മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim

ഭാഗം 18

മുഹൂര്‍ത്തമായി എന്നാരോ ഉച്ചത്തില്‍ പറയുന്നതു കേട്ടാണ് മനു ചിന്തകളില്‍ നിന്നുമുണര്‍ന്നത്.  മുറ്റൊത്തൊരുക്കിയ പന്തലില്‍ ആളുകള്‍ നിറഞ്ഞതോ അവരുടെ സംസാരങ്ങളൊ ഒന്നുംതന്നെ ഇതുവരെ മനു കേട്ടിരുന്നില്ല. താനേറെ കൊതിച്ച,  തന്റെ കൈപിടിയില്‍ നിന്നും വഴുതിപോകുന്ന ജീവിതവും,  സ്വപ്നവും.  അവന്റെ ചിന്തകളില്‍ അതു മത്രമായിരുന്നു.   മനു തിരിഞ്ഞ് അരുണിനെ നോക്കി.  ആ കസേര ശൂന്യമായിരുന്നു.  ചുറ്റും പരതിയ അവന്റെ കണ്ണുകള്‍ മണ്ഡപത്തിനരുകില്‍ തന്റെ അമ്മയുമായും അലിസാറുമായും സംസാരിച്ചു നില്‍ക്കുന്ന അരുണില്‍ തങ്ങി നിന്നു.  കുട്ടിക്കാലം മുതല്‍ ഒരു നിഴല്‍ പോലെ കൂടെ നടന്ന അവനോടു പോലും താനൊന്നും പറഞ്ഞിരുന്നില്ലല്ലോയെന്ന് വേദനയോടെ മനുവോര്‍ത്തു.  കുറ്റബോധംകൊണ്ട് താന്‍ ജീവനോടെ എരിഞ്ഞു തീര്‍ന്നെങ്കിലെന്ന് അവനാഗ്രഹിച്ചുപോയി.  കണ്ണീര്‍പാടകള്‍ക്കിടയിലൂടെ തന്റെ സ്വപ്നങ്ങള്‍ തട്ടിയെറിഞ്ഞ പ്രതിയോഗിയെ എന്നവണ്ണം  മണ്ടപത്തിലേയ്ക്കെത്തിയ യുവാവിനെ മനു പകയോടെ നോക്കി.

അലിസാറിനൊപ്പം പുറത്തേക്കുപോയ ശ്രീദേവിയമ്മ മടങ്ങിവരുമ്പോഴും ഒരു മെഴുകു പ്രതിമ പോലെ കട്ടിലിലിരിയ്ക്കുകയായിരുന്നു നന്ദു.  ശ്രീദേവിയമ്മ അവള്‍ക്കരികിലേക്കെത്തി.

"മോളെ സമയമായി വരൂ "

അവസാന പ്രതീക്ഷയും അറ്റുപോയതു പോലെ അവളവരെ ദയനീയമായൊന്നു നോക്കി.  നനഞ്ഞ മിഴികളൊപ്പുന്ന വാത്സല്ല്യമായ് ശ്രീദേവിയമ്മ അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി.

"നിങ്ങളിവിടെ നിൽക്കുകയാണോ?.  വരൂ സമയമായി "

മുറിയിലേക്ക് കടന്നു വന്ന മേരി ടീച്ചറുടെ ചോദ്യം കേട്ടു ശ്രീദേവിയമ്മ പുഞ്ചിരിച്ചു.

"മിനിക്കുട്ടി നന്ദുവിനെ കൂട്ടി വന്നോളു "

കാഴ്ച്ച മറച്ച മിഴിനീരിനിടയിലൂടെ മണ്ഡപത്തിലേയ്ക്കു വരുന്ന നന്ദുവിനെ മനു കണ്ടു.  താന്‍ കൈപിടിച്ചു അരികത്തു ചേര്‍ത്തിരുത്തേണ്ടവള്‍.  ഇനിയതൊരു സ്വപ്നം മാത്രമായി അവസാനിക്കുവാന്‍ പോവുകയാണ്.  ചിതയിലകപ്പെട്ടതു പോലെ മനുവിന്റെ ഉള്ളു വെന്തു നീറി.

തോളത്ത് ശക്തമായൊരു അടികിട്ടിയ മനു ഒരു ഞെട്ടലില്‍ മുഖമുയര്‍ത്തി. 

"എഴുന്നേല്‍ക്കെടാ "

അരുൺ മനുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു.

"എന്നെ ഒളിക്കാൻ മാത്രമുള്ള കാര്യങ്ങളൊക്കെ നിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു അല്ലേടാ?   ഈ ചടങ്ങൊന്നു  കഴിഞ്ഞോട്ടെ നിനക്കുള്ളത് ഞാൻ അന്നേരം തരാം. "

ഇതും പറഞ്ഞ് മനുവിനെയും പിടിച്ചു വലിച്ചു അരുണ്‍ മണ്ഡപത്തിലേയ്ക്കു നടന്നു.  എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പെ മനു മണ്ഡപത്തില്‍ നന്ദുവിന്റെ അടുത്തെത്തിയിരുന്നു.  മനു പകച്ചു ചുറ്റും നോക്കി താന്‍ ആദ്യം കണ്ട ചെറുപ്പക്കാരനടുത്ത് മറ്റൊരു പെണ്‍ക്കുട്ടി,  തൊട്ടടുത്തു നന്ദു,  അവളുടെ വലതു വശത്താണ് അരുണ്‍ തന്നെ കൊണ്ടു നിര്‍ത്തിയിരിക്കുന്നത്.

"ഇരിക്കെടാ കഴുവേറി അവിടെ"

മനുവിന്റെ ചെവിയിൽ മറ്റാരും കേൾക്കാതെ അരുൺ പറഞ്ഞു. ഒരു സ്വപ്നത്തിൽ എന്ന പോലെ മനു അരുണിനെ നോക്കി;   ജീവിതം തിരികെ കിട്ടിയവന്റെ നോട്ടം.

"നിന്നു സ്വപ്നം കാണാതെ അവിടെ ഇരിക്കെടൊ മണവാളാ."

കബീർമാഷാണ്,  തൊട്ടടുത്തു തന്നെ അമ്മയും അലി സാറും.   എന്താണ് സംഭവിച്ചതെന്നു മനുവിനപ്പോഴും മനസ്സിലായിരുന്നില്ല. തിരിഞ്ഞു  തന്റെ ഇടതു വശത്തായി താഴെ തലകുനിച്ചിരിയ്ക്കുന്ന നന്ദുവിനെ മനു ഒന്നു നോക്കി.  പിന്നെ അവളോടു ചേര്‍ന്നിരുന്നു.  പിന്നീടുള്ള ചടങ്ങുകള്‍  വളരെ പെട്ടെന്നു തന്നെ ആരംഭിച്ചു. ശ്രീദേവിയമ്മയുടെ കയ്യിലിരുന്ന താലം അവര്‍ നന്ദുവിന്റെയും മനുവിന്റെയും മുമ്പില്‍ വെച്ചു.  അതില്‍ തുറന്നുവെച്ച ചെറിയ ചെപ്പിനുള്ളില്‍ തങ്ങളുടെ പേരെഴുതിയ മോതിരം കണ്ടപ്പോള്‍ മാത്രമാണ്  തന്നെ അറിയിക്കാതെ അമ്മ ഒറ്റയ്ക്കു കളിച്ച കളി മനുവിന് മനസ്സിലായത്.  അവന്‍ ആനന്ദകണ്ണീരോടെ അമ്മയ്ക്കു മുമ്പില്‍ ശിരസ്സ് കുനിച്ചു.   തന്റെ വിരലില്‍ മോതിരമണിയിക്കുന്ന യുവാന്റെ മുഖത്തേയ്ക്ക്  നന്ദൂട്ടിയൊന്നു നോക്കി.

"മനുവേട്ടന്‍!

അമ്പരപ്പും ആഹ്ളാദവും ഇടകലര്‍ന്ന മുഖഭാവത്തോടെ അവളവനെത്തന്നെ നോക്കിയിരുന്നു. തന്റെ കൈകളില്‍ വിറകൊള്ളുന്ന വിരലുകള്‍ ചുണ്ടോടു ചേര്‍ക്കാന്‍ കൊതിയോടെ മനു തന്റെ പേരു കൊത്തിയ മോതിരം ശ്രീനന്ദിനിയുടെ വിരലുകളില്‍ അണിയിച്ചു.  ജന്മസാഫല്ല്യം നേടിയതു പോലെ ഒരു  നിര്‍വൃതിയാല്‍ അവൾ  കണ്ണുകളടച്ചു.

ചടങ്ങുകള്‍ കഴിഞ്ഞു ഭക്ഷണശേഷം പോകാനിറങ്ങിയപ്പോള്‍ നന്ദുവിനെ ഒന്നു കാണണമെന്ന ആവശ്യം മനു അമ്മയെ അറിയിച്ചു.  അമ്മയുടെ അനുവാദത്തോടെ മനു നന്ദുവിന്റെ മുറിയിലേയ്ക്കു ചെന്നു.  അവനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്ന പെണ്‍ക്കുട്ടികള്‍ മുറിയിൽ നിന്നും  പുറത്തേക്കിറങ്ങി.  സന്തോഷവും  കൃതഞ്ജതയും കൊണ്ടു വിങ്ങിപ്പൊട്ടി നില്‍ക്കുകയായിരുന്നു നന്ദു.  ഒരു നിമിഷം അവനവളെ വാരി നെഞ്ചോടു ചേര്‍ത്തു. നഷ്ടപെടാതിരിക്കാനെന്നവണ്ണം വീണ്ടു വീണ്ടുമവളെ ചേര്‍ത്തുപിടിച്ചവന്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു.  അകലെയെവിടെയോ നിന്നും അവ്യക്തമായി ഒഴുകിയെത്തുന്ന ഗന്ധര്‍വ്വ സംഗീതം.  ഇലഞ്ഞിപ്പൂവിന്റെ നേര്‍ത്ത ഗന്ധം.  രണ്ടച്ചന്‍ന്മാരുടെ ആത്മാക്കള്‍ ആശ്ലേഷിച്ചതു പോലെ ജനലഴികള്‍ക്കിടയിലൂടെയെത്തിയൊരുകാറ്റ് അവരെ തഴുകി കടന്നുപോയി.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter