ഭാഗം - 9
അടക്കാൻ പറ്റാത്തൊരു വികാരം പതഞ്ഞു പൊന്തി വരുന്നത് ഇജോ അറിഞ്ഞു. മനുഷ്യനെ കൊല്ലുന്നരീതിയിൽ നാണത്തിൽ പൊതിഞ്ഞ ആ ചിരി. കണ്ടിട്ട് സ്വയം നിയന്ത്രിക്കാൻ പറ്റുന്നില്ല. ഇജോയുടെ മുഖത്തെ ഭാവം മാറി മാറി വരുന്നത് സൂര്യ കണ്ടു. രണ്ടു ചുവട് മുന്നോട്ട് വന്നിട്ട് സ്വയം നിയന്ത്രിച്ചു ഇജോ നിന്നു.
"ഞാൻ പോകുവാ സൂര്യ. നാളെ വരാം." പറഞ്ഞിട്ട് തിടുക്കത്തിൽ അവൻ പുറത്തേക്കിറങ്ങി പോയി. ബൈക്ക് സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് പോകുന്ന ഒച്ച സൂര്യ കേട്ടു.
ഇജോ പോളിനെ താങ്ങി ഉയർത്തി പിടിക്കുമ്പോൾ ജെനി തലയിണ കട്ടിലിന്റെ ക്രാസ്സിലേക്ക് കയറ്റി വച്ചു കൊടുത്തു. തലയിണയിലേക്ക് ഇജോ അയാളെ പതിയെ ചാരിയിരുത്തി. അങ്ങനെ ഇരുന്നാൽ ഹാളിലെ മാതാവിന്റെ രൂപത്തിലേക്ക് ഒരു നോട്ടം കിട്ടും. പ്രാർത്ഥന നേരത്ത് അതാണ് പതിവ്. അപ്പയെ ഉയർത്തി ഇരുത്തിയിട്ട് ഇരുവരും ചെല്ലുമ്പോൾ അന്നമ്മ മെഴുകുതിരി കൊളുത്തുകയായിരുന്നു. ഒപ്പം ഇരുന്നു എല്ലാവരും പ്രാർത്ഥന തുടങ്ങി.
ഹാളിൽ കേൾക്കുന്ന കീർത്തനങ്ങൾക്കൊപ്പം റൂമിലിരുന്നു പോളും ഏറ്റു ചൊല്ലുന്നുണ്ടായിരുന്നു. പ്രാർത്ഥന കഴിഞ്ഞു ഇജോ റൂമിലേക്ക് കയറി. അവൻ വാതിൽ ചാരുന്നത് ശ്രദ്ധിച്ച് അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അന്നമ്മ ഓർമിപ്പിച്ചു.
"അത്താഴം കഴിച്ചിട്ട് പോരെ കേറി വാതിൽ അടയ്ക്കുന്നതും കുറ്റിയിടുന്നതുമൊക്കെ. ഇനി കതകിൽ കൊട്ടി വിളിക്കാനൊന്നും എനിക്ക് മേല. കഴുകി പറക്കി വച്ചേച്ചു എനിക്കും എവിടേലുമൊന്ന് കിടക്കണം..."
ഇജോ ഒന്നും മിണ്ടിയില്ല. പാതി ചാരിയ കതക് തുറന്നു നേരെ ഡൈനിംഗ് റൂമിലേക്ക് ചെന്നു. മൊബൈലിൽ നോക്കി ജെനി അടുക്കളയിലേക്ക് പോകുന്നത് കണ്ടു.
"അതൊന്നു താഴെ വെയ്ക്കടി പെണ്ണേ. എപ്പോ നോക്കിയാലും അതുമ്മേൽ കുത്തികൊണ്ടു ഇരുന്നോളും." അന്നമ്മയുടെ ഒച്ച അടുക്കളയിൽ നിന്നും കേട്ടു.
"ഉള്ള നേരത്തിനു എന്തെങ്കിലും എടുത്തു വച്ചു പഠിക്കാൻ നോക്കുവല്ല."
"എനിക്ക് പഠിക്കാനുള്ളതാ google search ചെയ്യുന്നേ..." ജെനിയുടെ മറുപടി.
"ഒരു ഗൂഗിള്..." ഇജോയുടെ മുന്നിൽ കഞ്ഞി വിളമ്പുന്നതിനിടയിൽ അന്നമ്മ ഈർഷ്യത്തോടെ പിറുപിറുത്തു.
"റിസൾട് വരുമ്പളാ എന്റെ വിധം മാറുന്നെ. നീ നോക്കിക്കോ." ഒരു പ്ളേറ്റ് കഞ്ഞിയുമായി പൊളിന്റെ റൂമിലേക്ക് പോകുന്നതിനിടയിൽ അവർ തുടർന്നു.
"പഠിച്ചു എന്തെങ്കിലും ജോലി വാങ്ങിച്ച് കെട്ടിച്ചു വിടാനുള്ള കാശ് തനിയെ ഉണ്ടാക്കിക്കോ. അല്ലാതെ ഇവിടാരും ഒന്നും കെട്ടിപൊതിഞ്ഞു തന്നു വിടുമെന്ന് കരുതി നോക്കി ഇരിക്കണ്ട. സ്വന്തമായി ഒരു വീടില്ല. ഉണ്ടായിരുന്നത് ബാങ്ക് കൊണ്ട് പോയി. കടക്കാർ മുറ്റത്തു വന്നു കിടന്നു ചീത്ത വിളിക്കുന്നത് കൊണ്ട് ഹൗസ് ഓണർ ഇവിടുന്നും മാറാൻ പറഞ്ഞേക്കുവാ. ഇനി എങ്ങോട്ട് പോവും...അതിവിടെ ആർക്കും അറിയണ്ടല്ലോ."
"അത്താഴം കഴിക്കുന്ന നേരത്തെങ്കിലും ഇമ്മാതിരി വർത്തമാനം ഒന്ന് നിർത്തിക്കുടെടി നിനക്ക്... " പോൾ ദേഷ്യത്തോടെ ചോദിച്ചു.
"അതേ ഞാൻ മിണ്ടുന്നതാ കുറ്റം. എന്റെ തലേവര ഇങ്ങനെ ആയിപോയല്ലോ മാതാവേ..."
കഞ്ഞി കുടിച്ചുകഴിഞ്ഞു ഇജോ റൂമിൽ കയറുമ്പോഴും പോളിന്റെ മുറിയിൽ നിന്നും സ്വന്തം വിധിയെ പഴിച്ചു കൊണ്ടുള്ള അന്നമ്മയുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. അപ്പായ്ക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് ഇങ്ങനെ കുത്തി സംസാരിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. കേൾക്കില്ല. എന്ന് മാത്രമല്ല മിണ്ടാതിരിക്കാൻ പറഞ്ഞാൽ വാശിയ്ക്ക് കൂടുതൽ ഉച്ചത്തിൽ സംസാരിക്കും. അതാണ് പ്രകൃതം. താൻ ഇടപെട്ടാൽ പിന്നെ അത് വലിയ വഴക്കിലെ അവസാനിക്കുവെന്ന് ഇജോയ്ക്ക് അറിയാം. അത് കൊണ്ടു തന്നെ അത് കേട്ടില്ലെന്നു നടിക്കുന്നതാണ് ഉചിതം.
ജീവിതത്തിലെ ഉയർച്ചയിൽ നിന്നും പടു കുഴിയിലേക്ക് വീണു പോയതിന്റെ ഒരു ആധിയും വെപ്രാളവുമായിരുന്നു അന്നമ്മയ്ക്ക്. ഒരു രാജ്ഞിയെ പോലെയാണ് അവർ ജീവിച്ചത്. ബഹുമാനത്തോടും അസൂയയോടും നോക്കിയിരുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ഒരു വിലയുമില്ലാത്ത ജീവിതത്തിലേക്കുള്ള പരിണാമം അന്നമ്മയെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു.
കാണുന്നവരോടൊക്കെ വഴക്കിട്ടും ദേഷ്യപ്പെട്ടുമാണ് ഉള്ളിലെ സങ്കടം അവർ പ്രകടിപ്പിക്കുന്നത്. മകൻ പഠിച്ചു നല്ല ജോലി നേടിയാൽ പഴയ പ്രതാപം തിരിച്ചു പിടിക്കാമെന്നു അവർ വ്യാമോഹിച്ചു. ഒന്നും നടന്നില്ല. കണക്കുകൂട്ടലുകളെല്ലാം തകർന്നു. വീട് പട്ടിണിയിലേക്ക് വീണപ്പോൾ പഠനം അവസാനിപ്പിച്ചു ഇജോയെ ജോലിക്ക് വിടേണ്ടി വന്നു.
CDCA എന്നൊരു പ്രൈവറ്റ് കമ്പനിയുടെ ഓണർ പോളിന്റെ ഒരു പഴയകാല സുഹൃത്ത് ആയതു കൊണ്ട് കോഴ്സ് കംപ്ലീറ്റ് ചെയ്യാഞ്ഞിട്ടും ചെറിയൊരു പോസ്റ്റിൽ ഇജോയെ അപ്പോയ്ന്റ്മെന്റ് ചെയ്യുകയായിരുന്നു.
മുൻകൂറായി പലപ്പോഴും വാങ്ങിയ തുക കുറേശ്ശ തിരിച്ചു പിടിക്കുന്നത് കൊണ്ടു ബാക്കി കിട്ടുന്ന ശമ്പളത്തിൽ അരിഷ്ടിച്ചാണ് വീട്ടുകാര്യങ്ങൾ നടന്നു പോകുന്നത്. പലർക്കും പണം കൊടുക്കാനുണ്ട്. അവരുടെ പ്രതീക്ഷകളെല്ലാം തകർന്നു. ഇനിയെന്ത് എന്നുള്ള ചിന്ത തന്നെ അന്നമ്മയുടെ മനസിന്റെ താളം തെറ്റിയ്ക്കും.
എല്ലാം ഒതുക്കി പെറുക്കി വച്ചിട്ട് റൂമിലെത്തി വാതിൽ ചാരുമ്പോൾ അന്നമ്മയോട് പോൾ ചോദിച്ചു.
"പിള്ളേര് കിടന്നോടി... ?"
നിലത്ത് ബെഡ് വിരിക്കുന്നതിനിടയിൽ അന്നമ്മ അമർത്തിയൊന്ന് മൂളി.
"നാളെ ഹോസ്പിറ്റലിൽ പോകാനുള്ള കാശ് ചെറുക്കന് കിട്ടിയോ?"
"ആ. എനിക്കറിയത്തില്ല."
ലൈറ്റ് ഓഫ് ചെയ്തിട്ടു അവർ കിടന്നു കഴിഞ്ഞു. വാതിലടച്ചു കിടക്കയിലേക്ക് മറിഞ്ഞിട്ട് ഇജോ ചിന്തിച്ചത് മൊത്തം സുര്യയെ കുറിച്ചാണ്. പാവം കുട്ടി.
അങ്ങോട്ട് ചോദിക്കാതെയാണ് സ്വന്തം ATM കാർഡ് എടുത്തു തന്നിരിക്കുന്നത്. ആര് ചെയ്യും ഇങ്ങനെയൊക്കെ? തന്നോടുള്ള ഇഷ്ടവും വിശ്വാസവുമൊക്കെ എത്ര മാത്രം വലുതാണെന്ന് ഇപ്പോൾ ബോധ്യമാവുന്നു. ഇടയ്ക്ക് എപ്പോഴോ അവിചാരിതമായി അത് വഴി പോകുമ്പോഴാണ് ആ സുന്ദരമുഖം കണ്ണിൽ പെടുന്നത്. ഇരുളിൽ തിളങ്ങുന്ന മാണിക്യം പോലെ! ഒരിക്കൽ കൂടി കാണാൻ ബൈക്കിൽ വീണ്ടുമൊന്ന് റൗണ്ടടിച്ചു. ശരിക്കുമൊരു പെണ്ണ് നിൽക്കുമ്പോലെയാണ് ആദ്യം തോന്നിയത്. അവരെ പോലും വെല്ലുന്ന സൗന്ദര്യം. കണ്ടാൽ ആർക്കും സ്വന്തമാക്കാൻ ആശിച്ചു പോകുന്ന രൂപം. ഇതെങ്ങനെ അവിടെ വന്നുപെട്ടുവെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സൂര്യയെ കാണാൻ വേണ്ടി മാത്രമാണ് അത് വഴി പോയി തുടങ്ങിയത്. ഒന്ന് മിണ്ടാൻ കൊതി തോന്നി തുടങ്ങിയിരുന്നു. പക്ഷെ അപ്പോഴൊക്കെ ആരെങ്കിലുമൊക്കെ അടുത്തുണ്ടാവും. ഒന്നുകിൽ അവന്റെ കൂട്ടുകാർ അല്ലെങ്കിൽ അവരെ തേടി എത്തിയ ആളുകൾ.
കാലങ്ങൾക്ക് മുൻപ് കൂട്ടുകാരോടൊപ്പം കറങ്ങുമ്പോൾ വഴിയരികിൽ സ്ത്രീ വേഷം കെട്ടിയ പുരുഷന്മാരെ കണ്ടാൽ ഉച്ചത്തിൽ ആർത്തു ചിരിച്ചു കളിയാക്കാൻ അവന്മാരുടെ ഒപ്പം കൂടിയിട്ടുണ്ട്. അന്ന് പണത്തിന്റെ ഹുങ്കും സുഹൃത്ത് വലയത്തിനുള്ളിൽ നിൽക്കുമ്പോഴുള്ള അഹങ്കാരവും തലയ്ക്കു പിടിച്ചു നടക്കുന്ന കാലം. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന ഇവരോടൊക്കെ എന്തോ വല്ലാത്തൊരു അവജ്ഞ ആയിരുന്നു. പക്ഷെ തനിക്കൊരു കഷ്ടകാലം വരുമെന്നും അങ്ങനെ ഒരാളുടെ പണം തനിക്ക് കൈ നീട്ടി വാങ്ങേണ്ടി വരുമെന്നും അന്ന് അറിയില്ലായിരുന്നു. എന്നും ഒപ്പമുണ്ടാകുമെന്ന് കരുതിയ കൂട്ടുകാർ കഷ്ട സമയത്ത് ഒന്നൊന്നായ് കൊഴിഞ്ഞു പോയി. വിളിച്ചാൽ ഫോൺ എടുക്കാതെ ഇരിക്കുകയും കണ്ടാൽ കാണാത്ത മട്ടിൽ പിന്തിരിഞ്ഞു പോവുകയും ചെയ്യുന്ന കണ്ടപ്പോൾ സ്വയം എല്ലാവരിൽ നിന്നും ഒഴിഞ്ഞു. ആരെയും ബുദ്ധിമുട്ടിക്കാൻ പോവേണ്ടന്ന് കരുതി. ഇപ്പോൾ സൂര്യയോട് സംസാരിച്ചിരിക്കുമ്പോൾ ആ ഒറ്റപ്പെടലിൽ നിന്നൊക്കെയുള്ളോരു മോചനം കിട്ടിയത് പോലെ തോന്നുന്നു. സ്വന്തം പ്രശ്നങ്ങളൊക്കെ മറന്നു കുറച്ചു സമയമെങ്കിലും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ കഴിയുന്നുണ്ട്. കേൾക്കാൻ ഒരാളെ കിട്ടുക എന്നത് ചെറിയ കാര്യമല്ല. അങ്ങനെ ചിന്തിച്ചു കിടന്നു ഇജോ ഉറങ്ങി പോയി.
പോളിനെ ചെക്കപ്പിന് ഹോസ്പിറ്റലിൽ കൊണ്ട് പോയി വന്നതിന് ശേഷം ഉച്ച കഴിഞ്ഞാണ് ഇജോ ജോലിക്ക് കയറിയത്. ആ തിരക്കിനിടയിൽ സൂര്യയെ വിളിക്കാൻ വിട്ടു പോയി. രാത്രിയിൽ ജോലി കഴിഞ്ഞിറങ്ങിയപ്പോൾ കുറച്ചു ഫ്രൂട്സ് വാങ്ങി നേരെ അങ്ങോട്ടേക്ക് വിട്ടു. ചെല്ലുമ്പോൾ സൂര്യയ്ക്ക് ഒപ്പം ഷെറിനുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അധിക സമയം തങ്ങാതെ അവൻ ഇറങ്ങി. ഇജോയെ ഇനി മുന്നിൽ കിട്ടിയാൽ 'കൊല്ലുംതിന്നു'മെന്നൊക്കെ പറഞ്ഞു ബഹളം വച്ചിരുന്ന ഷെറിൻ അവനെ കണ്ടപ്പോൾ വാ പൊളിച്ചിരിക്കുന്നത് കണ്ടു സുര്യയ്ക്ക് ചിരി വന്നു. 'കാർഡ് ' പിന്നേ തന്നാൽ മതിയെന്ന് ഷെറിൻ കാണാതെ സൂര്യ ആംഗ്യത്തിൽ അറിയിച്ചു. അതെങ്ങാനും കണ്ടാൽ ചീത്ത വിളിച്ചു കണ്ണ് പൊട്ടിക്കുമെന്നുറപ്പാണ്. ഇജോ പോയി കഴിഞ്ഞപ്പോൾ ഷെറിൻ അറിയാതെ പറഞ്ഞു പോയി.
"എന്ത് ചെറുക്കനായിത്. മുഖത്ത് ന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. കണ്ടിട്ട് സിനിമാ നടന്മാരെ പോലെയിരിക്കുന്നു... ഇവനിങ്ങനെ കേറി ഇറങ്ങുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും. ഇനി ധന്യ പറയുമ്പോലെ ശരിക്കും ഇവന് നിന്നോട് പ്രേമം തന്നെയാണോ മോളേ...."
"വണ്ടിയിടിച്ചു റോഡിലിട്ട ഒരാളോട് തോന്നുന്ന സഹതാപം. അത്രേയുള്ളൂ. അല്ലാതെ എന്നോട് ഇജോയ്ക്ക് പ്രേമോം ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല... അല്ലെങ്കിൽ തന്നെ തെരുവിൽ ശരീരം വിൽക്കാൻ നടക്കുന്ന എന്നോടൊക്കെ ആർക്കെങ്കിലും പ്രേമം തോന്നുമോ. ഇജോയ്ക്ക് നല്ല തറവാട്ടിൽ പിറന്ന പൊന്നിൻ കുടം പോലുള്ള പെൺകൊച്ചുങ്ങളെ കിട്ടും. അപ്പോഴാ...."
സൂര്യ പറഞ്ഞു നിർത്തുമ്പോഴേക്കും ഇജോയുടെ കാൾ വന്നു. ഷെറിനും സുര്യയും ഒരേ സമയം ഫോണിലേക്ക് മിഴിയോടിച്ചു. കണ്ടോ എന്നർത്ഥത്തിൽ ഷെറിൻ മുഖം ചലിപ്പിച്ചു. അവളെ ഒന്ന് നോക്കിയിട്ട് സൂര്യ ഫോൺ ചെവിയോട് ചേർത്തു. ഷെറിൻ അടുത്തിരിക്കുന്നതിന്റെ ഒരു സങ്കോചവും വീർപ്പുമുട്ടലും സൂര്യയുടെ മുഖത്ത് കാണാമായിരുന്നു.
"കുറച്ചു നേരം നിന്റടുത്ത് ഇരിക്കണമെന്ന് കരുതിയ വന്നേ. ഷെറിൻ ഇന്നെന്താ പോവാഞ്ഞെ? അവരൊക്കെ അവിടെ ഉണ്ടെങ്കിൽ നമ്മുടെയൊരു പ്രൈവസി നഷ്ടപ്പെടുമ്പോലെ തോന്നുന്നു. അതാ ഞാൻ ഇരിക്കാതെ പെട്ടന്നിറങ്ങിയെ... "
"മം..."
സൂര്യ മൂളി കേട്ടു.
"അടുത്ത് ഷെറിനുണ്ടോ?"
ഒരു നിമിഷം കഴിഞ്ഞു ഇജോയുടെ ചോദ്യം. തന്റെ മൗനം കണ്ട് ഇജോയ്ക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവും. ഇല്ലെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറയുന്നതാണല്ലോ പതിവ്. സൂര്യ അതേ എന്നർത്ഥത്തിൽ വീണ്ടും മൂളി.
"ഓക്കേ . എന്നാൽ വച്ചോ. ഞാൻ വീട്ടിലേക്ക് പോകുവാ... "
ഫോൺ കട്ട് ചെയ്തിട്ടു സൂര്യ ഷെറിനെ ഒന്ന് പാളി നോക്കി.
"കണ്ടോ ഞാൻ പറഞ്ഞത് സത്യമായില്ലേ... അവന് നിന്നോട് മുടിഞ്ഞ പ്രേമം തന്നെയാ... "
"അങ്ങനെയൊന്നും അവൻ എന്നോട് പറഞ്ഞിട്ടില്ല ഷെറിൻ... " സുര്യ തർക്കിച്ചു.
"ഇതൊക്കെ പറഞ്ഞാലേ അറിയൂ... അവന്റെ സംസാരവും പെരുമാറ്റവും കണ്ടാൽ തന്നെ അറിയില്ലേ."
സൂര്യ ഒന്നും മിണ്ടിയില്ല. ഷെറിൻ തുടർന്നു.
"എനിക്കവന്റെ സുന്ദരമുഖം കണ്ടിട്ട് പേടിയുണ്ട് സൂര്യ... അതിന്റെ പിന്നിലൊരു ചതി ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്ന്. മോളേ.... നമുക്കൊക്കെ സ്നേഹിക്കാൻ മാത്രേ അറിയൂ. സ്നേഹം കിട്ടുന്നിടത്തേയ്ക്ക് കണ്ണടച്ചു ചായും...
ശരീരം പങ്കിടുന്ന പോലെയല്ല മനസ്സ് പകുത്ത് കൊടുക്കുന്നത്. അത് നമ്മളെ തകർത്തു കളയും..."
സൂര്യയുടെ മുഖത്ത് നിന്നും നോട്ടം മാറ്റി ഷെറിൻ തുടർന്നു.
"ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും ഉപയോഗിച്ച് വലിച്ചെറിഞ്ഞു കളയാവുന്ന പാഴ് ജന്മങ്ങളാ... നമ്മളെ എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരും ചെല്ലില്ലെന്നുള്ള ധൈര്യം. ഒരു വിഷമം വന്നാൽ നമുക്ക് നമ്മളല്ലാതെ ആരും കാണില്ല. ആരും... "
ഷെറിന്റെ മുഖത്ത് പെട്ടന്ന് സങ്കടം ഇരമ്പി വന്നു.
"പ്രണയത്തിന്റെ പേരിൽ ഒരുപാട് രാത്രികൾ ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ മനസും ശരീരവും പണവും ഞാൻ കൊടുത്തു. അയാൾക്ക് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ഒപ്പം ജീവിക്കാൻ ഞാൻ തയ്യാറായിരുന്നു. എന്നിട്ടും ഒടുവിൽ കറിവേപ്പില പോലെയെന്നെ കളഞ്ഞു. അവരുടെയൊക്കെ മനസ്സിൽ നമ്മളെത്ര നികൃഷ്ട ജീവികളാണെന്ന് മനസിലാക്കാനുള്ള കഴിവ് എനിക്കില്ലാതെ പോയി. ആ ഒരു ഗതി നിനക്ക് വരരുത്... "
പഴയ കാര്യങ്ങൾ ഓർമിച്ചു സുര്യയുടെ മുന്നിലിരുന്നു കരഞ്ഞു പോയേക്കുമെന്ന് ഷെറിന് തോന്നി.
"സ്വന്തം അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടെങ്കിൽ പിന്നെ നാട്ടുകാരുടെ കാര്യം പറയണോ. മറ്റുള്ളവർക്ക് കളിയാക്കി ചിരിക്കാനും ചവിട്ടി തേക്കാനുമുള്ള ജന്മങ്ങളാ... സങ്കടവും പരാതിയുമൊക്കെ ആരോട് പറയാൻ."
ഷെറിൻ എണീറ്റ് അകത്തേക്ക് പോയി. അവൾ നടന്നു പോകുന്നത് സങ്കടത്തോടെ സൂര്യ നോക്കി ഇരുന്നു. അടുക്കളയിൽ നിന്നും തട്ടും മുട്ടും ഒച്ച കേൾക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു ഷെറിൻ വരുമ്പോൾ എന്തോ ആലോചിച്ചു സൂര്യ ഭിത്തിയിൽ ചാരി ഒരേ ഇരുപ്പിരിക്കുന്ന കണ്ടു.
"നമുക്കെന്തെങ്കിലും കഴിച്ചിട്ട് കിടക്കാം. ഉത്തരമില്ലാത്ത ചോദ്യത്തിനു വെറുതെ ഉറക്കം കളയരുത്. ഓരോന്നാലോചിച്ചു നേരം വെളുപ്പിക്കാൻ നിന്നാൽ നമുക്കൊന്നും ഉറങ്ങാനായി രാത്രികളുണ്ടാവില്ല... "
സുര്യയെ താങ്ങി എണീൽപ്പിച്ചു ഷെറിൻ അകത്തേക്ക് നടത്തിച്ചു. രാത്രിയിൽ വാട്ട്സാപ്പിൽ ചാറ്റുമ്പോൾ ഷെറിൻ പറഞ്ഞ കാര്യങ്ങൾ സൂര്യ ഇജോയോട് പങ്കിട്ടു.
'അങ്ങനെ ഒന്നും ഇല്ലെന്നു പറഞ്ഞിട്ടും ഷെറിൻ വിശ്വസിക്കുന്നില്ല. അത്ര മണ്ടനല്ല ഇജോ എന്ന് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്.'
ശരിക്കും ഇജോയുടെ ഉള്ളിലിരിപ്പ് അറിയുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഒന്നുമില്ലെന്ന് ഷെറിനോട് തർക്കിച്ചുവെങ്കിലും ഇജോയോട് മറ്റാരോടും തോന്നാത്ത ഒരു അടുപ്പവും ഇഷ്ടവുമൊക്കെ തോന്നിയിരുന്നു എന്നുള്ളതാണ് സത്യം. ആദ്യം ആകർഷിച്ചത് ആ നിറസൗന്ദര്യം തന്നെ ആയിരുന്നു. പിന്നീട് അത് മറ്റൊരു തലത്തിലേക്ക് കടന്നത് ഇജോയുടെ നിഷ്കളങ്ക സ്വഭാവവും കഷ്ടതകൾ നിറഞ്ഞ ആ ജീവിതവുമൊക്കെയാണ്. തനിക്ക് കിട്ടുമെങ്കിൽ, തന്റെ ഒപ്പം എന്നും കാണുമെങ്കിൽ കഴിയും വിധം സഹായിക്കണമെന്ന് കരുതി.
ഒരു നിമിഷം കഴിഞ്ഞു മറുവശത്തു ടൈപ്പ് ചെയ്യുന്നത് കണ്ടു. എന്ത് മറുപടിയാണ് ഇജോയുടെ സൈഡിൽ നിന്നും വരുന്നതെന്ന് ചിന്തിച്ചു പെട്ടന്ന് സുര്യയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.
(തുടരും)
