മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim

ഭാഗം 12

ഇടയ്ക്കിടയ്ക്ക് അമ്പലത്തിൽ വെച്ചുള്ള കണ്ടുമുട്ടലുകൾക്കിടയിൽ ശ്രീദേവിയും, നന്ദൂട്ടിയും ഏറെ അടുത്തു. കണ്ണന്റെ അസുഖവും, അമ്മയുടെ മരണവുമൊക്കെ അവളിൽ നിന്നുമറിഞ്ഞപ്പോൾ അവളോടവർക്ക് വാത്സല്യം തോന്നിയിരുന്നു. നന്ദൂട്ടിയും മനസ്സുകൊണ്ടവരെ അമ്മയുടെ സ്ഥാനത്ത് കാണാൻ തുടങ്ങി. വിശേഷദിവസങ്ങളിൽ നന്ദൂട്ടിക്കും കണ്ണനുമൊപ്പം മാഷും മനുവിന്റെ വീട്ടിലെ നിത്യ സന്ദർശകനായി. അവരോടുള്ള ശ്രീദേവിയമ്മയുടെ വാത്സല്യവും അടുപ്പവും മാഷിനും ആശ്വാസകരമായിരുന്നു. ചിലദിവസങ്ങളിൽ കണ്ണന്റെ പിടിവാശി കുറയ്ക്കാനും, കഷായം കുടിപ്പിക്കുവാനുമൊക്കെ നന്ദുവിനും മാഷിനും മനുവിന്റെ സഹായവും വേണ്ടി വന്നിരുന്നു.ഒരുമടിയും കൂടാതെ ഉത്തരവാദിത്വമുള്ള ഒരേട്ടനെ പോലെ മനു കണ്ണനെ എപ്പോഴും തന്നോടു ചേർത്തു നിർത്തി.

രണ്ടുകുടുംബങ്ങളും തമ്മിലുള്ള സൗഹാർദ്ദപൂർണ്ണമായ അടുപ്പത്തിനിടയിലും മനുവിന്റെ മനസ്സിൽ ശ്രീനന്ദിനിയെന്ന നന്ദൂട്ടി ഒരു വെണ്ണക്കൽ ശില്പം പോലെ തിളങ്ങി നിന്നു. പകലിരവുകളിൽ അവളുടെ രൂപവും, അവളെകുറിച്ചുള്ള ഓർമ്മകളും അവന്റെയുള്ളിൽ മായാതെ നിൽക്കുമ്പോഴും തന്റെയിഷ്ടത്തെ അവളോടു തുറന്നു പറയാൻ അവന്റെയുള്ളിലെ മാന്യത അനുവദിച്ചിരുന്നില്ല. തന്റെ ഇഷ്ടങ്ങൾക്കൊരിക്കലും അമ്മ എതിരു നിൽക്കില്ലെന്ന് അവനു നല്ല വിശ്വാസമുണ്ടായിരുന്നു. സമയമാകുമ്പോൾ അമ്മയെകൊണ്ട് മാഷോട് സംസാരിപ്പിക്കാം എന്ന തീരുമാനത്തിൽ ഉറച്ചു നില്ക്കാൻ മനുവിലെ പക്വമതിയായ മനസ്സിനു കഴിഞ്ഞു. എങ്കിലും ആരും ആവശ്യപ്പെടാതെ തന്നെ തന്നെക്കൊണ്ടാവുംവിധമുള്ള എല്ലാ സഹായങ്ങളും അവനാ വീട്ടുകാർക്കു വേണ്ടി ചെയ്തുപോന്നു. തന്റെ ജീവിതത്തെ അർത്ഥസംപുഷ്ടവും, ആനന്ദപൂർണ്ണവുമാക്കിതീർക്കേണ്ട അമൂല്ല്യമായൊരു നിധി ആ കൊച്ച് വീടിനുള്ളിലുണ്ടെന്നുള്ള ചിന്ത അവനെ സദാ ജാഗരൂകനാക്കി.

ഇലഞ്ഞിപ്പൂമണമുള്ള നിശബ്ദയാമങ്ങളിൽ പ്രണയത്തിന്റെ പൂമ്പാറ്റച്ചിറകിലേറി നീലവാനച്ചോട്ടിലൂടെ ഒരു കാറ്റായവൻ പറന്നുല്ലസിച്ചു. അവളെ കാണുവാൻ മാത്രമായി വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ അവൻ നിത്യസന്ദർശകനായി. ആൽത്തറയിലെ ഗണപതീവിഗ്രഹത്തിൽ ചാർത്തുവാനുള്ള മാലയുമായി ഒരു കനകവിഗ്രഹം പോലെ അവളിരിക്കുമ്പോളും, തൊഴുതിറങ്ങി വീടിന്റെ പടിപ്പുര കേറി മറയുവോളവും ക്ഷേത്രക്കുളത്തിന്റെ മതിൽ ചാരി ഒരു ദ്വാരപാലകനെപോലെ അവൻ കാവൽ നിന്നു. സ്നേഹത്തിന്റെയും, കരുണയുടെയും, കരുതലിന്റെതുമായ ഒരു പ്രകാശപ്രളയം തനിക്കുചുറ്റും വലയം പ്രാപിക്കുന്നതും, ഇതുവരെയും അനുഭവിച്ചിട്ടില്ലാത്തൊരു സുഗന്ധം തന്റെ ഹൃദയത്തെ പുണർന്നുമ്മ വെയ്ക്കുന്നതും അവളും അറിയുന്നുണ്ടായിരുന്നു. താമരയിതളുകളാൽ മൂടപ്പെട്ടൊരു തളികയിൽ മഞ്ഞച്ചരടിൽ കോർത്തൊരു മംഗല്ല്യസൂത്രവും, ഒരു നുള്ളു കുങ്കുമവും അവളുടെ സ്വപ്നങ്ങളെ ഒരു മയിൽപ്പീലി പോലെ തഴുകുമ്പോഴും അർഹതപ്പെടാത്ത ആഗ്രഹമായി ആ സ്വപ്നത്തെ ഒരു കൈപ്പാടകലെ മാറ്റി നിർത്തുവാൻ അവളും ശ്രമിച്ചു. ശരീരങ്ങളെ അകറ്റി നിർത്തി രണ്ടു ഹൃദയങ്ങൾ മാത്രം പരസ്പരം പുൽകിപ്പുണരുന്ന പരിശുദ്ധവും, പാവനവുമായ നിശബ്ദ പ്രണയത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു ഭൂമി.

കാലചക്രമതിന്റെ പ്രയാണപഥങ്ങളില്‍ നിശബ്ദഭാവങ്ങളുമായി തന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. സൂര്യൻ അസ്തമിക്കുകയും, നിലാവു പൂക്കുകയും ശിശിരം വസന്തത്തിനു വഴിമാറുകയും ചെയ്യുമ്പോൾ മൗനത്തിന്റെ പുറംതോടുടയ്ക്കാതെ, പ്രാണന്റെ നനവിടങ്ങൾ തേടി കാലം വരുത്തിയ മാറ്റങ്ങളോടെ രണ്ടു വർഷങ്ങൾ അവരെ കടന്നു പോയി. അച്ഛൻപെങ്ങളും കുടുംബവും എല്ലാ പിണക്കങ്ങളും മറന്നു മനുവിന്റെ വീട്ടിലെ നിത്യസന്ദർശകരായതും, ഒപ്പം ജോലിചെയ്യുന്ന രാകേഷ് മാത്യു എന്ന യുവാവുമായി രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ ഗീതുവിന്റെ വിവാഹം കഴിഞ്ഞതും മനുവിനും ശ്രീദേവിയമ്മയ്ക്കും വിശ്വസിക്കാനാവാത്തതായിരുന്നുവെങ്കിലും അവരെ ഏറെ സന്തോഷിപ്പിച്ച കാര്യങ്ങളായിരുന്നു അത്. ശ്രീദേവിയമ്മയ്ക് വാര്ദ്ധക്യത്തിന്റേതായ ചില അവശതകളും, രോഗങ്ങളും ഇടയ്ക്കിടയ്ക് വരുന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ അവരുടെ ജീവിതവും നിശബ്ദമായൊഴുകുന്നൊരു നദിപോലെ ശാന്തമായിരുന്നു. വാസുദേവന്മാഷിനു തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുവാനിനി കുറച്ചു നാളുകൾ കൂടി മാത്രം. ജീവിതമിനി മറ്റൊരിടത്തേക്കു പറിച്ചു നടണം. അതിനി എവിടേയ്ക്കെന്നറിയാത്തതുകൊണ്ടുള്ള ആധിയും, വിങ്ങലും മാഷിന്റെ രാവുകൾ നിദ്രാവിഹീനങ്ങളാക്കി കടന്നുപോയി. ഇരുപതിന്റെ നിറവിലെത്തിനിൽക്കുന്ന മകൾ. ബുദ്ധിമാന്ദ്യക്കാരനും, പിടിവാശിക്കാരനുമായ മകൻ. ഇതുപോലെ സുരക്ഷിതമായൊരു സ്ഥലമിനി വേറെ കിട്ടില്ലെന്ന അറിവും, അവിടം വിട്ടു പോകേണ്ടി വരുന്നതിന്റെ വിമ്മിഷ്ടവും, വേവലാതിയും മാഷിന്റെ പ്രവൃത്തികളിൽ പ്രകടമായിരുന്നു. ഏതൊക്കെയോ തിരസ്സ്ക്കരണികളാൽ ആവൃതമാക്കപ്പെട്ട് കാറ്റിലകപ്പെട്ട കരിയിലപോലെ മാഷിന്റെ മനസ്സ് ഓരോ നിമിഷവും അശാന്തമായികൊണ്ടിരുന്നുവെങ്കിലും നന്ദുവിൽ നിന്നും അതൊക്കെ മറച്ചുവെയ്ക്കുവാൻ മാഷ് സദാ ശ്രമിച്ചിരുന്നു.

വാസുദേവന്മാഷിന്റെ വിരമിക്കൽ ചടങ്ങ് വികാരനിർഭരമായിരുന്നു. മൂന്നു വർഷം കൊണ്ട് അത്രയ്ക്കും അദ്ധ്യാപകർക്കും, വിദ്യാർഥികൾക്കും പ്രീയങ്കരനായിതീർന്നിരുന്നു മാഷ്. കുട്ടികളും സഹപ്രവർത്തകരും നൽകിയ സമ്മാനപ്പൊതികളുമായി അവിടെ നിന്നും ഇറങ്ങുമ്പോൾ അകാരണമായൊരു ഭയം തന്നെ പിടിച്ചുലയ്ക്കുന്നത് മാഷറിയുന്നുണ്ടായിരുന്നു.

തുടരും...

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter