
ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ ജനിച്ചുവളർന്ന 'മനു' എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരുമഞ്ഞുതുള്ളിപോലെ പെയ്തിറങ്ങുന്ന 'ശ്രീനന്ദന' എന്ന പെൺകുട്ടിയുടെ പ്രണയവും, വിരഹവും ഇഴകോർത്ത ജീവിതമാണ് ഹിമബിന്ദുക്കളിൽ കുറിച്ചിട്ടിരിക്കുന്നത്.

നഗരത്തിൽ നിന്നും തെല്ലു മാറി ഗുൽമോഹർ മരത്തിന്റെ ചുവട്ടിലെ പൂക്കടയുടെ മുന്പില് മനു എത്തുമ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും അവിടെ നല്ല തിരക്കുണ്ടായിരുന്നു. കടയുടമ
ഗോപാലേട്ടന്റെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.
നല്ല കുളിരുള്ള പ്രഭാതം. ബൈക്ക് നിര്‍ത്തി മനു കടയിലേയ്ക്കു നടന്നു. മനുവിനെ കണ്ട ഗോപാലേട്ടന്റെ കണ്ണുകള്‍ കലണ്ടറിലെ ചുമന്ന വട്ടത്തില്‍ ഒരു നിമിഷം ഉടക്കി നിന്നു.
'ഇന്നു നന്ദൂട്ടിയുടെ പിറന്നാള്‍ ആണ്.'
പതിനൊന്നു വർഷങ്ങൾക്കുമുൻപുള്ള ഒരു തിങ്കളാഴ്ച്ച ദിവസമായിരുന്നു മനുക്കുട്ടന്റെ കയ്യിൽ തൂങ്ങി കുറുമ്പ് നിറഞ്ഞ ചിരിയുമായി നന്ദൂട്ടി കടന്നു വന്നത്. അന്ന് തിരുവാതിര ആയിരുന്നു നന്ദൂന്റെ പിറന്നാൾ ദിനം. നിറയെ മഞ്ഞുതുള്ളികളിറ്റിയ ഒരു കുടന്ന പനിനീര്പൂക്കള് മാത്രം മതി അവളുടെ കണ്ണുകളില്‍ ഒരായിരം പൂര്‍ണ്ണ ചന്ദ്രന്മാര് ഒന്നിച്ചുദിക്കാന്. നന്ദൂട്ടിയുടെ ഓർമ്മകൾ ഈറനണിയിച്ച കണ്ണുകൾ തുടച്ച് ഗോപാലേട്ടൻ മനുവിനെ നോക്കി പുഞ്ചിരിച്ചു.
കസവുകരയുള്ളമുണ്ടും, കടുംപച്ച ഷർട്ടും; ചന്ദനക്കുറി പാതി മറഞ്ഞ് അലസമായി നെറ്റിയിലേയ്ക്കു വീണു കിടക്കുന്ന മുടി.
"ഇന്നു മനു പതിവിലും സുന്ദരനായിട്ടുണ്ട്!'
ഒരു ചിരിയോടെ ഗോപാലേട്ടൻ അകത്തേക്കു പോയപ്പോൾ മനു നന്ദൂനെ കുറിച്ചോർത്തു. അവളിപ്പോൾ തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ.. ഗോപാലേട്ടനുള്ള ശകാരം തുടങ്ങീട്ടുണ്ടാകും. വീടെത്തും വരെ തനിക്കും സ്വൈര്യം തരില്ല. ദൃഷ്ടിദോഷം വരുമത്രേ!.
നന്ദു... !
സ്വാര്‍ത്ഥമായ സ്നേഹം കൊണ്ടെന്നും തന്നെ പൊതിഞ്ഞു പിടിച്ചിരുന്നവൾ
മനുകുട്ടാ ....!
ഗോപാലേട്ടന്റെ ശബ്ദം മനുവിനെ ചിന്തകളിൽ നിന്നും ഉണർത്തി. ഭംഗിയുള്ള വലിയൊരു പൂച്ചെണ്ടും നീട്ടി നില്ക്കുന്ന ഗോപാലേട്ടന്. പണം കൊടുത്തു പൂച്ചെണ്ടുമായി തിരിച്ചു ബൈക്കിനടുത്തേയ്ക്കു നടന്ന മനുവിന്റെ ചിന്തകളിലേയ്ക്ക് വീണ്ടും നന്ദു കടന്നു വന്നു. ജോലിയിൽ പ്രവേശിക്കുന്ന ആദ്യദിനം അമ്മയുടേ ശകാരം കേട്ടു മടുത്തപ്പോഴാണ് മനു കുളിച്ച് അമ്പലത്തിലേയ്ക്കു നടന്നത്.
ചെരുപ്പഴിച്ചു വെച്ച് നടവഴിയിലേയ്ക്കു തിരിഞ്ഞ മനുവിന്റെ കണ്ണുകള്‍ ഒരു നിമിഷം നിശ്ചലമായി.

ഭാഗം 2
തിളങ്ങുന്ന ചുമന്ന മൂക്കുത്തിയിലാണ് ആദ്യം കണ്ണുടക്കിയത്. നല്ല ചൈതന്യമുള്ള മുഖം! വെളുത്തു കൊലുന്നനെയുള്ള ആ രൂപം കണ്ടപ്പോൾ മനുവിന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് മുറ്റത്ത് നിറയെ പൂത്തു നില്ക്കുന്ന വെള്ള ചെമ്പകമരമായിരുന്നു. കരിമഷിയെഴുതിയ കണ്ണുകളിൽ നിറയെ പരിഭ്രമത്തോടെ അവൾ ചുറ്റും ആരെയോ തിരയുന്നുണ്ട്.
ആ പെൺകുട്ടിയെ കടന്നു മുൻപോട്ടു പോകുമ്പോൾ മനു ഒന്നുകൂടി തിരിഞ്ഞു നോക്കി.
കാണാൻ കൊതിച്ച് എവിടെയൊക്കെയോ താൻ തിരഞ്ഞിരുന്നത് ഇതുപോലൊരു മുഖമായിരുന്നില്ലേ? ഓർമ്മകളിൽ പരതി മനു അമ്പലത്തിന്നകത്തേയ്ക്കു നടന്നു.
തൊഴുതിറങ്ങി തിരികെ നടക്കുമ്പോഴും, അമ്മയ്ക്കൊപ്പം പ്രാതൽ കഴിക്കുമ്പോഴും മനുവിന്റെ ചിന്തകളിലേയ്ക്ക് ഇടയ്ക്കിടെ ആ പെൺകുട്ടി കടന്നു വന്നു. മകന്റെ ആലോചനാഭാവം ശ്രീദേവി കാണുന്നുണ്ടായിരുന്നെങ്കിലും അവർ അതേക്കുറിച്ചൊന്നും മനുവിനോടു ചോദിച്ചില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞു അല്പനേരം കൂടി അമ്മയോടു സംസാരിച്ചിരുന്നിട്ടാണ് മനു പുതിയ ജോലിക്കു യാത്രയായത് .
തൊട്ടടുത്ത നഗരത്തിലെ പ്രസിദ്ധമായൊരു ബാങ്കിലായിരുന്നു മനുവിനു ജോലി ലഭിച്ചത്. ബാങ്ക് ജോലിയാണെങ്കിലും ആദ്യദിനം തന്റെ ഇഷ്ട വേഷമായ മുണ്ടും ഷർട്ടും മതിയെന്നു നേരത്തെ തീരുമാനിച്ചിരുന്നു.
മനു ഒന്നു കൂടി കണ്ണാടിയിൽ നോക്കി. താനൊരു കൊച്ചു സുന്ദരൻ തന്നെ. നേർത്തൊരു മന്ദഹാസത്തോടെ ഫയലുമെടുത്തു പോകാൻ തിരിയവെയാണ് അടുക്കളയിൽ നിന്നും അമ്മയുടെ വിളിയെത്തിയത്.
“മനുക്കുട്ടാ...പൂജാമുറിയിൽ കയറി തൊഴുതിട്ടു ഇറങ്ങൂട്ടൊ.”
“ശരി അമ്മെ..” ഫയൽ മേശപ്പുറത്തു വെച്ച്, മനു അകത്തേയ്ക്കു നടന്നു. അനുസരിച്ചില്ലങ്കിൽ ഇനി അതിനാകും മുഖം വീർപ്പിക്കൽ. അമ്മ എപ്പോഴും അങ്ങനെയാണ്. പരിഭവിക്കാനും, സങ്കടപ്പെടാനും നിസ്സാരമായൊരു കാരണം മതി.
പേരുകേട്ട വലിയപുരയ്ക്കൽ തറവാട്ടിലെ ഇളയ സന്തതി ആയിരുന്നു അച്ഛൻ. പലതരം ബിസിനസ്സുകളുടെ വലിയൊരു ശൃംഖലതന്നെയുണ്ടായിരുന്നു അച്ഛന്റെ അച്ഛനായ രാഘവമേനോനും അനിയന്മാര്ക്കും. ബിസ്സിനസ് യാത്രകളിൽ രാഘവമേനോൻ രാജീവനെയും ഒപ്പം കൂട്ടിയിരുന്നു. അത്തരമൊരു യാത്രയുടെ മടങ്ങിവരവിലാണ് അച്ഛാച്ഛന്റെയും അച്ഛന്റെയും ഒപ്പം അമ്മ ഈ തറവാട്ടിൽ എത്തുന്നത്. അച്ഛനും അമ്മയും പലപ്പോഴായി പറഞ്ഞു കേട്ട കഥകളാണതെല്ലാം.
തിരിച്ചു വരും വഴി ആരും ശ്രദ്ധിക്കാതെ ആക്സിടന്റിൽ പെട്ടു വഴിയരുകിൽ കിടന്ന കാറിൽ നിന്നും മൂന്നു ജീവനുകളെ തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും അതിലുണ്ടായിരുന്ന സ്ത്രീയും പുരുഷനും മരിച്ചു കഴിഞ്ഞിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഇരുപതു വയസ്സോളം പ്രായം തോന്നിക്കുന്ന പെൺകുട്ടിക്ക് ബോധം വീണ്ടുകിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നേ പോലീസ് സ്റ്റേഷനും, ഹോസ്പിറ്റലുമായി ഒരാഴ്ചയോളം അവർക്കും അവിടെ തങ്ങണ്ടി വന്നു. മരിച്ചത് ആ പെൺകുട്ടിയുടെ അച്ഛനും അമ്മയും ആണെന്നും അവർക്ക് മറ്റു ബന്ധുക്കളാരും ഇല്ലെന്നും മനസ്സിലായത് ആ ദിവസങ്ങളിൽ ആയിരുന്നു.
പിന്നീട് നിയമ നടപടികൾ പൂർത്തിയാക്കി ബോഡികൾ അടക്കം ചെയ്യാൻ ഏല്പിച്ച് ടക്കയാത്രയ്ക്കൊരുങ്ങവെയാണ് രാജീവൻ അച്ഛനോടു തന്റെ ആഗ്രഹം പറഞ്ഞത്. ആരെന്നും എന്തെന്നും അറിയാതെ ഒരു പെൺകുട്ടിയെ ജീവിതത്തിലേയ്ക്ക് ഒപ്പം കൂട്ടട്ടെ എന്നാണ് മകന്റെ ചോദ്യം. ഒരു നിമിഷം കണ്ണടച്ചു നിന്ന രാഘവമേനോൻ വരുംവരായ്കകകളെക്കുറിച്ചാലോചിച്ചു. മറ്റു കുടുംബാഗംങ്ങളുടെ പ്രതികരണം നല്ലതാവില്ല. അതറിയാമായിരുന്നിട്ടും മകന്റെ ആഗ്രഹത്തെ അദ്ദേഹം മനസ്സാ അഭിനന്ദിച്ചു. അങ്ങനെ ഒരു യാത്രപോയി തിരിച്ചു വന്ന അച്ഛന്റെയും അച്ഛാച്ചന്റെയും ഒപ്പം അമ്മ ഈ തറവാട്ടിലെത്തി. രണ്ടു ദിവസത്തിനുശേഷം തറവാട്ടിനടുത്തുള്ള പാർത്ഥസാരഥി ക്ഷേത്രത്തിൽ വെച്ച് അച്ഛൻ അമ്മയെ താലിചാർത്തി. അന്നു മുതൽ ഈ തറവാട് ഉണരുന്നതും ഉറങ്ങുന്നതും അമ്മയിലൂടെ ആയിരുന്നു.
ഓർമ്മകളിൽ നിന്നും തിരിഞ്ഞിറങ്ങി മനു ഒരു നിമിഷം കണ്ണുകളടച്ചു. തൊഴുതു തിരിയവേ മനുവിന്റെ കണ്ണുകൾ ഭിത്തിയിലെ മാല ചാർത്തിയ ഫോട്ടോയിൽ തങ്ങി നിന്നു..
തുടരും...

ഭാഗം 3
ചുറ്റും നോക്കിയിട്ടും ആരെയും കാണാതായപ്പോൾ തനിക്കു തോന്നിയതാവാം എന്ന ചിന്തയിൽ മനു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു ഇടവഴിയിലേയ്ക്കിറങ്ങിയതും പൊട്ടിമുളച്ചതുപോലെ മുന്പിലേയ്ക്കൊരാൺകുട്ടി ഓടികിതച്ചു വന്നു നിന്നു. ഒരു കയ്യിലൊരു നീളൻ വടിയും മറ്റേ കയ്യിൽ മരുന്നിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു കുപ്പിയും!
പിന്നാലെ കണ്ണാ എന്നൊരു വിളിയോടൊരു പെൺക്കുട്ടിയും. അവളെ കണ്ടതും മരുന്നുകുപ്പിയും വടിയും താഴെയിട്ടു കണ്ണൻ ബൈക്കിന്റെ പിന്നിലേയ്ക്കു പൊത്തിപിടിച്ചു കയറി മനുവിനെ വട്ടം കെട്ടിപിടിച്ചു.
കണ്ണൻ ബൈക്കിന്റെ പിന്നിൽ കയറിയതോ തന്നെ വട്ടം കെട്ടിപിടിച്ചതോ ഒന്നും മനു അറിയുന്നുണ്ടായിരുന്നില്ല. നീളൻജാക്കറ്റും പാവാടയുമിട്ട് അകലെ നിന്നും ഓടിവരുന്ന ആ പെണ്‍കുട്ടിയിലായിരുന്നു മനുവിന്റെ ശ്രദ്ധമുഴുവൻ.
ഓടിയടുക്കുംന്തോറും അവളുടെ ചുവന്ന മൂക്കുത്തിയുടെ തിളക്കം തന്റെ കണ്ണുകളിലൂടെ ഹൃദയത്തോളമാഴത്തിൽ വന്നെത്തുന്നതായി മനുവിനു തോന്നി. മുന്നില്‍ വന്നു കിതച്ചു നില്ക്കുന്ന പെണ്‍കുട്ടിയെ മനു നിർന്നിമേഷനായി നോക്കിയിരുന്നു.അമ്പലത്തിൽ വെച്ചു കണ്ട മാത്രയിൽതന്നെ തന്റെ മനസ്സിൽ പതിഞ്ഞുപോയ മുഖം. ഓട്ടത്തിനിടയില്‍ അഴിഞ്ഞുചിതറിക്കിടക്കുന്ന നനവ് മാറാത്ത നീണ്ട ഇടതൂർന്ന മുടി. വിയർപ്പിൽ നനഞ്ഞ നെറ്റിയിൽ നിന്നും രാവിലെ ക്ഷേത്രത്തിൽ നിന്നും തൊട്ട ചന്ദനവും സിന്ദൂരവും കിനിഞ്ഞിറങ്ങി ഒരു മഞ്ഞുകണം പോലെ മൂക്കിന്റെ തുമ്പിൽനിന്നും അടരാൻ വെമ്പിനില്‍ക്കുന്നു.
"ഏട്ടാ......."
കിതപ്പടങ്ങാത്ത അവളുടെ വിളിയൊച്ച കാതങ്ങൾക്കപ്പുറത്തു നിന്നെന്നപോലെയാണ് അവന്റെ കാതിലേയ്ക്കെത്തിയത്... മനു ഒന്ന് ഞെട്ടിയതുപോലെ കണ്ണടച്ചു തുറന്നു വീണ്ടുമാ പെൺകുട്ടിയെ നോക്കി.
"എട്ടാ കണ്ണൻ "
തന്റെ പുറകിലേയ്ക്കു വിരൽ ചൂണ്ടി അവൾ പറഞ്ഞപ്പോഴാണ് പുറകിൽ തന്നെ ഇറുക്കിപ്പിടിച്ചിരിക്കുന്ന കണ്ണനെ മനു ശ്രദ്ധിച്ചത്.
"ഏട്ടൻ ക്ഷമിക്കണെ സുഖമില്ലാത്ത കുട്ടിയാ. മരുന്നും കഷായവും ഒന്നും മുടക്കരുതെന്നാ വാസുവൈദ്യർ പറഞ്ഞത്. ഞാൻ കാണാതെ മരുന്നുകുപ്പി അലമാരയിൽ നിന്നുമെടുത്തു വീടിനു പുറകിൽ ഒളിച്ചു നില്‍ക്കുകയായിരുന്നു. സ്കൂളിലേയ്ക്കു പോയ കുട്ടികളാരോ ചാമ്പക്ക പറിക്കാൻ ഗേയ്റ്റു തുറന്നതും ശബ്ദം കേട്ട് ഇവനതു വഴി ഇറങ്ങി ഓടിയതാ."
പറഞ്ഞു തീരുംമുമ്പേ അവൾ ബൈക്കിൽ നിന്നും കണ്ണനെ വലിച്ചിറക്കി താഴെ നിന്നും മരുന്നുകുപ്പിയും വടിയുമെടുത്തു.
"ഏട്ടനു ബുദ്ധിമുട്ടായീന്നു അറിയാം ക്ഷമിക്കണേ... "
ഒരിക്കൽ കൂടി അവനോടു ക്ഷമ പറഞ്ഞു കണ്ണനെയും കൊണ്ടവൾ തിരിഞ്ഞു നടക്കുമ്പോൾ സ്വതന്ത്രമായ മറുകയ്യാൽ കണ്ണനവളെ അടിക്കുകയും പിച്ചുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു മുന്നോട്ടു പോയതും ആ പെൺകുട്ടിയുടെ കയ്യിൽ നിന്നും കുതറി കണ്ണൻ വീണ്ടും തന്റെ നേരെ ഓടി വരുന്നതു കണ്ട മനു ബൈക്കിൽ നിന്നുമിറങ്ങി. തന്നെയും കടന്നു പോകാൻ നിന്ന കണ്ണനെ മനു പിടിച്ചു നിർത്തി.
"വിടെടാ ഏട്ടാ എടാ എന്നെ വിടാൻ."
"കണ്ണൻ എവിടേയ്ക്കാ ഇങ്ങനെ ഓടുന്നത്"
"ദാ അവിടെ"
അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് മനു നോക്കി
പാര്‍ത്ഥസാരഥീ ക്ഷേത്രം!
"കണ്ണൻ എന്തിനാ അവിടേയ്ക്കു പോകുന്നത് അവിടെ ഇപ്പോള്‍ ആരും ഉണ്ടാവില്ല"
"കണ്ണനു പോണം. കണ്ണനെ വിട് വിടടാ. കയിക്കണ മരുന്നു കണ്ണനു വേണ്ട. വിട്"
കയ്യിൽ കിടന്നു കുതറുന്ന കണ്ണനെയും, കുറച്ചകലെ നിശ്ചലം നിൽക്കുന്ന പെൺകുട്ടിയേയും മനു ഒന്നു നോക്കി.അവളെക്കൊണ്ടു തനിയെ കണ്ണനെ വീട്ടിലേയ്ക്കു കൊണ്ടുപോകാൻകഴിയില്ലെന്നു മനുവിനു മനസ്സിലായ്. മനു ബൈക്കിന്റെ സൈഡ് കവർ തുറന്നു അതില്‍ നിന്നും ഒരു ചോക്കളേറ്റ് എടുത്തു കണ്ണനു നേരെ നീട്ടി. ചോക്കളേറ്റു കണ്ടതും കുതറിപിടച്ചിൽ നിർത്തി കണ്ണൻ മനുവിനെ നോക്കി. അവന്റെ മുഖത്തു ഇതുവരെയുള്ള നിഷേധഭാവത്തിനു അയവു വരുന്നതു പോലെ മനുവിനു തോന്നി.
"കണ്ണൻ വരൂ നമുക്ക് വീട്ടിൽ പോയി മിഠായി കഴിക്കാം ന്താ"
കണ്ണൻ സമ്മതഭാവത്തിൽ തലകുലുക്കി. കണ്ണനെയും കൊണ്ട് മനു നടന്നടുക്കുന്നതും നോക്കി നിർന്നിമേഷയായി നിൽക്കുകയായിരുന്നു ആ പെൺകട്ടി അപ്പോഴും. അടുത്തെത്തിയപ്പോൾ മനു അവളെ നോക്കി പുഞ്ചിരിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് കൃതജ്ഞതയോടെ അവൾ മനുവിനെ നോക്കി
"വീട് എവിടെയാ...?
നിങ്ങളെ മുമ്പിവിടെ കണ്ടിട്ടില്ലല്ലോ? "
"ഈ വളവിന്റെ അപ്പുറത്ത്."
"മേടക്കൽ വീട്ടിലോ...?"
"അതെ."
"ശിവശങ്കരന് മാഷിന്റെ.....?"
"ആരുമല്ല. മാഷിന്റെ വീടിന്റെ ഔട്ട്ഹൗസിലാണ് ഞങ്ങൾ താമസിക്കുന്നത്. മാഷിന്റെ സ്കൂളിലെ ഹെഡ്മാസ്റ്ററാണ് അച്ഛൻ."
"ഓ അതു ശരി. സ്കൂളിൽ പുതിയ ഹെഡ്മാസ്റ്റർ വന്നു എന്ന് ചെറിയച്ഛന്റെ മോൻ വിനു പറഞ്ഞിരുന്നു."
ശരി വരൂ കണ്ണനെ ഞാൻ വീട്ടിൽ കൊണ്ടു വിടാം."
മനു കണ്ണന്റെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങിയതും പോക്കറ്റിൽ കിടന്ന മൊബൈലിൽ നിന്നും ഭക്തിസാന്ദ്രമായൊരു ഗാനം ഒഴുകിയെത്തി
അലൈപായുതെ കണ്ണാ അലൈപായുതെ
തുടരും.

ഭാഗം 4
"അലൈപായുതെ കണ്ണാ....
എൻ മനമിഹ അലൈപായുതേ...."
മനുവിന്റെ മൊബൈലിൽ നിന്നും ഊത്തുക്കാട് വെങ്കിടസുബ്ബയ്യർ തമിഴിൽ രചിച്ച കാനഡ രാഗത്തിലുള്ള കീർത്തനം ഒഴുകിയെത്തിയപ്പോൾ കണ്ണനൊന്നു കുതിച്ചു തുള്ളി.
"ചേച്ചീ കണ്ണന്റെ പാട്ട് കണ്ണനെ വിളിക്കുന്ന പാട്ട് "
കണ്ണന്റെ മുഖത്തുണ്ടായ കുട്ടിത്തം നിറഞ്ഞ കൗതുകം മനുവിൽ ചിരിയുണർത്തി. കണ്ണന്റെ കവിളിൽ അരുമയോടെ ഒന്നു നുള്ളിയിട്ട് മനു പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.ഡിസ്പ്ളേയിൽ ചിരിക്കുന്ന അരുണിന്റെ മുഖം. തന്റെ ബാല്യകാലസുഹൃത്തും സഹപാഠിയുമായ അരുണിനും തനിക്കും ഒരേ ബാങ്കിലാണ് ജോലി ലഭിച്ചിരിക്കുന്നത്. പോകും വഴി അവനെയും ഒപ്പംകുട്ടാമെന്നു പറഞ്ഞിരുന്നതാണ്. മനു കാൾ ബട്ടനിൽ വിരലമർത്തി അങ്ങോട്ട് എന്തെങ്കിലും പറയും മുമ്പേ അരുണിന്റെ ചോദ്യം എത്തി.
"എത്ര നേരമായെടാ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് "
കാത്തുനിൽപ്പിന്റെ അക്ഷമമുറ്റിയ അരുണിന്റെ ചോദ്യം കേട്ടു മനു വാച്ചിലേയ്ക്ക് നോക്കി 8-30 കഴിഞ്ഞിരിക്കുന്നു 9 മണിക്ക് മുമ്പ് ബാങ്കിൽ എത്തണ്ടതാണ്.
"ദാ എത്തിയെടാ"
മനു കാൾകട്ട് ചെയ്തു തിരിഞ്ഞു ആ പെൺകുട്ടിയെ നോക്കി
"വേഗം വരൂ എനിക്ക് ജോലിക്ക് പോകുവാൻ സമയമായി"
"എന്താ ഇയാളുടെ പേര് "
കണ്ണനെയും കൂട്ടി നടക്കുന്നതിനിടയിൽ മനു തിരിഞ്ഞു ആ പെൺകുട്ടിയോട് ചോദിച്ചു.
"ശ്രീനന്ദിനി"
ശ്രീനന്ദിനി ! മനു ആപേര് മനസ്സിൽ ഉരുവിട്ടു. രൂപം പോലെ പേരിലും ലാളിത്യം.
വളവ് കഴിഞ്ഞതും മേടയ്ക്കൽ വീടിന്റെ പടിപ്പുരയെത്തി. പടിപ്പുരത്തൂണിൽ ചാരി വിഷണ്ണനായി നിന്ന മദ്ധ്യവയസ്കൻ അവരെ കണ്ടതും ദീർഘമായൊന്നു പുഞ്ചിരിച്ചു. അദ്ദേഹത്തെ കണ്ടതും കണ്ണൻ മനുവിന്റെ കൈ കുതറിച്ചോടി അടുത്തു ചെന്നു.
"അച്ഛാ ദേ മിട്ടായി. ഈ ഏട്ടൻ തന്നതാ" നിഷ്കളങ്കമായ ചിരിയോടെ കണ്ണൻ മനു കൊടുത്ത മിട്ടായി നീട്ടി കാണിച്ചു.
"ഞാൻ മനു. ദാ ആ കാണുന്നതാണ് വീട്."
മനു തന്റെ വീടിനു നേരെ വിരൽ ചൂണ്ടി.
"ജോലിക്ക് പോകും വഴിയാണ് ഇവരെ കണ്ടത്. ഇവിടെ കൊണ്ടുവന്നാക്കിയിട്ട് പോകാമെന്നു വിചാരിച്ചു."
"നന്ദി മോനെ" അദ്ദേഹം നിറകണ്ണുകളോടെ മനുവിനെ നോക്കി കൈകൂപ്പി.
"അയ്യൊ എന്താ ഈ കാട്ടുന്നത്"
മനു അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു യാത്ര ചോദിച്ചു .
"എനിക്ക് പോകാൻ സമയമായി മാഷേ നമുക്ക് പിന്നീട് കാണാം "
" ശരി മോനെ"
തിരിഞ്ഞു നടക്കും മുമ്പ്മനു ശ്രീനന്ദിനിയെ ഒന്നു കൂടി നോക്കി. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി അവൾ കണ്ണനെയും കൂട്ടി നടന്നു കഴിഞ്ഞിരുന്നു. മനു വേഗം നടന്നു ബൈക്കിനടുത്തെത്തി. താഴെ ഉടഞ്ഞൂകിടക്കുന്ന കരിവളകൾ. കണ്ണനുമായുള്ള പിടിവലിയിൽ പൊട്ടിവീണതാവും. ഏതോ ഒരു ഉൾപ്രേരണയാൽ മനു അവ പെറുക്കി ബൈക്കിന്റെ സൈഡ്കവറിൽ ഇട്ടു ബൈക്ക് സ്റ്റാർട്ടു ചെയതു.
അരുണിനെയും കൂട്ടി മനു ബാങ്കിൽ എത്തുമ്പോൾ ഒമ്പതു മണി ആകുന്നതെ ഉണ്ടായിരുന്നുള്ളൂ. നഗരത്തിലെ പ്രസിദ്ധമായ ദേശസാൽകൃത ബാങ്കിന്റെ റീജണൽ ഓഫീസ്. മനു സെക്കൂരിറ്റി ചൂണ്ടി കാണിച്ചിടത്തു ബൈക്കു പാർക്കു ചെയതു തിരിച്ച് അരുണിന്റെ അടുത്തെത്തി. പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഓഫീസ് കെട്ടിടം. മുമ്പ് നഗരത്തിൽ വന്നപ്പോഴൊക്കെയും പലപ്രാവശ്യം ഈ കെട്ടിടം കണ്ടിട്ടുണ്ട്. അച്ഛന്റെയൊപ്പം ഒന്നു രണ്ടു തവണ ബാങ്ക് ആവശ്യങ്ങൾക്കായും വന്നിട്ടുണ്ട്. അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത അവാച്യമായ ഒരനുഭൂതിയിൽ മനുവിന്റെ ഉള്ളം കുളിർത്തു. ഇനിമുതൽ ഈ കെട്ടിടവും തന്റെ ജീവിതത്തിന്റെ ഭാഗമാവുകയാണ്. തന്റെ ദിനചര്യകളിലൂടെ കടന്നു പോകുന്ന നിമിഷങ്ങളിലേറെയും ചിലവഴിക്കേണ്ട സ്ഥലം. പുറം കാഴ്ച്ചകളിലേയ്ക്ക് മനു ഒന്നുകൂടി കണ്ണോടിച്ചു. ഒരു സൈഡിൽ നിരയായി പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ. മറുവശത്ത് തണൽ വിരിച്ചു നിൽക്കുന്ന കാറ്റാടി മരങ്ങൾ ഒറ്റപെട്ടു നിൽക്കുന്ന ആകെട്ടിടത്തിന്റെ പ്രൗഡി കൂട്ടുന്നു. ഗെയ്റ്റിന്റെ ഇടതുവശത്തായി സെക്കൂരിറ്റിയുടെ വിശ്രമമുറിയോടു ചേർന്നു റോഡിനഭിമുഖമായി ബാങ്കിന്റെ എ റ്റി എം കൗണ്ടർ. അച്ഛനെ മനസ്സിൽ ധ്യാനിച്ചു മനു അരുണിന്റെ ഒപ്പം ബാങ്കിലേയ്കു കയറി. വിശാലമായ വിശ്രമമുറിയുടെ ഒരു സൈഡിലായ് അസിസ്റ്റന്റ് മാനേജരുടെ മുറി. മനുവും,അരുണും അദ്ദേഹത്തിന്റെ അടുത്തെത്തി അപ്പോയ്മെന്റ്ഓര്ഡർ കാണിച്ചു. അദ്ദേഹം അവരെ മാനേജരുടെ ക്യാബിനിലേയ്ക്ക് കൂട്ടികൊണ്ടു പോയി.
സർ ഇവർ മനുവും, അരുണും . മാനേജർ അവരെ നോക്കി പുഞ്ചിരിച്ചു. അദ്ദേഹത്തെ വിഷ് ചെയ്തു കൊണ്ട് മനു മേശപ്പുറത്തിരുന്ന നെയിംബോർഡിലേയ്ക്ക് ഒന്നു നോക്കി. അലി മാത്യൂ തരകൻ. പേരു വായിച്ച് മനു അദ്ദേഹത്തിന്റെ മുഖത്തെയ്ക്ക് നോക്കി. സ്ഥായിയായ ഭാവം പോലെ ശാന്തവും പ്രൗഡവുമായൊരു പുഞ്ചിരി ചുണ്ടിൽ നിന്നും മായാതെ നിൽക്കുന്നു. നെറ്റിയിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന നിസ്കാരത്തഴമ്പ്. ആളപ്പോൾ മുസ്ളീംമാണ്. അപ്പോള്‍ ഈ മാത്യൂ തരകൻ?
"ഇരിക്കൂ"
രണ്ടു പേരേയും നോക്കികൊണ്ട് അദ്ദേഹം പറഞ്ഞു. മനുവും അരുണും അദ്ദേഹത്തിനു അഭിമുഖമായുള്ളസീറ്റിൽ ഇരുന്നു തങ്ങളുടെ അപ്പൊയിന്റ്മെന്റ് ഓർഡർ അദ്ദേഹത്തിന്റെ നേരെ നീട്ടി. അതു വാങ്ങി ഒന്നു ഓടിച്ചു നോക്കിയിട്ട് അദ്ദേഹം രണ്ടു പേരുടെയും വീട്ടുകാരെക്കുറിച്ചു ചോദിച്ചറിഞ്ഞു. ശേഷം രണ്ടാഴ്ച്ച നീണ്ടു നില്ക്കന്ന ട്രയിനിംഗിനെക്കുറിച്ചും ജോലിയുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ലഘുവായി വിശദീകരിച്ചു.
"ജോർജേട്ടാ", ക്യാബിനു പുറത്തു ഗ്ളാസ്സ് തുടച്ചു കൊണ്ടിരുന്ന മധ്യവയസ്കനായ ഒരാൾ ക്യാബിനിലേയ്ക്കു കടന്നു വന്നു.
"ഇതു ഇവിടുത്തെ പ്യൂൺ ജോർജ് ", മനുവിനോടും, അരുണിനോടും പറഞ്ഞിട്ട് അദ്ദേഹം ജോർജേട്ടനു നേരെ തിരിഞ്ഞു.
"ജോർജേട്ടാ ഇവരെ ട്രെയിനിംഗ് ഹാളിൽ കൊണ്ടാക്കൂ"
ജോർജേട്ടൻ അവരെ ബാങ്കിന്റെ ഉൾവശത്തേയ്ക്ക് കൂട്ടികൊണ്ടുപോയി. സാമാന്യം വലിയൊരു ഹാൾ. തങ്ങളെ കൂടാതെ പത്തിരുപത്തഞ്ചോളം യുവതീയുവാക്കൾ വേറെയുമുണ്ട്. അരുണും മനുവും ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ ഇരുന്നു. ചുറ്റും കുശലം പറയുകയും പരസ്പരം പരിചയപെടുകയും ചെയ്യുന്നവരിലേയ്ക്ക് മനുവിന്റെ കണ്ണുകൾ നീണ്ടു. നേരെ എതിർ വശത്ത് രണ്ടു യുവതികളുമായ് നിർത്താതെ സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ കണ്ട മനു ഒന്നു ഞെട്ടി. അറിയാതെ അരുണിന്റെ കൈകളിൽ മനുവിന്റെ പിടി മുറുകി.
തുടരും...

ഭാഗം 5
"എടാ"
തന്റെ ഇടതു കൈതണ്ടയിൽ മുറുക്കിപ്പിടിച്ചിരിക്കുന്ന മനുവിന്റെ പെട്ടെന്നുണ്ടായ ഭാവമാറ്റത്തിൽ അരുണൊന്നമ്പരന്നു.
"മനു, എന്താടാ? "
"അവള് "
"അവളോ, ആര്? "
"നീതു "
"ഏതു നീതു ? "
"എടാ വല്ല്യപ്പച്ചിയുടെ മകള്‍ നീതു "
ദൈവമെ അവളെന്താ ഇവിടെ! ഹോ താനെന്തൊരു മണ്ടനാ തങ്ങളെ പോലെ അവളും ട്രെയിനിംഗിനു വന്നതാകുമല്ലോ തന്റെ ചോദ്യത്തിലെ ബുദ്ധിയില്ല്യായ്മ ഓർത്ത് മനു സ്വയം ചിരിച്ചു.
"എവിടെടാ? "
തലകുമ്പിട്ടിരിക്കുന്ന മനുവിനെ നോക്കി അരുണ്‍ ചോദിച്ചു. മനു എതിർ ദിശയിലേയ്ക്ക് മുഖം തിരിച്ചപ്പോൾ അരുൺ അവിടേയ്കു നോക്കി. രണ്ടു പെൺകുട്ടികളുമായി സംസാരിച്ചിരിക്കുന്ന നീതുവിനെ കണ്ടപ്പോള്‍ അരുൺ ഓർത്തത് മൂന്നു വർഷം മുമ്പത്തെ സംഭവബഹുലമായ തങ്ങളുടെ കോളേജു ജീവിതമായിരുന്നു. താനും മനുവും ബി കോം ആദ്യ വര്‍ഷവും നീതു അവസാന വർഷവും. നീതുവിനു കോളേജിലൊരു വില്ലത്തി റോളായിരുന്നു. സ്വന്തം അമ്മാവന്റെ മകനായിരുന്നിട്ടും സീനിയർ ആൺകുട്ടികളുമായ് ചേർന്നു നീതു മനുവിനെ തരംകിട്ടുമ്പോഴൊക്കെ ദ്രോഹിച്ചിരുന്നു. പ്ളസ്ടൂ കഴിഞ്ഞപ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികളെയും പോലെ തുടര്‍ന്ന് എന്തു പറിക്കണമെന്ന ആശയകുഴപ്പത്തിലായിരുന്നു താനും മനുവും. പ്ളസ്ടൂ കൊമേഴ്സ് ആയിരുന്നതിനാല്‍ ബി. കൊം എടുക്കാമെന്നത് മനുവിന്റെ അച്ഛന്റെ തീരുമാനം ആയിരുന്നു. എന്തു പഠിക്കുന്നു എന്നതു പോലെ പ്രാധാന്യം എവിടെ പഠിക്കുന്നു എന്നതിനും ഉള്ളതു കൊണ്ടു തന്നെയാണ് വീട്ടില്‍ നിന്നും കുറച്ചകലെയുള്ള പ്രശസ്ത മായൊരു കോളേജു തന്നെ തിരഞ്ഞെടുത്തതും. കോളേജിലെത്തി ഒരു മാസം കഴിഞ്ഞിട്ടാണ് നീതു അവിടെ പഠിക്കുന്ന കാര്യം തങ്ങള്‍ അറിയുന്നത്.
മനുവിന്റെ ഓർമ്മകളിലേക്കും മഴയിൽ കുതിർന്നൊരു പകലും കോളേജ് ക്യാമ്പസിലെ വാകമരച്ചോടും വന്നു നിന്നു. കോളേജിലെത്തിയിട്ട് ഒരു മാസം. ജീവിതം ആഹ്ലാദവും അതിലുപരി ആനന്ദവും ആയി തീർന്ന നാളുകൾ. ചുവപ്പിനോടെന്നും ഭ്രാന്ത് പിടിച്ചൊരു പ്രണയമായിരുന്നു. അതുകൊണ്ട് തന്നെ കോളേജിലെ ഒഴിവുള്ള നിമിഷങ്ങൾ ക്യാമ്പസിലെ വാകമരത്തണലിൽ ആകും ഏറെയും. മണ്ണിനെ ചുംബിച്ചുറങ്ങുന്ന വാകപ്പൂക്കളെ തലോടി മനസ്സിൽ നിന്നും കിനാവിന്റെ പട്ടം നൂലടർത്തിവിട്ട് അകലെ ആകാശത്തു ഒഴുകുന്ന മേഘങ്ങൾ നോക്കി താൻ ഇരിക്കുമ്പോൾ കുറച്ചു മാറി അരുണും ഉണ്ടാകും. അത്യാവശ്യം പാടുകയും ഹാസ്യ താരങ്ങളെ അനുകരിക്കുകയും ചെയ്യുന്ന അരുണിനു ചുറ്റും എപ്പോഴും പെൺകുട്ടികളുടെ ഒരു കൂട്ടം തന്നെ ഉണ്ടാകും. അന്നും പതിവു പോലെ കോളേജില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഏതെക്കെയോ കാരണങ്ങൾ കൊണ്ടു നീണ്ടു പോയ സീനിയേഴ്സിന്റെ വെൽക്കം ഡേ ചടങ്ങ് അന്നുണ്ടാകും എന്ന്. മനസ്സില്‍ നിറയെ ആധിയുമായാണ് താനും അരുണും വാകമരചോട്ടിൽ എത്തിയത്. വെല്‍ക്കം ഡേയുടെ മറവില്‍ സീനീയേഴ്സ് നടത്തുന്ന റാഗിംഗിനെ കുറിച്ച് ഇതിനകം അറിഞ്ഞു കഴിഞ്ഞിരുന്നു. വാകമരത്തിന്റെ ചുവട്ടിലും മറ്റും കുട്ടികള്‍ കൂടി നില്ക്കുന്നു. മഴനനഞ്ഞൊരു കാറ്റ് അവരെ കടന്നു പോയപ്പോള്‍ കുളിരു പുണര്‍ന്നതു പോലെ മനു ഒന്നു കണ്ണടച്ചു. രാവിലെ പെയ്ത മഴയുടെ തുള്ളികൾ ഇലകളിൽ അപ്പോഴും തങ്ങി നിൽക്കുന്നുണ്ടായിരുന്നു. ചില്ലകൾക്കിടയിലൂടെ സൂര്യന്റെ കരതലം പ്രണയിനിയെ തഴുകുന്നൊരു കാമുകന്റെ ലാസ്യഭാവത്തോടെ ഭൂമിയെ മൃദുലമായി തഴുകികൊണ്ടിരിക്കുന്നു. ഇണയുടെ വരവറിഞ്ഞൊരു കിളിയുടെ ആഹ്ലാദ ശബ്ദം വാകമരത്തിന്റെ ഏതോ ചില്ലയിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട്. നനഞ്ഞ വാകപ്പൂക്കളൾ വീണുകിടക്കുന്ന സിമന്റ് ബെഞ്ചിന്റെ ഓരം ചേർന്ന് മനുവും അരുണും ഇരുന്നു. പതിവുപോലെ അരുണിനു ചുറ്റും എത്തിയ പെൺകൂട്ടങ്ങൾക്കും മൗനമായിരുന്നു.. വെൽക്കം ഡേ ക്കിടയിലെ റാഗിംഗ് തന്നെ ആയിരുന്നു എല്ലാവരുടെയും മനസ്സിൽ.
നിശബ്ദതയുടെ ഇതളുകളെ കീറിമുറിച്ചു കൊണ്ട് കോളേജില്‍ മണി മുഴങ്ങി. അതിനെക്കള്‍ മിടിക്കുന്ന ഹൃദയത്തോടെ അവര്‍ ക്ളാസ്സ് മുറികളിലേയ്ക്കു നടന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയ ആദ്യ രണ്ടു പീരീഡുകൾ. മൂന്നാമത്തെ പീരിഡ് നീമാ മിസ്സിന്റെ മലയാളം ക്ളാസ്സ് ആണ്. തന്റെ കവിതാ കമ്പമാണ് ഉപവിഷയമായ് മലയാളം മതിയെന്നു തീരുമാനിച്ചത്. ഹൈസ്കൂൾ പഠനകാലത്തു സ്കൂൾ കലോത്സവങ്ങളിൽ കവിതാ രചനക്ക് തനിക്കാവും എന്നും ആദ്യസ്ഥാനം കിട്ടുക. കവിത ഒരു ലഹരിയായി തന്റെ സിരകളിൽ ഒഴുകിയിരുന്ന കാലമായിരുന്നു അത്. കോളേജിലെത്തിയ ആദ്യദിനങ്ങളിൽ മലയാളത്തിലെ പ്രശസ്തരായ കവികളെയും അവരുടെ കൃതികളെയും കുറിച്ചുള്ള നീമാ മിസ്സിന്റെ അവലോകനം ഒരു കഥകേട്ടിരിക്കുന്ന കൊച്ചുകുട്ടിയേപോലെ അത്ര കൗതുകത്തോടെയായിരുന്നു താൻ കേട്ടിരുന്നത്. കവിതപോലെ മനോഹരമായിരുന്നു മിസ്സിന്റെ പെരുമാറ്റവും. പുഞ്ചിരി കൊണ്ടു കടഞ്ഞെടുത്തതു പോലെയുള്ള മുഖം. തോളറ്റം വെട്ടി സ്ട്രൈറ്റ് ചെയ്ത മുടി മുഖത്തിനു ചുറ്റും എപ്പോഴും പറന്നു കിടക്കും. കാതില്‍ വെള്ളകല്ലുള്ള ചെറിയ രണ്ടു മൊട്ടു കമ്മൽ. നൂലു കനത്തിൽ കഴുത്തൊട്ടികിടക്കുന്ന കുഞ്ഞുമാല. രണ്ടു കയ്യിലും കനം കുറഞ്ഞ ഓരോ വളകൾ. അലക്കി തേച്ച ബംഗാൾ കോട്ടൺ സാരിയിൽ സുന്ദരിയായെത്തുന്ന നീമാ മിസ്സിന്റെ അലങ്കാരങ്ങൾ ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ. മിസ്സിന്റെ ക്ളാസ്സ് കഴിയുമ്പോൾ ഒരു കവിത ചൊല്ലി അവസാനിച്ചതു പോലെ, ഓരോ വരികളുംമനസ്സിനെ തഴുകി ആത്മാവിലേയ്ക്ക് അരിച്ചെത്തുന്ന പോലെ അത്രമേൽ നിശബ്ദമായിരിക്കും ക്ളാസ്സ്. അത്ര ഭംഗിയോടെ, ചാരുതയോടെ ക്ളാസ്സ് എടുക്കാന്‍ നീമാ മിസ്സിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ക്ളാസ്സ് കഴിയാന്‍ അഞ്ചു മിനിറ്റു കൂടി ഉണ്ട്. പതിവു പോലെ എല്ലാവരും നിശബ്ദരായി ഇരിയ്ക്കുന്നു. വള്ളത്തോൾ നാരായണമേനോന്റെ സാഹിത്യമഞ്ജരിയിലെ എന്റെ ഭാഷ എന്ന കൃതിയിലെ ഏതാനും വരികളായിരുന്നു അന്നത്തെ പാഠഭാഗം .
"അമ്മതാന്‍തന്നേ പകർന്നുതരുമ്പോഴേ
നമ്മൾക്കമൃതുമമൃതായ്ത്തോന്നൂ!
ഏതൊരു വേദവുമേതൊരു ശാസ്ത്രവു–
മേതൊരു കാവ്യവുമേതൊരാൾക്കും
ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ
വക്ത്രത്തിൽ നിന്നുതാൻ കേൾക്കവേണം
ഹൃദ്യം സ്വഭാഷതൻ ശീകരമോരോന്നു–
മുൾത്തേനായ്ച്ചേരുന്നു ചിത്തതാരിൽ ;
അന്യബിന്ദുക്കളോ, തൽബഹിർഭാഗമേ
മിന്നിച്ചുനിൽക്കുന്ന തൂമുത്തുകൾ . "
കവിത മനോഹരമായി ചൊല്ലി അതിന്റെ ആശയം വിശദീകരിക്കുകയായിരുന്നു മിസ്സ്.
പെട്ടെന്നാണ് രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും ക്ളാസ്സിലേയ്ക്കു കടന്നു വന്നത് . വെല്‍ക്കം ഡേ പാർട്ടി തുടങ്ങിയെന്നും ക്ളാസ്സ് കഴിയുമ്പോൾ എല്ലാവരും ബി ബ്ളോക്കിലെ ഇംഗ്ളീഷ് ഡിപ്പാര്ട്ടുമെന്റിലേയ്ക് ചെല്ലണമെന്നും അറിയിച്ച് അവർ പോയി.
കോളേജിന്റെ തെക്കെ അറ്റത്തുള്ള ഒറ്റപ്പെട്ട കെട്ടിടത്തിലായിരുന്നു ഇംഗ്ളീഷ് ഡിപ്പാര്‍ട്ട്മെന്റ്. അരുൺ രണ്ടാം ഭാക്ഷ ആയി ഹിന്ദി ആയിരുന്നു എടുത്തിരുന്നത് അതിനാൽ മൂന്നാമത്തെ അവർ അരുൺ മറ്റൊരു ക്ളാസ്സിലായിരുന്നു. മനു ക്ളാസ്സിലുണ്ടായിരുന്ന മറ്റു കുട്ടികളോടൊപ്പം ഇംഗ്ളീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്പിലെത്തുമ്പോൾ നേരത്തെ ക്ളാസ്സിൽ വന്ന ആൺകുട്ടികളിലൊരാളും പെൺകുട്ടിയും അവരെ കാത്തെന്ന പോലെ അവിടെ നില്‍പ്പുണ്ടായിരുന്നു. അവർ മനുവിനെയും കൂട്ടുകാരെയും ഡിപ്പാര്‍ട്ടുമെന്റിലെ എട്ടാം നമ്പർ ക്ളാസ്സ് മുറിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ ഒരു പറ്റം സീനീയേര്സിന്റെ നടുവിൽ സിംഹത്തിന്റെ മുന്‍പില്‍പ്പെട്ട മാൻപേട പോലെ രണ്ടു പെൺകുട്ടികൾ. വായുവിൽ ഇരുത്തിയും പാട്ടുപാടിച്ചും രസിക്കുന്ന ചേട്ടന്മാർക്കിടയിൽ ബുൾഗാൻ താടിവെച്ചു മസിലുപെരിപ്പിച്ചിരിക്കുന്ന ചേട്ടന്റെ തോളിൽ കയ്യിട്ട് ചേർന്നിരിക്കുന്ന പെൺകുട്ടിയെകണ്ടപ്പോൾ മനുവിനല്പം ആശ്വാസം തോന്നി. അതേ സമയം അവളുടെ മുഖത്തെ അപരിചിത ഭാവം മനുവിനെ ആശയകുഴപ്പത്തിലാക്കുകയും ചെയ്തു. മനു ഒന്നു കൂടി നോക്കി. ഗീതു...! അതേ അവൾ തന്നെ. വലിയപ്പച്ചിയുടെ മകൾ. ചുണ്ടിന്റെ ഇടതുഭാഗത്തായി താടിയോടു ചേർന്ന് കറുത്ത മറുക് അവളെ തിരിച്ചറിയാനുള്ള അടയാളം അച്ഛമ്മയിൽ നിന്നും കിട്ടിയതായിരുന്നു. വൃത്തികെട്ട ഭാവത്തോടെ പെൺകുട്ടികളെ ചുഴിഞ്ഞു നോക്കി ഇരിക്കുന്ന അവനോടു പറ്റിച്ചേർന്ന് ഗീതു ഇരിക്കുന്നത് മനുവിൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും അപ്പോൾ അതിനേകുറിച്ച് എന്തെങ്കിലും പറഞ്ഞ് ഗീതുവിനെ പ്രകോപിപ്പിക്കുന്നത് നല്ലതല്ലെന്നു മനുവിനു തോന്നി. സ്വന്തം അമ്മാവന്റെ മകനായ തന്നെ സീനിയേർസിന്റെ റാഗിംഗിൽ നിന്നും ഒഴിവാക്കാൻ അവൾക്കു മാത്രമെ കഴിയുകയുള്ളു. പക്ഷേ മനുവിന്റെ എല്ലാ പ്രതീഷകളേയും വൃഥാവിലാക്കിയ സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്.
തുടരും..
ഭാഗം 6
"കേറി വാ മക്കളെ"
അകത്തുനിന്നും കേട്ട പരിഹാസം നിറഞ്ഞ വിളിയൊച്ച അവരുടെതന്നെ അട്ടഹാസങ്ങൾക്കിടയിൽ മുങ്ങിപ്പോയി. കുട്ടികൾ ഓരോരുത്തരായി ക്ലാസ്സ്മുറിയിലേക്ക് കയറി റൂമിന്റെ ഓരംചേർന്നു നിന്നു. കുട്ടികളെ ഓരോരുത്തരെയായി വിളിച്ചു പാട്ടുപാടിക്കുന്നതും, വായുവിൽ ഇരുത്തുന്നതും, തവള ചാടിക്കുന്നതുമൊക്കെ മനു നെഞ്ചിടിപ്പോടെ നോക്കി നിന്നു. ഏറ്റവും അവസാനം മനുവിന്റെ ഊഴമെത്തുന്നതിന്റെ തൊട്ടുമുമ്പായിരുന്നു ഗീതുവിന്റെ പുതിയ പ്രഖ്യാപനം. ഓരോരുത്തരും അവരുടെ നാലു തലമുറ മുമ്പുള്ളവരെ പരിചയപ്പെടുത്തുകയെന്ന്. അതുകേട്ടതും മനു ദീർഘമായൊന്നു നിശ്വസിച്ചു. ഗീതു ചിലപ്പോൾ തന്നെ രക്ഷിക്കാനാവും ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഏറ്റവും അവസാനമായിരുന്നു മനു വിളിക്കപ്പെട്ടത്. അവൻ കുനിഞ്ഞ ശിരസോടെ അവർക്ക് മുമ്പിലെത്തി നിന്നു.
"ഹാ ഇവനെ നമുക്കൊന്ന് വിട്ടുപിടിക്കാമെടാ മുത്തേ ഇവൻ അമ്മയിൽ നിന്നും തുടങ്ങട്ടെ "
താടിക്കാരനെ നോക്കി ഗീതു ഒന്നു കണ്ണിറുക്കി. മനുവിന്റെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി. അവനു കാര്യങ്ങൾ ഏതാണ്ട് ഊഹിക്കാവുന്ന അവസ്ഥയിൽ എത്തിയിരുന്നു.
"രണ്ടു തലമുറകൾക്കപ്പുറത്തേക്ക് ഇവൻ പോകില്ല ഇർഷാദേ തെരുവിന്റെ സന്തതികൾ ആയിരുന്നു ഇവന്റെ അമ്മയുടെ അച്ഛനും അമ്മയും. ഇവന്റെ അമ്മയുടെ കുടുംബവും കുലവും ഇവന്റെ അച്ഛനുപോലും അറിവുണ്ടാകില്ല പിന്നെ ഇവൻ എന്തു പറയും "
ഗീതുവിന്റെ പരിഹാസം നിറഞ്ഞ വാക്കുകൾ കേട്ടു മനുവിന്റെ കണ്ണുകൾ ഒന്നു പുകഞ്ഞു കത്തി. തികട്ടി വന്ന കരച്ചിലവന് കടിച്ചിറക്കിയപ്പോള്‍ തൊണ്ടക്കുഴിയില്ലൊരു കടച്ചിൽ. അവൻ മുഖമുയർത്തി. കണ്ണുനീര് മറച്ച അവ്യക്തമായ കാഴ്ച്ചയില്‍ ഗീതുവിന്റെ പരിഹാസം നിറഞ്ഞ മുഖം. ഗിരിയേട്ടനൊപ്പം വീട്ടില്‍ വന്നപ്പോഴൊക്കെയും അമ്മ വിളമ്പിയ ഭക്ഷണത്തിനൊപ്പം സ്നേഹവും നിറച്ചുണ്ടവള്. ഇവളുടെ ഉള്ളില്‍ ഇങ്ങനെയുമൊരു മുഖംമുണ്ടായിരുന്നോ? മുത്തച്ഛനും മുത്തശ്ശിയും അനാഥരായിരുന്നു.അമ്മയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിവാഹത്തിനു മുന്‍പുതന്നെ അമ്മ അച്ഛാച്ചനോടും അച്ഛനോടും പറഞ്ഞിരുന്നു. അനാഥനായിരുന്നു മുത്തച്ഛന്. തിമര്ത്തുപെയ്തൊരു മഴയില്‍ കുത്തിയൊലിച്ചെത്തിയ മലവെള്ളം വീടടക്കം കൊണ്ടുപോയപ്പോൾ അന്ന് ഒന്നരവയസ്സുമാത്രമുള്ള മുത്തശ്ശനുറങ്ങിയിരുന്ന മരത്തൊട്ടിൽ വളരെ അകലെ താഴ്ചയിൽ രണ്ടു പാറകൾക്കു നടുവിലായി സുരക്ഷിതമായി ഉണ്ടായിരുന്നു. കുറച്ചു നാള് ബന്ധുവീടുകളില്‍, പിന്നെ നാട്ടിലെ പള്ളിവക അനാഥാലയത്തില്‍. മുത്തശ്ശിയും മഞ്ഞുപെയ്യുന്നൊരു പുലര്‍ച്ചയില്‍ രണ്ടാനച്ഛനില്‍ നിന്നും രക്ഷതേടി പള്ളിയിലേയ്ക്കോടികയറി വന്നവള്‍. അന്നു മുത്തച്ഛന് ഡിഗ്രി കഴിഞ്ഞ് പള്ളി വക സ്കൂളിലെഅധ്യാപകന് ആയിരുന്നു. പള്ളിയില്‍ നിന്നും വീട്ടിലേക്കു പോകുവാന്‍ കൂട്ടാക്കാതെ നിന്ന, കഷ്ടിച്ചു പതിനെട്ടു വയസ്സ് മാത്രമുള്ളൊരു പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുക മാത്രമായിരുന്നു ഏക പോംവഴി. സ്റ്റേഷനിലേയ്ക്ക് ഫാദര്‍ ഗബ്രിയേലിനൊപ്പം മുത്തച്ഛനും ഉണ്ടായിരുന്നു. സ്റ്റേഷനില്‍ നിന്നും വിളിച്ചതനുസരിച്ച് എത്തിയ പെണ്‍കുട്ടിയുടെ അമ്മ തന്റെ മകളെ വീട്ടിലേയ്ക്കു കൊണ്ടുപോകാന്‍ ആവില്ലെന്നും എങ്ങനെയെങ്കിലും അവളെ രക്ഷിക്കണമെന്നും പറഞ്ഞു കണ്ണീരോടെ നിലവിളിച്ചപ്പോള്‍ ഗബ്രിയേലച്ചനാണ് മുത്തച്ഛനോട് അങ്ങനൊരാവശ്യം പറഞ്ഞത്. മാനം കാക്കാന്‍ മരിക്കാനും തയ്യാറായി നില്ക്കുന്ന ഒരു പെണ്‍കുട്ടി . ജീവിക്കാന്‍ കൂട്ടായി ഒപ്പം അവള് മതിയെങ്കില്‍ കൂടെ കൂട്ടാമെന്ന ഗബ്രിയേലച്ചന്റെ വാക്കുകള്‍ മുത്തച്ഛന് അനുസരിക്കുകയായിരുന്നു. ജാതകം നോക്കാതെ മുഹൂര്‍ത്തം നോക്കാതെ തൊട്ടടുത്ത രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ആ വിവാഹം നടന്നു. പള്ളിവക ഔട്ട്ഹൗസിലെ ഇരുപത്തിരണ്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ മുത്തശ്ശിയുടെയും , ഗബ്രിയേലച്ചന്റെയും മരണം നല്കിയ സങ്കടങ്ങള്‍ ഒഴിച്ചാല്‍ അവരുടെ ജീവിതം ആഹ്ളാദപൂര്ണ്ണമായിരുന്നു. മുത്തശ്ശന്റെ ഏക സമ്പാദ്യമായിരുന്നു ഗബ്രിയേലച്ചന് ഉപയോഗിച്ചിരുന്ന പഴയൊരു അമ്പാസഡര്‍ കാര്‍. ഒടുവില്‍ അതേ കാറില്‍ അമ്മയുടെപിറന്നാള് ദിനത്തിലെ യാത്ര മുത്തശ്ശനെയും , മുത്തശ്ശിയേയും അനാഥമാക്കിയ വിധി തന്റെ അമ്മയേയും അനാഥയാക്കുക്കുകയായിരുന്നു. ചുറ്റും ഉയരുന്ന പരിഹാസച്ചിരിയ്ക്കിടയില് ശിരസ്സ് നഷ്ടമായവന്റെ ഉടല് പോലെ പിന്നീടു പലപ്പോഴും ആ കോളേജു കാമ്പസില്‍ മനുവിനു വിറുങ്ങലിച്ചു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. എല്ലാം ഒരിക്കല്‍ കൂടി ഓര്മ്മകളിലേയ്ക്കാവാഹിച്ച മനുവിന്റെ ചിന്തകളിലേയ്ക് കനലുകള്‍ കോരിയിട്ടു കൊണ്ട് ഗീതു ഇരിപ്പിടത്തില്‍ നിന്നും മെല്ലെ എഴുന്നേറ്റു.
തുടരും...

ഭാഗം 7
തന്റെ മുഖത്തു തന്നെ നോക്കി ഗീതു നടന്നടുത്തപ്പോള്‍ പരിഭ്രമം കൊണ്ട് മനു ഇരുന്നു വിയര്‍ത്തു. അന്നു കോളേജില്‍ വെച്ചുണ്ടായ സംഭവത്തില്‍ അച്ഛനും, വല്ല്യപ്പച്ചിയും തമ്മിലുണ്ടായ വഴക്ക് ഇരുകുടുംബങ്ങളെയും വീണ്ടും അകറ്റാനെ ഉപകരിച്ചുള്ളു. അതിന്റെ പേരില്‍ ഗിരിയേട്ടന് ഗീതുവിനെ തല്ലുകകൂടി ചെയ്തപ്പോള്‍ അപ്പച്ചിക്ക് തങ്ങളോടുള്ള ദേഷ്യം ഒന്നുകൂടി വര്‍ദ്ധിച്ചു. വീട്ടില്‍ വരുന്നതില്‍ നിന്നും ഗിരിയേട്ടനെ വിലക്കിയെങ്കിലും ഏട്ടന് വരവ് മുടക്കിയിരുന്നില്ല.
"ഹായ് മനു"
തന്റെ തോളില്‍ തട്ടി പുഞ്ചിരിയോടെ ഗീതു വിളിച്ചപ്പോള്‍ സ്ഥലകാലബോധം നഷ്ടപെട്ടവനെ പോലെ മനു പകച്ചു മഖമുയര്ത്തി. കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ അരുണ്‍ തന്നെ തന്നെ ഒന്നു നുള്ളി നോക്കി. ഒരു വര്‍ഷം മുഴുവന്‍ മനുവിന്റെ കൂട്ടുകാരന് എന്ന കാരണത്തില്‍ തന്നെയും വെള്ളം കുടിപ്പിച്ചവള്‍.
"ഹായ് അരുണ്‍"
"ഇതെന്താ രണ്ടാളും ഇങ്ങനെ പേടിച്ചിരിക്കുന്നത് ? "
അരുണും മനുവും അവിശ്വാസത്തോടെ വീണ്ടും ഗീതുവിന്റെ മുഖത്തെയ്ക്കു നോക്കി.
"ഏയ് മനു"
"സോറി മനു . എനിക്കറിയാം നിനക്ക് എന്നോട് വെറുപ്പാണെന്ന്. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി. ആ സംഭവത്തിനു ശേഷം ഗിരിയേട്ടന് എന്നെ തല്ലിയപ്പോള്‍ എനിക്ക് നിന്നോടു ദേഷ്യം കൂടുകയായിരുന്നു. നിന്നേ കാണുമ്പോഴൊക്കെയും ഗിരിയേട്ടനില്‍ നിന്നും ആദ്യമായ് കിട്ടിയ അടിയുടെ വേദന എന്റെ കവിള് പുകച്ചിരുന്നു. മറ്റുകുട്ടികളുമായ് ചേര്‍ന്നു നിന്നെ നാണം കെടുത്തുമ്പോള്‍ മാത്രമായിരുന്നു എനിക്ക് ആശ്വാസം. പക്ഷേ അന്നു ഗിരിയേട്ടനെ നിങ്ങടെ വീട്ടിലേയ്ക്കു വരുന്നതില്‍ നിന്നും അമ്മ വിലക്കിയതും, അത് വകവെയ്ക്കാതെ ഗിരിയേട്ടന് അവിടെ വന്നുകൊണ്ടിരിക്കുന്നതും അതേ ചൊല്ലി വീട്ടില്‍ അമ്മയും ഗിരിയേട്ടനുമായി എപ്പോഴും വഴക്കു നടന്നിരുന്നതും ഒടുവില്‍ അവര്‍ തമ്മില്‍ മിണ്ടാതായതുമൊക്കെ എനിക്ക് നിന്നോടുള്ള ദേക്ഷ്യം കൂട്ടി. എന്നാല്‍ ഗിരിയേട്ടന്റെ വിവാഹത്തോടെ ഉപാധികളില്ലാത്ത സ്നേഹം കൊണ്ട് എട്ടത്തിയമ്മ എന്നെയും അമ്മയേയും മാറ്റിയെടുത്തു. അമ്മയോടുള്ള ദേഷ്യവും വാശിയും ആകും ജീവിതസഖിയായി ഒരനാഥകുട്ടിയേ തന്നെ തിരഞ്ഞെടുക്കാന്‍ കാരണമായത്. അമ്മയുടെ എതിര്‍പ്പുകളെയൊക്കെ എട്ടത്തി സ്നേഹം കൊണ്ടു കീഴടക്കി. ഒരു വീട് എങ്ങനെയാവണമെന്ന് ഏട്ടത്തി ഞങ്ങളെ പഠിപ്പിച്ചു തന്നു. എല്ലാത്തിന്റെയും അടിത്തറ തറവാട്ടുമഹിമയും, പണവുമാണെന്നു വിശ്വസിച്ചിരുന്ന അമ്മ ഇത്ര നാള് താനൊരു മൂഢസ്വര്‍ഗ്ഗത്തില്‍ ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞു. അമ്മായിയേയും നിന്നെയും കാണാന്‍ ഞങ്ങള്‍ വരാനിരിക്കുകയായിരുന്നു."
പറഞ്ഞു നിര്‍ത്തി ഗീതു അരുണിനു നേരെ തിരിഞ്ഞു. എല്ലാം കേട്ട് വിശ്വാസം വരാതെ, അതിലേറെ അമ്പരപ്പോടെ പകച്ചിരിക്കുകയായിരുന്നു അരുണ്‍. മനുവും അതേ അവസ്ഥയില്‍ തന്നെ ആയിരുന്നു. പകുതിയില്‍ പാളിപ്പോയൊരു പുഞ്ചിരിയോടെ രണ്ടാളും ഗീതുവിനെ നോക്കി. രണ്ടു പേരോടും സോറി പറഞ്ഞ് ഗീതു തിരിച്ചുപോയപ്പോള്‍ ഇടിവെട്ടി ആര്‍ത്തലച്ചു വന്നൊരു പേമാരി പെടുന്നനെ നിലച്ചു പോയതു പോലൊരു ശാന്തത. അവര്‍ പരസ്പരം നോക്കി ആശ്വാസത്തോടെ ചിരിച്ചു. മനു പെട്ടെന്നു ശ്രീനന്ദയെ ഓര്‍ത്തു. തന്റെ ജീവിതത്തില്‍ എന്തെക്കെയോ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്നൊരു തോന്നല്‍.
ഹാള്‍ പെട്ടെന്നു നിശബ്ദമായപ്പോള്‍ മനുവും അരുണും തിരിഞ്ഞു നോക്കി. പ്യൂണ്‍ ജോര്ജേട്ടനൊപ്പം മറ്റൊരാള്‍ കൂടി ഹാളിലേയ്ക്കു വരുന്നു. കയ്യിലിരുന്ന ഫയലും, വെള്ളവും മേശപ്പുറത്തുവെച്ചു ജോര്ജേട്ടന് പോയപ്പോള്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സതീഷ് ചന്ദ്രന്. പരസ്പരമുള്ള പരിചയപ്പെടുത്തലുകള്‍ക്കു ശേഷം പതിനഞ്ചു മിനിറ്റ് റ്റീ ബ്രേക്ക് ഉണ്ടായിരുന്നു. അതിനു ശേഷമായിരുന്നു ബാങ്കുകളെ പറ്റിയും റിസര്‍വ്വ് ബാങ്കിന്റെ അതിന്മേലുള്ള നിയന്ത്രണങ്ങളെപറ്റിയുമുള്ള സതീഷ് സാറിന്റെ ക്ളാസ്സ്. ഉച്ചക്ക് ലഞ്ചു കഴിഞ്ഞ് അക്കൗണ്ടന്‍സി ക്ളാസ്സ് മറ്റൊരു ഫാക്കള്‍ട്ടിയായ നസിയാ മാഡം ആയിരുന്നു എടുത്തത്. വീണ്ടും കോളേജിലേയ്ക്ക് എത്തപ്പെട്ട പ്രതീതി. എല്ലാവരും ആഹ്ളാദം നിറഞ്ഞൊരു ഉന്മേഷത്തിലായിരുന്നു. അക്കൗണ്ട് തുടങ്ങാന്‍ വരുന്നവരില്‍ നിന്നും വാങ്ങേണ്ട രേഖകളെക്കുറിച്ചും സ്ഥിരനിക്ഷേപം തുടങ്ങുന്നതിനും ക്ളോസ്ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങൾ, പലതരം ലോണുകളും അവയുടെ അപേക്ഷയിൽ പ്രത്യേകിച്ചു നടത്തേണ്ട സൂക്ഷ്മ പരിശോധനകളും ലോൺ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ . അടവ് മുടക്കം വന്ന ലോണിന്റെ തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട നടപടികൾ . കാഷ് കൗണ്ടിലെ ജോലിയിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിലെ നടപടികൾ, കള്ളനോട്ടു ശ്രദ്ധയില്‍ പെട്ടാല്‍ ചെയ്യേണ്ട നടപടികള്‍, വിവിധപണമിടപാടുകള് കമ്പൂട്ടറില്‍ പോസ്റ്റു ചെയ്യുന്നതിനെക്കുറിച്ചുള്ള വിശദമായ ക്ളാസ്സുകള്‍. ഇതിനോടൊപ്പം ഫാക്കള്ട്ടികളുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ ഇടപെടലും, പുതിയ സൗഹൃദങ്ങളും രണ്ടാഴ്ച്ച കഴിഞ്ഞുപോയതറിയാതെ വിടവാങ്ങല്‍ ദിവസം വന്നെത്തി. ഇനി പലരും ബാങ്കിന്റെ പല ശാഖകളിലേയ്ക്ക്. അരുണിനും മനുവിനും ഒപ്പം ട്രയിനി ആയിരുന്ന സലീലയ്ക്കും അതേ ബാങ്കില്‍ തന്നെ ജോലി ലഭിച്ചപ്പോള്‍ ഗീതുവിന് നഗരത്തില്‍ നിന്നും കുറച്ചകലെ മഞ്ചാടിക്കര ഗ്രാമത്തിലെ ശാഖയിലായിരുന്നു ജോലി.
എല്ലാവരോടും യാത്ര പറഞ്ഞ് അരുണും മനുവും നേരെ ലൈബ്രറിയിലേയ്ക്കാണ് പോയത്. കൂട്ടുകാര്‍ അവരെകാത്തിരിക്കുന്നുണ്ടായിരുന്നു. ജോലികിട്ടിയതിന്റെ പാര്‍ട്ടി കഴിഞ്ഞ് മനു വീടെത്തുമ്പോള്‍ ഒരുപാടു വൈകിയിരുന്നു. പിറ്റേന്നു ഞായറാഴ്ച്ച. ധനുമാസത്തിലെ തിരുവാതിര മനുവിന്റെ പിറന്നാള്‍.
തുടരും...
ഭാഗം 8
ഉറക്കത്തിനും, ഉണര്വ്വിനുമിടയിലേതോ യാമത്തില്‍ ശ്രീദേവിയമ്മയുടെ മനസ്സ് ഇരുപത്തിരണ്ടു വര്‍ഷം പിന്നിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നിലാവിനെ പുണർന്നുറങ്ങുന്ന ഭൂമിക്കു മീതെ ഇലപ്പടർപ്പുകളിലില് നിന്നും ഇറ്റുവീഴുന്ന മഞ്ഞുതുള്ളികൾ. അകലെ ആകാശത്ത് അമ്പിളികുഞ്ഞിനെ താരാട്ടു പാടുന്ന നക്ഷത്രമൊട്ടുകൾ. ധനുമാസതിരുവാതിര. രാജീവേട്ടന്റെ തറവാട്ടിലെ സ്ത്രീകളെല്ലാം മുറ്റത്ത് ഉണ്ട്. രേവതി നാൾ മുതൽ തുടങ്ങിയിരുന്നു തിരുവാതിര ആഘോഷങ്ങൾ. എല്ലാവരും തിരുവാതിര വ്രതം എടുത്തിരുന്നു. വെറ്റില മുറുക്കലും പാതിരാപ്പൂ ചൂടലും തിരുവാതിരക്കളിയുമായ് രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് അതിരാവിലെ തറവാട്ടു കുളത്തിൽ പാട്ടുപാടി തുടിച്ചു കുളിച്ച്, കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പങ്ങളായ കറുക, കൈയ്യോന്നി, മുക്കുറ്റി , നിലപ്പന,
ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവ മുടിയിൽ ചൂടി ശിവപാര്‍വ്വതീ ദർശ്ശനം നടത്തിയിട്ടേ തങ്ങളുടെ വീട്ടിലേക്ക് മടങ്ങാറുള്ളു. ആഘോഷങ്ങൾക്കിടയിലും രാജീവേട്ടനും അമ്മയും പൂർണ്ണ ഗർഭിണിയായ തന്റടുക്കൽ നിന്നും മാറാതെ ഉണ്ട്. പ്രസവത്തിനു രണ്ടു നാളുകൾ മാത്രം ബാക്കി.
"ദേവീ"
മുറ്റത്തെ ബഹളങ്ങളൾ നോക്കി മുറിയിലെ ആട്ടുകട്ടിലിൽ ഇരിക്കുന്ന ശ്രീദേവിയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു രാജീവൻ.
"എന്താ ഏട്ടാ"
"മോൻ എന്നെ അച്ഛാന്നു വിളിക്കുന്നെടോ"
"എന്റെ വയറിൽ മുഖം ചേർത്ത് മോനെ കൊഞ്ചിച്ചു എത്ര നേരം കിടന്നാലും ഈ രാജീവേട്ടന് മതിയാവില്ലേ? "
ദേവി തന്നെ കളിയാക്കിയതാണെന്നറിഞ്ഞിട്ടും രാജീവന് പുഞ്ചിരിച്ചു. തന്റെ ജീവന്റെ പാതിയാണീ വയറിനുള്ളിൽ. തന്റെ സാന്നിധ്യം അറിഞ്ഞെന്ന പോലെ അവൻ ചാടിക്കുതിക്കുമ്പോള് താനെങ്ങനെ അവനെവിട്ടു മാറിപ്പോകും? തന്റെ മകന്റെ മുഖമൊന്നു കാണാൻ കണ്ണും മനസ്സും കൊതിച്ചെത്ര നാളായുള്ള കാത്തിരിപ്പാണ്. അതിനിയും രണ്ടു നാൾ കൂടി നീളും.
"ദേവി നമുക്ക് ഒരു മോൻ മതി. നമ്മുടെ സ്നേഹം മുഴുവൻ ഊട്ടിവേണം അവനെ വളർത്താൻ."
"ഏട്ടാ നമുക്ക് മോളാ ജനിക്കുന്നതെങ്കിലോ"
"ഇല്ലെടോ ഇതെന്റെ മോനാ. താൻ എനിക്കൊരു മോനെ തന്നെയാവും തരിക."
നേരിയ ചിരിയോടെ ദേവി ഊഞ്ഞാല്ക്കട്ടിലിന്റെ ക്രാസിയിലേയ്ക്ക് തലചായ്ച്ചു. ഇടയിലെപ്പഴോ മയങ്ങിപ്പോയ ദേവി പെട്ടെന്നു ഞെട്ടിയുണര്‍ന്നു. നേരം പുലരാറായിരുന്നു .കുളക്കടവിലേയ്ക്ക് പോയവർ ക്ഷേത്രദർശനം കഴിഞ്ഞു തിരികെ എത്തുന്നതേയുള്ളു. മോനേ കൊഞ്ചിച്ച് കിടന്ന് രാജീവേട്ടൻ എപ്പഴോ ഉറങ്ങിപ്പോയിരുന്നു. ദേവി കട്ടിലിൽ നിന്നും എഴുനേറ്റു. പറഞ്ഞറിയിക്കാനാവാത്തൊരു അസ്വസ്ഥത. രാജീവേട്ടന്റെ സാന്നിധ്യം അറിയുമ്പോഴൊക്കെയും വയറിനുള്ളിലെ ചവിട്ടും തൊഴിയും ചെറിയ നോവുകൾ തനിക്കു തരാറുണ്ടെങ്കിലും ഇതങ്ങനെയല്ല. അടിവയറിൽ നിന്നും കൊളുത്തിപ്പിടിച്ചു കയറുന്ന വേദന ഓരോ നിമിഷവും കൂടി വരുന്ന പോലെ.
എന്തോ സ്വപ്ന്ം കണ്ടു ഞെട്ടിയുണർന്ന രാജീവൻ കണ്ടത് വേദനകൊണ്ടു പുളയുന്ന ദേവിയെയാണ്. മുറിയിൽ മുഴുവൻ വേഗതയിലും ഫാൻ കറങ്ങികൊണ്ടിരിക്കുമ്പോഴും ദേവി വിയർപ്പിൽ മുങ്ങിയിരുന്നു. ഡോക്ടർ പറഞ്ഞ ദിവസമായില്ലങ്കിലും ദേവിയ്ക്ക് പ്രസവവേദനയുടെ ആരംഭം തുടങ്ങിയെന്നു മനസ്സിലായ രാജീവൻ വേഗം ഷർട്ടെടുത്തിട്ടു കാർപോർച്ചിലേയ്ക്കോടി. പോകുന്ന വഴിയിൽ തന്നെ അടുത്ത മുറിയിലുള്ള അമ്മയോടും വിവരം പറഞ്ഞു. ശ്രീദേവിയുടെ പ്രസവ ശുശ്രൂഷകൾക്കും മറ്റുമായി ഒരുമാസം മുമ്പു തന്നെ അകന്ന ബന്ധത്തിലുള്ള ജാനുവേട്ടത്തിയെ അച്ഛൻ കൂട്ടികൊണ്ടു വന്നിരുന്നു. രാജീവൻ പോർച്ചിൽ നിന്നും കാർ ഇറക്കിയപ്പോഴേക്കും അമ്മയും ജാനുവേട്ടത്തിയും കൂടി ദേവിയെ മുറ്റത്തേക്ക് എത്തിച്ചിരുന്നു. രാജീവൻ തൊട്ടടുത്ത ഹോസ്പിറ്റലിലേയ്ക്ക് കാർ വേഗത്തിൽ ഓടിച്ചു. അസ്ഥി നുറുങ്ങുന്ന വേദനയുടെ വേലിയേറ്റങ്ങൾ ശ്രീദേവിയുടെ മുഖത്ത് പ്രകടമായികൊണ്ടിരുന്നു.
പതിനഞ്ചു മിനിറ്റു കൊണ്ട് കാർ ഹോസ്പിറ്റലിൽ എത്തി. പെട്ടെന്നുള്ള പരിശോധനകൾക്ക് ശേഷം ശ്രീദേവിയെ ലേബർറൂമിലേയ്ക്ക് മാറ്റി. ശരീരത്തിൽ നിന്നും ജീവൻ പറിച്ചു മാറ്റപെടുന്നപോലെ ഇടവിട്ടു വരുന്ന അസഹനീയമായ വേദനയാൽ ശ്രീദേവിയുടെ ശരീരം തളർന്നു തുടങ്ങി. ജീവനിൽ നിന്നു മറ്റൊരു ജീവൻ അടർന്നു മാറുന്ന അസുലഭ നിമിഷങ്ങൾ. അസ്ഥികൾക്കിടയിലൂടെ അരിച്ചിറങ്ങിയ കടച്ചിലിനൊടുവിൽ വിരിഞ്ഞിറങ്ങിയ ഒരു കുഞ്ഞുപൂവിന്റെ കരച്ചിൽ. തന്റെ മുഖത്തിനു നേരെ കുഞ്ഞിനെ അടുപ്പിച്ചുപിടിച്ച് ആണ്കുട്ടിയാണെന്നു നേഴ്സ് പറഞ്ഞപ്പോൾ ആത്മനിർവൃതിയോടെ ആകുഞ്ഞു നെറ്റിയിൽ ശ്രീദേവിയൊരു മുത്തം നൽകി.
പതിയെ ശ്രീദേവിയുടെ സ്വപ്നങ്ങളലേയ്ക്ക് ഒരു കൊഞ്ചലും കുറുമ്പും നിറഞ്ഞു വന്നു. മുട്ടിലിഴഞ്ഞും പിച്ചവെച്ചും കണ്മുന്പിലൊരു ബാല്യം. സ്വപ്നതുല്ല്യമായൊരു ജീവിതത്തിന്റെ ആഹ്ളാദനിറവിൽ ഒരു സായംകാലം ചിലവഴിക്കാനവരെത്തിയത് കുറച്ചകലെയുള്ള കടപ്പുറത്തെക്കായിരുന്നു. തീരത്തേക്ക് കുണുങ്ങിയെത്തുന്ന കുഞ്ഞുതിരകളിൽ കാല്പാദം നനയുമ്പോൾ ഇക്കിളിപൂണ്ടെന്നപോലുള്ള കൊഞ്ചിച്ചിരി. ഇടയ്ക്കവൻ ഓടിവന്ന് തങ്ങളുടെ മുമ്പിൽ കാൽമുട്ടുകളിൽ കൈത്തലമൂന്നി കുനിഞ്ഞു നിൽക്കും. പിന്നൊരു പൊട്ടിച്ചിരിയോടെ തിരനനച്ച മണ്ണിൽ കുഞ്ഞിക്കാലടികൾ പതിപ്പിച്ച് മാറി നിൽക്കും. കാറ്റിനൊപ്പം എത്തുന്ന കുഞ്ഞു തിരമാലകൾ കുസൃതിയോടെ ആ കാല്പാടുകൾ മയ്ച്ചു തിരികെ പോകും. വീണ്ടുമവൻ വാശിയോടെ തന്റെ കാലടിപാടുകൾ നനഞ്ഞമണ്ണിൽ പതിച്ചു മാറിനിൽക്കും തിര വീണ്ടുമത് മായ്ച്ച് തിരികെ പോകും. മോനും തിരയും തമ്മിലുള്ള കുസൃതി ആസ്വദിച്ചിരിക്കവെ കടൽ പെട്ടെന്ന് രൗദ്രമായപോലെ. തിരയടിച്ചെത്തുന്ന കടലിന്റെ കൈകൾ എന്തോ കവർന്നെടുക്കാന്‍ തിടുക്കപ്പെടും പോലെ. മനസ്സ് മോന്റടുത്തേക്ക് ഓടാൻ വെമ്പുന്നുണ്ടെങ്കിലും പാദങ്ങൾ മണ്ണിൽ പൂണ്ടുപോയപോലെ തനിക്കൊന്നനങ്ങാൻപോലും കഴിയുന്നില്ല രാജീവേട്ടൻ മോനെ വാരിയെടുക്കാനായും മുന്നെ പ്രീയപെട്ടതെന്തോ കിട്ടിയ പോലെ തിര തിരികെ കടലിലേയ്ക്ക് മടങ്ങിയിരുന്നു.
തുടരും...

ഭാഗം 9
ചുവർ ക്ളോക്കിലെ കിളി മൂന്നു വട്ടം ചിലച്ചു നിശബ്ദമായി. പ്രകൃതിയുണരുന്ന സരസ്വതീയാമം. ഗാഢമായി പ്രണയിച്ചിട്ടും പുലരിയെ ഒന്നു പുണരുവാൻ പോലുമാകാതെ തിരിച്ചുപോക്കിനൊരുങ്ങുന്ന രാവ്. മുറ്റത്തെ ഇലഞ്ഞിമരച്ചില്ലകളുടെ ഇടയിലൂടെ മറയാൻ തുടങ്ങുന്ന അമ്പിളിച്ചന്തത്തിൽ കണ്ണും നട്ടു കിടക്കുകയായിരുന്നു മനു. അകലെനിന്നുമുയരുന്ന രാക്കിളിപ്പാട്ടിനു കാതോർത്തു നൃത്തം വെയ്ക്കുന്ന മിന്നാമിന്നികൾ. ജനലരികിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന നിറയെ മൊട്ടുകളുള്ള പാരിജാത ക്കൊമ്പിൽ നിന്നും വിടർന്നു വരുന്ന പൂക്കളുടെ സുഗന്ധം അവിടെയാകെ വ്യാപിച്ചിരിക്കുന്നു. ഉറക്കം നഷ്ട്ടപെടുന്നവന്റെ ചിന്തകൾ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്ന പോലെ കണ്ണിൽ നിന്നും അകന്നുപോയ മനോഹരമായൊരു കാഴ്ച്ചയുടെ ഓര്‍മ്മകളിൽ അസ്വസ്ഥമാകുന്ന മനസ്സിനെ എത്ര ശ്രമിച്ചിട്ടും അടക്കിനിർത്താനാവാത്തൊരു അവസ്ഥ. ഹൃദയഭിത്തികളെ തുളച്ചരിച്ചിറങ്ങുന്ന ചുവന്ന മൂക്കുത്തിയുടെ മോഹിപ്പിക്കുന്ന തിളക്കം കണ്മുന്പിൽ ഒരു സ്വപ്നമായി മായാതെ നിൽക്കുന്നു. കാച്ചെണ്ണയുടെ അഭൗമമായ സുഗന്ധം ഉടലാകെ തഴുകുംപ്പോലെ. പറഞ്ഞറിയിക്കാനാവാത്തൊരു നിർവൃതിയോടെ കണ്ണുകൾ പതിയെ ചേർത്തടച്ച അതേ നിമിഷത്തിലായിരുന്നു മനുവിന്റെ കാതുകളിലേയ്ക്ക ശ്രീദേവിയമ്മയുടെ നിലവിളിയെത്തിയത്.
ചാടിയെണീറ്റ മനു ഒരു കുതിപ്പിനു ശ്രീദേവിയമ്മയുടെ മുറിയിലെത്തി. ബെഡ്റൂംലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ണുപൊത്തി ഏങ്ങലടിച്ചു കരയുന്ന അമ്മയെ കണ്ട് മനു അമ്പരന്നുപോയി. ഏങ്ങലുകൾക്കിടയിലൂടെ അവ്യക്തമായി പുറത്തേക്ക് വരുന്ന വാക്കുകളിൽ ഒന്നു മാത്രമെ മനുവിനു വ്യക്തമായുള്ളു. കടലമ്മ കവർന്നെടുത്ത മോനെയോർത്തുള്ള അമർത്തിപ്പിടിച്ച നിലവിളികൾക്കിടയിലൂടെ തെറിച്ചെത്തിയ വാക്കുകൾ മനുവിനു അവിശ്വസനീയമായിരുന്നു. അതിലേറെ ഞെട്ടലും. തന്നെ കൂടാതെ അമ്മയ്ക്ക് മറ്റൊരൂ മോൻ ഉണ്ടായിരുന്നോ?. എങ്കിൽ എന്തിനു അച്ഛനും അമ്മയും തന്നിൽ നിന്നും അത് മറച്ചു വെച്ചു?. തങ്ങളുടെ ആദ്യത്തെ കണ്മണി എന്നു എന്തിനു തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു? . ഒരു കളിക്കൂട്ടിനു കൊതിച്ചു വാശി പിടിച്ച തന്നോട് അച്ഛനും അമ്മയും ഒരായിരം വട്ടം ചൊല്ലിത്തന്ന വാക്കായിരുന്നു തങ്ങളുടെ സ്നേഹം ഇനിയൊരു മകനോ മകൾക്കോ പങ്കിടാൻ ആവില്ലന്നു . താനെത്രവട്ടം വാശിപിടിച്ചിട്ടും അവരുടെ തീരുമാനത്തിനു മാറ്റമില്ലായിരുന്നു. അതിനൊക്കെ പിന്നിൽ ഇങ്ങനെയൊരു കഥയുണ്ടായിരുന്നോ? . ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുമായി മനു അമ്മയുടെ കട്ടിലിനരികിലെത്തി. ശ്രീദേവിയമ്മ അപ്പോഴും ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു. മനു കട്ടിലിൽ അമ്മയുടെ അരികിൽ ഇരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുനീര് തുടയ്ക്കാനാഞ്ഞ കൈകൾ മനു അറിയാതെ പിൻ വലിച്ചുപോയി. നോക്കിയിരിക്കെ അമ്മയുടെ മുഖത്ത് അപരിചിതമായൊരു ഭാവം നിറയുന്നതുപ്പോലെ. മനുവിന്റെ നെഞ്ചിലൊരു വിങ്ങലനുഭവപ്പെട്ടു. പടുത്തുയർത്തിയ വിശ്വാസത്തിന്റെ കരിങ്കൽക്കോട്ട പിളരുന്നതുപ്പോലെ. തിരയടിച്ചെത്തിയൊരു കരച്ചിൽ തൊണ്ടക്കുഴിയോളമെത്തി അവസാനിച്ചപ്പോളുണ്ടായ പിടച്ചിലില്‍ മനുവിന്റെ കണ്ണും, മുഖവും ചുവന്നു. ശക്തികൂടിയ നെഞ്ചിടിപ്പിന്റെ ശബ്ദം തനിക്കുചുറ്റും മുഴങ്ങുന്നപോലെ. ഒന്നും മിണ്ടാനാവാതെ മനു വിറങ്ങലിച്ചിരിക്കവെ വീണ്ടും മോനെയെന്നൊരു നിലവിളിയോടെ ശ്രീദേവിയമ്മ ഞെട്ടിയുണർന്നു.
സ്ഥലകാലബോധം നഷ്ടപ്പെട്ടതു പോലെ ചുറ്റും പകച്ചു നോക്കുന്ന അമ്മയെത്തന്നെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു മനു. ശ്രീദേവിയമ്മയുടെ മനസ്സ് പതിയെ യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചെത്തി. താൻ കണ്ടത് ഒരു സ്വപ്നം മാത്രമായിരുന്നുവെന്നും കടൽത്തിര കവർന്നെടുത്ത തന്റെ പൊന്നുമോൻ ജീവനോടെ തന്റെയടുത്തുണ്ടെന്നും തിരിച്ചറിഞ്ഞപ്പോൾ മോനെയെന്നൊരു നിലവിളിയോടെ അവർ മനുവിന്റെ തോളത്തേക്കു ചാഞ്ഞു. തന്റെ ദേഹത്തു ഒഴുകിപടരുന്ന അമ്മയുടെ കരസ്പർശത്തിന്റെ ചൂടിൽ ഉള്ളിലണകെട്ടിയ സങ്കടത്തരികൾ അലിഞ്ഞുതീരുന്നത് മനു തിരിച്ചറിഞ്ഞു. മകന്റെ ജന്മദിനപ്പുലരിയിൽ ഒരു സ്വപ്നത്തിലൂടെ മനസ്സിനേറ്റ ആഘാതത്തിൽ നിന്നും ശ്രീദേവിയമ്മ ഒട്ടും മുക്തയായിരുന്നില്ല അപ്പോഴും. തന്റെ മകനെന്തോ ആപത്തു വരുന്നതിന്റെ സൂചനയായിരിക്കുമോ ആ സ്വപ്നം? മനസ്സിൽ കനലുകൾ കോരിയിട്ട ചിന്തകളും സ്വപ്നവും! എന്തോ ചിന്തിച്ചുറച്ചതുപോലെ ശ്രീദേവിയമ്മ മനുവിന്റെ തോളത്തു നിന്നും മുഖമുയർത്തി. സമയം നാലായെന്നറിയിച്ച് ചുമർ ക്ളോക്കിലെ കിളി വീണ്ടും ചിലച്ചു. താൻ കണ്ട സ്വപ്നത്തെക്കുറിച്ചു ശ്രീദേവിയമ്മ മനുവിനോടു പറയുമ്പോൾ കുറച്ചു നേരത്തേങ്കിലും തന്റെ അമ്മയെ തെറ്റിദ്ധരിച്ചുപോയതിന്റെ കുറ്റബോധത്തിലായിരുന്നു മനു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മനു അമ്മയെ ചേർത്തുപിടിച്ചു മനസ്സുകൊണ്ട് ഒരായിരം വട്ടം മാപ്പു പറഞ്ഞു.
"മനുക്കുട്ടാ"
ചോദ്യഭാവത്തിൽ മനു അമ്മയെ നോക്കി.
"ഇന്നു മോന്റെ ജന്മദിനം അല്ലേ നമുക്ക് ക്ഷേത്രത്തിൽ പോകണം. "
"ശരിയമ്മേ "
മനു തിരിച്ചു തന്റെ മുറിയിലേക്ക് പോയതും ശ്രീദേവിയമ്മ കട്ടിലിൽ നിന്നും എഴുന്നേറ്റു. കുളിച്ചു പൂജാമുറിയില്‍ വിളക്കുവെച്ചു . പുലരുവാനിനിയും കുറച്ചു നേരം കൂടിയുണ്ട്. അമ്മയുടെ കൈ പിടിച്ചു ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ തൻറെ മനസ്സിലേയ്ക്ക് വീണ്ടും ബാല്യത്തിന്റെ കുറുമ്പും കുസൃതിയും വന്നു ചേരുന്നതായി മനുവിന് തോന്നി. കുട്ടിക്കാലങ്ങളിൽ പാടവും , തോടും കടന്ന് അമ്മയോടൊപ്പമോ അച്ഛമ്മയോടൊപ്പമോ മുടങ്ങാതെ ക്ഷേത്രത്തിൽ എത്തുമായിരുന്നു. തോട്ടിലെ പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറുന്ന വെള്ളിമണിമുത്തുകളെ കൈകുമ്പിളിൽ കോരിയെടുക്കാൻ ശ്രമിച്ച് ഉടുപ്പും നിക്കറുമെല്ലാം നനച്ച് പകുതി ഈറനോടെയായിരിക്കും താൻ വീട്ടിലെത്തുക. വീണ്ടും കുളിച്ച് തൊടിയിലെ കാട്ടുതുളസിയോടും, കണ്ണാന്തളിയോടും കിന്നാരം പറഞ്ഞും, മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചില്ലയിലെ പുളിയനുറുമ്പിന്റെ കൂട്ടിൽ കല്ലെറിഞ്ഞും, കുയിലിന്റെ പാട്ടിനു മറുപാട്ടു പാടിയും ബാല്യത്തിന്റെ എല്ലാ മധുരവും ആവോളം ആസ്വദിച്ച ആ നല്ല നാളുകളുടെ ഓർമ്മകളെ ആസ്വദിച്ചു കൊണ്ട് മനു പാടവരമ്പത്തു നിന്നും മെല്ലെ തോട്ടിലേയ്ക്കിറങ്ങി. തോടിറങ്ങികടന്ന് വീണ്ടുമൊരു പാടം കടന്നു വേണം ക്ഷേത്രത്തിലേയ്ക്കെത്താൻ. തോടിനു കുറുകെ തടിപ്പാലമുണ്ടെങ്കിലും കുറച്ചു താഴെ ആഴം കുറഞ്ഞ ഭാഗത്ത് കൂടി കല്ലുകളിൽ ചവുട്ടിയായിരുന്നു അധികമാളുകളും അക്കരെ കടക്കുക. മനു തണുത്ത വെള്ളത്തിലേയ്ക് കാലു വെച്ചു. മേലാകെ പടർന്നൊരു കുളിര് തന്നെ ആലിംഗനം ചെയ്തതുപോലെ മനുവൊന്നു വിറച്ചു. നനയാതിരിക്കാന്‍ മുണ്ടു മാടികുത്തി അമ്മയുടെ കയ്യില്‍പ്പിടിച്ചു ആദ്യത്തെ കല്ലിലേയ്ക്കു കാലെടുത്തു വെച്ചു മുഖമുയർത്തിയ മനുവിന്റെ കണ്മുന്പിൽ സപ്തവര്ണ്ണങ്ങളാൽ വരച്ചിട്ട ചിത്രം പോലെരു രൂപം! പെട്ടെന്നു ഹൃദയം നിലച്ചുപോയതു പോലെ മനു നിശ്ച്ചലനായി.
തുടരും...

ഭാഗം 10
മുമ്പിലെ കാഴ്ച്ചയിൽ ഉന്മത്തനായതുപോലെ മനു ചുറ്റും നോക്കി. പുതിയൊരു ലോകത്തേയ്ക്ക് എത്തിപ്പെട്ടതു പോലെ. പുലരിയൊരു നവോഢയെപോലെ ജലകണങ്ങളെ തൊട്ടുരുമുന്നു, കിളികളുടെ കളകളാരവം കേട്ടുണരുന്ന വയല്‍പ്പൂക്കളിൽ നിന്നും വേർപിരിഞ്ഞു മണ്ണിലേയ്ക്കലിയാൻ വെമ്പുന്ന മഞ്ഞുതുള്ളികൾ. തൊട്ടടുത്തുള്ള ദേവീക്ഷേത്രത്തിൽ നിന്നുമുയർന്നു കേൾക്കുന്ന 'വെങ്കിടേശ്വര സുപ്രഭാതം'. അന്തിച്ചുവപ്പിന്റെ ലഹരി പോലെ ഈറന്‍മുടിത്തുമ്പിൽ തുളസിക്കതിരും, ഇലച്ചീന്തിൽ പൂവും, പ്രസാദവുമായി മുമ്പിൽ ചിരിച്ചുലഞ്ഞു നിൽക്കുന്ന മനോഹാരിത!
പ്രണയാതുരമായതെന്തോ തന്റെ ഹൃദയത്തെ പുണർന്നുമ്മ വെയ്ക്കും പോലെ മനുവിനു തോന്നി. തന്റെ ശരീരത്തിൽ നിന്നും ജീവൻ നുള്ളിയെടുത്ത് ഉള്ളംക്കൈയ്യില് വെയ്ക്കുവാനും, അതിനു മുകളിൽ അവളുടെ കൈപ്പത്തികൾ ചേർത്തുപിടിയ് ക്കുവാനും തോന്നിപോകുന്നത്ര അവാച്യമായ ഒരു വികാരം ഉടലാകെ പ്രകമ്പനം കൊള്ളിക്കുന്നു. അനങ്ങാനാവാതെ, ശ്വസിക്കാനാവാതെ മനു കണ്മുമ്പിലെ കാഴ്ചയുടെ നിറവസന്തത്തെ നോക്കി നിന്നു.
വീണ്ടുമൊരു ചുവട് വെയ്ക്കുവാനാകാതെ തറഞ്ഞു നില്ക്കുന്ന മനുവിനെയും, നിറകതിർ പോലെ മുമ്പിൽ നിൽക്കുന്ന പെൺകുട്ടിയേയും ശ്രീദേവിയമ്മ മാറി മാറി നോക്കി. താൻ മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഈ പെൺകുട്ടിയെ മനു ഇതിനു മുമ്പ് കണ്ടിട്ടുണ്ടെന്നും അവർ തമ്മിൽ പരിചയമുണ്ടെന്നും ആ പെൺകുട്ടിയുടെ മുഖഭാവത്തിൽ നിന്നും അവർക്കു മനസ്സിലായി. തനിക്കു പുറം തിരിഞ്ഞു നില്‍ക്കുകയാണെങ്കിലും മകന്റെ മുഖത്തൊരു ജാള്യതയുണ്ടെന്നും അവർക്ക് മനസ്സിലായി.
"മനുവേട്ടനും അമ്മയും ക്ഷേത്രത്തിലേയ്ക്കാവും ല്ലെ? "
അവർക്കു കടന്നു പോകാൻ വെള്ളത്തിലേയ്ക്കിറങ്ങി നിന്നു രണ്ടുപേരേയും മാറി മാറിനോക്കി അവൾ ചോദിച്ചു. തലേന്നു രാത്രിപോലും തന്റെ ഉറക്കം കെടുത്തിയ ചുവന്ന മൂക്കുത്തിക്കല്ലിന്റെ വശ്യത അപ്രതീക്ഷിതമായി മുമ്പിൽ കണ്ടപ്പോഴുണ്ടായ പകപ്പിൽ നിന്നും മോചിതനാകാത്ത മനുവിനു അവളുടെ ചോദ്യത്തിനു മറുപടി പറയാൻ കഴിഞ്ഞില്ല.
"അതെ മോളെ"
മനുവിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ശ്രീദേവിയമ്മ അവളുടെ ചോദ്യത്തിനു മറുപടി നല്കി. അവൾ മനുവിനെ കടന്നു ശ്രീദേവിയമ്മയുടെ മുന്‍പിലെത്തി.
"മോൾടെ വീട് എവിടെയാ? മുമ്പെങ്ങുമിവിടെ കണ്ടിട്ടില്ലല്ലോ?. "
"ഞങ്ങള്‍ ഇവിടേയ്ക്ക് വന്നിട്ട് ഒരു മാസമെ ആയിട്ടുള്ളൂ മനുവേട്ടന്റെ അമ്മെ."
"എവിടെയാ വീട് ? "
അവർ വീണ്ടും ചോദിച്ചു.
"ശിവശങ്കരൻ മാഷിന്റെ ഔട്ട് ഹൗസിൽ ആണമ്മേ ഇവർ താമസിക്കുന്നത്".
അപ്രതീക്ഷിതമായുണ്ടായ ആ കൂടിക്കാഴ്ച്ച നൽകിയ സ്ഥല കാല ഭ്രമത്തിൽ നിന്നും മോചിതനായ മനുവാണ് ഉത്തരം പറഞ്ഞത്. മനു കല്ലിൽ നിന്നുമിറങ്ങി അവരുടെ നേരെ തിരിഞ്ഞു. ശ്രീദേവിയമ്മ മനുവിനെ ഒന്നു നോക്കി. ഒരുപാടു ചോദ്യങ്ങൾ മറഞ്ഞിരിക്കുന്ന നോട്ടം.!
അത് മനസ്സിലാക്കിയതുപോലെ മനു അമ്മയെ ഒന്നു നോക്കി. ശ്രീനന്ദിനിയേയും കണ്ണനെയും കണ്ടതും അവരെ വീട്ടിൽ കൊണ്ടുചെന്നാക്കിയതും ക്ഷേത്രത്തിലേയ്ക്കു പോകുംവഴി അമ്മയോടൂ പറയെണമെന്നു മനു തീരുമാനിച്ചു. ഈ സമയമത്രയും ശ്രീദേവിയമ്മ ആ പെൺകുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. ചെമ്പകപൂവിന്റെ നിറവും, നീണ്ടിടതൂർന്ന മുടിയും. സദാ പുഞ്ചിരിക്കുന്ന മുഖമാണെങ്കിലും അതിലൊരു വിഷാദഭാവം ഒളിഞ്ഞിരിക്കുന്നതായി അവർക്കു തോന്നി.
"എന്താ മോളുടെ പേര്? "
"ശ്രീനന്ദിനി."
ശിവശങ്കരൻ മാഷിന്റെ സ്കൂളിൽ ഹെഡ്മാസ്റ്റർ ആണ് അച്ഛൻ. ഞാനീ ക്ഷേത്രത്തിൽ തൊഴാൻ വരാറുണ്ടെങ്കിലും മനുവേട്ടന്റെ അമ്മയേ ആദ്യമായാ കാണുന്നെ. അമ്മയെ പോലെതന്നെയാ മനുവേട്ടനും അതുകൊണ്ട് ആദ്യം കണ്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി "
ചിരിച്ചുകൊണ്ടു അവളതു പറഞ്ഞപ്പോൾ രാജീവേട്ടൻ മരിച്ചതിൽ പിന്നെ താനധികം അമ്പലത്തിലേയ്ക്കു പോലും പോകാറില്ലല്ലോയെന്ന് ശ്രീദേവിയമ്മ ഓർത്തു. വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടാനായിരുന്നു താൻ എന്നും ശ്രമിച്ചത്.
"ഞാൻ വീട്ടിലേയ്ക്ക് പൊയ്ക്കോട്ടേ അമ്മേ "
ശ്രീനന്ദിനിയുടെ ചോദ്യം അവരുടെ ചിന്ത മുറിച്ചു.
"ശരി മോളെ "
അവൾ തിരിഞ്ഞു മനുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. രണ്ടാളോടും യാത്ര പറഞ്ഞു ശ്രീനന്ദിനി പാടവരമ്പത്തു കൂടി നടന്നകലുമ്പോൾ തന്റെ മനസ്സ് പെട്ടെന്നു ശൂന്യമായതുപോലെ മനുവിനു തോന്നി. ഇതുവരെ തന്നെ പൊതിഞ്ഞു നിന്നിരുന്ന ചന്ദനഗന്ധമുള്ള കുളിർകാറ്റ് പെട്ടെന്നകന്നുപോയതുപോലെ.
തോടുകടന്ന് പാടവരമ്പത്തുകൂടി ക്ഷേത്രത്തിലേയ്ക്കു നടക്കുമ്പോൾ മനു ജോലിയ്ക്കു പോകുന്ന ആദ്യദിവസം താനവരെ കണ്ടതും, കണ്ണൻ ബഹളം വെച്ചതും, താനവരെ വീട്ടിൽ കൊണ്ടുചെന്നാക്കിയതും, മാഷെ പരിചയപ്പെട്ടതുമെല്ലാം വിശദമായി അമ്മയോടു പറഞ്ഞു.
"അവരുടെ അമ്മ? "
"അതറിയില്ലമ്മേ. അന്നു കണ്ടതിൽ പിന്നെ ഞാൻ ഇന്നാണ് ഈ കുട്ട്യേ കാണുന്നത് . "
"അവളുടെ ഉള്ളിൽ എന്തോ കടുത്ത ദുഃഖമുണ്ടെന്നു തോന്നുന്നു ഒരു പക്ഷെ കണ്ണന്റെ രോഗാവസ്ഥയാവും കാരണം."
തനിക്കും അങ്ങനെ തോന്നിയതു മനു ഓർത്തു. ക്ഷേത്രത്തിലേയ്ക്കു കടക്കുംമുമ്പേ മനു ഒന്നു കൂടി തിരിഞ്ഞു നോക്കി. ശ്രീനന്ദിനിയപ്പോൾ പാടം കടന്നു വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കു കയറിയിരുന്നു.
'നവചമ്പക പുഷ്പാഭാ നാസാദണ്ട
വിരാജിത താരാകാന്തി
തിരസ്കാരി നാസാഭരണ ഭാസുര'
അടഞ്ഞ ശ്രീകോവിലിനുള്ളിൽ നിന്നും പൂജാരിയുടെ പതിഞ്ഞ ശബ്ദത്തിലുള്ള ലളിതാ സഹശ്രനാമം. പുതുചെമ്പകപൂവിനൊത്ത മൂക്കുള്ളവളും, നക്ഷത്രം പോലെ തിളങ്ങുന്ന മൂക്കുത്തിയണിഞ്ഞവളുമായ ദേവിയെ സ്തുതിക്കുന്നത് കേട്ട മനുവിന്റെ മനസ്സിലേയ്ക്ക് പ്രണയത്തിന്റെ തീഷ്ണപ്രവാഹവുമായി വീണ്ടുമാ ഒറ്റക്കൽ മൂക്കുത്തി തിളങ്ങിയെത്തി.
തുടരും...

ഭാഗം 11
പാടവരമ്പത്തു നിന്നും വീട്ടിലേക്കുള്ള റോഡിലേക്ക് കയറുമ്പോഴേ കണ്ണന്റെ അലറികരച്ചിലും ബഹളവും കേട്ട ശ്രീനന്ദിനി പടിപ്പുര കടന്നു വീട്ടിലേയ്ക്കോടി ചെന്നു. അകമുറിയിലേയ്ക്കുള്ള വാതിൽ പടിയിൽ നിറഞ്ഞ കണ്ണോടെ അമർഷം കടിച്ചമർത്താൻ പാടുപെടുന്ന അച്ഛൻ. ഷർട്ടിലും മുണ്ടിലുമായി ഒഴുകി പടരുന്ന സാമ്പാർ. താഴെ ചിതറിക്കിടക്കന്ന ഇഡ്ഡലിയും പാത്രങ്ങളും.
" എന്താ അച്ഛാ? "
ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുക പോലും ചെയ്യാതെ അച്ഛൻ ഇറങ്ങിപോയപ്പോൾ ശ്രീനന്ദിനിയുടെ ഉള്ളു പിടച്ചു. കണ്ണനിന്നു നേരത്തെ ഉണർന്നു കാണും. അവനെ കൂട്ടാതെ അമ്പലത്തിൽ പോയതിന്റെ ദേഷ്യം തീർത്തതാവും. എന്നും താൻ പോയി വിളിച്ചാലും ഉണരാൻ മടിച്ചു വീണ്ടും കിടക്കാറുള്ളതാണ് ഇന്നു എന്താണാവോ പറ്റിയത്. അവൾ അകത്തേയ്ക്കു നടന്നു. അവിടെ മുറിയുടെ മൂലയിൽ നിലത്തു വീണുരുണ്ടു കരയുന്ന കണ്ണൻ. വലിച്ചെറിഞ്ഞപോലെ അടുത്തു കിടക്കുന്ന അച്ഛന്റെ ചൂരൽ. ഒരു പിടച്ചിലോടെ ശ്രീനന്ദിനി കണ്ണന്റെ അടുത്തേക്കോടി ചെന്നു .
"മോനെ കണ്ണാ"
അവളെ കണ്ടതും കണ്ണന്റെ കരച്ചിൽ ഒന്നുകൂടി ഉച്ചത്തിലായി.
"കണ്ണനെ അച്ഛൻ തല്ലി. ഇതു കണ്ടോ." കണ്ണൻ കാൽ നീട്ടി കാണിച്ചു. കാൽവണ്ണയിൽ നിറയെ അടിയുടെ തിണർത്ത പാടുകൾ. ഈശ്വരാ അച്ഛനിന്നെന്തു പറ്റി? കണ്ണനെ ഇങ്ങനെ തല്ലാറില്ലലോ. അവൾ കണ്ണനെ പിടിച്ചെഴുനേൽപ്പിച്ചു.
"മോനെന്തിനാ അച്ഛനോട് വഴക്കിട്ടത്? അതല്ലേ അച്ഛനു ദേഷ്യം വന്നത്?"
"ചേച്ചി കണ്ണനെ കൊണ്ടുപോകാതെ അമ്പലത്തിൽ പോയതു കൊണ്ടല്ലേ കണ്ണന് വഴക്കിട്ടത്"
"മോനെ വിളിച്ചിട്ട് എഴുനേല്ക്കാത്തതുകൊണ്ടല്ലേ ചേച്ചി പോയത്"
അവൾ കണ്ണനെ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു. കണ്ണനെ അവിടെനിന്നും പിടിച്ചെഴുനേല്‍പ്പിച്ചു കിണറ്റിൻക്കരയിലേയ്ക്ക് കൊണ്ടുപോയി. തണുത്തവെള്ളം ദേഹത്തുവീണപ്പോൾ കണ്ണൻ കിടുകിടാ വിറച്ചു. കുളികഴിഞ്ഞു ഡ്രസ്സെല്ലാം മാറി അമ്പലത്തിൽ നിന്നും കൊണ്ടുവന്ന പ്രസാദം നെറ്റിയിൽ തൊട്ടു കൊടുത്തപ്പോൾ കണ്ണന്റെ സങ്കടമൊക്കെ മാറി.
" നന്ദൂട്ടി"
പൂമുഖത്തു നിന്നും അച്ഛന്റെ വിളിയൊച്ഛ കേട്ട് അവൾ വേഗം അങ്ങോട്ടു ചെന്നു. കുളിച്ചു വേഷം മാറി സ്കൂളിലേയ്ക്ക് പോകാൻ തയ്യാറായി ഉമ്മറത്തെ തൂണുചാരി ഇരിയ്ക്കുകയായിരുന്നു മാഷ്.
"അച്ഛാ"
"പോകാൻ സമയമായി "
അവളെ നോക്കാതെ മാഷ് പറഞ്ഞു .
"ഞാൻ ഇപ്പോൾ ചായ കൊണ്ടു വരാം, അച്ഛാ പോകല്ലേ."
ശ്രീനന്ദിനി വേഗം അടുക്കളയിലേയ്ക്ക് ചെന്നു. കാലത്തു പ്രാതലിന് ഉണ്ടാക്കി വെച്ചതെല്ലാം കണ്ണൻ കളഞ്ഞു ഇനിപ്പോ അച്ഛനെന്താ കഴിക്കാൻ കൊടുക്കുക. കുറച്ച് അവിൽ ബാക്കിയുണ്ടായിരുന്നത് അവളൊരു പാത്രത്തിലേക്ക് എടുത്തു വെച്ചു. വേഗം സ്റ്റവ് കത്തിച്ചു ചായക്കുള്ള വെള്ളം വെച്ചു. തേങ്ങ ചിരകിയതും ശർക്കരയും അല്പം ഏലയ്ക്കാപൊടിയും ചേർത്ത് അവിൽ നനച്ചെടുത്തു. പാലും പഞ്ചസാരയും ചേർത്തു ചായ കൂട്ടിയെടുത്തു. കണ്ണനും അച്ഛനും ചായ കൊടുത്തിട്ടു ശ്രീനന്ദിനി മുറിയ്ക്കുള്ളിൽ ചിതറിക്കിടക്കുന്ന ഇഡ്ഡലി പെറുക്കിമാറ്റി മുറി വൃത്തിക്കുവാൻ തുടങ്ങി. ഇടയ്ക് അവളുടെ കണ്ണുകൾ ഭിത്തിയിലെ മാലചാർത്തിയ ഫോട്ടോയിൽ തങ്ങി നിന്നു.
അമ്മ !
കണ്ണനെ തങ്ങൾക്കു തന്നു കാണാമറയത്തു പോയ് മറഞ്ഞ അമ്മ . അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞനുജൻ ഉണ്ടെന്നു അച്ഛൻ പറഞ്ഞപ്പോൾ കൂട്ടുകാരോട് പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷമായിരുന്നു തനിക്കത്. അച്ഛനും അമ്മയ്ക്കുമൊപ്പം താനും കുഞ്ഞതിഥിക്കായ് കാത്തിരുന്നു. ഒരിക്കൽ ഹോസ്പിറ്റലിൽ പോയി തിരിച്ചു വന്ന അച്ഛന്റെയും അമ്മയുടെയും മുഖം മ്ലാനമായിരുന്നു. കണ്ണീരുണങ്ങിപ്പിടിച്ച അമ്മയുടെ മുഖം . അന്നു തനിക്കൊന്നും മനസ്സിലാക്കാനുള്ള പ്രായം ഇല്ലായിരുന്നു. ജന്മനാ വൈകല്യങ്ങളോടെയാവും കുഞ്ഞാവയുടെ ജനനമെന്നും അമ്മയോ കുഞ്ഞാവയോ ആരെങ്കിലും ഒരാളെ മാത്രമേ രക്ഷിക്കാൻ ആവുകയുള്ളൂ എന്നും ഡോക്ടർ പറഞ്ഞതാണ് അച്ഛന്റെയും അമ്മയുടെയും സങ്കടത്തിന് കാരണമെന്ന് മുത്തശ്ശി പറഞ്ഞപ്പോൾ തനിക്കു കുഞ്ഞാവ വേണ്ട അമ്മ മതിയെന്നു പറഞ്ഞു അന്നു കുറെ കരഞ്ഞു. പക്ഷേ ആരൊക്കെ പറഞ്ഞിട്ടും തന്റെ ഉദരത്തിലൂറിക്കൂടിയ കുഞ്ഞു ജീവനെ കൊന്നുകളയാൻ അമ്മ സമ്മതിച്ചില്ല. സ്വന്തം ജീവൻ ബലികൊടുത്തു മാതൃത്വമാണ് ഈ ലോകത്തെ ഏറ്റവും മഹത്വരമായ കർമ്മമെന്നു തെളിയിച്ചു സ്വന്തം കുഞ്ഞിന്റെ മുഖമൊന്നു കാണുക പോലും ചെയ്യാതെ അമ്മ തങ്ങളെ വിട്ടുപോയി. ഡോക്ടർമാരുടെ ആശങ്കകൾ ശരിവെയ്കുന്ന തരത്തിലുള്ള വൈകല്ല്യങ്ങളൊന്നും ജനനസമയത്തു കുഞ്ഞിൽ കണ്ടിരുന്നില്ല. ആറാം മാസത്തിൽ വന്നൊരു പനിയോടെയാണ് കണ്ണന്റെ മാറ്റങ്ങൾ തങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത്. ഇടയ്ക്കിടയ്ക്ക് വരുന്ന അസുഖങ്ങളും പിടിവാശിയും. ശരീരത്തിനെക്കാൾ വലിപ്പമുള്ള തലയും. ബുദ്ധിക്കുറവുള്ള കുട്ടികളുടെ ചേഷ്ടകളും, വ്യക്തത ഇല്ലാത്ത സംസാരവുമൊക്കെ തങ്ങളുടെ മനസ്സിൽ ആധി കോരിയിടുന്നത് തിരിച്ചറിയുമ്പോഴും കണ്ണനെ ഒരുപാട് സ്നേഹിക്കാനും അവനെ ഏറ്റവുമധികം സന്തോഷിപ്പിക്കാനും തങ്ങളെന്നും ശ്രമിച്ചിരുന്നു. അമ്മയുടെ മരണശേഷം മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു കണ്ണൻ. മുത്തശിയുടെ മരണത്തോടെ പത്തുവയസ്സുള്ള താനായി പിന്നെ കണ്ണന്റെ അമ്മയും ചേച്ചിയുമൊക്കെ.
എട്ടു വർഷങ്ങൾ! ആറാം മാസം മുതലൽ തുടങ്ങിയ ചികിത്സ സംസാരത്തിൽ കുറച്ചു കൂടി വ്യക്തത വരുത്തിയെങ്കിലും മറ്റൊരു പുരോഗതിയും ഇല്ലാതെ ഇന്നും നീളുന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചു ശ്രീനന്ദിനി മുറി വൃത്തിയാക്കാന്‍ തുടങ്ങി.
തുടരും...
ഭാഗം 12
ഇടയ്ക്കിടയ്ക്ക് അമ്പലത്തിൽ വെച്ചുള്ള കണ്ടുമുട്ടലുകൾക്കിടയിൽ ശ്രീദേവിയും, നന്ദൂട്ടിയും ഏറെ അടുത്തു. കണ്ണന്റെ അസുഖവും, അമ്മയുടെ മരണവുമൊക്കെ അവളിൽ നിന്നുമറിഞ്ഞപ്പോൾ അവളോടവർക്ക് വാത്സല്യം തോന്നിയിരുന്നു. നന്ദൂട്ടിയും മനസ്സുകൊണ്ടവരെ അമ്മയുടെ സ്ഥാനത്ത് കാണാൻ തുടങ്ങി. വിശേഷദിവസങ്ങളിൽ നന്ദൂട്ടിക്കും കണ്ണനുമൊപ്പം മാഷും മനുവിന്റെ വീട്ടിലെ നിത്യ സന്ദർശകനായി. അവരോടുള്ള ശ്രീദേവിയമ്മയുടെ വാത്സല്യവും അടുപ്പവും മാഷിനും ആശ്വാസകരമായിരുന്നു. ചിലദിവസങ്ങളിൽ കണ്ണന്റെ പിടിവാശി കുറയ്ക്കാനും, കഷായം കുടിപ്പിക്കുവാനുമൊക്കെ നന്ദുവിനും മാഷിനും മനുവിന്റെ സഹായവും വേണ്ടി വന്നിരുന്നു.ഒരുമടിയും കൂടാതെ ഉത്തരവാദിത്വമുള്ള ഒരേട്ടനെ പോലെ മനു കണ്ണനെ എപ്പോഴും തന്നോടു ചേർത്തു നിർത്തി.
രണ്ടുകുടുംബങ്ങളും തമ്മിലുള്ള സൗഹാർദ്ദപൂർണ്ണമായ അടുപ്പത്തിനിടയിലും മനുവിന്റെ മനസ്സിൽ ശ്രീനന്ദിനിയെന്ന നന്ദൂട്ടി ഒരു വെണ്ണക്കൽ ശില്പം പോലെ തിളങ്ങി നിന്നു. പകലിരവുകളിൽ അവളുടെ രൂപവും, അവളെകുറിച്ചുള്ള ഓർമ്മകളും അവന്റെയുള്ളിൽ മായാതെ നിൽക്കുമ്പോഴും തന്റെയിഷ്ടത്തെ അവളോടു തുറന്നു പറയാൻ അവന്റെയുള്ളിലെ മാന്യത അനുവദിച്ചിരുന്നില്ല. തന്റെ ഇഷ്ടങ്ങൾക്കൊരിക്കലും അമ്മ എതിരു നിൽക്കില്ലെന്ന് അവനു നല്ല വിശ്വാസമുണ്ടായിരുന്നു. സമയമാകുമ്പോൾ അമ്മയെകൊണ്ട് മാഷോട് സംസാരിപ്പിക്കാം എന്ന തീരുമാനത്തിൽ ഉറച്ചു നില്ക്കാൻ മനുവിലെ പക്വമതിയായ മനസ്സിനു കഴിഞ്ഞു. എങ്കിലും ആരും ആവശ്യപ്പെടാതെ തന്നെ തന്നെക്കൊണ്ടാവുംവിധമുള്ള എല്ലാ സഹായങ്ങളും അവനാ വീട്ടുകാർക്കു വേണ്ടി ചെയ്തുപോന്നു. തന്റെ ജീവിതത്തെ അർത്ഥസംപുഷ്ടവും, ആനന്ദപൂർണ്ണവുമാക്കിതീർക്കേണ്ട അമൂല്ല്യമായൊരു നിധി ആ കൊച്ച് വീടിനുള്ളിലുണ്ടെന്നുള്ള ചിന്ത അവനെ സദാ ജാഗരൂകനാക്കി.
ഇലഞ്ഞിപ്പൂമണമുള്ള നിശബ്ദയാമങ്ങളിൽ പ്രണയത്തിന്റെ പൂമ്പാറ്റച്ചിറകിലേറി നീലവാനച്ചോട്ടിലൂടെ ഒരു കാറ്റായവൻ പറന്നുല്ലസിച്ചു. അവളെ കാണുവാൻ മാത്രമായി വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ അവൻ നിത്യസന്ദർശകനായി. ആൽത്തറയിലെ ഗണപതീവിഗ്രഹത്തിൽ ചാർത്തുവാനുള്ള മാലയുമായി ഒരു കനകവിഗ്രഹം പോലെ അവളിരിക്കുമ്പോളും, തൊഴുതിറങ്ങി വീടിന്റെ പടിപ്പുര കേറി മറയുവോളവും ക്ഷേത്രക്കുളത്തിന്റെ മതിൽ ചാരി ഒരു ദ്വാരപാലകനെപോലെ അവൻ കാവൽ നിന്നു. സ്നേഹത്തിന്റെയും, കരുണയുടെയും, കരുതലിന്റെതുമായ ഒരു പ്രകാശപ്രളയം തനിക്കുചുറ്റും വലയം പ്രാപിക്കുന്നതും, ഇതുവരെയും അനുഭവിച്ചിട്ടില്ലാത്തൊരു സുഗന്ധം തന്റെ ഹൃദയത്തെ പുണർന്നുമ്മ വെയ്ക്കുന്നതും അവളും അറിയുന്നുണ്ടായിരുന്നു. താമരയിതളുകളാൽ മൂടപ്പെട്ടൊരു തളികയിൽ മഞ്ഞച്ചരടിൽ കോർത്തൊരു മംഗല്ല്യസൂത്രവും, ഒരു നുള്ളു കുങ്കുമവും അവളുടെ സ്വപ്നങ്ങളെ ഒരു മയിൽപ്പീലി പോലെ തഴുകുമ്പോഴും അർഹതപ്പെടാത്ത ആഗ്രഹമായി ആ സ്വപ്നത്തെ ഒരു കൈപ്പാടകലെ മാറ്റി നിർത്തുവാൻ അവളും ശ്രമിച്ചു. ശരീരങ്ങളെ അകറ്റി നിർത്തി രണ്ടു ഹൃദയങ്ങൾ മാത്രം പരസ്പരം പുൽകിപ്പുണരുന്ന പരിശുദ്ധവും, പാവനവുമായ നിശബ്ദ പ്രണയത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു ഭൂമി.
കാലചക്രമതിന്റെ പ്രയാണപഥങ്ങളില്‍ നിശബ്ദഭാവങ്ങളുമായി തന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. സൂര്യൻ അസ്തമിക്കുകയും, നിലാവു പൂക്കുകയും ശിശിരം വസന്തത്തിനു വഴിമാറുകയും ചെയ്യുമ്പോൾ മൗനത്തിന്റെ പുറംതോടുടയ്ക്കാതെ, പ്രാണന്റെ നനവിടങ്ങൾ തേടി കാലം വരുത്തിയ മാറ്റങ്ങളോടെ രണ്ടു വർഷങ്ങൾ അവരെ കടന്നു പോയി. അച്ഛൻപെങ്ങളും കുടുംബവും എല്ലാ പിണക്കങ്ങളും മറന്നു മനുവിന്റെ വീട്ടിലെ നിത്യസന്ദർശകരായതും, ഒപ്പം ജോലിചെയ്യുന്ന രാകേഷ് മാത്യു എന്ന യുവാവുമായി രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ ഗീതുവിന്റെ വിവാഹം കഴിഞ്ഞതും മനുവിനും ശ്രീദേവിയമ്മയ്ക്കും വിശ്വസിക്കാനാവാത്തതായിരുന്നുവെങ്കിലും അവരെ ഏറെ സന്തോഷിപ്പിച്ച കാര്യങ്ങളായിരുന്നു അത്. ശ്രീദേവിയമ്മയ്ക് വാര്‍ദ്ധക്യത്തിന്റേതായ ചില അവശതകളും, രോഗങ്ങളും ഇടയ്ക്കിടയ്ക് വരുന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ അവരുടെ ജീവിതവും നിശബ്ദമായൊഴുകുന്നൊരു നദിപോലെ ശാന്തമായിരുന്നു. വാസുദേവന്മാഷിനു തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുവാനിനി കുറച്ചു നാളുകൾ കൂടി മാത്രം. ജീവിതമിനി മറ്റൊരിടത്തേക്കു പറിച്ചു നടണം. അതിനി എവിടേയ്ക്കെന്നറിയാത്തതുകൊണ്ടുള്ള ആധിയും, വിങ്ങലും മാഷിന്റെ രാവുകൾ നിദ്രാവിഹീനങ്ങളാക്കി കടന്നുപോയി. ഇരുപതിന്റെ നിറവിലെത്തിനിൽക്കുന്ന മകൾ. ബുദ്ധിമാന്ദ്യക്കാരനും, പിടിവാശിക്കാരനുമായ മകൻ. ഇതുപോലെ സുരക്ഷിതമായൊരു സ്ഥലമിനി വേറെ കിട്ടില്ലെന്ന അറിവും, അവിടം വിട്ടു പോകേണ്ടി വരുന്നതിന്റെ വിമ്മിഷ്ടവും, വേവലാതിയും മാഷിന്റെ പ്രവൃത്തികളിൽ പ്രകടമായിരുന്നു. ഏതൊക്കെയോ തിരസ്സ്ക്കരണികളാൽ ആവൃതമാക്കപ്പെട്ട് കാറ്റിലകപ്പെട്ട കരിയിലപോലെ മാഷിന്റെ മനസ്സ് ഓരോ നിമിഷവും അശാന്തമായികൊണ്ടിരുന്നുവെങ്കിലും നന്ദുവിൽ നിന്നും അതൊക്കെ മറച്ചുവെയ്ക്കുവാൻ മാഷ് സദാ ശ്രമിച്ചിരുന്നു.
