
തലയിണയ്ക്ക് സമീപം വച്ചിരുന്ന മൊബൈൽ തുടർച്ചയായി ശബ്ദിക്കുന്നത് കേട്ടാണ് സൂര്യ ഞെട്ടി ഉണർന്നത്. നേരം വെളുത്തിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതോ ട്രെയിൻ കൂകി പാഞ്ഞു പോകുന്നതിന്റെ ഒച്ച കേട്ടു. വെളുപ്പിനെ എപ്പോഴോ ആണ് വന്നു കിടന്നത്. മുഖം ചുളിച്ചു, ആലസ്യത്തിൽ അടഞ്ഞു പോകുന്ന കൺപോളകൾ ചിമ്മി തുറന്നു അവൻ മൊബൈൽ പരതിയെടുത്തു. അമ്മയുടെ കാൾ ആണ്.
"എന്താമ്മേ... ?"
"മോനേ... നീയിന്നു ജോലിക്ക് പോയില്ലേ ? "
ഉറക്കച്ചടവിലുള്ള തന്റെ ഒച്ച കേട്ടാവും അമ്മ അങ്ങനെ ചോദിച്ചത്. സൂര്യ ഒന്ന് പതറി. ബാറിലെ ജോലി നഷ്ടപെട്ട വിവരം പാവം അമ്മയ്ക്കറിയില്ല. പറഞ്ഞിട്ടുണ്ടായിരുന്നില്ല ഇതുവരെ. അല്ലെങ്കിലും ഒരുപാട് വിഷമം തോന്നിക്കുന്ന ഒന്നും അമ്മയോട് ഷെയർ ചെയ്യാറില്ല. ഒരുവിധം സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കാറാണ് പതിവ്. ഇപ്പോഴത്തെ ജോലി എന്തെന്നറിഞ്ഞാൽ അമ്മ നെഞ്ചു പൊട്ടി മരിക്കും. ഒന്ന് ചിന്തിച്ചിട്ട് ഒരു നുണ തട്ടി:
"എനിക്കൊരു തലവേദന. ലീവെടുത്തു . അമ്മ എന്താ വിളിച്ചേ. കാര്യം പറ?"
"രാജിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഇന്നോ നാളെയോ പ്രസവം ഉണ്ടാവുമെന്ന് ഡോക്ടർ പറയുന്നു..." സൂര്യ വെറുതെ വീണ്ടു കേട്ടു. അമ്മാവന്റെ മോളാണ് രാജി. തന്റെ പ്രായമാണ് അവൾക്കും. ഇരുപത് വയസ്!
"ഇത് പറയാനാണോ അമ്മ വിളിച്ചേ?" നീരസത്തോടെ അവൻ ചോദിച്ചു.
"അല്ല. രമേശൻ വന്നിരുന്നു. കുറച്ചു കാശ് കടം ചോദിച്ചു വന്നതാ..."
"എന്നിട്ട് അമ്മയെന്ത് പറഞ്ഞു?"
"എന്ത് പറയണം?"
"കഴിഞ്ഞതൊന്നും അമ്മ മറന്നിട്ടില്ലല്ലോ അല്ലേ?"
"എത്ര ആയാലും എന്റെ കൂടപ്പിറപ്പല്ലേ മോനെ. കുറച്ചു നാൾ അവൻ ചോറ് തന്നതല്ലേ. പോരാത്തതിന് രാജിടെ ആവിശ്യത്തിനല്ലേ? "
"ചോറ് തന്നതും നോക്കിയതുമൊന്നും അമ്മ കൂടുതൽ പറയല്ലേ. ഞാൻ വല്ലതുമൊക്കെ വിളിച്ചു പറഞ്ഞു പോകും.." ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കൊണ്ട് സൂര്യ കിതച്ചു.
മറുവശത്തു നിശബ്ദത. തിടുക്കത്തിൽ സൂര്യ ഫോൺ കട്ട് ചെയ്തു കളഞ്ഞു. അതാണ് നല്ലതെന്ന് അവന് തോന്നി. ഇല്ലെങ്കിൽ അമ്മ കരയാൻ തുടങ്ങും. സൂര്യയുടെ അഞ്ചാമത്തെ വയസിലാണ് അച്ഛൻ മരിക്കുന്നത്. ഇറക്കി വിടും മുന്നേ അവനെയുമെടുത്തു അമ്മ അച്ഛന്റെ വീട്ടിൽ നിന്നും സ്വന്തം തറവാടിലേക്ക് പോരുകയായിരുന്നു. അത്ര മാത്രം അമ്മ അവിടെ അനുഭവിച്ചു കഴിഞ്ഞിരുന്നു. ആ കുടുംബത്തിൽ ആരൊക്കെയുണ്ടോ അവരൊക്കെ അമ്മയോട് പോരടിച്ചു എന്ന് വേണം പറയാൻ. വീട്ടിലേക്ക് പോരുകയല്ലാതെ മറ്റു നിവർത്തിയില്ല. സ്വന്തം വീട്ടിലും, കല്യാണം കഴിഞ്ഞു ചെന്നു കയറിയ വീട്ടിലും അകത്തളങ്ങളിലാണ് അമ്മയുടെ ലോകം. ഒന്ന് പുറത്തു പോകാൻ പോലും അമ്മയ്ക്ക് ഒരാളുടെ കൂട്ട് വേണം. അത്ര പേടിയാണ്.
തറവാട്ടിൽ മുത്തച്ഛനും മുത്തശ്ശിയും പിന്നെ അമ്മാവൻ രമേശനും ഭാര്യയും മാത്രം. സ്വന്തം വീട്ടിലെത്തി മുത്തച്ഛൻ മരിക്കുന്നത് വരെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. സൂര്യ എട്ടിൽ പഠിക്കുമ്പോഴാണ് മുത്തച്ഛൻ മരണപ്പെടുന്നത്.
പിന്നെ വീട്ട് കാര്യങ്ങൾ രമേശന്റെ ചുമലിലായി. അതോടെ മുറുമുറുപ്പ് തുടങ്ങി. പിന്നീടുള്ള നാല് വർഷം ശരിക്കും അനുഭവിച്ചു.
"പെണ്ണിനെ പോലെ നടക്കുന്നു. പെണ്ണിനെ പോലെ പെരുമാറുന്നു. നാണക്കേട് കാരണം പുറത്തിറങ്ങാൻ വയ്യ" എന്ന് പറഞ്ഞു തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം. കരഞ്ഞു കരഞ്ഞു ഉറങ്ങിയ രാവുകൾ. തന്നെ മാറോടണച്ചു പിടിച്ചു അമ്മയും ഒപ്പം കരഞ്ഞു. അമ്മ ഇല്ലായിരുന്നവെങ്കിൽ എവിടേക്കെങ്കിലും ഓടി പോകുമായിരുന്നു. അമ്മയ്ക്ക് വേണ്ടി എല്ലാം സഹിച്ചു അവിടെ പിടിച്ചു നിന്നു.
"നാണം കെട്ട ജന്തു... എങ്ങോട്ടെങ്കിലും ഒന്നിറങ്ങി പോയി തരാമോ?" എന്ന് അമ്മായി മുഖത്ത് നോക്കി ചോദിക്കാൻ തുടങ്ങി. തന്നോടുള്ള ദേഷ്യവും അമർഷവും അമ്മയിലേക്കും നീണ്ടു. ഒരു വേലക്കാരിയ്ക്ക് കിട്ടുന്ന പരിഗണന പോലും അമ്മയ്ക്ക് കൊടുക്കാതെയായി.
ഒടുവിൽ സഹികെട്ടു പ്ലസ് വൺ എക്സാമിനു മുൻപ് പഠനം ഉപേക്ഷിച്ചു ഒരു മെഡിക്കൽ സ്റ്റോറിൽ ജോലിക്ക് കയറി. പുറത്ത് ചെറിയൊരു വീട് വാടകയ്ക്കെടുത്തു. വീടെന്ന് പറയാൻ പറ്റില്ല. ഒറ്റ റൂം. പുറകിൽ റൂമിനോട് ചേർന്നു ഒരു ചായ്പ്പ്. അതു അടുക്കള ആയിട്ട് ഉപയോഗിക്കാം. കറന്റ് ഇല്ല. 500 രൂപയാണ് വാടക. എന്നാലും അമ്മയുടെ മുഖം തെളിയുന്നത് കണ്ടു. സമാധാനം എന്താണെന്ന് അറിഞ്ഞ നാളുകൾ.
അമ്മ സന്തോഷത്തോടെ ചിരിക്കുന്നതും സംസാരിക്കുന്നതും കണ്ടു. അമ്മയ്ക്ക് വേണ്ടിയാണ് പിന്നെ ജീവിച്ചത്. നാട്ടിൽ സ്വന്തമായി ഒരു പിടി മണ്ണ് അതിൽ ഒരു കൊച്ചു വീട് എന്നുള്ളത് ഒരു സ്വപ്നമായിരുന്നു.അക്കാലത്തു മെഡിക്കൽ സ്റ്റോറിലെ ഒരു ചേട്ടന്റെ സഹായത്തിൽ എറണാകുളത്തെ ഒരു ബാറിൽ ജോലിക്ക് കയറി. അമ്മയ്ക്ക് കൂട്ടിനു മുത്തശ്ശിയെ വിളിച്ചു നിർത്തി. ബാറിൽ ജോലിക്ക് കയറിയതോടെയാണ് രാശി തെളിയുന്നത്.
ബാറിലെ മാനേജർ സിബി ചേട്ടന്റെ നിർദേശ പ്രകാരം താൻ നിൽക്കുന്ന കൗണ്ടറിൽ പൊട്ടിക്കുന്ന ലിക്കറിൽ കുടിക്കുന്നവർ അറിയാതെ വെള്ളം ചേർത്തു കൊടുക്കാൻ തുടങ്ങി. വരുമാനം പ്രതീക്ഷിച്ചതിലും അപ്പുറം കയ്യിലെത്തി. നാട്ടിൽ അഞ്ചു സെൻറ് സ്ഥലം സ്വന്തമായി വാങ്ങി. കിണർ കുത്തി. വീട് പണിയും തുടങ്ങി. ലിന്റിൽ മട്ടം വരെ കല്ല് കെട്ടി പൊക്കി കഴിഞ്ഞപ്പോൾ ഇടിത്തീ പോലെ ബാർ പൂട്ടാനുള്ള സർക്കാരിന്റെ ഉത്തരവ് കിട്ടി. അതോടെ ഉണ്ടായിരുന്ന ജോലി പോയി കിട്ടി. ഇനി കോൺക്രീറ്റ് ചെയ്യണം. അതിനുള്ള വഴി അറിയില്ല. ഒന്ന് വാർത്തു കിട്ടിയിരുന്നെങ്കിൽ അമ്മയെ ചെറിയ വാടക റൂമിൽ നിന്നും അവിടേയ്ക്ക് മാറ്റാമായിരുന്നു.
ജോലി നഷ്ടപ്പെട്ടു. ഇനി വെറും കയ്യോടെ നാട്ടിലേക്ക് പോകാൻ പറ്റില്ല. പുതിയ ജോലി തിരയുന്ന സമയത്താണ് ബാറിലെ മാനേജർ സിബി ചേട്ടന്റെ കാൾ വരുന്നത്.
"എവിടെയാ സൂര്യ? ജോലി എന്തെങ്കിലും ആയോ?"
എപ്പോഴും ഇങ്ങനെയാണ്. ഇനിയെന്ത് എന്നൊരു വലിയ ചോദ്യ ചിഹ്നം തെളിയുമ്പോഴൊക്കെ ആ കാൾ തന്നെ തേടി എത്താറുണ്ട്.
"ലോഡ്ജിലുണ്ട് ചേട്ടാ. ഒന്നും ആയിട്ടില്ല. പെട്ടു കിടക്കുകയാ...ഈ മാസത്തെ റെന്റ് കൊടുത്തത് കൊണ്ട് ഇവിടെ തങ്ങുന്നു. എന്ത് ചെയ്യണമെന്നറിയില്ല... ഒരു വഴി പറഞ്ഞു താ."
"ഫ്രീ ആണെങ്കിൽ എന്റെ റൂമിലേക്ക് വരാമോ. കുറച്ചു കാശ് പോക്കറ്റിൽ വരുന്ന പരിപാടിയാണ്. ഫോണിൽ കൂടി പറയാൻ പറ്റില്ല. ഇങ്ങോട്ട് വാ. വിശദമായി നേരിട്ട് പറയാം."
രണ്ടാമതൊന്നു ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എറണാകുളത്ത് എത്തിയിട്ട് കുറച്ചധികം നാളുകൾ ആയെങ്കിലും വളരെ അടുത്ത ബന്ധങ്ങളോ സൗഹൃദങ്ങളോ ഒന്നുമില്ല. എന്ത് പ്രശ്നമുണ്ടായാലും ഓടി ചെന്നു പറയാൻ ആകെയുള്ളൊരു കൂട്ട് സിബി ചേട്ടനാണ്. ജീവിതം ഒന്ന് കരയ്ക്കെത്തിക്കാൻ സഹായിച്ച ആളാണ്. കുറച്ചെങ്കിലും കള്ളത്തരം കാണിക്കാതെ രക്ഷപെട്ട ആരുമില്ലെന്നാണ് പുള്ളി പറയുന്നത്. ഉദാഹരണ സഹിതം പല ആളുകളുടെയും പേരും മുന്നിൽ നിരത്തും. എന്തായാലും ഇരുപതാം വയസിൽ സ്വന്തമായി വസ്തു വാങ്ങാനും വീട് പണി തുടങ്ങാനും പറ്റിയത് തന്നെ സംബന്ധിച്ചു നിസാര കാര്യമല്ല. തന്നെ കളിയാക്കിയ, തള്ളി പറഞ്ഞ തന്റെ നാട്ടിൽ തന്നെ സ്വന്തം അധ്വാനത്തിൽ വീട് വയ്ക്കണമെന്നുള്ളത് ഒരു വാശിയായിരുന്നു.
സിബി ചേട്ടൻ ഇല്ലായിരുന്നെങ്കിൽ വീട് എന്ന സ്വപ്നം നടക്കാതെ പോയേനെ. എന്തായാലും തനിക്ക് പ്രയോജനമില്ലാത്ത കാര്യമൊന്നും സിബി ചേട്ടൻ പറയില്ലെന്ന് ഉറപ്പാണ്. തിടുക്കത്തിൽ ഒരു കാക്കക്കുളി പാസാക്കി. കണ്ണാടിയ്ക്ക് മുന്നിൽ നിന്നും ഒരുങ്ങി. ഇരുപത് വയസ്സായെങ്കിലും മീശ പോലും പൊടിച്ചു വരുന്നതേ ഉള്ളു. അതും ചെമ്പൻ നിറത്തിൽ. പെണ്ണുങ്ങളുടെ മുഖമാണ് സൂര്യയ്ക്കെന്ന് പലരും പറയാറുണ്ട്. ഒരു കാക്കപുള്ളി പോലും വീഴാത്ത നല്ല തെളിഞ്ഞ മുഖം. പീലികൾ ഇടതിങ്ങിയ നീണ്ടു വിടർന്ന കണ്ണുകൾ. മഷി എഴുതിയ പോലെ വീതിയേറിയ പുരികം. വെണ്ണയുടെ മിനുപ്പുള്ള നീണ്ട നാസിക. ചുവന്ന ചൊടികൾ.
കണ്ടാൽ കെട്ടിപിടിച്ചു ചുംബിക്കാൻ തോന്നുമെന്ന് ആദ്യം പറഞ്ഞത് ഒപ്പം സ്കൂളിൽ പഠിച്ചിരുന്ന ഷമീർ ആണ്. കുറച്ചു സ്ത്രൈണ ഭാവമുള്ളതാണ് ആകെയുള്ള പോരായ്മ. മുതിർന്ന ശേഷം പലരുടെയും പരിഹാസം അധികമായപ്പോൾ ബലം പിടിച്ചു നടന്നു ഒരു വിധം മാറ്റിയെടുത്തു എന്ന് വേണമെങ്കിൽ പറയാം. അത് പക്ഷെ ആരെങ്കിലും പരിഹാസ ചിരിയോടെ നോക്കുമ്പോൾ മാത്രമാണ് അങ്ങനൊരു കുറവ് തനിക്കുണ്ടെന്ന കാര്യം ചിന്തയിലേക്ക് വരുന്നത്. ഇടയ്ക്കിടെ മനസ്സും ശരീരവും നിയന്ത്രണത്തിൽ നിന്നും വിട്ടു പോകും . പാദങ്ങൾ ഒരു പ്രത്യേക താളത്തിൽ സഞ്ചരിക്കും.
അപ്പോൾ സ്വയം ശാസിച്ചു നിയന്ത്രിക്കും. മറ്റുള്ളവരുടെ തുറിച്ചു നോട്ടത്തിൽ നിന്നും ഒഴിയാൻ വേണ്ടിയാണ് ഇങ്ങനെ ശ്വാസം പിടിച്ചു നടക്കുന്നത്. ഒരു പെണ്ണായി ജനിച്ചിരുന്നെങ്കിലെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
സ്വന്തം ജീവിത സാഹചര്യം ആലോചിക്കുമ്പോൾ അത് സ്വയം തിരുത്തും. പെണ്ണായിരുന്നെങ്കിൽ അമ്മയെ ആ വീട്ടിൽ നിന്നും രക്ഷപെടുത്താൻ പറ്റുമായിരുന്നില്ല. അവരുടെയൊക്കെ ആട്ടും തുപ്പുമേറ്റ് നരകിച്ചു ഒടുങ്ങിയേനെ. സ്വന്തം ഇഷ്ടവും ആഗ്രഹങ്ങളുമൊക്കെ മനസ്സിൽ തന്നെ കുഴിച്ചു മൂടിയാണ് ജീവിക്കുന്നത്.
ഒരു ബസിൽ സൂര്യ കലൂര് ഇറങ്ങി. ലോഡ്ജിൽ സിബി ചേട്ടൻ ഉണ്ടായിരുന്നു. എപ്പോഴത്തെയും പോലെ പുള്ളിക്കാരന്റെ ചുണ്ടിൽ ഒരു സിഗരറ്റ് എരിയുന്നുണ്ട്
"സൂര്യയ്ക്ക് ഫിലിം സ്റ്റാർ മിഥുനെ അറിയില്ലേ?"
"നല്ല ചോദ്യം. അറിയാതെ പിന്നെ?"
"നിനക്ക് ഇഷ്ടമാണോ അയാളെ?"
"എന്ത് ചോദ്യമാ ചേട്ടാ. സൂപ്പർ സ്റ്റാർ മിഥുൻ രമേഷിനെ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ?"
എരിഞ്ഞു തീരാറായ സിഗരറ്റ് കുത്തി അണച്ചിട്ടു സിബി തുടർന്നു.
"മിഥുൻ ഇവിടെ റാഡിസൺ ഹോട്ടലിലുണ്ട്. അയാൾക്ക് സൂര്യയെ ഒന്ന് നേരിൽ കാണണമെന്ന്."
"എന്നെയോ ?" അമ്പരപ്പോടെ സൂര്യ ചോദിച്ചു: "ചേട്ടനെന്താ തമാശ പറയുവാണോ?"
സൂര്യയ്ക്ക് ചിരി വന്നു.
"അല്ലടോ. തമാശയല്ല. മിഥുന്റെ പേർസണൽ സെക്രട്ടറി രാജേഷ് എന്റെ ക്ലോസ് ഫ്രണ്ടാണ്. അയാൾ ഒരാവശ്യം പറഞ്ഞപ്പോൾ ഞാൻ തന്നെ പറ്റി സൂചിപ്പിച്ചു. ഫോട്ടോയും കാണിച്ചു. എന്തായാലും ഇന്ന് തന്നെ കാണണമെന്ന് മിഥുൻ ആവിശ്യപ്പെട്ടിരിക്കയാ."
"അതെന്തിനാ എന്നെ കാണുന്നെ?"
സൂര്യ വിസ്മയിച്ചു. ഒരു നിമിഷം കഴിഞ്ഞാണ് സിബി ശബ്ദിച്ചത്. അതും മുഖത്ത് നോക്കാതെ :
"ഇന്നൊരു രാത്രി നീ അയാളുടെ ഒപ്പം കഴിയണം. പകരം അയാൾ കാഷ് തരും. ഇരുപതിനായിരം രൂപ!"
പറഞ്ഞു നിർത്തിയിട്ടു സിബി പാളി നോക്കുമ്പോൾ സൂര്യയുടെ മുഖം മാറുന്നത് കണ്ടു.
(തുടരും)

ഭാഗം - 2
കലൂർ സെൻറ് അന്തോണിസ് ചർച്ച്! വലിയ കുടകീഴിലിരുന്നു മെഴുകുതിരികളും പൂമാലകളും വിൽക്കുന്ന പ്രായമേറിയ സ്ത്രീയുടെ കയ്യിൽ നിന്നും സൂര്യ ഒരു കൂടു മെഴുകുതിരി വാങ്ങി. രൂപകൂടിന് മുന്നിലെ ഇരുമ്പ് തട്ടിൽ മെഴുകുതിരി കൊളുത്തി പ്രാർത്ഥിച്ചു.
സിബിയാണ് ആദ്യമായി ഈ പള്ളിയെ കുറിച്ച് സൂര്യയോട് പറയുന്നത്. ഇവിടെ വന്നു സങ്കടം പറഞ്ഞു പ്രാർത്ഥിച്ചാൽ കർത്താവ് കൈ വെടിയുകയില്ല എന്നൊരു വിശ്വാസമുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധിഘട്ടത്തിലും അഭയം തേടിയിട്ടുള്ളതും ഇവിടെയാണ്. തിരികെ റൂമിലേക്ക് മടങ്ങുമ്പോൾ ബസിന്റെ സൈഡ് സീറ്റിൽ പുറത്തേക്ക് നോക്കിയിരുന്ന് സിബി പറഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിക്കുകയായിരുന്നു സൂര്യ.
"പണമുണ്ടാക്കാനുള്ളൊരു എളുപ്പവഴിയാണ് ഇപ്പോൾ നിന്റെ മുന്നിൽ തെളിഞ്ഞിരിക്കുന്നത്. ആദ്യമായി കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ടൊക്കെ തോന്നും. മനസ്സ് പെട്ടന്നങ്ങോട്ട് അംഗീകരിക്കാനും മടിക്കും...
സത്യം പറഞ്ഞാൽ നിനക്ക് നിന്റെ വില അറിയില്ല സൂര്യ. നിന്നെ പോലെ ലുക്കുള്ള പിള്ളേർക്ക് വേണ്ടി എത്ര കാഷ് വേണമെങ്കിലും ചിലവാക്കാൻ തയ്യാറായി ഇവിടെ എറണാകുളത്ത് ധാരാളം പേരുണ്ട്. നീയൊന്ന് സമ്മതിച്ചാൽ ആളെ റെഡിയാക്കി തരുന്ന കാര്യം ഞാനേറ്റു. ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് ആയിരങ്ങൾ കയ്യിൽ വരും.. നിനക്ക് വീട് പണി പൂർത്തിയാക്കണ്ടേ? അമ്മയെ നല്ല രീതിയിൽ നോക്കണ്ടേ. ഒരു കൈ സഹായിക്കാൻ നിനക്ക് സഹോദരങ്ങളില്ല. ബന്ധുക്കളില്ല. നാട്ടുകാരില്ല. എല്ലാം നീ തനിയെ ചെയ്യണം. ഒരു ജോലി റെഡി ആയാലും ബാറിൽ വച്ചു നീയുണ്ടാക്കിയത് പോലെ കാഷ് വാരാൻ പറ്റുമെന്നു നിനക്ക് തോന്നുണ്ടോ. ഒരിക്കലും പറ്റില്ലെന്ന് നിനക്കറിയാം. അപ്പോൾ പിന്നെ ഈയൊരു കുറുക്കു വഴി കൂടി നീയൊന്ന് പരീക്ഷിച്ചു നോക്ക്...."
സൂര്യ മറുപടിയൊന്നും പറഞ്ഞില്ല. സിബി തുടർന്നു.
"ഇതൊക്കെ മറ്റുള്ളവരറിഞ്ഞാൽ മോശമല്ലേ എന്നൊരു ചിന്ത വേണ്ട. എല്ലാം പരമ രഹസ്യമായിരിക്കും. നല്ലപോലെ ആലോചിച്ചിട്ട് മാത്രം തീരുമാനം എടുത്താൽ മതി. അത് പക്ഷെ ഇന്ന് ഏഴു മണിക്ക് മുൻപ് വേണമെന്ന് മാത്രം."
സൂര്യ ഇറങ്ങുമ്പോൾ സിബി ഒരിക്കൽ കൂടി ഓർമിപ്പിച്ചു.
"സൂര്യ.... ഞാൻ നിന്നെ നിർബന്ധിക്കുകയില്ല. നിനക്ക് പൂർണസമ്മതമുണ്ടെങ്കിൽ മാത്രെ നിന്റെ നമ്പർ ഞാൻ രാജേഷിന് ഷെയർ ചെയ്യൂ... പക്ഷെ ഒരു കാര്യം ഞാൻ പറയാം ഇതുപോലെയുള്ള അവസരങ്ങൾ എല്ലായ്പോഴും നിനക്ക് കിട്ടിയെന്ന് വരില്ല."
ആലോചിച്ചു പറയാനാണ് സിബി ചേട്ടൻ പറഞ്ഞിരിക്കുന്നത്. സമ്മതിച്ചാൽ സൗത്ത് റെയിൽവേ സ്റ്റേഷനിലെ താൻ താമസിക്കുന്ന ലോഡ്ജിനു മുന്നിൽ ഇന്ന് വൈകുന്നേരം സൂപ്പർ സ്റ്റാർ മിഥുന്റെ വണ്ടിയെത്തും. ഒരു രാത്രി മൊത്തം അയാളുടെ കൂടെ റാഡിസൺ ഹോട്ടലിലെ എ സി സ്യുട്ടിലെ ഉറക്കം. ഇത്തരം ടേസ്റ്റുള്ള ആരും കൊതിക്കുന്ന ഓഫർ ആണ്. പക്ഷെ തന്നെ കൊണ്ട് അതിനു പറ്റുമോ ?
അവന് പെട്ടന്ന് ഷമീറിനെ ഓർമ വന്നു. "സൂര്യാ.... " എന്ന് വിളിച്ചു വയൽ വരമ്പിലൂടെ തന്റെ പിന്നാലെ ഓടുന്ന ഷമീർ. എന്ത് കൊണ്ടോ ഒത്തിരി ഇഷ്ടമായിരുന്നു അവനെ. അതിനെ പ്രണയം എന്ന് പറയാമോ എന്നറിയില്ല. സ്കൂൾ പഠന സമയത്താണ് അവൻ ഒപ്പം കൂടുന്നത്. സ്വന്തം നാട്ടുകാരൻ. തന്നെക്കാൾ ഒരു വയസ് മൂപ്പുണ്ട്. മറ്റുള്ളവർ തന്റെ സ്ത്രൈണതയെ കളിയാക്കി അകറ്റുമ്പോൾ അവൻ മാത്രം ഒപ്പം നിന്നു. അന്നത്തെ ഒറ്റപ്പെടലിൽ അത് വലിയൊരു ആശ്വാസമായിരുന്നു.
ഒരു തുലാമഴയിൽ സ്കൂൾ വിട്ടു വീട്ടിലേക്കു പോരുമ്പോഴാണ് അവൻ ആദ്യമായ് തന്നെ ചേർത്ത് പിടിച്ചു സ്നേഹവായ്പോടെ ചുംബിക്കുന്നത്. ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പിന്നിൽ ഇരമ്പി ആർത്തു വരുന്ന മഴയിൽ നിന്നും രക്ഷപെടാൻ തന്റെ കൈ പിടിച്ചു വയലിലൂടെ ഓടുകയായിരുന്നു ഷമീർ.
മഴ ഞങ്ങളെ പുണരും മുന്നേ പാടത്തെ ഒരു വാഴത്തോപ്പിലേക്ക് അവൻ കൈ പിടിച്ചു കയറ്റി. മുകളിൽ കൂടാരം തീർത്ത വാഴയിലകളുടെ ചുവട്ടിൽ അവന്റെ നെഞ്ചിലെ ചൂടിലേക്ക് ചേർന്നിരുന്നു. കിതയ്ക്കുന്ന ചെക്കന്റെ ചൂട് നീശ്വാസം തന്റെ മുഖത്ത് വന്നു തട്ടുന്നുണ്ടായിരുന്നു. മിഴി ചിമ്മാതെ അവൻ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്നത് കണ്ടപ്പോൾ നാണം കൊണ്ട് അറിയാതെ മുഖം താഴ്ത്തി പിടിച്ചു.
നനഞ്ഞ ഇരു കൈത്തലം എന്റെ കവിളിൽ ചേർത്ത് അവൻ തന്റെ മുഖം മെല്ലെ ഉയർത്തി. പരൽ മീൻ പോലെ പിടയുന്ന തന്റെ മിഴികളിലേക്ക് നോക്കി അവൻ മന്ത്രിച്ചു.
"സൂര്യ...നീയെത്ര സുന്ദരൻ ആണെന്നറിയോ. നിന്നെ കാണുമ്പോൾ എനിക്ക് കെട്ടിപിടിച്ചു ഉമ്മ വയ്ക്കാൻ തോന്നും."
ഇലചാർത്തിനിടയിലൂടെ വെള്ളതുള്ളികൾ ഞങ്ങളുടെ മേലേക്ക് പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. തന്നെ ഇത്രയും സ്നേഹിച്ച മറ്റൊരാൾ ഇല്ലെന്നു തോന്നി. അത്ര ഇഷ്ടം. ഇടയ്ക്ക് സ്കൂളിൽ സമരം നടന്ന ഒരു ദിവസം വീട്ടിലേക്കു മടങ്ങുമ്പോൾ ഷമീർ തന്നെ അവന്റെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയി. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അവന്റെ മുറിയിൽ അവന്റെ കിടക്കയിൽ കെട്ടിപ്പുണർന്നു കിടക്കുമ്പോൾ പ്രതീക്ഷിക്കാതെ അവന്റെ ബാപ്പ കയറി വന്നു. ആ രംഗം ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളൂ കിടുങ്ങും. അയാളുടെ അലർച്ച ഒരു മുഴക്കമായി കാതിൽ മുഴങ്ങുന്നു.
ആക്രോശിച്ചു കൊണ്ടു ഷമീറിനെ പൊതിരെ തല്ലിയിട്ട് ഭയന്ന് കരയുന്ന തന്നെ അയാൾ മുറ്റത്തു കൂടിയ നാട്ടുകാരുടെ മുന്നിലൂടെ വീട്ടിലേക്കു വലിച്ചു കൊണ്ടു പോയി. കാര്യമറിയാൻ വഴി വക്കിൽ നിന്നിരുന്നവരും പിന്നാലെ കൂടി. തറവാട്ടു മുറ്റത്തു കൊണ്ടു തള്ളിയിട്ട് അയാൾ അമ്മാവനെയും അമ്മയെയും വിളിച്ചിറക്കി നടന്ന കാര്യങ്ങൾ അറിയിച്ചു.
ചത്താൽ മതിയെന്ന് തോന്നിയ നിമിഷങ്ങൾ!
ഷമീറിനെ കൂടെ കൊണ്ടു നടന്നു ചീത്തയാക്കുന്നത് താനാണെന്നും ഇനി അവന്റെ ഒപ്പം കണ്ടാൽ കൊന്നുകളയുമെന്നും അയാൾ വിരൽ ചൂണ്ടി ഓർമിപ്പിച്ചു. എങ്ങി കരയുന്ന തന്നെ അമ്മ നിലത്തു നിന്നും വാരി എടുക്കുമ്പോഴേക്കും അമ്മാവന്റെ അടി വീണു കഴിഞ്ഞിരുന്നു.
അമ്മയും മുത്തശ്ശിയും തടസ്സം പിടിക്കാൻ വന്നെങ്കിലും അവരെ തള്ളി മാറ്റി കയ്യിൽ കിട്ടിയ വടി കൊണ്ടു അമ്മാവൻ തന്നെ തല്ലി ചതച്ചു. വലിച്ചിഴച്ചു മുറിയിൽ കൊണ്ടു പോയി പൂട്ടി. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത വാർത്ത എത്തി. ഒരു മുഴം കയറിൽ ഷമീർ അവന്റെ ജീവിതം അവസാനിപ്പിച്ചു. തകർന്നു പോയതും തനിച്ചായി പോയതും താനായിരുന്നു.
അവന്റെ വേർപാട് വല്ലാത്തൊരു ശൂന്യതയാണ് തന്റെ ജീവിതത്തിലുണ്ടാക്കിയത്. വീടിനുള്ളിലെ ഇരുൾ വീണ കോണിൽ ആരെയും കാണാൻ കൂട്ടാക്കാതെ താൻ കൂനികൂടി കിടന്നു. മനോനില തെറ്റുന്നത് താൻ പോലും അറിഞ്ഞില്ല. അമ്മയുടെയും മുത്തശ്ശിയുടെയും കരച്ചിൽ സഹിക്കാൻ വയ്യാതെ അമ്മാവൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതിൽ നിന്നും മുക്തി നേടാൻ മാസങ്ങൾ വേണ്ടി വന്നു. പിന്നെ തനിച്ചുള്ള യാത്ര.
തനിക്ക് വേണ്ടി ചിലവിട്ട പൈസയുടെ കണക്കു പറച്ചിലും ശകാരവും നാൾക്കു നാൾ വർദ്ധിച്ചു വന്നു. വീട്ടിൽ നിന്നാൽ മനോനില വീണ്ടും തെറ്റിയേക്കുമെന്ന് തനിക്ക് തന്നെ തോന്നി തുടങ്ങി. പുറത്തിറങ്ങിയാൽ കൂട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസം.
എന്റെ വിഷമങ്ങൾ പറയാൻ തനിക്ക് ആരുമില്ല. ഷമീറിന്റെ ഒപ്പം ചിലവിട്ട സ്ഥലങ്ങളിൽ തനിയെ പോയിരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട്. പതിയെ പതിയെ സ്വയം ശക്തി ആർജിക്കുകയായിരുന്നു. ആരും കൂടെ കാണില്ലെന്ന് ഉറപ്പായാൽ സ്വയം പൊരുതി നേടാനുള്ളൊരു മനക്കരുത്തു ദൈവം നമുക്ക് തരാറുണ്ട്.
സിബി ചേട്ടൻ പറയുന്നത് പോലെ നല്ലവനായി കുറെ നാൾ ജീവിച്ചിരുന്നിട്ട് കാര്യമൊന്നുമില്ല. തനിക്കിപ്പോൾ വേണ്ടത് പണമാണ്. അത് ഏത് വിധേനയും ഉണ്ടാക്കിയെ പറ്റു. തന്റെ ശരീരത്തിന് ഇത്രയും വിലയിടുന്നുണ്ടെങ്കിൽ പിന്നേ പിന്മാറേണ്ട കാര്യമില്ല. നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷെ നേടാൻ ഒരുപാടുണ്ട്. എങ്ങനെയും വീട് പണി പൂർത്തിയാക്കണം. അമ്മയെ സുരക്ഷിതയാക്കണം. അത്രയും മാത്രം ഇപ്പോൾ ചിന്തിച്ചാൽ മതി.
ബസിറങ്ങിയ ഉടനെ സൂര്യ സിബിയെ വിളിച്ചു റെഡിയാണെന്ന വിവരം അറിയിച്ചു. വൈകുന്നേരം സൂര്യയെ പിക് ചെയ്യാൻ മിഥുന്റെ കാർ ലോഡ്ജ്നു താഴെയെത്തി. പതിവിലും നന്നായി ഒരുങ്ങി. ഉള്ളതിൽ പുത്തൻ ഡ്രസ്സണിഞ്ഞു. അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒരു ഷോൾഡർ ബാഗിലെടുത്തു നെഞ്ചിന് കുറുകെ തോളിൽ തൂക്കിയിട്ടു.
താഴേക്കിറങ്ങി വന്നു കാറിന്റെ ഡോർ തുറന്നു പിന്നിൽ കടന്നിരുന്നു. വണ്ടി നേരെ റാഡിസൺ ഹോട്ടലിലേക്ക്.
മിഥുന്റെ റൂമിന്റെ ഡോർ ബെൽ അടിച്ചതിന് ശേഷം ഡ്രൈവറും പേർസണൽ സെക്രട്ടറിയുമായ രാജേഷേട്ടൻ വിനയത്തോടെ മാറി നിൽക്കുന്നത് ശ്രദ്ധിച്ച് അടുത്ത് നിൽക്കുകയായിരുന്നു സൂര്യ. അയാൾ അവനെ നോക്കി ഒന്ന് മന്ദഹസിച്ചു. തോളിൽ തൂക്കിയ ബാഗിന്റെ വള്ളിയിൽ തെരു പിടിച്ചു നിന്ന് സൂര്യയും ഒന്ന് പുഞ്ചിരിച്ചു. അവന് നല്ല ടെൻഷനുണ്ടായിരുന്നു. ആദ്യമായാണ് ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം.
ശരീര വിൽപ്പനയ്ക്ക് നടക്കുന്ന ചിലരെയൊക്കെ അറിയാം. പെണ്ണിനെ പോലെ ചമഞൊരുങ്ങി രാത്രിയിൽ സൗത്ത് പാലത്തിന്റെ താഴെയും റെയിൽവേ സ്റ്റേഷൻ പരിസരത്തും അലയുന്ന ആളുകളെ കണ്ടിട്ടുമുണ്ട്. പുച്ഛമായിരുന്നു അവരോടൊക്കെ തോന്നിയിരുന്നത്. ഇവർക്കൊക്കെ എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചൂ കൂടെയെന്ന് ചിന്തിച്ചിട്ടുണ്ട്. അന്ന് തനിക്ക് ബാറിൽ ജോലി ഉണ്ട്. പക്ഷെ ഇപ്പോ ഇതാ താനും അവരിൽ ഒരാളായി മാറുകയാണ്.
പണത്തിന്റെ ആവശ്യത്തിന് മുന്നിൽ ആദർശവും പുച്ഛവുമെല്ലാം കാറ്റിൽ പറന്നു പോയിരിക്കുന്നു. ഇതൊരു ജോലിയായി കരുതിയാൽ കുറ്റബോധം തോന്നില്ല എന്നാണ് സിബി ചേട്ടൻ പറഞ്ഞിരിക്കുന്നത്. അങ്ങനെ ചിന്തിച്ചു സൂര്യ ദീർഘമായി ഒന്ന് നിശ്വസിച്ചു. അത് ശ്രദ്ധിച്ചു രാജേഷേട്ടൻ ചോദിച്ചു
"ടെൻഷനുണ്ടോ?"
വിളറിയ ചിരിയിൽ സൂര്യ മറുപടി പറഞ്ഞു
"ചെറുതായിട്ട്..."
അപ്പോഴേക്കും വാതിൽ തുറക്കപ്പെട്ടു.
സിനിമയിൽ മാത്രം കണ്ടിട്ടുള്ള ആൾ ദാ മുന്നിൽ.
സൂര്യയുടെ ശ്വാസം നിലക്കുമ്പോലെ തോന്നി. ഒരു രാജകുമാരനെ പോലെ അതിസുന്ദരനായിരുന്നു മിഥുൻ. ഷോർട്സും ബനിയനുമാണ് വേഷം. നല്ല ആരോഗ്യമുള്ള ശരീരവും ആരെയും കൊതിപ്പിക്കുന്ന മുഖകാന്തിയും. വിലകൂടിയ ഏതോ പെർഫ്യൂമിന്റെ മണം അയാളിൽ നിന്നും വമിക്കുന്നു. ഹസ്തദാനം ചെയ്തു സൂര്യയെ മിഥുൻ അകത്തേക്ക് ക്ഷണിച്ചു.
രാജേഷ് തിരിഞ്ഞു നടന്നു പോയപ്പോൾ പിന്നിൽ റൂമിന്റെ വാതിലടഞ്ഞു കഴിഞ്ഞു.
(തുടരും)
ഭാഗം - 3

സൂര്യ ലോഡ്ജിൽ മടങ്ങിയെത്തിയത് പിറ്റേന്ന് വൈകുന്നേരമാണ്. വന്നപാടെ കട്ടിലിലേക്ക് വീണു. ശരീരവും മനസും ഒരേ പോലെ ചുട്ടു നീറുന്നു. തലയിണയിൽ മുഖം ചേർത്ത് വച്ച് അവൻ ശബ്ദമില്ലാതെ കരഞ്ഞു. കുറച്ചു കഴിഞ്ഞു സിബി വിളിച്ചു.
"എവിടെയാ സൂര്യ?"
"റൂമിലെത്തി ചേട്ടാ."
"എന്തുപറ്റി ശബ്ദമൊക്കെ വല്ലാതെ...."
"ഒന്നുമില്ല..."
"ഓക്കേ. ഞാനങ്ങോട്ട് വരാം. വന്നിട്ട് സംസാരിക്കാം."
ഫോൺ വച്ചിട്ട് സൂര്യ വീണ്ടും തലയിണയിലേക്ക് മുഖം പൂഴ്ത്തി. മാന്യമായ ഒരു ജോലി വാങ്ങണമെന്ന് കരുതിയിരുന്നു പണ്ട്. ജീവിത ദുരിതങ്ങളുടെ പ്രളയത്തിൽ പ്ലസ്ടൂ പോലും പൂർത്തിയാക്കാൻ പറ്റിയില്ല. സ്വന്തം കാലിൽ നിൽക്കാനുള്ള മരണപാച്ചിലായിരുന്നു. എന്നിട്ടും വഴിയിൽ കാലിടറി വീണുപോയിരിക്കുന്നു. ഒരിക്കലും ചെന്നു പെടില്ലെന്ന് ഉറപ്പിച്ചിരുന്ന വഴിയിൽ തന്നെ അവസാനം ദൈവം കൊണ്ടെത്തിച്ചു. കാശ് കിട്ടിയാൽ എന്ത് പണിയും ചെയ്യുമെന്ന അവസ്ഥയിലെത്തി.
പലരും പല സ്ഥലത്തു വച്ചും തൊട്ടും പിടിച്ചുമൊക്കെ പലപ്പോഴും ശല്യം ചെയ്തിട്ടുണ്ട്. പക്ഷെ ആർക്കും വഴങ്ങി കൊടുത്തിട്ടില്ല. സ്കൂൾ പഠന സമയത്തു ബലമായി പ്രാപിക്കാൻ തുനിഞ്ഞ സീനിയർസ് ചേട്ടന്മാരോട് പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിച്ചു നിന്നിട്ടുണ്ട്. മെഡിക്കൽ സ്റ്റോറിൽ ജോലിക്ക് പോകുന്ന സമയം ഒരിക്കൽ ബസിൽ വച്ചു അരയ്ക്ക് പിന്നിൽ പിടിച്ചമർത്തിയ ഒരാളുടെ കവിൾ പുകച്ചിട്ടുണ്ട്. അനുവാദമില്ലാതെ ആര് ദേഹത്ത് തൊട്ടാലും അവനെ കൊല്ലാനുള്ള കലി തോന്നും.
ആദ്യമായാണ് ഒരാളുടെ മുന്നിൽ ഇങ്ങനെ കിടന്നു കൊടുക്കുന്നത്. ചെയ്തത് ഒരു ജോലിയാണ്. ഇരുപതിനായിരം രൂപയ്ക്ക് കരാർ ഉറപ്പിച്ച ജോലി. വീട് പണിയാണ് മുഖ്യം. മഴയ്ക്ക് മുൻപ് ലിന്റിൽ എങ്കിലും വാർക്കണം. ഇല്ലെങ്കിൽ ഇത്രയും കഷ്ടപ്പെട്ടതു വെറുതെ ആവും. കട്ടിളയും ജന്നലുമൊക്കെ നശിക്കും. അങ്ങനെ ചിന്തിച്ചപ്പോൾ ശരീര വേദനയൊക്കെ അവൻ മറന്നു.
പിന്നെ ഇത്രയും രൂപ ചിലവാക്കുമ്പോൾ പരമാവധി പ്രയോജനപ്പെടുത്താൻ ആരായാലും ശ്രമിക്കുമല്ലോ. മിഥുനും അതല്ലേ ചെയ്തിട്ടുള്ളൂ. മുഴുവൻ അടവും പഠിച്ച യോദ്ധാവിനെ പോലെ എല്ലാ ആയുധ മുറകളും തന്നിൽ പ്രയോഗിച്ചെന്ന് മാത്രം. രക്തബന്ധത്തിലുള്ളവർ തന്ന മനോവേദനയെക്കാൾ വലുതല്ല ഇതൊന്നും.
അര മണിക്കൂറിനുള്ളിൽ ബൈക്കിൽ സിബിയെത്തി. ഡോർ മുട്ടുന്ന ഒച്ച കേട്ടു സൂര്യ എണീറ്റ് ചെന്ന് വാതിൽ തുറന്നു കൊടുത്തു.
"എന്തുപറ്റിയടോ തനിക്ക്... കരഞ്ഞോ?"
അവനെ കണ്ട് അമ്പരപ്പോടെ സിബി ചോദിച്ചു.
"ഏയ്... ഒന്നുല്ല."
"മുഖമൊക്കെ കടുത്തിരിക്കുന്നു. കണ്ണുകളൊക്കെ കരഞ്ഞു കലങ്ങിയതു പോലെയുണ്ട്. എന്താ കാര്യം? പറ. ഇന്നലെ അവിടെയെന്തെങ്കിലും പ്രശ്നമുണ്ടായോ?"
"ഇല്ല . മിഥുൻ ചേട്ടന് എന്നോട് വല്യ കാര്യായിരുന്നു. ഇത് ചിലപ്പോൾ ഉറക്കമിളച്ചതിന്റെ ആവും..."
"മിഥുൻ നിന്നെ ഉറക്കീല്ല അല്ലേ?" കുസൃതിയോടെ സിബി ചിരിച്ചു.
"ഒന്ന് പോ ചേട്ടാ..." സൂര്യയും ചിരിക്കാൻ ശ്രമിച്ചു.
"മിഥുന് നിന്നെ പറ്റി നല്ല അഭിപ്രായമാണല്ലോ..."
"അങ്ങനെ പറഞ്ഞോ?" ആകാംഷയോടെ അവൻ മിഴികൾ വിടർത്തി.
"എന്നോട് രാജേഷാണ് പറഞ്ഞേ. നിന്നെ പുള്ളിക്ക് ഒത്തിരിയങ്ങ് പിടിച്ചുന്ന്. ഒറ്റ രാത്രി മതീന്ന് പറഞ്ഞു വിളിച്ചിട്ട് ഇന്ന് പകലും അവിടെ പിടിച്ചു നിർത്തിയില്ലേ... സാധാരണ അങ്ങനെയൊന്നും സംഭവിക്കാറുള്ളതല്ല പോലും. ഒരു രാത്രിയ്ക്കപ്പുറത്തേക്ക് ആരെയും കൂട്ടാറില്ലെന്ന്."
സൂര്യയുടെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞു.
"അപ്പോൾ ഇതയാളുടെ സ്ഥിരം പരിപാടിയാണോ? സൂപ്പർ സ്റ്റാർ മിഥുൻ രമേഷ് എന്നൊക്കെ പറയുമ്പോൾ മനസിലൊരു റെസ്പെക്ടൊക്കെ ഉണ്ടായിരുന്നു. റിയൽ ലൈഫ് അറിഞ്ഞപ്പോൾ ഒക്കെ പോയിക്കിട്ടി."
സിബി ചിരിച്ചു. "മിഥുന്റെ തിരക്ക് നമുക്കെല്ലാവർക്കും അറിയുന്നതല്ലേ. വല്ലപ്പോഴും ഫ്രീ ആവുമ്പോൾ ചെയ്യുന്ന ഒരു എൻജോയ്മെന്റ്. അത്രേ ഉള്ളൂ. സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് അവർക്ക് ഇമ്മാതിരി വികാര വിചാരങ്ങൾ ഉണ്ടാവാൻ പാടില്ലെന്നില്ലല്ലോ. എല്ലാ പ്രൊഫഷനിലുമുണ്ട് ഇത്തരം ടേസ്റ്റ് ഉള്ളവർ. ഇവരൊക്കെ ഫെമിലിയർ ആയതു കൊണ്ട് എന്തോ വലിയ അത്ഭുതം പോലെ തോന്നുന്നതാ. അതെന്തായാലും അയാൾക്ക് ഇങ്ങനൊരു ടേസ്റ്റുള്ളത് നല്ല കാര്യമായാണ് എനിക്ക് തോന്നുന്നത്. അത് കൊണ്ടല്ലേ ഒറ്റയടിക്ക് ഇത്രയും തുക കൈയിൽ കിട്ടിയത്."
ഒരു കവർ സിബി സുര്യയുടെ കയ്യിൽ വച്ചു കൊടുത്തു.
"ദാ... നിന്റെ കഷ്ടപ്പാടിനുള്ള പ്രതിഫലം....പറഞ്ഞത് പോലെ ഇരുപതിനായിരം തികച്ചുമുണ്ട്. "
സൂര്യ അമ്പരന്ന് നോക്കി. പറഞ്ഞു പോയ വാചകത്തേക്കാൾ ആ നോട്ട് കെട്ടുകളാണ് അവനെ തളർത്തിയത്. ഒരു പൊതി മിഥുൻ അവിടെ വച്ചു തന്നിരുന്നു. പിന്നെ ഇതെന്തിന്?
"എന്താ നിനക്കൊരു സന്തോഷമില്ലാത്തെ?" അവന്റെ മുഖത്തെ ഭാവമാറ്റം കണ്ടു സിബി ചോദിച്ചു. മറുപടി പറയാതെ സൂര്യ തിടുക്കത്തിൽ എണീറ്റു ബാഗ് വലിച്ചെടുത്തു കിടക്കയിലേക്ക് കുടഞ്ഞിട്ടു.
രണ്ടു കെട്ടു നൂറിന്റെ നോട്ടുകൾ മറ്റു സാധങ്ങൾക്കൊപ്പം കിടക്കയിൽ ചിതറി വീണു. "ഇതെവിടുന്നാ?" അത്ഭുതത്തോടെ സിബി ചോദിച്ചു.
"മിഥുൻ ചേട്ടൻ അവിടേ വച്ചു തന്നതാ. എന്റെ കൂലി ആവുമെന്നാ ഞാൻ കരുതിയെ."
"അപ്പോൾ അടിച്ചത് ലോട്ടറി തന്നെയാണല്ലോ മോനെ... "
"എന്നാലും ഇത്രയും പൈസയോ?" സൂര്യയ്ക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.
"കോടികളുടെ ആസ്തിയുണ്ട് മോനേ. വീണ്ടും വീണ്ടും പണം കുമിഞ്ഞു കൂടികൊണ്ടിരിക്കുന്നു. ഇതൊക്കെ അവർ ഒരു നേരം ചായ കുടിക്കുന്ന കാഷെ ആവത്തുള്ളു."
ആഹ്ലാദത്തോടെ സിബി കെട്ടുകൾ എടുത്തു എണ്ണി നോക്കി. പിന്നെ താൻ കൊണ്ടു വന്ന കവറഴിച്ചു അതിന്റെ കൂടെ ചേർത്തു വച്ചു.
"ടോട്ടൽ 30000! മോനെ ഇത് നീ വിചാരിക്കുന്ന ബിസിനസല്ല. നല്ല എമൗണ്ട് കയ്യിൽ വരും. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഒറ്റ മാസം കൊണ്ട് നിന്റെ വീട് പണി ഫിനിഷ് ചെയ്യാൻ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്."
പെട്ടന്ന് തേങ്ങികൊണ്ട് അവൻ സിബിയുടെ തോളിലേക്ക് മുഖം ചേർത്തു.
"എന്തിനാടാ പൊട്ടാ കരയുന്നെ. ഒറ്റ ദിവസം കൊണ്ട് ഇത്രയും കാഷ് കയ്യിൽ കിട്ടിയാൽ ആരായാലും സന്തോഷം കൊണ്ട് തുള്ളിച്ചാടും..."
"എനിക്കിതൊക്കെ കണ്ടപ്പോൾ പെട്ടന്ന്..."
സൂര്യ തിടുക്കത്തിൽ മുഖം അമർത്തി തുടച്ചു. പിന്നെ ചോദിച്ചു.
"ചേട്ടന് കമ്മീഷൻ വേണ്ടേ ?"
"വേണം. പക്ഷെ ഇപ്പോ വേണ്ട."
സിബി കണ്ണിറുക്കി. "നമ്മളിതൊരു ബിസിനസാക്കാൻ പോകുവാണല്ലോ. ഇനി കിട്ടുന്നതിന്റെ പത്തു ശതമാനം എനിക്ക്. " തമാശ പറഞ്ഞത് പോലെ സിബി പൊട്ടിച്ചിരിച്ചു കൊണ്ട് എണീറ്റു.
"എന്നാൽ പിന്നെ ഞാൻ ഇറങ്ങുവാ. നീ റസ്റ്റ് എടുത്തോ... എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിക്കാം." യാത്ര പറഞ്ഞു സിബി ഇറങ്ങി പോയി.
സൂര്യ കട്ടിലിനു താഴെ നിന്നും ഒരു പെട്ടി വലിച്ചെടുത്തു നോട്ടുകൾ അതിൽ ഭദ്രമായി വച്ചു. പിന്നെ വീട് പണി ചെയ്യുന്ന കോൺട്രാക്ടറെ വിളിച്ചു സംസാരിച്ചു. 'തൽക്കാലം എത്ര തുക വേണ്ടി വരുമെന്ന് രാത്രി വിളിക്കുമ്പോൾ പറയാം' എന്ന് പറഞ്ഞു അയാൾ ഫോൺ വച്ചു.
ചത്തു കെട്ട് കിടന്നിരുന്ന മനസ് വീണ്ടും ഉഷാറായി കഴിഞ്ഞിരുന്നു. പാതിയിൽ നിലച്ചു പോയിരുന്ന വീട് പണി തുടങ്ങാൻ ദൈവമാണ് ഇങ്ങനെയൊരു വഴി തുറന്നു തന്നതെന്ന് സുര്യയ്ക്ക് തോന്നി. സന്ധ്യയ്ക്കു മുൻപ് കോൺട്രാക്ടർ തിരിച്ചു വിളിച്ചു. ലിന്റിൽ മൊത്തം കോൺക്രീറ്റ് ചെയ്യണം ഒപ്പം ജനൽ ഷേയ്ഡും സിറ്റൗട്ടും. പിന്നേ മെയിൻ സ്ലാബ് ചെയ്യും മുന്നേ മട്ടം വരെ കല്ല് കെട്ടണം. എല്ലാം കൂടി അമ്പത്തിഅയ്യായിരം വേണ്ടി വരുമെന്ന് അയാൾ പറഞ്ഞു. കയ്യിൽ മൊത്തം മുപ്പത് ഉണ്ട്. ഒരു ഇരുപത്തിയഞ്ചു കൂടി വേണ്ടി വരും. പക്ഷെ അത് കൊണ്ടായില്ല. അമ്മയ്ക്ക് ചിലവിനു അയക്കണം. പിന്നെ ലോഡ്ജിന്റെ വാടക. തന്റെ ചിലവിനു വേറെ വേണം. എന്തായാലും നാളെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ വച്ചു.
രാത്രിയിൽ കലൂരിലെ സെന്റ് അന്തോണിസ് ചർച്ചിൽ പോയി നാലഞ്ച് കൂടു മെഴുകുതിരികൾ ഒരുമിച്ചു കത്തിച്ചു.രൂപകൂടിന്റെ ഗ്ലാസിൽ കൈ ചേർത്ത് അപേക്ഷിച്ചു. ചെയ്യുന്നത് തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എനിക്കിത് മുന്നോട്ട് കൊണ്ട് പോയേ പറ്റുള്ളൂ. മറ്റു വഴിയില്ല. തിരിച്ചു പോകാൻ ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മൊബൈലിൽ സിബിയുടെ കാൾ വന്നു.
"സുര്യ... ഒരു കസ്റ്റമർ കൂടി വന്നിട്ടുണ്ടല്ലോ. എന്ത് വേണം?"
വെന്തുരുകുന്ന ചൂടിലേക്ക് തണുത്ത മഴ പെയിതിറങ്ങിയത് പോലെയാണ് അപ്പോൾ സുര്യയ്ക്ക് തോന്നിയത്.
"ആരാ ചേട്ടാ ? ഇതും സിനിമയിലുള്ള ആരെങ്കിലുമാണോ?"
ആരെന്നറിയാൻ വെറുതെ ഒരു ആകാംഷ.
"അല്ല. ഇയാൾക്ക് ദുബായിൽ എന്തോ ബിസിനസാണ്. കുറച്ചു ഏജുണ്ട്. ഒരു നാല്പത്തിയെട്ട്. ഞാൻ സംസാരിച്ചു റെഡി ആക്കിട്ടുണ്ട്. ചോദിക്കുന്ന കാഷ് കിട്ടും. നീ ഓക്കേ ആണെങ്കിൽ ഉറപ്പിക്കാം. എന്ത് പറയുന്നു? "
ആരായാലും ഇപ്പോൾ കാഷാണ് പ്രധാനം. അതിപ്പോ നാല്പത്തെട്ടായാലും അറുപത്തെട്ടായാലും നിന്ന് കൊടുത്തേ പറ്റു.
"ആരായാലും കുഴപ്പമില്ല. ചേട്ടൻ ഉറപ്പിച്ചോ" സൂര്യ സമ്മതിച്ചു.
"പക്ഷെ അയാൾക്കാദ്യം നേരിട്ടൊന്ന് കാണണം. കണ്ടു ഇഷ്ടം ആയാലെ ഡീൽ ഉറപ്പിക്കു. രാവിലെ ഒരു പത്തു മണിക്ക് നീ റെഡി ആയിട്ട് നിൽക്ക്. ഞാൻ വന്നു പിക് ചെയ്യാം."
സിബി ചേട്ടൻ കൂടെ ഉള്ളപ്പോൾ വേറെ ടെൻഷൻ വേണ്ട. പാതി സമാധാനം.
റൂമിൽ എത്തിയിട്ടും ചിന്തിച്ചതുമൊത്തം വീട് പണിയെ കുറിച്ച് തന്നെയാണ്. കോൺഡ്രാക്ടർ ജോസഫ് ചേട്ടൻ പറഞ്ഞ തുക ശരിയായാൽ നാളെ കഴിഞ്ഞിട്ട് വീട്ടിലേക്കു പോകണം. വീടിന്റെ അത്രയും പണി ചെയ്യാൻ പറ്റിയാൽ പിന്നെ മെയിൻ സ്ലാബ് കൂടിയെ ബാക്കി ഉള്ളു. അതിനു മൊത്തം എത്ര തുക ആകുമെന്ന് തിരക്കി വരണം.മെയിൻ സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞാൽ മാത്രേ ഒരു സമാധാനം ആവുകയുള്ളൂ.
ഉറങ്ങാൻ കിടക്കുമ്പോൾ ഇങ്ങനെ ഡെയിലി ഓരോ കസ്റ്റമറെ വച്ചു കിട്ടിയാൽ കൊള്ളാമായിരുന്നു എന്നൊരു ചിന്ത അവന്റെ മനസ്സിൽ ഉരുകൂടി തുടങ്ങി. കണക്കുകൾ കൂട്ടിയും കിഴിച്ചും കിടന്നു ഉറങ്ങിപ്പോയി.
രാവിലെ എട്ട് മണിക്ക് സിബി ചേട്ടൻ വിളിച്ചു കൃത്യം 9.45 ന് എത്തുമെന്നും റെഡി ആയി നിൽക്കണമെന്നും അറിയിച്ചു. എണീറ്റ് കുളിച്ചു വരുമ്പോൾ കോൺട്രാക്ടർ ജോസഫ് ചേട്ടന്റെ മിസ്സ് കാൾ കണ്ടു. തിരിച്ചു വിളിച്ചു വിവരം ആരാഞ്ഞു.
ബാക്കി പണി എന്നത്തേക്ക് തുടങ്ങാൻ പറ്റുമെന്നു അറിയാൻ വിളിച്ചതാണ്. അതിനനുസരിച്ചു പുള്ളിയ്ക്ക് കാര്യങ്ങൾ നീക്കുപോക്ക് ചെയ്യാൻ വേണ്ടിയാണ്.
"രണ്ടു ദിവസത്തിനുള്ളിൽ ഞാൻ അങ്ങോട്ട് വരും ചേട്ടാ. അപ്പോഴേ ചേട്ടൻ പറഞ്ഞ അത്രേം കാഷ് റെഡി ആവു... "
സംസാരിച്ചു ഫോൺ വച്ചിട്ട് താഴെ കുടുംബശ്രീ ചേച്ചിമാർ നടത്തുന്ന ഹോട്ടലിൽ പോയി കാപ്പി കുടിച്ചു. പിന്നെ വന്നു നന്നായി ഒരുങ്ങി. അയാൾക്ക് കണ്ട് ഇഷ്ടപ്പെട്ടാലേ വിചാരിച്ച കാര്യം നടക്കുള്ളൂ എന്നാണ് സിബി ചേട്ടൻ പറയുന്നത്.
അതുകൊണ്ട് തന്നെ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും ചന്തം നോക്കി സുന്ദരനാണെന്ന് ഉറപ്പിച്ചു. പിന്നെ സിബിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. കുറച്ചു നേരം ഫോണിൽ കുത്തിപ്പിടിച്ചു ഇരുന്നു. ഒമ്പതെ മുക്കാലിന് വരുമെന്ന് പറഞ്ഞ സിബി പത്തേകാലായിട്ടും എത്തിയില്ല.
ഒടുവിൽ മടുത്തു അങ്ങോട്ട് വിളിച്ചു. എടുത്തത് വേറെ ആരോ:
"നിങ്ങൾ വിളിക്കുന്ന ആൾക്ക് ഒരു ആക്സിഡന്റുണ്ടായി. ഇവിടെ കലൂർ ലിസി ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ടുണ്ട്....." ബാക്കി അയാൾ പറയുന്നതൊന്നും സൂര്യ കേട്ടില്ല.തലയ്ക്കു മീതെ എന്തൊക്കെയൊ പൊട്ടിതകർന്നു വീണത് പോലെയാണ് അവന് തോന്നിയത്. കാതിൽ കൊടുങ്കാറ്റിന്റെ ഒരു ഇരമ്പൽ മാത്രം !
(തുടരും)
ഭാഗം - 4

എങ്ങനെയാണ് ലിസി ഹോസ്പിറ്റലിൽ എത്തിയതെന്ന് സുര്യയ്ക്ക് മാത്രേ അറിയൂ. തളർന്നു തകർന്നു അവൻ ചെല്ലുമ്പോൾ സിബിയെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയിരുന്നു.
സിബിയുടെ കുറച്ചു ഫ്രിണ്ട്സ് തിയേറ്ററിന് മുന്നിൽ നിൽപ്പുണ്ട്. ആരെയും അടുത്തറിയില്ലെങ്കിലും പലരെയും കണ്ടിട്ടുണ്ട്. പാലായിൽ നിന്നും സിബി ചേട്ടന്റെ ബന്ധുക്കൾ ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന് ആരോ പറയുന്നത് കേട്ടു. ഇരുപത്തിയെട്ട് വയസുണ്ട് സിബിയ്ക്ക്. കല്യാണം കഴിച്ചിട്ടില്ല. പാലായിലെ വീട്ടിൽ അപ്പച്ചനും അമ്മച്ചിയും ഒരു അനുജനും അനുജത്തിയുമുണ്ട്. അനുജൻ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, ജോലി ഒന്നുമായിട്ടില്ല. അനുജത്തി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
ബാർ നിർത്തലാക്കിയപ്പോൾ സുര്യയ്ക്ക് ഒപ്പം സിബിയുടെയും ജോലി നഷ്ടപെട്ടിരുന്നു. നാട്ടിൽ കുറച്ചു റബ്ബറൊക്കെ ഉള്ളത് കൊണ്ട് വീട്ടുകാര്യങ്ങളൊക്കെ നടന്നു പോകുമെന്ന് ഇടയ്ക്ക് പറയുന്നത് കേൾക്കാം. മറ്റൊരു ജോലി സംഘടിപ്പിച്ചിട്ടേ വീട്ടിലേക്കു പോകുന്നുള്ളൂ എന്ന് പറഞ്ഞതും ഓർക്കുന്നു.
സിബിയ്ക്ക് എന്തെങ്കിലും ആയിപ്പോയാൽ തന്റെ ജീവിതം അരക്ഷിതാവസ്ഥയിലാകുമെന്ന് സൂര്യയ്ക്ക് ഉറപ്പുണ്ടായിരുന്നു. അവൻ ഒരു മൂലയിലേക്ക് ഒഴിഞ്ഞു നിന്നു. ശരിക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു.
എറണാകുളത്തേക്ക് വന്നിട്ട് ആകെയുള്ളൊരു പിടി വള്ളിയായിരുന്നു സിബി ചേട്ടൻ. ഒരു ഏട്ടന്റെ സ്നേഹവും കരുതലുമൊക്കെ തന്നിട്ടുമുണ്ട്. ഷമീർ കഴിഞ്ഞിട്ട് തന്റെയെല്ലാ പ്രശ്നവും തുറന്നു പറയാൻ ഈശ്വരൻ കൊണ്ട് തന്നതാണെന്ന് ഇടയ്ക്കൊക്കെ തോന്നീട്ടുണ്ട്. സിബി ചേട്ടൻ ഇല്ലായിരുന്നുവെങ്കിൽ ഇത്ര പെട്ടന്ന് നാട്ടിൽ വസ്തു വാങ്ങുവാനും വീട് പണി തുടങ്ങുവാനുമൊന്നും പറ്റുമായിരുന്നില്ല. ചേട്ടനോട് ചോദിക്കാതെ ഒരു കാര്യവും ചെയ്യില്ല. സിബി ഇല്ലാത്ത ലോകം വലിയൊരു ശൂന്യതയായി സുര്യയ്ക്ക് തോന്നി.
സിബിയ്ക്ക് ഒരാപത്തും വരാതിരിക്കാൻ അവൻ അറിയുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ സിബിയുടെ ബന്ധുക്കൾ എത്തി. പിന്നെ അവിടെ നിൽക്കാൻ സുര്യയ്ക്ക് തോന്നിയില്ല. അത്രയ്ക്ക് മനം തകരുന്ന കാഴ്ചയായിരുന്നു തീയേറ്ററിന് മുന്നിൽ. പാസ്സേജിലൂടെ പുറത്തേക്കു നടക്കുമ്പോൾ പിന്നിലെ തേങ്ങലുകൾക്ക് ശക്തിപ്രാപിക്കുന്നത് സൂര്യ അറിഞ്ഞു.
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി നേരെ പോയത് അന്തോണീസ് പുണ്യാളന്റെ മുന്നിലേക്കായിരുന്നു. ഇനി അഭയം അവിടെ മാത്രേ ഉള്ളൂ. ഉള്ളിൽ കയറി നിലത്തേക്കിരുന്നു സൂര്യ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. മറ്റുള്ളവർ നോക്കുന്നതൊന്നും അവൻ ശ്രദ്ധിച്ചില്ല. മനസ്സിൽ സിബിയുടെ മുഖം മാത്രം.
ആ ചിരിയും സംസാരവും ഒരു പ്രത്യേക രീതിയിലുള്ള നടത്തവുമൊക്കെ മനസ്സിൽ തെളിഞ്ഞു തെളിഞ്ഞു വരുന്നു. ഇരുളിൽ ദിക്കറിയാതെ അലയുമ്പോൾ മുന്നിൽ വഴി കാട്ടിയ വെളിച്ചമായിരുന്നു സിബി ചേട്ടൻ. എന്ത് പ്രശ്നം വന്നാലും ഒരാൾ തുണയുണ്ടെന്നുള്ള ആശ്വാസം. അത് വല്ലാത്തോരു ശക്തിയായിരുന്നു പകർന്നു തന്നിരുന്നത്. അത് കൂടി നഷ്ടമായാൽ പിന്നെ മറ്റൊരു വഴിയില്ല. പാവം തന്റെ അടുത്തേക്ക് ബൈക്കിൽ വരുമ്പോഴാണ് ആ അപകടം. അതാലോചിക്കുമ്പോഴാണ് സുര്യയ്ക്ക് സങ്കടം ഇരട്ടിക്കുന്നത്.
സിബിയെ ജീവനോടെ തനിക്ക് തിരിച്ചു തന്നേക്കുവാൻ പുണ്യാളനോട് അവൻ കരഞ്ഞപേക്ഷിച്ചു. സൂര്യയുടെ പ്രാർത്ഥന പോലെ ജീവനോടെ സിബിയെ തിരികെ കിട്ടി. അത് പക്ഷെ ജീവസറ്റ അവന്റെ ശരീരം മാത്രമായിരുന്നു. സംസാരിക്കാൻ പറ്റാതെ, ശരീരമൊന്ന് ചലിപ്പിക്കാൻ പോലും കഴിയാതെ അവൻ മരവിച്ചു കിടക്കുന്നത് കണ്ടു സൂര്യയുടെ ദുഃഖം ഇരട്ടിച്ചു. ആ കാഴ്ച കാണാൻ ശേഷിയില്ലാതെ അവൻ മുറി വിട്ടിറങ്ങി.
പാസേജിലൂടെ മുന്നോട്ടു നടക്കുമ്പോൾ കാലുകളുടെ ശക്തി കുറയുന്നത് പോലെ തോന്നി. മന്ത് ബാധിച്ചത് പോലെ കാലുകൾ വലിച്ചു മുന്നോട്ടു നീങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങി. മനസും ശരീരവും ഒരേ പോലെ തളർന്നു താഴെ വീണേക്കുമെന്ന് തോന്നി. അടുത്ത് നിരയൊത്തിട്ടിരുന്ന കസേരകളിലൊന്നിൽ അവൻ ചെന്നിരുന്നു. മുന്നിലെ കസേരയിലേക്ക് കൈ വച്ച് അതിലേക്കു മുഖം പൂഴ്ത്തി. കണ്ണീർ തുള്ളികളായി നിലത്തേക്ക് ഇറ്റു വീണു.
'സൂര്യ...' എന്ന് വിളിച്ചു ഇനി സിബി ചേട്ടൻ ഓടി കയറി വരില്ല.
'നിനക്ക് സുഖമാണോ ? ' എന്ന് ചോദിച്ചു കൊണ്ടു ആ കാൾ ഇനി തന്നെ തേടി വരില്ല.
കഴിഞ്ഞു എല്ലാം. എത്ര നാൾ ചേട്ടനിങ്ങനെ കിടക്കുമെന്നറിയില്ല. ഈശ്വരാ താനിഷ്ടപ്പെടുന്നവർക്കൊക്കെ ഇങ്ങനൊരു വിധി വരുന്നതെന്താ?
സിബിയെ തിരികെ പാലായിലെ വീട്ടിലേക്കു കൊണ്ട് പോകുന്നത് വരെ സൂര്യ നിത്യവും ഹോസ്പിറ്റലിൽ പോയി അവനെ കണ്ടു. മിഴികൾ തുറന്നു കിടക്കുന്ന സിബിയുടെ അരുകിൽ സങ്കടം അടക്കി ആ മുഖത്തേക്ക് ഉറ്റു നോക്കി അവൻ നിൽക്കും. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവുന്നത് വരെ സിബി ഒരിക്കലെങ്കിലും തന്റെ മുഖത്തേക്ക് നോക്കുമെന്നും സംസാരിക്കുമെന്നും സൂര്യ വെറുതെ കൊതിച്ചു. ഒന്നുമുണ്ടായില്ല.
സ്ട്രക്ചറിൽ സിബിയെ ആംബുലൻസിലേക്ക് കയറ്റുമ്പോൾ അവസാനത്തെ പിടിവള്ളിയും നഷ്ടമായ സങ്കടത്തിൽ ആ കയ്യിൽ പിടിച്ചു സൂര്യ പൊട്ടികരഞ്ഞു. ആരോ അവനെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.
സിബിയെ കയറ്റിയ ആംബുലൻസിന്റെ പിന്നാലെ സൂര്യ കണ്ണീരോടെ റോഡിലേക്കിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. ഒടുവിൽ ചെന്നു നിന്നത് അന്തോണീസ് പുണ്യാളന്റെ മുന്നിൽ. ഉള്ളിൽ കയറി ഒരു തൂണിൽ ചാരി നിലത്തിരുന്നു. കണ്ണീർ ചാലിട്ട് കവിളിലൂടെ ഒഴുകി കൊണ്ടിരുന്നു. ഇനി എന്ത് ചെയ്യണമെന്നറിയില്ല. തന്റെ സങ്കടം പറഞ്ഞു തീർക്കാൻ ആരുമില്ല. തന്നെ ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ഒരു താങ്ങിന് വേണ്ടി സൂര്യ കൊതിച്ചു. ഇനി തനിച്ചാണ് എന്നുള്ള ചിന്ത സൂര്യയെ വീണ്ടും സങ്കടകടലിലേക്ക് തള്ളി.
കാൽ മുട്ടിലേക്ക് മുഖം ചേർത്ത് വച്ച് തന്നിലേക്ക് ചുരുണ്ടു കൂടി എത്ര നേരം അങ്ങനെയിരുന്നു എന്നറിയില്ല. ഒടുവിൽ എണീൽക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു. രൂപക്കൂടിനു മുന്നിലെ ഇരുമ്പ് തട്ടിൽ മെഴുകുതിരി കത്തിക്കാനും പ്രാർത്ഥിക്കാനും ആളുകൾ ഇടതടവില്ലാതെ വന്നുകൊണ്ടിരുന്നു.
സൗത്ത് റെയിൽവേസ്റ്റേഷൻ വഴി വൈറ്റില പോകുന്ന ഒരു ബസിൽ കയറി സൈഡ് അഴിയിലേക്ക് തല ചായ്ച്ചു അവനിരുന്നു. ബസ് വളഞ്ഞമ്പലം കഴിഞ്ഞു സൗത്ത് പാലത്തിലേക്ക് കയറുമ്പോഴാണ് സൂര്യ ചിന്തയിൽ നിന്നും ഞെട്ടി എണീൽക്കുന്നത്. അപ്പോഴേക്കും ബസ് മനോരമ ജംക്ഷനിൽ എത്തിയിരുന്നു. തിടുക്കത്തിൽ അവനിറങ്ങി.
അപ്പോൾ മൊബൈലിലേക്ക് കോൺട്രാക്ടർ ജോസഫ് ചേട്ടന്റെ കാൾ വന്നു. കുറച്ചു ദിവങ്ങളായി അയാൾ തുടർച്ചയായി വിളിക്കുന്നു. വെറുതെയിരുന്ന ആളെ പറഞ്ഞിളക്കിയത് താൻ തന്നെയാണ്. ഒരുമിച്ചു മുപ്പതിനായിരം കിട്ടിയപ്പോൾ ഇനിയങ്ങോട്ട് പണം വന്നു കുമിഞ്ഞു കൂടുമെന്ന് വെറുതെ ആശിച്ചു. ഇങ്ങനെയൊക്കെ ആയി തീരുമെന്ന് ആരറിഞ്ഞു. ഫോൺ ബെല്ലടിച്ചു നിന്നു.
പാലത്തിന്റെ വലതു സൈഡിലെ റോഡ് വഴി സൂര്യ പാളത്തിലേക്ക് കയറി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അപ്പോൾ വീണ്ടും ജോസഫ് ചേട്ടന്റെ കാൾ വന്നു. അവൻ ഫോണെടുത്ത് സംസാരിക്കുമ്പോൾ കുറച്ചു മുന്നിലെ ഇരുൾ വീണ പാളത്തിൽ ഒരു പിടിവലി നടക്കുന്നത് അവ്യക്തമായി കണ്ടു. ചുരിദാറണിഞ്ഞ ഒരു പെണ്ണിനെ ഒരാൾ ആക്രമിക്കുകയാണ്. എന്തൊക്കെയോ ആക്രോശിക്കുന്നുമുണ്ട്. ഫോൺ കട്ട് ചെയ്തിട്ടു അവൻ അവിടേയ്ക്കു ഓടി. അപ്പോഴേക്കും അവളെ തള്ളി മാറ്റി അയാൾ മുന്നോട്ടു കുതിച്ചു വന്നു.
"പിടിക്ക്... വിടരുതവനെ.... !" എന്ന് ആ പെൺകുട്ടി വിളിച്ചു പറയുന്നത് കേട്ടു.
ഒപ്പം അവൾ പിന്നാലെ ഓടി വരുന്നതും കണ്ടു. എന്തോ പ്രശ്നമുണ്ടെന്നു സൂര്യക്ക് മനസിലായി. ഓടി കിതച്ചു വരുന്ന ആളെ സൂര്യ വട്ടം പിടിച്ചു. അയാൾ പിടി വിടുവിക്കുവാൻ കുതറി.
ആ പെൺകുട്ടി അടുത്ത് എത്തുമ്പോഴേക്കും സൂര്യയെ അയാൾ ശക്തിയിൽ പിടിച്ചു തള്ളി. ബാലൻസ് തെറ്റി അവൻ പാളത്തിന്റെ സൈഡിൽ വിരിച്ചിരിക്കുന്ന മെറ്റലിലേയ്ക്ക് തെറിച്ചു വീണു. വീഴ്ചയിൽ സൂര്യയുടെ നെറ്റി മെറ്റലിൽ ചെന്നിടിച്ചു. വേദനയിൽ അവൻ ഒന്ന് കരഞ്ഞു. കഴച്ചു പൊട്ടുന്ന നെറ്റിയുടെ ഭാഗത്തു സൂര്യ വിരലുകൾ കൊണ്ട് പരതി. കൈയിൽ നനവ് പടരുന്നതറിഞ്ഞു നോക്കുമ്പോൾ കൈ വെള്ള മൊത്തം രക്തം. അപ്പോഴേക്കും മുഖത്തേക്ക് രക്തം ഒഴുകി പരക്കാൻ തുടങ്ങി. അവനെ തള്ളി മറിച്ചിട്ടു ഓടിയവൻ ഇരുളിൽ മറഞ്ഞു കഴിഞ്ഞിരുന്നു.
"നിന്നെ എന്നെങ്കിലുമെന്റെ കയ്യിൽ കിട്ടുമെടാ നായിന്റെ മോനേ... അന്ന് നിന്റെ അവസാനാ....നോക്കിക്കോ ഈ ഷെറിനെ നിനക്കറിയില്ല..."
അയാൾ ഓടിമറഞ്ഞ ദിക്കിലേക്ക് നോക്കി ആ പെൺകുട്ടി കിതച്ചു കൊണ്ട് ഒച്ചയിടുന്നത് സൂര്യ കേട്ടു. അവൾ തിരിച്ചു സൂര്യയുടെ അടുത്തേക്ക് വന്നു.
"എന്തെങ്കിലും പറ്റിയോ?"
നിലത്ത് നിന്നും അവനെ താങ്ങി എണീൽപ്പിച്ചു.
"ശ്ശോ... രക്തം വരുന്നുണ്ടല്ലോ."
ആന്തലോടെ പറഞ്ഞിട്ട് തോളിൽ കിടന്ന ഷാൾ ഊരി അവൾ സൂര്യയുടെ നെറ്റിയിൽ വരിഞ്ഞു കെട്ടി വച്ചു. അപ്പോഴാണ് മുന്നിൽ നിൽക്കുന്ന ആളെ വ്യക്തമായി സൂര്യ കണ്ടത്. ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസ് തോന്നിക്കുന്ന ഒരു ട്രാൻസ്ജൻഡർ ആയിരുന്നു അത്.
"നല്ല മുറിവുണ്ടെന്നു തോന്നുന്നു. വാ നമുക്കേതെങ്കിലും ഹോസ്പിറ്റലിൽ കാണിക്കാം."
മുന്നോട്ടു ഒരടി നടന്നപ്പോൾ സൂര്യക്ക് തല ചുറ്റുന്നത് പോലെ തോന്നി. അവൻ കുഴഞ്ഞു വീഴും മുന്നേ തിടുക്കത്തിൽ ഷെറിൻ താങ്ങി.
(തുടരും)
ഭാഗം - 5
സൂര്യ കണ്ണുകൾ തുറക്കുമ്പോൾ ഹോസ്പിറ്റൽ ബെഡിലായിരുന്നു. നെറ്റിയിലെ മുറിവ് മരുന്നു വച്ചു പൊതിഞ്ഞിരുന്നു. ഐ വി സ്റ്റാൻഡിൽ തൂക്കിയ ബോട്ടിലിൽ നിന്നും ഡ്രിപ് തുള്ളികളായി ട്യൂബ് വഴി കയ്യിലെ ഞരമ്പിലേക്ക് കടത്തി വിടുന്നുണ്ടായിരുന്നു. അവൻ മുഖം ചുളിച്ചു മിഴികൾ തുറക്കുന്നത് കണ്ടു ഷെറിൻ ആശ്വാസത്തോടെ ചിരിച്ചു.
"ഹോ സമാധാനായി..."
സുര്യയുടെ തോളിൽ കൈ ചേർത്ത് ഷെറിൻ ചോദിച്ചു.
"ഇപ്പോ എങ്ങനെയുണ്ട് ?"
സൂര്യയുടെ മുഖത്ത് ഒരു തണുത്ത ചിരി വിരിഞ്ഞു.
"ഒന്നും കഴിക്കാഞ്ഞിട്ടാ കുഴഞ്ഞു വീണതെന്ന് ഡോക്ടർ പറഞ്ഞു. നീയെന്താ ഇന്ന് മൊത്തം പട്ടിണി ആയിരുന്നോ. കാശില്ലാഞ്ഞിട്ടാ ഒന്നും മേടിച്ചു കഴിക്കാഞ്ഞേ?"
സൂര്യ അല്ലെന്നു മെല്ലെ തലയാട്ടി.
"പിന്നെന്താ നിന്റെ പ്രശ്നം?"
മറുപടി പറയാതെ സൂര്യ ഷെറിന്റെ മുഖത്തേക്ക് നോക്കി കിടന്നു. കനത്ത മേക്കപ്പും സ്ത്രീകളെ പോലെ അംഗചലനവുമൊക്കെ കണ്ടാൽ മുന്നിൽ നിൽക്കുന്നത് ഒരു പുരുഷനാണെന്ന് പറയില്ല. പുരുഷൻ എന്ന് പറയാൻ പറ്റില്ലല്ലോ. ഇവരെ സ്ത്രീയായി തന്നെ പരിഗണിച്ചില്ലെങ്കിൽ നല്ല ചീത്ത കിട്ടുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ധരിച്ചിരുന്ന വസ്ത്രത്തിന് ചേരുന്ന മാലയും കമ്മലും വളകളും. ഇടയ്ക്കിടെ മുടി ഒതുക്കി വയ്ക്കുന്ന ആ ശൈലി. ഒപ്പം കൈയിലെ വളകളും കിലുങ്ങുന്നു. നടക്കുമ്പോൾ കൊലുസിന്റെ താളത്തിലുള്ള ശബ്ദം. വളരെ അടുപ്പമുള്ളത് പോലെയാണ് ഷെറിൻ സംസാരിക്കുകയും പെരുമാറുകയുമൊക്കെ ചെയ്യുന്നത്.
ഒന്നുമില്ലെങ്കിലും പാളത്തിൽ ഉപേക്ഷിക്കാതെ തന്നെ ഇവിടെ വരെ എത്തിച്ചില്ലേ. കളഞ്ഞിട്ടു പോകാതെ കൂട്ടിരിക്കുകയും ചെയ്തിരിക്കുന്നു. ശരിക്കും ഇവരോടൊക്കെ തോന്നിയിരുന്നത് ഒരു തരം പുച്ഛമായിരുന്നു. പക്ഷെ ഇപ്പൊ ആ വെറുപ്പ് അലിഞ്ഞു പോയിരിക്കുന്നു. എന്തോ ഒരു അടുപ്പവും തോന്നുന്നു. ശരിക്കും ഇവർ ചെയ്യുന്ന തൊഴിലല്ലേ ഒരു ദിവസമെങ്കിലും താനും ചെയ്തത്. ഈ വേഷം കെട്ടിയിട്ടില്ലന്നല്ലേയുള്ളു.
"വിഷമിക്കണ്ടട്ടോ..."
അരുമയോടെ ഷെറിൻ സൂര്യയുടെ മുടിയിൽ തലോടി. പിന്നെ തുടർന്നു.
"എന്ത് പ്രശ്നമുണ്ടെങ്കിലും തുറന്നു പറഞ്ഞോ. നമുക്ക് പരിഹാരമുണ്ടാക്കാം. എന്റെയീ വെച്ചു കെട്ടും വേഷവുമൊക്കെ കണ്ടിട്ട് മറിച്ചൊന്നും ചിന്തിക്കണ്ട. ഞങ്ങളും നല്ല മനലിവുള്ളവരാ. ഞങ്ങൾ ട്രാൻസ്ജൻഡേർസ് വിചാരിച്ചാലും ഇക്കാലത്ത് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും. ഇയാൾ ധൈര്യമായി പറഞ്ഞോടോ..."
പറയുന്നതിനൊപ്പം ഷെറിൻ പതിഞ്ഞ ഒച്ചയിൽ ചിരിക്കുന്നുമുണ്ടായിരുന്നു. സ്വതവേ അവളുടെ മുഖത്തു ഒരു പുഞ്ചിരി എപ്പോഴും തെളിഞ്ഞു നിന്നിരുന്നു. ആർക്കും പെട്ടന്ന് ഒരിഷ്ടം തോന്നുന്ന പ്രകൃതം. ശരിക്കും തന്റെ മനസിലെ സങ്കടം ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ വട്ടു പിടിച്ചേക്കുമെന്നു സൂര്യയ്ക്ക് തോന്നി തുടങ്ങിയിരുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിനു ഒരുത്തരം വേണം. ഷെറിന്റെ മുഖത്തെ വാത്സല്യഭാവം കൂടി കണ്ടതോടെ അവളോട് എല്ലാം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. ഓർമ വയ്ക്കുമ്പോൾ മുതൽ ജീവിതത്തിൽ അനുഭവിച്ച എല്ലാ കാര്യങ്ങളും ഒന്നുമൊളിക്കാതെ സൂര്യ ഷെറിനോട് പറഞ്ഞു. ഒടുവിൽ സിബിയുടെ ആക്സിഡന്റ് വരെ. പറഞ്ഞു തീരുമ്പോഴേക്കും സുര്യയുടെ കണ്ണുകൾ നിറഞ്ഞു ഇരുവശത്തേക്കും തൂവിയിറങ്ങി.
കണ്ഠം ഇടറി: "ഒറ്റ ദിവസം കൊണ്ട് എല്ലാം തകർന്നു... മുന്നോട്ടു നോക്കുമ്പോൾ വഴിയും ദൂരവുമൊന്നും ഇല്ലാത്തവന്റെ ഗതികേട്. പെരുവഴിയിൽ ഞാൻ തനിച്ചായി.... ഒന്ന് സഹായിക്കാൻ. ആശ്വസിപ്പിക്കാൻ ഒരു വഴി പറഞ്ഞു തരാൻ ആരുമില്ല. അച്ഛനില്ല സഹോദരങ്ങളില്ല ബന്ധുക്കളില്ല കൂട്ടുകാരില്ല. ആരും...... ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല."
അവനെ സാകൂതം നോക്കിയിരുന്നിട്ട് ഷെറിൻ പറഞ്ഞു.
"ഈ ലോകത്തുള്ള എല്ലാവർക്കും പറയാനുണ്ടാവും കുഞ്ഞേ ഇത് പോലൊരു കഥ. എന്ന് വച്ചിട്ട് എല്ലാരും കരഞ്ഞു പിഴിഞ്ഞു നടക്കുന്നുണ്ടോ. വരുന്നത് വരുന്നിടത്തു വച്ചു കാണണം. അത്രേ ഉള്ളു. തനിച്ചായി പോകുന്നവന്റെ വേദന എനിക്കുമറിയാം. എന്ന് കരുതി അതിനെ പറ്റിയൊക്കെ ചിന്തിച്ചിരിക്കാനും കരയാനും തുടങ്ങിയാലേ അതിനെ സമയമുണ്ടാവു. അച്ചനും അമ്മയും സഹോദരങ്ങളും ബന്ധുക്കളുമൊക്കെ എനിക്കുമുള്ളതാ . എല്ലാവരും ഇവിടെ ഫോർട്ട് കൊച്ചിയിൽ തന്നെയുണ്ട്. എന്നിട്ട് ഞാനിവിടെ തനിച്ചു ജീവിക്കുന്നില്ലേ. ഞാനിങ്ങനെ ആയിപോയത് എന്റെ കുറ്റം കൊണ്ടാണോ. അല്ലല്ലോ. കളിയാക്കാനും തള്ളിപറയാനുമൊക്കെ നമുക്ക് ചുറ്റും ഒരുപാട് പേരുണ്ടാവും. പക്ഷെ നമ്മളെ ഒന്ന് കൈപിടിച്ചു കയറ്റാനും കൂടെ ചേർത്ത് പിടിക്കാനും ഈ ലോകത്ത് ആരുമുണ്ടാവില്ല. നിനക്കറിയോ എന്റമ്മ പോലും എന്നെ തള്ളി പറഞ്ഞിട്ടുണ്ട്. ഞാനെന്റെ വീട്ടിൽ നിൽക്കുന്നത് എല്ലാവർക്കും നാണക്കേടാ. ഒടുവിൽ സഹികെട്ടാണ് ഞാനാ വീട് വിട്ടിറങ്ങിയത്. പിന്നീട് അവിടുത്തെ ഒരു വിശേഷത്തിനും എന്നെ വിളിച്ചിട്ടില്ല..."
സങ്കടമല്ല ഷെറിന്റെ മുഖത്ത് ആരോടെക്കെയോ ഉള്ള ദേഷ്യവും അമർഷവും ഇരമ്പുന്നു.
"ഇപ്പൊ എന്റെ കയ്യിൽ കാശുണ്ട്. അതെല്ലാവർക്കും വേണം. പക്ഷെ ഞാനാ വീട്ടിൽ ചെല്ലാൻ പാടില്ല. പണം ആവശ്യം ഉള്ളപ്പോൾ ഫോണിൽ കൂടി സ്നേഹിക്കും. അത് കൊണ്ട് കാശ് കൊടുക്കുന്ന പരിപാടി ഞാനങ്ങു നിർത്തി. എന്നെ വേണ്ടാത്തവർ എന്റെ പണവും വാങ്ങണ്ട."
ഒരു നിമിഷം നിർത്തിയിട്ടു ഷെറിൻ തുടർന്നു.
"ഞങ്ങളെ പോലെയുള്ളവർ ഏറ്റവും കൂടുതൽ കൊതിക്കുന്നത് എന്തിനാണെന്ന് കുട്ടിക്കറിയോ. സ്നേഹത്തിനു വേണ്ടി. വീട്ടുകാരിൽ നിന്നും നമുക്ക് കിട്ടാത്തതും അതാണ്. പുറത്തു നമ്മൾ ഏറ്റവും കൂടുതൽ ചതിക്കപ്പെടുന്നതും സ്നേഹത്തിന്റെ പേരിലാണ്. ഒറ്റയ്ക്ക് താമസിച്ചു തുടങ്ങിയപ്പോൾ ഒരാളുടെ വാക്കിൽ ഞാനും വിശ്വസിച്ചു. അയാൾക്ക് ഭാര്യയും മക്കളുമുണ്ടെന്ന് ഞാനറിഞ്ഞില്ല. അയാൾ ശരിയല്ലെന്ന് കൂടെയുള്ളവർ പറഞ്ഞിട്ടും ഞാനത് ചെവി കൊടുത്തില്ല. അന്ധമായ സ്നേഹമായിരുന്നു എനിക്കയാളോട്. എനിക്ക് കിട്ടുന്ന പണം മൊത്തം ഞാൻ അയാൾക്ക് കൊടുത്തു. ഒരു ദിവസം ഭാര്യയോടും മക്കളോടുമൊപ്പം അയാൾ എന്റെ മുന്നിൽ വന്നു ചാടി. അന്ന് അവരുടെ മുന്നിലിട്ട് തന്നെ അയാളുടെ കരണകുറ്റി അടിച്ചു ഞാൻ പൊട്ടിച്ചു. അതാണ് അവസാന കാഴ്ച. പിന്നെ അയാളെ ഞാൻ കണ്ടിട്ടില്ല. ഇവിടെ വന്നിട്ടു ഞാൻ പഠിച്ച ആദ്യത്തേ പാഠം അതാണ്. വിശ്വസിക്കരുത് ഒരുത്തനെയും."
മുറുകിയ മുഖത്തോടെ കുറച്ചു നേരം ഷെറിൻ മൂകമായി ഇരുന്നു. ഉള്ളിൽ നുരയുന്ന രോക്ഷം കൊണ്ട് അവൾ പതിയെ കിതക്കുന്നത് സൂര്യ കണ്ടു. പതിയെ അവൾ സാധാരണ നിലയിലേയ്ക്ക് വരുന്നതും. പിന്നെ അലിവോടെ വീണ്ടും സൂര്യയെ നോക്കി.
"നിന്റെ പേര് ചോദിക്കാൻ വിട്ടുപോയി. എന്താ നിന്റെ പേര്?"
"സൂര്യ നാരായൺ. "
"ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഒരുപാട് സൂര്യമാരുണ്ട്."
ഷെറിൻ ചിരിച്ചു. അവളുടെ ചിരിയ്ക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് സൂര്യയ്ക്ക് തോന്നി. ഷെറിൻ തുടർന്നു.
"നീ സമാധാനമായിട്ടിരിക്ക്. ഒന്നുമില്ലെങ്കിലും നീയെന്റെ അടുത്ത് വന്നില്ലേ. ഇനി നിനക്ക് ഞാനുണ്ട്. ഇനി ഇവിടെ നിന്റെ അമ്മ ഞാനാണ്. എന്നെ പോലെ സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന ഒരുപാട് പേര് നിനക്ക് കൂട്ടിനുണ്ടാവും. ചാന്ത് പൊട്ടെന്നും പെണ്ണനെന്നുമൊക്കെ കളിയാക്കി വിളിക്കുന്ന ഞങ്ങളാരും എല്ലാം തികഞ്ഞതെന്ന് സ്വയം ഭാവിക്കുന്ന മറ്റുള്ളവരെ പോലെ കൂടെ നടന്നു ചതിക്കില്ല!"
ഷെറിൻ പെട്ടന്ന് ചാടി എണീറ്റു.
"ദേ ബോട്ടിൽ കാലി ആവാറായിട്ടുണ്ട്. ഞാൻ പോയി നഴ്സിനെ വിളിച്ചിട്ട് വരാം."
അവൾ റൂമിന് പുറത്തേക്ക് ഓടി പോയി. ഷെറിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു സൂര്യ. ഒരർത്ഥത്തിൽ തന്റെ അവസ്ഥ തന്നെയല്ലേ ഷെറിനും. അതിനേക്കാൾ പരിതാപകരം.തനിക്ക് അമ്മയെങ്കിലും കൂട്ടിനുണ്ട്. അവൾക്ക് അതു പോലുമില്ല. എല്ലാവരുമുണ്ടായിട്ടും അനാഥയെ പോലെ തനിച്ച്... ഇവരുടെ കൂട്ടത്തിൽ ഓരോരുത്തർക്കുമുണ്ടാവും ഇതു പോലെ ഉള്ള് നീറുന്ന ഓരോ കഥകൾ. പുറമെ നിന്ന് നോക്കിയാൽ ഇവരൊക്കെ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത്. തങ്ങളിൽ കളിയാക്കിയും തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചുമൊക്കെ എറണാകുളത്തേ പാതയോരങ്ങളിലൂടെ ഇവർ നടന്നു പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഡിസ്ചാർജ് വാങ്ങിയിട്ട് സുര്യയെ ഷെറിൻ കടവന്ത്രയിലെ തന്റെ വാടക വീട്ടിലേക്കാണ് കൂട്ടി കൊണ്ട് പോയത്.
"ഞങ്ങൾ നാല് പേര് ചേർന്നിട്ടായിരുന്നു ആദ്യം ഈ വീട് റെന്റിനെടുത്തത്. രണ്ടു അവളുമാര് സർജറി കഴിഞ്ഞു കല്യാണം കഴിച്ചു മാറി. ഇനി ഒരുത്തിയുണ്ട്. നൈറ്റ് ഡ്യൂട്ടിയ്ക്ക് പോയേക്കുവാ. നേരം വെളുക്കുമ്പോഴേക്കും ഇങ്ങെത്തും."
വാതിൽ തുറക്കുന്നതിനിടയിൽ തമാശ പോലെ ഷെറിൻ പറഞ്ഞു. ഇരുവരും അകത്തേയ്ക്ക് കയറി.
"ഈ വീടിനോടുള്ള ഇഷ്ടം കൊണ്ട് റെന്റ് കൂടിയിട്ടും മാറാൻ തോന്നുന്നില്ല. പിന്നെ നിന്നെ പോലെ ആരെങ്കിലുമൊക്കെ വന്നു ഇടയ്ക്ക് താമസിക്കും."
അവൾ അത്താഴം വിളമ്പി മേശയിലേക്ക് എത്തിക്കുന്നതിനിടയിൽ സൂര്യ ഒന്ന് മേല് കഴുകി വന്നു.
"നിനക്ക് ധരിക്കാൻ പറ്റിയ ഡ്രസൊന്നും ഇവിടെയില്ലല്ലോ കുട്ടി. വേണമെങ്കിൽ ഞാനെന്റെയൊരു നൈറ്റി തരാം മതിയോ?"
ഷെറിൻ കാര്യമായി ചോദിച്ചതാണ്. പക്ഷെ അത് കേട്ടു സൂര്യയ്ക്ക് ചിരി പൊട്ടി.
"എന്തേ വേണ്ടേ?"
വേണമെന്ന് തന്നെ അവൻ തലയാട്ടി. നൈറ്റിയണിഞ്ഞു സൂര്യ മുന്നിലെത്തിയപ്പോൾ ഷെറിൻ വിസ്മയത്തോടെ നോക്കി. മാത്രമല്ല വാത്സല്യത്തോടെ ചേർത്ത് പിടിക്കുകയും ചെയ്തു :
"നീയെന്റെ മോളാ. എന്റെ സൂര്യ മോൾ."
അത്താഴം കഴിക്കുന്നതിനിടയിൽ പാളത്തിൽ വച്ചു നടന്ന സംഭവം ഓർമിച്ചു സൂര്യ ചോദിച്ചു.
"ശരിക്കും അയാളുമായി അടിയിട്ടത് എന്തിനായിരുന്നു?"
"എന്നെ കൊണ്ട് ആ നാറി ജോലി ചെയ്യിച്ചിട്ട് കാശ് തരാതെ മുങ്ങിയതാ. പിന്നെ ഇന്നാ നേരിൽ കാണുന്നെ. സാരമില്ല എന്നെങ്കിലും എന്റെ മുന്നിൽ വന്നു ചാടും. അന്നവന്റെ കിണുങ്ങാമണിയെല്ലാം കൂടി ഞാൻ വലിച്ചു പറിച്ചെടുക്കും..."
സുര്യയ്ക്ക് ചിരി പോട്ടി. കഴിച്ചത് നെറുകിൽ കയറി അവൻ ചുമയ്ക്കാൻ തുടങ്ങി. ഷെറിൻ പെട്ടെന്നെണീറ്റ് അവന്റെ തലയിൽ തട്ടുകയും കുടിക്കാനായി വെള്ളം പകർന്നു കൊടുക്കുകയും ചെയ്തു. ശരിക്കും അമ്മയുടെ കരുതൽ പോലെ സൂര്യയ്ക്ക് തോന്നി. തുടർന്ന് തമാശ പറഞ്ഞും ചിരിച്ചുമൊക്കെ ഇരുവരും അത്താഴം കഴിച്ചു. അവസാനം താൻ തന്റെ ലോകത്ത് എത്തി ചേർന്നതായ് സൂര്യയ്ക്ക് തോന്നി. തന്റെ അസ്തിത്വം എന്താണെന്ന് തിരിച്ചറിഞ്ഞിട്ട് വർഷങ്ങളായി കഴിഞ്ഞിരുന്നു. പക്ഷെ മറ്റുള്ളവരെ ഭയന്ന് ഒന്നും പുറത്തു കാണിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു മുഖം മൂടി ധരിച്ചായിരുന്നു ഇത്രയും നാളും ജീവിച്ചത്. ഉള്ളിൽ പെണ്ണിന്റെ മനസ്സും പുറമെ പുരുഷന്റെ രൂപവും.
ഇവിടെ തനിയ്ക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. തന്നെ പോലെ നൂറായിരം ആളുകൾ. തനിക്ക് ഒരു പ്രശ്നമുണ്ടായാൽ കൂടെ നിൽക്കാൻ ഇനി ഇവരുണ്ടാവും. ഉറങ്ങുവാൻ വേണ്ടി ഷെറിൻ ബെഡ് തട്ടികുടഞ്ഞു വിരിക്കുമ്പോൾ സൂര്യ ചോദിച്ചു.
"ഞാനും വരട്ടെ നിങ്ങളുടെ കൂടെ... "
സൂര്യയുടെ ചോദ്യം കേട്ടു ഷെറിൻ മനസിലാവാതെ തിരിഞ്ഞു നോക്കി.
"നിങ്ങൾ ചെയ്യുന്ന ജോലിക്ക് ഞാനും വന്നോട്ടേന്ന്?"
"നിന്നേ കണ്ടിട്ട് ഈ ജോലിക്ക് ഇറക്കാൻ എനിക്ക് തോന്നുന്നില്ല കുട്ടി. ഹോട്ടലിലെ ഏ സി മുറി ആയിരിക്കില്ല നിന്റെ തട്ടകം. ചിലപ്പോഴെങ്കിലും തെരുവോരങ്ങളിലും നിനക്ക് പണിയെടുക്കേണ്ടി വരും. അതൊന്നും നീ താങ്ങുമെന്ന് തോന്നുന്നില്ല. ഇതൊരു ചെളിക്കുഴിയാണ്. വീണുപോയാൽ പിന്നേ കരയ്ക്കു കയറാൻ വലിയ പാടാ. രക്ഷപെട്ടതൊക്കെ ചുരുക്കം ചിലർ മാത്രമാ. നമ്മൾ ചെയ്യുന്നത് ഒരു ജോലിയാണെന്ന് നമുക്ക് മാത്രേ തോന്നു. പുറമെ നിന്നുള്ള കാഴ്ച അങ്ങനെ ആയിരിക്കില്ല. രാത്രി നമ്മുടെ അടുത്ത് സുഖം തേടി വരുന്നവർ പോലും പകൽ കണ്ടാൽ കളിയാക്കി ആട്ടിയോടിക്കും. വെറും നികൃഷ്ട ജീവിയെ പോലെ ആവും നമ്മളെയൊക്കെ നോക്കി കാണുന്നത്."
ഒരു നിമിഷം ചിന്തിച്ചിട്ട് സൂര്യ പറഞ്ഞു.
"ഒരു പാവപ്പെട്ടവൻ രക്ഷപ്പെടണമെങ്കിൽ ഒന്നുകിൽ ദൈവം അനുഗ്രഹിക്കണം അല്ലെങ്കിൽ നമ്മളെന്തെങ്കിലും സാഹസം കാണിക്കണം. എനിക്കിനി മുൻപിൻ നോക്കാനില്ല. എന്തായാലും നിങ്ങളെന്റെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പുണ്ടായാൽ മാത്രം മതി. എങ്ങനെയും എനിക്കെന്റെ വീട് പണി പൂർത്തിയാക്കണം. അതിന് എത്ര നാണംകെടാനും ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാ."
സൂര്യ ഉറപ്പിച്ച് പറഞ്ഞു നിർത്തി.
(തുടരും)
ഭാഗം - 6
അഞ്ചു മാസം കൊണ്ടാണ് സൂര്യ വീടിന്റെ ബാക്കി പണി മൊത്തം പൂർത്തിയാക്കിയത്. അമ്മയെയും മുത്തശ്ശിയെയും വാടക വീട്ടിൽ നിന്നും അങ്ങോട്ടേക്ക് മാറ്റി. ഇപ്പോഴും അമ്മ കരുതിയിരിക്കുന്നത് തനിക്ക് ബാറിലാണ് ജോലിയെന്നാണ്. രാത്രി കാലങ്ങളിൽ സ്ത്രീ വേഷം ധരിച്ചു മകൻ ശരീരം വിൽക്കുകയാണെന്ന് അറിഞ്ഞാൽ അമ്മ തകർന്നു പോകും.
പെട്ടന്ന് കുറച്ചു കാശുണ്ടാക്കാനാണ് ഈ നാണം കെട്ട പണിക്കിറങ്ങിയത്. വീട് പണിയായിരുന്നു പ്രധാനം. അത് കഴിഞ്ഞു ഈ തൊഴിൽ നിർത്തണമെന്ന് കരുതി. പക്ഷെ വീട് എന്ന സ്വപ്നം പൂർത്തിയായി കഴിഞ്ഞപ്പോൾ വീണ്ടും ആവശ്യങ്ങൾ കൂടി കൂടി വന്നു. ഒന്നുമില്ലാത്തവന് ആർത്തി കേറിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്ന് പഴമക്കാർ പറയും. തന്റെ കാര്യത്തിൽ അത് ശരിയായി. ഇങ്ങനെ എത്ര നാളെന്നറിയില്ല. ഇതിന്റെ അവസാനം എന്തായി തീരുമെന്നും അറിയില്ല.
അതിനെപറ്റിയൊന്നും ഇപ്പൊ ചിന്തിക്കാറുമില്ല. ഷെറിന്റെയും അവരുടെ ടീമിന്റെയുമൊപ്പം മനസും ശരീരവും ഒഴുകി തുടങ്ങിയിരിക്കുന്നു. വെളുപ്പിനെയാണ് വന്നു കിടന്നത്. അതുകൊണ്ട് തന്നെ നല്ല ക്ഷീണമുണ്ടായിരുന്നു. ഫ്രഷ് ആയി താഴെ പോയി കുടുംബശ്രീ ചേച്ചിമാർ നടത്തുന്ന ഹോട്ടലിൽ നിന്നും കാപ്പി കുടിച്ചു. തിരിച്ചു വന്നു കിടന്നപ്പോൾ അമ്മയെ വിളിക്കണമെന്ന് തോന്നി. രാജിയുടെ പ്രസവത്തിന്റെ ആവിശ്യത്തിന് അമ്മാവൻ വന്നു കാശ് ചോദിച്ചു എന്നാണ് അമ്മ രാവിലെ പറഞ്ഞത്. എത്രയൊക്കെ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലും കൂടപ്പിറപ്പിനെ കണ്ടാൽ അമ്മയുടെ മനസ്സലിയും. ദേഷ്യപ്പെട്ടാണ് ഫോൺ വച്ചത്.
തന്റെ ഒച്ച മാറിയാൽ അമ്മ കരഞ്ഞു തുടങ്ങും. പിന്നെ ഭക്ഷണം പോലും വേണ്ടാന്നു വച്ചിട്ട് ഒറ്റ കിടപ്പ് കിടക്കും. ഇനിയിപ്പോ അമ്മാവന് കാശ് കൊടുക്കാത്തതിന്റെ പേരിൽ സങ്കടപ്പെട്ടും പട്ടിണി കിടന്നും അസുഖമൊന്നും വരുത്തി വയ്ക്കണ്ട. അമ്മയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. മരിക്കുന്നത് വരെ ആ കണ്ണ് നിറയാതെ നോക്കണം. അത് കഴിഞ്ഞാൽ പിന്നെ കാത്തിരിക്കാൻ മറ്റാരുമില്ലാത്തവനും മോഹങ്ങളും ആശകളും നശിച്ചവനും എന്തായാലെന്ത്.
അമ്മയുടെ പേരിൽ ബാങ്കിൽ കുറച്ചു കാഷ് ഇട്ടിട്ടുണ്ട്. ഒരത്യാവശ്യം വന്നാൽ എടുക്കാൻ മാറ്റി ഇട്ടിരിക്കുന്നതാണ്. തന്റെ അക്കൗണ്ടിൽ കിടന്നാൽ എങ്ങനെയെങ്കിലും ചിലവായി തീരും. അമ്മയെ വിളിച്ചു അതിൽ നിന്നും അമ്മാവൻ ചോദിച്ച പണം കൊടുക്കാൻ പറഞ്ഞിട്ട് സൂര്യ വീണ്ടും കിടക്കയിലേക്ക് ചുരുണ്ടു. എണീൽക്കുമ്പോൾ അഞ്ചുമണി കഴിഞ്ഞിരുന്നു. താഴെ പോയി ഫുഡ് കഴിച്ചു. പിന്നെയും കുറച്ചു നേരം മൊബൈലിൽ കുത്തി കിടന്നു. ആറര കഴിഞ്ഞാണ് എണീറ്റത്. കുളി കഴിഞ്ഞു വന്നു പുതിയതായി വാങ്ങിയ ഒരു നീല കളർ ചുരിദാർ എടുത്തണിഞ്ഞു. തോളറ്റം വരെയെത്തുന്ന മുടി ചീകിയൊതുക്കി വച്ചു. കണ്ടാൽ നീളൻ മുടിയാണെന്നു തോന്നിക്കാൻ ആർട്ടിഫിഷ്യൽ മുടി സെറ്റ് ചെയ്തു വച്ച ഹെയർക്ലിപ്പ് പിടിച്ചിട്ടു. മറ്റുള്ളവർ മുഖത്ത് ഫൗണ്ടേഷനും റൂഷുമൊക്കെ പുരട്ടുമ്പോൾ സൂര്യ പൗഡർ മാത്രമാണ് പൂശുക. കണ്ണിൽ മഷിയെഴുതും. നെറ്റിയിൽ ഒരു വലിയ ചുവന്ന പൊട്ട്. ചെവിയിൽ പ്രെസ്സ് കമ്മൽ. ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി ചന്തം ഉറപ്പിച്ചു. ഇപ്പൊ കണ്ടാൽ ശരിക്കും ഒരു പെണ്ണിനെ പോലെ തന്നെ തോന്നിച്ചു. ആര് കണ്ടാലും മോഹിക്കുന്ന സുരസുന്ദരി!
ഇരുട്ട് വീണപ്പോഴാണ് ബാഗ് തൂക്കി റൂമിൽ നിന്നുമിറങ്ങിയത്. സൗത്ത് പാലത്തിനു താഴെ കളത്തിപറമ്പ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് സൂര്യയടക്കം മൊത്തം പത്തു പേരുടെ കേന്ദ്രം. സൂര്യ ചെല്ലുമ്പോൾ ഷെറിനും ധന്യയും ഷിന്റോയും രമ്യയുമെല്ലാം റെഡിയായി എത്തിയിട്ടുണ്ടായിരുന്നു. എല്ലാവരും കൂടിയാൽ നല്ല രസമാണ്. കലപില സംസാരിച്ചും തമാശയിൽ വഴക്കിട്ടും തങ്ങളിൽ കളിയാക്കിയും ഓളമാക്കും. മിക്ക ടീമിനും ഇരട്ടപ്പേരുണ്ട്.
ഷെറിന് 'രാജമ്മ' എന്നൊരു വിളിപ്പേര് കൂടിയുണ്ട്. കളിയാക്കി വിളിക്കുന്നതാണ്. അത് കേട്ടാൽ അവൾക്ക് ഹാലിളകും. പിന്നെ വായിൽ വരുന്ന ചീത്തയാവും അവൾ വിളിക്കുന്നത്. "ദേടി രാജമേ നിന്റെ മാപ്ല... " ഷെറിന്റെ സ്ഥിരം കസ്റ്റമർ വരുന്നത് കണ്ടു ധന്യ കൈ ചൂണ്ടി അറിയിച്ചു. എല്ലാവരും അത് കേട്ടു ചിരിച്ചു. കുറച്ചു പ്രായം ചെന്ന ഒരു ചേട്ടനാണ്. കൂലി പണിയാണ് ജോലി. ആരൊക്കെയുണ്ടായാലും ഷെറിനോട് മാത്രേ ആൾക്ക് കമ്പമുള്ളു. അവളില്ലെങ്കിൽ പുള്ളി തിരിച്ചു പോകും.
"മാപ്ല നിന്റെ മറ്റവൻ. ധന്യേ നീയെന്റെ വായീന്നു കേൾക്കും" ഷെറിൻ ഒച്ച വച്ചു.
ആ ചേട്ടൻ കുറച്ചു മാറി പരുങ്ങി നിന്നു. അതാണ് പതിവ്. ഇനി ഷെറിൻ അവിടേക്ക് ചെന്ന് കൂട്ടി കൊണ്ട് പോരണം. അവൾ അയാളുടെ അടുത്തേക്ക് നടന്നു അവർ നിൽക്കുന്ന സ്ഥലത്തിന് പിന്നിൽ കാട് കയറിയ ഒഴിഞ്ഞ ചെറിയൊരു പറമ്പുണ്ട്. അതാണ് റൂമില്ലാത്തവർക്ക് കൂടാനുള്ള പ്ലേസ്. സൂര്യ കുറച്ചു മുകളിലേക്ക് മാറി നിന്നു. കൂട്ടത്തിൽ നിൽക്കാതെ തനിയെ നിൽക്കുന്നതാണ് അവളുടെ ശീലം. സ്ഥിരം വരുന്ന കുറച്ചു ടീമുണ്ട്. പിന്നെ കൊള്ളാവുന്നത് നോക്കി സെലക്ട് ചെയ്യാനും അതാണ് സൗകര്യമെന്ന് സൂര്യക്കറിയാം. കൂട്ടത്തിൽ കാണാൻ ചന്തം കൂടുതൽ സൂര്യയ്ക്കായതു കൊണ്ട് അവളുടെ അടുത്തേക്കാവും കൂടുതൽ ആളുകൾ വരുന്നത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ റേറ്റ് കൂട്ടിപറയും. സ്വാഭാവികമായും അവർ മറ്റുള്ളവരുടെ അടുത്തേക്ക് പൊയ്ക്കോളും. ബൈക്കിലും കാറിലുമൊക്കെ ആവശ്യക്കാർ റോന്ത് ചുറ്റുന്നത് കാണാമായിരുന്നു. പകൽ മാന്യന്മാരായി നടക്കുന്ന പലരും ഇരുളിന്റെ മറവു പറ്റി പമ്മി പമ്മി എത്താറുണ്ട്. ചിലർ കാറിൽ വന്നു ഇഷ്ടപ്പെട്ടവരെ സെലക്ട് ചെയ്തു കൊണ്ട് പോകും. ബൈക്കിൽ വന്ന ഒരു പയ്യൻ സൂര്യയോട് സംസാരിച്ചു റേറ്റ് പറഞ്ഞുറപ്പിച്ചു.
സൂര്യ ചൂണ്ടി കാട്ടിയ ഒഴിഞ്ഞ കെട്ടിടത്തിന് മുന്നിലേക്ക് അവൻ നടന്നു പോയി കാത്തു നിന്നു. സൂര്യ അവിടേക്ക് നടക്കാൻ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ വളവ് തിരിഞ്ഞു ഒരു ബൈക്ക് പാഞ്ഞു വന്നു. മാക്സിമം ബ്രേക്ക് പിടിച്ചിട്ടും ബൈക്ക് സുര്യയുടെ കാലിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ അവൾ റോഡിലേക്ക് വീണുപോയി.
സുര്യയെ കാത്തു നിന്ന പയ്യൻ ഇത് കണ്ടു ഭയന്ന് അവന്റെ ബൈക്കിനടുത്തേക്ക് ഓടി വണ്ടി സ്റ്റാർട്ട് ചെയ്തു ജീവനും കൊണ്ട് പാഞ്ഞു പോയി. നിലത്ത് നിന്നും സൂര്യ എണീൽക്കാൻ തുനിയുമ്പോൾ ബൈക്കിൽ വന്ന ആൾ തിടുക്കത്തിലിറങ്ങി അവളെ താങ്ങി എണീൽപ്പിച്ചു.
"എന്തെങ്കിലും പറ്റിയോ?" ഹെൽമെറ്റിന്റെ ഗ്ലാസ്സുയർത്തി വച്ചിട്ട് അവൻ ചോദിച്ചു. അപ്പോഴേക്കും ആരൊക്കെയോ ഓടി കൂടിയിരുന്നു. വിവരമറിഞ്ഞു താഴെ നിന്ന് ഷെറിനും ടീമും ഓടി പാഞ്ഞെത്തി. വന്നപാടെ എല്ലാവരും ബൈക്കിൽ വന്നവന്റെ നേരെ തിരിഞ്ഞു ഒച്ചവയ്ക്കാനും ചീത്തവിളിക്കാനും തുടങ്ങി.
"നിനക്കെന്തെങ്കിലും പറ്റിയോ?"
സൂര്യയുടെ കയ്യിൽ പിടിച്ചു ഷെറിൻ അടിമുടി പരിശോധിച്ചു.
"ഭയങ്കര വേദന... കാല് നിലത്ത് കുത്താൻ പറ്റുന്നില്ല... " സൂര്യ വേദനയോടെ പറഞ്ഞു. പിന്നെ തന്നെ ഇടിച്ചു വീഴ്ത്തിയ ആളിന്റെ ചുറ്റും നിന്ന് ഒച്ചവയ്ക്കുന്നവരോടായി അപേക്ഷിച്ചു.
"അയാളെ ഒന്നും ചെയ്യണ്ട....അയാളുടെ തെറ്റല്ല ഞാൻ നോക്കാതെ പോയിട്ടാ.." സൂര്യ പറയുന്ന കേട്ടിട്ടും അയാളെ വെറുതെ വിടാൻ ആർക്കും ഉദ്ദേശമില്ല.
"എന്തായാലും ആശുപത്രിയിൽ പോകാനുള്ള കാശ് തന്നിട്ട് പോയാൽ മതി. ഇല്ലെങ്കിൽ നീയിന്ന് ഇവിടുന്ന് പോവില്ല...."
"അവളെ ഹോസ്പിറ്റലിൽ ഞാൻ കൊണ്ട് പോയാൽ പോരെ... " അയാളുടെ ചോദ്യം. ഒപ്പം ബൈക്കിൽ കടന്നിരുന്നിട്ട് സൂര്യയെ ക്ഷണിക്കുകയും ചെയ്തു. എല്ലാവരും ചേർന്നു സൂര്യയെ പിടിച്ചു ബൈക്കിന്റെ പിന്നിലേക്ക് കയറ്റിയിരുത്തി.
"ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിക്കണം. ആവശ്യമുണ്ടെങ്കിൽ ഞാൻ വരാം...." ഷെറിൻ ഓർമിപ്പിച്ചു.
ബൈക്ക് മുന്നോട്ടു പായുമ്പോൾ ക്ഷമാപണത്തോടെ അയാൾ പറയുന്നുണ്ടായിരുന്നു. "സോറി കേട്ടോ. ഇയാളെ ഞാൻ കണ്ടില്ലായിരുന്നു... "
നല്ല വേദനയുള്ളത് കൊണ്ട് കടിച്ചു പിടിച്ചു സൂര്യ മൂളി.
"നല്ല പെയിൻ ഉണ്ടല്ലേ?"
"ഇല്ല.... നല്ല സുഖം"
സൂര്യ അരിശത്തോടെ പറഞ്ഞു. പിന്നെ അയാളൊന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ ബൈക്ക് നിർത്തിയിറങ്ങി അയാൾ ഹെൽമെറ്റ് ഊരി ഹാന്റിലിൽ തൂക്കി. അപ്പോഴാണ് ആളുടെ മുഖം സൂര്യ വ്യക്തമായി കാണുന്നത്. ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസ് തോന്നിക്കുന്ന സുമുഖനായൊരു യുവാവ്!
വലതു കാൽ നിലത്ത് കുത്തി നടക്കാൻ സൂര്യക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. അത് കണ്ടു അവൻ തിടുക്കത്തിൽ വന്ന് താങ്ങി. ഒരു ക്രോസ്സ് ഡ്രസ്സറിനോട് പൊതുവെ ആളുകൾക്ക് തോന്നുന്ന പുച്ഛമോ അകൽച്ചയോ ഒന്നും ആ മുഖത്ത് കാണാനില്ല. വളരെ അടുത്ത ആൾക്ക് എന്തെങ്കിലും അപകടമുണ്ടായാൽ നമ്മൾ കാണിക്കുന്ന ഒരുതരം പരിഭ്രാന്തിയും സ്നേഹവും കരുതലുമൊക്കെയാണ് അവിടെ നിറയുന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പരിശോധിച്ചു എക്സ് റേ എടുക്കാനുള്ള കുറിപ്പെഴുതി കൊടുത്തു. കാലിൽ ചെറിയൊരു ഫ്രാക്ചർ ഉണ്ടായിരുന്നു. മുട്ട് മുതൽ പാദം വരെ കാൽ പ്ലാസ്റ്റർ കൊണ്ട് പൊതിഞ്ഞു. കുറച്ചു ദിവസം റസ്റ്റ് എടുക്കണമെന്ന് ഡോക്ടർ അറിയിച്ചു. കഴിക്കാനുള്ള മരുന്നും കൊടുത്തു. കൗണ്ടറിൽ ബിൽ പേ ചെയ്യുമ്പോൾ പേഴ്സിൽ പരതിയിട്ട് അവൻ നിന്ന് പരുങ്ങി. സൂര്യ കാണാത്ത മട്ടിലിരുന്നു. അവൻ അടുത്തേക്ക് വന്നു.
"അതേ ഒന്നും തോന്നരുത്... ഇത്രയും കാഷ് എന്റെ കൈയിലില്ല...." ചമ്മലോടെ പതറി അവൻ പറയുന്നത് കേട്ടു സുര്യ സൂക്ഷിച്ചൊന്ന് നോക്കി. കണ്ടാൽ ഇത്ര ദരിദ്ര്യവാസിയാണെന്ന് പറയില്ല. സൂര്യയുടെ കൂർത്ത നോട്ടം കണ്ടു അവൻ ജാള്യത്തോടെ ചിരിച്ചു.
"സോറി..."
ബാഗിൽ നിന്നും കാഷ് എടുത്തു സൂര്യ അവന്റെ കയ്യിൽ കൊടുത്തു. അവൻ ബിൽ പേ ചെയ്തിട്ട് വരുമ്പോൾ സൂര്യ ഭിത്തിയിൽ പിടിച്ചു പുറത്തേക്ക് പോകാൻ തുനിയുന്നത് കണ്ടു ഓടി വന്നു താങ്ങി. ഒപ്പം നടക്കുമ്പോൾ അവൻ ചോദിച്ചു.
"വീട് ഇവിടെ അടുത്താണോ. അതോ കുറേ ദൂരമുണ്ടോ?"
"ബുദ്ധിമുട്ടണ്ട. എന്നെയൊരു ഓട്ടോയിൽ കയറ്റി വിട്ടാൽ മതി." താല്പര്യമില്ലാത്ത മട്ടിൽ സൂര്യ പറഞ്ഞു.
"അയ്യോ അത് വേണ്ട. എവിടെയാണെന്ന് പറഞ്ഞാൽ മതി ഞാൻ ഡ്രോപ്പ് ചെയ്യാം. തനിക്ക് ഇങ്ങനൊരു ആക്സിഡന്റ് പറ്റിയത് ഞാൻ കാരണമല്ലേ . അപ്പൊ റോഡിൽ ഉപേക്ഷിച്ചു പോകുന്നത് മോശമല്ലേ..." അവൻ ചിരിച്ചു.
സൂര്യ അവനെ നോക്കിയില്ല. ഇതിനെ എങ്ങനെ ഒഴിവാക്കുമെന്നായി ചിന്ത. പക്ഷെ അവൻ ഓടിപ്പോയി ബൈക്ക് കൊണ്ട് വന്നു മുന്നിൽ നിർത്തി സൂര്യയെ പിന്നിലേക്ക് കയറിയിരിക്കാൻ സഹായിച്ചു.
"തന്റെ വീട് എവിടെയാണെന്ന് പറഞ്ഞില്ലല്ലോ... "
"സൗത്ത് റെയിൽവേ സ്റ്റേഷൻ."
"റെയിൽവേ സ്റ്റേഷനിലോ?"
അവൻ മുഖം തിരിച്ചു അമ്പരന്ന് നോക്കി.
"എന്താ റെയിൽവേ സ്റ്റേഷനെന്ന് കേട്ടിട്ടില്ലേ? "
"അതിനുള്ളിലോ? "
"അതിന്റുള്ളിൽ ആൾക്കാരെ താമസിപ്പിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഞാൻ താമസിക്കുന്നത് അതിന്റെ മുന്നിലെ ലോഡ്ജിലാ . "
"ഓ അങ്ങനെ..."
അവൻ ചിരിയോടെ ഹെൽമെറ്റ് ധരിച്ചു. പിന്നെ വണ്ടി മുന്നോട്ട് ഓടിച്ചു.
"എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ? "
"വണ്ടിയിടിച്ച് കാലുമൊടിച്ചു എന്റെ ജീവിതം തുലച്ചിട്ട് ചോദിക്കുന്നു ദേഷ്യം ഉണ്ടോന്ന്. ഇല്ല. ഭയങ്കര സ്നേഹമാ തോന്നുന്നേ."
"റിയലി സോറിടോ.... ശരിക്കും തന്നെ ഞാൻ കണ്ടില്ല. ആ ഏരിയയിൽ ലൈറ്റ് കുറവാ.മാത്രമല്ല അവിടൊരു ടേൺ കൂടിയാണല്ലോ. "
"അപ്പോൾ സ്പീഡല്പം കുറച്ച് ഓടിക്കുന്നതാണ് മര്യാദ."
"സോറി! ഇനി അവിടെത്തുമ്പോൾ ഞാൻ സൂക്ഷിച്ചോളാം. ഓക്കേ ? "
"എവിടെ ആയിരുന്നാലും കുറച്ചു സൂക്ഷിക്കുന്നത് നല്ലതാ. പ്രത്യേകിച്ചു കാലി പേഴ്സും കൊണ്ട് നടക്കുന്നവർ..."
അവന് പെട്ടന്ന് ചിരി പൊട്ടി. സൂര്യയ്ക്ക് പക്ഷെ ചിരി വന്നില്ല.
"താൻ ഭയങ്കര കോമഡിയാണല്ലോ...." ചിരി അടക്കി അവൻ പറയുന്നു.
"സീരിയസായിട്ട് പറഞ്ഞതാ..." സൂര്യ മുഖം കൂർപ്പിച്ചു.
"ദേ വീണ്ടും കോമഡി..." അവൻ നിർത്താതെ ചിരിക്കാൻ തുടങ്ങി.
ഇതൊരു ശല്യമായല്ലോ എന്ന രീതിയിൽ അവൾ നെറ്റിയിൽ കൈ ചേർത്തു വച്ചു. ഇയാൾക്ക് തലയ്ക്കു വല്ല ഓളവുമുണ്ടോ എന്നായി ചിന്ത. സൂര്യ പറഞ്ഞ ലോഡ്ജിനു മുന്നിൽ വണ്ടി നിർത്തി മുകളിലേക്കുള്ള സ്റ്റെയർകേസിന് അടുത്തേക്ക് താങ്ങി നടത്തിച്ചു. കഷ്ടിച്ച് ഒരാൾക്ക് മാത്രം നടന്നു പോകാൻ പറ്റുന്ന സ്റ്റെയറിൽ സൂര്യയെ ഒപ്പം താങ്ങി കയറാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒന്ന് ചിന്തിച്ചിട്ട് അവൻ അവളെ തന്റെ കൈകളിൽ കോരിയെടുത്തു. പിന്നെ സൈഡ് തിരിഞ്ഞു മുകളിലേക്ക് സ്റ്റെപ്പുകൾ കയറാൻ തുടങ്ങി. അങ്ങനെയൊരു നീക്കം സൂര്യ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
നെഞ്ചിലെന്തോ കൊളുത്തി പിടിച്ചത് പോലെ സുര്യയ്ക്ക് തോന്നി. കാമത്തോടെ പലരും കെട്ടിപിടിച്ചിട്ടുണ്ട്. എടുത്തുയർത്തിയിട്ടുമുണ്ട്. പക്ഷെ കരുതലോടെ ഒരാൾ നെഞ്ചിലേറ്റുന്നത് ആദ്യമായിരുന്നു. അവന്റെ നെഞ്ചിലെ ചൂടും ഹൃദയമിടിപ്പും തൊട്ടറിയുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ മനസ്സിൽ നിറയുകയാണ്.
മുകളിലെത്തിയിട്ടും താഴെ നിർത്താതെ ബാഗിൽ നിന്നും ചാവിയെടുത്തു സൂര്യ ഡോർ തുറക്കുന്നത് വരെ സുരക്ഷിതമായി അവൻ താങ്ങി പിടിച്ചു നിന്നു.
പടികൾ കയറി വന്നത് കൊണ്ടാവും നേരിയ കിതപ്പ് അവനിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. കിടക്കയിൽ കൊണ്ടിരുത്തിയിട്ട് അവൻ ഇരു കയ്യും ഇളിയിൽ കുത്തി നിന്ന് ചുറ്റിനുമൊന്ന് വീക്ഷിച്ചു. പിന്നെ ചോദിച്ചു.
"ഇവിടിയാൾ തനിച്ചാണോ?"
സൂര്യ അതേയെന്ന് തലയാട്ടി.
"ചോദിക്കാൻ വിട്ടു. എന്താ തന്റെ പേര് ?"
"സൂര്യ "
"ഞാൻ ഇജോ" അവൻ കൈ നീട്ടി.
സൂര്യ ആ കയ്യിലൊന്നു പിടിച്ചു വിട്ടു.
"ഇനി ഞാനെന്തെങ്കിലും ഹെല്പ് ചെയ്തു തരേണ്ടതുണ്ടോ ? "
"ഇല്ല. "
"എന്നാൽ ഞാൻ പൊയ്ക്കോട്ടേ? "
"മം... "
"സോറി ട്ടോ ... "
"ഇതിപ്പോ എത്രാമത്തെ തവണയാ സോറി പറയുന്നെന്ന് വല്ല ബോധ്യവുമുണ്ടോ. പറഞ്ഞു പറഞ്ഞു ആ സ്റ്റോക്ക് തീർക്കണ്ട. ഇനിയും ആവശ്യം വരും."
ചമ്മലൊന്നുമില്ല ചെക്കന്റെ മുഖത്ത്. കുറച്ചു കൂടി ഫ്രീ ആയതു പോലെ തോന്നി. ആ വെട്ടിയൊതുക്കിയ കറുകറുത്ത താടിയിൽ അവൻ കൂടുതൽ സുന്ദരനായി കാണപ്പെട്ടു. കട്ടിയേറിയ പുരികത്തിനു മുകളിലെ വീതിയേറിയ നെറ്റിത്തടം ലൈറ്റിന്റെ വെളിച്ചത്തിൽ വെണ്ണപോലെ തിളങ്ങുന്നുണ്ടായിരുന്നു. ആ കുസൃതിചിരിയും സംസാരവുമൊക്കെ നല്ല രസകരമായി സുര്യയ്ക്ക് തോന്നി. ഡോറിലേക്ക് നടന്നിട്ട് അവൻ എന്തോ ആലോചിച്ചു തിരിച്ചു വന്നു.
"എനിക്ക് തന്റെ ഫോൺ നമ്പർ ഒന്ന് തരാമോ. ഞാൻ കാരണമാണല്ലോ താനിങ്ങനെ ആയത്. അപ്പൊ ഇടയ്ക്ക് വിളിച്ചു ചോദിക്കാനുള്ള മര്യാദ കാണിക്കണമല്ലോ."
സൂര്യ പറയുന്ന നമ്പർ അവൻ മൊബൈലിൽ സേവ് ചെയ്തു.
"എന്നാൽ പൊയ്ക്കോട്ടേ... " വീണ്ടും ചോദ്യം.
പോകാൻ ഒട്ടും താല്പര്യമില്ലാത്തൊരു ഭാവം ആ മുഖത്ത് തെളിയുന്നു. ഉള്ളിലെ ചിരി പുറമെ കാട്ടാതെ സൂര്യ പതിയെ തലയാട്ടി. വാതിൽക്കൽ ചെന്നിട്ടു ഡോറിൽ പിടിച്ചു അവൻ തിരിഞ്ഞു നിന്നു.
"റിയലി സോറി കേട്ടോ."
ഇക്കുറി സൂര്യ പൊട്ടിച്ചിരിച്ചു പോയി. അതും ഒച്ചവെച്ചുള്ള ചിരിയല്ല. മണികൾ കിലുങ്ങുമ്പോലെ. അത് കണ്ടു മിഴികൾ വിടർത്തി ഇജോ നോക്കി . പൂനിലാവ് പൊഴിയുമ്പോലെ അവന്റെ മുഖത്തു മനോഹരമായ ഒരു ചിരി വിരിഞ്ഞു .
(തുടരും)
ഭാഗം - 7
ഇജോ യാത്ര പറഞ്ഞു ഇറങ്ങിയ പിന്നാലെ ഷെറിൻ വിളിച്ചു.
"ഹലോ മോളേ...നീ എവിടെയാടി? ഹോസ്പിറ്റലിലാണോ അതോ റൂമിൽ വന്നോ. എന്തായി?"
"റൂമിലുണ്ട്. കാലിൽ പ്ലാസ്റ്ററിട്ടു. കുറച്ചു ദിവസം റെസ്റ്റ് എടുക്കണമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നെ... "
"എന്ത് കഷ്ടമാണെന്ന് നോക്ക്. ഓരോ കാലകേട് വന്നു കയറുന്നതെ. ആൾക്കാര് വഴി നടക്കുന്നത് കാണാതിരിക്കാൻ ഇവന്റെയൊക്കെ കണ്ണിലെന്തോന്നാ പൂച്ച പെറ്റു കിടക്കുന്നോ. എന്നെങ്കിലും എന്റെ മുന്നിൽ കണ്ടോട്ടെ. അന്നവന്റെ അവസാനമാണ്. എന്നിട്ട്.... ഹോസ്പിറ്റൽ ബില്ല് ആര് കൊടുത്തു. നീയോ അതോ ആ തെണ്ടിയോ? അല്ല നിന്നെ പറ്റിക്കാൻ എളുപ്പമാണല്ലോ. അത് കൊണ്ട് ചോദിച്ചതാ."
ഉള്ളിലെ അമർഷം മൊത്തം ഷെറിന്റെ സ്വരത്തിൽ പ്രകടമായിരുന്നു. അത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് സുര്യയ്ക്കറിയാം.
"അയാൾ കൊടുത്തു. "
അങ്ങനൊരു നുണ പറയാനാണ് സുര്യയ്ക്കപ്പോൾ തോന്നിയത്. എന്തുകൊണ്ടോ ഇജോയെ പറ്റി ഒരു മോശം രീതിയിൽ പരാമർശിക്കാൻ തോന്നുന്നില്ല. ഹോസ്പിറ്റലിൽ വച്ചു ബിൽ പേ ചെയ്യാൻ തയ്യാറായി പേഴ്സ് എടുക്കുന്നതും അതിൽ അത്രയും കാഷ് ഇല്ലാത്തതിന്റെ ഒരു ചമ്മൽ ആ മുഖത്ത് തെളിയുന്നതും കണ്ടിരുന്നു. അതൊരു അഭിനയമായി തോന്നിയില്ല. പാവം. കയ്യിൽ ഇല്ലാഞ്ഞിട്ടല്ലേ. മാത്രമല്ല തന്നെ ബൈക്കിൽ തിരികെ കൊണ്ടു വന്നതും താഴെ നിന്നും മുകളിലെക്ക് ചുമന്ന് എത്തിച്ചതും അവനല്ലേ. അതൊക്കെ ചെയ്യാനും നല്ലൊരു മനസ്സ് വേണം. ഇല്ലെങ്കിൽ ഹോസ്പിറ്റലിന്റെ മുന്നിൽ കൊണ്ട് തള്ളിയിട്ടു മുങ്ങിയേനെ.
"ശരി മോള് കിടന്നോ. അമ്മ രാവിലെയങ്ങ് വന്നേക്കാം. കേട്ടോ"
ഷെറിന്റെ ഫോൺ കട്ടായി കുറച്ചു കഴിഞ്ഞപ്പോൾ പരിചിതമല്ലാത്ത മറ്റൊരു നമ്പറിൽ നിന്നും കാൾ വന്നു. ആദ്യം ഏതോ കസ്റ്റമർ വിളിക്കുന്നുവെന്നാണ് കരുതിയത്.
"ആരാന്ന് മനസിലായോ? "
ആ ഒച്ച കേട്ടപ്പോഴേ ആളെ സൂര്യയ്ക്ക് പിടി കിട്ടി. ഇജോ! വിളിക്കുമെന്ന് കരുതിയിരുന്നില്ല.
"വീട്ടിലെത്തിയോ?" സൂര്യ അന്വേഷിച്ചു.
"അപ്പോൾ മനസിലായല്ലേ?" അവന്റെ മനസിലെ സന്തോഷം ആ ചിരിയിൽ പ്രകടമായിരുന്നു.
"പിന്നേ മറക്കാൻ പറ്റോ. റോഡിൽ നിന്ന എന്നെ ബെഡിലെത്തിച്ച ആളല്ലേ?" പെട്ടന്ന് ആള് നിശബ്ദനായി. തുടർന്ന് ഒരു ക്ഷമാപണം കൂടി.
"സോറി സൂര്യ"
"ദേ തുടങ്ങി. ദൈവത്തെയോർത്ത് ഈ സോറി പറച്ചിലൊന്ന് നിർത്താമോ. കേട്ടു മടുത്തു."
"ഓക്കേ. എങ്കിലിനി സോറി മാറ്റി പിടിക്കാം... ക്ഷമിക്കു എന്നായാലോ?" ഒപ്പം ഇജോയുടെ അമർത്തിയ ചിരി.
"ഒന്നും പറയണ്ട. എന്നെ വണ്ടി ഇടിച്ചതും കാലിൽ പ്ലാസ്റ്ററിട്ടതും ഞാനീ കിടക്കുന്നതുമൊക്കെ വിധിയാണ്. ആർക്കും തടയാൻ പറ്റില്ല."
"അതാണ്.... " ഇജോ പിന്താങ്ങി :
"നമുക്കിങ്ങനെ വിളിക്കാനും സംസാരിക്കാനുമൊക്കെ പറ്റിയതും അതുകൊണ്ടാണല്ലോ. തനിക്കറിയോ കുറച്ചു ദിവസങ്ങളായി അത് വഴി കടന്നു പോകുമ്പോഴൊക്കെ തന്നെ ഞാൻ നോട്ട് ചെയ്യൂന്നുണ്ടായിരുന്നു. ശരിക്കും ഇയാളെ ഒന്ന് കാണാൻ വേണ്ടിയാണ് അതിലെ റൗണ്ട് ചെയ്തു പോകുന്നെ. ഒന്ന് അടുത്ത് വന്നു സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. താൻ പറഞ്ഞ പോലെ കർത്താവിന്റെ ഡിസിഷൻ ഇന്ന് പുള്ളി നടപ്പിലാക്കി..."
"എന്നെ കാണാൻ വേണ്ടി മാത്രം അത് വഴി പോകുന്നെന്നോ....കളിയാക്കുവാണോ?"
"അല്ല സൂര്യ. ഗോഡ് പ്രോമിസ്. "
"പിന്നെന്താ എന്റടുത്തേക്ക് വരാഞ്ഞേ. നാണംകെടുമെന്നു വിചാരിച്ചിട്ടോ അതോ മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കുമെന്ന് കരുതീട്ടോ?"
"രണ്ടുമല്ല. അങ്ങനൊരു ഫീൽ എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് തന്നെയും കൊണ്ട് ഞാൻ ഹോസ്പിറ്റൽ വരെ പോകുമോ. തിരികെ തന്റെ റൂമിൽ കൊണ്ട് വിടുമോ...? മറ്റുള്ളവർ എന്ത് തിങ്ക് ചെയ്യുമെന്ന കാര്യത്തിൽ ഞാൻ ബോതേർഡ് ആവാറില്ല. ബികാസ് അവരുടെയൊന്നും ചിലവിലല്ല ഞാൻ കഴിയുന്നെ. പിന്നെ എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യത്തിന് ആൻസറില്ല . ചിലരോടൊക്കെ നമുക്കൊരു ഇഷ്ടം തോന്നുമെങ്കിലും അടുത്ത് ചെന്ന് സംസാരിക്കാൻ ഒരു സങ്കോചം തോന്നാറില്ലെ. എന്തോ ഒന്ന് നമ്മുടെ മനസ്സിൽ ബാക്കിലേക്ക് വലിക്കുന്ന പോലെ. അത് മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കുമെന്ന് തോന്നീട്ടാണോ. അല്ലല്ലോ? "
"പിന്നേ ഇജോയുടെ വീട്ടിൽ ആരൊക്കെയുണ്ട്?" വിഷയം മാറ്റാൻ വേണ്ടി ചോദിച്ചതാണ്.
"അപ്പാ. അമ്മ.പിന്നെ ഒരു സിസ്റ്റർ. ജെനി. അവൾ മഹാരാജാസിലാ പഠിക്കുന്നേ.... ഡിഗ്രി ഫൈനൽ ഇയർ."
"അപ്പായ്ക്ക് എന്താ ജോലി?"
"അതൊരു ബിഗ് സ്റ്റോറിയാ. അപ്പായ്ക്ക് ബിസിനസ് ആയിരുന്നു. പൊളിഞ്ഞു പാളീസായി. കേസും വഴക്കും പ്രശ്നങ്ങളും. പിന്നെ എല്ലാം എന്റെ ഷോൾഡറിൽ വച്ചു തന്നിട്ട് പുള്ളിക്കാരൻ ബെഡിൽ കയറി അനങ്ങാതെ ഒറ്റ കിടത്തം. ഡോക്ടർ അതിനു സ്ട്രോക്ക് എന്ന് പേരുമിട്ടു..."
"യ്യൊ... "
"അയ്യോ പൊത്തോന്ന് വിളിച്ചിട്ട് കാര്യമൊന്നുമില്ല. സൂര്യ നേരത്തെ പറഞ്ഞില്ലേ. ഫേറ്റ്. അതനുഭവിച്ചല്ലേ പറ്റു..."
"ഇജോ എന്ത് ചെയ്യുവാ...? "
"M C A കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും അപ്പായുടെ ബിസിനസിൽ പ്രോബ്ലം സ്റ്റാർട്ട് ചെയ്തു തുടങ്ങി. അതുകൊണ്ട് പാതിയിൽ നിർത്തി. ഇപ്പൊ ചെറിയൊരു ജോബ് ഉണ്ട്. വീട്ടു ചിലവൊക്കെ നടന്നു പോകും. അത് കൊണ്ട് പറ്റില്ലല്ലോ. ഒരു പെങ്കൊച്ചു കല്യാണപ്രായമായി വരുവല്ലേ. അവളെ മാര്യേജ് ചെയ്തു വിടണ്ടേ. എങ്ങനേലും എബ്രോഡ് പോകാൻ ട്രൈ ചെയ്യുന്നുണ്ട്. നമ്മളീ കളിയിൽ ഇടയ്ക്കു വച്ചു തോൽക്കുമ്പോൾ ഇനി ഒന്നേന്ന് തുടങ്ങാന്ന് പറയാറില്ലേ ? അതുപോലെ എല്ലാം മായ്ച്ചു കളഞ്ഞിട്ട് ആദ്യം മുതൽ തുടങ്ങാനുള്ള ശ്രമം..."
പരിചയപെടുന്നവരെല്ലാം ഒരേ വിഭാഗത്തിൽപ്പെടുന്നവരാണല്ലോയെന്ന് സൂര്യ. അത്ഭുതത്തോടെ ഓർത്തു. എങ്ങനെ ഇവരൊക്കെ കൃത്യം വന്നു ചാടുന്നു. അതാണ് അതിശയം.
"ഇനി സുര്യയുടെ വിശേഷങ്ങൾ പറ." ഇജോയുടെ ഒച്ച.
"വീട് ആലപ്പുഴ. അച്ഛനില്ല. മരിച്ചു പോയി. വീട്ടിൽ അമ്മ മാത്രേ ഉള്ളു."
"ചുരുക്കം പറഞ്ഞാൽ ടെൻഷൻ ഒന്നുമില്ല.. അല്ലേ ? "
"എന്ന് പറയാം." അപ്പൊൾ മറു തലയ്ക്കൽ "ഇജോ..." എന്ന് ആരോ ഉറക്കെ വിളിക്കുന്ന ഒച്ച സൂര്യ കേട്ടു.
"ശരി സൂര്യ. എന്നെ ഇവിടെ അമ്മ വിളിക്കുന്നു. ഞങ്ങൾ ഫുഡ് കഴിക്കും മുന്നേ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്ന പതിവുണ്ട്. അപ്പോൾ ഞാൻ വയ്ക്കട്ടെ. നാളെ വിളിക്കാം...ഒക്കെ ? "
"മം... "
"ടോ..."
"എന്താ?"
"ഗുഡ് നൈറ്റ്. "
ഫോൺ കട്ടായിട്ടും അവന്റെ മധുരമുള്ള ശബ്ദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. മൊബൈൽ നെഞ്ചിലേക്ക് വച്ചു സൂര്യ അങ്ങനെ കിടന്നു. ഇജോയെ കണ്ടാൽ എന്തെങ്കിലും ഒരു കുറവ് തോന്നുമോ?
ഇല്ല.
ഏതോ ഒരു പണക്കാരന്റെ സുന്ദരനായ മകൻ. അവൻ ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടാൽ വലിയൊരു സങ്കടം ഉള്ളിൽ വച്ചു കൊണ്ട് നടക്കുകയാണെന്ന് പറയുകയുമില്ല. പുറമെ നിന്ന് നോക്കുന്നത് പോലെയല്ലല്ലോ ഒരാളുടെയും ജീവിതം. ഏതെങ്കിലും രീതിയിൽ വേദനിക്കാത്ത ഒരു മനുഷ്യൻ പോലും ഈ ലോകത്തു ഇല്ലെന്നു തോന്നുന്നു. ഹോസ്പിറ്റലിൽ വച്ചു പേഴ്സ് തുറന്നു നോക്കിയിട്ട് പരുങ്ങി നിന്ന ഇജോയുടെ മുഖം ആലോചിച്ചപ്പോൾ പണ്ട് താൻ അനുഭവിച്ച ദുരിതം സൂര്യ ഓർത്തു. അവനിൽ എവിടെയൊക്കെയൊ തന്റെ രൂപം കാണുന്നു. തന്നെ പോലെ ജീവിതം കരുപ്പിടിപ്പിക്കുവാൻ തനിയെ പൊരുതി നീങ്ങുന്ന ചെറുപ്പക്കാരൻ. തന്റെ അതേ അവസ്ഥ. ആളുകളും ജീവിത രീതികളും സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് മാത്രം. ദിവസവും ഒരുപാട് പേരെ കാണുന്നുണ്ട്. അടുത്ത് ഇടപഴകുന്നുണ്ട്. പല രൂപത്തിൽ. പ്രായത്തിൽ. സ്വഭാവത്തിൽ..
പക്ഷെ അവർക്കൊക്കെ തിളച്ചു പൊന്തി വരുന്ന കാമം തീർക്കാനുള്ള ഉപകരണം മാത്രമാണ് താൻ. അതിനപ്പുറം ഒരു വൈകാരിക ബന്ധം ആരോടും തോന്നിയിട്ടില്ല. തോന്നേണ്ട കാര്യവുമില്ല. പണം മാത്രമായിരുന്നു പ്രധാനം. തനിക്ക് ആവശ്യവും അത് മാത്രമായിരുന്നു. ഒരാളുടെ രൂപവും ചിരിയും സംസാരവുമൊന്നും പിന്നീട് ഒരിക്കൽ കൂടി ചിന്തിച്ചും കൂട്ടി കിഴിച്ചും ഇരുന്നിട്ടില്ല. പക്ഷെ ഇത്... ഇജോയോട് ഒരു പ്രത്യേക മമത മനസ്സിൽ മുള നാമ്പിടുന്നുണ്ടോ? ഒരു പ്രത്യേക തരം ഇഷ്ടം.
ഉണ്ടോ ?
സൂര്യ തന്റെ മനസാക്ഷിയോട് തന്നെ ചോദിച്ചു നോക്കി. വ്യക്തമായി ഒരുത്തരം കിട്ടിയില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിപ്പോ തന്നെ വലിച്ചു പറിച്ചു കളയണം. കാരണം അഴുക്കു ചാലിൽ കിടക്കുന്ന ജീവിതമാണ്. മനസ്സിൽ പോലും ഒരാളെ ഇഷ്ടപ്പെടാൻ പാടില്ല. അതൊരു അത്യാഗ്രഹമായിപ്പോകും. അവസാനം ഒരുപാട് കരയേണ്ടിയും വരും. വെറുതെ എന്തിനാണ് വേലിയിൽ ഇരിക്കുന്ന എടുത്തു തോളിൽ വയ്ക്കുന്നത്. അത് വേലിയിൽ തന്നെ ഇരുന്നോട്ടെ. ഓരോരുത്തർക്കും ദൈവം ഓരോന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതം ഇങ്ങനെയൊക്കെ എരിഞ്ഞു തീരണമെന്നാണ് ദൈവം എഴുതി വച്ചിരിക്കുന്നത്. അത് അങ്ങനെ നടന്നോട്ടെ.
ഷെറിൻ പറയുന്നത് പോലെ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. അതാണ് മനസമാധാനമായി കിടന്നുറങ്ങാനുള്ള ഒരേയൊരു മരുന്ന്. കണ്ണുകൾ ഇറുകെ അടച്ചു പൂട്ടി എല്ലാം മറന്നു ഉറക്കം കാത്തു ഒറ്റ കിടത്തം. രാവിലെ ഇജോയുടെ വിളി കേട്ടാണ് ഉണരുന്നത്. ആദ്യം കരുതിയത് സ്വപ്നമാണെന്നാണ്. കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിൽ നിറഞ്ഞ ചിരിയോടെ ചെക്കൻ നിൽക്കുന്നു. ഉറക്കപിച്ചിൽ സൂര്യ പകച്ചു നോക്കി. അവൻ ഹെൽമെറ്റ് തലയിൽ നിന്നും ഊരി മാറ്റി പിടിച്ചു.
"ഹലോ..... ഇത് ഞാനാടോ. ഇജോ...." അവൻ ചിരിക്കുന്നു.
"രാവിലെ ഉണർന്നപ്പോൾ ഞാൻ തന്റെ കാര്യമോർത്തു. ഈ വയ്യാത്ത കാലും വച്ചു എങ്ങനെ താഴെ ഇറങ്ങി പോയി ഫുഡ് കഴിക്കുമെന്ന്...." കയ്യിലെ കവർ ഇജോ മേശ മേൽ വച്ചു.
"അമ്മ എനിക്ക് കഴിക്കാൻ തന്നു വിട്ടതാ.. താൻ കഴിച്ചിട്ട് ടിഫിൻ ബോക്സ് ഇവിടെ തന്നെ വച്ചിരുന്നാൽ മതി. ഞാൻ രാത്രി വന്നു കളക്ട് ചെയ്തോളാം. അപ്പൊ പോകുവാണെ.... ഇനിയും നിന്നാൽ ജോലിക്ക് കയറാൻ ലേറ്റാവും."
ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഇജോ വാതിൽ കടന്നു മറഞ്ഞു കഴിഞ്ഞു. ഒന്നും മനസിലാവാതെ സൂര്യ വാതിൽക്കലേക്ക് നോക്കി. ഈശ്വരാ! ഇതെന്തൊക്കെയാണ് നടക്കുന്നത്? കാണുന്നത് സ്വപനമല്ലെന്ന് ഉറപ്പിക്കാൻ സൂര്യ കണ്ണ് തിരുമി നോക്കി. വഴിയിൽ വച്ചു കണ്ട പരിചയം മാത്രമുള്ള ആളോട് ഇത്രയും സ്നേഹവും കരുതലും കാണിക്കേണ്ട കാര്യമുണ്ടോ. ഒന്നുറങ്ങി എണീറ്റാൽ തീർന്നു പോയേക്കുമെന്നു കരുതിയ ബന്ധം. ഇല്ലാത്ത സമയം കണ്ടെത്തി തനിക്ക് വേണ്ടി ഭക്ഷണപൊതിയുമായി ഓടി പാഞ്ഞു വന്നിട്ട് പോയിരിക്കുന്നു. ആർക്കും തോന്നില്ല ഇങ്ങനെയൊന്നും. തോന്നിയാൽ തന്നെ ആരും ചെയ്യില്ല. എന്തോ ഇജോയോടുള്ള ഇഷ്ടം നെഞ്ചിലിങ്ങനെ നിറഞ്ഞു നിറഞ്ഞു വരുന്നത് സൂര്യ അറിഞ്ഞു.
(തുടരും )
ഭാഗം - 8
ഇജോ കൊണ്ടു വന്ന ഭക്ഷണം സൂര്യ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷെറിനും ധന്യയും കൂടി കയറി വന്നത്.
"ഇതെവിടുന്നാടി?"
അതിശയത്തിൽ ഇരുവരും ഒരുമിച്ചാണ് ചോദിച്ചത്.
"ഇജോ കൊണ്ട് തന്നു."
"അതാര്?" ഷെറിൻ സംശയത്തോടെ നോക്കി.
"ഇന്നലെ ബൈക്ക് കൊണ്ട് വന്നിടിച്ചില്ലെ. അവൻ."
"ഈശ്വര... എനിക്ക് വയ്യ."
കളിയായി ചിരിച്ചു കൊണ്ട് ധന്യ കട്ടിലിൽ ചെന്നിരുന്നു.
"മം.... അവൾക്ക് ഒട്ടും വയ്യ."
ഷെറിൻ അനിഷ്ടത്തോടെ ധന്യയെ നോക്കി. പിന്നെ സൂര്യയുടെ നേരെ തിരിഞ്ഞു.
"അവനെന്തിനാടി ഇതൊക്കെ നിനക്ക് കൊണ്ട് വന്നു തരുന്നേ... ഈ ചെയ്തു തന്നതൊന്നും പോരെ?"
ഷെറിന് അത്ര പിടിച്ചിട്ടില്ലെന്ന് അവളുടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു.
"ഇങ്ങനൊക്കെ ചോദിച്ചാ ഞാനെന്ത് പറയാനാ. രാവിലെ കൊണ്ട് തന്നിട്ട് പോയി. വിശന്നപ്പോൾ ഞാനെടുത്തു കഴിച്ചു. അത്രേയുള്ളൂ."
"അതിന് നീയെന്തിനാടി ഇങ്ങനെ ആധി പിടിക്കുന്നെ?"
ധന്യ മുഖം ചുളിച്ചു. ഷെറിനെ നോക്കി.
"വിശപ്പറിയുന്നവൻ വിശന്നിരുന്നവളുടെ വിശപ്പ് മാറ്റുന്നു. അവര് ഒറ്റയ്ക്കോ ഒരുമിച്ചോ ഇരുന്നു കഴിച്ചോട്ടേന്നേ...."
പറഞ്ഞു നിർത്തി ധന്യ സൂര്യയെ നോക്കി ചുണ്ട് കടിച്ചു പിടിച്ചു ചിരി അടക്കാൻ ശ്രമിക്കുന്നത് ഷെറിൻ കണ്ടു. വിട്ടു കൊടുക്കാൻ ഭാവമില്ലാതെ ഷെറിൻ ധന്യയ്ക്ക് നേരെ തിരിഞ്ഞു.
"ഞാനേ ഇവളുടെ അമ്മയാ. ഇതൊക്കെ എനിക്കറിയണം. എന്റെ കൊച്ച് ഏതെങ്കിലും ഊരാ കുടുക്കിൽ ചെന്ന് ചാടിയാൽ പിന്നെ അവളുടെ കണ്ണീരു ഞാൻ തന്നെ കാണണ്ടേ..."
"പിന്നേ... ഒരമ്മ. ഒന്ന് പോയെടി. എന്റെ പൊന്ന് സൂര്യേ നീയിവള് പറയുന്നതൊന്നും കേൾക്കാൻ നിക്കല്ലേ... നല്ലതാണെന്നു നിനക്കുറപ്പുണ്ടെങ്കിൽ മുറുക്കി പിടിച്ചോ. വിട്ടു കളയരുത്. അവസരങ്ങൾ എന്നും നമ്മളെ തേടി വരത്തില്ല. അതോർത്താൽ നിനക്ക് കൊള്ളാം... എന്റെയൊക്കെ ജീവിതം നീ കാണുന്നുണ്ടല്ലോ..."
"നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും ഇജോ വന്നത് എന്നെ കെട്ടി കൂടെ കൊണ്ടു പോവാനാണെന്ന്... നിങ്ങളവനെ നേരിട്ട് കണ്ടിട്ടില്ലല്ലോ... കാണുമ്പോഴും ഇങ്ങനെയൊക്കെ തന്നെ പറയണം..."
"എന്ന് വച്ചാൽ അവനാരാടി കുഞ്ചാക്കോ ബോബനോ... ആണെങ്കിൽ തന്നെ എന്താ നീ ഞങ്ങളുടെ ഐശ്വര്യറായി അല്ലേ... കുഞ്ചാക്കോ ബോബനും ഐശ്വര്യറായീ തമ്മിൽ ചേരത്തില്ലേ...?"
പറഞ്ഞിട്ട് ധന്യ കുണുങ്ങി ചിരിക്കുന്നു.
"ദേ ധന്യേച്ചി.... വെറുതെ എന്നെ കൊണ്ട്..." സൂര്യ മുഖം കൂർപ്പിച്ചു.
"എനിക്കൊന്ന് കൈ കഴുകണം.... ആർക്കെങ്കിലുമൊന്ന് സഹായിക്കാൻ പറ്റോ..."
അവളുടെ ചോദ്യം കേട്ട് ഷെറിൻ പോയി ഒരു ബേസനിൽ വെള്ളവുമായി വന്നു. അവളുടെ മുഖം മുറുകി തന്നെയിരുന്നു. സൂര്യയുടെ കയ്യും മുഖവും കഴുകി കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
"നമ്മുടെ ഇടയിൽ കഴുകന്മാർ ഇറങ്ങുന്നത് പല രൂപത്തിലാ. പക്ഷെ ഉദ്ദേശം ഒന്നേയുള്ളു നമ്മുടെയൊക്കെ കണ്ണും കരളും കൊത്തി വലിക്കൽ. മുതലെടുക്കാൻ മറ്റുള്ളവർക്ക് നമ്മളായിട്ട് ഒരവസരമുണ്ടാക്കി കൊടുക്കരുത്... അത്രേ എനിക്ക് പറയാനുള്ളൂ. "
ധന്യ ഏറ്റെടുത്തു.
"നിന്റെ ജീവിതത്തിൽ ഒരു ചതി പറ്റിയെന്നു കരുതി എല്ലാവരെയും ആ കണ്ണിൽ കാണരുത്. കഴുകന്മാരല്ലാത്തവരും ഇവിടൊക്കെയുണ്ട്. നീ കാണാഞ്ഞിട്ടാ. ജീവിതകാലം മൊത്തം ഈ അഴുക്കിൽ കിടന്നു നരകിക്കാതെ നമ്മുടെ ഇടയിൽ നിന്നും ആരെങ്കിലുമൊക്കെ രക്ഷപെട്ടു പോകുന്നത് നല്ലതല്ലേ."
ഷെറിൻ ബേസനുമായി ബാത്റൂമിലേക്ക് പോയപ്പോൾ ഒന്ന് മതിയാക്ക് എന്നർത്ഥത്തിൽ സൂര്യ ധന്യയെ നോക്കി തൊഴുതു. ബാത്റൂമിൽ നിന്നും വന്നിട്ട് ഷെറിൻ സൂര്യയോട് പറഞ്ഞു.
"നിന്നേ വിളിച്ചു കൊണ്ട് പോകാൻ വന്നതാ ഞങ്ങള് . കാല് വയ്യാതെ തനിച്ചിവിടെ നിൽക്കണ്ട... വാ ഞങ്ങളുടെ അങ്ങ് പോവാം. കാലൊക്കെ നേരെ ആയിട്ട് ഇങ്ങോട്ട് പോന്നാൽ മതി."
അതാണ് നല്ലതെന്ന് സൂര്യയ്ക്കും തോന്നി. സൂര്യയ്ക്ക് അത്യാവശ്യം വേണ്ടുന്ന ഡ്രസ്സുകളും മറ്റു സാധനങ്ങളും ധന്യയും ഷെറിനും ചേർന്ന് ഒരു ബാഗിലേയ്ക്ക് എടുത്തു വയ്ക്കാൻ തുടങ്ങി.
"മോളേ ഇന്നലെ നീയിട്ടിരുന്ന ആ ബ്ലു കളർ ചുരിദാറില്ലേടി... അതൊന്ന് ധന്യേച്ചിയ്ക്കിടാൻ തായോ. ഇന്നലെ നീയതിട്ട് നിൽക്കുന്ന കണ്ടപ്പോൾ തോന്നിയ കൊതിയാ..."
"അത് കഴുകീട്ടില്ല ധന്യേച്ചി...മുഷിഞ്ഞു കിടക്കുവാ..."
"സാരമില്ല. ധന്യേച്ചി കഴുകിക്കോളാം."
"അതിന് നിനക്കതു പാകം ആവോ? "
ഷെറിൻ ചോദിക്കുന്നു.
"പാകം ആയിട്ടില്ലെങ്കിൽ ഞാനാക്കിക്കോളാം..."
ധന്യയുടെ മറുപടി. ഷെറിൻ പിന്നെ ഒന്നും മിണ്ടിയില്ല. ആരും കാണാതെ ഇജോയുടെ ടിഫിൻ ബോക്സ് കവറിൽ പൊതിഞ്ഞു സൂര്യ ബാഗിനുള്ളിൽ ഒതുക്കി വച്ചു. അവൻ വിളിച്ചാൽ കടവന്ത്രയിലെ വാടക വീട്ടിലേക്കു പോരാൻ പറയാമെന്നു കരുതി. എന്നാൽ ഇരുൾ വീണിട്ടും അവന്റെ വിളി സുര്യയെ തേടി എത്തിയില്ല. ഷെറിന്റെ വിലക്ക് ഓർമിച്ചു അങ്ങോട്ട് വിളിക്കാനും തോന്നിയില്ല. ധന്യയും ഷെറിനും പോയിക്കഴിഞ്ഞു തനിച്ചായപ്പോൾ ഇജോയെ പറ്റിയുള്ള ചിന്തകൾ വരിവെച്ച് മനസ്സിലേക്ക് കയറി വരാൻ തുടങ്ങി. എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ കുസൃതി ചിരിയും നിർത്താലില്ലാതെയുള്ള സംസാരവുമൊക്കെ തെളിഞ്ഞു തെളിഞ്ഞു വരികയാണ്. ഒടുവിൽ സഹികെട്ടു മൊബൈലെടുത്തു അവനെ വിളിക്കാൻ തുനിഞ്ഞു. പിന്നെ വേണ്ടന്നു വച്ചിട്ട് കുറച്ചു നേരം കണ്ണടച്ചു കിടന്നു. ഒരു രക്ഷയുമില്ല. ചിന്തകൾ കാടുകയറുകയാണ്.
ടിഫിൻ ബോക്സ് എടുക്കാനെങ്കിലും വരേണ്ടതല്ലേ?
ഇനി ലോഡ്ജിൽ ചെന്നിട്ടു തന്നെ കാണാഞ്ഞു മടങ്ങി പോയിട്ടുണ്ടാവോ?
അവിടെ ചെന്നിട്ടുണ്ടെങ്കിൽ ഉറപ്പായും തന്റെ ഫോണിൽ വിളിക്കുമായിരുന്നല്ലോ.
ഇനിയെന്തെങ്കിലും അപകടം?
ആ ചോദ്യം ഒരു മിന്നൽ പിണർ പോലെ മനസിലൂടെ കടന്നു പോയി. സിബിയുടെ കാര്യമാണ് അപ്പോൾ ഓർമിച്ചത്. പിന്നെ അമാന്തിച്ചില്ല. ഫോണിൽ ഇജോയുടെ നമ്പർ നോക്കുമ്പോൾ അവൻ ഇങ്ങോട്ട് വിളിച്ചു.
"ഹായ് സൂര്യ... ഞാനങ്ങോട്ട് വരുവാ... താനെന്തെങ്കിലും കഴിച്ചിരുന്നോ?"
സുര്യയുടെ ശ്വാസം നേരെ വീണത് അപ്പോഴാണ്. ബൈക്കിലാണെന്ന് തോന്നുന്നു. വണ്ടികൾ ഹോൺ മുഴക്കി ചീറിപായുന്നതിന്റെയൊരു ഒച്ചയും ബഹളവും കേൾക്കുന്നുണ്ടായിരുന്നു.
"ഞാൻ ലോഡ്ജിൽ ഇല്ലല്ലോ ഇജോ. എന്നെ ഇവരൊക്കെ ഇങ്ങോട്ട് കൂട്ടികൊണ്ട് പോന്നു."
"എങ്ങോട്ട്?"
സൂര്യ വഴി പറഞ്ഞു.
"ഓക്കേ. താൻ കട്ട് ചെയ്തോ. ഞാൻ ദേ എത്തി..."
അരമണിക്കൂറിനുള്ളിൽ ബൈക്ക് റോഡിലെത്തി കഴിഞ്ഞു. സൂര്യ വീട് പറഞ്ഞു കൊടുത്തു. ഇജോയെ മുന്നിൽ കണ്ടപ്പോൾ സൂര്യ ശരിക്കും അമ്പരന്നു പോയി. രാവിലെ കണ്ട ആളെ അല്ല. മുടിയും താടിയുമൊക്കെ അലങ്കോലമായി വല്ലാത്തോരവസ്ഥ. ഒറ്റ ദിവസം കൊണ്ട് അവനാകെ ക്ഷീണിച്ചത് പോലെ തോന്നിച്ചു.
"എന്ത് പറ്റി ഇജോ. എന്ത് കോലമായിത്...?"
ആന്തലോടെ സൂര്യ ചോദിച്ചു.
"ഒന്നുല്ലടോ. "
അവൻ ചുമൽ കുടഞ്ഞു കൊണ്ട് ജാള്യതയോടെ ചിരിച്ചു. കൈ ഉയർത്തി മുടി മാടി ഒതുക്കി വച്ചു.
"എന്തോ പ്രശ്നമുണ്ട്. എന്നോട് പറ..."
സൂര്യ ചോദ്യം ആവർത്തിച്ചു.
"ഞാൻ എന്റെയൊരു ഫ്രണ്ടിനെ കാണാൻ പോയതാ. വൈപ്പിൻ. "
"എന്തിന്?"
ഒന്ന് മടിച്ചിട്ട് അവൻ തുടർന്നു.
"കുറച്ചു കാഷ് ചോദിക്കാൻ..."
"എന്നിട്ട്. കിട്ടിയോ?"
"തന്നില്ലെന്നു മാത്രമല്ല. അവനൊന്നു പുറത്തിറങ്ങി വന്നത് കൂടിയില്ല..."
ഇജോയുടെ മുഖത്ത് സങ്കടം ഇരമ്പുന്നു. അത് ഒളിക്കാൻ ഇടതു കൈ ഉയർത്തി അവൻ മുഖം അമർത്തി തുടച്ചു. പിന്നെ ചിരിക്കാൻ ശ്രമിച്ചു. പക്ഷെ അത് പരാജയപ്പെടുകയും ചെയ്തു. അത് കണ്ടു സൂര്യ വല്ലാതായി. കയ്യിൽ ഒരു രൂപയില്ലാതെ നാട് നീളെ ഓടിയത് ഓർമ വന്നു. നമ്മുടെ പോക്കറ്റ് കാലിയാണെങ്കിൽ പരിചയക്കാർ പോലും മുഖം തിരിച്ചു പോകുമെന്ന സത്യം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ആ വേദന ആരെക്കാളും നന്നായി തനിക്കറിയാം.
"ആ വലതു വശത്തെ മുറിയിൽ മേശയുടെ പുറത്തു എന്റെ ബാഗ് ഇരിപ്പുണ്ട്. ഒന്നെടുത്തു കൊണ്ട് വരാമോ?"
സൂര്യ ചൂണ്ടിയ ദിക്കിലേക്കും അവളുടെ മുഖത്തേക്കും ഇജോ അമ്പരപ്പോടെ മാറി മാറി നോക്കി.
"പറയുന്നത് അനുസരിക്കു ഇജോ... "
സൂര്യ ആവർത്തിച്ചു. ഇജോ പോയി ബാഗെടുത്തു കൊണ്ടു വന്നു. അതിന്റെ സൈഡ് സിബ്ബ് തുറന്നു സൂര്യ ഒരു കാർഡ് എടുത്തു ഇജോയ്ക്ക് നേരെ നീട്ടി.
"ഇതെന്റെ ATM കാർഡാണ്. ഇജോയ്ക്ക് എത്രയാണ് ആവശ്യം എന്നെനിക്കറിയില്ല. എന്തായാലും അക്കൗണ്ടിൽ ഒരു ലക്ഷത്തിന് അടുത്ത് ഉറപ്പായും ഉണ്ടാവും... അതിൽ കൂടുതലാണ് വേണ്ടതെങ്കിൽ എനിക്ക് ഒരു ദിവസത്തെ സമയം തന്നാൽ മതി... ഞാൻ റെഡിയാക്കി തരാം."
പിടിച്ചടക്കി വച്ചിരുന്ന സങ്കടം ഇജോയുടെ ഉള്ളിൽ നിന്നും പുറത്തു ചാടി. പെട്ടന്ന് പുറം കൈ മുഖത്ത് ചേർത്ത് വച്ചു കരഞ്ഞു കൊണ്ടു അവൻ സുര്യയുടെ അടുത്ത് സെറ്റിയിലിരുന്നു. അത് കണ്ടു സൂര്യയ്ക്കും സങ്കടം വന്നു. ആശ്വസിപ്പിക്കും പോലെ അവൾ ഇജോയുടെ തോളിൽ പരതി പിടിച്ചു.കണ്ണുകൾ അമർത്തി തുടച്ചിട്ട് സൂര്യയെ നോക്കാതെ വിറയാർന്ന ചുണ്ടുകളോടെ ഇജോ പറഞ്ഞു തുടങ്ങി.
"സൂര്യയ്ക്കറിയോ. എന്റെ ഒരാഗ്രഹവും അമ്മ ഇതുവരെ ശരിയാണെന്ന് പറഞ്ഞിട്ടില്ല. അമ്മയുടെ ആഗ്രഹങ്ങൾ ഞാൻ തള്ളികളഞ്ഞിട്ടുണ്ട്. പക്ഷെ അങ്ങനെയല്ല അപ്പാ. കിടപ്പിലാവുന്നത് വരെ ഒന്നും അറിയിക്കാതെയാ ഞങ്ങളെ വളർത്തിയെ. എനിക്ക് നല്ല ഫ്രീഡം തന്നു. ഒപ്പം സംസാരിക്കാനും ചിന്തകൾ പങ്കുവയ്ക്കാനുമുള്ള സ്വാതന്ത്ര്യം തന്നു. ഒന്നിനും എതിര് പറഞ്ഞിട്ടില്ല. ചോദിച്ചതൊക്കെ മേടിച്ചു തന്നിട്ടുണ്ട്. പക്ഷെ കിടപ്പിലായപ്പോൾ എനിക്ക് ഒന്നും ചെയ്തു കൊടുക്കാൻ പറ്റുന്നില്ല. അപ്പാ ആഗ്രഹിച്ചത് പോലൊരു ലൈഫ് എനിക്ക് കൊടുക്കാൻ പറ്റിയില്ല. ഞങ്ങൾക്ക് കാഷ് ഉള്ളപ്പോൾ ഒരുപാട് ഫ്രണ്ട്സും റിലേറ്റീവ്സും ഒക്കെ കൂടെ ഉണ്ടായിരുന്നു. ഇപ്പൊ ആരുമില്ല. എന്റെ അടുത്ത ഫ്രണ്ട്സു പോലും എന്നെ കണ്ടാൽ കടം ചോദിക്കുമെന്ന് കരുതി ഒഴിഞ്ഞു മാറി പോകും. നിനക്കറിയോ വെറും മൂവായിരം രൂപയ്ക്കാ ഞാനിന്ന് വൈപ്പിൻ വരെ പോയത്. അവനെന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു . ഞാൻ കടം ആയിട്ടല്ലേ ചോദിച്ചേ... ഇല്ലാഞ്ഞിട്ടല്ലേ... എന്റെ അപ്പായെ ഹോസ്പിറ്റലിൽ കൊണ്ടു പോകാനല്ലേ..."
ഇജോയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി.
"അവന് വേണ്ടി അവന്റെ ബർത്തഡേയ്ക്ക് ഞാൻ ചിലവാക്കിയ കാഷ് ഇന്ന് ഞാനവനോടു കടം ചോദിച്ചതിന്റെ രണ്ടിരട്ടി വരും... അറിയോ? "
"അവിടെ പോകുന്നതിനു മുൻപ് എന്നോടൊന്നു ചോദിക്കാമായിരുന്നു...?"
സൂര്യയുടെ വാക്കുകളിൽ പരിഭവം നിറഞ്ഞു. ഇജോ കണ്ണും മുഖവും അമർത്തി തുടച്ചു പിന്നെ കൈ നീട്ടി സുര്യയുടെ കരം കവർന്നു.
"താങ്ക്സ് സൂര്യ!. മറക്കില്ല ഞാനിത്. ഒരിക്കലും... ഈ കാഷ് ഇല്ലാതെ എനിക്കിന്ന് വീട്ടിൽ ചെന്നു കയറാൻ ഒക്കുമായിരുന്നില്ല."
അപ്പോൾ ഇജോയുടെ മൊബൈൽ ശബ്ദിച്ചു. സൂര്യയുടെ കയ്യിലെ പിടി വിട്ടു അവൻ ഫോൺ അറ്റൻഡ് ചെയ്തു.
"എവിടെ പോയി കിടക്കുവാടാ നീ. നിന്നോട് പറഞ്ഞിട്ടില്ലേ പ്രാർത്ഥനയ്ക്ക് മുൻപ് വീട്ടിൽ കയറണമെന്ന്... ഇനി എത്ര നേരം നിന്നെ കാത്തിരിക്കണം... ഏ ? "
ഫോണിലൂടെ അന്നമ്മയുടെ ഒച്ച അടുത്തിരുന്ന സൂര്യ വ്യക്തമായി കേട്ടു. ഇജോ ഫോൺ കട്ട് ചെയ്തു സൂര്യയെ നോക്കി പതിയെ ചിരിച്ചു.
"കേട്ടോ.... ഇതാ എന്റെ അമ്മ. "
"എന്നാ ഇജോ വിട്ടോ. വെറുതെ അമ്മേടെന്ന് ചീത്ത കേൾക്കണ്ട."
"അത് സാരമില്ല. ദിവസവും എന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കിൽ അമ്മയ്ക്ക് ഉറക്കം വരില്ല. കേട്ടു കേട്ടു അത് ശീലായിട്ടുണ്ട്."
"എന്നാലും അമ്മ വിളിച്ചതല്ലേ. പൊയ്ക്കോ. ടിഫിൻ ബോക്സ് കൊണ്ടു പോകാൻ മറക്കണ്ട."
"ആദ്യം ഞാൻ ATM ൽ പോയിട്ട് വരാം."
ഇജോ എണീറ്റു.
"കാർഡ് നാളെ തിരികെ തന്നാൽ മതി..."
സൂര്യ പറഞ്ഞു. ഇജോ കണ്ണുകൾ വിടർത്തി നോക്കി.
"അത്രയ്ക്ക് വിശ്വാസമാണോ എന്നെ ?"
"കാർഡ് തിരിച്ചു തരാനായിട്ടെങ്കിലും ഇജോ ഇങ്ങോട്ട് വരുമല്ലോ..."
"അപ്പോൾ ഞാൻ വരുന്നത് ഇഷ്ടമാണല്ലേ...?"
അവന്റെ കള്ളനോട്ടവും കുസൃതിയും നിറഞ്ഞ ചോദ്യം.
"ഒന്നുമില്ലെങ്കിലും ഈ മനോഹരമായ ചിരി കണ്ടോണ്ടിരിക്കാലോ...അതൊരു സുഖമുള്ള ഏർപ്പാടല്ലേ."
"കർത്താവേ..."
ഇജോ വലതുകൈ നെഞ്ചിൽ ചേർത്തു.
"എന്തുപറ്റി? "
"എനിക്കിതു കേട്ടിട്ട് ചങ്ക് പിടയണ്."
"എന്റെ ചങ്ക് പിടച്ചത് രാത്രി ആയിട്ടും ഇജോ ഒന്ന് വിളിച്ചില്ലല്ലോന്ന് ഓർത്തിട്ടാ... "
"ശരിക്കും പ്രതീക്ഷിച്ച് ഇരിക്കുവാരുന്നോ ? "
"മം."
"ഞാൻ വിളിച്ചില്ലാരുന്നെങ്കിലോ? "
"അങ്ങോട്ട് വിളിച്ചേനെ. വിളിക്കാനായിട്ട് ഞാൻ ഫോൺ എടുത്തതാ. അപ്പോഴാ ഇജോയുടെ കാൾ ഇങ്ങോട്ട് വന്നേ... "
ഇടതു കൈ കവിളിൽ ചേർത്ത് വച്ചു ഇമ ചിമ്മാതെ ഇജോ നോക്കി. ഗൂഢമായൊരു ചിരി അവന്റെ ചുണ്ടിൽ ഒളിഞ്ഞു കിടക്കുന്നത് സൂര്യ കണ്ടു. എവിടെ നിന്നെന്നറിയാതെ ഒരു നാണം അവളെ വന്നു പൊതിഞ്ഞു.
"എന്താ ഇങ്ങനെ നോക്കുന്നെ?"
(തുടരും)
ഭാഗം - 9
അടക്കാൻ പറ്റാത്തൊരു വികാരം പതഞ്ഞു പൊന്തി വരുന്നത് ഇജോ അറിഞ്ഞു. മനുഷ്യനെ കൊല്ലുന്നരീതിയിൽ നാണത്തിൽ പൊതിഞ്ഞ ആ ചിരി. കണ്ടിട്ട് സ്വയം നിയന്ത്രിക്കാൻ പറ്റുന്നില്ല. ഇജോയുടെ മുഖത്തെ ഭാവം മാറി മാറി വരുന്നത് സൂര്യ കണ്ടു. രണ്ടു ചുവട് മുന്നോട്ട് വന്നിട്ട് സ്വയം നിയന്ത്രിച്ചു ഇജോ നിന്നു.
"ഞാൻ പോകുവാ സൂര്യ. നാളെ വരാം." പറഞ്ഞിട്ട് തിടുക്കത്തിൽ അവൻ പുറത്തേക്കിറങ്ങി പോയി. ബൈക്ക് സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് പോകുന്ന ഒച്ച സൂര്യ കേട്ടു.
ഇജോ പോളിനെ താങ്ങി ഉയർത്തി പിടിക്കുമ്പോൾ ജെനി തലയിണ കട്ടിലിന്റെ ക്രാസ്സിലേക്ക് കയറ്റി വച്ചു കൊടുത്തു. തലയിണയിലേക്ക് ഇജോ അയാളെ പതിയെ ചാരിയിരുത്തി. അങ്ങനെ ഇരുന്നാൽ ഹാളിലെ മാതാവിന്റെ രൂപത്തിലേക്ക് ഒരു നോട്ടം കിട്ടും. പ്രാർത്ഥന നേരത്ത് അതാണ് പതിവ്. അപ്പയെ ഉയർത്തി ഇരുത്തിയിട്ട് ഇരുവരും ചെല്ലുമ്പോൾ അന്നമ്മ മെഴുകുതിരി കൊളുത്തുകയായിരുന്നു. ഒപ്പം ഇരുന്നു എല്ലാവരും പ്രാർത്ഥന തുടങ്ങി.
ഹാളിൽ കേൾക്കുന്ന കീർത്തനങ്ങൾക്കൊപ്പം റൂമിലിരുന്നു പോളും ഏറ്റു ചൊല്ലുന്നുണ്ടായിരുന്നു. പ്രാർത്ഥന കഴിഞ്ഞു ഇജോ റൂമിലേക്ക് കയറി. അവൻ വാതിൽ ചാരുന്നത് ശ്രദ്ധിച്ച് അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അന്നമ്മ ഓർമിപ്പിച്ചു.
"അത്താഴം കഴിച്ചിട്ട് പോരെ കേറി വാതിൽ അടയ്ക്കുന്നതും കുറ്റിയിടുന്നതുമൊക്കെ. ഇനി കതകിൽ കൊട്ടി വിളിക്കാനൊന്നും എനിക്ക് മേല. കഴുകി പറക്കി വച്ചേച്ചു എനിക്കും എവിടേലുമൊന്ന് കിടക്കണം..."
ഇജോ ഒന്നും മിണ്ടിയില്ല. പാതി ചാരിയ കതക് തുറന്നു നേരെ ഡൈനിംഗ് റൂമിലേക്ക് ചെന്നു. മൊബൈലിൽ നോക്കി ജെനി അടുക്കളയിലേക്ക് പോകുന്നത് കണ്ടു.
"അതൊന്നു താഴെ വെയ്ക്കടി പെണ്ണേ. എപ്പോ നോക്കിയാലും അതുമ്മേൽ കുത്തികൊണ്ടു ഇരുന്നോളും." അന്നമ്മയുടെ ഒച്ച അടുക്കളയിൽ നിന്നും കേട്ടു.
"ഉള്ള നേരത്തിനു എന്തെങ്കിലും എടുത്തു വച്ചു പഠിക്കാൻ നോക്കുവല്ല."
"എനിക്ക് പഠിക്കാനുള്ളതാ google search ചെയ്യുന്നേ..." ജെനിയുടെ മറുപടി.
"ഒരു ഗൂഗിള്..." ഇജോയുടെ മുന്നിൽ കഞ്ഞി വിളമ്പുന്നതിനിടയിൽ അന്നമ്മ ഈർഷ്യത്തോടെ പിറുപിറുത്തു.
"റിസൾട് വരുമ്പളാ എന്റെ വിധം മാറുന്നെ. നീ നോക്കിക്കോ." ഒരു പ്ളേറ്റ് കഞ്ഞിയുമായി പൊളിന്റെ റൂമിലേക്ക് പോകുന്നതിനിടയിൽ അവർ തുടർന്നു.
"പഠിച്ചു എന്തെങ്കിലും ജോലി വാങ്ങിച്ച് കെട്ടിച്ചു വിടാനുള്ള കാശ് തനിയെ ഉണ്ടാക്കിക്കോ. അല്ലാതെ ഇവിടാരും ഒന്നും കെട്ടിപൊതിഞ്ഞു തന്നു വിടുമെന്ന് കരുതി നോക്കി ഇരിക്കണ്ട. സ്വന്തമായി ഒരു വീടില്ല. ഉണ്ടായിരുന്നത് ബാങ്ക് കൊണ്ട് പോയി. കടക്കാർ മുറ്റത്തു വന്നു കിടന്നു ചീത്ത വിളിക്കുന്നത് കൊണ്ട് ഹൗസ് ഓണർ ഇവിടുന്നും മാറാൻ പറഞ്ഞേക്കുവാ. ഇനി എങ്ങോട്ട് പോവും...അതിവിടെ ആർക്കും അറിയണ്ടല്ലോ."
"അത്താഴം കഴിക്കുന്ന നേരത്തെങ്കിലും ഇമ്മാതിരി വർത്തമാനം ഒന്ന് നിർത്തിക്കുടെടി നിനക്ക്... " പോൾ ദേഷ്യത്തോടെ ചോദിച്ചു.
"അതേ ഞാൻ മിണ്ടുന്നതാ കുറ്റം. എന്റെ തലേവര ഇങ്ങനെ ആയിപോയല്ലോ മാതാവേ..."
കഞ്ഞി കുടിച്ചുകഴിഞ്ഞു ഇജോ റൂമിൽ കയറുമ്പോഴും പോളിന്റെ മുറിയിൽ നിന്നും സ്വന്തം വിധിയെ പഴിച്ചു കൊണ്ടുള്ള അന്നമ്മയുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. അപ്പായ്ക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് ഇങ്ങനെ കുത്തി സംസാരിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. കേൾക്കില്ല. എന്ന് മാത്രമല്ല മിണ്ടാതിരിക്കാൻ പറഞ്ഞാൽ വാശിയ്ക്ക് കൂടുതൽ ഉച്ചത്തിൽ സംസാരിക്കും. അതാണ് പ്രകൃതം. താൻ ഇടപെട്ടാൽ പിന്നെ അത് വലിയ വഴക്കിലെ അവസാനിക്കുവെന്ന് ഇജോയ്ക്ക് അറിയാം. അത് കൊണ്ടു തന്നെ അത് കേട്ടില്ലെന്നു നടിക്കുന്നതാണ് ഉചിതം.
ജീവിതത്തിലെ ഉയർച്ചയിൽ നിന്നും പടു കുഴിയിലേക്ക് വീണു പോയതിന്റെ ഒരു ആധിയും വെപ്രാളവുമായിരുന്നു അന്നമ്മയ്ക്ക്. ഒരു രാജ്ഞിയെ പോലെയാണ് അവർ ജീവിച്ചത്. ബഹുമാനത്തോടും അസൂയയോടും നോക്കിയിരുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ഒരു വിലയുമില്ലാത്ത ജീവിതത്തിലേക്കുള്ള പരിണാമം അന്നമ്മയെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു.
കാണുന്നവരോടൊക്കെ വഴക്കിട്ടും ദേഷ്യപ്പെട്ടുമാണ് ഉള്ളിലെ സങ്കടം അവർ പ്രകടിപ്പിക്കുന്നത്. മകൻ പഠിച്ചു നല്ല ജോലി നേടിയാൽ പഴയ പ്രതാപം തിരിച്ചു പിടിക്കാമെന്നു അവർ വ്യാമോഹിച്ചു. ഒന്നും നടന്നില്ല. കണക്കുകൂട്ടലുകളെല്ലാം തകർന്നു. വീട് പട്ടിണിയിലേക്ക് വീണപ്പോൾ പഠനം അവസാനിപ്പിച്ചു ഇജോയെ ജോലിക്ക് വിടേണ്ടി വന്നു.
CDCA എന്നൊരു പ്രൈവറ്റ് കമ്പനിയുടെ ഓണർ പോളിന്റെ ഒരു പഴയകാല സുഹൃത്ത് ആയതു കൊണ്ട് കോഴ്സ് കംപ്ലീറ്റ് ചെയ്യാഞ്ഞിട്ടും ചെറിയൊരു പോസ്റ്റിൽ ഇജോയെ അപ്പോയ്ന്റ്മെന്റ് ചെയ്യുകയായിരുന്നു.
മുൻകൂറായി പലപ്പോഴും വാങ്ങിയ തുക കുറേശ്ശ തിരിച്ചു പിടിക്കുന്നത് കൊണ്ടു ബാക്കി കിട്ടുന്ന ശമ്പളത്തിൽ അരിഷ്ടിച്ചാണ് വീട്ടുകാര്യങ്ങൾ നടന്നു പോകുന്നത്. പലർക്കും പണം കൊടുക്കാനുണ്ട്. അവരുടെ പ്രതീക്ഷകളെല്ലാം തകർന്നു. ഇനിയെന്ത് എന്നുള്ള ചിന്ത തന്നെ അന്നമ്മയുടെ മനസിന്റെ താളം തെറ്റിയ്ക്കും.
എല്ലാം ഒതുക്കി പെറുക്കി വച്ചിട്ട് റൂമിലെത്തി വാതിൽ ചാരുമ്പോൾ അന്നമ്മയോട് പോൾ ചോദിച്ചു.
"പിള്ളേര് കിടന്നോടി... ?"
നിലത്ത് ബെഡ് വിരിക്കുന്നതിനിടയിൽ അന്നമ്മ അമർത്തിയൊന്ന് മൂളി.
"നാളെ ഹോസ്പിറ്റലിൽ പോകാനുള്ള കാശ് ചെറുക്കന് കിട്ടിയോ?"
"ആ. എനിക്കറിയത്തില്ല."
ലൈറ്റ് ഓഫ് ചെയ്തിട്ടു അവർ കിടന്നു കഴിഞ്ഞു. വാതിലടച്ചു കിടക്കയിലേക്ക് മറിഞ്ഞിട്ട് ഇജോ ചിന്തിച്ചത് മൊത്തം സുര്യയെ കുറിച്ചാണ്. പാവം കുട്ടി.
അങ്ങോട്ട് ചോദിക്കാതെയാണ് സ്വന്തം ATM കാർഡ് എടുത്തു തന്നിരിക്കുന്നത്. ആര് ചെയ്യും ഇങ്ങനെയൊക്കെ? തന്നോടുള്ള ഇഷ്ടവും വിശ്വാസവുമൊക്കെ എത്ര മാത്രം വലുതാണെന്ന് ഇപ്പോൾ ബോധ്യമാവുന്നു. ഇടയ്ക്ക് എപ്പോഴോ അവിചാരിതമായി അത് വഴി പോകുമ്പോഴാണ് ആ സുന്ദരമുഖം കണ്ണിൽ പെടുന്നത്. ഇരുളിൽ തിളങ്ങുന്ന മാണിക്യം പോലെ! ഒരിക്കൽ കൂടി കാണാൻ ബൈക്കിൽ വീണ്ടുമൊന്ന് റൗണ്ടടിച്ചു. ശരിക്കുമൊരു പെണ്ണ് നിൽക്കുമ്പോലെയാണ് ആദ്യം തോന്നിയത്. അവരെ പോലും വെല്ലുന്ന സൗന്ദര്യം. കണ്ടാൽ ആർക്കും സ്വന്തമാക്കാൻ ആശിച്ചു പോകുന്ന രൂപം. ഇതെങ്ങനെ അവിടെ വന്നുപെട്ടുവെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സൂര്യയെ കാണാൻ വേണ്ടി മാത്രമാണ് അത് വഴി പോയി തുടങ്ങിയത്. ഒന്ന് മിണ്ടാൻ കൊതി തോന്നി തുടങ്ങിയിരുന്നു. പക്ഷെ അപ്പോഴൊക്കെ ആരെങ്കിലുമൊക്കെ അടുത്തുണ്ടാവും. ഒന്നുകിൽ അവന്റെ കൂട്ടുകാർ അല്ലെങ്കിൽ അവരെ തേടി എത്തിയ ആളുകൾ.
കാലങ്ങൾക്ക് മുൻപ് കൂട്ടുകാരോടൊപ്പം കറങ്ങുമ്പോൾ വഴിയരികിൽ സ്ത്രീ വേഷം കെട്ടിയ പുരുഷന്മാരെ കണ്ടാൽ ഉച്ചത്തിൽ ആർത്തു ചിരിച്ചു കളിയാക്കാൻ അവന്മാരുടെ ഒപ്പം കൂടിയിട്ടുണ്ട്. അന്ന് പണത്തിന്റെ ഹുങ്കും സുഹൃത്ത് വലയത്തിനുള്ളിൽ നിൽക്കുമ്പോഴുള്ള അഹങ്കാരവും തലയ്ക്കു പിടിച്ചു നടക്കുന്ന കാലം. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന ഇവരോടൊക്കെ എന്തോ വല്ലാത്തൊരു അവജ്ഞ ആയിരുന്നു. പക്ഷെ തനിക്കൊരു കഷ്ടകാലം വരുമെന്നും അങ്ങനെ ഒരാളുടെ പണം തനിക്ക് കൈ നീട്ടി വാങ്ങേണ്ടി വരുമെന്നും അന്ന് അറിയില്ലായിരുന്നു. എന്നും ഒപ്പമുണ്ടാകുമെന്ന് കരുതിയ കൂട്ടുകാർ കഷ്ട സമയത്ത് ഒന്നൊന്നായ് കൊഴിഞ്ഞു പോയി. വിളിച്ചാൽ ഫോൺ എടുക്കാതെ ഇരിക്കുകയും കണ്ടാൽ കാണാത്ത മട്ടിൽ പിന്തിരിഞ്ഞു പോവുകയും ചെയ്യുന്ന കണ്ടപ്പോൾ സ്വയം എല്ലാവരിൽ നിന്നും ഒഴിഞ്ഞു. ആരെയും ബുദ്ധിമുട്ടിക്കാൻ പോവേണ്ടന്ന് കരുതി. ഇപ്പോൾ സൂര്യയോട് സംസാരിച്ചിരിക്കുമ്പോൾ ആ ഒറ്റപ്പെടലിൽ നിന്നൊക്കെയുള്ളോരു മോചനം കിട്ടിയത് പോലെ തോന്നുന്നു. സ്വന്തം പ്രശ്നങ്ങളൊക്കെ മറന്നു കുറച്ചു സമയമെങ്കിലും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ കഴിയുന്നുണ്ട്. കേൾക്കാൻ ഒരാളെ കിട്ടുക എന്നത് ചെറിയ കാര്യമല്ല. അങ്ങനെ ചിന്തിച്ചു കിടന്നു ഇജോ ഉറങ്ങി പോയി.
പോളിനെ ചെക്കപ്പിന് ഹോസ്പിറ്റലിൽ കൊണ്ട് പോയി വന്നതിന് ശേഷം ഉച്ച കഴിഞ്ഞാണ് ഇജോ ജോലിക്ക് കയറിയത്. ആ തിരക്കിനിടയിൽ സൂര്യയെ വിളിക്കാൻ വിട്ടു പോയി. രാത്രിയിൽ ജോലി കഴിഞ്ഞിറങ്ങിയപ്പോൾ കുറച്ചു ഫ്രൂട്സ് വാങ്ങി നേരെ അങ്ങോട്ടേക്ക് വിട്ടു. ചെല്ലുമ്പോൾ സൂര്യയ്ക്ക് ഒപ്പം ഷെറിനുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അധിക സമയം തങ്ങാതെ അവൻ ഇറങ്ങി. ഇജോയെ ഇനി മുന്നിൽ കിട്ടിയാൽ 'കൊല്ലുംതിന്നു'മെന്നൊക്കെ പറഞ്ഞു ബഹളം വച്ചിരുന്ന ഷെറിൻ അവനെ കണ്ടപ്പോൾ വാ പൊളിച്ചിരിക്കുന്നത് കണ്ടു സുര്യയ്ക്ക് ചിരി വന്നു. 'കാർഡ് ' പിന്നേ തന്നാൽ മതിയെന്ന് ഷെറിൻ കാണാതെ സൂര്യ ആംഗ്യത്തിൽ അറിയിച്ചു. അതെങ്ങാനും കണ്ടാൽ ചീത്ത വിളിച്ചു കണ്ണ് പൊട്ടിക്കുമെന്നുറപ്പാണ്. ഇജോ പോയി കഴിഞ്ഞപ്പോൾ ഷെറിൻ അറിയാതെ പറഞ്ഞു പോയി.
"എന്ത് ചെറുക്കനായിത്. മുഖത്ത് ന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. കണ്ടിട്ട് സിനിമാ നടന്മാരെ പോലെയിരിക്കുന്നു... ഇവനിങ്ങനെ കേറി ഇറങ്ങുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും. ഇനി ധന്യ പറയുമ്പോലെ ശരിക്കും ഇവന് നിന്നോട് പ്രേമം തന്നെയാണോ മോളേ...."
"വണ്ടിയിടിച്ചു റോഡിലിട്ട ഒരാളോട് തോന്നുന്ന സഹതാപം. അത്രേയുള്ളൂ. അല്ലാതെ എന്നോട് ഇജോയ്ക്ക് പ്രേമോം ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല... അല്ലെങ്കിൽ തന്നെ തെരുവിൽ ശരീരം വിൽക്കാൻ നടക്കുന്ന എന്നോടൊക്കെ ആർക്കെങ്കിലും പ്രേമം തോന്നുമോ. ഇജോയ്ക്ക് നല്ല തറവാട്ടിൽ പിറന്ന പൊന്നിൻ കുടം പോലുള്ള പെൺകൊച്ചുങ്ങളെ കിട്ടും. അപ്പോഴാ...."
സൂര്യ പറഞ്ഞു നിർത്തുമ്പോഴേക്കും ഇജോയുടെ കാൾ വന്നു. ഷെറിനും സുര്യയും ഒരേ സമയം ഫോണിലേക്ക് മിഴിയോടിച്ചു. കണ്ടോ എന്നർത്ഥത്തിൽ ഷെറിൻ മുഖം ചലിപ്പിച്ചു. അവളെ ഒന്ന് നോക്കിയിട്ട് സൂര്യ ഫോൺ ചെവിയോട് ചേർത്തു. ഷെറിൻ അടുത്തിരിക്കുന്നതിന്റെ ഒരു സങ്കോചവും വീർപ്പുമുട്ടലും സൂര്യയുടെ മുഖത്ത് കാണാമായിരുന്നു.
"കുറച്ചു നേരം നിന്റടുത്ത് ഇരിക്കണമെന്ന് കരുതിയ വന്നേ. ഷെറിൻ ഇന്നെന്താ പോവാഞ്ഞെ? അവരൊക്കെ അവിടെ ഉണ്ടെങ്കിൽ നമ്മുടെയൊരു പ്രൈവസി നഷ്ടപ്പെടുമ്പോലെ തോന്നുന്നു. അതാ ഞാൻ ഇരിക്കാതെ പെട്ടന്നിറങ്ങിയെ... "
"മം..."
സൂര്യ മൂളി കേട്ടു.
"അടുത്ത് ഷെറിനുണ്ടോ?"
ഒരു നിമിഷം കഴിഞ്ഞു ഇജോയുടെ ചോദ്യം. തന്റെ മൗനം കണ്ട് ഇജോയ്ക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവും. ഇല്ലെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറയുന്നതാണല്ലോ പതിവ്. സൂര്യ അതേ എന്നർത്ഥത്തിൽ വീണ്ടും മൂളി.
"ഓക്കേ . എന്നാൽ വച്ചോ. ഞാൻ വീട്ടിലേക്ക് പോകുവാ... "
ഫോൺ കട്ട് ചെയ്തിട്ടു സൂര്യ ഷെറിനെ ഒന്ന് പാളി നോക്കി.
"കണ്ടോ ഞാൻ പറഞ്ഞത് സത്യമായില്ലേ... അവന് നിന്നോട് മുടിഞ്ഞ പ്രേമം തന്നെയാ... "
"അങ്ങനെയൊന്നും അവൻ എന്നോട് പറഞ്ഞിട്ടില്ല ഷെറിൻ... " സുര്യ തർക്കിച്ചു.
"ഇതൊക്കെ പറഞ്ഞാലേ അറിയൂ... അവന്റെ സംസാരവും പെരുമാറ്റവും കണ്ടാൽ തന്നെ അറിയില്ലേ."
സൂര്യ ഒന്നും മിണ്ടിയില്ല. ഷെറിൻ തുടർന്നു.
"എനിക്കവന്റെ സുന്ദരമുഖം കണ്ടിട്ട് പേടിയുണ്ട് സൂര്യ... അതിന്റെ പിന്നിലൊരു ചതി ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്ന്. മോളേ.... നമുക്കൊക്കെ സ്നേഹിക്കാൻ മാത്രേ അറിയൂ. സ്നേഹം കിട്ടുന്നിടത്തേയ്ക്ക് കണ്ണടച്ചു ചായും...
ശരീരം പങ്കിടുന്ന പോലെയല്ല മനസ്സ് പകുത്ത് കൊടുക്കുന്നത്. അത് നമ്മളെ തകർത്തു കളയും..."
സൂര്യയുടെ മുഖത്ത് നിന്നും നോട്ടം മാറ്റി ഷെറിൻ തുടർന്നു.
"ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും ഉപയോഗിച്ച് വലിച്ചെറിഞ്ഞു കളയാവുന്ന പാഴ് ജന്മങ്ങളാ... നമ്മളെ എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരും ചെല്ലില്ലെന്നുള്ള ധൈര്യം. ഒരു വിഷമം വന്നാൽ നമുക്ക് നമ്മളല്ലാതെ ആരും കാണില്ല. ആരും... "
ഷെറിന്റെ മുഖത്ത് പെട്ടന്ന് സങ്കടം ഇരമ്പി വന്നു.
"പ്രണയത്തിന്റെ പേരിൽ ഒരുപാട് രാത്രികൾ ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ മനസും ശരീരവും പണവും ഞാൻ കൊടുത്തു. അയാൾക്ക് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ഒപ്പം ജീവിക്കാൻ ഞാൻ തയ്യാറായിരുന്നു. എന്നിട്ടും ഒടുവിൽ കറിവേപ്പില പോലെയെന്നെ കളഞ്ഞു. അവരുടെയൊക്കെ മനസ്സിൽ നമ്മളെത്ര നികൃഷ്ട ജീവികളാണെന്ന് മനസിലാക്കാനുള്ള കഴിവ് എനിക്കില്ലാതെ പോയി. ആ ഒരു ഗതി നിനക്ക് വരരുത്... "
പഴയ കാര്യങ്ങൾ ഓർമിച്ചു സുര്യയുടെ മുന്നിലിരുന്നു കരഞ്ഞു പോയേക്കുമെന്ന് ഷെറിന് തോന്നി.
"സ്വന്തം അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടെങ്കിൽ പിന്നെ നാട്ടുകാരുടെ കാര്യം പറയണോ. മറ്റുള്ളവർക്ക് കളിയാക്കി ചിരിക്കാനും ചവിട്ടി തേക്കാനുമുള്ള ജന്മങ്ങളാ... സങ്കടവും പരാതിയുമൊക്കെ ആരോട് പറയാൻ."
ഷെറിൻ എണീറ്റ് അകത്തേക്ക് പോയി. അവൾ നടന്നു പോകുന്നത് സങ്കടത്തോടെ സൂര്യ നോക്കി ഇരുന്നു. അടുക്കളയിൽ നിന്നും തട്ടും മുട്ടും ഒച്ച കേൾക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു ഷെറിൻ വരുമ്പോൾ എന്തോ ആലോചിച്ചു സൂര്യ ഭിത്തിയിൽ ചാരി ഒരേ ഇരുപ്പിരിക്കുന്ന കണ്ടു.
"നമുക്കെന്തെങ്കിലും കഴിച്ചിട്ട് കിടക്കാം. ഉത്തരമില്ലാത്ത ചോദ്യത്തിനു വെറുതെ ഉറക്കം കളയരുത്. ഓരോന്നാലോചിച്ചു നേരം വെളുപ്പിക്കാൻ നിന്നാൽ നമുക്കൊന്നും ഉറങ്ങാനായി രാത്രികളുണ്ടാവില്ല... "
സുര്യയെ താങ്ങി എണീൽപ്പിച്ചു ഷെറിൻ അകത്തേക്ക് നടത്തിച്ചു. രാത്രിയിൽ വാട്ട്സാപ്പിൽ ചാറ്റുമ്പോൾ ഷെറിൻ പറഞ്ഞ കാര്യങ്ങൾ സൂര്യ ഇജോയോട് പങ്കിട്ടു.
'അങ്ങനെ ഒന്നും ഇല്ലെന്നു പറഞ്ഞിട്ടും ഷെറിൻ വിശ്വസിക്കുന്നില്ല. അത്ര മണ്ടനല്ല ഇജോ എന്ന് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്.'
ശരിക്കും ഇജോയുടെ ഉള്ളിലിരിപ്പ് അറിയുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഒന്നുമില്ലെന്ന് ഷെറിനോട് തർക്കിച്ചുവെങ്കിലും ഇജോയോട് മറ്റാരോടും തോന്നാത്ത ഒരു അടുപ്പവും ഇഷ്ടവുമൊക്കെ തോന്നിയിരുന്നു എന്നുള്ളതാണ് സത്യം. ആദ്യം ആകർഷിച്ചത് ആ നിറസൗന്ദര്യം തന്നെ ആയിരുന്നു. പിന്നീട് അത് മറ്റൊരു തലത്തിലേക്ക് കടന്നത് ഇജോയുടെ നിഷ്കളങ്ക സ്വഭാവവും കഷ്ടതകൾ നിറഞ്ഞ ആ ജീവിതവുമൊക്കെയാണ്. തനിക്ക് കിട്ടുമെങ്കിൽ, തന്റെ ഒപ്പം എന്നും കാണുമെങ്കിൽ കഴിയും വിധം സഹായിക്കണമെന്ന് കരുതി.
ഒരു നിമിഷം കഴിഞ്ഞു മറുവശത്തു ടൈപ്പ് ചെയ്യുന്നത് കണ്ടു. എന്ത് മറുപടിയാണ് ഇജോയുടെ സൈഡിൽ നിന്നും വരുന്നതെന്ന് ചിന്തിച്ചു പെട്ടന്ന് സുര്യയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.
(തുടരും)
ഭാഗം - 10
ഒരു നീണ്ട മെസ്സേജ് ആയിരുന്നു ഇജോ സെന്റ് ചെയ്തത്. വർദ്ധിച്ച നെഞ്ചിടിപ്പോടെ സൂര്യ ഓരോ വരിയിലൂടെയും മിഴി പായിച്ചു.
'ഞാനൊരു കാര്യം പറഞ്ഞാൽ താൻ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. ഗോഡ് പ്രോമിസ്. ഇന്ന് ഞാനവിടെ വന്നത് ഇക്കാര്യം തന്നോട് പറയാൻ വേണ്ടിട്ടായിരുന്നു. ഷെറിൻ അടുത്തുണ്ടായിരുന്നത് കൊണ്ടാണ് പറയാതെ ഇറങ്ങി പോന്നേ. ഫസ്റ്റ് തന്നെ കണ്ടപ്പോൾ മുതൽ എനിക്ക് തോന്നിയൊരിഷ്ടമുണ്ട്. അതിങ്ങനെ വലുതായി വലുതായി എന്റെ ചെസ്റ്റിൽ താങ്ങാൻ പറ്റാത്തത്ര ഭാരമായിട്ടുണ്ട്. ഒരു ഭൂകമ്പം മാതിരി അതിങ്ങനെ പൊട്ടിതെറിക്കാൻ വെമ്പി നിൽകുവാ. ഈ മെസ്സേജ് വരുന്നതിനു തൊട്ടു മുൻപ് വരെ ഇതെങ്ങനെ തന്റെ മുന്നിൽ പ്രെസെന്റ് ചെയ്യുമെന്നുള്ള കൺഫ്യൂഷനിലായിരുന്നു . നിന്നേയിങ്ങനെ നോക്കി ഇരിക്കാൻ എനിക്കിഷ്ടമാണ്. നിന്നോട് സംസാരിക്കുന്നത് അതിലേറെയിഷ്ടമാണ്. നിന്റെ അടുത്ത് എത്ര സമയം ഇരുന്നാലും എനിക്ക് മടുക്കുകയില്ല. എന്നും എപ്പോഴും നീ എന്റൊപ്പം ഉണ്ടാവണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു... ഈ പറയുന്നതതൊക്കെ വെറും ജോക്ക് ആയിട്ട് എടുക്കരുത്. പെട്ടന്നുണ്ടായ എക്സൈറ്റ്മെന്റിൽ പറയുന്നതുമല്ല. ഒരുപാട് ആലോചിച്ച് എടുത്ത ഡിസിഷനാണ്. ഇനി എനിക്ക് സൂര്യയുടെ ആൻസർ മാത്രം കിട്ടിയാൽ മതി."
സൂര്യയുടെ ശ്വാസം നിലച്ചത് പോലെ തോന്നി. അത് തിരിച്ചു പിടിക്കാൻ നിമിഷങ്ങളെടുത്തു. ആഹ്ലാദത്തിൽ ഒന്നാർത്തു വിളിക്കാൻ അവളുടെ മനം തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ തൊട്ടടുത്ത കട്ടിലിൽ ഷെറിൻ ഉറങ്ങുന്നുണ്ടെന്ന ബോധ്യം സൂര്യയെ അതിൽ നിന്നും തടഞ്ഞു. പൊന്തി വന്ന ആവേശം അടക്കി പിടിച്ചു ഇങ്ങനെ റിപ്ലൈ അയച്ചു.
'എനിക്കും ഒരുപാട് ഇഷ്ടമാണ് ഇജോയെ. എന്നും എന്റെ കൂടെ കാണുമെങ്കിൽ അതെന്നെ ഒരുപാട് സന്തോഷിപ്പിക്കുകയും ചെയ്യും. പക്ഷെ ഞാനൊരു ട്രാൻസ്ജൻഡർ ആണെന്ന് അറിയാലോ. എന്റെയെല്ലാ കാര്യവും അറിഞ്ഞു വച്ചു കൊണ്ടു ഇങ്ങനെയൊരു തീരുമാനം എടുക്കണോ?'
'എനിക്കിപ്പോ ഒരു കാര്യം മാത്രേ അറിയൂ. എന്റെ മൈൻഡിൽ താൻ മാത്രേയള്ളു. തന്നോടുള്ള ഇഷ്ടം മാത്രേയുള്ളു. ഐ ഡോണ്ട് തിങ്ക് എബൗട്ട് എനിതിങ് എൽസ്. ബാക്കി ഒന്നും എന്നെ ബാധിക്കുന്ന പ്രശ്നവുമല്ല.'
സന്തോഷമാണോ സങ്കടമാണോ മനസ്സിൽ നിറയുന്നതെന്നു തിരിച്ചറിയാൻ പറ്റാത്ത വിധം നെഞ്ചിൽ നിന്നും തൊണ്ടക്കുഴി വരെ ഒരു വിങ്ങൽ വന്നു നിറഞ്ഞു വേദനിക്കുന്നത് സുര്യ അറിഞ്ഞു. പിന്നെ ഒരു വാചകം പോലും ടൈപ്പ് ചെയ്യാൻ പറ്റാത്ത വിധം കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങി. തിടുക്കത്തിൽ മൊബൈൽ ഓഫ് ചെയ്തു വച്ചിട്ട് തലയിണയിലേക്ക് മുഖം ചേർത്ത് സൂര്യ ശബ്ദമില്ലാതെ തേങ്ങി കരയാൻ തുടങ്ങി.
ഭാവിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ കാലം മുതൽ സ്നേഹസമ്പന്നനായ ഒരു പുരുഷന്റെ ഒപ്പം സന്തോഷത്തോടെ സുഖമായി ജീവിക്കണം എന്നായിരുന്നു ആഗ്രഹിച്ചിട്ടുള്ളത്. പ്രാർത്ഥിച്ചിരുന്നത് മൊത്തം തന്റെ ഒപ്പം ചിന്തിക്കുന്ന ഒരാളെ കണ്ടെത്തി തരണേ ദൈവമേ... എന്നായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപാടിൽ ആ ചിന്തയും സ്വപ്നങ്ങളുമെല്ലാം കൈ വിട്ടു പോയിരുന്നു. ഇനി നല്ലൊരു ജീവിതം തനിക്ക് ലഭിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു. ദിവസവും പല പുരുഷന്മാർക്കൊപ്പം ശരീരം പങ്കിടുന്ന തനിക്ക് അതൊന്നും ആഗ്രഹിക്കാനുള്ള യോഗ്യതയില്ലെന്നു കരുതി. തന്റെ ചരിത്രം അറിയുന്ന ആരും വന്നു കൈ പിടിച്ചു കൂടെ കൂട്ടില്ലെന്ന് ഉറപ്പിച്ചിരുന്നു. പക്ഷെ പ്രതീക്ഷകൾക്കപ്പുറം ദൈവം കനിഞ്ഞു അനുഗ്രഹിച്ചതു പോലെ തോന്നുന്നു. തനിക്ക് സ്വപ്നം കാണാൻ പോലും ഭാഗ്യമില്ലാത്ത ഒരു രാജകുമാരനെ കൊണ്ടു വന്നു മുന്നിൽ നിർത്തിയിട്ടു 'ഇത് നിനക്കുള്ളതാ. നീയെടുത്തോ 'എന്ന് പറയുമ്പോലെ.
ഇതിനപ്പുറം ഇനി നേടാൻ എന്തെങ്കിലുമുണ്ടോ? പെട്ടന്ന് നടുക്കുന്ന ഒച്ചയിൽ ഫോൺ ശബ്ദിച്ചു. തിടുക്കത്തിൽ മൊബൈലിന്റെ സൈഡ് ബട്ടൺ അമർത്തി സൂര്യ വോളിയം കുറച്ചു. പിന്നെ ഷെറിനെ നോക്കി. ഭിത്തിയ്ക്ക് നേരെ തിരിഞ്ഞു കിടക്കുകയാണ് അവൾ. അവിടെ നിന്നും നേർത്ത കൂർക്കം വലി കേൾക്കുന്നുണ്ട്.
സൂര്യ മൊബൈൽ ഓണാക്കി ചെവിയോട് ചേർത്തു വച്ചു.
"സൂര്യാ... " എന്നുള്ള ഇജോയുടെ കാതരമായ ഒച്ച കാതിലെത്തി:
"താനെന്താ വാട്സ്ആപ്പിൽ നിന്നും പെട്ടന്ന് പോയെ... ഞാൻ പറഞത് ഇഷ്ടപ്പെടാഞ്ഞിട്ടാണോ...?"
"അല്ല ഇജോ. സങ്കടം വന്നിട്ടാ."
കാറ്റൂതുന്ന ശബ്ദത്തിൽ സൂര്യ മറുപടി കൊടുത്തു.
"why...? "
"അറിയില്ല. പെട്ടന്ന് എന്റെ നെഞ്ചൊക്കെ വിങ്ങി പൊട്ടുന്നത് പോലെ തോന്നി. കണ്ണൊക്കെ നിറഞ്ഞിട്ട് ഒന്നും കാണാൻ വയ്യാണ്ടായി..."
"അതിനിപ്പോ സങ്കടപ്പെടുന്ന എന്തിനാ? "
"അടുത്ത് ഷെറിൻ ഉറങ്ങുന്നുണ്ട്. വാട്സാപ്പിൽ വരാമോ ? "
"sure."
ഫോൺ കട്ട് ആയി. സൂര്യ വാട്ട്സാപ്പിലേക്ക് എത്തുമ്പോഴേക്കും ഇജോയുടെ മെസ്സേജ് എത്തിയിരുന്നു.
'പറയ് സൂര്യ?'
'ഇജോ കൂടെയുള്ളത് തന്നെയാ എന്റെയും സന്തോഷം. പക്ഷെ എത്ര നാൾ? ഒരുദിവസം ഇജോയുടെ വീട്ടിൽ അറിയും. അതോടെ കഴിയില്ലേ ഇതൊക്കെ. ഇജോയുടെ ബന്ധുക്കൾ. സുഹൃത്തുക്കൾ. നാട്ടുകാർ. എല്ലാവരുടെയും മുന്നിൽ നാണംകെട്ട് തലകുമ്പിട്ടു നിൽക്കേണ്ടി വരില്ലേ. അന്ന് ഇതൊന്നും വേണ്ടിയിരുന്നില്ലന്ന് തോന്നും. ഞാനൊരു ബാധ്യത ആവുകയും ചെയ്യും.'
'നീയീ പറയുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും എനിക്കൊന്നും കൺവിൻസ് ചെയ്യേണ്ട കാര്യമില്ല. എനിക്കൊരു പ്രോബ്ലം വന്നാൽ നീയീ പറയുന്ന മൂന്ന് ഗ്രൂപ്പും ഒപ്പം ഉണ്ടാവില്ലന്ന് എക്സ്പീരിയൻസ് ചെയ്തിട്ടുള്ളവനാണ് ഞാൻ. സോ ഐ ആം നോട്ട് വറിഡ് എബൗട് ദാറ്റ്. പിന്നെയുള്ളത് എന്റെ ഫാമിലി. നിന്നെ കൈപിടിച്ചു എന്റെ ഫാമിലിയിലേക്ക് ജോയിൻ ചെയ്യിക്കുവാൻ ഒരു വഴിയുണ്ട്. കുറച്ചു വളഞ്ഞ വഴിയാണ്. ബട്ട് ഇറ്റ് ഡസന്റ് മാറ്റർ... നമുക്ക് ഒന്നിച്ചു ജീവിക്കാനല്ലേ... നല്ലതിന് വേണ്ടിയല്ലേ.'
'അതെന്തു വഴി?'
'ഐ വിൽ ടെൽ യു... ബട്ട്. ഇപ്പോഴല്ല നാളെ വൈകുന്നേരം ഞാൻ വരുമ്പോൾ. ഇപ്പൊ എന്റെ സുന്ദരി കുട്ടി പോയി കിടന്നുറങ്ങിക്കോ.'
'ഇത് പറഞ്ഞിട്ട് പോ ഇജോ. '
'നല്ല കാര്യങ്ങൾ ഡയറക്റ്റ് തന്നെ പറയണം. അതാണ് അതിന്റെ ശരി. സോ ഗുഡ് നൈറ്റ്. ആൻഡ് സ്വീറ്റ് ഡ്രീംസ് !"
സൂര്യ പിന്നെ നിർബന്ധിച്ചില്ല. എന്ന് മാത്രമല്ല സുഖമായി ഉറങ്ങുകയും ചെയ്തു. ഇനി മുതൽ തനിച്ചല്ല ഒരാൾ കൂടി കൂടെ ഉണ്ടാവുമെന്നുള്ള ചിന്ത നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ പിറ്റേന്ന് സന്ധ്യ കഴിഞ്ഞിട്ടും വരുമെന്ന് പറഞ്ഞിരുന്ന ഇജോയെ കാണാഞ്ഞതു കൊണ്ടു സൂര്യ അങ്ങോട്ട് വിളിച്ചു. ഒരു വട്ടം ഫോൺ ബെല്ലടിച്ചു നിന്നു. അതോടെ ടെൻഷൻ കൂടി. താൻ നെഞ്ചിൽ ചേർത്ത് പിടിക്കുന്നവർക്ക് എന്തെങ്കിലും ആപത്തു പിണയുന്ന ഒരു ശാപം തന്റെ തലയ്ക്കു മീതെ വട്ടമിടുന്നുണ്ട്. വിളിച്ചിട്ട് ഇജോ ഫോൺ എടുക്കാത്തത് കൊണ്ടു ആദ്യം മനസ്സിൽ എത്തിയത് ആ ചിന്തയാണ്. അതോടെ വീണ്ടും വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ കാൾ അറ്റൻഡ് ആയി. ആദ്യം ചെവിയിലെത്തിയത് ആരുടേയൊഒക്കെയോ ഉച്ചത്തിലുള്ള സംസാരമാണ്. അതിനിടയിൽ ഇജോയുടെ താഴ്ന്ന സ്വരം കേട്ടു.
"സൂര്യ ഞാൻ പിന്നെ വിളിക്കാം."
"ഇജോ ഇതെവിടെയാ. അതാരാ അവിടെ ഒച്ചയിടുന്നേ...?"
"ഞാൻ വിളിക്കാം. സൂര്യ...."
"പ്രശ്നം എന്താന്നു പറഞ്ഞിട്ട് പോ ഇജോ. ഇല്ലെങ്കിൽ ഞാൻ ടെൻഷനടിച്ചു ചാവും."
"കാഷ് കൊടുക്കാനുള്ള ഒരു ടീം വന്നിട്ടുണ്ട്. അവര് ഷൗട്ട് ചെയ്യുന്നതാ. സൂര്യ പേടിക്കണ്ട. ഇതൊക്കെ ഇവിടെ നല്ല പ്രാക്ടീസ് ആയിട്ടുണ്ട്."
"എന്നിട്ടെന്താ ഇജോ എന്നെ വിളിക്കാഞ്ഞേ? അപ്പൊ അത്രേയുള്ളു ഞാൻ അല്ലേ . എത്രയാ അവർക്ക് കൊടുക്കാനുള്ളതെന്ന് പറയു...?"
" 50000. "
"എന്റെ എ റ്റി എം കാർഡ് ഇജോയുടെ കയ്യിലുണ്ടല്ലോ. അതിൽ നിന്നും അവർക്ക് കൊടുക്കാനുള്ള കാഷ് എടുത്തു കൊടുത്തേക്ക്. പ്രശ്നം കഴിഞ്ഞില്ലേ... "
"വേണ്ട സൂര്യ. അത് ശരിയാവില്ല. "
"അതെന്താ ശരിയാവാത്തേ... ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക് ഇജോ. മറ്റു വഴിയേ കുറിച്ചൊക്കെ നമുക്ക് പിന്നീട് ചിന്തിക്കാം."
മറുപടി ഒന്നും കേട്ടില്ല.
"ഇന്നലെ എന്നോട് പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ഞാൻ പറയുന്നത് പോലെ ഇജോ അനുസരിക്കും. വെറുതെ വീട്ടിൽ ഇരിക്കുന്നവരെ വിഷമിപ്പിക്കാതെ അതിൽ നിന്നും കാഷെടുത്തു കൊടുത്തിട്ട് അവരെ പറഞ്ഞു വിടാൻ നോക്ക്. എന്നിട്ട് ഇനി എന്നെ വിളിച്ചാൽ മതി. കേട്ടോ? "
"ഹാ..." ഇടറിയത് പോലെ ആ ഒച്ച കേട്ടു.
ഒപ്പം ഫോൺ കട്ടാവുകയും ചെയ്തു. എല്ലാം കഴിഞ്ഞു ഇജോ വിളിക്കുന്നതും പ്രതീക്ഷിച്ചു സൂര്യ നോക്കിയിരുന്നു. കാത്തിരുപ്പിന് ഒടുവിൽ മുറ്റത്തു ഒരു ബൈക്ക് വന്നു നിൽക്കുന്ന ഒച്ച കേട്ടു. പ്ലാസ്റ്റർ പൊതിഞ്ഞ വലതു കാൽ സ്റ്റൂളിന് മേലെ ഏറ്റി വച്ചു സെറ്റിയിൽ ചാരി ഇരിക്കുകയായിരുന്നു സൂര്യ. നോക്കുമ്പോൾ ഇജോ കയറി വരുന്നത് കണ്ടു.
"എന്തായി ഇജോ ? അവരെ പറഞ്ഞു വിട്ടോ?" ആകാംഷയോടെ സൂര്യ ചോദിച്ചു.
മറുപടിയില്ല. പകരം അടുത്ത് വന്നു ഒരു നിമിഷം മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു. ആ മുഖത്ത് സമ്മിശ്ര വികാരങ്ങൾ അലയടിക്കുന്നത് കണ്ടു. പെട്ടന്ന് സൂര്യയെ ഇറുകെ കെട്ടിപ്പുണർന്നു അവളുടെ തോളിലേക്ക് മുഖം ചേർത്ത് ഇജോ ഒന്ന് എങ്ങി. ആദ്യമൊന്നു പകച്ചെങ്കിലും "എന്താ ഇജോ ഇത് ?"എന്ന് ചോദിച്ചു തന്നിൽ നിന്നും അവനെ സൂര്യ വേർപെടുത്താൻ നോക്കി. പക്ഷെ കൂടുതൽ ശക്തിയിൽ പുണർന്നു അവളുടെ കഴുത്തിലേക്ക് ഇജോ മുഖം പൂഴ്ത്തി വച്ചു.
"എന്തിനാ ഇജോ ഇങ്ങനെ സങ്കടപ്പെടുന്നെ.... എന്തിനും ഞാനുണ്ടാവില്ലേ കൂടെ . എല്ലാ പ്രശ്നങ്ങളും മാറും. കടങ്ങളൊക്കെ നമുക്ക് ഒരുമിച്ചു വീട്ടാം...ഇങ്ങനെ വിഷമിക്കല്ലേ..."
ആശ്വാസ വാക്കുകൾ ഉരുവിട്ടു കൊണ്ട് അവന്റെ ചുമലിൽ സൂര്യ തലോടി കൊണ്ടിരുന്നു. പിന്നെ അവനെ ബലമായി പിടിച്ചുയർത്തിയിട്ട് ആകെയൊന്നു നോക്കി. അവന്റെ കവിളിലേക്ക് ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചു കൊടുത്തു.
"ഈ കട്ട താടിയും മീശയും വച്ചിട്ട് തനിക്കിങ്ങനെ കരയാൻ നാണമില്ലേ മനുഷ്യ ..." സൂര്യ ചിരിയോടെ കളിയായി ചോദിച്ചു . ഇജോയുടെ മുഖത്തും ഒരു നനഞ്ഞ ചിരി വിരിഞ്ഞു. തിടുക്കത്തിൽ അവൻ സൂര്യയുടെ മടിയിലേക്ക് തല ചായ്ച്ചു കിടന്നു. ഇജോയുടെ കവിളിലും താടിയിലും സൂര്യ പതിയെ തലോടി. അവളുടെ കണ്ണിലേക്കു ഉറ്റു നോക്കി കിടന്നു അവൻ ചോദിച്ചു.
"എന്ത് കണ്ടിട്ടാ സൂര്യ നീയെന്നെ ഇത്രയധികം സ്നേഹിക്കുന്നെ? മുങ്ങി താഴാൻ പോകുന്ന ഒരു കപ്പലിലാണിതെന്ന് നിനക്കറിയോ. ഇനിയങ്ങോട്ട് മരിക്കുമോ ജീവിക്കുമോ എന്ന് പോലും ഉറപ്പില്ല. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കുറച്ചു വിഷം വാങ്ങി കഴിച്ചു എല്ലാവർക്കും കൂടി അങ്ങ് തീർന്നേക്കാമെന്ന്."
"ഇനി അങ്ങനെയൊന്നും ചിന്തിക്കണ്ട. എനിക്ക് ജീവനുള്ളിടത്തോളം കാലം ഇജോ ആരുടെ മുന്നിലും നാണംകെട്ട് തലകുമ്പിട്ട് നിൽക്കാൻ ഞാൻ സമ്മതിക്കുകയില്ല."
സൂര്യ അവന്റെ നാസിക തുമ്പിൽ പിടിച്ചു പതിയെ കുലുക്കി.
"ഇനി മരിച്ചാലും ജീവിച്ചാലും ഒരുമിച്ച്. ഈ തടിയനെ ഇനി ആർക്കും ഞാൻ കൊടുക്കില്ല...."
ഇജോയുടെ മുടിയിഴകളിലൂടെ സൂര്യ സ്നേഹത്തോടെ തലോടി. നിർവൃതിയോട് അവൻ മിഴികൾ പൂട്ടി വച്ചു. എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. സൂര്യയുടെ ഒച്ച കേട്ടാണ് കണ്ണുകൾ തുറന്നത്.
"പോകണ്ടേ...? നേരം കുറച്ചായി... "
"ഇല്ല. കുറച്ചു നേരം കൂടി ഞാനിങ്ങനെ കിടന്നോട്ടെ."
ഒരു കുട്ടിയെ പോലെ അവൻ ഒന്നൂടെ ചുരുണ്ടു.
"ഇനി വൈകിയാൽ അമ്മ ചീത്ത വിളിക്കും കേട്ടോ..." സൂര്യ ചിരിയോടെ ഓർമിപ്പിച്ചു.
"ഇന്ന് അമ്മയെന്നെ ഒന്നും പറയില്ല. കാരണം വീട്ടിൽ വന്നു ഏറ്റവും കൂടുതൽ പ്രോബ്ലം ഉണ്ടാക്കികൊണ്ടിരുന്ന ഒരു ടീമിനെയാണ് ഒതുക്കി വിട്ടിരിക്കുന്നത്. അത് ഞങ്ങളെ സംബന്ധിച്ച് ഒരു ചെറിയ മാറ്റർ അല്ല കുട്ടി"
കൈ ഉയർത്തി അവൻ സൂര്യയുടെ ചുമലിൽ പിടിച്ചു.
"ഒരു ദിവസം. ഒരൊറ്റ ദിവസമെങ്കിലും എനിക്ക് അവരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു അന്തസോടെ നിൽക്കാൻ പറ്റി. യു ആർ ദി റീസൺ ഫോർ ദാറ്റ്. താങ്ക് യു സോ മച്ച് മൈ ഡിയർ..."
"താൻ എന്നോട് നന്ദി പറയുന്നോടോ..."
ഇജോയുടെ കവിളിലെ രോമങ്ങളിൽ വിരൽ ചേർത്തു സൂര്യ ഒന്ന് മുറുക്കി വലിച്ചു. വേദനയിൽ അവൻ ഒന്ന് മുരണ്ടു. കവിളിൽ കൈ ചേർത്ത് വച്ചു ഇജോ ശുണ്ഠിയോടെ നോക്കി.
"നൊന്തോ?" സൂര്യ കുസൃതിയോടെ തിരക്കി.
"ഇല്ല. നല്ല സുഖം..." പരിഭവത്തോടെ ഇജോ കവിളിൽ തടവി.
ആ കൈ പിടിച്ചു മാറ്റിയിട്ടു മുഖം താഴ്ത്തി ഇജോയുടെ കവിളിൽ സൂര്യ ചുംബിച്ചു.
"വേദന മാറിയോ?"
"നോ."
വീണ്ടും ഒരു ചുംബനം കൂടി.
"ഇപ്പോഴോ?"
"ഇല്ലന്നേ..."
ഇജോയുടെ കവിളിൽ ചുണ്ടുകൾ അമർത്തി പിടിച്ചു ഒരു നിമിഷം ഇരുന്നു. പിന്നെ മുഖമുയർത്തി.
"ഇപ്പൊ മാറിയോ...?"
"കവിളിലെ പെയിൻ മാറി. പക്ഷെ ഇപ്പൊ ദേ ഇവിടെ തുടങ്ങി."
ഇജോ തന്റെ ചുണ്ടിൽ തൊട്ടു കാണിച്ചു. സൂര്യ ചിരിച്ചു പോയി. പെട്ടന്ന് ഇജോ കൈ ഉയർത്തി സൂര്യയുടെ ശിരസ്സിനു പിന്നിൽ വിരലുകൾ കോർത്തു പിടിച്ചു ആ മുഖം താഴ്ത്തി. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ സൂര്യയുടെ ചുണ്ടുകൾ കവർന്നു കഴിഞ്ഞു. ആ ചുംബനത്തിന് ഒരു പ്രത്യേക മധുരമായിരുന്നു. മനസും ഹൃദയവും ഒന്നു ചേരുമ്പോഴുണ്ടാകുന്ന മധുരം.
(തുടരും)
ഭാഗം - 11
ഇജോ പോകാനായി ഇറങ്ങിയപ്പോഴാണ് അവൻ തലേന്ന് പറഞ്ഞ കാര്യത്തെ കുറിച്ച് സൂര്യ തിരക്കുന്നത്.
"ഇന്നലെ എന്നോട് പറഞ്ഞില്ലേ എന്നെ കൂടി നിങ്ങളുടെ വീട്ടിലേക്കു കൂട്ടാൻ ഒരു വഴിയുണ്ടെന്ന്. അതെന്താണെന്ന് പറഞ്ഞില്ലല്ലോ?"
ഇജോ വാതിൽ പടിയിൽ പിടിച്ചു നോക്കി നിന്നു.
"ഇപ്പൊ പറയണോ ? "
"വേണം..."
"അല്ലെങ്കിൽ വേണ്ട. നീ സമ്മതിക്കില്ല. "
"എന്താണെന്ന് പറഞ്ഞിട്ട് പോ ഇജോ...."
സൂര്യ നിർബന്ധിച്ചു. ഇജോ തിരികെ സുര്യയുടെ അടുത്തായി വന്നിരുന്നു. പിന്നെ അവളുടെ കൈ എടുത്തു പതിയെ തലോടി കൊണ്ടിരുന്നു. സൂര്യ വീർപ്പുമുട്ടലോടെ നോക്കി.
"ഹലോ. എന്നെയിട്ടിങ്ങനെ ടെൻഷനടിപ്പിക്കല്ലേ...."
"ഓക്കേ ! "
അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്നുലഞ്ഞിരുന്നു.
"ഫസ്റ്റ് ഓഫ് ഓൾ, ഞാനീ പറയുന്നത് നമുക്ക് വേണ്ടിയാണെന്ന് നിന്റെ മനസിൽ ഉറപ്പിക്കണം. എന്നിട്ട് മാത്രേ ഒരു ഡിസിഷൻ എടുക്കാവു... "
"ഏറ്റു. ഇനി പറഞ്ഞോ..."
"എന്റെ അപ്പായുടെയും അമ്മയുടെയും ഒപ്പം എന്നും നമ്മുടെ വീട്ടിൽ നമുക്ക് ഒന്നിച്ചു ജീവിക്കാൻ വേണ്ടിട്ടാണ് ഞാനീ പറയുന്നേ. അത് കൊണ്ട് നിസാരമായി കാണരുത്."
അവൾ ശുണ്ഠിയെടുത്തു.
"എനിക്ക് ദേഷ്യം വരുന്നുണ്ട്. കേട്ടോ."
"ദാറ്റ്സ് it..... എന്തായാലും താൻ ഗേളിനെ പോലെ ഡ്രസ്സിട്ടു തുടങ്ങി. എങ്കിൽ പിന്നേ റിയൽ ഗേളായി തന്നെ ചേഞ്ച് ആയികൂടെയെന്നാണ് എന്റെ ചോദ്യം. അങ്ങനെയാണെങ്കിൽ എനിക്ക് നിന്നെ എന്റെ വീട്ടിൽ കൊണ്ട് പോയി... ദാ ഇതാണ് എന്റെ പെണ്ണ്. ഇവളെ നിങ്ങൾ അക്സപ്റ്റ് ചെയ്തേ പറ്റുയെന്ന് ബോൾഡ് ആയിട്ട് പറയാൻ പറ്റും..."
സൂര്യ അമ്പരന്നു നോക്കി.
"എന്ന് വച്ചാൽ. സർജറി ചെയ്യാനാണോ ? "
അതിനു മറുപടി പറയാതെ ഇജോ അവളുടെ കൈത്തലം നെഞ്ചിൽ ചേർത്ത് പിടിച്ചു.
"നീ ശരിക്കും ആലോചിക്കൂ. എന്നിട്ട് ഡിസൈഡ് ചെയ്താൽ മതി ."
സൂര്യ മിണ്ടിയില്ല.
എ.റ്റി. എം കാർഡ് അവളുടെ കൈ വെള്ളയിൽ വച്ചു കൊടുത്തിട്ട് ഇജോ എണീറ്റു.
"ഞാൻ ചെന്നിട്ടു വിളിക്കാം. "
അവൻ ഇറങ്ങി. ഇജോ പറഞ്ഞിട്ട് പോയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു സൂര്യ. എന്തായാലും ഒരു പെണ്ണിനെ കെട്ടി കുടുംബ ജീവിതം നയിക്കാനൊന്നും തന്നെ കൊണ്ട് പറ്റില്ല. പെണ്ണിന്റെ മനസാണ്. ഒരു പെണ്ണിനെ പോലെ ഒരു പുരുഷന്റെ ഒപ്പമുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ നാട്ടുകാരും വീട്ടുകാരും അറിയാതെ രഹസ്യമായി ഇങ്ങനെ കഴിയുന്നതിലും ഭേദം ഇജോ പറഞ്ഞത് പോലെ സർജറി ചെയ്തു അവന്റെ പെണ്ണായി അവന്റെ ഒപ്പം അവന്റെ വീട്ടിൽ കഴിയുന്നതല്ലേ.
അതാണ് ശരിയെന്ന് തോന്നുന്നു. തങ്ങളുടെ കൂട്ടത്തിൽ രണ്ടു പേര് സർജറി കഴിഞ്ഞു കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു. ബാംഗ്ലൂരിൽ ഏതോ ഹോസ്പിറ്റലിലാണ് ചെയ്തതെന്ന് അറിയാം. നാല് ലക്ഷത്തോളം ചിലവ് വന്നിരുന്നു എന്ന് ഷെറിൻ പറയുന്നത് കേട്ടിരുന്നു. അത്രയും കാഷ് താൻ തന്നെ റെഡിയാക്കേണ്ടി വരും. ഇജോയുടെ കയ്യിൽ ഒന്നുമുണ്ടാവില്ലന്ന് അറിയാം. രണ്ടു ലക്ഷത്തിന്റെ ഒരു ചിട്ടി ഈ മാസം കൂടി കഴിഞ്ഞാൽ വട്ടമെത്തും.അമ്മയുടെ അക്കൗണ്ടിൽ കുറച്ചു കാഷ് കിടപ്പുണ്ട്. പോരാത്തതിന് ആരോടെങ്കിലും കടം വാങ്ങിക്കാം. പണത്തിന്റെ കാര്യത്തിൽ ടെൻഷനില്ല.
പക്ഷെ അമ്മ!
അമ്മയോട് എങ്ങനെ ഇകാര്യം പറയും?
മകൻ പൂർണമായും പെണ്ണായി മാറാൻ പോകുന്ന വിവരമറിഞ്ഞാൽ അമ്മ തകർന്നു പോകും. പക്ഷെ അമ്മയെ എങ്ങനെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. പറഞ്ഞു സമ്മതിപ്പിക്കണം. ആദ്യം എതിർത്താലും അമ്മ സമ്മതിക്കും. അതുറപ്പാണ്.
തന്റെ ഇഷ്ടങ്ങൾക്കൊന്നും എതിര് നിൽക്കാൻ അമ്മയ്ക്ക് കഴിയില്ല. വീട്ടിൽ എത്തിയിട്ട് ഇജോ വിളിച്ചപ്പോൾ സൂര്യ ഇക്കാര്യം പറഞ്ഞു.
"ഇജോ പറഞ്ഞത് പോലെ ചെയ്യാം. പക്ഷെ അമ്മ..... അമ്മയോട് എങ്ങനെയിത് പറയും. പറഞ്ഞാൽ സമ്മതിക്കോ? ബഹളം വയ്ക്കും."
"Then... പിന്നെന്ത് ചെയ്യും?" ഇജോയുടെ നിരാശ നിറഞ്ഞ ചോദ്യം.
"ഞാൻ പറഞ്ഞു നോക്കാം. അമ്മയെകൊണ്ട് എങ്ങനെയും സമ്മതിപ്പിച്ചെടുക്കണം. ഞാൻ വീട്ടിലേക്കു പോകുമ്പോൾ ഇജോയും എന്റെ കൂടെ വരാമോ. ഒരു ധൈര്യത്തിന്...?"
ഒന്ന് ചിന്തിക്കാനുള്ള സമയം പോലുമെടുത്തില്ല വരാമെന്ന് സമ്മതിച്ചു. ആ വാക്കായിരുന്നു സൂര്യയുടെ ഏറ്റവും വലിയ ധൈര്യം. എന്ത് വന്നാലും ഇജോ ഒപ്പമുണ്ട്. പിന്നെ പേടിക്കേണ്ട ഒരു കാര്യവുമില്ല.
"ശനിയാഴ്ച കാലിലെ പ്ലാസ്റ്ററെടുക്കും. അതു കഴിഞ്ഞിട്ട് പോയാലോ."
"എങ്കിൽ നമുക്ക് സാറ്റർഡേ നൈറ്റ് പോകാം. എന്റെ ബൈക്കിൽ . സൺഡേ എനിക്ക് .ഓഫ് ഡ്യൂട്ടിയാ. ഈവെനിംഗ് തിരികെ എത്തിയാൽ മതിയല്ലോ."
"മാറി നിൽക്കാൻ ഇജോയുടെ വീട്ടിൽ സമ്മതിക്കോ?"
"അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം . നീ പേടിക്കണ്ട. പോകുമ്പോൾ ഒപ്പം ഞാനുണ്ടാവും. അതു പോരെ."
അങ്ങനെ ശനിയാഴ്ചയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. അമ്മയുടെ ഉറപ്പ് കിട്ടിയിട്ട് ഷെറിനോടും മറ്റും സർജറിയുടെ കാര്യം അറിയിക്കാമെന്ന് കരുതി. ശനിയാഴ്ച രാവിലെ ഷെറിനെയും കൂട്ടി പോയി കാലിലെ പ്ലാസ്റ്ററെടുത്തു. രാത്രി ഏഴു മണി കഴിഞ്ഞപ്പോൾ ഇജോ ഫോണിൽ വിളിച്ചു.
"ഞാൻ വീട്ടിൽ പോയി കുളിച്ചു റെഡി ആയി വരാം."എന്ന് പറഞ്ഞു.
ഒൻപത് മണികഴിഞ്ഞാണ് അവൻ എത്തിയത്. അവന്റെ ബൈക്കിൽ നേരെ ആലപ്പുഴയ്ക്ക് വിട്ടു. ഇടയ്ക്ക് ഒരു തട്ടുകടയിൽ നിന്നും കാപ്പി കുടിച്ചു. വഴി നീളെ വാ തോരാതെ ഇജോ സംസാരിച്ചു കൊണ്ടിരുന്നു.
തമാശകൾ പറഞ്ഞു. ഇടയ്ക്ക് നിയന്ത്രണം വിട്ടു പൊട്ടിച്ചിരിച്ചു. അവനെ ഇറുകെ പുണർന്നു അവന്റെ തോളിലേക്ക് മുഖം ചേർത്തു വച്ചു സുര്യയും ആ യാത്രയുടെ സുഖം ആസ്വദിച്ചു.
ജീവിതത്തിലെ ഏറ്റവും സുവർണ നിമിഷങ്ങളാണ് താനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സുര്യയ്ക്ക് തോന്നി.
ഇതാണ് താനെന്നും ആഗ്രഹിച്ചത്. തന്നെ സ്നേഹിക്കുന്ന തന്റെ പ്രിയപ്പെട്ടവനോടൊപ്പമുള്ള ജീവിതം. ഒരിക്കലും ഈ സന്തോഷം അവസാനിക്കാതിരിക്കാൻ അവൾ മനസ്സ് കൊണ്ട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. 11 മണിക്ക് ആലപ്പുഴയിലെ സുര്യയുടെ വീടിനു മുന്നിൽ ബൈക്ക് ചെന്നു നിന്നു. വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് അമ്മയും മുത്തശ്ശിയും ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നു കുറച്ചു നേരം സംസാരിച്ചു. വന്നതിന്റെ ഉദ്ദേശം വിശദമായി രാവിലെ അമ്മയോട് പറയാമെന്നു കരുതി. മാത്രമല്ല സൂര്യ വന്നു കഴിഞ്ഞാൽ മുത്തശ്ശി തറവാട്ടിലേക്ക് പോകുന്ന പതിവുണ്ട്. പിന്നെയവൾ മടങ്ങുമ്പോഴാണ് തിരികെ വരിക. മുത്തശ്ശി കൂടെയില്ലാത്തതാണ് അമ്മയോട് പറയാൻ പറ്റിയ അവസരമെന്ന് സുര്യയ്ക്ക് തോന്നി.
ഭക്ഷണം പുറത്തു നിന്നും കഴിച്ചത് കൊണ്ട് സുര്യയുടെ അമ്മയും മുത്തശ്ശിയും നിർബന്ധിച്ചിട്ടും വിശപ്പില്ലന്ന് പറഞ്ഞു ഇരുവരും റൂമിൽ കയറി വാതിലടച്ചു. ഏതാണ്ട് ഒരു മണി കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ട് സൂര്യ എണീറ്റു വാതിൽ തുറന്നു. മുന്നിൽ കരഞ്ഞു കൊണ്ട് മുത്തശ്ശി. സൂര്യ അന്ധാളിപ്പോടെ നോക്കി.
"എന്താ മുത്തശ്ശി?"
മറുപടി പറയാതെ അവർ സൂര്യയുടെ കൈ പിടിച്ചു തിരിഞ്ഞോടി കഴിഞ്ഞു. പിന്നാലെ ഇജോ ചെല്ലുമ്പോൾ സുര്യയുടെ അമ്മ കിടക്കയിൽ വിയർപ്പിൽ കുളിച്ചു കിടക്കുകയാണ്. കണ്ണുകൾ തുറിച്ചു നിൽക്കുന്നു. സൂര്യ കരഞ്ഞു കൊണ്ട് തട്ടി വിളിക്കാൻ ശ്രമിക്കുന്നുണ്ട്. അവളെ പിടിച്ചു മാറ്റിയിട്ട് ഇജോ അമ്മയുടെ കൈ പിടിച്ചു നാഡിമിടിപ്പ് പരിശോദിച്ചു. കൈ തണുത്തിരുന്നു. ആന്തലോടെ മുഖം തിരിച്ചു അവൻ സുര്യയെ നോക്കി.
"എന്താ ഇജോ?" നെഞ്ചിടിപ്പോടെ സൂര്യ ചോദിച്ചു.
"കഴിഞ്ഞു!"
ഇജോയുടെ സ്വരം വിറച്ചു.
വണ്ടി വിളിക്കാനും അമ്മയുടെ ദേഹം ഹോസ്പിറ്റലിൽ എത്തിക്കാനും മരണം സ്ഥിരീകരിച്ചു തിരികെ കൊണ്ട് വരാനുമൊക്കെ മുന്നിട്ടു നിന്നത് ഇജോയാണ്. ഉറക്കത്തിൽ എപ്പോഴോ സംഭവിച്ച ഹൃദയാഘാതം! അമ്മ മരിച്ചു എന്ന് വിശ്വസിക്കാൻ സുര്യയ്ക്ക് കഴിഞ്ഞിരുന്നില്ല.
മണിക്കൂറുകൾക്കു മുൻപ് വരെ സന്തോഷത്തോടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന ആൾ. ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി. ഹാളിൽ വിരിച്ച പുല്ലുപായയിൽ അമ്മയുടെ ദേഹം കിടത്തുമ്പോഴും കോടി പുതപ്പിക്കുമ്പോഴും അടുത്ത് നിലത്ത് ഒന്ന് കരയാൻ പോലുമാവാതെ സൂര്യ പകച്ചിരുന്നു. ഒടുവിൽ അമ്മയുടെ ദേഹം ചിതയിൽ എരിയുമ്പോൾ സർവ്വനിയന്ത്രണവും തകർന്ന് ഷെറിനെയും ധന്യയെയും കെട്ടിപിടിച്ചു സൂര്യ വാവിട്ട് കരഞ്ഞു. ശരിക്കുമവൾ തകർന്നു പോയിരുന്നു. ഈ ലോകത്ത് ആകെയുള്ളൊരു കൂട്ട് അമ്മ മാത്രമായിരുന്നു. ഓർമ്മകൾ ബാക്കി വച്ചു എന്നെന്നേക്കുമായി അമ്മ മറഞ്ഞു. ആ വേർപാട് സൂര്യയ്ക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.
അമ്മയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ സുര്യയ്ക്ക് ദിവസങ്ങൾ വേണ്ടി വന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞു വീട്ടിലെത്തിയിട്ടും ഇജോ ഇടയ്ക്കിടെ ഫോണിൽ വിളിച്ചു വിവരങ്ങൾ ആരാഞ്ഞും സാന്ത്വന വാക്കുകൾ പറഞ്ഞും ആശ്വസിപ്പിച്ചു കൊണ്ടിരുന്നു .
ബാക്കിയുള്ളവരെല്ലാം പിരിഞ്ഞു പോയപ്പോഴും ഷെറിനും ധന്യയും സുര്യയുടെ കൂടെ വീട്ടിൽ തങ്ങി. അവർ തിരികെ മടങ്ങിയപ്പോൾ മുത്തശ്ശിയെ തറവാട്ടിലേക്ക് മടക്കി വിട്ട് സുര്യയെ നിർബന്ധിച്ചു എറണാകുളത്തേക്ക് കൂട്ടി കൊണ്ട് പോന്നു.
ലോഡ്ജിലെ തനിച്ചുള്ള താമസം മതിയാക്കി അവളെ കടവന്ത്രയിലെ വാടക വീട്ടിലേക്കു മാറ്റി. സൂര്യ മടങ്ങി വന്ന ദിവസം വൈകുന്നേരം ഇജോ കാണാൻ ചെന്നിരുന്നു. അവൻ റൂമിലേക്ക് കയറിയപ്പോൾ ഷെറിനും ധന്യയും മാറി കൊടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം കാണുന്നതാണ് ഇജോയെ അടുത്ത് കിട്ടിയപ്പോൾ അവനെ കെട്ടിപ്പുണർന്നു സൂര്യ വീണ്ടും കരഞ്ഞു.
"ഇനി നമ്മുടെ ഇഷ്ടത്തിന് അമ്മ സമ്മതിക്കുമോന്നുള്ള പേടി വേണ്ട അല്ലേ ഇജോ. എല്ലാം കഴിഞ്ഞു...എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യം തന്നിട്ട് എന്നോടൊരു വാക്ക് പോലും പറയാതെ അമ്മയങ്ങ് പോയി."
മറുപടി പറയാതെ ഇജോ ആശ്വസിപ്പിക്കുമ്പോലെ സൂര്യയെ കൂടുതൽ തന്നിലേക്ക് അണച്ചു പിടിച്ചു. കുറച്ചധികം സമയം സൂര്യയ്ക്കൊപ്പം ചിലവഴിച്ചിട്ടാണ് ഇജോ മടങ്ങിയത്. ദിവസങ്ങൾ കടന്നു പോകവേ സൂര്യ വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങി വന്നു. പഴയത് പോലെ സംസാരിക്കാനും ചിരിക്കാനുമൊക്കെ തുടങ്ങി. ആയിടക്കാണ് വട്ടമെത്തിയ ചിട്ടിയുടെ കാഷ് സൂര്യയ്ക്ക് കിട്ടിയത്. രണ്ടു ലക്ഷം രൂപ. അപ്പോൾ തന്നെ അവൾ ഇജോയെ വിളിച്ചു.
"ഇജോയ്ക്കിനി എത്ര രൂപാ കടം ബാക്കിയുണ്ട്?" അവളുടെ ചോദ്യം കേട്ട് അവന് ചിരി വന്നു.
"എന്തു പറ്റിയടോ?"
"ഇത് പറ. "
"രണ്ടര ലക്ഷത്തോളമുണ്ടാവും."
"വൈകുന്നേരം ജോലി കഴിഞ്ഞു ഇതുവഴി വരണേ."
"എന്തിനാണെന്ന് പറയു സൂര്യ."
"അതൊക്കെ വന്നിട്ടു പറയാം."
രാത്രിയിൽ ഇജോ വന്നപ്പോൾ രണ്ടരലക്ഷത്തിന്റെ നോട്ടു കെട്ടുകൾ അവന്റെ മുന്നിലേക്ക് എടുത്തു വച്ചു.
"ഇതെവിടുന്നാ?" ഇജോ അമ്പരന്നു.
"രണ്ടു ലക്ഷം ചിട്ടി കാശ് കിട്ടി. ബാക്കി അമ്മയുടെ അക്കൗണ്ടിൽ നിന്നും എടുത്തതാ..."
"അമ്മയുടെ അക്കൗണ്ടിൽ നിന്നോ?"
"ഞാൻ കുറച്ചു പണം അമ്മയുടെ അക്കൗണ്ടിൽ സേവ് ചെയ്തിട്ടുണ്ടായിരുന്നു. അതിൽ നിന്നും അമ്പതിനായിരം ഞാനിങ്ങു പിൻവലിച്ചു അതുടെ ചേർത്തതാണ് ഇത്."
ഇജോയുടെ മുഖത്ത് തെളിച്ചമൊന്നും കണ്ടില്ല. സൂര്യ ചോദ്യഭാവത്തിൽ പുരികമിളക്കി നോക്കി.
"എന്തുപറ്റി മാഷേ?"
ഒന്നുമില്ല എന്നർത്ഥത്തിൽ അവൻ ചുമൽ കുടഞ്ഞു.
"അതൊന്നുമല്ല... ഉള്ളിലെന്തോ പുകയുന്നുണ്ട്. എന്തേ ഞാൻ തരുന്ന കാഷ് വാങ്ങിക്കാൻ ഇജോയ്ക്ക് എന്തെങ്കിലും മടിയുണ്ടോ ? "
"അതല്ല സൂര്യ. ഞാൻ വാങ്ങിച്ചതൊന്നും നിനക്ക് തിരിച്ചു തന്നിട്ടില്ല . പിന്നെയും പിന്നെയും ഇങ്ങനെ വാങ്ങിച്ചോണ്ടിരിക്കുവാ... എനിക്ക് തന്നെ എന്നോടൊരു പുച്ഛം തോന്നുവാടോ..."
"കൂടുതൽ ചിന്തിച്ചു പുച്ഛപ്പെടാതെ സാറ് ഇതെടുത്ത് നിലവിലുള്ള കടം തീർക്കാൻ നോക്ക്. വെറുതെ എന്തിനാ മാഷേ നമ്മൾ നാട്ടുകാർക്ക് പലിശ കൊടുക്കുന്നെ? "
ഇജോ മിണ്ടിയില്ല. അവന്റെ മുഖം ശ്രമിച്ചു സൂര്യ ചോദിച്ചു.
"ദേ നോക്ക്. ഇജോ എന്നെ കെട്ടുമെന്ന് ഉറപ്പല്ലേ?"
അവൻ അതേയെന്ന് തലയാട്ടി.
"അപ്പോൾ ഈ കാശ് ഞാൻ തരുന്ന സ്ത്രീധനമായിട്ട് കൂട്ടിയാൽ മതി. അപ്പോ പ്രശ്നം തീർന്നില്ലേ." ഇജോയ്ക്ക് ചിരി വന്നു.
"ഹോ... സമാധാനമായി. ഒന്ന് ചിരിച്ചു കണ്ടു."
ഇജോയുടെ ബാഗിൽ നോട്ടുകെട്ടുകൾ എടുത്തു വയ്ക്കുന്നതിനിടയിൽ സൂര്യ തുടർന്നു .
"വിദേശത്ത് എവിടെയെങ്കിലും എന്റെ ചെക്കന് നല്ലൊരു ജോലി കണ്ടു പിടിക്കണം. നല്ല ശമ്പളത്തിൽ നല്ലൊരു ജോലി. എനിക്ക് പരിചയമുള്ളൊരു ട്രാവൽസ് ഗ്രൂപ്പ് ഉണ്ട്. നമുക്ക് അവരെ പോയെന്നു കാണാം. ഈ ചെറിയ ജോലി കൊണ്ടൊന്നും ഇനി പറ്റില്ലല്ലോ. നമുക്ക് ജെനിയുടെ കല്യാണം നടത്തി വിടണ്ടേ..."
ബാഗ് മാറ്റി വച്ചിട്ട് സൂര്യ ഇജോയുടെ അടുത്തിരുന്നു. "അതൊക്കെ കഴിഞ്ഞു വേണം ഈ തടിയനെ എനിക്കിങ്ങു സ്വന്തമാക്കാൻ. എന്നിട്ട് ഒരുപാട് നാള് എന്റെ ചെക്കന്റൊപ്പം ജീവിക്കണമെനിക്ക്...."
സൂര്യ പറയുന്നത് മൊത്തം കേട്ടിരുന്നിട്ട് ഇജോ അറിയിച്ചു.
"എങ്ങോട്ട് പോയാലും നിന്നെ കെട്ടി വീട്ടിലാക്കിയിട്ടേ പോകുന്നുള്ളൂ. അതിന് വേണ്ടി നമ്മൾ പറഞ്ഞു വച്ചിരിക്കുന്ന ഒരു ഇമ്പോർട്ടന്റ് മാറ്ററുണ്ട്. അത് മറന്നോ? "
"സർജറിയല്ലേ? "
"അതേ. അതിനു വേണ്ടി ഒരുപാട് കാഷ് ചിലവു വരില്ലേ... എന്റെ കയ്യിൽ ഒന്നുമില്ലെന്ന് അറിയാലോ. ഈ കാഷെടുത്തു ഇപ്പോ എനിക്ക് തന്നാൽ അതിനെന്തു ചെയ്യും?"
"അതിനൊക്കെയുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്."
"അത് ഏത് വഴി?"
"ഒരു മൂന്ന് ലക്ഷം കൂടിയുണ്ടെങ്കിൽ സർജറിയും ബാക്കി ട്രീറ്റ്മെന്റും പിന്നെയുള്ള ചിലവുമെല്ലാം കൂടെ നടക്കും. ബാക്കി എന്റെ കയ്യിലുണ്ട്. ആ മൂന്ന് ലക്ഷം സംഘടിപ്പിക്കാനുള്ള വഴിയും ഞാൻ കണ്ടു വച്ചിട്ടുണ്ട്."
ഒന്ന് നിർത്തിയിട്ടു സൂര്യ തുടർന്നു.
"വീട് ലോൺ വച്ചിട്ട് മൂന്ന് ലക്ഷമെടുക്കാം. ഞാനെന്തായാലും ഇവിടെയാണല്ലോ. വീട് ചുമ്മാ പൂട്ടി ഇട്ടേക്കുവാ. അത് നമുക്ക് വാടകയ്ക്ക് കൊടുക്കാം. മാസ വാടക കിട്ടുന്ന പണം ലോൺ അടഞ്ഞു പോവുകയും ചെയ്യും. എങ്ങനെയുണ്ട് എന്റെ ഐഡിയ?"
ഇജോ മറുപടിയൊന്നും പറഞ്ഞില്ല.
"സർജറി കഴിഞ്ഞു വരുമ്പോൾ എന്നെ വേണ്ടന്നെങ്ങാനും പറയോ...?"
സൂര്യ പാളി നോക്കി. അത് കേട്ട് ഇജോയ്ക്ക് ശുണ്ഠി കയറി. സൂര്യയെ പിടിച്ചു വലിച്ചു അവൻ കിടക്കയിലേക്ക് മറിച്ചിട്ടു ആ മേലേക്ക് കയറി അവളുടെ മുഖത്തേക്ക് മുഖം കൂർപ്പിച്ചു നോക്കി.
"വേണ്ടന്നു വയ്ക്കാനാണോടി പോത്തേ ഞാൻ നിനക്ക് പ്രോമിസ് ചെയ്തത്. ആണോ? പറഞ്ഞത് ഇജോയാ. അത് തെറ്റിക്കാൻ ഞാൻ മരിക്കണം."
"എന്റെ പൊന്നെ. ഞാനൊരു തമാശ പറഞ്ഞതല്ലേ."
അവന്റെ ഇരു കവിളിലും കൈ ചേർത്ത് സൂര്യ അനുനയിപ്പിക്കാൻ നോക്കി.
"നിന്റൊരു ഊള ജോക്ക്."
പൊടുന്നനെ ഇജോയുടെ ഫോൺ ബെൽ മുഴങ്ങാൻ തുടങ്ങി. അവൻ സൂര്യയുടെ മേലേ നിന്നും എണീറ്റു ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ വലിച്ചെടുത്തു.
മറുതലയ്ക്കൽ അന്നമ്മയുടെ ആധിയോടെയുള്ള ഒച്ച കേട്ടു.
"ഇജോ എവിടാ നീ?. കോളേജ് വിട്ടു ജെനി ഇതുവരെ വന്നിട്ടില്ല... രാവിലെ പോകുമ്പോൾ വൈകുന്നേരം ലേറ്റ് ആവുമെന്നു പറഞ്ഞിരുന്നു. ഇതുവരെ കാത്തു. അവളുടെ ഫ്രണ്ടിനോട് വിളിച്ചു ചോദിച്ചപ്പോൾ അറിയില്ലെന്ന് പറയുന്നു. ഒന്ന് പോയി നോക്കടാ. എനിക്കെന്തോ പേടിയാവുന്നു. "
അന്നമ്മ കരയാൻ തുടങ്ങി.
"അമ്മ കരയാതെ. ഞാനൊന്ന് നോക്കട്ടെ...."
അവൻ ഫോൺ കട്ട് ചെയ്യുമ്പോഴേക്കും സൂര്യ എണീറ്റു വന്നു.
"എന്താ ഇജോ ? "
"ജെനി ഇതുവരെ വീട്ടിലെത്തീട്ടില്ലെന്ന് ... ഞാൻ പോകുവാ സൂര്യ."
ബാഗെടുത്തു ചുമലിലിട്ടു അവൻ നടന്നു കഴിഞ്ഞു. സൂര്യ പിന്നാലെ ചെന്നു.
"പേടിക്കണ്ട ഇജോ . ജെനി ഏതെങ്കിലും ഫ്രണ്ടിന്റെ വീട്ടിൽ പോയതാവും . ആ കുട്ടിയുടെ കൂട്ടുകാരുടെ നമ്പറിലൊക്കെ ഒന്ന് വിളിച്ചു നോക്ക്. "
മറുപടി പറയാതെ ഇജോ ബൈക്കിലേക്കു കടന്നിരുന്നു. ഉള്ളിലെ ആളൽ അവന്റെ മുഖത്ത് കാണാമായിരുന്നു.
"എന്തുണ്ടേലും ഒന്ന് വിളിച്ചു പറയണേ... " സൂര്യ ഓർമിപ്പിച്ചു.
തലയാട്ടി കൊണ്ട് അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. സൂര്യ നോക്കി നിൽക്കെ ബൈക്ക് പുറത്തേക്കു പാഞ്ഞു പോയി.
( തുടരും... )
ഭാഗം - 12
മഹാരാജാസിൽ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് ജെനി. ഒരേയൊരു അനുജത്തി. പക്ഷെ അതിന്റെതായ അടുപ്പമോ സംസാരമോ ഒന്നും ഇരുവരും തങ്ങളിൽ ഉണ്ടായിരുന്നില്ല.
അല്ലെങ്കിലും ജോലിയുടെ തിരക്കും മറ്റു സാമ്പത്തിക പ്രശ്നങ്ങളും കാരണം തലപുകഞ്ഞു നടക്കുന്നത് കൊണ്ട് വീട്ടിലുള്ളവരുമായുള്ള ചങ്ങാത്തം നന്നേ കുറഞ്ഞു. പോളിന്റെ അടുത്ത് പോലും ഇജോ അങ്ങിനെ ഇരിക്കാറില്ല. മുൻപ് ഇങ്ങനെയൊന്നുമായിരുന്നില്ല.
പള്ളിയിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും പുറത്തു കറങ്ങാൻ പോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഒരുമിച്ചു.
ആഘോഷിക്കുകയായിരുന്നു. ഓരോ ദിവസവും.
ഇപ്പോൾ കുറച്ചു അപരിചിതർ താമസിക്കുന്ന വീട് അങ്ങനെ ആയി തീർന്നിരിക്കുന്നു.
വണ്ടി പള്ളിമുക്കിലെ സിഗ്നലിൽ എത്തുമ്പോൾ ഇജോയ്ക്ക് അന്നമ്മയുടെ കാൾ വന്നു.
" ഇജോ നീ വീട്ടിലേക്കു വാ. ജെനി എത്തിയിട്ടുണ്ട്. "
ശരിക്കും അവന്റെ ശ്വാസം നേരെ വീണത് അപ്പോഴാണ്.
എങ്ങോട്ട് പോകണമെന്നോ ആരോടു ചോദിക്കണമെന്നോ ഒരു പിടിയുമില്ലാതെ നിൽക്കുകയായിരുന്നു
നേരെ വീട്ടിലേക്കു വിട്ടു.
ചെന്നപാടെ ജെനിയുടെ മുറിയിലേക്ക് ഇരച്ചു ചെന്നു. അന്നമ്മയും അപ്പോൾ മുറിയിലുണ്ടായിരുന്നു.
"എവിടെ ആരുന്നടി നീയിതുവരെ?"
അവന്റെ കണ്ണിൽ കനലെരിഞ്ഞു.
"ഫ്രണ്ടിന്റെ വീട്ടിൽ. ഞാൻ അമ്മയോട് പറഞ്ഞിട്ടാ പോയെ."
കൂസലൊന്നുമില്ല പെണ്ണിന്റെ മുഖത്തു.
"ഇത്രേം ലേറ്റാവുമെങ്കിൽ നിനക്കതൊന്നു വിളിച്ചു പറഞ്ഞൂടെ. നിന്റെ കയ്യിലെ ഫോൺ എന്തിനാ നീ കൊണ്ട് നടക്കുന്നെ ?"
ഇജോ ഒച്ചവച്ചു.
"ഫോൺ സ്വിച്ച് ഓഫ് ആയിപോയി."
ബാക്കി അന്നമ്മ ഏറ്റെടുത്തു.
"നിന്റെ ഫോൺ ഓഫായെങ്കിൽ കൂട്ടുകാരുടെ ആരുടെയെങ്കിലും ഫോണിൽ നിന്നും വീളിച്ചു പറഞ്ഞൂടാരുന്നോ? പത്രത്തിലും ടീവിയിലുമൊക്കെ ദിവസവും ഓരോ വാർത്ത കേൾക്കുന്നതാ. വീട്ടിൽ ഇരിക്കുന്നവർ ആധി എരിഞ്ഞു ചാത്തോട്ടേന്ന് വിചാരിച്ചോ....."
"കൊച്ചുകുട്ടിയൊന്നുമല്ലല്ലോ. ഞാൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ. അതിനു ഇത്രേം ബഹളം വയ്ക്കേണ്ട കാര്യമൊന്നുമില്ല..." ജെനി മുഖം കനപ്പിച്ചു.
"തർക്കുത്തരം പറയുന്നോ... " അന്നമ്മ കയ്യോങ്ങി കൊണ്ട് ചെന്നു.
"കൂടുതൽ നെഗളിക്കല്ലേടി. തലയ്ക്കു മീതെ ഒരു കൂര പോലുമില്ല. ഇവിടുന്നിറങ്ങിയാൽ പെരുവഴിയിലാ... ഓർത്തോ നീ."
"ഇരുപത്തിനാലു മണിക്കൂറും എന്നോടിത് പറയുന്നുണ്ടല്ലോ. വീട് വിറ്റു തുലച്ചത് ഞാനാണോ? ഇങ്ങനെ ഒന്നുമില്ലാതായി തീർന്നത് എന്റെ കുറ്റം കൊണ്ടാണോ."
ഒന്ന് കത്തി കയറിയിട്ട് എന്തോ ആലോചിച്ചു സ്വയം അടക്കി ജെനി പറഞ്ഞു.
"എന്നെ കൊണ്ട് കൂടുതൽ പറയിക്കാതെ അമ്മ ഒന്ന് പോയെ. എനിക്ക് കുളിക്കണം."
തിടുക്കത്തിൽ അവൾ കുളിമുറിയിൽ കയറി വാതിലടച്ചു. അന്നമ്മ തിരിഞ്ഞു ഇജോയെ നോക്കി. അവൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.
"അന്നമ്മോ" എന്ന് പോളിന്റെ വിളി കേട്ടു അവർ അവിടേയ്ക്ക് ചെന്നു.
"എന്നതാടി അവിടെ. അത് വന്നു കയറിയപ്പോൾ മുതൽ തുടങ്ങിയതാണല്ലോ. നിർത്താറായില്ലേ?'
"ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം പെണ്ണ് പറഞ്ഞു പറഞ്ഞു കൊമ്പത്തോട്ട് കേറുവാ. ഇത് നല്ല പോക്കല്ല. നിങ്ങള് അവളെ വിളിച്ചൊന്നു ഉപദേശിക്ക് എന്നെയോ ചെറുക്കനെയോ അവൾക്ക് ഇത്തിരിയെങ്കിലും പേടി ഉണ്ടോന്ന് നോക്ക്. താമസിച്ചു വന്നതിനെ കുറിച്ച് ചോദിച്ചപ്പോ അവളിങ്ങോട്ട് ചാടി കടിക്കാൻ വരുന്നു."
"നീ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞില്ലേ മതിയാക്കടി. അവള് കുഞ്ഞല്ലേ. "
"നല്ല കുഞ്ഞ് . അടുത്ത വർഷം കെട്ടിച്ചു വിടേണ്ട പെണ്ണാ... ഇങ്ങനെ ഒരു പോക്ക് പോയി തുടങ്ങിയാൽ നന്നായിരിക്കും."
"നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ പിള്ളേരുടെ തോളിൽ കേറാതെ...ഇജോ വന്നിട്ട് എവിടെ?"
"മുറിയിൽ കാണും ..."
"മാർട്ടിൻ വന്ന കാര്യം അവനോടു പറഞ്ഞാരുന്നോ ?"
"പറഞ്ഞിട്ട് എന്നാത്തിനാ. അവനത് എവിടുന്നെടുത്തു കൊടുക്കും. അഞ്ചും പത്തും ഒന്നുമല്ല. ഒരു ലക്ഷം രൂപയാ. മണീടെ അമ്പതിനായിരം അവൻ ആരാണ്ടടുത്തുന്നു കടം മേടിച്ചാ കൊടുത്തേ."
അപ്പോഴേക്കും ഇജോ മുറിയിലേക്ക് കയറി വന്നു.
"മാർട്ടിന്റെ മാത്രമല്ല. ബാക്കിയുള്ള കടങ്ങളും നമുക്ക് സെറ്റിൽ ചെയ്യാം . അതിനുള്ള എമൗണ്ട് റെഡിയായിട്ടുണ്ട്. "
"എവിടുന്നു?"
പോളും അന്നമ്മയും ഒരേ സ്വരത്തിൽ ചോദിച്ചു.
" എന്റെ ഫ്രണ്ട് തന്നു. "
" അതും കടം ആയിട്ടല്ലേ . തിരിച്ചു കൊടുക്കണ്ടേ ? "
അന്നമ്മ ചോദിച്ചു.
" സാവകാശമുണ്ട്. പതിയെ കൊടുത്താൽ മതി."
" എന്നാലും കുഴപ്പമില്ല. തൽക്കാലം ഇവന്മാരുടെ വായിലിരിക്കുന്നത് കേൾക്കണ്ടല്ലോ. "
പോൾ ആശ്വാസത്തോടെ കുരിശൂ വരച്ചു.
കുളി കഴിഞ്ഞു ഇജോ വരുമ്പോൾ ചാർജ് കുത്തിയിട്ടിരുന്ന മൊബൈലിൽ നാലഞ്ച് മിസ്സ്കാൾ.
സൂര്യ വിളിച്ചതാണ്.
സൈലന്റിൽ ആയതു കൊണ്ട് കേട്ടിരുന്നില്ല.
ജെനി എത്തിയ വിവരം സുര്യയെ വിളിച്ചു പറഞ്ഞില്ലല്ലോ എന്ന് അപ്പോഴാണ് ഓർമിച്ചത്.
ഉടൻ തന്നെ തിരിച്ചു വിളിച്ചു.
" എന്തായി ഇജോ. ജെനിയെ കണ്ടോ ? "
" ഇവിടെ ഉണ്ട്. ഏതോ ഫ്രണ്ടിന്റെ വീട്ടിൽ പോയിരുന്നതാ. "
" ഹോ സമാധാനമായി. ഞാൻ ആധിപിടിച്ചു ഇരിക്കുവാരുന്നു..."
" കുഴപ്പമൊന്നുമില്ല. "
"ഇജോ കഴിച്ചോ. "
" ഇല്ല. കുളിച്ചിട്ടു വന്നതേയുള്ളു."
സംസാരിച്ചു കഴിഞ്ഞു സൂര്യ ഫോൺ കട്ട് ചെയ്തപ്പോൾ ഷെറിൻ കയറി വന്നു
" നീയെന്താ പെട്ടന്നിങ്ങു പോന്നേ ? "
ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് സൂര്യ ചോദിച്ചു.
" ഓ. വയ്യ...എനിക്കൊരു തലവേദന പോലെ. പനിക്കോളാണെന്നു തോന്നുന്നു. മഞ്ഞു കൊണ്ടാൽ കൂടിയാലോന്നൊരു പേടി. "
വേഷം മാറിയിട്ട് ഷെറിൻ കയറി കിടന്നു.
കുറച്ചു നേരം നോക്കിയിരുന്നിട്ട് സൂര്യ ഷെറിനെ വിളിച്ചു.
" നീ ഉറങ്ങിയോ ?"
" ഇല്ല. പറഞ്ഞോ. "
" സർജറി ചെയ്യണമെന്നാ ഇജോ പറയുന്നേ... "
" എന്താ...? "
ഷെറിൻ മുഖം തിരിച്ചു നോക്കി.
" അല്ല സർജറി കഴിഞ്ഞാൽ പിന്നെ എന്നെ അവന്റെ വീട്ടിൽ കൊണ്ട് പോവാനുള്ള വഴി എളുപ്പാവൂലോ. അപ്പോൾ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കാനും ബുദ്ധിമുട്ട് ഉണ്ടാവില്ലത്രേ ."
" എന്ന് ഇജോ പറഞ്ഞോ ? "
" മം... "
" എന്നിട്ട് നീയെന്തു തീരുമാനിച്ചു ? "
" ഇജോ പറയുന്നതിലും കാര്യമില്ലേ. ഞങ്ങളുടെ ഇപ്പോഴത്തെ ഈ ബന്ധം വീട്ടുകാർക്ക് ആക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാവും. ഇല്ലെങ്കിൽ എന്നുമിങ്ങനെ ഒളിച്ചും പാത്തും കഴിയേണ്ടി വരും. അതെനിക്ക് പറ്റില്ല. എനിക്കവന്റെ കൂടെ അവന്റെ വീട്ടിൽ കഴിയണം. അതിന് ഇതാണ് വഴിയെങ്കിൽ അവൻ പറയുന്നത് അനുസരിക്കുന്നതല്ലേ നല്ലത് ? "
" ഞാനൊന്നും പറയില്ല. നിനക്ക് അവനെ അത്രയും വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. പിന്നീട് ചെയ്തു പോയത് മണ്ടത്തരമായി പോയെന്നു തോന്നരുത്. എടുത്ത തീരുമാനം തെറ്റിപ്പോയാൽ മായ്ച്ചിട്ട് ഒന്നേന്ന് തുടങ്ങാനൊന്നും പറ്റില്ല. നല്ലപോലെ ആലോചിച്ചു തീരുമാനിച്ചാൽ മതി. എല്ലാ വശവും ചിന്തിക്കണമല്ലോ. "
" എനിക്ക് ചോദിക്കാനും കൂടിയാലോചിക്കാനും ഇനി നിങ്ങളൊക്കെയെ ഉള്ളു. "
" ഞാനെന്തായാലും ഇജോയുമായി ഒന്ന് സംസാരിക്കട്ടേ . എന്നിട്ട് തീരുമാനിക്കാം. "
ഷെറിൻ പറഞ്ഞു നിർത്തി.
സുര്യയ്ക്കും സമ്മതം.
പിറ്റേന്ന് രാത്രിയിൽ ഷെറിനും ധന്യയും ഇജോയുമായി ഇക്കാര്യത്തേ കുറിച്ച് സംസാരിച്ചു.
ഇജോയ്ക്കുള്ള ചായ തിളപ്പിക്കാൻ സൂര്യയെ അടുക്കളയിലേക്ക് പറഞ്ഞു വിട്ടു. അവളേ ഒന്ന് മാറ്റി നിർത്തുകയായിരുന്നു ഉദ്ദേശം.
" ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട് സൂര്യ. ബന്ധുക്കളൊക്കെ പണ്ടേ തള്ളിക്കളഞ്ഞതാ. ഇപ്പൊ ദേ അമ്മയും മരിച്ചു. ഒരായുസിന്റെ കണ്ണീരു മൊത്തം അത് ഒഴുക്കിയിട്ടുണ്ട്.. ഇനിയും അവളെ കരയിക്കരുത് എന്നൊരു അപേക്ഷയുണ്ട്. ഒരു ജീവിതം കൊടുക്കാമെന്നു പറഞ്ഞു അതിനെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചിട്ട് അവസാനം കാലുമാറിയാൽ സഹിക്കില്ല ഞങ്ങൾ...അതുകൊണ്ട് നൂറു ശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രേ ഈ സാഹസത്തിന് ഇറങ്ങി തിരിക്കാവു . സർജറി എന്ന് പറഞ്ഞാൽ ഇജോയുടെ വശം കഴിഞ്ഞു. അങ്ങനെയല്ല ഇനി സൂര്യയ്ക്ക്. ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ് ആ കുട്ടി അഭിമുഖീകരിക്കാൻ പോകുന്നത്. അതെത്ര വലുതാണെന്ന് അവൾക്കറിയില്ല. അവളുടെ മനസ്സിൽ ഇജോ മാത്രേയുള്ളൂ....നിങ്ങൾ ഇപ്പോൾ കൊടുക്കുന്ന സ്നേഹം മാത്രം . അതെന്നും കിട്ടാൻ അവൾ മറ്റൊന്നും ചിന്തിക്കുക കൂടിയില്ല..."
ഒരു നിമിഷം കഴിഞ്ഞാണ് ഇജോ ശബ്ദിച്ചത്.
" പല കാര്യങ്ങളിലും സുര്യയെ അനുസരിക്കാനാണ് എനിക്കിഷ്ടം. എന്നേക്കാൾ mature അവളാണെന്ന തോന്നലായിരുന്നു. എന്ത് ഭാരവും എന്ത് സങ്കടവും അവളോടെനിക്ക് ഷെയർ ചെയ്യാം. അതിന്റെ അറ്റത്തു ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും ഒരു വാക്ക് അവളുടെ നാവിലുണ്ടാവും. എന്റെ ലൈഫ് മുഴുവൻ ആ കൂട്ട് വേണമെന്നാ ഞാൻ ആഗ്രഹിക്കുന്നേ. അതിങ്ങനെ ഒളിഞ്ഞും പതുങ്ങിയുമല്ല. എന്റെ പെണ്ണായി എന്റെ കൈപിടിച്ചു എന്റെ വീടിന്റെ പടികയറാൻ. അതിനു വേണ്ടി ഞങ്ങൾ ഒരുമിച്ചെടുത്ത ഡിസിഷൻ ആണിത്. ഇതിന്റെ അവസാനം വരെ നിങ്ങൾ ഞങ്ങളുടെ കൂടെ നിൽക്കണം."
" അതിനെ കരയിക്കില്ലെന്നും എന്നും ഒപ്പമുണ്ടാവുമെന്നും ഒരു വാക്ക് ഇജോയുടെ നാവിൽ നിന്നും കേട്ടാൽ മാത്രം മതിയായിരുന്നു ഞങ്ങൾക്ക്. എല്ലാം തികഞ്ഞ ഒരു പെണ്ണായി സൂര്യയെ ഇജോയുടെ മുന്നിൽ ഞങ്ങൾ കൊണ്ട് വന്നു നിർത്തി തരും..."
" ഒരു റിക്വസ്റ്റ് കൂടിയുണ്ട്. ഇങ്ങനൊരു സർജറിയുടെ കാര്യം എന്റെ വീട്ടിലും പുറത്തും ആരും ഒരിക്കലും അറിയരുത്. ഇതൊരു സീക്രെട്ടായിരിക്കണം... പിന്നീടുള്ള ഞങ്ങളുടെ ഫാമിലി ലൈഫിൽ അതൊരു വലിയ വിള്ളലായി വീഴാതിരിക്കാൻ വേണ്ടി എനിക്കത് ഹൈഡ് ചെയ്തു വച്ചേ പറ്റു. "
ഷെറിനും ധന്യയ്ക്കും പരിപൂർണ സമ്മതം.
സുര്യയ്ക്ക് നല്ലൊരു ജീവിതം കിട്ടുന്നതിൽ അവർക്ക് അകമഴിഞ്ഞ സന്തോഷം മാത്രേ ഉണ്ടായിരുന്നുള്ളു.
ആ ചർച്ച അങ്ങനെ അവസാനിച്ചു.
മുൻപ് ഷെറിന്റെ രണ്ടു ചങ്ങാതിമാർ സർജറി ചെയ്ത ബാംഗ്ലൂരിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടറെ കൺസൾട്ട് ചെയ്യിക്കാൻ സൂര്യയെ കൊണ്ട് പോയത് ഷെറിൻ ആണ്.
ജോലി കളഞ്ഞിട്ടു ഇജോ ഒന്നിനും ചെല്ലണ്ടെന്നു എല്ലാം താൻ നോക്കിക്കോളാമെന്നും അവൾ ഉറപ്പു കൊടുത്തു.
ഷെറിന് പരിചയമുള്ള ഡോക്ടറുടെ കീഴിൽ ഒരു ടീം തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.
എന്റോക്രൈനോളജിസ്റ്റ് പരിശോദിച്ചു സർജറിയ്ക്ക് മുൻപുള്ള എച്ച് ആർ റ്റി ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു.
മൂന്ന് മാസം തുടർച്ചയായി ഓരോ ഇഞ്ചക്ഷൻ.
ഇതിനിടയിൽ സർജറിക്കായുള്ള പണത്തിന് വേണ്ടി ലോൺ എടുക്കാനും വീട്ടിൽ വാടകക്കാരെ ഏർപ്പാട് ചെയ്യാനുമൊക്കെ സൂര്യയ്ക്കൊപ്പം ധന്യയും ഷെറിനും കൂടെ നിന്നു.
എച്ച് . ആർ. റ്റി കഴിഞ്ഞു സർജറിയ്ക്ക് വേണ്ടി ബാംഗ്ലൂർ കുറച്ചു നാൾ നിൽക്കാൻ കൂട്ട് ചെല്ലുന്നതും ഷെറിൻ തന്നെ ആയിരുന്നു.
അതുകൊണ്ട് തന്നെ സുര്യയ്ക്ക് വല്യ ടെൻഷനൊന്നും ഉണ്ടായിരുന്നില്ല.
എങ്കിലും പോകാനുള്ള ദിവസം അടുക്കുന്തോറും ഇജോയ്ക്ക് ഒരു ആധി തോന്നി തുടങ്ങിരുന്നു.
എന്തോ ഒരു ഭയം.
ബാംഗ്ലൂർ പോകുന്നതിന്റെ തലേന്ന് രാത്രിയിൽ സൂര്യ ഇജോയെ കലൂർ പള്ളിയിൽ കൂട്ടികൊണ്ട് പോയി.
ഇരുവരും ഒരുമിച്ചു മെഴുകുതിരി കൊളുത്തി പ്രാർത്ഥിച്ചു.
കുറച്ചധികം സമയം മറൈൻഡ്രൈവിലെ ബെഞ്ചിൽ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു.
സൂര്യയുടെ മൃദുലമായ വിരലുകളിൽ തലോടി കൊണ്ട് ഇജോ അലിവോടെ പറഞ്ഞു.
"ഒന്നും വേണ്ടിയിരുന്നില്ലന്ന് ഇപ്പോൾ തോന്നുന്നു. ഞാൻ കാരണം നീ ഒരുപാട് സഫർ ചെയ്യുന്നുണ്ട് . ഒരുപാട് കാഷ് ചിലവാക്കുന്നുണ്ട്. ഇനി കുറേ പെയിൻ സഹിക്കേണ്ടിയും വരും... നിന്നെ കുറിച്ചു ആലോചിക്കുമ്പോൾ തന്നെ എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നുന്നു. വല്ലാത്ത guilty ഫീലും "
"എന്നെ കുറിച്ച് ആലോചിച്ചു ഇജോ ഒട്ടും വിഷമിക്കണ്ട. എനിക്ക് ഇജോയുടെ ഒപ്പം ഇജോയുടെ വീട്ടിൽ ജീവിക്കണം. അതിനു എന്ത് വേദനയും സഹിക്കാൻ ഞാൻ തയ്യാറാ. "
"നിനക്ക് ടെൻഷൻ ഒന്നുമില്ലല്ലോ ? "
"ഒട്ടുമില്ല. അങ്ങനെ എന്തെങ്കിലും തോന്നിയാൽ ഞാനീ മുഖം ആലോചിക്കും. അപ്പൊ എല്ലാം പോയിപോകും."
"നാളെ പോയികഴിഞ്ഞാൽ പിന്നെ എന്നാ തിരിച്ചു വരുന്നേ ? "
"അറിയില്ല. കുറച്ചു നാൾ അവിടെ തങ്ങേണ്ടി വരുമെന്ന് ഷെറിൻ പറഞ്ഞു. അവളുടെ ഒരുപാട് കൂട്ടുകാർ അവിടെയുണ്ട്. എന്തായാലും ഞാൻ ചെന്നിട്ടു വിളിച്ചു പറയാം. "
"വരുന്നത് വരെ എന്നും വിളിച്ചു സംസാരിക്കണം. എനിക്ക് ഈ ഒച്ചയെങ്കിലും കേട്ടില്ലെങ്കിൽ ഉറക്കം വരില്ലെന്നായിട്ടുണ്ട്."
സൂര്യ പതിയെ തലയാട്ടി.
പിറ്റേന്ന് വൈകുന്നേരം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബാംഗ്ളൂരിലേക്കുള്ള ട്രെയിനിൽ സുര്യയും ഷെറിനും യാത്രയായി.
അവരെ യാത്ര അയക്കാൻ ഇജോയും ചെന്നിരുന്നു. ട്രെയിന്റെ വാതിലിൽ നിന്നും സൂര്യ കൈ വീശി യാത്ര പറഞ്ഞു. അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ പ്ലാറ്റ്ഫോമിൽ ഇജോ നോക്കി നിന്നു.
( തുടരും )
ഭാഗം - 13
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വിശദമായി സുര്യയുമായി സംസാരിച്ചു. കൗൺസിലിംഗ് കഴിഞ്ഞു റിപ്പോർട്ട് പ്ലാസ്റ്റിക് സർജനു കൈ മാറി. പ്ലാസ്റ്റിക് സർജന്റെ മുന്നിൽ നിന്നും നേരെ ഫിസിഷ്യന്റെ അടുത്തേക്ക്.
സർജറിയ്ക്ക് സുര്യയുടെ ബോഡി ഫിറ്റാണെന്നു ഫിസിഷ്യന്റെ അപ്രൂവ് കിട്ടി കഴിഞ്ഞു പ്ലാസ്റ്റിക് സർജൻ നേരെ അനസ്തേഷ്യ ഡോക്ടറുടെ അടുത്തേക്ക് വിട്ടു. ഒടുവിൽ അനസ്തേഷ്യ ഡോക്ടറും പ്ലാസ്റ്റിക് സർജനും ചർച്ച ചെയ്യുമ്പോൾ ഷെറിനും സൂര്യയും പുറത്തു വെയിറ്റ് ചെയ്തു.
ഏഴു ദിവസം കഴിഞ്ഞുള്ള ഒരു തിങ്കളാഴ്ചത്തേക്ക് സർജറിയ്ക്കുള്ള ഡേറ്റ് കിട്ടി. ഒപ്പം ഡെയിലി കഴിക്കാൻ ആസ്പിരിൻ ടാബ്ലെറ്റും തന്നു വിട്ടു. വിവരങ്ങൾ അപ്പപ്പോൾ തന്നെ സൂര്യ ഇജോയെ വിളിച്ചു അറിയിച്ചു കൊണ്ടിരുന്നു. ഹോസ്പിറ്റലിന്റെ അടുത്ത് തന്നെ ഷെറിന്റെ പരിചയക്കാരായ Transgendersന്റെ ഒപ്പമായിരുന്നു താമസവും ഭക്ഷണവും. അതൊരു വലിയ ഹോസ്റ്റൽ പോലെ ആയിരുന്നു. സർജറിയ്ക്ക് വേണ്ടി എത്തിയവർ സർജറി കഴിഞ്ഞു വിശ്രമിക്കുന്നവർ എന്നിങ്ങനെ വീട് നിറയെ ആളുകൾ.
സർജറി കഴിഞ്ഞു പൂർണ്ണമായും പെണ്ണായി മാറി കഴിഞ്ഞിരുന്നവരായിരുന്നു കൂടുതലും. ഇത്രയും ആളുകൾ ഇതിനായി എത്തുന്നുണ്ടെന്നുള്ള വിവരം സൂര്യയെ അത്ഭുതപ്പെടുത്തി.
സർജറിയ്ക്ക് ശേഷമുള്ള കാര്യങ്ങളെല്ലാം അവൾ വിശദമായി അവരിൽ നിന്നും ചോദിച്ചു മനസ്സിലാക്കി.
സർജറി ചെയ്യുന്ന ദിവസം രാവിലെ ഇജോ വിളിച്ചു സംസാരിച്ചു. പ്രാർത്ഥിക്കുന്നുണ്ടെന്നും എല്ലാം ഭംഗിയായി തീരുമെന്നും അവൻ ആശ്വസിപ്പിക്കുമ്പോലെ പറഞ്ഞു. എസ് ആർ എസ് പ്ലസ് റീ കൺസ്ട്രക്ഷൻ സർജറി ഒൻപത് മണിക്കൂർ ആയിരുന്നു. അത് കഴിഞ്ഞു സൂര്യയെ പോസ്റ്റ് ഓപ്പറേഷൻ കെയർ യൂണിറ്റിലേക്ക് മാറ്റി.
എട്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് സൂര്യയ്ക്ക് ബോധം വീണത്. എങ്കിലും മയക്കം വിട്ടിരുന്നില്ല. അവ്യക്തമായ സ്വരത്തിൽ നഴ്സുമാർ എന്തൊക്കയോ ചോദിക്കുന്നു. കണ്ണിൽ മൂടൽമഞ്ഞു പൊതിഞ്ഞത് പോലെ കാഴ്ച മങ്ങുന്നു. സർജറി ചെയ്യേണ്ടിയിരുന്നില്ലെന്നു സൂര്യയ്ക്ക് തോന്നിയത് സെഡേഷൻ ടൈം കഴിഞ്ഞപ്പോഴാണ്. പച്ചമാംസം കീറി മുറിച്ചു വച്ചിരിക്കുന്നതാണ്. പ്രാണൻ പൊടിയുന്ന വേദന. വിശ്വസിക്കുന്ന സകല ദൈവങ്ങളെയും വിളിച്ചു പോകുന്ന നിമിഷങ്ങൾ! ഇത്രയും കഠിനവേദന അനുഭവിക്കേണ്ടി വരുമെന്ന് അറിഞ്ഞാൽ ജീവനുള്ള ഒരു മനുഷ്യനും ഇതിനൊന്നും ഇറങ്ങി പുറപ്പെടില്ല. ഇതിലും ഭേദം മരിക്കുന്നതാണെന്ന് തോന്നിപ്പോയി.
പിറ്റേന്ന് ഉച്ചയ്ക്കാണ് വാർഡിലേക്ക് മാറ്റിയത്. അപ്പോഴേക്കും അവൾക്ക് സഹിക്കാൻ പറ്റുന്ന വേദനയിലേക്ക് എത്തിയിരുന്നു. ഇജോ വിളിച്ചപ്പോൾ അവൻ സങ്കടപ്പെട്ടേക്കുമെന്നു കരുതി താൻ അനുഭവിച്ച വേദനയൊന്നും സൂര്യ പറഞ്ഞില്ല. ആറു ദിവസം ഹോസ്പിറ്റലിൽ തന്നെ കഴിഞ്ഞു. പിന്നെ പതിനാലു ദിവസം കഴിഞ്ഞു ചെക്കപ്പ്. തുടർന്നു ഹോർമോൺ ടാബ്ലെറ്റ് കഴിച്ചു തുടങ്ങി. പിന്നെ ടോപ് സർജറിയ്ക്ക് വേണ്ടി ഹോസ്പിറ്റലിൽ വീണ്ടും അഡ്മിറ്റ് ആയി.
നാല് മാസത്തോളം ട്രീറ്റ്മെന്റിന്റെ ഭാഗമായി ബാംഗ്ളൂരിൽ തന്നെ തങ്ങേണ്ടി വന്നു. ഒരു അമ്മയുടെ സ്നേഹവും കരുതലും കൊടുത്തു ഷെറിൻ കൂടെ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ ലേസർ ട്രീറ്റ്മെന്റും കഴിഞ്ഞാണ് സൂര്യയും ഷെറിനും തിരികെ മടങ്ങിയത്. എറണാകുളം സൗത്തിൽ നിന്നും ഒരു ഓട്ടോയിൽ കടവന്ത്രയിലെ വാടക വീട്ടിലിറങ്ങി. ധന്യ അടുക്കളയിൽ ഫുഡ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
ഡോർബെൽ കേട്ടു അവൾ ചെന്ന് വാതിൽ തുറന്നു. ബാഗുകൾ തൂക്കി സുര്യയും ഷെറിനും മുന്നിൽ നിൽക്കുന്നത് കണ്ടു ധന്യ വിസ്മയിച്ചു. വരുന്ന വിവരം അവളേ അറിയിച്ചിട്ടുണ്ടായിരുന്നില്ല. സുര്യയെ കണ്ടു അതിശയത്തിൽ ധന്യ അടിമുടി നോക്കി.
"എന്റെ പൊന്നേ... എന്ത് മാറ്റാടി ഇത്. പഴയ സൂര്യ ആണെന്ന് പറയേ ഇല്ല. കണ്ടിട്ട് എനിക്ക് തന്നെ അസൂയ തോന്നണ്. ശരിക്കും നീയൊരു സുന്ദരികുട്ടി ആയിട്ടുണ്ട്."
സുര്യയുടെ കവിളിൽ അരുമയോടെ ധന്യ തഴുകി. അവളുടെ മുഖത്ത് നോക്കാതെ സൂര്യ അകത്തേക്ക് കയറി പോയി. ആ ഭാവമാറ്റം കണ്ടു ധന്യ അമ്പരന്നു. ബാഗുകൾ ഉള്ളിൽ ഒതുക്കി വച്ചിട്ട് സൂര്യ തിടുക്കത്തിൽ പുറത്തേക്കു പോകുന്നത് കണ്ടു ഷെറിൻ പിന്നാലെ ചെന്നു.
"നിൽക്ക് സൂര്യ ഞാനും കൂടെ വരാം... "
"വേണ്ട. " സൂര്യ തടഞ്ഞു.
"ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം... " അവൾ നടന്നു കഴിഞ്ഞു.
"ഇവൾക്കിതെന്താ പറ്റിയെ. എങ്ങോട്ടാ ഈ ഓടി പാഞ്ഞു പോകുന്നെ. എന്താടി ഷെറിനെ ഇതൊക്കെ ?" ധന്യ ആകാംഷയോടെ ചോദിച്ചു.
സൂര്യ പോകുന്നത് ദീനമായി നോക്കി നിൽക്കുകയായിരുന്ന ഷെറിൻ വിശദീകരിച്ചു.
"രണ്ടാഴ്ചയായിട്ട് അവൻ വിളിക്കുന്നില്ല. അങ്ങോട്ട് വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. ഇങ്ങോട്ട് വരാൻ വേണ്ടി അവിടെ കിടന്നു ബഹളം ആയിരുന്നു. ഞാൻ നിർബന്ധിച്ചു നിർത്തിയതാ. ഇത്രേം പണം ചിലവാക്കിയിട്ട് പാതിയിൽ കളഞ്ഞിട്ടു പോരുന്നതെങ്ങനെ? "
"ആര് വിളിച്ചില്ലെന്ന് . ഇജോയോ ?"
"മം... അവനെ കാണാനാ അവൾ പോകുന്നെ." ധന്യ കണ്ണ് മിഴിച്ചു.
"ഈശ്വര ചതിച്ചോടി അവൻ?" ഷെറിൻ മറുപടി പറയാതെ സെറ്റിയിലേക്ക് വന്നിരുന്നു. ധന്യ അവളുടെ സമീപം ഇരുന്നു.
"ഇനി എന്ത് ചെയ്യും ? "
"ആദ്യം അവൾ പോയിട്ട് വരട്ടെ. നേരിട്ട് കണ്ടു സംസാരിച്ചാലല്ലേ എന്താ അവന്റെ പ്രശ്നമെന്ന് അറിയാൻ പറ്റു. "
"അവനിനി വേണ്ടെന്നെങ്ങാനും പറയോടി?" ധന്യയുടെ ചോദ്യം കേട്ടു ഷെറിൻ പകച്ചു നോക്കി.
ഓഫിസിൽ നിന്നും പുറത്തേക്കിറങ്ങി വന്നു ബൈക്കിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ഇജോ സുര്യയെ കാണുന്നത്. ആദ്യം ആളെ മനസിലാവാത്തത് പോലെ ഒരിക്കൽ കൂടിയൊന്ന് നോക്കി. ഒരു പൂവ് പോലെ അവന്റെ മുഖം വിടരുകയും പൊടുന്നനെ വാടുകയും ചെയ്തു. അവന്റെ മുന്നിൽ ചെന്നു നിന്നിട്ട് ആ കണ്ണുകളിലേക്ക് നോക്കി മുറുകിയ മുഖത്തോടെ സൂര്യ ചോദിച്ചു.
"ഇജോ എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തേ?"
അവൻ ഒന്ന് പതറിയത് പോലെ തോന്നി. പെട്ടന്ന് നോട്ടം മാറ്റിയിട്ടു പറഞ്ഞു.
"ഞാൻ കുറച്ചു തിരക്കിലായിരുന്നു. എടുക്കാൻ പറ്റിയില്ല."
"ഈ രണ്ടാഴ്ച എന്നെ ഒരിക്കൽ പോലും ഒന്ന് വിളിക്കാൻ പറ്റാത്ത എന്ത് തിരക്കാ...?"
"അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം. എനിക്കിപ്പോ അത്യാവശ്യമായിട്ട് ഒന്ന് പുറത്തു പോണം."
"ഇത് ഒഴിഞ്ഞു മാറ്റാ... എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് . അത് പറയാതെ ഇജോയെ ഞാൻ വിടില്ല." സൂര്യയുടെ ശബ്ദം ഉയർന്നു.
"സൂര്യ ആളുകൾ നോക്കുന്നുണ്ട്. നീ വെറുതെ ഒരു സീൻ ഉണ്ടാക്കരുത്." ചുറ്റും ഒന്ന് നോക്കിയിട്ട് ഇജോ ഓർമിപ്പിച്ചു.
"ഞാൻ ഭ്രാന്ത് പിടിച്ചു നടക്കണോ. അത് കാണണോ ഇജോയ്ക്ക്. പറ." സങ്കടം കൊണ്ട് സുര്യയുടെ ചുണ്ടുകൾ വിതുമ്പി വിറച്ചു.
"കഷ്ടംണ്ട് ഇജോ...ജീവൻ പറിഞ്ഞു പോകുന്ന വേദനയിലും ഞാൻ പിടിച്ചു നിന്നത് ഇജോയുടെ ഒപ്പം കഴിയാമെന്നുള്ള ചിന്തയായിരുന്നു. ഈ മുഖം ആയിരുന്നു എന്റെ ധൈര്യം. ഞാൻ വരുമ്പോൾ നീയാടി എന്റെ പെണ്ണ് എന്ന് പറഞ്ഞു എന്നെ ചേർത്ത് പിടിക്കുമെന്നു വിചാരിച്ചു. എന്നിട്ട് എന്നെ ഒഴിവാക്കുന്നത് പോലെ."
"നിന്നോട് തർക്കിച്ചു നിൽക്കാൻ എനിക്ക് നേരമില്ല. എനിക്ക് പോയെ പറ്റു. സംസാരിക്കാൻ എന്തുണ്ടെങ്കിലും അത് പിന്നീട്. പ്ലീസ്."
ബൈക്ക് സ്റ്റാർട്ട് ചെയ്തു അവൻ റോഡിലേക്ക് ഓടിച്ചു പോയി. നിയന്ത്രണം വിട്ടു പൊട്ടികരഞ്ഞു പോയേക്കുമെന്ന് സൂര്യയ്ക്ക് തോന്നി. നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു.
ഇജോയ്ക്ക് എന്ത് പറ്റിയെന്നു അറിയില്ല.
ഇവിടുന്നു പോകുമ്പോൾ ഇങ്ങനെ ആയിരുന്നില്ല. എത്ര സന്തോഷത്തോടെയാണ് യാത്രയാക്കിയത്. ഒരു ദിവസം പോലും മുടങ്ങാതെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഒരു ഭാവ വ്യത്യാസവും കാണിച്ചില്ല. പെട്ടന്ന് ഒരുദിവസം വിളിക്കാതെയായി. വിളിച്ചാൽ ഫോൺ എടുക്കാതെയായി.
ഇപ്പോ ഒഴിഞ്ഞു മാറുന്നത് പോലെ പെരുമാറുന്നു. തന്നെ വേണ്ടന്നു വയ്ക്കുകയാണോ.
ആ ചിന്ത തന്നെ സൂര്യയെ ഭ്രാന്ത് പിടിപ്പിച്ചു.
ഇജോയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ആയത്. ഇനി ഇജോ ഇല്ലാത്ത ജീവിതത്തെ പറ്റി ചിന്തിക്കാൻ പറ്റില്ല. അതിലും ഭേദം മരിക്കുന്നതാണ്.
വീട്ടിൽ എത്തിയപ്പോൾ ധന്യയും ഷെറിനും മുന്നിൽ.
"എന്തായി. അവനെ കണ്ടോ ? "
"കണ്ടു. "
"എന്താ അവൻ വിളിക്കാഞ്ഞേ. എന്താ അവൻ ഫോൺ എടുക്കാഞ്ഞേ ? "
സൂര്യയുടെ കയ്യിൽ പിടിച്ചു നിർത്തി ഷെറിൻ ആകാംഷയോടെ ചോദിച്ചു.
"പറയാം. ആദ്യം എനിക്കൊന്നു കിടക്കണം. ഭയങ്കര തലവേദന."
ഷെറിന്റെ കൈ പിടിച്ചു മാറ്റിയിട്ട് സൂര്യ മുറിയിലേക്ക് കയറി വാതിലടച്ചു. ഷെറിനും ധന്യയും തങ്ങളിൽ നോക്കി.
"എന്തോ പ്രശ്നമുണ്ട്. അവളുടെ മുഖം കണ്ടാലറിയാം. നമുക്ക് പോയി അവനെ ഒന്ന് കണ്ടാലോ?" ധന്യ ചോദിച്ചു.
"ചുമ്മാ ഇരുന്ന കൊച്ചിനെ ഇങ്ങനെയൊക്കെ ആക്കി വച്ചിട്ട് ഊരി പോവാൻ നോക്കിയാൽ അവനെ വിടാമോ. നമ്മളല്ലാതെ വേറെ ആരാ ഇവളുടെ കാര്യത്തിൽ ചോദിക്കാനും പറയാനുമൊക്കെ... "
"ചോദിക്കണം. അതിനു മുൻപ് എന്താ പ്രശ്നം എന്നറിയട്ടെ."
ഷെറിൻ ചെന്നു വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി. കട്ടിലിൽ ചുരുണ്ടു കൂടി തേങ്ങി കരയുകയായിരുന്നു സൂര്യ. ഷെറിന്റെ വിളി കേട്ടു അവൾ എണീറ്റിരുന്നു. മുഖം അമർത്തി തുടച്ചു മുടി ഒതുക്കി വച്ചു ചെന്നു വാതിൽ തുറന്നു.
"എന്ത് പറ്റിയെന്നറിയാതെ ഒരു സമാധാനവും ഇല്ല. നിന്നെക്കാൾ ഞങ്ങളുടെ ഉള്ള് പുകയുന്നുണ്ട്. നീ കാര്യം പറ. എന്താ അവന്റെ പ്രശ്നം?"
ഷെറിൻ ചോദിച്ചു.
"എന്ത് പ്രശ്നം. ഒന്നുമില്ല." സൂര്യ ചിരിക്കാൻ ശ്രമിച്ചു.
"പ്രശ്നം ഒന്നുമില്ലെങ്കിൽ പിന്നെന്തിനാ നീ കരഞ്ഞേ?" ധന്യ സംശയത്തിൽ നോക്കി.
"ആര് കരഞ്ഞു. നിങ്ങൾക്ക് വെറുതെ തോന്നിയതാ."
"ഉള്ളിലെ സങ്കടം നിന്റെ മുഖത്ത് നോക്കിയാൽ അറിയാം. ഞങ്ങളോട് ഒളിക്കാൻ നോക്കണ്ട." ധന്യ പറഞ്ഞു.
"എനിക്കൊരു സങ്കടം വന്നാൽ എന്റെ അപ്പുറവും ഇപ്പുറവും ഇരിക്കാൻ നിങ്ങളൊക്കെ ഇല്ലേ. പിന്നെന്താ?"
"നീ സത്യം പറ മോളേ. അവനോടു ഞങ്ങൾ പോയി ചോദിക്കാം. ആരും ഇല്ലാത്തവളല്ല നീ."
ഷെറിൻ അലിവോടെ സുര്യയുടെ ചുമലിൽ കൈ ചേർത്തു.
"ഇജോയുടെ വീട്ടിൽ എന്തോ ഫാമിലി പ്രശ്നം. അതിന്റെ പിന്നാലെ നെട്ടോട്ടം ഓടുകയായിരുന്നു അവൻ. അതുകൊണ്ടാ വിളിക്കാൻ പറ്റാഞ്ഞെ. എന്നോട് വൈകിട്ട് കാണാന്ന് പറഞ്ഞിട്ടുണ്ട്. അല്ലാതെ നിങ്ങളിങ്ങനെ ആധി എരിയുന്നത് പോലെ ഒന്നുമില്ല. "
ഷെറിനോട് പറഞ്ഞിട്ട് സൂര്യ ചിരിയിൽ ധന്യയെ നോക്കി.
"ധന്യേച്ചി ഇന്നെന്തു കറിയാ വെച്ചുണ്ടാക്കിയേക്കുന്നെ. വാ എനിക്ക് വിശക്കുന്നു."
അവൾ അടുക്കളയിലേക്ക് നടന്നു കഴിഞ്ഞു.
"നമ്മൾ വെറുതെ പേടിച്ചു. "
ചിരിയിൽ പറഞ്ഞിട്ട് നടക്കാൻ തുനിഞ്ഞ ഷെറിന്റെ കയ്യിൽ പിടിച്ചു നിർത്തിയിട്ടു ഒച്ച താഴ്ത്തി ധന്യ പറഞ്ഞു.
"ഒന്നുമല്ല. എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട്. അവൾ പറയാത്തതാ. "
"ഉണ്ടെങ്കിൽ അതവൾ പറയും. വിശക്കുന്നു. എന്തേലും കഴിക്കാം. നീ വാ."
ഷെറിനും സൂര്യയുടെ പിന്നാലെ അടുക്കളയിലേക്ക് പോയി.
അന്ന് എപ്പോഴെങ്കിലും ഇജോ വിളിക്കുമെന്ന് സൂര്യ ഉറപ്പിച്ചിരുന്നു. പക്ഷെ ഇരുൾ പരന്നിട്ടും ആ വിളി എത്തിയില്ല. ഷെറിനും ധന്യയും പോയി കഴിഞ്ഞു ഗത്യന്തരമില്ലാതെ അവൾ അങ്ങോട്ട് വിളിച്ചു. ബെൽ കേൾക്കുന്നുണ്ട്. സൂര്യ വാശിയോടെ വിളിച്ചു കൊണ്ടേയിരുന്നു.
ഓരോ ബെൽ മുഴങ്ങുമ്പോഴും പെരുമ്പറ പോലെ അവളുടെ നെഞ്ചിടിപ്പ് ഉയർന്നുകൊണ്ടിരുന്നു. ഒരിക്കലെങ്കിലും ഫോൺ എടുത്തു ഒരു വാക്ക് ഇജോ മിണ്ടിയിരുന്നെങ്കിലെന്ന് ശരിക്കും പ്രാർത്ഥിച്ചു പോയി. ആ ഒച്ചയെങ്കിലും ഒന്ന് കേട്ടാൽ മതിയെന്ന് തോന്നി. ഇജോ പരിപൂർണമായും തന്നെ ഉപേക്ഷിച്ചുവെന്ന് സുര്യയ്ക്ക് മനസിലായി.
ആർത്തിരമ്പി മറിയുന്ന കടലിനു നടുവിൽ ഒറ്റപ്പെട്ടത് പോലെയാണ് അവൾക്ക് തോന്നിയത്. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. അവസാനിക്കുകയാണ് എല്ലാം. വിദൂരതയിലേക്ക് പകച്ചു നോക്കി ഒരു നിമിഷം ഇരുന്നു. പിന്നെ എല്ലാം നഷ്ടപെട്ടവളേ പോലെ നിയന്ത്രണം വിട്ടു സൂര്യ കരഞ്ഞു.
( തുടരും )
ഭാഗം - 14
രാത്രി മൊത്തം കരഞ്ഞും ചിന്തിച്ചും സൂര്യ നേരം വെളുപ്പിച്ചു. ജീവിതത്തിൽ പലപ്പോഴായി ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചിട്ടുണ്ട്. അതിനൊന്നും ഇത്രയും ആഴം ഉണ്ടായിരുന്നില്ലെന്നു തോന്നി. ഇത് മനസിലും ശരീരത്തിലും ഒരേ പോലെ വേദന നിറയുന്നു.
അവനു വേണ്ടിയാണ് ഇത്രയും പണം ചിലവഴിച്ചത്. അവനു വേണ്ടിയാണ് ഇത്രയും വേദന സഹിച്ച് മനസും ശരീരവും പാകപ്പെടുത്തിയത്.
എന്നിട്ടും... അവനു വേണ്ടെങ്കിൽ പിന്നെന്തിനാണ് ഇങ്ങനൊരു ജന്മം. അതിലും ഭേദം മരിക്കുന്നതല്ലേ. പിന്നെ ഒന്നും അറിയണ്ടല്ലോ.
വെളുപ്പിനെ എപ്പോഴോ ആണ് ധന്യയും ഷെറിനും വന്നു കിടന്നത്. ഇടയ്ക്ക് ഷെറിൻ ഉണർന്നു നോക്കുമ്പോൾ സൂര്യ മുറിയിൽ ഉണ്ടായിരുന്നില്ല.
മറ്റു മുറിയിലും അടുക്കളയിലും വീടിനു പുറത്തും തിരഞ്ഞിട്ട് അവൾ തിരിച്ചു ധന്യയുടെ റൂമിൽ എത്തി.
"ധന്യേ... ഒന്നെണീറ്റേ ഇങ്ങോട്ട്. സൂര്യയെ ഇവിടെങ്ങും കാണുന്നില്ല."
ധന്യ കണ്ണ് തിരുമി നോക്കി.
"കാണുന്നില്ലേ...പുറത്തെങ്ങാനും കാണും. അല്ലാതെ എവിടെ പോവാനാ?"
"ഞാൻ ഇവിടെല്ലാം നോക്കിയെടി... " പറഞ്ഞിട്ട് ഷെറിൻ മുറിക്ക് പുറത്തേക്കു പോയി. പിന്നാലെ ധന്യയും എണീറ്റു വന്നു.
ചുറ്റും ഒരിക്കൽ കൂടി തിരഞ്ഞിട്ട് ഷെറിൻ തന്റെ മുറിയിലേക്ക് വന്നു കിടക്കയിൽ നിന്നും മൊബൈൽ എടുക്കുമ്പോൾ പിന്നാലെ എത്തിയ ധന്യ പറയുന്നത് കേട്ടു.
"ഇനി ഇജോയെ കാണാനെങ്ങാനും പോയിട്ടുണ്ടാവോ?"
"എങ്കിൽ അത് പറഞ്ഞിട്ട് പൊയ്ക്കൂടേ. നമ്മളിങ്ങനെ ആധി പിടിക്കില്ലല്ലോ."
"എന്തായാലും നീ ഒന്ന് വിളിച്ചു നോക്ക്. എവിടെ ആണെന്നെങ്കിലും അറിയാലോ?
ഷെറിൻ സൂര്യയുടെ മൊബൈലിലേക്ക് വിളിച്ചു. അത് സ്വിച്ച് ഓഫ് ആയിരുന്നു.
അതേ സമയം സൂര്യ ഇജോയുടെ വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കടക്കുകയായിരുന്നു. ആദ്യമായാണ് ഈ വീടിന്റെ മുറ്റത്തേക്ക് കയറുന്നത്.
വീട് കാട്ടി തരുന്നതിനായി മാത്രം ഇജോ ഒരിക്കൽ രാത്രിയിൽ തന്നെ ബൈക്കിൽ ഇത് വഴി കൊണ്ട് പോയിട്ടുണ്ട്. മുറ്റത്തെങ്ങും ആരെയും കാണുന്നുണ്ടായിരുന്നില്ല. വാതിൽ അടഞ്ഞു കിടക്കുന്നുണ്ട്. മുൻവശത്തെ ചില്ല് ജനാലകൾ തുറന്നു കിടക്കുന്നുണ്ടായിരുന്നു. സിറ്റൗട്ടിന്റെ സൈഡിൽ കോളിംഗ് ബെല്ലിന്റെ സ്വിച്ച് അപ്പോഴാണ് കണ്ണിൽ പെട്ടത്.
ചെന്നു സ്വിച്ചിൽ വിരലമർത്തി. ബെല്ലിന്റെ ഒച്ച കേട്ടു അന്നമ്മ വന്നു വാതിൽ തുറന്നു.
മുറ്റത്തു നിൽക്കുന്ന പെൺകുട്ടിയെ ഒന്നുഴിഞ്ഞു നോക്കി.
പിന്നെ സംശയത്തോടെ ചോദിച്ചു.
"ആരാ?"
"ഞാൻ സൂര്യ!"
നിമിഷ നേരം കൊണ്ട് അന്നമ്മയുടെ മുഖത്തെ ഭാവം മാറുന്നത് സൂര്യ കണ്ടു.
"ഓ... അത് നീയായിരുന്നല്ലേ. എന്താ കാര്യം?"
"എനിക്ക് ഇജോയെ കാണണം."
"എന്തിന്?"
പരുഷമായി അവർ ചോദിച്ചു. അപ്പോഴേക്കും അന്നമ്മയ്ക്ക് പിന്നിലായി ജെനിയും ഇറങ്ങി വന്നു.
"ഞാൻ ഇവിടെ ജീവിക്കാനാ വന്നേ. ഇജോയ്ക്കൊപ്പം."
കണ്ണീരിനു പകരം മുഖത്ത് എന്തും നേരിടാനുള്ളൊരു ഭാവം. വാക്കുകളും ദൃഢമായിരുന്നു. അത് കേട്ട് അന്നമ്മയുടെ നിയന്ത്രണം വിട്ടു.
"നിനക്ക് കേറി വന്ന സ്ഥലം തെറ്റിപോയല്ലോടി. ജംക്ഷനിൽ നിന്നും നേരെ പോയാൽ ഇടതു വശത്തു കാണുന്നതാ ലോഡ്ജ്. നേരെ അവിടെ ചെന്നു കേറിയാൽ മതി. ഇനി അങ്ങോട്ട് ജീവിക്കാനുള്ള വഴി അവര് പറഞ്ഞു തരും. ഇത് മാനം മര്യാദക്ക് ആളുകൾ താമസിക്കുന്ന വീടാ. ഇവിടെ കേറി വന്നു തോന്ന്യാസം കാണിച്ചാ ചൂലെടുത്ത് ഞാൻ ആട്ടിയിറക്കും."
മുറുകിയ മുഖത്തോടെ സൂര്യ അവരുടെ മുഖത്തു നിന്ന് നോട്ടം പിൻവലിച്ചു തിരിഞ്ഞു ചുറ്റുമൊന്നു നോക്കി. അന്നമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു.
പുച്ഛത്തോടെ അവളെ ആകെയൊന്ന് നോക്കി:
"ഇരുപത്തിയഞ്ചു വർഷം ഞാൻ വളർത്തി വലുതാക്കിയ എന്റെ മോനെ ഒറ്റയടിക്കങ്ങ് സ്വന്തമാക്കി കളയാന്ന് വിചാരിച്ചു അല്ലേടി നാണം കെട്ടവളേ... എന്ത് കാണിച്ചാടി നീ എന്റെ കൊച്ചിനെ മയക്കി എടുത്തേ... " അരിശത്തോടെ അന്നമ്മ തുടർന്നു.
"എന്റെ കൊക്കിനു ജീവനുണ്ടെങ്കിൽ നിന്നെ ഇതിനകത്ത് ഞാൻ വാഴിക്കുകേല. രക്ഷപെടാനായിട്ട് ദൈവ തമ്പുരാൻ ഒരു വഴി കാണിച്ചു തരുമ്പോൾ അത് മുടക്കാനായിട്ട് ഓരോന്ന് വന്നു കേറിക്കോളും. മനുഷ്യരുടെ സമാധാനം കളയാതെ നിനക്കൊക്കെ എവിടേലും പോയി ചത്തൂടെ. നീയൊക്കെ ചത്താലൊന്നും ആരും ചോദിക്കില്ല. അതിനായി കയറോ വിഷമോ എന്താന്നു വച്ചാൽ ഞാൻ തരാം. എവിടെയെങ്കിലും പോയി തീർന്നേക്കണം."
"ഞാൻ ഇജോയുടെ പെണ്ണാ. എനിക്ക് ഇജോയെ കാണണം. അവനെ കാണുന്നത് വരെ ഇവിടെ തന്നെ ഇരിക്കും."
മുഖത്ത് നോക്കാതെ കനത്ത സ്വരത്തിൽ സൂര്യ പറഞ്ഞു. അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ പല്ല് ഞെരിച്ചു അവർ കൈ ഓങ്ങി.
"ഇറങ്ങി പോടീ പുറത്ത്."
"തൊടില്ല എന്നെ!"
സുര്യയുടെ കണ്ണിൽ നിന്നും തീപ്പൊരി ചിതറി. ദേഷ്യവും സങ്കടവും കൊണ്ട് അവൾ കിതച്ചു.
"അകവും പുറവും വെന്തിട്ടാ ഞാൻ വരുന്നത്. ചാകാൻ ഞാൻ തയ്യാറാ. എന്നെ വേണ്ടാന്നു ഇജോ പറഞ്ഞാൽ മാത്രം മതി. അതു വരെ കാത്തിരിക്കുന്നത് എന്റെ അവകാശമാ."
സുര്യയുടെ ഭാവം കണ്ടു അന്നമ്മ പകച്ചു നോക്കി. മനോനില തെറ്റിയവളെ പോലെയാണ് അവർക്ക് തോന്നിച്ചത്. അവർ തിരിഞ്ഞു സിറ്റൗട്ടിൽ നിൽക്കുന്ന ജെനിയെ നോക്കി. പിന്നെ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.
"വിളിക്കടി അവനെ. ഇജോയെ വിളിക്ക്. ഇങ്ങോട്ട് വരാൻ പറ അവനോട്. ഇതിനു എന്താണെന്ന് വച്ചാൽ ഇന്നത്തോടെ ഒരു തീരുമാനം എടുക്കാൻ പറ."
ഭ്രാന്ത് പിടിച്ചത് പോലെ അവർ പോളിന്റെ റൂമിലേക്ക് ചെന്നു.
"നിങ്ങളിത് വല്ലതും കേട്ടോ... "
"കേട്ടു. "
"പിന്നെന്താ നിങ്ങളൊന്നും മിണ്ടാതെ കിടക്കുന്നെ."
"പിന്നെ ഞാൻ എന്നാ ചെയ്യണം. നീയും നിന്റെ അനിയൻ വർക്കിയും ചേർന്നു കാര്യങ്ങൾ ഇവിടം വരെ കൊണ്ടെത്തിച്ചില്ലേ? ഞാനപ്പഴേ പറഞ്ഞതാ ചെറുക്കനെ വിഷമിപ്പിക്കല്ലേന്ന്. എന്നിട്ട് നീയോ അവനോ കേട്ടോ. ഇനി വരുന്നതൊക്കെ അനുഭവിച്ചോ."
"നിങ്ങളെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല മനുഷ്യ. പെരുവഴിയിൽ ഇറങ്ങി കിടന്നാലേ നിങ്ങള് പഠിക്കു."
പാഞ്ഞു ചെന്നു മൊബൈൽ എടുത്തു അവർ വർക്കിയെ വിളിച്ചു.
"ഡാ വർക്കി... നീ ഒന്ന് വീട്ടിലേക്കു വന്നേ. ആ മുടിക്കാനുണ്ടായവൾ ദാ മുറ്റത്തു വന്നിരിക്കുന്നു. ഹാ... ആ മറ്റവള്. ഇജോ പറഞ്ഞില്ലേ ഒരുത്തി... ആ അത് തന്നെ സൂര്യ. "
വർക്കിയോട് വിവരിച്ചു കൊണ്ട് നിൽക്കുമ്പോൾ മുറ്റത്തു ബൈക്ക് വന്നു നിൽക്കുന്ന ഒച്ച കേട്ടു. ജോലിക്ക് പോകുകയായിരുന്ന അവൻ ജെനി വിളിച്ചു മടങ്ങി വരികയായിരുന്നു.
തിടുക്കത്തിൽ ഫോൺ ഓഫ് ചെയ്തിട്ടു അന്നമ്മ പുറത്തേക്കു വന്നു. ഇജോയെ കണ്ടതോടെ അവർ മുറ്റത്തേക്ക് ചാടിയിറങ്ങി ഭ്രാന്ത് പിടിച്ചത് പോലെ ഇജോയ്ക്ക് നേരെ ഇരച്ചു ചെന്നു.
"നീയിത് കണ്ടോടാ... "
അന്നമ്മ സൂര്യയ്ക്ക് നേരെ വിരൽ ചൂണ്ടി.
"വഴിയേ പോകുന്നവളുമാരൊക്കെ ഈ മുറ്റത്തു കേറി വന്നു അധികാരം കാണിക്കുന്നത് നീ കണ്ടോ? നിനക്ക് സമാധാനം ആയില്ലേ? ഇനി നിന്റെ തീരുമാനം എന്താ? ഇവളേം കൂട്ടി ജീവിക്കാനാണെങ്കിൽ ഈ നിമിഷം വിളിച്ചിറക്കി കൊണ്ട് പൊയ്ക്കോണം. പിന്നെ ഇതിനകത്ത് നീയോ ഇവളോ കാല് കുത്താൻ പാടില്ല. ഇങ്ങനൊരു മോൻ ഞങ്ങൾക്കില്ലാന്ന് കരുതിക്കോളാം."
ഇജോ മിണ്ടാതെ നിൽക്കുന്നത് കണ്ടു അവർ സുര്യയുടെ നേരെ തിരിഞ്ഞു.
"എന്റെ മോനേ വിളിച്ചിറക്കി കൊണ്ട് പോടീ ഈ കുടുംബം തകർത്തിട്ട്. നിനക്ക് സമാധാനം ആവട്ടെ. പക്ഷെ ഒരു കാര്യം നീ ഓർത്തോ. എന്നെ കണ്ണീര് കുടിപ്പിച്ചിട്ട് നീ ഇവനെയും കൊണ്ട് പോയിട്ടുണ്ടേൽ ഒരു ദിവസം പോലും സമാധാനമായിട്ട് ജീവിക്കുകേല. മാതാവാണേ സത്യം."
സൂര്യ നടന്നു ഇജോയ്ക്ക് മുന്നിൽ വന്നു നിന്നു.
"അമ്മയോട് ഞാനൊരു വാക്ക് പറഞ്ഞിട്ടുണ്ട്. ഇജോയ്ക്ക് വേണ്ടെങ്കിൽ ഞാൻ പോയി ചാത്തോളാന്ന്. ഞാനെന്താ വേണ്ടേ?"
സുര്യയുടെ നോട്ടം താങ്ങാനാവാതെ ഇജോ മുഖം മാറ്റി. പിന്നെ പതിയെ പറഞ്ഞു.
"നീയിപ്പോ തിരിച്ചു പോ."
വേദനയിൽ സൂര്യ നോക്കി.
"ലോകം മുഴുവൻ എതിര് നിന്നാലും ഇജോയുടെ ഒരു കൈ ബലം മതി എനിക്ക്. പറ ഇജോ. എന്ത് പറ്റി ഇജോയ്ക്ക്?"
"എനിക്ക് എന്റേതായിട്ടുള്ള ഒരുപാട് പ്രശ്നങ്ങളുണ്ട്."
"ശരിയാ ഇജോയ്ക്ക് ഞാനറിയാത്ത ഒരുപാട് പ്രശ്നങ്ങളുണ്ട് . അതൊന്നും എന്നോട് പറയുകയും വേണ്ട. എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി. എന്നെ ഇജോയ്ക്ക് വേണോ വേണ്ടയോ?"
മറുപടിയ്ക്ക് വേണ്ടി സൂര്യ കാത്തു. മകന്റെ വാക്ക് കേൾക്കാൻ അന്നമ്മയും ഒപ്പം ജെനിയും. കാതോർത്തു .
ഒരു നിമിഷം കഴിഞ്ഞാണ് ഇജോ ശബ്ദിച്ചത്.
"എനിക്കിപ്പോ നിന്നെ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട്..."
പ്രതീക്ഷിച്ചിരുന്നതാണ് എന്നിട്ടും ഇജോയുടെ നാവിൽ നിന്നും അത് കേട്ടപ്പോൾ സൂര്യ ശരിക്കും തകർന്നു പോയി. സമനില തെറ്റിയത് പോലെ അവൾ നോക്കി. എല്ലാം കൈ വിട്ടു പോകുകയാണെന്ന് കരുതിയ അന്നമ്മ ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു. പിന്നെ ശബ്ദമുയർത്തി പറഞ്ഞു.
"അവൻ പറഞ്ഞത് കേട്ടില്ലേടി...ഇനിയെങ്കിലും ഒന്നിറങ്ങി പൊയ്ക്കൂടേ നിനക്ക്!"
എന്ത് വന്നാലും ഇജോയുടെ മുന്നിൽ നിന്നും കരയില്ലെന്ന് സൂര്യ തീരുമാനിച്ചിരുന്നു. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതിന് മുൻപ് അവൾ തിരിഞ്ഞു നടന്നു. ഒഴുകി പരക്കുന്ന കണ്ണീർ പുറം കൈ കൊണ്ട് അമർത്തി തുടച്ചു കൊണ്ടിരുന്നു. സങ്കടം പെരുമഴയായി വീണ്ടും വീണ്ടും പെയിതിറങ്ങുകയാണ്.
ജീവിതകാലം മൊത്തം കൂടെ ഉണ്ടാവുമെന്ന് കരുതിയ ആൾ കൈ വിട്ടു കഴിഞ്ഞു. കാത്തിരിക്കണം എന്നൊരു വാക്ക് പറയുമെന്ന് കരുതി.
എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായിരുന്നു. തന്നെ ഒഴിവാക്കാൻ ഇജോയ്ക്ക് എത്ര പെട്ടന്ന് കഴിഞ്ഞു. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. എല്ലാം അവസാനിച്ചു.
അപ്പോൾ അതാ ഇജോയുടെ ബൈക്ക് തൊട്ടരുകിൽ. തിടുക്കത്തിൽ സൂര്യ ഷാൾ ഉയർത്തി മുഖം തുടച്ചു സങ്കടം അടക്കി. പിന്നെ രൂക്ഷമായി അവനെ ഒന്ന് നോക്കി.
"വാ. വന്നു കയറ്..."
"എന്തിന്?"
"നമുക്ക് എവിടെയെങ്കിലും പോയിരുന്നു സംസാരിക്കാം. "
"എന്ത് സംസാരിക്കാൻ? പറയാനുള്ളതൊക്കെ വീട്ടുകാരുടെ മുന്നിൽ വച്ചു പറഞ്ഞു കഴിഞ്ഞില്ലേ..."
"എനിക്ക് സംസാരിക്കാനുണ്ട്."
"എനിക്ക് കേൾക്കണ്ട..."
അവൾ നടക്കാൻ തുനിയുമ്പോൾ വണ്ടി മുന്നോട്ടു നീക്കി ഇജോ വഴി തടഞ്ഞു.
"വഴി മാറ്."
"കയറു സൂര്യ." അവൻ നിർബന്ധിച്ചു.
അപ്പോൾ പിന്നിൽ ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ടു അവൾ റോഡിലേക്കിറങ്ങി കൈ കാണിച്ചു. ബൈക്ക് സ്റ്റാൻഡിൽ നിർത്തി ഇജോ ഇറങ്ങയപ്പോൾ സൂര്യ ഓട്ടോയിലേക്ക് കയറി കഴിഞ്ഞു.
"സൂര്യ... "
എന്ന് വിളിച്ചു അവൻ പിന്നാലെ എത്തുമ്പോഴേക്കും ഓട്ടോ പാഞ്ഞു പോയി കഴിഞ്ഞിരുന്നു.
(തുടരും)
ഭാഗം - 15
"നീയിങ്ങനെ കിടന്നു കരഞ്ഞിട്ട് എന്താ കൊച്ചേ പ്രയോജനം." സൂര്യയുടെ തലയ്ക്കലും കാൽക്കലും ഇരിക്കുകയാണ് ഷെറിനും ധന്യയും.
ഷെറിൻ തുടർന്നു.
"ഞങ്ങൾ പോയി ചോദിക്കാന്ന് പറഞ്ഞപ്പോൾ നീ സമ്മതിക്കില്ല. തിരികെ വരുമ്പോൾ ചത്തുകളയുമെന്നു പറയുന്നു. ഇനി ഞങ്ങളെന്താ വേണ്ടേ ? നീ പറ."
"അല്ലെങ്കിൽ തന്നെ ഞങ്ങളോട് ചോദിക്കാതെ നീ എന്തിനാ അവന്റെ വീട്ടിൽ പോയെ?" ധന്യ ശകാരിച്ചു.
"നിനക്കിത്ര വിവരവും പാകതയും ഇല്ലാണ്ടായിപ്പോയോ?" സമാധാനിപ്പിക്കുമ്പോലെ ഷെറിൻ പറഞ്ഞു.
"ഒരു കാര്യം ചെയ്യാം ഞങ്ങൾ പോയി അവനെ കാണാം. വഴക്കിടാനൊന്നുമല്ല. കാര്യായിട്ട് അവനോടൊന്നു സംസാരിച്ചു നോക്കട്ടെ. കേട്ടില്ലെങ്കിൽ മാത്രം മറ്റു വഴികൾ തേടാം. നീ ഇനിയെന്ത് പറഞ്ഞാലും അവനെ വെറുതെ വിടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല."
"വേണ്ട" സൂര്യ തലയിണയിൽ മുഖം ചേർത്ത് കരഞ്ഞു.
"എനിക്ക് വേണ്ടി ആരും എങ്ങും പോവുകയും വേണ്ട ആരുടേം കാല് പിടിക്കേം വേണ്ട. എനിക്ക് മതിയായി... "
"പിന്നെ നിന്റെ കരച്ചിൽ ഞങ്ങൾ തന്നെ കാണണ്ടേ. വന്നപ്പോൾ മുതൽ തുടങ്ങിയതല്ലേ."
"എന്റെ കരച്ചിലാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഞാനെങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കോളാം." അത് കേട്ടു സംസാരം നിർത്തി ഷെറിനും ധന്യയും തങ്ങളിൽ നോക്കി.
പുറത്തു ഏതോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു ധന്യ എണീറ്റു ചെന്നു നോക്കി. അപ്പോൾ ഒരു ഓട്ടോ തിരിച്ചു പോകുന്നത് കണ്ടു.
മുറ്റത്തു ഒരു പെൺകുട്ടി.
"സൂര്യ ഇല്ലേ. ഒന്ന് വിളിക്കാവോ ? "
"ആരാ ? "
"ഞാൻ ജെനി. ഇജോയുടെ sister ആണ്..."
ആ പേര് കേട്ടതോടെ ധന്യ തിരിഞ്ഞു അകത്തേക്ക് ഓടി. ആദ്യം സൂര്യയും പിന്നാലെ ഷെറിനും ധന്യയും വാതിൽക്കലേക്ക് വന്നു.
"എന്നെ മനസിലായോ?"
ജെനി സൂര്യയെ നോക്കി പുഞ്ചിരിച്ചു. അവൾ അറിയാമെന്നു തലയാട്ടി.
"എനിക്ക് സുര്യയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഒന്ന് പുറത്തേക്കു ഇറങ്ങി വരോ? അപേക്ഷയാണ്."
സൂര്യ, ഷെറിനെയും ധന്യയെയും ഒന്ന് നോക്കി. പിന്നെ പടിയിറങ്ങി ചെന്നു. മുറ്റത്തിന്റെ കോണിലെ ഒരു മാവിന്റെ തണലിലേക്ക് ജെനി മാറി നിന്നു. സൂര്യ അടുത്തേക്ക് ചെന്നു.
"എന്താ...?."
"ഞാൻ പറയാൻ പോകുന്നത് സൂര്യ എങ്ങനെ ഉൾക്കൊള്ളും എന്നെറിയില്ല. പക്ഷേ എനിക്കത് പറഞ്ഞേ പറ്റു..."
സൂര്യ ചോദ്യ ഭാവത്തിൽ നോക്കി. ജെനി തുടർന്നു.
"നേരിട്ട് കണ്ടിട്ടില്ലെങ്കിലും സൂര്യയെ ഞങ്ങൾക്കെല്ലാവർക്കും അറിയാം. ഈ topic വീട്ടിൽ പുകയാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇജോയെ തിരഞ്ഞു സൂര്യ വീട്ടിൽ വന്നതിൽ ഞാൻ ഇയാളെ കുറ്റം പറയില്ല. I can understand your feelings. സ്നേഹത്തിന്റെ power എന്താണെന്നും എനിക്ക് ശരിക്കറിയാം.
Because ഞാനും ഒരാളെ ഇഷ്ടപ്പെടുന്നുണ്ട്. ഒരു റോയിസ് ! ഞങ്ങൾ ഒരുമിച്ചാ പഠിക്കുന്നെ.ഇവിടെ മഹാരാജാസിൽ. പ്രണയത്തിന്റെ ലഹരിയിൽ അവന്റെ ഒപ്പം ഒരുപാട് കറങ്ങി. വീട്ടിൽ അറിയുന്നത് വരെ അതൊരു problem ആയിരുന്നില്ല. ആയിടയ്ക്കാണ് ഒരു ദിവസം വഴിയിൽ വച്ചു ഇജോ ഞങ്ങളെ കാണുന്നെ..."
ആ രംഗം നേരിട്ട് കാണുന്നത് പോലെ ജെനി നിർത്തി.
പൊന്നുരുന്നിയിലെ ഒരു കോഫി ഷോപ്പിൽ വച്ചു റോയിസ് ഒരു കട്ലെറ്റിന്റെ കഷ്ണം മുറിച്ചു ജെനിയുടെ വായിലേക്ക് വച്ചു കൊടുക്കുമ്പോഴാണ് പുറത്തു നിന്നും ഇജോ കയറി വരുന്നത്.
ജെനി ഞെട്ടലോടെയാണ് നോക്കിയത്. മുഖം മറയ്ക്കും മുന്നേ ഇജോ കണ്ടു കഴിഞ്ഞു.
രാവിലെ പഠിക്കാൻ വീട്ടിൽ നിന്നും കോളേജിലേക്ക് പോയ പെണ്ണാണ് ഇവിടെ മറ്റൊരു ചെറുപ്പക്കാരന്റെ ഒപ്പം. ഇജോയുടെ രക്തം തിളച്ചു. പാഞ്ഞു ചെന്നു അവളെ വലിച്ചു പൊക്കി കവിളടച്ചു ഒന്ന് കൊടുത്തു.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും ചാടി എണീറ്റു ഇജോയുടെ പിടിയിൽ നിന്നും ജെനിയെ വലിച്ചു മാറ്റിയിട്ട് ഇജോയുടെ മുഖത്തിന് നേരെ ഇടിക്കാൻ റോയിസ് കൈ ചുരുട്ടി.
ഇടി വീഴുന്നതിനു മുൻപ് ജെനി അവനെ തള്ളി മാറ്റി.
"റോയ്സ് വേണ്ട . ഇതെന്റെ ബ്രദറാ.!" അത് പറയുമ്പോഴേക്കും ജെനി കിതക്കുന്നുണ്ടായിരുന്നു.
ബാക്കി കേൾക്കാൻ സൂര്യ കാതോർത്തു. ഒരു നിമിഷം നിന്നിട്ട് ജെനി പറഞ്ഞു.
"അതോടെ എന്റെ studies അവസാനിച്ചു . പിന്നീട് അങ്ങോട്ട് ശരിക്കും വീട്ടു തടങ്കലിൽ ആയിരുന്നു . പുറത്തിറങ്ങാൻ പറ്റില്ല. മൊബൈൽ use ചെയ്യാൻ പറ്റില്ല. ആരോടും മിണ്ടാൻ പറ്റില്ല. church ൽ പോലും പോകാൻ പറ്റില്ല. റോയിസിനെ കാണാതെ. അവനോടു മിണ്ടാതെ എനിക്ക് ഭ്രാന്ത് പിടിക്കുമെന്നു തോന്നി. ഞാൻ അമ്മയുടെ കാല് പിടിച്ചു പറഞ്ഞു നോക്കി. കേട്ടില്ല. depression വരുന്ന സമയത്ത് നമ്മുടെ ചിന്തയും പ്രവർത്തിയുമൊന്നും mature ആയിരിക്കില്ലല്ലോ. Wayne cut ചെയ്തു ഞാൻ മരിക്കാൻ നോക്കി. റോയിസ് കൂടെ ഇല്ലാത്ത ഒരു life വേണ്ടന്നു വച്ചിട്ട് ചെയ്തതാണ്. But മരിച്ചില്ല. എങ്ങനെയോ അറിഞ്ഞിട്ടു അവൻ എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നു. അമ്മ മാത്രേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഇനിയും suicide ചെയ്യുമൊന്നുള്ള പേടി കൊണ്ടാവും കാണാനും സംസാരിക്കാനും അമ്മ സമ്മതിച്ചു."
ഹോസ്പിറ്റൽ കിടക്കയിൽ തളർന്നു കിടക്കുന്ന ജെനിയുടെ കൈകളിൽ പരതി പിടിച്ചു റോയിസ് വിങ്ങി.
"എന്തിനാ ജെനി നീ ഇങ്ങനെയൊക്കെ ചെയ്തേ. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ..., നീ എന്താ എന്നെപ്പറ്റി ചിന്തിക്കാഞ്ഞേ?"
അമ്മ അടുത്തുണ്ടെന്നുള്ള കാര്യം പോലും മറന്നു ജെനി കരഞ്ഞു.
"I can't live without you Rois... എല്ലാം കൈ വിടുന്നെന്ന് തോന്നിയപ്പോൾ മരിക്കാൻ തോന്നി."
ജെനിയുടെ കണ്ണുകൾ തുടച്ചിട്ട് റോയിസ് അന്നമ്മയെ നോക്കി.
"Aunty, ഈ timeൽ പറയാമോ എന്നെനിക്കറിയില്ല. But എന്റെ mindൽ ഇപ്പൊ ജെനി മാത്രേ ഉള്ളു. ഞാൻ എന്റെ പപ്പായെം മമ്മിയെം നിങ്ങളുടെ വീട്ടിലേക്കു പറഞ്ഞു വിട്ടോട്ടെ. നിങ്ങളുടെ ഒക്കെ ഇഷ്ടത്തോടെ ജെനിയെ എനിക്ക് തന്നൂടെ..."
പ്രതീക്ഷിക്കാത്ത ചോദ്യം. അന്നമ്മ അറിയാതെ സമ്മതം മൂളിപ്പോയി. പക്ഷെ വീട്ടിൽ ഇക്കാര്യം അവതരിപ്പിച്ചപ്പോൾ റോയിസിന്റെ മമ്മി സെലിൻ എതിർത്തു.
"കല്യാണോ? ഇരുപത്തിയൊന്ന് വയസേ ആയിട്ടുള്ളു നിനക്ക്. ഡിഗ്രി പോലും പൂർത്തി ആയിട്ടില്ല. നീ എന്താടാ തമാശ പറയുന്നോ."
റോയിസ് വാശി പിടിച്ചു നിന്നു. പട്ടിണി കിടന്നു. മരിക്കുമെന്ന് പറഞ്ഞു. സെലിനും ജോസഫിനും ഒറ്റ മോനാണ്. സാമ്പത്തികമായി ഉയർന്ന നിലയിലും.
ഒടുവിൽ റോയിസിന്റെ പടിവാശി ജയിച്ചു. പെണ്ണ് കാണൽ ചടങ്ങിന് മനസില്ലാ മനസോടെ സെലിനും ജോസഫും റോയിസിന്റെ കൂടെ പോയി.
ഒറ്റ കാര്യത്തിലെ സെലിൻ വാശി പിടിച്ചുള്ളൂ.
"മുളവുകാട് വന്നിട്ടു മാളിയേക്കൽ കുടുംബക്കാരെ കുറിച്ച് തിരക്കിയാൽ നാട്ടുകാര് പറയും. ഒരു മെത്രാനും ഒരു ബിഷപ്പും ഉള്ള കുടുംബമാ ഞങ്ങടേത് . പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. മറ്റൊന്നും വേണ്ട. കൊച്ചിന്റെ കഴുത്തിൽ എത്ര പവനുണ്ടെടി സെലിനേന്ന് ആരെങ്കിലും ചോദിച്ചാൽ ഇന്നത്തെ കാലത്ത് കുറഞ്ഞത് നൂറ്റിയൊന്ന് പവനെങ്കിലും ഉണ്ടെന്നു പറഞ്ഞില്ലേ കുറച്ചിലല്ലിയോ. എനിക്കെന്തായാലും മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ടു നിൽക്കാൻ ഒക്കുകേല."
റോയിസും വീട്ടുകാരും ഇറങ്ങിയപ്പോൾ ഇജോ അന്നമ്മയോടു തട്ടി കയറി.
"ആ പെണ്ണുമ്പിള്ളയ്ക്ക് ഭ്രാന്താ. നൂറ്റിയൊന്ന് പവനെ? എവിടെന്നെടുത്തു കൊടുക്കും. ഇവിടെ ഉരുട്ടിയുരുട്ടി വെച്ചേക്കുന്നോ. ഈ marriage എങ്ങാനും നടന്നാൽ അവരിവളെ നാലായിട്ട് കീറി അടുപ്പിൽ വച്ചു കത്തിക്കും."
ജെനി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി. വീട്ടിൽ എത്തിയിട്ട് റോയിസ് വിളിച്ചപ്പോൾ പരിഭവത്തോടെ ജെനി പറഞ്ഞു.
"ഞങ്ങൾ rented ആണെന്നും എങ്ങനെ നോക്കിയാലും ഇത്രയും gold തരാൻ ഒക്കില്ലന്നും റോയിസിനും അറിയാവുന്നതല്ലേ... എന്നിട്ട് എന്തിനായിരുന്നു ഇന്ന് ഇങ്ങനൊരു drama. നമ്മുടെ സ്നേഹത്തിനു ഇട്ടിരിക്കുന്ന വിലയാണോ ഈ നൂറ്റിയൊന്ന് പവൻ. ആണോ?"
"അക്കാര്യത്തെ പറ്റി പറഞ്ഞു ഞാനിവിടെ ഒരു fight നടത്തിയേച്ചു നിൽക്കുവാ ജെനി. പപ്പായെ എങ്ങനെയും പറഞ്ഞു മനസിലാക്കാം. മമ്മി അമ്പിനും വില്ലിനും അടുക്കുന്നില്ല. Let's see if there is a way. Don't worry... "
റോയിസ് സമാധാനിപ്പിച്ചു.
വിദൂരതയിൽ നിന്നും മിഴികൾ പിൻവലിച്ചു സൂര്യയെ നോക്കി ജെനി തുടർന്നു.
"രണ്ടു ദിവസം വീട്ടിൽ ഈ matter പുകഞ്ഞു കൊണ്ടിരുന്നു... ഇത് എന്തായി തീരുമെന്ന് എനിക്ക് ഒരു idea ഉണ്ടായിരുന്നില്ല. ഒരു ദിവസം evening അമ്മയുടെ brother വർക്കി അങ്കിളും ജെസ്സി ആന്റിയും വീട്ടിൽ വന്നു. കുറെ നാളുകളായി അത്ര നല്ല conditionൽ ആയിരുന്നില്ല . എങ്കിലും അമ്മ നന്നായി സ്വീകരിച്ചു. സംസാരിച്ചു ഇരിക്കുന്ന കൂട്ടത്തിൽ ജെസ്സി ആന്റിയാണ് ആ visit ന്റെ ഉദ്ദേശം വെളിപ്പെടുത്തുന്നത്. അവരുടെ ഇടവകയിലുള്ള ഒരു പെൺകുട്ടിയ്ക്ക് ഒരു ചെക്കനെ വേണം. പെണ്ണ് കാനഡയിൽ നേഴ്സ് ആണ്. അവർക്ക് finance, job ഒന്നുമൊരു problem അല്ല . കാണാൻ smart ആയിട്ട് ഒരു പയ്യൻ മതി. പകരം എല്ലാ കടവും settle ചെയ്തു ഇജോയേ കാനഡയ്ക്ക് കൊണ്ട് പോവുകയും ചെയ്യും."
അരുതാത്തത് എന്തോ കേട്ടത് പോലെ സുര്യ നടുങ്ങി നോക്കി. ഇജോയുടെ ഭാവമാറ്റത്തിന്റെ പൊരുൾ ഇപ്പോഴാണ് അവൾക്ക് മനസിലായത്.
ജെനി ബാക്കി പറയുന്നത് വർദ്ധിച്ച ഹൃദയമിടിപ്പോടെയാണ് സൂര്യ കേട്ടു നിന്നത്.
"ഇജോയോട് സംസാരിച്ചിട്ട് വിവരം അറിയിക്കാനും ബാക്കിയൊക്കെ അവർ നോക്കിക്കോളാമെന്ന് പറഞ്ഞിട്ട് അങ്കിൾ മടങ്ങി. ജോലി കഴിഞ്ഞു night ഇജോ വന്നപ്പോൾ അമ്മ ഇക്കാര്യം പറഞ്ഞു..."
അത് കേട്ടു ഇജോ പൊട്ടിത്തെറിച്ചു.
"ഇതെന്ത് marriage ആണ്. എന്നെയെന്താ വിലക്കെടുക്കാൻ പോകുന്നോ?"
"കയ്യിൽ പണമുള്ളവർ ഇഷ്ടം അനുസരിച്ചു ആളുകളെ തെരഞ്ഞു പിടിക്കും. അതൊക്കെ ലോകത്തു നടപ്പുള്ള കാര്യങ്ങളാ. ഈ കുടുംബം രക്ഷപെടാനുള്ള വഴി കർത്താവായിട്ട് കാണിച്ചു തന്നതാന്ന് കരുതിക്കോ. മുട്ടാപ്പോക്ക് പറഞ്ഞു നീ അത് ഇല്ലാതാക്കരുത്. ജീവിതകാലം മുഴുവൻ ഇങ്ങനെ വാടക വീട്ടിൽ കഴിഞ്ഞാൽ മതിയെന്നാണോ. നീ സമ്മതിച്ചാൽ ജെനിയുടെ കല്യാണവും അന്തസായി നടത്താം. നിനക്ക് കാനഡയിൽ എന്തെങ്കിലും ജോലി ആയിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് ഇങ്ങനെ നരകിച്ചു ജീവിക്കണ്ടല്ലോ..."
"ഈ അങ്കിളൊക്കെ ഇത്രേം നാൾ എവിടാരുന്നു? ഇവിടെ കടം കയറി നാടൊട്ടുക്ക് ഓടുമ്പോൾ ഇവരെ ആരെയും കണ്ടില്ലല്ലോ."
"എത്ര കടം ഉണ്ടെങ്കിലും അതൊക്കെ തീർക്കാനും ഈ കുടുംബം രക്ഷപെടാനുമാ അവൻ അങ്ങനൊരു വഴി പറഞ്ഞേ. അല്ലാതെ അവനെന്തുവാ ഇതിൽ നേട്ടം?"
"അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ഈ കല്യാണത്തിന് എനിക്ക് interest ഇല്ല."
ഇജോ തീർത്തു പറഞ്ഞു.
"മറ്റാര് പറഞ്ഞാൽ അനുസരിച്ചില്ലെങ്കിലും അപ്പാ പറഞ്ഞാൽ ഇജോ കേൾക്കുമെന്ന് അറിയുന്നത് കൊണ്ട് അമ്മ അപ്പയെകൊണ്ട് സംസാരിപ്പിച്ചു. അപ്പോഴാണ് ഇജോ സുര്യയേ പറ്റി പറയുന്നേ. അമ്മ ബഹളം വച്ചു. അമ്മയ്ക്ക് ജീവനുണ്ടെങ്കിൽ ഈ കല്യാണം നടത്തില്ലെന്ന് പറഞ്ഞു. അങ്കിളിനെ വിളിച്ചു വരുത്തി. എല്ലാവരും മാറിയും തിരിഞ്ഞും ഉപദേശിച്ചു നോക്കി. പക്ഷെ ഒരു കല്യാണം ഉണ്ടെങ്കിൽ അത് താനുമായിട്ടേ ഉള്ളൂന്ന് ഇജോ വാശി പിടിച്ചു നിന്നു. അങ്കിൾ കൊണ്ട് വന്ന കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ ചത്തു കളയുമെന്ന് അമ്മ തീർത്തു പറഞ്ഞു. അമ്മ വിഷകുപ്പിയുമായി നിന്നത് കൊണ്ടാ താൻ വന്നപ്പോൾ അമ്മയുടെ മുന്നിൽ വച്ചു ഇജോ നോ പറഞ്ഞത്."
ജെനി തുടർന്നു.
"ആലപ്പുഴയിലുള്ളൊരു പെൺകുട്ടി. ഇവിടെ എറണാകുളത്ത് ജോലി. അങ്ങനെയാണ് ഇജോ തന്നെ വീട്ടിൽ present ചെയ്തിരിക്കുന്നെ. പക്ഷെ സൂര്യ
ഒരു transgender ആണെന്ന് ഇപ്പോഴും വീട്ടിൽ ആർക്കും അറിയില്ല."
ഇക്കുറി സൂര്യ ശരിക്കും ഞെട്ടി.
അവൾ പതിയെ കിതയ്ക്കാൻ തുടങ്ങി.
പിന്നെ ദയനീയമായി നോക്കി.
"ഞാനും റോയിസും കുറേ search ചെയ്തിട്ടാ തന്റെ address കണ്ടു പിടിച്ചേ. പേടിക്കണ്ട. എന്തായാലും ഞങ്ങളിക്കാര്യം വീട്ടിൽ പറയില്ല."
നിസ്സഹായതയോടെ നിൽക്കുന്ന സുര്യയെ നോക്കി ജെനി തുടർന്നു.
"തന്റെ ഡീറ്റെയിൽസ് അറിഞ്ഞാൽ അമ്മയോ അപ്പായോ ഒരിക്കലും സമ്മതിക്കില്ലെന്ന് കരുതി ആവും ഇജോ ഇത് hide ചെയ്തത്. പക്ഷെ എത്രനാൾ? ഇതൊക്കെ എല്ലാവരും അറിയില്ലേ. എന്തായാലും ഞങ്ങളുടെ church ൽ വച്ചു നിങ്ങളുടെ marriage ഒരിക്കലും നടക്കില്ല. ഒരു പക്ഷെ എല്ലാവരോടും fight ചെയ്തു ഇജോ തന്നെ കൂടെ കൂട്ടിയെന്നിരിക്കട്ടെ. താൻ ഒന്ന് ചിന്തിച്ചു നോക്ക്. ഇജോയ്ക്ക് നല്ലൊരു family life കൊടുക്കാൻ തന്നെ കൊണ്ട് പറ്റുമോ. ഒരു കുഞ്ഞിനെ കൊടുക്കാൻ തന്നെ കൊണ്ട് പറ്റുമോ. സ്നേഹത്തിന്റെ പേരിൽ ഇജോയുടെ ജീവിതം തകർക്കുകയല്ലേ താൻ ചെയ്യുന്നേ...?"
തളർന്നു തകർന്നു സൂര്യ മാവിലേക്ക് ചാരി. ജെനി സുര്യയുടെ മുന്നിലേക്ക് ചെന്നു.
"ഞങ്ങളുടെ family രക്ഷപെടാനുള്ള last effort ആണ് ഈ നടത്തുന്നെ. ഇജോ yes പറഞ്ഞാൽ മാത്രം മതി. ഒഴിഞ്ഞു മാറണം എന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഞങ്ങളുടെ കുടുംബം മൊത്തം തകർത്തിട്ടാവരുത് തന്റെ ഇഷ്ടം നേടുന്നത്. "
"മതി!"
ഇനി കേൾക്കാൻ ശേഷി ഇല്ലാത്തതു പോലെ സൂര്യ കൈ ഉയർത്തി വിലക്കി.
അവളുടെ ശരീരം വിറച്ചു.
ഉള്ളിൽ നിന്നും ഇരമ്പി വരുന്ന സങ്കടം അടക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.
വീണ്ടും ജെനി എന്തോ പറയാൻ തുനിഞ്ഞപ്പോൾ സൂര്യ തടഞ്ഞു.
" ഇനി ഒന്നും പറയണ്ട. ജെനി പൊയ്ക്കോ. നിങ്ങളുടെ കുടുംബം തകർക്കാൻ ഞാൻ വരില്ല. നിങ്ങളുടെ ആരുടേയും ജീവിതം തകർക്കാൻ ഞാൻ വരില്ല. ഒരിക്കലും വരില്ല . പേടിക്കണ്ട. പൊയ്ക്കോളൂ. "
സൂര്യ പുറത്തേക്കു കൈ ചൂണ്ടി.
അവളെ ഒന്ന് നോക്കിയിട്ട് ജെനി തിരിഞ്ഞു നടന്നു.
എവിടെയെങ്കിലും തനിച്ചു പോയിരുന്നു കരഞ്ഞില്ലെങ്കിൽ ചങ്ക് പൊട്ടി പോകുമെന്ന് സൂര്യയ്ക്ക് തോന്നി.
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഒടുവിൽ ഇജോയെ തനിക്ക് കിട്ടും എന്നൊരു പ്രതീക്ഷ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു.
പക്ഷെ ഇപ്പൊ അതും അണഞ്ഞു.
അപ്പോൾ ഷെറിനും ധന്യയും പുറത്തേക്കു ഇറങ്ങി വന്നു.
" എന്താ മോളെ. ആ പെണ്ണെന്താ പറഞ്ഞിട്ട് പോയെ ? "
സൂര്യ ഇരുവരെയും മാറി മാറി നോക്കി.
ആ മുഖത്ത് സങ്കടകടൽ ഇരമ്പുന്നു.
ചുണ്ടുകൾ വിതുമ്പി വിറച്ചു.
" ഒന്നുമില്ലാത്ത നമ്മുടെ ഇടയിൽ ഒരു ശക്തിയുള്ളത് നമ്മളൊക്കെ ഇങ്ങനെ വിട്ടുവീഴ്ചയില്ലാതെ സ്നേഹിക്കുന്നതിന്റെയാ. എന്ത് നേട്ടത്തിനേക്കാൾ എനിക്ക് വലുത് നിങ്ങളിങ്ങനെ കൂടെ നിൽക്കുന്നതാ. എന്റെ ധൈര്യം നിങ്ങളാ...! "
ഇരുവരെയും ചേർത്തു പിടിച്ചു സൂര്യ പൊട്ടിക്കരഞ്ഞു.
( തുടരും )
ഭാഗം 16
"നിൽക്ക്." ഷെറിൻ ഒച്ച വച്ചു.
ഭാഗം 17


