മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 850
  • Status: Paid

ഭാഗം  - 4

എങ്ങനെയാണ്  ലിസി ഹോസ്പിറ്റലിൽ എത്തിയതെന്ന് സുര്യയ്ക്ക് മാത്രേ അറിയൂ. തളർന്നു തകർന്നു അവൻ ചെല്ലുമ്പോൾ സിബിയെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയിരുന്നു. 


സിബിയുടെ കുറച്ചു ഫ്രിണ്ട്സ് തിയേറ്ററിന് മുന്നിൽ നിൽപ്പുണ്ട്. ആരെയും അടുത്തറിയില്ലെങ്കിലും പലരെയും കണ്ടിട്ടുണ്ട്. പാലായിൽ നിന്നും സിബി ചേട്ടന്റെ ബന്ധുക്കൾ ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന് ആരോ പറയുന്നത് കേട്ടു. ഇരുപത്തിയെട്ട്  വയസുണ്ട് സിബിയ്ക്ക്. കല്യാണം കഴിച്ചിട്ടില്ല. പാലായിലെ വീട്ടിൽ അപ്പച്ചനും അമ്മച്ചിയും ഒരു അനുജനും അനുജത്തിയുമുണ്ട്. അനുജൻ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, ജോലി ഒന്നുമായിട്ടില്ല. അനുജത്തി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. 

ബാർ നിർത്തലാക്കിയപ്പോൾ  സുര്യയ്ക്ക് ഒപ്പം സിബിയുടെയും ജോലി നഷ്ടപെട്ടിരുന്നു. നാട്ടിൽ കുറച്ചു റബ്ബറൊക്കെ   ഉള്ളത് കൊണ്ട് വീട്ടുകാര്യങ്ങളൊക്കെ  നടന്നു പോകുമെന്ന് ഇടയ്ക്ക് പറയുന്നത് കേൾക്കാം. മറ്റൊരു ജോലി സംഘടിപ്പിച്ചിട്ടേ  വീട്ടിലേക്കു പോകുന്നുള്ളൂ എന്ന് പറഞ്ഞതും  ഓർക്കുന്നു. 

സിബിയ്ക്ക് എന്തെങ്കിലും ആയിപ്പോയാൽ തന്റെ ജീവിതം അരക്ഷിതാവസ്ഥയിലാകുമെന്ന് സൂര്യയ്ക്ക് ഉറപ്പുണ്ടായിരുന്നു.  അവൻ ഒരു മൂലയിലേക്ക് ഒഴിഞ്ഞു നിന്നു. ശരിക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു. 

എറണാകുളത്തേക്ക് വന്നിട്ട് ആകെയുള്ളൊരു പിടി വള്ളിയായിരുന്നു  സിബി ചേട്ടൻ. ഒരു ഏട്ടന്റെ സ്നേഹവും കരുതലുമൊക്കെ തന്നിട്ടുമുണ്ട്. ഷമീർ കഴിഞ്ഞിട്ട് തന്റെയെല്ലാ പ്രശ്നവും  തുറന്നു പറയാൻ ഈശ്വരൻ കൊണ്ട് തന്നതാണെന്ന്  ഇടയ്ക്കൊക്കെ തോന്നീട്ടുണ്ട്. സിബി ചേട്ടൻ ഇല്ലായിരുന്നുവെങ്കിൽ ഇത്ര പെട്ടന്ന്  നാട്ടിൽ വസ്തു വാങ്ങുവാനും  വീട് പണി തുടങ്ങുവാനുമൊന്നും  പറ്റുമായിരുന്നില്ല. ചേട്ടനോട് ചോദിക്കാതെ ഒരു കാര്യവും ചെയ്യില്ല. സിബി ഇല്ലാത്ത ലോകം വലിയൊരു ശൂന്യതയായി സുര്യയ്ക്ക് തോന്നി. 

സിബിയ്ക്ക് ഒരാപത്തും വരാതിരിക്കാൻ അവൻ അറിയുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ സിബിയുടെ ബന്ധുക്കൾ എത്തി. പിന്നെ അവിടെ നിൽക്കാൻ സുര്യയ്ക്ക് തോന്നിയില്ല. അത്രയ്ക്ക് മനം തകരുന്ന കാഴ്ചയായിരുന്നു തീയേറ്ററിന് മുന്നിൽ. പാസ്സേജിലൂടെ പുറത്തേക്കു നടക്കുമ്പോൾ പിന്നിലെ  തേങ്ങലുകൾക്ക് ശക്തിപ്രാപിക്കുന്നത് സൂര്യ അറിഞ്ഞു. 

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി നേരെ പോയത് അന്തോണീസ് പുണ്യാളന്റെ മുന്നിലേക്കായിരുന്നു. ഇനി അഭയം അവിടെ മാത്രേ ഉള്ളൂ. ഉള്ളിൽ കയറി നിലത്തേക്കിരുന്നു സൂര്യ നിയന്ത്രണം വിട്ടു  കരഞ്ഞു പോയി. മറ്റുള്ളവർ നോക്കുന്നതൊന്നും  അവൻ ശ്രദ്ധിച്ചില്ല. മനസ്സിൽ സിബിയുടെ മുഖം മാത്രം. 

ആ ചിരിയും സംസാരവും ഒരു പ്രത്യേക രീതിയിലുള്ള നടത്തവുമൊക്കെ മനസ്സിൽ തെളിഞ്ഞു തെളിഞ്ഞു വരുന്നു.  ഇരുളിൽ ദിക്കറിയാതെ  അലയുമ്പോൾ മുന്നിൽ വഴി കാട്ടിയ വെളിച്ചമായിരുന്നു സിബി ചേട്ടൻ. എന്ത് പ്രശ്നം വന്നാലും ഒരാൾ തുണയുണ്ടെന്നുള്ള  ആശ്വാസം. അത്  വല്ലാത്തോരു  ശക്തിയായിരുന്നു പകർന്നു തന്നിരുന്നത്. അത്  കൂടി നഷ്ടമായാൽ പിന്നെ മറ്റൊരു വഴിയില്ല. പാവം തന്റെ അടുത്തേക്ക് ബൈക്കിൽ വരുമ്പോഴാണ് ആ അപകടം. അതാലോചിക്കുമ്പോഴാണ് സുര്യയ്ക്ക്  സങ്കടം ഇരട്ടിക്കുന്നത്. 

സിബിയെ ജീവനോടെ തനിക്ക് തിരിച്ചു തന്നേക്കുവാൻ   പുണ്യാളനോട്  അവൻ  കരഞ്ഞപേക്ഷിച്ചു. സൂര്യയുടെ പ്രാർത്ഥന പോലെ ജീവനോടെ സിബിയെ തിരികെ കിട്ടി. അത് പക്ഷെ  ജീവസറ്റ  അവന്റെ ശരീരം മാത്രമായിരുന്നു. സംസാരിക്കാൻ പറ്റാതെ, ശരീരമൊന്ന് ചലിപ്പിക്കാൻ പോലും കഴിയാതെ അവൻ മരവിച്ചു കിടക്കുന്നത് കണ്ടു സൂര്യയുടെ ദുഃഖം ഇരട്ടിച്ചു. ആ കാഴ്ച കാണാൻ ശേഷിയില്ലാതെ അവൻ മുറി വിട്ടിറങ്ങി. 

പാസേജിലൂടെ മുന്നോട്ടു നടക്കുമ്പോൾ കാലുകളുടെ ശക്തി കുറയുന്നത് പോലെ തോന്നി. മന്ത് ബാധിച്ചത് പോലെ കാലുകൾ വലിച്ചു മുന്നോട്ടു നീങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങി. മനസും ശരീരവും ഒരേ പോലെ തളർന്നു താഴെ വീണേക്കുമെന്ന് തോന്നി. അടുത്ത് നിരയൊത്തിട്ടിരുന്ന കസേരകളിലൊന്നിൽ അവൻ ചെന്നിരുന്നു. മുന്നിലെ കസേരയിലേക്ക് കൈ വച്ച് അതിലേക്കു മുഖം പൂഴ്ത്തി. കണ്ണീർ തുള്ളികളായി നിലത്തേക്ക് ഇറ്റു വീണു. 

'സൂര്യ...' എന്ന് വിളിച്ചു ഇനി സിബി ചേട്ടൻ ഓടി കയറി വരില്ല. 

'നിനക്ക് സുഖമാണോ ? ' എന്ന് ചോദിച്ചു കൊണ്ടു ആ കാൾ ഇനി തന്നെ തേടി വരില്ല. 

കഴിഞ്ഞു എല്ലാം. എത്ര നാൾ ചേട്ടനിങ്ങനെ കിടക്കുമെന്നറിയില്ല. ഈശ്വരാ താനിഷ്ടപ്പെടുന്നവർക്കൊക്കെ ഇങ്ങനൊരു വിധി വരുന്നതെന്താ?

സിബിയെ തിരികെ പാലായിലെ വീട്ടിലേക്കു കൊണ്ട് പോകുന്നത് വരെ സൂര്യ  നിത്യവും ഹോസ്പിറ്റലിൽ പോയി അവനെ കണ്ടു. മിഴികൾ തുറന്നു  കിടക്കുന്ന സിബിയുടെ അരുകിൽ സങ്കടം അടക്കി ആ മുഖത്തേക്ക് ഉറ്റു നോക്കി അവൻ നിൽക്കും. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവുന്നത് വരെ സിബി ഒരിക്കലെങ്കിലും തന്റെ മുഖത്തേക്ക് നോക്കുമെന്നും സംസാരിക്കുമെന്നും സൂര്യ വെറുതെ കൊതിച്ചു. ഒന്നുമുണ്ടായില്ല. 

സ്ട്രക്ചറിൽ സിബിയെ ആംബുലൻസിലേക്ക് കയറ്റുമ്പോൾ അവസാനത്തെ പിടിവള്ളിയും നഷ്ടമായ സങ്കടത്തിൽ ആ കയ്യിൽ   പിടിച്ചു സൂര്യ  പൊട്ടികരഞ്ഞു. ആരോ അവനെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു. 

സിബിയെ കയറ്റിയ ആംബുലൻസിന്റെ പിന്നാലെ സൂര്യ കണ്ണീരോടെ റോഡിലേക്കിറങ്ങി  എങ്ങോട്ടെന്നില്ലാതെ  നടന്നു. ഒടുവിൽ ചെന്നു നിന്നത് അന്തോണീസ് പുണ്യാളന്റെ മുന്നിൽ. ഉള്ളിൽ കയറി ഒരു തൂണിൽ ചാരി നിലത്തിരുന്നു. കണ്ണീർ ചാലിട്ട് കവിളിലൂടെ ഒഴുകി കൊണ്ടിരുന്നു. ഇനി എന്ത് ചെയ്യണമെന്നറിയില്ല. തന്റെ സങ്കടം പറഞ്ഞു തീർക്കാൻ ആരുമില്ല. തന്നെ ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ഒരു താങ്ങിന്  വേണ്ടി സൂര്യ കൊതിച്ചു. ഇനി തനിച്ചാണ് എന്നുള്ള ചിന്ത സൂര്യയെ വീണ്ടും സങ്കടകടലിലേക്ക് തള്ളി. 

കാൽ മുട്ടിലേക്ക് മുഖം ചേർത്ത് വച്ച് തന്നിലേക്ക് ചുരുണ്ടു കൂടി എത്ര നേരം അങ്ങനെയിരുന്നു എന്നറിയില്ല. ഒടുവിൽ എണീൽക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു. രൂപക്കൂടിനു മുന്നിലെ ഇരുമ്പ് തട്ടിൽ മെഴുകുതിരി കത്തിക്കാനും പ്രാർത്ഥിക്കാനും ആളുകൾ ഇടതടവില്ലാതെ വന്നുകൊണ്ടിരുന്നു. 

സൗത്ത് റെയിൽവേസ്റ്റേഷൻ വഴി വൈറ്റില പോകുന്ന ഒരു ബസിൽ കയറി സൈഡ് അഴിയിലേക്ക് തല ചായ്ച്ചു അവനിരുന്നു. ബസ് വളഞ്ഞമ്പലം കഴിഞ്ഞു സൗത്ത് പാലത്തിലേക്ക് കയറുമ്പോഴാണ്  സൂര്യ  ചിന്തയിൽ നിന്നും ഞെട്ടി എണീൽക്കുന്നത്. അപ്പോഴേക്കും ബസ് മനോരമ ജംക്ഷനിൽ എത്തിയിരുന്നു. തിടുക്കത്തിൽ അവനിറങ്ങി. 

അപ്പോൾ മൊബൈലിലേക്ക് കോൺട്രാക്ടർ ജോസഫ് ചേട്ടന്റെ കാൾ വന്നു. കുറച്ചു ദിവങ്ങളായി അയാൾ തുടർച്ചയായി  വിളിക്കുന്നു. വെറുതെയിരുന്ന ആളെ പറഞ്ഞിളക്കിയത് താൻ തന്നെയാണ്. ഒരുമിച്ചു മുപ്പതിനായിരം കിട്ടിയപ്പോൾ ഇനിയങ്ങോട്ട് പണം വന്നു കുമിഞ്ഞു കൂടുമെന്ന് വെറുതെ ആശിച്ചു. ഇങ്ങനെയൊക്കെ ആയി തീരുമെന്ന് ആരറിഞ്ഞു. ഫോൺ ബെല്ലടിച്ചു നിന്നു. 

പാലത്തിന്റെ  വലതു സൈഡിലെ റോഡ് വഴി സൂര്യ പാളത്തിലേക്ക് കയറി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അപ്പോൾ വീണ്ടും ജോസഫ് ചേട്ടന്റെ  കാൾ വന്നു. അവൻ ഫോണെടുത്ത്  സംസാരിക്കുമ്പോൾ കുറച്ചു മുന്നിലെ  ഇരുൾ വീണ പാളത്തിൽ ഒരു പിടിവലി നടക്കുന്നത് അവ്യക്തമായി കണ്ടു. ചുരിദാറണിഞ്ഞ ഒരു പെണ്ണിനെ ഒരാൾ ആക്രമിക്കുകയാണ്. എന്തൊക്കെയോ ആക്രോശിക്കുന്നുമുണ്ട്. ഫോൺ കട്ട് ചെയ്തിട്ടു അവൻ അവിടേയ്ക്കു ഓടി. അപ്പോഴേക്കും അവളെ തള്ളി മാറ്റി അയാൾ മുന്നോട്ടു കുതിച്ചു വന്നു. 

"പിടിക്ക്... വിടരുതവനെ.... !" എന്ന് ആ പെൺകുട്ടി വിളിച്ചു പറയുന്നത് കേട്ടു. 

ഒപ്പം അവൾ പിന്നാലെ ഓടി വരുന്നതും കണ്ടു. എന്തോ പ്രശ്നമുണ്ടെന്നു സൂര്യക്ക് മനസിലായി. ഓടി കിതച്ചു വരുന്ന ആളെ സൂര്യ വട്ടം പിടിച്ചു. അയാൾ പിടി വിടുവിക്കുവാൻ കുതറി. 

ആ പെൺകുട്ടി അടുത്ത് എത്തുമ്പോഴേക്കും സൂര്യയെ അയാൾ ശക്തിയിൽ പിടിച്ചു തള്ളി. ബാലൻസ് തെറ്റി അവൻ പാളത്തിന്റെ സൈഡിൽ വിരിച്ചിരിക്കുന്ന മെറ്റലിലേയ്ക്ക്  തെറിച്ചു വീണു. വീഴ്ചയിൽ സൂര്യയുടെ  നെറ്റി മെറ്റലിൽ  ചെന്നിടിച്ചു. വേദനയിൽ അവൻ ഒന്ന് കരഞ്ഞു.  കഴച്ചു പൊട്ടുന്ന നെറ്റിയുടെ ഭാഗത്തു സൂര്യ  വിരലുകൾ കൊണ്ട് പരതി. കൈയിൽ നനവ് പടരുന്നതറിഞ്ഞു  നോക്കുമ്പോൾ കൈ വെള്ള മൊത്തം രക്തം. അപ്പോഴേക്കും മുഖത്തേക്ക് രക്തം ഒഴുകി പരക്കാൻ തുടങ്ങി. അവനെ തള്ളി മറിച്ചിട്ടു ഓടിയവൻ ഇരുളിൽ മറഞ്ഞു കഴിഞ്ഞിരുന്നു. 

"നിന്നെ എന്നെങ്കിലുമെന്റെ കയ്യിൽ കിട്ടുമെടാ നായിന്റെ മോനേ... അന്ന് നിന്റെ അവസാനാ....നോക്കിക്കോ ഈ ഷെറിനെ നിനക്കറിയില്ല..."

അയാൾ   ഓടിമറഞ്ഞ   ദിക്കിലേക്ക് നോക്കി ആ പെൺകുട്ടി കിതച്ചു കൊണ്ട് ഒച്ചയിടുന്നത് സൂര്യ കേട്ടു. അവൾ തിരിച്ചു സൂര്യയുടെ അടുത്തേക്ക് വന്നു. 

"എന്തെങ്കിലും പറ്റിയോ?"

നിലത്ത് നിന്നും അവനെ താങ്ങി എണീൽപ്പിച്ചു. 

"ശ്ശോ... രക്തം വരുന്നുണ്ടല്ലോ."

ആന്തലോടെ പറഞ്ഞിട്ട് തോളിൽ കിടന്ന ഷാൾ ഊരി അവൾ സൂര്യയുടെ നെറ്റിയിൽ വരിഞ്ഞു കെട്ടി വച്ചു. അപ്പോഴാണ് മുന്നിൽ നിൽക്കുന്ന ആളെ വ്യക്തമായി സൂര്യ കണ്ടത്.  ഇരുപത്തിയാറോ ഇരുപത്തിയേഴോ   വയസ് തോന്നിക്കുന്ന ഒരു ട്രാൻസ്ജൻഡർ  ആയിരുന്നു  അത്. 

"നല്ല മുറിവുണ്ടെന്നു തോന്നുന്നു. വാ നമുക്കേതെങ്കിലും ഹോസ്പിറ്റലിൽ കാണിക്കാം." 

മുന്നോട്ടു ഒരടി നടന്നപ്പോൾ  സൂര്യക്ക് തല ചുറ്റുന്നത് പോലെ തോന്നി. അവൻ കുഴഞ്ഞു  വീഴും മുന്നേ തിടുക്കത്തിൽ ഷെറിൻ താങ്ങി. 

(തുടരും)

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter