മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim

ഭാഗം 4

"അലൈപായുതെ കണ്ണാ....
എൻ മനമിഹ അലൈപായുതേ...."

മനുവിന്റെ മൊബൈലിൽ നിന്നും ഊത്തുക്കാട് വെങ്കിടസുബ്ബയ്യർ തമിഴിൽ രചിച്ച കാനഡ രാഗത്തിലുള്ള കീർത്തനം ഒഴുകിയെത്തിയപ്പോൾ കണ്ണനൊന്നു കുതിച്ചു തുള്ളി.

"ചേച്ചീ കണ്ണന്റെ പാട്ട് കണ്ണനെ വിളിക്കുന്ന പാട്ട് "

കണ്ണന്റെ മുഖത്തുണ്ടായ കുട്ടിത്തം നിറഞ്ഞ കൗതുകം മനുവിൽ ചിരിയുണർത്തി. കണ്ണന്റെ കവിളിൽ അരുമയോടെ ഒന്നു നുള്ളിയിട്ട് മനു പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.ഡിസ്പ്ളേയിൽ ചിരിക്കുന്ന അരുണിന്റെ മുഖം. തന്റെ ബാല്യകാലസുഹൃത്തും സഹപാഠിയുമായ അരുണിനും തനിക്കും ഒരേ ബാങ്കിലാണ് ജോലി ലഭിച്ചിരിക്കുന്നത്. പോകും വഴി അവനെയും ഒപ്പംകുട്ടാമെന്നു പറഞ്ഞിരുന്നതാണ്. മനു കാൾ ബട്ടനിൽ വിരലമർത്തി അങ്ങോട്ട് എന്തെങ്കിലും പറയും മുമ്പേ അരുണിന്റെ ചോദ്യം എത്തി.

"എത്ര നേരമായെടാ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് "

കാത്തുനിൽപ്പിന്റെ അക്ഷമമുറ്റിയ അരുണിന്റെ ചോദ്യം കേട്ടു മനു വാച്ചിലേയ്ക്ക് നോക്കി 8-30 കഴിഞ്ഞിരിക്കുന്നു 9 മണിക്ക് മുമ്പ് ബാങ്കിൽ എത്തണ്ടതാണ്.

"ദാ എത്തിയെടാ"

മനു കാൾകട്ട് ചെയ്തു തിരിഞ്ഞു ആ പെൺകുട്ടിയെ നോക്കി

"വേഗം വരൂ എനിക്ക് ജോലിക്ക് പോകുവാൻ സമയമായി"

"എന്താ ഇയാളുടെ പേര് "

കണ്ണനെയും കൂട്ടി നടക്കുന്നതിനിടയിൽ മനു തിരിഞ്ഞു ആ പെൺകുട്ടിയോട് ചോദിച്ചു.

"ശ്രീനന്ദിനി"

ശ്രീനന്ദിനി ! മനു ആപേര് മനസ്സിൽ ഉരുവിട്ടു. രൂപം പോലെ പേരിലും ലാളിത്യം.

വളവ് കഴിഞ്ഞതും മേടയ്ക്കൽ വീടിന്റെ പടിപ്പുരയെത്തി. പടിപ്പുരത്തൂണിൽ ചാരി വിഷണ്ണനായി നിന്ന മദ്ധ്യവയസ്കൻ അവരെ കണ്ടതും ദീർഘമായൊന്നു പുഞ്ചിരിച്ചു. അദ്ദേഹത്തെ കണ്ടതും കണ്ണൻ മനുവിന്റെ കൈ കുതറിച്ചോടി അടുത്തു ചെന്നു.

"അച്ഛാ ദേ മിട്ടായി. ഈ ഏട്ടൻ തന്നതാ" നിഷ്കളങ്കമായ ചിരിയോടെ കണ്ണൻ മനു കൊടുത്ത മിട്ടായി നീട്ടി കാണിച്ചു.

"ഞാൻ മനു. ദാ ആ കാണുന്നതാണ് വീട്."

മനു തന്റെ വീടിനു നേരെ വിരൽ ചൂണ്ടി.

"ജോലിക്ക് പോകും വഴിയാണ് ഇവരെ കണ്ടത്. ഇവിടെ കൊണ്ടുവന്നാക്കിയിട്ട് പോകാമെന്നു വിചാരിച്ചു."

"നന്ദി മോനെ" അദ്ദേഹം നിറകണ്ണുകളോടെ മനുവിനെ നോക്കി കൈകൂപ്പി.

"അയ്യൊ എന്താ ഈ കാട്ടുന്നത്"

മനു അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു യാത്ര ചോദിച്ചു .

"എനിക്ക് പോകാൻ സമയമായി മാഷേ നമുക്ക് പിന്നീട് കാണാം "

" ശരി മോനെ"

തിരിഞ്ഞു നടക്കും മുമ്പ്മനു ശ്രീനന്ദിനിയെ ഒന്നു കൂടി നോക്കി. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി അവൾ കണ്ണനെയും കൂട്ടി നടന്നു കഴിഞ്ഞിരുന്നു. മനു വേഗം നടന്നു ബൈക്കിനടുത്തെത്തി. താഴെ ഉടഞ്ഞൂകിടക്കുന്ന കരിവളകൾ. കണ്ണനുമായുള്ള പിടിവലിയിൽ  പൊട്ടിവീണതാവും. ഏതോ ഒരു ഉൾപ്രേരണയാൽ മനു അവ പെറുക്കി ബൈക്കിന്റെ സൈഡ്കവറിൽ ഇട്ടു ബൈക്ക് സ്റ്റാർട്ടു ചെയതു.

അരുണിനെയും കൂട്ടി മനു ബാങ്കിൽ എത്തുമ്പോൾ ഒമ്പതു മണി ആകുന്നതെ ഉണ്ടായിരുന്നുള്ളൂ. നഗരത്തിലെ പ്രസിദ്ധമായ ദേശസാൽകൃത ബാങ്കിന്റെ റീജണൽ ഓഫീസ്. മനു സെക്കൂരിറ്റി ചൂണ്ടി കാണിച്ചിടത്തു ബൈക്കു പാർക്കു ചെയതു തിരിച്ച് അരുണിന്റെ അടുത്തെത്തി. പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഓഫീസ് കെട്ടിടം. മുമ്പ് നഗരത്തിൽ വന്നപ്പോഴൊക്കെയും പലപ്രാവശ്യം ഈ കെട്ടിടം കണ്ടിട്ടുണ്ട്. അച്ഛന്റെയൊപ്പം ഒന്നു രണ്ടു തവണ ബാങ്ക് ആവശ്യങ്ങൾക്കായും വന്നിട്ടുണ്ട്. അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത അവാച്യമായ ഒരനുഭൂതിയിൽ മനുവിന്റെ ഉള്ളം കുളിർത്തു. ഇനിമുതൽ ഈ കെട്ടിടവും തന്റെ ജീവിതത്തിന്റെ ഭാഗമാവുകയാണ്. തന്റെ ദിനചര്യകളിലൂടെ കടന്നു പോകുന്ന നിമിഷങ്ങളിലേറെയും ചിലവഴിക്കേണ്ട സ്ഥലം. പുറം കാഴ്ച്ചകളിലേയ്ക്ക് മനു ഒന്നുകൂടി കണ്ണോടിച്ചു. ഒരു സൈഡിൽ നിരയായി പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ. മറുവശത്ത് തണൽ വിരിച്ചു നിൽക്കുന്ന കാറ്റാടി മരങ്ങൾ ഒറ്റപെട്ടു നിൽക്കുന്ന ആകെട്ടിടത്തിന്റെ പ്രൗഡി കൂട്ടുന്നു. ഗെയ്റ്റിന്റെ ഇടതുവശത്തായി സെക്കൂരിറ്റിയുടെ വിശ്രമമുറിയോടു ചേർന്നു റോഡിനഭിമുഖമായി ബാങ്കിന്റെ എ റ്റി എം കൗണ്ടർ. അച്ഛനെ മനസ്സിൽ ധ്യാനിച്ചു മനു അരുണിന്റെ ഒപ്പം ബാങ്കിലേയ്കു കയറി. വിശാലമായ വിശ്രമമുറിയുടെ ഒരു സൈഡിലായ് അസിസ്റ്റന്റ് മാനേജരുടെ മുറി. മനുവും,അരുണും അദ്ദേഹത്തിന്റെ അടുത്തെത്തി അപ്പോയ്മെന്റ്ഓര്ഡർ കാണിച്ചു. അദ്ദേഹം അവരെ മാനേജരുടെ ക്യാബിനിലേയ്ക്ക് കൂട്ടികൊണ്ടു പോയി.

സർ ഇവർ മനുവും, അരുണും . മാനേജർ അവരെ നോക്കി പുഞ്ചിരിച്ചു. അദ്ദേഹത്തെ വിഷ് ചെയ്തു കൊണ്ട് മനു മേശപ്പുറത്തിരുന്ന നെയിംബോർഡിലേയ്ക്ക് ഒന്നു നോക്കി. അലി മാത്യൂ തരകൻ. പേരു വായിച്ച് മനു അദ്ദേഹത്തിന്റെ മുഖത്തെയ്ക്ക് നോക്കി. സ്ഥായിയായ ഭാവം പോലെ ശാന്തവും പ്രൗഡവുമായൊരു പുഞ്ചിരി ചുണ്ടിൽ നിന്നും മായാതെ നിൽക്കുന്നു. നെറ്റിയിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന നിസ്കാരത്തഴമ്പ്. ആളപ്പോൾ മുസ്ളീംമാണ്. അപ്പോള് ഈ മാത്യൂ തരകൻ?

"ഇരിക്കൂ"

രണ്ടു പേരേയും നോക്കികൊണ്ട് അദ്ദേഹം പറഞ്ഞു. മനുവും അരുണും അദ്ദേഹത്തിനു അഭിമുഖമായുള്ളസീറ്റിൽ ഇരുന്നു തങ്ങളുടെ അപ്പൊയിന്റ്മെന്റ് ഓർഡർ അദ്ദേഹത്തിന്റെ നേരെ നീട്ടി. അതു വാങ്ങി ഒന്നു ഓടിച്ചു നോക്കിയിട്ട് അദ്ദേഹം രണ്ടു പേരുടെയും വീട്ടുകാരെക്കുറിച്ചു ചോദിച്ചറിഞ്ഞു. ശേഷം രണ്ടാഴ്ച്ച നീണ്ടു നില്ക്കന്ന ട്രയിനിംഗിനെക്കുറിച്ചും ജോലിയുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ലഘുവായി വിശദീകരിച്ചു.

"ജോർജേട്ടാ", ക്യാബിനു പുറത്തു ഗ്ളാസ്സ് തുടച്ചു കൊണ്ടിരുന്ന മധ്യവയസ്കനായ ഒരാൾ ക്യാബിനിലേയ്ക്കു കടന്നു വന്നു.

"ഇതു ഇവിടുത്തെ പ്യൂൺ ജോർജ് ", മനുവിനോടും, അരുണിനോടും പറഞ്ഞിട്ട് അദ്ദേഹം ജോർജേട്ടനു നേരെ തിരിഞ്ഞു.

"ജോർജേട്ടാ ഇവരെ ട്രെയിനിംഗ് ഹാളിൽ കൊണ്ടാക്കൂ"

ജോർജേട്ടൻ അവരെ ബാങ്കിന്റെ ഉൾവശത്തേയ്ക്ക് കൂട്ടികൊണ്ടുപോയി. സാമാന്യം വലിയൊരു ഹാൾ. തങ്ങളെ കൂടാതെ പത്തിരുപത്തഞ്ചോളം യുവതീയുവാക്കൾ വേറെയുമുണ്ട്. അരുണും മനുവും ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ ഇരുന്നു. ചുറ്റും കുശലം പറയുകയും പരസ്പരം പരിചയപെടുകയും ചെയ്യുന്നവരിലേയ്ക്ക് മനുവിന്റെ കണ്ണുകൾ നീണ്ടു. നേരെ എതിർ വശത്ത് രണ്ടു യുവതികളുമായ് നിർത്താതെ സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ കണ്ട മനു ഒന്നു ഞെട്ടി. അറിയാതെ അരുണിന്റെ കൈകളിൽ  മനുവിന്റെ പിടി മുറുകി.

തുടരും...

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter