ഭാഗം - 9
കുളികഴിഞ്ഞു നിലകണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഒരുങ്ങുകയായിരുന്നു രമ്യ. കുട്ടേട്ടൻ വന്നതറിഞ്ഞ് കല്യാണകാര്യം സംസാരിക്കാൻ വടക്കേപ്പാട്ട് പോയിരിക്കുകയാണ് അച്ഛനും അമ്മയും. അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ സ്വപ്നം യാഥാർഥ്യമാകുവാൻ പോകുന്നു.
ഇടയ്ക്ക് കുട്ടേട്ടൻ മുഖം കറുപ്പിച്ചു നടന്നപ്പോഴും അമ്മായി തന്ന ഉറപ്പായിരുന്നു ആകെയുള്ള പ്രതീക്ഷ. കുട്ടന്റെ പെണ്ണായി വടക്കേപ്പാട്ട് വീടിന്റെ പടി കയറുന്നത് ചിന്നു ആയിരിക്കുമെന്നുള്ള ഉറപ്പ്. എങ്കിലും മനസിന്റെ ഉള്ളിൽ ഒരു അങ്കലാപ്പുണ്ടായിരുന്നു. മറ്റാരെയോ കുട്ടേട്ടൻ പ്രണയിക്കുന്നു എന്നായിരുന്നു ധാരണ. എന്നാൽ തിരുവനന്തപുരത്ത് പോയി വന്നപ്പോൾ ആളാകെ മാറിയിരിക്കുന്നു. തനിക്കായി സമ്മാനപൊതി കൊണ്ട് വന്നിരിക്കുന്നു. പഴയത് പോലെ സ്നേഹമായി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഒരു ജോലി ഇല്ലാഞ്ഞത് ആയിരുന്നിരിക്കണം പാവത്തിന്റെ പ്രശ്നം.
താൻ എന്തൊക്കെ തെറ്റിദ്ധരിച്ചു. ഇപ്പോൾ കാർമേഘം മാഞ്ഞു ആകാശം തെളിഞ്ഞിരിക്കുന്നു. മരങ്ങൾ പൂവിടുകയും വർണത്തുമ്പികൾ പാറിപറക്കുകയും ചെയ്തിരിക്കുന്നു. താൻ ആഗ്രഹിച്ചത് പോലെ പ്രതീക്ഷിച്ചത് പോലെ സ്വപ്നം കണ്ടത് പോലെ കുട്ടേട്ടനുമൊത്തൊരു ജീവിതം തുടങ്ങുവാൻ പ്രകൃതിപോലും തയ്യാറെടുത്തിരിക്കുന്നു. ഇനി ജാതകം നോക്കി തീയതി മാത്രം നിശ്ചയിച്ചാൽ മതി. തേവരുടെ മുന്നിൽ കതിർമണ്ഡപത്തിൽ സർവ്വാഭരണ വിഭൂഷിതയായി അജുവിന്റെ ഒപ്പം ഇരിക്കുന്ന രംഗം രമ്യയുടെ അകതാരിൽ തെളിഞ്ഞു വന്നു. ആ ഓർമതന്നെ കുളിരണിയിക്കുന്നു. ഇനി കുട്ടേട്ടന്റെ ഒപ്പം പ്രണയസുന്ദരമായ ദിനങ്ങൾ !
"പുടമുറി കല്യാണം... ദേവീ... എനിക്കിന്ന് മാംഗല്യം...." എന്ന് റെഡിയോയിൽ ചിത്ര മനോഹരമായി പാടുന്നു.
ദാവണി ഞൊറിയിട്ട് ഉടുക്കുമ്പോൾ ആ പാട്ടിനൊപ്പം രമ്യയും മൂളുന്നുണ്ടായിരുന്നു. അജു കൊടുത്ത പൊതി അവൾ മേശമേൽ തുറന്നു വച്ചു. അതിൽ നിന്നും കമ്മലുകളിൽ ഒരെണ്ണം തെരഞ്ഞു പിടിച്ചു കാതിൽ കോർത്തു. അതിന് ചേരുന്ന മാല എടുത്തു കഴുത്തിലണിഞ്ഞു. കണ്ണിൽ മഷി എഴുതി. നെറ്റിയിൽ ഒരു ചുവന്ന പൊട്ട് ഒട്ടിച്ചു വച്ചു. മുറ്റത്തെ കുറുമൊഴിയിൽ നിന്നും പൊട്ടിച്ച പൂക്കൾ കൊരുത്ത മാല മുടിയിൽ തിരുകി. കണ്ണാടിയിൽ നോക്കി ഒരിക്കൽ കൂടി ചന്തം ആസ്വദിച്ചു. ദാവണി തുമ്പിൽ പിടിച്ചു പാട്ടിന്റെ താളത്തിൽ ഒന്ന് വട്ടം കറങ്ങി.
പിന്നെ റേഡിയോ ഓഫ് ചെയ്തു നേരെ പുറത്തേക്ക്. അപ്പോൾ വനജ ഒതുക്ക് കയറി മുറ്റത്തേക്ക് വന്നു. ആരോടോഒക്കെയുള്ള പകയും ദേഷ്യവും അവരുടെ മുഖത്ത് നിറയുന്നു.
"എങ്ങോട്ടാടി അണിഞ്ഞൊരുങ്ങി?" അവളെ കണ്ട് അവർ കലിയോടെ ചോദിച്ചു.
"അമ്മായീടെ വീട്ടിലേക്ക്." രമ്യ പറഞ്ഞു.
"ഒരമ്മായി... " വനജ പല്ല് ഞരിച്ചു:
"നിന്റെ അമ്മായി എന്താ അവിടെ പെറ്റു കിടക്കുന്നോ അങ്ങോട്ട് കെട്ടിയെഴുന്നെള്ളാൻ....ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ആ പേരിനി ഈ വീട്ടിൽ നീ മിണ്ടി പോകരുത്. നിർത്തിക്കോ. ഇന്നത്തോടെ നിർത്തിക്കോ. ഇനി ആ വീടുമായിട്ട് ഒരു ബന്ധവും വേണ്ട. വാക്കിനു നെറിയില്ലാത്ത പരിഷകൾ. ഫൂ...!"
വനജ മുറ്റത്തേക്ക് നീട്ടി തുപ്പി. രമ്യ ഒന്നും മനസിലാവാതെ അമ്പരന്ന് നോക്കി.
"വനജേ... !" പിന്നിൽ എത്തിയ വിജയൻ നായർ താക്കീത് പോലെ വിളിച്ചു.
"എന്തുവാ വനജയ്ക്ക്?" വനജ കനലെരിയുന്ന മിഴികളോടെ അയാളെ നോക്കി:
"ഇത്രയും നേരം നിങ്ങളുടെ അണ്ണാക്കിൽ പിരി വെട്ടി കിടക്കുവായിരുന്നോ? അവൻ പറയുന്നത് കേട്ടു തലക്കുമ്പിട്ട് ഒറ്റയിരിപ്പ് ഇരുന്നല്ലോ . ഒരു വാക്ക് നിങ്ങൾ മറുത്ത് പറഞ്ഞോ. ഇപ്പോ ഈ ഒച്ച എവിടുന്നു വന്നു? എന്റെ ഏട്ടൻ അവിടെ ഉണ്ടായിരുന്നെങ്കിലേ അവന്റെ കരണകുറ്റി നോക്കി രണ്ടു കൊടുത്തേനെ. എനിക്കിങ്ങനെ നാണം കെട്ട് ഇറങ്ങി വരേണ്ടി വരത്തില്ലായിരുന്നു....
ഇപ്പോൾ അവിടെ ഉള്ളത് നിങ്ങളുടെ പെങ്ങളും അവരുടെ മോനുമാ. അതുകൊണ്ടല്ലേ അറക്കുറ്റി പോലെ നിങ്ങളവിടെ ഇരുന്നിട്ട് വന്നേ. വാക്കിന് നെറിയില്ലാത്ത നാണം കെട്ട ജന്മങ്ങൾ. അവറ്റകളുടെ അടുത്തേക്ക് ഇനിയെന്റെ മോള് പോവണ്ട. പോവാൻ ഞാൻ സമ്മതിക്കേമില്ല."
"മിണ്ടരുത് നീ." വിജയൻ നായർ കണ്ണുരുട്ടി :
"അവൻ വേണ്ടാന്ന് പറഞ്ഞാൽ പിന്നെ ഞാനവന്റെ കാലു പിടിക്കണോടി. ഇവൾക്കെന്താ വേറെ ചെറുക്കനെ കിട്ടില്ലേ? അതോ ഈ ലോകത്ത് ആണായിട്ട് അവനെ മാത്രേ നീ കാണുന്നുള്ളോ? എന്ത് ചെയ്യണമെന്ന് എനിക്കറിയാം. നീ എന്നെ പഠിപ്പിക്കാൻ നിൽക്കല്ലേ..."
രമ്യ പകച്ചു നോക്കി.
"എന്നാ നിങ്ങളൊന്ന് നടത്തി കാണിക്ക്... കാണട്ടെ നിങ്ങളുടെ മിടുക്ക്. "
വെല്ലുവിളിക്കുമ്പോലെ പറഞ്ഞിട്ട് രമ്യയെ ഉന്തി മാറ്റി വനജ അകത്തേക്ക് ചാടി കയറി പോയി.
"എന്താച്ഛാ ഇതൊക്കെ? എന്തൊക്കെയാ നിങ്ങളീ പറയുന്നേ?" സങ്കടത്തോടെ രമ്യ വന്നു വിജയൻ നായരുടെ കയ്യിൽ പിടിച്ചു. അയാൾ അലിവോടെ അവളുടെ നെറുകിൽ തലോടി
"മോള് വിഷമിക്കരുത്. എന്റെ കുട്ടീടെ കല്യാണം അച്ഛൻ അന്തസായിട്ട് നടത്തും. അതിപ്പോ ആരൊക്കെ ഇല്ലെങ്കിലും." അയാൾക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു. മകളുടെ മുന്നിൽ നിന്ന് കരയാതിരിക്കാൻ അയാൾ പണിപ്പെട്ടു.
"എനിക്കൊന്നും മനസിലാവുന്നില്ലച്ഛാ..... എന്താ പ്രശ്നം. അമ്മയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടണേ. എന്നോടെന്തിനാ വടക്കേപ്പാട്ട് പോവണ്ടാന്ന് പറയണേ?" രമ്യ വിതുമ്പി.
"ഒന്നുമില്ല. മോളിപ്പോ എങ്ങോട്ടും പോവണ്ട. അകത്തേക്ക് ചെല്ല്. അച്ഛൻ പറയുന്ന കേൾക്ക്." അയാളെ ഒന്ന് നോക്കിയിട്ട് അവൾ മനസില്ലാ മനസോടെ അകത്തേക്ക് നടന്നു. കുട്ടേട്ടൻ എത്തിയെന്ന് താൻ വന്നു പറഞ്ഞപ്പോഴാണ് അച്ഛനും അമ്മയും വടക്കേപ്പാട്ട് പോയത്. അങ്ങോട്ട് സന്തോഷത്തോടെ പോയിട്ട് ഇത്രയും കലിയോടെ തിരിച്ചു വരണമെങ്കിൽ എന്തോ അരുതാത്തത് അവിടെ സംഭവിച്ചിട്ടുണ്ട്. അതറിയാഞ്ഞിട്ട് അവളുടെ നെഞ്ച് പിടയ്ക്കാൻ തുടങ്ങി.
അപ്പോൾ അടുക്കളയിൽ പാത്രങ്ങൾ നിലത്തു വീഴുന്ന ഒച്ച കേട്ടു. അമ്മ ദേഷ്യം തീർക്കുന്നതാണ്. അവൾ അവിടേക്ക് ചെന്നു.
"അമ്മേ..." എന്ന രമ്യയുടെ വിളി കേട്ടു വനജ തിരിഞ്ഞു നോക്കി. ദേഷ്യവും സങ്കടവും ആ മുഖത്ത് നുരയുന്നു:
"എന്താടി?"
"എന്താമ്മേ ഇത്. അമ്മയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടണേ? അതിനും മാത്രം എന്താപ്പോ ഉണ്ടായേ?"
"നിന്നെ അവനു വേണ്ടന്ന്. വേറെ കെട്ടിച്ചോളാൻ പറഞ്ഞു. എന്താ സമാധാനം ആയോ?"
രമ്യയുടെ കണ്ണ് മിഴിഞ്ഞു.
"എന്നെ വേണ്ടാന്ന് അമ്മായി പറഞ്ഞോ ?"
" അമ്മായീം മോനും എല്ലാം കൂടിയുള്ള ഒത്തുകളിയാടി ഇത്. നമ്മളെക്കാൾ മുന്തിയ ബന്ധം അവർക്ക് വേറെ കിട്ടീട്ടുണ്ട്. അതിനു നിന്നെ ഒഴിവാക്കണം. അപ്പോൾ പെങ്ങളായിട്ടാ കാണുന്നതെന്ന് പറഞ്ഞു ഒഴിഞ്ഞാൽ എളുപ്പായല്ലോ. ഇതൊന്നും ആർക്കും മനസിലാവില്ലന്നാ വിചാരം. "
പെട്ടന്ന് രമ്യ ഏങ്ങലടിച്ചു.
"ഇല്ല.... ഞാനിത് വിശ്വസിക്കില്ല. അമ്മായി അങ്ങനെ പറയില്ല."
"ദേ പെണ്ണേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഇനി അമ്മായി കുമ്മായീന്നും പറഞ്ഞു അങ്ങോട്ടെങ്ങാനും നീ പോയെന്നു ഞാൻ അറിഞ്ഞാൽ.... " താക്കീത് പോലെ വനജ നിർത്തി.
രമ്യയ്ക്ക് സങ്കടം ഇരട്ടിച്ചു.
"എത്ര നിസാരായിട്ടാ അമ്മയിത് പറഞ്ഞേ. അങ്ങനെ ഒറ്റ നിമിഷം കൊണ്ട് അറുത്തെറിയുന്ന ബന്ധമാണോ അത്?"
"അവർക്കില്ലാത്ത ദെണ്ണം എന്തിനാടി നമുക്ക്. നിന്നെ അവനു വേണ്ടാന്നു പറഞ്ഞു കഴിഞ്ഞു. ആ തള്ളയും അവന്റെ പക്ഷത്താ. പിന്നെ നിനക്കാണോ ഇരിക്കാപൊറുതി ഇല്ലാത്തെ. ഇപ്പൊഴെങ്കിലും അതിന്റെയൊക്കെ മനസിലിരുപ്പ് അറിയാൻ കഴിഞ്ഞല്ലോ. ഇനി ആ വീടുമായി ഒരു ബന്ധവും വേണ്ട. ഇനിയൊട്ട് അങ്ങോട്ട് പോവേം വേണ്ട. പറഞ്ഞത് മനസിലാവുന്നുണ്ടോ."
"ഞാൻ പോവും."
കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് വാശിയോടെ രമ്യ പറഞ്ഞു.
"നിന്നെ പെറ്റത് ഞാനാ. എന്നെ നാണം കെടുത്തീട്ടു അങ്ങോട്ട് പോവാനാണ് ഉദ്ദേശമെങ്കിൽ പിന്നെ നീയെന്നെ ജീവനോടെ കാണില്ല.ഓർത്തോ."
"അതിലും ഭേദം എന്നെയങ്ങു കൊന്നു കളയുന്നതല്ലേ. അതോടെ ഈ ശല്യമങ്ങു തീരുമല്ലോ... അമ്മായീം കുട്ടേട്ടനും എന്റെ മുഖത്തു നോക്കി പറയട്ടെ എന്നെ വേണ്ടന്ന്."
"അപ്പോൾ നിനക്ക് സമാധാനം ആവോ?"
"അന്നേരം ഞാൻ തീരുമാനിക്കും പിന്നെന്താ വേണ്ടേന്ന്."
"ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ ന്റീശ്വരാ...." വനജ തലയിൽ കൈ ചേർത്തു.
കരഞ്ഞു കൊണ്ട് രമ്യ മുറിയിലേക്ക് ഓടി പോയി. കിടക്കയിലേക്ക് ചെന്നു വീണു. എത്ര നിയന്ത്രിച്ചിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. തലയിണയിൽ മുഖം ചേർത്ത് അവൾ ഏങ്ങലടിച്ചു. അജു ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ചു അവൾക്കു ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. ഓർമ്മ വയ്ക്കുമ്പോൾ മുതൽ കാണുന്ന മുഖം . തന്നെ നിലത്തു വയ്ക്കാതെ കൊണ്ട് നടന്ന ആളാണ്. ആ കൈ പിടിച്ചാണ് തോട്ടിലൂടെയും വയലിലൂടെയും നടന്ന് പഠിച്ചത് . ഒന്ന് മറിഞ്ഞു വീണാൽ ആദ്യം വിളിക്കുക കുട്ടേട്ടാന്നായിരുന്നു. എങ്ങോട്ട് പോവാനും തനിക്ക് കുട്ടേട്ടൻ കൂട്ട് വേണം. തിരിച്ചും അങ്ങനെ തന്നെ . ഒരു മിട്ടായി കിട്ടിയാൽ പോലും തനിയ്ക്കു തരാതെ കഴിക്കില്ല.
കുഞ്ഞിലേ മുതൽ കേൾക്കാൻ തുടങ്ങിയതാണ്ചിന്നു കൂട്ടനുള്ളതാണെന്ന്. കേട്ട് കേട്ട് അത് മനസ്സിൽ കല്ല് പോലെ ഉറച്ചു പോയി. താൻ ജനിച്ചത് തന്നെ കുട്ടേട്ടന് വേണ്ടിയാണെന്ന് വിശ്വസിച്ചു. കല്യാണത്തെ കുറിച്ചു പറയുമ്പോൾ കുട്ടേട്ടൻ ഒഴിഞ്ഞു മാറുന്നത് തമാശയാണെന്നായിരുന്നു ആദ്യം വിചാരിച്ചത്. എന്ത് പ്രശ്നം ഉണ്ടായാലും കൂടെ ഉണ്ടാവുമെന്ന് അമ്മായി വാക്ക് തന്നതാണ്. ഇപ്പോ രണ്ടു പേരും തന്നെ തള്ളിപ്പറഞ്ഞു എന്നാണ് അമ്മ പറയുന്നത്. ഇന്ന് രാവിലെ കൂടി എത്ര സന്തോഷത്തോടെയാണ് അവർക്കൊപ്പം കഴിഞ്ഞത് . പിണക്കമോ വഴക്കോ ഒന്നും ഉണ്ടായിട്ടില്ല .
അച്ഛനും അമ്മയും പോയതിന് ശേഷമാണ് പ്രശ്നം ഉണ്ടായത്. അതെന്താണെന്നാണ് അറിയേണ്ടത്. എന്ത് തന്നെ ആയാലും കുട്ടേട്ടൻ ഒപ്പമില്ലെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. അതിലും ഭേദം മരിക്കുന്നതാണ്.
"നീ എന്തിനാടി കിടന്നു മോങ്ങുന്നെ?" എന്ന ഒച്ച കേട്ടു രമ്യ മുഖം തിരിച്ചു നോക്കി. ചന്തു. പുറത്തു നിന്നും ചെക്കൻ അപ്പോഴാണ് എത്തിയത്. മറുപടി പറയാതെ രമ്യ വീണ്ടും തേങ്ങി കൊണ്ട് തലയിണയിലേക്ക് മുഖം പൂഴ്ത്തി. അവളെ നോക്കി നിന്നിട്ട് അവൻ
അടുക്കളയിലേക്ക് ചെന്നു:
"അമ്മേ ചായ ഇട്ടില്ലേ ഇതുവരെ?"
"മാറടാ ചെറുക്കാ അങ്ങോട്ട് !"
ചന്തുവിനെ ഉന്തി മാറ്റി വനജ വരാന്തയിലേക്ക് പോയി.
"ഇവർക്കൊക്കെ ഇതെന്തു പറ്റി?"
ചന്തു അമ്പരന്നു നോക്കി. വരാന്തയിലെ തിണ്ണയിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു വിജയൻ നായർ. പുറത്തു കാണിക്കാൻ പറ്റാത്ത ഒരു സങ്കടകടൽ അയാളുടെ ഉള്ളിൽ ഇരമ്പുകയാണ്. ഓപ്പോൾ അയാളുടെ ജീവനാണ്. അവരുടെ മുഖത്ത് നോക്കി എതിർത്തു പറയാനോ ഒച്ചയിടാനോ അയാൾക്ക് ഒരിക്കലും കഴിയില്ല. അത്രയും ഇഷ്ടം.
എല്ലാവരും ചേർന്ന് കുട്ടനും ചിന്നുവും തമ്മിലുള്ള കല്യാണത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഉള്ള് കൊണ്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് വിജയൻ നായരാണ്. അത് അജുവിന്റെ യോഗ്യത അളന്നിട്ടല്ല.
മാളുവമ്മ. തന്റെ ഒരേയൊരു പെങ്ങളുടെ അടുത്തേക്കാണ് ചിന്നു ചെന്നു കയറുന്നത്. അവളെ അവർ പൊന്നുപോലെ നോക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ട്. മറ്റേത് വീടിനേക്കാളും ധൈര്യത്തോടെ ആ വീട്ടിലേക്ക് ഇപ്പോൾ വേണമെങ്കിലും കയറി ചെല്ലാം. കുട്ടന്റെ കയ്യിലേക്ക് ചിന്നുവിനെ പിടിച്ചു കൊടുത്താൽ അവളുടെ ജീവിതം സുരക്ഷിതമായെന്ന് കരുതി. എല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിഞ്ഞു. ഇനി എന്തു ചെയ്യണം എന്നറിയില്ല.
എല്ലാം കലങ്ങി തെളിയും എന്നൊരു പ്രതീക്ഷ ഇപ്പോഴും അയാളുടെ ഉള്ളിൽ നുരയുന്നുണ്ട്. അക്കരെ നിന്ന് അജു ഏത് നിമിഷവും കടന്നു വരും. തന്നോട് മാപ്പ് പറയും. കല്യാണത്തിന് സമ്മതിക്കും. വനജയുടെ ഒച്ച കാതിൽ കേട്ടു അയാൾ ഞെട്ടി നോക്കി.
"നിങ്ങളിങ്ങനെ ഇരുന്നാൽ എങ്ങനാ മനുഷ്യാ?"
"പിന്നേ.... ഞാനിറങ്ങി ഓടണോ?"
"വേറെ ഏതെങ്കിലും ആണുങ്ങൾ ആയിരുന്നെങ്കിൽ കാര്യങ്ങൾക്കൊരു നീക്ക് പോക്കുണ്ടാക്കാൻ ഓടിയേനേ..."
"നീ കുറച്ചൊന്ന് അടങ്ങടി വനജേ. എനിക്കിത്തിരി സമാധാനം താ....."
"സമാധാനം നിങ്ങൾക്ക് മാത്രമല്ല എനിക്കും വേണം. ഞാനവളുടെ അമ്മയാ.എന്റെ ചങ്ക് കത്തുവാ. അറിയോ. എന്റെ കൊച്ചിന്റെ കല്യാണം എത്രയും പെട്ടന്ന് എനിക്ക് നടത്തണം. അതിനി വെച്ചു താമസിപ്പിക്കാൻ ഒക്കില്ല ."
"ഞാനിപ്പോ എന്ത് ചെയ്യണമെന്നാ നീയീ പറയുന്നേ?"
സഹികെട്ടത് പോലെ അയാൾ നോക്കി.
"എന്തു ചെയ്തിട്ടായാലും വേണ്ടില്ല. നാളെയെങ്കിൽ നാളെ എനിക്കവളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം. അവറ്റകളുടെ മുന്നിൽ അന്തസായി എനിക്കവളുടെ കല്യാണം നടത്തി കാണിച്ചു കൊടുക്കണം . നിങ്ങളാ ബ്രോക്കർ രാമുണ്ണിയെ ചെന്നു കണ്ടു കാര്യം പറ. നല്ല ആലോചന അയാൾ കൊണ്ടു വരും."
"വാശിയും വൈരാഗ്യവും കാണിച്ചു എടുപിടീന്ന് നടത്തേണ്ട കാര്യമാണോ ഇത്."
അയാളുടെ ഒച്ച താണു. വനജ അയാളെ അടിമുടി നോക്കി.
"നിങ്ങളാ ചെറുക്കനെയും നോക്കി ഇരിക്കുവാണോ ഇപ്പോഴും. ആണോ? ദേ ഒരു കാര്യം പറഞ്ഞേക്കാം. ഇനി അവൻ വേണമെന്ന് പറഞ്ഞു വന്നാലും അവന് കൊടുക്കാൻ ഇവിടെ പെണ്ണില്ല. എന്റെ കൊച്ച് ആരുമില്ലാത്ത അനാഥയല്ല. അവളുടെ ദേഹം നിറയെ പോന്നിട്ട് എനിക്ക് ഇറക്കി നിർത്തണം. ആ അമ്മയും മോനും അത് കണ്ടു കൊതിക്കണം. നിങ്ങൾക്ക് വയ്യെങ്കിൽ പറയ്. ഞാൻ പോയി പറയാം രാമുണ്ണിയോട്. "
വനജ വെട്ടിത്തിരിഞ്ഞു അകത്തേക്ക് നടന്നപ്പോൾ അതാ വാതിൽക്കൽ, അഴിഞ്ഞു ചിതറിയ മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി രമ്യ! ദേഷ്യം കൊണ്ട് അവൾ നിന്ന് കിതയ്ക്കുന്നു.
"എന്താടി? "
വനജ കണ്ണുരുട്ടി. രമ്യ വീറോടെ പറഞ്ഞു.
"അമ്മ ആർക്കു വേണ്ടിയാ കല്യാണം ആലോചിക്കുന്നേ. എനിക്കു വേണ്ടിയാണോ. കുട്ടേട്ടൻ അല്ലാതെ വേറൊരാൾ ഇവിടെ വന്നാൽ... ഞാനെന്റെ പ്രാണൻ കളയും. ഓർത്തോ."
വനജയുടെ സർവനിയന്ത്രണവും തകർന്നു. പാഞ്ഞു ചെന്നു അവർ,അവളെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. മാളുവമ്മയോടും അജുവിനോടുമുള്ള ദേഷ്യവും വാശിയും അവരുടെ സമനില തെറ്റിച്ചു.
"എങ്ങനേലും ഇതൊന്നു നടന്നു കിട്ടാൻ മനുഷ്യരിവിടെ കിടന്നു നെഞ്ചു പുകയ്ക്കുവാ. അപ്പോഴാ അവളുടെ ഒരു കുട്ടേട്ടൻ. നിനക്കിനിയും മതിയായില്ല അല്ലേടി. നാണം കെട്ടവളേ...."
വിജയൻനായർ വരാന്തയിലേക്ക് ചാടി കയറി:
" നീ എന്തിനാടി ഇതിനെ ഇങ്ങനെ തല്ലുന്നേ? അതെന്ത് തെറ്റ് ചെയ്തു. നിന്റെ ഭ്രാന്ത് എന്റെ കൊച്ചിനോട് തീർക്കരുത്."
രമ്യയെ അവർ മുന്നോട്ടു ഉന്തി: "ഇത്തിരി വിഷം വാങ്ങിതിന്നു അങ്ങ് ചത്താൽ മതി. എന്റീശ്വരാ !"
നെഞ്ചിലിടിച്ചു കരഞ്ഞു കൊണ്ട് വനജ അകത്തേക്ക് പോയി. രമ്യ വിജയൻ നായരുടെ നെഞ്ചിലേക്ക് വന്നു വീണു ഏങ്ങലടിച്ചു കരഞ്ഞു:
"എനിക്ക് പറ്റില്ലച്ഛാ. കുട്ടേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല...... അതിലും ഭേദം എനിക്കിത്തിരി വിഷം മേടിച്ചു തന്ന് എന്നെയങ്ങ് കൊന്ന് കളഞ്ഞേക്ക്...."
വിജയൻ നായരുടെ നെഞ്ചിൽ അടക്കി പിടിച്ചിരുന്ന സങ്കടം മൊത്തം പുറത്തു ചാടി. മകളെ നെഞ്ചോട് ചേർത്തു പിടിച്ചു അയാൾ വിങ്ങി പൊട്ടി. ഇതൊക്കെ കണ്ടു വാതിലിൽ പകച്ചു നോക്കി നിൽക്കുകയായിരുന്നു ചന്തു.
(തുടരും)
