മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 850
  • Status: Paid

ഭാഗം - 3

സൂര്യ ലോഡ്ജിൽ മടങ്ങിയെത്തിയത് പിറ്റേന്ന് വൈകുന്നേരമാണ്. വന്നപാടെ കട്ടിലിലേക്ക് വീണു. ശരീരവും മനസും ഒരേ പോലെ ചുട്ടു നീറുന്നു. തലയിണയിൽ മുഖം ചേർത്ത് വച്ച്  അവൻ  ശബ്ദമില്ലാതെ കരഞ്ഞു. കുറച്ചു  കഴിഞ്ഞു സിബി വിളിച്ചു. 


"എവിടെയാ സൂര്യ?" 

"റൂമിലെത്തി ചേട്ടാ." 

"എന്തുപറ്റി ശബ്ദമൊക്കെ വല്ലാതെ...."

"ഒന്നുമില്ല..." 

"ഓക്കേ. ഞാനങ്ങോട്ട് വരാം. വന്നിട്ട് സംസാരിക്കാം."

ഫോൺ വച്ചിട്ട് സൂര്യ വീണ്ടും തലയിണയിലേക്ക് മുഖം പൂഴ്ത്തി. മാന്യമായ ഒരു ജോലി വാങ്ങണമെന്ന് കരുതിയിരുന്നു പണ്ട്. ജീവിത ദുരിതങ്ങളുടെ പ്രളയത്തിൽ പ്ലസ്ടൂ പോലും പൂർത്തിയാക്കാൻ പറ്റിയില്ല. സ്വന്തം കാലിൽ നിൽക്കാനുള്ള മരണപാച്ചിലായിരുന്നു. എന്നിട്ടും വഴിയിൽ കാലിടറി വീണുപോയിരിക്കുന്നു. ഒരിക്കലും ചെന്നു പെടില്ലെന്ന് ഉറപ്പിച്ചിരുന്ന  വഴിയിൽ  തന്നെ അവസാനം ദൈവം കൊണ്ടെത്തിച്ചു. കാശ് കിട്ടിയാൽ എന്ത് പണിയും ചെയ്യുമെന്ന അവസ്ഥയിലെത്തി. 

 

പലരും പല സ്ഥലത്തു വച്ചും തൊട്ടും പിടിച്ചുമൊക്കെ പലപ്പോഴും  ശല്യം ചെയ്തിട്ടുണ്ട്. പക്ഷെ ആർക്കും വഴങ്ങി കൊടുത്തിട്ടില്ല. സ്കൂൾ പഠന സമയത്തു ബലമായി പ്രാപിക്കാൻ തുനിഞ്ഞ സീനിയർസ് ചേട്ടന്മാരോട് പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിച്ചു നിന്നിട്ടുണ്ട്. മെഡിക്കൽ സ്റ്റോറിൽ ജോലിക്ക് പോകുന്ന സമയം ഒരിക്കൽ ബസിൽ വച്ചു അരയ്ക്ക് പിന്നിൽ പിടിച്ചമർത്തിയ  ഒരാളുടെ കവിൾ പുകച്ചിട്ടുണ്ട്. അനുവാദമില്ലാതെ ആര് ദേഹത്ത് തൊട്ടാലും അവനെ കൊല്ലാനുള്ള കലി തോന്നും.

ആദ്യമായാണ് ഒരാളുടെ മുന്നിൽ ഇങ്ങനെ കിടന്നു കൊടുക്കുന്നത്. ചെയ്തത് ഒരു ജോലിയാണ്. ഇരുപതിനായിരം രൂപയ്ക്ക് കരാർ ഉറപ്പിച്ച ജോലി. വീട് പണിയാണ് മുഖ്യം. മഴയ്ക്ക് മുൻപ് ലിന്റിൽ എങ്കിലും വാർക്കണം. ഇല്ലെങ്കിൽ ഇത്രയും കഷ്ടപ്പെട്ടതു വെറുതെ ആവും. കട്ടിളയും ജന്നലുമൊക്കെ നശിക്കും. അങ്ങനെ ചിന്തിച്ചപ്പോൾ ശരീര വേദനയൊക്കെ അവൻ മറന്നു. 

പിന്നെ ഇത്രയും രൂപ ചിലവാക്കുമ്പോൾ പരമാവധി പ്രയോജനപ്പെടുത്താൻ ആരായാലും ശ്രമിക്കുമല്ലോ. മിഥുനും അതല്ലേ ചെയ്തിട്ടുള്ളൂ. മുഴുവൻ അടവും പഠിച്ച യോദ്ധാവിനെ പോലെ എല്ലാ ആയുധ മുറകളും തന്നിൽ പ്രയോഗിച്ചെന്ന് മാത്രം. രക്തബന്ധത്തിലുള്ളവർ തന്ന മനോവേദനയെക്കാൾ വലുതല്ല ഇതൊന്നും.

അര മണിക്കൂറിനുള്ളിൽ ബൈക്കിൽ സിബിയെത്തി. ഡോർ മുട്ടുന്ന ഒച്ച കേട്ടു സൂര്യ  എണീറ്റ് ചെന്ന് വാതിൽ തുറന്നു കൊടുത്തു.  

"എന്തുപറ്റിയടോ തനിക്ക്... കരഞ്ഞോ?"

അവനെ കണ്ട് അമ്പരപ്പോടെ സിബി ചോദിച്ചു. 

"ഏയ്... ഒന്നുല്ല."

"മുഖമൊക്കെ കടുത്തിരിക്കുന്നു. കണ്ണുകളൊക്കെ കരഞ്ഞു കലങ്ങിയതു പോലെയുണ്ട്. എന്താ കാര്യം? പറ. ഇന്നലെ അവിടെയെന്തെങ്കിലും പ്രശ്നമുണ്ടായോ?"

"ഇല്ല . മിഥുൻ  ചേട്ടന് എന്നോട് വല്യ കാര്യായിരുന്നു. ഇത്  ചിലപ്പോൾ  ഉറക്കമിളച്ചതിന്റെ ആവും..."

"മിഥുൻ നിന്നെ ഉറക്കീല്ല അല്ലേ?" കുസൃതിയോടെ സിബി ചിരിച്ചു. 

"ഒന്ന്  പോ ചേട്ടാ..." സൂര്യയും  ചിരിക്കാൻ ശ്രമിച്ചു. 

"മിഥുന് നിന്നെ പറ്റി നല്ല അഭിപ്രായമാണല്ലോ..."

"അങ്ങനെ പറഞ്ഞോ?" ആകാംഷയോടെ അവൻ മിഴികൾ വിടർത്തി. 

 "എന്നോട്  രാജേഷാണ് പറഞ്ഞേ. നിന്നെ പുള്ളിക്ക് ഒത്തിരിയങ്ങ് പിടിച്ചുന്ന്. ഒറ്റ രാത്രി മതീന്ന് പറഞ്ഞു വിളിച്ചിട്ട്  ഇന്ന് പകലും  അവിടെ പിടിച്ചു നിർത്തിയില്ലേ... സാധാരണ അങ്ങനെയൊന്നും സംഭവിക്കാറുള്ളതല്ല പോലും. ഒരു രാത്രിയ്ക്കപ്പുറത്തേക്ക് ആരെയും കൂട്ടാറില്ലെന്ന്."

സൂര്യയുടെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞു. 

"അപ്പോൾ ഇതയാളുടെ  സ്ഥിരം പരിപാടിയാണോ? സൂപ്പർ സ്റ്റാർ മിഥുൻ രമേഷ് എന്നൊക്കെ പറയുമ്പോൾ  മനസിലൊരു  റെസ്പെക്ടൊക്കെ ഉണ്ടായിരുന്നു. റിയൽ ലൈഫ് അറിഞ്ഞപ്പോൾ ഒക്കെ പോയിക്കിട്ടി."

