ഛത്തോടെ നോക്കി. 

"അവനെന്നെ തീർക്കാൻ വന്നിരിക്കുന്നു. നാണം കെട്ട ചെറ്റ.  എടാ നിന്നെ പോലുള്ളവന്മാരെയൊക്കെ  പച്ചയ്ക്ക് കത്തിച്ചു കളഞ്ഞേക്കണം... അല്ലാതെ ജീവിക്കാൻ വിടരുത്... എണീരടാ..."

രോക്ഷത്തോടെ ചുണ്ട് കടിച്ചു പിടിച്ചു അയാളുടെ  ഷർട്ടിന്റെ കോളറിൽ കുത്തി അജു എണീൽപ്പിച്ചു. 

"നീ എന്താടാ അവിടെ വച്ചു പറഞ്ഞേ ഗൗരിയെ നീ എനിക്ക് തരില്ലന്നോ. എന്നാൽ നീ കേട്ടോ. അവളെ ഞാൻ തന്നെ കെട്ടും.  നിന്റെ മുന്നിൽ വച്ചു. നീ ഒരു കോപ്പും ചെയ്യില്ല..."

തളർന്ന്  മതിലിൽ ചാരി നിന്ന് തമ്പി കിതച്ചു. ശരീരം മൊത്തം ഇടിച്ചു നുറുക്കിയത് പോലെ വേദനിക്കുന്നത് അയാളറിഞ്ഞു. അജു അയാളെ കഴുത്തിന് പിടിച്ചു  മുന്നോട്ട് തള്ളി കൊണ്ട് പോയി ഗേറ്റിനു വെളിയിലാക്കി. 

"ഇറങ്ങി പോടാ... എന്റെ കൈ കൊണ്ട് ചാവണ്ടങ്കിൽ നീ ആ വീട് വിട്ട്  എങ്ങോട്ടെങ്കിലും പൊയ്ക്കോ... ആ അമ്മയും മോളും സമാധാനമായി ജീവിക്കട്ടെ."

അയാൾ ആടിയാടി നടന്നു പോകുന്നത് അവൻ നോക്കി നിന്നു. അപ്പോഴാണ് കൈ മുറിഞ്ഞ  വേദന അജു അറിഞ്ഞു തുടങ്ങിയത്. തോളിനും കൈ മുട്ടിനും ഇടയിലുള്ള ഭാഗത്താണ് കുത്തേറ്റത്. രക്തം അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു. മുറിവിൽ പൊത്തിപിടിച്ചു അവൻ അകത്തേക്ക് കയറി വന്നു. 

ഒരു ലുങ്കി കീറിയെടുത്തു  മുറിവിൽ ചുറ്റി ഒരറ്റം കടിച്ചു പിടിച്ചു കൊണ്ട് മറ്റേ വശം  കൊരുത്തു വലിച്ചിറുക്കി കെട്ടി വച്ചു. പിന്നെ ഫോൺ എടുത്തു. അതിൽ ഗൗരിയുടെ രണ്ടു മിസ് കാൾ കണ്ടു. തിരിച്ചു വിളിക്കാൻ തുടങ്ങുമ്പോൾ അവൾ ഇങ്ങോട്ട് വിളിച്ചു. 

"എവിടെ ആയിരുന്നു. ഞാൻ എത്ര വിളിച്ചു. അവിടെ ആരാ വന്നേ. എന്താ സംഭവിച്ചേ?" എന്നിങ്ങനെ ഒറ്റ ശ്വാസത്തിൽ ഒരു കൂട്ടം ചോദ്യങ്ങൾ. 

വെറുതെ അവളെ പേടിപ്പിക്കണ്ട എന്ന് കരുതി തമ്പി വന്ന കാര്യം അവൻ ഒളിച്ചു. ഹോസ്പിറ്റലിൽ പോകേണ്ടി വരുമെന്ന് അജുവിന് തോന്നി. കെട്ടി വച്ച തുണിയിൽ രക്തം കിനിഞ്ഞിറങ്ങുന്നു. മുറിവ് ആഴത്തിലുള്ളതാണെന്ന് തോന്നുന്നു. വേദന അനു നിമിഷം കൂടി വരുന്നു.  എന്തൊക്കെയോ കള്ളത്തരങ്ങൾ പറഞ്ഞു പിടിപ്പിച്ചു  ഒരു വിധം അവളെ കൊണ്ട് ഫോൺ വയ്പ്പിച്ചിട്ട്  വാതിൽ പൂട്ടി ഇറങ്ങി. 

 ശ്രീയുടെ ബൈക്ക്  അടുക്കളയുടെ വശത്തു ഒതുക്കി വച്ചിട്ടുണ്ടായിരുന്നു. അത് ഉയർത്താൻ നോക്കി. ഒരു രക്ഷയുമില്ല. കൈ കഴച്ചു പൊട്ടുന്ന വേദന ഇനിയിപ്പോൾ ശ്രീയെ വിളിച്ചു വരുത്താനൊന്നും സമയമില്ല. അവൻ ചാവി പോക്കറ്റിൽ  തന്നെ ഇട്ടു. പിന്നെ റോഡിലേക്ക്  ഇറങ്ങി. രണ്ടു ഓട്ടോറിക്ഷ കൈ കാണിച്ചിട്ടും നിർത്താതെ പോയി. പിന്നാലെ എത്തിയ ഓട്ടോയിൽ കയറി നേരെ അടുത്തുള്ള ഹോസ്പിറ്റലിലേയ്ക്ക് വിട്ടു. 


ഹോസ്പിറ്റൽ സ്റ്റാഫ് കംപ്ലയിന്റ് ചെയ്തതിൻ പ്രകാരം പോലീസിന്റെ enquiry ഉണ്ടായിരുന്നു. മോഷ്ടിക്കാൻ കയറിയ  കള്ളൻ ആക്രമിച്ചതാണെന്ന്  അജു മൊഴി നൽകി. അജുവിന്റെ കയ്യിലെ മുറിവ് നല്ല ആഴത്തിലുള്ളതായിരുന്നു. ഇതിനിടയിൽ Bystander ആരെങ്കിലും കൂടെ വേണം എന്ന condition വന്നതോടെ   മറ്റു ഗത്യന്തരമില്ലാതെ അജു ശ്രീജിത്തിനെ വിളിച്ചു വരുത്തി. ഒരു വാക്ക് പറയാതെ പോന്നതിനു   അവന്റെ  വായിൽ നിന്നും വയറു നിറയെ കിട്ടി. 

മാത്രമല്ല പോലീസിനോട് തമ്പിയുടെ പേര് പറയാഞ്ഞത് എന്ത് കൊണ്ടാണെന്നു ചോദിച്ച്  ചാടുകയും ചെയ്തു. അയാളെ അകത്താക്കാൻ കിട്ടിയ അവസരം വെറുതെ കളഞ്ഞ നീ എന്തൊരു മണ്ടനാണെന്നാണ് അവന്റെ ചോദ്യം.  തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവനിങ്ങനെയൊക്കെ  പറയുന്നതെന്ന് അജുവിനറിയാം. 

"നന്നായി പെരുമാറി വിട്ടിട്ടുണ്ടടാ. അത് മതി... " എന്ന് പറഞ്ഞു അജു ഒഴിഞ്ഞു. പക്ഷെ ശ്രീയുടെ സങ്കടം മാറുന്നില്ല. 

"ഞാനാണല്ലോടാ  നിന്നെ  അവിടെ കൊണ്ട് ചെന്നു  പരിചയപെടുത്തിയത്. അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ..."

"ശ്ശെ അതിന് നീയെന്ത് ചെയ്തിട്ടാ.  ഇതു ഞാനായിട്ട് വരുത്തി വച്ചതല്ലേ... ഞാൻ തന്നെ അവസാനിപ്പിച്ചു കൊള്ളാം.  പക്ഷെ നീയീ  നടന്നതൊന്നും  ഗൗരിയോട് പറയരുത്... അവളിതൊന്നും അറിയണ്ട. അറിഞ്ഞാൽ സഹിക്കില്ല. "

ശ്രീ ഒന്നും മിണ്ടിയില്ല. മുറിവ് സ്റ്റിച്ചിട്ട് പൊതിഞ്ഞു കെട്ടിയിരുന്നു. എങ്കിലും രാവിലെയാണ് ഡിസ്ചാർജ് കൊടുത്തത്. വിവരമറിഞ്ഞപ്പോൾ അമ്മ കൂടെ വരാൻ വാശി പിടിച്ചെന്ന് ശ്രീ പറഞ്ഞു. അമ്മയെ വിളിച്ചു ശ്രീ ഫോൺ അജുവിന്റെ കയ്യിൽ കൊടുത്തു. കുറച്ചു നേരം അവൻ സംസാരിച്ചു. കുഴപ്പമില്ല രാവിലെ വീട്ടിൽ പോകാമെന്നു  പറഞ്ഞു അവൻ സമാധാനിപ്പിച്ചു വച്ചു. അന്ന് രാത്രി  ശ്രീജിത്ത് കൂട്ടിരുന്നു.  രാവിലെ വാടക വീട്ടിൽ എത്തിയപ്പോൾ ശ്രീയുടെ അമ്മയും അനുജത്തിയും ഒരു ഓട്ടോയിൽ അവിടേയ്ക്ക്  ചെന്നു. വീട്ടിലേക്ക് ചെല്ലാൻ  അമ്മ നിർബന്ധിച്ചുവെങ്കിലും അജു നന്ദിപൂർവ്വം  നിരസിച്ചു. എങ്കിൽ മുറിവ് കരിയും വരെ ഫുഡ് അമ്മ കൊടുത്തു വിടാമെന്ന് പറഞ്ഞു. ഒഴിയാൻ നിവർത്തിയില്ലാതെ അവൻ  സമ്മതിച്ചു കൊടുത്തു. 

ഓഫിസിലേയ്ക്ക് പോകും മുന്നേ break fast ഉം lunch ഉം അമ്മ ശ്രീയുടെ കയ്യിൽ കൊടുത്തു വിട്ടു. വൈകാതെ കരഞ്ഞു വിളിച്ചു ഗൗരിയും എത്തി. 

'എന്നോടെന്താ പറയാഞ്ഞത്' എന്ന് ചോദിച്ചു പെണ്ണ് ഒരേ കരച്ചിൽ. അജു അനുനയിപ്പിക്കാൻ പരമാവധി നോക്കിയെങ്കിലും  ഗൗരിയുടെ സങ്കടം മാറുന്നുണ്ടായിരുന്നില്ല. മാത്രമല്ല അവന്റെ അടുത്തേക്ക് ചെല്ലാതെ പിണങ്ങി മാറി ഇരിക്കുകയും ചെയ്തു. 

"ഞാൻ പറയുന്നതാണോ കുറ്റം. ലക്ഷ്മി  പറഞ്ഞിട്ട് വേണോ ഞാൻ അജുവേട്ടന്റെ കാര്യങ്ങളൊക്കെ  അറിയാൻ. ആണോ. അപ്പോൾ ഞാൻ അജുവേട്ടന്റെ ആരാ? "

"ഭാര്യ..." അജു കുസൃതിയോടെ മറുപടി കൊടുത്തു. 

"ഒലക്ക" അവൾ മുഖം കറുപ്പിച്ചു. 

"വാ"

അവൻ  കൈ നീട്ടി  പ്രേമപൂർവം വിളിച്ചു. 

"ഇല്ല"

"വാടീ..."

"ഇല്ല. പോ." അവൻ കട്ടിലിൽ നിന്നും എണീറ്റ് വന്നു അവളുടെ കൈ പിടിച്ചു. 

"വാ. എന്റടുത്തു വന്നിരിക്ക്." അവൾ കുതറി. 

"വേണ്ട..... കാണുമ്പോഴുള്ള പുന്നാരിക്കലേ ഉള്ളൂ. അല്ലാതെ എന്നോട് ഒട്ടും ഇഷ്ടമില്ല. ഉണ്ടായിരുന്നെങ്കിൽ  എന്നോടല്ലേ ആദ്യം പറയാ. ഇതിപ്പോ ഞാനേതോ  അന്യയെ പോലെ...." അവൾ ഏങ്ങലടിച്ചു. 

"നീ വിഷമിക്കുമെന്ന് കരുതീട്ടല്ലേ..." 

അവൻ അവളുടെ വയറിനു പിന്നിലൂടെ കൈ ചുറ്റി അടുപ്പിച്ചു നിർത്തി. അവളുടെ  ചെറുത്ത് നിൽപ്പ് ദുർബലമായി കൊണ്ടിരുന്നു. ആ താടി പിടിച്ചു അവൻ മുഖമുയർത്തി. പിന്നെ അവളുടെ നനഞ്ഞ കൺപോളയ്ക്ക് മീതെ മൃദുവായി ചുംബിച്ചു. തന്റെ പിണക്കം അലിഞ്ഞലിഞ്ഞു ഇല്ലാതാവുന്നത് ഗൗരി അറിഞ്ഞു.  അവൾ ചുറ്റി പിടിക്കാൻ ശ്രമിച്ചപ്പോൾ   കൈ തട്ടി  അവന്റെ മുറിവ്  വേദനിച്ചു.  ഒച്ചയിട്ടു കൊണ്ട് അവൻ പിന്നിലേക്ക്  മാറി. 

"യ്യൊ.... സോറി.... സോറി......"

ക്ഷമാപണത്തോടെ   മുന്നോട്ട് ചെന്ന്  അവളവനെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു. 


വ്യാഴാഴ്ച.  തെക്കേപ്പാട്ട് നിന്നും വിജയൻ നായരും കുടുംബവും അമ്പലത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. തേവരുടെ മുന്നിലാണ് കല്യാണമണ്ഡപം. സദ്യ ഒരുക്കിയിരിക്കുന്നതും അവിടുത്തെ പാചകപുരയിൽ. 

നീണ്ട മുടി പിന്നൽ നിറയെ മുല്ലപ്പൂ ചൂടി, സ്വർണ്ണനൂല് കൊണ്ടു മെനഞ്ഞ ചുവപ്പ് പട്ടുസാരി ചുറ്റി, ശരീരം മൂടുന്ന സ്വർണആഭരണങ്ങളണിഞ്ഞു രമ്യ മുന്നിൽ എത്തിയപ്പോൾ ദേവലോകത്തു നിന്നും ഇറങ്ങി വന്ന സുരസുന്ദരിയെ  പോലെ മാളുവമ്മയ്ക്ക് തോന്നി. 

വെറ്റില കൊടുത്തു മാളുവമ്മയുടെ കാലു തൊട്ടുതൊഴുതുയർന്നപ്പോൾ നിയന്ത്രണം വിട്ടു കരഞ്ഞു കൊണ്ട് അവളവരെ കെട്ടിപ്പുണർന്നു. 

"മോളേ..." ആർദ്രമായി മാളുവമ്മ വിളിച്ചു: 

"കരയല്ലേടി..." അവരുടെ ചുമലിൽ മുഖം ചേർത്ത് രമ്യ ഏങ്ങലടിച്ചു:

"എങ്കിലും കുട്ടേട്ടൻ ഒന്ന് വന്നില്ലല്ലോ അമ്മായി. ഇത്രയ്ക്കും എന്നെ വെറുത്തുപോയോ?"

വരരുതെന്ന് വിലക്കിയത് കൊണ്ടാണ് കുട്ടൻ എത്താതിരുന്നതെന്ന് മാളുവമ്മ പറഞ്ഞില്ല. ആശ്വസിപ്പിക്കുമ്പോലെ അവർ അവളെ തഴുകി. 

"കരഞ്ഞു പിഴിഞ്ഞു മുഖം വൃത്തികേടാക്കി വയ്ക്കും. വാടി ഇങ്ങോട്ട്... അതെങ്ങനെ പെണ്ണിനെ കരയിക്കാൻ ഓരോരുത്തര് കച്ച കെട്ടി ഇറങ്ങിയിരിക്കുവല്ലേ." ഒച്ചവെച്ചുകൊണ്ട് വനജ വന്നു  രമ്യയെ പിടിച്ചു വലിച്ചു കൊണ്ട് പോയി. 


അജു കല്യാണത്തിന് ചെല്ലുന്നുണ്ടെന്ന് മാളുവമ്മയോട്  പറഞ്ഞിട്ടുണ്ടായിരുന്നില്ല. ആരുമറിയാതെ ചിന്നുവിന്റെ കല്യാണം കണ്ടു മടങ്ങണം അതായിരുന്നു ഉദ്ദേശം. എന്നാൽ അവൻ പടി കയറി ചെല്ലുമ്പോൾ അവന്റെ വരവ് പ്രതീക്ഷിച്ചത് പോലെ ചന്തുവും അവന്റെ കുറച്ചു ചങ്ങാതിമാരും അവനെ തടഞ്ഞു. 

"എങ്ങോട്ടാ.... ഇപ്പൊ അങ്ങോട്ട് പോവാൻ പറ്റില്ല."

നേതാവിനെ പോലെ മുന്നിൽ നിന്ന് ചന്തു കൽപ്പിച്ചു. അജുവിന്റെ മുഖത്ത് പുച്ഛം നുരഞ്ഞു. 

"ഇത് തേവരുടെ നടയാ. അല്ലാതെ നിന്റെ അച്ചന്റെ കുടുംബ സ്വത്തല്ല. മാറെടാ ചെറുക്കാ മുന്നീന്ന്. " ചന്തുവിന്റെ നെഞ്ചിൽ തള്ളി മാറ്റി അജു മുന്നോട്ട് നടന്നു. 

"നീ വേണ്ടന്ന് വച്ചതല്ലേടാ. പിന്നെ ക്ഷണിക്കാതെ കല്യാണത്തിന് വരാൻ നിനക്ക് നാണമുണ്ടോ...?" പിന്നിൽ നിന്ന് ചന്തുവിന്റെ ചോദ്യം. 

അജു മടങ്ങി വന്നു. 

"നിന്നെക്കാൾ മുന്നേ എന്റെ അനുജത്തി ആയതാണവൾ. ആ ബന്ധം നീയോ നിന്റെ അച്ഛനോ അമ്മയോ വിചാരിച്ചാൽ മാറ്റാൻ പറ്റില്ല. എനിക്കവളുടെ കല്യാണം കൂടാൻ നിന്റെയൊന്നും കുറിയുടെ ആവശ്യവുമില്ല. മനസ്സിലായോ?"

രൂക്ഷമായൊന്ന് നോക്കിയിട്ട് അവൻ തിരിഞ്ഞു നടന്നു. അമ്പലത്തിൽ നാദസ്വരമേളം മുഴങ്ങുന്നുണ്ടായിരുന്നു. തേവരുടെ മുന്നിൽ പ്രത്യേകം പണിഞ്ഞൊരുക്കിയ കല്യാണമണ്ഡപത്തിനു മുന്നിൽ വൻജനക്കൂട്ടം.  അറിയുന്നവരുടെ തുറിച്ചു നോട്ടം അവഗണിച്ചു അവൻ ആൾക്കൂട്ടത്തിനിടയിലേക്ക് കയറി നിന്നു. വാദ്യമേളങ്ങളും കുരവയുമുയർന്നു കേൾക്കുന്ന ശുഭമുഹൂർത്തത്തിൽ മിഥുൻ, രമ്യയുടെ കഴുത്തിൽ താലി ചാർത്തി. താലി കോർത്ത മഞ്ഞചരട് മിഥുൻ രമ്യയുടെ  കഴുത്തിനു പിന്നിൽ മുറുകുമ്പോൾ അവളുടെ  നിറഞ്ഞ മിഴികൾ തിരഞ്ഞത് അജുവിനെ ആയിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ അവളുടെ നോട്ടം അരിച്ചരിച്ചു  വരുന്നത് കണ്ടു  മുന്നിൽ നിന്ന ആളിന്റെ മറവിലേക്ക് അജു മറഞ്ഞു നിന്നു. എന്തിനെന്നറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.  പുറം കൈ കൊണ്ട് അമർത്തി തുടച്ചിട്ട് അവൻ തിരിഞ്ഞു നടന്നു. ആരൊക്കെയോ പേര് ചൊല്ലി വിളിക്കുന്നത് കേട്ടില്ലെന്നു നടിച്ചു. തിരക്കിനിടയിൽ ആരോ വന്നു മാളുവമ്മയുടെ കാതിൽ പറഞ്ഞു. 

"കുട്ടൻ വന്നിട്ടുണ്ടായിരുന്നു. മാളു ഏടത്തി കണ്ടില്ലേ..."

മാളുവമ്മ ചുറ്റിനും അജുവിനെ തിരഞ്ഞെങ്കിലും എവിടെയും അവനെ കണ്ടില്ല. അവർ വിജയൻ നായരോട് ചെന്നു വിവരം പറഞ്ഞു. 

"ഇവിടെങ്ങും അവനെ  കാണുന്നില്ല വിജയാ.  മൊത്തം നോക്കി ഞാൻ. എനിക്ക് വീട്ടിലേക്ക്  പോണം."

"ചിന്നുവിനെ യാത്ര അയച്ചിട്ട് പോയാൽ പോരെ ഓപ്പോളേ?"

"പറ്റില്ല. ചെറുക്കൻ വീട്ടിൽ  എത്തിയോന്ന്  അറിയണം... എനിക്കൊരു സമാധാനവും  ഇല്ലടാ."

അവരുടെ പരവേശം  കണ്ടിട്ട് വിജയൻ നായർ പിന്നെ തടഞ്ഞില്ല.  മാളുവമ്മ വീട്ടിലേക്കു പാഞ്ഞു. ചെല്ലുമ്പോൾ പൂമുഖ വരാന്തയിൽ തൂണ് ചാരി അജു ഇരിക്കുന്നത് കണ്ടു. അപ്പോഴാണ് അവരുടെ ശ്വാസം നേരെ വീണത്. 

"നീ അമ്പലത്തിൽ വന്നിരുന്നു. അല്ലേ?"

"അവളുടെ കല്യാണം ഒന്ന് കാണണംന്ന് ഉണ്ടായിരുന്നു. അതാ വന്നെ. കണ്ടു. മനസ് നിറഞ്ഞു. നല്ല ചെക്കൻ.  അവൾക്കു ചേരുന്നുണ്ട് അല്ലേ അമ്മേ?" അവനെ ഒന്ന് നോക്കിയിട്ട് മാളുവമ്മ പടികയറി വന്നു:

"നീ എന്തെങ്കിലും കഴിച്ചാരുന്നോ മോനെ?"

"ഇല്ല"

"നീ വാ. അമ്മ എന്തെങ്കിലും വച്ചുണ്ടാക്കി തരാം." 

വാതിൽ തുറന്നു അമ്മ അകത്തേക്ക് പോകുന്നത് അജു നോക്കിയിരുന്നു. അപ്പോൾ ഗൗരി  വിളിച്ചു. കല്യാണത്തിന്റെ വിശേഷങ്ങളെ കുറിച്ച് ചോദിച്ചു. അജു മടങ്ങിയത് പിറ്റേന്ന് രാവിലെയാണ്. ട്രെയിനിൽ കയറുമ്പോൾ ഗൗരി  വിളിച്ചു കുറച്ചു നേരം കുശലം പറഞ്ഞിട്ട് വച്ചു. 

എറണാകുളം  എത്തിയപ്പോൾ വീണ്ടും ഫോൺ വന്നു. കോളേജിൽ സമരം വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞു. വീട്ടിൽ എത്തിയിട്ട് വീണ്ടും വിളിച്ചു  പിന്നെ അവൾ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക്  ഫോൺ കട്ടായി. അതിൽ അസ്വാഭാവികതയായിട്ടൊന്നും  അജുവിന് തോന്നിയില്ല. 

തിരുവനന്തപുരത്ത് എത്തിയിട്ട് ഒരു ബേക്കറിയിൽ കയറി ജ്യൂസ് കുടിക്കുമ്പോൾ അജു ഗൗരിയുടെ  ഫോണിലേക്ക് വിളിച്ചു നോക്കി. രണ്ടു പ്രാവശ്യം ബെല്ലടിച്ചു നിന്നു. ഒരു ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചു. വഴിയ്ക്ക് വച്ചു ശ്രീജിത്തിന്റെ ഫോൺ വന്നു. 

"നീ എവിടാ അജു? "

"ഓട്ടോയിലാടാ. വീട്ടിലേക്ക് വരുവാ."

"നീ ഗൗരിയുടെ വീട്ടിലേക്കു വാ." അജു അമ്പരന്നു പോയി. 

"എന്തിന്..... അവിടെന്താ? "

"നീ ഇങ്ങോട്ട് വാടാ..."

ശ്രീജിത്ത് ഫോൺ വച്ചു കഴിഞ്ഞു.  ഒരു പിടി കനൽ ആരോ വാരിയിട്ടത് പോലെ  അവന്റെ നെഞ്ച് പുകയാൻ തുടങ്ങി. ഗൗരിയുടെ വീടിനടുത്തുള്ള വളവ് തിരിഞ്ഞപ്പോൾ അവളുടെ  വീടിന്  മുന്നിൽ  വൻജനക്കൂട്ടം  കണ്ടു.  

അജുവിന് എന്തോ പന്തികേട് തോന്നി. അവന്റെ ഹൃദയമിടിപ്പ്   പെരുമ്പറ പോലെ ഉയർന്നു. ആൾ തിരക്ക് മൂലം മുന്നോട്ടു പോവാൻ  കഴിയാതെ ഡ്രൈവർ വണ്ടി നിർത്തി.  വേപഥുവോടെ അവൻ ഓട്ടോയിൽ നിന്നും പുറത്തേക്കിറങ്ങി.

(തുടരും)


ഭാഗം - 21   

"കയ്യിലെ മുറിവ്  അമ്മ കണ്ടിരുന്നോ അജുവേട്ടാ. അമ്മ എന്ത് പറഞ്ഞു?"   കുറച്ചു ചിപ്സ് ഒരു പ്ളേറ്റിലേക്കെടുത്തു ഗൗരി ഹാളിലേക്ക് വന്നു.  
"ഇല്ല മോളേ.  ഞാനത്  അമ്മയെ കാണിച്ചില്ല. റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ഫ്രഷായിട്ട് നേരെ അമ്പലത്തിലേയ്ക്ക് പോകുവായിരുന്നു.  കണ്ടാൽ പിന്നെ കരയാൻ തുടങ്ങും. വെറുതെയെന്തിനാ...."   

"പാവം അമ്മ...."   ടീവിയിൽ ഒരു പാട്ട് ചാനൽ വോളിയം കുറച്ചു വച്ചിട്ട് അവൾ സെറ്റിയിൽ ചാരി കിടന്നു.   

"മണിക്കുട്ടി എന്ത് പറയുന്നു?" 
"മണിക്കുട്ടി നിന്നെ തിരക്കി..." 
"ചുമ്മാ..."   
"സത്യം. നിന്നെ ചോദിച്ചു. ഞാൻ പറഞ്ഞു ഉടനെ കൊണ്ട് വരുമെന്ന്."   
"കാണട്ടെ ഞാൻ പറയുന്നുണ്ട്. ചെറുക്കൻ മനസ്സ് കാണിക്കാഞ്ഞത് കൊണ്ടാ വരാൻ വൈകിയേന്ന്..."   
"മനസ്സില്ലാഞ്ഞിട്ടല്ലല്ലോ. സാഹചര്യം ശരിയല്ലാഞ്ഞിട്ടല്ലേ...? "   
"എന്ത് സാഹചര്യം. അതൊക്കെ നമ്മൾ വിചാരിക്കുന്നതല്ലേ...."   
"അങ്ങനെയല്ലടി ഇപ്പോഴത്തെ ഒരു ആമ്പിയൻസായിരിക്കില്ല കെട്ടി കഴിഞ്ഞാൽ..."   
"അതെന്താ പുതുമ? "   
"ഞാൻ നിന്നെ കെട്ടിയാൽ പിറ്റേ വർഷം മുതൽ  നമുക്ക് കുട്ടികളായി തുടങ്ങും. ഞാൻ ഒറ്റ മോനാ. ഒരു അനുജനോ അനുജത്തിയോ കൂടി  ഉണ്ടായിരുന്നെങ്കിലെന്ന്   കുറേ കൊതിച്ചിട്ടുണ്ട്. എന്റെ കുട്ടിക്ക് അങ്ങനൊരു ഫീൽ  ഒരിക്കലും തോന്നരുത്. ഒരഞ്ചു കുട്ടികളെങ്കിലും നമുക്ക്  വേണം. വീട് നിറയെ മക്കളിങ്ങനെ ഓടി കളിക്കണം.  ഇവരെല്ലാം കൂടി ഇങ്ങോട്ട് വന്നാൽ പിന്നെ  ഒടുക്കത്തെ  ചിലവായിരിക്കും. പിള്ളേരെ വളർത്തണം. പഠിപ്പിക്കണം അങ്ങനെയങ്ങനെ.  ഇപ്പോഴത്തെ എന്റെയൊരു  സാമ്പത്തിക പ്രശ്നമൊക്കെ  ഒതുക്കി വച്ചിട്ട്  കെട്ടിയാൽ പിന്നേ സമാധാനമായിട്ട്  ഇരിക്കാൻ  പറ്റും. ഇല്ലെങ്കിലേ  ഞാൻ  ഒറ്റയ്ക്ക് മൂക്കും കുത്തി വീഴും. നീ പിന്നേ ജോലിക്കൊന്നും  പോവില്ലല്ലോ. കെട്ടിന്റെ പിറ്റേന്ന്  പഠിത്തം നിർത്തുവാണെന്നല്ലേ പറഞ്ഞേക്കുന്നേ..."   
"അതൊക്കെ  അത്രേയുള്ളൂ..."   
"അപ്പോൾ പിന്നെ ഞാൻ ഒറ്റയ്ക്ക് തുഴയേണ്ടി വരത്തില്ലേ... ലൈഫ് നല്ല സ്മൂത്തായി പോകണമെങ്കിൽ നമ്മൾ കുറച്ചൊക്കെ  പ്ലാൻ   ചെയ്തു  കൊണ്ട്  പോകണം. അല്ലാതെ ആവേശത്തിന്  എടുത്തു ചാടിയാലെ  നടുവൊടിയും..."   
"അതല്ല... ഇടയ്ക്കെന്തോ  ഒരു കാര്യം പറഞ്ഞാരുന്നല്ലോ. കെട്ടി പിറ്റേ വർഷം കുട്ടികളോ?"   
"എന്താ  കുട്ടികൾ വേണ്ടേ? "   
"വേണം... പക്ഷെ അതൊക്കെ പതിയെ മതി. ഞാൻ ഒന്നുമറിയാത്ത കുഞ്ഞാണെന്നാ എന്റമ്മ പറയുന്നേ. ഒക്കെ ഒന്ന് പഠിച്ചു വരണ്ടേ..."   
"അതമ്മ  പറയുന്നതല്ലേ... കുഞ്ഞൊന്നുമല്ലെന്ന്   എനിക്ക് മാത്രമല്ലേ   അറിയൂ..."   അജു പൊട്ടിച്ചിരിച്ചു.   
"ഓ വല്യ തമാശ..."   
"എന്താ കഴിക്കുന്നേ? "   
"ചിപ്സ് "   
"എടി ദുഷ്ടേ.... എന്നിട്ട് എനിക്ക് വേണമെന്ന് ചോദിച്ചോ..."   
"ചോദിക്കണമായിരുന്നോ? "   
"സ്നേഹമുള്ളവർ അങ്ങനെയാ. "   
"സ്നേഹത്തോടെ ഞാനൊരു ഉമ്മ തന്നാലും മതിയോ?"   
പ്രധാന വാതിലിൽ ഒരു നിഴൽ അനങ്ങുന്നതറിഞ്ഞു ഗൗരി മുഖം തിരിച്ചു നോക്കി.   വാതിലിൽ അവളെ നോക്കി നിൽക്കുന്ന തമ്പി.  അവൾ  ഞെട്ടിപിടഞ്ഞെണീറ്റു. ഒപ്പം ഫോൺ ഓഫ് ചെയ്തു.   

"ആർക്കിട്ടാടി നിനക്ക് ഉമ്മ വയ്ക്കേണ്ടേ... നിന്റെ മറ്റവനോ?"   വാതിലിൽ പിടിച്ചു നിന്ന് അയാൾ ചോദിച്ചു. ഗൗരിയുടെ  മുഖത്തു വെറുപ്പ് നിറഞ്ഞു.  ഒരു നികൃഷ്ട ജീവി എന്ന പോലെ അവളയാളെ  നോക്കി.   

"ആരായാൽ നിങ്ങൾക്കെന്താ?'

"കണ്ട അവന്മാരുടെ മുന്നിൽ ചെന്നു മലർന്നു കിടന്നു കൊടുക്കാൻ നിനക്കൊരു ഉളുപ്പുമില്ലല്ലോടി... ഞാനൊന്ന് തൊട്ടാൽ മാത്രം നിനക്ക്  ഉരുക്കം. അല്ലേ..."   
"ഞാൻ എനിക്കിഷ്ടമുള്ളവരുടെ കൂടെ  കിടക്കും. അതെന്റെ മിടുക്കാ. അതൊന്നും നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമെനിക്കില്ല..."   അവൾ വീറോടെ പറഞ്ഞു.    "പിന്നാരെയാടി  ബോധിപ്പിക്കേണ്ടേ, നിന്റെ ചത്തുപോയ തന്തയേയോ?"   

അതോടെ ഗൗരിയുടെ നിയന്ത്രണം വിട്ടു.  അവൾക്ക് അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു അവളുടെ അച്ഛൻ.   
"എന്റച്ഛനെ പറയരുത്?"   വിരൽ ചൂണ്ടി അവൾ താക്കീത് കൊടുത്തു.   
"പറഞ്ഞാൽ നീയെന്നെ എന്തു ചെയ്യുമെടി...?"   വാതിൽ പിന്നിലേക്ക് ചവിട്ടി അടച്ചു അയാൾ മുന്നോട്ടു വന്നു.    ഭയമായിരുന്നില്ല.  ദേഷ്യവും വാശിയുമായിരുന്നു അവൾക്ക്.   നിയന്ത്രണാതീതമായി  ഒച്ച ഉയരുകയും ചെയ്തു.   
"എന്റച്ഛനെ പറയാൻ എന്ത് യോഗ്യതയാടോ തനിക്കുള്ളേ...  ഇതെന്റെ വീടാണ്. എന്റെ അച്ഛൻ വാങ്ങിയ വീട്. ഈ വീട്ടിൽ വലിഞ്ഞു  കേറി കിടന്നു താനെന്നെ ഭരിക്കാൻ വരരുത്... വന്നാൽ ഇനി താൻ വിവരമറിയും... ഇത്രയും നാളും തന്നെ ഭയന്ന്  കഴിഞ്ഞു. ഇനി എനിക്കതിന്റെ ആവശ്യമില്ല. മര്യാദയ്ക്കല്ലെങ്കിൽ  അടിച്ചു തന്നെ ഞാൻ വെളിയിലിറക്കും..."   

"ഫാ കൂത്തിച്ചി  മോളേ.... എന്റെ നേരെ നിന്ന് നീ കുരക്കാറായല്ലേടി...?"    ആക്രോശിച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു വന്നു.  അയാൾ അവളുടെ ഇടതു കവിളടച്ച് ഒന്ന് കൊടുത്തു.    പടക്കം പൊട്ടുന്ന ഒച്ചയിൽ.    കവിൾത്തടം തകർന്നത് പോലെ അവൾ  പൊത്തിപിടിച്ചു.  വേദനിച്ചെങ്കിലും കരഞ്ഞില്ല.  പക്ഷെ ഇടതു കണ്ണിൽ നിന്ന് മാത്രം കണ്ണീർ കവിളിലേക്ക് ഒഴുകിയിറങ്ങി.   
"ഒരുത്തനെ നീയെന്റെ മുന്നിൽ ഇറക്കി  നിർത്തിയിട്ട്  അവന്റൊപ്പം പോയി  സുഖമായി ജീവിക്കാമെന്ന്  കരുതി. അല്ലേടി... ആ നാറിയെ കണ്ടോണ്ടല്ലേടി നീയീ തുള്ളി ഉറയുന്നേ...  എങ്കിൽ നീ കേട്ടോ, ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും  അവന്റെ കൂടെ സ്വസ്ഥമായി   കഴിയമെന്ന് നീ കരുതണ്ട. ഒരു കുത്ത് ഞാൻ കുത്തിയിട്ടുണ്ട് അവന്റെ കയ്യില്. ഇനി കത്തി ഇറക്കാൻ  പോകുന്നത്  അവന്റെ ചങ്കിലാ... അവൻ ചത്തു മലച്ചു കിടക്കുന്നത് നീ കാണും... നിന്നേ ഞാൻ കാണിക്കും... നോക്കിക്കോ..."   

അവൾ പകപ്പോടെ  നോക്കി. അജുവിനെ കുത്തിയത് തമ്പിയാണെന്ന്  അവളറിയുന്നത്  തന്നെ അപ്പോഴായിരുന്നു. ദേഷ്യവും വാശിയും സങ്കടവുമെല്ലാം കൂടി അവളെ അപ്പോൾ മറ്റൊരാളാക്കി മാറ്റി.    അവളുടെ കണ്ണുകൾ പകയോടെ ചുറ്റും തിരിഞ്ഞു.    അടുത്ത് കണ്ട വലിയ  ഫ്ലവർ വെയ്സ്  ചാടി എടുത്തു  അലറി കൊണ്ട് അയാളുടെ  തലയ്ക്ക് നേരെ  ആഞ്ഞു വീശി.     അടിയിൽ നിന്നു ഒഴിഞ്ഞു മാറി അയാൾ ഫ്ലവർവെയിസിൽ  പിടിത്തമിട്ടു.    ഭ്രാന്ത് പിടിച്ചത് പോലെ അവൾ അയാളെ നേരിട്ടു.    വലതു കൈത്തലം വിടർത്തി ഗൗരിയുടെ  വായും മൂക്കും ഉൾപ്പtടെ പൊത്തിപിടിച്ചു പിന്നിലേക്ക് തള്ളി കൊണ്ടു പോയി ഭിത്തിയിലേക്ക് ശക്തിയിൽ ഇടിച്ചു.   ഗൗരിയുടെ  നിലവിളി അയാളുടെ തടിച്ച കൈപ്പത്തിക്കുള്ളിൽ അമർന്നു പോയി.    തല പൊട്ടിപിളർന്നതുപോലെ തലയുടെ പിൻഭാഗം പൊത്തിപിടിച്ചു അവൾ നിലത്തേക്കിരുന്നു.     

"കുറച്ചു നാളായി ഞാൻ ഓങ്ങി വച്ചിരിക്കുവാടീ... ഇന്ന്   നിന്നെ രക്ഷിക്കാൻ ആരാ  വരുന്നതെന്ന്  ഞാനൊന്ന്  കാണട്ടെ...."   ഭിത്തിയിൽ പിടിച്ചു ഗൗരി പതിയെ എണീറ്റു.    അയാളുടെ നീക്കം പന്തിയല്ലെന്ന് മനസ്സിലായതോടെ അയാളെ ഉന്തി മാറ്റി അവൾ മുകളിലേക്കോടി.  പിന്നാലെ എത്തി  കാലുയർത്തി അവളുടെ  നടുവിൽ തമ്പി ചവിട്ടി.  അടിതെറ്റി ഗൗരി സ്റ്റെയർകേസിൽ  തല്ലിയലച്ചു  വീണു.    മുഖം ശക്തിയിൽ പടിയിൽ  ചെന്നിടിച്ചു.    മുഖം പൊത്തിപിടിച്ചു ഗൗരി  കരഞ്ഞു.    അവളുടെ  കാലിൽ പിടിച്ച് പടികളിലൂടെ അയാൾ താഴേക്കു വലിച്ചു കൊണ്ട് വന്നു.    മാർബിൾ പതിച്ച നിലത്ത് ഗൗരി അവശയായി കിടക്കുന്നത് കണ്ടു തമ്പി   ശബ്ദമില്ലാതെ ചിരിച്ചു.   അതൊരു ചെകുത്താന്റെ ചിരി പോലെ അവൾക്ക് തോന്നി. തന്നെ അയാൾ കൊല്ലാൻ പോവുകയാണെന്നും.    നിലത്തു കൈ കുത്തി അവൾ  എണീൽക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ താഴേക്കു തന്നെ വീണുപോയി.    കാഴ്ച മങ്ങുന്നതായും ബോധം നഷ്ടപ്പെടുന്നപോലെയും അവൾക്ക്  തോന്നി.    ശിരസ്സിന്റെ ഉൾഭാഗം കഴച്ചു പൊട്ടുന്ന പോലെ.    തമ്പി അവളുടെ  മുന്നിൽ മുട്ടുകുത്തിയിരുന്നു.   

"എവിടെ പോയടി നിന്റെ വീറും വാശിയുമൊക്കെ... നീയെന്താ പറഞ്ഞേ നിന്റച്ഛന്റെ വീടാണ് ഇതെന്നോ. എങ്കിലീ  വീട്ടിലിട്ടു നിന്നെ ഞാൻ അനുഭവിക്കാൻ പോകുവാ... ചത്തുപോയ നിന്റെ തന്തയാണോ... അതൊ നിന്നെ കെട്ടാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ആ തെണ്ടിയാണോ  രക്ഷിക്കാൻ വരുന്നതെന്ന്  എനിക്കൊന്ന് കാണണം....."   

അയാൾ അവളുടെ മേലേയ്ക് ചാഞ്ഞു.  ഗൗരിയുടെ മുഖം മദ്യ ഗന്ധത്താൽ പൊതിഞ്ഞു.  അവസാനശ്രമം പോലെ അവളൊന്ന്  അലറി കരഞ്ഞു.    ആ  സമയത്താണ്  വാതിൽ തള്ളി തുറന്നു നിർമല അകത്തേക്ക്  കയറി വന്നത്.  ഹാളിലെ കാഴ്ച കണ്ടു ഒരു നിമിഷം അവർ  ഞെട്ടി വിറങ്ങലിച്ചു നിന്നു.    നിമിഷനേരം കൊണ്ട്  സമചിത്തത വീണ്ടെടുത്തു  അവർ  മുന്നോട്ടു പാഞ്ഞു ചെന്നു കയ്യിലെ ബാഗ് വീശി തമ്പിയുടെ മുതുകിൽ ആഞ്ഞു പ്രഹരിച്ചു.    ഞെട്ടി പിടഞ്ഞു തമ്പി എണീറ്റു.    നിലത്തു നിന്നും ഗൗരിയെ  നിർമല വാരിയെടുത്തു.    ദേഷ്യം കൊണ്ട് അവർ  അടിമുടി വിറച്ചു.   

"ഇറങ്ങി പോടാ പട്ടീ പുറത്ത് .... നീയെന്റെ കുഞ്ഞിനെ.... !"   അലറി കൊണ്ട്  അവരയാളെ പുറത്തേക്കു പിടിച്ചു തള്ളി.    "ഇറങ്ങടാ... ഇറങ്ങടാ നാണം കെട്ടവനെ. ഇനിയൊരൊറ്റ  നിമിഷം നീയിവിടെ നിൽക്കരുത്... നീയിത്ര വൃത്തികെട്ടവനാണെന്ന് ഞാനറിഞ്ഞില്ല... "   ഭ്രാന്ത് പിടിച്ചത്  പോലെ ആക്രോശിച്ചു കൊണ്ട് തമ്പിയെ അവർ  പുറത്തേക്കു തള്ളികൊണ്ട് പോയി.    വാതിലിൽ എത്തും മുന്നേ  തമ്പി അവരുടെ കഴുത്തിൽ കുത്തി പിടിച്ചു.   

"നീയെന്നെ ഇറക്കി വിടാറായോടി കഴുവർട മോളേ... "   മുന്നോട്ട് തള്ളി ഭിത്തിയിലേക്ക് അവരുടെ കഴുത്ത് ചേർത്തമർത്തി. ശ്വാസം കിട്ടാതെ നിർമല പിടഞ്ഞു.  പുളഞ്ഞു.   

"വിട്...  എന്റമ്മയെ വിടാൻ..."   പിന്നിലെത്തി ഗൗരി അയാളുടെ മുതുകിൽ ആഞ്ഞടിച്ചു.  അവളെ   അയാൾ തള്ളിയെറിഞ്ഞു.   

"നിനക്കെന്നെ ഇവിടുന്നു തല്ലിയിറക്കണം  അല്ലേടി... "   പല്ല് ഞെരിച്ചു കൊണ്ട് അയാൾ അവരുടെ മുടിക്ക് കുത്തിപ്പിടിച്ചു മുന്നോട്ടു ഉന്തിക്കൊണ്ടു പോയി.    വേദനിക്കുന്നുണ്ടെങ്കിലും നിർമല വീറോടെ  കുതറി:   " വിടടാ... പട്ടീ ! നിന്നെ ഞാൻ വെറുതെ വിടില്ലടാ...... നീ നോക്കിക്കോ. നിന്നെ ഞാൻ ഇരുമ്പഴി എണ്ണിക്കും." 

മുടിക്ക്  പിന്നിൽ കുത്തിപിടിച്ചു  ഡൈനിങ് ടേബിളിന്റെ മുകളിലേക്ക്  അവരുടെ മുഖം ശക്തിയായി അയാളിടിച്ചു.    നിർമല കരഞ്ഞു  പോയി.    അത് കണ്ടു ഭീതിയോടെ  ഗൗരി ഓടി വന്നു :   

"എന്റമ്മയെ ഒന്നും ചെയ്യല്ലേ..."  അവളെ വീണ്ടും ഉന്തിയെറിഞ്ഞ്   നിർമ്മലയുടെ മുടിക്ക് പിടിച്ചുയർത്തി കവിളടച്ചു ഒന്ന് പൊട്ടിച്ചു.   അടികൊണ്ടു അവർ  കറങ്ങി ചെന്നു വീണത് അടുക്കളയിലേക്കുള്ള ഇടനാഴിയിലാണ്.    വീഴുന്ന ഒച്ചയും നിലവിളിയും ഗൗരി  കേട്ടു.   നിലത്ത് നിന്നും കൈ കുത്തി എണീറ്റ് അവൾ  കരഞ്ഞു കൊണ്ട്  അമ്മയുടെ  അടുത്തേക്ക് ഓടി.    തമ്പി പിന്നാലെ ചെന്നു അവളുടെ കയ്യിൽ  പിടിച്ചു ഹാളിലേക്ക് വലിച്ചെറിഞ്ഞു.   

"നിനക്കെന്നെ കമ്പിയഴി എണ്ണിക്കണം അല്ലേടി..."   സമനില തെറ്റിയവനെ പോലെ അലറി കൊണ്ട് അയാൾ നിർമ്മലയുടെ വയറ്റിൽ കാലുയർത്തി ചവിട്ടി.    "വിളിക്കടി... നിന്റെ മറ്റവന്മാരെയൊക്കെ വിളിക്ക്. ഏതവനാ എന്നെ ഒണ്ടാക്കുന്നതെന്ന്  എനിക്കൊന്ന്  കാണണം... വിളിക്ക്... വിളിക്കടീ...." അയാളുടെ ഓരോ ചവിട്ടിലും വയറു പൊത്തിപിടിച്ചു നിർമല കരഞ്ഞു.    ഗൗരി ഒരു രക്ഷക്കായി ചുറ്റും പരതി.  ആ  വലിയ ഫ്ലവർവെയ്സ്  അടുത്തായി   ചരിഞ്ഞു കിടക്കുന്നത് കണ്ടു . അതിലെ പൂക്കൾ ചുറ്റും ചിതറി വീണു കിടന്നിരുന്നു.     ഫ്ലവർ വെയ്സ് ഉയർത്തി മുന്നോട്ട് പാഞ്ഞു ചെന്ന് അയാളുടെ തലയിൽ ആഞ്ഞടിച്ചു.    അത് ഉടഞ്ഞു  പാളികളായ് ചുറ്റും തെറിച്ചു.    തല പൊത്തി പിടിച്ച്  അയാൾ തിരിഞ്ഞു നോക്കി.    പല്ല് ഞെരിച്ച് അയാൾ മുന്നോട്ട് വരുന്നത് കണ്ടു ഗൗരി ഭയന്നു പിന്നിലേക്ക് നീങ്ങി.    ഭിത്തിയിൽ പിടിച്ചു നിർമല  പതിയെ എണീറ്റു നിന്നു .    അപ്പോൾ ഹാളിൽ നിന്നും ഗൗരിയുടെ കരച്ചിൽ കേട്ടു.    അവശത മറന്നു ഒരായുധത്തിനായ്  അവർ  ചുറ്റിനും മിഴി പായിച്ചു.   കണ്ണിൽ പെട്ടത് ഇറച്ചി നുറുക്കാൻ ഉപയോഗിക്കുന്ന വലിയ കത്തിയാണ്.    ഒരു കുതിപ്പിന് കത്തി കയ്യിലെടുത്ത് ഹാളിലേക്ക് വന്നു.    ഗൗരിയെ നിലത്തിട്ട് ചവിട്ടി മെതിക്കുന്ന തമ്പിയുടെ  കഴുത്തു നോക്കി ആഞ്ഞു വെട്ടി.   രക്തം ചീറ്റി തെറിച്ചു.   ഒപ്പം തമ്പിയുടെ അലർച്ച മുഴങ്ങി.   കഴുത്തിൽ പൊത്തിപിടിച്ചു അയാൾ തിരിഞ്ഞു.    അപ്പോൾ അടുത്ത വെട്ട് നെഞ്ചിൽ വീണു.    പച്ചമാംസത്തിലേക്ക് കത്തി പൂളിയിറങ്ങുന്ന ഒച്ച അയാളുടെ നിലവിളിയിൽ മുങ്ങിപ്പോയി.    കിടുങ്ങി വിറച്ചു ഗൗരി എണീറ്റു.   

"അമ്മാ..."   അവൾ ഭയന്നു ഉറക്കെ നിലവിളിച്ചു.    മകളുടെ  ഒച്ച നിർമല  കേട്ടില്ല.   തമ്പിയെ കൊല്ലണം എന്ന ചിന്ത ആവേശമായി അവരിൽ  നിറഞ്ഞു കഴിഞ്ഞു.    തമ്പി  പ്രാണഭയത്തോടെ രക്ഷപെടാൻ ശ്രമിച്ചു.    പിന്നാലെയെത്തി നിർമല  വീണ്ടും വെട്ടി.    അയാൾ  പ്രധാന വാതിലിന്  സമീപം ഹാളിലേക്ക് കമഴ്ന്നിടിച്ചു വീണു.    അയാളുടെ മുതുകിലെ മാംസം പാളികളായി നിർമലയുടെ  ഓരോ വെട്ടിലും ചിതറി തെറിക്കുന്നു.   അത് കാണാൻ ശേഷിയില്ലാതെ  മുഖം പൊത്തിപിടിച്ച്   നിലവിളിച്ചു കൊണ്ട് ഗൗരി നിലത്തേക്ക് തളർന്നിരുന്നു.   

വീടിനുള്ളിൽ നിന്നും നിലവിളിയും അലർച്ചയും കേട്ട് ആരൊക്കെയോ ഓടി പാഞ്ഞെത്തി.   വാതിലിലൂടെ അകത്തേക്ക് നോക്കി.    അകത്തെ കാഴ്ച കണ്ടു ഞെട്ടി വിറച്ചു ആരൊക്കെയോ തിരിഞ്ഞോടി.    നിമിഷനേരം കൊണ്ടാണ്  വീടിന് മുന്നിൽ  ആളുകൾ നിറഞ്ഞത്.    കേട്ടറിഞ്ഞു വീണ്ടും വീണ്ടും ജനക്കൂട്ടം അവിടേക്ക് ഒഴുകി വന്നു.   ആളുകളെ വകഞ്ഞു മാറ്റി അജു  കയറി വരുന്നത് കണ്ടു ശ്രീജിത്ത്  സിറ്റൗട്ടിൽ  നിന്നും ഇറങ്ങി ചെന്നു.   

"ഗൗരി...?"   അവനെ കണ്ടു അജു ആദ്യം ചോദിച്ചത് അതാണ്.   
"അടുക്കള സൈഡിൽ ഇരിപ്പുണ്ട്. നീയിപ്പോ അകത്തേക്ക് പോവണ്ട അജു.... ഹാളിലൊരു വല്ലാത്ത കാഴ്ചയാ. ആന്റി അയാളെ വെട്ടിപറിച്ചു കളഞ്ഞു.  പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്  ഇപ്പോ എത്തും."   അജുവിന്റെ നെഞ്ചു വിങ്ങി.   
"എനിക്കവരെയൊന്ന്   കാണണം ശ്രീ..."   ശ്രീജിത്തിനെ തള്ളി മാറ്റി അജു മുന്നോട്ടു നടന്നു.   
"അജു... " എന്നു വിളിച്ചു ശ്രീജിത്ത് പിന്നാലെ ചെന്നു.    ഹാളിനുള്ളിൽ കമഴ്ന്നു കിടക്കുന്ന തമ്പിയെ ഒരിക്കൽ മാത്രേ അജു നോക്കിയുള്ളൂ. തിടുക്കത്തിൽ നോട്ടം മാറ്റിക്കളഞ്ഞു.  അത്ര ഭീകരമായിരുന്നു ആ കാഴ്ച.    ഇടറുന്ന കാലടികളോടെ രക്തത്തുള്ളികൾ വീണുകിടക്കുന്ന വഴിയിലൂടെ  അടുക്കളഭാഗത്തേക്ക്  അവൻ  ചെന്നു.   അടുക്കളയിലേക്കുള്ള  പാസ്സേജിന്റെ ഒരു മൂലയിൽ  മടിയിൽ ഗൗരിയെ ചേർത്ത് പിടിച്ചു നിർമല കൂനി കൂടി ഇരിക്കുന്നു.    അവരെ  ചുറ്റി പിടിച്ചു  അവരുടെ വയറിലേക്ക് മുഖം പൂഴ്ത്തി വച്ചു ഗൗരി ചുരുണ്ടു കിടക്കുന്നു.    അജു തകർന്നു പോയി.    അവൻ  അവരുടെ അടുത്തായി  മുട്ടുകുത്തിയിരുന്നു. നിർമലയുടെ  കൈകളിൽ തൊട്ടു.  ദീനമായി വിളിച്ചു. 

"ആന്റി..."   നിർമല മുഖമുയർത്തി  പരിചിതമല്ലാത്തത്  പോലെ അജുവിനെ  നോക്കി.   മറ്റാരുടെയോ മുഖം പോലെ അവന്  തോന്നിച്ചു.    കവിൾ തടം ഇടതു താടിയോട് ചേർന്ന്  നീര് വച്ചിട്ടുണ്ട്.    നെറ്റിയിൽ കരുവാളിച്ച ക്ഷതം.    കൺതടങ്ങൾ കറുത്ത് കിടക്കുന്നു.    ഇടയ്ക്കിടെ അവരുടെ  പ്രജ്ഞ മറിഞ്ഞു പോകുന്നുണ്ടെന്നു തോന്നി.   അവനെ മനസിലായത് പോലെ പെട്ടന്നവർ പൊട്ടിക്കരഞ്ഞു കൊണ്ട് ഗൗരിയെ ഒന്നൂടെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു.    അജു നിറകണ്ണുകളോടെ മുഖം ഉയർത്തി ശ്രീയെ നോക്കി.    അപ്പോഴേക്കും പുറത്തു പോലീസ് വാഹനവും പിന്നാലെ ആംബുലൻസും എത്തി കഴിഞ്ഞിരുന്നു.  വനിതപോലീസ്  നിർമലയെ പിടിച്ചുയർത്തിയപ്പോൾ അജു ഗൗരിയെ നെഞ്ചിലേക്ക് വാരി പിടിച്ചു.    പോലീസ് ഉദ്യോഗസ്ഥർ  നിർമലയുടെ കയ്യിൽ വിലങ്ങണിയിച്ചു.    ഗൗരി കുതറി കരഞ്ഞു കൊണ്ട് അമ്മയെ വീണ്ടും കെട്ടിപിടിച്ചു.    വിലങ്ങണിയിച്ച കൈകൾ കൊണ്ട് അവർ മകളെ തഴുകി.    പിന്നെ നിറ കണ്ണുകളോടെ അജുവിനെ നോക്കി.   

"എന്റെ  പൊന്നു മോളേ  സുരക്ഷിതമായി  ഏല്പിച്ചു പോകാൻ എനിക്ക്  നീയല്ലാതെ ആരുമില്ല അജു. അറിയാം നീയിവളെ പൊന്നുപോലെ നോക്കുമെന്ന്. ഈ അമ്മയ്ക്ക് ആ ഒരു സമാധാനം മാത്രേ ഉള്ളൂ.... "   അവർ ഗൗരിയെ നെഞ്ചിൽ നിന്നും അടർത്തി അവന്റെ  നേരെ നീട്ടി.    "ഇല്ല.... ഇല്ല....... എന്റ  അമ്മാ....."  പൊട്ടിക്കരഞ്ഞു കൊണ്ട് ഗൗരി അവരെ വീണ്ടും കെട്ടി പുണർന്നു.    പോലീസ് അവളെ ബലമായി പിടിച്ചു മാറ്റി.     അജു അവളെ അടക്കി  പിടിച്ചു.    പോലീസ് നിർമലയെ  പുറത്തേക്ക് കൊണ്ട്  വരുമ്പോൾ തമ്പിയുടെ ശരീരം ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു.    ജീപ്പ് ഗേറ്റ് കടന്നു  പോകുമ്പോൾ നിർമല പിന്നിലിരുന്നു  കണ്ണീരോടെ അജുവിനെയും ഗൗരിയേയും നോക്കി വിതുമ്പി.  സാരി തലപ്പുയർത്തി അവർ മുഖം പൊത്തിപിടിച്ചു.    അമ്മയെ നോക്കി ഗൗരി  നിയന്ത്രണം വിട്ടു  കരഞ്ഞു.  സങ്കടത്തോടെ അജു അവളെ  നെഞ്ചിലേക്ക്  അണച്ചു പിടിച്ചു. എന്നെന്നേക്കും  സുരക്ഷിതമായി...!                 

(അവസാനിച്ചു.)

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter