ഭാഗം 19
അതിവേഗമോടിമറഞ്ഞ ദിനരാത്രങ്ങള്‍ക്കൊടുവില്‍ സ്നേഹവീടിന്റെ മുറ്റത്തൊരുങ്ങിയ പന്തലില്‍വെച്ച് ശ്രീനന്ദിനിയുടെ കഴുത്തില്‍ മനു താലി ചാര്‍ത്തി. പ്രീയപ്പെട്ട പപ്പയുടെയും, ഡോക്ടറമ്മയുടെയും,
മേരിടീച്ചറുടെയും അനുഗ്രഹം വാങ്ങി സ്നേഹവീടിനോടും, കൂട്ടുകാരികളോടും യാത്രപറഞ്ഞു നന്ദു മനുവിന്റെ കൈപിടിച്ചു ശ്രീമംഗലം തറവാട്ടിലെത്തിയപ്പോള്‍ നിറഞ്ഞു കത്തുന്ന നിലവിളക്കുമായ്, സ്നേഹത്തിന്റെ പ്രതിരൂപമായി ശ്രീദേവിയമ്മയും ബന്ധുജനങ്ങളും അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു. നിലവിളക്കേറ്റു വാങ്ങി വലതുകാല്‍ വെച്ച് നന്ദു ശ്രീമംഗലം തറവാടിന്റെ മരുമകളായി.
നന്ദുവിന്റെയും, മനുവിന്റെയും ജീവിതം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. അമ്മയുടെ വാത്സല്യം നല്‍കി ശ്രീദേവിയമ്മ നന്ദുവിനെ ചേര്‍ത്തു പിടിച്ചപ്പോള്‍ അച്ഛന്റെയും, സഹോദരന്റെയും സ്നേഹവും കൂടി നല്‍കി മനു അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. ജീവിതം എത്രമേല്‍ സുന്ദരമായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു അവര്‍ മൂന്നു പേരും. മനു ബാങ്കിലേയ്ക്കു പോയി കഴിഞ്ഞാല്‍ തിരിച്ചു വരുന്നതു വരെയും ശ്രീദേവിയമ്മയെയും ആ വീടിനെയും പരിചരിച്ചും, പരിപാലിച്ചും അവള്‍ സമയം കഴിച്ചു. അവരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ അവളുടെ മനസ്സെപ്പോഴും ജാഗരൂകമായിരുന്നു. ചിലപ്പോഴൊക്കെയും ഒരമ്മയെപോലെ വഴക്കിട്ടും, മറ്റു ചിലപ്പോള്‍ ഒരു മകളെപ്പോലെ പരിഭവിച്ചും അവളെപ്പോഴും അവരുടെ നിഴലായി കൂടെ നിന്നു. സ്നേഹവീട്ടില്‍ അവള്‍ കണ്ടുപഠിച്ച പാഠങ്ങളിലൊന്നായിരുന്നു ശ്രീമംഗലം തറവാടിന്റെ അടുക്കള ഭാഗത്തോടു ചേര്‍ന്നുള്ള പച്ചക്കറിത്തോട്ടം. അവധി ദിവസങ്ങളില്‍ മനുവിനെയു നിര്‍ബന്ധിച്ചവള്‍ ഒപ്പം കൂട്ടും. വീടിനു ചുറ്റും പാഴ്ച്ചെടികള്‍ നിറഞ്ഞു നിന്നിരുന്ന പറമ്പില്‍ ചേനയും, ചേമ്പും, വാഴയും , ജാതിയും, സപ്പോര്‍ട്ടയും എല്ലാം നിറഞ്ഞു. ഓരോ പ്രാവശ്യവും സ്നേഹവീട്ടില്‍ പോയി വരുമ്പോഴും അവിടുന്നവള്‍ പൂച്ചെടികളും, വിത്തുകളും കൊണ്ടു വന്നു. മുറ്റത്തെ ചെറിയ പൂന്തോട്ടത്തിന്റെ നടുവില്‍ വലിയ പൂക്കളുള്ള വെളുത്ത പനിനീര്‍പുഷ്പങ്ങള്‍ തലയെടുപ്പോടെ കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന കാഴ്ച്ച മനോഹരമായിരുന്നു.
ശാന്തമായൊരു പുഴപോലെ ആ ജീവിതനദി നിറഞ്ഞൊഴുകി. നന്ദു അവിടെത്തിയതിനു ശേഷമുള്ള അവളുടെ ആദ്യ പിറന്നാള്‍. അന്നു തന്നെ ആയിരുന്നു അവരുടെ വിവാഹ വാര്‍ഷികവും. അന്നുച്ചക്കു ശേഷം ബാങ്കില്‍ നിന്നും മനു ലീവെടുത്തിരുന്നു. പോരും മുമ്പ് വൈകുന്നേരത്തെ പാര്‍ട്ടിക്ക് സഹപ്രവര്‍ത്തകരെ ക്ഷണിക്കാനും അവന്‍ മറന്നില്ല.
വെള്ളക്കല്ലുകള്‍കൊണ്ടു മനോഹരമായി ചിത്രപണികള്‍ ചെയ്ത ഒരു സാരി ആയിരുന്നു നന്ദുവിന്റെ വേഷം. നീണ്ടിടതൂര്‍ന്ന മുടിയില്‍ മുല്ലപ്പൂ ചൂടി അതീവസുന്ദരിയായി നന്ദുവെത്തിയപ്പോള്‍ ഹാളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന മനുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നു. ആത്മസംതൃപ്തിയുടെ പുഞ്ചിരി. തന്റെ വീടിന്റെ വിളക്കായവള്‍. തന്റെ അമ്മയെ പൊന്നു പോലെ നോക്കുന്നവള്‍. തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു ഭൂമിയിലെ തന്റെയീ ജീവിതം ധന്യമാക്കേണ്ടവള്‍. അവന്‍ എഴുന്നേറ്റു അഭിമാനത്തോടെ നന്ദുവിനെ തന്നോടു ചേര്‍ത്തു നിര്‍ത്തി. നന്ദുവിനേറ്റവും ഇഷ്ടപ്പെട്ട വെളുത്ത പനിനീര്‍പ്പൂക്കള്‍ക്കൊണ്ടു നിര്‍മ്മിച്ച മനോഹരമായൊരു പൂച്ചെണ്ടായിരുന്നു മനു അവള്‍ക്കു സമ്മാനിച്ചത്.
ജ്വലിച്ചു നില്‍ക്കുന്ന തിരിനാളം ഊതിയണയ്ക്കാതെ തന്നെ അവര്‍ രണ്ടുപേരും ചേര്‍ന്നു കേക്കു മുറിച്ചു.
"അടുത്തത് നന്ദൂട്ടിയുടെ ഒരു പാട്ട് "
നന്ദൂ പാടുമെന്നറിയാമായിരുന്ന അരുണ്‍ അങ്ങൊനൊരാവശ്യം പറഞ്ഞപ്പോള്‍ മറ്റുള്ളവരും പിന്‍താങ്ങി. തെല്ലൊരു പരിഭ്രമത്തോടെ നന്ദു മനുവിന്റെ മുഖത്തേയ്ക്ക് നോക്കി. അവനും പുഞ്ചിരിയോടു കൂടി അങ്ങനെയൊരാവശ്യം പറഞ്ഞപ്പോള്‍ നന്ദുവിനു പാടേണ്ടി വന്നു. അവള്‍ ഒരു നിമിഷം കണ്ണടച്ചു. മനുവിന്റെ ഡയറില്‍ അവളെ ഏറ്റവും ആകര്‍ഷിച്ച വരികള്‍.
"ഇനിയിതായെന്റെ മനസ്സിന്റെ താളിൽ
നിനക്കായ് കുറിച്ചൊരീ സ്നേഹാകാവ്യം
ഇനിയിതായെന്റെ പുലരിയുടെ പുണ്യവും, പുഞ്ചിരികൊഞ്ചലും, പൂനിലാവും"
കണ്ണുകളടച്ച് പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രമായ വരികളെ മനസ്സിലേയ്ക്കാവാഹിച്ച് ഒരു ധ്യാനത്തിലെന്നപോലെ അവള്‍ പാടി. അവളെ നഷ്ടപെടുമെന്ന തോന്നലില്‍ ഹൃദയവ്യഥയോടെ അവനെഴുതിയ വരികള്‍ പാടി മുഴുവനാക്കാന്‍ കഴിയും മുമ്പെ അടുത്തു നിന്ന മനുവിന്റെ കൈകളിലേയ്ക്കുവള്‍ കുഴഞ്ഞു വീണു. സ്തംഭിച്ചുപോയ മനുവിനു പിടിക്കാന്‍ കഴിയും മുമ്പേ അവന്റെ കൈകളില്‍ നിന്നും ആ ശരീരം ഊര്‍ന്നു താഴേക്കു പോയി.
തുടരും...