സിബി ചിരിച്ചു. "മിഥുന്റെ തിരക്ക് നമുക്കെല്ലാവർക്കും അറിയുന്നതല്ലേ. വല്ലപ്പോഴും ഫ്രീ   ആവുമ്പോൾ ചെയ്യുന്ന ഒരു  എൻജോയ്മെന്റ്. അത്രേ ഉള്ളൂ. സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് അവർക്ക് ഇമ്മാതിരി വികാര വിചാരങ്ങൾ ഉണ്ടാവാൻ പാടില്ലെന്നില്ലല്ലോ.  എല്ലാ പ്രൊഫഷനിലുമുണ്ട് ഇത്തരം ടേസ്റ്റ്  ഉള്ളവർ.  ഇവരൊക്കെ ഫെമിലിയർ ആയതു  കൊണ്ട് എന്തോ വലിയ അത്ഭുതം പോലെ തോന്നുന്നതാ.  അതെന്തായാലും അയാൾക്ക് ഇങ്ങനൊരു ടേസ്റ്റുള്ളത് നല്ല കാര്യമായാണ് എനിക്ക് തോന്നുന്നത്. അത് കൊണ്ടല്ലേ ഒറ്റയടിക്ക് ഇത്രയും തുക കൈയിൽ കിട്ടിയത്."

ഒരു കവർ സിബി സുര്യയുടെ കയ്യിൽ വച്ചു കൊടുത്തു. 

"ദാ... നിന്റെ കഷ്ടപ്പാടിനുള്ള   പ്രതിഫലം....പറഞ്ഞത് പോലെ ഇരുപതിനായിരം തികച്ചുമുണ്ട്.  "

സൂര്യ അമ്പരന്ന് നോക്കി. പറഞ്ഞു പോയ വാചകത്തേക്കാൾ ആ നോട്ട് കെട്ടുകളാണ് അവനെ തളർത്തിയത്. ഒരു പൊതി  മിഥുൻ അവിടെ വച്ചു തന്നിരുന്നു. പിന്നെ ഇതെന്തിന്?

"എന്താ നിനക്കൊരു സന്തോഷമില്ലാത്തെ?" അവന്റെ മുഖത്തെ ഭാവമാറ്റം കണ്ടു സിബി ചോദിച്ചു. മറുപടി പറയാതെ സൂര്യ തിടുക്കത്തിൽ എണീറ്റു ബാഗ് വലിച്ചെടുത്തു കിടക്കയിലേക്ക് കുടഞ്ഞിട്ടു. 

രണ്ടു കെട്ടു നൂറിന്റെ നോട്ടുകൾ മറ്റു സാധങ്ങൾക്കൊപ്പം കിടക്കയിൽ ചിതറി വീണു. "ഇതെവിടുന്നാ?" അത്ഭുതത്തോടെ സിബി ചോദിച്ചു. 

"മിഥുൻ ചേട്ടൻ  അവിടേ വച്ചു തന്നതാ. എന്റെ കൂലി ആവുമെന്നാ ഞാൻ കരുതിയെ."

"അപ്പോൾ അടിച്ചത് ലോട്ടറി തന്നെയാണല്ലോ മോനെ...  "  

"എന്നാലും ഇത്രയും പൈസയോ?" സൂര്യയ്ക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. 

"കോടികളുടെ ആസ്തിയുണ്ട് മോനേ. വീണ്ടും വീണ്ടും പണം കുമിഞ്ഞു കൂടികൊണ്ടിരിക്കുന്നു. ഇതൊക്കെ അവർ ഒരു നേരം ചായ കുടിക്കുന്ന കാഷെ ആവത്തുള്ളു."

ആഹ്ലാദത്തോടെ സിബി  കെട്ടുകൾ എടുത്തു എണ്ണി നോക്കി. പിന്നെ താൻ കൊണ്ടു വന്ന കവറഴിച്ചു  അതിന്റെ കൂടെ ചേർത്തു വച്ചു.

 "ടോട്ടൽ   30000!  മോനെ ഇത് നീ വിചാരിക്കുന്ന ബിസിനസല്ല. നല്ല എമൗണ്ട്   കയ്യിൽ വരും. ഇങ്ങനെയാണ് കാര്യങ്ങളുടെ  പോക്കെങ്കിൽ  ഒറ്റ മാസം കൊണ്ട് നിന്റെ വീട് പണി ഫിനിഷ്  ചെയ്യാൻ  പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്."

പെട്ടന്ന് തേങ്ങികൊണ്ട് അവൻ സിബിയുടെ തോളിലേക്ക് മുഖം ചേർത്തു. 

"എന്തിനാടാ പൊട്ടാ കരയുന്നെ. ഒറ്റ ദിവസം കൊണ്ട് ഇത്രയും കാഷ്  കയ്യിൽ കിട്ടിയാൽ ആരായാലും സന്തോഷം കൊണ്ട് തുള്ളിച്ചാടും..."

"എനിക്കിതൊക്കെ കണ്ടപ്പോൾ പെട്ടന്ന്..."

സൂര്യ തിടുക്കത്തിൽ മുഖം അമർത്തി  തുടച്ചു. പിന്നെ ചോദിച്ചു. 

"ചേട്ടന് കമ്മീഷൻ വേണ്ടേ ?"

"വേണം. പക്ഷെ ഇപ്പോ വേണ്ട." 

സിബി കണ്ണിറുക്കി.  "നമ്മളിതൊരു ബിസിനസാക്കാൻ പോകുവാണല്ലോ. ഇനി കിട്ടുന്നതിന്റെ  പത്തു ശതമാനം എനിക്ക്. " തമാശ പറഞ്ഞത് പോലെ സിബി പൊട്ടിച്ചിരിച്ചു കൊണ്ട് എണീറ്റു. 

"എന്നാൽ പിന്നെ ഞാൻ ഇറങ്ങുവാ. നീ റസ്റ്റ്  എടുത്തോ... എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിക്കാം." യാത്ര പറഞ്ഞു സിബി ഇറങ്ങി പോയി. 

സൂര്യ കട്ടിലിനു താഴെ നിന്നും ഒരു പെട്ടി വലിച്ചെടുത്തു  നോട്ടുകൾ അതിൽ ഭദ്രമായി വച്ചു. പിന്നെ വീട് പണി ചെയ്യുന്ന കോൺട്രാക്ടറെ  വിളിച്ചു  സംസാരിച്ചു. 'തൽക്കാലം  എത്ര തുക വേണ്ടി വരുമെന്ന് രാത്രി വിളിക്കുമ്പോൾ  പറയാം' എന്ന് പറഞ്ഞു അയാൾ ഫോൺ വച്ചു. 

ചത്തു കെട്ട് കിടന്നിരുന്ന മനസ് വീണ്ടും ഉഷാറായി കഴിഞ്ഞിരുന്നു. പാതിയിൽ നിലച്ചു പോയിരുന്ന വീട് പണി തുടങ്ങാൻ ദൈവമാണ് ഇങ്ങനെയൊരു വഴി തുറന്നു തന്നതെന്ന്  സുര്യയ്ക്ക് തോന്നി. സന്ധ്യയ്ക്കു മുൻപ് കോൺട്രാക്ടർ തിരിച്ചു വിളിച്ചു. ലിന്റിൽ മൊത്തം കോൺക്രീറ്റ് ചെയ്യണം ഒപ്പം ജനൽ ഷേയ്ഡും സിറ്റൗട്ടും. പിന്നേ മെയിൻ സ്ലാബ് ചെയ്യും മുന്നേ മട്ടം വരെ കല്ല് കെട്ടണം.  എല്ലാം കൂടി അമ്പത്തിഅയ്യായിരം വേണ്ടി വരുമെന്ന് അയാൾ പറഞ്ഞു. കയ്യിൽ മൊത്തം മുപ്പത്  ഉണ്ട്. ഒരു ഇരുപത്തിയഞ്ചു  കൂടി വേണ്ടി വരും. പക്ഷെ അത് കൊണ്ടായില്ല. അമ്മയ്ക്ക് ചിലവിനു അയക്കണം. പിന്നെ ലോഡ്ജിന്റെ വാടക. തന്റെ ചിലവിനു വേറെ വേണം. എന്തായാലും നാളെ വിളിക്കാമെന്ന്  പറഞ്ഞു ഫോൺ വച്ചു.

രാത്രിയിൽ കലൂരിലെ സെന്റ് അന്തോണിസ് ചർച്ചിൽ പോയി നാലഞ്ച്  കൂടു മെഴുകുതിരികൾ ഒരുമിച്ചു  കത്തിച്ചു.രൂപകൂടിന്റെ ഗ്ലാസിൽ കൈ ചേർത്ത്  അപേക്ഷിച്ചു. ചെയ്യുന്നത് തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ  എനിക്കിത് മുന്നോട്ട് കൊണ്ട് പോയേ പറ്റുള്ളൂ. മറ്റു വഴിയില്ല. തിരിച്ചു പോകാൻ ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മൊബൈലിൽ സിബിയുടെ കാൾ വന്നു.

"സുര്യ... ഒരു കസ്റ്റമർ കൂടി വന്നിട്ടുണ്ടല്ലോ. എന്ത് വേണം?"

വെന്തുരുകുന്ന ചൂടിലേക്ക്  തണുത്ത മഴ പെയിതിറങ്ങിയത് പോലെയാണ് അപ്പോൾ  സുര്യയ്ക്ക് തോന്നിയത്.

"ആരാ ചേട്ടാ ? ഇതും സിനിമയിലുള്ള ആരെങ്കിലുമാണോ?"

ആരെന്നറിയാൻ  വെറുതെ ഒരു ആകാംഷ. 

 "അല്ല. ഇയാൾക്ക് ദുബായിൽ എന്തോ  ബിസിനസാണ്. കുറച്ചു ഏജുണ്ട്. ഒരു നാല്പത്തിയെട്ട്.  ഞാൻ സംസാരിച്ചു റെഡി ആക്കിട്ടുണ്ട്.  ചോദിക്കുന്ന കാഷ് കിട്ടും. നീ ഓക്കേ ആണെങ്കിൽ ഉറപ്പിക്കാം. എന്ത് പറയുന്നു? "

ആരായാലും ഇപ്പോൾ കാഷാണ് പ്രധാനം.  അതിപ്പോ നാല്പത്തെട്ടായാലും അറുപത്തെട്ടായാലും  നിന്ന് കൊടുത്തേ പറ്റു. 

"ആരായാലും  കുഴപ്പമില്ല. ചേട്ടൻ ഉറപ്പിച്ചോ" സൂര്യ സമ്മതിച്ചു. 

"പക്ഷെ അയാൾക്കാദ്യം നേരിട്ടൊന്ന്  കാണണം. കണ്ടു ഇഷ്ടം ആയാലെ ഡീൽ ഉറപ്പിക്കു. രാവിലെ ഒരു പത്തു മണിക്ക് നീ റെഡി ആയിട്ട് നിൽക്ക്. ഞാൻ വന്നു പിക് ചെയ്യാം."

 സിബി ചേട്ടൻ കൂടെ ഉള്ളപ്പോൾ വേറെ ടെൻഷൻ വേണ്ട.  പാതി സമാധാനം. 

റൂമിൽ എത്തിയിട്ടും ചിന്തിച്ചതുമൊത്തം വീട് പണിയെ കുറിച്ച് തന്നെയാണ്. കോൺഡ്രാക്ടർ  ജോസഫ് ചേട്ടൻ പറഞ്ഞ തുക ശരിയായാൽ നാളെ കഴിഞ്ഞിട്ട് വീട്ടിലേക്കു പോകണം. വീടിന്റെ അത്രയും പണി ചെയ്യാൻ പറ്റിയാൽ പിന്നെ മെയിൻ സ്ലാബ് കൂടിയെ ബാക്കി ഉള്ളു. അതിനു മൊത്തം എത്ര തുക ആകുമെന്ന് തിരക്കി വരണം.മെയിൻ സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞാൽ മാത്രേ  ഒരു സമാധാനം ആവുകയുള്ളൂ. 

ഉറങ്ങാൻ കിടക്കുമ്പോൾ ഇങ്ങനെ  ഡെയിലി ഓരോ കസ്റ്റമറെ വച്ചു കിട്ടിയാൽ കൊള്ളാമായിരുന്നു എന്നൊരു  ചിന്ത അവന്റെ മനസ്സിൽ ഉരുകൂടി  തുടങ്ങി. കണക്കുകൾ കൂട്ടിയും കിഴിച്ചും കിടന്നു  ഉറങ്ങിപ്പോയി. 

രാവിലെ  എട്ട് മണിക്ക് സിബി ചേട്ടൻ വിളിച്ചു കൃത്യം 9.45 ന് എത്തുമെന്നും റെഡി ആയി നിൽക്കണമെന്നും അറിയിച്ചു. എണീറ്റ് കുളിച്ചു വരുമ്പോൾ കോൺട്രാക്ടർ  ജോസഫ് ചേട്ടന്റെ മിസ്സ് കാൾ കണ്ടു. തിരിച്ചു വിളിച്ചു വിവരം ആരാഞ്ഞു. 

ബാക്കി  പണി എന്നത്തേക്ക് തുടങ്ങാൻ പറ്റുമെന്നു അറിയാൻ വിളിച്ചതാണ്. അതിനനുസരിച്ചു പുള്ളിയ്ക്ക് കാര്യങ്ങൾ നീക്കുപോക്ക് ചെയ്യാൻ വേണ്ടിയാണ്. 

"രണ്ടു ദിവസത്തിനുള്ളിൽ ഞാൻ അങ്ങോട്ട്  വരും ചേട്ടാ. അപ്പോഴേ ചേട്ടൻ പറഞ്ഞ അത്രേം കാഷ് റെഡി ആവു... "

 സംസാരിച്ചു ഫോൺ വച്ചിട്ട് താഴെ കുടുംബശ്രീ ചേച്ചിമാർ നടത്തുന്ന ഹോട്ടലിൽ പോയി കാപ്പി കുടിച്ചു. പിന്നെ വന്നു നന്നായി ഒരുങ്ങി. അയാൾക്ക് കണ്ട്  ഇഷ്ടപ്പെട്ടാലേ വിചാരിച്ച കാര്യം നടക്കുള്ളൂ എന്നാണ് സിബി ചേട്ടൻ പറയുന്നത്. 

അതുകൊണ്ട് തന്നെ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന്  തിരിഞ്ഞും മറിഞ്ഞും  ചന്തം നോക്കി സുന്ദരനാണെന്ന് ഉറപ്പിച്ചു. പിന്നെ സിബിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. കുറച്ചു നേരം ഫോണിൽ കുത്തിപ്പിടിച്ചു ഇരുന്നു. ഒമ്പതെ മുക്കാലിന് വരുമെന്ന് പറഞ്ഞ സിബി പത്തേകാലായിട്ടും എത്തിയില്ല. 

ഒടുവിൽ മടുത്തു  അങ്ങോട്ട് വിളിച്ചു. എടുത്തത് വേറെ ആരോ:

"നിങ്ങൾ വിളിക്കുന്ന ആൾക്ക് ഒരു ആക്സിഡന്റുണ്ടായി. ഇവിടെ കലൂർ ലിസി ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ടുണ്ട്....." ബാക്കി അയാൾ പറയുന്നതൊന്നും സൂര്യ കേട്ടില്ല.തലയ്ക്കു മീതെ എന്തൊക്കെയൊ പൊട്ടിതകർന്നു വീണത് പോലെയാണ് അവന് തോന്നിയത്.  കാതിൽ കൊടുങ്കാറ്റിന്റെ ഒരു ഇരമ്പൽ മാത്രം !

(തുടരും)

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter