
തലയിണയ്ക്ക് സമീപം വച്ചിരുന്ന മൊബൈൽ തുടർച്ചയായി ശബ്ദിക്കുന്നത് കേട്ടാണ് സൂര്യ ഞെട്ടി ഉണർന്നത്. നേരം വെളുത്തിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതോ ട്രെയിൻ കൂകി പാഞ്ഞു പോകുന്നതിന്റെ ഒച്ച കേട്ടു. വെളുപ്പിനെ എപ്പോഴോ ആണ് വന്നു കിടന്നത്. മുഖം ചുളിച്ചു, ആലസ്യത്തിൽ അടഞ്ഞു പോകുന്ന കൺപോളകൾ ചിമ്മി തുറന്നു അവൻ മൊബൈൽ പരതിയെടുത്തു. അമ്മയുടെ കാൾ ആണ്.
"എന്താമ്മേ... ?"
"മോനേ... നീയിന്നു ജോലിക്ക് പോയില്ലേ ? "
ഉറക്കച്ചടവിലുള്ള തന്റെ ഒച്ച കേട്ടാവും അമ്മ അങ്ങനെ ചോദിച്ചത്. സൂര്യ ഒന്ന് പതറി. ബാറിലെ ജോലി നഷ്ടപെട്ട വിവരം പാവം അമ്മയ്ക്കറിയില്ല. പറഞ്ഞിട്ടുണ്ടായിരുന്നില്ല ഇതുവരെ. അല്ലെങ്കിലും ഒരുപാട് വിഷമം തോന്നിക്കുന്ന ഒന്നും അമ്മയോട് ഷെയർ ചെയ്യാറില്ല. ഒരുവിധം സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കാറാണ് പതിവ്. ഇപ്പോഴത്തെ ജോലി എന്തെന്നറിഞ്ഞാൽ അമ്മ നെഞ്ചു പൊട്ടി മരിക്കും. ഒന്ന് ചിന്തിച്ചിട്ട് ഒരു നുണ തട്ടി:
"എനിക്കൊരു തലവേദന. ലീവെടുത്തു . അമ്മ എന്താ വിളിച്ചേ. കാര്യം പറ?"
"രാജിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഇന്നോ നാളെയോ പ്രസവം ഉണ്ടാവുമെന്ന് ഡോക്ടർ പറയുന്നു..." സൂര്യ വെറുതെ വീണ്ടു കേട്ടു. അമ്മാവന്റെ മോളാണ് രാജി. തന്റെ പ്രായമാണ് അവൾക്കും. ഇരുപത് വയസ്!
"ഇത് പറയാനാണോ അമ്മ വിളിച്ചേ?" നീരസത്തോടെ അവൻ ചോദിച്ചു.
"അല്ല. രമേശൻ വന്നിരുന്നു. കുറച്ചു കാശ് കടം ചോദിച്ചു വന്നതാ..."
"എന്നിട്ട് അമ്മയെന്ത് പറഞ്ഞു?"
"എന്ത് പറയണം?"
"കഴിഞ്ഞതൊന്നും അമ്മ മറന്നിട്ടില്ലല്ലോ അല്ലേ?"
"എത്ര ആയാലും എന്റെ കൂടപ്പിറപ്പല്ലേ മോനെ. കുറച്ചു നാൾ അവൻ ചോറ് തന്നതല്ലേ. പോരാത്തതിന് രാജിടെ ആവിശ്യത്തിനല്ലേ? "
"ചോറ് തന്നതും നോക്കിയതുമൊന്നും അമ്മ കൂടുതൽ പറയല്ലേ. ഞാൻ വല്ലതുമൊക്കെ വിളിച്ചു പറഞ്ഞു പോകും.." ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കൊണ്ട് സൂര്യ കിതച്ചു.
മറുവശത്തു നിശബ്ദത. തിടുക്കത്തിൽ സൂര്യ ഫോൺ കട്ട് ചെയ്തു കളഞ്ഞു. അതാണ് നല്ലതെന്ന് അവന് തോന്നി. ഇല്ലെങ്കിൽ അമ്മ കരയാൻ തുടങ്ങും. സൂര്യയുടെ അഞ്ചാമത്തെ വയസിലാണ് അച്ഛൻ മരിക്കുന്നത്. ഇറക്കി വിടും മുന്നേ അവനെയുമെടുത്തു അമ്മ അച്ഛന്റെ വീട്ടിൽ നിന്നും സ്വന്തം തറവാടിലേക്ക് പോരുകയായിരുന്നു. അത്ര മാത്രം അമ്മ അവിടെ അനുഭവിച്ചു കഴിഞ്ഞിരുന്നു. ആ കുടുംബത്തിൽ ആരൊക്കെയുണ്ടോ അവരൊക്കെ അമ്മയോട് പോരടിച്ചു എന്ന് വേണം പറയാൻ. വീട്ടിലേക്ക് പോരുകയല്ലാതെ മറ്റു നിവർത്തിയില്ല. സ്വന്തം വീട്ടിലും, കല്യാണം കഴിഞ്ഞു ചെന്നു കയറിയ വീട്ടിലും അകത്തളങ്ങളിലാണ് അമ്മയുടെ ലോകം. ഒന്ന് പുറത്തു പോകാൻ പോലും അമ്മയ്ക്ക് ഒരാളുടെ കൂട്ട് വേണം. അത്ര പേടിയാണ്.
തറവാട്ടിൽ മുത്തച്ഛനും മുത്തശ്ശിയും പിന്നെ അമ്മാവൻ രമേശനും ഭാര്യയും മാത്രം. സ്വന്തം വീട്ടിലെത്തി മുത്തച്ഛൻ മരിക്കുന്നത് വരെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. സൂര്യ എട്ടിൽ പഠിക്കുമ്പോഴാണ് മുത്തച്ഛൻ മരണപ്പെടുന്നത്.
പിന്നെ വീട്ട് കാര്യങ്ങൾ രമേശന്റെ ചുമലിലായി. അതോടെ മുറുമുറുപ്പ് തുടങ്ങി. പിന്നീടുള്ള നാല് വർഷം ശരിക്കും അനുഭവിച്ചു.
"പെണ്ണിനെ പോലെ നടക്കുന്നു. പെണ്ണിനെ പോലെ പെരുമാറുന്നു. നാണക്കേട് കാരണം പുറത്തിറങ്ങാൻ വയ്യ" എന്ന് പറഞ്ഞു തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം. കരഞ്ഞു കരഞ്ഞു ഉറങ്ങിയ രാവുകൾ. തന്നെ മാറോടണച്ചു പിടിച്ചു അമ്മയും ഒപ്പം കരഞ്ഞു. അമ്മ ഇല്ലായിരുന്നവെങ്കിൽ എവിടേക്കെങ്കിലും ഓടി പോകുമായിരുന്നു. അമ്മയ്ക്ക് വേണ്ടി എല്ലാം സഹിച്ചു അവിടെ പിടിച്ചു നിന്നു.
"നാണം കെട്ട ജന്തു... എങ്ങോട്ടെങ്കിലും ഒന്നിറങ്ങി പോയി തരാമോ?" എന്ന് അമ്മായി മുഖത്ത് നോക്കി ചോദിക്കാൻ തുടങ്ങി. തന്നോടുള്ള ദേഷ്യവും അമർഷവും അമ്മയിലേക്കും നീണ്ടു. ഒരു വേലക്കാരിയ്ക്ക് കിട്ടുന്ന പരിഗണന പോലും അമ്മയ്ക്ക് കൊടുക്കാതെയായി.
ഒടുവിൽ സഹികെട്ടു പ്ലസ് വൺ എക്സാമിനു മുൻപ് പഠനം ഉപേക്ഷിച്ചു ഒരു മെഡിക്കൽ സ്റ്റോറിൽ ജോലിക്ക് കയറി. പുറത്ത് ചെറിയൊരു വീട് വാടകയ്ക്കെടുത്തു. വീടെന്ന് പറയാൻ പറ്റില്ല. ഒറ്റ റൂം. പുറകിൽ റൂമിനോട് ചേർന്നു ഒരു ചായ്പ്പ്. അതു അടുക്കള ആയിട്ട് ഉപയോഗിക്കാം. കറന്റ് ഇല്ല. 500 രൂപയാണ് വാടക. എന്നാലും അമ്മയുടെ മുഖം തെളിയുന്നത് കണ്ടു. സമാധാനം എന്താണെന്ന് അറിഞ്ഞ നാളുകൾ.
അമ്മ സന്തോഷത്തോടെ ചിരിക്കുന്നതും സംസാരിക്കുന്നതും കണ്ടു. അമ്മയ്ക്ക് വേണ്ടിയാണ് പിന്നെ ജീവിച്ചത്. നാട്ടിൽ സ്വന്തമായി ഒരു പിടി മണ്ണ് അതിൽ ഒരു കൊച്ചു വീട് എന്നുള്ളത് ഒരു സ്വപ്നമായിരുന്നു.അക്കാലത്തു മെഡിക്കൽ സ്റ്റോറിലെ ഒരു ചേട്ടന്റെ സഹായത്തിൽ എറണാകുളത്തെ ഒരു ബാറിൽ ജോലിക്ക് കയറി. അമ്മയ്ക്ക് കൂട്ടിനു മുത്തശ്ശിയെ വിളിച്ചു നിർത്തി. ബാറിൽ ജോലിക്ക് കയറിയതോടെയാണ് രാശി തെളിയുന്നത്.
ബാറിലെ മാനേജർ സിബി ചേട്ടന്റെ നിർദേശ പ്രകാരം താൻ നിൽക്കുന്ന കൗണ്ടറിൽ പൊട്ടിക്കുന്ന ലിക്കറിൽ കുടിക്കുന്നവർ അറിയാതെ വെള്ളം ചേർത്തു കൊടുക്കാൻ തുടങ്ങി. വരുമാനം പ്രതീക്ഷിച്ചതിലും അപ്പുറം കയ്യിലെത്തി. നാട്ടിൽ അഞ്ചു സെൻറ് സ്ഥലം സ്വന്തമായി വാങ്ങി. കിണർ കുത്തി. വീട് പണിയും തുടങ്ങി. ലിന്റിൽ മട്ടം വരെ കല്ല് കെട്ടി പൊക്കി കഴിഞ്ഞപ്പോൾ ഇടിത്തീ പോലെ ബാർ പൂട്ടാനുള്ള സർക്കാരിന്റെ ഉത്തരവ് കിട്ടി. അതോടെ ഉണ്ടായിരുന്ന ജോലി പോയി കിട്ടി. ഇനി കോൺക്രീറ്റ് ചെയ്യണം. അതിനുള്ള വഴി അറിയില്ല. ഒന്ന് വാർത്തു കിട്ടിയിരുന്നെങ്കിൽ അമ്മയെ ചെറിയ വാടക റൂമിൽ നിന്നും അവിടേയ്ക്ക് മാറ്റാമായിരുന്നു.
ജോലി നഷ്ടപ്പെട്ടു. ഇനി വെറും കയ്യോടെ നാട്ടിലേക്ക് പോകാൻ പറ്റില്ല. പുതിയ ജോലി തിരയുന്ന സമയത്താണ് ബാറിലെ മാനേജർ സിബി ചേട്ടന്റെ കാൾ വരുന്നത്.
"എവിടെയാ സൂര്യ? ജോലി എന്തെങ്കിലും ആയോ?"
എപ്പോഴും ഇങ്ങനെയാണ്. ഇനിയെന്ത് എന്നൊരു വലിയ ചോദ്യ ചിഹ്നം തെളിയുമ്പോഴൊക്കെ ആ കാൾ തന്നെ തേടി എത്താറുണ്ട്.
"ലോഡ്ജിലുണ്ട് ചേട്ടാ. ഒന്നും ആയിട്ടില്ല. പെട്ടു കിടക്കുകയാ...ഈ മാസത്തെ റെന്റ് കൊടുത്തത് കൊണ്ട് ഇവിടെ തങ്ങുന്നു. എന്ത് ചെയ്യണമെന്നറിയില്ല... ഒരു വഴി പറഞ്ഞു താ."
"ഫ്രീ ആണെങ്കിൽ എന്റെ റൂമിലേക്ക് വരാമോ. കുറച്ചു കാശ് പോക്കറ്റിൽ വരുന്ന പരിപാടിയാണ്. ഫോണിൽ കൂടി പറയാൻ പറ്റില്ല. ഇങ്ങോട്ട് വാ. വിശദമായി നേരിട്ട് പറയാം."
രണ്ടാമതൊന്നു ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എറണാകുളത്ത് എത്തിയിട്ട് കുറച്ചധികം നാളുകൾ ആയെങ്കിലും വളരെ അടുത്ത ബന്ധങ്ങളോ സൗഹൃദങ്ങളോ ഒന്നുമില്ല. എന്ത് പ്രശ്നമുണ്ടായാലും ഓടി ചെന്നു പറയാൻ ആകെയുള്ളൊരു കൂട്ട് സിബി ചേട്ടനാണ്. ജീവിതം ഒന്ന് കരയ്ക്കെത്തിക്കാൻ സഹായിച്ച ആളാണ്. കുറച്ചെങ്കിലും കള്ളത്തരം കാണിക്കാതെ രക്ഷപെട്ട ആരുമില്ലെന്നാണ് പുള്ളി പറയുന്നത്. ഉദാഹരണ സഹിതം പല ആളുകളുടെയും പേരും മുന്നിൽ നിരത്തും. എന്തായാലും ഇരുപതാം വയസിൽ സ്വന്തമായി വസ്തു വാങ്ങാനും വീട് പണി തുടങ്ങാനും പറ്റിയത് തന്നെ സംബന്ധിച്ചു നിസാര കാര്യമല്ല. തന്നെ കളിയാക്കിയ, തള്ളി പറഞ്ഞ തന്റെ നാട്ടിൽ തന്നെ സ്വന്തം അധ്വാനത്തിൽ വീട് വയ്ക്കണമെന്നുള്ളത് ഒരു വാശിയായിരുന്നു.
സിബി ചേട്ടൻ ഇല്ലായിരുന്നെങ്കിൽ വീട് എന്ന സ്വപ്നം നടക്കാതെ പോയേനെ. എന്തായാലും തനിക്ക് പ്രയോജനമില്ലാത്ത കാര്യമൊന്നും സിബി ചേട്ടൻ പറയില്ലെന്ന് ഉറപ്പാണ്. തിടുക്കത്തിൽ ഒരു കാക്കക്കുളി പാസാക്കി. കണ്ണാടിയ്ക്ക് മുന്നിൽ നിന്നും ഒരുങ്ങി. ഇരുപത് വയസ്സായെങ്കിലും മീശ പോലും പൊടിച്ചു വരുന്നതേ ഉള്ളു. അതും ചെമ്പൻ നിറത്തിൽ. പെണ്ണുങ്ങളുടെ മുഖമാണ് സൂര്യയ്ക്കെന്ന് പലരും പറയാറുണ്ട്. ഒരു കാക്കപുള്ളി പോലും വീഴാത്ത നല്ല തെളിഞ്ഞ മുഖം. പീലികൾ ഇടതിങ്ങിയ നീണ്ടു വിടർന്ന കണ്ണുകൾ. മഷി എഴുതിയ പോലെ വീതിയേറിയ പുരികം. വെണ്ണയുടെ മിനുപ്പുള്ള നീണ്ട നാസിക. ചുവന്ന ചൊടികൾ.
കണ്ടാൽ കെട്ടിപിടിച്ചു ചുംബിക്കാൻ തോന്നുമെന്ന് ആദ്യം പറഞ്ഞത് ഒപ്പം സ്കൂളിൽ പഠിച്ചിരുന്ന ഷമീർ ആണ്. കുറച്ചു സ്ത്രൈണ ഭാവമുള്ളതാണ് ആകെയുള്ള പോരായ്മ. മുതിർന്ന ശേഷം പലരുടെയും പരിഹാസം അധികമായപ്പോൾ ബലം പിടിച്ചു നടന്നു ഒരു വിധം മാറ്റിയെടുത്തു എന്ന് വേണമെങ്കിൽ പറയാം. അത് പക്ഷെ ആരെങ്കിലും പരിഹാസ ചിരിയോടെ നോക്കുമ്പോൾ മാത്രമാണ് അങ്ങനൊരു കുറവ് തനിക്കുണ്ടെന്ന കാര്യം ചിന്തയിലേക്ക് വരുന്നത്. ഇടയ്ക്കിടെ മനസ്സും ശരീരവും നിയന്ത്രണത്തിൽ നിന്നും വിട്ടു പോകും . പാദങ്ങൾ ഒരു പ്രത്യേക താളത്തിൽ സഞ്ചരിക്കും.
അപ്പോൾ സ്വയം ശാസിച്ചു നിയന്ത്രിക്കും. മറ്റുള്ളവരുടെ തുറിച്ചു നോട്ടത്തിൽ നിന്നും ഒഴിയാൻ വേണ്ടിയാണ് ഇങ്ങനെ ശ്വാസം പിടിച്ചു നടക്കുന്നത്. ഒരു പെണ്ണായി ജനിച്ചിരുന്നെങ്കിലെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
സ്വന്തം ജീവിത സാഹചര്യം ആലോചിക്കുമ്പോൾ അത് സ്വയം തിരുത്തും. പെണ്ണായിരുന്നെങ്കിൽ അമ്മയെ ആ വീട്ടിൽ നിന്നും രക്ഷപെടുത്താൻ പറ്റുമായിരുന്നില്ല. അവരുടെയൊക്കെ ആട്ടും തുപ്പുമേറ്റ് നരകിച്ചു ഒടുങ്ങിയേനെ. സ്വന്തം ഇഷ്ടവും ആഗ്രഹങ്ങളുമൊക്കെ മനസ്സിൽ തന്നെ കുഴിച്ചു മൂടിയാണ് ജീവിക്കുന്നത്.
ഒരു ബസിൽ സൂര്യ കലൂര് ഇറങ്ങി. ലോഡ്ജിൽ സിബി ചേട്ടൻ ഉണ്ടായിരുന്നു. എപ്പോഴത്തെയും പോലെ പുള്ളിക്കാരന്റെ ചുണ്ടിൽ ഒരു സിഗരറ്റ് എരിയുന്നുണ്ട്
"സൂര്യയ്ക്ക് ഫിലിം സ്റ്റാർ മിഥുനെ അറിയില്ലേ?"
"നല്ല ചോദ്യം. അറിയാതെ പിന്നെ?"
"നിനക്ക് ഇഷ്ടമാണോ അയാളെ?"
"എന്ത് ചോദ്യമാ ചേട്ടാ. സൂപ്പർ സ്റ്റാർ മിഥുൻ രമേഷിനെ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ?"
എരിഞ്ഞു തീരാറായ സിഗരറ്റ് കുത്തി അണച്ചിട്ടു സിബി തുടർന്നു.
"മിഥുൻ ഇവിടെ റാഡിസൺ ഹോട്ടലിലുണ്ട്. അയാൾക്ക് സൂര്യയെ ഒന്ന് നേരിൽ കാണണമെന്ന്."
"എന്നെയോ ?" അമ്പരപ്പോടെ സൂര്യ ചോദിച്ചു: "ചേട്ടനെന്താ തമാശ പറയുവാണോ?"
സൂര്യയ്ക്ക് ചിരി വന്നു.
"അല്ലടോ. തമാശയല്ല. മിഥുന്റെ പേർസണൽ സെക്രട്ടറി രാജേഷ് എന്റെ ക്ലോസ് ഫ്രണ്ടാണ്. അയാൾ ഒരാവശ്യം പറഞ്ഞപ്പോൾ ഞാൻ തന്നെ പറ്റി സൂചിപ്പിച്ചു. ഫോട്ടോയും കാണിച്ചു. എന്തായാലും ഇന്ന് തന്നെ കാണണമെന്ന് മിഥുൻ ആവിശ്യപ്പെട്ടിരിക്കയാ."
"അതെന്തിനാ എന്നെ കാണുന്നെ?"
സൂര്യ വിസ്മയിച്ചു. ഒരു നിമിഷം കഴിഞ്ഞാണ് സിബി ശബ്ദിച്ചത്. അതും മുഖത്ത് നോക്കാതെ :
"ഇന്നൊരു രാത്രി നീ അയാളുടെ ഒപ്പം കഴിയണം. പകരം അയാൾ കാഷ് തരും. ഇരുപതിനായിരം രൂപ!"
പറഞ്ഞു നിർത്തിയിട്ടു സിബി പാളി നോക്കുമ്പോൾ സൂര്യയുടെ മുഖം മാറുന്നത് കണ്ടു.
(തുടരും)