വാസുദേവന്‍മാഷിന്റെ വിരമിക്കൽ ചടങ്ങ് വികാരനിർഭരമായിരുന്നു. മൂന്നു വർഷം കൊണ്ട് അത്രയ്ക്കും അദ്ധ്യാപകർക്കും, വിദ്യാർഥികൾക്കും പ്രീയങ്കരനായിതീർന്നിരുന്നു മാഷ്. കുട്ടികളും സഹപ്രവർത്തകരും നൽകിയ സമ്മാനപ്പൊതികളുമായി അവിടെ നിന്നും ഇറങ്ങുമ്പോൾ അകാരണമായൊരു ഭയം തന്നെ പിടിച്ചുലയ്ക്കുന്നത് മാഷറിയുന്നുണ്ടായിരുന്നു.
തുടരും...
ഭാഗം 13
സായംസന്ധ്യ! വിജനമായിരുന്ന ആകാശച്ചെരുവുകള്‍ മെല്ലെ ചുവപ്പണിഞ്ഞു തുടങ്ങി. ഇരതേടിയിറങ്ങിയ പക്ഷികള്‍ തിരികെ പോയിത്തുടങ്ങിയിരുന്നു. ചെമ്മാനചുവപ്പില് നമ്രമുഖിയായ ഭൂമി തെല്ലൊന്നു നാണിച്ചു നിൽക്കുംപോലെ. അതുവഴി കടന്നുപോയൊരു കാറ്റിന്റെ കുസൃതി, വിടര്‍ന്നു തുടുത്തു നിന്ന നാലുമണിപ്പൂവിന്റെ കവിളിലൊരു ചുംബനം. കണ്ടു വന്ന കരിവണ്ടിനതു സഹിച്ചില്ല. അവനാ പൂവിലേയ്ക്കു പറന്നിറങ്ങി തന്റെ സ്വന്തമെന്നപോലെ ഇറുകെ പുണരുന്നു. അരയാല്ച്ചില്ലകള്ക്കിടയിലൂടെ ഏതൊക്കെയോ രൂപങ്ങള്‍ തീര്‍ത്ത് ഓടിപ്പോകുന്ന കാര്‍മേഘങ്ങളെ നോക്കി ഉമ്മറത്തെ അരഭിത്തിയുടെ തൂണില്‍ ചാരി ഇരിക്കുകയായിരുന്നു വാസുദേവന്മാഷ്.
ദീപം...!
ദീപം...!
നേര്‍ത്ത കൊലുസ്സിന്റെ നാദത്തിനൊപ്പം നന്ദുവിന്റെ പതിഞ്ഞ ശബ്ദം അകത്തു നിന്നും പൂമുഖത്തേയ്ക്കു വന്നു. മുറ്റത്തെ തുളസിത്തറയില്‍ തിരി തെളിച്ചു മൂന്നുവട്ടം പ്രദക്ഷിണം ചെയ്തു നിലവിളക്ക് ഉമ്മറത്തെ പീഠത്തില്‍ വെച്ചവള്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു.
ദീപോ ജ്യോതി പരബ്രഹ്മ:
ദീപോ ജ്യോതിര്‍ ജനാര്‍ദ്ദന:
ദീപോ ഹരതുമേ പാപം
സന്ധ്യാ ദീപോ നമോസ്തുതേ...
( അല്ലയോ സന്ധ്യാ ദീപമേ, എല്ലാ പാപങ്ങളെയും തീര്‍ത്ത് നല്ല വഴിയില്‍ നയിക്കണമേ )
കയ്യും മുഖവും കഴുകിച്ച കണ്ണനുമായി മാഷും വിളക്കിനു മുന്പില് ചമ്രംപടിഞ്ഞിരുന്നു.
“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിൽ നിന്നു കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ!
മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതിമറന്നുപോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ
വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെയുഴലുമ്പോൾ
വഴിയിൽ നേർവഴിയരുളേണം നാഥ
തിരുവൈക്കം വാഴും ശിവശംഭോ!
ഇടയ്ക്കിടെ നിറയുന്ന കണ്ണുകള്‍ മകളില്‍ നിന്നുമൊളിപ്പിക്കാന് പാടുപ്പെട്ടു മാഷ് കണ്ണനെ തന്നോടു ചേര്‍ത്തുപിടിച്ചു. അത്താഴസമയത്തും പതിവിലേറെ നിശബ്ദനായിരുന്നു മാഷ്. ജോലിയില്‍ നിന്നും വിരമിച്ച സങ്കടം അച്ഛനു നന്നായീ ഉണ്ടാകുമെന്നറിഞ്ഞ നന്ദു എന്തെങ്കിലും ചോദിച്ചു അച്ഛനെ വിഷമിപ്പിക്കണ്ടെന്നു വിചാരിച്ചു മിണ്ടാതിരുന്നു. കണ്ണന് മാത്രം പതിവു ബഹളങ്ങളുമായി സജീവമായി. പതിവുള്ള കഞ്ഞിക്കും ചമ്മന്തിക്കും പപ്പടത്തിനും പുറമെ മാഷ് വൈകിട്ടു കൊണ്ടു വന്ന ഐസ്ക്രീമും ഉണ്ടായിരുന്നു. ബഹളംവെച്ചുകൊണ്ടിരുന്ന കണ്ണന് ഐസ്ക്രീം കണ്ടതും പിന്നെ അതിനായി ബഹളം.പാത്രമെടുക്കാന്‍ അടുക്കളയിലേയ്ക്കു പോകാൻ തുടങ്ങിയ നന്ദൂട്ടിയെത്തടഞ്ഞു അദ്ദേഹംതന്നെ അടുക്കളയിലേയ്ക്കുപോയി. മൂന്നു പാത്രങ്ങളില്‍ ഐസ്ക്രീമുമായി തിരികെ വന്നു. കണ്ണന്റെ സന്തോഷം കണ്ട് നന്ദു തന്റെ പാത്രത്തില്‍ നിന്നും കുറച്ചുകൂടെ അവനു കൊടുത്തു. അത്താഴം കഴിഞ്ഞു പതിവില്ലാതെ കണ്ണനെയും തന്റെയൊപ്പം കൂട്ടിയാണ് മാഷ് ഉറങ്ങാന്‍ പോയത്. കുട്ടിക്കാലത്തെപ്പോലെ കഥപറഞ്ഞും പാട്ടുപാടിയും കണ്ണനെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു മാഷ് ഉറക്കത്തിലേയ്ക്ക് വഴുതിവീണു.
കൗസല്യാ സുപ്രജാ രാമ പൂര്വ്വാ സന്ധ്യാ പ്രവർതതേ
ഉത്തിഷ്ഠ നരശാർദൂല കര്‍ത്തവ്യം ദൈവമാഹ്നികം
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ
ഉത്തിഷ്ഠ കമലാകാന്ദ ത്രൈലോക്യം മംഗളം കുരു. തവ സുപ്രഭാതം.
(കൗസല്യയുടെ ഉത്തമ പുത്രനായ രാമാ സൂര്യൻ കിഴക്ക് ഉദിച്ചു തുടങ്ങി
അതുകൊണ്ടു എഴുന്നേൽക്കു നരൻമാരിൽ ശ്രേഷ്ഠനായവനെ ദൈവഹിതമായ കർത്തവ്യം നിറവേറ്റിയാലും)
അര്‍ത്ഥപൂര്‍ണ്ണമായ വെങ്കിടേശ്വര സുപ്രഭാതം കേട്ടുകൊണ്ടാണ് നന്ദു കണ്ണു തുറന്നത്. ഏതോ സ്വപ്നം ബാക്കി നില്ക്കും പോലെ അവള് മിഴികള്‍ ഇടയ്ക്കിടെ അടച്ചുതുറന്നു . അഴിഞ്ഞ മുടി വാരിക്കെട്ടി കുളിമുറിയിലേയ്ക്കു നടക്കുന്നതിനിടയില്‍ അച്ഛന്റെ മുറിയിലേയ്ക്കു പാളി നോക്കി. രണ്ടാളും നല്ല ഉറക്കമാണ്. അവള് ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി. കണ്ണനുണരും മുമ്പേ അമ്പലത്തില്‍ പോയി വരണം.
നേരം പുലരുന്നതേയുള്ളു. തലേദിവസം പിരിയും മുമ്പ് അതിരാവിലെ തന്റെ വീട്ടിലേയ്ക്ക് വരണമെന്നും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും പറഞ്ഞതനുസരിച്ചാണ് വാസുദേവന്‍മാഷിന്റെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കബീര്മാഷ് അവിടെ എത്തിയത്. വരുന്ന വഴിയില്‍ നന്ദുവിനെ കണ്ടപ്പോള്‍ മാഷ് ഉണര്ന്നിട്ടില്ലെന്നറിഞ്ഞു തിരിച്ചുപോകാന്‍ തുടങ്ങിയെങ്കിലും അതുവേണ്ടെന്നുവെച്ച് അദ്ദേഹം മാഷിന്റെ ഔട്ട്ഹൗസില്‍ എത്തുകയായിരുന്നു. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കബീര്മാഷ് അകത്തു കടന്നു. അകമുറിയില്‍ ഒരു വശം ചരിഞ്ഞുകിടന്നുറങ്ങുന്ന മാഷിനെയും , അച്ഛന്റെ ദേഹത്തേയ്ക്ക് ഒരു കാല് കയറ്റിവെച്ചു കെട്ടിപ്പിടിച്ചു കിടക്കുന്ന കണ്ണനെയും പാതി തുറന്നു കിടന്ന വാതിലിലൂടെ കാണാമായിരുന്നു.
"ഇതെന്തൊരു ഉറക്കമാണ് മാഷേ. "
അല്പം ഉച്ചത്തിൽ ചോദിച്ചുകൊണ്ട് കബീർമാഷ് ഉള്ളിലേക്കു കടന്നുച്ചെന്നു. രണ്ടുമൂന്നാവർത്തി വിളിച്ചെങ്കിലും വാസുദേവന്മാഷിൽ നിന്നും ഒരു പ്രതികരണവും കിട്ടാതായപ്പോള്‍ കബീർമാഷിന്റെയുള്ളിൽ നേരിയൊരു ഭയം തോന്നിത്തുടങ്ങി. അദ്ദേഹം വാസുദേവൻ മാഷ്ടെ അടുത്തുചെന്നു. ഒരു വശം ചെരിഞ്ഞുകിടക്കുന്ന ആ മുഖത്തേയ്ക്ക് ഒന്നു നോക്കിയതും ഒരു ഞെട്ടലോടെ ഒരടി പിന്നോട്ടു വെച്ചു.
തന്റെ കയ്യിലിരുന്നു വിറ കൊള്ളുന്ന ആ കത്തിലേയ്ക്ക് കബീര്മാഷ് വീണ്ടും നോക്കി. വടിവൊത്ത അക്ഷരങ്ങളില്‍ ഒരു മനുഷ്യായുസ്സിന്റെ നൊമ്പരങ്ങള്‍.
"മാഷേ തന്നെ രാവിലെ തന്നെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കെടൊ. പറഞ്ഞേല്‍പ്പിച്ചു പോകുവാന്‍ മറ്റാരുമില്ലാത്ത നിസ്സഹായാവസ്ഥ തനിക്കൂഹിക്കാന്‍ കഴിയുമല്ലോ. എന്റെ മുന്നില്‍ മറ്റു വഴികളൊന്നും കാണുന്നില്ല വിരമിച്ചപ്പോള്‍ കിട്ടിയ തുകയും മാസാമാസം കിട്ടാനിരിക്കുന്ന പെന്‍ഷനും കൊണ്ട് മൂന്നുപേരുടെ ജീവിതവും മകന്റെ ചികിത്സയും മുമ്പോട്ടു കൊണ്ടുപോകുവാനാകില്ലെടൊ. എന്റെ നന്ദൂട്ടിക്ക് ബാധ്യതയാക്കി കണ്ണനെ ഇവിടെ വിട്ടുപോകാനും മനസ്സു വരുന്നില്ല. പിന്നെ നന്ദു, അവള്‍ക്കു നല്ലൊരു ജീവിതം കിട്ടുമെന്നുള്ള വിശ്വാസമെനിക്കുണ്ട് "
തന്റെയും മകന്റെയും മരണം മനുവിനെയും, ശ്രീദേവിയമ്മയേയും, സ്കൂളിലെ സഹപ്രവര്‍ത്തകരെയും ഒഴിച്ചു മറ്റാരെയും അറിയിക്കാനില്ലെന്നും മരണാനന്തരചടങ്ങുകള്‍ക്കുള്ള പണവും പോലീസിനുള്ള കത്തും മറ്റൊരു കവറിലാക്കി മേശയുടെ ഡ്രോയില്‍ വെച്ചിട്ടുണ്ടെന്നും, ചടങ്ങുകള്‍ കഴിഞ്ഞാല്‍ വീടുപൂട്ടി താക്കോല്‍ വിശ്വനാഥന്സറിനു കൊടുക്കണമെന്നും കത്തില്‍ എഴുതിയിരുന്നു.
തളര്‍ന്ന ദേഹം ഭിത്തിയില്‍ ചാരി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അദ്ദേഹമൊരു നിമിഷം കണ്ണടച്ചു നിന്നു. തനിക്കെന്തെങ്കിലും സംഭവിച്ചുപോയാല്‍ മകളുടെ ജീവിതത്തില്‍ മകനൊരു ബാധ്യത ആകാതിരിക്കുവാന്‍ മന്ദബുദ്ധിയായ മകനെയും ഒപ്പംകൂട്ടി മടങ്ങിവരവില്ലാത്തൊരു യാത്രപോയിരിക്കുന്നു തന്റെ പ്രീയപ്പെട്ട കൂട്ടുകാരന്.
"ഇതിനായിരുന്നോടോ മാഷേ അതിരാവിലെ താനെന്നെ ഇവിടെ വരാന്‍ പറഞ്ഞത്."
വിശ്വസിക്കാനാകാത്ത ആ വാർത്തയുടെ ഞെട്ടലിൽ നിന്നും ആരും മോചിതരായിരുന്നില്ല. നെഞ്ച് നിറയെ വിങ്ങലോടെ സഹപ്രവർത്തകരും വിദ്യാർത്ഥികളും അയൽക്കാരും നോക്കി നിൽക്കെ സ്വന്തമായി ആറടി മണ്ണുപോലുമില്ലാത്ത ആ മനുഷ്യൻ പഞ്ചായത്തു ശ്മശാനത്തിൽ എരിഞ്ഞടങ്ങി. തൊട്ടടുത്ത കൊച്ചു മൺകൂനയിൽ കണ്ണനെന്ന 10 വയസ്സുകാരനും. ഒരു വലിയ ചോദ്യചിഹ്നം പോലെ ശ്രീദേവിയമ്മയുടെ മടിയിൽ തളർന്നുകിടക്കുകയായിരുന്നു അപ്പോഴും നന്ദുട്ടി.
തുടരും...
ഭാഗം 14
രാത്രി!
തോരാത്ത മഴപോലെ പെയ്തുകൊണ്ടേയിരിക്കുന്ന ദുഃഖത്തിന്റെ കാർമേഘങ്ങൾ. പേരറിയാത്ത ഏതോ പക്ഷി തന്റെ ഇണയെ കാണാതെ അസ്വസ്ഥമായി ഇടയ്ക്കിടെ കരയുന്നതൊഴിച്ചാൽ കാറ്റ് പോലും നിശബ്ദം. നീണ്ടു നീണ്ടു പോകുന്ന വേവലാതികൾ പോലെ നരച്ചയിരുട്ട്. ചില രാത്രികൾ അങ്ങനെയാണ്; എത്രകൊതിച്ചാലും വെളിച്ചത്തിലേയ്ക്കെത്താതെ ഇരുളിനെ പുണർന്നങ്ങനെ കിടക്കും. ഇടയ്ക്ക് ദിക്കു തെറ്റിയെത്തിയ കാറ്റിൽ മുറ്റത്തെ തൈമാവിന്റെ ചില്ലകൾ അജ്ഞാതമായൊരു ഉൾവിളിപോലെ ആർക്കോ യാത്രമൊഴി ചൊല്ലുന്നു. ഒറ്റ രാത്രികൊണ്ട് രണ്ടാത്മാക്കൾ കൊഴിഞ്ഞുപോയിട്ടിന്ന് പത്തു ദിവസങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു. നാളത്തെ പുലയടിന്തിരത്തോടു കൂടി വാസുദേവന്മാഷിന്റെയും, കണ്ണന്റെയും മരണാനന്തരകർമ്മങ്ങൾ അവസാനിക്കും. അതും കൂടി കഴിഞ്ഞാൽ താനിനി ഈ വീടും നാടും വിടേണ്ടി വരില്ലേ? ശ്രീദേവിയമ്മയുടെ മുറിയിലെ കട്ടിലിൽ ഒരോർമ്മത്തെറ്റുപോലെ ചുരുണ്ടുകൂടി കിടക്കുകയായിരുന്ന നന്ദുവിന്റെ ചിന്തകൾ തിളയ്ക്കുന്ന വെയിലെന്നൊ , അഗ്നിയെന്നോ തിരിച്ചറിയപ്പെടാനാവാത്ത ഓർമ്മകളുടെ വെന്തുരുക്കത്താൽ നീറപ്പിടഞ്ഞു. എത്രനാൾ തനിക്കിങ്ങനെ അച്ഛനും കണ്ണനുമില്ലാത്ത ലോകത്തു കഴിയാനാവും? തന്നെക്കൂട്ടാതെ മരണത്തിലേയ്ക്ക് നടന്നുപോയ അച്ഛനൊരിക്കലും തന്റെ മരണം ആഗ്രഹിച്ചിരുന്നില്ല. മരിക്കാൻ പോലുമുള്ള അവകാശം നിഷേധിച്ചുകൊണ്ടാണല്ലോ ദൈവമേ അച്ഛൻ യാത്രയായത്. സ്വയം നിയന്ത്രിക്കുവാനാകാതെ അവൾ പൊട്ടിക്കരഞ്ഞു. തന്റെ മുറിയിലെ കട്ടിലിൽ മച്ചും നോക്കിക്കിടന്ന മനുവിന്റെ കാതുകളിലേയ്ക്ക് നെഞ്ചുപൊട്ടിയുള്ള നന്ദുവിന്റെ കരച്ചിൽ ഇരച്ചെത്തിയപ്പോൾ അറിയാതെ അവന്റെ കണ്ണുകളും നനഞ്ഞു.
സപിണ്ഡീകരണ ശ്രാദ്ധം മനുവിന്റെ വീട്ടിലെ പ്രത്യേകമൊരുക്കിയ പന്തലിലായിരുന്നു. മുറ്റത്തിന്റെ തെക്കു ഭാഗം ചാണകം മെഴുകി വൃത്തിയാക്കിയിരുന്നു. ഈറനുടുത്ത് വിരൽതുമ്പിൽ പവിത്രമണിഞ്ഞ് ഒരു ശിലപോലെ നാക്കിലയിലെ ബലിച്ചോറിൽ നോക്കി വിങ്ങിപ്പൊട്ടുന്ന നന്ദുവിനെ നോക്കുമ്പോഴൊക്കെയും മനുവിന്റെ ഉള്ളുവെന്തുപിടയുന്നുണ്ടായിരുന്നു. ഈ ഒരവസ്ഥയിൽ അവളെ കാണേണ്ടി വന്നത് മനുവിന്റെ മാനസികാവസ്ഥയെ തളർത്തുകയായിരുന്നു.
മാഷിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ നടപടികൾ തീരാൻ ഒരു മാസമെടുത്തു. അതിനിടയിൽ അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങുവാനായി നന്ദുവിനെ പഞ്ചായത്തിലേയ്ക്ക് കൂട്ടകൊണ്ടുപോയതു മനുവായിരുന്നു. തന്റെ കൈപിടിച്ച് അധികാരത്തോടെ കൊണ്ടുവരേണ്ടവള് തന്റെപിന്നിൽ നനഞ്ഞൊരു തൂവൽ പോലെ. നിറഞ്ഞു വന്ന കണ്ണുകൾ നന്ദു കാണാതെ മനു തുടച്ചു.
ദിവസങ്ങൾ ഓടിയകലുംന്തോറും ശ്രീദേവിയമ്മയുടെ അനുകമ്പപൂർണ്ണമായ പെരുമാറ്റം നന്ദുവിനെ പഴയ മാനസ്സികാവസ്സ്ഥയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. ശ്രീദേവിയമ്മക്കൊപ്പം അടുക്കളപണികളില് സഹായിക്കുവാനും, മുറ്റത്തെ ചെടികൾ നനയ്ക്കുവാനുമൊക്കെ നന്ദുവും കൂടിത്തുടങ്ങി. സംഭവിച്ച വലിയൊരു നഷ്ടത്തിൽ നിന്നും മെല്ലെ മെല്ലെ ജീവിതമെന്ന ലാഭത്തിലേയ്ക്കവൾ പിച്ചവെച്ചുകൊണ്ടിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷമൊരു വൈകുന്നേരം കബീർ മാഷും കുടുംബവും കൂടി മനുവിന്റെ വീട്ടിലെത്തി. കബീർമാഷ് തന്റെ മേൽവിലാസമെഴുതി ഒട്ടിച്ചിരുന്ന കവർ ഇതുവരെയും പൊട്ടിച്ചിരുന്നില്ല. നന്ദുവിന്റെയും, ശ്രീദേവിയമ്മയുടെയും, മനുവിന്റെയും മുമ്പിൽ വെച്ച് മാഷ് ആ കവർ തുറന്നു. നന്ദുവിന്റെ പേരിൽ പണം നിക്ഷേപിച്ച രേഖകളും പാസ്സ്ബുക്കും പലപ്പോഴായി വാങ്ങിവെച്ചിരുന്ന അല്പം സ്വർണ്ണാഭരണങ്ങളും. നന്ദുവിനൊരു വിവാഹം ശരിയാകുന്നത് വരെ സൂഷിക്കുവാനായി കബീർമാഷത് ശ്രീദേവിയമ്മയെ ഏല്‍പ്പിച്ചു. ഒന്നു മടിച്ചെങ്കിലും ശ്രീദേവിയമ്മ അത് വാങ്ങി. ചായ കുടിച്ചുകൊണ്ടിരിക്കെ നന്ദുവിനെ ഇനിയും ഇവിടെ ഇങ്ങനെ നിർത്തണമോ എന്ന ചോദ്യത്തിനു മനുവിനോ ശ്രീദേവിയമ്മയ്ക്കൊ വ്യക്തമായൊരു ഉത്തരം കൊടുക്കുവാനാകുമായിരുന്നില്ല. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയെ അധികനാൾ അന്യവീട്ടിൽ താമസിപ്പിച്ചാല്‍ സമൂഹത്തിൽ നിന്നുമുണ്ടാകുന്ന ചോദ്യംചെയ്യൽപ്പെടലുകളെ അവരും ഭയന്നിരുന്നു. തൽക്കാലം തന്റെ പരിചയത്തിലുള്ള ഒരനാഥാലയത്തിലേക്കു നന്ദുവിനെ മാറ്റാമെന്നും പിന്നീട് നല്ലൊരു പയ്യനെ കണ്ടുപിടിച്ചു വിവാഹം ചെയ്യിക്കാമെന്നും മാഷ് പറഞ്ഞപ്പോൾ അവർക്കും അത് അംഗീകരിക്കേണ്ടി വന്നു. രണ്ടുദിവസങ്ങൾക്കു ശേഷം മാഷ് മനുവിനെ വിളിച്ചു എല്ലാ കാര്യങ്ങളും ശരിയായിട്ടുണ്ടെന്നും നന്ദുവിനെയും കൂട്ടി യാത്രയ്ക്ക് റെഡിയായി നിന്നുകൊള്ളാനും അറിയിച്ചു. നെഞ്ചിനുള്ളിലേയ്ക്ക് ഒരു ഉൽക്ക പതിച്ചതുപോലെ മനുവൊന്നു ഞെട്ടി. ഏതെങ്കിലുമൊരനാഥാലയത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിൽ തനിക്കവളെ ഉപേക്ഷിക്കാനാകുമോ? ഹൃദയം പറിച്ചെടുത്തതു പോലെ മനുവിന്റെ ഉള്ളൊന്നു പിടഞ്ഞു. പക്ഷേ തനിക്കു മാത്രമായി ഇപ്പോൾ വ്യക്തമായ ഒരു തീരുമാനവും എടുക്കാനാവില്ലല്ലോ. ഈശ്വരാ കുറച്ചു നേരം കൂടി കഴിഞ്ഞാൽ തന്റെ പ്രാണനിവിടുന്നു പറിച്ചുകൊണ്ടു പോകും ഞാനിനി എന്താണ് ചെയ്യേണ്ടത്. രാത്രിമുഴുവന്‍ ഒരുപോള കണ്ണടയ്ക്കാതെ അവൻ ചിന്തിച്ചതും നന്ദുവിനെക്കുറിച്ചു മാത്രമായിരുന്നു. ഈ അവസരത്തിൽ അമ്മയോടു താനെന്തു പറഞ്ഞ് നന്ദുവിനെ ഇവിടെ നിർത്തും. അച്ഛൻ മരിച്ചു അധിക ദിവസമാകുംമുമ്പ് അവളെയെങ്ങനെ തന്റെ ജീവിതത്തിലേയ്ക്ക് കൂട്ടും? എല്ലാം വിധിക്കു വിട്ടുകൊടുക്കാനേ മനുവിനപ്പോൾ ആകുമായിരുന്നുള്ളു. അവൻ അമ്മയോടും നന്ദുവിനോടും കാര്യങ്ങൾ പറഞ്ഞു. നന്ദു താന്‍ ഏറ്റവും കൂടുതൽ സ്നേഹിച്ച നാടിനോടു വിടപറയുകയാണ്. അവളോടൊപ്പം കബീർമാഷും മനുവും ഒപ്പം സ്കൂളിലെ ഒരധ്യാപികയും. ശരീരിക അസ്വസ്ഥത കാരണം ശ്രീദേവിയമ്മക്കു ദൂരയാത്ര ചെയ്യാനാവുമായിരുന്നില്ല. കബീർമാഷ് വണ്ടി ഏർപ്പാടു ചെയ്തിരുന്നു. നന്ദു ഒരു കുഞ്ഞു ബാഗില്‍ അത്യാവശ്യം വേണ്ട സാധനങ്ങളും തുണികളും തലേദിവസം തന്നെ റെഡിയാക്കി വെച്ചിരുന്നു. അവൾ ബാഗ് കയ്യിലെടുത്തു ശ്രീദേവിയമ്മയുടെ അടുത്തെത്തി. നിറഞ്ഞുതുളുമ്പുന്ന കണ്ണുകൾ തുടച്ച് അവരുടെ കാല് തൊട്ടു നമസ്കരിച്ചു.
"അമ്മേ"
അവർ അവളെ തന്നോട് ചേർത്തു നിർത്തി മൂർദ്ധാവിൽ ചുംബിച്ചു.
"പോയി വരൂ മോളെ"
അവർ കണ്ണുതുടച്ചു അവളെ യാത്രയാക്കി.
തുടരും...
ഭാഗം 15
നിശ്ശബ്ദമായ ആയാത്ര ചെന്നു നിന്നത് നീല പെയിന്റടിച്ച ഒരു വലിയ ഗെയ്റ്റിനു മുമ്പിലാണ്. ഹോണ്‍ അടിക്കുന്ന ശബ്ദംകേട്ട് ഗേറ്റിനോടു ചേർന്ന റൂമിൽ നിന്നും ഒരാൾ ഇറങ്ങിവന്നു. കബീർമാഷ് വേഗം കാറിൽ നിന്നുമിറങ്ങിച്ചെന്നു.
"മാഷായിരുന്നോ! സർ പറഞ്ഞിരുന്നു ഇന്നു വരുന്നുണ്ടെന്നു. ഡോക്ടറമ്മയും സാറും രാവിലെ തന്നെ എത്തിയിട്ടുണ്ട്. കുട്ടികളുടെ ഒപ്പം പറമ്പിലാകും രണ്ടാളും."
ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു നിർത്തി. മക്കൾ ഉപേക്ഷിച്ച ഉണ്ണിയേട്ടനെ കബീർ മാഷാണ് ഇവിടെ എത്തിച്ചത് .
"സുഖമാണോ ഉണ്ണിയേട്ടാ? "
"അതെ മാഷേ "
ഗേറ്റിന്റെ വലിയ ഇരുമ്പ് താഴ് തുറന്നുകൊണ്ട് ഉണ്ണിയേട്ടൻ പറഞ്ഞു. കബീർമാഷ് തിരികെ കാറിൽ കയറി. ഗേറ്റിനുള്ളിൽ വഴിയുടെ ഇരുവശവും വിശാലമായ കൃഷിയിടം. വിളഞ്ഞു പാകമായി നില്ക്കുന്ന ഏത്തവാഴകളും, കപ്പയും, ചേനയും, ചേമ്പും. അതിരുകളിൽ തലയെടുപ്പോടെ നിൽക്കുന്ന തെങ്ങുകൾ. കാർ ചെന്നു നിന്നത് വലിയൊരു മുറ്റത്തേക്കായിരുന്നു. കാറിൽ നിന്നുമിറങ്ങിയ നന്ദുവിന്റെ കാഴ്ച്ചയിലേയ്ക്ക് ആദ്യമെത്തിയത് മുറ്റത്തിന്റെ വടക്കു വശത്തായി പൂത്തുലഞ്ഞു നില്ക്കുന്ന വെളുത്ത പനിനീർപ്പൂക്കളായിരുന്നു. തൊട്ടുചേർന്ന് വലിയൊരു അടുക്കളത്തോട്ടവും കിണറും. വേലിത്തറികളിലൂടെ പടർന്നുകിടക്കുന്ന കോവല്‍വള്ളികൾ. നന്ദുവിനു പിന്നാലെ കാറിൽ നിന്നുമിറങ്ങിയ മനുവിനും, സാവിത്രി ടീച്ചർക്കും ആ അന്തരീഷം വളരെയേറെ ഇഷ്ട്മായി. ഒരു തണുത്ത കാറ്റ് അവരെ കടന്നുപോയി. കബീർമാഷിനൊപ്പം അവരും മുന്‍വശത്തേക്കു നടന്നു. അവർ കോളിംഗ് ബെൽ അടിക്കുംമുമ്പെ ഒരു പെൺകുട്ടി വന്നു വാതിൽ തുറന്നു. ഒരു പുഞ്ചിരിയോടെ അവളവരെ അകത്തേയ്ക്ക് ക്ഷണിച്ചു.
"ഇരിക്കുട്ടൊ.പപ്പയും ഡോക്ടറമ്മയും ഇപ്പോൾ വരും."
അതുപറഞ്ഞവൾ അകത്തേയ്ക്കു പോയപ്പോൾ കബീർമാഷ് അവരെ ഹാളിന്റെ ഒരു വശത്തുണ്ടായിരുന്ന മുറിയിലെയ്ക്കു കൂട്ടികൊണ്ട് പോയി. സാമാന്യം വലിയൊരു മുറിയായിരുന്നു അത്. ഒരു വശത്ത് സന്ദർശകർക്കായ് ഭംഗിയായ് ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ. മുറിയുടെ നടുവിലായ് വലിയൊരു ഓട്ടുരുളിയിൽ വിരിഞ്ഞു നിൽക്കുന്ന താമരുപ്പൂക്കളും അരികിലായ് അണയാതെ കത്തുന്ന ഒരു നിലവിളക്കും. ഗ്രാമഫോണിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ ഒഴുകിയെത്തുന്ന കർണ്ണാടിക് സംഗീതം. അഭൗമമായൊരു സുഗന്ധം ആ മുറിയിൽ സദാ തങ്ങി നിൽക്കുംമ്പോലെ. മുറിയുടെ ഒരു വശത്തെ ഭിത്തിയിലെ ഫോട്ടോയിൽ മനുവിന്റെ കണ്ണുകൾ ഉടക്കി നിന്നു. എവിടെയൊ കണ്ടു മറന്നുപോയൊരാളെ പെട്ടെന്നു കണ്ടതുപോലെ. കടലിന്റെ അഗാധതയിലേയ്ക്ക് നോക്കുംപോലെ ആഴമേറിയ ആ കണ്ണുകൾ തനിക്കേറെ പരിചയമുള്ള ആരേയൊ ഓർമ്മിപ്പിക്കും പോലെ.
മനുവിന്റെ മുഖത്തെ ആലോചനാഭാവം കണ്ടാവാം കബീർമാഷ് അവന്റെയടുത്തേയ്ക്കു വന്നു.
"ഉമ്മയുടെ അനുജത്തിയുടെ ഭർത്താവാ. ഡോക്ടർ മാത്യു തരകൻ. അദ്ദേഹത്തിന്റെ തറവാട് ആണിത്. ഏഴു വർഷം മുൻപ് അദ്ദേഹം മരണപ്പെട്ടു. ഒരേയൊരു മകനും ഭാര്യയും ജോലി ആവശ്യങ്ങൾക്കായി ടൗണിലേക്ക് താമസം മാറ്റിയപ്പോൾ ഇളയുമ്മയേയും ഒപ്പം കൊണ്ടുപോയി. മക്കളില്ലാത്ത അവർ പപ്പയുടെ സ്മരണക്കായി നാലു വർഷം മുൻപാണ് അനാഥരായ പെൺകുട്ടികൾക്കായി ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങിയത്."
"മാത്യു തരകൻ ? "
മനു ചോദ്യഭാവത്തിൽ മാഷേ നോക്കി
"ഇന്റർകാസ്റ്റ് വിവാഹം ആയിരുന്നു. ഇളയമ്മ മെഡിസിനു പഠിക്കുമ്പോൾ സഹപാടിയോട് തോന്നിയ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ വല്ല്യുപ്പയും, അമ്മാവൻമാരും എതിർക്കുക മാത്രമല്ല വഴിയിൽ തടഞ്ഞു നിർത്തി ഇദ്ദേഹത്തെ ഉപദ്രവിക്കുകയും ചെയ്തു. വിവരമറിഞ്ഞ ഇദ്ദേഹത്തിന്റെ അപ്പൻ മകനെയും കൂട്ടി ഇളയമ്മയുടെ വീട്ടിൽ എത്തി ഇളയമ്മയെ വിളിച്ചിറക്കി കൊണ്ടുവരുകയായിരുന്നു. "
അവർ സംസാരിച്ചു നിൽക്കെ പിന്നിൽ നിന്നും ഇക്കാ എന്നൊരു വിളികേട്ടു കബീർ മാഷിനൊപ്പം മനുവും തിരിഞ്ഞു നോക്കി. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അലിസർ !
തന്റെ മാനേജർ.
അലി മാത്യു തരകൻ. ആദ്യം കണ്ടപ്പോൾ തന്നെ തന്റെ മനസ്സിൽ പതിഞ്ഞ പേരും മുഖവും.
"സർ "
"ആഹാ താനും ഉണ്ടോ? "
"അയൽവക്കത്തെ കുട്ടിയാണ് സർ. "
"ശരി വരൂ "
അദ്ദേഹം അവരെ ഉള്ളിലേയ്ക്ക് കൂട്ടികൊണ്ട്പ്പോയി. പത്തോളം മുറികളും, നടുത്തളവും, അറപ്പുരയുമൊക്കെയുള്ള വലിയൊരു തറവാടായിരുന്നു അത്. അദ്ദേഹമവരെ ഡൈനിംഗ് ഹാളിലേയ്ക്കാണ് കൊണ്ടുപോയത്. അവിടെ അദ്ദേഹത്തിന്റെ അമ്മയും പതിനഞ്ചോളം പെൺകുട്ടികളും പുതിയ അതിഥിയെ സ്വീകരിക്കുവാൻ കാത്തു നിന്നിരുന്നു. കബീർമാഷ് നേരത്തെതന്നെ എല്ലാ വിവരങ്ങളും പറഞ്ഞതനുസരിച്ച് അലിസാർ തന്നെ ശ്രീനന്ദിനിയേയും, മനുവിനെയും, സാവിത്രിടീച്ചറെയും അമ്മയ്ക്കും മറ്റുകുട്ടികൾക്കും പരിചയപ്പെടുത്തി. അല്പം കഴിഞ്ഞപ്പോൾ ഏകദേശം അൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും രണ്ടു പെൺകുട്ടികളും കൂടി അവിടേയ്ക്ക് വന്നു.
" ഇതു മേരി ടീച്ചർ. പപ്പയുടെ ഒരു അകന്ന ബന്ധു കൂടിയാണ്. ടീച്ചർ ആണ് ഇവിടെ എല്ലാം നോക്കിനടത്തുന്നത്. ഞാനും ഉമ്മച്ചിയും എല്ലാ ഞായറാഴ്ച്ചകളിലും മുടങ്ങാതെ ഇവിടെത്താറുണ്ട്. "
അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ കൈലിമുണ്ടും ബനിയനും ഇട്ടു തോർത്തുകൊണ്ടു തലയിലൊരു വട്ടക്കെട്ടും കെട്ടി തന്റെ മുമ്പിൽ ഇരിക്കുന്ന ആ വലിയ മനുഷ്യനെ മനു ആരാധനയോടെ നോക്കി.
"മിനി ശ്രീനന്ദിനിയെ ഉള്ളിലേക്ക് കൊണ്ടുപോയ്ക്കോളു "
കൂട്ടത്തിൽ മൂത്തവൾ എന്നു തോന്നിപ്പിക്കുന്ന പെൺകുട്ടിയോടായി അദ്ദേഹം പറഞ്ഞു. ശ്രീനന്ദിനി തന്റെ കൊച്ചു ബാഗ് കയ്യിലെടുത്തു ആ പെൺകുട്ടിക്കൊപ്പം അകത്തേയ്ക്കു നടന്നു. വാതിൽ കടന്നു മറയും മുമ്പ് അവൾ തിരിഞ്ഞു മനുവിനെയൊന്നു നോക്കി. ഉപേക്ഷിച്ചു കളഞ്ഞല്ലോയെന്നു പറയും പോലെ. ഹൃദയഭിത്തികൾ തകർത്ത് ആത്മാവോളം തറഞ്ഞിറങ്ങിയ ആ നോട്ടത്തിൽ പിഞ്ഞിപ്പറിഞ്ഞതുപോലെ മനുവിന്റെ ഉള്ളം വേദനിച്ചു. നിറഞ്ഞുതൂകിയ കണ്ണുകൾ ഒന്നു തുടയ്ക്കുവാൻ പോലുമാകാതെ നിസ്സഹായനായി ഇരുന്ന അവന്റെ തോളിൽ സാന്ത്വനം പോലെ ഒരു കൈത്തലമമർന്നു.
തുടരും...
ഭാഗം 16
ആശ്വസിപ്പിക്കും പോലെ തന്റെ തോളിലമർന്ന കൈകളിലേക്ക് മനു മുഖമമർത്തി നടന്നു മറയുന്ന നന്ദുവിനെത്തന്നെ നോക്കിയിരുന്നു. നിറഞ്ഞ കണ്ണുകൾ കാഴ്ച മറച്ചപ്പോൾ അലിസാർ എന്നൊരു വിളിയോടെ മനു എഴുനേറ്റു. ആഴമേറിയ ആ കണ്ണുകളിലെ വാത്സല്യത്തിലേക്ക് കുരുങ്ങിനിന്ന മനുവിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് അദ്ദേഹം അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു.
'സ്നേഹവീട് '
അതായിരുന്നു ആ വലിയ തറവാടിന്റെ പേര്. പല സാഹചര്യങ്ങൾ കൊണ്ട് അനാഥരായിപ്പോയ 38 പെൺകുട്ടികൾ. അവർക്ക് അമ്മയായി സ്നേഹമയിയായ മേരി ടീച്ചറും കാര്യസ്ഥനായി ഉണ്ണിയേട്ടനും. എല്ലാ സൗകര്യങ്ങളും ഉള്ള ആ വലിയ വീടും അവിടുത്തെ ജീവിതവുമായി നന്ദു ഇണങ്ങിക്കഴിഞ്ഞിരുന്നു. അച്ഛന്റെയും കണ്ണന്റെയും വേദനിപ്പിക്കുന്ന ഓർമ്മകൾക്കിടയിൽ കുളിരുകുടഞ്ഞുകൊണ്ട് ഇടയ്ക്കിടയ്ക്ക് മനു കടന്നു വരുകയും ആരുമറിയാതെ മനസ്സിന്റെ ഉൾകോണുകളിൽ സൂക്ഷിച്ച വലിയൊരു സ്വപ്നത്തിന്റെ തൂവലുകളെ അവൾക്കുള്ളില്‍ കൊഴിച്ചിട്ടു പോവുകയും ചെയ്യുന്നുണ്ടായിരുന്നു. വിശേഷ ദിവസങ്ങളിൽ പപ്പയ്ക്കും, ഡോക്ടറമ്മയ്ക്കും, മേരിടീച്ചർക്കുമൊപ്പം മറ്റു കുട്ടികളെപ്പോലെ നന്ദുവും പങ്കുചേരാനും തന്റെ ജീവിതത്തിലേയ്ക്ക് വർണ്ണങ്ങൾ ചാലിച്ച കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ വരച്ചുചേർക്കുവാനും തുടങ്ങിയിരുന്നു.
കാണാതിരിക്കുവാൻ കഴിയില്ലെന്ന മനസ്സിന്റെ വിശ്വാസത്തെ കബളിപ്പിച്ചുകൊണ്ട് വിരഹത്തിന്റെ തീയിലുരുകിയ ദിനരാത്രങ്ങളിലൂടെ കാലചക്രം പിന്നെയും പിന്നെയും ഉരുണ്ടുപൊയ്ക്കൊണ്ടിരുന്നു. നന്ദുവിന്റെ അസാനിദ്ധ്യം മനുവിൽ വരുത്തിയ മാറ്റങ്ങൾ ശ്രീദേവിയമ്മ കാണുന്നുണ്ടായിരുന്നെങ്കിലും അവർ മൗനം പാലിക്കുകയാണ് ചെയ്തത്. ഒരു നിശ്വാസം കൊണ്ടുപോലും സ്പർശിച്ചശുദ്ധമാക്കാതെ മനസ്സിൽ സൂഷിച്ച പ്രണയമോർത്ത് മനുവിന്റെ ഹൃദയം ഓരോ നിമിഷവും നീറികൊണ്ടിരുന്നു. തന്റെ മാനേജരായ അലിസാർ ആയിരുന്നു മനുവിന്റെ ഏക ആശ്രയം. ഒന്നും പറയാതെ തന്നെ അദ്ദേഹം മനുവിന്റെ മാനസികവ്യഥ തിരിച്ചറിഞ്ഞിരുന്നു. ഒഴിവു സമയങ്ങളിൽ അദ്ദേഹം മനുവിനെ തന്റെ ക്യാബിനിലേയ്ക്ക് വിളിപ്പിക്കുകയും നന്ദുവുള്ള സ്നേഹവീടെന്ന ആ വലിയ വീട്ടിലെ വിശേഷങ്ങളോടൊപ്പം അവിടെ എല്ലാവർക്കും പ്രീയപ്പെട്ടവളായി തീർന്ന 'നന്ദൂട്ടി' യുടെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. എങ്കിലും അവന്റെ സമാധാനങ്ങൾക്കു മേലെ ഒരു മുള്ളുതറച്ചതുപോലെ നന്ദുവിനെയൊന്നു കാണുവാനുള്ള ആഗ്രഹം നീറിനിന്നു.
മഞ്ഞും, മഴയും, വെയിലും കടന്ന് ഋതുഭേദങ്ങളുടെ തൂവലുകൽ കൊഴിഞ്ഞുകൊണ്ടിരുന്നു. സനേഹവീട് ഒരു ചെറിയ ആഘോഷത്തിന്റെ തിരക്കിലാണ്. സ്നേഹവീട്ടിലെ മൂത്തമകൾ മിനിയുടെ വിവാഹ നിശ്ചയം. ഒപ്പം നന്ദൂട്ടിയുടെയും. പപ്പയ്ക്കു വളരെ അടുത്തറിയുന്ന കുടുംബം ആണെന്നും നല്ല ചെറുക്കനാണെന്നും മേരിടീച്ചർ പറഞ്ഞെങ്കിലും നന്ദുവിന്റെ കണ്ണുകളിൽ അടക്കാനാവാത്തൊരു നൊമ്പരം കലങ്ങികിടന്നു. അങ്ങകലെ ഏതാണ്ടതേ അവസ്ഥയിലായിരുന്നു മനുവും. വൈകിട്ടു ജോലികഴിഞ്ഞെത്തിയപ്പോൾ അമ്മയിൽ നിന്നും അവനും സ്നേഹവീട്ടിലെ വിവരങ്ങൾ അറിഞ്ഞിരുന്നു. ഒപ്പം അവിടേയ്ക്ക് പോവണമെന്നും കൂടി അമ്മ പറഞ്ഞപ്പോൾ വരണ്ടുണങ്ങിയ നിലം വിണ്ടുകീറിയ പോലെ മനുവിന്റെ ഹൃദയം തകർന്നുപോയി. ഒന്നും മിണ്ടാനാവാതെ മുറിയിലേയ്ക്കു നടന്ന മനുവിന്റെ കണ്ണുകൾ തുറന്നു കിടന്ന മേശവലിപ്പിലെ കറുത്ത വളപ്പൊട്ടുകളില് ഉടക്കി.
'നന്ദു നിന്നെയല്ലാതെ മറ്റൊന്നിനെയും സ്നേഹിക്കാൻ എനിക്കീ ജന്മം ആവില്ല. നീയില്ലാതെ, നിന്റെ സ്നേഹമില്ലാതെ എനിക്ക് ജീവിക്കാനാവില്ല. എന്റെ ഓരോ പുലരിയിലും ഞാൻ കണികണ്ടുണരുന്ന പുണ്യമാണ് നീ. എന്നിൽ നിന്നും നിന്നെ അടർത്തി മാറ്റുവാൻ മരണത്തിനല്ലാതെ മറ്റൊരു ശക്തിക്കും ആവില്ല. അങ്ങനെ ചിന്തിച്ചു ഞാൻ. അങ്ങനെ വിശ്വസിച്ചു. എന്നിട്ടും എന്നിട്ടുമെന്തേ നന്ദു നീയിപ്പോൾ മറ്റാരുടേതോ ആകുവാൻ ഒരുങ്ങുന്നത്.'
ജനലഴികളിൽ മുഖമമർത്തി തേങ്ങിക്കരയുന്ന മനുവിൽ നിന്നും ചിതറി വീഴുന്ന വാക്കുകൾ ഒഴുകിയെത്തി തറഞ്ഞു നിന്നത് മനുവിനു കുടിക്കുവാനുള്ള വെള്ളവുമായി മുറിയുടെ മുൻപിലെത്തിയ ശ്രീദേവിയമ്മയുടെ കാതുകളിലേയ്ക്കായിരുന്നു. ഈയം ഉരുക്കി ഒഴിച്ചാലെന്നവണ്ണം കാതുകൾ പൊള്ളി ആ മുറിയുടെ പുറത്തവർ തറഞ്ഞു നിന്നു.
തുടരും...
ഭാഗം 17
ഇരുണ്ടുമൂടിയ ആകാശം പെട്ടെന്നായിരുന്നു ആർത്തലച്ചു പെയ്യാൻ തുടങ്ങിയത്. കാറ്റടിച്ചപ്പോൾ ജനലഴികളിൽ മുഖംച്ചേർത്തു നിൽക്കുകയായിരുന്ന മനുവിന്റെ മുഖത്തേയ്ക്കു പാറി വീണ മഴത്തുള്ളികളോടൊപ്പം രണ്ടുത്തുള്ളി കണ്ണുനീരും കവിൾ തഴുകി താഴോട്ടൊഴുകുമ്പോൾ ജീവിതം ശൂന്യമാക്കപ്പെട്ടവന്റെ നിസ്സഹയാവസ്ഥ തിരിച്ചറിയുകയായിരുന്നു മനു. എല്ലാ കാര്യങ്ങളും പറഞ്ഞിരുന്ന അലിസാർ ഈ ഒരു കാര്യം തന്നോടു മറച്ചതെന്തിനാണെന്നു എത്ര ആലോചിച്ചിട്ടും മനുവിനു മനസ്സിലായില്ല. നന്ദൂട്ടിയെ തനിക്കിഷ്ടമാണെന്ന് ഇത്രനാളായിട്ടും താനദ്ദേഹത്തോടു പറഞ്ഞിരുന്നില്ലല്ലോയെന്ന് അപ്പോള്‍ മാത്രമാണ് മനു ഓർത്തത്. തന്റെ മനസ്സ് നന്ദൂട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെ. കൊണ്ടു വിട്ടതിനു ശേഷം താനൊരിക്കൽ പോലും അവളെയൊന്നു കാണാൻ ചെന്നില്ലല്ലോ ദൈവമേ. തന്റെ ഇഷ്ടങ്ങൾ ആരോടും തുറന്നുപറയാത്തതിൽ മനുവിനു കുറ്റബോധം തോന്നി. ഒരു പക്ഷേ അമ്മയോടു പറഞ്ഞിരുന്നെങ്കിൽ തനിക്കു നന്ദൂട്ടിയെ നഷ്ടപെടുമായിരുന്നില്ലല്ലോയെന്ന് വേദനയോടവൻ ഓർത്തു. നെഞ്ചിലെ രോമങ്ങളിൽ തെരുപ്പിടിച്ചു ജീവിതത്തിലാദ്യമായ് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മനു വിങ്ങിപ്പൊട്ടി.
പ്രഭാതം! സ്നേഹവീടിന്റെ മുറ്റൊത്തൊരുക്കിയ പന്തലിൽ ചെറിയൊരു മണ്ഡപം ഒരുക്കുന്ന തിരക്കിലായിരുന്നു ഉണ്ണിയേട്ടൻ. സഹായത്തിനു തലേന്നു തന്നെയെത്തിയ കബീര്‍മാഷിന്റെ മോൻ ഇര്ഷാദുമുണ്ട്. പാചകപ്പുരയിലെ നേതൃസ്ഥാനത്ത് അലിസാറിനൊപ്പം കബീര്മാഷുമുണ്ട്. അകമുറിയിൽ മിനിയേയും നന്ദുവിനെയും അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു അമ്മമാരും കുട്ടികളും. ബാങ്കിലെ തന്റെ സഹപ്രവര്‍ത്തകരെയെല്ലാം അലിസാര്‍ സ്നേഹവീട്ടില്‍ നടക്കുന്ന ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നു. മനുവിന്റെ കാറില്‍ അമ്മയോടൊപ്പം അരുണിന്റെ കുടുംബവുമുണ്ടായിരുന്നു. പതിവിലുമേറെ നിശബ്ദനായിരുന്ന മനുവിന്റെ കണ്ണുകള്‍ ഇടയ്ക്കിടെ നിറയുന്നതും ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ വഴുതിപ്പോകുന്നതും കണ്ട അരുൺ മനുവിനോടു വണ്ടി നിറുത്താൻ പറഞ്ഞു. കുറച്ചു ദൂരെ കണ്ട മരത്തിനു താഴെ വണ്ടി നിർത്തി മനു കാറിൽനിന്നുമിറങ്ങി. മറുവശത്തെ ഡോർ തുറന്നുപുറത്തിറങ്ങിയ അരുണിനു നേരെ മനു ചാവി നീട്ടി.
"നിനക്കെന്തുപറ്റിയെടാ?"
ചുവന്നു വിങ്ങിയ മനുവിന്റെ മുഖത്തേയ്ക്കു നോക്കി അരുൺ ചോദിച്ചു.
"തലവേദനയുണ്ടോ നിനക്ക്?"
അരുണിനെ നോക്കി നിഷേധാർഥത്തിൽ തലയാട്ടി മനു കാറിൽ കയറി. അരുൺ തിരിഞ്ഞു ശ്രീദേവിയമ്മയെ ഒന്നു നോക്കി. ഒന്നും കാണാത്ത ഭാവത്തിൽ വിദൂരതയിൽ നോക്കി ഇരിക്കുകയായിരുന്നു അവർ. അരുൺ അൽപനേരം എന്തോ ചിന്തിച്ചു നിന്ന ശേഷം ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി.
പിന്നീടുള്ള യാത്രയിലുടനീളം കാറിനുള്ളിൽ കനത്ത മൗനം വണ്ടി സ്നേഹവീടിന്റെ മുറ്റത്തെത്തുവോളം നീണ്ടു നിന്നു. മുറ്റത്തെ ചെറിയ പന്തലിൽ ബാങ്കിലെ മറ്റു സഹപ്രവര്‍ത്തകരെ കണ്ട അരുൺ മനുവിനെയും കൂട്ടി അവിടേയ്ക്കു നടന്നു. അരുണിന്റെ അച്ഛനെയും അമ്മയേയും കൂട്ടി അകത്തേയ്ക്കു നടന്ന ശ്രീദേവിയമ്മയെ അലിസാർ തന്റെ ഉമ്മയ്ക്കും മേരിടീച്ചര്ക്കും പരിചയപ്പെടുത്തി. ശ്രീദേവിയമ്മ താൻ കൊണ്ടു വന്ന ബാഗില്‍ നിന്നും നന്ദുവിന്റെ ആഭരണങ്ങളും ബാങ്ക് പാസ്സ്ബുക്കും അടങ്ങിയ ചെറിയൊരു കവർ എടുത്തു അലിസാറിന്റെ കയ്യില്‍ കൊടുത്തു. അദ്ദേഹം ആഭരണങ്ങളെടുത്ത് ഉമ്മയുടെ കയ്യില്‍ കൊടുത്തിട്ട് അവരെ നന്ദുവിന്റെ മുറിയിലേയ്ക്ക് കൂട്ടികൊണ്ടുപോകാൻ ആവശ്യപ്പെട്ടു. അവിടെ പട്ടു സാരിയുടുത്ത് മുടിയിൽ മുല്ലപ്പൂ ചൂടി മിനിയ്ക്കൊപ്പമിരുന്നിരുന്ന നന്ദൂ ശ്രീദേവിയമ്മയെ കണ്ട് ഒരു പൊട്ടിക്കരച്ചിലോടെ ഓടി അവരുടെ അടുത്തെത്തിി. അവരവളെ തന്നിലേയ്ക്ക് ചേർത്തു പിടിച്ചു. ഇതുവരെയൊന്നു കാണാൻ വരാത്ത പരിഭവം മുഴുവൻ നിഴലിച്ചു നിന്ന അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ തുടച്ചു കളഞ്ഞ് ഒരു ക്ഷമാപണം പോലെ അവരവളുടെ മൂർദ്ധ്വാവിൽ ഉമ്മ വെച്ചു. രണ്ടു വർഷംമുമ്പ് തന്റെ വീട്ടിൽ നിന്നും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇറങ്ങിപ്പോയ പെണ്‍ക്കുട്ടിയില്‍ നിന്നും പക്വതയെത്തിയ യുവതിയായി അവൾ മാറിയിരിക്കുന്നു.
ആഭരണങ്ങളടങ്ങിയ പൊതി ഡോക്ടറമ്മയില് നിന്നും വാങ്ങുമ്പോള്‍ നന്ദൂട്ടിയുടെ കൈകൾ വിറച്ചു. നെഞ്ചിലൊരു വിങ്ങൽ. താൻ പോലുമറിയാതെ അച്ഛൻ തനിക്കായി അവശേഷിപ്പിച്ചു പോയത്. വിറയ്ക്കുന്ന കൈകളോടെ അവളാ പൊതി തുറന്നു. ഒരു ജോഡി കമ്മലും, ഒരു നെക്ളസും രണ്ടു മോതിരങ്ങളും. അതില്‍ നിന്നും അവളാ നെക്ളസ് പുറത്തെടുത്തു. ഒരിക്കൽ താൻ കൊതിപറഞ്ഞ പച്ച കല്ലുള്ള പാലയ്ക്കാ നെക്ളസ്. ഒരു പിടച്ചിലോടെ അവളത് കഴുത്തിലണിഞ്ഞു. സുഖമുള്ളൊരു കുളിരു പുണരുന്നതുപോലെ അവളുടെ ഉടൽ വിറകൊണ്ടു. അച്ഛന്റെ ആത്മാവ് തന്റടുത്തുള്ളത് പോലെ. നിറഞ്ഞ കണ്ണുകളടച്ച് അച്ഛന്റെ ഓർമ്മകൾക്ക് മുമ്പിൽ അവളൊരു നിമിഷം തലക്കുനിച്ചു.
തുടരും...

ഭാഗം 18
മുഹൂര്‍ത്തമായി എന്നാരോ ഉച്ചത്തില്‍ പറയുന്നതു കേട്ടാണ് മനു ചിന്തകളില്‍ നിന്നുമുണര്‍ന്നത്. മുറ്റൊത്തൊരുക്കിയ പന്തലില്‍ ആളുകള്‍ നിറഞ്ഞതോ അവരുടെ സംസാരങ്ങളൊ ഒന്നുംതന്നെ ഇതുവരെ മനു കേട്ടിരുന്നില്ല. താനേറെ കൊതിച്ച, തന്റെ കൈപിടിയില്‍ നിന്നും വഴുതിപോകുന്ന ജീവിതവും, സ്വപ്നവും. അവന്റെ ചിന്തകളില്‍ അതു മത്രമായിരുന്നു. മനു തിരിഞ്ഞ് അരുണിനെ നോക്കി. ആ കസേര ശൂന്യമായിരുന്നു. ചുറ്റും പരതിയ അവന്റെ കണ്ണുകള്‍ മണ്ഡപത്തിനരുകില്‍ തന്റെ അമ്മയുമായും അലിസാറുമായും സംസാരിച്ചു നില്ക്കുന്ന അരുണില്‍ തങ്ങി നിന്നു. കുട്ടിക്കാലം മുതല്‍ ഒരു നിഴല്‍ പോലെ കൂടെ നടന്ന അവനോടു പോലും താനൊന്നും പറഞ്ഞിരുന്നില്ലല്ലോയെന്ന് വേദനയോടെ മനുവോര്ത്തു. കുറ്റബോധംകൊണ്ട് താന്‍ ജീവനോടെ എരിഞ്ഞു തീര്‍ന്നെങ്കിലെന്ന് അവനാഗ്രഹിച്ചുപോയി. കണ്ണീര്പാടകള്ക്കിടയിലൂടെ തന്റെ സ്വപ്നങ്ങള്‍ തട്ടിയെറിഞ്ഞ പ്രതിയോഗിയെ എന്നവണ്ണം മണ്ടപത്തിലേയ്ക്കെത്തിയ യുവാവിനെ മനു പകയോടെ നോക്കി.
അലിസാറിനൊപ്പം പുറത്തേക്കുപോയ ശ്രീദേവിയമ്മ മടങ്ങിവരുമ്പോഴും ഒരു മെഴുകു പ്രതിമ പോലെ കട്ടിലിലിരിയ്ക്കുകയായിരുന്നു നന്ദു. ശ്രീദേവിയമ്മ അവള്‍ക്കരികിലേക്കെത്തി.
"മോളെ സമയമായി വരൂ "
അവസാന പ്രതീക്ഷയും അറ്റുപോയതു പോലെ അവളവരെ ദയനീയമായൊന്നു നോക്കി. നനഞ്ഞ മിഴികളൊപ്പുന്ന വാത്സല്ല്യമായ് ശ്രീദേവിയമ്മ അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി.
"നിങ്ങളിവിടെ നിൽക്കുകയാണോ?. വരൂ സമയമായി "
മുറിയിലേക്ക് കടന്നു വന്ന മേരി ടീച്ചറുടെ ചോദ്യം കേട്ടു ശ്രീദേവിയമ്മ പുഞ്ചിരിച്ചു.
"മിനിക്കുട്ടി നന്ദുവിനെ കൂട്ടി വന്നോളു "
കാഴ്ച്ച മറച്ച മിഴിനീരിനിടയിലൂടെ മണ്ഡപത്തിലേയ്ക്കു വരുന്ന നന്ദുവിനെ മനു കണ്ടു. താന്‍ കൈപിടിച്ചു അരികത്തു ചേര്ത്തിരുത്തേണ്ടവള്. ഇനിയതൊരു സ്വപ്നം മാത്രമായി അവസാനിക്കുവാന്‍ പോവുകയാണ്. ചിതയിലകപ്പെട്ടതു പോലെ മനുവിന്റെ ഉള്ളു വെന്തു നീറി.
തോളത്ത് ശക്തമായൊരു അടികിട്ടിയ മനു ഒരു ഞെട്ടലില്‍ മുഖമുയര്‍ത്തി.
"എഴുന്നേല്ക്കെടാ "
അരുൺ മനുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു.
"എന്നെ ഒളിക്കാൻ മാത്രമുള്ള കാര്യങ്ങളൊക്കെ നിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു അല്ലേടാ? ഈ ചടങ്ങൊന്നു കഴിഞ്ഞോട്ടെ നിനക്കുള്ളത് ഞാൻ അന്നേരം തരാം. "
ഇതും പറഞ്ഞ് മനുവിനെയും പിടിച്ചു വലിച്ചു അരുണ്‍ മണ്ഡപത്തിലേയ്ക്കു നടന്നു. എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പെ മനു മണ്ഡപത്തില്‍ നന്ദുവിന്റെ അടുത്തെത്തിയിരുന്നു. മനു പകച്ചു ചുറ്റും നോക്കി താന്‍ ആദ്യം കണ്ട ചെറുപ്പക്കാരനടുത്ത് മറ്റൊരു പെണ്‍ക്കുട്ടി, തൊട്ടടുത്തു നന്ദു, അവളുടെ വലതു വശത്താണ് അരുണ്‍ തന്നെ കൊണ്ടു നിര്‍ത്തിയിരിക്കുന്നത്.
"ഇരിക്കെടാ കഴുവേറി അവിടെ"
മനുവിന്റെ ചെവിയിൽ മറ്റാരും കേൾക്കാതെ അരുൺ പറഞ്ഞു. ഒരു സ്വപ്നത്തിൽ എന്ന പോലെ മനു അരുണിനെ നോക്കി; ജീവിതം തിരികെ കിട്ടിയവന്റെ നോട്ടം.
"നിന്നു സ്വപ്നം കാണാതെ അവിടെ ഇരിക്കെടൊ മണവാളാ."
കബീർമാഷാണ്, തൊട്ടടുത്തു തന്നെ അമ്മയും അലി സാറും. എന്താണ് സംഭവിച്ചതെന്നു മനുവിനപ്പോഴും മനസ്സിലായിരുന്നില്ല. തിരിഞ്ഞു തന്റെ ഇടതു വശത്തായി താഴെ തലകുനിച്ചിരിയ്ക്കുന്ന നന്ദുവിനെ മനു ഒന്നു നോക്കി. പിന്നെ അവളോടു ചേര്‍ന്നിരുന്നു. പിന്നീടുള്ള ചടങ്ങുകള്‍ വളരെ പെട്ടെന്നു തന്നെ ആരംഭിച്ചു. ശ്രീദേവിയമ്മയുടെ കയ്യിലിരുന്ന താലം അവര്‍ നന്ദുവിന്റെയും മനുവിന്റെയും മുമ്പില്‍ വെച്ചു. അതില്‍ തുറന്നുവെച്ച ചെറിയ ചെപ്പിനുള്ളില്‍ തങ്ങളുടെ പേരെഴുതിയ മോതിരം കണ്ടപ്പോള്‍ മാത്രമാണ് തന്നെ അറിയിക്കാതെ അമ്മ ഒറ്റയ്ക്കു കളിച്ച കളി മനുവിന് മനസ്സിലായത്. അവന് ആനന്ദകണ്ണീരോടെ അമ്മയ്ക്കു മുമ്പില്‍ ശിരസ്സ് കുനിച്ചു. തന്റെ വിരലില്‍ മോതിരമണിയിക്കുന്ന യുവാന്റെ മുഖത്തേയ്ക്ക് നന്ദൂട്ടിയൊന്നു നോക്കി.
"മനുവേട്ടന്!
അമ്പരപ്പും ആഹ്ളാദവും ഇടകലര്‍ന്ന മുഖഭാവത്തോടെ അവളവനെത്തന്നെ നോക്കിയിരുന്നു. തന്റെ കൈകളില്‍ വിറകൊള്ളുന്ന വിരലുകള്‍ ചുണ്ടോടു ചേര്‍ക്കാന്‍ കൊതിയോടെ മനു തന്റെ പേരു കൊത്തിയ മോതിരം ശ്രീനന്ദിനിയുടെ വിരലുകളില്‍ അണിയിച്ചു. ജന്മസാഫല്ല്യം നേടിയതു പോലെ ഒരു നിര്വൃതിയാല് അവൾ കണ്ണുകളടച്ചു.
ചടങ്ങുകള്‍ കഴിഞ്ഞു ഭക്ഷണശേഷം പോകാനിറങ്ങിയപ്പോള്‍ നന്ദുവിനെ ഒന്നു കാണണമെന്ന ആവശ്യം മനു അമ്മയെ അറിയിച്ചു. അമ്മയുടെ അനുവാദത്തോടെ മനു നന്ദുവിന്റെ മുറിയിലേയ്ക്കു ചെന്നു. അവനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്ന പെണ്‍ക്കുട്ടികള്‍ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. സന്തോഷവും കൃതഞ്ജതയും കൊണ്ടു വിങ്ങിപ്പൊട്ടി നില്‍ക്കുകയായിരുന്നു നന്ദു. ഒരു നിമിഷം അവനവളെ വാരി നെഞ്ചോടു ചേര്‍ത്തു. നഷ്ടപെടാതിരിക്കാനെന്നവണ്ണം വീണ്ടു വീണ്ടുമവളെ ചേര്‍ത്തുപിടിച്ചവന്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു. അകലെയെവിടെയോ നിന്നും അവ്യക്തമായി ഒഴുകിയെത്തുന്ന ഗന്ധര്‍വ്വ സംഗീതം. ഇലഞ്ഞിപ്പൂവിന്റെ നേര്‍ത്ത ഗന്ധം. രണ്ടച്ചന്ന്മാരുടെ ആത്മാക്കള്‍ ആശ്ലേഷിച്ചതു പോലെ ജനലഴികള്ക്കിടയിലൂടെയെത്തിയൊരുകാറ്റ് അവരെ തഴുകി കടന്നുപോയി.
ഭാഗം 19
അതിവേഗമോടിമറഞ്ഞ ദിനരാത്രങ്ങള്‍ക്കൊടുവില്‍ സ്നേഹവീടിന്റെ മുറ്റത്തൊരുങ്ങിയ പന്തലില്‍വെച്ച് ശ്രീനന്ദിനിയുടെ കഴുത്തില്‍ മനു താലി ചാര്‍ത്തി. പ്രീയപ്പെട്ട പപ്പയുടെയും, ഡോക്ടറമ്മയുടെയും,
മേരിടീച്ചറുടെയും അനുഗ്രഹം വാങ്ങി സ്നേഹവീടിനോടും, കൂട്ടുകാരികളോടും യാത്രപറഞ്ഞു നന്ദു മനുവിന്റെ കൈപിടിച്ചു ശ്രീമംഗലം തറവാട്ടിലെത്തിയപ്പോള്‍ നിറഞ്ഞു കത്തുന്ന നിലവിളക്കുമായ്, സ്നേഹത്തിന്റെ പ്രതിരൂപമായി ശ്രീദേവിയമ്മയും ബന്ധുജനങ്ങളും അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു. നിലവിളക്കേറ്റു വാങ്ങി വലതുകാല്‍ വെച്ച് നന്ദു ശ്രീമംഗലം തറവാടിന്റെ മരുമകളായി.
നന്ദുവിന്റെയും, മനുവിന്റെയും ജീവിതം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. അമ്മയുടെ വാത്സല്യം നല്കി ശ്രീദേവിയമ്മ നന്ദുവിനെ ചേര്‍ത്തു പിടിച്ചപ്പോള്‍ അച്ഛന്റെയും, സഹോദരന്റെയും സ്നേഹവും കൂടി നല്കി മനു അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. ജീവിതം എത്രമേല്‍ സുന്ദരമായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു അവര്‍ മൂന്നു പേരും. മനു ബാങ്കിലേയ്ക്കു പോയി കഴിഞ്ഞാല്‍ തിരിച്ചു വരുന്നതു വരെയും ശ്രീദേവിയമ്മയെയും ആ വീടിനെയും പരിചരിച്ചും, പരിപാലിച്ചും അവള് സമയം കഴിച്ചു. അവരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ അവളുടെ മനസ്സെപ്പോഴും ജാഗരൂകമായിരുന്നു. ചിലപ്പോഴൊക്കെയും ഒരമ്മയെപോലെ വഴക്കിട്ടും, മറ്റു ചിലപ്പോള്‍ ഒരു മകളെപ്പോലെ പരിഭവിച്ചും അവളെപ്പോഴും അവരുടെ നിഴലായി കൂടെ നിന്നു. സ്നേഹവീട്ടില്‍ അവള് കണ്ടുപഠിച്ച പാഠങ്ങളിലൊന്നായിരുന്നു ശ്രീമംഗലം തറവാടിന്റെ അടുക്കള ഭാഗത്തോടു ചേര്‍ന്നുള്ള പച്ചക്കറിത്തോട്ടം. അവധി ദിവസങ്ങളില്‍ മനുവിനെയു നിര്‍ബന്ധിച്ചവള്‍ ഒപ്പം കൂട്ടും. വീടിനു ചുറ്റും പാഴ്ച്ചെടികള് നിറഞ്ഞു നിന്നിരുന്ന പറമ്പില്‍ ചേനയും, ചേമ്പും, വാഴയും , ജാതിയും, സപ്പോര്‍ട്ടയും എല്ലാം നിറഞ്ഞു. ഓരോ പ്രാവശ്യവും സ്നേഹവീട്ടില്‍ പോയി വരുമ്പോഴും അവിടുന്നവള്‍ പൂച്ചെടികളും, വിത്തുകളും കൊണ്ടു വന്നു. മുറ്റത്തെ ചെറിയ പൂന്തോട്ടത്തിന്റെ നടുവില്‍ വലിയ പൂക്കളുള്ള വെളുത്ത പനിനീര്‍പുഷ്പങ്ങള്‍ തലയെടുപ്പോടെ കാറ്റില്‍ തലയാട്ടി നില്ക്കുന്ന കാഴ്ച്ച മനോഹരമായിരുന്നു.
ശാന്തമായൊരു പുഴപോലെ ആ ജീവിതനദി നിറഞ്ഞൊഴുകി. നന്ദു അവിടെത്തിയതിനു ശേഷമുള്ള അവളുടെ ആദ്യ പിറന്നാള്‍. അന്നു തന്നെ ആയിരുന്നു അവരുടെ വിവാഹ വാര്‍ഷികവും. അന്നുച്ചക്കു ശേഷം ബാങ്കില്‍ നിന്നും മനു ലീവെടുത്തിരുന്നു. പോരും മുമ്പ് വൈകുന്നേരത്തെ പാര്‍ട്ടിക്ക് സഹപ്രവര്‍ത്തകരെ ക്ഷണിക്കാനും അവന് മറന്നില്ല.
വെള്ളക്കല്ലുകള്കൊണ്ടു മനോഹരമായി ചിത്രപണികള്‍ ചെയ്ത ഒരു സാരി ആയിരുന്നു നന്ദുവിന്റെ വേഷം. നീണ്ടിടതൂര്‍ന്ന മുടിയില്‍ മുല്ലപ്പൂ ചൂടി അതീവസുന്ദരിയായി നന്ദുവെത്തിയപ്പോള് ഹാളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന മനുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നു. ആത്മസംതൃപ്തിയുടെ പുഞ്ചിരി. തന്റെ വീടിന്റെ വിളക്കായവള്‍. തന്റെ അമ്മയെ പൊന്നു പോലെ നോക്കുന്നവള്‍. തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു ഭൂമിയിലെ തന്റെയീ ജീവിതം ധന്യമാക്കേണ്ടവള്. അവന് എഴുന്നേറ്റു അഭിമാനത്തോടെ നന്ദുവിനെ തന്നോടു ചേര്‍ത്തു നിര്‍ത്തി. നന്ദുവിനേറ്റവും ഇഷ്ടപ്പെട്ട വെളുത്ത പനിനീര്പ്പൂക്കള്ക്കൊണ്ടു നിര്‍മ്മിച്ച മനോഹരമായൊരു പൂച്ചെണ്ടായിരുന്നു മനു അവള്‍ക്കു സമ്മാനിച്ചത്.
ജ്വലിച്ചു നില്ക്കുന്ന തിരിനാളം ഊതിയണയ്ക്കാതെ തന്നെ അവര്‍ രണ്ടുപേരും ചേര്‍ന്നു കേക്കു മുറിച്ചു.
"അടുത്തത് നന്ദൂട്ടിയുടെ ഒരു പാട്ട് "
നന്ദൂ പാടുമെന്നറിയാമായിരുന്ന അരുണ്‍ അങ്ങൊനൊരാവശ്യം പറഞ്ഞപ്പോള്‍ മറ്റുള്ളവരും പിന്താങ്ങി. തെല്ലൊരു പരിഭ്രമത്തോടെ നന്ദു മനുവിന്റെ മുഖത്തേയ്ക്ക് നോക്കി. അവനും പുഞ്ചിരിയോടു കൂടി അങ്ങനെയൊരാവശ്യം പറഞ്ഞപ്പോള്‍ നന്ദുവിനു പാടേണ്ടി വന്നു. അവള് ഒരു നിമിഷം കണ്ണടച്ചു. മനുവിന്റെ ഡയറില്‍ അവളെ ഏറ്റവും ആകര്‍ഷിച്ച വരികള്‍.
"ഇനിയിതായെന്റെ മനസ്സിന്റെ താളിൽ
നിനക്കായ് കുറിച്ചൊരീ സ്നേഹാകാവ്യം
ഇനിയിതായെന്റെ പുലരിയുടെ പുണ്യവും, പുഞ്ചിരികൊഞ്ചലും, പൂനിലാവും"
കണ്ണുകളടച്ച് പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രമായ വരികളെ മനസ്സിലേയ്ക്കാവാഹിച്ച് ഒരു ധ്യാനത്തിലെന്നപോലെ അവള് പാടി. അവളെ നഷ്ടപെടുമെന്ന തോന്നലില്‍ ഹൃദയവ്യഥയോടെ അവനെഴുതിയ വരികള്‍ പാടി മുഴുവനാക്കാന്‍ കഴിയും മുമ്പെ അടുത്തു നിന്ന മനുവിന്റെ കൈകളിലേയ്ക്കുവള് കുഴഞ്ഞു വീണു. സ്തംഭിച്ചുപോയ മനുവിനു പിടിക്കാന്‍ കഴിയും മുമ്പേ അവന്റെ കൈകളില്‍ നിന്നും ആ ശരീരം ഊര്‍ന്നു താഴേക്കു പോയി.
തുടരും...


